Featured Post

Sunday, August 25, 2013

നോറ്റു നേടീട്ടും അരുമ്പിപ്പോവുന്നത്.


കാന്‍സര്‍ വാര്‍ഡിലെ
നൊമ്പരക്കാഴ്ചയായി
വായും മൂക്കും മൂടിക്കെട്ടി
കുരുന്നു ബാലന്‍.
ഞരമ്പുകളില്‍ പതിയിരിപ്പുണ്ട്
അവനറിയാതെ-
മരണം.
മുലക്കണ്ണിലേക്കിറങ്ങിവന്ന
ജന്മാന്തര പുണ്യമെന്നു
തേങ്ങലടക്കുന്നുണ്ടമ്മ.
കൊടുക്കാമെന്നുയി,രെന്നാലു-
മെടുക്കരുതവനെയെന്നു
വിതുമ്മുന്നുണ്ടച്ഛന്‍.
പനിയിറക്കത്തിന്‍ നേരം
വാര്‍ഡിലെങ്ങുമവന്‍.
വികൃതി കാണിക്കരുതെന്ന്
മിഴിക്കുന്നു ഡ്യൂടി നേഴ്സ് .
'ആന്റിക്കിന്നോട് ദേഷ്യാ'ന്നു
കൊഞ്ചുന്നുണ്ടവന്‍.
മുഖം തിരിക്കുന്നുണ്ട് പെണ്‍ കൊടി.
അടുപ്പം കാണിക്കാന്‍ വയ്യവനോട്,
താങ്ങാനാവില്ല,തു പിന്നെയെന്ന്
അടക്കം പറയുന്നുണ്ടവള്‍.

പല ജന്മം നോറ്റു നേടീട്ടും
അരുമ്പിപ്പോവതെന്താവാം
ഈയിളം കൂമ്പുകള്‍?!
ഏതു പാപനാശിനിയാവാം
മതിയാവുക പകരം
ശിശുബലിയുടെ ദൈവത്തിനു?!




Friday, August 16, 2013

കത്തിയമരുക മൗനത്തിലേയ്ക്ക്

കത്തിയമര്‍ന്ന തെരുവോരം-
ഉടലെരിഞ്ഞു മരിച്ചവരുടെ
തീപ്പെട്ട വേദനയില്‍
തികഞ്ഞ നിശ്ശബ്ദതയില്‍
ഒരൊത്തു കൂടല്‍.
നിറച്ചാര്‍ത്തണിഞ്ഞ പെണ്‍കുട്ടികളുടെ
പ്രാര്‍ത്ഥനാ ഗീതം.
പിന്നെ മൗന പ്രാര്‍ത്ഥന.
സ്വാഗത പ്രസംഗം.
ഉരിയാടുന്നില്ലപ്പോഴുമാരും.
അധ്യക്ഷന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍
ആര്‍ക്കൊക്കെയോ ചുമശല്യം.
പേരെടുത്തു പറയാതെ
കാരണവരുടെ ഒളിയമ്പുകള്‍.

പിന്നെയാണ് മട്ട് മാറിയത്.
പ്രഭാഷകരൊക്കെയും
വിചാരണക്കാരായി.
അപരനെപ്പോഴും പ്രതിയായി.
വാക്കുകളുടെ രതി മൂര്‍ച്ചയില്‍
തെരുവില്‍ വീണ്ടും പക സ്ഖലിച്ചു.
ഉടുതുണിയഴിഞ്ഞ് അനുയായി വൃന്ദം-
നഗ്നരായി,
ഉദ്ധൃത ലിംഗങ്ങളോടെ,
പഴയ കലാപക്കറയിലേക്ക്
പുതിയ രക്തം കൊണ്ട് തര്‍പ്പണം.

തെരുവ് വീണ്ടും
എരിയാന്‍ തുടങ്ങിയപ്പോഴാണ്
പാതി വെന്ത കടത്തിണ്ണയില്‍ നിന്ന്
ചാരത്തിന്റെ ആത്മാവായി
ഒരാള്‍ പുറത്തിറങ്ങിയത്-
അര്‍ദ്ധ നഗ്നന്‍
എപ്പോഴും സംസാരിച്ചു കൊണ്ടിരുന്നവന്‍;
ഇപ്പോഴയാള്‍
വാക്കുകളുടെ ഭാണ്ഡം ഉപേക്ഷിച്ചിരുന്നു.

Sunday, August 11, 2013

തുന്നിച്ചേര്‍ക്കുമ്പോഴും പിന്നിപ്പോവുന്നത്


കിടപ്പിലായവന്‍റെ കഥകളില്‍
അപ്പോഴും നിറയുന്നു
ദേശാടനപ്പെരുമ .
മരുന്നു മണത്തിന്‍റെ തടവില്‍
നിശ്ശബ്ദതയുടെ അമാവാസിയില്‍
ബോധത്തിന്റെ ചിലന്തി നൂലില്‍
കൊരുത്തെടുക്കുന്നുണ്ടയാള്‍
ഒരു നേരത്തിനുള്ള സ്മൃതിയന്നം.

തരികെനിക്കെന്‍റെ വഴിപ്പിണക്കങ്ങള്‍,
തരികെനിക്കെന്നലോസരങ്ങള്‍
മൃതിയോരങ്ങളില്‍ ഇറങ്ങിപ്പോയവര്‍
രാവറുതിയിലെ ഭ്രാന്തന്‍റെ രോദനം
വഴിയമ്പലത്തിലെ രാക്കൂട്ട്‌
നരച്ചു നനഞ്ഞ തെരുവോരങ്ങള്‍
നാണം കൂമ്പിയ കൊലുസിന്നോര്‍മ്മ
മാന്തളിര്‍ചോപ്പായെന്റെ ബാല്യം
മന്ദാര ഇലകളായ് താരുണ്യം
നിറഞ്ഞൊഴിഞ്ഞ ജീവിതപ്പച്ച.

നിറങ്ങളടര്‍ന്നുമിണചേര്‍ന്നും
ശിഥിലമാകുന്നുണ്ട് ചിന്തകള്‍.
ചേര്‍ത്തു തുന്നി തിരിച്ചെടുക്കാനാവില്ല
സ്വപ്ന ഖണ്ഡങ്ങള്‍ കൊണ്ട്-
മന്ദാരമല്ല, കാഞ്ഞിരം കൈയ്ക്കു-
മീ നിറം കെട്ടു പോയ ജീവിതം.

Sahib Bibi Aur Ghulam (1962) Abrar Alvi/ Guru Dutt/ Meena Kumari

Movie Talks:10


Sahib Bibi Aur Ghulam (1962)
Hindi, Produced by Guru Dutt
Directed by Abrar Alvi
Based on the novel by Bimal Mithra

                 ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ Sahib Bibi Aur Ghulam, ബ്രിട്ടീഷ് ഇന്ത്യയില്‍ ബംഗാളിലെ ഫ്യൂഡല്‍- ഹവേലി സംസ്കൃതിയുടെ ദുരന്ത പൂര്‍ണ്ണമായ അന്ത്യത്തിന്റെ പശ്ചാത്തലത്തില്‍, ബിമല്‍ മിത്രയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി അബ്രാര്‍ അലവി സംഭാഷണങ്ങള്‍ രചിച്ചു സംവിധാനം ചെയ്തു 1962-ല്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ ടൈറ്റില്‍ മൂന്ന് ജീവിതങ്ങളെ സൂചിപ്പിക്കുന്നു: നാശോന്മുഖമായ സംസ്കൃതിയുടെ ജീര്‍ണ്ണതകളുടെ പ്രതീകമായ സാഹിബ് (Rahman), ഏകാന്തതയുടെയും അവഗണനയുടെയും നെരിപ്പോടായി സുന്ദരിയും നിഷ്കളങ്കയുമായ കുലവധു ചോട്ടി ബഹു (Meena Kumari), അഭ്യസ്ഥ വിദ്യനും അവരുടെ അടുത്ത സുഹൃത്തുമായിത്തീരുന്ന പാര്‍ട്ട്‌ ടൈം ജീവനക്കാരന്‍ ഭൂത നാഥ് (Guru Dutt). 

                 ചിത്രാരംഭത്തില്‍ മധ്യവയസ്കനായ ആര്‍ക്കിട്ടെക്റ്റ് ഭൂത നാഥ്, പൊളിച്ചെടുക്കുന്ന ഹവേലിയില്‍ ചുറ്റിത്തിരിയവേ, ചോട്ടി ബഹുവിന്റെ പതിഞ്ഞതും സ്നേഹപൂര്‍ണ്ണവുമെങ്കിലും ആജ്ഞാ ശക്തിയുള്ള ക്ഷണം അശരീരിയായി കേള്‍ക്കുന്നു: “വരൂ, ഇരിക്കൂ!” തുടര്‍ന്ന് ഫ്ലാഷ് ബാക്കിലൂടെ, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഒടുവിലേക്കാണു ചിത്രം നമ്മെ കൊണ്ടു പോവുന്നത്. ജോലി തേടി കല്‍ക്കത്തയിലെത്തുന്ന ഭൂത നാഥ്, നാട്ടുകാരനും ഹവേലിയില്‍ ജീവനക്കാരനുമായ സുഹൃത്തിനൊപ്പം ഹവേലിയിയെത്തുന്നു. ബ്രഹ്മോസമാജുകാരനായ സുബിനയ ബാബുവിന്റെ മോഹിനി സിന്ദൂര്‍ കമ്പനിയില്‍ ജോലി കിട്ടുന്നതോടെ അയാള്‍ സുബിനയബാബുവിന്റെ മകള്‍ ജബാ മയി (Waheeda Rahman)യെ പരിചയപ്പെടുന്നു. ജബ അയാളെ ഒരു അപരിഷ്കൃതനായ നാട്ടുമ്പുറത്തുകാരനായാണ് കാണുന്നത്. ഒരു രാത്രി ഹവേലിയിലെ ഭൃത്യന്‍ ബന്‍സി, ഭൂത നാഥിനെ ചോട്ടി ബഹുവിന്റെ അടുക്കല്‍ കൊണ്ട് പോവുന്നു. മദ്യവും നൃത്തശാലകളും രാത്രിസഞ്ചാരങ്ങളുമായി, കുടുംബത്തില്‍ അടങ്ങിക്കഴിയുന്നത് പ്രഭുകുല പുരുഷന്മാര്‍ക്ക് ചേര്‍ന്നതല്ലെന്നമട്ടില്‍ കഴിയുന്ന ഭര്‍ത്താവിനെ ആകര്‍ഷിക്കാനും തന്നോട് ചേര്‍ത്തു നിര്‍ത്താനും അവര്‍ക്ക് മോഹിനി സിന്ദൂര്‍ വേണം. ആ ഭസ്മത്തിന് ഭര്‍ത്താവിനെ ആകര്‍ഷിക്കാനും കുടുംബത്തില്‍ ചേര്‍ത്തു നിര്‍ത്താനും കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അവരുടെ ഏകാന്തതയും അതിനെ അവര്‍ നേരിടുന്ന കുലീനതയും അവരുടെ സൌന്ദര്യത്തോടൊപ്പം ഭൂത നാഥിനെ മുഗ്ദ്ധനാക്കുന്നു. കന്മഷമറ്റ ഒരപൂര്‍വ്വ സൗഹൃദം -അന്യ പുരുഷന്‍ തികച്ചും അസ്പൃശ്യനായ ഹിന്ദു കുല വധുവും അത്ര വലിയ കുല മഹിമ അവകാശപ്പെടാനില്ലാത്ത യുവാവായ ജീവനക്കാരനും തമ്മിലുള്ള സൗഹൃദം - അങ്ങനെ തുടങ്ങുന്നു. ഇതിനിടെ, ബ്രിട്ടീഷ് പട്ടാളവും സ്വാതന്ത്ര്യപ്പോരാളികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ബോംബേറില്‍ പരിക്കേല്‍ക്കുന്ന ഭൂത നാഥനെ ജബാമായി ശുശ്രൂഷിക്കുന്നുണ്ട്. തന്റെ ഭര്‍ത്താവിന്റെ ആകര്‍ഷിക്കാനായി അയാളോടൊപ്പം മദ്യപിച്ചു തുടങ്ങുന്നതോടെ ചോട്ടിബഹുവിന്റെ പതനം തുടങ്ങുകയാണ്.
വര്‍ഷങ്ങള്‍ക്കു ശേഷം കല്‍കത്തയില്‍ തിരിച്ചെത്തുന്ന ഭൂത നാഥ് ഹവേലിക്ക് സംഭവിച്ച പതനം കാണുന്നു. ചോട്ടിബഹു പൂര്‍ണ്ണമായും മദ്യത്തിന് അടിമയായിരിക്കുന്നു. സാഹിബ് തളര്‍ന്നു കിടക്കുന്നു. സാമ്പത്തികത്തകര്‍ച്ച പൂര്‍ണ്ണമായിരിക്കുന്ന ഹവേലി ഒരു പ്രേത ഭവനമായിരിക്കുന്നു. ഇതിനിടെ സുബിനയ ബാബു മരിച്ചു പോയതും തന്റെ കുട്ടിക്കാലത്ത് നടന്ന ശൈശവ വിവാഹത്തിലെ വധു ജബാമായി ആയിരുന്നുവെന്നതും ഭൂത നാഥ് തിരിച്ചറിയുന്നു. അടുത്തുള്ള ഒരു പുണ്യസ്ഥലത്ത് പോയി ഭര്‍ത്താവിനു വേണ്ടി പ്രാര്‍ഥിക്കാന്‍ തനിക്കു കൂട്ട് പോരണമെന്നു ചോട്ടി ബഹു, ഭൂത നാഥനോട് ആവശ്യപ്പെടുന്നു. ഇത് ഒളിഞ്ഞു കേള്‍ക്കുന്ന വലിയ പ്രഭു, അന്യ പുരുഷനോടൊപ്പം പുറത്തു പോവാന്‍ തയാറാവുന്ന ചോട്ടി ബഹുവിനെ വക വരുത്താന്‍ ഏര്‍പ്പാടാക്കുന്നു. യാത്രാ മദ്ധ്യേ ആക്രമിക്കപ്പെടവേ ബോധരഹിതനാവുന്ന ഭൂത നാഥ്, ചോട്ടി ബഹുവിനെ കാണാതായ വിവരം പിന്നീടറിയുന്നുണ്ട്.

                 വര്‍ത്തമാന കാലത്തിലേക്ക് നാം തിരിച്ചെത്തുന്നത്, ഹവേലി കിളച്ചു മറിക്കുന്ന പണിക്കാര്‍ ഒരു ജഡം കണ്ടെത്തിയ വിവരം ഭൂത നാഥനെ അറിയിക്കുന്നതോടെയാണ്. കൈപ്പത്തിയില്‍ കണ്ടെത്തുന്ന വളയില്‍ നിന്ന് അയാള്‍ ചോട്ടി ബഹുവിനെ തിരിച്ചറിയുന്നു. ചിത്രാന്ത്യത്തില്‍, നോവലില്‍ നിന്ന് വ്യത്യസ്തമായി, ഭൂത നാഥ്, ജബാമയിയെ വിവാഹം ചെയ്തതായി നമ്മള്‍ കാണുന്നു.

                    വളര്‍ന്നു വരുന്ന ബൂര്‍ഷ്വാ സംസ്കൃതിയില്‍ തകര്‍ന്നു പോവുന്ന ഫ്യൂഡല്‍ സംസ്കാരത്തോടൊപ്പം സ്വാതന്ത്ര്യ സമരത്തിന്റെ സംഘര്‍ഷങ്ങളും ചേര്‍ന്നതാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഏറ്റവും മികച്ച ദുരന്ത നായികയായി മീനാ കുമാരി വാഴ്ത്തപ്പെടുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുന്നതാണ് ചോട്ടി ബഹുവായുള്ള അവരുടെ പ്രകടനം. അമിത മദ്യപാനത്തിന്റെ നിലയില്ലാ കയങ്ങളില്‍ വീണു പോവുന്ന നായികാ കഥാപാത്രം, അക്കാലത്ത് പാശ്ചാത്യരെ പോലും ഞെട്ടിച്ചതിന്റെ തെളിവായിരുന്നു ഓസ്കാര്‍ പരിഗണനക്ക്‌ വന്ന ചിത്രത്തെ കുറിച്ച് ഉണ്ടായ നിരുത്സാഹ ജനകമായ നിരീക്ഷണങ്ങള്‍. എന്നാല്‍, കാലത്തിനു മുന്‍പേ നടന്ന ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിഗ്രഹ ഭജ്ഞകരില്‍ ഒരാളായ ഗുരുദത്തിനും, പ്രതിഭാശാലിയായ യുവ സുഹൃത്തും നാടക രചയിതാവുമായിരുന്ന സംവിധായകന്‍ അബ്രാര്‍ അലവിക്കും ചിത്രത്തെ കുറിച്ചും അതിന്റെ വിജയത്തെ കുറിച്ചും സന്ദേഹമേതും ഉണ്ടായിരുന്നില്ല. സത്യത്തില്‍, 'പ്യാസാ'(1957) യുടെ അപ്രതീക്ഷിത പരാജയത്തെ തുടര്‍ന്നുണ്ടായ തിരിച്ചടിയില്‍ ഇനി താന്‍ സംവിധാനം ചെയ്യില്ലെന്ന് ഗുരുദത്ത് തീരുമാനിച്ചതിന്‍ പ്രകാരമായിരുന്നു ആ ചുമതല സുഹൃത്ത് ഏറ്റെടുത്തത് തന്നെ. എന്നാല്‍, ചിത്രം ഗുരുദത്ത് തന്നെ പേര് വെക്കാതെ സംവിധാനം ചെയ്തതാണെന്നു (ghost-directing) അന്നേ വിമര്‍ശനമുണ്ടായിരുന്നെങ്കിലും, ഗാന രംഗങ്ങളുടെ കാര്യത്തില്‍ മാത്രം അത് ശരിയാണെന്ന് പിക്കാലത്ത് അബ്രാര്‍ അലവി തന്നെ സമ്മതിച്ചിട്ടുണ്ട്.
                   എന്തൊക്കെയായാലും ചിത്രത്തിന്‍റെ ഏറ്റവും ആകര്‍ഷണീയ ഘടകം മീനാകുമാരിയുടെ പ്രകടനം തന്നെയാണ്. 1972-ല്‍ തന്റെ നാല്പത്തൊന്നാം വയസ്സില്‍ പരിത്യക്തയും പരമ ദരിദ്രയുമായി അമിത മദ്യപാനത്തിന്റെ ഇരയായി ലിവര്‍ സീറൊസിസ് ബാധിച്ചു മരിച്ച ഇന്ത്യന്‍ സിനിമയിലെ 'ദുരന്ത റാണി' ('tragedy queen') യെ സംബന്ധിച്ചേടത്തോളം, ചോട്ടി ബഹുവിന്റെ കഥാപാത്രം അറം പറ്റുകയായിരുന്നു എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അവിസ്മരണീയമായ സംഗീതവും (Hemant Kumar) ഗാനങ്ങളും (Shakeel Badayuni) ചിത്രത്തിന്‍റെ മുഖ്യ ആകര്‍ഷണങ്ങളില്‍പ്പെടുന്നു. എന്നാല്‍ ഒടുവില്‍ അത് തന്നെയാണ് ചിത്രത്തിന്‍റെ ജീവനാഡി: മീനാ കുമാരിയെന്ന അസാമാന്യ പ്രതിഭയുടെ പരകായപ്രവേശം.