Featured Post

Tuesday, November 13, 2012

തിരയെടുത്ത മുക്കുവന്

തിരയെടുത്ത മുക്കുവന്
തിരത്തുമ്പിലൂടെ
തിരിച്ചൊരു വഴിയുണ്ട്.
കുടിലിലല്ലഅരയത്തിയുടെ
ഉള്ളിലാണ് അത് ചെന്നെത്തുക;
തീരം വിജനമാവുന്ന രാവറുതിയിലും
അവള്‍ക്ക് കണ്‍ കാതോര്‍ത്ത് നില്‍ക്കാന്‍.
പതഞ്ഞു ശമിക്കുന്ന തിരനുരയില്‍
അവന്റെ കണ്‍ തിളക്കം
അവളോട് മാത്രം ഇമ ചിമ്മും.
പകല്‍ തിളപ്പിലെ കടലറ്റത്തു
കടല്‍ക്കാക്കകളിപ്പോഴും
ആരോടോ കലമ്പി നില്‍ക്കും.

മണല്‍ തീരം കടന്നെത്തുന്ന
മോട്ടോര്‍ സൈക്കിള്‍ ശബ്ദം.
വട്ടിപ്പലിശക്കാരന്റെ
പുരികങ്ങള്‍ക്കിടയില്‍ ഒരു കഠാര-
കുടിലിന്റെ മറ പററി നിന്ന്
അവളുടെ തേങ്ങല്‍ തിരയോട് ചേരും.

നീലിമയുടെ നരച്ച അറ്റങ്ങളില്‍
യോനാ*യെപ്പോലെ അയാളുണ്ടാവണം:
കൃപാമയിയായ കടല്‍ ജീവി
അയാള്‍ക്കൊരു ഗര്‍ഭഗൃഹമൊരുക്കും-
ഉടലഴിയാതെ ഒരു പുനര്‍ ജന്മം.
ജീവന്റെ വൃക്ഷം തളിര്‍ത്തു പൂക്കുന്ന
വസന്തര്‍ത്തുവിലൊരു നാള്‍
നിലാവും നിഴലും കൂടിക്കുഴയവേ,
സനാതനിയായ തിമിംഗലം
അയാള്‍ക്ക്‌ കര ജന്മം നല്‍കും.
തിരയോട് പുളയ്ക്കുന്ന കറുത്ത മക്കള്‍
രാപ്പാതിയിലിനിയും
അയാളുടെ വിളി കേട്ടുണരും.
*(പഴയ നിയമത്തിലെ യോനായുടെ കഥ ഓര്‍ക്കുക.)

No comments:

Post a Comment