Featured Post

Tuesday, September 3, 2013

തെരുവ് ചിത്രകാരന്‍ വരയ്ക്കുമ്പോള്‍

തെരുവ് ചിത്രകാരന്‍ വരയ്ക്കുമ്പോള്‍
ഇടകലരുക വര്‍ണ്ണങ്ങള്‍ മാത്രമല്ല.

അമ്പല നടയ്ക്കു വെളിയില്‍
ദേവീചിത്രം വരയ്‌ക്കവേ
ഭക്തിയുടെ മുത്തശ്ശിക്കണ്ണിലേയ്ക്ക്
ദേവീകാരുണ്യം തെളിഞ്ഞു നില്‍ക്കും.
കുംഭം നിറയെ നാണയം വരയ്ക്കവേ
ചില്ലറത്തുട്ടുകള്‍ പറന്നു വീഴും .
സ്കൂള്‍ ബസ്‌ കാത്തുനില്‍ക്കുന്ന
നേഴ്സറിക്കൌതുകങ്ങള്‍ക്ക്
ചിറകുള്ള കുതിരകളുടെ രഥം.
ചുറ്റും മഴവില്ലിന്റെ പ്രഭാപൂരം.
നിറങ്ങളടര്‍ന്ന ജീവിതം തുന്നവേ
രഥമുരുളുന്നത് ചിത്രകാരന്റെ നെഞ്ചില്‍.
ഒളിഞ്ഞു നോട്ടത്തിന്റെ കൗമാരത്തിന്
അണിവയറിന്റെ അപ്സരസ്പര്‍ശം.
വിടര്‍ന്ന കണ്ണുകള്‍, തുടുത്ത കവിളിണ
ചുണ്ടിണകള്‍ കിട്ടാതെ പോയ
ചുംബനങ്ങള്‍ ചാലിച്ച് ചേര്‍ത്ത്.

ഇന്നലെ അയാള്‍ വരച്ചു വെച്ചത്
പള്ളി മുക്കിലായിരുന്നു.
വിശ്വാസികള്‍ക്ക് പാകത്തില്‍
ആകാശത്തേക്ക് മുഖമുയര്‍ത്തി
നീലക്കണ്ണുള്ള ഇറ്റാലിയന്‍ സുന്ദരന്‍.
അരികിലൊരു കുരിശ് കാത്തിരിപ്പുണ്ട്‌,
ചിത്രത്തിലേക്ക് അതെപ്പോഴാവും
ചിത്രകാരന്‍ താഴ്ത്തി വെച്ചത് !
അല്ലെങ്കില്‍, ഇനിയെപ്പോഴാവും
അയാളത് ചുമലിലെടുക്കുക?
പ്രഭാവലയം, മുള്‍ക്കിരീടം, ശാന്തത.
കയ്യയച്ചല്ലെങ്കിലും
പള്ളി കഴിഞ്ഞു വരുന്നവരില്‍
ദാനത്തിന്റെ പാഠം മറക്കാതെ ബാക്കി.

നാളെ നേര്‍ച്ചപ്പറമ്പിലാവും അയാള്‍ക്കന്നം.
പച്ചമേലാപ്പിട്ട കഅബ ചിത്രം
ചന്ദ്രക്കലയ്ക്കു ചുവടെ തിളങ്ങി നില്‍ക്കും.
അപ്പുറത്ത് മുഖവും മുന്‍ കയ്യുമായി
എന്നും ചെറുപ്പമായൊരു മൊഞ്ചത്തി
പ്രാര്‍ഥനാ നിരതയാവും.
കടലാഴമുള്ള കണ്ണുകള്‍
ആകാശത്തു നോട്ടമുറപ്പിക്കും.
നിവര്‍ത്തി വെച്ച വേദ ഗ്രന്ഥം
തിരിവെട്ടത്തില്‍ തെളിഞ്ഞു നില്‍ക്കും.
പുകഞ്ഞു പോയ കരിന്തിരിയായി
മെലിഞ്ഞ വിരലുകളെരിഞ്ഞു നില്‍ക്കും.

ഗതി കെട്ടവന്‍റെ ദൈവം ക്ഷിപ്ര പ്രസാദിയല്ല.
അതൊരു ദൈവം പോലുമല്ല.
പര്‍വ്വതങ്ങളുടെ പുലരിച്ചായം പോലെ
ഉച്ചയിലേയ്ക്ക് പടരുന്ന കണ്ണിന്‍ നോവായി
മൂവന്തിയില്‍ മരിക്കുന്ന പകല്‍ത്തിളപ്പായി
അവന്റെ ദൈന്യം ദൈവമാകും:
അനാദി, അനന്തം.

തെരുവ് ചിത്രകാരന്‍ വരയ്ക്കുമ്പോള്‍
ഇടകലരുക വര്‍ണ്ണങ്ങള്‍ മാത്രമല്ല.

No comments:

Post a Comment