Featured Post

Friday, November 30, 2012

ഇടക്കൊന്നു മയങ്ങിയുണരണം

ഇടക്കൊന്നു മയങ്ങിയുണരണം
സ്നേഹരഹിതമായ കാഴ്ചകള്‍ക്കും
സാന്ത്വനമില്ലാത്ത ശബ്ദങ്ങള്‍ക്കും
ഇടവേളയൊരുക്കി
മനസ്സിന്റെ നെരിപ്പോടിനും
ചിന്തയുടെ പാഴ്വേലകള്‍ക്കും
ഒന്നൊരിത്തിരി അവധി കൊടുക്കണം

ഒന്ന് പുറം തിരിഞ്ഞിരിക്കണം
ഒഴുക്ക് മറന്ന പുഴയോടും
കരിഞ്ഞുണങ്ങിയ മേടുകളോടും
കവിത ചൊല്ലാതെ
കരിമ്പുക ചുറ്റിയ മാനത്തു
നക്ഷത്രങ്ങളെ തിരയാതെ
ഋതു ഭേദങ്ങളില്ലാത്ത മരുപ്പറമ്പിനെ
കാല്‍പനിക കാന്തിയണിയിക്കാതെ
ഒന്ന് വെറുതെ കണ്‍ കാതോര്‍ത്ത് നില്‍ക്കണം.

ഒന്ന് പിറന്നപടി നില്‍ക്കണം.
മഴ നനയുന്ന കുട്ടിയാവണം.
വഴക്ക് പറയാനമ്മയില്ലെങ്കിലും
വികൃതിയെ കൊല്ലരുതുള്ളില്‍.
കൂനിക്കൂടിയ വാര്‍ദ്ധക്യമായി
വെയില്‍ കായണം,
പിറകിലാ വിളിയൊച്ച
കേട്ടുതുടങ്ങിയെങ്കിലും
ഒന്ന് കൂടിയാ കിനാക്കൂട്ടിനോട് ശൃംഗരിക്കണം.

ക്ഷീരപഥ യാത്രയിലെങ്കിലും
കടലാഴങ്ങളിലേക്കെങ്കിലും
കൂടുകൂട്ടുക പക്ഷി ജന്മമായിട്ടെങ്കിലും
ഒരു ഞൊടിയിട നില്‍ക്കണം.
വിട്ടു പോന്ന നിഴലിനോടും
നിഴല്‍ പൊലിഞ്ഞ വഴികളോടും
കൂട്ട് വിട്ട നാമ്പുകളോടും
പത്തിതാഴ്ത്തി ഒന്ന് നമിക്കണം.

കിളച്ചു മാറ്റുന്നത് പര്‍വതങ്ങളെയെങ്കിലും
ഒന്ന് മൂരി നിവരണം.

Wednesday, November 28, 2012

AVALANCHES

AVALANCHES

There are unexpected snow-slides:
just like a breath-taking isle
simply vanishing into the sea
in mysterious moves of planet earth;
like an iceberg emerging so suddenly
in a safe ship route.

The golden hue of camaraderie,
the sun-beams of ideologies
transcending time and nations
was cut asunder into continents
of tensions between boarders
through straits of blood.

The one who was companion
during days of oppression,
who begot anger out of embers
was to go down into rotten swamps
of rusted times of no worth.

The sandal cool of friendship
made immaculate as if in a smithy,
helping hand in grief and pain
changed season into indolent silence
of summer nights of unstirring leaves.

In which unintelligible moment
of earth-moves could a hot stream
turn into an avalanche?

Though mysterious,
some season changes would lie
frozen within inner heart.

ഉള്ളിലെ ചിലന്തി

ഉള്ളിലെ ചിലന്തി

കമ്പോളം ഒരു സമവാക്യമാണ്;
ദുരയിലും നിവര്‍ത്തികേടിലും
അശിക്ഷിതന്റെ ഗണിതം.

ചാകരക്കടലെന്നോര്‍ത്തു
ഇടനിലക്കാരന്റെ ഇത്തിരിമനസ്സിലാണ്
അവന്‍ വഞ്ചിയിറക്കുക.
നിധികുംഭമെന്നോര്‍ത്തു
അസ്ഥി കലശം വീശിപ്പിടിക്കുന്നവന്‍.
ഒന്നിന് പത്തെന്നു കൊതിച്ചു
പണ്ടോരായുടെ പെട്ടി ചുമക്കുന്നവന്‍.

ഉള്ളിലെപ്പോഴും ഒരു ചിലന്തി
വല നെയ്തിരിപ്പുണ്ടവിടെ.
ഇണ ചേര്‍ന്നവന്റെ ജൈവജലം
ഊറ്റിയൊടുക്കുന്ന കൊടിച്ചി,
വഴി തെറ്റിയെത്തുന്ന ചെറുജന്മങ്ങള്‍
ഇടറിയൊതുങ്ങുന്ന മൃത്യു ഗേഹം.
ഉമ്മറപ്പടിയില്‍
ദുര്‍മ്മുഖം മറച്ചൊരു കിഴവി,
അകത്തുപോയവരൊന്നും തിരികെ വരാത്ത
മുത്തശ്ശിക്കഥയിലെ ഗൂഡലോകം,
ഇരുട്ടില്‍ തീര്‍ത്ത ഗുഹാമുഖത്തേയ്ക്ക്
ഇരയുടെ ജാതകവുമായി
മാനും മുയലും പിന്നെ കുഞ്ഞാടും.
ഒളിച്ചിരിപ്പുണ്ടിരുട്ടില്‍
സിംഹരൂപിയായി അവന്‍:
ഇരട്ടക്കൊമ്പന്‍, ഒറ്റക്കുളമ്പന്‍*.

കള്ളച്ചൂതിന്റെ നിഴല്‍ ലോകത്ത്
ശകുനിയുടെ തന്തമാരുണ്ടവിടെ.
ചൂതില്‍ തോറ്റവന്റെ ഉയിരും മാനവും
പ്രമാണങ്ങളുടെ കരുനീക്കങ്ങളില്‍
റാഞ്ചിയെടുക്കുന്നവര്‍
ആര്‍ത്തിയുടെ ഗന്ധം പാര്‍ത്ത്
ആഭിചാരത്തിന്റെ കുലടയെ
കളത്തിലിറക്കുന്നവര്‍.

അടിവസ്ത്രത്തിന്റെ മദ ഗന്ധത്തില്‍
പറ്റിക്കൂടുന്ന എരപ്പാളികള്‍ക്ക്
വേറെന്തു കിട്ടാന്‍-
മൃതിയും നാശവുമല്ലാതെ!
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

*സാത്താന്റെ ഒരു മധ്യകാല ചിത്രം.



Saturday, November 17, 2012

വസന്തം ഒരു പ്രലോഭനമല്ല

വസന്തം ഒരു പ്രലോഭനമല്ല
അനന്തരം വസന്തമെന്നു കവി.
ഗ്രീഷ്മമൊടുക്കിയ നാമ്പിന്
അതിലെന്തു കാര്യം?

വംശവെറിയിലെരിഞ്ഞ കുഞ്ഞിനു
പിതൃ നെഞ്ചിലാണ്ചിതയെരിയുക.
പാപികളുടെ ഉന്‍മാദ നാളില്‍
വെറുപ്പിനു ഭ്രൂണ സദ്യ,
അഗ്നിപ്രവേശത്തിനു മുന്‍പ്
കരഞ്ഞു കെഞ്ചിയോള്‍ക്ക് സുരതബലി,
കുടിപ്പിച്ച പെട്രോളിലെരിഞ്ഞ ബാലന്‍*
ഇനി മാതാവിന്റെ ചിത്തഭ്രമം.
ദഹിച്ചു തീര്‍ന്ന ഹൃദയങ്ങളില്‍
മുലപ്പാലിന്റെ വിങ്ങലില്‍
പിതൃ ദുഖത്തിന്റെ നെരിപ്പോടില്‍
ഇനിയേത് ഏദന്‍ തോട്ടം?

അതിജീവനത്തിനു പേര് കേട്ടവര്‍
പടയോട്ടങ്ങളെ നെഞ്ചാല്‍ ചെറുത്തവര്‍
ആദിമാനവന്റെ പിന്മുറക്കാര്‍
ജീവിതം തോറ്റാണ് തെണ്ടികളായത്.
പുതു ലോകപ്പിറവിയുടെ
നീതിയന്ത്യശാസനം** കേട്ട്
ഇടിമുഴക്കമായി വസന്തം** *നോറ്റവര്‍
സ്മാരകങ്ങളില്ലാത്ത
തടവറയിരുട്ടിലാണൊടുങ്ങിയത്.

വിമോചനത്തിന്റെ രാവര്‍ദ്ധത്തില്‍
വിജയഭേരികളുടെ അശരീരികളുയരും.
കൊടിപ്പടക്കങ്ങളുടെ മുഹൂര്‍ത്തത്തില്‍
പൂചൂടിയ ശുഭ്ര വസ്ത്ര ധാരികള്‍
വാഗ്ധോരണിയുടെ പെരുമഴയൊരുക്കും.
അപ്പോഴും
വിജയ പതാകയുടെ മുകളറ്റത്തിനും മുകളില്‍
സാന്ദ്രമായ ദുഃഖ പ്രളയം
അദൃശ്യമായി തിരയടിക്കും.
പൊലിഞ്ഞു പോയവന്റെ മൂക സാന്നിധ്യം
അതിജീവിച്ചവന്റെ ത്യാഗഗാഥകളില്‍ മൂടും.

പടരില്ലെന്നറിഞ്ഞും മുളയെടുക്കുന്ന
ചില വിത്തുകളുണ്ട്.
അടുക്കള മൂലയിലൊരു ചുവന്നുള്ളി മുകുളം,
ചുവന്ന തെരുവിലൊരു കുഞ്ഞു പെണ്‍ പൂവ്,
ആദിവാസി കൗമാരത്തിന്
ബലിമൃഗത്തിന്റെ ജാതകത്തില്‍ ഒരവിഹിതഗര്‍ഭം,
ചിതറിത്തെറിക്കാന്‍ ഒരു ഫലസ്തീന്‍ ബാല്യം,
കണ്ണും വയറുമായി ഒരു സോമാലിയന്‍ കുഞ്ഞ്-
ഇനിയുണ്ടൊരു സ്വര്‍ഗ്ഗാരോഹണമെന്നു
അശ്ലീലം പറയരുതവരോട്.
*ശ്രീ. ടി. വി. ചന്ദ്രന്‍ വിവരിച്ച, ഗുജറാത്ത് കലാപത്തിനിടെ അദ്ദേഹത്തിന്റെ മകന്‍ സാക്ഷിയായ ഒരു അനുഭവം: പെട്രോള്‍ കുടിപ്പിച്ചു വായിലൂടെ തീപ്പന്തം കേറ്റിയ ഒരു ന്യൂനപക്ഷ ബാലനെ കണ്ടു നിസ്സഹായനായി നില്‍കേണ്ടി വന്ന അവസ്ഥ.: "മാറ്റി വെച്ച ആത്മഹത്യയാണ് നമ്മുടെയൊക്കെ ജീവിതം!" എന്നു അദ്ദേഹം.
**സാര്‍വ്വ ദേശീയ ഗാനം (The Communist International) ഓര്‍ക്കുക:
"ഇടിമുഴക്കിയലറി നില്പൂ നീതിയന്ത്യ ശാസനം
പിറവികൊള്‍കയായി രമ്യ നവ്യ ലോകമൊന്നിതാ..”

***"ഇന്ത്യക്ക് മേല്‍ വസന്തത്തിന്റെ ഇടിമുഴക്കം" (Spring Thunder over India)- 1967-ജൂലായ്‌ അഞ്ചിന് പീകിംഗ് റേഡിയോ പ്രക്ഷേപണം ചെയ്ത പ്രഭാഷണം.
http://www.marxists.org/subject/china/documents/peoples-daily/1967/07/05.htm


Wednesday, November 14, 2012

ഹിമപാതങ്ങള്‍

ഓര്‍ക്കാപ്പുറത്ത് ചില ഹിമപാതങ്ങളുണ്ട്‌ -
ഭൂവല്‍ക്കത്തിന്റെ നിഗൂഡ നീക്കങ്ങളില്‍
ചേതോഹാരിയായ ദ്വീപിനെ
പൊടുന്നെനെ കടലെടുക്കും പോലെ;
സുരക്ഷിത കപ്പല്‍ച്ചാലില്‍
പെട്ടെന്നൊരു മഞ്ഞു മലപോലെ.

കാലവും ദേശവും കടന്ന
സൗഭ്രാത്രങ്ങളുടെ തങ്കത്തിളക്കം,
ദര്‍ശനങ്ങളുടെ സൂര്യ വെളിച്ചം,
അതിരുകളുടെ കാലുഷ്യങ്ങളിലേക്ക്
ചോരയുടെ കടലിടുക്കിലാണ്
വന്‍കരകളായ് പിളര്‍ന്നു മാറിയത്.

പീഡിത കാലങ്ങളില്‍
കൂട്ടാളിയായിരുന്നവന്‍,
കനലുകളൂതി രോഷം വാറ്റിയോന്‍,
തുരുമ്പെടുത്ത പാഴ്ക്കാലത്തിന്റെ
അഴുകിയ ചതുപ്പുകളിലേക്കാണ്
ഇറങ്ങിപ്പോയത്.

ഉലയൂതി പണിക്കുറ്റം തീര്‍ത്ത
സൗഹൃദത്തിന്റെ ചന്ദനത്തണുപ്പു
നീറ്റലില്‍, നോവിലും കൈത്താങ്ങ്‌
ഇലയിളക്കമില്ലാത്ത വേനല്‍രാവിന്റെ
അലസമൂകതയിലേക്കാണ്
ഋതുമാറ്റം നടത്തിയത്.

ഭൂഭ്രംശത്തിന്റെ
ഏതു ദുര്‍ജ്ഞേയ മുഹൂര്‍ത്തത്തിലാവാം
ചൂടുറവ ഹിമപാളിയാവുക?
ദുരൂഹമെങ്കിലും
ചില ഋതു മാറ്റങ്ങള്‍
ഇടനെഞ്ചിലാണ് മരവിച്ചിരിക്കുക.

Tuesday, November 13, 2012

DROWNED FISHERMAN

The drowned fisherman
has a way back
on the tip of the waves.
It reaches back
not his home
but his woman's heart.
In wee hours of the night
she could still listen to it.
In waves that die out bubbling,
his luminous eyes
would wink at her alone.
Sea gulls would still wrangle
with someone at the zenith of the sea
burning by day.

Sound of bike across sand beach.
A dagger between eye brows-
the micro-finance man.
Hiding behind the hut,
her sobs would merge with waves.

He might be there like Jonas
at the zenith of the blue:
A benevolent sea beast
would carry him in womb.
A rebirth without corporeal decay.
In a spring day
as the tree of life sprouts and blooms
when the moon mix with shade
this ever-serene whale
would deliver him unto land.
His urchins fighting waves
would still wake up into
his midnight calls.








ആള്‍ ദൈവം

നിങ്ങളെന്തു കൊണ്ടാണ്
ആള്‍ ദൈവമായത്?
അതോ? ദൈവമാവാനാണ് കൊതിച്ചത്.
നടപ്പില്ലെന്ന് വേഗം അറിഞ്ഞു.
അതിനിത്തിരി സഹിക്കണം,
മനുഷ്യനാവണം,
മൃഗവും പുല്‍ച്ചെടിയുമാവണം,
കരയും കടലും വായുവുവുമാവണം
കൃമിയും കീടവുമാവണം.
ചുങ്കക്കാരനും വേശ്യയുമാവണം
ക്രിസ്തുവും യൂദാസുമാവണം
ദ്വൈതിയും അദ്വൈതിയുമാവണം.
ഇതൊക്കെയായിട്ടും ആര്‍ക്കും
വേണ്ടാതാവണം;
നിസ്സഹായനാവണം.
അതൊന്നും കൂടാതെ ആവാന്‍ ഒന്നേയുള്ളൂ:
ആള്‍ ദൈവം.

തിരയെടുത്ത മുക്കുവന്

തിരയെടുത്ത മുക്കുവന്
തിരത്തുമ്പിലൂടെ
തിരിച്ചൊരു വഴിയുണ്ട്.
കുടിലിലല്ലഅരയത്തിയുടെ
ഉള്ളിലാണ് അത് ചെന്നെത്തുക;
തീരം വിജനമാവുന്ന രാവറുതിയിലും
അവള്‍ക്ക് കണ്‍ കാതോര്‍ത്ത് നില്‍ക്കാന്‍.
പതഞ്ഞു ശമിക്കുന്ന തിരനുരയില്‍
അവന്റെ കണ്‍ തിളക്കം
അവളോട് മാത്രം ഇമ ചിമ്മും.
പകല്‍ തിളപ്പിലെ കടലറ്റത്തു
കടല്‍ക്കാക്കകളിപ്പോഴും
ആരോടോ കലമ്പി നില്‍ക്കും.

മണല്‍ തീരം കടന്നെത്തുന്ന
മോട്ടോര്‍ സൈക്കിള്‍ ശബ്ദം.
വട്ടിപ്പലിശക്കാരന്റെ
പുരികങ്ങള്‍ക്കിടയില്‍ ഒരു കഠാര-
കുടിലിന്റെ മറ പററി നിന്ന്
അവളുടെ തേങ്ങല്‍ തിരയോട് ചേരും.

നീലിമയുടെ നരച്ച അറ്റങ്ങളില്‍
യോനാ*യെപ്പോലെ അയാളുണ്ടാവണം:
കൃപാമയിയായ കടല്‍ ജീവി
അയാള്‍ക്കൊരു ഗര്‍ഭഗൃഹമൊരുക്കും-
ഉടലഴിയാതെ ഒരു പുനര്‍ ജന്മം.
ജീവന്റെ വൃക്ഷം തളിര്‍ത്തു പൂക്കുന്ന
വസന്തര്‍ത്തുവിലൊരു നാള്‍
നിലാവും നിഴലും കൂടിക്കുഴയവേ,
സനാതനിയായ തിമിംഗലം
അയാള്‍ക്ക്‌ കര ജന്മം നല്‍കും.
തിരയോട് പുളയ്ക്കുന്ന കറുത്ത മക്കള്‍
രാപ്പാതിയിലിനിയും
അയാളുടെ വിളി കേട്ടുണരും.
*(പഴയ നിയമത്തിലെ യോനായുടെ കഥ ഓര്‍ക്കുക.)

Friday, November 9, 2012

നഗരം പാര്‍ക്കിലിറങ്ങുന്നു

പാര്‍ക്ക് ബെഞ്ചിലിരിക്കുമ്പോള്‍
മുറിച്ചു കടന്ന തെരുവിന്റെ ബഹളം
മനസ്സില്‍ കൂടെ വരും-
തണല്‍ത്തണുപ്പില്‍ വിയര്‍പ്പാറും വരെ.

കടും ചായങ്ങളില്‍ കോറിയിട്ടതൊക്കെയും
ജീവിതമെന്ന് ശഠിക്കുന്നവന്‍
പുല്‍ത്തകിടിയില്‍ ആകാശം നോക്കിയിരിക്കും.
അക്ഷരങ്ങളെ ബലാല്‍ക്കാരം ചെയ്യുന്നവന്‍
കവിയെന്നു സ്വന്തം നിഴല്‍ തിന്നും.
മുഷിഞ്ഞു നാറിയ ചിത്തരോഗി
ഓര്‍ത്തുവെച്ച തെറിപ്പാട്ടുകളില്‍ രതി മൂര്‍ച്ച തേടും.
തിരക്കൊഴിഞ്ഞ മൂലയിലെ വിഷാദരോഗി
പാടിപ്പതിഞ്ഞ ഗസല്‍ തളിര്
അലസമായി നുള്ളി വീഴ്ത്തും.
ഉരുമ്മി നടക്കുന്ന യുവ മിഥുനങ്ങള്‍
പ്രണയനഷ്ടഭയം വ്യര്‍ത്ഥം ചിലച്ചു മാറ്റി വെക്കും.
പിരിയാന്‍ കൊതിക്കുന്ന ദമ്പതികള്‍
കുഞ്ഞിക്കൈകള്‍ക്കിരുപുറം ഇണക്കം നടിക്കും.
ഉടലളവിന്റെ തുറസ്സുകളില്‍
തെരുവ് പെണ്ണൊരുത്തി ഇരയെ തേടും.
ഗൂഡം ചിരിച്ചു കൊണ്ടൊരുവന്‍
ഉരുപ്പടിമേന്മയുടെ സമവാക്യമോതും.
വിശപ്പിന്റെ നോക്കികുത്തിയൊരു കുഞ്ഞ്
ഒന്നും കഴിക്കാതെ കൊണ്ട് നടക്കും-
മിട്ടായി, കടല, മുറുക്ക്, നാരങ്ങ.

വൈദ്യുതി വിളക്കുകളുടെ രാത്തെളിച്ചത്തില്‍
നഗരക്ഷീണങ്ങള്‍ പാര്‍ക്കിലിറങ്ങി നിറയും.
കള്ളന്മാരും ചുങ്കക്കാരും വേശ്യകളും
വരാനില്ലാത്ത ദൈവപുത്രനെ മറന്നു വേട്ടക്കിറങ്ങും .
പാര്‍ക്ക് ബെഞ്ചുകള്‍ അപ്പോള്‍ കാത്തിരിക്കും:
നഗരരാവിന്റെ മഞ്ഞു പെയ്യുന്ന അന്ത്യയാമാങ്ങള്‍ക്കായി.

Thursday, November 8, 2012

വിമര്‍ശന നിര്‍വ്വിഷേശം

വിമര്‍ശന നിര്‍വ്വിഷേശം:
ഉപ്പും മുളകും വാങ്ങി വരുന്നവനോട്
ഖനിജങ്ങളെവിടെ
എന്ന് ചോദിക്കരുത്.
അയ്യാള്‍ ഖനിയുടമയല്ല;
പലചരക്ക് കട കോലാറിലുമല്ല.
നവരത്നങ്ങളില്‍ വള്ളത്തോള്‍ മുതല്‍
ഏഴു പേരെയും പഠിച്ച താങ്കളോട്
തച്ചുശാസ്ത്രത്തെ പറ്റിത്തര്‍ക്കിക്കാന്‍
എനിക്കാവില്ല.
എന്നെങ്കിലും പൂക്കാനായി
ഞാനും വെക്കുന്നു ഒരു പുളി.
എന്നിട്ട്, അതിരാവിലെ എഴുന്നേറ്റ്
അതില്‍ മാതള നാരകം പൂത്തിരിക്കുന്നോ
തളിര്‍ത്തിരിക്കുന്നോ എന്ന് നോക്കണം
ഒരു മഹാകാവ്യം രചിക്കണം.
ഞാനും പുളിയും പിന്നെ സോളമനും.

Tuesday, November 6, 2012

PLATONIC

Day of the depraved:
As the doors close behind
multitudes moving out,
the aged god would limp out
to deserted streets.
With inner eyes of the blind
he would bless the poet:

That loneliness I endured
during days of creation-
now it's all yours.
Behold them
on mountain peaks,
in dense dark new moon,
in flickering sight of
blinding lightning.
Be their shadow on
mad days of routines.
Scribe them
in sweat and blood,
in death and rebirth.

In lives never ordained
its not in prophesies,
but in ship-wrecking uncertainties
I keep treasures for you.

പ്ലാറ്റോണികം

പ്ലാറ്റോണികം

ഉന്‍മാദികളുടെ ദിനം:
പുറപ്പെട്ടു പോവുന്ന പുരുഷാരത്തിനു പിറകെ
പിന്‍ വാതിലടയവേ,
വിജനമാവുന്ന തെരുവുകളിലേക്ക്‌
വയസ്സനായ ദൈവം
മുടന്തി നീങ്ങും.
കണ്ണ് പൊട്ടന്റെ ഉള്‍കണ്ണിലൂടെ
കവിയെ അനുഗ്രഹിക്കും:
സൃഷ്ടിയുടെ നാളുകളില്‍
ഞാനനുഭവിച്ച ഏകാന്തത
ഇനി നിനക്ക്.
പര്‍വ്വത ശിഖരങ്ങളില്‍,
അമാവാസിയുടെ സാന്ദ്രമായ ഇരുട്ടില്‍,
ഇടിമിന്നലില്‍ മഞ്ഞളിച്ചു പോവുന്ന
ഞൊടിയിടക്കാഴ്ചയില്‍,
ഇനി നീയവരെ കാണുക.
വ്യവഹാരങ്ങളുടെ പേയ് ദിനങ്ങളില്‍
നീയവരുടെ നിഴല്‍ പറ്റുക.
വിയര്‍പ്പിലും രക്തത്തിലും
മൃതിയിലും ഉയിര്‍പ്പിലും
നീയവരെ അടയാളപ്പെടുത്തുക.
നിശ്ചയമേതുമില്ലാത്തവരുടെ പഴക്കങ്ങളില്‍
പ്രവചനങ്ങലിളല്ല, കടല്‍കോള് കൊണ്ട
അനിശ്ചിതത്വത്തിലാണ്
ഞാന്‍ നിനക്ക്
നിധി പേടകങ്ങള്‍ കരുതിവെക്കുക.

Saturday, November 3, 2012

FREEDOM ULTIMATE

They say
children are godsend.
Yet I don't know
which god send her.
Everything began normal:
conception, pains, anticipations.
She alone was different.
It took me a hell of pain
to bring her out;
her large head wouldn't out.
No one was happy.
Neither was my man.
I knew I would be alone.

Even as he left me, my man,
for a better choice,
I didn't feel like giving in.
fighting a lone fight
for one ever so light,
I felt tired at times.
With uncommunicative sounds
just a breathing baggage-
she knew nothing.
I never feared death
for when did I live?
Yet, the baggage I couldn't give up
still did breathe.
Who else would carry it
when I am gone?

Now, after these long years,
she has gone back.
I am free now:
my big freedom.
What do I care
in exercising my freedom?
For , nobody ever cared
for my bondage.

വലിയ സ്വാതന്ത്ര്യം


കുഞ്ഞുങ്ങള്‍ ദൈവ കൃപയെന്നു
എല്ലാവരും പറഞ്ഞു.
എങ്കില്‍ ഏത് ദൈവമാണ്
അവളെ അയച്ചത്?
പതിവ് രീതിയിലായിരുന്നെല്ലാം:
എന്റെ വ്യാക്കൂണ്‍, വേദന , പ്രതീക്ഷ .
അവള്‍ മാത്രം വ്യത്യസ്തയായിരുന്നു:
ഉടലളവുകളില്‍ പതിവ്തെറ്റിച്ചവള്‍,
വേദനയുടെ ചുടലത്താളത്തിലാണ്
വലിയ തല പുറത്തു വന്നത്.
ആരും സന്തുഷ്ടരായിരുന്നില്ല,
എന്റെ പുരുഷനും.
അന്നേ ഞാനറിഞ്ഞു
ഞാന്‍ ഒറ്റപ്പെടുമെന്ന്.

അയാള്‍, ജന്മം കൊടുത്തവന്‍-
മികച്ച കൂട്ട് തേടിപ്പോയപ്പോള്‍
എനിക്ക് മതിയാക്കാന്‍ തോന്നിയില്ല.
തനിച്ചൊരു പോരായിരുന്നു
ഒന്നിനും പോരാത്തവള്‍ക്ക് വേണ്ടി.
ചിലപ്പോഴൊക്കെ
ഞാന്‍ തളര്‍ന്നു പോയിരുന്നു.
സംവദിക്കാത്ത ശബ്ദങ്ങളില്‍
ശ്വസിക്കും ഭാണ്ഡമായവള്‍
ഒന്നുമറിഞ്ഞില്ല.
മരണഭയം എനിക്കില്ലായിരുന്നു-
അതിനു ഞാനെന്നാണ്‌ ജീവിച്ചത്?
പക്ഷെ ഉപേക്ഷിക്കാനാവാത്ത
എന്റെ ഭാണ്ഡം
അപ്പോഴും ശ്വസിച്ചിരുന്നു.
ഞാന്‍ പോയാല്‍ അതാര് ചുമക്കും?

ഇപ്പോള്‍, വര്‍ഷങ്ങള്‍ക്കിപ്പുറം
അവള്‍ തിരിച്ചു പോയിരിക്കുന്നു.
ഞാന്‍ സ്വതന്ത്രയായിരിക്കുന്നു.
എന്റെ വലിയ സ്വാതന്ത്ര്യം:
ആര്‍ക്കാണ് എന്നെ
തടയാനാവുക?
ഞാന്‍ ബന്ധിതയായിരുന്നപ്പോള്‍
ആരും കൂട്ട് വന്നവരല്ലല്ലോ.

Friday, November 2, 2012

WHAT THE BATS WOULDN'T SAY

Hanging from the attic
they have heard it:
the muffled laughter
of the high-born lass,
lusty gasps,
sobs of poor maids,
the sweeper cursing
for dirtying the floor.

In dark insides
of the run-down inn:
sounds of foot taps-
limping memories.
Night for nobody,
rats running amuck.
A stray beggar
fights them for a sleep.

Outside household,
from the ancient mango tree:
they hear a robber moving sly.
On the palm fronts
hiding from moon beams
night stalkers are on prowl.

From that greasy rose apple tree
at city outskirts
they have seen a lot:
night of the pedophile
under the crumbling bridge,
decaying female life
of the street walker,
shady deals of
fast buck harvest,
blood of the slaughtered.

Transcending sea-roars
of witnessing
baby face bats ceased
talking to humans.






Thursday, November 1, 2012

വവ്വാലുകള്‍ പറയാതെ പോവുന്നത്

വവ്വാലുകള്‍ പറയാതെ പോവുന്നത്

മച്ചിന് ചുവടെ തൂങ്ങിക്കിടക്കവേ
അവ കേട്ടിട്ടുണ്ട്:
തറവാട്ടില്‍ പിറന്നോളുടെ
അടക്കിപ്പിടിച്ച ചിരി;
സീല്‍ക്കാരങ്ങള്‍;
അടിയാത്തിപ്പെണ്ണിന്റെ തേങ്ങല്‍;
തറ വൃത്തികേടാക്കിയതിനു
തൂപ്പുകാരിയുടെ പരിഭവം.

പൊളിഞ്ഞ വീടിന്റെയിരുളില്‍
അവ കേള്‍ക്കാറുണ്ട്:
ഓര്‍മ്മകള്‍ മുടന്തി നീങ്ങുന്ന
ചവിട്ടടിയൊച്ചകള്‍
ആരും വരാനില്ലാത്ത രാവുകളില്‍
കലമ്പുന്ന എലികള്‍;
വഴി തെറ്റി വന്ന തെണ്ടികളാരോ
അവര്‍ക്കിടയില്‍
ചുരുണ്ട് കൂടുന്നുണ്ട്.

വീടിനു പുറത്തു
മുത്തച്ചന്‍ മാവില്‍ തൂങ്ങിക്കിടക്കവേ
തസ്കരനൊരുവന്‍ പമ്മി വരുന്നത്
അവ അറിയുന്നുണ്ട്.
പനമ്പട്ടകളില്‍
നിലാമറയത്തു ഇടം തേടവേ
രാത്രീഞ്ചരര്‍ ഇര തേടുന്നുണ്ട്.

നഗര പ്രാന്തത്തില്‍
പുക മൂടിയ ഞാവല്‍ കൊമ്പില്‍
അവ ഏറെ കണ്ടിട്ടുണ്ട്:
പൊളിഞ്ഞ പാലത്തിനു കീഴെ
ശിശു പീഡകന്റെ രാത്രി;
തെരുവ് പെണ്ണിന്റെ
അഴിഞ്ഞു പോവുന്ന ജന്മം
പുതുപണക്കൊയ്ത്തിന്റെ
ഇരുള്‍ നീക്കങ്ങള്‍;
വെട്ടേറ്റു വീണവന്റെ രക്തം.

സാക്ഷ്യങ്ങളുടെ
കടലിരമ്പം കടന്നാണ്
ശിശുമുഖികളായ വവ്വാലുകള്‍
മനുഷ്യരോട് മിണ്ടാതായത്.