Featured Post

Wednesday, May 21, 2014

വരും കാലം

ഒരു കാലം വരും:
എന്ത് കൊണ്ടാണ് നിന്റെ കവിത 
വീണ്ടും വീണ്ടും
വറ്റിയ ഉറവകളെ കുറിച്ചും
വഴി മറന്ന പറവകളെ കുറിച്ചും 
ഗൃഹാതുരമാവുന്നതെന്ന്
അന്നാരും ചോദിക്കില്ല .
വഴിമുടക്കിയെന്ന് നിന്നെ ഭത്സിച്ചവര്‍
പഴഞ്ചനെന്നു നിന്നെ പടിയിറക്കിയവര്‍
തോറ്റ പ്രവാചകനെന്ന്
അന്ന് നിനക്ക് വരവേല്‍പ്പ് നല്‍കും;
നീയും
നിന്റെ നിഴലും
മറഞ്ഞു പോയിരിക്കാമെങ്കിലും.




******************

വാഗ്ദത്ത നഗരത്തിലേക്ക് കടക്കുമ്പോള്‍
പാദുകങ്ങള്‍ അഴിച്ചു മാറ്റേണ്ടതില്ല.
നഗര പിതാക്കളിപ്പോഴും
സ്മാരകം തീര്‍ക്കുന്ന തിരക്കിലാണ്
പറുദീസാ നഷ്ടത്തിന്റെ ദൈവത്തിന്.
ചിട്ടവട്ടങ്ങളോടെ പൊടി പൊടിക്കുന്നു
വെട്ടേറ്റു വീണവന്റെ പേരിടീല്‍ കര്‍മ്മം :
മനുഷ്യപുത്രന്‍,
ദൈവപുത്രന്‍,
പ്രവാചകന്‍,
രക്ത സാക്ഷി

ഓര്‍മ്മകളുടെ തകരപ്പെട്ടികള്‍.





                തട്ടുമ്പുറത്തെ പഴയ പെട്ടിയില്‍
                മുത്തച്ഛന്റെ ഓര്‍മ്മസാക്ഷ്യങ്ങളുണ്ട്
                പ്രണയ ഭംഗം കൊണ്ട് മുറിവേറ്റത്രേ
                മുത്തച്ഛന്‍ നാട് വിട്ടത്
                കുപ്പമാടത്തിലെ പെണ്ണിനെ
                പടികയറ്റരുതെന്നു വിലക്കിയത്രേ
                തറവാട്ടു കാരണവന്മാര്‍.
                ഒരുമിച്ചു നാടുവിടാന്‍ കാത്ത നാളില്‍
                അവളുടച്ചന്‍ കാലു പിടിച്ചു:
                തമ്പ്രാന്‍ പൊറുക്കണം,
                അട്യെങ്ങള് ജീവിച്ചോട്ടെ.
                ഒറ്റയ്ക്ക് യാത്രതിരിക്കുമ്പോള്‍
                ഇങ്ങിനിയില്ലെന്നു മുത്തച്ഛന്‍
                ഉള്ളിലൊരു വാക്കുരുവിട്ടു.
                അന്ന്, അമ്മ മാത്രം
                മകന്റെ നെറുകെയില്‍ മുത്തി.
                നീയടുത്തുവേണം കണ്ണടക്കുമ്പോള്‍.

                നേരും നെറിയുള്ളൊരു കാലത്ത്
                നട്ടെല്ലുള്ളവര്‍ക്കൊപ്പം നടന്നത്രേ
                മുത്തച്ഛന്‍ ധിക്കാരിയായത്.
                മോഹന്‍ ദാസ്‌ ഖരം ചന്ദിലേറെ
                മറാത്താ മണ്ണിലെ ജ്യോതി റാവു ഫൂലെ*
                മുത്തച്ഛന്റെ മഹാത്മയായി.
                പെരിയാറുടെ** ദ്രാവിഡ വീര്യം
                മുത്തച്ഛന് ആവേശമായി.
                മദിരാശി പട്ടണം
                മുത്തച്ഛന് അമ്മവീടായി.
                എം. ജി. ആറിനു*** വെടിയേറ്റപ്പോള്‍******
                മുത്തച്ഛന്‍ പനിച്ചു പൊള്ളി.

                എന്നിട്ടെന്തേ സ്മാരകങ്ങളില്ലാഞ്ഞു ?
                അതിനു നേതാവായിരുന്നില്ലല്ലോന്ന്
                മുത്തശ്ശി ചിരിച്ചതോര്‍ക്കുന്നു.
                എന്നിട്ട് പിന്നെന്തേ ഒറ്റക്കായി?
                മുത്തശ്ശി വീണ്ടും മൗനിയാവുന്നു:

                മദിരാശിയില്‍ നിന്നും ഒരു വണ്ടി
                ചെന്നൈയിലേക്ക് പുറപ്പെടുമ്പോള്‍
                പെരിയോര്‍ ഇറങ്ങിപ്പോവുകയും
                കുറിയോര്‍ ഇടം പിടിക്കുകയും ചെയ്യുന്നു.
        



*ജ്യോതി റാവു ഫൂലെ / മഹാത്മാ ഫൂലെ (1827-1890). ജാതീയതക്കും ബ്രാഹ്മണിക്കല്‍ ആധിപത്യത്തിനുമെതിരെ ശക്തമായ നിലപാടെടുത്ത മറാത്ത വിമോചന നായകന്‍. സ്ത്രീ വിമോചനം, വിധവകളുടെ പുനരധിവാസം, തൊട്ടുകൂടായ്മക്കെതിരിലുള്ള നിലപാടുകള്‍ തുടങ്ങിയ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു.
**പെരിയാര്‍ ഇ. വി. രാമസ്വാമി നായ്ക്കര്‍(1879- 1973).  തെന്നിന്ത്യന്‍ രാഷ്ട്രീയസ്വത്വത്തിന്റെ തനത് ദ്രാവിഡത്തനിമയുടെ നായകന്‍.  ജാതീയതക്കും അന്ധ വിശ്വാസങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടെടുത്ത പോരാളി.
*** 1967 ജനുവരി പന്ത്രണ്ടിന് എം. ആര്‍ . രാധ എം. ജി. ആറിനെ വെടി വെച്ച സംഭവം. 

Wednesday, May 14, 2014

കാവ് തീണ്ടരുതെന്നു തന്നെ.



മലയാളം പഠിപ്പിക്കുന്ന
നാരായണന്‍ മാഷിന്
ചങ്ങമ്പുഴ ഒരു ലഹരിയാണ്.
എന്തു പറഞ്ഞു തുടങ്ങിയാലും
അതിങ്ങനെയെത്തും:
മലരണിക്കാടുകള്‍ തിങ്ങിവിങ്ങി...
എട്ട് ബി-യില്‍ കവിത ചൊല്ലുമ്പോള്‍
മാഷൊരു നോട്ടമെറിയും.
മൂന്നാമത്തെ ബെഞ്ചിലെ സുഹറക്കും
തൊട്ടടുത്ത വനജക്കും
ഉള്ളിലൊരു കിടിലമുണ്ടാവും.
വനജയുടെ ഇടതു കാല്‍
സുഹറയുടെ വലതു കാലില്‍
ആരുമറിയാതെ ഒന്നമരും.
മുഖം കുനിഞ്ഞു പോവും രണ്ടു പേര്‍ക്കും.
ഒമ്പത് എ- യിലെ ലിസാ തോമസും
പത്ത് എ-യിലെ നസീമയും
അതങ്ങനെത്തന്നെയെന്നു
ഇരുവരും കണ്ടതാണ്.
അതിനപ്പുറവും അവര്‍ക്കറിയാം:
ചൂളിയിരിപ്പുണ്ട്, സ്കൂളിലെങ്ങും
വേറെയും വേറെയും സുഹറമാരും വനജമാരും.
ഇലച്ചാര്‍ത്തുകളുടെ കാവ്യ ഭംഗി
അപ്പടി ഒപ്പിയെടുത്തതാണല്ലോ
പള്ളിക്കൂടത്തിനു പിന്നിലെ കാവ്.
നാരായണന്‍ മാഷ്‌ മാത്രമല്ലല്ലോ
പ്രകൃതി ഭംഗിയുടെ ആരാധകര്‍.

ഒഴുകിപ്പടരുന്ന രക്തമായി
ഹരിതഭംഗിക്കൊരു നിറം മാറ്റമുണ്ടെന്ന്
പറക്കമുറ്റാത്ത പെണ്‍കുഞ്ഞുങ്ങള്‍.




Friday, May 2, 2014

വാരഫലം മോശമാകുമ്പോള്‍



അങ്ങനെയിരിക്കെ
ഒരു കാര്യവുമില്ലാതെ
ഒരു പഴയകാല നായികയെ
ഒന്നോര്‍ത്തെടുക്കാന്‍ തോന്നും.
ചുവപ്പുകണ്ട കാളയെപ്പോലെ
വീട്ടുകാരത്തി കാളീവേഷമാവും.
ബാങ്ക് അക്കൌണ്ടില്‍ നിന്ന്
ഇറങ്ങിപ്പോയ പാര്‍ട്ടി ഫണ്ട് മുതല്‍
ബെവറെജസ് ബില്ല് വരെ
വിചാരണക്കെടുക്കും.
മറന്നു പോയ ചായപ്പൊടിയും
കൊച്ചിന് ചോക്കലേറ്റും വരെ
നായികാ സ്വപ്നത്തിന്റെ കണക്കിലെഴുതും.
ഫേസ് ബുക്ക് സൗഹൃദം മുതല്‍
അയല്‍പക്കത്തെ മദാലസ വരെ
കണ്ണീര്‍ സീരിയല്‍ പോലെ
അന്തമില്ലറ്റമില്ലാതെ
ഉച്ചസ്ഥായിയില്‍ പൊട്ടിത്തെറിക്കും.

വാരഫലം മോശമാകുമ്പോള്‍
വിമര്‍ശകനാകാനും തോന്നും.
ഉള്ളതങ്ങ് പറഞ്ഞു പോകും.
കുരിശു യുദ്ധത്തിന്റെ വീറോടെ
ഭക്തജനം പടക്കോപ്പണിയും.
ഭക്തിയില്ലാത്ത അസ്മാദൃശന്‍
അന്നേരം ചുരുണ്ട് കൂടും :
എന്റെ പിഴ,
എന്റെ വലിയ പിഴ.

വാരഫലം മോശമാകുമ്പോള്‍
വേണ്ടാത്തത് പലതും തോന്നും;
ഒരു കവിതയെഴുതിയാലോ എന്നു വരെ.