Featured Post

Sunday, January 27, 2013

BEYOND THE DUNGEON, BEYOND THE RIVER.


I shall have a dungeon
for the moment of sleep-walking.
I would commence my odyssey
with no fore-fear of call back.
I don't need fingers of the wakeful
to serve as pointers for me.
What could they possibly say
about ways they never saw!

Beyond that dazzled first step
signal fires would shed light
unto the inner eyes of closed lids.
Goblins would wait for me
with treasures of magical visions.
That charmed lad in festive throngs
would be back, wide eyed,
his zest, leading like father's finger.
Way-side vendors
would return my juvenile days.
Jingling bells, whistling loud,
I would buy back everything.
I would pilfer a glass bangle
for the play-mate on swing-wing.

In the spring of vital stats
a rainbow would spread wide
as blushing cheeks of the mistress.
Benevolent fore-fathers
who vanished in season changes,
mates beyond the river of death,
they would come by in dream lanes.
This dungeon would keep in store
all that life never offered.

And in the end,
in that moment of temptation,
learning that secret
that forbids back-glance,
I would embark that ferry.
Beyond the river of forgetfulness
lies the land of no return.


Thursday, January 24, 2013

ഒഴുക്കെടുത്ത കൂട്ടുകാരി


ഒഴുക്കെടുത്തു പോയ കളിക്കൂട്ടുകാരി
ഉള്ളിലിന്നും വിതുമ്മി നില്‍പ്പുണ്ട്.
സൌമ്യയായ നാട്ടുപുഴ
പുതുപണക്കാരന്റെ ധാരാളിത്തം പോലെ
മലവെള്ളപ്പാച്ചിലില്‍ കലങ്ങിയ ദിനം.
മൂന്നാം നാളില്‍ നീണ്ടു ചുരുണ്ട മുടിയിലുടക്കി
കൈതത്തഴപ്പുകള്‍ക്കിടയില്‍
അവളെ കണ്ടെടുക്കുമ്പോള്‍
പുഴ വീണ്ടും ശാലീനയായിരുന്നു.
ജനിയുടെ ഉറവില്‍ നിന്നേ മൃതിയുമെന്നു
ആദ്യനോവായ സാക്ഷ്യം.

മലകളില്‍ മഴമേഘങ്ങളണയുന്ന
ഇടികുടുക്കത്തിന്റെ നിമിഷങ്ങളില്‍
നനഞ്ഞ തൂവലുകലില്‍ വിറച്ച്
എന്റെ ജനാലക്കപ്പുറം ഒരു പക്ഷി.
തുറക്കാനാവാത്ത ചില്ലുപാളി കടന്നു
ജന്മാന്തരങ്ങളുടെ തിളങ്ങും കണ്ണുകള്‍.
മറവിയുടെ ശ്രാദ്ധഭൂമി കടന്നു
എന്നിലേക്ക്‌ മാത്രം അവളെത്തുന്നു.
പശ്ചാത്താപത്തിന്റെ തേങ്ങല്‍ പോലെ
അടിച്ചു വീശുന്ന മലങ്കാറ്റു
എന്നിലൂടെ കടന്നു പോവുന്നു.

പഴയ പള്ളിക്കാടിന്റെ
കാട് പിടിച്ച മൂലയില്‍
വീണുപോയ മീസാന്‍കല്ലിന്‍താഴെ
ഉണര്‍ന്നിരിന്നുവോ അവളെപ്പോഴും?
നിലാവും മഞ്ഞും ഇണ ചേരുന്ന
അശാന്തിയുടെ മുഹൂര്‍ത്തങ്ങളില്‍
ഹീത്ക്ലിഫിനെ തേടുന്ന കാതറിന്‍*.
അവളെ തൊട്ടുവിളിച്ചതാവുമോ
സമാഗമത്തിന്റെ സമയം?.
തുടല്‍ പൊട്ടുന്ന പേമാരിയില്‍
എങ്ങനെയാണ് കൂട് വിടേണ്ടതെന്നു
അവളെന്നേ അറിഞ്ഞതാണല്ലോ.

*Emily Bronte – യുടെ Wuthering Hieghts എന്ന അനശ്വര കൃതിയിലെ കഥാപാത്രങ്ങള്‍.

Friday, January 18, 2013

SUMMER HEAT- HAIKU POEMS.

1.
Summer heat:
dazed mountains sit tight
contemplating rain clouds.

2.
Summer heat:
a lone calf stares vacant.
Chimera blinks.

3.
Summer heat:
municipal taps
mimic flutes.

4.
Summer heat:
leaf storms beget
whirl winds of dust.

5.
Summer heat:
sea breeze plays nymph
seducing urban noon.

6.
Summer heat:
aqua ducts die out-
cremation of fishes.

7.
Summer heat:
smothering dust rules,
green leaves droop.

8.
Summer heat:
kids indoors
await evenings.
9.
Summer heat:
terrify not workmen
with hell fire.

10.
Summer heat:
desert sweats
inferno.

11.
Summer heat:
under the bower-
an Eden.

12.
Summer heat:
stagnant night air-
my goblet freezes.


















Monday, January 14, 2013

തുരങ്കം കടന്ന്, നദി കടന്ന്



നിദ്രാടനത്തിന്റെ മുഹൂര്‍ത്തത്തിനു
ഒരു തുരങ്കം പണിയണമെനിക്ക്‌-
പിന്‍വിളിയുടെ മുന്‍ഭയമില്ലാതെ
പുറപ്പെട്ടു പോവാന്‍.
ഉണര്‍ന്നിരിക്കുന്നവരുടെ വിരലുകള്‍
ചൂണ്ടു പലകയാവേണ്ടെനിക്ക്-
കണ്ടിട്ടില്ലാത്ത വഴികളെ കുറിച്ച്
അവരെന്തു പറയാന്‍!

പകപ്പിന്റെ ആദ്യചുവടിനപ്പുറം
അടഞ്ഞ കണ്ണുകളുടെ അകക്കാഴ്ചയില്‍
വഴിവിളക്കുകള്‍ തെളിഞ്ഞു നില്‍ക്കും.
മായക്കാഴ്ചകളുടെ നിധി കുംഭങ്ങളുമായി
ഭൂത ഗണങ്ങള്‍ കാത്തിരിക്കും.
പൂരപ്പൊലിമയുടെ ബാല്യ കൌതുകം
എന്നിലേക്ക്‌ തിരിച്ചു വരും,
വഴികാട്ടിയായ അച്ഛന്‍വിരലാവും.
വഴിയോര വണിക്കുകള്‍
എന്റെ കൗമാരം തിരിച്ചു തരും.
മണികിലുക്കി, ചൂളം വിളിച്ച്
ഞാനെല്ലാം തിരിച്ചു വാങ്ങും-
ഊഞ്ഞാല്‍ ചിറകിലെ കൂട്ടുകാരിക്കായി
ഒരു കരിവള ഒളിപ്പിച്ചെടുക്കും.

ഉടലളവുകളുടെ വസന്തകാലത്ത്
പ്രണയിനിയുടെ കവിള്‍ തുടുപ്പായി
കാഴ്ച്ചകളില്‍ മഴവില്ല് വിടരും.
കനിവിയന്ന പിതൃക്കള്‍
ഋതു ഭേദങ്ങളായടര്‍ന്നു പോയോര്‍,
മൃതിയുടെ നദികടന്ന കൂട്ടുകാര്‍,
സ്വപ്നപാതയില്‍ കൂട്ട് പോരും.
ജീവിതം തരാതെ പോയതൊക്കെയും
ഈ തുരങ്കം കാത്തു വെക്കും

എന്നിട്ടൊടുവില്‍
പ്രലോഭനത്തിന്റെ നിമിഷത്തില്‍
പിന്‍ നോട്ടമില്ലാത്ത രഹസ്യമറിഞ്ഞ്
ഞാനാ കടത്ത് കടക്കും.
മറവിയുടെ നദിക്കപ്പുറം
തിരിച്ചു വരവില്ലാത്ത തീരം.



Friday, January 11, 2013

ചെറുചാതികളുടെ പ്രാര്‍ത്ഥന


തണുപ്പകന്ന ഡിസംബര്‍ രാവിന്
പൂക്കാത്ത മാവിന്‍ വന്ധ്യത.
കരിഞ്ഞു പോയ മാമ്പൂക്കളുടെ
മൂകവിലാപം നിറഞ്ഞു
മരണ വീട്ടിലെ തേങ്ങല്‍ പോലെ
എപ്പോഴോ ഒരു കാറ്റ്-
ഇടയ്ക്കു തെളിയും മയക്കം പോലെ.
പുളിയുറുമ്പുകള്‍ക്ക് കാത്തുവെക്കാതെ
പകല്‍ തിന്ന പൂക്കള്‍.
വേനലവധിയുടെ കവണക്കുതൂഹലം
കാത്തിരിപ്പുണ്ട് സാകൂതം
കായ് ജന്മത്തിന്റെ തേനൂറും നിറവിന്.

മഴമേഘങ്ങള്‍ വഴി മറന്ന ആകാശം
ഒരു ഗംഗയേയും ചുമക്കുന്നില്ല.
തീര്‍ത്ഥം നല്‍കിപ്പോറ്റിയോരോട്
മുറിവേറ്റു മരിച്ച നദി വേരുകള്‍
കാടിന്റെ പച്ചയിലേക്ക് കടക്കുന്നില്ല,
മലയുടെ നീരിലേക്ക് കുതിക്കുന്നുമില്ല-
അനാഥനായി മരിച്ചവനെപ്പോലെ.
ഭൂപടങ്ങളുടെ അതിര്‍ത്തിരേഖകള്‍
ഉറഞ്ഞു തുള്ളുന്ന പേയ് ദിനങ്ങളില്‍
ഖനിയിലൊടുങ്ങിയ പിതാമഹന്മാര്‍
ബാക്കിവെച്ച അസ്ഥിഖണ്ഡങ്ങളിലൂടെ
തേടി പോകണം, താഴോട്ടിനി.

ജനുവരിയുടെ ജലസ്വപ്നങ്ങളോട്
കരിഞ്ഞ മാമ്പൂവിനെന്തു?
വഴിയരികില്‍ ചുരത്താത്ത അകിടായി
ജല വകുപ്പിന്റെ മീസാന്‍ കല്ലുകള്‍.
ഉറവ വറ്റിയ തണ്ണീര്‍ത്തടങ്ങള്‍ക്ക്
കരമടച്ച സ്മാരകശിലകള്‍,
കാട്ടുതീയിലെരിഞ്ഞ മണ്‍പുറ്റ് പോലെ.
പച്ചപ്പുല്‍ക്കിനാവുമായൊരു മാട്
ഓര്‍മ്മനോറ്റ് നോക്കിനില്‍പ്പുണ്ടവിടെ.
ധ്യാന നിരതരായ ചെറുചാതികളുടെ
പ്രാര്‍ത്ഥന വേണം ഈ പിഴച്ച ഭൂമിക്ക്:
ഒന്ന് കൂടി തളിര്‍ത്തു നില്‍ക്കാന്‍.

Tuesday, January 8, 2013

ഒരു ചിരി വായിച്ചെടുക്കും വിധം


കടവിലടുത്ത വഞ്ചിയില്‍ നിന്ന്
കൊലുസിട്ട പാദങ്ങളോടെ
താഴെയിറങ്ങവേ
തുഴക്കാരനോട് അവളൊന്നു ചിരിക്കുന്നു-
നന്ദി അമ്മാവാ, സുരക്ഷിതയായി
ഇവിടെ ഇറക്കിയതിന്.

അമ്മാവന്‍ ആ ചിരി വായിച്ചെടുക്കുന്നു:
പ്രായക്കൂടുതലുണ്ടെങ്കിലും
എന്നെ കൊതിപ്പിക്കുന്നു
നിങ്ങളുടെ പേശികള്‍.
എപ്പോഴാണൊരവസരം?

പിറകിലിറങ്ങുന്ന മധ്യവയസ്ക്കന്‍
അവളുടെ കണങ്കാലുകളിലേയ്ക്കു
നോട്ടം കൊണ്ടൊരു ലിംഗമുയിര്‍ക്കുന്നു:
ആരെ കാണിക്കാനാ
ഇവളിങ്ങനെ പൊക്കിപ്പിടിക്കുന്നത് ?
മൊട്ടേന്നു വിരിയും മുമ്പേ!

തടിച്ചിയായ വീട്ടമ്മ
കിതച്ചു കൊണ്ട് പ്രാകുന്നു:
ഇപ്പോഴത്തെ പെമ്പിള്ളെര് !
എളക്കം കൂടുതലാ, കൊച്ചിന് -
എന്തിനാ ആണുങ്ങളെ പറേന്നെ!

മുന്നില്‍ ചാടിയിറങ്ങിയ
പ്ലസ് ടൂക്കാരന്‍ മുറുമുറുക്കുന്നു:
കെളവനോടാ പെണ്ണിന്‌-
നിന്നെ എന്റെ കയ്യില്‍ കിട്ടും!

കടവ് കടന്നു
ഇടവഴിയിലേക്ക് കയറവേ,
നിഴലുകള്‍ അവളെ പിന്തുടരുന്നു-
അവള്‍ക്കു മേല്‍
മേഘാവൃതമാവുന്നു.
നാളെയായിരുന്നു അവള്‍ക്ക്
പതിമൂന്ന് തികയേണ്ടത്.

(08-01-2013)

Sunday, January 6, 2013

നെരിപ്പോടുകളുടെ മുത്തശ്ശിക്ക്


കര്‍ണ്ണപ്പിറവിയുടെ കുന്തീദുഃഖം
നെഞ്ചില്‍ നേരിപ്പോടായവളായിരുന്നു
എന്റെ മുത്തശ്ശി.

കുഞ്ഞു മകന്റെ പിതാവിനെ
അടക്കും മുന്‍പേ
അടിയാധാരങ്ങള്‍ പടികടത്തിയിരുന്നു,
ആരുമറിയാതെ, കാക്കേണ്ടവര്‍തന്നെ.
വന്‍ ചതിയുടെ കുടുംബ കഥയില്‍
പുതിയ അവകാശികളായി,
പുതിയ ഭര്‍ത്താവ്, കുടുംബം.
രാജകുമാരനാവേണ്ടിയിരുന്നവന്‍
ഊരില്ലാതെ തെണ്ടിയായതങ്ങനെ.
അന്ന് കലങ്ങിയതാണാ മനസ്സ്.
സുബോധത്തിനും ഉന്‍മാദത്തിനുമിടയില്‍
ദീര്‍ഘായുസ്സിന്റെ ക്യൂമിയന്‍ കൂട്ടില്‍*
വിണ്ടുകീറിയൊരു വേനല്‍ ജന്മം.

ഓര്‍മ്മകളിലുണ്ട് ആ കണ്ണുകള്‍:
അമ്പലപ്രാവിന്‍ കണ്ണിലെ പകപ്പായി,
മീന്‍കണ്ണിലെ നിസ്സഹായതയായി,
ഇടയ്ക്കു
ദുര്‍ജ്ഞേയമായൊരു കനലാട്ടമായി;
കേള്‍ക്കുന്നുണ്ട് ഇന്നുമാ ശബ്ദം:
അര്‍ത്ഥങ്ങളിടറി മുറിഞ്ഞുപോമെങ്കിലും
സ്ഥല കാല ഭേദങ്ങളളറ്റുപോമെങ്കിലും
വ്യഥയു, മലിവും തകര്‍ത്ത വാര്‍ദ്ധക്യമായ്
എന്നിട്ടും പൊള്ളുന്ന വാത്സല്യമായി.

ജനിതക വഴികളിലുണ്ട് ചില വേട്ടകള്‍-
പിന്‍വാതിലടഞ്ഞ ഏകദിശാ വഴികളില്‍
പെട്ടുപോവുന്ന രാവണന്‍ കോട്ടയില്‍,
ഞരമ്പുകളുടെ ഇടനാഴിയില്‍
ഏതോ കാലൊച്ചയുണ്ടോ പുറകില്‍?
തിരിഞ്ഞു നോക്കവേ ഇല്ലാതാവുന്ന
ദുരൂഹസാന്നിധ്യമായാരോ?
ഉള്ളില്‍ തപിക്കുന്ന കനലായി ജീവിതം
ചിലനേരങ്ങളില്‍ പൊള്ളിപ്പടരവേ
ഉണ്ടോ എന്‍റെ കണ്‍കളിലും
കനലാട്ടമായി, പ്പകപ്പായി
മീന്‍ കണ്ണിന്റെ നിസ്സഹായത?
നിന്റെ വിണ്ടു കീറിയ വേനല്‍ ജന്മം?

*ക്രൂരമായി വൈകുന്ന മരണത്തിന്റെ പ്രതീകം. ക്യൂമെയിലെ സിബിലിന്റെ കഥ ഓര്‍ക്കുക.