Featured Post

Showing posts with label ഇന്ത്യന്‍. Show all posts
Showing posts with label ഇന്ത്യന്‍. Show all posts

Saturday, June 7, 2014

പ്യാസാ (1957)


പ്യാസാ (1957)

June 8, 2014 at 9:04am
കാലം കാത്തുവെച്ച ചിത്രങ്ങള്‍: 10
പ്യാസാ (1957)
രചന: അബ്രാര്‍ അലവി,
സംവിധാനം : ഗുരു ദത്ത്
Pyasaa
Pyasaa


ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിഗ്രഹ ഭജ്ഞകരില്‍ ഒരാളായിരുന്നു ഗുരുദത്ത്.കാലത്തിനു മുമ്പേ നടന്നവന്‍. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ മാത്രമല്ല; സ്വന്തമായി നിര്‍മ്മിച്ച ചിത്രങ്ങളില്‍ ഉള്‍പ്പടെ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ക്രാന്ത ദര്‍ശി. Baazi, Jaal, Aar Paar, CIDതുടങ്ങിയ ത്രില്ലറുകളുടെയും Mr & Mrs. ’55 എന്ന ലക്ഷണമൊത്ത കോമഡിയുടെയും സാമ്പത്തികവും കലാപരവുമായ വന്‍ വിജയങ്ങള്‍ പകര്‍ന്ന ധൈര്യത്തിലാണ് ഇനി തന്റെ മനസ്സിലുള്ള സിനിമകള്‍ എടുത്തു തുടങ്ങാം എന്ന ആത്മ വിശ്വാസത്തില്‍ ഗുരുദത്ത് എത്തിച്ചേര്‍ന്നത്. അങ്ങനെയാണ് ജനപ്രിയ സിനിമയുടെ ചേരുവകള്‍ ഭംഗിയായി സന്നിവേശിപ്പിക്കുമ്പോള്‍ തന്നെ കാവ്യാത്മകവും കലാത്മകവുമായ സിനിമകളുടെതായ ആ ഗുരുദത്ത് രീതിക്ക് തുടക്കം കുറിച്ച് കൊണ്ട് സുഹൃത്ത് അബ്രാര്‍ അലവിയുടെ രചനയില്‍ 1957 ല്‍ അദ്ദേഹം തന്റെ ചിരകാല സ്വപ്നമായിരുന്ന പ്യാസാ സാക്ഷാത്കരിക്കുന്നത് .
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ തന്റെ രചനകള്‍ പുറത്തു കൊണ്ടുവരാന്‍ പാടുപെടുന്ന യുവ കവിയുടെയും അയാളുടെ സര്‍ഗ്ഗ ജീവിതത്തിനു താങ്ങും തണലുമായിത്തീരുന്ന ഹൃദയവതിയായ ഒരു ലൈംഗികത്തൊഴിലാളിയുടെയും ജീവിത സന്ധി/ പ്രതിസന്ധികളിലൂടെ ചിത്രം കലോപാസനയുടെയും അതിനെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്ന ഭൗതികനേട്ടങ്ങളില്‍ മാത്രം അഭിരമിച്ച് പോയ ബാഹ്യ ബന്ധങ്ങളുടെയും സമൂഹം കല്ലെറിയുക മാത്രം ചെയ്യുമ്പോഴും സ്നേഹവും സഹൃദയത്വവും സൂക്ഷിക്കുന്ന പരാജിത മനസ്സുകളുടെയും ജീവിത സംഘര്‍ഷങ്ങളെ അനാവരണം ചെയ്യുന്നു. തൊഴില്‍ രഹിതനായ വിജയ്‌ (ഗുരുദത്ത്) എന്ന യുവാവ്, തന്റെ ഏകാന്തതയേയും ‘ഒന്നിനും കൊള്ളാത്തവന്‍’ എന്ന കുടുംബ വൃത്തങ്ങളിലെ അഭിപ്രായത്തിന്റെയും വീര്‍പ്പുമുട്ടലില്‍ പൊരുത്തപ്പെടാനാവാതെ വീട് വിടുന്നു. തെരുവിലലയുന്ന വിജയ്‌, ഗുലാബോ (വഹീദാ റഹ്മാന്‍)എന്ന ലൈംഗികത്തൊഴിലാളി യുവതിയുമായി പരിചയപ്പെടുന്നു. അവള്‍ അയാളിലുള്ള പ്രതിഭാധനനായ കവിയുടെ ആരാധികയാണ്. ഇതേ സമയം തന്റെ കോളേജ് പഠനകാലത്തെ പ്രണയിനിയായിരുന്ന മീന (മാലാ സിന്‍ഹ) യെയും അയാള്‍ കണ്ടുമുട്ടുന്നുണ്ട്. അവള്‍ പണക്കാരനായ മി. ഘോഷിനെ (റഹ്മാന്‍) വിവാഹം കഴിക്കാന്‍ വേണ്ടി പ്രണയം വിസ്മരിക്കുകയായിരുന്നു. അറിയപ്പെടുന്ന പുസ്തക പ്രസാധകന്‍ ആയ ഘോഷ്, തന്റെ ഭാര്യയ്ക്ക് മുന്‍ കാമുകനോത്തുണ്ടായിരുന്ന ബന്ധത്തില്‍ സംശയാലുവാണ്. കൂടുതല്‍ അറിയുക എന്ന ലക്ഷ്യത്തോടെ അയാള്‍ വിജയിനെ ജോലിക്കെടുക്കുന്നു. സ്വയം അപകര്‍ഷ ബോധാത്താല്‍ പീഡിതനായ വിജയ്‌, തന്റെ കവിതകള്‍ കടലാസു കെട്ടുകളായി തൂക്കിവിറ്റ സഹോദരങ്ങളുടെ അവഗണനയില്‍ മനം മടുത്തു വീടുവിട്ടവനാണ്. ഒരി ഘട്ടത്തില്‍, സഹതാപം തോന്നിയ ഒരു യാചകന് ധരിക്കാന്‍ തന്റെ കോട്ട് അയാള്‍ ഊരിക്കൊടുക്കുന്നത് , യാചകന്‍ തീവണ്ടി മുട്ടി മരിക്കുന്നതോടെ വല്ലാത്തൊരു വഴിത്തിരിവാകുന്നു. ഗുലാബോയുടെ ശ്രമ ഫലമായി വിജയിന്റെ കവിതകള്‍ ഘോഷിന്റെ പുസ്തക പ്രസാധക കമ്പനി പ്രസിദ്ധീകരിക്കുന്നു. പുസ്തകം ഒരു സെന്‍സേഷന്‍ ആയിത്തീരുന്നതോടെ ഘോഷ് നടത്തുന്ന കരുനീക്കങ്ങള്‍ക്ക് വിജയിന്റെ പണക്കൊതിയരായ സഹോദരങ്ങളും കൂട്ട് നില്‍ക്കുന്നതോടെ, ലോല ഹൃദയനായ കവിയും ഹൃദയ ശൂന്യമായ ലോകവും തമ്മിലുള്ള സംഘര്‍ഷം ശക്തമാവുന്നു. വിജയിന്റെ പ്രശസ്തി ഒരു ധനാഗമ മാര്‍ഗ്ഗമായി കാണുന്ന ഇക്കൂട്ടര്‍ മരിച്ചതി വിജയ്‌ ആണെന്ന് വരുത്തിത്തീര്‍ക്കുന്നു. അതെ സമയം,രോഗബാധിതനായി ആശുപത്രിയിലാവുന്ന വിജയിനെ തിരിച്ചറിയാന്‍ അവര്‍ വിസമ്മതിക്കുന്നു.താന്‍ വിജയ്‌ ആണെന്ന് അയാള്‍ പറയുമ്പോള്‍ ഭ്രാന്തന്‍ എന്ന് മുദ്രകുത്തി അവര്‍ അയാളെ ഒരു ഭ്രാന്താലയത്തിലടക്കുന്നു.
Guru Dutt
Guru Dutt


‘മരിച്ചു പോയ പ്രശസ്ത കവിയുടെ ആദരിക്കല്‍’ ചടങ്ങിലേക്ക് , തന്റെ സുഹൃത്ത് അബ്ദുല്‍ സത്താറിന്റെ (ജോണി വാക്കര്‍) സഹായത്തോടെ ഭ്രാന്താലയത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തുന്ന വിജയിനെ സുഹൃത്തുക്കള്‍ തിരിച്ചറിയുന്നു. അവര്‍ മി. ഘോഷിന്റെ എതിരാളിയായ മറ്റൊരു പ്രസാധകനെ കണ്ടെത്തുന്നതോടെ വിരുദ്ധ ചേരികളുടെ മത്സരത്തില്‍ താനൊരു കളിപ്പാവയായിപ്പോവുന്നു എന്ന് തിരിച്ചറിയുന്ന വിജയ്‌, തന്റെ അസ്തിത്വം സ്വയം നിഷേധിച്ചു ഗുലാബോയോടൊപ്പം ഒരു പുതിയ വിധിയിലേക്ക് ഇറങ്ങിപ്പോവുന്നു. ചിത്രാന്ത്യത്തെ കുറിച്ച് രചയിതാവ് അബ്രാര്‍ അലവിയും സംവിധായകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അബ്രാര്‍ അലവി നായകം ലോകത്തിന്റെ വഴിക്ക് കീഴ്പ്പെടനമെന്നു ശഠിച്ചുവെങ്കിലും ഗുരുദത്ത് വിസമ്മതിക്കുകയായിരുന്നു.

 ഒരു ശരാശരി ചിത്രത്തിന്റെതില്‍ നിന്ന് വ്യത്യസ്തമായി വിശദമായ ഇതിവൃത്ത ചര്‍ച്ച ഈ ചിത്രം ആവശ്യപ്പെടുന്നുണ്ട് എന്ന് കാണാം. സംഭാഷണങ്ങളിലെ വികാരതീവ്രമായ കാവ്യാത്മകതയും ഓരോ ഫ്രെയ്‌മുകളിലും സംവിധായകന്‍ ചെലുത്തിയിട്ടുള്ള അവധാനതയും സൂക്ഷ്മതയും ചിത്രത്തെ കാലാതിവര്‍ത്തിയായ ഒരു ക്ലാസ്സിക്‌ ആക്കി മാറ്റുന്നത് എങ്ങനെയെന്നത് ഒരനുഭവമാണ്. ചലച്ചിത്ര ഘടനയില്‍ വേറിട്ട്‌ നില്‍ക്കാത്ത വിധം ലയിച്ചു ചേര്‍ന്നവയായിരിക്കണം പാട്ടുകളെന്നത് ഗുരുദത്തിന്റെ നിഷ്കര്‍ഷയായിരുന്നു. പാട്ടുകള്‍ക്ക് വേണ്ടി പാട്ടുകള്‍ എന്ന രീതി മുച്ചൂടും മാറ്റുന്നതില്‍ അദ്ദേഹമാണ് ഇന്ത്യന്‍ സിനിമയിലെ ‘പയനിയര്‍’ എന്ന് പറയാം. പ്യാസായിലെ പാട്ടുകള്‍ ഇക്കാര്യത്തില്‍ മികച്ച ഉദാഹരണങ്ങളാണ്. പാത്ര സൃഷ്ടിയിലാവട്ടെ ഒരു ഘട്ടത്തിലും അതിഭാവുകത്വം കടന്നു വരാതിരിക്കാന്‍ ഗുരുദത്ത് എപ്പോഴും ശ്രദ്ധാലുവായിരുന്നു. ‘തങ്ക മനസ്സുള്ള വേശ്യ’ എന്ന സ്ഥിരം കഥാപാത്രത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് വഹീദാ റഹ്മാന്റെ ഗുലാബോ. തന്റെതായ കുറവുകള്‍ ആ കഥാപാത്രത്തിനുണ്ട്. അതെ സമയം, പണക്കാരനെ വിവാഹം ചെയ്യാനായി പ്രണയം മറന്നവള്‍ എന്ന രാക്ഷസപ്രകൃതം അല്ലതന്നെ, മാലാസിന്ഹയുടെ മീനയുടെത്. ഒരു ഘട്ടത്തില്‍ അവള്‍ നിരീക്ഷിക്കുന്നുണ്ട്: “ജീവിതത്തില്‍ കവിതയ്ക്കും പ്രണയത്തിനുമപ്പുറം വിശപ്പ്‌ കൂടിയുണ്ട് !”. വിജയിനെ പോലെ ഒരു സ്വപ്ന ജീവിക്ക് അത് മനസ്സിലാക്കാനാവാത്തത് അവളുടെ തെറ്റല്ലല്ലോ. ഇരു നായികമാരും അവരുടെ ഏറ്റവും മികച്ച പകര്‍ന്നാട്ടങ്ങളില്‍ പെടുന്ന പ്രകടനങ്ങള്‍ തന്നെയാണ് ചിത്രത്തില്‍ കാഴ്ച്ചവെക്കുന്നതും. എന്നിരിക്കിലും ഒരു ഘട്ടത്തില്‍ മധുബാലയെയും നര്‍ഗ്ഗീസിനെയും ഈ വേഷങ്ങള്‍ക്കായി ഗുരുദത്ത് പരിഗണിച്ചിരുന്നു എന്നോര്‍ക്കുമ്പോള്‍ എന്താവുമായിരുന്നു ആ മായികമായ ‘കോമ്പിനേഷന്‍’ എന്ന് വെറുതെ ഓര്‍ത്തുപോയെന്നും വരാം.

ചിത്രത്തിലെ ഹൃദ്യമായ ഭാവങ്ങളില്‍ ഒന്ന് അമ്മയുമായുള്ള വിജയിന്റെ ബന്ധമാണ്. മകന്റെ ജീവിതം താളം പിഴക്കുന്നത് നിസ്സഹായയായി കണ്ടു നില്‍ക്കേണ്ടി വരുന്ന സ്നേഹമയിയായ അമ്മയുടെ വേഷത്തില്‍ ലീലാ മിശ്ര മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്. കൌശലക്കാരനും പുരുഷാധിപത്യ സ്വഭാവക്കാരനുമായ ഭര്‍ത്താവും പ്രസാധകനുമായി റഹ്മാന്‍, ആപ്ത്ബാന്ധവനായ സുഹൃത്തായി ജോണി വാക്കര്‍ തുടങ്ങിയവരും സംവിധായകന്റെ മനസ്സറിഞ്ഞു അഭിനയിച്ചിട്ടുണ്ട്.ഇന്ത്യന്‍ സിനിമയിലെ ‘ട്രാജഡി കിംഗ്‌’ ദിലീപ്‌ കുമാറിനെ സമീപിച്ചുവേന്കിലും അദ്ദേഹം പിന്മാറിയതിനെ തുടര്‍ന്ന്‍, ഗുരുദത്തിനു മാത്രം ചെയ്യാനാവും വിധം വിജയിനെ, തന്റെ സ്വന്തം മാനസ പുത്രനെ, അവതരിപ്പിച്ച ദത്ത് ചിത്രത്തില്‍ നിറസാന്നിധ്യമാവുന്നതും ഇതേ ‘author- backed performance’ (മികച്ച രചയിതാവിന്റെ പിന്‍ബലമുള്ള പ്രകടനം) മൂലമാണ്. ബ്ലാക്ക്‌ & വൈറ്റിന്റെ സാധ്യതകള്‍ ഒപ്പിയെടുക്കുന്നതില്‍ ഗുരുദത്തിന്റെ ഹൃദയം തൊട്ട ചായാഗ്രാഹകാന്‍ വി. കെ. മൂര്‍ത്തി,സംഗീതം പകര്‍ന്ന എസ്‌. ഡി. ബര്‍മ്മന്‍ എന്നിവരുടെ സംഭാവനയും ചെറുതല്ല.
ലോക സിനിമാ ചരിത്രത്തില്‍ തന്നെ ‘ടോപ്‌ 100’ ചിത്രങ്ങളില്‍ ഒന്നെന്ന സ്ഥാനം ഒരു ഘട്ടത്തിലും ‘പ്യാസാ’ക്ക് നഷ്ടപ്പെട്ടിട്ടില്ല.

Tuesday, April 22, 2014

മുഗള്‍ എ അസം (1960)

കാലം കാത്തുവെച്ച ചിത്രങ്ങള്‍: 9
മുഗള്‍ എ അസം (1960)
ഹിന്ദി, B/W & Color (ഭാഗികം)



സംവിധാനം: കെ. ആസിഫ്.
                                                             (കെ ആസിഫ്)

1944- ല്‍ ആണ് സംവിധായകന്‍ കെ. ആസിഫ്, അക്ബര്‍ ചക്രവര്‍ത്തിയെ കുറിച്ച് ഇംതിയാസ് അലി താജ് എന്ന നാടക കൃത്ത് എഴുതിയ ഒരു നാടകം വായിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നും സംശയ ലേശമന്യേ ഏറ്റവും വലിയ പ്രോജെക്റ്റുകളില്‍ ഒന്നാമത്തേതുമായ 'മുഗള്‍ അസം' സ്വപ്നത്തില്‍ കണ്ടത്. നീണ്ട പതിനാറു വര്‍ഷത്തെ നിരന്തര സപര്യയുടെയും തയ്യാറെടുപ്പുകളുടെയും ശേഷം 1960 ആഗസ്റ്റ്‌ അഞ്ചിന് ചിത്രം റിലീസ് ചെയ്യുമ്പോള്‍ ചിത്രത്തെ സംബന്ധിച്ച എല്ലാ ഘടകങ്ങളും ഇതിഹാസമായി മാറിക്കഴിഞ്ഞിരുന്നു: അമാനതുല്ലാ ഖാന്‍ (സീനത് അമന്റെ പിതാവ്) , കമല്‍ അമ്രോഹി, വജാഹത് മിര്‍സ, എഹ്സാന്‍ റെസ് വി എന്നീ പ്രതിഭാധനരോടൊപ്പം സംവിധായകനും ചേര്‍ന്ന് രചിച്ച തിരക്കഥ മുതല്‍ പ്രിഥ്വിരാജ് കപൂറും ദിലീപ് കുമാറും മധുബാലയും ദുര്‍ഗ്ഗാ ഘോട്ടെയും ഉള്‍പ്പെടുന്ന സ്വപ്നതുല്യമായ താര നിര, ഷക്കീല്‍ ബദായുനി രചിച്ചു നൗഷാദ് സംഗീതം നല്‍കിയ എക്കാലത്തെയും മികച്ച പാട്ടുകള്‍, മുഹമ്മദ്‌ റാഫി, ലതാ മങ്കേഷ്കര്‍, ഷംഷാദ് ബീഗം തുടങ്ങിയ നാദ വിസ്മയങ്ങളോടൊപ്പം സാക്ഷാല്‍ ഉസ്താദ് ബഡെ ഗുലാം അലി ഖാന്‍ ഉള്‍പ്പെടുന്ന പിന്നണി ഗായക സാന്നിധ്യം, ഒരൊറ്റ ഗാന രംഗത്തിനു വേണ്ടി മാത്രം ഒരു മാസം തുടര്‍ച്ചയായ ചിത്രീകരണമടങ്ങിയ മൂന്നു വര്‍ഷം നീണ്ടു നിന്ന ഷൂട്ടിംഗ്, രാജസ്ഥാന്‍ മരുഭൂമിയിലൂടെ ചിത്രത്തിന്‍റെ പൂര്‍ണ്ണതക്കായി സംവിധായകനോടൊപ്പം നഗ്ന പാദനായി നടന്ന പ്രിഥ്വിരാജ് കപൂര്‍ ഉള്‍പ്പടെയുള്ള അഭിനേതാക്കളുടെ അര്‍പ്പണം, ചലച്ചിത്ര ലോകത്ത് നിന്ന് വിദഗ്ധമായി ഒളിപ്പിച്ചു വെച്ച ഹൃദയ സംബന്ധമായ രോഗത്തിന്റെ പ്രശ്നങ്ങള്‍ മാറ്റിവെച്ചു അതീവ ഭാരമുള്ള യഥാര്‍ത്ഥമായ ഇരുമ്പു ചങ്ങലകള്‍ ധരിച്ചു അഭിനയിച്ച ഇന്ത്യന്‍ സിനിമയുടെ ഒരേയൊരു മധുബാലയുടെ അനാര്‍ക്കലീ പരകായ പ്രവേശം, സാധാരണ ഒരു വലിയ ചിത്രത്തിന്‍റെ ബജറ്റിനെക്കാള്‍ നൂറിരട്ടിയിലേക്ക് കടന്ന ബജറ്റ്... അങ്ങനെയങ്ങനെ. ചിത്രം റിലീസ് ചെയ്യുമ്പോള്‍ ബോംബെയിലെ മാര്‍ത്ത മന്ദിറില്‍ ഒരു ലക്ഷത്തിലേറെ പേര്‍ ടിക്കറ്റിനു തിക്കിത്തിരക്കിയതും ഒന്നര രൂപ വിലയുള്ള ടിക്കറ്റ് നൂറു രൂപയ്ക്കു വാങ്ങിയതും ചിത്രത്തെ സംബന്ധിച്ച ഒരു മെറ്റഫര്‍ തന്നെയായി കണക്കാക്കാം.


ചിത്രത്തിന്‍റെ ഇതിവൃത്തം ഇന്ന് ഒട്ടും പുതുമയുള്ളതായി തോന്നനിടയില്ലാത്ത വിധം ലളിതമാണ്. അനപത്യ ദുഃഖം അനുഭവിക്കുന്ന അക്ബര്‍ ചക്രവര്‍ത്തി റാണി ജോധാഭായിയോടും പരിവാരങ്ങളോടും ഒപ്പം ഖ്വാജാ മൊഹിയുദ്ധീന്‍ ചിഷ്തിയുടെ ദര്‍ഗ്ഗയില്‍ പ്രാര്‍ഥനക്ക് പോവുന്ന രംഗത്തോടെ ചിത്രം ആരംഭിക്കുന്നു. അങ്ങനെ പിറക്കുന്ന സലിം രാജകുമാരന്‍ തികച്ചുമൊരു മുടിയനായ പുത്രനായി വളരുന്നു. രാജകുമാരന്റെ ഉത്തരവാദിത്തങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ ചക്രവര്‍ത്തി മകനെ യുദ്ധ രംഗത്തേക്കയക്കുന്നു. പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവായ സലിം രാജകുമാരന്‍ മികച്ച യോദ്ധാവായി തിരിച്ചെത്തുന്നു. നര്‍ത്തകിയായ നാദിറ(അനാര്‍ക്കലി) യില്‍ കുമാരന്‍ അനുരക്തനാവുകയും രാജ പാരമ്പര്യത്തിനിണങ്ങാത്ത ബന്ധത്തിന് സുല്‍ത്താന്‍ എതിരാവുകയും ചെയ്യുന്നതോടെ സലിം - അനാര്‍ക്കലി പ്രണയം ദുരന്തത്തിലേക്ക് കൂപ്പു കുത്തുന്നു. കുമാരന്‍ സുല്‍ത്താനെതിരില്‍ കലാപക്കൊടിയുയര്‍ത്തുകയും അനാര്‍ക്കലിയെ സലീമില്‍ നിന്നകറ്റാന്‍ ചക്രവര്‍ത്തി അവളെ ജീവനോടെ തടവറച്ചുമരില്‍ അടക്കം ചെയ്യുകയും ചെയ്യുന്നു. ഈ ക്രൂരതയുടെ ശാപം നല്ലവനായ ചക്രവര്‍ത്തിയില്‍ വീഴാതിരിക്കാനായി, ഒരു പിന്‍ വാതിലിലൂടെ ചക്രവര്‍ത്തിയുടെ സമ്മത പ്രകാരം നാദിറയുടെ ഉമ്മ അവളെയും അനിയത്തിയെയും കൊണ്ട് രാജ്യം വിട്ടു പോകുന്നു. പ്രണയത്തിനു എതിര്‍ നിന്നവനെന്നു ചരിത്രം വിളിക്കുമ്പോഴും ചക്രവര്‍ത്തിയെന്ന നിലയില്‍ രാജ്യത്തിന്റെ അന്തസ്സ് കാക്കാന്‍ വേണ്ടി ആചാര മര്യാദകളുടെ അടിമയായ ഒരു നിസ്സഹായാനാണ് താനെന്നു അക്ബര്‍ ഏറ്റു പറയുന്നു. ചരിത്രപരമായി അത്രയൊന്നും സത്യ സന്ധമല്ല ഇക്കഥയെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
തിരക്കഥയുടെ സൗന്ദര്യം അതിലുപയോഗിച്ചിരിക്കുന്ന ഉര്‍ദു ഭാഷയുടെ കാവ്യാത്മകതയും ഇതിവൃത്ത ഘടനയിലെ സങ്കീര്‍ണതകളും പാത്ര വൈവിധ്യവും മാത്രമല്ല ഷേക്ക്‌സ്പിയേറിയന്‍ നാടക പാരമ്പര്യത്തില്‍ നിന്നുള്ള പ്രചോദനവും കൂടിച്ചേര്‍ന്നതാണ്. ചിത്രാരംഭത്തില്‍ ദുരന്ത നായികയായ നാദിറയെ ആദ്യം അവതരിപ്പിക്കുന്നത്‌ 'Winter's Tale' -ലെ ഹെര്‍മിയോണിയെ ഓര്‍മ്മിപ്പിക്കും വിധം ഒരു പ്രതിമാ രൂപത്തിലാണ്. പിന്നീട് സാലഭജ്ഞികക്ക് ജീവന്‍ വെക്കുന്നത് സലീമിന്റെ ഹൃദയത്തിലേക്കാണ്. സംഭാഷണങ്ങളിലെ കാവ്യാത്മകതയും വൈകാരിക തീവ്രതയും എക്കാലത്തെയും മികച്ച തിരക്കഥകളുടെ ഇടയില്‍ ചിത്രത്തിന് സ്ഥാനം കൊടുക്കുന്നു. അതേ സമയം അതീവ നാടകീയമായ സംഭാഷണ സംഘട്ടനങ്ങള്‍ പ്രതീക്ഷിക്കാവുന്ന ഘട്ടങ്ങളില്‍ വാക്കുകളെക്കാള്‍ വാചാലമായ മൗനങ്ങളും നോട്ടങ്ങളുമൊക്കെ, വിശേഷിച്ചും പിതാവും മകനും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ സന്ദര്‍ഭങ്ങളില്‍, പുതിയൊരനുഭവമായി സിനിമാലോകത്തിന്. പ്രിഥ്വിരാജ് കപൂറും ദിലീപ് കുമാറും അക്ഷരാര്‍ഥത്തില്‍ അഭിനയ കലയുടെ ആഴമളന്ന ഇത്തരം മുഹൂര്‍ത്തങ്ങള്‍ ധാരാളമുണ്ട് ചിത്രത്തില്‍. 1946 ല്‍ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ ചന്ദ്രമോഹന്‍, സപ്രു, നര്‍ഗ്ഗീസ് എന്നിവരാണ് യഥാക്രമം പിന്നീട് പ്രിഥ്വിരാജ് കപൂറും ദിലീപ് കുമാറും മധുബാലയും അവതരിപ്പിച്ച അക്ബര്‍ ചക്രവര്‍ത്തി, സലിം, അനാര്‍ക്കലി എന്നീ കഥാപാത്രങ്ങളായി അഭിനയിച്ചത്. സ്വാതന്ത്ര്യ പ്രാപ്തിയുള്‍പ്പടെ പല കാരണങ്ങളാല്‍ മുടങ്ങിപ്പോയ പദ്ധതി നിര്‍മ്മാതാവ് ഷിറാസ് അലി പാക്കിസ്ഥാനിലേക്ക് പോയതോടെ ഏതാണ്ട് ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തി. 1949 ല്‍ ചന്ദ്രമോഹന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഷിറാസ് അലിയുടെ തന്നെ സഹായത്തോടെ ഒരു പുതിയ നിര്‍മ്മാതാവിനെ - ശപ്രൂജി പലോന്‍ ജി- കിട്ടിയതോടെ 1950ല്‍ വീണ്ടും പദ്ധതി പുനരാരംഭിച്ചു. പ്രിഥ്വിരാജ് കപൂര്‍ അക്ബര്‍ ആയപ്പോള്‍ ദിലീപ് കുമാര്‍ ഏറെ നിര്‍ബന്ധത്തിനു ശേഷമാണ് സലിം ആയത്. എന്നാല്‍ അക്കാരണം കൊണ്ട് നര്‍ഗ്ഗീസിനു പിന്‍ മാറേണ്ടി വന്നുവെന്നത് വിചിത്രമായ വസ്തുത. ദിലീപിനോടൊപ്പം നര്‍ഗ്ഗീസ് ജോടിയാവുന്നതില്‍ രാജ്കപൂറിന് താല്പര്യമില്ലായിരുന്നു എന്നതായിരുന്നു കാര്യം. ഈ നഷ്ടം പക്ഷെ ഇന്ത്യന്‍ സിനിമയുടെ നേട്ടമായി എന്ന് വേണം കരുതാന്‍. പിന്നീട് സുരയ്യയെ പരിഗണിച്ചെങ്കിലും ഒടുവില്‍ മികച്ച ഒരു വേഷത്തിനായി കാത്തിരുന്ന മധുബാലക്ക് നറുക്ക് വീഴുകയായിരുന്നു. സ്വ ജീവിതത്തില്‍ ദുരന്തങ്ങളുടെ നടുക്കടലില്‍ ആയിരുന്നത് കൊണ്ടാവാം സെറ്റിലെങ്ങും തന്റെ അഭൗമ സൗന്ദര്യത്തിന്റെ പ്രസരിപ്പ് വാരി വിതറിയിരുന്ന ഇന്ത്യന്‍ സിനിമയുടെ 'വീനസ് ക്വീന്‍' ആദ്യ അഞ്ചു ദിവസം സെറ്റില്‍ വന്നു പോയതല്ലാതെ അനാര്‍ക്കലിയുടെ ഹൃദയത്തിലുറഞ്ഞിരുന്ന വിഷാദം ഏറ്റു വാങ്ങിയതായി സംവിധായകന് ബോധ്യമായില്ല. എന്നാല്‍ തൊട്ടടുത്ത ദിവസം ആ കഥാപാത്രത്തെ മുഴുവനായി ഉള്‍ക്കൊണ്ട്‌ പക്വതയോടെ സെറ്റിലെത്തിയ മധുബാലയോട് 'ഇപ്പോള്‍ നീയെന്റെ അനാര്‍ക്കലിയായി' എന്ന് കെ. ആസിഫ് പ്രതിവചിച്ചു. ശേഷം അവര്‍ നടത്തിയ പകര്‍ന്നാട്ടം ചരിത്രമാണ്.
'പ്യാര്‍ കിയാ തൊ ഡര്‍നാ ക്യാ' എന്ന ഗാന രംഗം ചിത്രീകരിക്കാനായി ലാഹോറിലെ ശീഷ് മഹലിന്റെ മാതൃകയില്‍ ഒരുക്കിയ പടുകൂറ്റന്‍ സെറ്റ് അക്കാലത്തെ അത്ഭുതമായിരുന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മനോഹരമായ കാഴ്ച' എന്ന് വാഴ്ത്തപ്പെട്ട മധുബാലയുടെ ആ പ്രകടനം ഒരു മാസമെടുത്താണ് ചിത്രീകരിക്കപ്പെട്ടത് . ഈ രംഗവും 'തേരി മെഹ്ഫില്‍ മെ' എന്ന ഗാന രംഗവും ഉള്‍പ്പടെ അരമണിക്കൂറോളം കളറില്‍ ആണ് ചിത്രീകരിക്കപ്പെട്ടത്. ചിത്രം മുഴുവനും അക്കാലമാവുമ്പോഴേക്കും ലഭ്യമായിരുന്ന കളറില്‍ മാറ്റി ചിത്രീകരിക്കണമെന്ന് സംവിധായകന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നിര്‍മ്മാതാക്കളെ സംബന്ധിച്ചിടത്തോളം അത് അചിന്ത്യമായിരുന്നു. വിട്ടു വീഴ്ചകള്‍ കേട്ട് കേള്‍വി പോലുമില്ലാത്ത കെ. ആസിഫ് ചിത്രീകരണത്തിനായി യഥാര്‍ത്ഥ സ്വര്‍ണ്ണ – വജ്ര ആഭരണങ്ങളും കൊസ്ട്യൂമുകളും മറ്റുമാണ് ഉപയോഗിച്ചത്. ഹോളിവുഡില്‍ നിന്ന് പ്രത്യേകം വരുത്തിയ അഞ്ചുലക്ഷം രൂപ വിലയുള്ള വിഗ് ഉപയോഗിച്ചാണ് ദിലീപ് കുമാര്‍ സലിം ആയി മാറിയത്. ഇന്ത്യന്‍ ആര്‍മിയുടെ കൂടി സഹായത്തോടെ ചിത്രീകരിക്കപ്പെട്ട പടു കൂറ്റന്‍ യുദ്ധ രംഗങ്ങള്‍, ആയിരക്കണക്കിന് കുതിരകള്‍ ഉള്‍പ്പെട്ട കുതിരപ്പട തുടങ്ങിയവ ഗ്രാഫിക്സ് കേട്ട് കേള്‍വി പോലുമില്ലാത്ത കാലത്തായിരുന്നു എന്നതും ഓര്‍മ്മിക്കേണ്ടതാണ്. ഇതുപോലുള്ള ഇതിഹാസ തുല്യമായ തയ്യാറെടുപ്പുകളിലൂടെയാണ് ചിത്രം സാക്ഷാത്കരിക്കപ്പെട്ടത്.

ദിലീപ് കുമാര്‍ - മധുബാല ബന്ധത്തെ കുറിച്ച് കൂടി പറയാതെ ചിത്രത്തെ കുറിച്ച് ചിന്തിക്കാനാവില്ല. ചിത്രം തുടങ്ങുന്ന ഘട്ടത്തില്‍ പ്രണയത്തിലായിരുന്ന ഇരുവരും ചിത്രീകരണം നടക്കുന്ന അധിക കാലവും പരസ്പരം മിണ്ടാത്ത അവസ്ഥയിലായിരുന്നു. കോടതി വരെയെത്തിയ പ്രണയ ഭംഗത്തിന്റെയും ഹൃദയ മുറിവുകളുടെയും പശ്ചാത്തലത്തില്‍ തന്നെയാണ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും രാഗാര്‍ദ്രമായ ആ പീലിത്തൂവല്‍ രംഗം ഉള്‍പ്പടെ തികഞ്ഞ പ്രോഫഷനലുകലായി അവര്‍ അഭിനയച്ചത്. ഒരു ഘട്ടത്തില്‍ അനാര്‍ക്കലിയുടെ കവിളില്‍ സലിം ആഞ്ഞടിക്കുന്ന രംഗം ആവശ്യത്തില്‍ കൂടുതല്‍ 'യഥാര്‍ത്ഥ'മായത് ചലചിത്ര ചിത്രീകരണ ചരിത്രത്തിലെ മറ്റൊരപൂര്‍വ്വ സംഭവമാണ്.
1953 -ല്‍ 'മുഗള്‍ എ അസം' അതിന്റെ ചിത്രീകരണ പൂര്‍വ്വ ഘട്ടത്തില്‍ നില്‍ക്കെ, ബീനാ റായിയും പ്രദീപ്‌ കുമാറും അഭിനയിച്ച 'അനാര്‍ക്കലി' പുറത്തിറങ്ങി . ലതാ മങ്കേഷ്ക്കര്‍ പാടിയ 'യേ സിന്ദഗി ഉസികി ഹെ' ഉള്‍പ്പടെ അനശ്വര ഗാനങ്ങള്‍ വേണ്ടുവോളമുണ്ടായിരുന്ന ഈ ചിത്രവും വന്‍ വിജയമായിരുന്നു. തുടര്‍ന്ന് വിഭജനാനന്തരം പാക്കിസ്ഥാനിലേക്ക് പോയ നൂര്‍ ജഹാന്‍ അനാര്‍ക്കലിയെ അവതരിപ്പിച്ച അതെ പേരിലുള്ള ചിത്രവും (1958) വന്‍ വിജയമായി. നാഗേശ്വര റാവുവും, അഞ്ജലി ദേവിയും സലിം - അനാര്‍ക്കലിമാരായി അഭിനയിച്ച തെലുഗു ചിത്രവും (1955) ഏറെ ശ്രദ്ധേയമായിത്തീര്‍ന്നു. എന്നാല്‍, മധുബാലയുടെ അനാര്‍ക്കലി ഇനിയൊരു അഭിനേത്രിയെ വച്ചും ചിന്തിക്കാനാവാത്ത വിധം ആ കഥാപാത്രത്തിന്റെ അവസാന വാക്കായിത്തീര്‍ന്നു. ഈ മികവു കൊണ്ട് തന്നെയാണ് പ്രിഥ്വിരാജ് കപൂറും ദിലീപ് കുമാറും മത്സരിച്ചഭിനയിച്ച ഈ ബ്രഹ്മാണ്ഡചിത്രം അന്തിമ വിശകലനത്തില്‍ മധുബാലയുടെതായതും ചിത്രത്തിനായി നായക നടന് നല്‍കപ്പെട്ടതിന്റെ ഇരട്ടി പ്രതിഫലം നായികക്ക് നല്‍കപ്പെട്ടതും.

ചിത്രത്തിന് എക്കാലവും ഇന്ത്യന്‍ പ്രേക്ഷകരില്‍ നിന്ന് കിട്ടിയ സ്വീകരണത്തിന്റെ തെളിവായിരുന്നു 2004 ല്‍ പുറത്തിറങ്ങിയ ഡിജിറ്റല്‍ കളര്‍ പതിപ്പ് വന്‍ വിജയമായത്. തിയേറ്റര്‍ റിലീസിനായി ഒരു ചിത്രം മുഴുവനായി കളര്‍ പതിപ്പായി മാറ്റിയ ആദ്യ സംരംഭം കൂടിയായിരുന്നു അത്. 1974 ല്‍ ഷോലെ പുറത്തു വരുംവരെ ഏറ്റവും കൂടുതല്‍ പണംവാരിയ ചിത്രമെന്ന ഖ്യാതിയും മുഗളെഅസമിനായിരുന്നു. പണപ്പെരുപ്പ നിരക്ക് കണക്കിലെടുക്കുമ്പോള്‍ ഇന്നും ആ റെക്കോഡ് ഭേദിപ്പെട്ടിട്ടില്ലെന്നും പറയാം.



Saturday, March 22, 2014

ദേവദാസ് (1955)

കാലം കാത്തു വെച്ച ചിത്രങ്ങള്‍ - 8

ദേവദാസ് (1955) (ഹിന്ദി)
കഥ: ശരത്ചന്ദ്ര ചാറ്റര്‍ജി (നോവല്‍)
തിരക്കഥ: നബേന്ദു ഘോഷ്
സംഭാഷണം: രജീന്ദര്‍ സിംഗ് ബേദി
നിര്‍മ്മാണം, സംവിധാനം: ബിമല്‍ റോയ്


ശരത് ചന്ദ്ര ചാറ്റര്‍ജിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ബിമല്‍ റോയ് സംവിധാനം ചെയ്ത് ദിലീപ് കുമാര്‍, സുചിത്ര സെന്‍, വൈജയന്തി മാല എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1956 – ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ദേവദാസ്'. നോവലിന് ഇതിനു മുന്‍പും അതിനു ശേഷവും പല ചലചിത്ര ആവിഷ്ക്കാരങ്ങളും ഉണ്ടായിട്ടുണ്ട്. ആദ്യ ചലച്ചിത്രരൂപം നരേഷ് മിത്രയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നിശ്ശബ്ദ ചിത്രമായിരുന്നു. പിന്നീട് 1935-ല്‍ പ്രമതെഷ് ബറുവ റ്റൈറ്റില്‍ റോളില്‍ അഭിനയിച്ച് അദ്ദേഹം തന്നെ സംവിധാനം ചെയ്ത ബംഗാളി ചിത്രം പുറത്തിറങ്ങി. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം അദ്ദേഹം തന്നെ ഹിന്ദി ഭാഷയില്‍, ജമുന ബറുവ, ടി. ആര്‍. രാജകുമാരി എന്നിവരോടൊപ്പം സാക്ഷാല്‍ കെ. എല്‍. സൈഗാള്‍ റ്റൈറ്റില്‍ റോളില്‍ അഭിനയിച്ച ദേവദാസ് (1936) സംവിധാനം ചെയ്തു പുറത്തിറക്കി. ദക്ഷിണേന്ത്യന്‍ സിനിമയിലെ കുലപതികളില്‍ അഗ്രഗണ്യനായ സാക്ഷാല്‍ അക്കിനേനി നാഗേശ്വര റാവുവും സാവിത്രിയും അഭിനയിച്ച് വേദാന്തം രാഘവയ്യ സംവിധാനം ചെയ്ത തെലുങ്ക്‌ ഭാഷയിലുള്ള 'ദേവദാസ്' 1953-ല്‍ പുറത്തിറങ്ങി. പ്രമതെഷ് ബറുവയുടെയും സൈഗാളിന്റെയും നാഗേശ്വര റാവുവിന്റെയും ചിത്രങ്ങള്‍, ദിലീപ് കുമാര്‍ പതിപ്പ് പോലെ തന്നെ അതീവ പ്രാധാന്യമുള്ളവയാണ് ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തില്‍.


ഫ്യൂഡല്‍ കാല ബംഗാളിന്റെ പശ്ചാത്തലത്തില്‍ ഉന്നത ബ്രാഹ്മണ കുടുംബാംഗമായ സമീന്ദാര്‍ മകന്‍ ദേവദാസും, ബ്രാഹ്മണ കുടുംബം തന്നെയെങ്കിലും ജാതീയ ശ്രേണിയില്‍ അല്‍പ്പം താഴ്ന്നവളും സാമ്പത്തികമായി മോശം അവസ്ഥയില്‍ ഉള്ളവളുമായ അയല്‍ വാസിയും കളിക്കൂട്ടുകാരിയുമായ പാര്‍വതി എന്ന പാരോയുമായുള്ള ദുരന്ത പ്രണയത്തിന്റെ കഥയാണ്‌ ചിത്രം പറയുന്നതെന്ന് സ്ഥൂലമായി ചലച്ചിത്ര കഥാസാരം പറയാം. അനുസരണ ശീലം ഒട്ടുമില്ലാത്ത മകനെ സമീന്ദാര്‍ തന്റെ കല്‍ക്കത്തയിലുള്ള ബന്ധുക്കളുടെ അടുക്കലേക്ക് ഉന്നത പഠനത്തിനും മറ്റുമായി വിടുന്നത് മുതല്‍ തുടങ്ങുന്ന പ്രണയ ഭംഗത്തിന്റെയും വിരഹത്തിന്റെയും കഥ, മദ്യത്തില്‍ മുങ്ങിത്താഴുന്ന കഥാനായകന്റെ അപചയത്തിലും, ധൂര്‍ത്തിലും രോഗത്തിലും ഒടുവില്‍ ദുരന്തപൂര്‍ണ്ണമായ മരണത്തിലും കലാശിക്കുന്നു. മറുവശത്ത് സ്ത്രീജന്മത്തിന്റെ നിസ്സഹായതകളിലും കടമകളിലും കെട്ടുപാടുകളിലും പെട്ട് പാര്‍വ്വതി (സുചിത്ര സെന്‍) ആദ്യം പ്രണയ നഷ്ടത്തിന്റെയും പിന്നീട് ഇഷ്ടമില്ലാത്തെതെങ്കിലും ത്യാഗപൂര്‍ണ്ണവും സാമൂഹിക ബഹുമാനം ആര്‍ജ്ജിച്ചു കൊണ്ടുള്ളതുമായ കുടുംബ ജീവിതത്തിന്റെ ചിട്ടവട്ടങ്ങളിലേക്കും വളരെ വൈകി മാത്രം നിസ്സഹായമായ, പരാജയം ഉറപ്പായ പ്രണയസാഫല്യത്തിന്റെ സംഗമ സാധ്യതയിലേക്കും മുന്നേറുന്നു. ദേവദാസിന്റെ ജീവിതത്തിലേക്ക് ഒരു കുളിര്‍ തെന്നലാവേണ്ടിയിരുന്ന ചന്ദ്രമുഖി (വൈജയന്തി മാല) യാവട്ടെ, ആട്ടക്കാരിയുടെ നികൃഷ്ട സാമൂഹികാവസ്ഥയുടെ നിസ്സഹായതയില്‍ വേദനിക്കാന്‍ മാത്രം വിധിക്കപ്പെട്ടവളും ആവുന്നു.

പ്രണയം വ്യത്യസ്ത ഭാവങ്ങളില്‍ ചിത്രത്തിലുടനീളം സാന്നിധ്യമാവുന്നുണ്ട്. ദേവദാസും പാരോയും കുട്ടിക്കാലത്തിന്റെ സ്വാതന്ത്ര്യത്തില്‍ ഉണ്ടാക്കിയെടുക്കുന്ന ചങ്ങാത്തം ഇണങ്ങിയും പിണങ്ങിയും കരയിച്ചും വളര്‍ന്നു വരുന്ന അവരുടെ ഉള്ളിലെ അവര്‍ക്ക് തന്നെ തിരിച്ചറിയാത്ത ജന്മാന്തര ബന്ധമാണ് . ദേവദാസിനെ കല്‍ക്കത്തയിലേക്കയക്കുമ്പോള്‍ വിരഹത്തിന്റെ ആദ്യ പാഠങ്ങള്‍ അവരറിയുന്നുണ്ട്. ഒഴിവു കാലങ്ങളില്‍ തിരിച്ചു വരുമ്പോഴൊക്കെ പുന സമാഗമത്തിന്റെ ആശ്വാസം അവര്‍ അനുഭവിച്ചിരിക്കണം. യൗവനം അതിന്റെ കരവിരുത് പാരോയില്‍ പതിപ്പിച്ചു കഴിയുമ്പോള്‍, സങ്കോചവും ലജ്ജയും അവര്‍ക്കിടയില്‍ അതിരുകള്‍ സൃഷ്ടിക്കുന്നു. എന്നാല്‍, ദേവദാസിനു കുടുംബ മഹിമക്കൊത്ത വിവാഹം ആലോചിക്കുന്നുവെന്ന് അറിയുമ്പോള്‍ , അര്‍ദ്ധ രാത്രിയില്‍ അയാളെ തനിച്ച് കാണാനെത്തുന്ന പാരോ അവളൊരു വെറും തൊട്ടാവാടിയോ ഭീരുവോ അല്ലെന്നു തെളിയിക്കുന്നുണ്ട്. ഇത് നിനക്ക് ചീത്തപ്പേരുണ്ടാക്കില്ലേ എന്ന ചോദ്യത്തിന്, നിനക്ക് വേണ്ടിയല്ലേ, എനിക്കതൊരു പ്രശ്നമല്ല എന്ന് നിസ്സങ്കോചം മറുപടി പറയുന്നുണ്ട് അവള്‍. എന്നാല്‍, സാമൂഹിക അതിര്‍ വരമ്പുകള്‍ മുറിച്ചു കടക്കാന്‍ ദേവദാസ് അറച്ച് നില്‍ക്കുമ്പോള്‍ ആത്മാഭിമാന ബോധത്തോടെ എന്റെയച്ചനും കഴിയും എനിക്കൊരു വിവാഹം ഉറപ്പിക്കാന്‍ എന്ന് അവള്‍ പറയുന്നു; അതൊരിക്കലും ഉദ്ദേശിച്ചിരുന്നില്ലെങ്കിലും. അത്രയും ദുരഭിമാനം പാടില്ലെന്നും, സൗന്ദര്യത്തിന്റെ ആത്മ ബലത്തിലാണ് അങ്ങനെ പറയുന്നതെങ്കില്‍ എന്നും ഓര്‍മ്മിക്കാന്‍ പാകത്തില്‍ അതിനൊരു മുറിവ് കിടക്കട്ടെയെന്നും പറഞ്ഞാണ് ദേവദാസ് പാരോയുടെ നെറ്റിത്തടത്തില്‍ വടികൊണ്ട് ആഞ്ഞടിച്ചു മുറിവുണ്ടാക്കുന്നത്. പാരോ ആകട്ടെ, അത് ദേവദാസിനെ എന്നും ഓര്‍മ്മിക്കാനുള്ള പ്രണയ ചിഹ്നമായി മനസ്സിലെടുക്കുന്നു.


പ്രണയം വെറും സഹനമല്ലെന്നും അത് അഭിമാന പൂര്‍ണ്ണമായ പങ്കു വെക്കല്‍ ആണെന്നും വിശ്വസിക്കുന്ന പാരോയുടെ നേരെ എതിരറ്റത്താണ് ചന്ദ്രമുഖി. ഒന്നും തിരിച്ചു പ്രതീക്ഷിക്കാത്ത സമ്പൂര്‍ണ്ണ സമര്‍പ്പണമാണ് അവള്‍ക്കു പ്രണയം. പ്രണയ ദാസ്യം. ഒരര്‍ഥത്തില്‍ സമൂഹത്തിന്റെ മുഴുവന്‍ പരിഹാസത്തിന്റെയും നടുവില്‍ താന്‍ നയിക്കുന്ന ജീവിതത്തോട് വെറുപ്പ്‌ കാണിച്ച ഏക മനുഷ്യനോട്, തന്നില്‍ നിന്ന് മറ്റുള്ളവര്‍ ആവശ്യപ്പെട്ടതൊന്നും ആവശ്യപ്പെടാതെ തന്റെ സമയത്തിനു 'വില' നല്‍കിയ മനുഷ്യനോട് അവള്‍ വിധേയപ്പെടുന്നത്, അവളുടെ തന്നെ പൂര്‍വ്വ കാലത്തോട് അവള്‍ക്കുള്ള പ്രതിഷേധത്തിന്റെ കൂടി സൂചകമാണ്. വെറുപ്പും പ്രണയവും ഒന്ന് തന്നെയെന്ന ദ്വന്ദം. പ്രണയിക്കുന്നവനെ മുഴുവനും ആവശ്യപ്പെടുന്ന പാരോയും ഒന്നും ഒരിക്കലും ആവശ്യപ്പെടാത്ത ചന്ദ്രമുഖിയും ഒരേ പ്രണയ സത്യത്തിന്റെ രണ്ടു ഭിന്ന മുഖങ്ങളാണ്. ചന്ദ്രമുഖിയുടെ സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി ജീവന്‍ തിരിച്ചു കിട്ടുന്ന ഘട്ടത്തില്‍ ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് നിന്നെ നിഷേധിക്കാനാവില്ലെന്നു പറയുന്ന ദേവദാസിനോട് അവള്‍ അവളുടെ പ്രണയ സാരം വെളിപ്പെടുത്തുന്നുണ്ട്: എനിക്കത് മതി, അത് മാത്രം മതി. ചിരപരിചിതമായ ഈ 'ഭാരതീയ സ്ത്രീ'സങ്കല്‍പ്പം, പ്രകാശിപ്പിക്കപ്പെടുന്നത് സമൂഹം കല്ലെറിയുന്ന ഒരാട്ടക്കാരിയിലൂടെയാണ് എന്ന വസ്തുതയ്ക്ക് ഒരു വിഗ്രഹ ഭജ്ഞനത്തിന്റെ കൂടി തലമുണ്ടെന്നു വരാം.

പാരോയെയും ചന്ദ്രമുഖിയേയും അപേക്ഷിച്ച് ഒരു ഘട്ടത്തിലും സ്വതന്ത്രമായൊരു തെരഞ്ഞെടുപ്പോ കര്‍തൃത്വമോ പ്രദര്‍ശിപ്പിക്കുന്നില്ല ദേവദാസ്. അങ്ങനെയൊരു നിലപാട് ആവശ്യപ്പെടുന്ന ഘട്ടങ്ങളിലൊക്കെയും സ്വയം മദ്യത്തില്‍ അഭയം തേടുകയാണ് അയാള്‍. സ്നേഹത്തിന്റെ എല്ലാ സ്വാധീനവും ഉപയോഗിച്ച് പാരോയും മറ്റൊരു ഘട്ടത്തില്‍ ചന്ദ്ര മുഖിയും അയാളോട് അപേക്ഷിക്കുന്നുണ്ട് മദ്യം ഉപേക്ഷിക്കാന്‍. അതിനും അയാള്‍ കൃത്യമായ മറുപടി കൊടുക്കുന്നില്ല ഒരു ഘട്ടത്തിലും. അയാള്‍ക്ക്‌ ഒന്നിന് മേലും സ്വാധീനമില്ല, തന്റെ തന്നെ ശീലങ്ങള്‍ ഉള്‍പ്പടെ. എല്ലാം അയാളില്‍ സംഭവിക്കുകയാണ്. വ്യക്തിപരമായ തെരഞ്ഞെടുപ്പുകളില്‍ ഒരിക്കലും അയാള്‍ സ്വയം സ്ഥാപിക്കുന്നതേ ഇല്ല. നിരാശനാവാന്‍, പരാജയപ്പെടാന്‍ ജനിച്ചവനാണയാള്‍.


ഹൃദയദ്രവീകരണ ക്ഷമമായ ഒരു ദുരന്ത പ്രണയ കഥ എന്ന നിലയില്‍ മാത്രമല്ല 'ദേവദാസ്' പ്രസക്തമാവുന്നത്. ഒരര്‍ത്ഥത്തില്‍ ചിത്രത്തിന്‍റെ അത്തരത്തിലുള്ള പ്രസക്തി തന്നെയും ഇക്കാലത്ത് അത്ര സംഗതമായി തോന്നിയേക്കില്ല. അതിഭാവുകത്വത്തിന്റെ സീമകള്‍ കടക്കുന്ന നാടകീയ മുഹൂര്‍ത്തങ്ങളും അതി വൈകാരികതയും ഒട്ടൊക്കെ അരുചികരമായി പുതിയ തലമുറയ്ക്ക് തോന്നുകയും ചെയ്തേക്കാം. അത് കൊണ്ടൊക്കെത്തന്നെയാവണം കഥയുടെ പില്‍ക്കാല പുനസൃഷ്ടികളൊന്നും അത്ര ഏശാതെ പോയതും. എന്നാല്‍ കേന്ദ്ര കഥാപാത്രമായ ദേവദാസ് ആയി എക്കാലത്തെയും നിര്‍ണ്ണായക പ്രകടനം കാഴ്ച വെച്ച ദിലീപ് കുമാറും, പാരോ ആയി ഇനിയൊരാളെ സങ്കല്‍പ്പിക്കാനാവാത്ത വിധം പരകായപ്രവേശം നടത്തിയ സുചിത്രസെന്നും തങ്കപ്പെട്ട മനസ്സിന്റെ ഉടമയായ ആട്ടക്കാരി ചന്ദ്ര മുഖിയായി അഭിനയിച്ച വൈജയന്തി മാലയുടെ പകര്‍ന്നാട്ടവും ചിത്രത്തെ ചലച്ചിത്രാഭിനയത്തിന്റെ പാഠ പുസ്തകമാക്കുന്നതില്‍ നിര്‍വ്വഹിച്ച പങ്ക് എക്കാലവും പ്രസക്തമായിരിക്കും. അതിനുമപ്പുറം, ഏറ്റവും പ്രസക്തമായ കാര്യം പൊയ്പ്പോയ ഒരു കാലഘട്ടത്തിന്റെയും സംസ്കൃതിയുടെയും തിരു ശേഷിപ്പായി ചിത്രം നിലക്കൊള്ളുന്നു എന്നതാണ്. സ്വാതന്ത്ര്യ പൂര്‍വ്വ ഫ്യൂഡല്‍ ബംഗാളിന്റെ പശ്ചാത്തലത്തില്‍ പ്രഭു കുലങ്ങളുടെയും ദരിദ്ര ജീവിതം നയിക്കുന്ന സാധാരണ മനുഷ്യരുടെയും ഒപ്പം ഉന്നത സാമ്പത്തിക ശ്രേണികളില്‍ പെട്ടവരുടെ നേരമ്പോക്കിനായി നഗരങ്ങളില്‍ അടിഞ്ഞു പോവുന്ന കലാ സാംസ്ക്കാരിക ഉപഭോഗാസക്തിയുടെ ഇരകളായി ഉപജീവനം കണ്ടെത്തുന്ന വേരറ്റ മനുഷ്യരുടെയും ചിത്രീകരണം കൂടിയാവുന്നുണ്ട് ചിത്രം. ദേവദാസ് പ്രതിനിധാനം ചെയ്യുന്ന ഉന്നത കുല ജാതരുടെ ജീവിതം അക്കാലത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ എങ്ങനെയാണ് സാമൂഹിക- സാമ്പത്തിക ഉച്ചനീചത്വങ്ങളെ നിലനിര്‍ത്തിയതെന്നും പാരോയുടെ സ്വതന്ത്ര ബുദ്ധിയും ആത്മാഭിമാനവും അവളുടെ സാമ്പത്തിക സ്ഥിതി ആവശ്യപ്പെടുന്ന വിധേയത്വ മനസ്സിനോട് എങ്ങിനെ എതിര്‍ ദിശയില്‍ ആവുന്നു എന്നതും ശ്രദ്ധേയമാണ്. ജന്മാന്തരങ്ങളുടെ ആഴമുള്ള പ്രണയ പാശത്തില്‍ പരസ്പരം ബന്ധിതരായിരിക്കുമ്പോഴും ഇരുവരും തങ്ങളുടെ സാമൂഹിക കെട്ടുപാടുകള്‍ സൃഷ്ടിക്കുന്ന മുന്‍ വിധികള്‍ മുറിച്ചു കടക്കുന്നതില്‍ പരാജയപ്പെടുന്നു. ഒടുവില്‍, അതങ്ങനെ ഏതാണ്ട് സാധിക്കാന്‍ തുടങ്ങുമ്പോഴേക്കും ഏറെ വൈകിപ്പോവുകയും ചെയ്യുന്നു. തന്റെ ഗെയ്റ്റിനു വെളിയില്‍ മരിച്ചു കിടക്കുന്നത് ദേവദാസ് തന്നെയാണെന്നറിഞ്ഞു മറ്റുള്ളവരുടെ വിലക്കുകളോ കുല വധുവിന്റെ മര്യാദകളോ വക വെക്കാതെ ഓടിയണയാന്‍ ശ്രമിക്കുന്ന പാരോയ്ക്ക് മുന്നില്‍ അടഞ്ഞു പോവുന്ന പടുകൂറ്റന്‍ വാതിലുകള്‍, ആ മുറിച്ചു കടക്കല്‍ എത്ര മാത്രം ദുസ്സാധ്യമാണ് എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.



Monday, March 10, 2014

പഥേര്‍ പാഞ്ചാലി. (1955)

കാലം കാത്തു വെച്ച ചിത്രങ്ങള്‍ – 3


പഥേര്‍ പാഞ്ചാലി.
(1955) (
ബംഗാളി)
തിരക്കഥ, സംവിധാനം: സത്യജിത് റായ്
കഥ: ബിഭൂതി ഭൂഷന്‍ ബന്ദോപധ്യായ
ഇന്ത്യന്‍ സിനിമയിലെ അതികായിരില്‍ മുന്‍പനാണ് സത്യജിത് റായ്1955-ലാണ് അദ്ദേഹത്തിന്റെ ക്ലാസ്സിക് മാസ്റ്റര്‍പീസ് “പഥേര്‍ പാഞ്ചാലി” പുറത്തു വരുന്നത്. ആ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമക്കുള്ള സ്വര്‍ണ്ണ കമലം നേടിയ ചിത്രം, തൊട്ടടുത്ത വര്‍ഷം കാനില്‍ ‘Best Human Document’ പുരസ്കാരം നേടി. ലോക ശ്രദ്ധയിലേക്ക് വളര്‍ന്ന ഒരു ഇന്ത്യന്‍ ചലച്ചിത്ര പ്രതിഭയുടെ ഉദയമായിരുന്നു അപ്പോള്‍ സംഭവിച്ചത്. പിന്നീട് ഒന്നിനൊന്നു മികച്ച ചിത്രങ്ങളുമായി നമ്മളാ പ്രതിഭയുടെ ചലച്ചിത്ര സപര്യക്ക് സാക്ഷ്യം വഹിച്ചു.

ബംഗാളി സാഹിത്യത്തിലെ ലക്ഷണമൊത്ത buildungsroman (coming-of- the- age novel) ആണ് ബിഭൂതി ഭൂഷന്‍ ബന്ദോപാധ്യായയുടെ ‘പഥേര്‍ പാഞ്ചാലി’ (1928). തന്നെ ആഴത്തില്‍ സ്വാധീനിച്ച കൃതിയെ ആസ്പദമാക്കിയാണ് സത്യജിത് റായ് തന്റെ കന്നി ചിത്രം ഒരുക്കിയത്. (പിന്നീട് ‘അപരാജിതോ’ ‘അപുര്‍ സന്‍സാര്‍’ എന്നീ ചിത്രങ്ങളോടൊപ്പം ‘അപുത്രയം’ (Apu Trilogy) എന്നറിയപ്പെട്ട മൂന്ന് ചിത്രങ്ങളും ബിഭൂതി ഭൂഷന്‍ രചനയില്‍ നിന്ന് തന്നെയായിരുന്നു.) ‘ബൈസിക്കിള്‍ തീവ്സ്” (വിറ്റോരിയോ ഡിസീക്ക – 1948) എന്ന ഇറ്റാലിയന്‍ നിയോ റിയലിസ്റ്റ് സിനിമാ ക്ലാസ്സിക്കിന്റെയും ഫ്രഞ്ച് നവ സിനിമയുടെ ആചാര്യനായ റെനോ (Jean Renoir) യുടെയും മാസ്മരികതയിലാണ് ‘പഥേര്‍ പാഞ്ചാലി’ സിനിമയാക്കുകയെന്ന സ്വപ്നത്തിലേക്ക് റായ് കച്ച മുറുക്കുന്നത്. അതിനു വേണ്ടി അദ്ദേഹം അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ ഇന്ന് ചരിത്രമാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍, ബംഗാളിലെ ദരിദ്രമായ ഒരു ബ്രാഹ്മണ കുടുംബമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. കുടുംബനാഥനായ ഹരിഹര്‍ (Kanu Banerjee) കുടുംബം പോറ്റാന്‍ കഷ്ടപ്പെടുന്ന ഒരു പുരോഹിതനാണ്. അമ്മ സര്‍ബജയ (Karuna Banerjee) യുടെ പ്രധാന ഉത്തരവാദിത്തം വികൃതിയായ മകള്‍ ദുര്‍ഗ്ഗ (Runki Banerjee / Uma Dasgupta) യെയും വയസ്സായ അമ്മാവി ഇന്ദിറി (Chunibala Dev) നെയും സംരക്ഷിക്കലാണ്. അകന്ന ബന്ധുവായ ഇന്ദിറിന്റെ ഭാരം കൂടി ചുമക്കേണ്ടി വരുന്നതില്‍ സര്‍ബജയ അത്ര സന്തുഷ്ടയല്ല. ഒരു ഘട്ടത്തില്‍, സര്‍ബജയയുടെ മനോഭാവം സഹിക്കാനാവാതെ ഇന്ദിര്‍ മറ്റൊരു വീട്ടില്‍ അഭയം തേടുന്നുപോലുമുണ്ട്. അയല്‍വാസിയുടെ തോട്ടത്തില്‍ നിന്ന് പഴം മോഷ്ടിച്ചതിന് പിടിയിലാവുന്ന ദുര്‍ഗ്ഗയുടെ പേരിലും സര്‍ബജയ അപമാനിതയാവുന്നു. ദുര്‍ഗ്ഗയാവട്ടെ, ഇന്ദിരുമായി നല്ല കൂട്ടുമാണ്‌.

കളിയാക്കാന്‍ കിട്ടുന്ന അവസരങ്ങളൊക്കെ ഉപയോഗിക്കുമെങ്കിലും, ഒരമ്മയെ പോലെയാണ് ദുര്‍ഗ്ഗ അപുവിന്. ഒരിക്കല്‍ സന്ധ്യക്ക്‌ ഗ്രാമാതിര്‍ത്തിക്കപ്പുറം കടന്നു പോവുന്ന തീവണ്ടി കാണാന്‍ പോവുന്നുണ്ട് ഇരുവരും. തിരിച്ചെത്തുമ്പോള്‍ ഇന്ദിര്‍ അമ്മായി മരണവക്ത്രത്തിലാണ്. പൊളിഞ്ഞ വീട് പുതുക്കിപ്പണിയാന്‍ വേണ്ട പണം കണ്ടെത്താനും, കുടുംബത്തെ മാന്യമായി പോറ്റാനും വേറെ വഴിയില്ലെന്ന് കണ്ടു ഹരിഹര്‍ പട്ടണത്തിലേക്ക് പോവുന്നതോടെ, കഷ്ടപ്പാടുകള്‍ ഇരട്ടിക്കുകയാണ്. ഏകാന്തതയും ദാരിദ്ര്യവും സര്‍ബജയയെ വിഷാദരോഗിയാക്കുന്നു. ഒരു ദിവസം മഴയത്ത് നൃത്തം ചെയ്യുന്ന ദുര്‍ഗ്ഗ ജ്വര ബാധിതയാകുന്നു. ചികിത്സയൊന്നും ലഭിക്കാതെ രോഗമൂര്‍ച്ചയുടെ ഒരു രാവില്‍ തകര്‍ത്തുപെയ്യുന്ന പേമാരിയോടൊപ്പം അവള്‍ മൃത്യുവിലേക്കു പോവുന്നു. പട്ടണത്തില്‍ നിന്ന് തിരിച്ചെത്തുന്ന ഹരിഹര്‍, താന്‍ വാങ്ങിക്കൊണ്ടുവന്ന കൗതുക വസ്തുക്കള്‍ എടുത്തു നിരത്തവേ, താങ്ങാനാവാതെ സര്‍ബജയ അയാളുടെ കാല്‍ക്കല്‍ വീഴുന്നു. മകള്‍ മരിച്ചുപോയെന്ന അറിവ് അയാളെ തകര്‍ക്കുന്നു. കുടുംബം തറവാടും ഗ്രാമവും ഉപേക്ഷിച്ചു പോവാന്‍ തീരുമാനിക്കുന്നു. അതിനു വേണ്ടിയുള്ള ഒരുക്കത്തിനിടയിലാണ് അപു അത് കണ്ടെത്തുന്നത്: പണ്ട് ദുര്‍ഗ്ഗ മോഷ്ടിച്ച അയല്‍വാസിയുടെ നെക് ലെസ്. അവളതു നിഷേധിക്കുകയായിരുന്നു. അപു അത് കുളത്തിലേക്ക് വലിച്ചെറിയുന്നു. അപുവും കുടുംബവും ഒരു കാളവണ്ടിയില്‍ ഗ്രാമം വിടുമ്പോള്‍, ഒരു സര്‍പ്പം അവരുടെ വീട്ടിലേക്കു ഇഴഞ്ഞു കയറുന്നുണ്ട്.
ചിത്രത്തിന്‍റെ ഏതാണ്ട് മുഴുവന്‍ ഭാഗങ്ങളിലും മൂന്ന് സ്ത്രീകഥാപാത്രങ്ങള്‍ – ഇന്ദിര്‍ തക്രൂന്‍, ദുര്‍ഗ്ഗ, സര്‍ബജയ – തന്നെയാണ് പ്രാധാന്യത്തോടെ വരുന്നത്. ചിത്രാന്ത്യത്തില്‍, ദുര്‍ഗ്ഗയുടെ മരണാനന്തരം നെക് ലെസ് കണ്ടെത്തുന്ന നിമിഷത്തിലാണ് അപുവിന്റെ കര്‍തൃത്വം ആരംഭിക്കുന്നത്. പരമ്പരാഗതമായ ആണ്‍ കര്‍തൃത്വത്തിന്റെ ആദ്യ ചുവടാണ് അത്. തുടര്‍ന്ന് ചലച്ചിത്ര ത്രയത്തിലെ മറ്റു രണ്ടു ചിത്രങ്ങളുടെ സാധ്യതയും അവിടെയാണ് ഉരുത്തിരിയുന്നത് എന്ന് പറയാം. ചിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ഇന്ദിര്‍ തക്രുന്‍ എന്ന എണ്‍പതു പിന്നിട്ട വൃദ്ധയാണ്. കഥ പറഞ്ഞും, അത്യാവശ്യം കുശുമ്പും കുന്നായ്മയുമൊക്കെയായി എപ്പോഴും സര്‍ബജയക്ക്‌ തലവേദനയാവുമെങ്കിലും, കുട്ടികളുമായി അവര്‍ക്കുള്ള ഹൃദയബന്ധംഅപുവും ചേച്ചി ദുര്‍ഗ്ഗയുമായുള്ള ബന്ധം പോലെ തന്നെ സ്നേഹബന്ധുരമാണ്. ഗ്രാമ്യമായ കൗതുകങ്ങളും സന്തോഷങ്ങളുമൊക്കെയും പങ്കു വെച്ച്, മിടായിക്കച്ചവടക്കാരന്റെ പിറകെ പാഞ്ഞും നാടോടി കലാകാരന്മാരുടെ പ്രകടനങ്ങള്‍ ആസ്വദിച്ചും കാലിക്ക് പിറകെയും മരത്തിനു മുകളിലുമായി തെരുപ്പറക്കുന്ന ഇന്ത്യന്‍ ബാല്യം ഒപ്പിയെടുക്കുന്നതില്‍ സത്യജിത് റായ് കാണിച്ച മികവ് യഥാതഥ (realistic) മായിരിക്കുമ്പോഴും കാവ്യസുന്ദരമാണ്. ചൂളം വിളിച്ചു പായുന്ന തീവണ്ടിയെന്ന അത്ഭുതം കണ്ടു നില്‍ക്കുന്ന ബാല കൗതുകം, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വളര്‍ന്ന ആര്‍ക്കും താദാത്മ്യം പ്രാപിക്കാനാവുന്ന മുഹൂര്‍ത്തമാണ്. ചിത്രത്തിലെ ഏറെ പ്രശംസിക്കപ്പെട്ട ഒരു രംഗമാണത്.

ചിത്രത്തിന്‍റെ ചില ഭാഗങ്ങളിലെ വേഗതയില്ലായ്മയും പ്രകടമായ ഇഴച്ചിലും വിമര്‍ശിക്കപ്പെട്ടപ്പോള്‍ സംവിധായകന്‍ നല്‍കിയ വിശദീകരണം ശ്രദ്ധേയമാണ്: ഒരു ദരിദ്ര ബംഗാളി ഗ്രാമത്തെ അതിന്റെ തനിമയില്‍ ചിത്രീകരിക്കാന്‍ നോവലില്‍ ഉപയോഗിച്ച ആ അവധാനത ആവശ്യമായിരുന്നു. ചിത്രത്തിനു വേണ്ടി അന്ന് തുടക്കക്കാരനായിരുന്ന രവിശങ്കര്‍ ഒരുക്കിയ സംഗീതവും ആദ്യ ഘട്ടത്തിലെന്നതിലുപരി പിന്നീടാണ് തിരിച്ചറിയപ്പെട്ടത്. ഒരര്‍ഥത്തില്‍ ഈ രണ്ടാമൂഴം ചിത്രത്തിന്‍റെ ചരിത്രം തന്നെയായിരുന്നു മുടങ്ങിപ്പോയേക്കാമായിരുന്ന നിര്‍മ്മാണം തൊട്ട്.