പത്തൊമ്പതാം
നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളില്‍ അലക്സാണ്ടര്‍പുഷ്കിനില്‍ ശക്തി പ്രാപിച്ചു ലെര്‍മണ്ടോവ്, ഗോഗോള്‍ തുടങ്ങി കുറെയേറെ മികച്ച എഴുത്തുകാരിലൂടെ വളര്‍ന്നു
പന്തലിച്ച റഷ്യന്‍ ദേശീയ ഭാഷാ സാഹിതി ടര്‍ജിനെവ്, ടോള്‍സ്റ്റോയ്, ദസ്തയവ്സ്കി
എന്നീ ത്രിമൂര്‍ത്തികളിലൂടെ ലോക സാഹിത്യത്തിന്റെ നെറുകയിലെത്തിയതിലൂടെയാണ് റഷ്യന്‍
ഗദ്യസാഹിത്യത്തിന്റെ അപ്രമാദിത്തം സ്ഥാപിതമായത്. 1856 -നും 1880 -നും ഇടക്കുള്ള
കാല്‍നൂറ്റാണ്ടിനിടെ ലോക സാഹിത്യത്തിലെ ഏറ്റവും മികച്ച ഒരു ഡസനോളം നോവലുകളാണ് ഈ
മൂന്നു മഹാരഥന്മാരുടെതായി പുറത്തുവന്നത്. കോണ്‍സ്റ്റന്‍സ് ഗാര്‍നെറ്റ് എന്ന മഹാനായ പരിഭാഷകനിലൂടെ
ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടതോടെ അവ ലോകഭാഷകളിലേക്കും
എത്തിച്ചേര്‍ന്നു. 'ബ്രദേഴ്സ് കരമസോവ്' ആ ധാരയില്‍ ഒടുവിലത്തേതും
ഒരുപക്ഷെ ഏറ്റവും മഹത്തരവുമായതായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യ
കുലത്തോടുള്ള അഗാധ സ്നേഹവും ദുരിതമനുഭവിക്കുന്നവരോടുള്ള സഹജ ഭാവവും മൂവരിലും
പ്രകടമായ അന്തര്‍ദ്ധാരകളായിരിക്കുമ്പോഴും മൂവരിലും ശക്തമായ വ്യത്യാസങ്ങളും
പ്രമേയപരമായ ഉത്കണ്ഠകളും പ്രകടമാണ്. ടോള്‍സ്റ്റോയിയുടെയോ ദസ്തയവ്സ്കിയുടെയോ വിശ്വാസ വഴികളില്‍
ഒരിക്കലും താല്‍പര്യം കാണിച്ചിട്ടില്ലാത്ത ടര്‍ജിനെവ് പരിഷ്കരണ വാദത്തിന്റെ
നിഹിലിസ്റ്റിക് ധാരകളെയാണ് പിന്തുടര്ന്നത്. ടോള്‍സ്റ്റോയ് ഹോമറിന്റെ പാതയില്‍
കുടുംബകഥകളും സാമൂഹികകഥകളും ചരിത്രപരതയോടെ ബ്രഹദാഖ്യാനം ചെയ്യുകയും
ഗിരിപ്രഭാഷണത്തിന്റെ ഉത്ബോധനങ്ങളില്‍ തന്റെ വിശ്വാസപരവും റാഡിക്കല്‍ സോഷ്യലിസ്റ്റ് - പാസിഫിസ്റ്റ്
ആദര്‍ശ ബദ്ധവുമായ നിലപാടുറപ്പിക്കുകയും ചെയ്യുമ്പോള്‍ ദസ്തയവ്സ്കി
വിശാലതയെക്കാളെറെ ആഴങ്ങള്‍ തേടുന്ന സോഫോക്ലിയന്‍ - ഷേക്സ്പിയറിയന്‍
ദുരന്ത - പീഡനാത്മക
വഴികളിലാണ് തന്റെ സര്‍ഗ്ഗസപര്യ നകൂരമിടുന്നത് എന്ന് സാമാന്യമായി പറയാം. എക്കാലത്തെയും
ഏറ്റവും മികച്ച നോവലിസ്റ്റുകളില്‍ ഒരാള്‍ എന്നു മാത്രമല്ല, മനുഷ്യന്റെ മാനസിക വ്യവഹാര
സങ്കീര്‍ണ്ണതളെ ഏറ്റവും തീവ്രമായും വിട്ടുവീഴ്ച്ചയില്ലാതെയും അനാവരണം നടത്തിയ
പ്രതിഭ എന്ന നിലയിലും ഒരു പ്രവാചകത്വപദവിയുണ്ട് ദസ്തയവിസ്കിക്ക്. ശരാശരി മാനുഷിക
വിനിമയങ്ങളിളല്ല, മറിച്ച് രോഗാതുരവും പീഡാനുഭവ ബദ്ധവുമായ അതി-സാധാരണത്വത്തിലാണ് (abnormality) അദ്ദേഹം
താല്പര്യമെടുക്കുന്നത്. ചാള്‍സ് ഡിക്കന്‍സ് അവസാനിപ്പിക്കുന്നിടത്താണ്
ദസ്തയവ്സ്കി തുടങ്ങുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അനാഥത്വത്തിന്റെയും
ക്രൂരരായ മേല്‍നോട്ടക്കാരുടെ ദണ്ഡമുറകളുടെയും ശൈശവങ്ങളെ വേണ്ടുവോളം
അടയാളപ്പെടുത്തുന്ന ഡിക്കന്‍സ്, ഒടുവില്‍ എല്ലാം കലങ്ങിത്തെളിയുന്ന ഒരു 'ശേഷകാലം
സുഖമായി'യില്‍ കഥയവസാനിപ്പിച്ചു നിര്‍വൃതികൊള്ളുന്നുവെങ്കില്‍ ദസ്തയവ്സ്കിക്ക് അത്തരം
കനം കുറഞ്ഞ ശുഭാന്ത്യങ്ങളില്‍ താല്‍പര്യമേയില്ല.
ശ്രീ
വേണു വി. ദേശം രചിച്ച 'റഷ്യന്‍ ക്രിസ്തു' എന്ന നോവല്‍ ദസ്തയവ്സ്കിയുടെ ജീവിതത്തെയാണ്
പ്രമേയമാക്കുന്നത്. മനുഷ്യ മനസ്സിന്റെ നിഗൂഡമായ ആഴങ്ങള്‍ ഗഹനമായും പ്രൌഡമായും
അപഗ്രഥിക്കുന്ന ദസ്തയവ്കിയന്‍ രീതി മുഗ്ദരാക്കിയ എഴുത്തുകാരുടെയും ചിന്തകരുടെയും
ദാര്‍ശനികരുടെയും നിര എണ്ണമറ്റതാണ്. മനോവിജ്ഞാനീയത്തിന്റെ പിതാവെന്നു കണക്കാക്കുന്ന ഫ്രോയ്ഡ്
താന്‍ ദസ്തയവ്സ്കിയില്‍ നിന്ന് ഏറെ പഠിച്ചിട്ടുണ്ട് എന്ന് തുറന്നു
പറഞ്ഞിട്ടുണ്ടല്ലോ. ദസ്തയവ്സ്കിയുടെ രചനകളിലെ കഥാഭാഗങ്ങള്‍ താരതമ്യേന ലളിതമായി
ചുരുക്കിപ്പറയാനാവുന്നവ തന്നെയാണ്. സങ്കീര്‍ണ്ണതകള്‍ മുഴുവനും ആ അപഗ്രഥനങ്ങളിലാണ്
കുടികൊള്ളുന്നത്. അത്രയും ആഴത്തിലുള്ള സങ്കീര്‍ണ്ണതകള്‍ പേറാന്‍
കഴിവുള്ളവരാണോ സമൂഹത്തില്‍ നിന്ദിതരും പീഡിതരുമായി കഴിയുന്ന നിസ്വരായ ആ
കഥാപാത്രങ്ങളില്‍ പലരും എന്നൊരു വിമര്‍ശനക്കണ്ണ് അസ്ഥാനത്തല്ല. അതുകൊണ്ട്
കൂടിയാവാം ദസ്തയവ്സ്കി വായനക്കാരുടെത് എന്നത് പോലെത്തന്നെയോ ഒരു പക്ഷെ അതില്‍ക്കൂടുതലോ
ഒരു 'എഴുത്തുകാരുടെ എഴുത്തുകാരന്' ആയി പരിഗണിക്കപ്പെടുന്നതും. പൊള്ളിക്കുന്ന സ്വാനുഭവങ്ങള്‍
വേണ്ടുവോളം ഉണ്ടായിരുന്ന ദസ്തയവ്സ്കി, അവയ്ക്കൊപ്പം ഒരൊന്നാം തരം നിരീക്ഷകനും ആയിരുന്നു എന്ന്
ജയിലിലും മറ്റും കൂടെയുണ്ടായിരുന്നവര്‍ 'റഷ്യന്‍ ക്രിസ്തു'വില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. ഒരേ സമയം
പങ്കാളിയും സാക്ഷിയുമാവുക എന്നത് എന്നും ശൈശവ തുല്യമായ നിഷ്കളങ്കതയും ഒപ്പം
മനുഷ്യാസ്തിത്വത്തിന്റെ സമസ്യകളിലേക്ക് നീണ്ടു ചൊല്ലുന്ന അശാന്തമായ അന്വേഷണ
ബുദ്ധിയും സ്വന്തമായുള്ള എഴുത്തുകാരന്റെ ഇരട്ട വ്യക്തിത്വവും ആവാം. ദസ്തയവ്സ്കിയുടെ
ജീവിതം പ്രമേയമാക്കി എഴുതപ്പെട്ട ഈ പുസ്തകത്തിലും ഏതാണ്ട് അത്തരമൊരു ദ്വന്ദ്വം
ആരോപിക്കാവുന്നതാണ്. ഇതും നേരിട്ടൊരു ദസ്തയവ്സ്കി ജീവിതാഖ്യാനമല്ല. തന്നെയല്ല, ഒരു വേള ഇത്
ദസ്തയവ്സ്കി വായനയില്‍ ഒരു തുടക്കക്കാരനുള്ള പുസ്തകമേയല്ല. ഒന്നാമതായി, നോവലിസ്റ്റ്
തന്റെ കഥാനായകന്റെ ജീവിതം ഏതെങ്കിലും ഒരു നിയത രീതിയില്‍ ആവിഷ്കരിക്കുന്നേയില്ല. ദസ്തയവ്സ്കിയുടെ
ജീവിതവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടവരോ, ആ തൂലികയില്‍ പിറവിയെടുത്തവരോ ആയ
നൂറ്റിയിരുപതോളം ആളുകളുടെ ഹ്രസ്വ സ്മൃതികളിലൂടെയാണ് പുസ്തകം ആഖ്യാനം ചെയ്യുന്നത്
എന്ന് മാത്രമല്ല ഇവിടെ സൂചിപ്പിക്കുന്നത്, കഥാനായകന്റെ ജീവിതത്തിലെ
ഒരനുഭവവും കഥാഖ്യാന രീതിയില്‍ ആവിഷ്കരിക്കുന്നേയില്ല എന്നതാണ്. മറിച്ച്, അതുമായി
ബന്ധപ്പെട്ട ഏതെങ്കിലും കഥാപാത്രം നല്‍കുന്ന ഏറ്റവും ഹ്രസ്വമായ സൂചനകളില്‍ ഏറ്റവും
പ്രധാനപ്പെട്ട ജീവിതസന്ദര്‍ഭങ്ങള്‍ പോലും ഒതുങ്ങുന്നു. മറ്റു വാക്കുകളില്‍, ദസ്തയവ്സ്കിയുടെ
ജീവിത കഥയും അദ്ദേഹത്തിന്റെ രചനകളും നേരത്തെ പരിചിതമായവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ
പുസ്തകം. അതുകൊണ്ട് ഇതൊരു വായനക്കാരന് എന്നതിലേറെ ഒരു ദസ്തയവ്സ്കി പഠിതാവിനുള്ള
പുസ്തകമാണ്.
ദസ്തയവ്സ്കിയുടെ
കൊടുങ്കാറ്റു സമാനമായ ജീവിതാനുഭവങ്ങളെയും മന്ദമാരുതന്റെ കുളിര്‍ സ്പര്‍ശമുള്ള ആത്മതേജസ്സിനെയും
കലങ്ങിമറിഞ്ഞ റഷ്യന്‍ കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ ആറ്റിക്കുറുക്കിയ
സൂചനകളിലൂടെ വരച്ചിടാന്‍ ശ്രീ. വേണു നടത്തുന്ന ആഖ്യാതാക്കളുടെ തെരഞ്ഞെടുപ്പിന്റെ
സമഗ്രതയാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ മികവ്. ആ ജീവിതത്തെയും രചനകളെയും
ഏറ്റവും ആഴത്തില്‍ അറിഞ്ഞ ഒരാള്‍ക്ക് മാത്രം സാധ്യമാവുന്നതാണ് ഇത്. 1849-ല്‍
പെട്രോഷേവ്സ്കി ഗ്രൂപ്പില്‍ ആകൃഷ്ടനായി സാര്‍ വിരുദ്ധ നാസ്തിക വിപ്ലവ സംഘാംഗം എന്ന
നിലയില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ആ കുപ്രസിദ്ധമായ വധശിക്ഷാ നാടകത്തിനും തുടര്‍ന്ന്
സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ട അനുഭവങ്ങള്‍ക്കും ഇരയാവുകയും ചെയ്തതാണ്
ദസ്തയവ്സ്കിയെ മാറ്റിമറിക്കുന്നത്. പീനല്‍ കോളനിയിലെ ശിക്ഷക്കുശേഷവും ചങ്ങലയില്‍ ബന്ധിതനായി
കഴിയേണ്ടി വന്ന അഞ്ചുവര്‍ഷവും പുതിയ നിയമം എന്ന ഒരേയൊരു പുസ്തകവുമായി കഴിഞ്ഞു
കൂടിയ നാളുകള്‍ ദസ്തയവ്സ്കിയുടെ ആത്മീയ ഭൂമിക തീര്‍ത്തും പുതുക്കിപ്പണിയുകയായിരുന്നു. ജീവിതത്തിലെ ആ സൈബീരിയന്‍ കാണ്ഡത്തിനു മുമ്പ് നാസ്തികവും
സാമൂഹ്യവിപ്ളവ പ്രചോദിതവുമായിരുന്ന ആ മനസ്സ് ഇപ്പോള്‍ തടവറയില്‍ കണ്ട മനുഷ്യരിലും
റഷ്യന്‍ തൊഴിലാളികളിലും ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ തന്നെ പതിപ്പുകളാണ്
കണ്ടത്. എല്ലാം കഴിയുമ്പോള്‍ കുറ്റവാളികള്‍ക്കും മനോ വിഭ്രാന്തിയില്‍ അകപ്പെട്ടവര്‍ക്കും
രോഗഗ്രസ്തര്‍ക്കും അംഗഭംഗം സംഭവിച്ചവര്‍ക്കും ഇടയില്‍ വേണ്ടുവോളം
പെരുമാറിക്കഴിഞ്ഞിട്ടുണ്ടായിരുന്നു അദ്ദേഹം- ഇനിയൊരായുസ്സു മുഴുവന്‍
എഴുതിയാലും തീരാത്തത്ര ആ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സിന്റെ ആഴങ്ങളില്‍ തിടം
വെച്ചിരുന്നു. 'മരിച്ച വീട്', 'അധോതലക്കുറിപ്പുകള്‍ ' എന്നിവയില്‍ നേരിട്ടും
മറ്റെല്ലാ കൃതികളിലും ഊര്‍ജ്ജമായും ഈ അനുഭവങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഒരര്‍ഥത്തില്‍ ഭൗതിക
തലത്തില്‍ ആഖ്യാതാവിന്റെ ചേക്കയിടമായ ഇരുണ്ട ബേസ്മെന്റ് ഫ്ലാറ്റിനെയും അതേസമയം
ഫ്രോയ്ഡിന്റെ 'ഇദ്' സങ്കല്പ്പനത്തിലെന്നോണം അയാളുടെ ആദി ചോദനകളുടെ ഇരണ്ട വശങ്ങളെയും
സൂചിപ്പിക്കുന്നുണ്ട് 'അധോതലക്കുറിപ്പുകളി'ലെ അധോതലം. നോവലിന്റെ
ആദ്യപകുതി നല്‍കുന്ന കഥാംശ ശൂന്യതയുടെ പ്രതീതി ദസ്തയവ്സ്കിയുടെ പില്‍ക്കാല
രചനകളിലും പണിക്കുറ തീര്‍ന്നു കാണാവുന്ന ആഴത്തിലുള്ള മാനസികാവലോകന -introspection-ത്തിനു വഴിമാറുന്നുവെങ്കിലും രണ്ടാം പകുതി ഈ അവലോകനങ്ങള്‍ക്ക് നിദാനമായ മൂന്നു
നാലു സംഭവങ്ങള്‍ ആവിഷ്കരിക്കുന്നു. അങ്ങനെ ഒരേസമയം രസച്ചരട് മുറിയാത്ത കഥ, അസാധാരണമായ
മനശാസ്ത്ര വിശകലനം, പിടിച്ചിരുത്തുന്ന ദാര്‍ശനികകൃതി എന്നീ മൂന്നുനിലകളിലും നോവല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പില്‍ക്കാലം അദ്ദേഹം തന്റെ ഏറ്റവും മികച്ച കൃതികളില്‍ ആഴത്തില്‍
പരിശോധിക്കുന്ന പ്രമേയങ്ങളെല്ലാം ഇവിടെ ബീജരൂപം കൈവരിക്കുന്നുണ്ട് എന്നുപറയാം. കുറ്റവും
ശിക്ഷയും, ശുദ്ധാത്മാവ്, ഭൂതാവിഷ്ടര്‍, കരമസോവ് സഹോദരന്മാര്‍ തുടങ്ങിയ മാസ്റ്റര്‍പീസുകളില്‍
ദസ്തയവ്സ്കി പ്രതിഭ എന്തുകൊണ്ടാണ് മനുഷ്യമനസ്സിന്റെ ഇരുണ്ടതും ഭ്രാന്തവുമായ നിഗൂഡ
രഥ്യകളില്‍ തന്റെ അന്വേഷണങ്ങളെ എന്നും ചേര്‍ത്തുവെച്ചത് എന്ന ചോദ്യത്തിന് നരകങ്ങള്‍
ജീവിച്ചു തീര്‍ത്ത ആ ആയുസ്സിന്റെ പുസ്തകത്തില്‍ തന്നെയാണ് മറുപടികള്‍
കണ്ടെത്താനാവുക. അന്നയുടെ സ്നേഹഭരിതവും ഊര്‍ജ്ജസ്വലവുമായ യുവത്വമുള്ള കൈകളില്‍ കൂട്ടും അഭയവും
രക്ഷാകര്‍തൃത്വവും കണ്ടെത്തുന്നതുവരെ ജീവിതത്തിലെങ്ങും ദുരന്തങ്ങള്‍ വിടാതെ
പിന്തുടര്‍ന്നപ്പോഴും കുരിശേറിയ ദൈവപുത്രനെ പോലെ ആരെയും വെറുക്കാന്‍ ശ്രമിക്കാതെ, ഒരുവേള
മിഷ്കിന്റെ നിഷ്കളങ്കതയോടെയും അല്യോഷയുടെ അചഞ്ചല വിശ്വാസത്തോടെയും അതേ സമയം
കരമസോവ് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന 'അഡിക് ഷന്‍ ' പ്രവണതയോടെ ചൂതാട്ടത്തിന്റെ സ്വയം നശീകരണ
മാനസികാവസ്ഥയോടെയും പരാജയത്തില്‍ നിന്ന് പരാജയത്തിലേക്കും കടക്കെണിയില്‍ നിന്ന്
കടക്കെണിയിലേക്കും കൂപ്പു കുത്തിക്കൊണ്ടിരുന്നതാണ് ദസ്തയവ്സ്കിയുടെ ജീവിതം. തലനാരിഴക്ക്
മാറിപ്പോയ വധശിക്ഷ നല്‍കിയ മരവിപ്പോളം എത്തിയ ഞെട്ടല്‍ കുട്ടിക്കാലത്ത്
ഇടക്കെപ്പോഴെങ്കിലും ഉണ്ടാവുമായിരുന്ന അപസ്മാരത്തെ പതിവിനു വിപരീതമായി പില്‍ക്കാലം
വര്‍ദ്ധിപ്പിച്ചു. കഴുകന് കണ്ണുമായി വട്ടമിട്ട പ്രസാധകരും ആരെയും
നിഷേധിക്കാനാവാത് മസൃണ മനസ്സിന്റെ ദൗര്‍ബല്യത്തെ മുതലെടുത്ത ബന്ധുക്കളും ചാര്‍ച്ചക്കാരും
പരാജയപ്പെട്ട വിവാഹങ്ങളിലെ/ബന്ധങ്ങളിലെ പങ്കാളികളും കലങ്ങിമറിഞ്ഞു കൊണ്ടിരുന്ന ദേശീയ
രാഷ്ട്രീയ സാഹചര്യങ്ങളും ഒന്നും തന്നെ നല്ലതൊന്നുമല്ല അദ്ദേഹത്തിന്റെ ജീവിതത്തില്‍
വിട്ടുംവെച്ചത്. സ്വന്തം ആത്മീയാന്വേഷണത്തിന്റെ അശാന്തയാനങ്ങളും കുഞ്ഞു
മകളുടെ വിയോഗം പോലെ നേരില്‍ കാണേണ്ടി വന്ന ദുരന്തങ്ങളുടെ ദുരൂഹതകളും മനുഷ്യ ജീവിതം
എന്ന മഹാസമസ്യയില്‍ അനായാസ വിശദീകരണങ്ങളില്ലെന്നു ഇയ്യോബിന്റെ പുസ്തകത്തിലേതു പോലെ
അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഒരര്‍ഥത്തില്‍ 'ഭൂമിയിലെ ജീവിതത്തിന്റെ ദുരന്താത്മകതയാണ്
ക്രിസ്തുമതത്തിന്റെ സന്ദേശം' (റഷ്യന്‍ ക്രിസ്തു - പേജ് 51
) എന്ന കണ്ടെത്തലിലാണ്
ദസ്തയവ്സ്കിയുടെ വിശ്വാസ വഴികള്‍ നകൂരമിടുന്നത് എന്നു പറയാം.
വ്യക്തി
ജീവിതത്തില്‍ സ്നേഹമായും പീഡനമായും വന്നുപോയ ഒട്ടേറെ പേര്‍ ആ വ്യക്തിത്വത്തിന്റെ
മഴവില്‍ ദീപ്തിയിലേക്കും ആ മനസ്സില്‍ തിളച്ചുമറിഞ്ഞു കൊണ്ടിരുന്ന ആത്മ
പീഡകളിലേക്കും നിരീക്ഷണങ്ങളുടെ മിന്നായം തെളിക്കുന്നുണ്ട്. ദസതയവ്സ്കിയുടെ ആത്മസംഘര്‍ഷങ്ങളുടെ
തുടക്കമായ പിതാവിനോടുള്ള രാഗ-ദ്വേഷ ബന്ധത്തിലേക്ക് വെളിച്ചം വീശുന്ന പിതാവ് മിഖയേല്‍
ആന്ദ്രയെവിച്ചില്‍ തുടങ്ങുന്ന ആഖ്യാനത്തില്‍ മകനില്‍ റഷ്യന്‍ മൂല്യബോധം നിറച്ച
അമ്മ മരിയ ഫയദറോവ്ന, സഹോദരന് എന്നതിലേറെ ആത്മസുഹൃത്തു കൂടിയായിരുന്ന ജ്യേഷ്ടന്‍
മിഖായേല്‍, ജ്യേഷ്ഠപത്നി എമിലി തുടങ്ങിയ കുടുംബാംഗങ്ങള്‍, സൈബീരിയന്‍ പീനല്‍ കോളനി തടവില്‍
കഴിഞ്ഞ കാലത്ത് പുതിയ നിയമത്തിന്റെ കോപ്പി നല്‍കി പെട്രോഷേവ്സ്കി സംഘംഗത്തിന്റെ
ആത്മീയ ഗതിമാറ്റത്തിനു തുടക്കം കുറിച്ച നതാലിയ ദിമിത്രിയെവ്ന, ശുദ്ധാത്മാവായിരുന്ന
ദസ്തയവ്സ്കിയെ ചതിവില്‍ പെടുത്തി പുസ്തകങ്ങളുടെ മുഴുവന്‍ അവകാശവും തട്ടിയെടുക്കാന്‍
ശ്രമിച്ച് അന്നയുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ ഒന്നുകൊണ്ടു മാത്രം അത് സാധിക്കാന്‍
കഴിയാതെ പോയ സ്റ്റെല്ലോവ്സ്കി, ഗവര്‍ണറെ വെടിവെച്ചു വീഴ്ത്താന്‍ ശ്രമിച്ച
വിപ്ലവാകാരിയായിട്ടും തന്റെ ധാര്‍മ്മികതയെ അംഗീകരിച്ചതിന് സ്നേഹാദരങ്ങളോടെ
അദ്ദേഹത്തെ ഓര്‍ക്കുന്ന വേര ഇവാനോവ്ന, സൈബീരിയന്‍ കാലം മുതല്‍ പലപ്പോഴായി പലരൂപത്തില്‍
അദ്ദേഹത്തിന്റെ ജീവിതത്തില്‍ കടന്നുവന്ന സ്ത്രീസാന്നിധ്യങ്ങളും നസ്താഷയെ പോലുള്ള
മാനസപുത്രിമാരും തുടങ്ങി ഒട്ടേറെ ആഖ്യാതാക്കള്‍ ആ വ്യക്തി ജീവിതത്തിലേക്ക്
വെളിച്ചം വീശുന്നു. എഴുത്തുകാരന് എന്ന നിലയില്‍ അദ്ദേഹത്തെ വിലയിരുത്തുന്ന
സാഹിത്യ ചരിത്രത്തിലെ ഒട്ടേറെ പ്രതിഭകള്‍ നോവലിലുണ്ട്. ദുരന്ത പര്യവസായികളായ
കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതില്‍ തന്റെ പാതയിലാണ് ദസ്തയവ്സ്കിയെന്നു കണ്ടെത്തുന്ന
ഷേക്സ്പിയര്‍, 'ദൈവത്തെ ചോദ്യം ചെയ്യുമ്പോള്‍ തന്നെ ദൈവത്തെ നാം കണ്ടെത്തേണ്ടിയിരിക്കുന്നു' എന്ന്
ദസ്തയവ്സ്കിക്ക് വഴികാട്ടിയ വോള്‍ട്ടയര്‍, “ഞാന്‍ സാമൂഹിക വിമര്‍ശന പരമായും
നീതിന്യായ പരിഷ്കരണത്തിന് വേണ്ടിയും വാദിച്ചപ്പോള്‍ അയാള്‍ മന:ശാസ്ത്രത്തിലൂന്നി
വ്യക്തിവിവേകത്തെ ചിഹ്നഭിന്നമാക്കുന്നതും സൃഷ്ട്യുന്‍മുഖമാക്കുന്നതുമായ
പ്രശ്നങ്ങളില്‍ സഞ്ചരിച്ചു" എന്ന് നിരീക്ഷിക്കുന്ന വിക്റ്റര്‍ ഹ്യൂഗോ, 'എന്നില്‍
നിന്നാണ് പിറവിയെടുത്തത് ' എന്നഭിമാനിക്കുമ്പോഴും ദസ്തയവ്സ്കിയുടെ കഥാപാത്രങ്ങള്‍ക്കുള്ള ആന്തര ലോകം
എന്റെ കഥാപാത്രങ്ങല്ക്കില്ലേയില്ല' എന്ന് സമ്മതിക്കുന്ന ഗൊഗോള്‍, ആദ്യനോവല്‍ 'പാവപ്പെട്ടവര്‍ ' ഒറ്റ രാത്രികൊണ്ട് വായിച്ചു അതിനെ ഏറെ പുകഴ്ത്തുകയും
അങ്ങനെ അതിദ്രുതം എഴുത്തുകാരനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തുകയും ചെയ്ത അക്കാലത്തെ
സാഹിത്യ കുലപതി ബെലിന്‍സ്കി, 'തിന്മയുടെ പ്രശ്നത്തിന് ഒരു റഷ്യന്‍ പ്രതിവിധി നിര്‍ദ്ദേശിച്ചതേയുള്ളൂ
ഞാനും ഫയദോറും' എന്ന് അഭ്യസൂയ കൂടാതെ അംഗീകരിക്കുന്ന സാക്ഷാല്‍ ടോള്‍സ്റ്റോയ്, 'അയാളുടെ
ശവസംസ്കാരത്തെ ചൊല്ലിപ്പോലും ഞാന്‍ അസൂയപ്പെട്ടു' എന്ന് കുമ്പസാരിക്കുന്ന ടര്‍ജിനെവ്, 'ആധുനിക
മനശാസ്ത്രത്തിനു തറക്കല്ലിട്ടത് താനല്ലെന്നും ദസ്തയവ്സ്കി ആണെന്നും
നിരീക്ഷിക്കുന്ന ഫ്രോയ്ഡ്, ഇഡിയറ്റ് എന്ന നോവലിന് നല്‍കിയ ചലച്ചിത്ര ഭാഷ്യത്തെ
കുറിച്ച് അത് മഹത്തരമായെന്നു ആരാധകര്‍ പറയുമെങ്കിലും നോവലിന്റെ സൗന്ദര്യം അല്‍പ്പമെങ്കിലും
പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഏറ്റുപറയുന്ന കുറൊസാവ , 'റഷ്യക്കാരന്റെ പകയും ദുരയും
ആസക്തിയും സ്നേഹ-ദ്വേഷങ്ങളും ദേശീയ ബോധവും പരപീഡനരതിയും സ്വപ്നവും സംഘര്‍ഷവും ചാലിച്ച്
അവനെഴുതിയ രചനകള്‍ അവനെ വിശ്വ മഹാകവിയാക്കി' എന്നു നിരീക്ഷിക്കുന്ന പുഷ്കിന്, ഉള്ളുകൊണ്ട്
ഇഷ്ടപ്പെട്ടപ്പോഴും 'വിശക്കുന്ന ജനകോടികളെ ഒരുതരം രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും
തൃപ്തിപ്പെടുത്താന്‍ കഴിയില്ല' എന്ന ദസ്തയവ്സ്കിയുടെ പ്രഖ്യാപനത്തില്‍ ചകിതനായിപ്പോയ
ലെനിന്, കമ്മ്യൂണിസത്തെ വെറുത്ത രാജപക്ഷവാദി നേരത്തെ മരിച്ചു പോയതുകൊണ്ട് ഫയറിംഗ്
സ്ക്വാഡിന് മുന്നില്‍ നിര്‍ത്തേണ്ടി വന്നില്ലല്ലോ എന്നാശ്വസിക്കുമ്പോഴും കരമസോവ്
സഹോദരന്മാര്‍ പലവട്ടം വായിച്ച സ്റ്റാലിന്‍ എന്നിങ്ങനെ ഒട്ടേറെ ചരിത്ര പുരുഷന്മാര്‍ .
നുറുങ്ങു
സ്മൃതികളുടെ രൂപത്തിലാണ് നോവലിന്റെ ഉടനീള ആഖ്യാനം എന്നത് കൊണ്ട് രൂപപരമായ
അന്വേഷണങ്ങങ്ങള്‍ക്കോ ആവിഷ്കാര തന്ത്രങ്ങളെ കുറിച്ചുള്ള പഠനത്തിനോ അധികം ഇടം നോവല്‍
വിട്ടുവെക്കുന്നില്ല. ആഖ്യാതാക്കളുടെ കാലഗണനയിലെ തിരിമറികള്‍ (anachronism), കഥാപുരുഷന്റെ സ്വഭാവത്തില്‍ നോവലിസ്റ്റ് വെളിച്ചം പകരാന്‍ ഉദ്ദേശിക്കുന്ന
വശത്തിലേക്ക് മാത്രമുള്ള മിന്നായങ്ങള്‍ പകരുന്ന തരത്തില്‍ ബോധപൂര്‍വ്വം
ചിട്ടപ്പെടുത്തിയതായതുകൊണ്ട് അനിച്ഛാപൂര്‍വ്വമെന്നു (spontaneous) പറയാനാവാത്ത അവരുടെ സ്വഗതാഖ്യാനങ്ങള്‍ എന്നതൊക്കെ ഒരു തരം നാടകീയതയുടെയും
ഫാന്റസിയുടെയും തലങ്ങള്‍ നോവലിന് നല്‍കുകയും യഥാതഥത്വം ആവിഷ്ക്കാരത്തിന്റെ
പരിധിക്കു പുറത്താണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. ദസ്തയവ്സ്കി പ്രതിഭയുടെ കറകളഞ്ഞ
ആരാധകനും അദ്ദേഹത്തിന്റെ മഹത്തായ കൃതികളില്‍ പലതും മലയാളത്തിലേക്ക് വിവര്‍ത്തനം
ചെയ്തയാളുമായ ശ്രീ. വേണു വി. ദേശം, ആ മഹാപ്രതിഭയുടെ ജീവിതത്തെ കുറിച്ച് ഒരു നോവല്‍
രചിക്കുമ്പോള്‍ അത് സ്വാഭാവികമായും ഒരു സ്നേഹാര്‍ച്ചന ആവാതെ വയ്യ. 'റഷ്യന്‍
ക്രിസ്തു' എന്ന തലക്കെട്ട് ദസ്തയവ്സ്കിയുടെ ജീവിതസത്തയും, സാഹിത്യത്തില്‍ അദ്ദേഹം
ആവിഷ്കരിച്ച ദാര്‍ശനിക ലോകത്തെയും പ്രകാശിപ്പിക്കുന്നുണ്ട്. ആത്മപീഡനത്തിലൂടെ
മോക്ഷം എന്ന ആശയത്തില്‍ വിശ്വസിച്ച, മിഷ്കിനെയും അല്യോഷയെയും ഫാദര്‍ സോസിമയെയും സൃഷ്ടിച്ച
എഴുത്തുകാരന് ചേര്‍ന്ന പേര് തീര്‍ച്ചയായും അത് തന്നെ.
(മാധ്യമം വാരിക, മാര്‍ച്ച് 27, 2017 പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം)