Featured Post

Wednesday, May 20, 2026

Snow Lotus by Sonia Cheriyan - Malayalam Novel

 ‘സ്നോ ലോട്ടസ്’ – തേടലും കണ്ടെത്തലും



സോണിയ ചെറിയാന്‍ രചിച്ച സ്നോ ലോട്ടസ് എന്ന പുസ്തകം ‘പിതാവിനെ തേടല്‍ എന്ന ചിരപരിചിത സാഹിത്യ രൂപകത്തെ പിന്‍പറ്റുന്നു. ഈ തേടല്‍ ഭൌതികാര്‍ത്ഥത്തിനപ്പുറം അതീത മാനങ്ങളുള്ള മുതിര്‍ന്നുവരവിന്റെ പ്രക്രിയ ആയി മാറുന്നതിനു സാഹിത്യത്തില്‍ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ഒഡീസ്സിയൂസിനെ തേടുന്ന ടെലെമാക്കസിന്റെ ഇതിഹാസ പാരമ്പര്യം മുതല്‍ കടന്നുവരുന്ന ഈ മാതൃകയില്‍ ജെയിംസ് ജോയ്സ്, ഹെര്‍മന്‍ ഹെസ്സെ, തോമസ്‌ മന്‍ തുടങ്ങിയ അതികായരുടെ നിരതന്നെയുണ്ട്. ആത്മീയ ദാര്‍ശനിക തലങ്ങളിലേക്ക് ഉയരുന്ന തേടലിന്റെയും കണ്ടെത്തലിന്റെയും വിശാല ഭൂമികയില്‍ പക്ഷെ അത്ര ആന്തരികമായല്ല സ്നോ ലോട്ടസ് ചേര്‍ന്നുനില്‍ക്കുന്നത്.

ഇരുപതാണ്ടുകള്‍ക്ക് മുമ്പ് ദുരൂഹ സാഹചര്യങ്ങളില്‍ ഒരു സൈനിക ദൌത്യത്തിനിടെ കാണാതായ പിതാവിനെ കണ്ടെത്താനുള്ള മകളുടെ ശ്രമങ്ങള്‍ അതിന്റെ ആഡ്രിനാലിന്‍ തള്ളിച്ചയുടെ നിമിഷങ്ങളിലേക്ക് വേണ്ടുവോളം കടന്നു ചെല്ലുന്നുണ്ട്. എന്നിരിക്കിലും അടിസ്ഥാനപരമായി ഒരു ക്ലോഷറില്‍ പരിഹരിക്കപ്പെടുന്ന ഒന്നായാണ് പ്രസ്തുത യാനം നോവലില്‍ ആവിഷ്കരിക്കപ്പെടുന്നത്. അന്വേഷണം നടത്തപ്പെടുന്ന ഭൂമികയുടെ പരുക്കന്‍ പ്രകൃതവും മെരുങ്ങാത്ത സ്ഥല-കാല രാശികളും ചേര്‍ന്ന് വിശ്വസനീയതയുടെ അതിര്‍ വരമ്പുകള്‍ അങ്ങേയറ്റം നീട്ടിവലിക്കുന്നുണ്ട്. പക്ഷെ ഒരു അഡ് വെഞ്ചര്‍ കഥയുടെ ഇന്‍സ്റ്റന്റ് പിരിമുറുക്കം എന്നത് സാഹിത്യചര്‍ച്ചയായി പരിണമിക്കേണ്ടതില്ല തന്നെ.

‘സ്നോ ലോട്ടസി’നെ ഇത്തരം പരിമിതിയില്‍നിന്ന് വലിയൊരളവു രക്ഷിക്കുന്നത് നോവലില്‍ നിബന്ധിച്ചിട്ടുള്ള മറ്റൊരു ഇതിവൃത്ത/ ആഖ്യാന ധാരയാണ്. സൈനിക ഡോക്റ്റര്‍ ആയ മുഖ്യകഥാപാത്രത്തിന്റെ സുഹൃത്തും സ്നേഹമയിയായ മനസാക്ഷി സൂക്ഷിപ്പുകാരിയുമായ സഹപ്രവര്‍ത്തക, വഴികാട്ടിയും പ്രണയവും ആത്മ ഇരട്ടയും ആയിത്തീരുന്ന യുവ ലാമ, യാത്രക്കിടെ കണ്ടുമുട്ടുന്ന വൃദ്ധ ലാമ, മറ്റനേകം ടിബറ്റന്‍ പ്രവാസികള്‍, തുടങ്ങിയവരിലൂടെ അവതരിപ്പിക്കപ്പെടുന്ന ടിബറ്റന്‍ അനുഭവത്തിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ ട്രോമകളുടെ കഥയാണ് അത്. ഔദ്യോഗിക ചരിത്രങ്ങളും ലോകമനസ്സാക്ഷിയും വലിയ തോതില്‍ തമസ്കരിച്ച ഒന്നാണ് ടിബറ്റന്‍ അനുഭവം. ഭൗമ പ്രകൃതിയുടെ ഒറ്റപ്പെടലിലും പരമ്പരാഗത ബുദ്ധ ദര്‍ശനത്തിന്റെ സാത്വിക ജീവിതക്രമത്തിന്റെ ഭാഗമായി ശാന്തിയും സമാധാനവും കളിയാടിയിരുന്ന, ലോകത്ത് മറ്റേതൊരു ജനതയെക്കാളും ആത്മീയ മൂല്യങ്ങളില്‍ ജീവിച്ചുവന്ന ഒരു ജനത സായുധ അധിനിവേശത്തിന്റെ ഫലമായി പറിച്ചെറിയപ്പെട്ടതിന്റെ, പത്തുലക്ഷം മനുഷ്യര്‍ കൂട്ടക്കുരുതിക്ക് ഇരയായതിന്റെ, അതിലും എത്രയോ ഇരട്ടി അഭയാര്‍ഥികള്‍ ആയിത്തീര്‍ന്നതിന്റെ കഥ. അതിന്റെ ഭാഗമായി ജന്മദേശം ഒരോര്‍മ്മയും പിന്‍ വിളി വിളിക്കുന്ന വിങ്ങലും ആയി അനുഭവിക്കുന്നവരും അവരുടെ പിന്‍ തലമുറകളുമായ കഥാപാത്രങ്ങളാണ് ഇവരെല്ലാം. നോവലിന്റെ സാര്‍ത്ഥക മര്‍മ്മം ഈ അനുഭവങ്ങളുടെ ആവിഷ്കാരമാണ് എന്നു പറയാം. ആ അര്‍ത്ഥത്തില്‍ പിതാവിനെ തേടിയുള്ള മകളുടെ പുറപ്പാട് എന്ന ഇതിവൃത്ത ധാര ഒരു ആഖ്യാനചട്ടക്കൂട് (framing device) എന്നേയുള്ളൂ.

പ്രണയം എന്നത് നോവലിലെ ഒരു സുപ്രധാന പ്രമേയമാണ് എന്നുമാത്രമല്ല, നോവലിനെ ഏറെ വ്യത്യസ്തമാക്കുന്ന ഒരു ഘടകവും അതാണ്. പ്രണയ കഥയുടെ പതിവ് ചിട്ടവട്ടങ്ങള്‍ ഒന്നുമില്ല എന്ന് മാത്രമല്ല, ‘തേടല്‍’ പ്രമേയത്തെ പരിമിതപ്പെടുത്തിക്കളഞ്ഞ പരിസമാപ്തി പ്രവണതയും ഇവിടെ ബാധ്യതയായിട്ടില്ല. ഗോപയ്ക്കും ദാവോയ്ക്കും ഒരുമിക്കാനായേക്കില്ല, പക്ഷെ അതൊരു പ്രണയ പരാജയമാണോ? പ്രണയത്തെക്കാള്‍ വലിയ സാക്ഷാത്കാരങ്ങളുണ്ട്‌ എന്നേ യുവ ലാമയ്ക്ക് പറയാനാകൂ. അത് ബഹളങ്ങളില്ലാതെ മനസ്സിലാക്കുന്നതിലേക്ക്, അതിലേക്ക് അയാളെ സ്വതന്ത്രനാക്കുന്നതിലേക്ക് ഗോപ വളരുന്നു എന്നതാകാം നോവല്‍ ബാക്കിവെക്കുന്ന ഒരു ആത്മീയവികാസ പാഠം എന്നുവരാം.

പ്രവാസത്തിന്റെ വേദനകള്‍ വേണ്ടുവോളം ആവിഷ്കരിച്ചിട്ടുള്ള പോസ്റ്റ്‌കൊളോണിയല്‍ സാഹിത്യം അത്രയൊന്നും എടുത്തുപറയാത്ത ഒരു തമോഗര്‍ത്തമുണ്ട് അതില്‍: പ്രവാസം പലപ്പോഴും ഒരു ആര്‍ഭാടമാണ്‌: രക്ഷപ്പെടുന്നവര്‍ക്ക് സുരക്ഷിത അകലത്തിലിരുന്നു ജന്മദേശത്തെ ഓര്‍ത്ത്‌ വിലപിക്കാം, കവിതയെഴുതാം. പക്ഷെ അതിനു കഴിയാതെ പോയവരെക്കാള്‍/ കുരുങ്ങിപ്പോയവരെക്കാള്‍ അവര്‍ യോഗ്യരാകുന്നില്ല. സിംബാബ് വിയന്‍ നോവലിസ്റ്റ് നോ വയലറ്റ് ബുലവായോയുടെ വിഖ്യാത നോവലില്‍ ഗൃഹാതുരതയോടെ നാട്ടിലേക്ക് വിളിക്കുന്ന മുഖ്യകഥാപാത്രത്തോട് അങ്ങ് നാട്ടിലെ കൂട്ടുകാരി പറയുന്നുണ്ട്: “നീയല്ല അനുഭവിക്കുന്നത്ബി.ബി.സിയില്‍ കണ്ടാല്‍ എന്താണ് നടക്കുന്നതെന്ന് അറിയാമെന്നാണോ നീ കരുതുന്നത്ഇല്ല സുഹൃത്തെ, നിനക്കറിയില്ല, മുറിവിനുമാത്രമേ വേദനയുടെ സ്വഭാവമറിയൂയഥാര്‍ത്ഥദുരിതം അനുഭവിച്ചുകൊണ്ട്‌ ഇവിടെത്തന്നെ നിന്ന ഞങ്ങള്‍ക്കാണ് അതെക്കുറിച്ച് എന്തെങ്കിലും പറയാന്‍.. അവകാശമുള്ളത്.” (We Need New Names- No Violet Bulawayo- P. 285) ‘സ്നോ ലോട്ടസി’ലെ വിമത ലാമയുടെ വാക്കുകളില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയനാകേണ്ടി വരുന്നതിന്റെ ഗതികേടും ധര്‍മ്മസങ്കടങ്ങളും നിഴലിക്കുന്നതില്‍ ഈ യാഥാര്‍ത്ഥ്യബോധം പ്രതിഫലിക്കുന്നുണ്ട്. “ഓടിപ്പോയവര്‍ മഹാന്മാരെങ്കില്‍ ഓടിപ്പോകാത്തവരും മഹാന്മാരാണ്...” ഓരോ രാത്രിയിലും തന്നോടും തന്റെ ആത്മാവിനോടും ബുദ്ധനോടും “ചോര വീഴ്ത്തി സമാധാനം പറയേണ്ടി” വരുന്നതിനെ കുറിച്ച് അയാള്‍ വിതുമ്മുന്നു.

തിരികെ പോകാനും ജനിച്ച മണ്ണില്‍ അലിഞ്ഞുചേരാനുമുള്ള അന്തിമാഭിലാഷം പ്രവാസിയുടെ സാര്‍വത്രിക ഭാവമാണ്. നോവലില്‍ ഗോപക്കും ദാവോയ്ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി യാത്രയാക്കുന്ന വൃദ്ധ ലാമ ഉള്‍പ്പടെ പലരും ഈ സ്വപ്നം പങ്കുവെക്കുന്നുണ്ട്. ആറാമത് ദലൈലാമ റ്റ്സാങ് യാങ് ഗ്യാസ്റ്റോ പ്രവാസ നാളുകളില്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ലിതാങ് കാരിയായ തന്റെ  പ്രണയിനിയെ കുറിച്ചോര്‍ത്ത് രചിച്ച കവിത നോവലില്‍ സ്മരിക്കപ്പെടുന്നുണ്ട്: “White Crane, lend me your wings/ I do not go far/ To Lithang/ And then back” ഈ ഭാഗം വായിച്ചപ്പോള്‍ പ്രസ്തുത വാക്യം തലേക്കെട്ടാക്കി ടിബറ്റന്‍ ഇംഗ്ലീഷ് നോവലിന്റെ പിതാവായ റ്റ്സെവാന്‍ യിഷേ പെമ്പ രചിച്ച നോവല്‍ ഓര്‍ത്തുപോയി (White Crane, Lend Me Your WingsA Tibetan Tale of Love and War by Tsewang Yishey Pemba). ഡോ. പെംബയുടെ കൃതി ടിബറ്റ്‌ നേരിട്ട ഇരട്ട കൊളോണിയലിസത്തെ കുറിച്ചാണ് ഉത്കണ്ഠപ്പെടുന്നത്: ചൈനയുടെ രാഷ്ട്രീയ അധിനിവേശം അതില്‍ ഒന്നാണ്. എന്നാല്‍ തുല്യ പ്രാധാന്യമുള്ള മറ്റൊന്നാണ്, ടിബറ്റിന്റെ ആത്മീയ പൈതൃകത്തെയും ഭൂപ്രകൃതിയുടെ മിസ്റ്റിക് സൌന്ദര്യത്തെയും നിഗൂഡവല്‍ക്കരിച്ചും അതിഭൗതികവല്‍ക്കരിച്ചും തങ്ങളുടെ ഒറിയന്റലിസ്റ്റ് നരേറ്റിവുകള്‍ക്ക് അനുരോധമായി ചിത്രീകരിക്കുന്ന പാശ്ചാത്യകേന്ദ്രിത സാംസ്കാരിക കൊളോണിയലിസം. സമകാലിക സാഹിത്യ വിചാരങ്ങളില്‍ പ്രമുഖമായ ഈ പരിഗണനയ്ക്ക് ടൂറിസം മാപ്പുകളിലെ ടിബറ്റന്‍ ചിത്രങ്ങളെ കുറിച്ചു പരിഹാസപൂര്‍വ്വം ഓര്‍ക്കുന്ന ഏറ്റവും പരിമിതമായ ചില പരാമര്‍ശങ്ങള്‍ക്കപ്പുറം നോവലില്‍ കുറേക്കൂടി ഇടമുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോയി.  

No comments:

Post a Comment