Featured Post

Thursday, February 26, 2026

The Great Gatsby (1925) by F. Scott Fitzgerald

 

ഗാറ്റ്സ്ബിയുടെ നൂറാണ്ടുകള്‍  – അന്യനും അതികായനും




(അമേരിക്കന്‍ നോവല്‍ സാഹിത്യത്തിലെ ഇതിഹാസമായ ‘ദ ഗ്രേറ്റ് ഗാറ്റ്സ്ബി’യെ പ്രസിദ്ധീകരണത്തിന്റെ നൂറാം വര്‍ഷത്തിലും സംഗതമായ സാമൂഹിക -നൈതിക ചിന്തകളുടെ സംഘര്‍ഷ ചിത്രമായി പരിഗണിക്കുകയാണ് ലേഖനം. പ്രതീക്ഷ വില്‍ക്കുകയും പ്രവേശനം തടയുകയും ചെയ്യുന്ന ഒരു സംസ്കാരത്തിന്റെ, അന്തസ്സാരം നഷ്ടപ്പെട്ടതെങ്കിലും ‘സ്വതന്ത്രം’ എന്ന് വിളിക്കാന്‍ ഇപ്പോഴും ധൈര്യപ്പെടുന്ന നമ്മുടെ ലോകത്തിന്റെ എക്കാലത്തെയും ഏറ്റവും മികച്ച ദൃഷ്ടാന്തകഥയാണ് അത്.

2026 ഫെബ്രുവരി ലക്കം ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച ലേഖനം)

ഫസല്‍ റഹ് മാന്‍

രണ്ടു ലോകയുദ്ധങ്ങള്‍ക്കിടയിലെ ഇടവേളയിലെ അമേരിക്കന്‍ സാഹിത്യത്തെ നിര്‍വ്വചിക്കുന്നതില്‍ ഹെമിങ് വെയോടും ഫോക് നറോടും സമശീര്‍ഷനാണ് സ്കോട്ട് ഫിറ്റ്സ്ജെറാള്‍ഡ്. ഹെമിങ് വേയെ പോലെത്തന്നെ സ്വന്തം വ്യക്തിജീവിത മിത്തുകള്‍ ചിലപ്പോള്‍ അദ്ദേഹത്തിന്‍റെ നേട്ടങ്ങള്‍ക്കു മേല്‍ നിഴല്‍ വീഴ്ത്തിപലപ്പോഴും, അദ്ദേഹത്തിന്‍റെ മാസ്റ്റര്‍പീസില്‍ എന്ന പോലെഅവയെ പരസ്പരം വേര്‍തിരിക്കാനാകാത്ത വിധം കൊരുത്തുവെച്ചു. ‘നവോഥാന ശേഷിപ്പായി കൈവന്നവൈയ്യക്തിക അഭിലാഷവും വീര സങ്കല്‍പ്പവും കൂടിച്ചേരുന്ന ആദര്‍ശ പരതയില്‍ പ്രതിബദ്ധമോ അഥവാ അതില്‍ നിന്ന് നിഷ്കാസിതമോ ആയ ജീവിതത്തിന്റെ കാല്‍പ്പനിക ഭാവനാലോകത്തെ സ്ഥാപിക്കുന്ന അവസാനത്തെ ശ്രദ്ധേയനായ എഴുത്തുകാരന്‍’ എന്ന ലയണല്‍ ട്രില്ലിങ്ങിന്റെ നിരീക്ഷണം ഫിറ്റ്സ്ജെറാള്‍ഡിനെ കുറിച്ചുള്ള സമഗ്രവും അതിസൂക്ഷ്മവുമായ ഒരു ചുരുക്കെഴുത്താണ്. ആദര്‍ശപരതയെ സാക്ഷാത്കരിക്കാനും ഒപ്പം അതിനപ്പുറം കടക്കാനുമുള്ള ഈ കാല്‍പ്പനിക അന്വേഷണം അമേരിക്കന്‍ സാഹിത്യത്തിലെ തന്നെ അടിസ്ഥാന ധാരയാണ്. അമേരിക്കന്‍ സാഹിത്യലോകത്തെ ഏറ്റവും ദുഃഖിതനും പീഡിതനുമായ വ്യക്തിത്വം എന്ന് ചിലര്‍ അനുതപിച്ചപ്പോള്‍ ‘കുടിയന്മാരായ പിള്ളാരുടെ കള്‍ട്ട് ഗ്രൂപ്പ്’ എന്ന് അപഹസിക്കപ്പെട്ട ഒരു കാലത്തിന്റെ പ്രതിനിധി മാത്രമായിരുന്നു വേറെ ചിലര്‍ക്ക് ഫിറ്റ്സ്ജെറാള്‍ഡ്. ‘ഒരുപക്ഷെ അമേരിക്കയുടെ ഏറ്റവും മികച്ച നോവല്‍’ എന്ന് പോലും വിളിക്കപ്പെട്ട ‘ദ ഗ്രേറ്റ് ഗാറ്റ്സ്ബി’യുടെ നൂറാം വാര്‍ഷികത്തില്‍ ആ കൃതി ഇന്നും അവശേഷിപ്പിക്കുന്ന സാമൂഹിക -നൈതിക ചിന്തകളുടെ ലോകത്തിലേക്ക് കണ്ണോടിക്കുക സംഗതമായേക്കും.

ഫിറ്റ്സ്ജെറാള്‍ഡ് - ‘ജാസ് കാല’ത്തിന്റെ കണ്ണാടി?

മദ്യവും നൃത്തവും ജാസ് സംഗീതവും അമേരിക്കന്‍ ജീവിതത്തെ വലിയതോതില്‍ അടയാളപ്പെടുത്തിയ ‘അലറുന്ന ഇരുപതുകള്‍’ (Roaring Twenties)എന്നു വിളിക്കപ്പെട്ട 1920-കള്‍ ഒന്നാംലോകയുദ്ധാനന്തര സാമ്പത്തികക്കുതിപ്പിന്റെയും ഉപഭോഗ സംസ്കാരത്തിന്റെയും സൃഷ്ടിയായിരുന്നു. കാല്‍പ്പനികതയും സ്ഥായിയാവുക അസാധ്യമായ ഒരു ആഘോഷ പ്രതിഭാസത്തിന്റെ നൈരാശ്യങ്ങളും കൂടിക്കലര്‍ന്ന ഈ ഹ്രസ്വദീപ്തിക്ക് Tales of the Jazz Age (1922) എന്ന സമാഹാരത്തിലൂടെ ‘ജാസ് കാലം’(Jazz Age) എന്ന വിളിപ്പേര് നല്‍കിയത് ഫിറ്റ്സ്ജെറാള്‍ഡ് തന്നെയാണ്. പുത്തന്‍ ഉണര്‍വ്വിന്റെ ആവേശങ്ങളും തുടല്‍പൊട്ടിച്ച ആവേഗങ്ങളും ചേര്‍ന്ന് സൃഷ്ടിച്ചസ്റ്റോക്ക് മാര്‍ക്കറ്റിംഗ് പോലുള്ള കുമിളാ പ്രഭാവമുള്ള ഈ പ്രതിഭാസം,1929-ല്‍ ആരംഭിച്ച മഹാമാന്ദ്യത്തോടെ (Great Depression) തകര്‍ന്നു. സാമ്പത്തിക വിജയത്തിന്റെ ആവേഗങ്ങളും പരാജയത്തിന്റെ ഞെരുക്കങ്ങളും ഒരുപോലെ നേരിടുന്ന കഥാപാത്രങ്ങളിലൂടെ വ്യക്തിപരമായിത്തന്നെ ഏറെ നേരിട്ട ഈ അനുഭവങ്ങളാണ് ഫിറ്റ്സ്ജെറാള്‍ഡ് പകര്‍ത്തിയത്.

ഫിറ്റ്സ്ജെറാൾഡിന്റെ ആദ്യകാല ജീവിതം ഒട്ടേറെ അഭിലാഷങ്ങളും സാഹിതീയ മോഹങ്ങളും നിറഞ്ഞതായിരുന്നു. പ്രിന്‍സ്റ്റണിലെ പഠനശേഷംഒന്നാം ലോകയുദ്ധത്തില്‍ഒരു ഘട്ടത്തിലും നേരിട്ട് യുദ്ധത്തില്‍ പങ്കെടുത്തില്ലെങ്കിലും, കുറഞ്ഞൊരു കാലം സൈനിക സേവനം നടത്തിയ അനുഭവമുണ്ടായിരുന്നു അദ്ദേഹത്തിന്. 1920-ല്‍ ‘ദിസ് സൈഡ് ഓഫ് പാരഡൈസ് എന്ന നോവലിലൂടെ അദ്ദേഹം സാഹിത്യരംഗത്തേക്ക് കടന്നുവന്നു. അത് അദ്ദേഹത്തെ ഒറ്റയടിക്ക് അതിപ്രശസ്തനാക്കുകയും ചെയ്തു. മോണ്ട് ഗോമറിയില്‍ ഉല്ലാസപൂര്‍ണ്ണ ഉപരിവര്‍ഗ്ഗ ജീവിതം പിന്തുടര്‍ന്ന സെൽഡ സെയറുമായുള്ള വിവാഹംജാസ് യുഗത്തിലെ ഒരു ഐക്കൺ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് ആക്കം കൂട്ടി. എന്നിരുന്നാലുംഅവരുടെ ആഡംബരപൂർണ്ണമായ ജീവിതശൈലിയും സെൽഡയുടെ പിൽക്കാല മാനസികാരോഗ്യ പ്രശ്‌നങ്ങളും ഫിറ്റ്സ്ജെറാൾഡിന്റെ വ്യക്തിപരവും സാമ്പത്തികവുമായ സ്ഥിരതയെ ബാധിച്ചു. മഹാമേരുവായ പങ്കാളിയുടെ നിഴലില്‍ പെട്ടുപോകുന്നകൂട്ടത്തില്‍ തിളക്കം ഇത്തിരിക്കുറഞ്ഞ മറുപങ്കാളികളുടെ കാര്യത്തില്‍ എപ്പോഴും സംഭവിക്കാറുള്ള പോലെ സെൽഡക്കും സംഭവിച്ചതിന്റെ ഫലമാണ്‌ അവരുടെ കൃതികള്‍ പില്‍ക്കാലം അവഗണിക്കപ്പെട്ടത്. എങ്കിലും ‘സേവ് മി ദ വാള്‍ട്ട്സ് – (1932)’ എന്ന നോവല്‍ ജാസ് കാലത്തെയും ഫിറ്റ്സ്ജെറാൾഡുമായുള്ള ബന്ധത്തെയും അധികരിച്ചുള്ള തികച്ചും വേറിട്ടസ്ത്രൈണവീക്ഷണം കൂടിയുള്ള മികച്ചൊരു കൃതിയാണ് എന്ന് പില്‍ക്കാലം തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രണയത്തിന്റെയും അഭിലാഷങ്ങളുടെയും നൈരാശ്യങ്ങളുടെയും ജീവിത പാഠങ്ങളെ നേരിടുന്ന ഐമറി ബ്ലെയ്ന്‍ എന്ന പ്രിന്‍സ്റ്റന്‍ വിദ്യാര്‍ഥിയുടെ മുതിര്‍ന്നുവരവിന്റെ കഥ പറയുന്ന ഫിറ്റ്സ്ജെറാൾഡിന്റെ ആദ്യനോവല്‍ ദിസ് സൈഡ് ഓഫ് പാരഡൈസ് ആത്മകഥാപരമായിരുന്നു. ആന്തണിഗ്ലോറിയ പാച്ച് ദമ്പതികളുടെ ദാമ്പത്യ പരാജയങ്ങളെയും ധനത്തിനും ആനന്ദത്തിനും പിറകെ പായുന്നതിന്റെ ദുരന്തങ്ങളെയും ആവിഷ്കരിക്കുന്ന ദ ബ്യൂട്ടിഫുള്‍ ആന്‍ഡ് ദ ഡാംഡ് (1922) കൂടി എഴുതിക്കഴിഞ്ഞാണ് ദ ഗ്രേറ്റ് ഗാറ്റ്സ്ബി പുറത്തുവരുന്നത്‌. 1934-ല്‍ പുറത്തിറങ്ങിയ റ്റെന്‍ഡര്‍ ഈസ് ദ നൈറ്റ്സെൽഡയുമായുള്ള സംഘര്‍ഷ ഭരിതമായ ബന്ധത്തിന്റെ നിഴല്‍ ആഴത്തില്‍ പതിഞ്ഞ കൃതിയാണ്. ഹോളിവുഡ് സിനിമാ വ്യവസായത്തെയാണ് ഫിറ്റ്സ്ജെറാൾഡിന്റെ മരണശേഷം പുറത്തിറങ്ങിയ ദ ലാസ്റ്റ് ടൈക്കൂണ്‍ (1941)എന്ന അപൂര്‍ണ്ണ നോവല്‍ പശ്ചാത്തലമാക്കുന്നത്. 1940-ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുമ്പോള്‍ തന്റെ വ്യക്തിപരവും എഴുത്തുകാരന്‍ എന്ന നിലയിലുമുള്ള പരാജയബോധത്തില്‍ മഗ്നനായിരുന്നു ഫിറ്റ്സ്ജെറാള്‍ഡ്. 1948-ല്‍ നോര്‍ത്ത് കാരോലിനയിലെ ഹൈലാന്‍ഡ് മാനസികാരോഗ്യ കേന്ദ്രത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഒടുങ്ങാനായിരുന്നു അന്നവിടെ അന്തേവാസിനി ആയിരുന്ന സെല്‍ഡയുടെ വിധി എന്നതും എങ്ങുമെത്താതെ പോയ ഒരു ജീവിത/ ദാമ്പത്യ പരാജയത്തിന്റെ ബാക്കിപത്രം.

ഗാറ്റ്സ്ബിയും നോവലിസ്റ്റും  

1925-ൽ ദി ഗ്രേറ്റ് ഗാറ്റ്സ്ബി എഴുതിയപ്പോഴേക്കുംഫിറ്റ്സ്ജെറാൾഡ് അമേരിക്കൻ യുവത്വത്തിന്റെയും ധൂര്‍ത്തിന്റെയും ചരിത്രകാരനായി സ്വയം സ്ഥാപിച്ചിരുന്നു. പക്ഷേ ‘ഗാറ്റ്സ്ബി’ വലിയൊരു പരിവര്‍ത്തനത്തെയാണ് അദ്ദേഹത്തിന്‍റെ സാഹിത്യ ജീവിതത്തില്‍ അടയാളപ്പെടുത്തിയത്  - അത് അദ്ദേഹത്തിന്റെ മുൻ കൃതികളേക്കാൾ കൂടുതൽ വ്യക്തതയാര്‍ന്നതും ഘടനാപരമായി മുറുക്കമുള്ളതും പ്രമേയപരമായി സമ്പന്നവുമായിരുന്നു. എന്നാല്‍ സ്വന്തം ജീവിതകാലത്ത് തന്റെ മാസ്റ്റര്‍പീസിന്റെ വിജയം കാണാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായില്ല. 25,000-ൽ താഴെ കോപ്പികൾ മാത്രമേ അക്കാലത്ത് അത് വിറ്റഴിക്കപ്പെട്ടുള്ളൂ. അദ്ദേഹത്തിന്റെ മരണശേഷം ആ കൃതി എത്തിച്ചേര്‍ന്ന സാഹിതീയവും സാമ്പത്തികവുമായ ഉയരങ്ങള്‍ ചരിത്രമാണ്‌.

ഫിറ്റ്സ്ജെറാൾഡിന്റെയും ഗാറ്റ്സ്ബിയുടെയും സാമ്യങ്ങള്‍ അവഗണിക്കാനാകാത്തവിധം വ്യക്തമാണ്‌: തന്റെ അനുഭവങ്ങളുടെയും അഭിലാഷങ്ങളുടെയും നൈരാശ്യങ്ങളുടെയും പിന്‍ഗാമിയായിത്തന്നെയാണ് നോവലിസ്റ്റ് തന്റെ ഏറ്റവും മികച്ച കഥാപാത്രത്തെ ചിത്രീകരിച്ചത് എന്നുതന്നെ പറയാം. സമ്പത്തിനും സാമൂഹികാംഗീകാരത്തിനും എന്നും കൊതിച്ച ഒരു ‘അന്യന്‍’ എന്ന നിലയില്‍ ഗാറ്റ്സ്ബിക്കും, ആരാധനയോടെയും വിമര്‍ശന ദൃഷ്ടിയോടെയും അയാളുടെ ദുര്‍വ്യയങ്ങളെ നോക്കിക്കണ്ട ആഖ്യാതാവ് നിക് കാരവേക്കും നോവലിസ്റ്റ് പകുത്തുനല്കിയത് തന്റെ വ്യക്തിത്വ ദ്വന്ദ്വങ്ങള്‍ തന്നെയാണ്. നിക് കാണുന്നതെന്തോഅതാണ്‌ നോവലിന്റെ സത്യം എന്നിരിക്കെ, താനും തന്റെ തലമുറയും ആഘോഷപൂര്‍വ്വം കൊണ്ടാടിയ ജീവിതശൈലിയുടെ ക്ഷണികതയും അതികാല്‍പ്പനിക പൊള്ളത്തരവും ഫിറ്റ്സ്ജെറാള്‍ഡ് തിരിച്ചറിയാതിരുന്നിട്ടില്ല എന്നുവ്യക്തം. ഫിറ്റ്സ്ജെറാൾഡിന്റെ സാമ്പത്തിക നിലയിലെ അനിശ്ചിതത്വം കണക്കിലെടുത്ത് അദ്ദേഹത്തിന്‍റെ വിവാഹാഭ്യര്‍ത്ഥന ആദ്യം നിരസിച്ച സെല്‍ഡാ സായെറിന്റെ കൂടെപ്പിറപ്പു തന്നെയാണ് ഡെയ്സി ബുക്കാനന്‍. സെല്‍ഡയെ നേടുക എന്നത് ജീവിത ലക്ഷ്യം തന്നെയായിക്കണ്ടഒടുവില്‍ ജീവിതം തന്നെയും അതിന്റെ വിലയായി ദുരിത പൂര്‍ണ്ണമായ ഫിറ്റ്സ്ജെറാൾഡില്‍ നിന്ന് അകലെയല്ല ഡെയ്സിയെ വിടാതെ പിന്തുടരുകയും അതെപ്പോഴും അകന്നേപോകുന്നതും ദുരന്തകാരിയുമായ സ്വപ്നമായി അവശേഷിക്കുകയെ ഉള്ളൂ എന്ന് സ്വന്തം ദുര്‍വ്വിധിയിലൂടെ മനസ്സിലാക്കുകയും ചെയ്യുന്ന ഗാറ്റ്സ്ബി. അയാള്‍ക്ക് ഏറെ കണ്ടെത്താനുണ്ട്: താന്‍ ഏറെ ആരാധനയോടെ നോക്കിക്കണ്ട ഉന്നത വിഭാഗങ്ങളുടെ അംഗീകാരം നേടിയെടുക്കാന്‍ ബിസിനസ് വിജയം മാത്രം മതിയാവില്ല. പുതുപണക്കാരനും വ്യാജ മദ്യ വ്യാപാരം പോലുള്ള നിഗൂഡ വ്യാപാരങ്ങളിലൂടെ സ്വന്തം കൊട്ടാരം കെട്ടിയവനും എന്ന നിലയില്‍ താന്‍ സംഘടിപ്പിക്കുന്ന ഗംഭീര പാര്‍ട്ടികള്‍ മദ്യ നിരോധനം നിലവിലുണ്ടായിരുന്ന കാലത്ത് ഏറെ പോപ്പുലര്‍ ആയിത്തീരുന്നു എന്നതൊന്നും അത്തരം അംഗീകാരത്തിന്റെ ലക്ഷണമല്ല. കൃതൃമമായി സൃഷ്ടിച്ച ഭൂതകാല കുടുംബ മാഹാത്മ്യം പോലും തന്റെ മധ്യവര്‍ഗ്ഗ പാരമ്പര്യത്തെ മറികടന്ന് ഡെയ്സിയും ടോം ബുക്കാനനും പ്രതിനിധാനം ചെയ്യുന്ന ഉപരിവര്‍ഗ്ഗത്തിലേക്ക് – പരമ്പരാഗത സ്വത്തിന്റെ ഇടത്തിലേക്ക് – അയാള്‍ക്ക് പ്രവേശനം നല്‍കില്ല. അഥവാതറവാടിത്ത ഘോഷണത്തിന്റെ ഇടവും (East Egg) പുതുപണത്തിന്റ ഇടവും (West Egg) തമ്മില്‍ ബാന്ധവം സാധ്യമാവില്ലതന്നെ. എന്നാല്‍ലോകസാഹിത്യത്തിലെ എല്ലാ ദുരന്തനായകരെയും പോലെ ഗാറ്റ്സ്ബിയും ഒരു കാര്യത്തില്‍ തീര്‍ത്തും പരാജയപ്പെടും – ആ പാഠങ്ങളൊന്നും വായിച്ചെടുക്കാനോഅഥവാ വായിച്ചാലും ഉള്‍കൊള്ളാനോ അയാള്‍ക്കു കഴിയില്ല. മറ്റുവാക്കുകളില്‍ അവസര സമത്വത്തിന്റെ ‘അമേരിക്കന്‍ സ്വപ്നം’ എന്നതൊരു വാക്കു മാത്രമാണ്. നോവലന്ത്യത്തില്‍ നിക് കാരവേ പ്രകടിപ്പിക്കുന്ന നൈരാശ്യം1929-ലെ സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ചയുമായി ചേര്‍ത്തുവെക്കുമ്പോള്‍മഹാമാന്ദ്യത്തിന്റെയും ‘അമേരിക്കന്‍ സ്വപ്നത്തിന്റെ തകര്‍ച്ചയുടെയും ദുരന്ത പ്രവചനമായിരുന്നോ നോവല്‍ മുന്നോട്ടുവെച്ചത്‌ എന്ന് ശങ്കിക്കാം.

ഒന്നാം ലോകയുദ്ധത്തില്‍ പൊരുതുകയും അതിനുശേഷം കടുത്ത ആത്മീയ ശൂന്യതയെ നേരിടുകയും ചെയ്ത യുവതയെ വിശേഷിപ്പിക്കാന്‍ Lost Generation എന്ന പദം ഉപയോഗിച്ചത് ഗെര്‍ട്രൂഡ് സ്റ്റെയ്ന്‍ ആണ്. ഹെമിങ് വെഡോസ് പോസോസ്, തുടങ്ങിയവര്‍ ആര്‍ഭാട രഹിതവും മൂല്യനിരാസം അടയാളപ്പെടുത്തുന്നതുമായ ശൈലിയില്‍ ഈ തലമുറയുടെ അസ്തിത്വപ്രശ്നങ്ങളും വ്യര്‍ത്ഥബോധവും അന്യവല്കരണവും ആവിഷ്കരിച്ചു. എന്നാല്‍ഈ തലമുറയോട് പലപ്പോഴും ചേര്‍ത്തുപറയാറുണ്ടെങ്കിലുംഗ്ലാമറിന്റെയും അഭിലാഷങ്ങളുടെയും ദുരന്താത്മകവും കാല്പ്പനികവുമായ ആദര്‍ശാത്മകതയുടെയും ആവിഷ്കാരത്തില്‍ മുഴുകിയ ഫിറ്റ്സ്ജെറാള്‍ഡ് ഈ പാരീസ് കേന്ദ്രിത പ്രവാസി വിഭാഗത്തില്‍ നിന്ന് വ്യത്യസ്തനായിരുന്നു. നേരത്തെ സൂചിപ്പിച്ച നൈരാശ്യം, സ്വപ്നത്തകര്‍ച്ച, അസ്തിത്വ ശൂന്യതബൊഹീമിയന്‍ ജീവിതരീതി എന്നിവയിലൊക്കെ അവരുടെ നിലപാടുകള്‍ ഒത്തുപോയെങ്കില്‍ഡെയ്സിയിലൂടെ പ്രതീകവല്‍ക്കരിക്കപ്പെട്ട, അയഥാര്‍ത്ഥ കാല്‍പ്പനിക സങ്കല്പ്പത്തോടുള്ള വിട്ടുപോകാത്ത താല്‍പര്യവും സമ്പത്ത് തേടുകയെന്ന ധാര്‍മ്മിക പാപ്പരത്തവും ഗാറ്റ്സ്ബിയെ വേറിട്ടുനിര്‍ത്തുന്നു. ഹെമിങ് വേയുടെ നിഹിലിസത്തില്‍ നിന്നും മൃദുവികാരങ്ങളില്ലാത്ത നിശിത യഥാതഥത്വത്തില്‍ നിന്നും ഏറെ അകലെയാണ് ഗാറ്റ്സ്ബിയുടെ കാല്‍പ്പനികതയും കാവ്യാത്മകതയും മുറ്റിനില്‍ക്കുന്ന ഗദ്യം. ഗാറ്റ്സ്ബി എപ്പോഴും നോക്കിയിരിക്കുന്ന പച്ചവെളിച്ചത്തിന്റെ സ്ഥാനത്ത് യുദ്ധവും ദുരിതവും ‘ലോകം എല്ലാവരെയും തകര്‍ക്കും’ എന്ന ദുരന്ത ദര്‍ശനവുമാണ് ഹെമിങ് വെയില്‍. ഒരര്‍ത്ഥത്തില്‍ രണ്ടുവശങ്ങളിലൂടെ ഒരേകാലത്തിന്റെ കണ്ണാടിയാവുകയാണ് ഈ രണ്ടു പ്രതിഭകളും.

ഗാറ്റ്സ്ബിയുടെ സ്വയാര്‍ജ്ജിത വ്യക്തിപ്രഭാവവും ഭൌതിക വിജയവും അതിനു പിറകിലെ നിഗൂഡതകളും ജാസ് കാലത്തെ പളപളപ്പിനു പിന്നിലെ സാമ്പത്തിക ശക്തിയായിരുന്ന ഊഹാധിഷ്ടിത മുതലാളിത്തത്തിന്റെ അതിശക്തമായ ഒരു മെറ്റഫര്‍ ആണ്. സമ്പത്തിനെ ധാര്‍മ്മികതയ്ക്കുംസ്വപ്നങ്ങളെ യാഥാര്‍ത്ഥ്യത്തിനും പ്രത്യക്ഷങ്ങളെ സത്തക്കും മുകളില്‍ പ്രധാനമായിക്കണ്ട ഒരു കാലത്തിന്റെയും അതിന്റെ ആന്തരിക പരാധീനതകളുടെയും അന്തിമ ശൈഥില്യത്തിന്റെയും ഒരു രൂപകം.

ദുരന്ത നായകരുടെ ഗാലസ്കിയില്‍ ഗാറ്റ്സ്ബി

കാലഘട്ടത്തിന്റെ ദര്‍പ്പണമായി ഒരു കൃതിയെ വായിക്കുന്നതില്‍ അതിന്റെ സാഹിത്യ മാനങ്ങള്‍ക്ക് ഊന്നല്‍ ലഭിക്കാതെ പോകാനുള്ള സാധ്യത ഏറെയാണ്‌. നൂറ്റാണ്ടു പിന്നിട്ടിട്ടും ജ്വലിച്ചുനില്‍ക്കുന്ന ഒരു കൃതിയോട് അതൊരു അനാദരവായിരിക്കുകയും ചെയ്യും.

ഗാറ്റ്സ്ബിയെ ഒരു ദുരന്ത നായകന്‍ (tragic hero) ആയി സമീപിക്കുമ്പോള്‍, ക്ലാസിക്കല്‍ സമീപനത്തില്‍ നിന്ന് വ്യത്യാസം കാണാനാകും. തന്നില്‍ത്തന്നെ ലീനമായ ദുരന്തകാരിയായ പ്രകൃതം (hamartia/ tragic flaw) കൊണ്ട് സംഭവിക്കുന്ന പതനമാണ് ക്ലാസിക്കല്‍ സങ്കല്പ്പമെങ്കില്‍ഗാറ്റ്സ്ബിയുടെ പതനം വൈയ്യക്തിക പോരായ്മ എന്നതിലേറെ ‘ജാസ് യുഗത്തിന്റെ മിഥ്യയുമായി കെട്ടുപിണഞ്ഞതാണ്. എങ്കിലും അയാളുടെ വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശപരതയും ഇവിടെ പ്രതിസ്ഥാനത്തുണ്ട് – യാഥാര്‍ത്ഥ്യം കാണാനുള്ള കഴിവില്ലായ്മയും ഭൂതകാലത്തെ അഴിച്ചുപണിയാനാകും എന്ന വ്യാമോഹവും. ഡെയ്സി അയാളെ സംബന്ധിച്ച് പ്രണയിനി എന്നതിലേറെ അഞ്ചുവര്‍ഷം മുമ്പത്തെകാലത്തില്‍ ഉറഞ്ഞുപോയ ഒരാശയമാണ്‌. തിരിച്ചുപോയി അക്കാലത്തെ പ്രാപിക്കാനാകില്ല എന്ന വസ്തുത അയാള്‍ക്ക് ബോധോദയം ആകുന്നേയില്ല. തന്റെ സാമൂഹിക ഭാഗധേയത്തിന്റെ അപകര്‍ഷം പൊളിച്ചെഴുതി സ്വയം പുനര്‍സൃഷ്ടിക്കാനാകും എന്ന മിഥ്യയാകട്ടെ, ‘അമേരിക്കന്‍ സ്വപ്നം’ എന്ന ഊഹക്കച്ചവടവും. ഡെയ്സിടോം ബുക്കാനന്‍ പ്രതിനിധാനം ചെയ്യുന്ന പരമ്പരാഗതമായ ‘പൂത്ത കാശി’ന്റെ ലോകത്തില്‍ സംതൃപ്തയാണ്‌അല്ലെങ്കില്‍ അതിലേക്ക് പൊരുത്തപ്പെട്ടിരിക്കുന്നു എന്ന  സത്യം അയാളുടെ തലക്കകത്ത് കയറുന്നതെയില്ല. ടോം ഒരു വംശവെറിയന്‍ ആണെന്നതോ, ആണത്തപ്രഘോഷകനും ഭാര്യയുടെ മുന്നില്‍വെച്ച്‌ തന്നെ കൂട്ടിരിപ്പുകാരിയുമായി സല്ലപിക്കുന്ന സ്ത്രീലമ്പടനും ആണെന്നതോ ആ ലോകത്തില്‍ നിന്ന് അടര്‍ന്നുമാറി ഗാറ്റ്സ്ബിയുടെ കാമിനിയാകാന്‍ അവളെ പ്രേരിപ്പിക്കില്ല. ആ നിലക്ക്ഒരിക്കലും യാഥാര്‍ത്ഥ്യമാകാന്‍ ഇടയില്ലാത്ത സങ്കല്‍പ്പത്തെ താലോലിക്കുന്നതിന്റെ വിലയാണ് അയാളുടെ ദുരന്തം. ധാര്‍മ്മിക അപചയത്തില്‍ മുങ്ങിത്താഴുന്ന ബുക്കാനന്‍ ദമ്പതികള്‍ - ഡെയ്സി ഉള്‍പ്പടെ – അര്‍ഹിക്കുന്ന ശിക്ഷപോലും ഏല്‍ക്കാതെ രക്ഷപ്പെടുമ്പോള്‍, ചെയ്തിട്ടില്ലാത്ത കുറ്റം പ്രിയപ്പെട്ടവള്‍ക്കു വേണ്ടി സ്വയം ഏറ്റെടുക്കുകയും നിനച്ചിരിക്കാതെ അതിനു ബലിയാവുകയും ചെയ്യുന്ന ഗാറ്റ്സ്ബിസൌന്ദര്യംപ്രണയംസാമൂഹിക ഉത്കര്‍ഷം എന്നീ മൂല്യങ്ങളില്‍ പിടിവാശിയോടെ വിശ്വസിക്കുന്നതിന്റെ വിലയൊടുക്കുകയാണ് എന്നുപറയാം - സ്വപ്നം കാണാനുള്ള കഴിവ് നിലനിര്‍ത്തുന്നതിന്റെ ബലിയാട്. ആ സ്വപ്നം തന്നെ ഒരു മിഥ്യയാണ്‌ എന്ന് മനസ്സിലാക്കാന്‍ കഴിയാതെ/ തയ്യാറില്ലാതെ പോയവന്‍.

ദുരന്തം എന്നത് ദൈവിക നിയോഗം എന്നതിനപ്പുറം പണംപദവി, മോഹഭംഗങ്ങള്‍ എന്നിവയാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ഒന്നാണ് ‘ഗാറ്റ്സ്ബി’യില്‍. അവിടെ ക്ലാസിക്കല്‍ആധുനിക സങ്കല്പങ്ങള്‍ സംഗമിക്കുന്നുണ്ട്.

ഈഡിപ്പസിനെ പോലെതന്റെ ഭൂതകാലത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാത്തവനാണ് ഗാറ്റ്സ്ബി. ആ ഭൂതകാലത്തിന്റെ ശാപം ടോം ബുക്കാനന്റെ രൂപത്തില്‍ മാത്രമല്ലഎല്ലാമുണ്ടായിട്ടും അനാഥമായ അയാളുടെ മരണത്തിന്റെ രൂപത്തിലും അയാളെ തേടിയെത്തുന്നു. കര്‍മ്മത്തിനും നിഷ്ക്രിയത്വത്തിനും ഇടയില്‍ആദര്‍ശപരതക്കും നൈരാശ്യത്തിനും ഇടയില്‍ കുരുങ്ങിപ്പോകുന്ന ഹാംലെറ്റിനെപ്പോലെ തനിക്കു ശരിയാക്കിയെടുക്കാന്‍ കഴിയാത്ത (The time is out of joint: O cursed spite, / That ever I was born to set it right!" – Hamlet, Act 1, Scene 5) കാലത്തിന്റെ നിര്‍ണ്ണായകത്വത്തില്‍ കുടുങ്ങിപ്പോയവന്‍. തന്റെ അത്യാഗ്രഹത്തിന്റെ കുതിപ്പില്‍ തോറ്റുപോകുന്ന മക്ബെത്തിന്റെ ഒരു വിപരീത ബിംബമാണ് ഗാറ്റ്സ്ബിയെന്നും നിരീക്ഷിക്കാനായേക്കും: ആ ആഗ്രഹമാണ് മക്ബെത്തിനെ മലിനപ്പെടുത്തുന്നതെങ്കില്‍, തന്റെ സങ്കല്പം (ഡെയ്സി) പഴയപോലെ നിലനില്‍ക്കുന്നില്ല, മറ്റുതാല്‍പര്യങ്ങളില്‍  മലിനപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയാന്‍ വിസമ്മതിക്കുന്നതാണ് ഗാറ്റ്സ്ബിയുടെ പരാജയം. യഥാര്‍ഥത്തില്‍ ഒരിക്കലും നിലനിന്നിട്ടില്ലാത്ത ഒരു സ്വപ്നത്തിനുവേണ്ടി മരിച്ചവന്‍ എന്ന നിലയില്‍ വില്ലി ലോമാനെയും (Death of a Salesman- Arthur Miller)സാമൂഹികാംഗീകരത്തിനും ഉത്കര്‍ഷക്കും വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായ ദുരന്തം എന്ന തലത്തില്‍ ക്ലൈഡ് ഗ്രിഫിത്സിനെയും (An American Tragedy- Theodore Dreiser) ഓര്‍മ്മിക്കാം.

ഡെയ്സിയും അവളുടെ ലോകവുംപുറത്ത് ധാര്‍മ്മികമായി അപചയപ്പെടുകയും ഭൌതിക നേട്ടങ്ങള്‍ക്കു പിറകെ പായുകയും ചെയ്യുന്ന യുദ്ധാനന്തര സമൂഹവും പ്രതിനിധാനം ചെയ്യുന്ന ‘ആദര്‍ശപരതയുടെ അന്ത്യ’ത്തെ (death of idealism) കാണാന്‍ വിസമ്മതിച്ച് തന്റെ സ്വപ്നത്തില്‍ കടിച്ചു തൂങ്ങുന്ന ഗാറ്റ്സ്ബിയുടെ കാല്‍പ്പനിക നിഷ്കളങ്കതയില്‍ പ്രിന്‍സ് മിഷ്കിന്റെ ഒരു വിളറിയ പതിപ്പ് കണ്ടെത്താനായേക്കും: ആ കൃസ്തുസമാനമായ സഹാനുഭൂതിയോ വിശുദ്ധിയോ സ്വയം ഇരുള്‍ വഴികളില്‍ സമ്പന്നനായ ഗാറ്റ്സ്ബിക്ക് അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും. നാസ്റ്റെസ്യക്ക് തന്റെ ജീര്‍ണ്ണ വ്യക്തിത്വത്തെ ആ വിശുദ്ധിയുമായി ചേര്‍ത്തുവെക്കുന്നത് അസഹ്യമാകുന്നതാണ് അതിനു നേര്‍വിപരീതമായി അവള്‍ കണ്ടെത്തുന്ന റോഗോഷിനെ തെരഞ്ഞെടുക്കാന്‍ അവളെ പ്രേരിപ്പിക്കുന്നത്. ഡെയ്സിയും ഒടുവില്‍ സുരക്ഷിതത്വത്തിന്റെ പേരില്‍ ടോം ബുക്കാനനില്‍ സ്വയം ബന്ധിക്കുന്നു. മിഷ്കിന്റെ വിശുദ്ധി അയാളെ ഭ്രാന്തിലെത്തിക്കുമ്പോള്‍ഗാറ്റ്സ്ബിയുടെ സ്വപ്നം അയാളെ മരണത്തില്‍ എത്തിക്കുന്നു.

നിക് കാരവേയുടെ വിലാപാത്മക ഗദ്യത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഗാറ്റ്സ്ബിയുടെ സ്ക്രീന്‍ അവതാരം പോലെ അനുഭവപ്പെടാവുന്നതാണ് ഹോളിവുഡിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ ‘സിറ്റിസന്‍ കെയ്നി’ലെ ചാള്‍സ് ഫോസ്റ്റര്‍ കെയ്ന്‍. ഇരുവരും സ്വന്തമായി സാമ്രാജ്യം സ്ഥാപിക്കുന്നു‘സ്വയംഭൂ’ മിത്ത് തങ്ങള്‍ക്കു ചുറ്റും സ്ഥാപിക്കുന്നുതങ്ങളുടെ നേട്ടങ്ങള്‍ വമ്പന്‍ ‘ദൃശ്യങ്ങള്‍ (spectacle) ആക്കി ആവുന്നത്ര പ്രദര്‍ശിപ്പിക്കുന്നു. അതുകൊണ്ട് സ്വന്തം ഏകാന്തതയുടെ ദുസ്സഹനീയത മറക്കാന്‍ ശ്രമിക്കുന്നു. എന്നിട്ടോഒന്നും നേടിയിട്ടില്ലാത്ത ശൂന്യതയോടെ എകാന്തരായി മരിക്കുന്നു. ആരും നീന്താത്ത സ്വന്തം കൊട്ടാരക്കെട്ടിലെ നീന്തല്‍ക്കുളത്തില്‍ ഒരു അയഥാര്‍ത്ഥ പ്രതികാരത്തില്‍ ഗാറ്റ്സ്ബി ഒടുങ്ങുമ്പോള്‍ചുണ്ടില്‍ ‘റോസ്ബഡ്’ എന്ന മന്ത്രവുമായി ഒരു ഘട്ടത്തില്‍ രാജ്യത്തിന്റെ പ്രസിഡന്റ് പദവി വരെയെത്തിയ മാധ്യമ ഭീമന്‍ മരിക്കുന്നു. ഇരുവരും ‘അമേരിക്കന്‍ സ്വപ്നത്തിന്റെ ദുരന്തപൂര്‍ണ്ണമായ അധോലോകം വെളിപ്പെടുത്തുന്നു: വിജയമെന്നത് നൈതിക അടിത്തറയില്‍ നിന്നും യുക്തിപൂര്‍വ്വമായ പരിചരണത്തില്‍ നിന്നും അകന്നുപോകുമ്പോള്‍ അത് ആഗ്രഹങ്ങളുടെ ഒരു മ്യൂസിയം മാത്രമായിത്തീരുന്നു. ഇരുവരുടെയും കഥ മാനവ കുലത്തിന്റെ തന്നെ വലിയൊരു തമോഗര്‍ത്തത്തെ വെളിപ്പെടുത്തുന്നു – ഐഡന്റിറ്റി എന്നത് എത്രമാത്രം സ്വയം നിര്‍മ്മിതിയാണ്അത് എത്രമാത്രം സാമൂഹികമായി നിര്‍ണ്ണിതമാണ്?

‘ഗാറ്റ്സ്ബി’യുടെ പിന്‍ഗാമികള്‍

നോവല്‍ എന്ന നിലയിലും കഥാപാത്രം/ കഥാപാത്രങ്ങള്‍ എന്ന നിലയിലും പുസ്തകം പില്‍ക്കാല ലോക സാഹിത്യത്തില്‍ ചെലുത്തിയ സ്വാധീനങ്ങളും അനുരണനങ്ങളും എണ്ണമറ്റതാണ്. എന്നിരുന്നാലും ഡെയ്സിയുടെ ഉപരിവര്‍ഗ്ഗ കൂട്ടുകാരിയായ ജോര്‍ദാന്‍ ബേകറുടെ വീക്ഷണത്തില്‍ നോവലിന് ഒരു ഫെമിനിസ്റ്റ്ക്വീര്‍ പുനര്‍വിഭാവനം നടത്തുന്ന വിയറ്റ്‌നമീസ് – അമേരിക്കന്‍  എഴുത്തുകാരി നീ വോയുടെ ‘ദ ചോസന്‍ ആന്‍ഡ്‌ ദ ബ്യൂടിഫുള്‍’ (2021), ഡെയ്സി ബുക്കാനന്റെ വീക്ഷണത്തില്‍ ആവിഷ്കരിക്കുന്ന ജിലിയന്‍ കാന്റൊറിന്റെ ‘ബ്യൂടിഫുള്‍ ലിറ്റില്‍ ഫൂള്‍സ്’ (2022) എന്നീ സമകാലികകൃതികള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. നീ വോജോര്‍ദാന്‍ ബേകറെ ദത്തെടുക്കപ്പെട്ട ക്വീര്‍ വിയറ്റ്‌നമീസ് യുവതിയായി അവതരിപ്പിക്കുന്നതിലൂടെ, ജാസ് കാലത്തിന്റെ പളപളപ്പിനു പിന്നില്‍ നിലനിന്ന ജെന്റര്‍വംശീയസ്വത്വ സംഘര്‍ഷങ്ങളുടെ അതിസൂക്ഷ്മമായ ആവിഷ്കാരം നടത്തുന്നു. പാര്‍ശ്വവല്കൃത വീക്ഷണം അവലംബിക്കുന്നതിലൂടെ ഗാറ്റ്സ്ബിയുടെ കൊട്ടാരത്തിലെ പാര്‍ട്ടികളും ബുക്കാനന്‍ പ്രതിനിധാനം ചെയ്യുന്ന ആഡ്യത്വത്തിന്റെ വലിയ ചിത്രങ്ങളും കാലത്തിന്റെ കണ്ണാടി എന്ന നിലയില്‍ തികച്ചും ഭാഗികമായിരുന്നു എന്നു വ്യക്തമാക്കപ്പെടുന്നു. പെണ്‍കര്‍തൃത്വത്തിലും അഭിലാഷത്തിലും രോഷത്തിലും നങ്കൂരമിടുന്ന കാന്റോറിന്റെ കൃതിയിലാകട്ടെ, മൂലകഥയിലെ ആണധികാര ചിഹ്നങ്ങളും ഹിപ്പോക്രസിയും ഭേദ്യം ചെയ്യപ്പെടുകയും കാലഘട്ടത്തിന്റെ തന്നെ അപചയങ്ങളുടെ വേരുകള്‍ അതേ ആണധികാര മൂല്യങ്ങളിലാണ്‌ ആഴ്ന്നിറങ്ങിയിട്ടുള്ളത് എന്ന നിശിതമായ നിരീക്ഷണം മുന്നോട്ടു വെക്കുകയും ചെയ്യുന്നു. കാന്റോറിന്റെ കൃതി തലക്കെട്ട്‌ കൊണ്ടുതന്നെ ഫിറ്റ്‌സ്ജെറാള്‍ഡിന്റെ ഡെയ്സിയുമായുള്ള ആത്മബന്ധം വ്യക്തമാക്കുന്നുണ്ട്: ടോം ബുക്കാനന്റെ ഭാര്യാ പദവിയുടെ പുറംമോടിക്കപ്പുറം അതിലടങ്ങിയ ജീര്‍ണ്ണസാമൂഹികാര്‍ത്ഥങ്ങള്‍ ഡെയ്സി മനസ്സിലാക്കാതിരിക്കുന്നില്ല എന്ന് കൃത്യമായി സൂചിപ്പിക്കപ്പെടുന്ന ഒരു സന്ദര്‍ഭം നോവലിലുണ്ട്. തന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞ് ‘ഒരു സുന്ദരിയായ കൊച്ചു വിഡ്ഢി (“a beautiful little fool”) ആയിരിക്കട്ടെ എന്ന ഡെയ്സിയുടെ പ്രാര്‍ത്ഥന, സ്ത്രീ എന്ന നിലയില്‍ അവള്‍ അതിജീവനത്തിനു നല്‍കുന്ന വിലയുടെ ഇച്ഛാഭംഗം നിറഞ്ഞ ഒരു സംക്ഷിപ്തപ്പെടുത്തല്‍ ആണ്.

സമ്മര്‍ദ്ദങ്ങളുടെ അപഥസഞ്ചാര വഴികള്‍          

ഗാറ്റ്സ്ബിടോമിന്റെ രഹസ്യക്കാരിയായ മെര്‍ട്ടില്‍ വില്‍സണ്‍ഭാര്യതന്നെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ് എന്നറിയുമ്പോഴും നിസ്സഹായനായി എല്ലാം കണ്ടില്ലെന്നു വെക്കുകയും അപ്പോഴും അവളെ സ്നേഹിക്കുകയും ആ പ്രണയത്തിന്റെ ഒരന്തിമ ആവിഷ്കാരമായി അയഥാര്‍ത്ഥമായ ഒരു പ്രതികാരത്തില്‍ നിരപരാധിയായ ഗാറ്റ്സ്ബിയോടു പഴിവാങ്ങുകയും ചെയ്യുന്ന ജോര്‍ജ്ജ് വില്‍സന്‍ എന്നിവരെല്ലാം വിധിയുടെ മറ്റൊരു ചങ്ങലയില്‍ ബന്ധിതരും ദുരന്തത്തിലേക്ക് കൂപ്പുകുത്തുന്നവരുമാണ്. റോബര്‍ട്ട്‌ മെര്‍ടണ്‍ സിദ്ധാന്തിക്കുന്നപോലെ സാമൂഹികാംഗീകാരമുള്ള മാര്‍ഗ്ഗങ്ങളിലൂടെ സാംസ്കാരിക സമന്വയം സാധ്യമല്ലാതെ വരുന്ന വ്യക്തികള്‍ വളഞ്ഞ വഴികളിലൂടെ അത് നേടിയെടുക്കാന്‍ ശ്രമിക്കും എന്നതിന്റെ ഉദാഹരണം ഈ കഥാപാത്രങ്ങളില്‍ കാണാം. ‘അമേരിക്കന്‍ സ്വപ്നം’ വാഗ്ദാനം ചെയ്യുന്ന അവസര സമത്വവും ഉത്കര്‍ഷവും നേടിയെടുക്കാനും അതിലൂടെ തന്റെ കാല്‍പ്പനിക പ്രണയ സാക്ഷാത്കാരം സാധിച്ചെടുക്കാനും തന്റെ പിറവിയും പിന്നോക്കാവസ്ഥയും തടസ്സമാണ് എന്ന തിരിച്ചറിവാണ് വ്യാജ മദ്യ വ്യവസായവും ആയുധക്കടത്തും പോലുള്ള ഇരുണ്ട വഴികളിലേക്ക് ഗാറ്റ്സ്ബിയെ നയിക്കുന്നത്. മറുവശത്ത്‌ ജന്മം കൊണ്ടുതന്നെ എല്ലാം സ്വന്തമായിക്കിട്ടിയ ടോം ബുക്കാനന്‍ അത്തരം സമ്മര്‍ദ്ദങ്ങള്‍ നേരിടുന്നില്ല. യൂജനിക്സ് പോലുള്ള കപടശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ മുന്നോട്ടു വെക്കുന്ന ‘വെള്ളക്കാര്‍ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്നു’ (imagined minority) എന്ന അയാളുടെ വംശീയതഅഗമ്യഗമനങ്ങള്‍ആണ്‍പോരിമയില്‍ അടിസ്ഥാനമാക്കിയ അഹങ്കാരം എന്നതെല്ലാം അയാളുടെ അപരിമേയമായ പ്രിവിലെജുകളില്‍ നിന്നാണ് ആരംഭിക്കുന്നത്. ധാര്‍മ്മികമായ കണക്കു പറയേണ്ടതില്ലായ്മ (impunity) യുടെയും സാമൂഹികാംഗീകരത്തിന്റെയും പ്രതീകമാണ്‌ അയാള്‍. അയാളോടുള്ള രഹസ്യബന്ധത്തെ സാമൂഹികോന്നമനത്തിനുള്ള വഴിയായി കാണുന്ന മെര്‍ട്ടില്‍അമേരിക്കന്‍ സമൂഹത്തില്‍ രൂഡമായ വര്‍ഗ്ഗ ശ്രേണിയെ മറികടക്കാനുള്ള ശ്രമത്തിന് ദാരുണമായ മരണത്തിലൂടെ വിലയൊടുക്കുന്നു.

‘സമ്മര്‍ദ്ദ സിദ്ധാന്തത്തിന്റെ (Merton’s Strain Theory) വൈകാരികാംശത്തെ കൂടി ഊന്നിപ്പറയുന്ന റോബര്‍ട്ട്‌ ആഗ്നു മുന്നോട്ടുവെക്കുന്ന നിരീക്ഷണങ്ങള്‍ (General Strain Theory- Robert Agnew)പ്രകാരംപ്രസ്തുത ‘സമ്മര്‍ദ്ദം’കോപംനിരാശ, ആത്മസംഘര്‍ഷം തുടങ്ങിയ രൂപങ്ങളില്‍ വ്യക്തി ബന്ധങ്ങളില്‍ പ്രതിഫലിക്കും. സാമ്പത്തിക മോഹങ്ങള്‍ക്കപ്പുറം ഗാറ്റ്സ്ബി നേരിടുന്നത്അയാളെ ജീവിക്കാനും ജീവിതത്തില്‍ വിജയിച്ചുകാട്ടാനും പ്രേരിപ്പിക്കുന്ന എല്ലാത്തിന്റെയും മൂര്‍ത്തരൂപമായ ഡെയ്സിയെ നഷ്ടപ്പെടുന്നതിന്റെയും ലക്ഷ്യപ്രാപ്തിയിലെ പരാജയത്തിന്റെയും ഇച്ഛാഭംഗമാണ്. സമന്വയ സാധ്യതകള്‍ പരാജയപ്പെടുന്നതിന്റെ ‘സമ്മര്‍ദ്ദംഅപഥസഞ്ചാരത്തിലേക്കു നയിക്കുമെന്നതിന്റെ നിദര്‍ശനമാണ് ഗാറ്റ്സ്ബി. നിതാന്ത സമ്മര്‍ദ്ദത്തിന്റെ (chronic strain) മറ്റൊരു ഇരയാണ് ജോര്‍ജ്ജ് വില്‍സന്‍. ദാരിദ്ര്യം, ദാമ്പത്യത്തില്‍ നേരിടുന്ന വഞ്ചനആത്മനിന്ദ എന്നിവയെല്ലാം അയാളെ നിരന്തരം വേട്ടയാടുന്നു. ഒരു കൊലപാതകവും തുടര്‍ന്നുള്ള ആത്മഹത്യയുമെന്ന ഏറ്റവും ക്രൂരമായ അന്ത്യമാണ് വിധി അയാള്‍ക്കായി ഒരുക്കിവെക്കുന്നത് – ഒപ്പംഅയാള്‍ അറിയുന്നില്ലെങ്കിലും, അയാളുടെ പ്രതികാരം പോലും കൊള്ളേണ്ടിടത്തല്ല പതിച്ചത് എന്നതിലെഅന്തിമമായി അതൊരു നിഷ്ഫല പ്രവൃത്തിയായിരുന്നു എന്നതിന്റെ ദയനീയമായ ഐറണിയും. ആ അര്‍ത്ഥത്തില്‍,  ഗാറ്റ്സ്ബിയുടെതിനേക്കാള്‍ ദുരന്തപൂര്‍ണ്ണമാണ് അയാളുടെ ജീവിതവും മരണവും. അതെന്തായാലും, ‘സമ്മര്‍ദ്ദംഅമിതമായി കേന്ദ്രീകരിക്കുമ്പോള്‍ അത് ഹിംസയിലേക്ക് നയിക്കുമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് അയാള്‍. നോവലിലെ ആഖ്യാതാവായ നിക് കാരവേ ചുറ്റുമുള്ള ധാര്‍മ്മിക അപചയങ്ങളില്‍ മനം മടുത്ത് തന്റെ പഴയ മിഡ് വെസ്റ്റിലേക്ക് തിരികെ പോകുന്നതും ഒരു രക്ഷാ മാര്‍ഗ്ഗം തന്നെയാണ് – അത് അപഥസഞ്ചാരത്തിലൂടെയല്ല എന്നുമാത്രം. ഒടുവില്‍ ബാക്കിയാകുന്നത്വെസ്റ്റ് എഗ്ഗിനും ന്യു യോര്‍ക്ക്‌ നഗരത്തിനും ഇടയിലെ ‘വാലി ഓഫ് ആഷസ്’ വാണിജ്യ മേഖലയില്‍ പൊടിമൂടിയ ബില്‍ ബോര്‍ഡില്‍ നിന്ന് തുറിച്ചു നോക്കുന്ന ആ രണ്ടു കണ്ണുകള്‍ മാത്രമാണ് – ദൈവവിധിയുടെസാമൂഹിക അപചയത്തിന്റെ‘അമേരിക്കന്‍ സ്വപ്നത്തിന്റെ മരണത്തിന്റെജാസ് യുഗത്തിന്റെ ധാര്‍മ്മിക ശൈഥില്യത്തിന്റെഒടുവില്‍ പൊരുളിന്റെ തന്നെ മരണത്തിന്റെ പ്രതീകമായി ഭിന്ന തലങ്ങളില്‍ വിവരിക്കപ്പെട്ട ഡോ. ടി. ജെ. എക്കില്‍ബെര്‍ഗിന്റെ ഭീമാകാരമാര്‍ന്ന കണ്ണുകള്‍.                                                                                                                   

ജാസ് യുഗത്തെ ഗ്ലാമര്‍വല്‍ക്കരിച്ചു അവതരിപ്പിച്ചു എന്നതിന്റെ പേരിലല്ല The Great Gatsby യുടെ പ്രസക്തി ഇന്നും നിലനില്‍ക്കുന്നത്. അത് ജനാധിപത്യത്തിന്റെ പുറംപൂച്ചിനു കീഴില്‍ നിലനില്‍ക്കുന്ന തമോഗര്‍ത്തങ്ങള്‍ ആവിഷ്കരിക്കുന്നു എന്നതിലാണ്. നോവലിലെ ലോകം അവസരസമത്വവും സാര്‍വത്രിക ഉത്കര്‍ഷവും പരസ്യപ്പെടുത്തുമ്പോഴും കണിശമായ ഗേറ്റ് പാറാവ്‌ നിലനിര്‍ത്തുന്ന ഒന്നാണ് – അവിടെ പ്രവേശനം തറവാട്ടു മഹിമകുലമഹിമപാരമ്പര്യ സ്വത്ത് തുടങ്ങിയ പുറംതള്ളല്‍/ അധീശ ഭാവത്തിലും അപരവല്‍ക്കരണത്തിലും അധിഷ്ടിതമാണ്. സാമൂഹിക ശ്രേണീബദ്ധത എന്നത് ഇന്നത്തെയും യാഥാര്‍ത്ഥ്യം തന്നെയാണ്. തൊലിയുടെ നിറംകുടുംബ/ ജാതിപ്പേര്ഇതര വര്‍ഗ്ഗീകരണങ്ങള്‍ തുടങ്ങിയവ അന്നത്തെപ്പോലെ ഇന്നും സര്‍വ്വശക്തവുമാണ്. സാമൂഹിക ശ്രേണി മുറിച്ചു കടക്കാനുള്ള ഏതൊരു ശ്രമവും ദുരന്തകാരി ആയിത്തീരാവുന്നതിന്റെ ഉദാഹരണങ്ങള്‍ ജേ ഗാറ്റ്സ്ബിയുടെയും മെര്‍ട്ടില്‍ വില്‍സന്റെയും കാലത്തെന്ന പോലെ ഇന്നും ധാരാളം. ഫിറ്റ്സ്ജെറാള്‍ഡിന്റെ അമേരിക്കനമ്മുടെ കാലം പോലെത്തന്നെഅതിന്റെ ഉത്ഭവ പുരാണങ്ങളില്‍ നിറഞ്ഞുനിന്ന ആദര്‍ശങ്ങള്‍ക്കും യാഥാര്‍ത്ഥ ജീവിതാനുഭാവങ്ങള്‍ക്കും ഇടയിലെ വലിയ വിള്ളലുകളില്‍ കുരുങ്ങിപ്പോയതു തന്നെയായിരുന്നു - സ്വാതന്ത്ര്യം ഒരു മുഖാവരണവും സ്വപ്നം നിരാശയുടെ കോക് ടേലും  ആയിരുന്ന ഇടം. The Great Gatsby വ്യാജമദ്യവ്യവസായിയുടെ ദുരന്ത പ്രണയകഥയായല്ലപ്രതീക്ഷ വില്‍ക്കുകയും പ്രവേശനം തടയുകയും ചെയ്യുന്ന ഒരു സംസ്കാരത്തിന്റെ കഥയായാണ് വായിക്കേണ്ടത് എന്നു പറയാം. ആ നിലക്ക് അന്തസ്സാരം നഷ്ടപ്പെട്ടതെങ്കിലും ‘സ്വതന്ത്രം’ എന്ന് വിളിക്കാന്‍ ഇപ്പോഴും ധൈര്യപ്പെടുന്ന നമ്മുടെ ലോകത്തിന്റെ തന്നെ കഥയാണ്‌ അത്.

Refernces:  

1.    F. Scott Fitzgerald by Lionel Trilling, Published in The Liberal Imagination: Essays on Literature and Society by Lionel Trilling (New York: The Viking Press, Inc., London: Martin Seeker & Warburg Limited, 1951).

2.    THE LITERARY 100’, by Daniel S.Burt, Revised Edition, Facts On File, Inc. New York NY Page 334

3.    Beyond Gatsby : How Fitzgerald, Hemingway, and Writers of the 1920s Shaped American Culture, Robert McParland, Rowman & Littlefield, 2015.

4.    A Reality Check on the American Dream in The Great Gatsby: A Textual Analysis through Strain Theories, Rahul Borah, IJELS-20249(2), (ISSN: 2456-7620) (Int. J of Eng. Lit. and Soc. Sci.) https://dx.doi.org/10.22161/ijels.92.41