പ്രിയപ്പെട്ടവരേ,
കെ.ജെ. ബേബിയുടെ കൃതികളിലൂടെയുള്ള ഒരു യാത്ര കഴിഞ്ഞ
കുറച്ചു കാലമായി എന്റെ എഴുത്തിനെയും ചിന്തകളെയും നയിക്കുന്നുണ്ട്. കൊളോണിയൽ പൂര്‍വ്വകാലം മുതൽ ഇന്നുവരെയും മുഖ്യധാരയുടെ പുറമ്പോക്കുകളിൽ നിർത്തപ്പെട്ട ആദിവാസി
ജീവിതങ്ങളെയും മലബാറിലെ ഇതര കര്‍ഷക ഭൂരഹിത/ കുടിയാന്‍ ജീവിതങ്ങളെയും അവരുടെ സ്മൃതി/
ജ്ഞാന പാരമ്പര്യങ്ങളെയും ബേബി എങ്ങനെയാണ് തന്റെ വിമോചന ദർശനത്തിന്റെ
ഭാഗമാക്കുന്നത് എന്ന അന്വേഷണമാണ് പ്രധാനമായും ഈ പുസ്തകം.
ഗോത്ര മിത്തുകളിലും പുരാണങ്ങളിലും ഒളിഞ്ഞുകിടക്കുന്ന
സമത്വ സങ്കല്പങ്ങളെ വിമോചന ദൈവശാസ്ത്രത്തോടും ഗാന്ധിയൻ ദർശനങ്ങളോടും
കൂട്ടിയിണക്കുന്ന സവിശേഷമായ ഒരു ശൈലിയാണ് അദ്ദേഹത്തിന്റേത്. പ്രകൃതിയെയും
സ്ത്രീപക്ഷതയെയും ഉൾക്കൊള്ളുന്ന ഈ വിമോചന സങ്കല്പം വര്‍ത്തമാന കാലത്ത് എത്രത്തോളം
പ്രസക്തമാണെന്ന് പരിശോധിക്കാനാണ് 'മാവേലിമന്‍റങ്ങള്‍' ശ്രമിക്കുന്നത്.
ഈ ബൗദ്ധിക യാത്രയിൽ പലവിധത്തിൽ കൂടെയുണ്ടായിരുന്ന, സംവാദങ്ങളിലൂടെ ആശയങ്ങളെ
തെളിച്ചെടുത്ത നിങ്ങളോരോരുത്തരോടും ഈ സന്തോഷം പങ്കുവെക്കുന്നു. പുസ്തകം ഉടൻ
നിങ്ങളുടെ കൈകളിലെത്തും.
സ്നേഹത്തോടെ, ഫസല്‍ റഹ്മാന്‍
ആമുഖത്തില്‍ നിന്ന്:
“സബ് സഹാറൻ, ട്രാൻസ്
അറ്റ്ലാന്റിക് അടിമ വ്യാപാരത്തെ കുറിച്ചും ആസ്ട്രേലിയൻ, അമേരിക്കൻ ആദിമ ജനതകളുടെ
ഉന്മൂലനത്തെ കുറിച്ചും വാചാലരാകുന്ന മലയാളി ബുദ്ധിജീവികളിൽ എത്രപേർക്ക് അതേ
കാലത്തും ഒരുവേള അതിനു ശേഷവും മഞ്ചേരിയിൽ നിലനിന്ന അടിമച്ചന്തകളെ കുറിച്ചറിയാം
എന്നത് കൗതുകകരമാണ്. ‘ഗുഡ്ബൈ മലബാറി’ലെ ലോഗന്‍ കണ്ടെത്തുന്നപോലെ ‘1,87,812’
കണക്കില്‍പ്പെട്ട അടിമകള്‍ മലബാറില്‍ മാത്രം ഉണ്ടായിരുന്നത് പത്തൊമ്പതാം
നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് എന്ന് നാം നമ്മുടെ കുട്ടികളോട് പറയാറില്ല; അതും
കുറയുന്ന ഗ്രാഫിലേക്കായിരുന്നില്ല മുന്നോട്ടു പോയത് എന്നും. ഈ സഞ്ചിത സാമൂഹിക ആന്ധ്യത്തിന്റെ എതിരറ്റത്താണ്
കെ.ജെ. ബേബിയെന്ന മനുഷ്യനും അദ്ദേഹത്തിൻറെ കൃതികളും, നാടകങ്ങൾ, പാട്ടുകൂട്ടങ്ങൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ
തുടങ്ങിയ ഇടപെടലുകളും ഇടംപിടിച്ചത്. ചരിത്രം രേഖപ്പെടുത്തിയ ആ നടുക്കുന്ന
കണക്കുകളെക്കാൾ തീക്ഷ്ണമാണ് അദ്ദേഹം ആവിഷ്കരിച്ച മനുഷ്യരുടെ ആത്മനൊമ്പരങ്ങൾ...”
അവതാരികയില്‍ ശ്രീ. മുസഫര്‍ അഹമ്മദ്:
“...1981ൽ തൃശൂരിൽ ബേബിയുടെ "നാടുഗദ്ദിക" കണ്ടതിന്റെ അനുഭവം
ഓർത്തു കൊണ്ടാണ് ഫസൽ റഹ്മാന്റെ ഈ പുസ്തകം തുടങ്ങുന്നത്. ബേബി സ്വന്തമായിത്തന്നെ ഒരങ്ങായിരുന്നുവെന്ന
യാഥാർഥ്യം ഈ തുടക്കവരികളിൽ നിന്നു തന്നെ വായനക്കാരന് ലഭിക്കും. ആഖ്യാനങ്ങളുടെ, വ്യാഖ്യാനങ്ങളുടെ, തിരിച്ചറിവുകളുടെ, തിരുത്തുകളുടെ
ആ അരങ്ങിലേക്ക് വായനക്കാരെ ഈ പുസ്തകം കൊണ്ടു പോകുന്നു എന്നത് അങ്ങേയറ്റം
പ്രധാനപ്പെട്ട കാര്യമാണ്. ബേബി മാഷുടെ "കനവി"ൽ ഒരിക്കലെങ്കിലും
പോയവർക്ക് അവിടുത്തെ പാട്ടുകൾ കേൾക്കാൻ ഇരുന്നവർക്ക് അറിവും അരങ്ങും ജീവിതവും
കെട്ടു പിണഞ്ഞു കിടന്നത് കാണാതിരിക്കാനാകുമായിരുന്നില്ലല്ലോ.
നാടകങ്ങളായ
നാടുഗദ്ദിക, കുഞ്ഞിമായിൻ എന്തായിരിക്കും
പറഞ്ഞത്?
നോവലുകളായ മാവേലിമന്റം, ബെസ്പുർക്കാന, ഗുഡ്ബൈ മലബാർ, ചലച്ചിത്രമായ ഗുഡ എന്നീ കെ.ജെ.ബേബിയുടെ ആഖ്യാന-സർഗ ലോകങ്ങളിലേക്ക് അതിസൂക്ഷ്മമായി, അതിന്റെ വേരുകളിലേക്കും ആകാശങ്ങളിലേക്കും, ഒരേ പോലെ വെളിച്ചം വീഴ്ത്തുകയാണ് ഫസൽ റഹ്മാന്റെ ഈ
പുസ്തകം. മലബാർ സംവാദത്തിൽ ആരും തുറക്കാത്ത ലോകമാണ് കെ.ജെ.ബേബി മലയാളിക്ക് മുൻപിൽ
വെച്ചതെന്ന് ഗ്രന്ഥകാരൻ അനുഭവത്തിലും ചരിത്രത്തിലും
രാഷ്ട്രീയത്തിലും സൗന്ദര്യ-സാഹിത്യ ശാസ്ത്രത്തിലും ചവിട്ടി നിന്ന് ഈ താളുകളിൽ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.”
No comments:
Post a Comment