Featured Post

Sunday, July 20, 2014

വാന പ്രസ്ഥം

വാന പ്രസ്ഥം

നിങ്ങള്‍ക്ക് ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ വഴിവിളക്കായ/വുന്ന ഒരാള്‍ അയാളുടെ/ അവളുടെ അറിവുകേട്‌/ മുന്‍ വിധി കൊണ്ട് നിങ്ങളുടെ ജീവിത സഖാവിന്റെ കടുത്ത സ്വന്തമാക്കല്‍ മനോഭാവത്തിന്റെ പരിമിതിയില്‍ പ്രതിപ്രവര്‍ത്തിച്ച് ഒരു നിഴല്‍ വീഴ്ത്തുന്നു. അയാള്‍ അസ്വസ്ഥയാ/നാവുന്നു. നിങ്ങളുടെ ജീവിതത്തില്‍ നുരഞ്ഞു പതക്കുന്ന ലൈംഗിക അന്തര്‍ദ്ധാരയുള്ള അല്പത്തത്തിന്റെ അസ്വാരസ്യങ്ങള്‍ പതിവാകുന്നു. അതിനിടയില്‍ പെട്ടുപോവുന്ന നിങ്ങള്‍ കഴിവതും ആ വിഷയത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നു. ഇരു വശത്തെയും നന്മകള്‍ നിങ്ങളെ ഒരു കുരുക്കിലാക്കുന്നു. ആരെ തള്ളിപ്പറഞ്ഞാലും അതു ആത്മ വഞ്ചനയാവും. നിങ്ങളോടുള്ള സ്നേഹവും പരിഗണയും ഇല്ലായിരുന്നെങ്കില്‍ അയാള്‍ ഈ വിഷയത്തില്‍ വാദിയും പ്രതിയും ആവുമായിരുന്നില്ല. അപ്പോള്‍ യഥാര്‍ഥത്തില്‍ പ്രതി നിങ്ങളാണ്. അറിഞ്ഞു കൊണ്ടാണോ? അല്ലേയല്ല. ഇതൊരു ഊരാക്കുടുക്കാണ്. നിങ്ങള്‍ക്കെങ്ങിനെ ഒരാളെ അയാള്‍ മനസാ അറിഞ്ഞിട്ടില്ലാത്ത പ്രശ്നത്തിന്റെ പേരില്‍ തള്ളിപ്പറയാനാവും? മറു വശത്ത് നിങ്ങളുടെ ജീവിതം പകുത്തവന്റെ/ ളുടെ ആകുലത കണ്ടില്ലെന്നു നടിക്കാനാവും? മാനസിക വിക്ഷോഭം നിങ്ങളുടെ പെരുമാറ്റരീതിയെ അതിരുകള്‍ക്കപ്പുറത്തേക്ക് വലിച്ചിഴക്കുന്നു. ഒരിക്കലും ഉച്ചരിക്കില്ലെന്നു സ്വയം കല്‍പ്പിച്ച വാക്കുകള്‍ വികട സരസ്വതിയായി നാവില്‍ കുരുക്കുന്നു. പരാജയ ബോധം സൃഷ്ടിക്കുന്ന ആത്മ പുച്ഛത്തിന്റെ ഇടുക്കു തൊഴുത്തില്‍ നിങ്ങള്‍ തിരിച്ചറിവിലേക്ക് നീങ്ങുന്നു:
അവസാനം നിങ്ങള്‍ തനിച്ചാണ്. സ്നേഹം, പ്രണയം, കുടുംബം, മക്കള്‍, ഭാര്യ, ഭര്‍ത്താവ്, കാമുകന്‍, കാമുകി... ഒറ്റ വാക്കേയുള്ളൂ... അതിനു ആംഗലേയത്തില്‍ മാന്യത കൂടും: കിട്ടേണ്ട , എന്നാല്‍ ഒരിക്കലും കിട്ടാന്‍ ഇടയില്ലാത്ത പെന്‍ഷനെ കുറിച്ചുള്ള വ്യര്‍ത്ഥ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന മാര്‍ക്കേസിന്റെ കേണല്‍, അത് കിട്ടും വരെ നമ്മളെന്തു തിന്നും എന്ന ഭാര്യയുടെ ചോദ്യത്തിന് ഒരു ജീവിതകാലത്തിന്റെ മുഴുവന്‍ അനുഭവ പരിസരത്തില്‍ നിന്ന് ആ പരിശുദ്ധ വാക്ക്‌ കൊണ്ട് മറുപടി പറയുന്നുണ്ട്: ഷിറ്റ് !.

ഇപ്പോള്‍ നിങ്ങള്‍ വാനപ്രസ്ഥത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നു.

Thursday, July 17, 2014

Gate of the Sun by Elias Khoury

ചരിത്ര ഭൂപടം ഓര്‍മ്മച്ചീന്തുകളില്‍




വിട്ടു പോവാന്‍ വിസമ്മതിക്കുന്ന സഞ്ചിത സ്മൃതികളാണ് ചരിത്രം. പറഞ്ഞു പതിഞ്ഞു മിത്തുകളായും തിടം വെച്ച് ഇതിഹാസങ്ങളായും അവ രൂപാന്തരപ്രാപ്തി കൈവരിക്കുകയും ചെയ്യും. ഓരോ ജനതയും കടന്നു പോവുമ്പോഴും ചരിത്രം സ്വയം അസ്ഥിത്വം നേടുകയും കാലത്തിന്റെ സ്വയം നിര്‍ണ്ണയത്വ(determinism of the age)ത്തെ മറി കടന്നു മുന്നോട്ടു പോവുകയും ചെയ്യുന്നു. ചരിത്രം ഒരനുസ്യൂതിയാവുന്നതും ചരിത്രം രചിച്ചവരുടെ / സൃഷ്ടിച്ചവരുടെ കാലികാസ്തിത്വത്തിനുമപ്പുറം അത് നിതാന്തമാവുന്നതും അങ്ങനെയുമാവാം. ഈ അനുസ്യൂതിക്ക് ചെവിയോര്‍ത്തെഴുതുന്ന എഴുത്തുകാരന്‍ രചയിതാവ്/ ആഖ്യാതാവ് (author/ chronicler) എന്നീ ദ്വന്ദ്വങ്ങള്‍ക്കിടയില്‍ സ്വയം സ്ഥിതപ്പെടുത്തേണ്ടതുണ്ട്.

കഥ പറച്ചില്‍, ചരിത്രം:

കഥപറച്ചില്‍ അതിജീവനം തന്നെയാവുന്നതിന്റെ ഏറ്റവും ഉദാത്ത രൂപമാണ് ഷെഹര്‍ സാദ്: കഥ പറഞ്ഞു കൊണ്ടേയിരിക്കുക, ഇല്ലെങ്കില്‍ മരിക്കുക. ഈ സമവാക്യത്തിനെ തിരിച്ചി ടുകയാണ് വിഖ്യാത ലബനീസ് എഴുത്തുകാരന്‍ ഇല്യാസ് ഖൌറി (Elias Khoury) തന്റെ 'സൂര്യ കവാടം' ( Gate of the Sun) എന്ന ഇതിഹാസമാനമുള്ള നോവലില്‍. ഇവിടെ പറയുന്നത് കഥയല്ല, ചരിത്രം തന്നെയാണ്. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഒരു രോഗിയുടെ കട്ടിലിനരികില്‍ ഒരാള്‍ കഥകള്‍ പറഞ്ഞു കൊണ്ടേയിരി ക്കുകയാണ്. 'കഥകള്‍ ഉറങ്ങാനുള്ളതാണ്; മരണത്തിനുള്ളതല്ല' എന്ന് വിശ്വസിക്കുന്ന അയാള്‍ രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ്: 'ഞാന്‍ നിന്നെ കഥകള്‍ കൊണ്ട് ചികിത്സിക്കാന്‍ തീരുമാനിച്ചിരിക്കുന്നു' എന്ന് പറയുന്നു അയാള്‍.

പ്രിയ സുഹൃത്തെ, നമ്മുടെ ശരീരം നമ്മുടെ ചരിത്രമാണ്. താങ്കളുടെ ക്ഷയിച്ചു കൊണ്ടിരിക്കുന്ന ശരീരത്തിലൂടെ താങ്കളുടെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുക. താങ്കള്‍ അവിടെ നിന്നെഴുന്നേറ്റു മരണത്തെ കുടഞ്ഞു തെറിപ്പിച്ചാല്‍ അതേറെ നന്നാവില്ലേ?” ബൈറൂത്തിലെ ഷാത്തിലാ അഭയാര്‍ഥി കാമ്പില്‍ കോമയില്‍ കഴിയുന്ന, തനിക്കു ഒരാത്മീയ പിതാവായ യൂനുസിനോട് ഖലീല്‍ എന്ന യുവ ഡോക്റ്റര്‍ ചോദിക്കുകയാണ്. യൂനുസ്‌ , തന്റെ മരിച്ചു പോയ മകന്റെ സ്ഥാനത്താണ് ഖലീലിനെ കാണുന്നതെന്ന് പറഞ്ഞിരുന്നത് അയാള്‍ ഓര്‍ക്കുന്നുണ്ട്. 1948-ല്‍ ഇസ്രയേല്‍ എന്ന രാഷ്ട്രം നിലവില്‍ വന്നതോടെ ബഹിഷ്കൃതരായ ഫലസ്തീനി യന്‍ ജനതയുടെ ചരിത്രം കാലത്തിനും രാഷ്ട്രീയ മാറ്റങ്ങള്‍ക്കും നെടുകെയും കുറുകെയുമുള്ള ആഖ്യാനങ്ങളിലൂടെ അനാവൃതമാകുന്നു: 'നഖ്ബ' എന്നറിയപ്പെട്ട ആ പാലായന ദുരന്തത്തിന്റെ ദിനങ്ങള്‍ തൊട്ടു 1982-ല്‍ ബൈറൂത്തില്‍ നിന്ന് ഫലസ്തീന്‍ പോരാളികള്‍ ഉന്മൂലനം ചെയ്യപ്പെട്ടത് വരെയുള്ള ചരിത്രം. 'സംഭവിക്കാന്‍ സാധിക്കാത്ത കഥകളാണല്ലോ ജീവിതം. എഴുതിയോ പറഞ്ഞോ അറിയപ്പെടാത്ത ജീവിതം കഥയും'. യൂനുസിന്റെ കോമ അവസ്ഥ ഫലസ്തീന്‍ ജനതയുടെ വേരറ്റ, നിലയില്ലായ്മയുടെ സമൂര്‍ത്ത രൂപകമാണ്. ബോധാബോധങ്ങളു ടെയും ഓര്‍മ്മകളുടെയും ആവേഗത്തില്‍ കഥാപാത്രങ്ങളുടെ മനോ വ്യാപാരങ്ങളിലൂടെ, വിധി അവരെ വേട്ടയാടുന്ന വന്യമായ താഴ്വരകളിലൂടെ, മോഹിപ്പിക്കുകയും സ്വപ്നങ്ങളൂട്ടുകയും ചെയ്യുന്ന ഗുഹാന്തരങ്ങളിലൂടെ രാഗ-മോഹങ്ങളുടെ ഫാന്‍റസികളിലൂടെ, ഭേദ്യം ചെയ്യുന്ന വിചാരണ മുറികളിലൂടെ, തീവ്ര ധ്യാനങ്ങളിലൂടെ, ജന്മ ഗേഹം തേടുന്ന അഭയാര്‍ഥിത്വത്തിലൂടെ, അത് ഫലസ്തീന് വേണ്ടിയുള്ള അന്വേഷണം തന്നെയാവുന്നു. നഷ്ടപ്പെടുമ്പോഴാണ് ഒരാള്‍ ജന്മഗേഹം കണ്ടെത്തുന്നത്; ഒരു ജനതയും അങ്ങനെത്തന്നെ. ആ അര്‍ത്ഥത്തില്‍ തിരിച്ചു വരവിലല്ല; തിരിച്ചു വരാനാവാത്ത, അകന്നു പോവുമ്പോഴും നിദാന്ത സാന്നിധ്യമാവുന്ന, ഇല്ലാതി രിക്കുമ്പോഴും ഉള്ളില്‍ പേറുന്ന ഉണ്മയാണ് ഫലസ്തീന്‍. 1948 ന് മുമ്പുള്ള ഫലസ്തീനെ കുറിച്ച് യൂനുസ് ഓര്‍മ്മിക്കുന്നുണ്ട്: “ഫലസ്തീന്‍ അതിന്റെ നഗരങ്ങളായിരുന്നു: ഹൈഫ, ജാഫ, ജെറു സലേം, ആക്കര്‍. അവിടെയൊ ക്കെ ഫലസ്തീന്‍ എന്ന് പറയാവുന്ന ഒന്ന് ഞങ്ങള്‍ അനുഭവിച്ചി രുന്നു. ഗ്രാമങ്ങള്‍ മറ്റേതു ഗ്രാമങ്ങളെയും പോലെത്തന്നെയായിരുന്നു... സത്യത്തില്‍ ഫലസ്തീനെ കീഴ്പ്പെടുത്തിയവര്‍ അത് നഷ്ട പ്പെടുന്നതിലൂടെ അതെന്താണെന്ന് ഞങ്ങളെ ബോധ്യപ്പെടുത്തി". ബഹിഷ്കൃതന്റെ അന്വേഷണം പോലെത്തന്നെ, അകന്നേ പോവുകയും ഒടുവില്‍ തികച്ചും അവ്യക്തമാവുകയും ചെയ്യുന്നു ഈ ഉണ്മ. ഒരു ഘട്ടത്തില്‍ തന്റെ ആത്മീയ പിതാവിനെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരേണ്ടതിന്റെ ആവശ്യകതയെ തന്നെ ഖലീല്‍ സന്ദേഹിച്ചു തുടങ്ങുന്നുണ്ട്.

താല്‍ക്കാലിക രാജ്യത്ത് , താല്‍ക്കാലിക ജീവിതം:

ഖലീല്‍ സ്വയം തന്നെയും ഒരു താല്‍ക്കാലിക വ്യക്തിത്വ ജീവിതം (ambiguous persona) ആണ് നയിക്കുന്നത്. യഥാര്‍ഥത്തില്‍ ചൈനയില്‍ നിന്ന് കുറഞ്ഞൊരു കാലത്തെ മെഡിക്കല്‍ പരിശീലനം മാത്രം ലഭിച്ചിട്ടുള്ള ഒരു നേഴ്സ് ആണ് അയാള്‍. ഗലീലിയിലെ തകര്‍ന്നു പോയ ഒരു താല്‍ക്കാലിക ആശുപത്രിയിലെ ജീവനക്കാരനായി ഷാത്തിലാ കാമ്പില്‍ അയാള്‍ യൂനുസിനെ പരിചരിക്കുന്നു: "ഒരു താല്‍ക്കാലിക രാജ്യത്ത്, ഒരു താല്‍ക്കാലിക ആശുപത്രിയില്‍ ഒരു താല്‍ക്കാ ലിക ഡോക്റ്റര്‍" എന്ന് അയാള്‍ സ്വയം ചുരുട്ടിക്കെട്ടുന്നുണ്ട്. യൂനുസിനോട് അയാള്‍ തുറന്നു പറയുന്നു: " നീ ഇപ്പോള്‍ എവിടെയാണ് എന്നറിയാമോ? ആശുപത്രി എന്നാണു കരുതുന്നതെ ങ്കില്‍ നിനക്ക് തെറ്റി. അങ്ങനെ കാണുന്നുവെങ്കിലും ഇതൊരു ആശുപത്രിയല്ല. ഇവിടെയുള്ള തെല്ലാം അതിന്റെ അനുകരണങ്ങള്‍ മാത്രം. വീട് എന്ന് നമ്മള്‍ പറയുമെങ്കിലും നമ്മള്‍ കഴിയു ന്നത് വീടുകളിലല്ല. ബൈറൂത്ത് എന്ന് പേരുണ്ടെങ്കിലും നമ്മള്‍ കഴിയുന്നത് ബൈറൂത്തിലും അല്ല. ഡോക്റ്റര്‍ എന്ന് പേരുണ്ടെങ്കിലും ഞാന്‍ ഒരു ഡോക്റ്ററല്ല. ഡോക്റ്റര്‍ ആയി അഭിനയിക്കുന്നതേ ഉള്ളൂ.” തന്റെ സ്വന്തം കഥയില്‍ അയാള്‍ക്കും പുതുമയൊന്നും തോന്നുന്നില്ല എന്ന് അയാളുടെ ഏറ്റുപറച്ചിലുണ്ട്. “എന്റെ കഥ കേട്ട് നീ മടുത്തു അന്ന് എനിക്കറിയാം. അത് കൊണ്ട് ഞാന്‍ നിന്റെ കഥകള്‍, നീ എനിക്ക് തന്ന നിന്റെ കഥകള്‍ നിനക്ക് തിരിച്ചു തരാന്‍ പോകുന്നു. അത് കേട്ട് നിന്റെ മുഖത്ത് മിന്നി മറയുന്ന ചിരി എനിക്ക് കാണണം.”

ക്യാമ്പിലെ മിഡ് വൈഫ് ആയ ഉമ്മു ഹസ്സന്റെ മരണത്തോടെ തുടങ്ങുന്ന നോവലില്‍ അവരുടെ ഓര്‍മ്മയുടെ ലോകത്തെ അന്തേവാസികളുടെ ശ്ലഥമായ കഥകളിലൂടെ 'നഖ്ബ' തൊട്ടുള്ള അനുഭവങ്ങള്‍ കടന്നു വരുന്നു. പരസ്പരം നെടുകെയും കുറുകെയും കടന്നു പോവുന്ന കഥകലെ കൂട്ടി യോജിപ്പിക്കുന്ന കണ്ണിയാണ് യൂനുസ്‌. ഫലസ്തീന്‍ ഫെദായീന്‍ (പ്രതിരോധ പ്പോരാളി) ആയിരുന്ന യൂനുസ്, ലബനാനിനും ഗലീലിക്കുമിടയില്‍ അപകടകരമായ യാത്രകള്‍ നിരന്തരം ചെയ്തു വന്നവനാണ്. നോവലിന്റെ പേരിന്റെ കൂടി ഉറവിടമായ 'ബാബ് അല്‍ ഷംസ്' ('സൂര്യകവാടം') എന്ന ഗുഹ അയാള്‍ക്ക്‌ അഭയവും പ്രണയവും സ്വാതന്ത്ര്യവുമായിരുന്നു: അവിടെ യാണ് അയാള്‍ നഹീലയുമായി സന്ധിച്ചതും പ്രണയവും ജീവിതവും പങ്കുവെച്ചതും. സ്വതന്ത്ര ഫലസ്തീന്‍ എന്ന സങ്കല്‍പ്പനത്തിന്റെ തന്നെ ഏക പ്രതീകമാവുന്നുണ്ട് പിന്നീട് അത്: ഇസ്രയേല്‍ പിടിച്ചടക്കിയിട്ടില്ലാത്ത ഏക ഇടം. അത് കൊണ്ട് തന്നെയാണ് സഹനത്തിന്റെയും നഷ്ടപ്പെടലു കളുടെയും അറ്റം കാണാത്ത ഇരുള്‍ ജീവിതത്തിനൊടുവില്‍ പിന്നീടൊരു ഘട്ടത്തില്‍ ഇനിയും യൂനുസിനെ കാണുകയില്ലെന്നു തീരുമാനിക്കുമ്പോള്‍ ഗുഹ അടച്ചുകളയാനും ഒരിക്കലും ഇസ്രയേല്‍ അധിനിവേശത്തിനു അതിനെ വിട്ടു കൊടുക്കാതിരിക്കാനും നഹീല തന്റെ മക്കളോട് പറയുന്നതും. നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്, അത് അടച്ചു കളയാന്‍ അവര്‍ ഇസ്രയേല്‍ യൂനിവേഴ്സിറ്റികളില്‍ നിന്ന് കിട്ടിയ ഡിഗ്രീ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഉപയോഗിച്ചുവെന്ന്. അവസരം കിട്ടുകയാണെങ്കില്‍ തങ്ങളുടെ ഗൃഹം നശിപ്പിക്കുകയാണ് അധിനിവേശത്തിനു വിട്ടുകൊടുക്കുക എന്നതിനേക്കാള്‍ മനുഷ്യര്‍ ഇഷ്ടപ്പെടുക എന്ന് കൂടിയാവാം നോവലിസ്റ്റ് സൂചിപ്പിക്കുന്നത്. ഒരര്‍ഥത്തില്‍ ഈ ഗുഹ തന്നെയാണ് നോവല്‍: "വാക്കുകള്‍ കൊണ്ട് നമ്മള്‍ ഒരു സുരക്ഷിത താവളം ഉണ്ടാക്കിയിരി ക്കുന്നു, വാക്കുകള്‍ കൊണ്ട് ഒരു രാജ്യം, വാക്കുകള്‍ കൊണ്ട് സ്ത്രീകള്‍". യൂനുസിന്റെ ഓര്‍മ്മകളില്‍ തെളിയുന്ന ചിതറിയ ഖണ്ഡങ്ങളിലൂടെ 'ഫലസ്തീനില്‍ നിന്ന് ലബനാനിലെക്കും, അവിടെ നിന്ന് സിറിയയിലേക്കും, ജയിലില്‍ നിന്ന് ജയിലിലേക്കും' എടുത്തെറിയപ്പെടുന്ന ഫലസ്തീന്‍ അസ്തിത്വ ത്തെ 1930 മുതല്‍ 1990 വരെയുള്ള കാലഘട്ടങ്ങളിലൂടെ നോവല്‍ ചിത്രീകരിക്കുന്നു. അതിന്റെ കേന്ദ്ര സ്ഥാനത്തു ഷാത്തിലാ ക്യാമ്പും 1982- ലെ സബ്രാ- ഷാത്തിലാ കൂട്ടക്കൊലകളുമാണുള്ളത്.

അറബ് ഭരണ കൂടങ്ങള്‍ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പുകളോട് കാണിക്കുന്ന നിരുന്മേഷ നിലപാടുകളെ നോവലിസ്റ്റ് കണക്കിന് വിമര്‍ശിക്കുന്നുണ്ട്: “ഒരിടത്ത് അവര്‍ ജൂതനേക്കാള്‍ ജൂതനാവും, വേറൊരിടത്തു അറബിയെക്കാള്‍ അറബിയും.” പുറത്തു നിന്ന് ഉപരോധിക്കപ്പെട്ടതും അകത്തുനിന്നു നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമാണ് ക്യാമ്പ്. “ഞങ്ങളുടെ ഗ്രാമങ്ങള്‍ തുടച്ചു നീക്കുകയും ഹൃദയങ്ങളില്‍ ആഴത്തില്‍ തുളഞ്ഞിറങ്ങുകയും ചെയ്തത് പോലെ കൊടും ക്രൂരതക ളുടെ ഓര്‍മ്മകളെ തുടച്ചു നീക്കാന്‍ അതിന്റെ സാക്ഷികളെയും തുടച്ചു നീക്കുക"യാണെന്ന് ഖലീല്‍ നിരീക്ഷിക്കുന്നുണ്ട്. “നമ്മള്‍ ഒരിക്കലും നേരിട്ട് അനുഭവിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ നമ്മളോര്‍ക്കുക മറ്റുള്ളവരുടെ ഓര്‍മ്മകള്‍ ആര്‍ജ്ജിച്ചു കൊണ്ടാണ്". ഓര്‍മ്മകള്‍ സജീവമായിരിക്കേണ്ട ഇതേ ബോധ്യത്തില്‍ നിന്നാണ് ഫലസ്തീന്‍കാര്‍ ഹോളോകോസ്റ്റിനെയും ഓര്‍മ്മിക്കണമെന്നു ഖലീല്‍ ചിന്തിക്കുന്നത്. “നിങ്ങളും ഞാനും ഭൂമുഖത്തുള്ള സകല മനുഷ്യരും അറിയണമായിരുന്നു, നിശബ്ദ രായി നോക്കിനില്‍ക്കുകയും ചെയ്യരുതായിരുന്നു, തന്റെ ഇരകളെ പ്രാകൃതവും മുമ്പെങ്ങുമില്ലാത്ത തുമായ വിധത്തില്‍ നശിപ്പിക്കുന്നതില്‍ നിന്ന് ആ മൃഗത്തെ തടയണമായിരുന്നു. ഇരകള്‍ ജൂതന്മാരായിരുന്നു എന്നത് കൊണ്ടല്ല, മറിച്ചു അവരുടെ മരണം നമ്മുടെ ഉള്ളിലെ മനുഷ്യത്വ ത്തിന്റെ തന്നെ മരണമായിരുന്നു എന്നത് കൊണ്ട്" എന്ന് അയാള്‍ പറയുന്നുണ്ട്. “കശാപ്പിലേക്കു തെളിക്കപ്പെടുന്ന ആ മനുഷ്യരുടെ മുഖങ്ങളില്‍ നിങ്ങളുടെ മുഖത്തിന്റെ സാമ്യം നിങ്ങള്‍ കണ്ടില്ലേ?” എന്ന് യൂനുസിനോട് ചോദിക്കുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ എതിരാളിയുടെ കഥയെ സ്വന്തം കഥയുടെ കണ്ണാടിയായി കാണണം എന്ന് തന്നെയാണ് നോവല്‍ സൂചിപ്പിക്കുന്നത്. ഇതേ ചിന്തയാണ് ഫ്രഞ്ച് അഭിനേത്രിയും ഒരു ഘട്ടത്തില്‍ പങ്കു വെക്കുന്നത്: “ഇപ്പോള്‍ എനിക്ക് ജൂതന്മാരോട് തറപ്പിച്ചു പറയാനാവും, ഓരോ പലസ്തീന്‍കാരനെ വധിക്കുമ്പോഴും നിങ്ങള്‍ നിങ്ങളെ തന്നെയാണ് വധിക്കുന്നതെന്ന്.”

ഓര്‍മ്മച്ചീന്തുകള്‍:

1948-ലെ 'നഖ്ബ'യുടെയൊ പില്‍ക്കാല ഫലസ്തീന്‍ അനുഭവങ്ങളുടെയോ യഥാതഥ ചിത്രണമല്ല 'സൂര്യകവാടം'. വൈയക്തിക അനുഭവങ്ങളുടെ ശ്ലഥ ചിത്രങ്ങളും ഓര്‍മ്മകളില്‍ കൂട്ടിത്തുന്നിയെടുക്കുന്ന ചീന്തുകളുമാണിവിടെ. യൂനുസുമായുള്ള ഖലീലിന്റെ ഏക പക്ഷീയ 'സംഭാഷണ'ത്തില്‍ എന്തും തുറന്നു സംവദിക്കുന്ന രണ്ടു പുരുഷന്മാരുടെ 'ഇടപാടുക'ളാണ്. അവര്‍ 'എല്ലാം' തുറന്നു പറയുന്നു, എങ്കിലും എല്ലായ്പ്പോഴും അത്ഭുദാദരങ്ങളോടെ തങ്ങളുടെ ജീവിത ത്തിലെ സ്ത്രീകളിലേക്ക് തിരിച്ചെത്തുന്നു. ഖലീല്‍ പലപ്പോഴും അഭയാര്‍ഥി ക്യാമ്പിലെ കൂട്ടക്കുരുതി യില്‍ മരിച്ചു പോയ തന്റെ പോരാളിയായ കാമുകി ഷംസിനെ ഓര്‍ത്തെടുക്കുന്നു. സ്വയം നഷ്ടപ്പെട്ടു നകൂരമിടാന്‍ കഴിയാത്ത യാനമാണ് സ്നേഹമെന്നു അവളുമായുണ്ടായിരുന്ന പ്രണയത്തിന്റെയും അതിന്റെ നഷ്ടവേദനയുടെയും പശ്ചാത്തലത്തില്‍ അയാള്‍ ചിന്തിക്കുന്നു. സുപ്രസിദ്ധ പലസ്തീനിയന്‍ നോവലിസ്റ്റ് കനഫാനി (ഗസ്സാന്‍ കനഫാനി - 1936- 1972) യൂനുസിനെ അഭിമുഖം നടത്തിയതും അയാള്‍ ഓര്‍ക്കുന്നുണ്ട്. നോവലിസ്റ്റിനെ പ്രചോദിപ്പിക്കുന്നതൊന്നും അതിലുണ്ടായി രുന്നില്ല. “അദ്ദേഹം വ്യാപ്തിയുള്ള കഥാ സാധ്യത തേടുകയായിരുന്നു, നിന്റെതാവട്ടെ പ്രണയത്തി ലായ ഒരാളുടെ കഥയ്ക്കപ്പുറം ഒന്നുമായിരുന്നില്ല. സ്വയം ഇടം കണ്ടെത്താന്‍ പോലുമാവാത്ത ആ പ്രണയത്തില്‍ എവിടെയാണ് പ്രതീകാത്മകത കണ്ടെത്തുക? നിനക്ക് നിന്റെ ഭാര്യയോടുള്ള പ്രണയത്തിന്റെ കഥ അയാള്‍ വിശ്വസിക്കുമെന്ന് നീയെങ്ങനെ പ്രതീക്ഷിച്ചു? ഒരാള്‍ക്ക്‌ തന്റെ ഭാര്യയോടുള്ള പ്രണയത്തെ കുറിച്ച് എഴുതാനെന്തിരിക്കുന്നു?” യൂനുസിന്റെ നിലപാടുകളില്‍ ചരിത്രം തന്നെയും ഒരു കണ്‍ കെട്ടാണ് . 'ആദി മുതല്‍ ഇങ്ങനെ ഒരു ജനത ഉണ്ടായിരുന്നു, ഇന്നുള്ളവര്‍ പണ്ടുണ്ടായിരുന്നവരുടെ , മണ്ണടിഞ്ഞ ഏതോ പൂര്‍വ്വികരുടെ സാക്ഷാല്‍ അനന്തരാ വകാശികളാണ് എന്ന മിത്ത് . ആരും ആരുടേയും അവകാശികളല്ല, ആര്‍ക്കും അങ്ങനെയൊരു ചരിത്രവുമില്ല'. വാക്കുകള്‍ കത്തിമുന പോലെ നോവിക്കുന്നതായിരിക്കണം എന്ന് വിശ്വസിക്കുന്ന യൂനുസിനു ശാശ്വതം എന്ന വാക്കിനോട് തന്നെ താല്പര്യമില്ലായിരുന്നെന്നു ഖലീല്‍ പറയുന്നു. 'ജറൂസലേം ജൂതന്മാരുടെ നിത്യ തലസ്ഥാനം എന്ന അവരുടെ മുദ്രാവാക്യം കേട്ട് ഇവരുടെ മനസ്സ് എത്ര ചെറുതാണെന്ന് നീ അതിശയിച്ചിരുന്നല്ലോ,' എന്ന് ഖലീല്‍ ഓര്‍ക്കുന്നു. മാതൃ ദേശത്തെ കുറിച്ചും അതു പോലുള്ള അത്രയൊന്നും കാല്‍പ്പനികമാല്ലാത്ത നിലപാടുകളാണ് യൂനുസിനുള്ളത്. അത് കൊണ്ടാണ് "അത് തിന്നാനുള്ളതല്ല, അത് പലസ്തീനാണ്!” എന്ന് നാട്ടിലെ ഓറഞ്ചിനെ കുറിച്ച് പറയുന്ന ഉമ്മുഹസനില്‍ നിന്ന് വ്യത്യസ്തമായി മാതൃദേശം തങ്ങള്‍ക്കു തിന്നാ നുള്ളതാണെന്നും മറിച്ച് അത് തങ്ങളെ തിന്നാന്‍ അനുവദിച്ചു കൂടെന്നും അയാള്‍ പറയുന്നത്. വീരശൂരനാണെങ്കിലും ധീരന്മാരുടെ നേരെയും ഇടക്കൊരിത്തിരി പരിഹാസമുതിര്‍ക്കാന്‍ കഴിയുന്നവനെന്നു യൂനുസിനെ കുറിച്ച് ഖലീല്‍ ഓര്‍ക്കുന്നുണ്ട്. താന്‍ പൊരുതുന്നത് രാജ്യത്തിനോ ചരിത്രത്തിനോ വേണ്ടിയല്ലെന്നും, തന്റെ പെണ്ണിന് വേണ്ടിയാണെന്നും അയാള്‍ക്ക്‌ പറയാനാ വുന്നതും മഹത്തായ ലക്ഷ്യങ്ങളുടെ പേരില്‍ പൊതുവേ ഉണ്ടാവാറുള്ള ഇത്തരം അമിതാവേശ ത്തിന്റെ അഭാവം മൂലമാണ്. ഒരു പടി കൂടി കടന്ന്, അത്തരം ശാശ്വതാവസ്തയിലുള്ള വിശ്വാസം സ്വയം പരാജയപ്പെടുത്തും എന്നും യൂനുസ്‌ കണക്ക് കൂട്ടുന്നു. അനശ്വരതയുടെ കൊടിയേന്തിയ തോടെ അവര്‍ തോല്‍വിയുടെ കാണാക്കയത്തിലേക്ക് വീണു തുടങ്ങിയെന്നും അതേ മാര്‍ഗ്ഗത്തില്‍ തുടരാന്‍ അവരെ അനുവദിച്ചാല്‍ അവര്‍ സ്വയം തകര്‍ന്നു കൊള്ളുമെന്നും ഇസ്രയേലിനെ കുറിച്ച് യൂനുസ്‌ പറയുന്നുണ്ട്. എന്നാല്‍, 1948-ലെ യുദ്ധത്തെ കുറിച്ച് അയാള്‍ നിരീക്ഷിക്കുന്നു: “ '48-ല്‍ ജൂതന്മാര്‍ യുദ്ധം ചെയ്തു ജയിച്ചു എന്നത് പൊളിയാണെന്റെ മോനേ. അന്ന് നമ്മള്‍ പോരാടിയില്ല. അവര്‍ ചുമ്മാതങ്ങ് ജയിച്ചു. ഒരു സ്വപ്നം പോലെ.” വീട്ടിനു തൊട്ടപ്പുറത്ത്, ഗ്രാമാതിര്‍ത്തിയില്‍ താന്‍ കാവല്‍ നില്‍ക്കെ, 1948 ജൂലൈ പതിനാലിന്റെ ഇസ്രായേല്‍ ബോംബാക്രമണത്തില്‍പ്പെട്ട് മറമാടപ്പെടാന്‍ പോലുമാവാതെ മരിച്ചു പോയ ഭാര്യയേയും മക്കളെയുമോര്‍ത്ത് അബൂ മഅറൂഫും ഇതേ സാക്ഷ്യം നല്‍കുന്നുണ്ട്: “മറ്റു അറബ് രാജ്യങ്ങളുടെ സഹായമില്ലാത്തത് കൊണ്ട് പലസ്തീന്‍ നമുക്ക് നഷ്ടപ്പെട്ടു എന്ന് ഇന്ന് നാം കുറ്റ പ്പെടുത്തുന്നു. എന്നാല്‍ അത് സത്യമല്ല. യുദ്ധം ചെയ്യാത്ത ത് കൊണ്ട് നമുക്ക് പലസ്തീന്‍ നഷ്ടമായി എന്നതാണ് നേര്. തനി മണ്ടന്മാരായി തോക്കെടുത്ത് നമ്മള്‍ കാത്തിരുന്നു. യന്ത്രവല്‍കൃത യുദ്ധ സന്നാഹങ്ങ ളും വിമാനങ്ങളും ബോംബുമായി വന്നവര്‍ കണ്ണടച്ച് തുറക്കും മുമ്പ്‌ നമ്മെ കീഴ്പ്പെടു ത്തി.” ഓര്‍മ്മ കളില്‍ ചടഞ്ഞിരിക്കുന്നതിന്റെ അസംബ ന്ധം ഉമ്മു ഹസന്‍ പോലും തിരിച്ചറിയു ന്നുണ്ട് ചിലപ്പോള്‍. ഡോക്റ്റര്‍ ഈസായുടെ റിസര്‍ച്ച് വിഷ യമായ ആന്റലൂസിയന്‍ പാലായനത്തെ കുറിച്ച് പറയുമ്പോള്‍, നാട്ടില്‍ നിന്ന് തുരത്തിയോടി ക്കപ്പെട്ട ആന്റലൂസിയക്കാര്‍ തങ്ങളുടെ വീടുക ളുടെ താക്കോലുകള്‍ മുറുകെ പിടിച്ച പോലെ താനും 'വാതിലുകള്‍ പൊളിഞ്ഞു വീണു' എന്നേ ക്കുമായി നഷ്ടപ്പെട്ട വീടിന്റെ താക്കോല്‍ വെറുതെ മുറുകെ പിടിക്കുകയാണെന്നു അവള്‍ സ്വയം പരിഹസിക്കുന്നുണ്ട്.

എന്നാല്‍, ഖലീലിന്റെയും മറ്റു ആഖ്യാതാക്കളുടെയും ഹാസ്യാത്മക നിരീക്ഷണങ്ങള്‍ക്കപ്പുറ
ത്തേക്ക് നീളുന്നത് തന്നെയാണ് നോവലിന്റെ ഉള്ളടക്കത്തില്‍ നിറയുന്ന ഓര്‍മ്മ/ജീവിതസഞ്ചയം. ഈ സഞ്ചിത സ്മൃതികള്‍ എല്ലാം ഉള്‍ കൊള്ളുന്നുണ്ട്: ഇസ്രായേല്‍ സ്വാതന്ത്ര്യ യുദ്ധത്തെ തുടര്‍ന്ന് ഗലീലീയിലെ ഖീഖത്, ഗബ്സിയ്യ തുടങ്ങിയ ഗ്രാമങ്ങളുടെ തകര്‍ച്ച, ലെബനീസ് ആഭ്യന്തര യുദ്ധ ത്തിലെ ചോരപ്പുഴകള്‍, PLO പോരാളികളുടെ ചൈനയിലെ പരിശീലനം, ജെനിന്‍ കൂട്ടക്കൊല, തുടങ്ങിയ ചരിത്ര സംഭവങ്ങള്‍ മുതല്‍ അറബ് വിമോചന സേനക്ക് ഇസ്രേയേല്‍ സൈന്യത്തെ എതിരിടുന്നതിലേറെ കോഴികളെ കണ്ടു കെട്ടി കൊണ്ടു പോവാനുള്ള താല്‍പര്യം, തന്റെ പൗരുഷ ത്തിന് മേല്‍ ഇസ്രായേലി ടാങ്ക് ഉരുണ്ടു കേറുന്നതിനെ കുറിച്ചുള്ള അബു മഹ്ഫൂസിന്റെ പേടി സ്വപ്നം എന്നിങ്ങനെയുള്ള കാരികേച്ചര്‍ മുതല്‍, 1982ലെ കൂട്ടക്കൊലയില്‍ പങ്കെടുത്ത ലെബനീ സ് പടയാളിയുടെ കുറ്റസമ്മതം, 'ഇസ്രായേലിനു സ്വയം പ്രതിരോധിക്കാനുള്ള അവകാശ'ത്തെ സംബന്ധിച്ച താന്‍ കേട്ടു പഠിച്ച വീണ്‍ വാക്കുകളും ക്യാമ്പിലെ യാഥാര്‍ത്ഥ്യവും തമ്മിലുള്ള പൊരുത്തക്കേടില്‍ അസ്വസ്ഥയാവുകയും 'സബ്ര – ഷാത്തിലാ കൂട്ടക്കൊലകള്‍ സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കാനുള്ള വിഷയമല്ലെ'ന്ന് തിരിച്ചറിഞ്ഞു ആ ഭാഗം അഭിനയിക്കാന്‍ തയ്യാറായാല്‍ താന്‍ ആ ക്രൂരതകളുടെ ഭാഗമായിപ്പോവും എന്നും കണ്ടു അഭിനയിക്കാന്‍ വിസമ്മതിക്കുന്ന ഫ്രഞ്ച് നടിയുടെ അനുഭവം, എന്നിവ മുതല്‍ ഇസ്രയേലി പട്ടാളക്കാര്‍ കേട്ടാലോ എന്ന് ഭയന്ന് ഒളിച്ചിരിക്കുന്ന വയലില്‍ കരയുന്ന കുഞ്ഞിനെ കൊന്നു കളയുന്ന ഉമ്മയുടെ അനുഭവം വരെ- കഥകള്‍ ഒടുങ്ങുന്നതേയില്ല, യൂനുസിന്റെ മരണ ത്തോടെ നോവല്‍ അവസാനിക്കുന്നത് വരെ. ലക്ഷണമൊത്ത ദുരന്ത കഥാഖ്യാനങ്ങളുടെ സുസാധ്യമായ ജീവിത പരിസരങ്ങളല്ല തങ്ങള്‍ ജീവിക്കുന്നതെന്ന് ഖലീല്‍ നിരീക്ഷിക്കുന്നത് , കലയും ജീവിതവുമെന്ന കള്ളികളിലൊന്നും ഉള്‍കൊള്ളാനാവാത്ത സങ്കീര്‍ണ്ണതകളെ അടയാളപ്പെടുത്തുന്നു.

'ഈ ഉമ്മമാര്‍ അസാമാന്യ കൂട്ടരാണിഷ്ടാ...!'.

'ഈ ഉമ്മമാര്‍ അസാമാന്യ കൂട്ടരാണിഷ്ടാ...!'. ഒരു ഘട്ടത്തില്‍ ഖലീല്‍ തന്റെ ആത്മീയ പിതാവിനോട് പറയുന്നുണ്ട്. നോവല്‍ ആരംഭിക്കുന്നത് തന്നെ ഷാത്തിലാ ക്യാമ്പില്‍ എല്ലാവരും ഉമ്മയെന്നു വിളിച്ച ഉമ്മു ഹസന്റെ മരണത്തോടെയാണ്. ക്യാമ്പില്‍ ജനിച്ച ഓരോ കുഞ്ഞും തന്റെ ഉമ്മയുടെ വയറ്റില്‍ നിന്ന് അവളുടെ കൈകളിലേക്കാണല്ലോ പിറന്നു വീണത്‌. ജന്മ ദേശത്തിന്റെ നഷ്ടത്തെ കുറിച്ചുള്ള ചിന്തയില്‍ 'ഉമ്മയുടെ മരണം' എന്നത് ഒരു സംഭവം മാത്രാമാവുക വയ്യ. ഉമ്മു ഹസന്‍ ഒരര്‍ഥത്തില്‍ പലസ്തീന്‍ തന്നെയാണ്. അവരൊക്കെയും പിറന്നു വീഴുന്ന ഇടം. ആര്‍ക്കും പിടിച്ചു നിര്‍ത്താനാവാത്ത വിധം അവര്‍ക്ക് നഷ്ടമാവുന്ന ഇടം. നോവലില്‍ ആകെയും ദുരിത പര്‍വ്വങ്ങള്‍ക്കിടയിലും അസാമാന്യ ധീരതയുടെയും സഹനത്തിന്റെയും ഇതിഹാസങ്ങളാവുന്നതും ഉമ്മുഹസന്‍ ഉള്‍പ്പടെ ഉമ്മമാരാണ് . അവരാണ് കഥകളുടെ സംരക്ഷകരാവുന്നതും ജീവന്റെ അനുസ്യൂതിയാവുന്നതും. ഇസ്രായേല്‍ അധിനിവേശം സ്വന്തം നാട്ടില്‍നിന്ന് ആട്ടിയോടിക്കുമ്പോഴും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് തെളിച്ചു പായിക്കുമ്പോഴും പിറന്ന മണ്ണിന്റെ ഓര്‍മ്മകള്‍ പേറി, കുഞ്ഞുങ്ങളെയും പ്രായമായവേരെയും ജീവിതത്തില്‍ ബന്ധിപ്പിച്ചു നിര്‍ത്തുന്നത് അവരാണ്. ആശയറ്റു പോയ കാലത്ത് പ്രതീക്ഷയുടെ ജൈവ സാന്നിധ്യമാവുന്നത്.

യൂനുസ്‌ ഒരു നിരന്തര അതിര്‍ത്തിഭേദകന്‍ ആയിത്തുടരുമ്പോള്‍ നഹീല 1948 നു ശേഷം ഇസ്രയേലിന്റെ ഭാഗമായിത്തീരുന്ന തന്റെ പ്രദേശത്തു തുടരുന്നു. നാല്‍പ്പതോളം വര്‍ഷങ്ങളില്‍ 'സൂര്യന്‍ ഉറങ്ങാന്‍ പോവുന്ന' ആ ഗുഹയില്‍ മാത്രമാണ് അവരുടെ ജീവിതം പരസ്പരം ചേരുന്നതും ഇടയുന്നതുമൊക്കെ. തനിച്ചാണ് നഹീല കുട്ടികളെ പോറ്റുന്നതും വളര്‍ത്തുന്നതും. ഒരൊറ്റത്തവണ മാത്രം 'സൂര്യ കവാട'ത്തില്‍ വെച്ച് യൂനുസ്‌ തന്റെ മക്കളെ കാണുന്നുണ്ട്. അവസാന കൂടിക്കാഴ്ച യില്‍ ഇനിയും തമ്മില്‍ കാണേണ്ടതില്ലെന്നു തുറന്നടിക്കുന്നതും അവള്‍ തന്നെ. വൈകാതെ മരണത്തിനു കീഴടങ്ങുമ്പോള്‍ 'സൂര്യകവാടം' എന്നെന്നേക്കുമായി അടച്ചു കളയാന്‍ അവള്‍ തന്റെ മകനെ ഒസ്യത്ത് ചെയ്യുന്നുണ്ട്. 'ഇസ്രയേലികളെ അതിനകത്ത് കടക്കാന്‍ നാം ഒരിക്കലും അനുവദിച്ചു കൂടാ; മോചിപ്പിക്കപ്പെട്ട ഒരേയൊരു ഫലസ്തീന്‍ പ്രദേശം അതാണ്‌.' യൂനുസിന്റെ മകന്‍ അമ്മയുടെ നിര്‍ദ്ദേശം പാലിക്കുകയും പിന്നീട് പിതാവിനെ ഒരേയൊരു തവണ കാണുക യും ചെയ്യുന്നു, 'രാജ്യത്തെ അടച്ചു കഴിഞ്ഞു'വെന്നു അയാളെ അറിയിക്കുന്നു. അധിനിവേശിക്ക പ്പെട്ടിട്ടില്ലാത്ത ഏക ഫലസ്തീന്‍ ചീള്. സാമ്പ്രദായിക രീതിയില്‍ യൂനുസ്‌ ആണ് മുഖ്യ കഥാപാത്ര മെന്ന് പറയാമെങ്കിലും നോവലിലെ യഥാര്‍ത്ഥ 'ഹീറോയിക്‌' ആയ കഥാപാത്രം നഹീലയാണെ ന്നു ഖൌറിതന്നെ നിരീക്ഷിച്ചിട്ടുണ്ട്. 'നിങ്ങള്‍ പീഡിപ്പിക്കപ്പെട്ടു, പക്ഷെ അത് കൊണ്ട് നിങ്ങള്‍ക്ക് ഞങ്ങളെ പീഡിപ്പിക്കാന്‍ അധികാരമില്ലെ'ന്ന് ഇസ്രയേലി സൈന്യാധിപനോട് തുറന്നടിക്കുന്ന തും 'ഞങ്ങളാണ് ജൂതന്മാരുടെ ജൂതന്മാര്‍, ജൂതന്മാര്‍ അവരുടെ ജൂതന്മാരോട് എന്ത് ചെയ്യുമെന്ന് നമുക്കിനി കാണാം' എന്ന് സൈന്യാധിപനെ വെല്ലുവിളിക്കുന്നതും നഹീലയാണ്. 'അയാള്‍ ഗലീലിയിലേക്കു പോവാറുണ്ടായിരുന്നു, അതിര്‍ത്തി ഭേദിക്കാറുണ്ടായിരുന്നു... എന്നാല്‍, അന്തിമ വിശകലനത്തില്‍ അയാള്‍ ഒന്നുമായിരുന്നില്ല, യഥാര്‍ത്ഥ കഥ നഹീലയായിരുന്നു; കുട്ടികളുമായുള്ള അവളുടെ ബന്ധം, അവളെങ്ങനെ ജീവിതത്തെ പ്രതിരോധിച്ചു എന്നതൊക്കെ. അഭയാര്‍ഥി ക്യാമ്പില്‍ നഹീലയെ പോലെ നൂറു കണക്കില്‍ സ്ത്രീകളെ ഞാന്‍ കണ്ടിരുന്നു. അപ്പോള്‍ അത് കേവലം രൂപകമായിരുന്നില്ല. അത് വളരെ യഥാതഥമായിരുന്നു' എന്ന് ഒരഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. പലായനത്തിനിടയില്‍ ഇസ്രായേല്‍ സൈനികരുടെ വെടിയേറ്റ്‌ മരിച്ച ഭര്‍ത്താവിനെ ശരിയായി മറവു ചെയ്യാന്‍ കഴിയാത്തതിന്റെ സങ്കടം കാലങ്ങള്‍ കഴിഞ്ഞും മനസ്സിലേറ്റുന്ന ഉമ്മ സാദ് റാദി ഒന്നേ ആഗ്രഹി ക്കുന്നുള്ളൂ: “അവര്‍ പല സ്തീന്‍ സ്വന്തമാക്കിക്കോട്ടെ. എനിക്കാ സെമിത്തേരിയില്‍ പോയി അയാളെ ശരിക്ക് മറവു ചെയ്തു എന്നൊന്ന് കണ്ടാല്‍ മതി. അല്‍ കാബ്രിയും മറ്റെല്ലാ സ്ഥലങ്ങളും വൈകാതെ നഷ്ടപ്പെടും. അവര്‍ എടുത്തതല്ലേ, പിടിച്ചു കൊണ്ടിരുന്നോട്ടെ. പക്ഷെ, നമ്മുടെ ശ്മശാനങ്ങള്‍ അവര്‍ നമുക്ക് തിരിച്ചു തരേണ്ടതാണ്.!” ഇതേ മനോഭാവം തന്നെയാണല്ലോ മുസ്ലിമിനെ വിവാഹം കഴിച്ചു സംതൃപ്തമായ കുടുംബ ജീവിതത്തിനൊടുവില്‍ പൂര്‍വ്വ പിതാക്കളുടെ ജര്‍മ്മനിയിലുള്ള കുഴിമാടത്തിനടുത്തേക്ക് അന്ത്യ വിശ്രമം തേടിപ്പോവുന്ന സാറയും പ്രകടിതമാക്കുന്നത്. 'നാടും മണ്ണും എല്ലാം നിങ്ങളെടു ത്തിട്ടു ഈ അന്തരീക്ഷവും കാറ്റും മാത്രം ഞങ്ങള്‍ക്ക് തരൂ !' എന്ന് പറയുന്ന നൂഹയുടെ വല്യുമ്മ, ഓര്‍മ്മകള്‍ക്ക് നൈരന്തര്യം നല്‍കുക ഫോട്ടോഗ്രാഫുകളാണെന്നും അവയുടെ സൂക്ഷിപ്പിനു അവക്കെപ്പോഴും നനച്ചു കൊടുക്കണമെന്നും വിശ്വസിക്കുന്ന യാസീന്റെ ഉമ്മ ഷഹീന തുടങ്ങിയ വരൊക്കെ ഇതേ സാത്വിക ബോധത്തിന്റെ പ്രതീകങ്ങളാണ്. “ഇര വേട്ടക്കാരനാവുന്നതിന്റെ സാഹചര്യം എനിക്ക് ദഹിക്കില്ല. അപ്പോള്‍ ചരിത്രത്തിനു തന്നെ അര്‍ഥമില്ലാതാവും" എന്ന ഫ്രഞ്ച് അഭിനേത്രിയുടെ ധൈഷണികമായ തിരിച്ചറിവ് ഈ നൈസര്‍ഗ്ഗിക നിസ്സഹായതയുടെ മറ്റൊരറ്റത്തുണ്ട്.
നാഹിലയുടെ സഹനം അതിന്റെ ഏറ്റവും ഉദാത്തമായ തലത്തില്‍ നാം കാണുന്നത് ഇസ്രായേല്‍ പട്ടാളം അവളെ ഭേദ്യം ചെയ്യുമ്പോഴാണ്. ഗര്‍ഭിണിയായ നാഹില തങ്ങള്‍ അന്വേ
ഷിക്കുന്ന പോരാളി യൂനുസിന്റെ ഭാര്യയാണെന്ന് അവര്‍ക്കറിയാം. അവര്‍ക്ക് അയാളെ കുറിച്ചറി യണം. എന്നാല്‍ ഭേദ്യമുറകളോ കടുത്ത അപമാനിക്കലോ കൊണ്ട് അവര്‍ക്കൊന്നും നേടാനാ വുന്നില്ല. താനൊരു വേശ്യയാണെന്നും തന്റെ ഗര്‍ഭസ്ഥ ശിശുവിന്റെ പിതാവാരെന്നു തനിക്ക് നിര്‍ണ്ണയിക്കാനാവില്ലെന്നും അവള്‍ സ്വയം അവമതിയേറ്റു വാങ്ങുന്നത് യൂനുസിന്റെ സുരക്ഷിത ത്വത്തിന് വേണ്ടിയാണ്. ആ മനക്കരുത്തിന് മുന്നില്‍ പകച്ചു പോവുന്ന സൈനികര്‍ക്ക് അവളെ വിട്ടയക്കുകയാല്ലാതെ മറ്റൊന്നും ചെയ്യാനില്ല. എന്നാല്‍, നഹീല സ്വയം തന്റെ ഏറ്റവും വലിയ വിജയ മുഹൂര്‍ത്തമായി കാണുന്നത് ഇസ്രയേലി അധികൃതരെ കോടതിയില്‍ ജയിച്ച സന്ദര്‍ഭമാണ്. തന്റെ ഇളയ മക്കളുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് യൂനുസ്‌ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാനാവാത്ത നിസ്സഹായതയുടെ മറ പിടിച്ചു വിസമ്മതിക്കുന്ന അധികൃതരെ അവള്‍ വെല്ലുവിളിക്കുന്നു: അയാള്‍ മരിച്ചു പോയി എന്ന് തെളിയിക്കുക. അതിനവര്‍ ഹാജരാക്കുന്ന തെളിവ് അട്ടിമറി സംഘങ്ങള്‍ അയാളുടെ രക്തസാക്ഷിത്തം ഉദ്ഘോഷിക്കുന്നതാണ്. അത്തരം സംഘങ്ങളെ ഇസ്രായേല്‍ കോടതി അംഗീകരിക്കുന്നില്ലെന്നും അത് കൊണ്ട് തന്നെ ആ തെളിവ് നില നില്‍ക്കുന്നതല്ലെന്നും അവള്‍ക്കു സ്ഥാപിക്കാന്‍ കഴിഞ്ഞു.

ഭയക്കേണ്ടുന്ന എക സ്വരീയത :

നോവലിസ്റ്റ് എന്തെങ്കിലും പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയോ ആശയ പരമായ പ്രത്യേക നിലപാടുകള്‍ മുന്നോട്ടു വെക്കുകയോ തന്റെ ലക്ഷ്യമേ ആക്കുന്നില്ല. 1967 ല്‍ ഇസ്രയേല്‍ വെസ്റ്റ് ബാങ്കും ഗാസയും പിടിച്ചടക്കിയപ്പോള്‍ ഫലസ്തീന്‍ പ്രതിരോധ സമരത്തില്‍ പങ്കെടുക്കാനായി അമ്മാനിലേക്ക് പോയ ചരിത്രമുണ്ട് അന്ന് പത്തൊമ്പത് കാരനായിരുന്ന ഖൌറിക്ക്. 1975-ല്‍ ലബനോനില്‍ വിപ്ലവപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതിന്റെയും തുടര്‍ന്നു ണ്ടായ നൈരാശ്യത്തിന്റെയും അനുഭവ പാഠങ്ങളാണ് 'ലിറ്റില്‍ മൌണ്ടന്‍' എന്ന കൃതിക്ക് പ്രചോ ദനമായത്. എന്താണ് നീതി, എന്താണ് മനുഷ്യന്‍, എന്താണ് ജീവിതം എന്നിങ്ങനെ ഏറെ ചിന്തി ക്കാന്‍ ഈ അനുഭവങ്ങള്‍ നിമിത്തമായെന്ന് അദ്ദേഹം ഏറ്റുപറഞ്ഞിട്ടുണ്ട്. ആ ബോധ്യങ്ങ ളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് 'ഒറ്റക്കഥയുടെ അപകടങ്ങളെ' (dangers of a single story) കുറിച്ചുള്ള തീവ്രമായ ഈ തിരിച്ചറിവ് നോവലില്‍ കടന്നു വരുന്നത്: “ചരിത്രത്തിനു പല പാഠ ഭേദങ്ങള്‍ ഉണ്ടാവണം. ഒറ്റ പാഠാന്തരമുള്ളചരിത്രത്തെ നാം പേടിക്കണം. കാരണം അത് അനി വാര്യമായും ഒരു ജനതയെ അവരുടെ മരണത്തിലേക്ക് കൊണ്ടുപോവും.” യൂനുസിന്റെ നിലപാടു കളിലെ തിരിച്ചറിവുകളും പ്രസക്തമാവുന്നത് അങ്ങനെയാണ്. മ്യൂണിക് ഒളിമ്പിക്സിലെ ഇസ്രയേ ലി കായിക താരങ്ങളെ വധിച്ചതിനെ കുറിച്ച് ഖലീല്‍ പറയുന്നുണ്ട്: “എനിക്കറിയാം, താങ്കള്‍ (യൂനുസ്) അത്തരം ഓപ്പറേഷനുകളെ കുറിച്ച് എങ്ങനെ ചിന്തിക്കുന്നുവെന്ന്. വിമാനങ്ങള്‍ ഹൈ ജാക്ക് ചെയ്യുകയും വിദേശങ്ങളില്‍ സിവിലിയന്‍ പൗരന്മാരെ കൊല്ലു കയും ചെയ്യുന്ന തരം പ്രവര്‍ത്തനങ്ങളെ തുറന്നെതിര്‍ക്കാന്‍ ധൈര്യപ്പെട്ട ചുരുക്കം ചിലരില്‍ പെട്ടവനായിരുന്നു താങ്കള്‍" .

ലെബനീസ് ക്രിസ്ത്യന്‍ കുടുംബാംഗമായ ഖൌറി 'നഖ്‌ബ'യുടെ അതെ വര്‍ഷം ജനിച്ചയാളാണ്. അത് കൊണ്ട് തന്നെ നേരനുഭവങ്ങളല്ല, മുപ്പതോളം വര്‍ഷം ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പുകളിലെ കണ്ടറിഞ്ഞ അറിവുകളും അഭയാര്‍ഥികളുമായി നടത്തിയ സുദീര്‍ഘമായ അഭിമുഖ സാക്ഷ്യങ്ങളുമാണ് നോവലിന്റെ ഉള്ളടക്കത്തെ നിര്‍ണ്ണയിക്കുന്നത്. 'നിന്നില്‍ നിന്നും മറ്റു പലരില്‍ നിന്നും കിട്ടിയ തുണ്ടുകള്‍ ചേര്‍ത്തു വെച്ച് ഈ ചിത്രം പൂര്‍ത്തിയാക്കാം. എനിക്ക് തെറ്റിയാല്‍ നിനക്കതു ശരിയാക്കാം. നിന്നെപ്പോലെയല്ലാത്തത് കൊണ്ട് ഞാന്‍ ആദിയില്‍ നിന്ന് ആരംഭിക്കുന്നില്ല. പണ്ട് പണ്ട് എന്ന് കഥ തുടങ്ങാന്‍ എനിക്കാവില്ല.' ഖലീല്‍ പറയുന്നു. പ്രമേയത്തോടുള്ള ധൈഷണിക പ്രതിബദ്ധതയിലേറെ വാമൊഴി പാരമ്പര്യത്തിന്റെ നിത്യ നവ്യതയാണ് ഖൌറി ആശ്രയിക്കുന്നത്. ഒരു കഥയില്‍ തുടങ്ങുക, എന്നിട്ട് മറ്റൊന്നിലേക്കും പിന്നെയുമൊന്നിലെക്കും പോവുക, വീണ്ടും തിരിച്ചു വരിക. എന്നിട്ടും എല്ലായിപ്പോഴും പുതിയ കൂട്ടിച്ചേര്‍ക്കലുകളും വെളിപ്പെടുത്തലുകളും കരുതി വെക്കുന്നതിലൂടെ ഓരോ പറച്ചിലും ഒരു പുനവതരണമായിത്തീരുക. കഥയും കാഥികനും തമ്മിലും പാത്രങ്ങള്‍ക്കും കഥാ സന്ദര്‍ഭങ്ങള്‍ ക്കുമിടയിലും നിരന്തരം നടക്കുന്ന പാരസ്പര്യവും നവീകരിക്കലുമാണ് വാമൊഴി സമ്പ്രദായത്തിന്റെ നിത്യ നൂതനത്വത്തിനു നിദാനമാവുന്നതും.

(സമകാലീന മലയാളം വാരിക: 17-10-2014)


(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 117-126)

To purchase, contact ph.no:  8086126024

സ്ത്രീരോഗ വിദഗ്ദയുടെ ഇടനാഴിയില്‍



ഉള്‍ത്തടങ്ങളില്‍
എന്തൊക്കെയോ ഉരുണ്ടു കൂടവേ
സ്ത്രീരോഗ വിദഗ്ദയുടെ ഇടനാഴിയില്‍
ഊഴം കാത്തിരിപ്പാണൊരു വെളുപ്പിന്.
ജനിയുടെ വാതില്‍പ്പുറക്കാഴ്ചകളില്‍
മറുമരുന്നുണ്ട്
വേദനയുടെ കൊടുങ്കാറ്റിനെന്നു
കാഴ്ചകളുടെ കൊളാഷ്.

പന്ത്രണ്ടാണ്ട് നോറ്റിരുന്നിട്ടും
ഉള്ളില്‍ കൊരുത്തെന്നു നിലാവുദിച്ചത്
വെറും തോന്നലായിരുന്നെന്നു
കണ്ണീരൊപ്പിയിറങ്ങിപ്പോവുന്നു
മനം മുറിഞ്ഞ ദമ്പതികള്‍.

പടുവിത്തെന്നു പറിച്ചെറിയാന്‍ വന്നു
മുഖം മറച്ചു പമ്പ കടന്നത്
ഇത്തിരിപ്പോന്ന പെണ്ണും
പിമ്പിലൊരു പിമ്പും.
ഇടനാഴിയില്‍ തങ്ങിനില്‍പ്പുണ്ട്
എന്റെ പണിയതല്ലെന്നൊരു പൊട്ടിത്തെറി.

പ്രസന്ന വദനയായൊരിളം തരുണി
സുധീരം മറച്ചു പിടിക്കുന്നുണ്ട്
കന്നിനോവിന്റെയങ്കലാപ്പ്.
കൂടെയുള്ള ചെറു യുവാവ്
ഒന്നുമില്ലെന്ന് സ്വയം നടിക്കുന്നുണ്ട്.
കൂട്ടിനില്ലാരുമെന്നു മുഖത്തെഴുത്തുണ്ട്
രണ്ടു പേര്‍ക്കും.
പ്രണയ വഴിയില്‍ ഒറ്റപ്പെട്ടവരാവാം,
ജാതിക്കോമരങ്ങള്‍ മതവ്രണം കൊണ്ടതാവാം,
കര്‍മ്മ പാശങ്ങളിലെയനാഥത്തമാവാം.

ചകിതമാം കണ്ണുകളില്‍
അപ്പുറത്തൊരുത്തി
പ്രാര്‍ഥനാ നിരതയാവുന്നു:
കൊരുത്തത് രണ്ടിനേം
പിറക്കും മുന്‍പേ തിരിച്ചെടുത്തതാണ് നീ,
ഇതിനെയെങ്കിലും, നാഥാ...!

ഇനിയുമൊന്നിനെ പോറ്റാനായിട്ടല്ല,
ഒരാണ്‍ തരി വേണ്ടേ കുടുംബത്തിലെന്ന്
നെടുവീര്‍പ്പിടുന്നു ചടച്ചൊരുത്തി:
പെണ്ണായ്‌പ്പിറന്നാലെന്നെ പോലെ-
യുരുകിത്തീരുമീ പാഴ്ജന്മം.

ഏറെയാ,യെങ്കിലു-
മൊടെ തമ്പുരാന്‍ തരണതല്ലേ,
കൈ നീട്ടി വാങ്ങുക, മറ്റെന്തു വഴിയെന്ന്
പോയ കാലത്തിന്‍ പതം പറച്ചിലായ്
തണുത്തിരിപ്പുണ്ട് പ്രായം കടന്നൊരാള്‍.

അകാലത്തില്‍ മാസമുറയെന്നു
തപ്തയാവുന്നു കുടുംബിനിയൊരുത്തി.
ഇങ്ങിനിയില്ലാതെ തീര്‍ന്നു പോവുന്നുവോ
പെണ്ണെന്ന ബോധ്യമുടലിനെന്നു
മധ്യ വയസ്സിന്‍ കരള്‍ കിടുക്കം.

സ്ത്രീരോഗ വിദഗ്ദയുടെ ഇടനാഴിയില്‍
ഊഴം കാത്തിരിക്കുമ്പോള്‍
സൃഷ്ടിയുടെ ആചാര മര്യാദകള്‍
കെട്ടുപിണയുന്നതായ്‌ കാണുന്നു.