പ്രണയം നിരോധിക്കപ്പെട്ടവരുടെ കുടിയരശില്‍
ഒരു ചെറുപ്പക്കാരന്‍
ഒരു ചെറുപ്പക്കാരിയെ കണ്ടുമുട്ടുന്നു.
വസന്തത്തിന്റെ ചെറിഹൃദയം കൊണ്ട്
അവന്‍ കുറുമ്പ് കാട്ടുന്നു.
ഒരു പൂക്കൂട കൊണ്ട്
അവളൊരുദ്യാനം തീര്‍ക്കുന്നു.
ഉപരോധങ്ങളുടെ മദപ്പാടില്‍
വിഷപ്പല്ല് കിളിര്‍ത്തവര്‍
ഉദ്ധൃത ലിംഗരായി വേട്ടക്കിറങ്ങവേ
ഹൃദയ ചോദനകളുടെ ഉറവത്തടങ്ങളില്‍
ചോര മണക്കാന്‍ തുടങ്ങുന്നു -
ആണൊരുവനായും പെണ്ണൊരുവള്‍ക്കായും.
നിലാവിന്റെ വിശുദ്ധ ഗര്‍ഭം
ആര്‍ക്കും ശുഭരാത്രി നേരാതെ
അന്തര്‍ദ്ധാനം ചെയ്യവേ
അവരവളെ തിരഞ്ഞിറങ്ങുന്നു-
ആറ്റുവക്കില്‍, കിണറാഴങ്ങളില്‍
റെയില്‍പ്പാളത്തില്‍,
ആരും ചെല്ലാത്ത തട്ടുമ്പുറങ്ങളില്‍-
ഒടുവിലൊരു ഹേമന്ത രാവിന്റെ
മഞ്ഞു പെയ്യുന്ന മധ്യയാമത്തില്‍
പാപിയായ ഗന്ധര്‍വ്വനോടൊപ്പം
പുണ്യ പാപങ്ങളുടെ ചുവടിറക്കി വെച്ച്
അവളെങ്ങോ മറയുന്നു.
പ്രണയം നിരോധിക്കപ്പെട്ട കുടിയരശില്‍
മാഞ്ഞു പോവുന്ന മാരിവില്ലിനൊപ്പം
വസന്തം പടിയിറങ്ങുന്നു.
അഭിമാനികളുടെ സദാചാരിയായ ദൈവത്തിന്റെ
ഇന്നത്തെയത്താഴ മേശയില്‍
ഇതും കൂടി സമര്‍പ്പിക്കുന്നു -
പ്രണയ ഭംഗം കൊണ്ട് ദഹിച്ചവന്റെ മാംസം,
പിറക്കാതെപോയവനെ ചുമന്നവളുടെ രക്തം.