ഇറാനിയന്‍
നവ സിനിമക്ക് അന്താരാഷ്‌ട്ര
തലത്തില്‍ മേല്‍ വിലാസമുണ്ടാക്കിയതില്‍
അഗ്രഗണ്യനായിരുന്നു ഈയിടെ
അന്തരിച്ച അബ്ബാസ് കിയരസ്തമി.
ഒരേ സമയം
ദേശീയ സ്വത്വത്തിന്റെ
പ്രശ്നങ്ങളും പ്രതിസന്ധികളും
അടയാളപ്പെടുത്തുന്നതിലൂടെ
ഒരു ദേശീയ ചിഹ്നമായിരിക്കുമ്പോള്‍ത്തന്നെ
അനന്യമായ ചലച്ചിത്ര ഭാഷകൊണ്ട്
സ്വന്തമായ പാത വെട്ടിത്തുറന്ന
പ്രതിഭയുമായിരുന്നു കിയരസ്താമി.
അന്താരാഷ്‌ട്ര
മേളകളില്‍ അദ്ദേഹം നേടിയ
പുരസ്ക്കാരങ്ങള്‍ വ്യക്തിപരമായ
നേട്ടം മാത്രമായല്ല ,
സ്വതേ
അടഞ്ഞതെന്നു പുറം ലോകം കരുതിവന്ന
ഒരു സമൂഹത്തില്‍നിന്നുള്ള
ഉണര്‍വ്വുകള്‍ ആയിക്കൂടിയായാണ്
വിലയിരുത്തപ്പെടേണ്ടത്.
ഇക്കാര്യത്തില്‍
മുഹ്സിന്‍ മഖ്മല്‍ബഫ്,
ജാഫര്‍
പനാഹി, മജീദ്
മജീദി, ബെഹ്റാം
ബെയ്സായി, ദെരിയൂഷ്
മെഹറൂയി, സമീറ
മഖ്മല്‍ബഫ്, അസ്ഗര്‍
ഫര്‍ഹാദി തുടങ്ങിയ ചലച്ചിത്ര
പ്രതിഭകള്‍ക്കിടയില്‍ മുന്‍
നിരയിലുണ്ട് കിയരസ്താമി.
ലാളിത്യത്തിന്റെ
ആഴം
'വേര്‍
ഈസ് ദി ഫ്രെണ്ട്സ് ഹോം?'
(1987) , 'ലൈഫ്
ആന്‍ഡ് നതിംഗ് എല്‍സ്'
(1992), 'ത്രൂ
ദി ഒലീവ് ട്രീസ്'
(1994) എന്നീ
ചിത്രങ്ങളെ അവയുടെ പശ്ചാത്തല
ഭൂമിയെ കണക്കിലെടുത്ത്
കോക്കര്‍ ത്രയം എന്ന് നിരൂപകര്‍
വിവരിക്കുന്നു. എന്നാല്‍
ആദ്യ ചിത്രത്തിന് പകരം
'ടേയ്സ്റ്റ്
ഓഫ് ചെറി\ (1997)
എന്ന ചിത്രത്തെ
കൂടി ഉള്‍പ്പെടുത്തി അങ്ങനെ
വിളിക്കുന്നതാവും പ്രമേയ
പരമായി കൂടുതല്‍ ഉചിതമെന്ന്
കിയരസ്തമി കരുതുന്നു.
ക്ലാസ്സില്‍
വെച്ച് അബദ്ധത്തില്‍ തന്റെ
കയ്യില്‍ പെട്ടുപോയ സുഹൃത്തിന്റെ
നോട്ടുപുസ്തകം തിരികെ
ഏല്‍പ്പിക്കാനായി തന്റെ
ഗ്രാമമായ കോക്കറില്‍ നിന്ന്
അയാള്‍ ഗ്രാമത്തിലേക്ക്
പോകുന്ന ബാലനെ പിന്തുടരുന്ന
ലളിതമായ ഒരു കഥയാണ് 'വേര്‍
ഈസ് ദി ഫ്രെണ്ട്സ് ഹോം?'.
പുസ്തകം
കൂടാതെ അടുത്ത ദിവസം
ക്ലാസിലെത്തിയാല്‍ സുഹൃത്ത്
പുറത്താക്കപ്പെടും.
യാത്രയുടെ
സമയം ഏതാണ്ട് കഥയുടെയും
സമയമായി വരുന്ന 'ടൈം
ഫിലിം' സങ്കല്‍പ്പത്തോടൊപ്പം
തന്നെ റോഡ് മൂവി സ്വഭാവവും
ചിത്രത്തിനുണ്ട്.
യാത്രയില്‍
അവന്‍ കണ്ടുമുട്ടുന്ന
വ്യക്തികളും, അവരുടെ
വിനിമയങ്ങളിലൂടെ സൂചിതമാകുന്ന
ജീവിതാവസ്ഥകളും തന്നെയാണ്
ചിത്രത്തിന്റെ കാതല്‍ .
ഒരു
കൗമാരക്കാരന്റെ ഉത്കണ്ഠകളും
മുതിര്‍ന്നവരുടെ ലോകം അതിനോട്
കാണിക്കുന്ന പ്രതികരണ
വൈവിധ്യങ്ങളും കിയരസ്തമി
ശൈലിയുടെ മുഖമുദ്രയായി മാറുന്ന
ന്യൂനോക്തിയില്‍ അവതരിപ്പിക്കപ്പെടുന്നു.
'ലൈഫ് ആന്‍ഡ്
നതിംഗ് എല്‍സ്' ആദ്യ
ചിത്രത്തോട് ഏറെ അടുത്തു
നില്‍ക്കുന്നു. ആദ്യചിത്രം
ചിത്രീകരിക്കപ്പെട്ട ഇറാനിന്റെ
വടക്കന്‍ പ്രദേശത്തെ
തകര്‍ത്തുകളഞ്ഞ 1990-ലെ
ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍
, അതില്‍
അഭിനയിച്ച രണ്ടു പ്രധാന ബാല
നടന്മാര്‍ക്ക് എന്ത് പറ്റി
എന്നറിയാനുള്ള വ്യഗ്രതയോടെ
യാത്രതുടങ്ങുന്ന സംവിധായകനും
കൂടെയുള്ള ബാലനും തന്നെയാണ്
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍
. ആ
നിലക്ക്,
ആദ്യചിത്രത്തില്‍
തേടിപ്പോവുന്നവര്‍ ഇവിടെ
പിന്തുടരപ്പെടുകയാണ് എന്ന
തിരിച്ചിടല്‍ പ്രകടമാണ്.
ഇറാനിയന്‍
സാംസ്ക്കാരിക ചിഹ്നങ്ങള്‍
തേടാനുള്ള ഉദ്യമത്തിനിടയിലും
ദുരന്തങ്ങളിലും പിടിച്ചു
നില്‍ക്കാനും പരസ്പരം
താങ്ങാവാനുമുള്ള മാനുഷിക
ഭാവങ്ങള്‍ ചിത്രം അടിവരയിടുന്നു.
'ഫ്രെണ്ട്സ്
ഹോമി'ലെയും
'ലൈഫി'ലെയും
കഥാസന്ദര്‍ഭങ്ങളില്‍ നിന്നും
കഥാപാത്രങ്ങളില്‍ നിന്നും
തന്നെയുള്ള തുടര്‍ച്ചയായാണ്,
ട്രിലജിയിലെ
അവസാന ചിത്രമായ 'ത്രൂ
ദി ഒലീവ് ട്രീസ്'
വിഭാവനം
ചെയ്യപ്പെട്ടിരിക്കുന്നത്.
'ലൈഫി'ലേ
ഒരു യുവാവ് കൂടെ അഭിനയിച്ച
പെണ്‍കുട്ടിയോടുള്ള തന്റെ
പ്രണയ സാഫല്യം തേടി കിയരസ്തമിയോടു
ഉപദേശം തേടുന്നു.
സാമ്പത്തിക
കാരണങ്ങളാല്‍ അവനെ തിരസ്കരിക്കുന്ന
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ
നിലപാട് പക്ഷെ അവനെ തളര്‍ത്തുന്നില്ല.
'ലൈഫി'ല്‍
നിന്നുള്ള സൂചനകള്‍ കൂടുതല്‍
പൊലിപ്പിച്ചും വിശദമായും
കടന്നു വരുന്നതില്‍ നിന്ന്
ഇളം മനസ്സുകളുടെ ബന്ധം അതിന്റെ
ഇഷ്ടാനിഷ്ടങ്ങളിലൂടെ
മുളപൊട്ടുന്നതും പരിണമിക്കുന്നതും
സാംസ്കാരികമായ ആണ്‍ -
പെണ്‍
വ്യതിയാനങ്ങളില്‍ സ്വീകാരത്തിന്റെയും
താമസ്കരണത്തിന്റെയും
അനിശ്ചിതത്വങ്ങളില്‍ പെടുന്നതും
നിരീക്ഷിക്കപ്പെടുന്നു.
മൃത്യുവാഞ്ച,
ജീവിതനിരാസം
കിയരസ്തമിയുടെ
ചിത്രങ്ങളില്‍ വിരുദ്ധ
ധ്രുവങ്ങളിലുള്ള പ്രതികരണങ്ങള്‍
സൃഷ്ടിച്ച ചിത്രമാണ് 'ടേയ്സ്റ്റ്
ഓഫ് ചെറി'. 'ദുസ്സഹമാം
വിധം മടുപ്പിക്കുന്നത്'
അലക്ഷ്യമാം
വിധം പ്രേക്ഷകരെ അകറ്റുന്നത്
തുടങ്ങി മൂടിവെച്ച സ്വവര്‍ഗ്ഗ
ലൈംഗികതയുടെ ആരോപണങ്ങള്‍
വരെ ചിത്രത്തിന്‍റെ പ്രമേയത്തെ
കുറിച്ചും പരിചരണത്തെ കുറിച്ചും
ഉണ്ടായിട്ടുണ്ട്. എന്നാല്‍
, മറുവശത്ത്
ഇതൊക്കെയും പാശ്ചാത്യ വാണിജ്യ
സിനിമകളുടെ ഹാംഗ് ഓവറില്‍
തികട്ടിവരുന്ന വിമര്‍ശനങ്ങളാണെന്നും
എന്താണോ അലക്ഷ്യമെന്നു
വ്യാഖ്യാനിക്കപ്പെടുന്നത്
അത് തന്നെയാണ് ചിത്രത്തിന്‍റെ
അചുംബിതമായ പുതുമ എന്നും
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
മധ്യവയസ്കനായ
ബാദി, തന്റെ
ജീവിതത്തിന്‍റെ അവസാനത്തേതാകാന്‍
ഇടയുള്ള യാത്രയില്‍ കൂട്ടാളിയെ
തേടുന്നത് മികച്ച പ്രതിഫലത്തിന്
ഏറെ വ്യത്യസ്തമായ ഒരു ജോലി
തനിക്കു വേണ്ടി ചെയ്യാനാണ്.
താനായി
പണിതീര്‍ത്തിട്ടുള്ള
കുഴിമാടത്തില്‍ തന്റെ
ആത്മഹത്യക്ക് ശേഷം തന്നെ
അടക്കണം. ആദ്യം
കണ്ടെത്തുന്ന കുര്‍ദ് സൈനികനും
പിന്നീട് സമീപിക്കുന്ന
അഫ്ഘാന്‍ സെമിനാരി പ്രവര്‍ത്തകനും
അസാധാരണമായ ഈ അഭ്യര്‍ഥന
സ്വീകാര്യമല്ല. എന്നാല്‍
, തന്റെ
കുഞ്ഞിന്റെ ചികിത്സക്ക് പണം
കണ്ടെത്താന്‍ പാടുപെടുന്ന
മ്യൂസിയം ടാക്സിഡെര്‍മിസ്റ്റ്
അയാളുടെ സഹായത്തിനെത്തുന്നു.
ചിത്രാന്ത്യത്തില്‍
കുഴിമാടത്തില്‍ കിടക്കുന്ന
ബാദിക്കുമേല്‍ സ്ക്രീനില്‍
പൂര്‍ണ്ണമായ ഇരുട്ട്
വ്യാപിക്കുന്നു. ബാദിയുടെ
മൃത്യുവാഞ്ച അന്തിമമായി
വിജയിച്ചുവോ? മഴയുടെയും
പ്രളയത്തിന്റെയും ശബ്ദം
എന്താണ് സൂചിപ്പിക്കുന്നത്?
പ്രകൃതിയുടെ
സുദീര്‍ഘമയ വിദൂര ദൃശ്യങ്ങളും
തൊട്ടടുത്തുനിന്നുള്ള ശബ്ദ
വിന്യാസവും ചേര്‍ന്ന് ഏറ്റവും
ദൈനം ദിന സ്വഭാവമുള്ള
വിനിമയങ്ങളില്‍ പോലും ഒരതീത
ആത്മീയതയുടെ അന്തരീക്ഷം
സൃഷ്ടിക്കപ്പെടുന്നത്
പ്രമേയത്തിന്റെ അതീത ഭാവത്തെ
ബലപ്പെടുത്തുന്നു.
ഫിന്നിഷ്
സംവിധായകന്‍ ആക്കി കോറിസ്മാക്കിയുടെ
'ഐ
ഹയേഡ് എ കോണ്ട്രാക്റ്റ്
കില്ലര്‍ ' എന്ന
മാസ്റ്റര്‍പീസിനെ
ഓര്‍മ്മിപ്പിക്കുന്നുണ്ട്
'ടേയ്സ്റ്റ്
ഓഫ് ചെറി' എങ്കിലും
ഇവിടെ കാര്യങ്ങള്‍ കുറേക്കൂടി
ഇരുണ്ടതും ദുരൂഹവുമാണ്.
വൈകാരിക,
ദാര്‍ശനിക
തലത്തില്‍ 'ടേയ്സ്റ്റ്
ഓഫ് ചെറി'യോട്
ഏറ്റവും അടുത്തുനില്‍ക്കുന്നത്
'ക്ലോസ്
അപ്പി'(1990) ന്
ശേഷം ഒരുക്കിയ 'ദി
വിന്‍ഡ് വില്‍ കാറി അസ്'
(1999) ആണ്.
'ക്ലോസ്
അപ്പ്' കാന്‍
മേളയില്‍ പാം ദേ ഓര്‍ നേടിയപ്പോള്‍
'ദി
വിന്‍ഡ്' വെനീസ്
മേളയില്‍ സില്‍വര്‍ ലയണ്‍
കരസ്ഥമാക്കി ചരിത്രം സൃഷ്ടിച്ചു.
ക്ലോസ്
അപ്പി'ലേ
പോലെ ഫിക് ഷനും ഡോക്യൂമെന്ററിയും
നാടകീയതയും ഇഴകോര്‍ക്കുന്നുണ്ട്
ഈ ചിത്രത്തിലും.
പരിഷ്കൃതിയുടെ
അടയാളങ്ങളൊന്നും കടന്നു
ചെന്നിട്ടില്ലാത്ത വിദൂര
മലയോര പ്രദേശത്തിന്റെ
ജീവിതക്രമങ്ങളോട് ഒട്ടും
മമതയില്ലാത്ത നാഗരീകനായ
എഞ്ചിനീയര്‍ , മരണാസന്നനായ
ബന്ധുവിനെ ശ്രദ്ധിക്കാനായി
ഗ്രാമത്തിലെത്തുന്നത് രണ്ടു
ലോകക്രമങ്ങളുടെ മുഖാമുഖത്തിനു
അരങ്ങാവുന്നു. നൂറു
വയസ്സ് കഴിഞ്ഞ ഒരു വയോധികയുടെ
അന്ത്യം ചിത്രീകരിക്കാനാണ്
അയാള്‍ എത്തിയത് എന്നും
സൂചനയുണ്ട്. പ്രദേശ
വാസികളോടുള്ള സഹവാസം അയാളില്‍
എന്തെങ്കിലും മാറ്റമുണ്ടാക്കുമോ?
കിയരസ്തമി
ഏതെങ്കിലും പക്ഷം പിടിക്കുന്നേയില്ല,
പതിവ് പോലെ.
കേന്ദ്ര
കഥാപാത്രത്തിന്റെ മനോ
വ്യാപാരങ്ങള്‍ ദുരൂഹമായി
തുടരുന്നു. ഭൂപ്രകൃതിയുടെ
പ്രകട വ്യത്യാസങ്ങള്‍ക്കപ്പുറം
കഥാപാത്രത്തിന്റെ മനോനിലയിലും
'ഇടത്തില്‍
'(space) തടവിലായിപ്പോയ
അയാളുടെ ഭാവങ്ങളിലും ബെക്കറ്റിന്റെ
'വെയ്റ്റിംഗ്
ഫോര്‍ ഗോദോ'യേ
ഓര്‍മ്മിപ്പിക്കുന്നുണ്ട്
ഈ ചിത്രം. കിയരസ്തമിയുടെ
ഏറ്റവും സാങ്കേതികത്തികവുള്ള
ചിത്രമായി കണക്കാപ്പെടുന്നു
'ദി
വിന്‍ഡ് വില്‍ കാറി അസ്'.
'ടേയ്സ്റ്റ്
ഓഫ് ചെറി'യുടെ
'മാരക'ഗൌരവത്തിനു
നേരെ എതിരറ്റമാണ് , എന്ന്
വെച്ച് ഒട്ടും കാര്യം
കെട്ടതല്ലാത്ത 'ക്ലോസ്
അപ്പ് ' എന്ന
ഫീച്ചര്‍ - ഡോക്യുമെന്ററി
ഇനഭേദങ്ങളെ മുറിച്ചു കടക്കുന്ന
ചലച്ചിത്ര പരീക്ഷണം.
ഒരു യഥാര്‍ത്ഥ
സംഭവത്തെ ആസ്പദമാക്കി,
യഥാര്‍ത്ഥ
വ്യക്തികളെ തന്നെ അഭിനയിപ്പിച്ച്
ചെയ്ത ചിത്രം, ഹുസെയ്ന്‍
സബ്സിയാന്‍ എന്ന സിനിമാ പ്രണയി
നടത്തിയ വിശുദ്ധ 'ഫ്രോഡി'ന്‍റെ
സാഹസത്തെയാണ് അവതരിപ്പിക്കുന്നത്.
മൊഹ്സിന്‍
മഖ്മല്‍ബഫ് ആയി വേഷം കെട്ടി
ടെഹ് റാനിലെ ഒരു പാവം കുടുംബത്തില്‍
നുഴഞ്ഞു കേറാന്‍ ശ്രമിച്ച
കഥയില്‍ സംഭവവിചാരണയുടെ
യഥാര്‍ത്ഥ ഫൂട്ടെജുകളും
അഭിമുഖങ്ങളും ഉപയോഗിച്ചിരിക്കുന്നു.
സെബ്സിയാന്‍
പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നതിനു
പിന്നില്‍ അയാളുടെ സിനിമയോടുള്ള
അഭിനിവേശം മാത്രമല്ല,
കഥാപാത്രത്തിന്റെ
നിഷ്കളങ്കതയും വലിയ കാരണമാണ്.
പൊതുവേ കഠിന
മുഖരായ കഥാപാത്രങ്ങള്‍
-ടേയ്സ്റ്റ്
ഓഫ് ചെറിയിലെ ബാദിയെയും 'ദി
വിന്‍ഡി'ലെ
എഞ്ചിനീയരെയും പോലെ -
കടന്നു
വരുന്ന കിയരസ്തമി ചിത്രങ്ങളില്‍
സെബ്സിയന്‍ വേറിട്ട്
നില്‍ക്കുന്നു.
കിയരസ്തമി
ചിത്രങ്ങളില്‍ വേറിട്ട ഒന്നാണ്
ആദ്യമായി ഒരു സ്ത്രീകഥാപാത്രത്തെ
കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്ന
'ടെന്‍'
എന്ന ചിത്രം.
ഈ ചിത്രത്തോടെ
കിയരസ്താമി സ്ത്രീ കഥാപാത്രങ്ങളിലേക്ക്
കൂടുതല്‍ ആഴത്തില്‍ ശ്രദ്ധ
പതിപ്പിച്ചു തുടങ്ങുന്നതായി
കാണാം. പ്രസിദ്ധ
സംവിധായിക മാനിയ അക്ബരി
അഭിനയിക്കുന്ന ചിത്രം പത്തു
സംഭാഷണങ്ങളിലൂടെ,
വാഹനത്തിന്റെ
ഇരുവശങ്ങളിലുമായി ബന്ധിച്ച
രണ്ടു ക്യാമാറകളിലൂടെ സകാലിക
ഇറാനിയന്‍ സാമൂഹിക രാഷ്ട്രീയ
അവസ്ഥകളെ വിവിധ വീക്ഷണങ്ങളില്‍
നോക്കിക്കാണുന്നു.
ക്യാന്‍സര്‍
ബാധിതയുടെ മുണ്ഡനം ചെയ്ത
ശിരസ്സ് തുറന്നുപുറത്തു
കാണുന്ന ഷോട്ട് ഇറാനിയന്‍
സിനിമയില്‍ ഒരപൂര്‍വ്വതയാണ്.
വിവാഹ
മോചനത്തിലേക്ക് വഴിപിരിയാന്‍
പോകുന്ന മാതാപിതാക്കള്‍ക്കളുടെ
ഇടയില്‍ അതിനോട് വിമുഖനായ
മകനും മാതാവും തമ്മിലുള്ള
സംവാദവും അതില്‍ പരമ്പരാഗത
ഇറാനിയന്‍ കീഴ്വഴക്കങ്ങള്‍ക്കപ്പുറത്തുള്ള
തുറന്നു പറച്ചിലുകളും
ഇത്പോലെത്തന്നെ വിഗ്രഹ ഭജ്ഞക
സ്വഭാവമുള്ളതാണ്.
'ടേയ്സ്റ്റ്
ഓഫ് ചെറി' പോലെ
സമ്മിശ്ര പ്രതികരണങ്ങള്‍
സൃഷ്ടിച്ച ചിത്രമാണ് 'ടെന്‍'
എന്നതും
ശ്രദ്ധേയമാണ്.
ഇറാനിലെ
അന്തരീക്ഷത്തില്‍ ചലച്ചിത്ര
പ്രവര്‍ത്തനം ഏറെ ദുഷ്കരമായി
വരുന്നതിനോടുള്ള പ്രതികരണമായിരുന്നു
സെര്‍ട്ടിഫൈഡ് കോപ്പി,
ലൈക് സംവണ്‍
ഇന്‍ ലവ് എന്നീ ചിത്രങ്ങള്‍
. ജാഫര്‍
പനാഹിയുടെ വിലക്കും വീട്ടു
തടങ്കലും പോലുള്ള അനുഭവങ്ങളും
മറ്റൊരിടത്തേക്ക് തന്റെ
ചലച്ചിത്രാന്വേഷണങ്ങള്‍
വ്യാപിപിക്കുക എന്ന പ്രവാസ
മാനസികാവസ്ഥ കിയരസ്തമിയില്‍
സൃഷ്ടിച്ചു. 2010-ലാണ്
ചിരകാല സുഹൃത്തായ വിഖ്യാദ
അഭിനേത്രി ജൂലിയറ്റ് ബിനോഷെയെ
നായികയാക്കി അദ്ദേഹം സെര്‍ട്ടിഫൈഡ്
കോപ്പി എന്ന ചിത്രമൊരുക്കുന്നത്.
ഫ്രഞ്ച്-
ഇംഗ്ലീഷ്-
ഇറ്റാലിയന്‍
ഭാഷകളില്‍ സംഭാഷണങ്ങളുള്ള
ചിത്രം 2010-ലെ
കാന്‍ മേളയില്‍ പ്രിമിയര്‍
ചെയ്യപ്പെട്ടു. ടസ്ക്കാനിയില്‍
പശ്ചാത്തലമാക്കിയ ചിത്രം,
ഒഒരൊറ്റ
ദിവസത്തെ അനുഭവങ്ങളിലൂടെ
ഒരു ബ്രിട്ടീഷ് എഴുത്തുകാരനും
ഫ്രഞ്ച് പുരാവസ്തു വിപണനക്കാരിയും
തമ്മിലുണ്ടാവുന്ന സൗഹൃദം
വിചിത്ര സാഹചര്യങ്ങളില്‍
നേരിടുന്ന മാറ്റങ്ങളില്‍
കേന്ദ്രീകരിക്കുന്നു.
തന്റെ പുതിയ
പുസ്തകത്തിന്റെ പ്രചാരണവുമായി
ബന്ധപ്പെട്ട് ടസ്ക്കാനിയില്‍
എത്തുന്ന ജെയിംസ് മില്ലര്‍
, പുസ്തകങ്ങള്‍
ഓട്ടോഗ്രാഫ് ചെയ്യുന്നതിനിടയിലാണ്
പേര് പറയുന്നില്ലാത്ത വനിതയെ
കണ്ടുമുട്ടുന്നത്.
സാന്ദര്‍ഭികമായ
ഒരു ഡ്രൈവിനിടെ അവരുടെ സൗഹൃദം
പരിണമിക്കുന്നു. അവരെ
ദമ്പതികളായി തെറ്റിദ്ധരിക്കുന്ന
കഫേയിലെ പരിചാരികയുടെ ധാരണ
അവര്‍ തിരുത്തുന്നില്ല എന്ന്
തന്നെയല്ല, ചിരപരിചിതരെ
പോലെ ഫ്രഞ്ച് ഭാഷയിലേക്ക്
അവരുടെ സംഭാഷണം വഴുതി വീഴുകയും,
വനിതയുടെ
പതിനൊന്നുകാരന്‍ മകന്റെ
കുറുമ്പുകളെ അയാള്‍ പിതൃതുല്യം
ന്യായീകരിക്കുകയും ചെയ്യുന്നു.
സൗഹൃദം
മറ്റൊരു തലത്തിലേക്ക്
വളരുന്നതിന്റെ സൂചനകള്‍
ഉണ്ടാവുന്നുണ്ടെങ്കിലും
കിയരസ്തമിയുടെ പതിവ് രീതിയില്‍
ഒന്നും സുനിശ്ചിതമായി പറഞ്ഞു
വെക്കുന്നില്ല.
സര്‍ഗ്ഗസൃഷ്ടിയെ
കുറിച്ചുള്ള പ്ലാറ്റൊണിക്
'അനുകരണ
സിദ്ധാന്ത'ത്തിന്റെ
വകഭേദമാണ് മില്ലറുടെ കാഴ്ചപ്പാടും
അതിന്റെ ചുവടു പിടിച്ചു അയാള്‍
തന്റെ പുസ്തകത്തിനിട്ട പേരാണ്
ചിത്രത്തിന്‍റെ തലക്കെട്ടും.
കാനില്‍
ഏറ്റവും മികച്ച നടിക്കുള്ള
പുരസ്ക്കാരം ജൂലിയറ്റ്
ബിനോഷെക്ക് നേടിക്കൊടുത്തു
'സെര്‍ട്ടിഫൈഡ്
കോപ്പി'.
'ലൈക്
സംവണ്‍ ഇന്‍ ലവ്'
കിയരസ്തമിയുടെ
അവസാനത്തെ മുഴുനീള ചിത്രമാണ്.
പൂര്‍ണ്ണമായും
ജാപ്പനീസ് ഭാഷയില്‍ ചെയ്ത
ചിത്രം ടോക്യോയുടെ പശ്ചാത്തലത്തില്‍
പ്രണയം, പ്രതികാരാത്മകമായിത്തീരുന്ന
പ്രണയത്തിലെ അസൂയ, എന്നീ
വിഷയങ്ങളോടൊപ്പം ജാരന്‍റെ
മനോനിലയും പിതൃ വികാരങ്ങളും
കെട്ടുപിണയുന്ന മുതിര്‍ന്ന
പൗരന്റെ സംഘര്‍ഷങ്ങളും
വിഷയമാക്കുന്നു.
കിയരസ്തമിയുടെ
പതിവ്പോലെ 'മിനിമലിസ്റ്റ്
സിനിമാ' രീതികളില്‍
തന്നെയാണ് ചിത്രം വികസിക്കുന്നത്.
രഹസ്യമായി
ഒരു കാള്‍ ഗേള്‍ ആയി വരുമാനം
കണ്ടെത്തുന്ന അകികൊയുടെ
കാമുകന്‍ സംശയാലുവാണ്,
വന്യ
പ്രകൃതിക്കാരനും. ഒരു
രാത്രി പ്രൊഫസര്‍ തകാഷിയുടെ
കൂട്ടാളിയായി അകികോ വരുന്നതോടെയാണ്
എല്ലാം ഉദ്യോഗ പൂര്‍ണ്ണമാവുന്നത്.
വയോധികനെ
അകികൊയുടെ മുത്തച്ഛനായി
തെറ്റിദ്ധരിക്കുന്ന നോറിയാകി
വിവാഹാഭ്യര്‍ഥനയുമായി അയാളെ
സമീപിക്കുന്നു. നോറിയാകിക്ക്
വിവാഹത്തിനുള്ള പക്വതയായിട്ടില്ലെന്നു
അയാള്‍ അവനെ പിന്തിരിപ്പിക്കാന്‍
ശ്രമിക്കുന്നു. നോറിയാക്കിയുടെ
കയ്യേറ്റത്തില്‍ മുറിവേല്‍ക്കുന്ന
അകികൊയെ അയാള്‍ തന്റെ
അപ്പാര്‍ട്ട്മെന്റില്‍
കൊണ്ട് പോയി പരിചരിക്കുന്നു.
ചിത്രത്തിന്‍റെ
തുടക്കം മുതലേ ലൈംഗിക ചോദന
എന്നതിലേറെ ഒരു കൂട്ട്
എന്നതായിരിന്നു തകാഷിയുടെ
പരിഗണന എന്ന് സൂചനകളുണ്ട്.
ചിത്രാന്ത്യത്തില്‍
, ആക്രമണകാരിയായി
അപ്പാര്‍ട്ട്മെന്റിന് ചുവടെ
ബഹളം വെക്കുന്ന നോറിയാകി
വലിച്ചെറിയുന്ന വസ്തു
ജനല്‍പ്പാളിയില്‍ തട്ടിത്തെറിച്ച്
തകാഷി പിടഞ്ഞു വീഴുന്നത് നാം
കാണുന്നു. ഒന്നും
നിയതമായി പറഞ്ഞുവെക്കാതെത്തന്നെ
ചിത്രം അവസാനിക്കുന്നു.
മുന്‍
ചിത്രങ്ങളില്‍ കിയരസ്തമി
വികസിപ്പിച്ചു വന്ന നിഗൂഡതയുടെയും
മനന സ്വഭാവത്തിന്റെയും രീതി
ഇവിടെ പൂര്‍ണ്ണതയില്‍ എത്തുന്നു
എന്ന് പറയാം.
കുട്ടികളെ
കേന്ദ്ര കഥാപാത്രങ്ങള്‍
ആക്കുക, കഥ
പറയാന്‍ ഡോക്യുമെന്റരി രീതി
ഉപയോഗിക്കുക, ഗ്രാമ്യമായ
അന്തരീക്ഷത്തില്‍ കേന്ദ്രീകരിക്കുക,
ഒരു കാറിന്റെ
അകത്തു നടക്കുന്ന സംഭാഷണങ്ങളിലായി
പ്രധാനമായും ഫോക്കസ് ചെയ്യുക,
നിശ്ചലമായ
ക്യാമറകളുടെ വീക്ഷണത്തില്‍
ചിത്രീകരണം അധികഭാഗവും
കൈകാര്യം ചെയ്യുക,
ഭൂപ്രകൃതിയുടെ
സുദീര്‍ഘമായ വിദൂര ദൃശ്യങ്ങളും
തൊട്ടടുത്തെന്ന പോലുള്ള
സംഭാഷണങ്ങളും തമ്മിലുള്ള
ഇടകലരലിലൂടെ ഒരു മിസ്റ്റിക്
തലം നിലനിര്‍ത്തുമ്പോള്‍ത്തന്നെ
കഥാഗതിയെ തികച്ചും ദൈനംദിന
യാഥാര്‍ത്ഥ്യങ്ങളില്‍
ഉറപ്പിച്ചു നിര്‍ത്തുക,
എല്ലാറ്റിനുമുപരി
മുന്‍ കൂട്ടി തയാറാക്കിയ
തിരക്കഥയുടെ ചിട്ടവട്ടങ്ങളില്‍
കുരുങ്ങിപ്പോവുന്ന ഉത്തരങ്ങളില്‍
ചോദ്യങ്ങള്‍ പാടെ അവസാനിപ്പിക്കുന്ന
'സിനിമ'
രീതിയെ
തകിടംമറിച്ച് ജീവിതം പോലെ
ദുരൂഹവും ആത്യന്തിക ഉത്തരങ്ങള്‍
നല്‍കപ്പെടാത്തതുമായി
ചോദ്യങ്ങളെ സ്വതന്ത്രമാക്കി
വിടുക.. കിരസതാമി
പ്രതിഭ ചലച്ചിത്രവിദ്യാര്‍ഥികള്‍ക്കായി
വിട്ടുവെച്ച വഴിവിളക്ക്
വെട്ടം ഏറെ ദീപ്തമാണ്.
ഏറ്റവും
ലളിതമായതാണ് ഒരു പക്ഷെ
അനുകരിക്കാന്‍ ഏറ്റവും
പ്രയാസകരവും.








No comments:
Post a Comment