Featured Post

Saturday, April 29, 2017

Hiding in Plain Sight by Nuruddin Farah

മുന്‍ വിധികളുടെ മനോ ഭൂപടങ്ങള്‍ 



ഭരണ കൂടവുമായി സംഘര്‍ഷത്തിലാവുകയും ഒത്തു തീര്‍പ്പിന്റെ എളുപ്പവഴിക്കപ്പുറം പ്രവാസത്തിന്റെ കഠിന മാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്ത എഴുത്തുകാരുടെ നിര എല്ലാ കാലത്തും വലിയതാണ്ഒരു തരത്തിലുള്ള സാംസ്കാരിക വിനിമയങ്ങളും സുരക്ഷിതമല്ലാത്ത വിധം ഹിംസാത്മക അന്തരീക്ഷം നില നിന്നു വന്ന പോസ്റ്റ്‌ കൊളോണിയല്‍ ആഫ്രിക്കയെ സംബന്ധിച്ചെടത്തോളം അത് മാതൃ രാജ്യങ്ങളില്‍ അതി കഠിനമായ മസ്തിഷ്കച്ചോര്‍ച്ച (brain drain) സംഭവിക്കും വിധം കൂടുതലായിരുന്നുആഫ്രിക്കന്‍ സാഹിത്യത്തിലെ അതികായനായ സോമാലിയന്‍ നോവലിസ്റ്റ് നൂറുദ്ദീന്‍ ഫറാ തന്റെ രണ്ടാമത് നോവലായ 'എ നെയ്ക്കഡ് നീഡിലി'ന്റെ പ്രസിദ്ധീകരണത്തെ തുടര്‍ന്ന് സമാന സാഹചര്യത്തില്‍ പ്രവാസത്തിന്റെ വഴി തെരഞ്ഞെടുത്തയാളാണ്നീണ്ട ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നീട് അദ്ദേഹം സ്വദേശം സന്ദര്‍ശിച്ചത്എഴുത്തിനെ തന്റെ ജന്മ ദേശത്തെ ഉയിരോടെ നിര്‍ത്താനുള്ള ശ്രമമായാണ് താന്‍ കാണുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്ആദ്യ രചനകളായ From a Crooked Rib (1970), A Naked Needle (1976), എന്നീ നോവലുകള്‍ കൂടാതെ Variations on the Theme of African Dictatorship Trilogy(1979- 1983), Blood in the Sun Trilogy (1986 -1998), Past Imperfect Trilogy (2003 – 2011) എന്നിങ്ങനെ മൂന്നു വീതം നോവലുകള്‍ ഉള്‍കൊള്ളുന്ന മൂന്നു നോവല്‍ ത്രയങ്ങളും ഏതാനും സ്റ്റേജ് നാടകങ്ങളും റേഡിയോ നാടകങ്ങളും അദ്ദേഹത്തിന്റെ രചനാലോകത്തില്‍ ഉള്‍പ്പെടുംവിഖ്യാതമായ നുസ്റ്റാഡ് അന്താരാഷ്‌ട്ര സാഹിത്യ പുരസ്ക്കാര ജേതാവായ ഫറാ നോബല്‍ പുരസ്ക്കാര സാധ്യതയില്‍ എപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന പേരുകാരനാണ്.

 

ഫറായുടെ ഏറ്റവും പുതിയ കൃതിയായ Hiding in Plain Sight (2015) ഭീകരാക്രമാണങ്ങളും മരണങ്ങളും തുടര്‍ക്കഥയാവുന്ന സോമാലിയന്‍ അന്തരീക്ഷം തന്നെയാണ് പശ്ചാത്തലമാക്കുന്നത്മൊഗദിഷുവില്‍ യുഎന്‍സംഘത്തിനു വേണ്ടി ലോജിസ്റ്റിക്സ് ഓഫീസര്‍ ആയി ജോലി ചെയ്യുന്ന 'ആര്‍എന്ന് മാത്രം പേര് പറയുന്ന സോമാലിയന്‍ പൗരന് ഒരൊറ്റ വാക്ക് സന്ദേശം ലഭിക്കുന്നതോടെയാണ്‌ ഇതിവൃത്തം ചുരുള്‍ നിവരുന്നത്‌. “DETH!” എന്ന വാക്ക് 'debt' എന്നത് തെറ്റിയെഴുതിയതാവാം എന്നാശ്വസിക്കാന്‍ ശ്രമിക്കുമ്പോഴുംഅത് സോമാലിയയാണ് എന്നും 'death'എന്നത് തെറ്റിയെഴുതിയത് ആവുമെന്നും അയാളുടെ ഉപബോധം അയാളോട് പറയുന്നുണ്ട്ശാരീരികമായി അതയാളെ ബാധിച്ചുതുടങ്ങുകയും നൈറോബിയിലേക്ക് തിരികെ പോവാന്‍ തയ്യാറെടുത്ത് തന്റെ പുസ്തകങ്ങള്‍ മുമ്പേ അയക്കുകയും ചെയ്ത ശേഷം പുതുജീവിതത്തിന് താന്‍ കണ്ടെത്തിയ കൂട്ടുകാരി ഗിനിലയോടോപ്പമുള്ള കുറെ ചിത്രങ്ങള്‍ ഓഫീസില്‍ നിന്നെടുക്കാന്‍ അങ്ങോട്ട്‌ പോവുകയും ചെയ്യുമ്പോഴാണ് 'ശബാബ് കാര്യങ്ങള്‍ വേഗം ചെയ്തു തീര്‍ക്കുന്നത്. 1994 - ല്‍ യഥാര്‍ഥത്തില്‍ സംഭവിച്ച യുഎന്‍കാര്യാലയത്തിലെ ഭീകരാക്രമാണത്തിലേത് പോലെ മുപ്പതോളം പേര്‍ കൊല്ലപ്പെടുന്നുമരണത്തെ തുടര്‍ന്ന് 'ആര്‍ഒരദൃശ്യ സാന്നിധ്യമായി നോവലിന്റെ പിന്നീടുള്ള ഭാഗങ്ങളിലൊക്കെയും നിറഞ്ഞു നില്‍ക്കുംനോവല്‍ പൂര്‍ത്തീകരിച്ചതിനും പ്രസിദ്ധീകരിച്ചതിനുമിടയില്‍എഴുത്തിന്റെ പ്രവചന സ്വരമെന്ന പോലെ ഫറായുടെ പ്രിയ സഹോദരി ബസ്രാ ഫറാ നാസര്‍ 2014ജനുവരിയില്‍ കാബൂളിലെ യുഎന്‍ആസ്ഥാനത്തെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതും ചരിത്രം.

ഒരു ഭീകരാക്രമണത്തില്‍ ഒരു നോവല്‍ തുടങ്ങുക എന്നത് ഏറെ ദുഷ്കരമാണെന്നും ഫറായെ പോലെ കൃത ഹസ്തനായ ഒരാള്‍ക്കേ അത് അനായാസമായി ചെയ്യാനാവൂ എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്ആദ്യ അദ്ധ്യായം ഒരേ സമയം ഏറെ ആവേശമുണര്‍ത്തുന്നതും അതെ സമയം നോവലിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളെ കുറിച്ച് തെറ്റിദ്ധാരണ നല്‍കുന്നതുമാണ് എന്ന് പറയാംചടുലമായ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ സാധ്യതകളിലേക്ക് പോയേക്കാവുന്ന ഇതിവൃത്തം പക്ഷെ ഒരു കുടുംബ കഥയുടെയുംഒപ്പം ആഫ്രിക്കന്‍ സോമാലിയന്‍ ജീവിതത്തിന്റെ വര്‍ത്തമാനാവസ്ഥകളുടെ അനാവരണങ്ങളിലേക്കുമാണ് തിരിയുന്നത്. 'ആറി'ന്റെ മരണം ഉയര്‍ത്തുന്ന പുതിയ സാഹചര്യം നേരിടാനും അയാളുടെ കൌമാരക്കാരായ രണ്ടു മക്കളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാനുമായി തന്റെ റോമിലെ പ്രൊഫഷനല്‍ ദൌത്യം അവസാനിപ്പിച്ചെത്തുന്ന ഇളയ അര്‍ദ്ധ സഹോദരി ബെല്ലയാണ് നോവലിലെ കേന്ദ്ര കഥാപാത്രം. "ഒരു വിളിക്ക് മറുപടി നല്‍കുകയാണ് എന്ന് ഏതാണ്ട് മതപരമായ ഒരു വിളിക്ക്എന്ന് അവള്‍ക്കു തോന്നി എന്ന് നോവില്സ്റ്റ് കൂട്ടിച്ചേര്‍ക്കുന്നുപ്രശസ്തയായ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ആയ ബെല്ലക്ക് സഹോദരനുമായി ഏതാണ്ടൊരു രതിതീക്ഷ്ണത (incest)യുള്ള ഊഷ്മളമായ സ്നേഹ ബന്ധമാണുണ്ടായിരുന്നത്വേദനയോടെയെങ്കിലും കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമ്പോള്‍ മുതിര്‍ന്നു വരവിന്റെ സംഘര്‍ഷങ്ങളുള്ള സലിഫിന്റെയും ദഹാബയുടെയും കാര്യത്തില്‍ അതത്ര എളുപ്പമാവില്ല എന്ന് ബെല്ല വേഗം തിരിച്ചറിയുംകുട്ടികളുടെ മാതാവായ വലേറി ഇടപെടാന്‍ തുടങ്ങുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകായും ചെയ്യും. 'ആറു'മായി വര്‍ഷങ്ങള്‍ക്കു മുമ്പേ പിണങ്ങി പിരിഞ്ഞതാണെങ്കിലും നിയമപരമായി ബന്ധം വേര്‍പെടുത്തിയിട്ടില്ലാത്തതും സ്വയം നിയന്ത്രിക്കാനാവാത്ത വികാര വിക്ഷോഭസ്വഭാവങ്ങള്‍ ഉണ്ടെങ്കിലും കുട്ടികളോട് ഇപ്പോഴും വലേറിക്ക് സ്നേഹമുള്ളതും ബെല്ലയില്‍ ആശങ്ക സൃഷ്ടിക്കുന്നു.

 

അലസമായ അപര നിര്‍മ്മിതികള്‍.

 

'Hell is other people' എന്ന സാര്‍ത്രിന്റെ വചനം നോവലില്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്‌ജന സമൂഹങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഇടയില്‍ എപ്പോഴും നിലനില്‍ക്കുന്ന അപരസ്വത്വത്തെ കുറിച്ചുള്ള നിര്‍മ്മിത മുന്‍ വിധികള്‍ നോവലിലെ ഏറ്റവും പ്രധാന ഉത്കണ്ഠകളില്‍ ഒന്നാണ്അതുമായി ചേര്‍ന്ന് പോവുകയോ സംഘര്‍ഷത്തില്‍ ആവുകയോ ചെയ്യുന്നില്ലാത്ത ഒരാളും നോവലില്ല. 'ആറി'ന്റെ പിണങ്ങിപ്പിരിഞ്ഞ ഭാര്യയും സ്വവര്‍ഗ്ഗാനുരാഗിയുമായ വലേറി തന്റെ കൂട്ടുകാരി പദ്മിനിയോടൊപ്പം പോണ്ടിച്ചേരിയിലേക്ക് താമസം മാറാനുള്ള തീരുമാനത്തിലാണ്ഇന്ത്യയുമായി പഠന കാലം മുതലേ ആത്മ ബന്ധമുണ്ടായിരുന്ന നോവലിസ്റ്റിന്റെ കൃതിയില്‍ ആ ദേശത്തിന്റെ ചരിത്രം കടന്നു വരുന്നത് സ്വാഭാവികം തന്നെഹോട്ടല്‍ ബിസിനസ്സിലേക്ക്‌ തിരിയാന്‍ ശ്രമിക്കുന്ന പദ്മിനി പാചക വിധികളുടെ താരതമ്യത്തില്‍ പോലും ഇന്ത്യന്‍ രുചികള്‍ ഓര്‍ത്തെടുക്കുന്നുണ്ട്. “ഇന്ത്യ ഒരു പാട് അധിനിവേശങ്ങള്‍ നേരിട്ടിട്ടുണ്ട്. .. അത് ഒരു പുരാതന സംസ്കൃതിയുള്ള ഉപ ഭൂഖണ്ഡമാണ്ഒരു വലിയ ജനസംഖ്യവ്യത്യസ്ത സംസ്കാരങ്ങളും വിശ്വാസങ്ങളുംപാചക വിധികള്‍ ആ സാംസ്കാരിക ബഹുസ്വരത പ്രതിഫലിപ്പിക്കുന്നു എന്ന് ഞാന്‍ പറയുംഇംഗ്ലണ്ട് ഉള്‍പ്പടെ യൂറോപ്പിലുള്ള ഏതൊരു രാജ്യത്തെക്കാളും വലിയ ലോകപൌരത്വം ഇന്ത്യക്കുണ്ട്.” ഇന്ത്യയുള്‍പ്പടെ ലോകത്തെ ഇതര ഭാഗങ്ങളില്‍ നിന്നും സ്വാധീനിക്കപ്പെട്ടതാണ് സോമാലി നാഗരിക ഭക്ഷണ രീതിയെന്നും സ്വദേശി രീതികളില്‍ അതിപ്പോഴും തനിമ നിലനിര്‍ത്തുന്നുവെന്നും മീഹ്ദി പ്രതികരിക്കുന്നു.

 

'ആറി'ന്റെ വില്‍ പത്രത്തില്‍ വലേറി ഇടം പിടിക്കുന്നതേയില്ലെങ്കിലും ഒരു ഉഗാണ്ടന്‍ വക്കീലിന്റെ സഹായത്തോടെ അയാളുടെ സ്വത്തുക്കള്‍ ഒരു ട്രസ്റ്റ് ആക്കിമാറ്റുന്നതിനു അവള്‍ ശ്രമം നടത്തുന്നുണ്ട്വര്‍ഷങ്ങളായി കുടുംബവുമായോ കുട്ടികളുമായോ ഒരു ബന്ധവും ഇല്ലാതെ കഴിഞ്ഞവളാണ് വലേറി എന്നിരിക്കെ അതൊരു കുരുക്കാവില്ലെന്നും ബെല്ല സ്വമേധയാ സഹകരിക്കാന്‍ തയ്യാറാവാത്തേടത്തോളം നിയമപരമായി ആര്‍ക്കും അവളെ അതിനു നിര്‍ബന്ധിക്കാനാവില്ലെന്നും ഗനില ബെല്ലയെ ആശ്വസിപ്പിക്കുന്നു. 'ഒരു നാവികന്റെ മനസ്സുള്ളഫ്രിജിഡ് ആയ ബെല്ല'ക്ക് വിട്ടുകൊടുക്കാതെ കുട്ടികളെ ഇംഗ്ലണ്ടില്‍ വളര്‍ത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്ന പദ്മിനിക്ക് സോമാലിയയെ കുറിച്ചും മുസ്ലിംകളെ കുറിച്ചും കടുത്ത മുന്‍ വിധികളുണ്ട്, “ നിങ്ങളുടെ കുട്ടികള്‍ ആഫ്രിക്കക്കാര്‍ മാത്രമല്ലഅവര്‍ സോമാലിയക്കാരും മുസ്ലിംകളും കൂടിയാണ്, .. സോമാലികള്‍ മതഭ്രാന്തരാണ് അവരില്‍ എല്ലാ ഓരോരുത്തരുംഅവര്‍ക്ക് നമ്മെ ജീവനോടെ ചുട്ടുകൊല്ലാന്‍ ആഹ്ലാദമാവുംഅവര്‍ നമ്മെ വഴിതെറ്റിയവര്‍ ആയിക്കാണുന്നു., സാത്താനെ ഭജിക്കുന്നവരെക്കാള്‍ മോശംഅതിനൊത്ത ശിക്ഷ നമ്മള്‍ അര്‍ഹിക്കുന്നു എന്ന് അവര്‍ വിശ്വസിക്കുന്നു.” എന്നാല്‍ഇംഗ്ലണ്ടില്‍ എല്ലാം ശരിയാവും എന്ന പദ്മിനിയുടെ അവകാശവാദത്തിലൊന്നും കാര്യമില്ലെന്ന് പ്രതികരണ സ്വഭാവമുള്ള യുവാവിലേക്ക് വളരുന്ന സലിഫ് കരുതുന്നു, “ഞാന്‍ വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നുണ്ട്ഇംഗ്ലണ്ടില്‍ ഞാന്‍ വളരെ വേഗം ഒരു കരുതല്‍ തടങ്കല്‍ സെല്ലില്‍ എത്തിപ്പെടാം കാരണം ഞാന്‍ പുരുഷനും യുവാവുമായ കറുത്തവനും ഒരു മുസ്ലിം പേര് ഉള്ളയാളുമാണ്.” പദ്മിനിഈദി അമിന്‍ ഉഗാണ്ടയില്‍ നിന്ന് ഇന്ത്യന്‍ വംശജരെ പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ അവിടെയുള്ള പൈതൃക സ്വത്തിന്റെ കാര്യത്തില്‍ നിയമപ്രക്രിയകളുടെ നൂലാമാലകളിലാണ്കുട്ടികളുടെ സംരക്ഷണാധികാരം അവര്‍ക്ക് ലഭിക്കാന്‍ നിയമസാധ്യതയില്ലെങ്കിലും ബെല്ല ഒന്നിലേറെ തവണ വലേറിയുടെയും പദ്മിനിയുടെയും രക്ഷക്കെത്തുന്നുണ്ട്സ്വവര്‍ഗ്ഗ രതി നിയമ വിരുദ്ധമായ ഉഗാണ്ടാ ജയിലില്‍ നിന്ന് വന്‍ തുക പിഴയായും കൈക്കൂലിയായും ഒടുക്കി രഹസ്യമായി ഇരുവരെയും രക്ഷിക്കുന്നതും ആഫ്രിക്കയില്‍ അത്തരം താല്പര്യങ്ങളോട് മൃദുസമീപനമുള്ള നൈറോബിയിലേക്ക് പോകാന്‍ അവര്‍ക്ക് കളമൊരുക്കുന്നതും അമിത മദ്യപാനത്തിന്റെയും ധൂര്‍ത്തിന്റെയും ഹോട്ടല്‍ താമസ ബില്ലായി വന്‍ തുകയടച്ച്‌ മറ്റൊരു ജയില്‍ വാസത്തില്‍ നിന്ന് അവരെ രക്ഷിക്കുന്നതും ബെല്ലയാണ്ഗാംഭീര്യമുള്ള വ്യക്തിത്വത്തിനുടമയായ പദ്മിനി കംപാല ജയിലില്‍ അധികൃതരുടെ അപമാനം സഹിക്കേണ്ടി വന്നതിന്റെ ഓര്‍മ്മയില്‍ ബെല്ലയോടു ഏറെ നന്ദിയുള്ളവള്‍ ആണെങ്കിലും, ("കൊല്ലങ്ങള്‍ പഴക്കമുള്ള മൂത്ര നാറ്റവും പ്രകൃതി വിരുദ്ധ രതിയുടെയും ബാലാല്‍ക്കാരത്തിന്റെയും അഴുകിയ ചരിത്രവുമുള്ള ലോക്കപ്പില്‍ രണ്ടു രാത്രി ഞങ്ങള്‍ കഴിച്ചു കൂട്ടി') ഒന്നിനും നന്ദി പറഞ്ഞു ശീലമില്ലാത്ത വലേറി അയഥാര്‍ത്ഥമായ അഭിമാന ബോധത്തോടെ അനാവശ്യ മഹാമനസ്ക്കതക്ക് ബെല്ലയോടു പൊട്ടിത്തെറിക്കുന്നുമുണ്ട്സഹോദരന്‍ വലേറിയുമായി പിണങ്ങി പിരിഞ്ഞതിനു കാരണം പദ്മിനിയുമായി അവള്‍ക്കുള്ള ബന്ധമാണെന്നു വിശ്വസിക്കുന്ന ബെല്ല ഒരു ഘട്ടത്തില്‍വലേറിയുടെ ലൈംഗിക താല്പര്യം അവരെ ഭീഷണിപ്പെടുത്തി കുട്ടികളുടെ കാര്യത്തില്‍ പിന്മാറ്റാന്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു പോവുന്നുണ്ടെങ്കിലും ആ ചിന്തയില്‍ ഉടന്‍തന്നെ അവള്‍ പശ്ചാത്തപിക്കുന്നുണ്ട്.

ബെല്ലയുടെ മനസ്സില്‍ സ്വാതന്ത്ര്യങ്ങളെല്ലാം ഒരൊറ്റ പാക്കേജ് ആണ്അതുകൊണ്ട് ആഫ്രിക്കയിലെയോ മിഡില്‍ ഈസ്റ്റിലെയോ ദശലക്ഷക്കണക്കിനു പൗരന്മാര്‍ക്ക് നിത്യവും നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യങ്ങള്‍ ലോകത്തിന്റെ ഈ ഭാഗങ്ങളിലേ ജനാധിപത്യമില്ലായ്മയുമായി ബന്ധിതമാണ്വ്യക്തികള്‍ അവരുടെ സ്വകാര്യ ജീവിതങ്ങളില്‍ നടത്തുന്ന തെരഞ്ഞെടുപ്പുകള്‍ അവര്‍ ബാലറ്റ് പെട്ടിയില്‍ നടത്തുന്ന തെരഞ്ഞെടുപ്പിനോളം തന്നെ പ്രാധാന്യമുള്ളതാണ്പരസ്യമായ സ്നേഹ പ്രകടനങ്ങള്‍ആണും പെണ്ണും തമ്മിലോരണ്ടു സ്ത്രീകളോരണ്ടു പുരുഷന്മാരോ തമ്മിലോആവട്ടെജനാധിപത്യ പരമായ പെരുമാറ്റങ്ങളുടെ ആവിഷ്കാരങ്ങലാണ്ആര്‍ക്കുംരാജ്യത്തിന്റെ പ്രസിഡന്റിനു പോലുംപ്രണയത്തെ നിര്‍വ്വചിക്കാനുള്ള അധികാരവും ശക്തിയും ഉണ്ടാവരുത് ആരെ സ്നേഹിക്കണം എന്നതുള്‍പ്പടെ.”

വലേറികുട്ടികള്‍ മുസ്ലിം കുടുംബമായ ഫാത്തിമ മഹ്ദി ദമ്പദികളുമായൊ അവരുടെ മക്കളായ സുബൈര്‍ഖമര്‍ എന്നിവരുമായോ കൂട്ടുകൂടരുതെന്നു ശഠിക്കുന്നതിലും അവളുടെ ഇസ്ലാം വിരുദ്ധ മനോഭാവത്തിനും പിന്നിലുള്ളത്‌നോര്‍ത്ത് ആഫ്രിക്കന്‍ വിമത സൈനികര്‍ തന്റെ പിതാവിനെ പ്രകൃതി വിരുദ്ധ ലൈംഗികതക്ക് വിധേയനാക്കിയതിന്റെ കഥകളാണ്. 'ആര്‍തന്റെ ശരീരം ദഹിപ്പിക്കാനാണ് ആഗ്രഹിച്ചിരുന്നതെന്ന് അയാളുടെ പഴയ ഇന്ത്യന്‍ ആത്മീയതാ താല്പര്യ കാലത്തെ നിലപാടുകള്‍ ഉയര്‍ത്തി അവള്‍ ആവശ്യപ്പെടുകയും ഒരു വേള സലിഫിനെ ആ വഴിക്ക് ബെല്ലയുമായി ഉടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. “നിന്റെ സോമാലി സുഹൃത്തുക്കള്‍ നിന്നെ തോക്കും മറ്റും പഠിപ്പിക്കുന്നില്ല എന്ന് ഞാന്‍ ആഗ്രഹിക്കുന്നുഎന്ന് തന്റെ മുന്‍ വിധി കൌമാരക്കാരനോട് പറയുന്ന വലേറിയോട് ബെല്ല പ്രതിഷേധിക്കുന്നുമുണ്ട്‌.

 

സദാചാരത്തിന്റെ ആഫ്രിക്കന്‍ തമോഗര്‍ത്തങ്ങള്‍

പ്രായമേറിയ ഒരാളുമായി നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ക്യാമ്പ് വിട്ടു ഒളിച്ചോടുന്ന ഒരു നാടോടി ബാലികയുടെ കഥയായിരുന്ന From a Crooked Rib എന്ന ആദ്യ നോവലിന് ശേഷം തുടര്‍ന്നെഴുതിയ 'ആഫ്രിക്കന്‍ ഏകാധിപത്യപ്രമേയ ത്രയ'ത്തില്‍ കൊളോനിയലിസംപുരുഷ കേന്ദ്രിത വ്യവസ്ഥ മുഹമ്മദ്‌ സിയാദ് ബാരെയുടെ കീഴിലായിരുന്ന സോമാലിയുടെ എകാധിപത്യം എന്നിവയിലെ സമാന്തരങ്ങളാണ് ഫറാ വിഷയമാക്കിയത്. 'ബ്ലഡ് ഇന്‍ ദി സണ്‍ത്രയത്തില്‍ രക്ത രൂക്ഷിത സംഘര്‍ഷങ്ങള്‍വിദേശ സഹായംസാധാരണ കുടുംബങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ എന്നിവ വിഷയമാക്കിഒരിക്കല്‍ സുന്ദരമായിരുന്ന സോമാലിയയെ രാഷ്ട്രീയ സംഘര്‍ഷങ്ങളും ആഭ്യന്തര യുദ്ധങ്ങളും ചേര്‍ന്ന് അഭയാര്‍ഥികളുടെ ദേശമാക്കി മാറിയ വിപര്യയമാണ് ഫറാ തന്റെ കൃതികളില്‍ വിഷയമാക്കുന്നത് എന്ന് സാമാന്യമായി പറയാം. 'ആറി'ന്റെ കുടുംബം കഴിയുന്ന കെനിയയുടെ ജനസംഖ്യയില്‍ ആറു ശതമാനം ഇത്തരം സോമാലി പ്രവാസികളാണ്സ്വാഭാവികമായും 'അന്യദേശക്കാ'രെ കുറിച്ചുള്ള മുന്‍വിധികള്‍ എല്ലായിടത്തും അവര്‍ നേരിടെണ്ടിയും വരുന്നുണ്ട്. “മുഴുവന്‍ നോവലിനെയും സത്യത്തില്‍പൊരുത്തപ്പെടാത്ത സാമാന്യവല്‍ക്കരണങ്ങള്‍ വാരിവലിച്ചിട്ട ഇടത്തില്‍ വസിക്കുന്ന പ്രവാസികളുടെ ഒരു തരം ഭൂപടം പോലെകാണാമെന്ന് എലെന്‍ അകിന്‍സ് നിരീക്ഷിക്കുന്നു. (സ്റ്റാര്‍ ട്രിബ്യൂണ്‍നവംബര്‍ 10, 2014) എന്നാല്‍മൂന്നു ഭൂഖണ്ഡങ്ങളിലായി 'വളരെവളരെ സുമുഖനായ ഒരാള്‍; (തനിക്കു ഒരു കുഞ്ഞെങ്കിലും പിറക്കേണ്ടിയിരുന്ന വളരെവളരെ ബുദ്ധിമാനായ മറ്റൊരാള്‍മൂന്നാമതായി അവളൊരു കൂറ്റനെ തെരഞ്ഞെടുക്കും നന്നായി സെക്സ് ആസ്വദിക്കാന്‍ പറ്റുന്ന ഒത്ത ഒരുത്തന്‍എന്ന് വിധേയത്വമേതും ഇല്ലാതെ കൂട്ടാളികളെ തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന ബെല്ല പതിവ് വാര്‍പ്പ് മാതൃകകള്‍ക്ക് തികച്ചും പുറത്താണ്പെണ്‍ ചേലാകര്‍മ്മം എന്ന നാട്ടു നടപ്പിന് വിധേയയായിട്ടില്ലാത്തവള്‍അതില്‍ അപമാന ബോധമശേഷമില്ലാത്തവള്‍ . “മൂന്നു കാമുകന്മാരുമായി കഴിയുന്ന അവള്‍ക്കറിയാമായിരുന്നു അവളൊരു ചില്ലു വീട്ടിലാണെന്നും സമാന അവസ്ഥയിലുള്ള ആര്‍ക്കുമെതിരില്‍ കുപ്പിച്ചില്ലുകൊണ്ടെറിയാന്‍ അവള്‍ക്കാവില്ലെന്നും.” ആവിഷ്കാര സ്വാതന്ത്ര്യംമത സ്വാതന്ത്ര്യംഇഷ്ടപ്പെട്ടവരുമായി ബന്ധം സ്ഥാപിക്കാനുള്ള സ്വാതന്ത്ര്യം ഇവയെല്ലാം വിദ്യാഭ്യാസത്തിനുള്ള അവകാശംഭക്ഷണത്തിനും ശുദ്ധ ജലത്തിനുമുള്ള വകാശം എന്നിവ പോലെ പ്രധാനമാണ് എന്നതാണ് ബില്ലയുടെ നിലപാട്മിനി സ്കര്‍ട്ട് ധരിച്ചിരുന്ന തന്റെ പഴയ നാളുകളെ കുറിച്ച് ഗിനില ഓര്‍ക്കുന്നുണ്ട്മൊഗാദിഷു ഇന്ന് ആ കോസ്മോപോളിറ്റന്‍ നഗരമല്ല. 'സെക്കുലര്‍എന്ന പദം പോലും അശ്ലീലമായി കണക്കാക്കുന്ന മൌലിക വാദികള്‍ പിടി മുറുക്കിയിരിക്കുന്നുഎന്നാല്‍ പ്രവാസികള്‍ അനുഭവിക്കുക ഇതേ ദുര്യോഗത്തിന്റെ തിരിച്ചു കുത്തലാണ്ഇത്തരം വീര്‍പ്പു മുട്ടിക്കുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവാതെയാണ് അവര്‍ പ്രവാസികളായത്‌ എന്ന വസ്തുത വിസ്മരിക്കപ്പെടുകയും അഭയം തേടുന്നയിടങ്ങളില്‍ അതെ മുന്‍ വിധികളുടെ പേരില്‍ അവര്‍ ഒറ്റപ്പെടുത്തപ്പെടുകയും ചെയ്യുന്നു. 1972 വരെ ഒരു ലിപി പോലും ഇല്ലാതിരുന്ന പിന്നോക്കാവസ്ഥയുടെ സൃഷ്ടിയായ ആ 'സോമാലിനിര്‍മ്മിതി അവരെ വേട്ടയാടുന്നു.

 

ബെല്ലയും വലേറിയും -വ്യക്തിത്വ ഭിന്നങ്ങള്‍

കുട്ടികളോട് ബെല്ല പറയുന്നുണ്ട്:: "ആരോടൊപ്പം കഴിയണമെന്നതില്‍ ആളുകള്‍ക്ക് എവിടെയും അവര്‍ക്ക് ദൈവം നല്‍കിയ തെരഞ്ഞെടുപ്പു നടത്താന്‍ കഴിയണം." വലേറിയും പദ്മിനിയും തമ്മിലുള്ള വേഴ്ച കാണാനിടയായത്തില്‍ അങ്കലാപ്പിലായ പെണ്‍കുട്ടിയോട് ബെല്ല പറയുന്നുണ്ട്: “നമ്മള്‍ ആഫ്രിക്കക്കാര്‍ ഇതര ലോകര്‍ക്ക് ഏറെ പുറകിലാണ് മറ്റുള്ളവരുടെ സ്വകാര്യ ജീവിതങ്ങളിലേക്ക് ചുഴിഞ്ഞു നോക്കി നാം നമ്മുടെ വിലയേറിയ ഊര്‍ജ്ജം പാഴാക്കുന്നു.” തങ്ങളുടെ പിതാവിന്റെ സ്വവര്‍ഗ്ഗ താല്പര്യം കാരണം ആദ്യഭാര്യ വിട്ടുപോകാനിടയായതാണ് ആറിന്റെയും പന്ത്രണ്ടു വയസ്സ് ഇളപ്പമുള്ള ബെല്ലയുടെയും അമ്മമാര്‍ രണ്ടു പേരാവാന്‍ കാരണമായത്‌സ്വവര്‍ഗ്ഗ താല്പര്യങ്ങളുള്ളയാള്‍ എന്നറിഞ്ഞു കൊണ്ട് തന്നെ ദിഗാലെയുടെ പങ്കാളിയാവാന്‍ തയ്യാറായ കാലത്തിനു മുമ്പേ നടന്ന ഹാര്‍ദോ ഈ സഹിഷ്ണുതാ പാഠങ്ങളാണ് മകള്‍ക്ക് പകര്‍ന്നു കൊടുത്തത്അതുകൊണ്ട് അത് യൂറോപ്പില്‍ നിന്നല്ല തന്റെ അമ്മയില്‍ നിന്ന് കിട്ടിയതാണ് എന്ന് ബെല്ല അനന്തിരവളോട് പറയുന്നു,

ആളുകളെ വേറെവേറെയാക്കുന്ന കാര്യങ്ങളെ അവര്‍ അംഗീകരിച്ചു... നമ്മള്‍ (ആഫ്രിക്കക്കാര്‍ലോകത്തെ കുറിച്ച് ശരിയായി മനസ്സിലാക്കിയിട്ടില്ലാത്തവരാണ് ശരിയായ വിദ്യാഭ്യാസമില്ലാത്തവര്‍നമ്മോടു വിയോജിക്കുന്നവരോട് സഹിഷ്ണുതയില്ലാത്തവര്‍ .. നമ്മള്‍ നമ്മുടെ സര്‍ക്കാരുകളെപ്പോലെത്തന്നെ ജനാധിപത്യ ബോധമില്ലാത്തവരാണ്എന്നാല്‍ സെക്സ് എന്നത് സമൂഹമോ സര്‍ക്കാരോ ഇടപെടേണ്ടതില്ലാത്ത വ്യക്തികളുടെ സ്വകാര്യ കാര്യമാണ്.”

 

 

നോവലിന്റെ സിംഹഭാഗവും കുട്ടികളുടെ സംരക്ഷണ ചുമതലയുടെ കാര്യത്തില്‍ ബെല്ലയും വലേറിയും തമ്മിലുള്ള സംഘര്‍ഷത്തിലാണ് കേന്ദ്രീകരിക്കുന്നത്സാധാരണ ഗതിയില്‍ പുരുഷാധിപത്യ സമൂഹത്തില്‍ ഒരു സ്ത്രീ പതറിപ്പോവാനിടയുള്ള സാഹചര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന ബെല്ല അവരുടെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് മാത്രമല്ല ആകര്‍ഷണീയയാകുന്നത്സഹോദരന്റെ വക്കീലും മറ്റൊരു വിവാഹ സങ്കല്പം വരെയെത്തിയിരുന്ന കൂട്ടുകാരിയുമൊക്കെ ബെല്ലക്ക് പിന്തുണയുണ്ട്ഇതൊക്കെയാണെങ്കിലും ബെല്ലയുടെ പാത്ര സൃഷ്ടിയില്‍ എല്ലാ വിപല്‍ ഘട്ടങ്ങളിലും ശരിയായ തീരുമാനങ്ങളെടുക്കാനും കുതറിപ്പോവാനുള്ള പ്രവണത ഏറെയുള്ള ദഹാബക്ക് പോലും ഒരു റോള്‍ മോഡല്‍ ആവാനും കഴിയും വിധം ആകപ്പാടെ ഒരു 'പിക്ച്ചര്‍ പെര്‍ഫെക്റ്റ് ഇമേജ് സൃഷ്ടിക്കുന്നതില്‍ മികച്ച ഫിക് ഷന് ചേരാത്ത ഒരു കൃതൃമത്വമുണ്ടെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (റോണ്‍ ചാള്‍സ്വാഷിംഗ്ടണ്‍ പോസ്റ്റ്‌,. നവബര്‍ 04, 2014)

നോവലില്‍ അത്രയേറെ സഹാനുഭൂതിയോടെ ആവിഷ്കരിക്കപ്പെട്ടിട്ടില്ലാത്ത കഥാപാത്രമാണ് പ്രവചനാതീത രീതികളും വികാര വിക്ഷോഭ സ്വഭാവവുമുള്ള വലേറിഎന്നാല്‍നോവലന്ത്യത്തില്‍ തന്റെ തന്നെ വ്യക്തിത്വത്തിലെ പരിമിതികളെ കുറിച്ച് അവള്‍ നടത്തുന്ന ഏറ്റുപറച്ചില്‍ വലിയൊരളവു ആ കുറവ് പരിഹരിക്കുന്നുണ്ട് എന്ന് പറയാംബെല്ലയോടു പറയാതെ പോയ കടപ്പാട് അവള്‍ ഇങ്ങനെ അവതരിപ്പിക്കുന്നു, “സാധാരണക്കാരായ ആളുകള്‍ സ്വാഭാവികമായി കാണുന്ന പല കാര്യങ്ങളും ഗുഡ്ബൈ പറയുന്നതുല്‍ള്‍പ്പടെ എന്റെ പ്രകൃതത്തിനു അന്യമാണ്സത്യത്തില്‍ എനിക്ക് പല സ്വത്വങ്ങളുണ്ട്എനിക്ക് സ്വസ്ഥത തരുന്ന ഒരു സ്വകാര്യ സ്വത്വവും എനിക്കൊട്ടും പരിചിതമല്ലാത്ത ഒരു വിദേശ ഭാഷ സംസാര്‍ക്കാന്‍ ശ്രമിക്കുന്നത് പോലെ അങ്ങേയറ്റം ആയാസകാരവും തളര്‍ത്തിക്കളയുന്നതുമായ ഒരു പുറം സ്വത്വവുംസംശയമില്ലനിങ്ങളെല്ലാരും കരുതുന്നുണ്ടാവും ഞാന്‍ അസാധാരണ പ്രകൃതിയും കാഴ്ചപ്പാടില്‍ മര്യാദയില്ലാത്തവളും നന്ദി വേണ്ടിടത്ത് നന്ദികെട്ടവളും ആണെന്ന്എന്റെ പിതാവും ഞാന്‍ വളര്‍ന്ന സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ് ഗുഡ്ബൈതാങ്ക് യു എന്നീ പദങ്ങള്‍ എന്റെ പദാവലിയില്‍ ഇല്ലാത്തതിന്റെ കാരണങ്ങള്‍അതുകൊണ്ട് ഇനിയുമോര്‍ക്കാന്‍ അയുക്തികമായി ഞാന്‍ ഇഷ്ടപ്പെടാത്ത എന്റെ ചെറുപ്പകാലത്തിലെ ഒരു ഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന അതെ വാക്കുകള്‍ നിങ്ങളോട് ഞാന്‍ ഉപയോഗിക്കുമ്പോള്‍ ഞാന്‍ കള്ളം പറയുകയായിരിക്കും.” സ്വന്തം അച്ഛന്റെ കയ്യില്‍ നിന്നേല്‍ക്കുന്ന പീഡോഫീലിയയുടെ ഭീകരാനുഭവങ്ങള്‍ ഒരു കുട്ടിയുടെ മനസ്സില്‍ എങ്ങനെയാണ് എന്നെന്നേക്കുമുള്ള മുറിവുണ്ടാക്കുകയും അവളുടെ വ്യക്തിത്വം വക്രീകരിച്ചു കളയുകയും ചെയ്യുക എന്നതില്‍ തീര്‍ച്ചയായും ആ കഥാപാത്രത്തിന്റെ അസാധാരണവും വെറുപ്പിക്കുന്നതുമായ പ്രതികരണങ്ങളുടെ വിശദീകരണങ്ങളുണ്ട്.

 

അതിവേഗം പരിവര്‍ത്തനപ്പെടുന്ന നാടിന്റെ പരിഛെദങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മൊറോക്കന്‍ നോവലിസ്റ്റ് താഹിര്‍ ബിന്‍ ജലൂനിനെയും ഈജിപ്തിന്റെ നാഗിബ് മഹ്ഫൂസിനെയും വ്യത്യസ്ത രീതിയില്‍ നുറുദ്ദീന്‍ ഫറാ ഓര്‍മ്മിപ്പിക്കുന്നുവെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്രാജ്യാന്തര ഭീകരതസ്വവര്‍ഗ്ഗ ഭിന്ന രതിക്കാരോടുള്ള ആഫ്രിക്കന്‍ മുന്‍വിധികള്‍പിണങ്ങിപ്പിരിഞ്ഞ ദമ്പദികള്‍ക്ക് കുട്ടികളോടുള്ള ഉത്തരവാദിത്തംകൗമാരക്കാരുടെ മുതിര്‍ന്നു വരവിന്റെ സംഘര്‍ഷങ്ങള്‍പ്രവാസത്തിന്റെ സന്നിഗ്ദതകള്‍ തുടങ്ങിയ പ്രമേയങ്ങളൊക്കെ നോവലില്‍ പരിശോധിക്കപ്പെടുന്നുണ്ട് എന്നതും സുവ്യക്തമാണ്എന്നാല്‍ ആത്യന്തികമായി അത് മറവിയിലേക്ക് പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത നഷ്ടങ്ങളുടെ നിഴലില്‍ ശപിക്കപ്പെട്ട സാഹചര്യങ്ങളില്‍ ജീവിക്കേണ്ടിഅതിജീവിക്കേണ്ടി വരുന്നവരുടെ മാനുഷിക നിസ്സഹായാതകളുടെവിശേഷിച്ചും വര്‍ത്തമാന സോമാലിയന്‍ ജീവിതത്തിന്റെ സന്ദിഗ്ദതകളെ കുറിച്ചുള്ള ഒരു നോവലാണ്‌.

(Yes മലയാളം , 01 ഏപ്രില്‍ 2017)


(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 47-54)

To purchase, contact ph.no:  8086126024


Friday, April 21, 2017

Behold the Dreamers by Imbolo Mbue

ഉത്തുംഗങ്ങളില്‍ എല്ലാവരും സമന്മാരാണ്.



"ഡോനാള്‍ഡ് ട്രംപ് ഇപ്പോള്‍ വായിക്കേണ്ട ഒരൊറ്റ പുസ്തകം " എന്ന് വിവരിക്കപ്പെട്ട (റോണ്‍ ചാള്‍സ്ദി വാഷിങ്ങ്ടന്‍ പോസ്റ്റ്‌ആഗസ്റ്റ്‌, 17, 2016) നോവലാണ്‌ യുവ കാമറൂണിയന്‍ - അമേരിക്കന്‍ എഴുത്തുകാരി ഇംബോലോ എംബൂയെയുടെ പ്രഥമ നോവല്‍ 'ബിഹോള്‍ഡ്‌ ദി ഡ്രീമേഴ്സ് '. 1930-കളിലെ 'മഹാ മാന്ദ്യ'ത്തിനു (the Great Depression) ശേഷം ലോകം കണ്ട ഏറ്റവും വലിയപുതു നൂറ്റാണ്ടാദ്യം സംഭവിച്ചസാമ്പത്തിക പ്രതിസന്ധി ഘട്ടവും (the Recession of 2008- 2010) തുടര്‍ന്നുണ്ടാവുന്ന ആ 'മഹത്തായ അമേരിക്കന്‍ സ്വപ്ന'ത്തിന്റെ (the Great American Dream) തകര്‍ച്ചയുമാണ് നോവലിന്റെ പശ്ചാത്തലംനോവലിസ്റ്റിന്റെ തന്നെ ജന്മ ദേശമായ കാമറൂണിലെ തെക്കു പടിഞ്ഞാറന്‍ കടലോര നഗരമായ ലിംബേയില്‍ നിന്ന് ജീവിത സാഹചര്യങ്ങളുടെ പാരുഷ്യത്തില്‍ ഒരു സന്ദര്‍ശക വിസയുടെ ആനുകൂല്യത്തില്‍ അമേരിക്കയിലെത്തുന്ന ജെന്റെ ജോംഗ മറ്റനേകം പ്രവാസികളെപ്പോലെ 'അഭയംനേടലും ഗ്രീന്‍ കാര്‍ഡും തന്നെയാണ് സ്വപ്നം കണ്ടത്രണ്ടു കൊല്ലത്തിനുള്ളില്‍ സ്റ്റുഡെന്റ് വിസയില്‍ ഭാര്യ നേനിയെയുംഅച്ഛനെ ആരാധിക്കുന്ന ആറു വയസ്സുകാരനായ മകന്‍ ലിയോമിയെയും അമേരിക്കയിലെത്തിച്ച് ഹാര്‍ലെമില്‍ താമസമാക്കുന്ന ദമ്പതിമാരുടെ ജീവിതങ്ങള്‍ മാന്ദ്യത്തിന്റെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും സ്വപ്നങ്ങളുടെ ഭാണ്ഡം അഴിച്ചു കെട്ടേണ്ടി വരുന്നതുമാണ് തലക്കെട്ടിന്‍റെ ഉറവിടം.

 

മാന്ദ്യം അകത്തളങ്ങളിലേക്ക്

 

കുറ്റമറ്റ ഔദ്യോഗിക മേല്‍വിലാസ രേഖകളുടെ അഭാവമെന്ന കുടിയേറ്റക്കാരുടെ ജീവിതാവസ്ഥയുടെ പൊതുസ്വഭാവത്തെ മൂടിവെച്ച്നേനിയോടൊപ്പം മണിക്കൂറുകളോളം ഗൂഗിളില്‍ ചെലവഴിച്ചു നടത്തിയ ഇന്റെര്‍വ്യൂ തയ്യാറെടുപ്പിന്റെയും ലൈബ്രറിയില്‍ ഒരു സന്നദ്ധ പ്രവര്‍ത്തകന്റെ സഹായത്തോടെ തയ്യാറാക്കിയ റെസ്യൂമെയുടെയും പിന്‍ ബലത്തില്‍ നടത്തിയ അപേക്ഷയെ തുടര്‍ന്ന് , 2007-ന്‍റെ ശരത് കാലത്ത് വാള്‍ സ്ട്രീറ്റ് ഭീമന്‍ ലെഹ്മാന്‍ ബ്രദേഴ്സിന്റെ സീനിയര്‍ എക്സീക്യൂട്ടീവായ ക്ലാര്‍ക്ക് എഡ്വാര്‍ഡ് സ്വപ്ന തുല്യമായ പ്രതിഫലത്തില്‍ തന്നെ ഡ്രൈവര്‍ ആയി നിയമിക്കുമ്പോള്‍ ജെന്റെ ജോംഗക്ക് തന്റെ ഭാഗ്യം വിശ്വസിക്കാന്‍ പ്രയാസമുണ്ട്സിന്‍ഡി എഡ്വാര്‍ഡ് നേനിക്ക് തങ്ങളുടെ വേനല്‍ക്കാല വസതിയില്‍ ഒരു താല്‍ക്കാലിക ജോലി കൂടി നല്‍കുന്നതോടെ വര്‍ഷങ്ങളുടെ ദുരിതങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ മണ്ണില്‍ തങ്ങള്‍ക്കൊന്നു ചുവടുറപ്പിക്കാമെന്നു യുവ ദമ്പതികള്‍ കണക്കു കൂട്ടുന്നുജെന്റെക്ലാര്‍ക്ക് കുടുംബത്തിലെ രണ്ടു മക്കളുടെയും സിന്‍ഡി ക്ലാര്‍ക്കിന്റെയും കൂടി വിശ്വസ്തനായിത്തീരുക തീര്‍ത്തും നൈസര്‍ഗ്ഗിക അനായസതയോടെയാണ്നേനിയാവട്ടെഒരു സ്വകാര്യ നേഴ്സിംഗ് അസിസ്റ്റന്റിന്റെ ബാദ്ധപ്പാടുകള്‍ക്കിടയിലും അമ്മയെന്ന ഉത്തരവാദിത്തവും ഒരു ഫാര്‍മസിസ്റ്റ് ആയിത്തീരുക എന്ന സ്വപ്നവും ഒന്നിച്ചു കൊണ്ട് പോകാന്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നുമുണ്ട്‌നോവലന്ത്യത്തില്‍ തനിക്കുതന്നെ അങ്കലാപ്പുണ്ടാക്കുന്ന ഒരു പരകായ നിമിഷത്തില്‍ - “ഒരുപക്ഷെ ഞാന്‍ മറ്റൊരു വ്യക്തിത്വം ആയിത്തീരുകയാവാം" - ഒരു തട്ടിപ്പുകാരിയായി ഒന്ന് പെരുമാറുന്ന ഘട്ടം വിചിത്രമായും തോന്നാമെങ്കിലും പ്രവാസാനുഭവത്തിന്റെ ഗതികേടുകള്‍ വ്യക്തികളിളുടെ സഹജ ഭാവങ്ങളെ മാറ്റിത്തീര്‍ക്കുന്ന ദുര്യോഗമായി അതിനെ കാണാംഅതിജീവന സംഘര്‍ഷങ്ങളുടെ പുതിയൊരു ഇടം മാത്രമല്ല പ്രവാസം - അത് പുതിയൊരു വ്യക്തിത്വം കൂടിയാവാം - പലപ്പോഴും ആ ഇടത്തിന്റെ ഉത്പന്നമായഅടഞ്ഞുപോയ ഒന്ന്.

 

എന്നാല്‍ ക്ലാര്‍ക്ക് ദമ്പതികളുടെ ജീവിതം ആര്‍ഭാടങ്ങളുടെതും വലിയ അധികാരങ്ങളുടെതും മാത്രമല്ലെന്നും അവക്ക് പിന്നില്‍ അസ്വാസ്ഥ്യകരമായ രഹസ്യങ്ങളുടെത് കൂടിയാണ് എന്നതും അവരോട് ഇടപഴാകാന്‍ ഇടയാവുന്ന ജോംഗ ദമ്പതികള്‍ക്ക് നല്ലത് മാത്രമല്ല കരുതി വെക്കുന്നത്മാന്ദ്യത്തിന്റെ സൂചകമായിമുഴുവന്‍ ലോകവും അമേരിക്കയിലെ കറുത്ത വംശജര്‍ വിശേഷിച്ചും ഏറെ താല്പര്യത്തോടെ ഉറ്റുനോക്കിയ ഒരു തെരഞ്ഞെടുപ്പിലൂടെ ബരാക് ഒബാമ പ്രസിഡന്റ് പദത്തില്‍ എത്തിയതിനു ആഴ്ചകള്‍ മാത്രം മുമ്പേലെഹ്മന്‍ ബ്രദേഴ്സ് പാപ്പരായി പ്രഖ്യാപിക്കപ്പെടുക കൂടി ചെയ്യുമ്പോള്‍ തന്റെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ ജെന്റെ കിണഞ്ഞു ശ്രമിക്കുന്നുണ്ട്സംഘര്‍ഷ ഭരിതമായ ആഫ്രിക്കന്‍ ദേശങ്ങളില്‍ നിന്ന് അഭയം തേടുന്നവരുടെ പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ 'പരിചയ സമ്പന്നന്‍എന്ന വക്കീലിന്റെ വലിയ വാക്കുകള്‍ക്ക് ശേഷവും ഭര്‍ത്താവിന്റെ ഗ്രീന്‍ കാര്‍ഡ് എന്ന സ്വപ്നം പൊലിഞ്ഞു പോകുന്നതും നാടുകടത്തല്‍ ഭീഷണി മുന്നിലെത്തുന്നതും സ്റ്റുഡെന്റ് വിസയില്‍ കഴിയുന്ന നേനിയെ ഭര്‍ത്താവിനു ഒരിക്കലും സ്വീകാര്യമാവാന്‍ ഇടയില്ലാത്ത അറ്റകൈ പരിഹാരങ്ങളിലേക്ക് പ്രചോദിപ്പിക്കുകയും ദാമ്പത്യം തന്നെയും ഗുരുതരമായ തകര്‍ച്ചാ സാധ്യതയിലേക്ക്‌ കൂപ്പു കുത്തുകയും ചെയ്യുന്നുഎഡ്വാര്‍ഡിന്റെ മലീമസമായ അഗമ്യഗമന രഹസ്യങ്ങള്‍ തന്നില്‍ നിന്ന് ഒളിപ്പിച്ചു വെക്കാന്‍ ജെന്റെ കഥകള്‍ മെനഞ്ഞുവെന്ന കണ്ടെത്തലില്‍ സിന്‍ഡിയുടെ സൌഹൃദഭാവം പൊലിയുന്നുതകര്‍ന്നു പോവുന്ന ദാമ്പത്യത്തെ കൂട്ടിപ്പിടിക്കാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി ജെന്റെയെ തൊഴിലില്‍ നിന്ന് പിരിച്ചു വിടുകയല്ലാതെ എഡ്വാര്‍ഡിന്റെ മുന്നില്‍ പോം വഴികളില്ലവിഷാദ രോഗത്തിന്റെയും അമിത മദ്യപാനത്തിന്റെയും ഇരയായി ജീവിതം കൈമോശം വന്നു കൊണ്ടിരിക്കുന്ന സിന്‍ഡിയെ ഭീഷണിപ്പെടുത്തി വന്‍ തുക കൈക്കലാക്കുന്ന നേനിയുടെ ചെയ്തി ജെന്റെക്ക് ഉള്‍കൊള്ളാനാവുന്നുമില്ല.

 

അമേരിക്കന്‍ സ്വപ്നത്തിന്റെ തകര്‍ച്ച

 

സിന്‍ഡിയുടെ ദുരന്തപൂര്‍ണ്ണമായ അന്ത്യത്തിന് ശേഷം ഓര്‍മ്മകളുടെ ഏകാന്ത വഴികളില്‍ കുഞ്ഞു മകനെയും കൂട്ടി പിതൃ ഗ്രാമത്തിലേക്ക് പിന്‍ വാങ്ങുന്ന ക്ലാര്‍ക്ക് ഇപ്പോള്‍ ഒരു നിഴല്‍ മാത്രമാണ് - തകര്‍ന്നു പോയ 'അമേരിക്കന്‍ സ്വപ്ന'ത്തിന്റെ വിളറിയ പതിപ്പ്അമേരിക്കന്‍ സ്വപ്നമെന്ന നിര്‍മ്മിതിയില്‍ അക്ഷരാര്‍ഥത്തില്‍ അവിശ്വസിക്കുന്ന നോവലിലെ ഏക കഥാപാത്രമായ ക്ലാര്‍ക്ക് കുടുംബത്തിലെ മൂത്ത മകന്‍ വിന്‍സ് വിചിത്രവും ഏകാന്തവുമായ രീതിയില്‍ ഇന്ത്യന്‍ ആത്മീയതയുടെ വഴി തേടിപ്പോയതാണ്ഒരു ഘട്ടത്തില്‍ അമേരിക്കന്‍ സ്വപ്നത്തെ കുറിച്ച് വാചാലനാവുന്ന ജെന്റെയെ അയാള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്ആഫ്രിക്കന്‍ വിപ്ലവകാരി പാട്രീസ് ലുമുംബയെ കമ്യൂണിസത്തിന്റെ വ്യാപനം തടയാനെന്ന പേരില്‍ കൊന്നു കളഞ്ഞത് അമേരിക്കയാണ്ഇപ്പോള്‍ അയാള്‍ മറ്റൊരു അപേക്ഷയുമായി ജോംഗെ ദമ്പതികളെ സമീപിക്കുന്നുഅമ്മയില്ലായ്മയുടെ വൈകാരിക സമ്മര്‍ദ്ദങ്ങളില്‍ വളര്‍ച്ചയുടെ താളം പിഴക്കുന്ന പത്തുവയസ്സുകാരനായ അനുജന്‍ മൈറ്റിക്ക് സ്നേഹ പരിചരണത്തിനു ഒരു മാതൃ സാന്നിധ്യം വേണംഎന്നാല്‍ അമേരിക്കയെന്ന സ്വപ്ന ഭൂമിയില്‍ തുടരാന്‍ അതൊരു വഴി തുറക്കല്‍ ആവാമെങ്കിലും സിന്‍ഡിയോടു ചെയ്ത അപരാധത്തിന്റെ ഓര്‍മ്മയുമായി നേനിക്ക് അവരുടെ കുഞ്ഞു മകനെ സമീപിക്കാനാവില്ല.

 

വര്‍ഷങ്ങള്‍ നീണ്ട പ്രവാസാനുഭവം ഇതിനോടകം ആ അമേരിക്കന്‍ സ്വപ്നത്തിന്റെ മറുപുറം ജെന്റെയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്കാമറൂണിലേത് പോലെ ''മാന്യരായ യുവാക്കള്‍ ചെറു കുറ്റങ്ങളുടെ പേരില്‍ ജയിലില്‍ എറിയപ്പെടാത്തപകരം അവര്‍ക്ക് ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരാനുള്ള അവസരം നല്‍കുന്നഅമേരിക്കയിലേക്ക് വരാന്‍ അയാള്‍ക്ക് ഏറെ ആലോചിക്കേണ്ടിയിരുന്നില്ല.“അമേരിക്ക എല്ലാവര്‍ക്കും ചിലതൊക്കെ നല്‍കുന്നു... സാര്‍ , ഒബാമയെ നോക്കൂആരാണ് അദ്ദേഹത്തിന്റെ അമ്മഅച്ഛന്‍അവര്‍ സര്‍ക്കാരിലെ ഉന്നതരല്ല .. അയാള്‍ അച്ഛനോ അമ്മയോ ഇല്ലാത്ത ഒരു കറുത്ത വര്‍ഗ്ഗക്കാരനാണ്ഇപ്പോള്‍ നാടിന്റെ പ്രസിഡന്റ് ആവാന്‍ ശ്രമിക്കുന്നു!” എന്ന് ഒരു ഘട്ടത്തില്‍ ക്ലാര്‍ക്കിനോട് പറയുന്നുണ്ട് ജെന്റെഒബാമയുടെ വിജയം ആഘോഷിക്കുന്ന ജെന്റെയും നേനിയും "ലിവിംഗ് റൂമിലെങ്ങും ചാടിക്കളിച്ചുഒരു ആഫ്രിക്കന്‍ സന്തതി ലോകം ഭരിക്കുന്നതോര്‍ത്തു സന്തോഷാശ്രു പൊഴിച്ചു.” ഒരു ബസ്സു യാത്രികന്‍ നിരീക്ഷിക്കുന്നു: "മുകളില്‍ അങ്ങെവിടെയോ ഇരുന്നു ഡോക്റ്റര്‍ കിംഗ്‌ താഴെ തന്റെ സഹോദരനെ കാണുന്നുണ്ടാവുംഎന്നിട്ട് പറയുന്നുണ്ടാവുംഅതാ എന്റെ പയ്യന്‍.” എന്നാല്‍ നേനിക്ക് മുമ്പേ ജെന്റെ ആ അമിത ശുഭാപ്തിയില്‍ നിരാശനായിത്തുടങ്ങുംഅവള്‍ കൂടെക്കൂടെ സന്ദര്‍ശിക്കുന്ന പള്ളിയിലെ വിശ്വാസികളായ വെള്ളക്കാരുടെ മാടമ്പി മഹാമനസ്കതയില്‍ അയാള്‍ കൃതൃമത്വം കാണുന്നുഎഡ്വാര്‍ഡ് ക്ലാര്‍ക്കിന്റെയടുക്കല്‍ ഡ്രൈവര്‍ ജോലി നേടിയെടുക്കാന്‍ രേഖകളുടെ അപര്യാപ്തതയെ കുറിച്ച് കള്ളം പറയാന്‍ മടി കാണിക്കുന്ന ജെന്റെയോടു വിന്‍സ്റ്റന്‍ ചോദിക്കുന്നു: “വെളുത്തവരുടെ മുന്നിലിരുന്നു സത്യം മാത്രം പറഞ്ഞുകൊണ്ടിരുന്നാല്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരന് ഈ നാട്ടില്‍ ഒരു നല്ല ജോലി കിട്ടാനിടയുണ്ടെന്നു നീ കരുതുന്നോ?” തിരിച്ചറിവുകള്‍ അയാളില്‍ സൃഷ്ടിക്കുന്ന പരിവര്‍ത്തനങ്ങള്‍ കാരണമാണ് 'സമയം വാങ്ങുകഎന്ന വക്കീലിന്റെ തന്ത്രത്തിലോഉന്നത സ്ഥാനങ്ങളിലെ പിടിപാടുകള്‍ താന്‍ അതിനായി ഉപയോഗിക്കാം എന്ന എഡ്വാര്‍ഡിന്റെ വാഗ്ദാനത്തിലോ അയാള്‍ക്കിപ്പോള്‍ താല്പര്യമില്ലാതാവുന്നതും ലിംബെയിലേക്ക് തിരിച്ചു പോവാന്‍ അയാള്‍ തീരുമാനിക്കുന്നതുംലിംബെയില്‍ ഇല്ലാത്തതൊന്നും ഹാര്‍ലെമിലും ഉണ്ടാവാനിടയില്ലെന്നു അയാള്‍ക്കിപ്പോള്‍ ഉറപ്പുണ്ട്ഡോളര്‍ റേറ്റില്‍ ചായക്ക്‌ വില നല്‍കേണ്ടി വരുന്ന അമേരിക്കന്‍ മൂല്യ ശോഷണത്തെക്കാള്‍ അറുനൂറു മടങ്ങില്‍ ഏറെയുള്ള വിനിമയ മൂല്യത്തില്‍ കാമറൂണ്‍ പണം നല്‍കുന്ന സമ്പന്നത വലിയ സാധ്യതയാണ് അയാള്‍ക്ക് നല്‍കുന്നത്ജനനം മൂലം അമേരിക്കന്‍ പൌരത്വമുള്ള കൈക്കുഞ്ഞിനെയും മൂത്ത മകനെയുമായി സ്വദേശത്തേക്കു തിരിക്കുമ്പോള്‍ , പഠനം കൂടി മുടങ്ങിപ്പോവുന്ന ഖിന്നതയുള്ള നേനിയെ അപേക്ഷിച്ച് സാമാന്യമായ വിരഹ വേദനക്കപ്പുറം ജെന്റെക്ക് നഷ്ട ബോധമില്ലാത്തത് അത് കൊണ്ടാണ്.

 

നേനി നിരീക്ഷിക്കുന്നത് പോലെ, “ന്യു യോര്‍ക്ക് നഗരത്തില്‍ പോലുംഒട്ടേറെ ദേശീയതകളുടെയും സംസ്കാരങ്ങളുടെയും ഇടത്തില്‍ പോലും സ്ത്രീകളും പുരുഷന്മാരുംയുവാക്കളും വൃദ്ധരുംധനികരും ദരിദ്രരും ഏറ്റവും അടുത്തവരെ കണ്ടെത്തുന്ന കാര്യത്തില്‍ സ്വന്തം കൂട്ടരെ തെരഞ്ഞെടുത്തു.” ജെന്റെയുടെ വക്കീല്‍ ഓര്‍മ്മിപ്പിക്കുന്നത് പോലെ പോലീസ് വെളുത്തര്‍ക്ക് വേണ്ടിയുള്ളതാണ്കറുത്തവരുടെ സംരക്ഷണം അവരുടെ ലക്ഷ്യമല്ല തന്നെകുടിയേറ്റ നിയമങ്ങളില്‍ പ്രവാസികള്‍ക്ക് അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിലെ മെല്ലെപ്പോക്ക് ജോംഗ കുടുംബത്തില്‍ എന്ന പോലെ പലരുടെയും ജീവിതങ്ങളുടെ കെട്ടുറപ്പിനെ ബാധിക്കുന്നുവിവാഹ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നുനോവലിന്റെ അടിസ്ഥാന നിലപാട് ഈ വര്‍ഗ്ഗ വിഭജന സത്യത്തെ കണക്കിലെടുക്കുന്നത് തന്നെയാണെങ്കിലും അമേരിക്കന്‍ സ്വപ്നത്തിന്റെ തകര്‍ച്ച എന്ന പ്രമേയത്തെ കറുത്തവന്റെ പ്രവാസാനുഭവത്തിന്റെ കാഴ്ചപ്പാടില്‍ മാത്രമല്ലതുല്യ പ്രാധാന്യത്തോടെ ക്ലാര്‍ക്ക് കുടുംബത്തിന്റെ ജീവിതാവസ്ഥകളിലും അതേ അവധാനതയോടെ നോവല്‍ സമീപിക്കുന്നു എന്നത് ഏറെ പ്രസക്തമാണ്യജമാനന്റെ കാറിനുള്ളില്‍ കേള്‍ക്കുന്ന വാക്കുകളുടെ കാര്യത്തില്‍ ജെന്റെ തന്റെ കാതുകള്‍ക്ക് അവധി കൊടുക്കുന്നുഅതയാളുടെ വിഷയമല്ലെന്നു സ്വയം വിശ്വസിപ്പിക്കുന്നുഹാര്‍ലെമിലെ ജോംഗാ കുടുംബവും ഹാംറ്റന്‍സ്സിലെ എഡ്വാര്‍ഡ് കുടുംബവും എന്ന വിഭജനം എന്താണ് അര്‍ഥമാക്കുന്നത് എന്ന കാര്യത്തില്‍ അയാള്‍ക്ക് മിഥ്യാധാരണകള്‍ ഒന്നുമില്ലഎന്നാല്‍ ജീവിതം കൈമോശം വന്നു നിസ്സഹായരായിപ്പോവുന്നതില്‍ നിന്ന് സിന്‍ഡിയേയോ എഡ്വാര്‍ഡിനെയോ അവരുടെ കുലീനത രക്ഷിക്കുന്നതേയില്ലവാള്‍ സ്ട്രീറ്റിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയാത്ത നൈതികത നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ അനിവാര്യമായും തകര്‍ന്നു പോകുന്നതിന്റെ കൂടി മറുപുറമായാണ് ക്ലാര്‍ക്ക് കുടുംബത്തില്‍ നിന്ന് മൂത്ത മകന്‍ ആത്മീയ വഴികളിലേക്ക് ഇറങ്ങിപ്പോവുന്നത്ഗാര്‍ഡന്‍ പാര്‍ട്ടികളുടെയും ഷോപ്പിംഗ്‌ സായാഹ്നങ്ങളുടെയും പളപളപ്പിനപ്പുറം തന്നെ വേട്ടയാടുന്ന അരക്ഷിതത്വങ്ങളും മദ്യാസക്തിയും സിന്‍ഡിയെ നിയന്ത്രിക്കാനാവാത്ത സ്വയം നശീകരണത്തിലേക്ക് എടുത്തെറിയുന്നു.

 

മാന്ദ്യത്തിന്റെ ഫലമായി ചീത്ത നാളുകളിലേക്ക് പതിക്കുന്ന ഘട്ടം മുതലാണ്‌ നോവല്‍ ക്ലാര്‍ക്ക് കുടുംബത്തിലേക്ക് ഫോക്കസ് ചെയ്തു തുടങ്ങുന്നത്റോണ്‍ ചാള്‍സ് നിരീക്ഷിക്കുന്നത് പോലെ ഈ മനുഷ്യരും സ്വപ്ന ജീവികള്‍ തന്നെഎന്നാല്‍ , നഷ്ടപ്പെടാന്‍ ഏറെയില്ലാത്ത ജോംഗെകളില്‍ നിന്ന് വ്യത്യസ്തമായി അവരുടെ സ്വപ്‌നങ്ങള്‍ പേടിസ്വപ്നങ്ങളിലേക്ക് (dreams and nightmares) പരിണമിക്കുന്നു. "തേനും പാലും സ്വാതന്ത്ര്യവും ഒഴുകുന്ന അമേരിക്കയെന്ന പരിശ്രമിക്കുന്നവര്‍ക്കുള്ള സ്വര്‍ഗ്ഗത്തില്‍ " തന്റെ പങ്ക് കണ്ടെത്താനുള്ള ജെന്റെയുടെയും ഫാര്‍മസി ഡിഗ്രീ എന്ന നേനിയുടെയും മോഹങ്ങള്‍ പൊലിഞ്ഞു പോകുന്നുണ്ടെങ്കിലുംആ അര്‍ഥത്തില്‍ വംശീയാനുഭാവത്തിന്റെ ഭൂപടത്തില്‍ നോവലില്‍ ഒരു തിരിച്ചിടല്‍ ഏതാണ്ട് സംഭവിക്കുന്നുണ്ട് എന്ന് നിരീക്ഷിക്കാംസ്വാഭാവിക ദുരന്തകഥാപാത്രങ്ങളാവാമായിരുന്ന ജോംഗെ കുടുംബത്തേക്കാള്‍ അനുവാചകന്റെ ഉള്ളുലക്കുക ക്ലാര്‍ക്ക് കുടുംബത്തിന്റെ വിധി തന്നെയാണ്വംശീയ സ്വത്വത്തിന്റെ ആനുകൂല്യമുള്ള ക്ലാര്‍ക്ക് കുടുംബത്തിനു സാധിക്കാതെ പോവുന്ന ജീവിത ഭദ്രതയെന്ന സ്വപ്നത്തിലേക്ക് ജോംഗെ കുടുംബം എത്തിച്ചേരുന്നത് കറുത്ത വര്‍ഗ്ഗക്കാരില്‍ അത്ര സാധാരണമല്ലാത്ത ആസൂത്രണവും അച്ചടക്കവും പുലര്‍ത്തുന്നത് കൊണ്ടാണെങ്കില്‍ അതിന്റെ അഭാവമാണ് ക്ലാര്‍ക്ക് കുടുംബത്തിനു വിനയാവുന്നത്ജന്മ ദേശം അടയാളപ്പെടുത്തുന്ന സാംസ്കാരിക ഗൃഹാതുരതകള്‍ പോലുള്ള ഡയസ്പോറാ അനുഭവങ്ങളൊന്നും ജെന്റെ കുടുംബത്തെ പ്രകടമായി ബാധിക്കുന്നുമില്ലചവറു സംഭരണക്കാരനും തെരുവു ശുചീകരണത്തൊഴിലാളിയും ഹോട്ടലില്‍ പാത്രം കഴുകുന്ന ജോലിക്കാരനും ഒക്കെയായി കഴിഞ്ഞ ജെന്റെക്കോ മൂന്നു ഷിഫ്റ്റിലും ഓടിയെത്തേണ്ട നേനിക്കോ അത്തരം ഉത്കണ്ഠകള്‍ അവരുടെ ദാരിദ്ര്യ സ്മൃതികളുടെ പരിമത വൃത്തങ്ങള്‍ക്ക് പുറത്താണ് എന്നും വരാംവിശേഷിച്ചും നേനിയുടെ കാര്യത്തില്‍ നൈതികത പോലുള്ള അതീത ഉത്കണ്ഠകളുടെ പ്രകടമാം വിധമുള്ള അഭാവമുണ്ട്അങ്ങനെയാണ് അവള്‍ക്ക് നിയമം മറികടക്കാനായി മറ്റൊരാളെ ആവശ്യാധിഷ്ടിത വിവാഹം (marriage of convenience) ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാനും സിന്‍ഡിയെ ബ്ലാക്ക് മെയ്ല്‍ ചെയ്യാനും കഴിയുന്നത്‌ഇതിനെതിര്‍ വശത്തായിജെന്റെയില്‍ ചിലപ്പോഴൊക്കെ ഒരു പരമ്പരാഗത ആഫ്രിക്കന്‍ ആണ്‍ കോയ്മക്കാരന്‍ തല കാണിക്കുന്നുമുണ്ട്സഹജമായ മന സാന്നിധ്യത്തോടെ അയാളതിനെ മറികടക്കുന്നുണ്ടെങ്കിലും.

 

ദ്വിമാന വംശീയതക്കപ്പുറം

 

സര്‍വ്വപ്രശ്നങ്ങളുടെയും പരിഹാരമായി അമേരിക്കയെന്ന 'താഴെക്കിറങ്ങിവരുന്ന ദൈവം' ('dues ex machina') എന്ന 'കൈറ്റ് റണ്ണര്‍ ' മോഡല്‍ ലളിത പരിഹാരത്തില്‍ പ്രവാസാനുഭവങ്ങളെ ചുരുട്ടിക്കെട്ടുകയോമറുവശത്ത്‌ മാന്യനായ പ്രവാസിയും ദുഷ്ടനായ സ്വദേശി യജമാനനും എന്ന ക്ലീഷേ പാത്ര നിര്‍മ്മിതികളിലേക്ക് ഒരു ഘട്ടത്തിലും പ്രമേയപരിചരണം വീണു പോകുകയോ ചെയ്യുന്നില്ല എന്നതു യുവ നോവലിസ്റ്റിന്റെ നേട്ടമായി കാണണംരണ്ടു ശ്രേണിയില്‍ പെടുന്ന കുടുംബങ്ങളെ ഇഴ കോര്‍ക്കുന്നതിലൂടെ വര്‍ഗ്ഗ വര്‍ണ്ണ സംഘര്‍ഷങ്ങളുടെ പരീക്ഷണ ഭൂമിക നോവലിസ്റ്റ് സൃഷ്ടിക്കുന്നുഇരു കുടുംബങ്ങളിലുംസിന്‍ഡിക്കും എഡ്വാര്‍ഡിനും ഇടയില്‍ എന്ന പോലെ നേനിക്കും ജെന്റെക്കും ഇടയിലുംപ്രണയ ജീവിത പരീക്ഷണങ്ങളുടെയും ലിംഗ നീതിയുടെയും സംഘര്‍ഷങ്ങളും സമാന്തരമായി മുഴങ്ങുന്നുണ്ടെന്നും കാണാംസിന്‍ഡിയോട് പ്രണയത്തിന്റെ അഭാവമല്ലമറിച്ച് പുതിയ സാഹചര്യം ഔദ്യോഗിക മേഖലയില്‍ സൃഷ്ടിക്കുന്ന താങ്ങാനാവാത്ത സംഘര്‍ഷമാണ് എഡ്വാര്‍ഡിനെ ചെല്‍സി ഹോട്ടലിലെ അഗമ്യഗമനത്തിന്റെ നൈമിഷിക സാന്ത്വനത്തിലേക്ക് പ്രലോഭിപ്പിക്കുന്നതെങ്കില്‍ , കുടുംബ സംരക്ഷണത്തെ സംബന്ധിച്ച പുരുഷ മേധാവിത്തപരമായ ആശയങ്ങളാണ് കൈക്കുഞ്ഞിനെ അവഗണിച്ച് ഉപ തൊഴില്‍ കണ്ടെത്തുന്നതില്‍ നിന്ന് നേനിയെ വിലക്കാന്‍ ജെന്റെയെ പ്രേരിപ്പിക്കുന്നത്. "അയാളെ (വിന്‍സ്പ്പോലെ പതിനായിരം യുവാക്കള്‍ ലോകത്തുണ്ടായിരുന്നെങ്കില്‍ , അല്ലെങ്കില്‍ വെറുമൊരു ആയിരം പേരെങ്കിലുംഞാന്‍ സത്യം ചെയ്യാംസാര്‍ , ഈ ലോകത്ത് കൂടുതല്‍ സന്തോഷമുണ്ടാകുംഎന്ന് ജെന്റെ നിരീക്ഷിക്കുന്നുണ്ടെങ്കിലും വിന്‍സ് പ്രതിനിധാനം ചെയ്യുന്ന ആത്മീയ വഴി നോവലില്‍ ആഴത്തില്‍ പരിശോധിക്കപ്പെടുന്നുണ്ടെന്ന് പറയാനാവില്ലഎന്നാല്‍ സ്ത്രീകളുടെ അപഭ്രംശങ്ങളാണ് ഇരു കുടുംബങ്ങളുടെയും നിലനില്‍പ്പില്‍ അപരിഹാര്യമായ വിള്ളല്‍ വീഴ്ത്തുകസിന്‍ഡി സ്വയം നശീകരണത്തിലൂടെ അത് ചെയ്യുമ്പോള്‍ നാടുകടത്തല്‍ ഒഴിവാക്കാന്‍ നേനി കണ്ടെത്തുന്ന നിര്‍ദ്ദേശം ജെന്റെയെ കോപം കൊണ്ടു ഭ്രാന്തു പിടിച്ചവനാക്കുകയും അയാള്‍ക്ക്‌ അയാളുടെ വികാരങ്ങള്‍ക്ക് മേലുള്ള പിടി വിട്ടുപോവുകയും ചെയ്യും.

 

ഒറ്റ നോട്ടത്തില്‍ പുതുമയില്ലാത്ത വാര്‍പ്പു മാതൃകകള്‍ (stock characters) എന്ന് തോന്നാവുന്ന കഥാപാത്രങ്ങള്‍ യഥാര്‍ഥത്തില്‍ സങ്കീര്‍ണ്ണ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുന്നവരാണ്അമേരിക്കന്‍ സ്വപ്നമെന്ന നിര്‍മ്മിതിയെ 'പുറം ലോകത്ത് നിന്ന് സംരക്ഷിക്കുന്നകുരിശു യോദ്ധാക്കളായി നോവലില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അത് വ്യക്തികളല്ലബ്യൂറോക്രസിയുടെയും ജഡീഷ്യറിയുടെയും രാവണന്‍ കോട്ടകള്‍ മാത്രമാണ്. “അയാള്‍ സത്യസന്ധനായ ഒരു മനുഷ്യനായിരുന്നുവളരെ സത്യസന്ധന്‍എന്നാലിപ്പോള്‍ ഒരു നാള്‍ ഒരു അമേരിക്കന്‍ പൗരന്‍ ആയിത്തീര്‍ന്ന്‍ ഈ മഹത്തായ ദേശത്തില്‍ സ്ഥിര താമസമാക്കുക എന്ന ഏക ലക്ഷ്യത്തിനായി അയാള്‍ പ്രവാസി കാര്യാലയത്തിന് മുന്നില്‍ ആയിരം നുണകള്‍ പറയുകയായിരുന്നു.” എന്നാല്‍ നാടുകടത്തല്‍ നാളുകള്‍ അടുത്ത് വരുമ്പോള്‍ ആ സ്വപ്നത്തിന്റെ സാംഗത്യത്തെ തന്നെ ജെന്റെയും നേനിയും ശരിയായി സംശയിച്ചു തുടങ്ങുന്നുഇതിവൃത്ത വികാസത്തിന് പശ്ചാത്തലമായി നില്‍ക്കുന്ന സാമൂഹിക സന്ദര്‍ഭം പാത്ര സൃഷ്ടി പോലുള്ള സര്‍ഗ്ഗ ചേരുവകളെ മൂടിപ്പോകാന്‍ നോവലിസ്റ്റ് ഒരു ഘട്ടത്തിലും അനുവദിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്സവിശേഷമായ സാമൂഹിക സന്ദര്‍ഭത്തിന്റെ ഉള്ളൊഴുക്കുകളിലേക്കോ വിശദാംശങ്ങളിലേക്കോ ആഖ്യാനം തിരിയുന്നതേയില്ലമറിച്ച് എല്ലായിപ്പോഴും ഊന്നുന്നത് മാനുഷിക വിനിമയങ്ങളിലും സംഘര്‍ഷങ്ങളിലും തന്നെയാണ്.

 

പുതിയ നൂറ്റാണ്ടിന്റെ ആദ്യ ദശകം മുതല്‍ ആഫ്രിക്കന്‍ എഴുത്തുകാരുടെവിശേഷിച്ചും യുവ വനിതാ എഴുത്തുകാരുടെ ഒരു വലിയ മുന്നേറ്റത്തിനു സാഹിത്യലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്‌ചിമമാന്‍ഡാ എന്‍ഗോസി അദീചിഹെലെന്‍ ഒയെയേമിയാ ജ്യാസിനോ വയലെറ്റ് ബുലാവായോഅമിനാറ്റ ഫോര്‍നനദിഫ മുഹമ്മദ്‌തായേ സലാസിലോല ഷോനെയിന്‍മാസ മെന്‍ജിസ്തെചിബുണ്ടു ഒനൂസോ , ചിനേലു ഒക്പരാന്റലൈല അബുലൈല തുടങ്ങി ഒരു നീണ്ട നിര തന്നെ അവരുടെ വ്യക്തിമുദ്ര പതിപ്പിച്ച കൃതികള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവതരിപ്പിച്ചിട്ടുണ്ട്ബിഹോള്‍ഡ്‌ ദി ഡ്രീമേഴ്സ് എന്ന പ്രഥമ കൃതിയിലൂടെ ഇംബോലോ എംബൂയെ ആ നിരയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുന്നുകാമാറൂണിലെ ലിംബെയില്‍ അവിവാഹിതയായ അമ്മയുടെ മകളായി ജനിച്ചു കൊടിയ ദാരിദ്ര്യത്തെ നേരിട്ട കുട്ടിക്കാലവും ബന്ധുക്കളുടെ സഹായത്തോടെ അമേരിക്കയില്‍ പഠനത്തിനെത്തി മാന്ദ്യത്തിന്റെ നാളുകള്‍ നേരിട്ട സ്വാനുഭവങ്ങളും തന്നെയാണ് നോവലിന്റെ രചനയില്‍ എഴുത്തുകാരിക്ക് ഊര്‍ജ്ജമായത്വെളിച്ചത്തിന് ഇടര്‍ച്ച പറ്റുന്ന ഇടനാഴികളിലാണ് പേക്കിനാക്കള്‍ കൂടുകൂട്ടുകവൈയക്തികമായ ഉത്കര്‍ഷേച്ഛക്കും രാഷ്ട്രീയമായ സാമ്പത്തിക നിര്‍ണ്ണായകത്വത്തിനും (economic determinism) നും ഇടയില്‍ അത്തരം ഒരിടനാഴിയുണ്ട്അത് പ്രവാസിയേയും ദേശീയരേയും ഒരേ ഭീകരതയുടെ അറയില്‍ ഒരുമിച്ചു ചേര്‍ക്കുന്നുതങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത ദുര്യോഗ ഘട്ടങ്ങളില്‍ ഇരുവരുടേയും സന്നിഗ്ധതകള്‍ ഒന്നായിത്തീരുന്ന ഒരു ഉത്തുംഗത്തില്‍ നിന്നാണ് 'കണ്‍പാര്‍ക്കുകസ്വപ്നജീവികളെ ' (Behold the Dreamers) എന്ന് നോവല്‍ ഓര്‍മ്മപ്പെടുത്തുന്നത്.

read more:

Your Name Shall Be Tanga by Calixthe Beyala

https://alittlesomethings.blogspot.com/2024/08/your-name-shall-be-tanga-by-calixthe.html

The Queue by Basma Abdel Aziz/ Elisabeth Jaquette

https://alittlesomethings.blogspot.com/2018/03/blog-post_18.html

I Do Not Come to You by Chance by Adaobi Tricia Nwaubani

https://alittlesomethings.blogspot.com/2018/08/blog-post_41.html