Featured Post

Wednesday, April 24, 2013

കടങ്ങളപ്പോഴും ബാക്കി നിൽക്കുന്നു


കടങ്ങളപ്പോഴും ബാക്കി നിൽക്കുന്നു

പുഴ മരിച്ചപ്പോൾ
ഞാനൊരക്വേറിയം തുടങ്ങി;
മുങ്ങാങ്കുഴിയിട്ട കയത്തിലെ
മീനുമ്മകളുടെ കടം വീട്ടാൻ-
അറ്റം കഴുത്തിൽ ചുറ്റിയ
ഈരിഴത്തോർത്തിൽ പിടി കൂടി
കിണറ്റിലിട്ട കൗമാരക്കടങ്ങൾക്ക് -
എങ്കിലും-
ഇടവപ്പാതിയോളപ്പരപ്പിൽ
മഴകായാൻ വരാത്തവർ,
അടയാത്ത കണ്‍പോളകളിൽ
ഇടിമിന്നലിന്റെ രാത്തെളിച്ചം
കണ്‍ പാർത്തു നിൽക്കാത്തവർ,
കൈതത്തഴപ്പിൻ ചുവടെ
പുതു പിറവി തേടാത്തവർ,
ഇവരല്ല ഞങ്ങടെ കൂടെപ്പിറപ്പെന്നു
ഉള്ളിലെ പരൽമീൻകൂട്ടം.


സ്റ്റേഡിയം പണിഞ്ഞപ്പോൾ
ഞാനൊരു ബോണ്‍സായ് നട്ടു;
മുറിച്ചു മാറ്റിയ
തണൽ തണുപ്പുകളുടെ കടം വീട്ടാൻ
ബലിഷ്ടമായ ഊഞ്ഞാൽ കൈ,
പെരുമഴക്ക് കരഞ്ഞു വിറച്ചും
കൊടുങ്കാറ്റിൽ ഇലയഴിച്ചിട്ടാടിയും
രാത്തെന്നലിൽ നിർത്താതെ
തലയിണ മന്ത്രമോതിയും
എന്റെ വൻ മരങ്ങളുടെ ഗരിമ-
മുറിയുടെ ചുമരിൽ
ഒരു മൂകാനുകരണം-
ഇത്തിരിക്കുഞ്ഞനൊരു പല്ലി
ദിനോസാർ കളിക്കുന്നു.

പാവം, എന്റെ ബോണ്‍സായ്.
കടങ്ങളൊക്കെയും
ബാക്കി നിൽക്കുന്നു.
കടങ്ങളപ്പോഴും ബാക്കി നിൽക്കുന്നു






Tuesday, April 23, 2013

പ്രവചനങ്ങളല്ലാത്ത സാക്ഷ്യങ്ങൾ

പ്രവചനങ്ങളല്ലാത്ത സാക്ഷ്യങ്ങൾ

I
                  മഹാ ദുഖങ്ങളുടെ കടൽ ക്ഷോഭത്തിലും മനുഷ്യനെങ്ങിനെയാണ് ഇത്തിരി ജീവിതത്തിന്റെ കൊതുമ്പു വള്ളമിറക്കുന്നത് എന്ന അത്ഭുതത്തിനുള്ള പല മറുപടികളിൽ ഒന്ന് ശ്രവണപുടങ്ങളുടെ പരിമിതിയുമായി ബന്ധപ്പെട്ടതാവാം. തീരെ ചെറിയ മർമ്മരങ്ങളെ പോലെത്തന്നെ വളരെ വലിയ നിലവിളികളും ശ്രവണ ശേഷിയുടെ നാലുവരിക്കോപ്പിയിൽ ഇടം പിടിക്കുന്നില്ല. ഉറുമ്പുകളുടെ പാലായന നൊമ്പരങ്ങളും കാതോർക്കുന്നവൻ നിലക്കാത്ത ആർത്ത നാദങ്ങളുടെ നിഴലിരുൾ പെരുവഴിയിലേക്കിറങ്ങിയാലോ, പിന്നെയതൊരു ഗൗതമ ജന്മമാണ്. ഇത്തിരിക്കാലത്തിന്റെ കളിയോടമല്ല മഹാകാലത്തിന്റെ ബോധി. കേൾവിയുടെ നിയത വടിവുകൾ, അന്വേഷണത്തിന്റെ അതിരുകളെ നിശ്ചയിക്കാത്ത ദർശന സമൃദ്ധി പക്ഷെ, അപൂർവ്വ പിറവികൾക്കുള്ളതാണ്. ഒരു ചൂടിലും പൊള്ളാതിരിക്കാനും ഒരു തീയിലും വേവാതിരിക്കാനും കഴിയുന്ന, പാന പാത്രത്തിന്റെ കയ്പ്പിലും, തുളഞ്ഞു കയറുന്ന ആണിപ്പഴുതിലും തന്റെ ഇഷ്ടമല്ല, മഹാ സത്യമെന്നു ശാന്തനാവാൻ കഴിയുന്നവർക്കുള്ളത് .
 
              സൃഷ്ടിയുടെ നാളുകളിലെ ഏകാന്തതയും സ്ഥിതിയുടെ നിതാന്ത ജാഗ്രതയും തന്റെ വൃദ്ധമായ ചുമലുകൾക്ക് ഇനിയും തനിച്ചു താങ്ങാനാവില്ല എന്ന് വരുമ്പോൾ, ദൈവം ആരെയാവും കൂട്ട് പിടിക്കുക? ചോദ്യത്തെ നിഷേധമായി മാത്രം കാണേണ്ടതില്ല എന്നാവാമെങ്കിൽ, അതൊരു പുതിയ ചോദ്യവുമല്ല. അത്തരമൊരു പരിഗണനയുടെ എതിരറ്റത്തു നിന്നാവണം പ്ലാറ്റോ കവികളെ തന്റെ മാതൃകാ റിപ്പബ്ലിക്കിൽ നിന്ന് പുറത്താക്കിയത് . മറ്റൊരർത്ഥത്തിൽ, പറുദീസാ നഷ്ടത്തിന്റെ വേദനയാണ് കവിതയുടെ തട്ടകം. വൃദ്ധ നയനങ്ങളുടെ ഉൾകണ്ണിലൂടെ ദൈവം നൽകിയ അനുഗ്രഹം: പര്‍വ്വത ശിഖരങ്ങളില്‍, അമാവാസിയുടെ സാന്ദ്രമായ ഇരുട്ടില്‍, ഇടിമിന്നലില്‍ മഞ്ഞളിച്ചു പോവുന്ന ഞൊടിയിടക്കാഴ്ചയില്‍, ഇനി നീയവരെ കാണുക. വ്യവഹാരങ്ങളുടെ പേയ് ദിനങ്ങളില്‍ നീയവരുടെ നിഴല്‍ പറ്റുക. വിയര്‍പ്പിലും രക്തത്തിലും മൃതിയിലും ഉയിര്‍പ്പിലും നീയവരെ അടയാളപ്പെടുത്തുക.

II
 
               കനിവിയന്ന ഒരവതാര ജന്മമായി കലുഷകാലത്തിന്റെ തീപ്പാടുകൾക്ക് മേൽ തണൽ വിരിച്ചു നിന്ന ഒരു വയോധികന് മുന്നിൽ, കപടമായ ഒരു സാഷ്ടാംഗ നാടകം കഴിഞ്ഞെഴുന്നേറ്റു ആ എലുമ്പെടുത്തതെങ്കിലും ചങ്കുറപ്പുള്ള നെഞ്ചിലേക്ക് വെടിയുണ്ട പായിച്ച കിരാതനെ ഈ നാടിനു മറക്കാനാവില്ല. ഒരർഥത്തിൽ പിതൃ വധ (patricide) സംസ്കൃതിയുടെ ചരിത്ര ഭാരം പേറുന്നവൻ തന്നെ അയാളും. അതങ്ങനെയേ വരൂ: കുഞ്ഞിക്കാലുകൾ ആദ്യം തൊഴിക്കുക അമ്മിഞ്ഞയൂട്ടിയ അമ്മ മുഖത്തെന്നത് ചരിത്രം മാത്രമല്ല, നര വംശ ശാസ്ത്രം കൂടിയത്രെ. ആ പൈശാച ജന്മത്തിനായൊരുക്കിയ കയറിനോട്‌ ഇപ്പോൾ പലർക്കും പ്രണയം തോന്നി തുടങ്ങിയിരിക്കുന്നു എന്നു കവി:
                   'എന്റെ കയ്യിലൊരു കയറുണ്ട്‌.
                   അറുപതാണ്ടിൽ പരം
                   പഴക്കമുള്ളൊരു കയർ' - ('പാപം ചെയ്യാത്തവരോട്' )
 
ആ കയർ കുരുക്കർഹിക്കുന്ന ജനതയെ കൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നുവെന്നു, ഒരു ദുരന്ത പ്രവചനം (doom's day prophecy) പോലെ പൊള്ളുമ്പോഴും, 'പെണ്‍ കുട്ടികൾക്ക് താലിയെക്കാൾ ഇഷ്ടം കയറാ'ണെന്നും, 'ഒരു പീഡനം തോടുത്താൽ ഒരായിരം മാധ്യമ പീഡനങ്ങൾ' തിരിച്ചു വരുന്ന പിഴച്ച കാലത്ത് കഴുത്തുകൾക്കും കയറിനുമിടയിലുള്ള കയ്യെത്താ ദൂരമാണ് പ്രശ്ന'മെന്നും കവി വേവലാതിപ്പെടുന്നു. 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന 'ഒടുക്കത്തെ കോടതി വിധി'യിൽ അസ്വസ്ഥനായി കവി തീരുമാനിക്കുന്നു: വേണ്ടത് അത് തന്നെ, 'പാപികൾക്കുള്ള കയർ പിരിക്കണം'. സമകാലീനമായ ഒരു പ്രശ്നത്തോടുള്ള തീക്ഷ്ണ പ്രതികരണമെന്ന നിലയിൽ ഈ സമാഹാരത്തിൽ സവിശേഷ ശ്രദ്ധ അർഹിക്കുന്ന ഒന്നാണ് ഈ കവിത. വധശിക്ഷയുടെ നൈതികത- ദാർശനിക പ്രശ്നങ്ങളെക്കാളേറെ കവിയുടെ ചിന്ത അസ്വസ്ഥമാവുന്നത്, നീതി നിർ വഹണത്തിലെ അന്തമില്ലാത്ത നീണ്ടു പോക്കും പലപ്പോഴും സംഭവിക്കുന്ന പോലെ കുറ്റവാളികൾ പഴുതുകളിലൂടെ രക്ഷപ്പെടുന്ന വിപര്യയവുമാവാം. 'തലമുറകളുടെ ഊക്കിനായി ഒരു കഴുത്തെങ്കിലും കുരുക്കാ'മെന്നു കവിത ആവശ്യപ്പെടുമ്പോൾ, ഒരു പാപിയുടെ ബലിയിലൂടെ ഏതു പൈശാച മൂർത്തിയെയാണ് കവി ലക്‌ഷ്യം വെക്കുന്നതെന്ന് വ്യക്തമാവുന്നുണ്ട്.
 
                 സമകാലീനസാമൂഹ്യ ജീവിതത്തിലെ ഏറ്റവും ആസുരമായ ഒരു മുഖം തന്നെയാണ് കക്ഷി രാഷ്ട്രീയ രക്ത സാക്ഷിത്വങ്ങളുടെ പാഴ്വേല. നേട്ടങ്ങളുടെ പട്ടികയിൽ ഒരു കൊടിത്തുണി, എങ്ങുമെത്താതെ അന്തരീക്ഷത്തിൽ ലയിക്കുന്ന മുദ്രാവാക്യങ്ങൾ, ചുരുട്ടിയ മുഷ്ടികൾ. നഷ്ടങ്ങളിലോ, ആത്മശാന്തി ലഭിക്കാത്ത പ്രേതങ്ങൾ, മുലപ്പാലിന്റെ കടം, ചവിട്ടിനിൽക്കുന്നിടത്തു മണ്ണ് തിന്നവരുടെ നിലവിളി,
                   "സ്തൂപങ്ങളിൽ തളച്ചിട്ട യൗവ്വനങ്ങൾ
                   കരുവുറപ്പിച്ച കൗമാരക്കുരുതികൾ"
                                        ('കൊടിയിറങ്ങുമ്പോൾ')
 
ലജ്ജാകരമായ ഈ അവസ്ഥയിൽ നാണം മറക്കാൻ 'മകനെ, ആ കൊടിത്തുണിയെങ്കിലും തരിക'യെന്നു കെഞ്ചുമ്പോഴും
                    പച്ചക്ക് കത്തിച്ച കിനാക്കളൊരുക്കൂട്ടി
                    പ്രജാപതികളുടെയറുത്തതലയോടൊപ്പം
                    രക്തസാക്ഷി മണ്ഡപങ്ങളിൽ കാഴ്ച വെക്കുക
എന്ന് രോഷം കൊള്ളുന്നുമുണ്ട്‌ കവിത. അതിന്റെ രൂക്ഷമായ നിരീക്ഷണം പൂർത്തീകരിക്കുന്നത്, തറഞ്ഞു കയറുന്ന ഒരു ചോദ്യത്തോടെയാണ്:
                   ബലിരക്തം കുതിർത്ത മണ്ണിൽ
                   കൊടിമരം തന്നെ ആണ്ടിറങ്ങുന്നുവോ!!

               ഇതേ ചിന്ത 'ശാന്തി ഗ്രാമത്തിലേക്കുള്ള വഴികൾ' എന്ന കവിതയിലും കടന്നു വരുന്നു. ഗൃഹാതുരമായ ഗ്രാമ സ്മൃതികളിലെ 'ബാല്യം മറന്നു വെച്ച കളിപ്പന്തുകളുടെ സ്ഥാനത്തേക്ക് തല തെറിച്ചവരുടെ ചതിപ്പന്തുകളെത്തുന്നു. നിരപരാധികളുടെ ചോരയിൽ കുതിർന്ന മണ്ണിൽ അക്ഷരസാന്നിധ്യമായി നൂറു നൂറു ശാന്തി ഗ്രാമങ്ങൾക്കുള്ള ശിലകളുയിർക്കുന്നു. ഈ അർത്ഥത്തിൽ ഇവിടെയൊരു മോചനഘടകം (redeeming factor) കാണാവുന്നുണ്ട്. രക്തബലികളോടുള്ള കടുത്ത പ്രതികരണം ഒരു ചുഴലി പോലെ വീശിയടിക്കുന്നുണ്ട് 'കൊലച്ചോറ് ' എന്ന കവിതയിലും. വേറിട്ട ചിത്രങ്ങളുടെ, തീക്ഷ്ണാനുഭവങ്ങളുടെ, മരണങ്ങളുടെ, ആത്മഹത്യകളുടെ, ഒരു അറ്റമില്ലാത്ത പരമ്പര തന്നെ കവിതയിൽ നിറയുന്നുണ്ട്. എന്നിരിക്കിലും, മറ്റു പലയിടങ്ങളിലും കവി നില നിർത്തിക്കണ്ട ക്ഷോഭ നിയന്ത്രണത്തിനു ഈ കവിത അത്ര നല്ല സാക്ഷ്യമല്ല തരുന്നതെന്നും തോന്നി.
 
                അടിയിലൊട്ടാത്ത പാത്രങ്ങളോട് തോറ്റു പിൻ വാങ്ങുന്ന മണ്‍ കലങ്ങളും അതും ചുമന്നു അഷ്ടിക്ക് വകതേടുമ്പോഴും മാറിനും അരയ്ക്കും വിലയിടുന്ന സമൂഹത്തിൽ ചോദ്യ ചിഹ്നമാവുന്ന 'കുശവത്തി'യും, പഴയകാലത്തിന്റെ തേങ്ങും ചിത്രം ഉള്ളിലൊതുക്കുന്നുണ്ട് . സ്ത്രീ ജന്മത്തിന്റെ മറ്റൊരറ്റത്തുനിന്നുള്ള പീഡന പ്രതീകമാണ് 'അഭയ' എന്ന കവിതയിലുള്ളത്. ക്രൂശിത രൂപത്തിന് മുന്നിൽ പ്രണയ പരവശയായി സ്വയം സമർപ്പിക്കുന്നഅഭയയുടെ വിശ്വാസ വഴികളിലല്ല -
                   പഴകിയ പത്തു കൽപ്പനകളല്ല
                   അധിനിവേശത്തിൻ
                  പുതു വഴികൾ വെട്ടുവാൻ
                  നിയമങ്ങളെഴുതുന്നു
                  പുതിയ പുരോഹിതർ ...('അഭയ')

'ഉമ്മ'യെന്ന കവിതയിൽ സ്നേഹത്തിന്റെ പ്രതീകമായി തെളിയുന്ന മാതൃ ബിംബം, 'ഖബറിന്റെ മൂകസാക്ഷിയാം കല്ലിൽ കാതൊന്നണച്ചാൽ' തുടിച്ചു കേൾക്കുന്ന വാത്സല്യ സ്പന്ദനമാണ്. 'ഭ്രാന്തിന്റെ പുരാവൃത്ത'ത്തിലാവട്ടെ, ഒരമ്മയുടെ തീരാ ദുഖമാവുകയാണ് ആ വിഖ്യാത ഭ്രാന്തൻ. വാ കീറിയ ദൈവം നൽകുന്ന ഇരയുണ്ടാവുമെന്നു നിസ്സങ്കോചം ഇറങ്ങിപ്പോവുന്ന അച്ഛനും, എല്ലാവരുമുണ്ടായിട്ടും ആരുമില്ലാതാവുന്നതിലെ അസംബന്ധ ദുരന്തം ചെറുപ്പത്തിലേ അറിയുന്ന ധൈഷണിക ബോധവും ചേർന്നാണ് ആ കല്ലുരുട്ടിക്കളി തുടങ്ങുന്നത്. തന്നെ ചതിച്ച കല്ലുകൾ കൂട്ടിവെച്ചു സ്വയമൊരു പ്രതിമയാകുന്നതിലെ കറുത്ത ഹാസ്യം, നാറാണത്തു ഭ്രാന്തനെ ഹൃദയം കൊണ്ടറിയുന്ന കവിമനസ്സിൽ നിന്ന് മാത്രമാണുരുവാകുക. സമാഹാരത്തിലെ മറ്റു കവിതകളിൽ നിന്ന് ഈ കവിത വേറിട്ട്‌ നില്ക്കുന്നതും ഈയൊരു ധൈഷണിക മുഴുപ്പ് കൊണ്ടാണെന്ന് തോന്നുന്നു.

III
 
              കവിതയ്ക്ക് മേലുള്ള കയ്യടക്കം, ഉള്ളടക്കം പോലെ തന്നെ തെരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ സത്യ സന്ധതയും ചേർന്നതാണ്. അഥവാ, വിഷയസ്വീകാരത്തിലെ പുതുമ മാത്രമല്ല കവിതയിലേക്ക് അനുവാചകനെ പിടിച്ചിരുത്തുന്നതു. സമാഹാരത്തിലെ കവിതകൾക്കു ഒരു പൊതുസ്വഭാവം കണ്ടെത്താൻ കഴിയുമെങ്കിൽ അതും ഇവിടെയാണ്‌ അന്വേഷിക്കേണ്ടത് എന്ന് തോന്നുന്നു. അചുംബിതം എന്ന് പറയിക്കുന്നതിലേറെ, ഇതെന്റെ ഹൃദയവും ചിന്തയുമാണ് എന്ന് പറയാനാണ് ഈ കവിക്കിഷ്ടം. സമകാലീനമായ വിഷയങ്ങളോടുള്ള ഏതാണ്ട് എകപക്ഷീയമെന്നു തന്നെ തോന്നിയ ഒരടുപ്പമുണ്ട്‌ ഈ കവിക്കു. ഒരർഥത്തിൽ അതങ്ങനെ തന്നെയാണ് വേണ്ടതും: താൻ ജീവിച്ചിരിക്കുന്ന ചുറ്റുപാടുകളോട്, തന്റെ ഹൃദയം പൊള്ളിക്കുന്ന അനുഭവങ്ങളോട് പുറം തിരിഞ്ഞിരിക്കുന്നത് കവിതക്കും ഭൂഷണമല്ലല്ലൊ. അകലങ്ങളിൽ മറഞ്ഞു പോയ കിനാക്കാലങ്ങളും ഇങ്ങിനിയുമെത്തിയിട്ടില്ലത്തതോ എത്താനിടയില്ലാത്തതോ ആയ യുടോപ്യകളും കവിതയുടെ തട്ടകം നിർണ്ണയിക്കുന്നതിൽ അധികമൊന്നും പങ്കു വഹിച്ചിട്ടില്ല ഇവിടെ ഈ കവിതകളിൽ. തികച്ചും സമഗ്രമായ ഒരു പഠനവുമല്ലിതു എന്ന് കൂടി കൂട്ടിച്ചേർക്കട്ടെ, ഒരു മുൻ കൂർജാമ്യമായി.


(ഫസൽ റഹ്മാൻ)

Friday, April 19, 2013

അനന്ത യാനം



കർമ്മ കാണ്ഡത്തിന്റെ
അലോസരങ്ങൾക്കപ്പുറം
തലക്കുറിയുടെ അപ്രമാദിത്തം കടന്ന്
ജനിതക ബന്ധങ്ങളുടെ
വലക്കണ്ണികളറുത്ത്
ഒരുയിർപ്പുണ്ടാവണം.

അക്ഷാംശ രേഖാംശങ്ങളുടെ
ചതുരവടിവുകൾ ഭേദിച്ച്
മേഘമാലകളുടെ ചക്രവാളം കഴിഞ്ഞ്
ഗുരുത്വാകർഷണത്തിന്റെ
നിയത സ്ഥലികൾക്കപ്പുറം
ഒരാകാശമുണ്ടാവണം.

ഭാരരഹിതനായി
ഒരാദിമാണ്ഡവാസിയായി
ഗർഭസ്ഥ ശിശുവായി
ഗോളാന്തങ്ങളുടെ അയല്പക്കത്ത്
കണ്‍തുറന്നിരിക്കണം,

നിഗൂഡതയുടെ
അനന്ത നാദ വിഭ്രമത്തിലേക്ക്
കാത് തുറന്നിരിക്കണം,

ഒരു വെറും ബോധമാവണം
അതി മാനുഷനാവണം.

(സ്റ്റാൻലി കുബ്രിക്കിന്റെ '2001- A SPACE ODYSSEY' എന്ന വിഖ്യാത ചിത്രം വീണ്ടും കാണുമ്പോൾ. ചിത്രാന്ത്യത്തോട് കവിതയുടെ കടപ്പാട് ഹൃദയ ബന്ധത്തോടെ അംഗീകരിക്കുന്നു. )

THE SPACE ODYSSEY



There should be an awakening:
beyond perplexities of karma,
transcending inevitability
of the horoscope,
shredding threads in
the net of genetic tangles.

There should be a sky:
beyond square boundaries
of latitudes and longitudes,
crossing firmaments of
cloud formations,
beyond finite spaces of
gravitational force.

To be weightless
inside a primordial egg,
a foetal infant,
wide-eyed,
close by the infinite planets

all ears
to unsettling reverberations
from the vast, eternal mystery,

to be mere conscience,
to be superman.
(Written on watching Stanley Kubrick's Masterpiece '2001- A SPACE ODYSSEY,, acknowledging wholeheartedly the indebtedness to the film's ending.)

സംശയം

സംശയാലു
ഭാര്യയെ നോക്കുമ്പോൾ
ഒരു നിഴലും കാണുന്നു .
ഇമതല്ലി മിഴിക്കവേ
നിഴലവളോട്‌ കുശു കുശുക്കുന്നു.
ഞരമ്പ് മുറുക്കത്തിന്റെ
പാടവരമ്പത്ത്
നിഴലിനെ കൊത്തിക്കീറുന്നു.
ജഡം കുഴിയിലെടുക്കവേ
വിലങ്ങണിഞ്ഞ കയ്യുമായി
അശരീരിയായ നിഴലിനോട്‌
വീണ്ടും പടക്കൊരുങ്ങുന്നു.
പിന്നെ,
നിഴലിന് കൂട്ട് അവളില്ലാഞ്ഞു
കല്ലിച്ചിരിക്കുന്നു.




Monday, April 15, 2013

ഒരു കൊള്ളിയാൻ സ്നേഹത്തിന്റെ ഓർമ്മയ്ക്ക്

ഒരു കൊള്ളിയാൻ സ്നേഹത്തിന്റെ ഓർമ്മയ്ക്ക്

                    തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. പാരലെൽ കോളേജ് അധ്യാപനത്തിന്റെ പുഷ്കല കാലം. ആരോടൊക്കെയോ ഉള്ള വാശി തീർക്കാനെന്നോണം ഒരക്ഷരം എഴുതുന്നത്‌ നിർത്തിയിട്ടു വർഷങ്ങളായിരുന്നു. ആ അസ്വസ്ഥതകളൊക്കെയും വായനയിലേക്കും അധ്യാപനത്തിലേക്കും തിരിച്ചു വിട്ടു, കിട്ടുന്ന ശമ്പളം പുസ്തകശാലകൾക്കും വലുതായി വരുന്ന കുടുംബ ബാധ്യതകൾക്കും പിന്നെ കുടുംബസ്ഥ വേഷം അനുവദിക്കുന്ന പരമാവധി ബോഹീമിയൻ രീതികൾക്കും വീതം വയ്ക്കുന്നതിൽ സായൂജ്യം കണ്ടെത്തിയിരുന്ന കാലം. നടുവേദനക്കാരൻ എന്ന നിലക്ക് അന്നേ പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. തലശ്ശേരിയിലെ പ്രസിദ്ധമായ ഒരു പാരലെൽ കോളേജിൽ നിന്ന് വിട്ടുപോന്നപ്പോൾ, അവിടെയുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് പുതിയ ഇടത്തിലെത്തിയത്‌. ഉത്തര കേരളത്തിലെ ഒരു നഗരത്തിലെ പാരലെൽ കോളേജിൽ വളരെ കുറഞ്ഞ കാലം, രണ്ടു മാസത്തിൽ ചുവടെ, അധ്യാപകാനായി ചേർന്നു. ഫിലിപ്പ് ലാർക്കിനെയും, ഡിലാൻ തോമസിനെയും കൈകാര്യം ചെയ്ത ഒർമ്മയുണ്ട്. നടുവേദനയും ദീർഘ യാത്രയും തമ്മിൽ ഉടമ്പടി സാധ്യമാവില്ല എന്നുറപ്പായത്തോടെ ഗത്യന്തരമില്ലാതെ വിട്ടു പോരേണ്ടി വന്നു.

                      എഴുതാതെ പോവുന്ന കവിതകൾ കവിതാധ്യാപനത്തിന് നല്ല ഊർജ്ജമാണ്. അത് കൊണ്ടാവണം കവിത പഠിപ്പിക്കുമ്പോൾ കുട്ടികളിൽ സാഹിത്യത്തോടൊരു സ്നേഹം വളർത്തിയെടുക്കാൻ അക്കാലത്ത് കഴിഞ്ഞിരുന്നത്. പിൽക്കാല പഠന രീതികൾ പോലെ അന്ന് അധ്യാപനത്തിന്റെ ചിട്ടവട്ടങ്ങൾ അങ്ങനെ കോപ്പിപുസ്തക വടിവിലേയ്ക്ക് മാറിയിട്ടുണ്ടായിരുന്നുമില്ല. അങ്ങനെയൊക്കെ ആയതു കൊണ്ടാവണം, അവിടെ നിന്ന് പോന്നതിനു ശേഷം മേൽ വിലാസം തപ്പിപ്പിടിച്ചു എഴുത്തയച്ച കുട്ടികളെ ഇന്നും സ്നേഹ വേദനയോടെയല്ലാതെ ഒർക്കാനാവില്ല. രണ്ടോ മൂന്നോ കവിതകളോ, ഒരു ഏകാങ്ക നാടകമോ ഒക്കെ മാത്രം പറഞ്ഞു കൊടുത്ത ഒരാളെ കുറിച്ച് സ്നേഹ പൂർണ്ണമായ ഓർമ്മകൾ സൂക്ഷിക്കാൻ, മുൻ വിധികളുടെ ഭാരമില്ലാത്ത യുവ മനസ്സുകൾക്കെ കഴിയൂ.

                 നിരന്തരം എഴുതുന്ന രണ്ടുമൂന്നു കുട്ടികൾ ഉണ്ടായിരുന്നു. അതിലൊരുവൻ, അവിടെനിന്നു പോന്ന ഉടനെ ഒരു കത്തയച്ചിരുന്നു, തിരുച്ചുവരാൻ മാഷെ നിർബന്ധിച്ചിട്ടു കാര്യമില്ലെന്നറിയാം, എങ്കിലും ഞങ്ങളുടെ ആഗ്രഹമാണ്, എന്ന മുഖവുരയൊടെ. പ്രത്യേകിച്ച് ദ്രോഹമൊന്നും ചെയ്യാതെ പെട്ടെന്ന് പോയ ഒരധ്യാപകനോടുള്ള സ്നേഹം എന്നേ അത് കരുതിയുള്ളൂ അന്ന്. തന്നെയുമല്ല പേരുകളും മുഖങ്ങളും എന്നും 'ദൗർബല്യ'മായിരുന്നത് കൊണ്ട് ആളെ ഒർത്തെടുക്കാൻ കഴിഞ്ഞിരുന്നതുമില്ല. എന്നാൽ അവന്റെ എഴുത്തുകൾ പിന്നെയും തുടർച്ചയായി വരാൻ തുടങ്ങിയപ്പോൾ, ഉള്ളിലൊരു കുറ്റ ബോധം തോന്നി. ഒടുവിൽ സത്യസന്ധമായി മറുപടി എഴുതി, സുധി ഒരു ഫോട്ടോ അയച്ചു തരണം; ഒർത്തെടുക്കാൻ കഴിയാത്തത് കൊണ്ടാണ്. അവനതു മനസ്സിലായി. ഇന്നും കൈവശമുള്ള അവന്റെ ഫോട്ടോ അങ്ങനെ അയച്ചു തന്നതാണ്. വായിച്ചു അഭിപ്രായം പറയണമെന്ന് ആവശ്യപ്പെട്ടു അവനയച്ചു തന്ന കവിതകൾ നഷ്ടപ്പെട്ടു പോയി. എഴുത്തുകളിലെ ഉറഞ്ഞു കൂടിയ വിഷാദത്തിന് ശാസിച്ചപ്പോഴും അവൻ തിരിച്ചു തന്നത് പൊള്ളുന്ന സ്നേഹമായിരുന്നു. 'മാഷ് പറഞ്ഞില്ലേ കീഴടങ്ങാനാണെങ്കിൽ ഞാനെന്തിനൊരു ചെറുപ്പക്കാരനായി എന്ന്. കീഴടങ്ങിയ ഞാനാണ് ഈ ഞാനെന്നു മാഷിനു തോന്നിയെങ്കിൽ മാഷിനു തെറ്റി.' അവനോടിത്തിരി നേരിൽ സംസാരിക്കണമെന്നുറച്ചു തന്നെയാണ് അടുത്ത ഓണത്തിനു വീട്ടിൽ വരണമെന്ന് അവനോടും മറ്റൊരു കുട്ടിയോടും ശട്ടം കെട്ടിയതു. വരാമെന്നു സമ്മതിച്ചതുമാണ് . പക്ഷെ വിനയൻ പിന്നീട് എഴുതിയത് ഇങ്ങനെയായിരുന്നു: 'ഓണത്തിനു സുധിയെയും കൂട്ടി വരണമെന്ന് കരുതിയതായിരുന്നു. പക്ഷെ അവൻ നമ്മളെയൊക്കെ തോൽപ്പിച്ച് കളഞ്ഞു മാഷെ. കഴിഞ്ഞ വെള്ളിയാഴ്ച (9-നു ) അവൻ ആത്മഹത്യ ചെയ്തു. എന്റെ മനസ്സ് അവനായിരുന്നു. എനിക്കവനെ ഒന്ന് കാണാൻ പോലും പറ്റി യില്ല.
                                                      Dying is an art like everything else,
                                                      And I will do it exceptionally well.
ഇതായിരുന്നു അവൻ എഴുതി വച്ച കുറിപ്പ്. പിന്നെ ഞങ്ങൾക്കറിയാത്ത കാരണങ്ങളുമുണ്ട് ....' കത്തിനൊപ്പം ലോക്കൽ എഡിഷൻ പത്രത്തിൽ വന്ന അവന്റെ ചരമ വാർത്ത മുറിച്ചെടുത്തതും.

                        ആത്മഹത്യയെ കുറിച്ചും അതിന്റെ ദാർശനിക മാനങ്ങളെ കുറിച്ചുമൊക്കെ ക്ലാസ് റൂമിൽ പറയുക കവിതാപഠനം ആവശ്യപ്പെടുന്നതാവാം. ആ വിഷയത്തിലെത്തുമ്പോൾ സിൽവിയാപ്ലാത്തും അൽബേർ കാമുവുമൊക്കെ കേറി വരികയും ചെയ്യും. എങ്കിലും അന്ന് തൊട്ടു ഇന്ന് വരെയും മനസ്സിലാരോ കൊളുത്തി വലിക്കുന്നുണ്ട്: നിന്റെ ഉള്ളിലെ ധാർഷ്ട്യങ്ങളൊക്കെ ഒഴുക്കിക്കളയാനുള്ളതാണ് ഇളം മനസ്സുകൾ എന്ന് ആരാണ് നിന്നോട് പറഞ്ഞതെന്ന് . ഒരു ഘട്ടത്തിൽ വിനയൻ ആശ്വസിപ്പിക്കുകയുണ്ടായി: മാഷ്‌ ആ വരികൾ ഉദ്ധരിച്ചില്ലായിരുന്നെങ്കിലും അവനതിൽ എത്തിപ്പെട്ടേനെ; അതവന്റെ കൂടി വഴിയായിരുന്നു.

                ആണോ? എനിക്കറിയില്ല, ഇപ്പോഴും.

Tuesday, April 9, 2013

പുറപ്പെട്ടു പോയത്


ഒന്നുറങ്ങിയുണരവേ
മറന്നു പോയ കവിത-
എവിടെയാവും അതിനി മുളക്കുക?

പുറപ്പെട്ടു പോയ മകൻ
അമ്മയ്ക്ക് വെള്ളക്കോടിയുമായി
എന്നാണ് തിരിച്ചു വരിക?

അച്ഛനെ മറന്ന മകൻ
അലഞ്ഞുതിരിയുന്നുവെങ്കിൽ
ആരാണ് അവനോടു പറയുക,
ഞാനിവിടെ കാത്തിർപ്പുണ്ടെന്നു;
പരിഭവങ്ങളില്ലാതെ?!

Sunday, April 7, 2013

വീട് വിട്ടു പോവുകയാണ്.


വീട് വിട്ടു പോവുകയാണ്.

കരുതി വയ്ക്കണം:
ഒരു കരിയിലക്കൂന-
മകരത്തണുപ്പിന്റെ ഓർമ്മക്ക്
മഞ്ഞു പുതച്ച പുറം ഭാഗത്തല്ല,
കടക്കൽ തീ വെച്ചതിന്.
കനലാറും വരെ തീ കാഞ്ഞതിന്.

ഒരു മുളംകൂമ്പ്-
ഇല്ലിക്കാടിൻ പച്ചയിൽ നിന്ന്
ഇഴഞ്ഞെത്തിയ
കരി നീല മരണത്തിന്,
കുഞ്ഞനിയന്റെ ഓർമ്മയ്ക്ക്.

ഒരു മെടഞ്ഞ ചൂരൽ-
അമ്മാവന്റെ അരിശത്തിനു,
പത്തായപ്പുരയുടെ നിഴലിൽ
വിരുന്നുകാരിയോടു കുസൃതികാട്ടിയ
കുറുമ്പൻ പ്രണയത്തിന്റെ ഓർമ്മയ്ക്ക്.

ഒരത്തറു കുപ്പി-
പുതുപ്പെണ്ണായി ഒരുങ്ങിയിറങ്ങി
പ്രസവമുറിയിലൊടുങ്ങിയ
ഏട്ടത്തിയുടെ ഓർമ്മയ്ക്ക്‌,
ഒരമ്മയില്ലാക്കുഞ്ഞിനു.

ഒരു സചിത്ര കലണ്ടർ-
അജ്ഞാത വാസം കഴിഞ്ഞു
കഥക്കൂട്ടുമായി തിരിച്ചെത്തിയ
ഉപ്പാപ്പയുടെ ഓർമ്മയ്ക്ക്,
ചാവടിയിലെ മരുന്ന് മണത്തിനു.

ഒരു നിസ്കാരപ്പായ-
നോമ്പ് വീട്ടി ഒജീനിച്ച്
മുറുക്കാൻ കഴിഞ്ഞു തളർന്നു കിടക്കുന്ന
ഉമ്മയുടെ ഓർമ്മയ്ക്ക്‌,
റംസാൻ രാവിന്റെ നിറവിന്‌.

ഒരു ചാരു കസേര-
ചിന്തകളുടെ നിസ്സംഗതയിലും
ഓരോ മിടിപ്പിലും അകക്കണ്ണ് കോർക്കുന്ന
ബാപ്പയുടെ ഓർമ്മയ്ക്ക്,
ഉമ്മറപ്പടിയുടെ കാവലിന്.

കരുതി വയ്ക്കണം:
ഒരു വീട്-
വീടിന്റെ ഓർമ്മയ്ക്ക്.

 http://vettamonline.com/?p=13341

Monday, April 1, 2013

അടിയാധാരങ്ങളുടെ ഐറണി

              എഴുതപ്പെട്ട കവിത സ്വന്തമായ ഒരിടമാണ്; ഒരു ജൈവ മണ്ഡലത്തെ ഉൾ കൊള്ളുന്ന ഒന്ന്. ജൈവമായതൊന്നും, ഒരു തോന്നലും, ചിന്തയും വികാരവും അതിനു അന്യമാവേണ്ടതില്ല. പുല്ലിനും പുഴുവിനും തിര്യക്കിനും ചെടിക്കും മരത്തിനും ഇടമുണ്ടാവണം അതിൽ - കിന്നരന്മാരെയും കോമരങ്ങളെയും പോലെ, മലകളെയും നക്ഷത്രങ്ങളെയും പോലെ. ദൈവത്തിന്റെ ഏകാന്തതയും ഫോസിലുകളുടെ നിർമ്മമതയും ചരിത്രത്തിന്റെ പാഴ് വേലയായി ഉയിർത്തു നിൽക്കാം അതിൽ. പറക്കും ഡച്ചുകാരനെ പോലെ പേക്കിനാവിൽ നിന്നൊരു കപ്പൽച്ചേദത്തിന്റെ കടൽ, പനിച്ചു വിറയ്ക്കുന്ന നാവികനെ അതിന്റെ ചുഴിയിലേക്കെടുത്തെക്കാം.. ആദിമാനവന്റെ പിൻമുറക്കാരായി പടയോട്ടങ്ങളെ നെഞ്ചാൽ ചെറുത്തവർ, വികസനപ്പേച്ചിന്റെ ബുൾഡോസർ കൈകളിൽ ജീവിതം തോറ്റു തെണ്ടികളായതിനു മലമ്പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നിസ്സഹായനായ ഗോത്ര ദൈവത്തിന്റെ മാത്രം സാക്ഷ്യമുണ്ടാവാം. ഉയിർപ്പില്ലാതെ പോയവളുടെ കുരിശു മുറിവുകളിലേയ്ക്ക് പേർത്തും പേർത്തും കല്ലെറിയുന്ന പാപികളുടെ നഗരം കഠിന മുഖനായ ഒരു ദൈവത്തിന്റെ തീമഴ ക്ഷണിച്ചു വരുത്തിയേക്കാം. കർഷക ആത്മഹത്യകളുടെ സിസിഫിയൻ ദുരന്തത്തിലേയ്ക്ക് നാറാണത്തു ഭ്രാന്തന്റെ അസംബന്ധ ബോധം കുടിയേറുമ്പോൾ ലംബമായി ഓരൊറ്റ വരിയിൽ കവിത തൂങ്ങിയാടിയേക്കാം. വന്നതും വരാനിരിക്കുന്നതും എല്ലാമറിയുമ്പോഴും ഒന്നും ആരെയും ബോധ്യപ്പെടുത്താനാവാത്ത നിസ്സഹായതയെ കവിത കസാൻഡ്ര എന്ന് വിളിച്ചേക്കാം. നഗരക്ഷീണങ്ങളുടെ നിയോണ്‍ രാവുകളും, നാട്ടുവഴികളുടെ ഇല്ലിക്കാടിൻ പച്ചയും, മഴ കണ്‍ പാർത്തിരിക്കുന്ന കോണ്‍ക്രീറ്റ് മുറിയിലെ ചില്ല് ജാലകവും, പഴയ പള്ളിക്കാടിന്റെ നിഴൽ വെളിച്ചവും കാഴ്ച്ചപ്പാതികളാവുന്ന കാവ്യ വഴികളിൽ മറു പാതിയെപ്പോഴും പുറപ്പെട്ടുപോവുന്ന ഏക ദിശാവഴി തന്നെ - കാഴ്ച്ചകളൊക്കെയും സമന്വയിപ്പിക്കുന്ന കവിക്കണ്ണിന്റെ കലൈഡോസ്കോപ്..
                പൂർവ്വ സൂരികൾ കഥകളും കവിതകളും മിത്തുകളുമായി കാവ്യ സത്തയിൽ ആവേശിക്കവേ, എവിടെയാണൊരു തുടക്കം അടയാളപ്പെടുത്തുക? മനുഷ്യ സഹജാവബോധത്തോളം പഴക്കമുള്ള ആദിമ സ്മൃതികളും, ബോധാബോധങ്ങളിൽ തൊട്ടു തലോടിയും, കൊടുങ്കാറ്റായി വീശിയടിച്ചും ജനിതക ധാര പോലെ പിന്തുടരുന്ന സൗന്ദര്യ സങ്കൽപ്പങ്ങളും സർഗ്ഗ പ്രക്രിയയുടെ ഊർജ്ജ സ്രോതസ്സാവുമ്പോൾ ജിബ്രാന്റെ പ്രവാചകനെ പോലെ നിങ്ങളുടെ ഉൾത്തടം നിങ്ങളോട് പറഞ്ഞേക്കാം: നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ കുട്ടികളല്ല, കവിതകളും. പട്ടിണിക്കാലത്തിന്റെ നിറവയർ തൃപ്തി ഓർമ്മയിൽ നിറയുക ഒരു മൗലിദ് രാവിന്റെ കൂടി ഓർമ്മയിലാവുമ്പോൾ, അതൊന്നിച്ചു കടന്നു വരുന്ന കാവ്യ വഴി എന്റേത് മാത്രമല്ലല്ലോ. നിരക്ഷരയായ മുത്തശ്ശി സൂക്ഷിച്ചിരുന്ന കഥകളുടെ ഭണ്ഡാരം കേട്ടറിവ് മാത്രമായവന്, ഒരദൃശ്യ പ്രത്യക്ഷത്തിലൂടെയല്ലാതെ ആ കഥകൾ കേൾക്കാനാവില്ല, എഴുതാനാവില്ല. ഷെഹ്റെസാദിന്റെ ആ പുനർജ്ജനി എങ്ങോട്ടാണ്, ഏതു ദേശത്തേയ്ക്ക്, ഏതു കാലത്തേയ്ക്ക് ആണ് നീണ്ടെത്തുക? നാട്ടു വഴികളിൽ അന്തിക്കള്ളിന്റെ വീര്യം ഈരടിപ്പെരുമഴയായ പഴമ്പാട്ടിന്റെയീണം ബൊഹീമിയൻ രാവുകളിൽ കൂട്ടുവരുമ്പോൾ, എന്റെ കൂട്ടിച്ചേർക്കലുളിൽ എനിക്കെന്തു പേറ്റന്റ്? അവൻ കള്ളുകുടിയൻ, കവിയൊരു വിപ്ലവകാരി!. ഏതു പള്ളിയിൽ പറയണം?! ഉടമസ്ഥതയെ കുറിച്ചുള്ള ഈ സംത്രാസത്തിൽ ഒരു അഹം നിഗ്രഹവും ഉദാത്തീകരണവുമുണ്ട്, ഒരേ സമയം: ഒന്നും അന്തിമമായി സ്വന്തമല്ലെന്നും എന്നാൽ എത്ര നിസ്സാരനെങ്കിലും വലിയൊരു തുടർച്ചയുടെ കണ്ണി തന്നെ നീയുമെന്നുമുള്ള ബോധം. രചനയുടെ മിസ്റ്റിസിസം കണ്ണി ചേരുന്നതും ഇവിടെയാവാം.
                   അടിയാധാരങ്ങളുടെ ഐറണിയെ കുറിച്ചുള്ള ഈ ബോധ്യം രൂഡമാവുമ്പോൾ കവിതയ്ക്ക് ഒരു പ്രസ്ഥാനത്തിന്റെയും പട്ടയം നേടേണ്ടതില്ല എന്ന് വരും. ഒന്നോർത്താൽ, പ്രസ്ഥാനങ്ങളൊക്കെയും പിൽക്കാല അക്കാദമിക സൃഷ്ടികൾ എന്നതിനപ്പുറം തലമുറകളിലേക്ക്, ജന്മാന്തരങ്ങളിലേക്ക് ദേശ - ഭാഷാന്തരങ്ങളിലേക്ക്, കണ്‍തുറന്നവ തന്നെയോ?അടയാളപ്പെടുത്തലുകളൊക്കെയും ഒരർത്ഥത്തിൽ അന്യവൽക്കരിക്കലുമാണ്: : എന്റെ മാന ദണ്ഡങ്ങളിൽ പെടാത്തവയ്ക്ക് ഊര് വിലക്ക്, സദാചാര പോലീസിംഗ്. കാല- ദേശ - ലിംഗ- വർഗ്ഗ- വർണ്ണ വ്യത്യാസങ്ങളുടെ അയഥാർത്ഥ അതിരുകൾക്കപ്പുറം, അതിരുകൾ അസംബന്ധമായിത്തീരുന്ന സിയാറ്റിൽ മൂപ്പന്റെ പ്രാകൃത വിവേകം പോലെ, പട്ടയവും ആധാരവുമില്ലാതെ മനസ്സിന്റെ പുറമ്പോക്കുകളിൽ, ചതുപ്പിൽ, നീരുറവകളിൽ, ദൈന്യങ്ങളിൽ, പനിച്ചു പൊള്ളുന്ന വിഭ്രമങ്ങളിൽ ഒക്കെ അങ്ങനെ മേയുയാവുന്നതേ ഉള്ളൂ കവിതയ്ക്ക് .

http://vettamonline.com/?p=13294