Featured Post

Monday, June 16, 2025

Judas by Amos Oz

ഒറ്റുകാരനും രക്തസാക്ഷിയും- ചരിത്രത്തിന്റെ കടും ചായങ്ങള്‍
                                                 

മാറിമാറി വരുന്ന സര്‍ക്കാരുകളുടെ നിലപാടുകള്‍ എന്തായാലും അറബ്-ഇസ്രയേല്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരമെന്ന തന്റെ നിലപാട് എപ്പോഴും തുറന്നു പറയാറുള്ള എഴുത്തുകാരനായിരുന്നു വിഖ്യാത ഇസ്രായേലി നോവലിസ്റ്റ് ആമോസ് ഓസ്‌. ഇക്കാരണം കൊണ്ട് തന്നെ പലപ്പോഴും ഒറ്റുകാരന്‍ എന്ന വിമര്‍ശനം ചില കേന്ദ്രങ്ങളില്‍ നിന്നെങ്കിലും അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വരാറുമുണ്ട് എന്നത്  ‘യൂദാസ്’ എന്ന നോവലിന്റെ പരിഗണനയില്‍ ഏറെ പ്രധാനമാണ്. പേര് സൂചിപ്പിക്കുന്നതുപോലെത്തന്നെ ആദര്‍ശാത്മകതയും സമൂര്‍ത്ത സാഹചര്യങ്ങളും തമ്മിലും നിലപാടുകളും മനസ്സിലാക്കപ്പെടലും തമ്മിലും പ്രത്യക്ഷവും യാഥാര്‍ത്ഥ്യവും എന്ന മട്ടില്‍ കുഴമറിയുമ്പോള്‍ ആരാണ് ഒറ്റുകാരന്‍ എന്ന ചോദ്യവും പ്രശ്നവല്‍ക്കരിക്കപ്പെടുന്നതാണ് നോവലിന്റെ കേന്ദ്ര പ്രമേയം.

 

സംസാരിക്കുക, ജീവിച്ചിരിക്കുക

 

“1959 –ലെ ശീതകാല നാളുകളില്‍ നിന്നും 1960 –ന്‍റെ തുടക്കത്തില്‍ നിന്നുമുള്ള ഒരു കഥയാണിത്. ഇത് തെറ്റിപ്പോയ കണക്കുകളുടെയും മോഹത്തിന്റെയും, നഷ്ടപ്രണയത്തിന്റെയും കഥയാണ്‌, ഒപ്പം ഇന്നും അപരിഹാര്യമായി തുടരുന്ന ഒരു മതപരമായ പ്രശ്നത്തിന്റെയും.” ഏതാണ്ട് പ്രസ്താവനാ വ്യക്തതയോടെത്തന്നെയുള്ള ആദ്യ വാക്യങ്ങളോടെ ആരംഭിക്കുന്ന നോവല്‍ നേരിട്ട് ശമുവേല്‍ ആഷ് എന്ന ഇരുപത്തിയഞ്ചുകാരനെ അവതരിപ്പിക്കുന്നു. പ്രണയനഷ്ടത്തിന്റെ വേദന തൊട്ടു പിന്നില്‍ വിട്ട് അച്ഛന്റെ സാമ്പത്തികത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ തിസിസ് തയ്യാറാക്കല്‍ വരെയെത്തിയ പഠനം ഉപേക്ഷിച്ച് വീട് വിട്ടിറങ്ങുന്ന ശമുവേല്‍ തന്റെ മുഖത്തു നിന്ന് ഇപ്പോഴും വിട്ടുപോയിട്ടില്ലാത്ത കുട്ടിത്തം മറച്ചു പിടിക്കാന്‍ വേണ്ടി മുറ്റിവളരുന്ന താടിയുമായി “അടുത്ത വളവില്‍ തന്നെ കാണാതാവുമ്പോള്‍ പിറകിലായിപ്പോവുമോ എന്ന ഭയമുള്ള രീതിയില്‍” പിറകിലോടുന്ന കാലുകളുമായി ധൃതികൂട്ടുന്നുവെന്നു നോവലിസ്റ്റ് കുസൃതി കലര്‍ത്തുന്നത്, വലിയ ചോദ്യങ്ങളെ നിരന്തരം പിതുടരുന്ന ബുദ്ധിജീവിയായ ചെറുപ്പക്കാരനെ ഒരു വിപരീത വെളിച്ചത്തില്‍ (in relief) കൂടുതല്‍ പ്രിയങ്കരനാക്കി നിര്‍ത്തുന്നു. ഒപ്പം, ഉടനീളം അവധാനഭാവത്തിലുള്ള നോവലിന്റെ വേഗതയുമായി അവന്റെ ബാഹ്യപ്രകൃതം ഇവിടെ വൈരുധ്യത്തിലുമാണ്. എന്നാല്‍ വാസ്തവത്തില്‍ ഒട്ടും സക്രിയ ജീവിതം നയിക്കുന്ന വ്യക്തിത്വമല്ല അയാളുടേത്. എപ്പോഴും വിയര്‍ക്കുന്ന, “തടിച്ചു കുറുകി.. ലജ്ജാലുവും വികാരജീവിയും സോഷ്യലിസ്റ്റും ആസ്തമ ബാധിതനുമായ” ശമുവേല്‍ ധൈഷണികവും വൈരുധ്യങ്ങള്‍ കലര്‍ന്നതുമായ പുത്തന്‍ ആശയങ്ങളില്‍ പെട്ടെന്ന് ആകൃഷ്ടനാവുകയും മറ്റുള്ളവരുടെ വേദനയില്‍ കരഞ്ഞുപോവുകയും ചെയ്യുന്ന ഹൃദയാലുവാണ്. മറവിയുണ്ടെങ്കിലും വായിച്ച പുസ്തകങ്ങളോ വലിയ ആശയങ്ങളോ മറക്കാത്ത പ്രകൃതം. ഒരു പക്ഷെ ഇതൊക്കെത്തന്നെയാവാം പ്രായോഗിക ബുദ്ധിയായ യാര്‍ദേന, മുമ്പേ തീരുമാനിച്ചുറപ്പിച്ചെന്നോണം ഒരു രാത്രിയുടെ കൊടുങ്കാറ്റു സമാനമായ ബാന്ധവത്തിനു ശേഷം മികച്ച ശമ്പളക്കാരനായ ഹൈഡ്രോളജിസ്റ്റിനെ വിവാഹം കഴിക്കാന്‍ പോകുന്നത്. “നീയൊരു ഇരപിടിയനല്ല.” എന്ന് അതാലിയ അവനോട് പറയുമ്പോള്‍, “തുറന്നിട്ട ആത്മാവുള്ള ഒരു ഗുഹാമാനുഷ്യനെ പോലെയാണ് നീ” എന്നാണു ഗര്‍ഷോം അവനെ വിലയിരുത്തുക. “ഒരു സോഷ്യലിസ്റ്റ്, ആദര്‍ശപരമായി ഒരു അടിസ്ഥാന വര്‍ഗ്ഗക്കാരന്‍, ഒരു തൊഴിലാളി” എന്നാണ് സോഷ്യലിസം എന്നത് മനുഷ്യന്റെ അടിസ്ഥാന പ്രകൃതത്തിനു വിരുദ്ധമാണെന്നും ഇസ്രായേലിന്റെ പ്രശ്നങ്ങളെല്ലാം തുടങ്ങിവെച്ചത് ആ ‘മനുഷ്യന്‍’ (യേശു) ആണെന്നും വിശ്വസിക്കുന്ന അയാളുടെ പിതാവ് ശമുവേലിനെ വിളിക്കുക.

തുടര്‍ വായനയ്ക്ക്:  

https://www.fazalrahman.com/essays/article/judas-by-amos-oz

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 338-347)

 

No comments:

Post a Comment