ലില്ലിപ്പൂക്കളില്‍ കുരുങ്ങുന്ന അസ്ഥിപജ്ഞരങ്ങള്‍

ആഭ്യന്തര
സംഘര്‍ഷങ്ങളുടെ നീണ്ടുനില്‍ക്കുന്ന
കെടുതികളുടെ ഉപോല്‍പ്പന്നമായി
ലോകത്ത് പലയിടങ്ങളിലും,
വിശേഷിച്ച്
ആഫ്രിക്കന്‍ രാജ്യങ്ങളില്‍,
ഉയര്‍ന്നു
വന്നിട്ടുള്ള സാഹചര്യങ്ങളില്‍
ഏറ്റവും ദയനീയവും
വേദനിപ്പിക്കുന്നതുമായ
ഒന്നാണ് ബാല യോദ്ധാക്കള്‍
(child soldiers) എന്ന
പ്രതിഭാസം. ചരിത്രത്തില്‍
എല്ലാ കാലഘട്ടങ്ങളിലും സംഘര്‍ഷ
ഭൂമികളില്‍ കുട്ടികളുടെ
സാനിധ്യമുണ്ടായിട്ടുണ്ടെങ്കിലും
കൊളോണിയല്‍ അനന്തര ആഫ്രിക്കന്‍
യുദ്ധ ഭൂമികള്‍ വലിയൊരളവോളം
ഈ പ്രതിഭാസത്തിന്റെ അഭൂത
പൂര്‍വ്വമായ സാന്നിധ്യത്തിനു
സാക്ഷ്യം വഹിക്കുന്നുണ്ട്.
പത്തും
പതിനാലും വയസ്സുള്ള,
അതിനും തക്ക
ശാരീരികവളര്‍ച്ച പോലുമില്ലാത്ത
കരുവാളിച്ച മുഖമുള്ള കുഞ്ഞുങ്ങള്‍
പ്രായത്തിനിണങ്ങാത്ത പരുക്കന്‍
ഭാവങ്ങളും തങ്ങളെക്കാള്‍
നീളമുള്ള റൈഫിളുകളും വെടിയുണ്ട
മാലകളും നീളന്‍ വാള്‍ക്കത്തികളും
സൈനിക വസ്ത്രങ്ങളുമായി കൊന്നും
കൊലവിളിച്ചും നീങ്ങുന്ന
കാഴ്ച സിയറാ ലിയോണിന്റെയും
കോംഗോയുടെയും നൈജീരിയയുടെയുമൊക്കെ ഏതാണ്ടൊരു
ചിഹ്നം തന്നെയായി മാറിയിട്ടുണ്ട്
നോവലുകളിലും സിനിമകളിലും.
പലപ്പോഴും
അതത്ര അതിശയോക്തിപരമല്ല
എന്ന് തന്നെയാണ് ഈ രാജ്യങ്ങളില്‍
നിന്നൊക്കെയുള്ള സമകാലീന
യാഥാര്‍ത്ഥ്യങ്ങള്‍
വ്യക്തമാക്കുന്നതും.
എല്‍.
ടി ടി.
ഇ.
സൈന്യത്തിലും
ബര്‍മ്മയിലെ വംശീയ
സംഘര്‍ഷങ്ങളിലുമുണ്ടായ ബാല
യോദ്ധാക്കളുടെ സാന്നിധ്യം
നയോമി മുനാവീരായുടെ 'ഐലന്‍ഡ്
ഓഫ് എ തൌസന്‍ഡ് മിറേഴ്സ്'
, മിതാലി
പെര്‍കിന്‍സിന്റെ 'ബാംബൂ
പീപ്പിള്‍' തുടങ്ങിയ
നോവലുകളില്‍ വിഷയമായിട്ടുണ്ട്.
ആഫ്രിക്കന്‍
കൃതികളിലാവട്ടെ, ഇഷ്മയേല്‍
ബേയായുടെ പ്രസിദ്ധമായ
അനുഭവാഖ്യാനം 'ഏ
ലോംഗ് വേ ഗോണ്‍', മരിയാത്തു
കമാറായുടെ 'ദി
ബൈറ്റ് ഓഫ് ദി മാംഗോ',
ഉസോദിന്‍മാ
ഇവിയേലായുടെ 'ദി
ബീസ്റ്റ്‌സ് ഓഫ് നോ നേഷന്‍'
തുടങ്ങി
ഒട്ടേറെ കൃതികളിലൂടെ ബാല
യോദ്ധാക്കളുടെ ജീവിതമെന്ന
നരകങ്ങള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.
ഈ കുട്ടികള്‍
കൌമാരവും ജീവിതവും പോയ്പ്പോയവരാണ്.
യുദ്ധാനന്തരം
എങ്ങാനും തിരിച്ചു ചെന്നാല്‍
അവര്‍ പ്രേതങ്ങളോ,
നരഭോജികാളോ
ആയി തിരസ്കരിക്കപ്പെടുമെന്നു
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍,
ആഫ്രിക്കന്‍
യാഥാര്‍ഥ്യങ്ങള്‍ ആധുനിക
വല്‍ക്കരിക്കപ്പെട്ടിട്ടില്ലാത്ത
പ്രകൃതരുടെ ഗോത്ര സംഘര്‍ഷങ്ങളുടെ
കള്ളികളിലേക്ക് ചുരുട്ടിക്കെട്ടാന്‍
ആവേശമുള്ള പാശ്ചാത്യ കാഴ്ചപ്പാട്
തങ്ങളുടെ ധാരണകള്‍ക്കിണങ്ങും
വിധം ലളിതവല്‍ക്കരിച്ചു
മനസ്സിലാക്കും പോലെ അതത്ര
'നിഷ്കളങ്ക
ഇരകളുടെ ഇതിഹാസങ്ങള്‍'
അല്ല എന്നതും
ഏറെ നടുക്കമുണ്ടാക്കുന്ന
വസ്തുതയാണ്.
സ്വതന്ത്ര
നൈജീരിയയുടെ ചരിത്രത്തിന്റെ
ഏറ്റവും രക്തരൂക്ഷിതമായ
സംഘര്‍ഷമായിരുന്ന ബയാഫ്രന്‍
കലാപത്തിന്റെ (1967 - ജൂലായി
മുതല്‍ 1970-ജനുവരി
വരെ) കാലത്ത്
(1967), കലാപത്തിന്റെ
പ്രധാന ഇരകളായിരുന്ന ഇബോ
വിഭാഗത്തില്‍ പെട്ട അച്ഛന്റെയും
ഇംഗ്ലീഷ് വംശജയായ അമ്മയുടെയും
മകനായി ജനിച്ച ക്രിസ് അബാനി
രാഷ്ട്രീയ നിലപാടുകളുടെ
പേരില്‍ പതിനെട്ടാം വയസ്സില്‍
ജയിലിലടക്കപ്പെട്ട പുരാവൃത്തത്തിനു
ഉടമയാണ്. ജയിലില്‍
വെച്ച് കാണാനിടയായ നൈജീരിയന്‍
വിമത ഗായകന്‍ ഫെലാ കുട്ടി
അദ്ദേഹത്തോട് പറഞ്ഞു:
സുഹൃത്തേ,
സത്യം
അപകടകരമായ ഒരേര്‍പ്പാടാണ്!.
മൂന്ന്
പ്രാവശ്യമായി ആറു വര്‍ഷത്തോളം,
അതീവ സുരക്ഷാ
തടവറയിലെ ഏകാന്തത്തടവ്
ഉള്‍പ്പടെ നേരിടേണ്ടി വന്ന
അബാനി, തന്റെ
കവിതാ സമാഹാരമായ, നൈജീരിയന്‍
പട്ടാള ഗവണ്‍മെന്റിനെ നിശിതമായി
വിമര്‍ശിക്കുന്ന 'കലാകൂത്ത
റിപ്പബ്ലിക്' എന്ന
കൃതിയുടെ പേരില്‍ വധശിക്ഷക്ക്
വിധിക്കപ്പെട്ടു. കൃതിയുടെ
പേര് തന്നെയും തന്റെ ആരാധനാ
പാത്രമായ പോരാളി ഗായകന്‍
തന്റെ എണ്‍പതു ഭാര്യമാരും
ട്രൂപ് അംഗങ്ങളുമായി കഴിയാന്‍
നിര്‍മ്മിച്ച ഭവന സമുച്ചയത്തിന്റെതായത്
യാദൃശ്ചികമല്ല. കൈക്കൂലിയായി
സുഹൃത്തുക്കളില്‍ ചിലര്‍
കൈമാറിയ പണത്തിന്റെ ഔദാര്യത്തില്‍
രക്ഷപ്പെട്ട അബാനി,
ആദ്യം യു.
കെ-
യിലും
പിന്നീട് അമേരിക്കയിലും
പ്രവാസ ജീവിതം നയിക്കുന്നു.
“ഒരു പക്ഷെ
നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും
ധീരനായ എഴുത്തുകാരന്‍"
എന്ന് ഡേവ്
എഗ്ഗെഴ്സ് ('ദി
വൈല്‍ഡ് തിംഗ്സ്',
'വാട്ട്
ഈസ് വാട്ട്', 'ദി
സര്‍ക്കിള്‍') വിശേഷിപ്പിച്ച
അബാനി ഒരു ധാരാളിയായ (prolific)
എഴുത്തുകാരന്‍
ആയിരിക്കുമ്പോഴും ഏറെ സാന്ദ്രമായ
രചനാ രീതിയിലൂടെ സംഘര്‍ഷ
ഭരിതമായ തന്റെ കാലത്തിന്റെ
തീവ്ര ചിത്രങ്ങളാണ് വരക്കുന്നത്.
നിശായാനം,
ആത്മയാനം,
ആത്മാവുകളുടെ
അധോലോകം
ഹൃദയം
മരവിപ്പിക്കുന്നക്രൂരതകളും
ഏതു നിമിഷവും മുറിഞ്ഞു
പോയേക്കാവുന്ന അയഥാര്‍ത്ഥമാം
വിധം സുന്ദരമായ സങ്കല്‍പ്പങ്ങളും
ഒരുമിച്ചു ഒരേ നിമിഷം കടന്നു
വരുന്ന വിചിത്രാനുഭവമാണ്
അബാനിയുടെ 'രാവിനൊരു
ഗീതം' എന്ന
നോവെല്ല പകരുക.
വൈചിത്ര്യത്തിന്റെ
ഈ ദ്വിമുഖത്വം ആഖ്യാതാവിന്റെ
പേരില്‍ തന്നെ തുടങ്ങുന്നു.
പേര്
പറയുന്നില്ലാത്ത ഒരാഫ്രിക്കാന്‍
ദേശത്ത് - അത്
ബയാഫ്രന്‍ സംഘര്‍ഷങ്ങളുടെ
നൈജീരിയയുമായി ഏറെ ചേര്‍ന്ന്
പോവുന്നുണ്ടെങ്കിലും -
എറ്റുമുട്ടലുകളുടെയും
കൂട്ടക്കൊലകളുടെയും അനുബന്ധമായ
കിരാത പ്രവര്‍ത്തികളുടെയും
നരക തുല്യമായ അനുഭവങ്ങള്‍ക്കിടയില്‍
റിബല്‍ സൈന്യത്തിന് വേണ്ടി
മൈന്‍ നിര്‍വീര്യമാക്കല്‍
ദൌത്യവുമായി മുന്നോട്ടു
പോകുന്ന ബാല യോദ്ധാക്കളുടെ
ഗ്രൂപ്പിലെ അംഗമായ ആഖ്യാതാവിന്,
എട്ടു
വയസ്സെത്തും മുമ്പേ ദുരൂഹ
രോഗങ്ങളാല്‍ മരിച്ച മൂന്നു
പെണ്‍കുട്ടികളെ പ്രസവിച്ചതിന്റെ
'അവമതി'ക്ക്
അന്ത്യം കുറിച്ച് കൊണ്ട്
പിറന്ന ആണ്‍ തരിയെന്ന നിലയില്‍
അമ്മ നല്‍കിയത് 'എന്റെ
ഭാഗ്യം' (My Luck) എന്ന
പേരാണ്. അമ്മയും
അച്ചനുമുള്‍പ്പടെ കൊല്ലപ്പെടുന്നതിനു
സാക്ഷ്യം വഹിക്കേണ്ടി വന്ന
പന്ത്രണ്ടുകാരന്‍,
പതിനഞ്ചു
വയസ്സെത്തും മുമ്പ് നെരിപ്പോടായ
ഒരു നാടിന്റെ ദുര്‍വ്വിധി
സ്വന്തം ജീവിതത്തില്‍ അനുഭവിച്ചു
തീര്‍ക്കുകയും ചെയ്യുന്നവന്‍.
ഈ പൊരുത്തക്കേട്
കഥയുടെ ഉള്‍ക്കാമ്പിലുള്ള
അനിശ്ചിതത്വവുമായി -
ഉണ്മയോ,
സ്വപ്നമോ/
ജീവിതമോ,
മൃത്യുവോ/
അനുഭവമോ,
തോന്നലോ -
ആദ്യവാചകം
തൊട്ടേ സൂചിതമാണ്.
“നിങ്ങള്‍
കേള്‍ക്കുന്നത് എന്റെ ശബ്ദമല്ല.
കഴിഞ്ഞ
മൂന്നു കൊല്ലമായി ഞാന്‍
സംസാരിച്ചിട്ടില്ല"
മൈന്‍
നിര്‍വീര്യമാക്കുന്ന ജോലിക്ക്
അവര്‍ തെരഞ്ഞെടുക്കപ്പെടുന്നത്
ശാരീരികമായി ഭാരം കുറഞ്ഞവര്‍
ആയിരുന്നത് കൊണ്ടാണെന്ന്
ജോണ്‍ വെയ്ന്‍ എന്ന് അപരനാമമുള്ള
മേജര്‍ എസ്സീന്‍ അവരോടു
പറയുന്നുണ്ട്. എന്നാല്‍,
ഒരു കുരുവിയുടെ
സ്പര്‍ശത്തില്‍ പോലും
പൊട്ടിത്തെറിക്കുന്നവയാണ്
മൈനുകള്‍ എന്ന് ഏവര്‍ക്കും
അറിയാം. ഒരു
സാഹചര്യത്തിലും അലറിവിളിച്ചു
ആളുകളെ അറിയിക്കാതിരിക്കാനുള്ള
മുന്‍ കരുതലായി എല്ലാവരുടെയും
സ്വന പേടകങ്ങള്‍ മുറിച്ചു
കളഞ്ഞിട്ടുമുണ്ട്.
പരസ്പര
വിനിമയത്തിന് വികസിപ്പിച്ചെടുത്ത
ചിഹ്ന ഭാഷയില്‍ നിന്നുള്ള
സൂചകങ്ങളാണ് ഒരോ അധ്യായത്തിന്റെയും
തലക്കെട്ട്. 'നിശ്ശബ്ദത
നിശ്ചലമായ ഒരു കൈയ്യാണ്,
കൈപ്പത്തി
മലര്‍ത്തി ', 'രാവ്
കണ്ണുകള്‍ക്ക് മീതെ വലിച്ചിടുന്ന
ഒരു കൈപ്പത്തിയാണ് ',
'മരണം കഴുത്തിനു
കുറുകെ കത്രിക മുറിക്കുന്ന
രണ്ടു വിരലുകളാണ് ',
'ഓര്‍മ്മ
കയ്യില്‍ കോറിയിട്ട ഒരു
ചിഹ്നമാണ് ', 'അപകടം
ഒരു നീണ്ട നിശ്ശബ്ദതയാണ്'
എന്നിങ്ങനെ.
ദൌത്യത്തിനിടെ
മൈന്‍ പൊട്ടിത്തെറിച്ചു
ചിതറിപ്പോവുന്ന ഗ്രൂപ്പില്‍,
ഏറെ സമയം
കഴിഞ്ഞു ബോധം തെളിയുമ്പോള്‍,
താന്‍
മരിച്ചു പോയതാവാം എന്ന
കണക്കുകൂട്ടലില്‍ പോയിക്കഴിഞ്ഞ
കൂട്ടരേ അന്വേഷിച്ചു പോവേണ്ടതുണ്ട്
എന്ന് മൈ ലക്ക് തീരുമാനിക്കുന്നതോടെയാണ്
അവന്റെ യാത്ര തുടങ്ങുന്നത്.
ഒരേ സമയം
മുന്നോട്ടും പിന്നിട്ട
വഴികളിലേക്കും ദുരൂഹമായ
ഭാവിയിലേക്കും/
ഭാവിയില്ലായ്മയിലേക്കുമുള്ള
ഒരു ആദിരൂപ യാനമായി (arche
typal journey) അത്
മാറുന്നു. പോയ
കാലം താന്‍ സാക്ഷിയോ കര്‍ത്താവോ
ആയ കൊടിയ ചെയ്തികളുടെയും
അനുഭവങ്ങളുടെയും രംഗങ്ങള്‍
ആഖ്യാനത്തില്‍ ഒന്നൊന്നായി
കടന്നു വരുന്നുണ്ട്.
'അത് ചെയ്യുക
ഇല്ലെങ്കില്‍ എന്റെ കൈ കൊണ്ട്
മരിക്കുക ' എന്ന
ജോണ്‍ വെയ് നിന്റെ ഭീഷണിക്കു
മുന്നില്‍ അമ്മയെ പോലെ തോന്നിച്ച
സ്ത്രീയെ ബലാല്‍സംഗം ചെയ്തതിന്റെ
ഓര്‍മ്മ അതിലൊന്നാണ്.
'മോനെ,
നിന്നെപോലുള്ളവര്‍
അതിജീവിക്കുന്നതാണ് നല്ലത്
' എന്ന്
അവനെ സമാശ്വസിപ്പിച്ച ആ
അനുഭവത്തില്‍ ഒരു നിമിഷം
അതാസ്വദിച്ചു പോയതും അവനെ
വേട്ടയാടും. കര്‍മ്മം
കഴിഞ്ഞു ജോണ്‍ വെയ്ന്‍ പായിച്ച
വെടിയുണ്ട ചിതറിച്ചു കളഞ്ഞ
അവരുടെ മുഖത്ത് അപ്പോഴും
തെളിഞ്ഞു കണ്ട വാല്‍സല്യവും.
ഒരു ഘട്ടത്തില്‍
അവന്‍ സാക്ഷിയാവുന്ന ഒരു
നടുക്കുന്ന ദൃശ്യവും അവനു
മറക്കാനാവില്ല:
“ഒരു
കൂട്ടം സ്ത്രീകള്‍ മുനിഞ്ഞു
കത്തുന്ന ഒരു അഗ്നികുണ്ഡത്തിനരികില്‍
കൂനിക്കൂടിയിരിക്കുന്നത്
ഞങ്ങള്‍ കണ്ടു, കുട്ടിക്കാലത്തു
കേട്ട എല്ലാ മുത്തശ്ശിക്കഥകളിലും
ഒള്ള യക്ഷികളെപ്പോലെ...”
ഭക്ഷണം
പങ്കുവെക്കാമോ എന്ന ചോദ്യവുമായി
അടുത്തെത്തുമ്പോഴാനു ബീഭത്സമായ
ആ രംഗം അവന്‍ കാണുന്നത്:
“ഒരു കുഞ്ഞു
കൈയ്യില്‍ അവസാനിക്കുന്ന
കുഞ്ഞു കൈപ്പത്തികണ്ട് ഞാന്‍
പിറകോട്ടടിച്ചു, കുഞ്ഞു
തലയില്‍ രോമ വളര്‍ച്ചയുടെ
ആദ്യ സൂചനകളുണ്ടായിരുന്നു.
എന്റെ
ഞെട്ടലിന്റെയും മനം പിരട്ടലിന്റെയും
ഫലം തിരിച്ചറിയാന്‍ ആ
സ്ത്രീകള്‍ക്ക് ഒരു നിമിഷമേ
വേണ്ടിവന്നുള്ളൂ, ഞാന്‍
എന്റെ ഏ. കെ.
47 കൈയ്യില്‍
എടുത്തപ്പോഴേക്കും അവര്‍
ചിതറിയോടി, അപ്പോഴും
അവരുടെ ഭീകര വിഭവത്തിന്റെ
കഷണങ്ങള്‍ കടിച്ചെടുക്കാന്‍
മറക്കാതെത്തന്നെ. ഞാന്‍
ഒരു ക്ലിപ്പ് അവരുടെ നേരെ
കാലിയാക്കി, വൃദ്ധമായ
എല്ലുകളും ഓടിയുന്നതിന്റെയും
തളര്‍ന്ന മാംസം
നിശ്വസിക്കുന്നതിന്റെയുമിടയില്‍
എന്റെ പ്ലാറ്റൂണ്‍ അംഗങ്ങള്‍
എന്നെ ഉറക്കെ പ്രോത്സാഹിപ്പിച്ചു,
ഞാന്‍
എന്തിനാണ് ആ സ്ത്രീകളെ
കൊന്നുകൊണ്ടിരുന്നത് എന്നത്
അറിയാതെത്തന്നെ. കുഞ്ഞിന്റെ
തല അപ്പോഴും പിടിച്ചിട്ടുണ്ടായിരുന്ന
സ്ത്രീ വെടിയേറ്റ് വീണപ്പോള്‍
അതിന്റെ പിടിവിട്ടു,
അത് മണ്ണില്‍
വീണുരുണ്ട് എന്റെ ഭാഗത്തേക്ക്
വന്നു.
ഈ
കുഞ്ഞു മുഖമാണ്, കുറച്ചു
മാസങ്ങളായിക്കാണണം,
എന്നെ
വിശ്രമിക്കാന്‍ അനുവദിക്കാത്തത്"
വില്‍ഫ്രെഡ്
ഓവന്റെ സുപ്രസിദ്ധമായ കവിത
(The Strange Meeting)യേയും
കുറസോവയുടെ പ്രസിദ്ധമായ
ഡ്രീംസ് എന്ന ചിത്രത്തിലെ
'ദി
ടണല്‍' എന്ന
ഖണ്ഡത്തേയും ഒപ്പം പുരാണപ്രോക്തമായ
ആത്മാക്കളുടെ അധോലോകത്തെയും
ഓര്‍മ്മിപ്പിക്കുന്ന ഭ്രമാത്മക
അനുഭവങ്ങള്‍ വേറെയും അവന്‍
നേരിടുന്നുണ്ട്:
"നോക്കിയിരിക്കെ
പ്രേതരൂപികളായ സൈനികര്‍
ഒടിഞ്ഞ തലകളുമായി നടക്കുന്നത്
ഞാന്‍ കാണുന്നു, അവരുടെ
റൈഫിളുകള്‍ പിറകില്‍ കുറുകെ
കിടന്നു. ഒരു
സൈനികന്‍, ഒരു
പക്ഷെ പതിനാറു വയസ്സുണ്ടാവും,
വയറ്റില്‍
വെടിയേറ്റിട്ടുണ്ട്,
കശാപ്പുകാരന്റെ
ജനാലക്കല്‍ നിന്ന്
തൂക്കിയിട്ടിരിക്കുന്ന
സോസേജ് പോലെ അയാളുടെ കുടല്‍മാല
ഒരു ആഴ് ന്ന മുറിവിലൂടെ
വെളിയില്‍ ചാടി. അയാള്‍
വീഴുന്നു, ഞാന്‍
അയാളുടെ അടുത്തേക്ക് ഓടുന്നു,
പക്ഷെ
വെടിയുണ്ടകളുടെ തീമഴ എന്നെ
പിറകോട്ടടിപ്പിക്കുന്നു.
ഞാന്‍
പിന്തിരിയവേ, അവന്‍
വേച്ച് മുന്നോട്ടായുന്നത്
ഞാന്‍ കാണുന്നു, അവന്റെ
കുടല്‍ മാല വൃത്തിഹീനമായ ഒരു
കൂനയായി, ഒരു
കുഞ്ഞിനെയെന്ന പോലെ അവന്‍
കയ്യിലേന്തിയിട്ടുണ്ട്.
പിന്നെ
അവന്‍ ഓടാന്‍ തുടങ്ങുന്നു.
ഭ്രാന്തമായ,
വളഞ്ഞു
പുളഞ്ഞ ചുവടുകളോടെ അവന്‍
വീണ്ടും വീണ്ടും മണ്ണിലേക്ക്
തട്ടിമറിഞ്ഞു വീഴുന്നു,
എങ്കിലും
ഓരോ തവണയും എണീക്കുന്നു.
വെടിവെപ്പ്
നിലക്കുന്നു, ആ
തീ ഒരു ഭീകരമായ തോന്നലാണെന്നും
എനിക്ക് നേരെയല്ല അതെന്നും
ഞാന്‍ മനസ്സിലാക്കുന്നു.
പ്രേതങ്ങള്‍
പരസ്പരം നിറയൊഴിക്കുകയാണ്
- ഒരു
വശത്തു റിബലുകള്‍,
മറുവശത്തു
ഫെഡറലുകള്‍. എന്നാല്‍
പിന്നീട് എല്ലാവരും വെടിവെപ്പ്
നിര്‍ത്തി കുട്ടിയെ ശ്രദ്ധിക്കുന്നു;
ശത്രു പോലും.
ഇരുപതടിയോളം
മുന്നോട്ടു പോയി അവന്‍
നില്‍ക്കുന്നു, പിന്നെ
സാവധാനം മണ്ണിലേക്ക് കുമിയുന്നു.
അവന്റെ
പിറകുവശം ഭയം കൊണ്ട്
കുതിര്‍ന്നിട്ടുണ്ട്,
എന്നാലും
ഇപ്പോഴും അവന്‍ തന്റെ
ആന്തരാവയവങ്ങള്‍ കൈകളില്‍
താങ്ങിയിട്ടുണ്ട്. വായ
തുറന്നു പിടിച്ചു അവന്‍
മരിക്കുന്നു. അതില്‍
വീരോചിതമായി ഒന്നുമില്ല.
….. ഞാന്‍
കണ്ട രൂപങ്ങള്‍ ഉണ്മ തന്നെയോ
എന്ന് , തണുപ്പില്‍
വിറച്ച് ഞാന്‍ സ്വയം
തര്‍ക്കിക്കുന്നു. ഈ
സ്ഥലത്ത് എന്തും സാധ്യമാണ്.
ഇവിടെ
ഞങ്ങളുടെ വിശ്വാസപ്രകാരം,
ഒരാള്‍
പൊടുന്നനെ ഒരു ഭീകര രീതിയില്‍
മരിച്ചാല്‍, ആത്മാവ്
അങ്കലാപ്പോടെ ശരീരം തേടി
നടക്കും. അങ്കലാപ്പോടെ,
കാരണം
അവക്കറിയില്ല മരിച്ചു കഴിഞ്ഞു
എന്ന്. അതെനിക്കറിയാമായിരുന്നു.
പരമ്പരാഗതമായി
ഒരു താന്ത്രികന് അത്തരം ഒരു
ആത്മാവിനെ അടക്കി പരലോകത്തേക്കു
അയക്കാനാവും. ഇപ്പോള്‍
പക്ഷെ നാട് മുഴുവന്‍ അത്തരം
ആത്മാക്കളാണ്, താന്ത്രികര്‍
സൈന്യത്തിലും.”
ഓര്‍മ്മകളുടെ
സെമിത്തേരി
ഓര്‍മ്മകളെ
കയ്യില്‍ അടയാളപ്പെടുത്തിയ
സെമിത്തേരിയായി അവന്‍ കൊണ്ട്
നടക്കുന്നുണ്ട്.:
“സിഗരെറ്റിന്റെ
മങ്ങിയ തിളക്കത്തില്‍ എന്റെ
കൈപ്പത്തിയിലെ കുരിശടയാളങ്ങള്‍
അവയെന്താണോ അതായിത്തന്നെ
കാണപ്പെട്ടു : എന്റെ
സ്വന്തം വൈയക്തിക സെമിത്തേരി...
ഓരോന്നും
യുദ്ധത്തില്‍ മരിച്ച ഓരോ
പ്രിയപ്പെട്ടവര്‍ക്ക്,
ഒന്നുരണ്ടെണ്ണം
അതിനു മുമ്പുള്ള ചിലര്‍ക്കും.
ആദ്യത്തേത്
ഞാന്‍ കോറിവരച്ചത് എന്റെ
മുത്തച്ഛന്‍ മരിച്ചപ്പോഴായിരുന്നു;
രണ്ടാമത്തേത്
അച്ഛന്‍ മരിച്ചപ്പോഴും,
അദ്ദേഹത്തിന്റെ
ചേലാകര്‍മ്മക്കത്തി ഉപയോഗിച്ച്
കൊണ്ട്. ഇമാമും
ചേലാകര്‍മ്മക്കാരനുമായ എന്റെ
പിതാവ് ഒരു മുസ്ലിം ആയി,
അവരുടെ
ആചാര്യനായി വടക്കോട്ട്
പോവുന്നതിലൂടെ തന്റെ ജനതയെ
വഞ്ചിച്ചു എന്നായിരുന്നു
സംസാരം. അതൊക്കെ
വെറുപ്പ് തുടങ്ങുന്നതിനു
മുമ്പായിരുന്നു. മൂന്നാമത്തെ
മുറിവ് എന്റെ അമ്മക്ക് വേണ്ടി,
യുദ്ധത്തിലേക്ക്
നയിച്ച കുഴപ്പങ്ങളുടെ
തുടക്കത്തിലാണ് അവര്‍ മരിച്ചത്.
ബാക്കിയുള്ളവ
യുദ്ധത്തിനിടെയാണ് ഞാന്‍
ഉണ്ടാക്കിയത്. സുഹൃത്തുക്കള്‍,
സൈന്യത്തിലെ
സഖാക്കള്‍. ഇതാ
ഇപ്പോള്‍ ഒരെണ്ണം നെബുവിനു
വേണ്ടി, മൊത്തം
ഇരുപതായി. പതിനെട്ടെണ്ണം
ഞാന്‍ പറഞ്ഞ പോലെ സുഹൃത്തുക്കള്‍ക്കും
ബന്ധുക്കള്‍ക്കുമായി,
രണ്ടെണ്ണം
അപരിചിതര്‍ക്ക്. ഒന്ന്
ഞാന്‍ ആകസ്മികമായി വെടിവെച്ചു
കൊന്ന ഏഴു വയസ്സുകാരിക്ക്,
മറ്റൊന്ന്
എന്റെ സ്വപ്നങ്ങളെ ഇപ്പോഴും
മഥിക്കുന്ന ആ തലയുടെ ഉടമയായ
കുഞ്ഞിന്.''
പിന്നീടൊരിക്കല്‍
വിശപ്പിനുള്ള വഴിയായി മഴയുടെ
വഴുക്കലില്‍ തടഞ്ഞു വീണ ഒരു
കുരങ്ങനെ പാചകം ചെയ്ത
കൂട്ടുകാരോടൊപ്പം അവനു
കൂടാനാവാത്തത്, അത്
ആ കുഞ്ഞിനേയും ഒരു പള്ളിയില്‍
വെച്ച് അവര്‍ കൊന്നുകളഞ്ഞ
കുടുംബത്തിലെ മറ്റൊരു
കുഞ്ഞിനേയും ഓര്‍മ്മിപ്പിക്കുന്നത്
കൊണ്ടാണ്. ഇതിനു
മറുവശമായി അവന്‍ ആസ്വദിച്ച
കൊലകളും ഉണ്ട്:
"ഞാന്‍
എന്റെ വലതു മുന്‍കൈ തിരിക്കുന്നു.
അവിടെ ആറു
X-ചിഹ്നങ്ങള്‍
കൊത്തിവെച്ചിട്ടുണ്ട്:
ഞാന്‍
ആസ്വദിച്ച ആറു കൊലകള്‍ക്ക്.
ഞാനവ തടവുന്നു:
എന്റെ
രണ്ടാനച്ചനായിത്തീര്‍ന്ന
അമ്മാവന്, കുഞ്ഞിനെ
തിന്നുന്നതായി ഞാന്‍ കണ്ട
ആ കിഴവികള്‍ക്ക്, ഞങ്ങളെ
സൈന്യത്തില്‍ ചേര്‍ക്കുകയും
ഞങ്ങളുടെ കഴുത്തു മുറിക്കലിനും
ആദ്യ മൂന്നു മാസത്തെ പരിശീലനത്തിനും
മേല്‍നോട്ടം വഹിച്ച ജോണ്
വെയ് നിന് - ഞങ്ങളെ
മൃഗങ്ങളാക്കാന്‍ കച്ചകെട്ടിയിറങ്ങിയവന്
- ഒടുവില്‍
ഞാന്‍ കൊന്നവന്"
നിഷ്
കളങ്കത എന്ന മിത്ത്
നിഷ്
കളങ്കതയുടെ പ്രതീകങ്ങള്‍
ഒന്നുമല്ല സൈന്യത്തില്‍
എത്തിപ്പെടുന്ന കുട്ടികള്‍
എന്ന് മൈ ലക്ക് സ്വയം
സാക്ഷ്യപ്പെടുത്തുന്നുണ്ട്:
''ഞങ്ങള്‍
ഈ യുദ്ധത്തിലെ അത്ര നല്ല
നിഷ്കളങ്കര്‍ ആണെങ്കില്‍
ഞങ്ങള്‍ നടമാടിക്കൊണ്ടിരിക്കുന്ന
ഈ ദുഷ്ടതകളൊക്കെ എവിടുന്ന്
പഠിച്ചു? റിബല്‍
ബാല സൈനികര്‍ ശത്രുക്കളുടെ
ചെവികളും വിരലുകളും കാല്‍വിരലുകളും
മുറിച്ചു മാറ്റി ഓര്‍മ്മവസ്തുക്കളായി
തകരപ്പാട്ടകളില്‍ സൂക്ഷിച്ചു
വെക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
… സ് ഖലന
മൊഴിച്ചു മറ്റെന്തിനെക്കാളും
ആസ്വാദ്യകരമായ ഒരേയൊരു
കാര്യമായി കൊലകള്‍ ആസ്വദിക്കാന്‍
ആരാണ് എന്നെ പഠിപ്പിച്ചത്?
മരണം എങ്ങനെയാണ്
കൊടുക്കുന്നത് എന്നത് പ്രധാനമല്ല
– ശരീരം തുളച്ചു പായുന്ന
വെടിയുണ്ട, ഒരു
ബയനറ്റിനു ചുറ്റും കൊഴുത്ത
മാംസത്തിന്റെ ഉറിഞ്ചില്‍,
കനത്ത
പ്രഹരത്തില്‍ കുഴിഞ്ഞു താഴ്
ന്നുള്ള പൊടിഞ്ഞു തകരല്‍ -
ഏതായാലും
സന്തോഷം ഒന്ന് തന്നെ,
ആവശ്യമായത്
ആ നിമിഷത്തിലുള്ള, ആ
പ്രവര്‍ത്തിയിലുള്ള പൂര്‍ണ്ണമായ
കേന്ദ്രീകരണം തന്നെ.”
ഈ തിരിച്ചറിവ്
തന്നെയും അവന്റെ മാനവികതയുടെ
ചിഹ്നവുമാണ്. ''കഴിഞ്ഞ
മൂന്നു കൊല്ലത്തിനിടെ ഞാന്‍
പലരെയും കൊന്നിട്ടുണ്ട്.
പാതി പേരും
നിരപരാധികള്‍, അതില്‍
പാതി നിരായുധര്‍ - ചില
കൊലകള്‍ സന്തോഷകരവും ആയിരുന്നു.
എന്നാല്‍
ഇതൊക്കെയുണ്ടെങ്കിലും,
ദൈവത്തിനു
പോലും മാപ്പുതരാനാവാത്ത ചില
കുറ്റങ്ങള്‍ ഉണ്ടെന്ന അറിവിലും,
ഓരോ രാത്രിയിലും
എന്റെ ആകാശം മുഴുവന്‍
നക്ഷത്രങ്ങളാണ്; രാവിനു
വേണ്ടിയുള്ള ഒരു മനോഹര ഗീതം
''. പ്രണയത്തിന്റെയും
ഇനിയും വറ്റിപ്പോകാത്ത
മാനവികതയുടെ സ്ഫുരണങ്ങള്‍
തന്നിലുണ്ട് എന്ന
ഓര്‍മ്മപ്പെടുത്തലിന്റെയും
സാക്ഷ്യമായി ഒരു കൊല്ലം മുമ്പേ
പൊലിഞ്ഞു പോയ, ദുരന്തപൂര്‍ണ്ണമായ
വിരുദ്ധോക്തിയില്‍ ഇബോ
ഭാഷയില്‍ നല്ല ജീവിതമെന്നര്‍ത്ഥമുള്ള
'ഇയോമ'യെന്ന
പതിനാലുകാരിയും ഇബോ,
മുസ്ലിം
വിരുദ്ധ കലാപ നാളുകളില്‍,
ഒരു തരം
മൌലിക വാദത്തെയും അംഗീകരിക്കാത്ത
യോഗിവര്യനെ ഒരു വിഭാഗം
മനുഷ്യര്‍ക്കും സഹിക്കാനാവില്ല
എന്ന കാരണത്താല്‍ കൊല്ലപ്പെട്ട
അച്ഛനും, ഇളയച്ഛന്റെ
ക്രൂരതകളില്‍ നിന്ന് തള്ളക്കോഴി
കുഞ്ഞിനെയെന്ന പോലെ തന്നെ
സംരക്ഷിച്ചു വന്ന അമ്മയുമൊക്കെ
ആ നക്ഷത്ര രാജികളില്‍ ഉണ്ട്.
ഏഴു വയസ്സുകാരിയെ
വൈകൃതപൂര്‍ണ്ണമായ ലൈംഗിക
വിശപ്പിനുള്ള ഇരയാക്കാന്‍
ചുണ്ട് നനക്കുന്ന ജോണ്‍ വെയ്
നിനെ വെടിവെച്ചു കൊല്ലുന്നതും
ഇപ്പോഴും ശേഷിക്കുന്ന
മാനവികതയുടെ സ്വാധീനം കൊണ്ടാണ്.
അത്
തിരിച്ചറിയുന്ന ഇയോമ,
ആദ്യ വേഴ്ചയുടെ
നാളില്‍ത്തന്നെ അവനോടു
പറയുന്നുണ്ട്: "നീ
ഇനി യുദ്ധം ചെയ്യുന്നത്
അവസാനിപ്പിക്കണം.”
അവളുടെ
സമര്‍പ്പണം കൂടി ഓര്‍ത്തുകൊണ്ടാണ്
അവന്‍ ജീവിതത്തെ കുറിച്ച
തന്റെ തിരിച്ചറിവിലേക്ക്
എത്തുക: “ ചിലരുണ്ട്
സ്നേഹം നല്‍കുന്നവരായി,
മറ്റു
ചിലരുണ്ട് സ്നേഹം എടുക്കുന്നവരായും.
നല്‍കുന്നവര്‍ക്ക്
നല്കാതിരിക്കാനാവില്ല,
എടുക്കുന്നവര്‍ക്ക്
എടുക്കാതിരിക്കാനും.
ഒരു പക്ഷെ
അതായിരിക്കാം ലോകത്തെ
സമതുലിതമാക്കി നിര്‍ത്തുന്നത്.”
ഇയോമയുമായി
ഭ്രാന്തമായ വേഴ്ച്ചകളില്‍
ഏര്‍പ്പെട്ടു വന്നതിനെ
കുറിച്ച് അവന്‍ നിരീക്ഷിക്കുന്നതും
അതാണ്: ആ
ഭീകരതള്‍ക്കെല്ലാം ഇടയിലും
ഞങ്ങള്‍ അത് ചെയ്തത് സ്നേഹം
അപ്പോഴും നിലനില്‍ക്കുന്നുണ്ട്
എന്ന് ഉറപ്പു വരുത്താനാണ്.
എന്തിനു
വേണ്ടിയാണ് യുദ്ധമെന്ന്
എല്ലാവരും മറന്നുപോയിരിക്കുന്നുവെന്നും
ഇപ്പോള്‍ അതിജീവിക്കുക
എന്നാല്‍ ഇതാണ് വഴിയെന്നും
വന്നു ചേര്‍ന്നിരിക്കെ,
ഇത്തരം
സ്വയം ബോധ്യപ്പെടുത്തല്‍
പ്രധാനമാണെന്ന് അവര്‍
തിരിച്ചറിയുന്നു.
പജ്ഞരങ്ങളിലെ
ചിലന്തിവലകള്‍
ബീഭത്സതയുടെ
മദ്ധ്യേ വിചിത്ര സൌന്ദര്യം
കണ്ടെത്തുന്ന (macabre beauty)
അബാനിയുടെ
രീതി ഒരേ സമയം സാഹചര്യങ്ങളുടെ
രക്ഷപ്പെടാനാവാത്ത നിസ്സഹായതയുടെയും
ഏതു ശിഥിലീകരണത്തിനിടയിലും
ഒരു ചീള് വെളിച്ചം കണ്ടെത്താന്‍
വെമ്പുന്ന പ്രതീക്ഷയുടെയും
കുതറിപ്പിടച്ചിലാവാം.
ഈ വൈരുധ്യം
ഏറ്റം തെളിഞ്ഞു നില്‍ക്കുന്ന
രംഗങ്ങള്‍ നോവലില്‍ കടന്നു
വരുന്നുണ്ട്: “ഇതൊരു
പ്രശാന്തമായ പ്രഭാതമാണ്.
വെടിയൊച്ചകളില്ല,
ഉള്ളത്
പക്ഷികളുടെ പാട്ടും വിശാലപ്രകൃതിയും
മാത്രം. നദിയുടെ
താഴെയായി ഞാന്‍ നില്‍ക്കുന്ന
കാടിന്റെ അറ്റത്ത് പുല്ല്
പച്ചപ്പായലിന്റെ പരവതാനി
പോലെ ഒഴുകുന്നു. എന്നാല്‍
പെട്ടെന്ന് യുദ്ധം അധിനിവേശം
നടത്തുന്നു: പുഴയിലൂടെ
ഒരു ബീഭത്സമായ വള്ളംകളി പോലെ
ഒരു കൂട്ടം ജഡങ്ങള്‍ ഒഴുകി
വരുന്നു. ചങ്ങാടങ്ങളെന്നപോലെഅവയില്‍
യാത്ര ചെയ്തു കൊണ്ട്,
അതെ സമയം
പ്രാതലാക്കിക്കൊണ്ടും,
ഒരു കൂടം
കഴുകന്മാര്‍. .. അവ
ഒരു കുരുതിയിടത്തില്‍ നിന്ന്
ഒഴുകിവരികയാണ്- ജഡങ്ങളുടെ
എണ്ണം പരിഗണിക്കുമ്പോള്‍
മിക്കവാറും ഒരു പട്ടണം.”
അവ നോക്കിനില്‍ക്കെ
അവന്‍ മുത്തച്ഛന്റെ വാക്കുകള്‍
ഓര്‍മ്മിക്കുന്നു :ജീവിതവും
മരണവും ഈ നദി പോലെയാണ്.
നദിയെ തടഞ്ഞു
നിര്‍ത്താനോ, അതിന്റെ
ഗതി മാറ്റനോ ശ്രമിക്കാത്തേടത്തോളം
നിനക്കതില്‍ ഇഷ്ടം പോലെ യാത്ര
ചെയ്യാം. യുദ്ധം
വരുത്തിവെക്കുന്ന ശേഷിപ്പുകള്‍,
അപ്പോഴും
ജ്വലിക്കുന്ന ജീവിതാശയുടെയും
പ്രതീകങ്ങളായിത്തീരുന്നുണ്ട്
നോവലിലെങ്ങും: ബി.
ബി.
സി.യില്‍
അവന്‍ കണ്ട ഒറ്റക്കാലില്‍
നൃത്തം ചെയ്യുന്ന കോംഗോക്കാരി
പെണ്‍കുട്ടിയെപ്പോലെ,
പുറത്തു
ചാടിയ കുടല്‍ മാലയുമായി
ഓടിപ്പോവുന്ന കൌമാരക്കാരനെപ്പോലെ.
“ഒരിക്കല്‍
ഞാന്‍ കണ്ട ഒരു കൂട്ടത്തെ
ഞാന്‍ ഓര്‍ക്കുന്നു.
കൈകളോ കാലുകളോ
അഥവാ രണ്ടും തന്നെയോ ഇല്ലാത്ത
കുട്ടികള്‍, മുഖത്തിന്റെ
പാതിമാത്രമുള്ള പുര്‍ഷന്മാര്‍,
മുലകളുടെ
സ്ഥാനത്ത് വെടിച്ചീളുകള്‍
അരിഞ്ഞു വ്വീഴ്ത്തിയ പാടുകള്‍
മാത്രമുള്ള സ്ത്രീകള്‍ -
അവരെല്ലാം
അവരുടെ കണ്ണുകളില്‍ ജ്വരം
പോലെയെരിഞ്ഞ പ്രതീക്ഷയിലും
ജീവിതാസക്തിയിലും
അള്ളിപ്പിടിക്കുന്നു.”
എന്നാല്‍,
ഹൃദയം
കിടുപ്പിക്കുന്ന
സൗന്ദര്യനിരീക്ഷണങ്ങളില്‍
ഏറ്റവും തീക്ഷ്ണമായത്
തുടര്‍ന്നൊരു ഭാഗത്താണ്.
തന്നെ ഏതോ
ആത്മാവുകള്‍ കാലം നിശ്ചലമായിപ്പോവുന്ന
ഈ ഇടത്തില്‍ പിടിച്ചു
വെച്ചിരിക്കയാണോ എന്ന് അവന്‍
അത്ഭുതപ്പെടുന്നു. “ഒരു
കൊക്ക് എനിക്കടുത്തു
പറന്നിറങ്ങുന്നു, അതെന്നെ
സസൂക്ഷ്മം നിരീക്ഷിക്കുന്നു.
പുഴക്ക്
കുറുകെ നനുത്ത കാറ്റടിക്കുന്നതായി
അനുഭവപ്പെട്ടു ഞാന്‍
എത്തിനോക്കുന്നു. അതിവേഗം
ഒരു വള്ളം കടന്നു പോകുന്നു,
അത് നയിക്കുന്നത്
ഒരു അസ്ഥിപജ്ഞരമാണ്.
അലറിവിളിക്കാനുള്ള
പ്രവണത അടക്കി നിര്‍ത്തി
ഞാന്‍ വിറക്കുന്നു.
വഞ്ചി
പച്ചയും വെള്ളയുമായ വള്ളിക്കുടിലില്‍
വളരുന്ന ലില്ലികള്‍ക്കിടയില്‍
കുരുങ്ങിപ്പോവുന്നു,
തിരയേറ്റം
അതിനെ വലിക്കുന്നുണ്ടെലും
എനിക്കറിയാം, ലില്ലിപ്പൂക്കള്‍
അവയുടെ വെളുത്ത തലകള്‍ അതെ
സമയം ആട്ടുന്നത് കൊണ്ട് വഞ്ചി
വേറിട്ടുപോകില്ല.
അസ്ഥിപജ്ഞരം
വഞ്ചിയുടെ താളത്തിനൊപ്പം
മുന്നോട്ടും പിന്നോട്ടും
ആയുന്നു, അതെന്നെ
ഒരു സ്വിസ് ഘടികാരത്തിന്
മേലുള്ള സങ്കീര്‍ണ്ണമായ
തോരണങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.
അതിന്റെ
എലുമ്പന്‍ കൈയ്യിനും ശൂന്യമായ
നെഞ്ചിന്‍ കൂടിനും ഇടയില്‍
ഒരു ചിലന്തിവലയുണ്ട്.
അത്
മനോഹരമായിരുന്നു, അത്
അന്തി വെയിലില്‍ തിളങ്ങിനിന്നു.
ഈ ആത്മാവ്
എത്ര കാലമായി നട്ടം തിരിയുന്നുവെന്നു
ഞാന്‍ അത്ഭുതപ്പെട്ടു,
ഒപ്പം
ചിലന്തിവല എന്നെ മുഗ്ദ്ധനാക്കുകയും
ചെയ്തു.”
മോക്ഷത്തിന്റെ
പുനര്‍ജ്ജനി
നദിയില്‍
ഒഴുകുന്ന പ്രേതങ്ങളെ ചൂണ്ടയിട്ടു
കരക്കടുപ്പിച്ചു അവയില്‍
നിന്ന് വിലയുള്ളതെല്ലാം
മോഷ്ടിക്കുന്ന സ്ത്രീ,
ഒരു പ്രേതത്തെ
കണ്ടപോലെ അവനെ കാണുമ്പോള്‍
കുരിശു വരക്കുകയും വിശ്വാസപ്രകാരം
തുപ്പുകയും 'തൂഫിയ!”എന്ന
രക്ഷാമാന്ത്രം ഉരുവിടുകയും
ചെയുന്നുണ്ട്. സമാനമായ
വേറെയും അനുഭവങ്ങള്‍ അവന്‍
നേരിടുന്നു. സ്വപ്ന
പ്രത്യക്ഷമായ ഇയോമ അവനോടു
പറയുന്നുണ്ട്; "മൈ
ലക്ക്, എന്റെ
പ്രിയനേ, നീ
സ്വപ്നം കാണുകയാണ്.
ഇതൊക്കെ
ഓര്‍മ്മകളാണ്. നമുക്ക്
ഇവിടം വിടാന്‍ കഴിയും മുമ്പ്,
നമുക്ക്
നമ്മുടെ ഇരുട്ടിനെ പുനര്‍
ജീവിക്കുകയും സ്വതന്ത്രമാക്കുകയും
ചെയ്യേണ്ടതുണ്ട്...എനിക്കറിയില്ല
അവള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന്.
ഞാന്‍
മരിക്കാന്‍ പോവുകയാണ് എന്നാണോ?
അതോ ഞാന്‍
മരിച്ചു കഴിഞ്ഞു എന്നോ?..”
കൂടെയുണ്ടായിരുന്ന
പന്ത്രണ്ടു പേരെ ഓര്‍മ്മയില്‍
ഒരു റോള്‍ കാള്‍ എടുക്കാന്‍
അവന്‍ നടത്തുന്ന ശ്രമങ്ങളില്‍
നാലോ അഞ്ചോ പേരെ മാത്രമേ അവനു
ഓര്‍ത്തെടുക്കാന്‍ ആവുന്നുള്ളൂ.
മറ്റൊരിക്കല്‍
നദിയിലൊഴുകുന്ന പ്രേതങ്ങള്‍
വിചിത്രമായ ഒരു നൃത്തത്തില്‍
ഏര്‍പ്പെടുന്നതായി അവനു
തോന്നുന്നു: "മൃദ
ദേഹങ്ങള്‍ ജലത്തിന്റെ
പെട്ടെന്നുള്ള തിരയിളക്കത്തില്‍
വിമുഖരായ നര്‍ത്തകരുടെ കൂട്ടം
പോലെ പരസ്പരം കൂട്ടിയിടിക്കുന്നു,
അവ വന്ന
ഭാഗത്തേക്ക് മടിച്ചു മടിച്ചു
നൃത്തച്ചുവടുകള്‍ വെക്കുന്നു.
പ്രേതങ്ങള്‍
എന്നെ കളിയാക്കുന്നതായിത്തോന്നി.
അവ പറയുന്ന
പോലെ, വിഷമിക്കേണ്ട,
നീയും
ഉടനെത്തന്നെ ഞങ്ങളില്‍
ഒരാളാവും, നീയുമീ
നൃത്തത്തില്‍ പങ്കാളിയാവും."
ഒടുവില്‍
പുഴയുടെ മറുകരെ മൈന്‍ പൊട്ടി
മരിച്ച നെബു ഉള്‍പ്പടെ തന്റെ
പ്ലറ്റൂണിലെ എല്ലാവരെയും
അവന്‍ കാണുന്നുമുണ്ട്.
എന്നാല്‍
അവന്റെ അലര്‍ച്ച അവര്‍
കേള്‍ക്കുകയോ അവര്‍ അവനെ
കാണുകയോ ചെയ്യുന്നില്ല.
മരണത്തിനപ്പുറത്തെ
അതീത ലോകത്തിലേക്ക് പുനര്‍ജ്ജനിയുടെ
പുഴയെന്ന പ്രാചീന സങ്കല്പം
നോവലില്‍ പലതവണ സൂചിതമാവുന്നുണ്ട്.
മുമ്പൊരിക്കല്‍,
കന്യാമാതാവിന്റെ
മുന്നില്‍ മുട്ടുകുത്തി
പ്രാര്‍ഥിക്കുന്ന അമ്മയോടൊപ്പം
നില്‍ക്കെ, മരണത്തെ
സുന്ദരിയായ സ്ത്രീയായിക്കണ്ടത്
അവന്‍ ഓര്‍ക്കുന്നുണ്ട്:
“ഞാന്‍
തിരിച്ചറിഞ്ഞു അവര്‍ക്ക്
മരണത്തെ കാണാനാവുന്നുണ്ടെന്ന്,
ഒപ്പം
എനിക്കും. അത്
അരിവാളുമായി നില്‍ക്കുന്ന
ഒരു വൃത്തികെട്ട അസ്ഥിപജ്ഞരം
ആയിരുന്നില്ല – മരണം ഒരു
സുന്ദരിയായ സ്ത്രീയാണ്,
കണ്ണുകള്‍
പ്രഭാത മഞ്ഞു കൊണ്ട് പേലവമായി,
ചുണ്ടുകള്‍
ഏറ്റവും വിശാദഭരിതമായ
പുഞ്ചിരിയില്‍ പിറകോട്ടു
വലിഞ്ഞ്, തന്റെ
ഭര്‍ത്താവിന് വേണ്ടി ഒരു
അള്‍ത്താരയില്‍ പ്രാര്‍ഥനാനിരതയായി.”
മരണത്തെ
സ്വന്തം അമ്മയുമായി ഇങ്ങനെ
കണ്ണി ചേര്‍ക്കുന്നതിന്റെ
പൊരുള്‍ പൂര്‍ണ്ണമായും
വെളിവാകുക നോവലിന്റെ ഒടുവിലാണ്.
'വീട്
ഹൃദയത്തോട് മുഷ്ടിയായ്
ചേര്‍ത്ത കൈപ്പത്തിയാണ് '
എന്ന അവസാന
അദ്ധ്യായം ഇങ്ങനെയാണ്
അവസാനിക്കുക:
“എന്റെ
അമ്മ എന്റെ നേരെ നോക്കി കൈകള്‍
വിടര്‍ത്തുന്നു. ഞാന്‍
അവയിലേക്ക് തടഞ്ഞു വീഴുന്നു,
അവര്‍ എന്റെ
പുറത്തു തലോടുന്നു.
“മൈ
ലക്ക്, മൈ
ലക്ക്" അവര്‍
പറയുന്നു. “നീ
വീടെത്തി.”
ഞാന്‍
പുറകോട്ടു മാറി അവരുടെ നേരെ
നോക്കുന്നു. ഞാന്‍
ഇതൊക്കെ മനസ്സിലാക്കിയെടുക്കാന്‍
ശ്രമിക്കുകയാണ്,
ചിന്തിക്കാന്‍,
പക്ഷെ എനിക്ക്
മനസ്സ് കേന്ദ്രീകരിക്കാന്‍
കഴിയുന്നില്ല.
“അമ്മേ,”
ഞാന്‍
വിളിക്കുന്നു. എന്റെ
ശബ്ദം തിരിച്ചെത്തിയിരിക്കുന്നു"
പഞ്ചേന്ത്രിയ
ബോധ്യമായ ലോകത്ത് സാധിക്കാനാവാത്ത
ഈ പുന സമാഗമത്തിന്റെ നിമിഷത്തിലാണ്
ഏറെ വ്യത്യസ്തമായ ഒരു പ്രേത
കഥ കൂടിയാണ് നാം വായിച്ചു
കൊണ്ടിരുന്നത് എന്ന് സുനിശ്ചിതമായി
വായനക്കാരന് ബോധ്യമാവുക.
സമൂഹത്തിന്റെ
ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടവരുടെ
കഥകളാണ് വിട്ടുവീഴ്ചയില്ലാത്ത
തീക്ഷ്ണതയോടെ അബാനി തന്റെ
കൃതികള്‍ക്ക് വിഷയമാക്കുന്നത്.
തന്റെ
പേരിന്റെ യഥാര്‍ത്ഥ ഉടമയായ
വിഖ്യാത ഗായകനെ അനുകരിക്കുന്നതിലൂടെ
ലാഗോസിലെ ചേരികളില്‍ നിന്ന്
രക്ഷപ്പെടാന്‍ ശ്രമിക്കുന്ന
എല്‍വിസ് എന്ന കൗമാരക്കാരനെപ്പിന്തുടരുന്ന
'ഗ്രേസ്
ലാന്‍ഡ് ', തുടര്‍ച്ചയായി
മൃഗീയ പീഡനത്തിനു വിധേയയാവുന്ന
അബിഗേയ്ല്‍ എന്ന പെണ്‍കുട്ടിയുടെ
കഥ പറയുന്ന 'ബികമിംഗ്
അബിഗേയ്ല്‍', 9/11-ന്നു
ശേഷമുള്ള സമാധാന ത്വരയുടെയും
ഉത്കണ്ഠകളുടെയും പശ്ചാത്തലത്തില്‍
കിഴക്കന്‍ ലോസ് ഏഞ്ചലസിലെ
കടുത്ത സാഹചര്യങ്ങളില്‍
അതിജീവിക്കുന്ന ബ്ലാക്ക്
എന്ന മ്യൂറല്‍ ആര്‍ടിസ്റ്റിന്റെ
ജീവിതം പകര്‍ത്തുന്ന 'ദി
വിര്‍ജിന്‍ ഓഫ് ഫ്ലെയിംസ്'
തുടങ്ങിയ
കൃതികളിലൊക്കെ അബാനി ഈ രീതി
പിന്തുടരുന്നുണ്ടെന്നു
സാമാന്യമായി പറയാം.
2008-ല്‍
വിഖ്യാതമായ പെന്‍ ഓപ്പന്‍
ബുക്ക് പുരസ്ക്കാരം നേടിയ
'സോംഗ്
ഫോര്‍ നൈറ്റ് ' എന്ന
കൃതിയെ കുറിച്ചും ഈ നിരീക്ഷണം
സാധുവാണ്.
(മലയാളം വാരിക, 2016, ഫെബ്രുവരി, 12)
(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 97-106)
To purchase, contact
ph.no: 8086126024
More by Chris Abani: