Featured Post

Monday, November 10, 2014

വാരാന്ത്യങ്ങള്‍ തുരുമ്പെടുക്കുമ്പോള്‍


ഒഴിവു ദിന വാരാന്ത്യങ്ങളുടെ പതിവായിരുന്നു
ഉമ്മയെ കാണാന്‍ പോവുക .
വേണ്ടെന്നു പറയാന്‍ വയ്യാത്തവിശപ്പ്‌ 
കരുതിവെക്കണമായിരുന്നു.
പട്ടിണിക്കാലത്തിന്റെ ഓര്‍മ്മയില്‍ കുരുത്തതായിരുന്നു
ഉമ്മയുടെ രുചിക്കൂട്ടുകള്‍.
ഒരു നെല്ലിക്ക
ഉപ്പിലിട്ട മാങ്ങ
പച്ചപ്പുളിയും കാന്താരിയും ഉടച്ചു ചേര്‍ത്ത്
ഉപ്പ് കൂട്ടിയ ചമ്മന്തി
ഉണ്ടെങ്കിലിത്തിരി മോര്
ചൂട് കഞ്ഞി...
തീര്‍ന്നു വിഭവ സമൃദ്ധി.
വിളമ്പി വെച്ചാല്‍ അടുത്തിരിപ്പാണ് പിന്നെ.
ചികഞ്ഞെടുക്കുന്ന ഓര്‍മ്മക്കഥകള്‍,
നാട്,
നാട്ടാര്,
പോയോര്,
ഇനി വരാത്തോര്,
ബാപ്പയുടെ കടും പിടുത്തങ്ങള്,
മകന്റെ ദുര്‍വ്വാശികള്,
എടേല് നെഞ്ചെരിഞ്ഞത്,
മക്കള് വല്യോരായത്,
കാണാന്‍ബാപ്പയ്ക്ക് യോഗല്ലാതെ പോയത്,
ന്നാലും പടച്ചോന്റെ കൃപ.



ഉമ്മ മരിച്ചപ്പോള്‍
ഒപ്പം മറഞ്ഞു പോയത് രുചിക്കൂട്ടുകളാണ്.
തുരുമ്പെടുത്തത് വാരാന്ത്യങ്ങളാണ് .
എന്താണ് കൊടുത്തിട്ട് പോവുകയെന്നാണ്
ഇനിയൊരുള്‍ക്കിടിലമിപ്പോള്‍.

Thursday, November 6, 2014

ഗോഡ് ഫാദര്‍ സിന്‍ഡ്രോം



ചിലരങ്ങനെയാണ്:
നിങ്ങളൊരു കവിതയെഴുതിയാല്‍
ഒരു കുറിപ്പെഴുതിയാല്‍
ഒരു നീണ്ട ആത്മഗതം നടത്തിയാല്‍
അതില്‍ മഹാകവിയെ കാണും.
നിങ്ങളാണ് ഭാഷയുടെ അടുത്ത പ്രതീക്ഷയെന്ന്
ആണയിടും.നിങ്ങളെന്റെ പ്രിയനേ കണ്ടാല്‍ 
ഞാന്‍ പ്രണയ പരവശയായിരിക്കുകയാണെന്ന്
സോളമന്റെ ഗീതം പോലെ 
യരൂശലേം കന്യകമാരാകും .
എണ്‍പതുകളില്‍ മുടങ്ങിപ്പോയ വിപ്ലവം
ഇനി താങ്കളിലാണ് 
ജോണ്‍ അബ്രഹാം സുരാസു അയ്യപ്പനെന്നു
ബൊഹീമിയന്‍ ശുഭരാത്രി നേരും.
ഹോമോസാപ്പിയന്‍ മുതല്‍ ഓസോണ്‍ പാളി വരെയും
വിയെറ്റ്നാം മുതല്‍ ഗാസ വരെയും
താങ്കളേയെന്ന്
ഗിന്‍സ്ബര്‍ഗായി ഓരിയിടും.
താളിയോലകളില്ലാഞ്ഞു താങ്കളൊരു 
കനപ്പെട്ട പുസ്തകാവതാരമെന്നു 
സംഭവാമി യുഗേ യുഗേ ആശംസിക്കും
സാന്റിയാഗോയുടെ സ്രാവുകളെ പോലെ
നേടിയതെന്തും കവര്‍ന്നെടുത്ത്
നിങ്ങളെയൊരു പ്രേതരൂപിയാക്കും .
അവതാര ധര്‍മ്മം കഴിഞ്ഞ
പരമാത്മാവിനെ പോലെ
പുല്ലുമുളക്കാത്ത വഴി തിരോഭവിക്കും.

ക്ഷതം പറ്റിയ സര്‍ഗ്ഗ ഭാരത്തില്‍
വഴി മറന്ന ഏകാന്തദ്വീപിലേക്ക്
നിങ്ങള്‍ തിരിച്ചു നടക്കവേ,
ടുവില്‍
ഒറ്റുകാരുടെ രുധിര മുഹൂര്‍ത്തത്തില്‍
സീനായ്‌ പര്‍വ്വതത്തിലെ മോശേക്കെന്ന പോല്‍
മിന്നലൊളിയായ്‌ കണ്ണഞ്ചിക്കും.
മുപ്പതു വെള്ളിയുടെ ദുര്‍മേദസ്സില്‍
നിങ്ങള്‍ക്കൊരു ബലിക്കുറിപ്പെഴുതും:
നികത്താനാവാത്ത നഷ്ടം ഈ മൗനം

Thursday, October 16, 2014

ഗ്രാമ വിഡ്ഢിയുടെ ആകാശം



കണ്ടിട്ടുണ്ടോ നിങ്ങള്‍
ഗ്രാമ വിഡ്ഢിയുടെ ആകാശം ?
ഒരു വിശുദ്ധന്റേതു പോലെ
അന്തിച്ചുവപ്പുണ്ടാവും അവിടെ.
മങ്ങിയ കണ്ണാടി പോലെ
എപ്പോഴും പുക മൂടിയിട്ടുണ്ടാവും .
അന്തിച്ചുവപ്പിന്റെ പാഠഭേദം
അമാവാസിയുടെ മുന്നൊരുക്കമാവും
തൂവിപ്പോയ ചായങ്ങളില്‍
ഇനം തിരിവുണ്ടാകില്ല..
ചിലപ്പോഴത്
അപ്പുക്കിളിയുടെ അക്ഷര ജ്ഞാനം പോലെ
കണ്ണെത്തുവോളം
ഒരൊറ്റ വര്‍ണ്ണത്തില്‍ പരന്നു കിടക്കും
അല്ലെങ്കില്‍
ബുദ്ധിയുള്ളവരുടെ ഉള്ളിലെ അഴുക്കു പുരണ്ട്
ഇരുണ്ടു പോകും.
തുരുമ്പിച്ച ഇശല്‍നിഴലുകളില്‍
ഉന്മാദിയുടെ സിംഫണി പോലെ
സ്വരഭേങ്ങളിഴച്ചു പോകും.
മറ്റാര്‍ക്കും കേള്‍ക്കാത്ത സൈറണുകള്‍*
അവന്റെ പായ്ക്കപ്പലുകളെ
ഇടയ്ക്കിടെ പ്രലോഭിപ്പിക്കും .
ജൈവ കാമനകളുടെ മദപ്പാടില്‍
ചേഷ്ടകളുടെ തനിയാവര്‍ത്തനങ്ങളില്‍
അമിത സുരതത്തിന്റെ ബബൂണ്‍മുഖം പോലെ
അടക്കം പറയാന്‍ പാകത്തില്‍
അവനൊരശ്ലീലമാവും .
വിനിമയ മൂല്യം പോയ പടപ്പാട്ടുകളുമായി
ഹിറയാമ പയ്യനെ പോലെ**
ദേശ ദ്രോഹത്തിന് വേട്ടയാടപ്പെടും .

അപ്പോള്‍ നിങ്ങളോ?
നിങ്ങള്‍ക്കുറപ്പുണ്ടോ നിങ്ങളുടെ വേദങ്ങളില്‍
എഫേസസിലെ യുവാക്കളെ പോലെ***
നാണയങ്ങള്‍ പട്ടുപോയിട്ടില്ലെന്ന് ?


* യവന പുരാണത്തിലെ, മാസ്മരിക സംഗീതം കൊണ്ട് നാവികരെ ആകര്‍ഷിച്ചു അപായപ്പെടുത്തുന്ന സുന്ദരികളായ ദുര്‍ദേവതകള്‍. അവയുടെ പ്രലോഭനം അതിജീവിക്കാനായി ഓഡീസ്സിയൂസ് തന്റെ നാവികരുടെ ചെവികള്‍ മെഴുകു കൊണ്ടടച്ചു സ്വയം കപ്പല്‍പ്പായയുടെ തൂണില്‍ ബന്ധിച്ചു നിര്‍ത്തിയതായി ഓഡീസ്സിയിലുണ്ട്. .

**കസുവോ ഇഷിഗുരോയുടെ 'ആന്‍ ആര്‍ടിസ്റ്റ് ഓഫ് ദി ഫ്ലോട്ടിംഗ് വേള്‍ഡ് ' എന്ന നോവലിലെ കഥാപാത്രം.. യുദ്ധം അവസാനിച്ചതും രാജഭരണം പോയതുമൊന്നുമറിയാതെ പഴയ പാട്ടുകള്‍ പാടി നടക്കുകയും അന്ന് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചിരുന്നവരില്‍ നിന്ന് പീഡനം ഏറ്റ് വാങ്ങുകയും ചെയ്യുന്ന മന്ദബുദ്ധി.


** *ഡെഷ്യസ് ചക്രവര്‍ത്തി (249-251 ) യുടെ പീഡനം ഭയന്ന് ഗുഹയിലൊളിക്കുകയും മുന്നൂറോളം വര്‍ഷങ്ങള്‍ ഉറങ്ങിപ്പോവുകയും ചെയ്ത ഏഴു ക്രിസ്റ്റ്യന്‍ ചെറുപ്പക്കാരെ കുറിച്ച് ഖുര്‍ആനിലും മറ്റും പരാമര്‍ശമുണ്ട്. ഉറങ്ങിയെഴുന്നേറ്റതെന്ന ചിന്തയില്‍ ഭക്ഷണം തേടുമ്പോള്‍ കയ്യിലുള്ളത് എടുക്കാത്ത നാണയങ്ങളാണെന്ന തിരിച്ചറിവിലേക്ക് ഞെട്ടിയുണരുന്നവര്‍.

Thursday, September 4, 2014

മീനുമ്മകളുടെ രാഷ്ട്രീയം.




1.

ഉരുള്‍ പൊട്ടിയ മലകളില്‍ 
ഒടുങ്ങിപ്പോയവരെയോര്‍ത്ത്
കാട്ടരുവിയില്‍ മുങ്ങുക.
മീനുമ്മകള്‍ നിങ്ങളോടെന്തു പറയും?
തോറ്റു പോയൊരു ജനതയുടെ ദൈന്യം?
വിമലീകരിക്കാത്ത നിസ്സഹായതയുടെ രോഷം?
ബുള്‍ഡോസര്‍ വികസനത്തിന്റെ
മാതൃ ഭോഗ പെടു പിറപ്പില്‍
നടുക്കഷ്ണം തിന്നുന്നവനോട് പുച്ഛം?
ആത്മഹത്യയിലൊടുങ്ങിയ
കര്‍ഷക ജന്മത്തിന്റെ ശാപം?
അല്ലെങ്കില്‍,
ഒഴുക്കിലൊടുങ്ങിയ കിളിക്കുഞ്ഞിന്റെ മൗനം?
അതുമല്ലെങ്കില്‍,
മലയിറങ്ങിയ പാറക്കെട്ടുകളില്‍
അടിഞ്ഞു പോയ ആട്ടിന്‍ പറ്റത്തിന്റെ
നെഞ്ചു കലങ്ങും ഇടയ ദുഃഖം?

2.

നിലയില്ലാക്കയത്തില്‍
മുങ്ങി മരിച്ചവരെയോര്‍ത്ത്
മീനുമ്മകള്‍ ഏറ്റുവാങ്ങുക.
നിങ്ങളെന്തു കേള്‍ക്കുന്നു?
വിനോദയാത്രയുടെ മദപ്പാടില്‍
ഒഴുക്കെടുത്തുപോയ പുത്രദുഃഖം?
മൃഗ തൃഷ്ണകളുടെ ലാസ്യം കടന്ന്
ജലമൃത്യുവായവന്റെ അന്ത്യമൊഴി?
ഉടല്‍ വസന്തത്തിന്റെ ചതിക്കുഴിയില്‍
ചുഴിയിലെറിയപ്പെട്ടവളുടെ ഗദ്ഗദം?
ബൊഹീമിയന്‍ പകല്‍പ്പാതിയില്‍
ഞരമ്പുകളിലെ കവിതയോടൊപ്പം
ജലപാളികളിലൂളിയിട്ടവന്റെയൊടുക്കത്തെ ഗീതം?
അല്ലെങ്കില്‍,
തോട്ട പൊട്ടി ചിതറിയ മീന്‍ കണ്ണിന്റെ ശോകം?
അതുമല്ലെങ്കില്‍,
ഉറവകളിലടിഞ്ഞ നഗരമാലിന്യം
രോഗത്തിന്റെ പൂക്കളായി വിരിയുന്ന
അവിശുദ്ധ ബാന്ധവത്തിന്‍ സീല്‍ക്കാരം?

3.

മീനുമ്മകള്‍ക്ക് ഒരു രാഷ്ട്രീയമുണ്ട്.
മലകളും
പുഴകളും
കിളികളും
തിര്യക്കുകളും
കാടും മേടുമാകാശവും
അത് നമ്മളോട് പറയുന്നുമുണ്ട്.
എങ്കിലും,
ഹൃദയത്തിലല്ല
ആമാശയത്തിലാണ്
മീനുമ്മകളെ
നാം
ചെവിയോര്‍ക്കുക.

Thursday, August 28, 2014

സദാചാരികളുടെ ദൈവത്തിന്



പ്രണയം നിരോധിക്കപ്പെട്ടവരുടെ കുടിയരശില്‍
ഒരു ചെറുപ്പക്കാരന്‍
ഒരു ചെറുപ്പക്കാരിയെ കണ്ടുമുട്ടുന്നു.
വസന്തത്തിന്റെ ചെറിഹൃദയം കൊണ്ട്
അവന്‍ കുറുമ്പ് കാട്ടുന്നു.
ഒരു പൂക്കൂട കൊണ്ട് 
അവളൊരുദ്യാനം തീര്‍ക്കുന്നു.

ഉപരോധങ്ങളുടെ മദപ്പാടില്‍
വിഷപ്പല്ല് കിളിര്‍ത്തവര്‍
ഉദ്ധൃത ലിംഗരായി വേട്ടക്കിറങ്ങവേ
ഹൃദയ ചോദനകളുടെ ഉറവത്തടങ്ങളില്‍
ചോര മണക്കാന്‍ തുടങ്ങുന്നു -
ആണൊരുവനായും പെണ്ണൊരുവള്‍ക്കായും.

നിലാവിന്റെ വിശുദ്ധ ഗര്‍ഭം
ആര്‍ക്കും ശുഭരാത്രി നേരാതെ
അന്തര്‍ദ്ധാനം ചെയ്യവേ
അവരവളെ തിരഞ്ഞിറങ്ങുന്നു-
ആറ്റുവക്കില്‍, കിണറാഴങ്ങളില്‍
റെയില്‍പ്പാളത്തില്‍,
ആരും ചെല്ലാത്ത തട്ടുമ്പുറങ്ങളില്‍-

ഒടുവിലൊരു ഹേമന്ത രാവിന്റെ
മഞ്ഞു പെയ്യുന്ന മധ്യയാമത്തില്‍
പാപിയായ ഗന്ധര്‍വ്വനോടൊപ്പം
പുണ്യ പാപങ്ങളുടെ ചുവടിറക്കി വെച്ച്
അവളെങ്ങോ മറയുന്നു.

പ്രണയം നിരോധിക്കപ്പെട്ട കുടിയരശില്‍
മാഞ്ഞു പോവുന്ന മാരിവില്ലിനൊപ്പം
വസന്തം പടിയിറങ്ങുന്നു.

അഭിമാനികളുടെ സദാചാരിയായ ദൈവത്തിന്റെ
ഇന്നത്തെയത്താഴ മേശയില്‍
ഇതും കൂടി സമര്‍പ്പിക്കുന്നു -
പ്രണയ ഭംഗം കൊണ്ട് ദഹിച്ചവന്റെ മാംസം,
പിറക്കാതെപോയവനെ ചുമന്നവളുടെ രക്തം.

കുഞ്ഞുങ്ങളുടെ തലയറുക്കുന്നവരോട്



കൂട്ടക്കുരുതി കഴിഞ്ഞ്
ഉപേക്ഷിക്കപ്പെടുന്ന ദേശം
കാട് പിടിക്കുന്നു.
മുക്കിലും മൂലയിലും
അത് പടരുന്നു.
അങ്ങനെയാണ്
ആളില്ലായിടങ്ങളില്‍
ആദിമ വനങ്ങളുണ്ടായത്.

രക്തത്തില്‍ നിന്ന്
തോട്ടവാഴപ്പൂക്കള്‍
കുഞ്ഞരിപ്പല്ലില്‍ നിന്ന്
വെളുത്ത ലില്ലി,
കാര്‍ കൂന്തലില്‍ നിന്ന്
കാട്ടരുവി,
തഴമ്പിച്ച കൈകളില്‍ നിന്ന്
പാറക്കെട്ടുകള്‍,
എഴുന്ന ഞരമ്പുകളില്‍ നിന്ന്
മുള്‍പ്പടര്‍പ്പുകള്‍.

കുഞ്ഞുങ്ങളുടെ തലയറുക്കുമ്പോള്‍
ഒരു നുള്ള് ഉപ്പ് ചേര്‍ക്കുക.
ഇല്ലെങ്കില്‍,
വരും കാല വനസരിത്തില്‍ നിന്ന്
ഉപ്പില്ലാത്തൊരു കടല്‍
ഉരുവമെടുത്തേക്കും.
ഒരു ചാവുകടലിനും
താങ്ങാനാവില്ലത്.

TO THOSE WHO BEHEAD CHILDREN



Land forsaken after slaughters
Are occupied by wild growth
Vegetating every cranny-
That’s how no man’s lands
Became primeval forests.

Blood for clover fields,
Pearly teeth for lily white,
Flowing locks for gushing streams
Chapped fingers for thorn bush-

When you chop of new-borns’ heads
Don’t forget to sprinkle some salt
Lest the oceans that stem from
Wilderness to – be
Would taste salt-less.
No dead sea can stand it.