സിംബാബ്‌വേ സ്വദേശിയായ നോ വയലറ്റ് ബുലാവായോ പുതുതലമുറ
പ്രവാസി ആഫ്രിക്കന്‍ എഴുത്തുകാരില്‍ പ്രമുഖയാണ്. കെയ്ന്‍ പ്രൈസ്, എറ്റിസലാത്ത്
സാഹിത്യ പുരസ്കാരം, ഹെമിംഗ്വേ/ പെന്‍പ്രൈസ് തുടങ്ങിയ വിഖ്യാ പുരസ്കാരങ്ങള്‍ നേടുകയും മാന്‍ബുക്കര്‍
പുരസ്കാരത്തിന്റെ അന്തിമലിസ്റ്റില്‍ (2013) ഇടംപിടിക്കുകയും
ചെയ്ത കൃതിയാണ് അവരുടെ പ്രഥമനോവല്‍. മാന്‍ബുക്കറിനു
ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ കറുത്തവര്ഗ്ഗക്കാരിയും ആഫ്രിക്കക്കാരിയും
സിംബാബ്‌വേക്കാരിയുമെന്ന ബഹുമതിയാണ് ഇതോടെ യുവനോവലിസ്റ്റ് സ്വന്തമാക്കിയത്. നേതൃത്വത്തിന്റെ പരാജയം കാരണം എല്ലാം ശിഥിലമാകുന്ന തന്റെ നാടിനെകുറിച്ച് 'നമുക്ക് പുതിയ പേരുകള്‍ വേണം' എന്ന്
എഴുതുമ്പോള്‍ എന്താണ് ഉദ്ദേശിച്ചതെന്നു ഒരഭിമുഖത്തില്‍ എഴുത്തുകാരിന്‍
വ്യക്തമാക്കുന്നുണ്ട്. "ഞങ്ങള്‍ക്ക് കാര്യങ്ങളെ കാണാന്‍ .. കാര്യങ്ങള്‍ ചെയ്യാന്‍ പുതിയ രീതികള്‍ ആവശ്യമായിരുന്നു, ഞങ്ങള്‍ക്ക് പുതിയ നേതൃത്വം വേണമായിരുന്നു. അടിസ്ഥാനപരമായി
അതൊരു പുതുക്കലിനുള്ള അന്വേഷണമായിരുന്നു. എന്നാല്‍ അത്
സിംബാബ്‌വേയില്‍ മാത്രം ഒതുങ്ങേണ്ടതല്ല. അത് എല്ലാ
അതിരുകള്‍ക്കും അപ്പുറത്തേക്ക് വിവര്‍ത്തനം ചെയ്യാമെന്ന് ഞാന്‍ കരുതുന്നു."
മനസ്സിലാവായ്കയുടെ നാനാര്‍ത്ഥങ്ങള്‍
തനിക്കു മുഴുവനായി മനസ്സിലാകാത്ത രീതിയില്‍ നാട്ടില്‍
സംഭവിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹിക കാലുഷ്യങ്ങള്‍ക്കിടയില്‍ ചേരി നിര്‍മ്മാര്‍ജ്ജനത്തിന്റെ
ചേക്കയിട നഷ്ടവും ദാരിദ്യവും അരക്ഷിതാവസ്ഥയും അനുഭവിക്കുന്ന കൂട്ടുകാരോടൊപ്പം
വിശപ്പകറ്റാനും ബാലകൌതുകങ്ങളുടെ സാഹസങ്ങള്‍ തേടിയും വെള്ളക്കാരായ ഭൂവുടമകളുടെ
ഫാമുകളില്‍ കയറി അടക്കാപ്പഴം മോഷ്ടിച്ചു കഴിച്ചും മുതിര്‍ന്നവരെ അനുകരിക്കുന്ന
കളികളില്‍ അപകടകരമായി വ്യാപരിച്ചും കുട്ടിക്കാലം പിന്നിടുന്ന പത്തു വയസ്സുകാരിയുടെ
സിംബാബ് വിയന്‍ ബാല്യവും മികച്ച ജീവിതമെന്ന സ്വപ്നവുമായി അവള്‍ എത്തിച്ചേരുന്ന
മിച്ചിഗനിലെ കൌമാരവും ഒട്ടുമുക്കാലും അവളുടെ തന്നെ ആഖ്യാന സ്വരത്തിലൂടെ
ആവിഷ്കരിക്കുന്ന മുതിര്‍ന്നു വരവിന്റെ കഥ (coming-of-age
story) ആയാണ് പോയ നൂറ്റാണ്ടിന്റെ അവസാന ദശകത്തിലും തുടര്‍ വര്‍ഷങ്ങളിലുമായി
നോവലിന്റെ ഇതിവൃത്തം വികസിക്കുന്നത്.
2011-ല്‍ ‘ഹിറ്റിംഗ് ബുഡാപെസ്റ്റ്’ എന്ന
പേരില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ കെയ്ന്‍ പ്രൈസ് നേടിയ ചെറുകഥയാണ് നോവലിലെ ആദ്യ
അധ്യായം. ഡാര്‍ലിംഗ് എന്ന പെണ്‍കുട്ടിയുടെ ഓര്‍മ്മക്കുറിപ്പിന്റെ
സ്വഭാവമുള്ള ചിതറിയതും അതേ സമയം പലപ്പോഴും തനിയെ ചെറുകഥാ രൂപത്തില്‍ നില്‍ക്കാനാവുന്നതുമായ
അധ്യായങ്ങളിലൂടെയാണ് നോവല്‍ മുന്നോട്ടു പോകുന്നത്. 2005-ല്‍
മുഗാബെ സര്‍ക്കാറിന്റെ തീരുമാനത്തിന്റെ ഭാഗമായി നടപ്പിലാക്കപ്പെട്ട ചേരി നിര്‍മ്മാര്‍ജ്ജന
പദ്ധതിയുടെ –Operation Murambatsvina / Clear out Rubbish – ഭാഗമായി രായ്ക്കുരാമാനം നടന്ന നശീകരണത്തില്‍ ഭവനനഷ്ടം സംഭവിച്ച മൂന്നു
ലക്ഷത്തോളം ആളുകളില്‍ പെട്ടവരാണ് ഡാര്‍ലിംഗും കുടുംബവും. അതൊന്നും അവള്‍ക്ക് പൂര്‍ണ്ണമായും മനസ്സിലാവില്ലെങ്കിലും ബുള്‍ഡോസറുകളും
നായാടുന്ന പോലീസും അവളുടെ ഉറക്കം കെടുത്തുന്നുണ്ട്. വെള്ളക്കാര്‍
ചെയ്തിരുന്നത് ഇപ്പോള്‍ തങ്ങളുടെ തന്നെ ആളുകള്‍ ചെയ്യുന്നത് കൂടുതല്‍
ക്രൂരമാണെന്ന് കുടിയിറക്കപ്പെടുന്നവര്‍ സങ്കടപ്പെടുന്നത് ഡാര്‍ലിംഗ് കേള്‍ക്കുന്നുണ്ട്. അന്വേഷണ ബുദ്ധിയായ ബാലിക എന്നതില്‍ നിന്ന് കലമാസുവിലെ എകാന്തയായ ടീനേജര്‍
എന്ന നിലയിലേക്കുള്ള ആഖ്യാതാവിന്റെ വളര്‍ച്ചയുടെ പടവുകളില്‍ അവളുടെ ആഖ്യാന രീതിയും
പതിയെ തെളിഞ്ഞു വരുന്നു. ആദ്യ അധ്യായത്തില്‍ കൂട്ടുകാര്‍
നടത്തുന്ന സാഹസിക യാത്ര പക്ഷെ വയറ്റില്‍ ‘ആരോ ഒരു ഷവല്‍ കൊണ്ടു എല്ലാം കിളച്ചു
മറിച്ചിടുന്ന പോലെ’യുള്ള അന്നത്തെ മുഴുപ്പട്ടിണിയുടെ മറു മരുന്ന് തേടിയാണ്. ചടുലവും സുവ്യക്തവുമായ ഭാഷാ പ്രയോഗവും ദൈന്യത്തെ വിദഗ്ദമായി മറച്ചു
പിടിക്കുന്ന ഹാസ്യാത്മകതയും ബുലാവായോ ശൈലിയുടെ പ്രത്യേകതയായി തുടക്കം മുതലേ
വായനക്കാര്‍ക്ക് ബോധ്യപ്പെടും. കൊന്നു കെട്ടിത്തൂക്കിയ
സ്ത്രീയുടെ ജഡം കണ്ട് ഒരു നിമിഷം ഭയന്ന് പോകുന്ന കുട്ടികള്‍ ആ രംഗം കൈകാര്യം
ചെയ്യുന്നത് അത്തരം ഹിംസാത്മകത ഏറെ കണ്ടിട്ടുള്ളതിന്റെ ബലത്തിലാണ്. സ്ത്രീയുടെ ഷൂസ് മോഷ്ടിച്ചു ബ്രെഡ് വാങ്ങിക്കാം എന്ന ബാസ്റ്റാഡിന്റെ നിര്‍ദ്ദേശം
അവരെ ഏറെ രസിപ്പിക്കുന്നു. എങ്ങനെ എന്നറിയാതെ ഗര്‍ഭിണിയായ
ചിപോ എന്ന പതിനൊന്നുകാരിയുടെ ഗര്‍ഭം അലസിപ്പിക്കല്‍ പോലും കുട്ടികളുടെ നിരുത്തരവാദ
രീതിയില്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നത് ഇത്തരം അവസ്ഥകള്‍ വൈയക്തിക ദുഃഖം
എന്നതിനപ്പുറം ഒട്ടും പുതുമയില്ലാത്ത നിത്യ സംഭവം തന്നെ എന്ന്
സൂചിപ്പിക്കുന്നുണ്ട്. തങ്ങളുടെ ജീവിതത്തില്‍ നിരന്തരം
നേരിടുന്ന വയലന്‍സ് കുട്ടികളുടെ മാനസിക ഭാവങ്ങളില്‍ സൃഷ്ടിക്കുന്ന
വൈചിത്ര്യങ്ങളാണ് നോവലിന്റ ആദ്യ പകുതിയിലെ ഇതിവൃത്തത്തെ നിര്‍ണ്ണയിക്കുന്നത്. ചിപോ മാസങ്ങളായി സംസാരിക്കാത്തതിനു മറ്റുകുട്ടികള്‍ കാരണം കണ്ടെത്തുന്നത്
അവളുടേത് ‘ജീസസിന്റെ അമ്മയെ പോലെ’ ഉള്ള ഗര്‍ഭം ആകാമെന്നും അല്ലെങ്കില്‍ ഏതോ
പുരുഷന്റെ പ്രവര്‍ത്തി ആകാമെന്നുമാണ്. അതെന്താണെന്ന്
പക്ഷെ അവര്‍ക്കറിയില്ല. എന്നാല്‍, സത്യത്തില്‍ അവള്‍ക്കത് പറയാനുള്ള വാക്കുകളോ മൊഴിയോ അറിയാത്തതാണ് ചിപോയുടെ
പ്രശ്നമെന്ന് പതിയെ വ്യക്തമാകുന്നു. ഹാംഗറിന്റെ കമ്പി
നിവര്‍ത്തിയെടുത്ത് അത് കൊണ്ട് ചിപോയുടെ ഉള്ളിലുള്ളത് പുറത്തുകളയാന്‍
തീരുമാനിക്കുന്നതിനെ കുറിച്ച് ഡാര്‍ലിംഗിന്റെ വിശദീകരണം ഇതാണ്: “ഇന്ന് ഞങ്ങള്‍ ചിപോയുടെ വയര്‍ എന്നെന്നേക്കുമായി ഒഴിവാക്കും. ഒന്ന്, അത് ഞങ്ങള്‍ക്ക് കളി പ്രയാസകരമാക്കുന്നു, രണ്ട്, കുട്ടിയുണ്ടാവാന്‍ അവളെ അനുവദിച്ചാല്‍
അവള്‍ മരിക്കും.” എന്ത് ചയ്യുന്നു എന്നോ എന്താണ്
തങ്ങളോടു മറ്റുള്ളവര്‍ ചെയ്യുന്നത് എന്നോ ശരിക്കും മനസ്സിലാകായ്ക എന്നത് നോവലിലെ
ഒരു മുഖ്യ പ്രമേയം തന്നെയാണ് എന്ന് പറയാം. ഒരര്‍ത്ഥത്തില്‍
ഇത് തന്നെയാണ് ഒരു കൌമാര ആഖ്യാതാവിനെ ആശ്രയിക്കുന്നതിന്റെ അപകടത്തിനെതിരെയുള്ള
നോവലിസ്റ്റിന്റെ പ്രതിരോധവും.
പേരുകള്‍ അടയാളപ്പെടുത്തുന്നത്
നോവലിലക്ക് കടക്കുമ്പോള്‍ വായനക്കാര്‍ക്ക് വിചിത്രമായി
തോന്നുന്ന ആദ്യകാര്യം പേരുകള്‍ തന്നെയാണ് – വ്യക്തികളുടെയും സ്ഥലനാമങ്ങളും. സിംബാബ് വിയന്‍
പാരമ്പര്യത്തിനനുസൃതതമായി പേരുകള്‍ ബന്ധങ്ങളെയും ഇടങ്ങളെയും എപ്പോഴും തങ്ങളില്‍
തന്നെ സാന്നിധ്യമാക്കി നിര്‍ത്തണം എന്ന രീതിയിലാണ് എലിസബത്ത് സന്ദീലെ ടിഷേല എന്ന
എഴുത്തുകാരി അമ്മ വയലറ്റിന്റെയും സ്വന്തം പട്ടണത്തിന്റെ പേരായ ബുലാവായോയെയും ചേര്‍ത്തു
തൂലികാ നാമം സ്വീകരിച്ചതു തന്നെ. ഷോണാ മൊഴിയില്‍ നോ
എന്ന പദം കൂടെ എന്നാണു അര്‍ത്ഥമാക്കുന്നത് എന്നതും പ്രധാനമാണ്. നോവലിലാകട്ടെ, ആഖ്യാതാവ് ഡാര്‍ലിംഗും കൂട്ടരും
താമസിക്കുന്ന നരകക്കുഴിക്ക് പാരഡൈസ് എന്നാണു പേര്. മുഗാബെയുടെ
പാര മിലിട്ടറി സൈന്യം ഇടിച്ചു നിരപ്പാക്കിയ ചേരികള്‍ക്ക് പകരം അവിടത്തെ
അന്തേവാസികള്‍ തമ്പടിച്ച സ്ഥലം – വിചിത്രമായ ഒരു ബിബ്ലിക്കല്‍ പാരഡി, സര്‍ക്കാര്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍, മരണം, രോഗം, ഹിംസാത്മകത എന്ന് തുടങ്ങി പറുദീസയുമായി
ഒരു സാമ്യവും ഇല്ലാത്ത ഇടമെന്ന നിലയില്‍ നോവലില്‍ ഉടനീളം കാണാവുന്ന കനത്ത ഐറണി
ഇവിടെ തുടങ്ങുന്നു. എന്നാല്‍ കൊടിയ ദാരിദ്ര്യത്തിലും
തങ്ങളുടെ സ്വകാര്യത പ്രധാനമായിക്കാണുന്ന ആളുകള്‍ പുറമേ നിന്നുള്ള ഇടപെടലുകളോട്
അത്ര സഹിഷ്ണുത ഉള്ളവരല്ല. വെള്ളക്കാരുടെ നിറഞ്ഞ
സാന്നിധ്യമുള്ള എന്‍. ജി. ഓ. പ്രവര്‍ത്തകരെ ഏറെക്കുറെ പുച്ഛത്തോടെയാണ് അവര്‍ കാണുന്നത് എന്നതിന്റെ
തെളിവാണ് ഡാര്‍ലിംഗും കൂട്ടരും അവരുടെ സൌമനസ്യത്തെ സമീപിക്കുന്ന വിധം. ഗൂഗിള്‍ ടി-ഷര്‍ട്ടുകളും കളിത്തോക്കുകളും നല്‍കി
യഥേഷ്ടം ‘ആഫ്രിക്കന്‍ കുട്ടികളു’ടെ ചിത്രങ്ങള്‍ എടുക്കുന്ന എന്‍. ജി. ഒ. പ്രവര്‍ത്തകരോട്
പുറം തിരിഞ്ഞു പോകുന്നുണ്ട് അവര്‍. ഡാര്‍ലിംഗിന്റെ
അച്ഛന് ബാധിക്കുന്ന രോഗത്തിന്റെ രൂപത്തില്‍ എയിഡ്സ് പടര്‍ന്നു പിടിക്കുന്ന
സാഹചര്യം ആളുകള്‍ കൈകാര്യം ചെയ്യുന്നതും സ്വകാര്യമായാണ്. ജീവിത ബാദ്ധപ്പാടുകളില്‍ പലപ്പോഴും അകലെ പോകുന്ന മമ്മയുടെ
അസാന്നിധ്യത്തില്‍ മദര്‍ ഓഫ് ബോണ്‍സ് എന്ന വിചിത്രമായ പേരുള്ള മുത്തശ്ശിയാണ് അയാളെ
ശുശ്രൂഷിക്കുന്നത്. ആത്മീയ ചികിത്സകൊണ്ട് മകനെ
സുഖപ്പെടുത്താം എന്നാണു അവരുടെ നിലപാട്. അവര്‍
ഇടപെടുന്ന കപട ആത്മീയ ആചാര്യന്റെതും തികച്ചും വിചിത്രമായ പേരാണ്: പ്രോഫറ്റ് റവലേഷന്‍സ് ബിച്ചിംഗ്ടണ്‍ എംബോറോ. അയാള്‍ക്ക്
പ്രതിഫലം വേണ്ടത് യു. എസ്. ഡോളറിലാണ്. സ്ഥലത്തില്ല എന്ന് അനുയായികളെ ബോധ്യപ്പെടുത്തി മലമുകളിലെ തന്റെ ആലയത്തില്‍
രതിക്രീഡകളില്‍ മുഴുകുന്ന ‘പ്രോഫറ്റ്’ ക്ര്സിതീയ സങ്കല്‍പത്തിലെ മലമുകളിലെ
വിശുദ്ധന്റെ മലീമസ പാരഡിയാണ്.
പേരുകളെ സംബന്ധിച്ച നിലപാട് ഒരു കാര്‍ക്കശ്യം പോലെ
നോവലിസ്റ്റിനെ പിന്തുടരുന്നുണ്ട് എന്നത് പുസ്തകത്തിന്റെ പേര് തന്നെ
സൂചിപ്പിക്കുന്നുണ്ടല്ലോ. ഡാര്‍ലിംഗിന്റെ കൂട്ടുകാര്‍ ബാസ്റ്റാര്‍ഡ്, ചിപോ, ഗോഡ്നോവ്സ്, എസ്ബോ, സ്റ്റിന, ഫര്‍ഗിവ്നസ്സ് എന്നൊക്കെയാണ് വിളിക്കപ്പെടുന്നത്. വേറെയും ഘട്ടങ്ങളില്‍ പേരുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്: ഒരു ധാരണയും ഇല്ലാതെ ചിപോക്ക് ഭ്രൂണഹത്യ നടത്താന്‍ തയ്യാറെടുക്കുമ്പോള്‍
ടി. വി. ഷോയില്‍ കണ്ട
ഡോക്റ്റര്‍മാരുടെ പേരുകള്‍ സ്വീകരിച്ചു മുതിര്‍ന്നവരാവാന്‍ നോക്കുന്നുണ്ട്
കുട്ടികള്‍. നോവലിന്റെ അവസാന ഭാഗത്ത് ‘അവര്‍ കഴിഞ്ഞു
വന്ന വിധം’ എന്ന അധ്യായത്തില്‍ കുടിയേറ്റക്കാര്‍ അമേരിക്കയില്‍ പിറന്ന തങ്ങളുടെ
മക്കള്‍ക്ക് അവരുടെ ജീവിതവുമായി ഒരു ബന്ധവും ഇല്ലാത്ത അമേരിക്കന്‍ പേരുകള്‍ നല്‍കുന്നത്
പാശ്ചാത്യ ലോകത്തെത്തിപ്പെട്ട പ്രവാസിയുടെ വേറിട്ട അവസ്ഥയെ സൂചിപ്പിക്കുന്നു. മറ്റൊരു സന്ദര്‍ഭത്തില്‍ ടിഷാക സുലു എന്ന മുതിര്‍ന്ന സ്ത്രീ തന്റെ മക്കള്‍ക്കും
കൊച്ചു മക്കള്‍ക്കും എപ്പോഴും തന്നെ ഓര്‍മ്മിപ്പിക്കുന്ന പേരുകള്‍ ഇടുന്നതിനെ
കുറിച്ച് ഡാര്‍ലിംഗ് അത്ഭുതപ്പെടുന്നുണ്ട്.
കുട്ടിക്കളികളെന്ന പൊളിറ്റിക്കല്‍ മെറ്റഫര്‍
കുട്ടിക്കളികളുടെ രാഷ്ട്രീയധ്വനികള്‍ നോവലിന്റെ ഒരു മുഖ്യ
പ്രമേയമാണെന്നു കാണാം. അടക്കാപ്പഴങ്ങള്‍
അമിതമായി കഴിക്കുന്ന ഘട്ടത്തില്‍ സംഭവിക്കുന്ന വിരേചനമില്ലായ്മ വെളിക്കിറങ്ങുക
എന്ന പ്രവര്‍ത്തിയെ 'ഏതാണ്ടൊരു അസാധ്യ ദൌത്യം, നിങ്ങളൊരു പുതിയ രാജ്യത്തിന് ജന്മം നല്‍കുകയാണ് എന്ന പോലെ' ആക്കിത്തീര്‍ക്കുന്നുണ്ടെന്നു ഡാര്‍ലിംഗ് നിരീക്ഷിക്കുന്നു. അമ്മയുടെ രാത്രി കാമുകന്‍ ശബ്ദായമാനമായ വേഴ്ചാ ഘട്ടങ്ങളില്‍
തൊട്ടപ്പുറത്ത് ഉറക്കം വരാതെ കിടക്കുന്ന തന്നെ അവഗണിക്കുന്നതിനെ കുറിച്ച് ഡാര്‍ലിംഗ്
വിലയിരുത്തുന്നു: "അയാള്‍ ഒരിക്കലും എന്നെ കുറിച്ച്
ചോദിച്ചില്ല, ഞാനേതോ വിദൂര ദേശമാണ് എന്ന പോലെ." മോഷ്ടിക്കുമ്പോള്‍ ചെറിയ സാധനങ്ങളോ വേഗം തിന്നാവുന്നതോ ആണ് നല്ലത് എന്നും
അപ്പോള്‍ നിങ്ങളെ ഒരു നാണംകെട്ട കള്ളനായി ആളുകള്‍ കാണില്ലെന്നുമുള്ള ചിന്ത അവളെ
എത്തിക്കുന്നത് 'ഒരു ചെറു ഭാഗം എന്നല്ല, മറിച്ചു നാടിനെ മുഴുവന്‍ മോഷ്ടിക്കുമ്പോള്‍ വെള്ളക്കാര്‍ എന്താണ് ചെയ്യാന്‍
ശ്രമിക്കുന്നതെന്ന് എനിക്കറിയില്ല' എന്നചിന്തയിലെക്കാണ്. ഒരു സെറ്റ്ലര്‍കോളനിയായിത്തീര്‍ന്ന സിംബാബ്‌വേയുടെ രാഷ്ട്രീയപരിതോവസ്ഥ
തന്റെ വിശപ്പും അടക്കാപ്പഴമോഷണവുമായി ചേര്‍ത്തുവെച്ചാണ് പത്തുവയസ്സുകാരി
മനസ്സിലാക്കുന്നത്. ദേശപ്പേരുകള്‍ കൊണ്ടുള്ള കളിയില്‍ (country-game) യു. എസ്. എ, ബ്രിട്ടന്‍, കാനഡ, ആസ്ട്രേലിയ, സ്വിറ്റ്സര്‍ലാന്‍ഡ് പോലുള്ള 'രാജ്യങ്ങളുടെ
രാജ്യങ്ങള്‍'ക്ക് വന്‍ഡിമാന്ടാനെങ്കില്‍ അത്രക്കില്ലെങ്കിലും
ജീവിതാര്‍ഹാമായ ദുബായ്, സൌത്ത് ആഫ്രിക്ക, ടാന്‍സാനിയ പോലുള്ള നാടുകളും കഴിഞ്ഞേ കീറത്തുണി നാടുകളായ കോംഗോ, സൊമാലിയ, ഇറാഖ്, സുഡാന്‍, ഹെയ്തി, ശ്രീലങ്ക പോലുള്ളവ കുട്ടികളുടെ
തെരഞ്ഞെടുപ്പില്‍ വരുന്നുള്ളൂ. സൌത്ത് ആഫ്രിക്കയില്‍
നിന്ന് എയിഡ്സ് ബാധിച്ചാണ് അച്ഛന്‍ തിരികെയെത്തുന്നത് എന്നത് നാടുകളുടെ ഈ 'ജീവിതാര്‍ഹ' സങ്കല്‍പ്പങ്ങളെയും പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. ലോകത്തിലെ 'ബിഗ് ബബൂണ്‍' ആയ യു.എസ്.എ.യിലേക്ക് പോകുന്ന സ്വപ്നം ഡാര്‍ലിംഗ് സ്വയം മറ്റുള്ളവര്‍ക്ക് മേലുള്ള
തന്റെ ഉത്കൃഷ്ടതക്ക് തെളിവായി എടുക്കുന്നു. അതുപക്ഷെ 'തകര്‍ന്ന മിച്ചിഗണ്‍ (Destroyedmichygen') ആയാണ് ചിത്രീകരിക്കപ്പെടുന്നത് എന്നത്, ദരിദ്രരാജ്യങ്ങളില്‍നിന്നുള്ള
പ്രാവാസികളുടെ ഇടം എവിടെയും ചേരിയാണ് എന്ന സൂചനകൂടി നല്‍കുന്നുണ്ട്. ഒബാമയുടെ രാഷ്ട്രീയപ്രവേശം ഉന്നയിക്കുന്ന 'മാറ്റം' എന്ന മുദ്രാവാക്യം കുട്ടികള്‍ പാരഡി ചെയ്യുന്നതും ഇതോടു ചേര്‍ത്തുകാണാം. യഥാര്‍ഥത്തില്‍ പാരഡൈസിലെ ജീവിതം പകര്‍ത്തുന്ന ഒന്നാംഭാഗത്തിന്റെ ഏതാണ്ട്
തനിയാവര്‍ത്തനമായ/ സമാന്തരമായ മിച്ചിഗണ്‍ ജീവിതം സമര്‍ഥിക്കുന്നതും
മാറ്റമില്ലായ്മയുടെ നൈരന്തര്യംതന്നെയാണ്. ആഫ്രിക്കയെ
കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകള്‍ നാട്ടില്‍ എന്‍.ജി.ഒ.മാരുടെയും നാടുകാണാന്‍ വരുന്ന സന്ദര്‍ശകരുടെയും
രൂപത്തില്‍ ഡാര്‍ലിംഗും കൂട്ടരും നേരിട്ടുവെങ്കില്‍ അമേരിക്കയില്‍ അത് നിരന്തരം
ഏറ്റുമുട്ടുന്ന യാഥാര്‍ത്ഥ്യമാണ്. സ്വപ്നങ്ങളുടെ ഭാണ്ഡം
മുറുക്കുന്ന കുടിയേറ്റക്കാരെ കുറിച്ച്, ഒരുപക്ഷെ
സമകാലിക സാഹിത്യത്തിലെ ഏറ്റവും വാചാലവും ഹൃദയഭേദകവുമായ രീതിയില്‍, 'അവര്‍ നാടുവിട്ട വിധം' എന്ന അധ്യായത്തില്‍
വിവരിക്കുന്നു, “അവര്‍ കൂട്ടംകൂട്ടമായി
വിട്ടുപോകുന്നതുനോക്കൂ, ദേശത്തിന്റെ കുട്ടികള്‍, അവര്‍ വിട്ടുപോകുന്നത് വെറുതെ നോക്കൂ. ഒന്നും
സ്വന്തമായില്ലാത്തവര്‍ അതിര്‍ത്തി കടക്കുകയാണ്. ശരീരബലമുള്ളവര്‍
അതിര്‍ത്തി കടക്കുകയാണ്. ജീവിതാഭിലാഷമുള്ളവര്‍ അതിര്‍ത്തി
കടക്കുകയാണ്. പ്രതീക്ഷയുള്ളവര്‍ അതിര്‍ത്തി കടക്കുകയാണ്. നഷ്ടങ്ങളുള്ളവര്‍ അതിര്‍ത്തി കടക്കുകയാണ്. വേദനകളുള്ളവര്‍
അതിര്‍ത്തി കടക്കുകയാണ്. ചലിച്ച്, ഓടി, കുടിയേറി, പോവുകയാണ്, വിട്ടു പോവുകയാണ്, നടക്കുകയാണ്, പിറകില്‍ ഉപേക്ഷിക്കുയാണ്, പറക്കുകയാണ്, പാലായനം ചെയ്യുകയാണ് - എല്ലായിടത്തേക്കും, അടുത്തും അകലെയുമുള്ള നാടുകളിലേക്ക്, കേട്ടിട്ടേയില്ലാത്ത
നാടുകളിലേക്ക്, ആരും കേട്ടിട്ടില്ലാത്ത നാടുകളിലേക്ക്, അവര്‍ക്ക് ഉച്ചരിക്കാനാവാത്ത പേരുകളുള്ള നാടുകളിലേക്ക്. അവര്‍ കൂട്ടംകൂട്ടമായി വിട്ടുപോകുകയാണ്.” ബുലാവായോയെ
കുറിച്ച് 'ഭാഷയുടെ സൗന്ദര്യത്തില്‍ ആനന്ദിക്കുന്ന
എഴുത്തുകാരി' എന്ന ഹിഷാം മതാറിന്റെ നിരീക്ഷണം
സാധൂകരിക്കുന്ന അനേകം മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ് ഈ ഭാഗം. 'അവര്‍
ജീവിച്ചുവന്ന വിധം' എന്ന അധ്യായത്തില്‍
സ്റ്റീരിയോടൈപ്പുകളെയും ഇതേവിധം തീക്ഷ്ണവാചാലതയോടെ വിവരിക്കുന്നുണ്ട്: “അവര്‍ ഞങ്ങളോട് എവിടെനിന്നാണ് എന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ പരസ്പരം
നോക്കുകയും ബാലവധുക്കളുടെ ലജ്ജയോടെ പുഞ്ചിരിക്കുകയുംചെയ്തു. അവര്‍ ചോദിച്ചു, ആഫ്രിക്ക? ഞങ്ങള്‍ അതെയെന്നു തലയാട്ടി. ആഫ്രിക്കയുടെ
ഏതുഭാഗം? ഞങ്ങള്‍ പുഞ്ചിരിച്ചു. അത് പട്ടിണി കിടന്നു മരിക്കുന്ന കുട്ടികള്‍ക്കുവേണ്ടി കഴുകന്മാര്‍
കാത്തിരിക്കുന്ന ആ ഭാഗമാണോ? ഞങ്ങള്‍ പുഞ്ചിരിച്ചു. ആയുര്‍ദൈര്‍ഘ്യം നാല്‍പ്പത്തിയഞ്ചു വയസ്സായ ഇടം? ഞങ്ങള്‍ പുഞ്ചിരിച്ചു. വിമതര്‍ AK
-45 സ്ത്രീകളുടെ കാലുകള്‍ക്കിടയിലേക്ക് തള്ളിക്കയറ്റുന്ന ഇടം? ഞങ്ങള്‍ പുഞ്ചിരിച്ചു. ആളുകള്‍ നഗ്നരായി
ചുറ്റിനടക്കുന്ന ഇടം? ഞങ്ങള്‍ പുഞ്ചിരിച്ചു. അവര്‍ പരസ്പരം കൊന്നൊടുക്കിയ ആ പ്രദേശം? ഞങ്ങള്‍
പുഞ്ചിരിച്ചു. അത് പഴയ പ്രസിഡന്‍ണ്ട് തെരഞ്ഞെടുപ്പു
അട്ടിമറിക്കുകയും ആളുകള്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും അവരില്‍ ഒരു വന്‍വിഭാഗമാകെയും
തുറുങ്കില്‍ അടക്കപ്പെടുകയും ആളുകളെല്ലാം കോളറകൊണ്ടു മരിക്കുകയും ചെയ്യുന്ന ആ
ഇടമാണോ- എന്റെ ദൈവമേ, ഉവ്വ്, ഞങ്ങള്‍ നിങ്ങളുടെ നാട് കണ്ടിട്ടുണ്ട്; അത്
വാര്‍ത്തകളില്‍ ഉണ്ടായിരുന്നു.” കുടിയേറ്റക്കാരുടെ
തന്നെ പിന്‍തലമുറ അവര്‍ ആവശ്യപ്പെടാതെത്തന്നെ അച്ഛനമ്മമാര്‍ പറഞ്ഞു കൊടുക്കുന്ന
കഥകളില്‍നിന്ന് കേട്ട ആഫ്രിക്കയെ ഗൂഗിളില്‍ തപ്പിപ്പിടിച്ച് 'സഹതാപത്തിനും ഭയത്തിനും' ഇടയില്‍പെട്ട
ഭാവത്തോടെ ചോദിക്കുന്നു, “ജീസ്, നിങ്ങള്‍
അവിടെ നിന്ന് വന്നതാണോ?. ഞങ്ങളുടെ മുത്തശ്ശിമാര്‍
തീക്കായുന്ന ഗ്രാമീണ കൂട്ടായ്മകളില്‍ ഞങ്ങളോട് പറഞ്ഞ കഥകള്‍ കേള്‍ക്കാന്‍
ആഗ്രഹിച്ചില്ല.. ഞങ്ങള്‍ കടന്നു പോന്ന ഭീകരതകളുടെ
ഭാഗമാകേണ്ടിയിരുന്നില്ല അവര്‍ക്ക്.”
നോവലന്ത്യത്തില്‍, ബിന്‍ ലാദന്‍ പിടിക്കപ്പെട്ട വാര്‍ത്ത കേള്‍ക്കുമ്പോള്‍ അതേ പേരില്‍
പാരഡൈസിലെ കുട്ടിക്കാലത്ത് തങ്ങള്‍ കളിച്ചിരുന്ന കളിയെ കുറിച്ച് ഡാര്‍ലിംഗ് ഓര്‍ക്കുന്നുണ്ട്.
തോറ്റുപോയ ദൈവം
വിശ്വാസ പരമായ ഡോഗ്മകളെ കുട്ടികളുടെ നിഷ്കളങ്കതയോടെ/ അജ്ഞതയോടെ അപനിര്‍മ്മിക്കുന്ന
ഘട്ടങ്ങള്‍ നോവലിന്റെ നിഹിലിസ്റ്റ് ഉപപാഠം ആയി വായിച്ചെടുക്കാം. ക്രിസ്തുവിന്റെ പീഡാനുഭവം പാപികളായ മനുഷ്യര്‍ക്കുവേണ്ടിയായിരുന്നു എന്ന്
മദര്‍ ഓഫ് ബോണ്‍സ് പറയുമ്പോള്‍ ഡാര്‍ലിംഗ് ചിന്തിക്കുന്നത് അതാണ്: 'അതെല്ലാം സംഭവിക്കുമ്പോള്‍ ഞാനെന്തായാലും അവിടെയെങ്ങും ഉണ്ടായിരുന്നില്ല, പിന്നെങ്ങനെ ഞാന്‍ പാപിയാകും?'. താന്‍
ജനിക്കുംമുമ്പേ വെള്ളക്കാരുടെ കൈകൊണ്ടു കൊല്ലപ്പെടുകയും ഭൗതികാവശിഷ്ടം ഒരിക്കലും
കണ്ടെടുക്കപ്പെടാതെ പോവുകയും ശരിയായ അടക്കം ലഭിക്കായ്കയാല്‍ അനന്തിരവളില്‍
ആവേശിച്ചിരിക്കുന്നതായി കണക്കാക്കപ്പെടുകയും ചെയ്യുന്ന മുത്തച്ഛന്റെ
പ്രേതോച്ഛാടനത്തിനെന്ന പേരില്‍ 'പ്രോഫെറ്റ് റവലേഷന്‍സ്' തന്നെ കൊല്ലാക്കൊല ചെയ്യുന്നതും അസംബന്ധമായാണ് അവള്‍ക്ക് അനുഭവപ്പെടുക.
മറ്റൊരു ഘട്ടത്തില്‍ നിസ്സഹായമായ ജീവിതസന്ധിയില്‍ പെട്ടുപോകുന്ന
മനുഷ്യര്‍ 'ഒരു ദൈവമാണ് എന്ന് കാണിക്കാന്‍
വേണ്ടിപ്പോലും ഒന്നും ചെയ്യാത്ത ഒരു ദൈവത്തോട് സംസാരിക്കുന്നതില്‍ .. മടുപ്പ് തോന്നില്ലേ എന്നെനിക്ക് അത്ഭുതം തോന്നുന്നു' എന്നും ഡാര്‍ലിംഗ് പറയുന്നുണ്ട്. നിരന്തരം
ചോദിച്ചിട്ടും ഒന്നും തരാത്ത, ഒരിക്കലും തങ്ങളെ കേള്‍ക്കാത്ത
ദൈവത്തെ വലിച്ചെറിഞ്ഞു കളഞ്ഞതിനെക്റികുച്ചും അവളോര്‍ക്കുന്നു. 'ദൈവമില്ലാത്തതാണ് നല്ലത്, ഇങ്ങനെ
ജീവിക്കുന്നതിനേക്കാള്‍, ഒരിക്കലും വരാത്ത കാര്യങ്ങള്‍ക്കായി
പ്രാര്‍ഥിക്കുന്നതിനേക്കാള്‍ ദൈവമില്ലാതിരിക്കുന്നതാണ് നല്ലത്." പാലായനം ചെയ്യുന്ന ജനങ്ങളുടെ പ്രയാസത്തെക്കുറിച്ച് പുറപ്പാടു പുസ്തകത്തിലെ
ഇസ്രയേല്‍ ജനതയെ ഓര്‍മ്മിപ്പിക്കുംവിധം നോവലില്‍ വിവരണമുണ്ട്: "വെയില്‍ എത്തിനോക്കുന്നേയില്ലാത്ത ഈ മഞ്ഞും, ഈ
തണുപ്പും അസഹനീയതയും, എല്ലാമായി ഈ പ്രദേശം എന്റെ
അമേരിക്കയാണെന്നു തോന്നുന്നില്ല, ഇത് യഥാര്‍ത്ഥമാണ്
എന്നുപോലും തോന്നുന്നില്ല. ഇത് ഞങ്ങള്‍ ഏതോ
ഭീകരകഥയിലാണ് എന്ന പോലെയാണ്, ബൈബിളിലെ ഭ്രാന്തന്‍
ഭാഗത്തെങ്ങോ ആണെന്നപോലെ, അവിടെ ദൈവം ആളുകളെ അവരുടെ
പാപങ്ങള്‍ക്ക് ശിക്ഷിക്കുന്ന തിരക്കിലാണ്, അവരെ ഈ
മുഴുവന്‍ കാലാവസ്ഥകൊണ്ടു കഷ്ടപ്പെടുത്തുന്നതിന്റെയും. ഉദാഹരണത്തിന്
ആകാശം ഈ സമയം മുഴുവന്‍ തൂവെള്ളയായി കാണായി, എന്തോ
പന്തികേടുണ്ട് എന്ന് പറയുംപോലെ. ശിലകള്‍ക്കു പോലുമറിയാം
ആകാശം നീലയായിരിക്കണമെന്ന്, നാട്ടിലെ ഞങ്ങളുടെ ആകാശം
പോലെ.."
അയഥാര്‍ത്ഥമായ അമേരിക്കന്‍ സ്വപ്നം
ഡെട്രോയിറ്റില്‍ ഫോസ്റ്റലീന അമ്മായിയുടെ
വീട്ടിലെത്തുന്നതോടെ ഒരു പുതുജീവിത സാധ്യതയാണ് ഡാര്‍ലിംഗ് പ്രതീക്ഷിക്കുന്നത്. നാട്ടില്‍ എന്തൊക്കെ
ലഭ്യമല്ലാതിരുന്നോ അതൊക്കെ അവള്‍ക്ക് അവിടെ കിട്ടിയേക്കും. ഭക്ഷണംതേടി അവള്‍ക്കിനി വെള്ളക്കാരുടെ തോട്ടങ്ങളില്‍ അടക്കാപ്പഴം
മോഷ്ടിക്കാന്‍ പോകേണ്ടിവരില്ല. എന്നാല്‍ അവിടെ
ലഭിച്ചിരുന്നതെന്തോ അതൊക്കെ അവള്‍ക്ക് നഷ്ടമാവുകയാണ്. അതിലേറ്റവും
പ്രധാനം സ്വന്തമായ ഇടമെന്ന/ തന്നെ അവകാശപ്പെടുന്ന ഒരിടം
എന്ന തോന്നലാണ്. പ്രവാസ ജീവിതത്തിന്റെ തനതു
പ്രശ്നങ്ങളാണ് അവള്‍ക്ക് അവിടെ നേരിടേണ്ടി വരിക. കുട്ടിത്തത്തിന്റെ
പരിമിതികളാണ് നാട്ടില്‍ മനസ്സിലാവായ്കയുടെ പ്രശ്നമായി വളര്‍ന്നതെങ്കില്‍ ഭാഷയും
പ്രായവും ഒപ്പം മറ്റൊരു സംസ്കാരവുമായി പോരുത്തപ്പെടെണ്ടതിന്റെ വെല്ലുവിളികളുമാണ്
പുതിയ ലോകത്ത് അതേ പ്രശ്നം സൃഷ്ടിക്കുന്നത്. ഇതോടൊപ്പം
ഏതുനിമിഷവും നാടുകടത്തപ്പെടുക എന്ന ഭീതിയും സജീവമാണ്. ഘാനക്കാരനായ
വക്കീലിനോടൊപ്പം കഴിയുന്ന അമ്മായിയോടൊപ്പം അവരുടെ ഭര്‍ത്താവിന്റെ മറ്റൊരു
ബന്ധത്തിലെ മകനായ പൊണ്ണത്തടിയനുമുള്ള വീട്ടില്‍ ഡാര്‍ലിംഗിന് തന്റെ പാരഡൈസ്
കൂട്ടുകാരെ വല്ലാതെ നഷ്ടമാകും. ഏതുനേരവും വീഡിയോ
ഗെയിമുകളില്‍ ചടഞ്ഞിരിക്കുന്ന കസിന്‍ അമേരിക്കന്‍ കൗമാരത്തിന്റെ പ്രതീകംതന്നെ:
”ഇവിടെ വന്നാല്‍ കാണാവുന്നത് മഞ്ഞാണ്. ഇലയില്ലാമരങ്ങളിലെ
മഞ്ഞ്, കാറുകള്‍ക്കു മുകളിലെ മഞ്ഞ്, റോഡില്‍ പുതഞ്ഞ മഞ്ഞ്, മുറ്റത്തു മൂടിയ മഞ്ഞ്, മേല്‍പ്പുരകളിലെ മഞ്ഞ്-എല്ലാത്തിനെയും മണല്‍പോലെ
മൂടിയ മഞ്ഞുമാത്രം. അത് വൃത്തിയുള്ള പല്ലുപോലെ
വെളുത്തതാണ്, വളരെ വളരെ തണുത്തതും.. നിങ്ങളെ കൊല്ലുമെന്നു തോന്നുംവിധം തണുത്തത്, എന്നുവെച്ചാല്‍, അതിന്റെ മഞ്ഞുകൊണ്ട് നിങ്ങള്‍ എവിടെനിന്ന് വന്നോ അങ്ങോട്ടുതന്നെ തിരികെ
പോകൂ എന്നുപറയുകയാണ് എന്നപോലെ.”
ജന്മംകൊണ്ട് ആഫ്രിക്കക്കാരിയായിരിക്കെ ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ വ്യക്തിത്വം ആര്‍ജ്ജിക്കാനുള്ള
പെടാപ്പാട് അവള്‍ക്ക് ഒട്ടും എളുപ്പമല്ല. സിംബാബ്വിയന്‍
ചുവയുള്ള കൊളോണിയല്‍ ഇംഗ്ലീഷിന്റെ പേരില്‍ കളിയാക്കുന്ന കൂട്ടുകാരികള്‍ക്കിടയില്‍ 'ബ്ലാക്ക്-ടീനേജ്-അമേരിക്കന്‍
ഇംഗ്ലീഷിലേക്കു മാറാനുള്ള അവളുടെ ശ്രമങ്ങള്‍ എവിടെയെങ്കിലും ഇടം കണ്ടെത്താനുള്ള
തീവ്രയജ്ഞമാണ്. ഒരു പുതിയ ദേശത്തു കറുത്തവര്‍ഗ്ഗക്കാരിയായിരിക്കുക
എന്നാല്‍ എന്താണെന്നത് അവള്‍ക്കൊരു സമസ്യയായി തുടരും. പിറകില്‍
വിട്ടേച്ചുപോന്ന സിംബാബ്‌വേയെ പോലെത്തന്നെ കുട്ടിക്കാലത്തിന്റെ നല്ലോര്‍മ്മകളും
അവളെ വേദനിപ്പിക്കുന്നുണ്ട്- മറ്റെന്തൊക്കെയായാലും അത്
തന്റെ ഇടവും കാലവും ആയിരുന്നു. പുതിയ ഇടത്തില്‍ സമന്വയം
സാധ്യമല്ല എന്നതുമാത്രമല്ല, പഴയ ഇടവും സൌഹൃദങ്ങളും
അന്യമാകുന്നു എന്നതും അവളുടെ വിഷാദപൂര്‍ണ്ണമായ വിപര്യയമായിത്തീരുന്നു. ചിപോയുടെ കുഞ്ഞിനു ഡാര്‍ലിംഗ് എന്നാണ് പേരിട്ടത് എന്നത് അവളുടെ അവസ്ഥയെ
കൂടുതല്‍ വേദനാകരമാംവിധം സങ്കീര്‍ണ്ണമാക്കുന്നു. അത്
എന്തിന്റെയൊക്കെ സൂചനായാവം എന്നവള്‍ക്കറിയാം. അവര്‍
ഇനിയും അവളെ തിരികെ പ്രതീക്ഷിക്കുന്നില്ല. അഥവാ അവര്‍ക്ക്
വേറൊരു ഡാര്‍ലിംഗിനെ കിട്ടി. ഒരുവേള പുതിയ ലോകത്ത് അവള്‍ക്കെന്തെങ്കിലും
സംഭവിക്കാം. വീട്ടിലേക്കുള്ള ഫോണ്‍വിളികളില്‍
തനിക്കൊരിക്കലും തന്റെതായി തോന്നിയിട്ടില്ലാത്ത പുതുദേശത്തെ കുറിച്ച് അവരോടൊന്നും പറയാനില്ലെന്ന തോന്നലില്‍ അവള്‍ക്ക് വീര്‍പ്പുമുട്ടല്‍
ഉണ്ടാവുന്നത് അത്തരം ഫോണ്‍വിളികള്‍ കുറഞ്ഞുവരുന്നതിലും വീട്ടുകാരും
സുഹൃത്തുക്കളുമായുള്ള അന്യവല്‍ക്കരണം ശക്തമാകുന്നതിലും കലാശിക്കുന്നു. ആഫ്രിക്കയിലെ സൌഹൃദങ്ങള്‍ ഇപ്പോള്‍ ഇങ്ങിനി കിട്ടാനിടയില്ലാത്ത
ഭൂതകാലത്തിന്റെതാണ്. അമേരിക്കന്‍ സുഹൃത്തുക്കളോടൊപ്പം
പോണ്‍ ക്ലിപ്പുകള്‍ കാണുമ്പോഴും തനിക്കന്യമായ ഐ- പോഡും
ഇന്റര്‍നെറ്റും അടയാളപ്പെടുത്തുന്നത് അവരുടെ മറ്റൊരു ലോകമാണ്. ഒരിക്കലും ന്യൂ യോര്‍ക്കില്‍ പോയിട്ടില്ലാത്ത, ഹോളിവുഡ്
കണ്ടിട്ടില്ലാത്ത ഒബാമയെയോ ഒപ്രാ വിന്‍ഫ്രിയെയോ കിം കര്‍ദാഷിയാനെയോ സന്ദര്‍ശിചിട്ടില്ലാത്ത
അവള്‍ക്ക് ആഫ്രിക്കന്‍ അമേരിക്കന്‍ എന്ന് അവകാശപ്പെടാനാകില്ല. ഫോസ്റ്റലീന അമ്മായിയുടെ സുമുഖനായ സിംബാബ്‌വേക്കാരന്‍ മുന്‍കാമുകന്‍ ‘ആ പേപ്പറുകള്‍ക്കുവേണ്ടി’ ഒരു വെള്ളക്കാരി തടിച്ചിയെ വിവാഹം ചെയ്യുന്നത്
സാംസ്കാരിക വൈരുദ്ധ്യങ്ങളുടെ സങ്കീര്‍ണ്ണതകള്‍ മാത്രമല്ല, പ്രവാസികളുടെ നിലനില്‍പ്പിന്റെ സന്ദിഗ്ദതയും ഡാര്‍ലിംഗിനെ
ബോധ്യപ്പെടുത്തുന്നുണ്ട്. തന്റെ ഇരുലോകങ്ങളും
തമ്മിലുള്ള ചേര്‍ച്ചയില്ലായ്മ മാനസികസംഘര്‍ഷമുണ്ടാക്കുന്ന നിമിഷങ്ങളില്‍ അവളുടെ
പെരുമാറ്റം അമേരിക്കന്‍ സമൂഹത്തിനു പൊരുത്തപ്പെടാനാവാത്ത രീതിയില്‍ മാറുന്നത്
വിവാഹസല്‍ക്കാര വേളയില്‍ കുസൃതി കാട്ടുന്ന മറ്റാരുടെയോ കുഞ്ഞിനോടുള്ള അവളുടെ
പ്രതികരണത്തില്‍ കാണാം. നോവലിന്റെ ആദ്യ പകുതിയില്‍
കുട്ടിത്തത്തിന്റെ പരിമിതികളാണ് അവളുടെ ലോകത്തെ അടയാളപ്പെടുത്തുന്നതെങ്കില്‍
രണ്ടാം ഭാഗത്ത് പുതുലോകത്തെ നേരിടാനുള്ള അനുഭവ പരിചയമില്ലായ്മയാണ് അവക്ക്
പ്രശ്നമാകുന്നത്.
ഒരു ആഫ്രിക്കന്‍ പ്രവാസിക്ക് അമേരിക്കയിലോ മറ്റിടങ്ങളിലോ
ജീവിതം എങ്ങിനെയിരിക്കും എന്ന അന്വേഷണം സൂക്ഷ്മാര്‍ത്ഥത്തില്‍ നടത്തുന്നുണ്ട്
ബുലാവായോ. സ്വന്തം
പേരുകള്‍ മറച്ചുവെക്കേണ്ടി വരുന്നതും സ്വയം തീര്‍ത്ത അകലങ്ങളില്‍
കഴിയേണ്ടിവരുന്നതും അതിന്റെ ഭാഗമാണ്: “ഞങ്ങള്‍ ഞങ്ങളുടെ
യഥാര്‍ത്ഥപേരുകള്‍ മറച്ചുവെച്ചു, ചോദിക്കുമ്പോള്‍
കള്ളപ്പേരുകള്‍ പറഞ്ഞു. ഞങ്ങള്‍ അവര്‍ക്കും ഞങ്ങള്‍ക്കുമിടയില്‍
പര്‍വ്വതങ്ങള്‍ തീര്‍ത്തു, നദികള്‍ കുഴിച്ചു, മുള്‍ചെടികള്‍ നട്ടു- അമേരിക്കയിലെത്തുന്നതിനു
ഞങ്ങള്‍ ഒട്ടേറെ വില നല്‍കിയിരുന്നു, അത് നഷ്ടപ്പെടാന്‍
ഞങ്ങള്‍ ആഗ്രഹിച്ചില്ല.” എന്നാല്‍ എല്ലാ ത്യാഗങ്ങള്‍ക്കും
ഒടുവില്‍ നേടുന്നതെന്തോ അത് അതിനുമാത്രം വിലയുള്ളതുതന്നെയോ എന്ന ചോദ്യമാണ് നോവലില്‍
ഉയര്‍ന്നുനില്‍ക്കുന്നത്. നോവലന്ത്യത്തില്‍ വിസ കാലാവധി
കഴിഞ്ഞു നാട്ടിലേക്കുള്ള വരവ് ദുസ്സാധ്യമാകുന്ന ഘട്ടത്തില്‍ ഡാര്‍ലിംഗ് ഇനി
സിംബാബ്‌വേക്കാരിയല്ല എന്ന് തുറന്നടിക്കുന്ന ചിപോ സ്വന്തമായൊരു ഇടം എന്ന ഏതൊരു
മനുഷ്യന്റെയും അവകാശത്തെയാണ് അവള്‍ക്ക് നിഷേധിക്കുന്നത്. 'നീയല്ല
അനുഭവിക്കുന്നത്. ബി.ബി.സിയില്‍ കണ്ടാല്‍ എന്താണ് നടക്കുന്നതെന്ന് അറിയാമെന്നാണോ നീ കരുതുന്നത്? ഇല്ല സുഹൃത്തെ, നിനക്കറിയില്ല, മുറിവിനുമാത്രമേ വേദനയുടെ സ്വഭാവമറിയൂ; യഥാര്‍ത്ഥദുരിതം
അനുഭവിച്ചുകൊണ്ട് ഇവിടെത്തന്നെ നിന്ന ഞങ്ങള്‍ക്കാണ് അതെക്കുറിച്ച് എന്തെങ്കിലും
പറയാന്‍.. അവകാശമുള്ളത്.” ചിപോയുടെ
വാക്കുകള്‍ പ്രവാസിയുടെ ഭവനനഷ്ടത്തെ/ ദേശ നഷ്ടത്തെ
നിസ്സഹായതക്കപ്പുറം ആത്മരക്ഷയുടെ മലീമസ അതിജീവനമായി അടയാളപ്പെടുത്തുന്നു, “നീ വിട്ടുപോയി, ഡാര്‍ലിംഗ്, എന്റെ പ്രിയപ്പെട്ടവളെ, നീ കത്തിക്കൊണ്ടിരുന്ന
വീട് ഉപേക്ഷിച്ചുപോയി, എന്നിട്ടിപ്പോള്‍ നീ
ധൈര്യപ്പെടുന്നു, നീ പിറവിയില്‍ നേടിയതല്ലാത്ത
നിനക്കൊട്ടും യോജിക്കാത്ത ആ വങ്കന്‍ ഭാഷാശൈലിയില്‍, ഇത്
നിന്റെ നാടാണെന്ന് അവകാശപ്പെടാന്‍?”
നമുക്ക് പുതിയ പേരുകള്‍ വേണമെന്ന നോവലിന്റെ തലക്കെട്ട്, പേര് എന്നത് ഒരാളുടെ ഇടം തന്നെയെന്ന
ആഫ്രിക്കന്‍ അര്‍ത്ഥത്തില്‍ ഒരു ദേശംതേടല്‍ തന്നെയും ആയിമാറുന്നതും തേടുന്നത്
നേടാതെപോവുന്നതിന്റെ ശൂന്യബോധവും ചേര്‍ന്നു സൃഷ്ടിക്കുന്ന പൊരുളറിയാകയായ്കയാണ്
ഡാര്‍ലിംഗ് തന്റെ ജീവിതത്തിന്റെ ബാക്കിപത്രത്തില്‍ അനുഭവിക്കുന്നത്. ആ അര്‍ത്ഥത്തില്‍ പുതുതലമുറ ആഫ്രിക്കന്‍ ഡയസ്‌പോറ അനുഭവത്തിന്റെ നേര്‍സാക്ഷ്യമാണ്
നോ വയലറ്റ് ബുലാവായോയുടെ പ്രഥമ നോവല്‍.