Featured Post

Showing posts with label ബംഗാളി. Show all posts
Showing posts with label ബംഗാളി. Show all posts

Monday, March 10, 2014

പഥേര്‍ പാഞ്ചാലി. (1955)

കാലം കാത്തു വെച്ച ചിത്രങ്ങള്‍ – 3


പഥേര്‍ പാഞ്ചാലി.
(1955) (
ബംഗാളി)
തിരക്കഥ, സംവിധാനം: സത്യജിത് റായ്
കഥ: ബിഭൂതി ഭൂഷന്‍ ബന്ദോപധ്യായ
ഇന്ത്യന്‍ സിനിമയിലെ അതികായിരില്‍ മുന്‍പനാണ് സത്യജിത് റായ്1955-ലാണ് അദ്ദേഹത്തിന്റെ ക്ലാസ്സിക് മാസ്റ്റര്‍പീസ് “പഥേര്‍ പാഞ്ചാലി” പുറത്തു വരുന്നത്. ആ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമക്കുള്ള സ്വര്‍ണ്ണ കമലം നേടിയ ചിത്രം, തൊട്ടടുത്ത വര്‍ഷം കാനില്‍ ‘Best Human Document’ പുരസ്കാരം നേടി. ലോക ശ്രദ്ധയിലേക്ക് വളര്‍ന്ന ഒരു ഇന്ത്യന്‍ ചലച്ചിത്ര പ്രതിഭയുടെ ഉദയമായിരുന്നു അപ്പോള്‍ സംഭവിച്ചത്. പിന്നീട് ഒന്നിനൊന്നു മികച്ച ചിത്രങ്ങളുമായി നമ്മളാ പ്രതിഭയുടെ ചലച്ചിത്ര സപര്യക്ക് സാക്ഷ്യം വഹിച്ചു.

ബംഗാളി സാഹിത്യത്തിലെ ലക്ഷണമൊത്ത buildungsroman (coming-of- the- age novel) ആണ് ബിഭൂതി ഭൂഷന്‍ ബന്ദോപാധ്യായയുടെ ‘പഥേര്‍ പാഞ്ചാലി’ (1928). തന്നെ ആഴത്തില്‍ സ്വാധീനിച്ച കൃതിയെ ആസ്പദമാക്കിയാണ് സത്യജിത് റായ് തന്റെ കന്നി ചിത്രം ഒരുക്കിയത്. (പിന്നീട് ‘അപരാജിതോ’ ‘അപുര്‍ സന്‍സാര്‍’ എന്നീ ചിത്രങ്ങളോടൊപ്പം ‘അപുത്രയം’ (Apu Trilogy) എന്നറിയപ്പെട്ട മൂന്ന് ചിത്രങ്ങളും ബിഭൂതി ഭൂഷന്‍ രചനയില്‍ നിന്ന് തന്നെയായിരുന്നു.) ‘ബൈസിക്കിള്‍ തീവ്സ്” (വിറ്റോരിയോ ഡിസീക്ക – 1948) എന്ന ഇറ്റാലിയന്‍ നിയോ റിയലിസ്റ്റ് സിനിമാ ക്ലാസ്സിക്കിന്റെയും ഫ്രഞ്ച് നവ സിനിമയുടെ ആചാര്യനായ റെനോ (Jean Renoir) യുടെയും മാസ്മരികതയിലാണ് ‘പഥേര്‍ പാഞ്ചാലി’ സിനിമയാക്കുകയെന്ന സ്വപ്നത്തിലേക്ക് റായ് കച്ച മുറുക്കുന്നത്. അതിനു വേണ്ടി അദ്ദേഹം അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ ഇന്ന് ചരിത്രമാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍, ബംഗാളിലെ ദരിദ്രമായ ഒരു ബ്രാഹ്മണ കുടുംബമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. കുടുംബനാഥനായ ഹരിഹര്‍ (Kanu Banerjee) കുടുംബം പോറ്റാന്‍ കഷ്ടപ്പെടുന്ന ഒരു പുരോഹിതനാണ്. അമ്മ സര്‍ബജയ (Karuna Banerjee) യുടെ പ്രധാന ഉത്തരവാദിത്തം വികൃതിയായ മകള്‍ ദുര്‍ഗ്ഗ (Runki Banerjee / Uma Dasgupta) യെയും വയസ്സായ അമ്മാവി ഇന്ദിറി (Chunibala Dev) നെയും സംരക്ഷിക്കലാണ്. അകന്ന ബന്ധുവായ ഇന്ദിറിന്റെ ഭാരം കൂടി ചുമക്കേണ്ടി വരുന്നതില്‍ സര്‍ബജയ അത്ര സന്തുഷ്ടയല്ല. ഒരു ഘട്ടത്തില്‍, സര്‍ബജയയുടെ മനോഭാവം സഹിക്കാനാവാതെ ഇന്ദിര്‍ മറ്റൊരു വീട്ടില്‍ അഭയം തേടുന്നുപോലുമുണ്ട്. അയല്‍വാസിയുടെ തോട്ടത്തില്‍ നിന്ന് പഴം മോഷ്ടിച്ചതിന് പിടിയിലാവുന്ന ദുര്‍ഗ്ഗയുടെ പേരിലും സര്‍ബജയ അപമാനിതയാവുന്നു. ദുര്‍ഗ്ഗയാവട്ടെ, ഇന്ദിരുമായി നല്ല കൂട്ടുമാണ്‌.

കളിയാക്കാന്‍ കിട്ടുന്ന അവസരങ്ങളൊക്കെ ഉപയോഗിക്കുമെങ്കിലും, ഒരമ്മയെ പോലെയാണ് ദുര്‍ഗ്ഗ അപുവിന്. ഒരിക്കല്‍ സന്ധ്യക്ക്‌ ഗ്രാമാതിര്‍ത്തിക്കപ്പുറം കടന്നു പോവുന്ന തീവണ്ടി കാണാന്‍ പോവുന്നുണ്ട് ഇരുവരും. തിരിച്ചെത്തുമ്പോള്‍ ഇന്ദിര്‍ അമ്മായി മരണവക്ത്രത്തിലാണ്. പൊളിഞ്ഞ വീട് പുതുക്കിപ്പണിയാന്‍ വേണ്ട പണം കണ്ടെത്താനും, കുടുംബത്തെ മാന്യമായി പോറ്റാനും വേറെ വഴിയില്ലെന്ന് കണ്ടു ഹരിഹര്‍ പട്ടണത്തിലേക്ക് പോവുന്നതോടെ, കഷ്ടപ്പാടുകള്‍ ഇരട്ടിക്കുകയാണ്. ഏകാന്തതയും ദാരിദ്ര്യവും സര്‍ബജയയെ വിഷാദരോഗിയാക്കുന്നു. ഒരു ദിവസം മഴയത്ത് നൃത്തം ചെയ്യുന്ന ദുര്‍ഗ്ഗ ജ്വര ബാധിതയാകുന്നു. ചികിത്സയൊന്നും ലഭിക്കാതെ രോഗമൂര്‍ച്ചയുടെ ഒരു രാവില്‍ തകര്‍ത്തുപെയ്യുന്ന പേമാരിയോടൊപ്പം അവള്‍ മൃത്യുവിലേക്കു പോവുന്നു. പട്ടണത്തില്‍ നിന്ന് തിരിച്ചെത്തുന്ന ഹരിഹര്‍, താന്‍ വാങ്ങിക്കൊണ്ടുവന്ന കൗതുക വസ്തുക്കള്‍ എടുത്തു നിരത്തവേ, താങ്ങാനാവാതെ സര്‍ബജയ അയാളുടെ കാല്‍ക്കല്‍ വീഴുന്നു. മകള്‍ മരിച്ചുപോയെന്ന അറിവ് അയാളെ തകര്‍ക്കുന്നു. കുടുംബം തറവാടും ഗ്രാമവും ഉപേക്ഷിച്ചു പോവാന്‍ തീരുമാനിക്കുന്നു. അതിനു വേണ്ടിയുള്ള ഒരുക്കത്തിനിടയിലാണ് അപു അത് കണ്ടെത്തുന്നത്: പണ്ട് ദുര്‍ഗ്ഗ മോഷ്ടിച്ച അയല്‍വാസിയുടെ നെക് ലെസ്. അവളതു നിഷേധിക്കുകയായിരുന്നു. അപു അത് കുളത്തിലേക്ക് വലിച്ചെറിയുന്നു. അപുവും കുടുംബവും ഒരു കാളവണ്ടിയില്‍ ഗ്രാമം വിടുമ്പോള്‍, ഒരു സര്‍പ്പം അവരുടെ വീട്ടിലേക്കു ഇഴഞ്ഞു കയറുന്നുണ്ട്.
ചിത്രത്തിന്‍റെ ഏതാണ്ട് മുഴുവന്‍ ഭാഗങ്ങളിലും മൂന്ന് സ്ത്രീകഥാപാത്രങ്ങള്‍ – ഇന്ദിര്‍ തക്രൂന്‍, ദുര്‍ഗ്ഗ, സര്‍ബജയ – തന്നെയാണ് പ്രാധാന്യത്തോടെ വരുന്നത്. ചിത്രാന്ത്യത്തില്‍, ദുര്‍ഗ്ഗയുടെ മരണാനന്തരം നെക് ലെസ് കണ്ടെത്തുന്ന നിമിഷത്തിലാണ് അപുവിന്റെ കര്‍തൃത്വം ആരംഭിക്കുന്നത്. പരമ്പരാഗതമായ ആണ്‍ കര്‍തൃത്വത്തിന്റെ ആദ്യ ചുവടാണ് അത്. തുടര്‍ന്ന് ചലച്ചിത്ര ത്രയത്തിലെ മറ്റു രണ്ടു ചിത്രങ്ങളുടെ സാധ്യതയും അവിടെയാണ് ഉരുത്തിരിയുന്നത് എന്ന് പറയാം. ചിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ഇന്ദിര്‍ തക്രുന്‍ എന്ന എണ്‍പതു പിന്നിട്ട വൃദ്ധയാണ്. കഥ പറഞ്ഞും, അത്യാവശ്യം കുശുമ്പും കുന്നായ്മയുമൊക്കെയായി എപ്പോഴും സര്‍ബജയക്ക്‌ തലവേദനയാവുമെങ്കിലും, കുട്ടികളുമായി അവര്‍ക്കുള്ള ഹൃദയബന്ധംഅപുവും ചേച്ചി ദുര്‍ഗ്ഗയുമായുള്ള ബന്ധം പോലെ തന്നെ സ്നേഹബന്ധുരമാണ്. ഗ്രാമ്യമായ കൗതുകങ്ങളും സന്തോഷങ്ങളുമൊക്കെയും പങ്കു വെച്ച്, മിടായിക്കച്ചവടക്കാരന്റെ പിറകെ പാഞ്ഞും നാടോടി കലാകാരന്മാരുടെ പ്രകടനങ്ങള്‍ ആസ്വദിച്ചും കാലിക്ക് പിറകെയും മരത്തിനു മുകളിലുമായി തെരുപ്പറക്കുന്ന ഇന്ത്യന്‍ ബാല്യം ഒപ്പിയെടുക്കുന്നതില്‍ സത്യജിത് റായ് കാണിച്ച മികവ് യഥാതഥ (realistic) മായിരിക്കുമ്പോഴും കാവ്യസുന്ദരമാണ്. ചൂളം വിളിച്ചു പായുന്ന തീവണ്ടിയെന്ന അത്ഭുതം കണ്ടു നില്‍ക്കുന്ന ബാല കൗതുകം, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വളര്‍ന്ന ആര്‍ക്കും താദാത്മ്യം പ്രാപിക്കാനാവുന്ന മുഹൂര്‍ത്തമാണ്. ചിത്രത്തിലെ ഏറെ പ്രശംസിക്കപ്പെട്ട ഒരു രംഗമാണത്.

ചിത്രത്തിന്‍റെ ചില ഭാഗങ്ങളിലെ വേഗതയില്ലായ്മയും പ്രകടമായ ഇഴച്ചിലും വിമര്‍ശിക്കപ്പെട്ടപ്പോള്‍ സംവിധായകന്‍ നല്‍കിയ വിശദീകരണം ശ്രദ്ധേയമാണ്: ഒരു ദരിദ്ര ബംഗാളി ഗ്രാമത്തെ അതിന്റെ തനിമയില്‍ ചിത്രീകരിക്കാന്‍ നോവലില്‍ ഉപയോഗിച്ച ആ അവധാനത ആവശ്യമായിരുന്നു. ചിത്രത്തിനു വേണ്ടി അന്ന് തുടക്കക്കാരനായിരുന്ന രവിശങ്കര്‍ ഒരുക്കിയ സംഗീതവും ആദ്യ ഘട്ടത്തിലെന്നതിലുപരി പിന്നീടാണ് തിരിച്ചറിയപ്പെട്ടത്. ഒരര്‍ഥത്തില്‍ ഈ രണ്ടാമൂഴം ചിത്രത്തിന്‍റെ ചരിത്രം തന്നെയായിരുന്നു മുടങ്ങിപ്പോയേക്കാമായിരുന്ന നിര്‍മ്മാണം തൊട്ട്.




മേഘെ ധക്കെ താരാ (1960)

കാലം കാത്തുവെച്ച ചിത്രങ്ങള്‍_2 – 

Posted on October 1, 2013
മേഘെ ധക്കെ താരാ (1960) – ബംഗാളി,
സംവിധാനം: ഋത്വിക് ഘട്ടക്
സത്യജിത് റായ്, മൃണാള്‍ സെന്‍ എന്നിവര്‍ക്കൊപ്പം ബംഗാളീ സിനിമയുടെയും ഇന്ത്യന്‍ സിനിമയുടെ തന്നെയും ആചാര്യന്മാരില്‍ ഒരാളായാണ് ഋത്വിക് ഘട്ടക് കണക്കാക്കപ്പെടുന്നത്.
 
ഇന്ത്യാ വിഭജനത്തിന്റെ വേദനകള്‍ അന്തര്‍ധാരയായി വരുന്നവയാണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും. ശക്തിപദ രാജ്ഗുരുവിന്റെ നോവലിനെ അടിസ്ഥാനമാക്കി ഘട്ടക് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത മേഘെ ധക്കെ താരാ (“മേഘാവൃത താരകം”)  1960-ല്‍ പുറത്തുവന്നു. കൊമള്‍ ഗാന്ധാര്‍ (1961), സുബര്‍ണ്ണരേഖ (1962) എന്നീ ചിത്രങ്ങളോടൊപ്പം ഒരു ചലച്ചിത്രത്രയത്തിലെ ആദ്യ ചിത്രമായിരുന്നു ‘മേഘെ ധക്കെ താരാ’. ഇന്ത്യ വിഭജനത്തിന്റെ ഭാഗമായി ഉണ്ടായ ബംഗാള്‍ വിഭജന (1947) വും അഭയാര്‍ഥികള് ആക്കപ്പെട്ടവരുടെ ജീവിത സന്ധികളുമാണ് മൂന്ന് ചിത്രങ്ങളുടെയും പശ്ചാത്തലം.
 
 
 
 
 
 
 
 








വിഭജനം നേരിട്ട് പ്രദിപാദിക്കപ്പെടുന്നില്ല ചിത്രത്തില്‍. എന്നാല്‍ കല്‍ക്കത്തയുടെ പ്രാന്ത പ്രദേശത്തുള്ള ഒരു അഭയാര്‍ഥി ക്യാമ്പിലെത്തിപ്പെട്ട സാമ്പത്തികത്തകര്‍ച്ചയിലായിപ്പോയ ഒരു കുലീന ഭദ്രാലോക് കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം വികസിക്കുന്നത്. പൂര്‍വ്വ പാക്കിസ്ഥാനില്‍നിന്നുള്ള ഈ അഭയാര്‍ഥി കുടുംബത്തില്‍ ചെറുതെങ്കിലും ഒരു ജോലിയും തുച്ഛമായ വരുമാനവുമുള്ള ഏക അംഗമാണ്, സുന്ദരിയും, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നതിനിടയില്‍ സ്വന്തം ജീവിതം കൈമോശം വന്നു പോകുന്നവളുമായ നീത (Supriya Choudhary).  എല്ലാവരും അവളെ ചൂഷണം ചെയ്യുന്നു: എപ്പോഴും തന്റെ വിധിയെ പഴിച്ചും എല്ലാവരോടും വഴക്കിട്ടും കഴിയുന്ന അമ്മ (Gita Dey)യും, ദാര്‍ശനികമായ സിനിസിസത്തോടെ എല്ലാറ്റിന്റെയും അകം പുറം കാണുന്ന അച്ഛനും   (Gyanesh Mukherji), സംഗീതത്തിന് വേണ്ടി ജീവിക്കുന്ന തൊഴില്‍ തേടാതെ കഴിയുന്ന ജ്യേഷ്ഠനും (Anil Chatterji), ജീവിതച്ചുമടുകളുടെ മരുപ്പറമ്പില്‍ ഒരു മരുപ്പച്ച പോലെ നീത കണ്ടെത്തുന്ന പ്രണയത്തെ പോലും തട്ടിയെടുത്തു സ്വന്തമാക്കുന്ന അനിയത്തി ഗീതയും (Gita Ghatak), ജോലി കിട്ടിയ ഉടനെ തന്‍കാര്യം നോക്കി ജോലി സ്ഥലത്തേക്ക് താമസം മാറ്റുന്ന അനിയന്‍ മന്ടൂ (Dwiju Bhawal)- എല്ലാവരും.

സ്ത്രീത്വത്തിന്റെ മൂന്നു മുഖങ്ങളെയാണ് ഘട്ടക് അവതരിപ്പിക്കുന്നത്‌ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്നിസ്സഹായതയുടെ പുകമറ ഉപയോഗിച്ച് ക്രൂരത കാട്ടുന്ന അമ്മ, സുഖലോലുപയും  സ്വാര്‍ത്ഥയുമായ അനിയത്തി, ത്യജിക്കുന്നതിലും സഹിക്കുന്നതിലും മുഴുകിപ്പോവുന്ന നീത – ഒരു ഘട്ടത്തില്‍ നീത സ്വയം തന്നെ തെറ്റുകാരിയെന്നു വിശേഷിപ്പിക്കുന്നുണ്ട്- തനിക്കു നേരെ മറ്റുള്ളവര്‍ ചെയ്ത തെറ്റുകളെ, പ്രതിഷേധിക്കാതെ വകവെച്ചു കൊടുത്ത തെറ്റ് ചെയ്തവള്‍ എന്ന്അമിത ഭാരം ചുമക്കുന്ന ഒരു പെണ്‍കുട്ടിക്ക് തങ്ങാവുന്നതിനപ്പുറം വിധിയും ക്രൂരമാവുന്നതോടെ, നീത തന്റെ എം. . പഠനം ഉപേക്ഷിക്കുന്നു. തളര്‍ന്നു വീണു പോവുന്ന അച്ഛന് പിന്നാലെ, ജോലിക്കിടെ അപകടം പറ്റുന്ന അനുജനും ചേരുന്നതോടെ അവളുടെ ദുരന്തം പൂര്‍ണ്ണമാവുന്നു. സംഗീത ലോകത്ത് പേരും പെരുമയും നേടി തിരിച്ചു വരുന്ന ജ്യേഷ്ഠന്‍, ക്ഷയരോഗ ബാധിതയായി മരണ വക്ത്രത്തിലെത്തിയ നീതയെ സാനറ്റൊരിയത്തിലെത്തിക്കുന്നു. അവസാന രംഗത്ത്, താന്‍ കണ്ടിട്ടില്ലാത്ത അനിയത്തിയുടെ കുഞ്ഞിന്റെ കുസൃതികളെ  കുറിച്ചും കുടുംബത്തില്‍ ആ കുഞ്ഞു നിറക്കുന്ന ആഹ്ലാദത്തെ കുറിച്ചുമുള്ള  ജ്യേഷ്ഠന്റെ വിവരണം കേള്‍ക്കുന്ന   നീതയുടെ അന്ത്യ വിലാപം പ്രേക്ഷകനെ വിട്ടു പോവില്ല: “ഏട്ടാ, എനിക്ക് ജീവിക്കണം.!” അകന്നു പോവുന്ന ക്യാമറ ആ വിലാപം ഏറ്റു വാങ്ങുന്നു. ഏകനായി തിരിച്ചെത്തുന്ന ജ്യേഷ്ഠന്‍, ആരുടേയും അലോസരമാവുന്നില്ല നീത എന്ന സത്യം തിരിച്ചറിയവേ, മുന്‍പ് ഒരു രംഗത്തില്‍ വാറ് പൊട്ടിയ ചെരുപ്പുമായി നഗ്നപാദയായി തെരുവിലൂടെ നടന്ന നീതയെ പോലെ ഒരു തനിയാവര്‍ത്തനമായി മറ്റൊരു പെണ്‍കുട്ടി തന്റെ വാറ്  പൊട്ടിയ ചെരുപ്പുമായി ഏന്തി നീങ്ങുന്നു.

മരണം തൊട്ടറിയുന്ന നിമിഷങ്ങളിലെ നീതയുടെ കരുണാര്‍ദ്ര വിലാപം ഒരര്‍ഥത്തില്‍ ഒരു ശിക്ഷയാണ്, അവളുടെ അച്ഛന്‍ ഒരു ഘട്ടത്തില്‍ പറഞ്ഞത് പോലെ: രക്ഷിക്കാനാവുന്നതിലേറെ  രക്ഷിക്കാന്‍ ശ്രമിക്കുന്നതിനു കിട്ടുന്ന ശിക്ഷ. മലകളെ സ്നേഹിച്ച പെണ്‍കുട്ടിക്ക് പ്രോമിത്യൂസിനെ പോലെ ഒരു പുനരഭി ജനനം അവിടെ സാധ്യമാവുമോ? പക്ഷെ നമ്മള്‍ മനുഷ്യരാണ്, നീത ഒരു പെണ്‍കുട്ടിയും. ആ പരിമിതി മറികടന്നു പലരുടെയും ജീവിതത്തിനു വെളിച്ചം പകരാന്‍ ശ്രമിച്ചത് കൊണ്ടാവാം പ്രോമിത്യൂസിനെ പോലെ അവള്‍ ശിക്ഷിക്കപ്പെടുന്നതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഘട്ടക് സിനിമകളില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് ‘മേഘെ ധക്കെ താരാ’. യഥാര്‍ത്ഥ ജീവിത ചിത്രണത്തില്‍ നിന്ന് ഒളിച്ചോടുന്ന ബോളിവുഡ് മാസലക്കൂട്ടു രീതികളില്‍ നിന്ന് വ്യത്യസ്ഥമായി ‘ന്യൂ വേവ്’ സിനിമാ സങ്കല്‍പ്പങ്ങളുടെ രീതികളാണ് ഘട്ടക്കിന്റെ സിനിമകളെ വേറിട്ട്‌ നിര്‍ത്തുന്നത്. കാവ്യാത്മക റിയലിസം (POETIC REALISM) എന്ന് വിളിക്കാവുന്ന ചലച്ചിത്ര പരിചരണ രീതി, ജീവിതത്തോടു മുഖം തിരിക്കുന്നില്ല. ഭാവനാ സമ്പന്നമായ സംവേദനക്ഷമതയോടും, വൈകാരിക സാന്ദ്രതയോടും പ്രേക്ഷക മനസ്സ് തൊടുന്ന രീതിയാണത്. ‘അജാന്ത്രിക്’,  ‘ബാരി തേകെ പാലിയെ’ എന്നീ ചിത്രങ്ങളില്‍ ഘട്ടക് മുന്‍പ് പരീക്ഷിച്ച ഈ പരിചരണ രീതി അതിന്റെ ഔന്നത്യത്തിലെത്തുകയാണ് ഇവിടെ.