ഫ്രഞ്ച് - മോറീഷ്യന്‍ ഇരട്ട പൗരത്വമുള്ള ഴാങ്ങ് മറീ- ഗിസ്റ്റാഫ് ലേ ക്ലെസിയോ (Jean-Marie Gustave Le Clézio ) യ്ക്ക് സാഹിത്യത്തിനുള്ള 2008 -ലേ നോബല്‍ സമ്മാനം നല്‍ക്കുമ്പോള്‍, സ്വീഡിഷ് അക്കാഡമി നടത്തിയ നിരീക്ഷണത്തില്‍ "പുതിയ പുറപ്പാടുകളുടെ എഴുത്തുകാരന്‍, കാവ്യാത്മക സാഹസിക യാത്രകളുടെയും വികാര തീവ്രതയുടെയും, നിലനില്‍ക്കുന്ന സംസ്കൃതിയുടെ പരിധികള്‍ക്കപ്പുറം പോവുന്ന മാനവികതയുടെയും പര്യവേക്ഷകന്‍ ” എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അന്തരീക്ഷ സൃഷ്ടിയില്‍, വിശേഷിച്ചു മരുഭൂമിയുടെ ചിത്രീകരണത്തില്‍ അദ്ദേഹത്തിന്റെ ഊന്നല്‍ അക്കാഡമി എടുത്തു പറയുകയുണ്ടായി. യുദ്ധത്തിന്റെയും നാടുകടത്തലിന്റെയും പാലായനത്തിന്റെയും കഥകള്‍ പറയുന്ന "അലയുന്ന നക്ഷത്രം (The Wandering Star) ", "മരുഭൂമി (Desert) " എന്നീ കൃതികളിലൂടെ ലേ ക്ലെസിയോയുടെ ഉത്കണ്ടകളിലേക്ക് കണ്ണോടിക്കാനാവും.
ചരിത്രത്തിന്റെ മുഖാമുഖങ്ങള്‍
രണ്ടു യുവതികള്‍. ഒരാള്‍ ഹിറ്റ്ലറുടെ 'അന്തിമപരിഹാര (The Final Solution)'ത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു വാഗ്ദത്ത ഭൂമിയിലേക്ക് പാലായനം ചെയ്യുന്നു. മറ്റൊരാള്‍ അതേ വാഗ്ദത്ത ഭൂമിയുടെ സൃഷ്ടിയെ തുടര്‍ന്ന് പറിച്ചെറിയപ്പെട്ടു അജ്ഞാതമായ വിധിയിലേക്ക് നീങ്ങുന്നു. എസ്തര്‍ എന്ന ജൂത പെണ്‍കുട്ടിയും നെജ്മ എന്ന സമപ്രായക്കാരിയായ പലസതീന്‍ പെണ്‍കുട്ടിയും. ദുരിതങ്ങള്‍ ഏറ്റുവാങ്ങാനും സഹിക്കാനുമുള്ള മനുഷ്യമനസ്സിന്റെ അപാരമായ കഴിവിനെ കുറിച്ച് താന്‍ കണ്ടറിഞ്ഞതും, രണ്ടാം ലോക യുദ്ധ കാലത്ത് ബാല്യ കൗമാരങ്ങള്‍ പിന്നിട്ട ഒരാളെന്ന നിലയില്‍ സ്വയം അനുഭവിച്ചതുമായ ജീവിത സന്ധികളുടെ കരുത്തില്‍ ഈ രണ്ടു യുവതികളുടെയും അവര്‍ക്ക് ചുറ്റുമുള്ള മനുഷ്യരുടെയും ജീവിതങ്ങള്‍ പകര്‍ത്തുകയാണ് 'അലയുന്ന നക്ഷത്രം' എന്ന നോവലില്‍ ലേ ക്ലെസിയോ. യുദ്ധ കാല യൂറോപ്പില്‍ ജൂതനായിരിക്കുക എന്നാല്‍ എന്താണെന്ന് ഇറ്റാലിയന്‍ സൈന്യം കീഴടക്കിയ നൈസ് എന്ന ഫ്രഞ്ച് മലയോര ഗ്രാമത്തില്‍ നിന്നുള്ള എസ്തറിന്റെയും അമ്മയുടെയും ജീവിതാവസ്ഥ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജര്‍മ്മന്‍ സൈന്യം മുന്നേറുന്നതിനെ കുറിച്ചുള്ള അറിവാണ് അവരെ പാലായനത്തിലേക്ക് എടുത്തെറിയുന്നത്. യുദ്ധാന്ത്യത്തില്‍ ഇരുവരും ജറുസലേമിലേക്കുള്ള ദുരിതപൂര്‍ണ്ണമായ യാത്ര തുടങ്ങുന്നു. യാത്രക്കിടയില്‍ എതിര്‍ ദിശയില്‍ നജ്മ ഉള്‍പ്പെടുന്ന ഒരു അഭയാര്‍ഥി സമൂഹത്തെ അവര്‍ കടന്നു പോവുന്നുണ്ട്. അഭയാര്‍ഥി ക്യാമ്പിലെ നജ്മയുടെ ജീവിതം, എസ്തറിന്റെ തന്നെ അതിജീവനാനുഭവത്തിന്റെ സമാന്തരമാണ്. പിന്നീടൊരിക്കലും ഇരുവരും പരസ്പരം കണ്ടു മുട്ടുന്നതേയില്ല. എന്നാല്‍, ആ ഞൊടിയിടക്കാഴ്ച ഇരുവരുടെയും പ്രവാസത്തിന്റെ പിന്‍ നാളുകളിലൊക്കെയും രണ്ടു പേരെയും ഇനിയെന്നും വേട്ടയാടിക്കൊണ്ടേയിരിക്കും.
ഒരു
ജനത സ്വന്തം ദേശം സംസ്ഥാപിക്കുമ്പോള്‍
മറ്റൊരു ജനത പിഴുതെറിയപ്പെടുന്നതിന്റെ
ഐറണിയാണ് ചരിത്രത്തിന്റെ
മുഖാമുഖം ഇവിടെ ഉരുവപ്പെടുത്തുന്നത്.
ഇസ്രായേലിന്റെ
സ്വാതന്ത്ര്യ സമരം കൊടുമ്പിരി
കൊള്ളുമ്പോള്‍ എസ്തറിന്റെ
ജീവിതവും കലങ്ങി മറിയുന്നുണ്ട്.
എങ്കിലും
അവള്‍ അതി ജീവിക്കുന്നവരുടെ
കൂട്ടത്തിലാണ്.
എന്നാല്‍,
നജ്മയുടെയും
അവളുടെ സമൂഹത്തിന്റെയും
ജീവിതം പട്ടിണിയിലും രോഗങ്ങളിലും
ഒടുങ്ങിക്കൊണ്ടിരിക്കുകയാണ്.
ആ
അര്‍ത്ഥത്തില്‍,
എസ്തറിന്റെ
പീഡാനുഭവങ്ങള്‍ക്ക് മാനസിക
മാനങ്ങളാണ് കൂടുതലുള്ളതെങ്കില്‍
നെജ്മയുടെത് ശാരീരികം കൂടിയാണ്.
ലേ
ക്ലെസിയോ ആവര്‍ത്തിക്കുന്ന
യുദ്ധത്തിന്റെ നിരപരാധികളായ
ഇരകള്‍ എന്ന പ്രമേയം,
ഇവിടെ
വര്‍ത്തമാന കാലത്തെ ഏറ്റവും
പൊള്ളുന്ന ദേശീയ -
രാഷ്ട്രീയ
വിഷയങ്ങളിലൊന്നായ ഇസ്രയേല്‍-
പലസ്തീന്‍
പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍
പരിശോധിക്കുന്നു.
1943
ലെ
യുദ്ധാനന്തര യൂറോപ്പില്‍
നിന്ന് തുടങ്ങി മധ്യ പൂര്‍വ്വ
ദേശത്തേക്കും,
പിന്നീട്
കാനഡയിലേക്കും തിരിച്ചുമുള്ള
നീണ്ട പാലായനങ്ങളുടെ നാല്
പതിറ്റാണ്ടുകാലമാണ് നോവലില്‍
കടന്നു വരുന്നത്.
ആദ്യ
ഭാഗങ്ങളില്‍ തന്നെ,
ജീവിതത്തിനു
ജീവിക്കുന്ന ഇടത്തോടുള്ള
ബന്ധം എന്ന വിഷയം ലേ ക്ലെസിയോ
ഊന്നിപ്പറയുന്നുണ്ട്.
ഇറ്റാലിയന്‍
ആധിപത്യത്തിന് ചുവടെ ജൂത
സമുദായം അനുഭവിക്കുന്ന
ആപേക്ഷിക സുരക്ഷിതത്വം,
പ്രദേശത്തെ
കുട്ടിക്കാലം ഒരു ഏദന്‍
പ്രതീതിയായി എസ്തറിനു തോന്നാന്‍
ഇടവരുത്തുണ്ട്.
അവളുടെ
അച്ഛന് അവള്‍ 'കുഞ്ഞു
താരകം'
(Estrellita) ആയിരുന്നു.
വിശ്വാസിയല്ലാത്ത,
കമ്മ്യൂണിസ്റ്റ്കാരനായിരുന്ന
അദ്ദേഹം ജൂത ജനതയെ അതിര്‍ത്തി
കടക്കാന്‍ സഹായിക്കുന്നുണ്ട്
.
ഹെലെന
എന്ന പേരില്‍ വീട്ടിനു പുറത്ത്
അവളുടെ ജൂതപ്പേര് മറച്ചു
വയ്‌ക്കേണ്ടി വരുന്നുണ്ട്
എസ്തറിന്.
ഇത്
തന്നെയും അവള്‍ ജീവിക്കുന്ന
ഏദന്‍ സങ്കല്പം എത്രമാത്രം
പേലവമാണ് എന്ന് സൂചിപ്പിക്കുന്നുണ്ട്.
സ്വാഭാവികമായും
ഈ യക്ഷിക്കഥാ ലോകം നാത്സി
അധിനിവേശ ഭീഷണിയോടെ ശിഥിലമാവുകയും
ഗ്രാമം,
പാരീസ്,
പോളണ്ട്,
റഷ്യ
എന്നിവിടങ്ങളില്‍ നിന്നുള്ള
അഭയാര്‍ഥികള്‍ക്ക് വാഗ്ദത്ത
ഭൂമിയിലേക്കുള്ള വഴിതേടലിനു
ഒരു പ്രവേശന മാര്‍ഗ്ഗം
ആയിത്തീരുകയും ചെയ്യുന്നു.
ഹോളോകോസ്റ്റിനു
ശേഷമുള്ള ലോകം ഒരിക്കലും ആ
പഴയ നൈസര്‍ഗ്ഗിക നിഷ്കളങ്കതക്ക്
ഇടം കൊടുക്കുന്നതേയില്ല എന്ന
ചരിത്ര സത്യം തന്നെയാണ്,
നോവലിസ്റ്റ്
സൂചിപ്പിക്കുന്നത്.
അപരിചിതരും
നിരാശ്രയരുമായ മനുഷ്യരുടെ
പുഴ,
പുതിയ
രോഗങ്ങള്‍,
പുതിയ
ദ്വേഷങ്ങള്‍.
ജര്‍മ്മന്‍
സൈന്യം പിടിച്ചു കൊണ്ട് പോയ
ഭാര്യയുടെ സ്മരണയില്‍ ആര്‍ദ്രമായ
സംഗീതത്തില്‍ മുഴുകുന്ന മി.
ഫേണ്‍,
അച്ഛന്‍
യുദ്ധത്തില്‍ പങ്കെടുക്കാന്‍
പോയശേഷം അമ്മയോടൊപ്പം കാനില്‍
നിന്ന് ഓടിപ്പോന്ന ട്രിസ്റ്റാന്‍
തുടങ്ങിയവര്‍ ഇവരുടെ പ്രതീകങ്ങള്‍
തന്നെ.
ട്രിസ്റ്റാന്‍
എസ്തറിനെ പോലെ മറ്റൊരു അലയുന്ന
നക്ഷത്രം തന്നെയാണ്,
നോവലിസ്റ്റ്
അവന്റെ രഥ്യകള്‍ പിന്തുടരുന്നില്ലെങ്കിലും.
ഇറ്റാലിയന്‍
സൈന്യം പരാജയപ്പെടുകയും
ജര്‍മ്മന്‍ സൈന്യം കടന്നു
വരികയും ചെയ്യുമ്പോള്‍ ജൂത
ജനത വിജയ സാധ്യതയൊട്ടുമില്ലാത്ത
ഒരു പാലായനം തുടങ്ങുന്നു.
മലകളും
പാറയിടുക്കുകളും മരണം വിതക്കുന്ന
യാനം.
ജൂത
വംശഹത്യയുടെ നാത്സി പരീക്ഷണങ്ങളുടെ
ചിത്രണം ബോധപൂര്‍വ്വം
നോവലിസ്റ്റ് ഒഴിവാക്കിയിട്ടുണ്ട്.
എസ്തറിന്റെ
കൗമാര മനസ്സിന് ഉള്‍കൊള്ളാനാവാത്ത
ആ വിശദാംശങ്ങള്‍ ഒഴിവാക്കുന്നതിന്
കൂടിയാവാം ഈ ഭാഗം എസ്തറിന്റെ
പ്രഥമ വ്യക്തിക അവതരണത്തിന്റെ
(first
person narrative) രൂപത്തില്‍
നോവലിസ്റ്റ് അവതരിപ്പിക്കുന്നത്.
ജരൂസലേമിലേക്കുള്ള
സമുദ്രയാത്ര മുടങ്ങുകയും
ഒരു ഫ്രഞ്ച് തടവറയില്‍
അമ്മയോടൊപ്പം അടക്കപ്പെടുകയും
ചെയ്യുന്നു അവള്‍.
ഇത്തരത്തില്‍
മാനസികമായി തകര്‍ന്നു പോവുന്ന
ഈ ജനത,
1947-48 കാലത്തെ
പലസ്തീനിലെ ആഭ്യന്തര യുദ്ധത്തെയും
നേരിടേണ്ടി വരുന്നു.
എസ്തറിന്റെ
പാത ഒരു ജനതയുടെ അതിജീവന
സാഹസങ്ങള്‍ക്ക് വേണ്ടത്ര
സഹാനുഭൂതി നേടിക്കൊടുക്കും
വിധം പിന്‍ തുടര്‍ന്ന ശേഷമാണ്
നോവലിസ്റ്റ് പലസ്തീന്‍
ദുരന്തത്തിന്റെ പ്രതീകമായ
നെജ്മയുടെയും കൂട്ടരുടെയും
ജീവിതത്തിലേക്ക് ശ്രദ്ധയൂന്നുന്നത്.
പരസ്പരമുള്ള
ഒരു ഞൊടിയിടക്കാഴ്ചയില്‍
ഇരുവരും അപരന്റെ മാനുഷികാവസ്ഥ
തിരിച്ചറിയുന്നുണ്ട്.
പുസ്തകത്തിന്റെ
ഹൃദയം തുറന്നു വെക്കുന്നതും
ഈ മുഹൂര്‍ത്തത്തിലാണ്.
ഹോളോകോസ്റ്റിന്റെ
ഭീകരാന്ത്യത്തില്‍ നിന്ന്
രക്ഷപ്പെടുന്ന ജൂത അഭയാര്‍ഥികള്‍
"എറെട്സ്
ഇസ്രയേല്‍"
സ്വപ്നത്തിലേക്ക്
ചുവടു വെയ്ക്കവേ,
നിഷ്കാസിതരുടെ
വിധിയുമായി ,
നൂര്‍
ഷംസ് ക്യാമ്പിന്റെ കമ്പിവേലിക്ക്
പുറകില്‍ നിരാശയോടെ നില്‍ക്കുന്ന
നജ്മ ക്യാമ്പ് ശരിക്കും ഒരു
തടവറയാണെന്നു തിരിച്ചറിയുന്നു.
ജീവന്‍
കഷ്ടിച്ച് നിലനിര്‍ത്താന്‍
വേണ്ടത്ര പോലും ഒന്നും
ലഭ്യമല്ലാത്ത,
പ്ലേഗ്
ബാധിച്ചു ആയിരങ്ങള്‍ മരിക്കുന്ന
ക്യാമ്പിലെ ജീവിതം നെജ്മയുടെ
മുന്‍ മനോബലമൊക്കെ തകര്‍ക്കുന്നു.
തുറിച്ചു
നോക്കുന്ന ഉന്മൂലനം എന്ന
ദുര്‍വ്വിധിക്ക് തങ്ങളെ
വിട്ടു കൊടുത്ത് യു.
എന്‍.
പിന്‍വലിയാന്‍
പോവുന്നു എന്നറിയുന്ന
ഘട്ടത്തില്‍,
നെജ്മ
കണ്ടെത്തുന്നുണ്ട്:
ഞങ്ങള്‍
എല്ലാവരും മരിക്കാന്‍ പോവുന്നു.
മരുഭൂമിയിലെ
കരിഞ്ഞ പുല്ല് പോലെ,
കാറ്റ്
പിടിച്ച നാമ്പുകള്‍ പോലെ,
അതാണ്
വിദേശികളുടെ തീരുമാനം.
അവള്‍
ചോദിക്കുന്നുണ്ട്:
അപ്പോള്‍
ഞങ്ങള്‍ ഈ ഭൂമുഖത്ത് നിന്ന്
എന്നെന്നേക്കുമായി അപ്രത്യക്ഷരാവുമോ?
കിഴവന്‍
നാസ് പാടുമായിരുന്ന വരി ഒരു
കുഞ്ഞിന്റെ നിഷ്കളങ്കതയോടെ
അവള്‍ പേര്‍ത്തും പേര്‍ത്തും
ചോദ്യമാക്കുന്നുണ്ട്.
“എന്ത്
കൊണ്ടാണ് സൂര്യന്‍ ഞങ്ങള്‍ക്ക്
വേണ്ടി പ്രകാശിക്കാത്തത്?”
ഒരു
എഴുത്തുകാരനും മറുപടിയില്ലാത്ത
ഈ ചോദ്യത്തിന് മുന്നില്‍
പകച്ചു പോയത് കൊണ്ട് തന്നെയാവാം
ലേ ക്ലെസിയോ നെജ്മയെ മരുഭൂപരപ്പില്‍
വിട്ടേച്ചു പോവുന്നതും.
ഒരേ
ഇടത്തിന് രണ്ടവകാശികള്‍
ഉണ്ടാവുകയും സഹജീവനം
ദുസ്സാധ്യമാവുകയും ചെയ്യുമ്പോള്‍
ആര്‍ക്കാണ് ആ ചോദ്യത്തിന്
മറുപടി നല്‍കാനാവുക!.
തിരിച്ചു
വിളിക്കുന്ന മരുഭൂ മൗനങ്ങള്‍.
മെരുങ്ങാത്ത ഭൂപ്രകൃതിയുടെ എഴുത്തുകാരനാണ് ലെ ക്ലെസിയോ. തന്റെ നോബല്‍ സ്വീകാര പ്രസംഗത്തിലുടനീളം, മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ യാത്ര ചെയ്ത ഡാരിയന്‍ പ്രദേശത്തെ കുറിച്ചും ലാറ്റിനമേരിക്കന്‍ ഭൂപ്രകൃതിയെ കുറിച്ചും അദ്ദേഹം വാചാലനായിരുന്നു.
ലെ
ക്ലെസിയോയുടെ ഏറ്റവും
ശ്രദ്ധേയമായ കൃതിയായി പൊതുവേ
വിലയിരുത്തപ്പെടുന്നതാണ്
'മരുഭൂമി'.
പാരായണ
ക്ഷമത പ്രഥമ പരിഗണന ആയിക്കാണുന്ന
വായനക്കാര്‍ക്കു അത്ര
പഥ്യമാവാനിടയില്ല ഈ പുസ്തകം.
ശക്തമായ
കഥാപാത്ര സൃഷ്ടിയോ ഇതിവൃത്ത
പരിചരണമോ നോവലിസ്റ്റിന്റെ
രീതിയല്ല,
ഇവിടെ.
ഇരുപതാം
നൂറ്റാണ്ടിന്റെ ആരംഭത്തില്‍
നിലനിന്ന ചരിത്ര സന്ധികളായ
കൊളോണിയലിസവും യുദ്ധങ്ങളുമൊക്കെ
നോവലിന് പശ്ചാത്തലമാവുന്നുണ്ടെങ്കിലും
അവയൊന്നും വിശദമായി
പ്രതിപാദിക്കപ്പെടുന്നതേയില്ല.
നോവല്‍
തുടങ്ങുമ്പോള്‍,
കൊളോണിയല്‍
വിരുദ്ധ ജിഹാദിന്റെ നെടുനായകനായ
അഭിവന്ദ്യ ഷെയ്ക്ക് മാ-അല്‍-ഐനീ
('ഇരു
കണ്ണുകളിലെ ജലം')ന്റെ
നേതൃത്വത്തില്‍ ആയിരക്കണക്കിന്
മൊറോക്കന്‍ നിവാസികള്‍
ഒരുമിച്ചു ചേരുന്നു.
കുറെയേറെ
കഥാപാത്രങ്ങളെ നാം തുടക്കത്തിലേ
കണ്ടുമുട്ടുന്നുണ്ടെങ്കിലും
നോവലിസ്റ്റ് ചരിത്ര പരതയിലേക്കോ
രാഷ്ട്രീയ-സാമൂഹിക
മാനങ്ങളിലേക്കോ അത്രയൊന്നും
ഊന്നുന്നില്ല;
മറിച്ചു
ഈ അടിയൊഴുക്കുകളില്‍ പെട്ട്
പോകുന്ന മനുഷ്യരുടെ നിത്യ
ജീവിതാവസ്ഥകളിലേക്കാണ്
അദ്ദേഹം ശ്രദ്ധയൂന്നുന്നത്.
രണ്ടു
കാലഘട്ടങ്ങളിലൂടെ പാലായനത്തിന്റെയും
പ്രവാസത്തിന്റെയും കഥ പറയുകയാണ്
'മരുഭൂമി'.
ആദ്യത്തേതില്‍
1900-1910
കാലഘട്ടത്തില്‍
'നീല
മനുഷ്യര്‍'
എന്നറിയപ്പെട്ട
മാ-എല്‍-ഐനീന്റെ
ജനത സഹാറാ മരുഭൂമിക്കു കുറുകെ
ഫ്രഞ്ച് കൊളോണിയലിസ്സ്റ്റുകള്‍ക്കെതിരെയുള്ള
അവരുടെ ദുരന്തത്തിലൊടുങ്ങാനുള്ള
പോരാട്ട -
പാലായനത്തിലാണ്.
ആവശ്യത്തിനു
വേണ്ട വിഭാവങ്ങളോ ആയുധങ്ങളോ
ഒന്നുമില്ലാതെ,
സ്ത്രീകളും
കുട്ടികളും പ്രായമായവരും
രോഗികളുമൊക്കെയുള്ള
പരാജയത്തിലേക്കുള്ള യാനം.
“അവര്‍
മണലിന്റെയും കാറ്റിന്റെയും
പ്രകാശത്തിന്റെയും രാത്രിയുടെയും
പുരുഷന്മാരും സ്ത്രീകളും
ആയിരുന്നു.
ഒരു
മണല്‍ക്കൂമ്പാരത്തിന്റെ
മുകളില്‍ സ്വപ്നത്തിലെന്നപോലെ,
മേഘങ്ങളൊഴിഞ്ഞ
ആകാശത്തിന്റെ സന്തതികളാണെന്നപോലെ
അവര്‍ കാണപ്പെട്ടു.
അപാരതയുടെ
കാര്‍ക്കശ്യം തങ്ങളുടെ
കൈകാലുകളില്‍ അവര്‍ പേറിയിരുന്നു.
വിശപ്പും
ചോരയൊലിക്കുന്ന
ചുണ്ടുകളുടെ ദാഹവും
മിന്നിത്തിളങ്ങുന്ന സൂര്യന്റെ
കഠിനമായ നിശ്ശബ്ദതയും
തണുത്ത രാത്രികളും ക്ഷീരപഥത്തിന്റെ
തിളക്കവും ചന്ദ്രനും അവര്‍
തങ്ങളോടൊപ്പം
കൊണ്ടു നടന്നു.
സന്ധ്യക്ക്
അവരുടെ കൂറ്റന്‍ നിഴലുകളും
അവരുടെ ചെരിഞ്ഞ
കാലുകള്‍ ചവിട്ടി നടന്ന
കന്നിമണ്ണിന്റെ അലകളും
അപ്രാപ്യമായ ചക്രവാളവും
അവരെ
അനുഗമിച്ചു.
മറ്റെന്തിനും
ഉപരിയായി,
കണ്‍
വെള്ളയില്‍ മിന്നിത്തിളങ്ങുന്ന
പ്രകാശം അവര്‍
അവരോടൊപ്പം കൊണ്ടു നടന്നു.”*
നൂര്‍
എന്ന ബാലന്റെ കാഴ്ചപ്പാടിലൂടെയാണ്
ഈ ഭാഗം നോവലില്‍ വരുന്നത്.
ചരിത്രപരമായ
പശ്ചാത്തലമുണ്ട് ഈ ഭാഗത്തിന്.
മരുഭൂമിയിലെ
നാടോടി സമൂഹത്തിന്റെ തലവന്‍
മാ -എല്‍-
ഐനീന്റെ
നേതൃത്വത്തില്‍ പശ്ചിമ
സഹാറയില്‍ സമാറാ പട്ടണം
നിര്‍മ്മിക്കപ്പെട്ടതും
ഫ്രഞ്ച്-
സ്പാനിഷ്
കൊളോണിയലിസ്റ്റുകള്‍ക്കെതിരെയെന്ന
പോലെത്തന്നെ,
പില്‍ക്കാലത്ത്
ഒന്നാം ലോക യുദ്ധത്തില്‍
'കശാപ്പുകാരന്‍'
('The Butcher') എന്ന്
കുപ്രസിദ്ധനായിത്തീര്‍ന്ന
ജനറല്‍ ചാള്‍സ് മാംഗിന്റെ
(General
Charles Mangin) നേത്രത്വത്തില്‍
ഇസ്ലാമിനെതിരെ
ഉണ്ടായ ക്രിസ്ത്യന്‍
അധിനിവേശത്തിനെതിരെ നടന്ന
ജിഹാദ് യുദ്ധങ്ങളും മാ-അല്‍-ഐനീന്റെ
അന്തിമ പരാജയവുമൊക്കെ ചരിത്ര
വസ്തുതകളാണ്.
നൂറിന്റെ
കാഴ്ചയിലൂടെ ഈ 'നൊമാഡിക്'
കുടുംബങ്ങള്‍
അവരുടെ നാട്ടില്‍ നിന്ന്
തുരത്തപ്പെടുന്നതും വറുതിയിലും
ദാഹത്തിലും മൊറോക്കന്‍
തീരങ്ങളിലേക്ക് ആട്ടിയോടിക്കപ്പെടുന്നതും
നമ്മള്‍ കാണുന്നു.
മാ-എല്‍-ഐനീന്റെ
പടയാളികളായ 'മരുഭൂമിയുടെ
നീല മനുഷ്യ'രേ
ഫ്രഞ്ച് സൈന്യം നിലം
പരിശാക്കുന്നതോടെ പരാജയത്തിലും
അവര്‍ തങ്ങള്‍ക്കൊഴിച്ചു
മറ്റാര്‍ക്കും നിവസിക്കാനാവാത്ത
അവരുടെ മരുഭൂ നാട്ടിലേക്ക്
തിരിച്ചു പോവുന്നു.
രണ്ടാം
ഘട്ടത്തില്‍ നമ്മള്‍ ലല്ലയെ
പരിചയപ്പെടുന്നു.
വ്യക്തമാക്കപ്പെടുന്നില്ലെങ്കിലും
എഴുപതുകളുടെ കാലപരിസരമാണെന്നു
ഈ ഭാഗത്തെ കുറിച്ച്
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
നൂറിന്റെ;
'നീല
മനുഷ്യ'രുടെ
പിന്‍ മുറക്കാരിയാണ് ലല്ല.
അനാഥ.
മരുഭൂമിയുടെ
ജീവന്‍ തുടിപ്പുകളെയൊക്കെയും
ഇഷ്ടപ്പെടുന്നവള്‍:
അതിന്റെ
പ്രാണികളെ,
കുഞ്ഞുറുമ്പുകളെ,
ഈയലുകളെ.
ഈ
ഇഷ്ടം തന്നെയാണ് അവളെ മരുഭൂമിയുടെ
നിശ്ശബ്ദ ആത്മാവ് തന്നെയായ
ഇടയയുവാവ് 'ഹര്‍ത്താനി'യുമായി
അടുപ്പിക്കുന്നതും.
കിഴവന്‍
മുക്കുവന്റെ കഥകളില്‍
കേള്‍ക്കുന്ന നിറം പിടിപ്പിച്ച
വടക്കന്‍ പ്രദേശ ഗാഥകള്‍
അവളെ മോഹിപ്പിക്കുന്നുണ്ട്.
അതുകൊണ്ട്
കൂടിയാണ് പ്രായക്കൂടുതലുള്ള
ഒരു ധനികനുമായുള്ള ഇഷ്ടമില്ലാത്ത
വിവാഹത്തില്‍ നിന്ന് ഒളിച്ചോടാനായി
അവള്‍ ഓടിപ്പോവുന്നതും
മാര്‍സേയ്ല്‍സില്‍
എത്തിപ്പെടുന്നതും.
മരുഭൂമിയുടെ
ആത്മാവ് പോലെത്തന്നെ നിഗൂഡമായ
രഥ്യകളുള്ള ഹര്‍ത്താനിയില്‍
നിന്ന് അവള്‍ ഗര്‍ഭിണിയാണ്.
എന്നാല്‍
അവനു ഒന്നിനോടും പ്രത്യേകം
ചേര്‍ന്ന് നില്‍ക്കാനാവില്ല.
മറു
വശത്ത് നഗരം അവള്‍ക്കായി
കാത്തു വെച്ചതൊന്നും അവള്‍
സങ്കല്‍പ്പിച്ചതേ അല്ലായിരുന്നു.
അംബര
ചുംബികള്‍ക്കിടയില്‍,
തെളിഞ്ഞു
വരുന്ന തന്റെ ഉടലിലേക്ക്
കൂര്‍ത്തുവരുന്ന നോട്ടങ്ങള്‍ക്കിടയില്‍,
ലല്ലക്ക്
ഏകാന്തതയും വീര്‍പ്പുമുട്ടലും
അനുഭവപ്പെടുന്നു.
അവള്‍ക്കു
തിരിച്ചു പോവാതെ വയ്യ,
മരുഭൂമിയുടെ
അത്തിത്തണലിലേക്ക്.
ആദ്യ
ഖണ്ഡത്തില്‍ സ്വാതന്ത്ര്യത്തിന്റെയും
അതിജീവനത്തിന്റെയും അന്വേഷണം
മരുഭൂമി മുറിച്ചു കടക്കാന്‍
ഒരു ജനതയെ പ്രേരിപ്പിക്കുന്നുവെങ്കില്‍,
രണ്ടാം
ഭാഗത്ത് സ്വയം തെരഞ്ഞെടുപ്പിലൂടെ
തന്റെ ഇടം അവിടെത്തന്നെയാണ്
എന്ന് കണ്ടെത്തുന്ന ലല്ലയെ
നമ്മള്‍ കാണുന്നു.
നാഗരീകതയും
മെരുങ്ങാത്തതെങ്കിലും
നൈസര്‍ഗ്ഗികമായ വന്യപ്രകൃതിയും
തമ്മിലുള്ള താരതമ്യത്തില്‍
തന്റെ തെരഞ്ഞെടുപ്പ് എന്താണെന്ന്
ലെ ക്ലെസിയോ വ്യക്തമാക്കുന്നുണ്ട്
എന്നുതന്നെ പറയാം.
സംസ്കൃതിയുടെ
നിഷ്ടുര ശേഷിപ്പുകളായ
ജന്മ
ദേശത്തു നിന്ന് തുരത്തപ്പെടുന്നതിന്റെയും,
അറ്റമില്ലാത്ത
ചാക്രിക പാലായനങ്ങളുടെയും,
പ്രവാസത്തിന്റെയും,
വംശീയ
ഉന്‍മൂലനത്തിന്റെയുമൊക്കെ
മാനുഷികദുരന്ത ഗാഥകളില്‍
ആകൃഷ്ടനായ ഒരെഴുത്തുകാരനെ
സംബന്ധിച്ചിടത്തോളം അതൊരു
പക്ഷെ തികച്ചും സ്വഭാവികവുമാണല്ലോ.
*(ഡി.സി.
ബുക്സ്
പ്രസിദ്ധീകരിച്ച 'മരുഭൂമി'
മലയാള
വിവര്‍ത്തനം പേജ്:
എട്ട്.
വിവര്‍ത്തനം
ഡോ.
എസ്.
ശ്രീനിവാസന്‍.)
(പച്ചക്കുതിര മാസികയില്‍
വന്ന (2014 Sept) ഈ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം Logos Books പ്രസിദ്ധീകരിച്ച കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍ എന്ന പുസ്തകകത്തില്‍ വായിക്കാം. പേജ്: 15- 23)