2005-ലെ പ്രഥമ മാന്‍ ബുക്കര്‍ ജേതാവായ അല്‍ബേനിയന്‍
നോവലിസ്റ്റ് ഇസ്മയില്‍ കദാരെ നോബല്‍ സമ്മാന പരിഗണനയില്‍ എപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന
പേരാണ്. പൂര്‍വ്വ യൂറോപ്യന്‍ സാഹിത്യത്തിന്റെ
നിലവാരത്തില്‍ പരിഗണിക്കുമ്പോള്‍ പോലും അങ്ങേയറ്റം ഇരുണ്ട ഒരു പശ്ചാത്തലത്തിലാണ്
അദ്ദേഹം എഴുതുന്നതെന്ന് ജെയിംസ് ലസ്ദൂന്‍ നിരീക്ഷിക്കുന്നു. (The Guardian
– 14-08-2010). “എന്‍വര്‍ ഓജയുടെ ഭരണകാലം അല്‍ബേനിയയെ സംബന്ധിച്ചിട
ത്തോളം ബൗദ്ധികമായി അങ്ങേയറ്റം പാപ്പരായ സര്‍വ്വാധിപത്യത്തിന്റെതായിരുന്നു. വിമത നിലപാട് ഫയറിംഗ്സ്ക്വാഡിനു മുന്നിലേക്കുള്ള ടിക്കറ്റ്, അതിജീവനത്തിന്റെ വില കീഴൊതുങ്ങല്‍. ഇതേ തുടര്‍ന്നുണ്ടായ
നൈതിക ഇരുട്ട് - ഏറ്റവും മാന്യമായി ജീവിച്ചു
വന്നവര്‍ പോലും കുറ്റം ചാര്‍ത്തപ്പെട്ട കാലം - അതാണ്
കദാരെയുടെ സാഹിത്യത്തിന്റെ പ്രധാന വിഷയം. കാഫ്കെയെ
പോലുള്ള കഥകളും പേടിസ്വപ്നാന്തരീക്ഷമുള്ള അന്യാപദേശ ചരിത്രാഖ്യായികകളും
അദ്ദേഹത്തിന്റെ തന്നെ സ്വന്തം രീതിയിലുള്ള മിസ്റ്ററികളും കദാരെ സൃഷ്ടിച്ചു"
ആധുനിക അല്‍ബേനിയന്‍ ചരിത്രത്തിലെ ഏറ്റവും ഭീകരമായ
കാലഘട്ടമെന്ന് നിസ്സംശയം പറയാവുന്ന എന്‍വര്‍ ഓജയുടെ സ്റ്റാലിനിസ്റ്റ് സര്‍വ്വാധിപത്യ
ഘട്ടത്തില്‍ (
1944 – 1985), ബാല്യ – യൌവന കാലം പിന്നിട്ട ഇസ്മയില്‍ കദാരെ , സര്‍വ്വാധിപതിയുടെ സ്വന്തം ജനന സ്ഥലമായ ജിറോകാസ്റ്ററില്‍ 1936
- ലാണ് ജനിച്ചത്. 1970 മുതല്‍ 1982 വരെ കമ്യൂണിസ്റ്റ് ഭരണത്തില്‍ അല്‍ബേനിയന്‍ പാര്‍ലമെന്റില്‍
അംഗവുമായിരുന്നു കദാരെ. എന്നാല്‍ 1975 -ല്‍ ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യ കവിത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന്
മൂന്നു വര്‍ഷത്തേക്ക് അദ്ദേഹത്തിനു എഴുത്തില്‍ നിന്ന് വിലക്കു കല്‍പ്പിക്കപ്പെട്ടു.
1982 -ല്‍ ഭരണ കൂട വിധേയത്വമുള്ള അല്‍ബേനിയന്‍ എഴുത്തുകാരുടെ സംഘടന
ചരിത്രത്തിന്റെയും നാടോടി പാരമ്പര്യത്തിന്റെയും മറ പിടിച്ചു അദ്ദേഹം വിധ്വംസക രചന
നടത്തുകയാണെന്ന് ആരോപിച്ചു. 1990 -ല്‍ അദ്ദേഹം ഫ്രാന്‍സില്‍
രാഷ്ട്രീയ അഭയം തേടി. ജനാധിപത്യ വല്‍ക്കരണത്തിന്റെ
ആവശ്യകത ഊന്നിപ്പറഞ്ഞ കദാരെ, യഥാര്‍ത്ഥ സാഹിത്യവും
ഏകാധിപത്യവും ഒരുമിച്ചു പോവില്ലെന്നും എഴുത്തു കാരന്‍ ഏകാധിപത്യത്തിന്റെ സ്വാഭാവിക
ശത്രുവാണെന്നും തുറന്നടിച്ചു. എന്നാല്‍, കമ്മ്യൂണിസ്റ്റ് കാലഘട്ടത്തില്‍ കദാരെ ഒരു വിമതനായിരുന്നോ അതോ
വിധേയനായിരുന്നോ എന്ന് വിമര്‍ശ കര്‍ക്കിടയില്‍ തര്‍ക്കമില്ലാതില്ല. അന്നത്തെ സാഹചര്യത്തില്‍ ഏതാനും ദിവസങ്ങള്‍ പോലും വിമതനാവുകയെന്നാല്‍
ഫയറിംഗ് സ്ക്വാഡിനെ നേരിടലല്ലാതെ മറ്റൊന്നുമായിരുന്നില്ലെന്നും, തന്റെ പുസ്തകങ്ങള്‍ ഒരു തരത്തില്‍ തന്റെ ചെറുത്തു നില്‍പ്പ്
തന്നെയായിരുന്നുവെന്നും കദാരെ അതിനെ വിശദീകരിച്ചിട്ടുണ്ട്.
രക്തത്തിന്റെ ബലി - മുലപ്പാലിന്റേയും
'സ്കദാര്‍ കോട്ടയുടെ നിര്‍മ്മാണം' എന്ന സെര്‍ബിയന്‍ കാവ്യത്തില്‍ വിവരിക്കപ്പെടുന്ന റൊസാഫ എന്ന യുവതിയുടെ
ത്യാഗത്തിന്റെ കഥ ദേശസ്നേഹത്തിന്റെയും മാതൃസ്നേഹത്തിന്റെയും ഇതിഹാസമാണ്. കോട്ടയുടെ നിര്‍മ്മാണം ദുരൂഹമാം വിധം നിരന്തരം കേടുപാടുകള്‍ പറ്റി
പരാജയപ്പെടുമ്പോള്‍, അതില്‍ വ്യാപൃതരായ മൂന്നു
സഹോദരന്മാര്‍ ഒരു ബലി നല്‍കാന്‍ തീരുമാനിക്കുന്നു. പിറ്റേന്ന്
ഉച്ച ഭക്ഷണവുമായി വരുന്നത് ആരുടെ ഭാര്യയായാലും അവളെ കോട്ട മതിലില്‍ ജീവനോടെ അടക്കം
ചെയ്യുക. ഈ കാര്യം ഒരിക്കലും ഭാര്യമാരെ
അറിയിക്കില്ലെന്നു പരസ്പരം ശപഥം ചെയ്യുന്നുവെങ്കിലും മൂത്തവര്‍ രണ്ടു പേരും അത്
തെറ്റിച്ചു തങ്ങളുടെ ഭാര്യമാരെ രക്ഷിക്കുന്നു. സത്യ
സന്ധനായ മൂന്നാമത്തവന്റെ യുവതിയായ ഭാര്യ റൊസാഫ അങ്ങനെ അടക്കപ്പെടുന്നു. തടസ്സവാദങ്ങളേതും കൂടാതെ തന്റെ വിധി അംഗീകരിക്കുന്ന യുവതി ആവശ്യപ്പെ
ടുന്നത് ഇത്രമാത്രം: തന്നെ കുഞ്ഞിനെ മുലയൂട്ടാന്‍ തന്റെ
വലതു മാറിടവും, താലോലിക്കാന്‍ വലതു കയ്യും അവനെ കാണാന്‍
വലതു കണ്ണും അവന്റെ തൊട്ടിലാട്ടാന്‍ വലതു കാലും വെളിയില്‍ വിട്ടേക്കണം. ഇതിഹാസം കോട്ടയുടെ ചുമരില്‍ ഇപ്പോഴും ഇറ്റു വീണു കൊണ്ടിരിക്കുന്ന
മുലപ്പാലിനെ കുറിച്ച് പറയുന്നു.
പതിനാലാം നൂറ്റാണ്ടിലെ അല്‍ബേനിയന്‍ പശ്ചാത്തലത്തില്‍
മറ്റൊരു ജീവനോടെ അടക്കലിന്റെയും അതിന്റെ ദുരൂഹ ലക്ഷ്യങ്ങളെ കുറിച്ചുമാണ് 'മൂന്ന് ആര്‍ച്ചുകളുള്ള പാലം'
(The Three Arched Bridge) എന്ന നോവലില്‍ കദാരെ പറയുന്നത് . ബഹുഭാഷാ വിദഗ്ദ്ധനും അതുകൊണ്ട് തന്നെ ഭരിക്കുന്നവരുടെ യും
ഭരണീയരുടെയുമിടയില്‍ സ്വയമൊരു പാലവുമായ അല്‍ബേനിയന്‍ സന്യാസി ജോണ്‍ ഉക്കാമയുടെ
ജേണലിലൂടെ നാം പതിനാലാം നൂറ്റാണ്ടിലെ ബാള്‍ക്കന്‍ ഉപഭൂഖണ്ഡത്തില്‍ എത്തുന്നു. യുദ്ധസമാനമാണ് അന്തരീക്ഷം. പ്രാദേശിക
പ്രഭുക്കള്‍ പരസ്പരം പോരടിക്കുന്നു; ശിഥിലമായിക്കൊണ്ടിരിക്കുന്ന
ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളിലൂടെ ഓട്ടോമന്‍ തുര്‍ക്കി സൈന്യത്തിന്റെ
പടയോട്ടം ഏതു നിമിഷവും സംഭവിക്കാം. ഗൂഡാലോചനകളുടെയും
ഉപജാപങ്ങളുടെയും ഈ അന്തരീക്ഷത്തിലാണ് ഉജാനെ ഇ കീക്കിനു ('നീച നദി') കുറുകെ, തുര്‍ക്കികള്‍ക്കു
വഴിയൊരുക്കുക വഴി ഉണ്ടാവുമെന്നുറപ്പുള്ള യുദ്ധഭീഷണിവകവെക്കാതെ മൂന്നു ആര്‍ച്ചുകളുള്ള
പാലം പണിയാന്‍ തീരുമാനിക്കപ്പെടുന്നത്. 'ബോട്ടുകളും
ചങ്ങാടങ്ങളും' എന്ന് മാത്രം അറിയപ്പെടുന്ന നദിക്കു
കുറുകെ കടത്തിന്റെ കുത്തകയുള്ള കമ്പനി പ്രകടമായും അതിന്ന് എതിരാണ്. പ്രാദേശികമായി ആളുകള്‍ സന്മനോഭാവത്തോടെയല്ല പാലംപണി വീക്ഷിക്കുന്നത്. അജ്കൂന മുത്തശ്ശി അതിനെ 'ചെകുത്താന്റെ
നട്ടെല്ല് (Beelzebub's backbone)' എന്ന്
വിവരിക്കുന്നുണ്ട്. "അവര്‍ക്കെങ്ങനെയാണ് പുഴയെ കൊന്നു
കളയാന്‍ കഴിയുക? … ഉറക്കത്തില്‍ കൊന്നു കളയുക! നിസ്സഹായാവസ്ഥയില്‍ പിടിച്ചു കഷണങ്ങളായി നുറുക്കിക്കളയുക !" പാലം പണിക്കാരന്‍ അന്തി ക്രിസ്തു ആണെന്നും ശരത്കാലത്ത് പുഴ അയാളോട്
പ്രതികാരം തീര്‍ക്കുമെന്നും അവള്‍ ആശ്വസിക്കുന്നു. 'വന
ദേവതമാരും ജല കന്യകമാരും ഉജാനെ ഇ കീക്കിന് ഭവിച്ച അപമാനം മറക്കില്ലെ'ന്നു പൊതു വികാരവുമുണ്ട്. “ജലം ഒരിക്കലും മറക്കില്ല. ഭൂമി കൂടുതല്‍ ഉദാര മനസ്ക്കനാണ്, വേഗം
മറക്കുകയും ചെയ്യും. എന്നാല്‍ ജലം മറക്കില്ല.” എന്നാല്‍ പ്രാദേശിക അധികാരിയായ പ്രഭു പാലം പണിയുന്ന കമ്പനിയുമായി
സഖ്യത്തിലാണ്. പകല്‍ നടക്കുന്ന നിര്‍മ്മാണം രാത്രി
ദുരൂഹമായ രീതിയില്‍ നശിപ്പിക്കപ്പെടുന്നത് പതിവാകുമ്പോള്‍ പലതരം ഊഹാപോഹങ്ങള്‍
പടരുന്നു. ആരാവാം അത് നശിപ്പിക്കുന്നത്? 'ബോട്ടുകളും ചങ്ങാടങ്ങളും' ഏജന്റുമാര്‍? ജലദേവതമാര്‍? മറ്റാരെങ്കിലും? ഈ ഘട്ടത്തിലാണ് പഴയ ഇതിഹാസം വീണ്ടും ജനപ്രിയമാവുന്നത്. എന്നാല്‍, ഇതിഹാസകഥ നടുക്കുന്ന കാര്യമാവുന്നത്
വിഘ്നങ്ങള്‍ തീര്‍ക്കാനായി മുറാഷ് സെനെബിഷ എന്ന പാലം പണിക്കാരനെ ജീവനോടെ ചുമരില്‍
അടക്കുമ്പോഴാണ് . അതീവ ഭീകരമായ ഒരു രീതിയിലാണ് ഈ
അടക്കം നടക്കുന്നത്: "അയാള്‍ അവിടെ കാണപ്പെട്ടു, ഒരു മുഖം മൂടി പോലെ വെളുത്ത്, പ്ലാസ്റ്ററില്‍
കുളിച്ച്, അയാളുടെ തലയും കഴുത്തും നെഞ്ചിന്റെ ഭാഗവും
മാത്രം. ശരീരത്തിന്റെ ബാക്കി ഭാഗങ്ങള്‍, കൈ കാലുകള്‍ എല്ലാം ചുമരില്‍ മൂടപ്പെട്ടുപോയിരുന്നു. … അത് അവലക്ഷണത്തിന്റെ പരകോടിയായിരുന്നു.” നോവലിന്റെ
ബാക്കി ഭാഗം മുഴുവന്‍ ഈ കാഴ്ച്ച വേട്ടയാടുന്നുണ്ട്. അയാളായിരിക്കണം 'ബോട്ടുകളും ചങ്ങാടങ്ങളും' ഏജന്റായി പാലം പണിയെ
നിരന്തരം തകര്‍ത്ത് കൊണ്ടിരുന്നത് എന്നും അതിനുള്ള ശിക്ഷയായിരുന്നിരിക്കണം അയാള്‍ക്ക്
കിട്ടിയതെന്നും ജോണ്‍ ഉക്കാമ അനുമാനിക്കുന്നു. പാലം
പണിയുടെ ആള്‍ക്കാര്‍ നേരത്തെ പ്രഭുവിനോട് പറഞ്ഞിരുന്നല്ലോ : "ഒരു മിത്ത് ഉപയോഗിച്ച് കൊണ്ട് പാലം നിര്‍മ്മിക്കുക എന്ന ആശയത്തെ
നേരിടാമെന്ന് താങ്കളുടെ ശത്രുക്കള്‍ തീരുമാനിച്ചിരിക്കുന്നു എന്നത് സത്യം. അതുകൊണ്ട് അതേ രീതിയില്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തി അവരെ കൈകാര്യം ചെയ്യണം". ഇതേ സമയത്ത് കേള്‍ക്കാനിടയാവുന്ന കൊടും ക്രൂരതകളുടെ വാര്‍ത്തകള്‍, ബൈസന്റൈന്‍ ചക്രവര്‍ത്തി തന്റെ ബള്‍ഗേറിയന്‍ സൈനികരുടെ മുഴുവന്‍ കണ്ണുകള്‍
ചൂഴ്ന്നെടുത്ത് അന്ധരായ അവരെ ഇരുട്ടില്‍ തപ്പി നാട്ടിലേക്ക് പറഞ്ഞു വിട്ട കഥയുള്‍പ്പെടെ, ഒരു കാര്യം തീര്‍ച്ചപ്പെടുത്തുന്നു: മുറാഷ്
സെനെബിഷയുടെ ബലി ആ പാലം കാരണമായുള്ള അവസാന നരബലിയായിരിക്കില്ലെന്ന്. ഒട്ടോമന്‍ ദേശം തങ്ങളുടെ അയല്‍ വാസികളായത് മുതല്‍ ചന്ദ്രനെ പഴയെ പോലെ
കാണാന്‍ കഴിയുന്നില്ലെന്ന് ഉക്കാമ പറയുന്നു. "വിശേഷിച്ചും
അത് ചന്ദ്രക്കലയായിരിക്കുമ്പോള്. മറ്റൊരു സാമ്രാജ്യവും
അതിനേക്കാള്‍ മികച്ച ഒരു ചിഹ്നം തങ്ങളുടെ കൊടിക്കായി തെരഞ്ഞെടുത്തിട്ടില്ല. ബൈസാന്റിയം കഴുകനെ തെരഞ്ഞെടുത്തപ്പോള്‍ അത് തീര്‍ച്ചയായും റോമന്‍
ചെന്നായെക്കാള്‍ മികച്ചതായിരുന്നു, എന്നാല്‍ ഇപ്പോള്‍
പുതിയ സാമ്രാജ്യം ഏതൊരു പക്ഷിയെക്കാളും ഉയരത്തില്‍ ആകാശത്തില്‍ നില്‍ക്കുന്ന ഒരു
ചിഹ്നത്തെ തെരഞ്ഞെടുത്തിരിക്കുന്നു. നമ്മുടെ കുരിശു
പോലെ അത് വരച്ചുണ്ടാക്കേണ്ടതില്ല, അല്ലെങ്കില്‍
തുണിയില്‍ മുറിച്ചുണ്ടാക്കി കോട്ടമുകളില്‍ സ്ഥാപിക്കേണ്ട തില്ല. അത് സ്വയം ആകാശത്തേക്ക് കയറുന്നു, എല്ലാ മാനവര്‍ക്കും
കാണാവുന്ന രീതിയില്‍, അതിന്റെ കാഴ്ച്ച ഒന്നിനും
മറക്കാനാവാത്ത വിധം. അതിന്റെ അര്‍ഥം വ്യക്തമാണ്: ഒട്ടോമന്‍ ശക്തി ഒരു സ്റ്റേറ്റിനോടൊ രണ്ടെണ്ണത്തോടോ അല്ല കണക്ക് തീര്‍ക്കുക, മറിച്ചു മുഴുവന്‍ ലോകത്തോടുമാണ്. അത്
നോക്കിനില്ക്കുമ്പോള്, തേന്നിറത്തിലും ചിലപ്പോഴൊക്കെ
ചോര നിറത്തിലും അത് തണുത്തു കാണപ്പെടുമ്പോള്‍ നിങ്ങളുടെ ഉള്ളം നടുങ്ങും. ചിലപ്പോള്‍ എനിക്ക് തോന്നും അത് ഇപ്പോഴേ നമ്മുടെ മേല്‍ ഒരു മായാജാലം
നടത്തിയിരിക്കുന്നെന്ന്. ഒരു ദിവസം സ്വപ്നാടകരെപ്പോലെ
നമ്മള്‍ എണീറ്റ് സര്‍വ്വ നാശത്തിലേക്ക് നടന്നു പോയേക്കാമെന്ന അപകട സാധ്യത ഞാന്‍
കാണുന്നു.” അടക്കം ചെയ്യപ്പെട്ട മുറാഷ് സെനെബിഷയുടെ
കഴുത്തിനു ചുവടെ ചോരപ്പാട് നോക്കിനില്‍ക്കെ ചാന്ദ്രവെളിച്ചത്തില്‍ താഴ്വാരമാകെ
രക്തം പടരുന്നതായി ഉക്കാമയ്ക്ക് തോന്നുന്നു. “സമതലങ്ങള്‍
രക്തത്തില്‍ കുതിര്‍ന്നതായി എനിക്ക് കാണായി, മല നിരകള്‍
കത്തിക്കരിഞ്ഞതായും. ഒട്ടോമന്‍ പട ലോകത്തെ
പരത്തിക്കളയുന്നതും അതിന്റെ സ്ഥാനത്ത് ഇസ്ലാമിന്റെ രാജ്യം സ്ഥാപിക്കുന്നതും ഞാന്‍
കണ്ടു. തീയും ചാരവും കരിഞ്ഞ മനുഷ്യാവശിഷ്ടങ്ങളും അവരുടെ
കരിഞ്ഞ പുരാവൃത്തങ്ങളും ഞാന്‍ കണ്ടു.”
വെളിപാട് പുസ്തകത്തിലെ ഭാഷയും ബിംബങ്ങളും ഓര്‍മ്മിപ്പിക്കുന്ന
ഈ ദുരന്തപ്രവചനങ്ങളൊന്നും അസ്ഥാനത്തായിരുന്നില്ല എന്ന് പില്‍ക്കാല ബാള്‍ക്കന്‍
ചരിത്രം തെളിയിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കകമാണ് അഞ്ചു നൂറ്റാണ്ടു നീണ്ടു നിന്ന ഓട്ടോമന്‍ തുര്‍ക്കി
അധീശത്തം സ്ഥാപിതമായതും1398 -ല്‍ കൂട്ടക്കുരുതികളുടെ കൊസോവോ
യുദ്ധം യാഥാര്ത്ഥ്യമായതുമെല്ലാം. ഇതിഹാസത്തിലെ ബലി
ദേശസ്നേഹത്തെയും മാതൃ സ്നേഹത്തെയും ഉദാത്തവല്‍ക്കരിച്ചപ്പോള്‍ ഇവിടെ കച്ചവട
താല്പര്യങ്ങളുടെ തമ്മിലടിയാണ്: അടക്കം
ചെയ്യപ്പെട്ടവന്റെ കുടുംബാംഗങ്ങള്‍ നഷ്ടപരിഹാരത്തിന്റെ പങ്കിനെ ചൊല്ലി
തമ്മിലടിക്കുന്നതു ഉള്‍പ്പടെ. കദാരെയുടെ പ്രമേയം വര്‍ത്തമാന
രാഷ്ട്രീയ സാഹചര്യങ്ങളെ പ്രകടമായും പ്രതിഫലിപ്പി ക്കുന്നുണ്ട്. എന്‍വര്‍ ഓജയുടെ അധികാരവും അതിനു പുറകില്‍ സോവിയറ്റ് സ്വാധീനവും ബാള്‍ക്കന്‍
സംഘര്‍ഷങ്ങളുടെ വര്‍ത്തമാന കാല സാഹചര്യങ്ങളും ഓര്‍ക്കാവുന്നതാണ്. അഭിശപ്തമായ ഒരു ദുരന്ത പ്രവചനത്തോടെയാണ് നോവല്‍ അവസാനിക്കുന്നതും:
“ഇതാണ് അടക്കം ചെയ്യപ്പെട്ടവന്റെ സന്ദേശം: ഈ പുരാവൃത്തം തന്നെയും, ആ പാലത്തെ പോലെത്തന്നെ, ഒരു ബലി ആവശ്യപ്പെട്ടേക്കും, ആ ബലി ജോണ്‍ എന്ന
ഭിക്ഷുവായ ഞാനല്ലാതെ മറ്റാരുമായിരിക്കില്ല.” ആ
പ്രവചനത്തിന്റെ വ്യാപ്തിയും കാലാതീതമായ സത്യവും 'സ്വപ്നങ്ങളുടെ
കൊട്ടാര'ത്തില്‍ പ്രതിഫലിക്കും.
സര്‍വ്വാധിപത്യങ്ങളുടെ പ്രേത സ്വപ്‌നങ്ങള്‍
കദാരെയുടെ നോവലുകളില്‍ കാഫ്കിയന്‍ അന്തരീക്ഷം ഏറ്റവും
നിറഞ്ഞു നില്‍ക്കുന്ന കൃതിയാണ് ഇരുണ്ട ഭ്രമാത്മകത (dark fantasy)യുടെ ലോകമായ 'സ്വപ്നങ്ങളുടെ കൊട്ടാരം'. പൗരന്മാരുടെ
ഉപബോധത്തെ കൂടി നിയന്ത്രിക്കുകയെന്ന സര്‍വ്വാധിപത്യ അധികാര സ്വരൂപ ങ്ങളുടെ
ഭീഷണരീതികള്‍ ഓര്‍വെല്ലിന്റെയും മിലന്‍ കുന്ദേരയുടെയും സോള്‍ഷെനിത് സിന്റെയും
സാരമാഗുവിന്റെയും കൃതികളെയും ഓര്‍മ്മിപ്പിക്കും. പത്തൊമ്പതാം
നൂറ്റാണ്ടിന്റെ ഒട്ടോമന്‍ അല്‍ബേനിയയിലേക്ക് പശ്ചാത്തലം പറിച്ചു
നട്ടിട്ടുണ്ടെങ്കിലും ആ അന്യാപദേശ (parable)വല്‍ക്കരണം
കൊണ്ടൊന്നും എന്‍വര്‍ ഓജ ഭരണകൂടത്തിന്റെ കണ്ണ് വെട്ടിക്കാന്‍ കദാരെക്ക് കഴിഞ്ഞില്ല.
1981- ല്‍, പുസ്തകം
പ്രസിദ്ധീകരിച്ചയുടന്‍ അല്‍ബേനിയയില്‍ നിരോധിക്കപ്പെട്ടു എന്ന് മാത്രമല്ല, എഴുത്തില്‍ നിന്ന് പത്തു വര്‍ഷത്തേക്ക് കദാരെ വിലക്കപ്പെടുകയുമുണ്ടായി. അദ്ദേഹത്തിന്റെ പ്രവാസം തുടങ്ങുന്നതും അങ്ങനെയാണ്.
നിഗൂഡതയുടെ ലോകമായ സ്വപ്നങ്ങളുടെ കൊട്ടാരത്തിലേക്ക് ഇസ്താന്‍ബൂളില്‍
എല്ലായിടത്തു നിന്നും ഒഴുകിയെത്തുന്ന സ്വപ്‌നങ്ങള്‍ അവിടെ വെച്ച് വേര്‍തിര്‍ക്കപ്പെടുകയും
വ്യാഖ്യാനിക്കപ്പെടുകയും പ്രാധാന്യത്തിനനുസരിച്ചു മുകള്‍ തട്ടിലേക്കോ സുല്‍ത്താന്
നേരിട്ട് തന്നെയോ നല്‍കപ്പെടുകയും ചെയ്യുന്നു. മറ്റുള്ളവ ആര്‍ക്കൈവുകളിലേക്ക് മാറ്റപ്പെടുന്നു. തബിര് സറെയ്ല്‍ എന്ന പേരുള്ള ഈ നിഗൂഡതയുടെ സ്ഥാപനത്തിലേക്ക് മാര്‍ക്ക്
ആലം ജോലിക്കെത്തുന്നു. തലമുറകളായി സുല്‍ത്താന്റെ ഭരണ
കൂടത്തില്‍ വിസീര്‍ സ്ഥാനങ്ങളില്‍ വന്നിട്ടുള്ള കുപ്രീലി കുടുംബാംഗമാണ് എന്നതാണോ
അയാള്‍ക്ക് കാര്യങ്ങള്‍ സുഗമാമാക്കുന്നത്? എന്തായാലും
ഒരു ശുപാര്‍ശയും തബീര്‍ സറെയ്ല്‍ലില്‍ സ്വീകാര്യമല്ലെന്ന് തുടക്കത്തിലെ മേധാവി
അയാളോട് പറയുന്നുണ്ട്: “തബീര്‍ സറെയ്ല്‍ലിന്റെ
അടിസ്ഥാനപ്രമാണം കിടക്കുന്നത് പുറം സ്വാധീനങ്ങള്‍ക്ക് കീഴ്പ്പെടാതിരിക്കുക
എന്നതിലും മറിച്ച് അവിടേക്ക് അടഞ്ഞു കിടക്കുക എന്നതിലുമാണ്. സുതാര്യതയിലല്ല മറിച്ച് ഒറ്റപ്പെട്ടു നിലക്കലില്‍.” എന്തു കൊണ്ട് തനിക്ക് കാര്യങ്ങള്‍ എളുപ്പമായി എന്നതിന് ഒരൊറ്റ വിശദീകരണം
മേധാവിയുടെ ആദ്യ പ്രതികരണ ത്തില്‍ നിര്‍ദ്ദോഷകരമെന്നു തോന്നിച്ച ഒരു
വാചകത്തിലുണ്ട്: “നീ ഞങ്ങള്‍ക്ക് യോജിച്ചവനാ ണ്!” പിന്നീട് പല ഘട്ടങ്ങളിലും ആവര്‍ത്തിക്കപ്പെടുമ്പോള്‍ ആ വാക്യത്തിന് ഒരു
അപശകുനത്തിന്റെ ച്ഛായ വന്നു ചേരുന്നത് മാര്‍ക്ക് ആലം തിരിച്ചറിയും. ഒരു ജനതയുടെ മുഴുവന്‍ സ്വപ്നങ്ങളും ഒന്നൊഴിയാതെ സൂക്ഷ്മ നിരീക്ഷണത്തിനു
വിധേയമാക്കുക എന്ന ഭ്രാന്തന്‍ ആശയത്തിന്റെ സാധുത മേധാവി അയാള്‍ക്ക് വ്യക്തമാക്കി
കൊടുക്കുന്നു: “ലോകം എന്നേ തിരിച്ചറിഞ്ഞതാണ് സ്വപ്നങ്ങളുടെ
പ്രാധാന്യം, രാജ്യങ്ങളുടെയും ജനതകളുടെയും വിധി
തീരുമാനിക്കുന്നതില്‍ അവയ്ക്കുള്ള പങ്ക്.....നമ്മുടെ ചക്രവര്‍ത്തിയുടെ
സാമ്രാജ്യം സ്വപ്നങ്ങളുടെ വ്യാഖ്യാനം സ്ഥാപനവല്‍ക്കരിച്ച ലോക ചരിത്രത്തിലെ തന്നെ
ആദ്യ ദേശമാണ്. അത് കൊണ്ട് നമ്മളാ പ്രക്രിയയെ ഒരു വലിയ
അളവ് പൂര്‍ണ്ണതയില്‍ എത്തിച്ചിരിക്കുന്നു.... തബീര്‍
സ്ഥാപിക്കുന്നതിന് പിന്നില്‍ നമ്മുടെ ചക്രവര്‍ത്തിയുടെ ആശയമെന്തെന്നാല്‍, അല്ലാഹു , ഒരു ഇടിമിന്നല്‍ സൃഷ്ടിക്കുന്ന
പോലെയോ, ഒരു മഴവില്ലുയര്‍ത്തുന്ന പോലെയോ, അല്ലെങ്കില്‍ പ്രപഞ്ചത്തിന്റെ നിഗൂഡ ആഴങ്ങളില്‍ നിന്നെവിടെ നിന്നോ ഒരു
വാല്‍നക്ഷത്രത്തെ പൊടുന്നനെ അയക്കുന്നത് പോലെയോ തികച്ചും അപ്രതീക്ഷിതമായി ഒരു
മുന്നറിയിപ്പിന്റെ സ്വപ്നം ഇറക്കിയേക്കാം. അതെവിടെ
സംഭവിക്കും എന്നൊന്നും ചിന്തിക്കാതെയാണ് ഭൂമിയില്‍ അവനതു ഇറക്കുക; അത്തരം വിശദാംശങ്ങളെ കുറിച്ച് ചിന്തിക്കാത്തത്ര ദൂരെയാണവന്‍. നമ്മുടെ കടമയാണ് ആ സ്വപ്നം ഭൂമിയില്‍ എവിടെയാണ് അവതരിച്ചിരിക്കുന്നത്
എന്ന് കണ്ടെത്തുക – കോടികളില്‍ നിന്ന് , ശതകോടികളില്‍
നിന്ന് , മരുഭൂമിയില്‍ കളഞ്ഞു പോയ ഒരു മുത്തിനെ
തേടുന്നത് പോലെ, അതിനെ തേടിപ്പിടിക്കുക.” ഏറ്റവും സുപ്രധാനമായ ഒരു സ്വപ്നം ചിലപ്പോള്‍ "അതിന്റെ നിര്‍ണ്ണായകമായ ശകുനങ്ങളോടെ പരമാധികാരിക്ക് ഒരു മുഴുവന്‍ സൈന്യവും
രാജ്യതന്ത്രജ്ഞ വൃന്ദവും ചേര്‍ന്നാലുണ്ടാവുന്നതിനേക്കാള്‍ പ്രയോജനകരമായിരിക്കും.” കലാപ കാലങ്ങളില്‍ ഉറക്കം കെടുത്തുന്ന സ്വപ്‌നങ്ങള്‍ പെരുകിയേക്കാം എന്നും
ഒരു ജനതയുടെ ഉറക്കമില്ലായ്മക്ക് ഒരു വ്യക്തിയുടെ ഉറക്കമില്ലായ്മയെക്കാള്‍
പ്രാധാന്യമുണ്ടെന്നും മാര്‍ക്ക് ആലം നിരീക്ഷിക്കുന്നു.
കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് മാര്‍ക്ക് ആലം
ഉദ്യോഗക്കയറ്റങ്ങള്‍ നേടിയെടുക്കുന്നത്. വര്‍ഷങ്ങളുടെ തഴക്കമുള്ളവര്‍ക്ക് എത്തിപ്പിടിക്കാനാവാത്ത
വിധം അയാള്‍ 'തെരഞ്ഞെടുപ്പ്' വിഭാഗത്തില്‍ നിന്ന് തബീരിന്റെ സിരാകേന്ദ്രമായ 'സ്വപ്ന വ്യാഖ്യാന' വിഭാഗത്തിലേക്കും പിന്നെ സഹ
മേധാവിയുടെയും വൈകാതെ സ്വതന്ത്ര ചുമതലയിലേക്കും എത്തിപ്പെടുന്നു; അയാള്‍ ഒന്നും ചെയ്യാതെയും അറിയാതെയും തന്നെ. ഇടയ്ക്കിടെ
അതേ പല്ലവി മാത്രം: “നീ ഞങ്ങള്‍ക്ക് യോജിച്ചവനാണ്!”. അടഞ്ഞു കിടക്കുന്ന അനന്തമായ മുറികളും നീണ്ടു നീണ്ടു പോകുന്ന ഇരുണ്ട
ഇടനാഴികളും അവസാനമില്ലാത്ത പടിക്കെട്ടുകളും ഭ്രാന്ത് പിടിപ്പിക്കുന്ന വിജനതയുമുള്ള
ഈ രാവണന്‍ കോട്ടയില്‍ പക്ഷെ എണ്ണമറ്റ ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ദുരൂഹമായ പ്രക്രിയകള്‍ നടക്കുന്നുണ്ട്. ആളുകള്‍
അപ്രത്യക്ഷരാവുകയും ഇല്ലായ്മ ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. മുകളിലേക്കുള്ള പടവുകള്‍ കയറുമ്പോഴും അതൊക്കെയും മാര്‍ക്ക് ആലമിന്
പിടികിട്ടാത്തതായിത്തന്നെ തുടരുന്നു. തന്റെ കുടുംബ
പാരമ്പര്യത്തിന്റെ പിടിപാടിലാണ് താനിവിടെ എത്തിയതെന്ന് അയാള്‍
മനസ്സിലാക്കാനിരിക്കുന്നതെ ഉള്ളൂ. എന്നാല്‍ അതിനോടകം
അയാളുടെ നോട്ടക്കുറവിന്റെ രക്തസാക്ഷിയായി അയാളുടെ പ്രിയപ്പെട്ട അമ്മാവന്‍ കുര്‍ട്ട്
തബീര്‍ സെരെയ് ലില്‍ ഒടുങ്ങിപ്പോവും; അതെങ്ങനെയെന്ന്
ഒരിക്കലും അയാള്‍ക്ക് മുഴുവനായും മനസ്സിലാവില്ലെങ്കിലും. ഒന്ന് മാത്രം അയാള്‍ തിരിച്ചറിയും: അപ്രധാനമെന്നു
തോന്നിയെങ്കിലും തള്ളിക്കളയുന്നതിനു പകരം അയാള്‍ മുകളിലേക്ക് റഫര്‍ ചെയ്ത ഒരു
സ്വപ്നവുമായും ഓരോ ആഴ്ചയിലും സുല്‍ത്താന് നേരിട്ട് സമര്‍പ്പിക്കേണ്ട 'അതിപ്രധാന സ്വപ്ന'(master dream)വുമായും ആ
തിരോധാനത്തിനു ബന്ധമുണ്ട്. ഒരു പാലം, ഒരു സംഗീതോപകരണം, ഒരു വിറളി പിടിച്ച കാള- ഒരു ബന്ധവുമില്ലാത്ത ഈ ബിംബങ്ങളെ അയഥാര്‍ത്ഥമായ ഒരാഖ്യാനത്തിലൂടെ ആരോ
ഇങ്ങനെ ഇഴ ചേര്‍ത്തിരിക്കുന്നു: കുപ്രീലി കുടുംബം (പാലം) അവരെ കുറിച്ചുള്ള ഇതിഹാസ കാവ്യത്തിലൂടെ (സംഗീതോപകരണം) സ്റ്റേറ്റിനെ തകര്‍ക്കാന്‍ (കുപിതനായ കാള) ശ്രമിക്കുന്നു. താന്‍ തന്നെ അത് തള്ളിക്കളഞ്ഞിരുന്നെങ്കില്‍ കുപ്രീലി കുടുംബത്തിന്
അങ്ങനെയൊരു വിധി വരില്ലായിരുന്നു. താനെന്തുകൊണ്ട് ഈ
അസംബന്ധത്തെ മുന്‍കൂട്ടിക്കണ്ട് അതൊഴിവാക്കാന്‍ ശ്രമിച്ചില്ല എന്ന സ്വയം
വിചാരണയില്‍ മാര്‍ക്ക് ആലം കണ്ടെത്തുന്നു: "ഇവിടെ ജോലി
ചെയ്യുന്ന നമ്മള്‍ വിചാരിക്കും നമുക്കെല്ലാം അറിയാമെന്ന്. പക്ഷെ സത്യത്തില്‍ നമുക്കാകെ അറിയാവുന്നത് ഒരു പിടി സ്വപ്നങ്ങളാണ്, കുറച്ചു മേഘ ശകലങ്ങള്‍”. എന്നാല്‍, മറ്റൊരര്‍ഥത്തില്‍ കുര്‍ട്ട് അമ്മാവന്റെ വിധിയും അനിവാര്യമാണ്: കുപ്രീലി കുടുംബത്തിന്റെ തുടക്കവുമായി ബന്ധപ്പെട്ട ഒരു പുരാണത്തില്‍
അതിനൊരു പാലവുമായി ബന്ധമുണ്ട്. കുടുംബത്തിന്റെ സ്ഥാപകന്‍
നിര്‍മ്മിച്ച ആ പാലത്തില്‍ ജീവനോടെ ഒരാള്‍ അടക്കം ചെയ്യപ്പെട്ട്
ബലിയാക്കപ്പെട്ടിട്ടുണ്ട്. “മൂന്നു ആര്‍ച്ചുകളുള്ള പാലം" എന്ന കൃതിയില്‍ കദാരെ ഈ പുരാണം കൂടുതല്‍ കൈകാര്യം ചെയ്യുന്നുണ്ടല്ലോ. ആ കൊലപാതകത്തിന്റെ ശാപഗ്രസ്തമായ ദുഷ്പേര് എന്നും കുപ്രീലി
കുടുംബത്തോടോപ്പമുണ്ടായിരുന്നു. നോവലിന്റെ അവസാന
ഭാഗത്ത് തബീരിന്റെ മേധാവിയെന്ന നിലക്ക് മുകളിലേക്ക് സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട്
തയാറാക്കുമ്പോള്‍ അതൊക്കെയും അയാള്‍ ഓര്‍ത്തെടുക്കുന്നുണ്ട്. ആ രക്തം അവരെ വിടാതെ പിന്‍ തുടര്‍ന്നെന്ന്‍. “അത്
കൊണ്ടായിരിക്കാം ഒരു പക്ഷെ- പുരാതന ഗ്രീക്കുകാര്‍
ശവമടക്ക് സമയത്ത് മുടി മുറിക്കുമായിരുന്നു, എന്നാല്‍
അപ്പോള്‍ മരിച്ചു പോയവന്റെ കുപിതനായ ആത്മാവ് അവരെ തിരിച്ചറിയില്ലെന്നും
ഉപദ്രവിക്കില്ലെന്നും അവര്‍ വിശ്വസിച്ചു. - അത് പോലെ , കുപ്രീലി കുടുംബം അവരുടെ പേര് കുപ്രുലു എന്ന് മാറ്റിയത്; പാലവുമായി അവരെ ബന്ധപ്പെടുത്തുന്നത് ഒഴിവാക്കാനായി.” എന്നാല്‍ രക്തം എപ്പോഴും ഉണര്‍ന്നിരിക്കും. അപ്പോള്‍
ബലിയുടെ പിന്‍തുടര്‍ച്ച ഒരനിവാര്യത ആവുകയാണോ? “മൂന്നു ആര്‍ച്ചുകളുള്ള
പാലം" എന്ന നോവലിന്റെ അവസാനം ജോണ്‍ ഉക്കാമ
ഭയപ്പെട്ടത് അസ്ഥാനത്തായിരുന്നില്ലെന്നു വീണ്ടും തെളിയുകയാവാം. കുര്‍ട്ട് അമ്മാവന്‍ ഏകാധിപത്യത്തിന്റെ അധികാര സമവാക്യങ്ങളെ തുറന്നെതിര്‍ക്കുന്ന
ആളായിരുന്നു. തബീറിനെ കുറിച്ച് അദ്ദേഹം ഒട്ടും
ഉന്മേഷവാന്‍ ആയിരുന്നില്ല. “അത് ഏറ്റവും മാനവിക നിരപേക്ഷവും
മാരകവും ഏകാധിപത്യ പരവുമാണ് … പ്രജകളുടെ ബോധത്തിന്റെ ഇരുണ്ട വശങ്ങള്‍ സ്റ്റേറുമായി
നേരിട്ട് ഇടപെടുന്നയിടം....പൊതുജനം ഭരിക്കുന്നില്ല... എന്നാല്‍ സ്റ്റേറിന്റെ എല്ലാ കാര്യങ്ങളിലും, അതിന്റെ
കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ , സ്വാധീനം
ചെലുത്താനുള്ള ഒരു മാര്‍ഗ്ഗം അവര്‍ക്കുണ്ട്. അതാണ്
തബീര്‍ സെരെയ്ല്‍ .” പൊതുജനങ്ങളുടെ
കൂട്ടുത്തരവാദിത്തം എന്ന ജനാധിപത്യ സങ്കല്പ്പത്തെയാണ് കുര്‍ട്ട് സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ആതരം ഒരവകാശവും സ്ഥാപിച്ചു കൊടുക്കുന്നില്ലാത്ത
സാഹചര്യത്തില്‍ തബീര്‍ സെരെയ്ല്‍ സാമ്രാജ്യത്തിലെ ഏറ്റവും അസംബന്ധപൂര്‍ണ്ണമായ
സ്ഥാപനമാണെന്നും അയാള്‍ കരുതുന്നു. തുര്‍ക്കികള്‍
തങ്ങളോട് അധികാരം പങ്കുവയ്ക്കുന്നതിനെ കുറിച്ചും കൂടുതല്‍ തീവ്രമായി അയാള്‍
തുറന്നടിക്കുന്നുണ്ട്: "അധികാരം പങ്ക് വയ്ക്കുകയെന്നാല്‍
പരവതാനികളും സ്വര്‍ണ്ണ അലുക്കത്തുകളും പങ്ക് വെക്കുക മാത്രമല്ല. അതൊക്കെ പിന്നീടാണ് വരിക. അതിനൊക്കെ മേലെ, അധികാരം പങ്ക് വെക്കല്‍ കുറ്റകൃത്യങ്ങള്‍ പങ്ക് വെക്കലാണ്!" നോവലില്‍ കദാരെയുടെ ഒരു ശബ്ദമുണ്ടെങ്കില്‍ അത് തീര്‍ച്ചയായും കുര്‍ട്ട്
തന്നെയാണ്. അത് കൊണ്ട് സര്‍വ്വാധിപത്യത്തി ന്റെ
ബലിക്കല്ലില്‍ അയാള്‍ക്ക് വേറെ വിധിയുണ്ടാവുക വയ്യ.
തബീറിലെ സ്വപ്ന വ്യാഖ്യാനം 'ഒരു പാമ്പ് അപശകുനം, ഒരു കിരീടം ശുഭശകുനം' എന്നിങ്ങനെ പരമ്പരാഗത
രീതിയിലല്ലെന്ന് ഡയരക്റ്റര്‍ മാര്‍ക്ക് ആലമിനെ ഓര്‍മ്മിപ്പിക്കുന്നു. 'മറ്റൊരു തരം ലോജിക്, മറ്റു സിംബലുകളും
സിംബലുകളുടെ സങ്കരങ്ങളും' ആണിവിടെ ഉപയോഗിക്കപ്പെടുക. കൂടുകള്‍ താത്വിക പരിശീലനം ആവശ്യമില്ലെന്നും സ്വപ്നങ്ങളുടെ വ്യാഖ്യാനം
മറ്റെന്തിനെക്കാളും സര്‍ഗ്ഗ വൃത്തിയാണെന്നും അയാള്‍ പറയുന്നു. മറ്റൊരര്‍ഥത്തില്‍ ഊഹാപോഹങ്ങളും അന്ധവിശ്വാസങ്ങളും യുക്തിരാഹിത്യവും
ഭരിക്കുന്ന ഒരു പോസ്റ്റ്- ഫ്രോയ്ഡിയന്‍ സ്വപ്ന
ഫാക്റ്ററി ആണതെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍
അസംബന്ധങ്ങളുടെ വെറും കെട്ടുകാഴ്ച്ചയായിരിക്കുമ്പോഴും സ്വപ്നങ്ങളുടെ കൊട്ടാരം
പൗരജീവിതത്തെ ഏറ്റവും ആഴത്തിലും ഭീഷണമായും ചൂഴ്ന്നിരിക്കുന്നു. സംശയകരമായ സ്വപ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരെ കൊട്ടാരത്തിനകത്തേക്ക് 'കൂടുതല്‍ വ്യക്തത'ക്ക് വേണ്ടി കസ്റ്റഡിയില്‍ കൊണ്ട്
പോവുന്നത് കാണാം. എന്ത് വ്യക്തതയാണ് സ്വതേ അവ്യക്തമായ
സ്വപ്നസ്വത്വത്തില്‍ നിന്ന് അവര്‍ക്ക് നല്‍കാനാവുക! “ഉറക്കത്തിന്റെ
ലോകം... അത് മരിച്ചവരുടെ രാജ്യം പോലെയാണ്. നമ്മളെന്തു നിസ്സഹായരാണ്, അത്തരം ഫയലുകളില്‍
ജോലി ചെയ്യേണ്ടി വരുന്നവര്‍!” എന്ന് ഒരു സഹപ്രവര്‍ത്തകന്‍
തന്നെ മാര്‍ക്ക് ആലമിനോട് അടക്കം പറയുന്നുണ്ട്. കസ്റ്റഡിയില്‍
എടുക്കപ്പെടുന്നവര്‍ പിന്നീടൊരിക്കലും തിരിച്ചു പോവുന്നില്ല . തബീറിലെ അന്തരീക്ഷത്തിനു പുരാണപ്രോക്തമായ മരിച്ചവരുടെ ലോകവുമായൊക്കെ
സാമ്യമുണ്ട്. ജോലിയുടെ മടുപ്പും മുഷിപ്പും വ്യാപ്തിയും
ചേര്‍ന്ന് ഉറക്കം നഷ്ടപ്പെടുകയും സ്വന്തമായി സ്വപ്‌നങ്ങള്‍ ഇല്ലാതാവുകയും
ചെയ്യുന്നു മാര്‍ക്ക് ആലമിന്. തബീറില് കുറെ കാലം ജോലി
ചെയ്താല്‍ പിന്നെ 'ഈ ലോകത്തിന്റെ അത്ഭുതങ്ങളോ ഭീകരതകളോ
ഒരാളെ അലട്ടാതാവുമെന്നു മാര്‍ക്ക് ആലം കണ്ടെത്തുന്നു. സ്വര്‍ഗ്ഗവും
നരകവും ഒന്നാവുന്ന, എത്ര ഭീകരം/ എത്ര അത്ഭുതകരം എന്നീ പ്രയോഗങ്ങള്‍ പരസ്പരം മാറ്റി ഉപയോഗിക്കാവുന്ന/ ഉപയോഗിക്കുന്ന അതിനകത്തെ അന്തരീക്ഷത്തിന്റെ 'വിളറിയ
പതിപ്പുകള്‍' മാത്രമാണ് പുറം ലോകം. അതിനകത്ത് തന്നെയും 'ജീവിതത്തോട് തുലനം
ചെയ്യുമ്പോള്‍ തബീര്‍ സരയ്ല്‍ സ്വയം ഉറക്കം പോലെയാണെങ്കില്‍ അതിനകത്തെ ആര്‍ക്കൈവ്
ഉറക്കത്തിന്റെയും ആഴങ്ങളിലെ ഉറക്കത്തിന്റെതാണ്. … ഒരു
ചരിത്ര പുസ്തകവും ഒരു സര്‍വ്വ വിജ്ഞാന കോശവും ഒരു മഹാ ഗ്രന്ഥവും , അതെല്ലാം ചേര്‍ത്തു വച്ചാലും , അല്ലെങ്കില്‍
ഒരു സ്കൂളും സര്‍വ്വ കലശാലയും പുസ്തക ശേഖരവും ലോകത്തെ കുറിച്ച് ഈ ആര്‍ക്കൈവ്സിന്റെ
അത്രയും വെളിപ്പെടുത്തില്ല' എന്ന് ഊറ്റം കൊള്ളുന്നു
അവിടത്തെ സൂക്ഷിപ്പുകാരന്‍.
അല്‍ബേനിയയിലെങ്ങും പടരുന്ന ഉറക്കമില്ലായ്മയും പണത്തിന്റെ
മൂല്യ ശോഷണവും ഒരു വിശദീകരണവുമില്ലാത്ത വിധം തനിക്ക് ലഭിച്ചു കൊണ്ടേയിരിക്കുന്ന
സ്ഥാനക്കയറ്റവുമൊക്കെ കുപ്രീലി കുടുംബം അതിശക്തമായി തിരിച്ചടിച്ചിരിക്കുന്നു എന്ന
അറിവും ഒപ്പം മറ്റൊരു ചിന്തയും കൊണ്ട് വരുന്നുണ്ട് മാര്‍ക്ക് ആലമില്‍. പിന്നെന്തു കൊണ്ട് കുര്‍ട്ട്
അമ്മാവന്റെ മരണം അവര്‍ക്ക് ഒഴിവാക്കാനായില്ല? അയാള്‍
കണ്ടെത്തുന്നുണ്ട്: ഒരു വേള കുടുംബത്തില്‍
മേധാവിത്തമുള്ള ആര്‍ക്കോ, സ്റ്റേറ്റിനെ പോലെത്തന്നെ, കുര്‍ട്ട് അമ്മാവന്‍ അനഭിമതനായിരുന്നിരിക്കാം. കുടിപ്പകകളുടെ
അനന്തമാവര്‍ത്തിക്കുന്ന ചരിത്ര മാലിന്യം തന്നെയാണല്ലോ സാമ്രാജ്യങ്ങളുടെ
ഉദയാസ്തമനങ്ങളുടെയും കഥ. അസംബന്ധ ജടിലമായ 'സ്വപ്ന'ക്കൂമ്പാരങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ കണ്ട
വിചിത്രവും അതിശക്തവുമായ ഒരു സ്വപ്നത്തിന്റെ വിശദാംശമുണ്ട്: ഒരുകൂട്ടം നോക്കുകുത്തികളും മരങ്ങളൊന്നുമില്ലാത്ത സമതലവും പ്ലേഗ് ബാധിച്ചു
പതിനൊന്നാം നൂറ്റാണ്ടു മുതല്‍ ചത്തുകുമിഞ്ഞ കടുവകളും അടങ്ങുന്ന ഒന്ന്. സ്വപ്നത്തിന്റെ മറ്റൊരു ഭാഗത്ത് ഒരു നരകത്തിന്റെ ചിത്രമുണ്ട് . എന്നാല്‍ പതിവിനു വിപരീതമായി മനുഷ്യരല്ല അവിടത്തെ അന്തേവാസികള്‍. പകരം മരിച്ചു പോയ സ്റ്റേറ്റുകളാണ്. അവയുടെ
ജഡങ്ങള്‍ എങ്ങും പരന്നു കിടന്നു: സാമ്രാജ്യങ്ങള്‍, രാജ ഭരണ പ്രദേശങ്ങള്‍, ഭരണഘടനയുള്ള രാജവാഴ്ചകള്‍, കോണ്‍ഫെഡറേഷനുകള്‍... സ്വപ്ന ദര്‍ശനമുണ്ടാവുന്നയാള്‍
വിവരിക്കുന്നു: 'ടാംബെര്‍ലെയ്നിന്റെ രാഷ്ട്രം അതിലെ
ചോരക്കറകള്‍ മറക്കും വിധം ചായം പൂശുന്നത് ഞാന്‍ കണ്ടു. ഹെരോദിന്റെ
ദേശവും അതെ പോലെ. ആ ദേശം മൂന്നാം തവണയാണ് ഭൂമിയില്‍
ഉയിര്‍ത്തത്. ഇനിയുമിനിയും അതങ്ങനെ വളരും, വീഴും, വീണ്ടും ഉയിര്‍ക്കും.' എല്ലാ ആധുനിക രാഷ്ട്രങ്ങളും, ഒട്ടോമന്‍
സാമ്രാജ്യം ഉള്‍പ്പടെ, കാലം കുഴിച്ചുമൂടിയ
രക്തക്കൊതിയന്മാരായ രാഷ്ട്രങ്ങളുടെ ഇത്തരം പുനരവതാരങ്ങ ളാണ് എന്ന് അയാള്‍
വിശ്വസിക്കുന്നു. ചില്ലറ വ്യത്യാസങ്ങള്‍ ഉണ്ടാവാം: കൊടിയുടെ നിറം, ചിഹ്നങ്ങള്‍, പുരാണങ്ങള്‍... അങ്ങനെ.
'അല്‍ബേനിയന്‍ സോള്‍ഷെനിത് സിന്‍' എന്ന അപരനാമത്തിലോ മാജിക്കല്‍ റിയലിസമെന്ന നിരൂപക
രൂപക്കൂടിലോ താല്പര്യമില്ല ഇസ്മയില്‍ കദാരെയ്ക്ക്. ഫിക്ഷന്റെ വ്യത്യസ്ത
ജനുസ്സുകളില്‍ (genre) ഇടപെടുമ്പോഴും
എപ്പോഴും സുവ്യക്തമായി നില നില്‍ക്കുന്ന എഴുത്തിലെ നിലപാടുകളും തനതായ വിഷയങ്ങളും
കാരണം ഇസ്മയില്‍ കദാരെ എന്ന വലിയ എഴുത്തുകാരനെ പ്രതീക്ഷളുടെ മുന്‍ നിരയില്‍
കുടിയിരുത്തുന്നു അനുവാചകര്‍. കൂടുതല്‍ ആത്മ കഥാപരമായ 'ശിലയിലെ പുരാവൃത്തം (Chronicle in Stone)' , ബാള്‍ക്കന്‍ സംഘര്‍ഷങ്ങള്‍ പശ്ചാത്തലമാക്കിയ 'ആകസ്മികം (The Accident)' തുടങ്ങിയ കൃതികളില്‍ കദാരെ തന്റെ അന്വേഷണങ്ങള്‍ക്ക് സമകാലീന
മാനങ്ങള്‍ നല്‍കുന്നത് കാണാം.
(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 48-57)
To purchase, contact
ph.no: 8086126024
More on Ismail Kadare:
Chronicle in Stone
https://alittlesomethings.blogspot.com/2024/07/chronicle-in-stone-by-ismail-kadare.html
Dictiator Calls
https://alittlesomethings.blogspot.com/2024/07/dictator-calls-by-ismail-kadare.html
Chronicle in Stone and The
Accident by Ismail Kadare https://alittlesomethings.blogspot.com/2015/06/blog-post.html
The Three-Arched Bridge by
Ismail Kadare
https://alittlesomethings.blogspot.com/2014/12/sacrifice-in-blood-sacrifice-of-breast.html
The Palace of Dreams by
Ismail Kadare
https://alittlesomethings.blogspot.com/2014/11/spectral-visions-of-dictatorships.html