Featured Post

Friday, February 28, 2014

കവിത അറം പറ്റുന്നു

കവിത ചിലപ്പോള്‍ അറം പറ്റും. രണ്ടനുഭവങ്ങളെങ്കിലും എനിക്കുണ്ട് ഇക്കാര്യത്തില്‍. ഇക്കഴിഞ്ഞ വര്‍ഷം ഒരു ദീര്‍ഘയാത്ര കഴിഞ്ഞു തിരിച്ചെത്തിയത്‌ അയല്‍പക്കത്തുള്ള ഒരു ചെറുപ്പക്കാരന്റെ ആത്മഹത്യാ വാര്‍ത്തയിലേക്കാണ്. അധികമാരോടും സംസാരിക്കുകയോ ഇടപഴകുകയോ ചെയ്തു കണ്ടിട്ടില്ലാത്ത ആ ചെറുപ്പക്കാരനെ കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. പിന്നീടു നടത്തിയ അന്വേഷണത്തില്‍ അവന്‍ കടന്നു പോയ ദുരിതങ്ങളെയും അനാഥത്വത്തെയും കുറിച്ച് അറിഞ്ഞ അസ്വസ്ഥതകള്‍ ഒട്ടൊരു പകപ്പോടെ ഒരു കവിതയില്‍ ഇറക്കി വെച്ചു. 'ദാര്‍ശനികമാല്ലാത്ത ഒരാത്മഹത്യ' എന്ന് ഇത്തിരി ഐറോനിക്കല്‍ ആയ പേര് കൊടുത്തത് അതിവൈകാരികതയുടെ അപകടം ഒഴിവാക്കാനായിരുന്നു. പിന്നീടു കൃത്യം ഒരു വര്‍ഷം കഴിഞ്ഞു വളരെ യാദൃശ്ചികമായി ആ കവിത വീണ്ടും ഓര്‍ത്തെടുക്കാന്‍ ഇടയായി. അപ്പോഴാണ്‌ അവനെ കുറിച്ച് എല്ലാവരും മറന്നു പോയിരിക്കുന്നല്ലോ എന്ന് ചിന്തിച്ചത്. എന്ത് പറ്റി അവന്‍റെ ഓര്‍മ്മകള്‍ക്ക് എന്നോര്‍ത്തപ്പോള്‍ ആ കവിത എന്തോ പുതുതായി എന്നോട് പറയാന്‍ വെമ്പുന്നത് പോലെ. അങ്ങനെയാണ് 'ഒരു കവിത ആവേശിക്കപ്പെടുന്നു' എന്ന രചന ഉണ്ടായത്. അവന്‍ തന്നെയാണോ എന്നെ കൊണ്ട് വീണ്ടുമൊരു കണക്കെടുപ്പ് നടത്തിച്ചത്?
കുട്ടിക്കാലത്തിന്റെ അനുഭവങ്ങളില്‍ ഏറ്റവും തീവ്രമായ ഒരോര്‍മ്മയായിരുന്നു ഒഴുക്കെടുത്ത ഒരു പെണ്‍കുട്ടിയെ കുറിച്ചുള്ളത്. സത്യത്തില്‍ എനിക്കത്ര അടുത്തറിയാവുന്ന ഒരുത്തിയായിരുന്നില്ല ആ കുട്ടി. മദ്രസ്സയില്‍ കണ്ട ഓര്‍മ്മ മാത്രം. നല്ല നീണ്ടു ചുരുണ്ട മുടിയാണ് അവള്‍ക്കുണ്ടായിരുന്നത് എന്ന് ഓര്‍മ്മയുണ്ട്. മലവെള്ളം ഗ്രാമത്തെയാകെ മൂടിയിരുന്ന ആ ദിവസവും, അന്നത്തെ ഏട്ടന്മാരോക്കെ നാട്ടുപുഴയില്‍ ജഡം തേടി പോയതും പിന്നീട് കൈതത്തഴപ്പില്‍ നിന്ന് അത് കണ്ടെത്തിയതും ഞങ്ങള്‍ കുട്ടികളെയൊന്നും കാണാന്‍ അനുവദിക്കാതെ ഒരു പായില്‍ കെട്ടി കൊണ്ട് പോയതുമൊക്കെ നല്ല ഓര്‍മ്മയുണ്ട്. പില്‍ക്കാലത്ത് ആ കുട്ടിയുടെ മൂന്നാമത്തെയോ നാലാമത്തെയോ ഇളയ അനിയത്തിയോട് ഒരിക്കല്‍ അതെ കുറിച്ച് ചോദിച്ചതും ഏട്ടത്തി കേട്ട് കേള്‍വി മാത്രമായിരുന്ന അവള്‍ നിര്‍വ്വികാരം അതിനെ കുറിച്ച് ഒറ്റവാക്കില്‍ സംസാരിച്ചതും ഓര്‍ക്കുന്നു. തന്നെയല്ല, അന്നത്തെ എന്റെ കൂട്ടുകാരൊന്നും അക്കാര്യം കാര്യമായി ഓര്‍ക്കുന്നുമില്ല . എന്തു കൊണ്ടാവാം പെരുമഴയും ഇടികുടുക്കവുമുള്ള സമയങ്ങളിലൊക്കെയും ഏകാന്തനാവുമ്പോള്‍ ഒരാദിരൂപം പോലെ ഞാന്‍ അവളെ ഓര്‍ത്ത്‌ പോവുന്നത്? ഈ ചിന്തയില്‍ നിന്നാണ് 'ഒഴുക്കെടുത്ത കൂട്ടുകാരി' പിറന്നത്‌. എന്നാല്‍ പിന്നീട് ആ കവിത എനിക്ക് അറം പറ്റിയെന്നു പറയാം. അവളെന്റെ നഷ്ടപ്രണയം തന്നെയായി മാറിയത് കവിത എഴുതിക്കഴിഞ്ഞാണ് . വിചിത്രമായ ആ peripeteia പിന്നീട് പലപ്പോഴും ഉറക്കം കെടുത്തിയിട്ടുമുണ്ട്. ഇപ്പോള്‍ വീണ്ടും അത്തരം ഒരു നിദ്രാ ഭംഗത്തിനൊടുവില്‍ ഞാന്‍ എഴുതിപ്പോവുന്നു: 'സ്വര്‍ഗ്ഗാരോഹണം' ഒരു മോഹമാവുന്നത്, അതൊരു പുന സമാഗമ സാധ്യത കൂടി ആവുന്നത് കൊണ്ടാവണം. ഹൃദയപൂര്‍വ്വം ഒരു സുഹൃത്ത് ചൂണ്ടിക്കാണിക്കുന്നു കവിതയുടെ വഴിയില്‍ 'രാവറുതി'യും 'പുഴയോളങ്ങ'ളും ആവര്‍ത്തിക്കുന്നതിലെ ക്ലീഷേ വ്യാപനം.
അതെ, ഞാനും മറികടക്കേണ്ടിയിരിക്കുന്നു, ആ പുഴയോളങ്ങളെയും നിദ്രാ ഭംഗത്തിന്റെ രാവറുതികളെയും.

Thursday, February 27, 2014

സ്വര്‍ഗ്ഗാരോഹണം



(
മുങ്ങി മരിച്ച കളിത്തോഴിക്ക് വീണ്ടും. )
ഞാനിപ്പോള്‍ സ്വര്‍ഗ്ഗാരോഹണം
കിനാവ്‌ കാണുന്നു.
ഇറങ്ങിപ്പോയത് പുഴയാഴങ്ങളിലേക്കെങ്കിലും
കടന്നു പോയത് കാലക്കടലുകളെങ്കിലും
നിര്‍ നിദ്രമായ എന്റെ രാവറുതികളില്‍
നീയെന്നെ മാടി വിളിക്കുന്നു.മണ്ണപ്പം പാകമായോ എന്ന്
തൊടിയിലെ മുത്തശ്ശിമാവിന്‍ തണലില്‍
നമ്മളപ്പോള്‍ കാത്തിരിക്കുന്നു.ഉച്ചവെയിലില്‍ ജലമുഖം കണ്ട്
നമ്മള്‍ പുഴയിലിറങ്ങുന്നു.ചെക്കന്റെയൊരു പേടിയെന്ന്
നീയെന്നെ കണ്ണിറുക്കുന്നു.ഇമ തല്ലി മിഴിക്കവേ
എനിക്ക് ജരാനരകള്‍ ബാധിക്കുന്നു.നീയോ,ഒരു സ്വര്‍ണ്ണ മത്സ്യമായി
നദിയോളങ്ങളിലേക്ക് കൂപ്പു കുത്തുന്നു.ജല ദേവതമാരുടെ വരവേല്‍പ്പിലേക്ക്
നീയൊരു പുതു മോടിയാവുന്നു.നിനക്കും എനിക്കുമിടയില്‍
ഗദ്ഗദങ്ങളുടെ ഭൂമി പിളരുന്നു.അത്രയും ധൈര്യം വേണ്ടായിരുന്നു നിനക്ക്.
നീയൊരു ചിറകുള്ള മത്സ്യം.ഇപ്പോഴും നീ അകന്നു പോവുന്നു.ഞാന്‍ നോക്കിയിരിക്കെ
നീ ഉയര്‍ന്നു പറക്കുന്നു.കുതിച്ചു പൊങ്ങുന്നൊരൂഞ്ഞാല്‍ ചിറകില്‍
മേഘപാളികളിലേക്ക് വഴിയൊരുക്കി
നീ വീണ്ടും കണ്ണിറുക്കുന്നു.ചെക്കന്റെയൊരു പേടി.കുഞ്ഞു മാലാഖമാരുടെ നൃത്തവേദിയിലേക്ക്
നീ പറന്നിറങ്ങുന്നു.നിനക്കും എനിക്കുമിടയില്‍
വിരഹത്തിന്റെ ഗോളാന്തരംപിറക്കുന്നു.അത്രയും ധൈര്യം വേണ്ടായിരുന്നു നിനക്ക്.
നീ തളിര്‍ക്കാതെ പോയ വസന്തം.നീയുണ്ടായിരുന്നപ്പോള്‍
നീയെനിക്ക് വെറും കൂട്ടായിരുന്നു;നീ മറഞ്ഞപ്പോഴോ;എന്നില്‍ ലയിച്ച ജന്മാന്തര പ്രണയം.മൃതിയിലാണ് നീയെന്നില്‍ ജനിച്ചത്‌.നീ വീണ്ടും കണ്ണിറുക്കുന്നു.ചെക്കന്റെയൊരു കഥ.കാവ്യ ബിംബങ്ങളുടെ വീര്‍പ്പു മുട്ടലിലേക്ക്
നീ ചിറകൊതുക്കുന്നു.നിനക്കും എനിക്കുമിടയില്‍
നിത്യ കന്യകയുടെ അപ്രാപ്യശാപമുറയുന്നു.അത്രയും ധൈര്യം വേണ്ടായിരുന്നു നിനക്ക്.
ഞാനിപ്പോള്‍ സ്വര്‍ഗ്ഗാരോഹണം
കിനാവ്‌ കാണുന്നു.

Sunday, February 23, 2014

പ്രചോദനത്തിന്റെ ചലച്ചിത്രക്കാഴ്ചകള്‍:1

പ്രചോദനത്തിന്റെ ചലച്ചിത്രക്കാഴ്ചകള്‍:1


പോരാളികള്‍ വിരമിക്കുന്നില്ല


1952 – '60 കാലഘട്ടത്തില്‍ കെനിയയില്‍ കികുയു വിഭാഗത്തില്‍ പെട്ട പോരാളികളുടെ നേതൃത്വത്തില്‍ നടന്ന ബ്രിട്ടീഷ് കൊളോണിയല്‍ വിരുദ്ധ പോരാട്ടം, മോ മോ (Mau Mau ) കലാപം എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്നു. കലാപത്തില്‍ ധീരോദാത്തം പൊരുതിയ കിമാനി മരുകെ (Kimani Ng'ang'a Maruge (c. 1920 -August 14, 2009) എന്ന വയോധികന്റെ ജീവിത കഥയെ ആസ്പദമാക്കി യുവ ബ്രിട്ടീഷ് സംവിധായകന്‍ ജസ്റ്റിന്‍ ച്ഛാഡ്‌ വിക്ക് സംവിധാനം ചെയ്ത ചിത്രമാണ്The First Grader(2010). 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന മാഹാത്മജിയുടെ വാക്കുകള്‍ പോലെ ഒരു യഥാര്‍ത്ഥ പോരാളി ഒരിക്കലും തളര്‍ന്നു പോവുന്നില്ലെന്നും ത്യാഗങ്ങളുടെ പാഠം അടുത്ത തലമുറയിലേക്കു പകര്‍ന്നു നല്‍കുമ്പോള്‍ മാത്രമേ അയാളുടെ കടമ മുഴുവനാകുന്നുള്ളൂ എന്നും ചിത്രം ഓര്‍മ്മിപ്പിക്കുന്നു.

കെനിയയിലെ ഒരു ഉള്‍നാടന്‍ മലയോര ഗ്രാമത്തില്‍ പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിലൊരിക്കല്‍, സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച സൗജന്യ, സാര്‍വത്രിക വിദ്യാഭ്യാസ പദ്ധതിയില്‍ ഗുണഭോക്താക്കളാവാന്‍ പ്രദേശവാസികളായ കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം തിക്കിത്തിരക്കുന്നു. ഇവിടെയ്ക്ക് വരുന്ന ഒരു വിദ്യാര്‍ഥിയില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം: ഒരു കാലിനു മുടന്തുള്ള എണ്‍പത്തിനാലുകാരനായ കിമാനി ങ്ങംഗ മരുകെ (Oliver Ritondo) ആണയാള്‍. ഒരു പ്രൈമറി സ്കൂള്‍ അയാള്‍ക്കുള്ളതല്ലെന്നു പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന അധികൃതരോട് സൗമ്യമായ ഭാഷയില്‍, സര്‍ക്കാര്‍ വാര്‍ത്ത എടുത്തു നിവര്‍ത്തി അയാള്‍ പറയുന്നു: 'ഇവിടെ വ്യക്തമായി പറയുന്നു, എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന്, എല്ലാവര്‍ക്കും!'. ഈ പ്രായത്തിലിനിയെന്തിനു ഈ സാഹസം എന്ന് പരിഹസിക്കുന്നവരോടും അതെ സൗമ്യതയോടെ അയാള്‍ തിരിച്ചടിക്കുന്നു 'ഞാന്‍ മരിച്ചിട്ടില്ല; ഇപ്പോഴും'. പല കാരണങ്ങളും പരിമിതികളും ചൂണ്ടിക്കാട്ടി തിരിച്ചയക്കുമ്പോഴും അടുത്ത ദിവസം തന്റേതായ രീതിയില്‍ ആ തടസ്സങ്ങള്‍ മറി കടന്നു അയാള്‍ വീണ്ടും പടിക്കലെത്തുന്നു. ഒടുവില്‍, ഉന്നതാധികാരികളുടെ അപ്രിയം പോലും അവഗണിച്ച് പ്രധാനാധ്യാപികയായ ജെയിന്‍ ഒബിഞ്ചു (Naomie Harris) അയാളെ സ്കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിക്കുന്നു; വലിയ വില പിന്നീട് അവള്‍ കൊടുക്കേണ്ടി വരുന്ന ഒരു തീരുമാനം. രക്ഷിതാക്കളും അധികൃതരും അവര്‍ക്കെതിരായിത്തിരിയുന്നു. എന്നാല്‍ മുന്‍ വിധികള്‍ ഇല്ലാത്ത കുട്ടികള്‍ അയാളുടെ നന്മ തിരിച്ചറിയുകയും അയാളെ വേഗം കൂട്ടത്തിലെടുക്കുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാവുന്ന പ്രശ്നങ്ങളില്‍ സ്കൂള്‍ ആക്രമിക്കപ്പെടുകയും, ജെയിന്‍ സ്ഥലം മാറ്റപ്പെടുകയും ചെയ്യുന്നു. എന്നാല്‍ പകരം വരുന്ന അധ്യാപികയെ കുട്ടികള്‍ എറിഞ്ഞോടിക്കുന്നു. അതെ സമയം മരൂകെയെന്ന തളരാത്ത പോരാളി തലസ്ഥാനമായ നൈറോബിയിലേക്ക് ഒറ്റയാള്‍ പട നയിക്കുന്നു. അധികൃതരെ നേരില്‍ കണ്ടു അയാള്‍ വികാര തീവ്രമായ ഒരു അഭ്യര്‍ത്ഥന നടത്തുന്നു. അതിനൊടുവില്‍ ജെയിനിന്റെ സ്ഥലം മാറ്റം റദ്ദ് ചെയ്യപ്പെടുന്നു. കുട്ടികളുടെ സ്നേഹപൂര്‍ണ്ണമായ സ്വീകരണത്തിലേക്ക് ജെയിന്‍ തിരിച്ചെത്തുന്നു.

ഇതിവൃത്തഘടന മേല്‍പ്പറഞ്ഞ പോലെ ലളിതമാണെന്നു തോന്നാമെങ്കിലും സ്വാതന്ത്ര്യം, അതിന്റെ കടമകള്‍ നിര്‍വ്വഹിക്കന്നതില്‍ വിദ്യാഭ്യാസത്തിന്റെ പങ്ക്, പോരാളികളുടെ പിക്കാല ജീവിതം അവര്‍ക്കായി കാത്തു വെക്കുന്ന വെല്ലുവിളികള്‍, അവരുടെ സഹനങ്ങളൊക്കെയും കേട്ടുകേള്‍വികള്‍ മാത്രമായ പുതു തലമുറയ്ക്ക് മുന്നില്‍ അവര്‍ പരിഹാസ്യരാവുന്നതിന്റെയും മനസ്സിലാക്കപ്പെടാതെ പോവുന്നതിന്റെയും വിപര്യയങ്ങള്‍ തുടങ്ങിയ ഗഹനമായ പ്രമേയങ്ങളിലേക്കാണ് ചിത്രം ആഴത്തില്‍ കണ്ണ് തുറക്കുന്നത്. മരൂകെയുടെ ശാന്ത മൗനത്തിനുള്ളില്‍ അയാളിലെ പോരാളി കടന്നു പോന്ന വഴികളുടെ കനല്‍പ്പാടുകളുണ്ടെന്നു വ്യക്തമാക്കുന്ന അതി ശക്തമായ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. കുട്ടികളെ കൂടി അഭിസംബോധന ചെയ്യേണ്ട ഒരു ചിത്രമെന്ന നിലക്ക് പീടാനുഭവങ്ങളുടെ ചിത്രീകരണം അവയുടെ പതിവ് പോപ്പുലര്‍ സിനിമാ സ്ഥൂലതയില്‍ അല്ല, മറിച്ചു ഏറ്റവും ന്യൂനോക്തിയില്‍ അവതരിപ്പിക്കുന്ന തീവ്രതയില്‍ ആണ് ചിത്രത്തില്‍ വരുന്നത്. ആദ്യ രംഗത്ത് എകാന്തനായ വയോധികന്‍ കൃഷിയിടമൊരുക്കുമ്പോള്‍ തന്നെ അയാളുടെ ഓര്‍മ്മയില്‍ സുന്ദരിയായ ഒരു യുവതിയും ഒരു ബാലനും ഒരതീത ചിത്രത്തിലെന്നോണം തെളിയുന്നുണ്ട്. പ്രണയാര്‍ദ്രമായ ഭാവത്തോടെ നോക്കുന്ന ആ യുവതിയും കരുത്തനായ ഒരു യുവാവും ഇടയ്ക്കിടെ സ്വപ്ന പ്രത്യക്ഷം പോലെ കടന്നു വരുന്നുമുണ്ട്. സ്കൂളില്‍ അയാളുടെ കേള്‍വിക്കമ്മി ഒരു ഘട്ടത്തില്‍ പ്രശ്നമാവുന്നുണ്ട്. മുന പോയ പെന്‍സിലുമായി എഴുതാന്‍ പ്രയാസപ്പെടുന്ന മരൂകെയുടെ ഓര്‍മ്മയില്‍ നിന്നാണ്, പീഡനത്തിന്റെ സമയത്ത് കോളോണിയല്‍ പോലീസ് കൂര്‍പ്പിച്ച പെന്‍സിലുപയോഗിച്ചു 'നിനക്ക് ഒന്ന് കൂടി വ്യക്തമായി കേള്‍ക്കാന്‍ സഹായിക്കാം' എന്ന പരിഹാസത്തോടെ അയാളുടെ ശ്രവണ പുടം തകര്‍ക്കുകയായിരുന്നു എന്ന് നമ്മള്‍ മനസ്സിലാക്കുന്നത്. അയാള്‍ നോക്കി നില്‍ക്കെ കാമാറക്കണ്ണിനു വെളിയില്‍, അയാളുടെ ഭാര്യയും കുഞ്ഞു മകനും, തോക്ക് ചൂണ്ടിയ പട്ടാളക്കാരാല്‍ കൊല്ലപ്പെടുന്ന ശബ്ദവും കുഞ്ഞിന്റെ പെട്ടെന്നു നിലക്കുന്ന കരച്ചിലും നാം അറിയുന്നു. തലകീഴായി കെട്ടിത്തൂക്കി ഭേദ്യം ചെയ്തു കൊല്ലപ്പെടുന്ന സഹ യോദ്ധാക്കളുടെ രൂപങ്ങളും നിശ്ശബ്ദമായ സര്‍റിയല്‍ അനുഭവം പോലെയാണ് അയാളുടെ മനസ്സില്‍ തെളിയുന്നത്. പിന്നീട് നാം അറിയുന്നുണ്ട്, നീണ്ട എട്ടു വര്‍ഷങ്ങളോളം അത്തരം കൊടിയ പീഡനങ്ങളിലൂടെ കടന്നു വന്നയാളാണ് മരൂകെ എന്ന്.

ഒരു പോരാളിക്ക് ഒരിക്കലും വിരമിക്കലില്ലെന്നു സ്വയം സാക്ഷ്യപ്പെടുത്തുകയാണ് മരൂകെ. ആറു വയസ്സുകാരുമായുള്ള സഹ വിദ്യാഭ്യാസം, തന്റെ കാലഘട്ടം ഒരുക്കിക്കൊടുത്തതൊക്കെയും എത്ര വേഗത്തിലാണ് പുതു തലമുറയ്ക്ക് കൈമോശം വന്നു തുടങ്ങുന്നത് എന്ന് അയാള്‍ക്ക്‌ മനസ്സിലാക്കി കൊടുക്കുന്നുണ്ട്. പ്രായത്തിന്റെ ചാഞ്ചല്യം ഒട്ടുമില്ലാത്ത സ്ഫുടവും ഹ്രസ്വവും എന്നാല്‍ വ്യക്തവുമായ അയാളുടെ പദ പ്രയോഗങ്ങള്‍ അയാളുടെ ആദര്‍ശ ദൃഡതയുടെ അടയാളമാണ്. സ്വാതന്ത്ര്യം എന്നര്‍ത്ഥം വരുന്ന 'ഒഹൂറു' എന്നാ സ്വാഹിലി പദം അയാള്‍ തന്‍റെ സഹപാഠികളെ പഠിപ്പിക്കുന്നത് ഒരു പോരാട്ട ഭൂമിയിലെ കരുത്തോടെയാണ്. സ്കൂള്‍ ആക്രമിക്കാന്‍ വരുന്ന കൂലിപ്പടയെ ഒറ്റയ്ക്ക് സധൈര്യം നേരിടുന്ന മരൂകെ ആ പഴയ കികുയു പോരാളി തന്നെ. ചിത്രാന്ത്യത്തില്‍ നൈറോബിയില്‍ വിദ്യാഭ്യാസ ഡയരക്ട്റ്റരുടെ കാര്യാലയത്തില്‍ പ്രോട്ടോകോള്‍ കാത്തു നില്‍ക്കാതെ നേരിട്ട് കയറിച്ചെല്ലുന്ന മരൂകെ ഓര്‍മ്മിപ്പിക്കുന്നുണ്ട്, ചുവരില്‍ ചില്ല് പടങ്ങളില്‍ നിരന്നിരിക്കുന്ന ദേശ പിതാക്കളുടെ ത്യാഗത്തിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും അത് നില നിര്‍ത്തുന്നതില്‍ ദീര്‍ഘ വീക്ഷണമുള്ള വിദ്യാഭ്യാസ നിലപാടുകള്‍ സ്വീകരിക്കേണ്ട കടമ അവര്‍ക്കുണ്ടെന്നും. സ്വന്തം മുതുകിലെ പീഡനത്തിന്റെ പാടുകള്‍ ഈ ഒരൊറ്റത്തവണ മാത്രം ചിത്രത്തില്‍ അയാള്‍ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്.

ഭാവിയുടെ വാഗ്ദാനങ്ങളായി കുട്ടികള്‍ വളര്‍ന്നു വരുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ഒരവകാശമായിത്തന്നെ പഠിക്കാനുള്ള അവസരത്തിനായി പ്രായത്തിന്റെയും ഏറ്റുവാങ്ങിയ മുറിപ്പാടുകളുടെയും അവശത മറന്നു അക്ഷീണം ശ്രമിക്കുന്ന മരൂകെയുടെ നിശ്ചയ ദാര്‍ദ്യവും ജൈനിനു നന്നായി ഉള്‍കൊള്ളാന്‍ കഴിയുന്നത്‌ അവര്‍ സ്വയം ഒരു പോരാളി ആയതു കൊണ്ട് തന്നെയാണ്. 'ഞാനിപ്പോള്‍ നിങ്ങളുടെ അമ്മയാണ്. ഞാന്‍ നിങ്ങളോട് പറയുന്നു, നിങ്ങള്‍ വിദ്യാഭ്യാസത്തെ സ്നേഹിക്കണം, അപ്പോള്‍ നിങ്ങള്‍ക്ക് എന്നേക്കാള്‍ മികവുറ്റവര്‍ ആകാന്‍ കഴിയും, നിങ്ങളുടെ എല്ലാ അധ്യാപകരേക്കാളും മികവുറ്റവര്‍ ആകാന്‍ കഴിയും'.അവര്‍ കുട്ടികളോട് പറയുന്നുണ്ട്. മരൂകെയെ സഹായിക്കുന്നത് മൂലം ഒരു ഘട്ടത്തില്‍ സ്നേഹനിധിയായ ഭര്‍ത്തവുമായിപ്പോലും അവര്‍ക്ക് എതിരിടേണ്ടി വരുന്നുമുണ്ട്. വംശീയ വിദ്വേഷച്ചുവയുള്ള പ്രയോഗം നടത്തുന്ന മേലധികാരിയോട് നിര്‍ഭയം 'വംശ വെറിയുടെ കാലം കഴിഞ്ഞുവെന്നാണ് ഞാന്‍ കരുതിയിരുന്നത്!' എന്ന് മുഖത്തടിച്ചു പറയാനും മടികാണിക്കുന്നില്ല അവര്‍. മരൂകെയോടൊപ്പം പ്രേക്ഷകമനസ്സില്‍ വലിയസ്വാധീനം ഉണ്ടാക്കുന്നുണ്ട് ഈ കഥാപാത്രവും.


ആദ്യം സൌത്ത് ആഫ്രിക്കയില്‍ വെച്ച് ചിത്രീകരിക്കും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് കെനിയയില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നത്. "ഞങ്ങള്‍ക്ക് സൌത്ത് ആഫ്രിക്കയില്‍ ചിത്രീകരിക്കാമായിരുന്നു, എന്നാല്‍ കെനിയയില്‍ നിങ്ങള്‍ക്ക് ഈ അവിശ്വസനീയമായ, വിശദീകരിക്കാനാവാത്ത ഊര്‍ജ്ജം കാണാനാവും- അത് ഈ ചിത്രം ആരെ കുറിച്ചാണോ ആ കുട്ടികളിലും ആളുകളിലും അന്തര്‍ലീനമാണ്." ഇങ്ങനെയാണ് സംവിധായകന്‍ ജസ്റ്റിന്‍ ച്ഛാഡ്‌ വിക്ക് ആക്കാര്യം വിശദീകരിച്ചത്. കഥാനായകന്റെ മരണത്തിനു തൊട്ടടുത്ത വര്‍ഷം അതായത് 2010-ല്‍ പുറത്തിറങ്ങിയ ചിത്രം നിരവധി അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പുരസ്കാരങ്ങള്‍ നേടുകയുണ്ടായി

The Storyteller by Mario Vargas Llosa

അതിജീവനത്തിന്റെ ആമസോണ്‍ പാഠങ്ങള്‍




ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യം ലോകമെങ്ങുമുള്ള വായനക്കാരുടെ പ്രഥമ പരിഗണനകളില്‍ ഒന്നായ അറുപതുകള്‍ തൊട്ട് ആ ധാരയുടെ സവിശേഷ സ്ഥാനത്തുണ്ട് പെറൂവിയന്‍ നോവലിസ്റ്റ് മരിയോ വര്‍ഗാസ്‌ യോസയുടെ കൃതികള്‍. 2010-ല്‍ അദ്ദേഹത്തിനു നോബല്‍ സമ്മാനം നല്‍കുമ്പോള്‍, അത് കൊണ്ട് തന്നെ, ഏറെ വൈകിപ്പോയ ഒരു തെറ്റ് തിരുത്തുക മാത്രമായിരുന്നു സ്വീഡിഷ് അക്കാദമി. അധികാരപ്രമത്തതയുടെ ഏകാധിപത്യ സ്വരൂപങ്ങളെയും വിജയ പരാജയങ്ങള്‍ക്കപ്പുറത്തുള്ള തീക്ഷ്ണമായ ചെറുത്തുനില്‍പ്പിന്റെയും ഗാഥകളാണ് യോസയുടെ പ്രമേയ പരിസരങ്ങളില്‍ ഏറെയും. പെറൂവിയന്‍ സമൂഹത്തെ കുറിച്ചുള്ള നേരനുഭവ / ജീവിത ബോധ്യങ്ങള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട് അദ്ദേഹത്തിന്റെ കൃതികളില്‍. ആ നിലക്ക് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച രചനകളില്‍ പ്രത്യേക സ്ഥാനമുണ്ട് കാല്‍ നൂറ്റാണ്ടു മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട The Storyteller എന്ന കൃതിക്ക്. ഒരു കൃതി കാലാതിവര്‍ത്തിയാവുന്നത് അതിന്റെ പ്രമേയപരമായ ഉത്കണ്ഠകള്‍ എപ്പോഴും പ്രസക്തമായിരിക്കുമ്പോള്‍ കൂടിയാണല്ലോ.

ജൈവീകവും പ്രകൃതി- പാരിസ്ഥിതിക സൗഹാര്‍ദ്ദപരവും ഒരു സ്പിഷീസ് എന്ന നിലക്ക് മനുഷ്യന്റെ അതിജീവനത്തിന്റെതന്നെ ആദിമത്തനിമയുടെ നിദര്‍ശനവുമായ എന്തിനെയും തകര്‍ത്തുകളയുക എന്ന സ്വയം പരാജയപ്പെടുത്തുന്ന പ്രത്യയ ശാസ്ത്രത്തിലാണ് ആഗോള വല്‍കൃത, മൂലധന കോര്‍പ്പറേറ്റ് താല്പര്യങ്ങളെന്നും ഈ പണ്ടോരയുടെ പെട്ടി അതിന്റെ ഏറ്റവും ഭീഷണമായ രീതിയില്‍ തുറന്നു വിട്ടത് കൊളോണിയലിസത്തിന്റെ ദുരയായിരുന്നു എന്നതും ഇന്ന് തര്‍ക്ക വിഷയമല്ല. ഈ തിരിച്ചു പോക്കില്ലാത്ത ആത്യന്തിക മാനുഷിക വിഡ്ഢിത്തത്തിന്റെ ഏറ്റവും നിസ്സഹായരായ ഇരകള്‍ ലോകമെമ്പാടുമുള്ള/ ഉണ്ടായിരുന്ന ആദിമ നിവാസികള്‍ ആണ്/ ആയിരുന്നു എന്നതും നിസ്തര്‍ക്കം തന്നെ. പെറൂവിയന്‍ ആമസോണ്‍ ഉള്‍ വനങ്ങളുടെ ആദിമത്തനിമയില്‍ തങ്ങളുടെ ഗോത്ര സംസ്കൃതിയില്‍ പൊറുത്തുവന്ന ആദിമ നിവാസികളുടെ ജീവിതത്തിലേക്ക് കൊളോണിയലിസം അതിന്റെ 'വെളുത്തവന്റെ ബാധ്യത' (the white man's burden') ആയ 'സാംസ്കാരികോദ്ധാരണ' ('civilizing the savages')മെന്ന മുച്ചൂടും കപടവും മനുഷ്യത്വരഹിതവുമായ അജണ്ടയുമായി കടന്നു വരുന്നത് ലോകമെമ്പാടുമുള്ള സമാനമായ കടന്നു കയറ്റങ്ങളുടെ ഭാഗമായിട്ട് തന്നെയാണ്. തദ്ദേശീയരെ മിഷണറി പ്രവര്‍ത്തനത്തിന്റെയും നരവംശ ശാസ്ത്ര പഠനത്തിന്റെയും മറവില്‍ പാശ്ചാത്യ വല്‍ക്കരിക്കാനും അത് വഴി അവരുടെ സാംസ്കാരികത്തനിമ നശിപ്പിക്കാനുമുള്ള ശ്രമങ്ങളും ഒരര്‍ഥത്തില്‍, റബ്ബര്‍ കൃഷിക്ക് ആവശ്യമായ മാനുഷിക അദ്ധ്വാന വിഭവം കണ്ടെത്തുന്നതിനായി നടമാടിയ അടിമ വേട്ടയുടെ ഒരു തുടര്‍ച്ച തന്നെയാണ്.

1950-കളുടെ പെറൂവിയന്‍ പശ്ചാത്തലത്തില്‍ പ്രധാനമായും രണ്ടു കഥാ പുരുഷന്മാരിലൂടെ ആമസോണ്‍ മേഖലയിലെ ആദിവാസി വിഭാഗങ്ങളില്‍ പെട്ട ജനതയോടുള്ള പരിഷ്കൃത സമൂഹത്തിന്റെ വിനിമയങ്ങളെ പ്രശ്നവല്‍ക്കരിക്കുകയാണ് നോവലില്‍. മാക്കിഗംഗ എന്ന ഗോത്ര വിഭാഗത്തിന്റെ കഥപറച്ചില്‍ക്കാര(The Storyteller)നായിത്തീരുന്ന സോള്‍ സുറാറ്റസ് എന്ന സാന്‍ മാര്‍ക്കോസ് യൂനിവേഴ്സിറ്റി വിദ്യാര്‍ഥി പ്രതിനിധാനം ചെയ്യുന്ന കാഴ്ചപ്പാടില്‍ ഗോത്ര വിഭാഗങ്ങള്‍ അവരുടെ കാലാകാലങ്ങളായുള്ള വിശ്വാസാചാര ക്രമങ്ങളും ജീവിത രീതിയുമായി മുന്നോട്ടു പോകാന്‍ അനുവദിക്കപ്പെടേണ്ടതുണ്ട്. സ്വന്തം മണ്ണിനോടും വിഭവങ്ങളോടുമുള്ള അവരുടെ സനാതനമായ അവകാശം പരിപാലിക്കപ്പെടേണ്ടതുണ്ട്. അവരുടെ സാംസ്ക്കാരിക സാമൂഹികത്തനിമയില്‍ ഒരു കാരണ വശാലും പുറം ലോകം ഇടപെടെണ്ടതില്ല എന്ന നിലപാട് ഈ വിഭാഗം കൈക്കൊള്ളുമ്പോള്‍, മറു വിഭാഗമാകട്ടെ, അത്തരം പ്രാകൃത സമൂഹങ്ങള്‍ക്ക് ആധുനിക വല്‍ക്കരണത്തിലൂടെയല്ലാതെ പുതിയ കാലത്തിന്റെ സാമ്പത്തിക ചൂഷണങ്ങള്‍ക്കെതിരില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നും അത് കൊണ്ട് തന്നെ അവരെ ആധുനിക സമൂഹവുമായി കണ്ണിചേര്‍ക്കേണ്ടതുണ്ടെന്നും കരുതുന്നു. ഈ കാഴ്ചപ്പാട് അവതരിപ്പിക്കുന്ന കഥാപാത്രത്തെ നോവലിസ്റ്റുമായിത്തന്നെ താദാത്മ്യപ്പെടുത്താം. നോവലിന്റെ ഒടുവില്‍ ഈ കഥാപാത്രം ദേശീയ ടെലിവിഷനില്‍ അവതരിപ്പിക്കുന്ന പരിപാടിയിലൂടെ തന്റെ കാഴ്ചപ്പാടിന് തെളിച്ചം നല്‍കാന്‍ ശ്രമിക്കുമ്പോള്‍, സോള്‍ പൂര്‍ണ്ണമായും ഗോത്ര വിഭാഗത്തില്‍ ലയിച്ചു ചേരുന്നു.

തനിമയും സങ്കലനവും :

പെറൂവിയന്‍ ആദിമ ഗോത്രങ്ങളുടെ സാംസ്കാരികത്തനിമ ആഗോളവല്‍ക്കരണത്തിന്റെ വെല്ലുവിളികളോട് കലഹിച്ചുകൊണ്ട് നിലനില്‍പ്പിനായി നിരന്തരം 'നടന്നു'പോയിക്കൊണ്ടിരിക്കുന്നത് നോവലിന്റെ പ്രധാന ധാരയാണ്. 'നടന്നു കൊണ്ടിരിക്കുക' എന്നത് അതിജീവിക്കുക എന്നതിന്റെ പര്യായമാവുന്നുണ്ട് നോവലില്‍. ഒരിടത്ത് താമസമാക്കുക എന്നത്, പരാജയപ്പെടുത്താനാവാത്ത ശത്രുവിന് മുന്നില്‍ സ്വയം നശിക്കുക എന്നാവുമ്പോള്‍, നേരിടാനാവാത്ത അപകടസന്ധിയില്‍ ഏറ്റവും കുറച്ചു ശേഷിപ്പുകളുമായി നടന്നു പോവുക എന്നത് 'സൂര്യന്‍ വീണു പോവാതിരിക്കാ'നും എല്ലാം ഒടുങ്ങാതിരിക്കാനുമുള്ള വഴിയായിത്തീരുന്നു. മാക്കിഗംഗ സമൂഹം നിരന്തരം നടക്കുന്നു. പ്രകൃത്യാ അഹിംസാ മനോഭാവക്കാരായ ഗോത്രവാസികളെ സംബന്ധിച്ചു ആരുമായും ഏറ്റുമുട്ടല്‍ ഒഴിവാക്കേണ്ടതുമുണ്ട് എന്നതും സത്യാന്വേഷണത്തിന്റെ ആദി രൂപമായ 'നൊമാഡിസ'ത്തെ അവര്‍ക്ക് പ്രിയങ്കരമാക്കുന്നുണ്ട്. അത് കൊണ്ട് 'സംസ്കരിച്ചു' നശിപ്പിക്കുന്ന മിഷിണറിമാരില്‍ നിന്ന് മാത്രമല്ല അടിമ വേട്ടക്കെത്തുന്ന 'വിറാകോച്ച'(വെളുത്ത വര്‍ഗ്ഗക്കാരനെ സൂചിപ്പിക്കുന്ന അനിഷ്ടപ്രയോഗം) കളില്‍ നിന്നും അവര്‍ ഉള്‍ വനങ്ങളിലേക്ക് നടന്നു മറയുന്നു; തുറിച്ചു നോക്കുന്ന ഉന്മൂലനം യാഥാര്‍ത്ഥ്യമാവുന്നത് വരെയും. എന്നാല്‍, ഈ പാലായനം അന്തിമമായി അവരുടെ രക്ഷക്കെത്തുകയില്ലെന്നും, 'ഏതാനും മെരുങ്ങാത്ത മനുഷ്യരുടെ ചെറു സമൂഹവും തകര്‍ന്നു പോയ കുടുംബങ്ങളുമായി എപ്പോഴും പാലായനം ചെയ്യേണ്ടി വരുന്ന, ഒടുവില്‍ സമ്പൂര്‍ണ്ണ ഉന്മൂലനത്തിലൊടുങ്ങിയേക്കാവുന്ന, അപ്പോഴും തങ്ങളുടെ ഭാഷയെയും സമ്പ്രദായങ്ങളെയും കുഞ്ഞു ദൈവങ്ങളെയും മുറുകെ പിടിക്കുന്ന വെറുമൊരു പരാജയപ്പെട്ട വിഭാഗമായി' അവര്‍ക്ക് ഓടുങ്ങേണ്ടി വരുമെന്നും ആഖ്യായികാകാരന്‍ ഭയപ്പെടുന്നു. ഗൃഹാതുരത്വത്തോടെയെങ്കിലും, 'ഇപ്പോഴും നിലനില്‍ക്കുകയും ഒരു സജീവ സാംസ്കാരിക സാധ്യത ആയിരിക്കുകയും ചെയ്യുന്ന ഒന്നിനെ നശിപ്പിക്കുക എന്നത് വേദനാജനകമാണെങ്കിലും, നമുക്ക് ചിലപ്പോള്‍ ചില തെരഞ്ഞെടുപ്പുകള്‍ അനിവാര്യമായേ'ക്കുമെന്നും 'സാമ്പത്തികവും സാമൂഹികവുമായി ഇത്രയേറെ അന്തരം നില നില്‍ക്കെ, ഇന്ത്യന്‍ സംസ്കാരങ്ങളെ ബലികഴിച്ചു കൊണ്ട് മാത്രമേ ആധുനിക വല്‍ക്കരണം സാധ്യമാവൂ' എന്നും അയാള്‍ വിചാരിക്കുന്നു. എന്നാല്‍ നോവലില്‍ വ്യത്യസ്ത സംസ്കൃതികളുടെ തിരിച്ചറിയാനാവാത്ത വിധത്തിലുള്ള സങ്കലനമാണ് ഉറ്റുനോക്കുന്നത് എന്ന് പറയാം. നോവലിസ്റ്റ് ഡാന്റെയും മാക്ക്യവെല്ലിയും നവോത്ഥാന കലയും പഠന വിഷയമാക്കി ഫ്ലോറെന്‍സിലേക്ക് പോവുമ്പോള്‍, ആമസോണ്‍ വനാന്തര ജീവിതത്തിന്റെ ചിത്ര പ്രദര്‍ശന വേദിയില്‍ നിന്നാണ് മാക്കിഗംഗ ഗോത്ര കാഥികന്റെ ചിത്രം കണ്ടെത്തുന്നതും തന്റെ സഹ വിദ്യാര്‍ഥിയായിരുന്ന സോളിനെ തിരിച്ചറിയുന്നതും. ജൂതനായ സോളിനെ, പലായനത്തിന്റെ ആദിമ ഇരയുടെ അതേ ജനിതകം തന്നെയാവാം, ആമസോണ്‍ ഗോത്ര പാലായന ദൈന്യങ്ങളിലേക്കും അടുപ്പിച്ചിരിക്കുക എന്ന് ന്യായമായും അയാള്‍ ഊഹിക്കുമ്പോള്‍, വ്യത്യസ്ത കാല ദേശങ്ങള്‍ക്കപ്പുറം രണ്ടു സംസ്കാരങ്ങള്‍ രക്തം രക്തത്തെ തൊടുകയാവാം. സോളിന്റെ ഇഷ്ട കഥാപാത്രമായ ഗ്രിഗോര്‍ സാംസയെ പോലെ അയാളുടെ മുഖത്തെ ജന്മനാ ഉള്ള, അറപ്പ് തോന്നിക്കുന്ന വലിയ കടുത്ത പാടിന്റെ വൈരൂപ്യവും ഒറ്റപ്പെടുന്നവരുടെ ദൈന്യം അയാളെ കൂടുതല്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടാവാം. അയാളുടെ മനസ്സില്‍ യഹോവയും ക്രിസ്തുവും ഗ്രിഗോര്‍ സാംസയും മാക്കിഗംഗ വിഭാഗത്തിന്റെയും മറ്റനേകം ഗോത്ര വിഭാഗങ്ങളുടെയും എണ്ണമറ്റ പ്രാകൃത ദൈവങ്ങളും (animistic gods) കെട്ടു പിണയുന്നുണ്ട് എന്ന് തീര്‍ച്ച. അപ്പോള്‍ അയാള്‍ ഒരേ സമയം മോശെയും ജീസസും മാക്കിഗംഗ വിഭാഗത്തിന്റെ കഥപറച്ചില്‍ക്കാരനും ആവുന്നുണ്ട്‌, .എല്ലാം ചേര്‍ന്ന് ഒരു 'റ്റാസുറിഞ്ചി' (ഭിന്ന മുഖങ്ങളുള്ളവന്‍) ഗ്രിഗോര്‍ സാംസയും. മാക്കിഗംഗയാവട്ടെ, നങ്കൂരമില്ലാത്ത ജൂതനുമാവുന്നു.

കഥ പറച്ചില്‍

ഒരേ സമയം കഥപറച്ചിലിനെ കുറിച്ചുള്ള ഒരു നോവല്‍ ആയും കഥയായും നില്‍ക്കുന്ന ഒരു 'metafiction' ആയി ഈ നോവലിനെ കാണാം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നോവലിസ്റ്റ് സ്വയം ആഖ്യാതാവ് ആയ അധ്യായങ്ങളില്‍ അത് ഗോത്രത്തിന്റെ കഥ പറച്ചില്‍ക്കാരനായ സുഹൃത്തിന്റെ പുരാവൃത്തം ചികയുന്ന അന്വേഷണമാണ്. ഒന്നിടവിട്ട അധ്യായങ്ങളിലായി കടന്നു വരുന്ന സോള്‍ സുറാറ്റസ് ആഖ്യാതാവുന്ന ഭാഗങ്ങളിലാവട്ടെ, കഥപറച്ചില്‍ തന്നെയാണ് എല്ലാം. മാക്കിഗംഗ സമൂഹത്തില്‍ കഥപറയുന്നവന്‍ (Hablador) സവിശേഷ പദവി ഉള്ളയാളാണ്. ഗോത്രത്തിന്റെ സ്വകാര്യതയാണയാള്‍; അയാളെ സംബന്ധിച്ച് അന്യരോട് സംസാരിക്കാന്‍ പോലും അവര്‍ക്കിഷ്ടമല്ല. കഥ പറയല്‍ വെറും നേരമ്പോക്കല്ല അവര്‍ക്ക്. തികച്ചും പ്രാചീനവും തങ്ങളുടെ അസ്തിത്വത്തെ തന്നെ ചൂഴ്ന്നു നില്‍ക്കുന്നതുമായ ഒന്നാണത്. ഇവിടെ കഥകള്‍ ഒരു സംസ്കാരത്തിന്റെ അന്തസ്സത്തയാണ്; ഒരു സമൂഹത്തിന്റെ സാംസ്കാരികാസ്ഥിത്വത്തെ മുഴുവനായും ആഴത്തിലും ഉള്‍കൊള്ളുന്ന ഒരാള്‍ക്ക്‌ മാത്രം ചെയ്യാനാവുന്നത്. മാക്കിഗംഗ സംസ്കൃതിയുടെ അകക്കാമ്പിലേക്കുള്ള യാത്രയില്‍ അയാള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളും, കണ്ടെടുക്കുന്ന ഗോത്ര മിത്തുകളും വിശ്വാസ ക്രമങ്ങളും അവക്കിടയില്‍ തന്റെ പ്രത്യേക പദവിയില്‍ അയാള്‍ സാധിച്ചെടുക്കുന്ന സങ്കലനങ്ങളും ആണ് ഒരര്‍ഥത്തില്‍ നോവലിന്റെ പ്രമേയം. മാക്കിഗംഗ സമൂഹം ആഴ്ന്നുകിടക്കുന്ന വിശ്വാസാചാര ധാരാളിത്തങ്ങളില്‍നിന്നു വ്യത്യസ്തമായി രണ്ടു ആഖ്യാതാക്കളും അയഞ്ഞ മത- വിശ്വാസ നിലപാടുകള്‍ ഉള്ളവരാണ്. തന്റെ മതപരമായ പശ്ചാത്തലത്തെ കുറിച്ച് വളരെ തണുത്ത രീതിയിലാണ് നോവലിസ്റ്റ് പ്രതിപാദിക്കുന്നത്: “കാത്തോലിക്ക മതം വെറുമൊരു തെന്നലാണ്, വെറും അരമണിക്കൂറിന്റെ ഞായറാഴ്ച പ്രാര്‍ഥനയും മാസത്തിലെ എല്ലാ ആദ്യ വെള്ളിയാഴ്ചകളിലും തീരെ കുറഞ്ഞൊരു സമയമെടുക്കുന്ന ഒരു സഭാപ്രസംഗവും.” മതത്തെ വെറുമൊരു ചടങ്ങ് എന്നതിനപ്പുറം പ്രസക്തിയൊന്നുമില്ലാത്ത ഒന്നായാണ് അയാള്‍ കാണുന്നത്. സോള്‍ ആവട്ടെ, തന്റെ ജൂത മത വിശ്വാസത്തെ അച്ഛനെ സന്തോഷിപ്പിക്കാനുള്ള മാര്‍ഗ്ഗം എന്നതിലപ്പുറം എടുക്കുന്നില്ല. ഒരു ഘട്ടത്തില്‍ ഇസ്രായേലിലേക്ക് പോകുന്നു എന്ന് പുറത്തു പറയുന്നുണ്ടെങ്കിലും അയാള്‍ ആമസോണിന്റെ ഗോത്ര ജീവിതങ്ങളുടെ അന്തരാളങ്ങളിലേക്കാണ് പോകുന്നത്. എന്നാല്‍, മനുഷ്യന്റെ സഞ്ചിതാനുഭവങ്ങള്‍ എന്ന നിലയില്‍ ജൂത മത മിത്തുകളെയും ക്രിസ്തീയ മിത്തുകളെയും മാക്കിഗംഗ സഞ്ചിത സംസ്കൃതിയുമായി അയാള്‍ സന്നിവേശിപ്പിക്കുന്നുമുണ്ട്. അങ്ങനെയാണ് അയാളുടെ കഥ പറയല്‍ ഒരേ സമയം ഗോത്ര ഗാഥയും മനുഷ്യ കുല ഗാഥയും ആവുന്നത്.
ചരിത്രം, മുന്‍ വിളികള്‍

ക്രിസ്തുമത പ്രചാരണം, കൊളോണിയലിസം, അടിമ / മനുഷ്യ വേട്ട എന്നിവയാണ് മറ്റേതൊരു ആമസോണ്‍ ആദിമ സമൂഹത്തെയും പോലെ മാക്കിഗംഗ സമൂഹത്തെയും നശിപ്പിച്ച മൂന്നു ഘടകങ്ങളെന്നു സോള്‍ സുറാറ്റസ് പറയുന്നുണ്ട്. ആദിമ സമൂഹങ്ങള്‍ നേരിട്ടനുഭവിച്ച ചരിത്രത്തിന്റെ ഭാരങ്ങളാണ് അവ. ഒന്നുകില്‍ അവര്‍ തുടച്ചു നീക്കപ്പെട്ടു, അല്ലെങ്കില്‍ ഏതൊക്കെയോ പ്രാചീന ദുര്‍മന്ത്രവാദ ലോകത്തിലെ പ്രേതരൂപികളെ പോലെ സ്വത്വവും തനിമയുമില്ലാത്ത മെരുങ്ങാ ജീവികളായി തരം താഴ്ത്തപ്പെട്ടു. വെള്ളക്കാരനെ ആശ്രയിച്ചു മാത്രം കഴിയാനാവുന്ന ഈ നിസ്സഹായ ജീവിതങ്ങളെ, വക്രീകരിച്ചും കാരികേച്ചര്‍വല്‍ക്കരിച്ചും ബീഭത്സ രൂപികളാക്കി അധിനിവേശക്കാരന്‍ താന്‍ നിര്‍മ്മിച്ച ചരിത്രത്തില്‍ അവരെ ചുരുട്ടിക്കെട്ടി. 'ശുദ്ധനായ ആദിമ വാസി' (noble savage)യുടെയും 'പ്രാകൃതനായ സംസ്കാര ശൂന്യ'(wild barbarian)ന്റെയും കാല്‍പ്പനിക മാനങ്ങള്‍ക്കും കൊളോണിയല്‍ നിര്‍മ്മിതികള്‍ക്കുമിടയിലാണ് യഥാര്‍ത്ഥ ആദിമ നിവാസിയുടെ സ്വത്വം. അപൂര്‍ണ്ണമായതിനെ ജീവിതാര്‍ഹമല്ലെന്നു കണ്ടു പിറവിയിലേ കൊന്നു കളയുന്ന ഗോത്ര സംസ്കൃതിയില്‍ ജന്മനായുള്ള വൈരൂപ്യമുണ്ടായിട്ടും തന്റെ അമ്മ തന്നെ കൊല്ലാതിരുന്നത് ജൂതമതത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് കൂടി ആയിരിക്കണം എന്ന് സോള്‍ തിരിച്ചറിയുന്നുണ്ട്. അങ്ങനെ കിട്ടിയ ജീവിതമായിട്ടും അയാള്‍ ഗോത്ര ജീവിതത്തിന്റെ നന്മകള്‍ക്ക് വേണ്ടി നിലക്കൊള്ളുന്നതില്‍ തന്നെ നോവലില്‍ അന്തര്‍ലീനമായിട്ടുള്ള ആഴത്തിലുള്ള ഒരു വൈരുദ്ധ്യമുണ്ട്. ഗോത്രത്തനിമയെ കറപുരളാതെയും ആധുനിക/ ആഗോളവല്‍ക്കരണ അജണ്ടകളുടെ കുത്തൊഴുക്കില്‍ പെടാതെയും നില നിര്‍ത്തണമെന്ന് ശടിക്കുമ്പോഴും യൂനിവേഴ്സിറ്റി വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങളുടെ വ്യവഹാര ഭാഷ തന്നെയാണ് അയാള്‍ ഉപയോഗിക്കുന്നത്. (ചില വിമര്‍ശകരെങ്കിലും സോള്‍ സുരാറ്റസില്‍ ഹിപോക്രസി ആരോപിക്കാനും ഇത് ഇടയാക്കിയിട്ടുണ്ട്). അയാള്‍ വിളംബരപ്പെടുത്തുന്നതാവട്ടെ തനിച്ചു നില്‍പ്പിന്റെ തൊട്ടുകൂടായ്മയല്ല, മറിച്ചു സംസ്കാരങ്ങളുടെ സങ്കലനം തന്നെയാണ് താനും. ഭാരങ്ങള്‍ ഏറെയുണ്ടാവാമെങ്കിലും ചരിത്രം അതിന്റെ മുന്‍ വിളികളെ അടയാളപ്പെടുത്തുന്നത് അങ്ങനെയാവാം. ആധുനികതയുടെ മുഖമുദ്രയായ മാറ്റങ്ങളും പുരോഗതിയും സത്യം തന്നെയാണ്; എങ്കിലും ഈ സമൂഹങ്ങള്‍ക്ക് അവരുടെ ബാക്കിയുള്ള വിശ്വാസാചാര ജീവിത ക്രമങ്ങള്‍ വിട്ടു കൊടുക്കുക തന്നെ വേണം. ഖനനവും വന നശീകരണവും മാത്രമല്ല മാക്കിഗംഗ നേരിടുന്ന അപകടങ്ങള്‍, മിഷണറി പ്രവര്‍ത്തനവും 'മാനുഷിക പ്രവര്‍ത്തനങ്ങ'ളുടെ പുറം പൂച്ചില്‍ നടക്കുന്ന നരവംശ ശാസ്ത്ര പരീക്ഷണ/ അധിനിവേശങ്ങളും കൂടിയാണ്.


ഉത്സവ് (1984)

കാലം കാത്തു വെച്ച ചിത്രങ്ങള്‍: 7
ഉത്സവ് (1984)
ഹിന്ദി
സംവിധാനം: ഗിരീഷ്‌ കര്‍ണ്ണാഡ്

ശൂദ്രകന്റെ 'മൃച്ഛകടികം', ഭാസന്റെ 'ചാരുദത്ത' എന്നീ പ്രാചീന നാടകങ്ങളെ ആസ്പദമാക്കി ചലച്ചിത്രകാരനും നാടകകാരനുമായ ഗിരീഷ്‌ കര്‍ണ്ണാഡ്, കൃഷ്ണാ ബസ്രൂറിനോടൊപ്പം തിരക്കഥഎഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഉത്സവ്. ശശികപൂര്‍ നിര്‍മ്മിച്ച ചിത്രത്തിന് സംഭാഷണങ്ങള്‍ ഒരുക്കിയത് ശരദ് ജോഷിയും ഗാന രചന വസന്ത് ദേവ്, സംഗീതം ലക്ഷ്മികാന്ത് പ്യാരേലാല്‍ എന്നിവരുമാണ്. ചിത്രത്തിന്‍റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാവുന്നത് അശോക്‌ മേഹ്ത്തയുടെ ചായാഗ്രഹണവുമാണ്.

വസന്ത് സേന (രേഖ) എന്ന ദേവദാസിയും അവള്‍ യാദൃച്ചികമായി കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്ന ചാരുദത്ത (ശേഖര്‍ സുമന്‍) എന്ന സംഗീതോപാസകനായ ദരിദ്ര ബ്രാഹ്മണനും തമ്മിലുള്ള ബന്ധമാണ് മുഖ്യമായ ഒരു ഇതിവൃത്ത ധാര. എന്നാല്‍, വ്യത്യസ്തമായ ഒരു 'പീരിയഡ് ഫിലിം' എന്ന നിലയില്‍, മറ്റനേകം കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും തുല്യ പ്രാധാന്യത്തോടെ ചിത്രത്തിന്റെ ഇതിവൃത്ത ഘടനയില്‍ ഇടം പിടിക്കുന്നുണ്ട്. മുഖ്യ ധാരാ സിനിമയുടെ പതിവ് ചട്ടക്കൂടുകള്‍ ലംഘിച്ചു കൊണ്ട് മുന്നോട്ടു പോവുന്ന ചിത്രം, രാജാക്കന്മാരുടെയും കൊട്ടാര വാസികളുടെയും ധീര കൃത്യങ്ങളുടെ ആഘോഷമേയല്ല. പ്രണയം, രാഷ്ട്രീയം, രതി, ഹാസ്യം, എന്നിവയൊക്കെ തികച്ചും വ്യത്യസ്തമായ രീതിയില്‍ ചിത്രത്തില്‍ നിര്‍ണ്ണായക പ്രമേയങ്ങള്‍ ആവുന്നുണ്ട്‌.

ക്ലാസിക്കല്‍ നാടക പാരമ്പര്യത്തില്‍ ഒരു സൂത്രധാരനോട് കൂടിയാണ് ചിത്രം ആരംഭിക്കുന്നത്. കഥാപാത്രങ്ങളെയും കഥാകാലത്തെയും പരിചയപ്പെടുത്തുന്നത് ഈ സൂത്രധാരനാണ്- അംജദ് ഖാന്‍ അവതരിപ്പിക്കുന്ന സാക്ഷാല്‍ വാത്സ്യായന മഹര്‍ഷി. ഈ പരിചയപ്പെടുത്തല്‍ നടക്കുന്നതിനിടെ സംസ്ഥാനാക് (ശശികപൂര്‍) എന്ന രാജ കുടുംബാംഗം വസന്ത സേനയെ ഓടിച്ചിട്ട്‌ പിടിക്കാനുള്ള ശ്രമത്തിലാണ്. സൂത്രധാരനാവട്ടെ കഥയില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യമില്ല എന്ന് അയാള്‍ പറയുന്നുമുണ്ട്. മറ്റു കഥാപാത്രങ്ങള്‍ കഥാസന്ദര്‍ഭങ്ങളിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നത്.
കാമവും അര്‍ത്ഥവും ധര്‍മ്മവുംജീവിതത്തിന്റെ ലക്ഷ്യങ്ങള്‍ തന്നെയാണെന്ന വാത്സ്യായന ദര്‍ശനം ചിത്രത്തിന്‍റെ അന്തര്‍ധാരയാണ്. സര്‍വ്വകലാ വിദുഷിയായ ദേവദാസി , കുശല ബുദ്ധിയായ മോഷ്ടാവ് (ശങ്കര്‍ നാഗ്), നാടകീയത ഇഷ്ടപ്പെടുന്ന മഹര്‍ഷി, തീക്ഷ്ണ നയനങ്ങളുള്ള വിപ്ലവകാരി, ദാരിദ്രനെങ്കിലും സംഗീത സിദ്ധി കൊണ്ട് സമ്പന്നനായ ബ്രാഹ്മണന്‍ എന്നിവരൊക്കെയും പുരാണ പ്രോക്തമായ ഒരു കാല ഘട്ടത്തെ പുനര്‍ നിര്‍മ്മിക്കുന്നുണ്ട്. ചിത്രത്തിലെ ഏറ്റവും മികച്ച ആകര്‍ഷണീയതകളിലൊന്ന് വേഷ ഭൂഷകളില്‍ നിലനിര്‍ത്തിയിട്ടുള്ള ശബളമായ റിയലിസമാണ് .
പരസ്പര ബന്ധിതമായ പല ഉപകഥകളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്. ചാരുദത്തയുടെ ദരിദ്ര കുംബ പശ്ചാത്തലത്തില്‍ ഇടക്കിടെയുണ്ടാവുന്ന പൊട്ടലും ചീറ്റലും അതിനെ തുടര്‍ന്ന് ഭാര്യ ഇടയ്ക്കിടെ തന്റെ വീട്ടിലേക്കു പിണങ്ങിപ്പോവുന്നതും ഒരു വഴിത്തിരിവാകുന്നു. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് അഭയം തേടി വസന്ത സേന അയാളുടെ വീട്ടിലെത്തുന്നത്. തിരിച്ചു പോവുമ്പോള്‍, വഴിയിലുണ്ടാവനിടയുള്ള കള്ളന്മാരെ ഭയന്ന് അവള്‍ തന്റെ വിലയേറിയ ആഭരണങ്ങള്‍ ചാരുദത്തനെ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നു. ഈ ആഭരണങ്ങള്‍, പിന്നീട് പല കൈ മറിഞ്ഞ്, ഒരുവില്‍ ചാരുദത്തനെ വസന്ത സേനയുടെ കൊലപാതകത്തിനുത്തരവാദിയെന്നു വിധിച്ച് വഥശിക്ഷക്കിരയാക്കാന്‍ കാരണമാവുന്നുണ്ട്. എന്നാല്‍ സംഭവ ബഹുലമായ സങ്കീര്‍ണ്ണതകള്‍ക്ക് ശേഷം വസന്തസേന മരിച്ചിട്ടില്ലെന്നറിയുകയും അയാള്‍ രക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇതിനിടെ ഏകാധിപതിയായ രാജാവ് സ്ഥാന ഭ്രാഷ്ടനാക്കപ്പെടുന്നതും, ഒരു വര്‍ണ്ണ ശബളമായ വസന്തോത്സവ നൃത്തവും എല്ലാം സംഭവിക്കുന്നുണ്ട്.

ചിത്രാന്ത്യത്തില്‍, ക്ലാസിക്കല്‍ ശുഭാന്ത്യത്തിന്റെ എല്ലാ സാധ്യതകളും തെളിഞ്ഞു നില്‍ക്കെ, വധ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തില്‍ ചാരുദത്തനും അയാളുടെ ഭാര്യയും ദീര്‍ഘാശ്ലേഷത്തില്‍ അമരവേ, പരിത്യക്തയും പരാജിതയുമായി നില്‍ക്കുന്ന വസന്തസേനയുടെ മുഖത്തേക്ക് ക്യാമറ തിരിയുമ്പോള്‍, അവളുടെ സാമൂഹികാവസ്ഥയുടെ സത്യം എന്ന വേദനയിലെക്കാണ് നമ്മള്‍ ഉണരുന്നത്. ഒടുവില്‍ അവള്‍ക്കു വീണ്ടും തന്റെ ദേവദാസീ വിധിയില്‍ സംസ്ഥാനകിനെ സ്വീകരിക്കേണ്ടി വരുന്നതായും സൂചനയുണ്ട്.

വാത്സ്യായന മഹര്‍ഷി തന്റെ കാമസൂത്രയുടെ രചനാ ഘട്ടത്തില്‍ ഇരുപത്തിയെട്ടു ലൈംഗീക ബന്ധ മാതൃകകള്‍ രേഖപ്പെടുത്തി ഇരുപത്തിയൊമ്പതാമാത്തെ മാതൃക കണ്ടെത്താനാവാതെ 'എഴുത്തുകാരന്റെ നിശ്ചലാവസ്ഥ' (writers' block) അനുഭവിക്കുന്ന ഘട്ടത്തിലാണ് ചിത്രത്തിലെ കഥാകാലം തുടങ്ങുന്നത്. അത് കണ്ടെത്താനൊക്കെ ഒരു ദേവദാസിയുടെ ശയനമുറിയേക്കാള്‍ പറ്റിയ ഇടമേത് !. വസന്തസേനയെന്ന ഏറ്റവും വിലമതിക്കപ്പെടുന്ന ദേവദാസി അയാളുടെ ശ്രദ്ധാകേന്ദ്രമാവുന്നത് അത് കൊണ്ടാണ്. ഒളിഞ്ഞു നോട്ടം അതീവ ആസ്വാദ്യകരവും മാന്യവുമായ ഒരു വൈജ്ഞാനിക പ്രക്രിയയാവുന്നതിലെ ഐറണി ചിന്താര്‍ഹാമാണ്. കയറില്‍ തൂങ്ങിനില്‍ക്കുന്ന തസ്ക്കരനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന അയാളുടെ പ്രണയിനി കൂടിയായ മറ്റൊരു ദേവദാസി (നീന ഗുപ്ത)യുടെയും അയാളുടെയും പിന്‍ഭാഗ രൂപം കണ്ടു അത് മറ്റൊരു മാതൃകയായി രേഖപ്പെടുത്തുന്നുന്നത് ഒരു സര്‍റിയല്‍ ഭാവമുള്ള രംഗമാണ്. മഹര്‍ഷിയുടെ ഭാവ ചലനങ്ങളില്‍ അത്തരം ഹാസ്യ ദ്യോതകമായ പല മുഹൂര്‍ത്തങ്ങളുമുണ്ട്. അമിതാബ് ബച്ചനെ പരിഗണിച്ച സംസ്ഥാനകിന്റെ വേഷത്തില്‍ അദ്ദേഹം പിന്മാറിയ ഘട്ടത്തിലാണ് ശശികപൂര്‍ സ്വയം കടന്നു വന്നത്. ചിത്രത്തിന് വേണ്ടി അദ്ദേഹം തടിക്കൂട്ടുകയും അത് പിന്നീട് ഒഴിവാക്കാന്‍ കഴിയാതെ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തെ തകിടം മറിക്കുകയും ചെയ്തു എന്നത് ഒരു വിചിത്ര വിപര്യമാവാം.