പല്ലുവേദനക്കാരന്‍
സെമിനാറില്‍
ഇരിക്കുമ്പോള്‍
നവരസങ്ങള്‍
തകിടം മറിയുന്നു.
അധ്യക്ഷ
പ്രസംഗം
സമന്വയത്തിന്റെ
ഭാഷയില്‍
അയഞ്ഞു
തൂങ്ങുമ്പോള്‍
അയാള്‍
വലിഞ്ഞു മുറുകുന്നു.
ഇടതു
ബുദ്ധിജീവി
ഗ്രാംഷിയെ
കൂട്ടിനെടുത്ത്
പ്രസന്നനാകുമ്പോള്‍
അയാള്‍
മുഖം കനപ്പിക്കുന്നു.
ഗാന്ധിയന്‍
പാരമ്പര്യം
കരുണാമയനായ്
മുറജപം
നടത്തുമ്പോള്‍
അയാള്‍
പല്ല് ഞെരിക്കുന്നു.
പാരമ്പര്യം
കൊണ്ടൊരാള്‍
മധുരോദാരം
കാവി
ചുറ്റുമ്പോള്‍
അയാള്‍
എരിവു വലിക്കുന്നു.
ന്യൂനപക്ഷ
സംരക്ഷണം
ദൃഡ
നിശ്ചയത്തോടെ
അരങ്ങു
തകര്‍ക്കുമ്പോള്‍
അയാള്‍ക്ക്
കണ്ണ് നിറയുന്നു.
പിന്നെ
അരാജക വാദി
ഹാളിനകത്ത്
കൂക്കി
വിളിക്കുമ്പോള്‍
അയാള്‍
വെളിയിലിറങ്ങുന്നു.
ഇനി
ക്ഷതം
പറ്റിയ പല്ലുകള്‍
കണ്ടു
മടുത്ത ദന്ത ഡോക്റ്ററോട്
സെമിനാറിനെ
കുറിച്ച്
അയാള്‍
എന്ത് പറയും!
No comments:
Post a Comment