Featured Post

Showing posts with label Mario Vargas Llosa. Show all posts
Showing posts with label Mario Vargas Llosa. Show all posts

Wednesday, July 9, 2025

The Feast of the Goat by Mario Vargas Llosa / Edith Grossman

 ഏകാധിപത്യത്തിന്റെ അനാട്ടമി

 



https://www.fazalrahman.com/essays/article/the-feast-of-the-goat-by-mario-vargas-llosa-edith-grossman

 സ്വരുക്കൂട്ടിയ അധികാരത്തിന്റെയും ചെറുത്തുനില്‍പ്പ്‌, വിമര്‍ശനം എന്നിവയുടെ അഭാവത്തിന്റെയും കാരണത്താല്‍ ഭീകര ജന്തുവായി മാറുന്ന ഒരു മനുഷ്യനെ കുറിച്ചുള്ള ഒരു യഥാതഥ ആഖ്യാനം നടത്താന്‍ ഞാന്‍ ആഗ്രഹിച്ചു... ദൈവമായി പരിവര്‍ത്തിക്കപ്പെടുമ്പോള്‍ നിങ്ങള്‍ ചെകുത്താനാകും.” - The Feast of the Goat (2000) എഴുതിയതിനെ കുറിച്ച് – quoted in ‘Mario Vargas Llosa obituary’, by Nick Castor, the Guardian, 14.04.2025

The Time of the Hero, Conversation in the Cathedral എന്നിവയില്‍ കണ്ട അസ്തിത്വ സംത്രാസങ്ങളെ കൂടുതല്‍ ആഴത്തില്‍ പരിശോധിക്കുകയും വേറിട്ടൊരു പരിണതിയിലേക്ക് പ്രസ്തുത അന്വേഷണത്തെ വ്യാപിപ്പിക്കുകയും ചെയ്യുന്ന കൃതിയാണ് ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലെ അതിശക്തമായ ‘ഏകാധിപതി നോവല്‍ (Dictator Novel) വിഭാഗത്തോട് ചേര്‍ന്നു പോകുകയും ഒപ്പം, അനന്യമായ ഒരു ജെന്‍ഡര്‍ അവബോധം പങ്കുവെക്കുകയും ചെയ്യുന്ന The Feast of the Goat. മുന്‍ നോവലുകളില്‍ നിന്ന് വ്യത്യസ്തമായി ചെറുത്തുനില്‍പ്പിന്റെ വില നിഷ്ഫലതയല്ല ഇവിടെ. മറിച്ച്, ട്രോമയും പാപങ്ങളിലെ പങ്കാളിത്തവും കുറ്റബോധവും എന്ന തലങ്ങളിലേക്കാണ് അത് വികസിക്കുന്നത്.

ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ സ്വേച്ചാധിപതിയും ലാറ്റിന്‍ അമേരിക്കന്‍ ഏകാധിപതികളില്‍ ഏറെ വിചിത്ര ഗാംഭീര്യത്തിന്റെയും ഒപ്പം അനന്യമായ ക്രൂരതയുടെയും ഉടമയും ആയ റഫായേല്‍ ട്രുഹിയോയുടെ (Rafael Leónidas Trujillo) മുപ്പത്തിയൊന്നു വര്‍ഷം (1930-1961) നീണ്ട ഭരണത്തിന്റെ അന്ത്യനാളുകള്‍ ആവിഷ്കരിക്കുന്ന നോവല്‍, മൂന്നു ആഖ്യാന ധാരകളെ പിന്തുടരുന്നു: 1961ല്‍, ജനറലിനെ വധിക്കുന്ന കൊലയാളികളുടെ വീക്ഷണത്തില്‍, പ്രസ്തുത ദൌത്യത്തിനായി തക്കം പാര്‍ക്കാന്‍ തുടങ്ങുന്ന ഘട്ടം മുതല്‍ തങ്ങളുടെ അന്ത്യം വരെ; തന്റെ അന്ത്യദിനത്തിലെ പ്രഭാതം മുതല്‍ സായഹ്നം വരെ ജനറലിന്റെ വീക്ഷണത്തില്‍ ; കൂടാതെ, സങ്കല്‍പ്പിക കഥാപാത്രമായ, എന്നാല്‍ നോവലിന്റെ നൈതിക ദര്‍ശനത്തിന്റെ കേന്ദ്രമായ, ഉറാനിയ കബ്രാള്‍ എന്ന കഥാപാത്രത്തിന്റെയും. അതില്‍ ആദ്യത്തേത് ഉറാനിയ കബ്രാളിന്റെതാണ്. മന്‍ഹാട്ടനില്‍ ലോകബാങ്കിനു വേണ്ടി മികച്ച അഭിഭാഷകയായി പ്രവര്‍ത്തിക്കുന്ന ഉറാനിയ, തന്നെ വേട്ടയാടുകയും ഒപ്പം ആകര്‍ഷിക്കുകയും ചെയ്യുന്ന ഭൂതകാല സ്മൃതികളുടെ സാന്റോ ഡോമിംഗോയില്‍ തിരികെയെത്തുന്നത് നീണ്ട മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ്. എന്തുകൊണ്ടാണ് കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞു ഉറാനിയ തന്റെ പതിനാലാം വയസ്സില്‍, 1961ല്‍, ജനറലിന്റെ വധത്തിനു തൊട്ടുമുമ്പ് നാടുവിട്ടത്, നാട്ടിലില്ലാത്തപ്പോഴും ട്രുഹിയോ ഭരണ കാലത്തെ കുറിച്ച് അവര്‍ നിരന്തര നിരീക്ഷണം നടത്തിക്കൊണ്ടിരുന്നത്, സാന്റോ ഡോമിംഗോയില്‍ എത്തുമ്പോള്‍ വീട്ടിലേക്കു പോകുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ പോലും അവള്‍ ചകിതയാകുന്നത്, ഇതൊക്കെയുണ്ടെങ്കിലും ട്രുഹിയോ ഭരണകാലത്ത് സെനറ്റര്‍ ആയിരുന്ന, ഇപ്പോള്‍ സംസാരശേഷി നഷ്ടമായിരിക്കുന്ന പിതവിനെ സന്ദര്‍ശിക്കാന്‍ അവള്‍ ഉറപ്പിച്ചിരിക്കുന്നത് എന്തുകൊണ്ട് എന്നതെല്ലാം, നോവലിന്റെ മര്‍മ്മസ്പര്‍ശിയായ ഘടകങ്ങളാണ്.  പിതാവുമായും ബന്ധുക്കളുമായുള്ള  ഉറാനിയയുടെ സംഭാഷണങ്ങള്‍ നോവലിസ്റ്റിനെ സംബന്ധിച്ച് വര്‍ത്തമാന കാലത്തുനിന്നു അറുപതുകളുടെ തുടക്കത്തില്‍, ട്രുഹിയോ ഭരണം അതിന്റെ കരാളതയുടെ ഉത്തുംഗത്തില്‍ ആയിരുന്ന നാളുകളിലേക്കുള്ള കാലിക മാറ്റത്തിനു വേണ്ട ഉപാധിയായിത്തീരുന്നു. ഉറാനിയയുടെ വാക്കുകളില്‍ തെളിയുന്ന ചെറുപ്രായത്തിലെ അനുഭവങ്ങള്‍, പിതാവ് അഗസ്റ്റിന്‍ കബ്രാള്‍, ജനറല്‍ ട്രുഹിയോ, 1961ലെ ട്രുഹിയോ വിരുദ്ധ കലാപത്തിനു ചുക്കാന്‍ പിടിക്കുകയും ജനറലിനെ വധിക്കുകയും ചെയ്ത കൊലയാളികള്‍ എന്നിവരിലെക്കുള്ള നോവലിസ്റ്റിന്റെ പാലമായിത്തീരുന്നു. ഉറാനിയ കബ്രാള്‍ സാങ്കല്‍പ്പിക കഥാപാത്രമാണെന്നു പറയുമ്പോഴും, നോവല്‍ പുറത്തിറങ്ങിയ ഘട്ടത്തില്‍ തന്നെത്തേടിയെത്തിയ ഒരു കത്തിനെ കുറിച്ച് യോസ നേരത്തെ സൂചിപ്പിച്ച ചിക്കാഗോ പ്രഭാഷണത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഉറാനിയയുടെ അനുഭവം താനെ അനിയത്തിക്കുണ്ടായ നേരനുഭവത്തിന്റെ കൃത്യമായ ആവിഷ്കാരമാണ് എന്ന് കത്തെഴുതിയ ആള്‍ സാക്ഷ്യപ്പെടുത്തി. ട്രുഹിയോ കാലത്ത് അത് സാധാരണമായിരുന്നു.

ഇടവിട്ട അധ്യായങ്ങളിലായി ആഖ്യാനം എഴുപതുകാരനായ ‘ആട് എന്ന ഇരട്ടപ്പേരുള്ള ജനറലിലേക്ക് തിരയുന്നു. അന്ത്യനാളിലും പതിവുതെറ്റിക്കാത്ത അരമണിക്കൂര്‍ കടുത്ത വ്യായാമത്തിനും ഇതരപ്രഭാത കര്‍മ്മങ്ങള്‍ക്കുമിടയില്‍, ഡൊമിനിക്കന്‍ റിപ്പബ്ലിക് നേരിടുന്ന സാമ്പത്തിക ഉപരോധത്തെ കുറിച്ചും മറ്റും വാര്‍ത്തകള്‍ ശ്രദ്ധിക്കാന്‍ അയാള്‍ മറക്കുന്നില്ല. ഇതോടൊപ്പം കതോലിക്ക സഭയുമായുള്ള അസ്വാരസ്യങ്ങളും അയാളെ മഥിക്കുന്നുണ്ട്. സ്വകാര്യമായി അവഗണിക്കാന്‍ ശ്രമിക്കുന്ന പ്രോസ്ട്രേറ്റ് ക്യാന്‍സറിന്റെ രൂപത്തില്‍ പൌരുഷ നഷ്ടവും അയാളെ അലട്ടുന്നു. ആണത്തഘോഷണം (machismo) കൂടെപ്പിറപ്പായ ലാറ്റിന്‍ അമേരിക്കന്‍ എകാധിപതിക്ക് സ്വയം തെളിയിക്കാന്‍ ആടു ചമഞ്ഞേ പറ്റൂ എന്നതും കൂടിയാണ് നോവലിന്റെ തലക്കെട്ടിന്റെ പ്രസക്തിയും. അയാളുടെ കേളീസങ്കേതമായ മഹോഗണി ഹൌസിലേക്ക് അന്നുരാത്രിയും ഒരുവള്‍ വരേണ്ടതാണ്. പക്ഷെ അയാളറിയാതെ വഴിയില്‍ കാത്തിരുപ്പുള്ളത് മറ്റൊന്നാണ്. ട്രുഹിയോയുടെ രോഗാതുരതയും ആണത്തനഷ്ടവും അയാളുടെ ധാര്‍മിക പാപ്പരത്തത്തിന്റെയും അധികാര ദുഷ്ടിന്റെയും രൂപകമായിത്തീരുന്നു. 

കബിനറ്റ് അംഗങ്ങള്‍, ഇതര ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവരില്‍ നിന്ന് സമ്പൂര്‍ണ്ണ വിധേയത്വം ആവശ്യപ്പെട്ട ട്രുഹിയോയില്‍, എല്ലാ ഏകാധിപതികളെയും പോലെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ഭയം ഒരു പാരനോയ ആയി വര്‍ത്തിക്കുന്നു. എല്ലാവരെയും എല്ലായിപ്പോഴും സംശയ ദൃഷ്ടിയിലൂടെ കണ്ട ഏകാധിപതി, വെറുംതോന്നലുകളുടെ പേരില്‍പ്പോലും വിശദീകരണം എതുമില്ലാത്ത ശിക്ഷാ നടപടികളും പുറത്താക്കലും അരങ്ങേറി, ഉറാനിയയുടെ പിതാവും അതിന്റെ വിലയൊടുക്കി. ഹോസെ റെനെ ‘പൂപോ റോമാന്‍ എന്ന സൈനിക സെക്രട്ടറിയുടെ അനുഭവം നോവലില്‍ അത്തരത്തിലുള്ള ഏറ്റവും തീക്ഷ്ണവും ദീര്‍ഘവുമായ ഒന്നാണ്. ട്രുഹിയോയുടെ മകന്‍ റാംഫിസ് അയാളെ കൊല്ലാക്കൊല ചെയ്യുന്നതില്‍ പിതാവിനെ വെല്ലുന്ന ക്രൂരത അരങ്ങേറുന്നു.

ട്രുഹിയോയെ വധിക്കാനുള്ള ഗൂഡപദ്ധതി പ്രധാനമായും ഏഴു പേരാണ് ആസൂത്രണം ചെയ്യുന്നത്. അവര്‍ക്ക് വ്യത്യസ്ത കാരണങ്ങളാണ് അതിനു പിറകിലുള്ളത്. പദ്ധതി നടപ്പിലാവുന്നുവെങ്കിലും, തുടര്‍ന്ന് തീരുമാനിച്ചിരുന്ന പോലെ ജനറല്‍ റോമാന്റെ കീഴിലെ സൈനിക ഇടപെടല്‍ നടപ്പിലാക്കാന്‍ സാധിക്കാതെ പോകുന്നതാണ്, കൊലയാളികള്‍ വെട്ടയാടപ്പെടാനും രണ്ടുപേരൊഴികെ എല്ലാവരും വധിക്കപ്പെടാനും ഇടവരുത്തുന്നത്. പ്രസിഡന്റ് വോക്കിം ബലാഗേര്‍ അധികാരം ഉറപ്പിക്കുകയും ബാക്കിയായ രണ്ടുപേരെ വീരനായകന്മാരായി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ട്രുഹിയിലിസം അവസാനിപ്പിച്ചു ജനാധിപ്ത്യ ക്രമത്തിന്റെതായ ഒരു തുടക്കത്തിന്റെ സൂചനയിലേക്ക് ദേശത്തെ നയിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുമുണ്ട്. കൊലയാളികളുടെ വിധി, ചരിത്രത്തില്‍ ഇടപെടുന്നതിന്റെയും കര്‍തൃത്വത്തിന്റെയും വില അടയാളപ്പെടുത്തുന്നു – പ്രതികാര നടപടി, പീഡനം, പ്രസ്തുത ശ്രമങ്ങള്‍ നടത്തുന്ന ആദര്‍ശവാദികളെ വലിച്ചെടുക്കാനും ഉന്മൂലനം ചെയ്യാനുമുള്ള വ്യവസ്ഥിതിയുടെ പ്രാപ്തി എന്നതാണ് അത്.

നോവലിന്റെ അവസാനഭാഗം ഒരിക്കല്‍ക്കൂടി കൂടി ഉറാനിയയിലേക്ക് തിരയുമ്പോഴാണ് നേരത്തെ സൂചിതമായ ചോദ്യങ്ങളുടെ വിശദാംശങ്ങളിലേക്ക് നാം എത്തിച്ചേരുന്നത്. പതിനാലുകാരിയ ‘ആടി’ന്  കൂട്ടിക്കൊടുത്ത് നഷ്ടപ്രതാപവും പദവിയും തരിച്ചു പിടിക്കാന്‍ ശ്രമിച്ച പിതാവും, അവള്‍ കടന്നുപോയ ട്രോമയും ലാറ്റിന്‍ അമേരിക്കന്‍ നോവലുകളില്‍, വിശേഷിച്ചും ‘ഏകാധിപതി നോവല്‍ പാരമ്പര്യത്തില്‍ അത്യപൂര്‍വ്വമായ ഒരു ജെന്റര്‍ സംവേദനത്വ വ്യതിയാനം അടയാളപ്പെടുത്തുന്നു. പെണ്ണുടല്‍ തന്നെയും യുദ്ധഭൂമിയും ട്രോമകളുടെ വാഹക ഇടവുമായിത്തീരുക എന്ന, ആണധികാരവും അധികാരവും ഒന്നായിത്തീരുന്ന, ആഖ്യാനങ്ങളില്‍ അവള്‍ കര്‍തൃത്വം തിരിച്ചുപിടിക്കുകയും സ്വന്തം വ്യക്തിത്വം സ്ഥാപിക്കുകയും ചെയ്യുന്നത് പ്രസ്തുത പാരമ്പര്യത്തില്‍ തികച്ചുമൊരു വേറിട്ടുപോക്ക് തന്നെയാണ്.  ഉറാനിയയുടെ സംഭാഷണങ്ങള്‍ ഫലത്തില്‍ പിതാവിന്റെയും അതുപോലെ മൌനം കൊണ്ടോ, മൌനാനുവാദമോ പിന്തുണയോ കൊണ്ടോ, സര്‍വ്വാധിപത്യ പാപങ്ങളിലെ സഹകുറ്റവാളിത്തത്തിന്റെയും (complicity) ധാര്‍മ്മിക വിചാരണ തന്നെ ആയിത്തീരുകയാണ്.

ഏകാധിപതിയും പങ്കാളികളും, ചെറുത്തുനില്‍പ്പുകാരും കര്‍തൃത്വത്തോടെ ഇടപെടുന്നവരും, ഇരകളും ട്രോമകള്‍ നേരിടുന്നവരും എന്ന ത്രിതല ഘടനയിലൂടെ ഏകാധിപത്യത്തിന്റെ സമ്പൂര്‍ണ്ണ അനാട്ടമിയാണ്  യോസ ചിത്രീകരിക്കുന്നത് എന്നു പറയാം - അതില്‍ അധികാര ഘടന മാത്രമല്ല, അതെങ്ങനെ വ്യക്തി ജീവിതങ്ങളെയും ഉടലുകളെയും, ഓര്‍മ്മകളെയും ഭാവിയെയും കൂടി ഉള്‍കൊള്ളുന്നു എന്ന അന്വേഷണം കൂടി ഉള്‍കൊള്ളുന്നു എന്നിടത്താണ് യോസയുടെ നിരീക്ഷണങ്ങളുടെ സമഗ്രത. മുന്‍ നോവലുകളില്‍ (The Time of the Hero, Conversation in the Cathedral) നിന്ന് The Feast of the Goat വേറിട്ടുപോകുന്നതും പൂരിപ്പിക്കുന്നതും എന്തെല്ലാമാണ് എന്ന അന്വേഷണം,  ‘അധികാരസ്വരൂപങ്ങളുടെ ഭൂപടങ്ങള്‍ വരക്കുന്നതിലും വ്യക്തികളുടെ ചെറുത്തുനില്‍പ്പുകളെയും പ്രതിരോധങ്ങളെയും പരാജയങ്ങളെയും രേഖപ്പെടുത്തുന്ന തീക്ഷ്ണ രൂപങ്ങള്‍ ആവിഷ്കരിക്കുന്നതിലുമുള്ള മികവ് എന്ന് നോബല്‍ അക്കാദമി വിവരിച്ച യോസയുടെ സിദ്ധികളുടെ വികാസ പരിണാമങ്ങള്‍ നിര്‍വ്വചിക്കാന്‍ സഹായകമാകും. ആദ്യ കൃതികളില്‍ ലിബറല്‍ ആദര്‍ശപരതയുടെ അസ്തിത്വപരമായ, ദാര്‍ശനികതലത്തിലുള്ള പരാജയങ്ങളായി ആവിഷ്കരിക്കപ്പെട്ട (‘rebellion as a necessary but ultimately Sisyphean act, exposing the tragic limitations of liberal idealism in the face of structural decay" (Kristal, 1998)) ചെറുത്തുനില്‍പ്പു ശ്രമങ്ങള്‍, ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ട്രോമ, എങ്ങുമെത്താതെ പാഴായിപ്പോകുന്ന ധീരാതാ പ്രകടനം, എകാധിപതിയോ, പങ്കാളികാളോ നടത്തുന്ന പൈശാചിക ന്യായീകരണങ്ങള്‍ എന്നിങ്ങനെ മൂന്നാമതു കൃതിയില്‍ പരിവര്‍ത്തിക്കപ്പെടുന്നു. ഇവിടെ കര്‍തൃത്വം സാധ്യമാണ്, പക്ഷെ ചരിത്രം/ പരിണിത ഫലങ്ങള്‍ അതിനെ വിഴുങ്ങിക്കളയും.

അസംബന്ധം എന്നതില്‍ നിന്ന് ഒരാഗധ ഗര്‍ത്തത്തിലേക്ക് അറിഞ്ഞുകൊണ്ടുതന്നെയുള്ള പതനം എന്ന ഊന്നല്‍ മാറ്റം, കൂടുതല്‍ ഇരുണ്ടതും ദുരന്തബോധം നിറഞ്ഞതുമെങ്കിലും,  യാഥാര്‍ത്ഥ്യബോധത്തെ പ്രതിഫലിപ്പിക്കുന്നു. ആ അര്‍ഥത്തില്‍, The Feast of the Goat അസ്തിത്വപരമായ ദാര്‍ശനിക ആകുലതയുടെ ആവിഷ്കാരമല്ല, അത് ഉടലോടെ അറിയുന്ന ദുരന്തത്തെ കുറിച്ചാണ്, ജെന്‍ഡര്‍ മാനങ്ങളുള്ള ഹിംസയെ കുറിച്ചാണ്, ചരിത്രപമായ ഓര്‍മ്മകളെയും ഏകാധിപത്യവും അതിനു പരവതാനി വിരിക്കുന്ന പങ്കാളിത്തവും സംബന്ധിച്ചാണ്. വ്യര്‍ത്ഥതാബോധത്തിലേക്കാണ് ആല്‍ബെര്‍ട്ടോയുടെയും (The Time of the Hero), സാന്റിയാഗോ സവാലയുടെയും ( Conversation in the Cathedral) പ്രതിഷേധങ്ങള്‍ പരിവര്‍ത്തിക്കപ്പെട്ടതെങ്കില്‍, ജീവിതം മുഴുവന്‍ അനുഭവിക്കേണ്ട ട്രോമയാണ് ഉറാനിയയുടെ വിധിവിഹിതം. ‘നായകന്റെ സമയം സ്ഥാപനവല്കൃത ജീര്‍ണ്ണതയുടെ ബ്ലു പ്രിന്റ്‌ ആയിരുന്നെങ്കില്‍, ‘കത്തീഡ്രലിലെ സംഭാഷണങ്ങള്‍’ അതിനെ വികസിപ്പിക്കുകയും ചെയ്തുവെങ്കില്‍, ‘ആടിന്റെ വിരുന്ന് ആ ഘടനയുടെ നാശാവിശിഷ്ടങ്ങള്‍ക്കു മേല്‍ പണിതുയര്‍ത്തിയ ഒരു പ്രേതാവിഷ്ട ഭവനമാണ് – അവിടെ വിപ്ലവം ആരെയും വെറുതെ വിടുന്നതേയില്ല; എന്നാലോ, മൗനം എല്ലാവരെയും കുറ്റവാളികള്‍ ആക്കുകയും ചെയ്യും.

ആധുനികതയുടെ അമേരിക്കന്‍ തലമുറയില്‍ (‘Lost Generation’) ഫോക്നറെയും ഡോസ് പോസോസ്സിനെയും ആരാധിക്കുന്ന യോസ എന്തുകൊണ്ടാണ് വിപ്ലവപ്രവര്‍ത്തനത്തിലും അതിന്റെ മുറിവുകളിലും ജീവിക്കുകയും എഴുതുകയും ചെയ്ത ഹെമിങ് വേയെ കുറിച്ച് ഒന്നും പറയുന്നില്ലാത്തത് എന്നൊരു കൌതുകം ഈ ലേഖകന് ഉണ്ടായിരുന്നു. അതിന്റെ വിശദീകരണവും ഇവിടെയുണ്ട് എന്നുതോന്നുന്നു. ഹെമിങ് വെ മുറിവനുഭവത്തെ അസ്തിത്വത്തിന്റെ അവിഭാജ്യ ഘടകമായി കാണുകയും നിസ്സംഗവ്യര്‍ത്ഥബോധത്തില്‍ (stoic nihilism) നങ്കൂരമിടുകയും ചെയ്തപ്പോള്‍, യോസയുടെ ആഖ്യാന വികാസം അതിനെ ചരിത്ര ശക്തികളുടെ സൃഷ്ടിയായി മനസ്സിലാക്കി. പ്രാപഞ്ചികമായ, വിധിവാദത്തോളം (universal fatalism) എത്തുന്ന ദുരന്തബോധം എന്നതില്‍നിന്ന് രാഷ്ട്രീയ സക്രിയതയിലേക്കുള്ള ഊന്നലിലൂടെ, ഏവരെയും മുറിവേല്‍പ്പിക്കുന്ന ലോകം എന്ന അമൂര്‍ത്ത സാകല്യത്തില്‍ നിന്ന് ഏവരെയും കെണിയില്‍പ്പെടുത്തുകയും തകര്‍ത്തു കളയുകയും ചെയ്യുന്ന അധികാരസ്വരൂപങ്ങള്‍ എന്ന തൊട്ടറിയാവുന്ന സമൂര്‍ത്തതയിലാണ് യോസ നിലയുറപ്പിക്കുന്നത്.  ഇവിടെ ഏകാധിപതി ഒരു ശാരീരിക ഉണ്മ തന്നെയാണ്: സ്വയം ദൃശ്യ വസ്തുവും (theatre), രോഗവും, നിയന്ത്രകനും, നിയന്ത്രണവുമായി അടയാളപ്പെടുത്തുന്നവന്‍, ആന്തരാ അഴുകിക്കൊണ്ടിരിക്കുമ്പോഴും ഭയവും മുറിവുകളും അടിച്ചേല്‍പ്പിക്കാന്‍ കഴിയുന്നവന്‍, അഗുസ്തോ റോവ ബാസ്തോസിന്റെ പരാഗ്വേയന്‍ ഏകാധിപതിയെ പോലെ (I, the Supreme), മാര്‍ക്കേസിന്റെ കരീബിയന്‍ ഏകാധിപതിയെ പോലെ (The Autumn of the Patriarch) ആത്മരതിയുടെയും പാരനോയയുടെയും ആള്‍രൂപം. ആണത്ത പ്രതിസന്ധി അനുഭവിക്കുന്ന ഏകാധിപതി അധികാരത്തെ ആണത്തഘോഷണമാക്കി പരിവര്‍ത്തിപ്പിക്കുന്നതും, ലൈംഗിക അക്രമത്തെ രാഷ്ട്രീയ വിജയമായി കാണുന്നതും ഒട്ടേറെ വൈരുധ്യങ്ങള്‍ ഉള്‍കൊള്ളുന്നു. എന്നാല്‍, അതിലേറ്റവും പ്രധാനം, ഉറാനിയ എങ്ങനെയാണ് അയാളുടെ എതിര്‍പാഠവും ഭാവിയും അടയാളപ്പെടുത്തുന്നത് എന്നതാണ്. ട്രുഹിയോ പ്രതിനിധാനം ചെയ്യുന്ന ഹൈപര്‍ മാസ്കുലിന്‍, ഏകാധിപതി സ്വരൂപം ആന്തരാ ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുകയാണ്. ഉറാനിയയുടെ ചെറുപ്പം, സ്ത്രീത്വ സ്വത്വബോധം, അതിലുപരി, അവള്‍ അതിജീവിക്കുന്നു, ശക്തമായി അതിജീവിക്കുന്നു എന്ന യാഥാര്‍ത്ഥ്യവും – ഇവയെല്ലാം അവളെ ട്രുഹിയോ പ്രതിനിധാനം ചെയ്യുന്ന ജീര്‍ണ്ണതയുടെയും ആസന്ന നശ്വരതയുടെയും എതിരറ്റത്തു സ്ഥാപിക്കുകയും ഭാവിയുടെ പ്രതീകമായി അടയാളപ്പെടുത്തുകയും ചെയ്യുന്നു. നിരന്തരം അനുഭവിക്കാനുള്ള ട്രോമയുടെ അകമ്പടിയോടെയാണെങ്കിലും അവള്‍ പാട്രിയാര്‍ക്കല്‍ - ഏകാധിപത്യ പാരമ്പര്യത്തില്‍ നിന്നുള്ള വിചേദത്തിന്റെ പ്രതീകമാണ് ഉറാനിയ.

പുരുഷാധികാര ഗര്‍വ്വിന്റെ അനന്തര കാലത്തിലേക്ക് ഉറ്റുനോക്കുന്ന ഒരു കഥാപാത്രത്തെ നോവലിന്റെ നൈതികകേന്ദ്രമായി സ്ഥാപിക്കുന്നതിലൂടെ ജെന്‍ഡര്‍ ബോധ്യങ്ങളുടെ കാര്യത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തില്‍ പ്രാമാണികമായി നിലനിന്ന പുരുഷകേന്ദ്രിത ആഖ്യാന പാരമ്പര്യത്തില്‍ വ്യതസ്തമായ ഒരു വഴി തുറക്കുകയും ചരിത്രപരമായ ഒരു തമസ്കരണത്തെ അവസാനിപ്പിക്കുകയുമായിരുന്നു യോസ. ഉരാനിയ അതൊക്കെയും ചെയ്യുന്നത് മുന്‍ നോവലുകളിലെ പുരുഷന്മാരായ മുഖ്യ കഥാപാത്രങ്ങളെപ്പോലെ ചാഞ്ചാട്ട മനസ്ഥിതിയോടെയോ, ഇടയ്ക്കു പിന്‍ വാങ്ങിയോ, ഉടമ്പടികള്‍ക്ക് വിധേയപ്പെട്ടോ അല്ല എന്നത് ഏറ്റവും പ്രധാനമാണ്. അവള്‍ വമ്പന്‍ വെടിവെപ്പുകളോ എട്ടുമുട്ടലുകളോ നടത്തുന്നില്ലായിരിക്കാം, എന്നാലവളുടെ നൈതിക ബോധ്യങ്ങള്‍ സുവ്യക്തവും ഉറച്ചതുമാണ്. ആഖ്യാനം തന്നെയാണ് അവളുടെ പ്രവര്‍ത്തനം. എല്ലാവരും മറക്കാന്‍ ശ്രമിച്ചത് അവള്‍ ഓര്‍മ്മിക്കുന്നു, ഓര്‍മ്മിച്ചു പറയുന്നു, പറഞ്ഞു മുഖാമുഖം നിര്‍ത്തുന്നു. ഒരുവളേ ഇതെല്ലാം അവളെയും ഒരു ‘എക്സിസ്റ്റന്‍ഷ്യല്‍ ഹീറോ ആക്കുന്നുണ്ട്‌. എന്നാല്‍, പരാജയം സമ്മതിക്കുന്ന മുന്‍ഗാമികളെ പോലെ, (ആല്‍ബെര്‍ട്ടോ, സാന്റിയാഗോ..) അവള്‍ക്കു തന്റെ ആന്തരിക സത്യത്തിന്റെ ആര്‍ജ്ജവം ഒരു ഘട്ടത്തിലും കൈമോശം വരുന്നില്ല; അതവളെ കടുത്ത ഒറ്റപ്പെടലിലേക്ക് തള്ളിയിടുമ്പോള്‍ പോലും.

യോസയുടെ രചനാ ലോകത്തില്‍, ശീതസമാരകാല നൈരാശ്യത്തിന്റെയും ധാര്‍മ്മിക പാപ്പരത്തത്തിന്റെയും പ്രതീകങ്ങളായ ബുദ്ധിജീവി പുരുഷകഥാപാത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന നിഹിലിസ്റ്റ് പാഠങ്ങളില്‍ നിന്ന് ധാര്‍മ്മിക വിചാരണയുടെ സക്രിയതയുള്ള അതിജീവിത- സാക്ഷ്യ വീക്ഷണത്തിലേക്കുള്ള പരിവര്‍ത്തനത്തെ കൂടി, കൃത്യമായ ജെണ്ടര്‍ ബോധ്യത്തോടൊപ്പം, ഉറാനിയ അടയാളപ്പെടുത്തുന്നു. ആല്‍ബര്‍ട്ടോയും സാന്റിയാഗോയും സിനിസിസം കൊണ്ടും കുറ്റബോധം കൊണ്ടും നിഷ്ക്രിയരാകുമ്പോള്‍ ഉറാനിയ അവളുടെ വൈകാരിക നിയന്ത്രണവും ധാര്‍മ്മിക സന്തുലിതാവസ്ഥയും നിലനിര്‍ത്തുന്നു, വൈയ്യക്തിക ട്രോമയെയും രാഷ്ട്രീയ വഞ്ചനയെയും നേരിടുകയും ചെയ്യുന്നു. അളന്നു മുറിച്ചതും അതിഭാവുകത്വം തൊട്ടു തെറിച്ചിട്ടില്ലാത്തതുമായ സ്വരത്തില്‍ പച്ചക്കറി അവസ്ഥയില്‍ കിടക്കുന്ന തന്റെ പിതാവിനെ വരെ ഭേദ്യം ചെയ്യുന്ന അവളുടെ നിലപാട്, ഒരു പുതിയ നൈതികതയുടെതാണ് – ദാര്‍ശനിക മോക്ഷത്തിനു പകരം ഓര്‍മ്മയും കണക്കുപറയിക്കലും അടിസ്ഥാനമാക്കുന്ന ഒന്ന്. പിതൃ അധികാര ഘടനയുടെയും രാഷ്ട്രീയ അധികാര ഹിംസാത്മകതയുടെയും പെണ്‍ ബോധ്യമുള്ള അതിജീവിത - gendered survivor- എന്ന നിലയില്‍ ഉറാനിയ കേവല ഇരയല്ല, ചരിത്രപരമായ അനീതികളുടെ വിചാരണക്കാരിയാണ് (judge of historical wrongs). ഇതിലൂടെ, ട്രോമ, സാക്ഷ്യം തുടങ്ങിയ കേന്ദ്ര പ്രമേയങ്ങളിലേക്ക് തിരിയുന്ന എകാധിപത്യാനന്തര സാഹിത്യത്തിലേക്കുള്ള (post-dictatorship literature) ഒരു മുന്‍ഗാമി ആയിത്തീരുകയാണ് ഉറാനിയ – ആദര്‍ശ ചിന്തകളിലേറെ അതിജീവിതാഖ്യാനങ്ങളും സാക്ഷ്യങ്ങളും മുഖ്യമായിത്തീരുന്ന, ടോണി മോറിസന്‍, ആസിയ ജബാര്‍ തുടങ്ങിയ എഴുത്തുകാര്‍ ലോകസാഹിത്യത്തില്‍ കൂടുതല്‍ അടയാളപ്പെടുത്താന്‍ പോകുന്ന തരം പാത്രസൃഷ്ടിയുടെ ഒരാദ്യപ്രതീകം. 

 

Please leave a comment......

Tuesday, May 27, 2025

Mario Vargas Llosa

 മാരിയോ വാര്‍ഗാസ് യോസ കടന്നുപോകുമ്പോള്‍



https://www.youtube.com/watch?v=Rgep_Pbtatw


ഇക്കഴിഞ്ഞ ഏപ്രില്‍ പതിമൂന്നിന് (2025) അന്തരിച്ച പെറൂവിയന്‍ എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ മാരിയോ വാര്‍ഗാസ് യോസ ലാറ്റിന്‍ അമേരിയ്ക്കന്‍ സാഹിത്യത്തിലെ എക്കാലത്തെയും വലിയ പ്രതിഭകളില്‍ ഒരാളാണ്. എകാധിപത്യത്തിനും ജനാധിപത്യത്തിനുമിടയില്‍ പെറു എന്ന അദ്ദേഹത്തിന്‍റെ ജന്മദേശം നിരന്തരം മാറിക്കൊണ്ടിരുന്നത് ഇതര ദേശങ്ങളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിലക്ക് അധികാര കൈമാറ്റം നടന്ന അതെ ഇടവേളയിലാണ്. ഈ അനുഭവങ്ങളില്‍ നിന്നാണ് എഴുത്തുകാരന്‍ എപ്പോഴും കൂടുതല്‍ മെച്ചപ്പെട്ട ലോകം സ്വപ്നം കാണുകയും ഒരു സാങ്കല്‍പ്പിക ലോകം കൊണ്ട് നിലവിലുള്ളതിനെ പകരം വെക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുമെന്ന ദര്‍ശനത്തിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നത്. ഏകാധിപത്യം/ സര്‍വ്വാധിപത്യം എന്നിവയുടെ ബദലായിത്തന്നെയാണ് യോസ എഴുത്തിനെ, വിശേഷിച്ചും ഫിക് ഷനെ ഉയര്‍ത്തിപ്പിടിച്ചതും. നോബല്‍ സ്വീകാര പ്രസംഗത്തില്‍അക്കാര്യം  എടുത്തുപറഞ്ഞ യോസ, ഫിക്ഷന്റെ അഭാവത്തില്‍ ലോകം ഏകാധിപത്യം, തത്വശാസ്ത്രങ്ങള്‍, മതം തുടങ്ങിയവ കൊണ്ടു വീര്‍പ്പുമുട്ടും എന്നും ഓര്‍മ്മിപ്പിച്ചു. തന്നെക്കുറിച്ചുള്ള ഒരു ചുരുക്കെഴുത്ത് ആയി എന്താണ് താല്‍പര്യപ്പെടുക എന്ന ചോദ്യത്തിന് യോസ നല്‍കിയ ഉത്തരം ഇങ്ങനെയായിരുന്നു: “അയാള്‍ ജീവിതം അതിന്റെ പാരമ്യതയില്‍ ജീവിച്ചു, സാഹിത്യത്തെ മറ്റെന്തിനെക്കാളും സ്നേഹിക്കുകയും ചെയ്തു.”

1936ല്‍ പെറുവിലെ ആരെകിപ നഗരത്തില്‍ ജനിച്ച യോസ, എ ഫിഷ്‌ ഇന്‍ ദ വാട്ടര്‍  എന്ന ഓര്‍മ്മ പുസ്തകത്തില്‍ സന്തുഷ്ടമായ കുട്ടിക്കാലത്തെ കുറിച്ച് ഓര്‍ത്തെടുക്കുന്നുണ്ട്. അച്ഛന്‍ പിണങ്ങിപ്പോയ ശേഷം അദ്ദേഹം മരിച്ചുപോയി എന്ന വിശ്വാസത്തോടെ അമ്മയോടൊത്തു കഴിഞ്ഞ നാളുകള്‍ ആയിരുന്നു അത്. ‘യോസ’ എന്ന കുടുംബനാമവും, അദ്ദേഹം ജീവിതത്തില്‍ ഉടനീളം പുലര്‍ത്തിയ കുലീന ഭാവവും അമ്മ വഴിയാണ് വന്നുചേര്‍ന്നതും. യോസക്ക് പതിനൊന്നു വയസ്സുള്ളപ്പോള്‍ അമ്മ, ഭര്‍ത്താവുമായി വീണ്ടും ഐക്യപ്പെട്ടതോടെ അദ്ദേഹത്തിന്‍റെ പേടിസ്വപ്ന നാളുകള്‍ ആരംഭിച്ചു. ഏനെസ്റ്റോ വാര്‍ഗാസ് തികച്ചും പീഡനസ്വഭാവിയും  ചൂരല്‍ പ്രേമിയുമായിരുന്നു. അമ്മയുടെ കുലീന കുടുംബപശ്ചാത്തലം ‘സാമൂഹിക അപകഷബോധ’മായി അച്ഛനെ വേട്ടയാടിയിരുന്നുവെന്നും ഇത് ഒരു ‘ദേശീയ അസുഖം’ തന്നെയായിരുന്നു എന്നും യോസ എഴുതുന്നു. പതിനാലു വയസ്സുള്ളപ്പോള്‍ ലിമയിലെ മിലിട്ടറി അക്കാദമിയില്‍ ചേര്‍ക്കപ്പെട്ടതാണ് ദ ടൈം ഓഫ് ദ ഹീറോ  എന്ന 1962ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്‍റെ ആദ്യനോവലിന്റെ പ്രചോദനവും പശ്ചാത്തലവും ആയിത്തീര്‍ന്നത്. പതിനാറു വയസ്സുള്ളപ്പോള്‍ ക്രൈം റിപ്പോര്‍ട്ടര്‍ ആയി ജോലി തുടങ്ങിയ യോസ, പത്തൊമ്പതാം വയസ്സില്‍ തന്നെക്കാള്‍ ഏറെ മുതിര്‍ന്ന ഹൂലിയ ഓര്‍കീദി എന്ന ബന്ധുവിനെ വിവാഹം ചെയ്തു ഒളിച്ചോടി. അവരാണ് ‘ഓണ്ട് ജൂലിയ ആന്‍ഡ്‌ ദ സ്ക്രിപ്റ്റ് റൈറ്റര്‍ എന്ന നോവലിന് പ്രചോദനമായതും.

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/asdsdsadas

 

Saturday, April 19, 2025

Conversation in the Cathedral by Mario Vargas Llosa / Gregory Rabassa


പ്രഥമകൃതികള്‍ പലപ്പോഴും ഒരെഴുത്തുകാരന്റെ പ്രമേയപരവും ധൈഷണികവുമായ ഉത്കണ്ഠകളെ അവയുടെ പരുക്കന്‍ രൂപത്തിലോ, പരിമിത രൂപത്തിലോ പ്രതിനിധാനം ചെയ്യുമെന്ന വസ്തുത യോസയുടെ കാര്യത്തില്‍ പ്രത്യേകം പ്രസക്തമാണ്‌. തന്റെ ആദ്യകാല വായനകളുടെ തുടര്‍ച്ചയായിരുന്നു തന്റെ എഴുത്ത് എന്ന് ഏറ്റുപറഞ്ഞ അദ്ദേഹത്തിന്‍റെ ആദ്യകൃതിയില്‍ ഫോക്നറുടെ ‘Light in August’ ചെലുത്തിയ ഘടനാപരവും സമയദീക്ഷയുടെ പ്രയോഗപരവുമായ സ്വാധീനത്തെ കുറിച്ച് എഫ്രൈന്‍ ക്രിസ്റ്റല്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതുപോലെ, അദ്ദേഹത്തിന്‍റെ പില്‍ക്കാല കൃതികള്‍ ആദ്യകൃതിയുടെ തുടര്‍ച്ചയും വികാസവും തന്നെയാണ് എന്ന് കാണാനാകും. ‘നായകന്റെ സമയം’ മുന്നോട്ടുവെക്കുന്ന നൈരാശ്യഭാവത്തിന്റെയും നിഷ്ഫലതയുടെയും മൂല്യ ധാരണകളുടെ തുടര്‍ച്ച തന്നെയാണ് ‘കത്തീഡ്രലിലെ സംഭാഷണങ്ങള്‍ നല്‍കുന്നത്. സര്‍വ്വാധിപത്യ വിമര്‍ശനം ഒരു സ്ഥാപനത്തിന്റെയും ചുരുക്കം ചില കഥാപാത്രങ്ങളുടെയും പരിമിതികള്‍ക്കപ്പുറം ദേശീയ തലത്തിലെക്കുതന്നെ യോസ ഇവിടെ വികസിപ്പിക്കുന്നു.

‘കത്തീഡ്രല്‍’ എന്ന വൈരുധ്യപൂര്‍ണ്ണമായ പേരുള്ള ഒരു വൃത്തികെട്ട മദ്യശാലയില്‍ വെച്ച് നടത്തുന്ന ദീര്‍ഘവും ഒരിക്കലും എങ്ങുമെത്താത്തവിധം ദിശതെറ്റി കറങ്ങുന്നതുമായ (labyrinthine) സംഭാഷണത്തിലൂടെ ജേണലിസ്റ്റായ സാന്റിയാഗോ സവാല തന്റെ പിതാവിന്റെ മുന്‍ ഡ്രൈവര്‍ ആയിരുന്ന അംബ്രോസിയോ പാര്‍ദോയുമായി ഒരു സമസ്യാപൂരണ ശ്രമത്തിലാണ്: ഓഡ്രിയാ (മാനുവേല്‍ എ. ഓഡ്രിയ) ഭരണത്തിന്റെ (1948-1956) ഏകാധിപത്യ ഭീകരതയുടെ ചരിത്രം ഇഴചേര്‍ത്തു വിവരിക്കുക. മുപ്പതിലേറെ കഥാപാത്രങ്ങളും അവരുടെ കഥകളും ആദിമധ്യാന്ത പൊരുത്തമോ, സ്ഥല – കാല നിര്‍ണ്ണിതാവസ്ഥയോ  കൂടാതെ കടന്നുവരുന്ന നാലു മണിക്കൂര്‍ നീളുന്ന സുദീര്‍ഘ സംഭാഷണം എന്ന സങ്കേതം ആ നിലക്ക് കഥ പറയാനുള്ള ചട്ടക്കൂട് (frame story) മാത്രം. ശ്ലഥമായ ആഖ്യാനത്തില്‍, അധികാരം എങ്ങനെയെല്ലാം സ്വകാര്യ ജീവിതങ്ങളില്‍ അരിച്ചിറങ്ങുന്നു എന്നും  വൈയക്തിക, സാമൂഹിക ഓര്‍മ്മകളെ ഉഴുതുമറിക്കുന്നുവെന്നും അര്‍ത്ഥപൂര്‍ണ്ണമായ വിപ്ലവശ്രമങ്ങളെ സംശയത്തിന്റെ നിഴലില്‍ പെടുത്തുന്നുവെന്നും നോവലിസ്റ്റ് പരിശോധിക്കുന്നു.

സാന്റിയാഗോ സവാലയുടെ കുതറലിനു അസ്ഥിത്വപരമായ ആഴത്തിലുള്ള മാനങ്ങളുണ്ട്. അയാളുടെ പ്രതിഷേധം ഭരണത്തിനെതിരെ മാത്രമല്ല, കുടുംബപരവും ആന്തരികവുമായ വിധേയത്വത്തിനും എതിരെയാണ്. നോവലിലെ ശ്ലഥമായ ആഖ്യാനഘടന, അതിന്റെ പരസ്പരബന്ധം നഷ്ടമാകുന്ന സംഭാഷണങ്ങളോടും സമയക്രമത്തിലെ പൊടുന്നനെ സംഭവിക്കുന്ന മാറ്റങ്ങളോടുമൊപ്പം, സമൂഹത്തിലെ ശ്ലഥാവസ്ഥയുടെ സൂചകം തന്നെയാണ്. ഇവിടെ സത്യം പിടികിട്ടാത്തതും, ചെറുത്തുനില്‍പ്പ്, പരാജയം വിധിക്കപ്പെട്ടതുമാണ്. The Time of the Hero യിലെ ആല്‍ബര്‍ട്ടോയുമായുള്ള സാന്റിയാഗോയുടെ സമാന്തരം വ്യക്തമാണ്‌. ചെറുത്തുനില്‍പ്പിനെ ഒരനിവാര്യതയായി കാണുമ്പോഴും യോസയുടെ പരിചരണത്തില്‍ അതൊരു സിസിഫിയന്‍ പ്രവര്‍ത്തിയായിത്തീരുകയാണ്: വ്യവസ്ഥിതിയെ  ഘടനാപരമായിത്തന്നെ അടിമുടി ബാധിച്ച ജീര്‍ണ്ണതയുടെ പശ്ചാത്തലത്തില്‍ ലിബറല്‍ ആദര്‍ശപരതയുടെ സാധ്യത എത്രമാത്രം പരിമിതമാണ് എന്ന് അത് വ്യക്തമാക്കുന്നു.  

നാലു കഥാപാത്രങ്ങളാണ് മുഖ്യമായും നോവലില്‍ ഇടംപിടിക്കുന്നത്. സാന്റിയാഗോ, പിതാവ് ഡോണ്‍ ഫെര്‍മിന്‍, അയാളുടെ ഡ്രൈവറും സ്വവര്‍ഗ്ഗാനുരാഗ കൂട്ടാളിയുമായ അംബ്രോസിയോ, രഹസ്യ വകുപ്പു തലവന്‍ ബെര്‍മൂഡെസ്,  എന്നിവര്‍. കുടുംബത്തിന്റെ പ്രതീക്ഷകള്‍ ധിക്കരിച്ചു സാന്‍ മാര്‍കോസ് യൂണിവേഴ്സിറ്റിയില്‍ ചേരുന്ന നാള്‍ തൊട്ട് ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുന്ന സാന്റിയാഗോയുടെ അസ്ഥിത്വാന്വേഷണം, വിപ്ലവത്തിലൂടെയുള്ള സ്വാതന്ത്ര്യപ്രാപ്തിയില്‍ വിശ്വസിക്കുന്നു. അയാളുടെ കൂട്ടാളികളെ പീഡിപ്പിക്കുന്ന രഹസ്യ വകുപ്പിന്റെ തലവനായ ബെര്‍മൂഡെസുമായുള്ള പിതാവിന്റെ ബന്ധമാണ് തന്നെ മോചിപ്പിക്കുന്നതില്‍ കലാശിച്ചത് എന്നത് ഒരു ഒറ്റായി അയാള്‍ക്ക് അനുഭവപ്പെടുന്നു. ഓഡ്രിയാ ഭരണത്തെ സാമ്പത്തികമയി പിന്തുണക്കുന്നവനും ബെര്‍മൂഡെസിന്റെ സുഹൃത്തുമാണ് ഡോണ്‍ ഫെര്‍മിന്‍. The Time of the Hero യിലെ ആല്‍ബര്‍ട്ടോയെപ്പോലെ, നിരവധി തിരിച്ചടികളുടെ നൈരാശ്യത്തില്‍ സാന്റിയാഗോ ഉടമ്പടികളുടെ ജീവിതപ്പാത തെരഞ്ഞെടുക്കുകയും നേഴ്സ് ആയ അനായെ വിവാഹം കഴിക്കുകയും ജേണലിസ്റ്റ് ആയി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യുന്നു. ക്രൈം റിപ്പോര്‍ട്ടര്‍ ആയുള്ള പ്രവര്‍ത്തനത്തിനിടെയാണ് സര്‍ക്കാരിന്റെ ഉള്‍പ്പടെ ഇരുണ്ട ഇടപാടുകളുടെ ഉള്ളുകള്ളികളിലെക്ക് അയാള്‍ എത്തിപ്പെടുന്നതും. ഇരുണ്ട ജീവിത പശ്ചാത്തലത്തില്‍ നിന്നെത്തുന്ന അംബ്രോസിയോ, ബെര്‍മൂഡെസിന്റെ ഗുണ്ടാപിരിവുകാരനും ഒപ്പം ഡ്രൈവറും ആയി പ്രവര്‍ത്തിച്ചതിന് ശേഷമാണ് ഡോണ്‍ ഫെര്‍മിന്റെ അടുത്തെത്തുന്നത്. പ്രണയവും ലൈംഗികാപവാദ ഭീഷണിയും അകമ്പടി സേവിക്കുന്ന ഒരു കൊലപാതകം ഉള്‍പ്പടെ ഇതിവൃത്ത ഘടകങ്ങള്‍ ആദ്യനോവലിന്റെ തുടര്‍ച്ചപോലെ അനുഭവപ്പെടാം. അവയെല്ലാം അനിവാര്യമാക്കിയ ഒരു ഒളിച്ചോട്ടം കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷം, അതിനെല്ലാം ഒരര്‍ത്ഥത്തില്‍ നിമിത്തമായ പ്രണയിനി അമാലിയയുടെ മരണ ശേഷം, ലിമയില്‍ തിരികെയെത്തുന്ന അംബ്രോസിയോ, മുന്‍യജമാനന്റെ മകനെ കണ്ടുമുട്ടുന്നതാണ് നോവലിന്റെ സന്ദര്‍ഭം.

പണവും സ്വാധീനവും കൊണ്ട് രാഷ്ട്രീയത്തില്‍ കിംഗ്‌ മേയ്ക്കര്‍ ആയിത്തീരുന്ന ഉപരിവര്‍ഗ്ഗ, കാപിറ്റലിസ്റ്റ് പ്രതിനിധാനമാണ് ഡോണ്‍ ഫെര്‍മിന്‍ സവാല. ഓഡ്രിയയുടെ പതനം സന്ദിഗ്ദമാകുന്നത് മനസ്സിലാക്കുന്നതോടെ കളംമാറ്റി ചവിട്ടുകയും പ്രതിപക്ഷത്തോടൊപ്പം ചേരുകയും ചെയ്യുന്ന അയാള്‍ക്ക്, സന്തുഷ്ട കുടുംബ ജീവിതത്തിന്റെ പ്രത്യക്ഷത്തിനു പിന്നില്‍ അംബ്രോസിയോയുമായുള്ള ഗേ ബന്ധവുമുണ്ട്‌. ബെര്‍മൂഡെസിന്റെ രഹസ്യക്കാരി ലാ മൂസ, അപവാദ ഭീഷണിയോടെ അമാലിയയുമായുള്ള അംബ്രോസിയോയുടെ പ്രണയത്തിനു ഇടങ്കോലിടുന്ന സന്ദര്‍ഭത്തില്‍ അവളെ കൊന്നുകളയാന്‍ അയാളെ ഉപദേശിക്കുന്നതും ഡോണ്‍ ഫെര്‍മിന്‍ തന്നെയാണ്. ബുദ്ധിമാനും കഠിനാധ്വാനിയുമായ സാന്റിയഗോയെ മറ്റു മക്കളെക്കാള്‍ അച്ഛനു താല്പര്യമാണെങ്കിലും രാഷ്ട്രീയമായി രണ്ടു തട്ടിലാകുന്നത്, ഇരുവര്‍ക്കും ഒരുമിച്ചു പോകല്‍ അസാധ്യമാക്കുന്നു. നോവലിലെ മറ്റൊരു കേന്ദ്ര കഥാപാത്രം, നേരത്തെ സൂചിപ്പിച്ചപോലെ, ബെര്‍മൂഡെസ് ആണ്. ഓഡ്രിയ സര്‍ക്കാറിലെ രഹസ്യ വകുപ്പില്‍ പ്രവര്‍ത്തിച്ച ഒരു യഥാര്‍ത്ഥവ്യക്തിയുടെ ( Alejandro Esparza Zañartu) ഫിക്ഷണല്‍ ആവിഷ്കാരം കൂടിയാണ് കായോ ബെര്‍മൂഡെസ്. യോസ ഒരു ഘട്ടത്തില്‍ തടവിലാക്കപ്പെട്ട സഹപാഠികളെ സഹായിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ നേരില്‍ സന്ദര്‍ശിച്ചിരുന്നു. നിര്‍ണ്ണായക നിമിഷത്തില്‍, പണപ്പെട്ടികളുമായി നാടുവിടെണ്ട അവസ്ഥയിലേക്ക് ബെര്‍മൂഡെസും  എത്തിപ്പെടുന്നു എന്നതില്‍, ഏകാധിപത്യക്രമങ്ങളില്‍ ആരും, വലംകൈ സഹകാരികള്‍ പോലും, സുരക്ഷിതരല്ല എന്ന് കാണിക്കുന്നു.

നോവലില്‍ ഉടനീളം നിഴല്‍വിരിക്കുന്നുണ്ടെങ്കിലും മാനുവേല്‍ ഓഡ്രിയയുടെ നേരിട്ടുള്ള സാന്നിധ്യം ഒരിക്കലുമില്ല എന്നത് പ്രധാനമാണ്. ഏകാധിപതിയെ മുഖാമുഖം നിര്‍ത്തുന്ന യോസാ ആഖ്യാനത്തിന് നാം ‘ആടിന്റെ വിരുന്ന് വരെ കാത്തിരിക്കണം. എതിര്‍ശബ്ദങ്ങളെ മുഴുവന്‍ കിരാത നടപടികളിലൂടെ അമര്‍ച്ച ചെയ്യുകയും ചെയ്യുന്ന അയാള്‍ ഒരു തുറന്ന ജയില്‍ തന്നെയായി നാടിനെ പരിവര്‍ത്തിപ്പിക്കുന്നു.


Tuesday, April 15, 2025

The Time of the Hero by Mario Vargas Llosa/ Lysander Kemp.

 അധികാരവും സ്ഥാപനവല്കൃത ജീര്‍ണ്ണതയും:



ഹൂലിയോ കോര്‍ത്തസാര്‍ (അര്‍ജന്റിന), കാര്‍ലോസ് ഫ്യൂയെന്തസ് (മെക്സിക്കോ), ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്കേസ് (കൊളംബിയ) എന്നിങ്ങനെ ‘ലാറ്റിന്‍ അമേരിക്കന്‍ ബൂം’ എന്നറിയപ്പെട്ട സാഹിതീയ പ്രതിഭാസത്തിലെ നാല്‍വര്‍ സംഘാംഗം (the Big Four of Latin American Boom’)എന്ന നിലയില്‍, തന്റെ സമകാലികര്‍ക്കിടയില്‍ മാരിയോ വാര്‍ഗാസ് യോസ  വേറിട്ടുനില്‍ക്കുന്നത് സര്‍വ്വാധിപത്യ അധികാരം, വൈയക്തിക ചെറുത്തുനില്‍പ്പുകളില്‍ ലീനമായ വൈരുധ്യങ്ങള്‍ എന്നിവയെ നിരന്തര അന്വേഷണങ്ങള്‍ക്കു വിധേയമാക്കുന്നു എന്നതിലാണ്. The Time of the Hero (1963) യിലെ സൈനിക സ്കൂള്‍ മുതല്‍, Conversation in the Cathedral (1969) എന്ന നോവലിലെ അടിച്ചമര്‍ത്തല്‍ രീതിയുള്ള ബ്യൂറോക്രസിയിലൂടെ  The Feast of the Goat (2000) ലെ പേടിസ്വപ്നാന്തരീക്ഷമുള്ള ഏകാധിപത്യത്തിന്റെ ആവിഷ്കാരത്തിലൂടെയെല്ലാം യോസ അന്വേഷിക്കുന്നത് അടിച്ചമര്‍ത്തലിന്റെ സംവിധാനങ്ങള്‍ മാത്രമല്ല, ചെറുത്തുനില്‍ക്കുകയോ സന്ധി ചെയ്യുകയോ ചെയ്യുന്നവരുടെ മനോവ്യാപാരങ്ങള്‍ കൂടിയാണ്.

 

യോസയുടെ പ്രഥമ നോവലായ The Time of the Hero ലിമായിലെ ലിയോന്‍സിയോ പ്രാദോ മിലിട്ടറി അക്കാദമിയുടെ പശ്ചാത്തലത്തില്‍ ഒരു കൂട്ടം കേഡറ്റുകളെ പിന്തുടരുന്നു. സ്ഥാപനത്തിനുള്ളിലെ പതിവായ ഹിംസാത്മകയും നൈതിക അധപ്പതനവും ചേര്‍ന്ന ഒരു കെണിയിലാണ് അവര്‍. സഹകേഡറ്റിന്റെ മരണത്തെ സംബന്ധിച്ച് എല്ലാവരും പുലര്‍ത്തുന്ന മൗനത്തെ ഒരു ഘട്ടത്തില്‍ ഭേദിക്കാന്‍ തയ്യാറാകുന്ന ആല്‍ബര്‍ട്ടോ എന്ന ഹൃദയാലുവായ യുവാവിന്റെ ആത്മസംഘര്‍ഷങ്ങളാണ് നോവലിലെ ഒരു പ്രധാന ശ്രദ്ധാകേന്ദ്രം. അങ്ങനെ ചെയ്യുന്നതിലൂടെ  ആല്‍ബര്‍ട്ടോയെ കാത്തിരിക്കുന്നത് വലിയ നൈതികവിജയമല്ല, മറിച്ച് ആഴത്തില്‍ വേരോടിയ അധികാര ഘടനയ്ക്കു മുന്നില്‍ അയാളുടെ വൈയക്തിക ചെറുത്തുനില്‍പ്പ് പഴാവുന്നതിന്റെയും ഉടമ്പടികളുടെ പൊള്ളജീവിതത്തിലേക്ക് അയാളും പരുവപ്പെടുന്നതിന്റെയും ശൂന്യതയാണ്.

ലിയോന്‍സിയോ പ്രാദോ, പെറൂവിയന്‍ സമൂഹത്തിന്റെ ഒരു മൈക്രോകോസം തന്നെയാണ്. സ്ഥാപനത്തിന്റെ ഘടന തന്നെയും ശ്രേണീബദ്ധ അധികാര സ്വരൂപത്തിന്റെതാണ്. അവിടെ ഹിംസാത്മകത പൗരുഷത്തിലേക്കുള്ള പ്രവേശനമാണ്. കേഡറ്റുകളുടെ ലോകം നീതിയില്ല, മറിച്ച് മൗനവും അധീശത്തവും അടയാളപ്പെടുത്തുന്ന ഒരു അഭേദ്യതയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ‘The Cirlce’ എന്നറിയപ്പെടുന്ന നാല്‍വര്‍ സംഘം, തുടക്കം മുതലേ നടത്തുന്ന ഇടപെടലുകളില്‍ നൈതികതയൊന്നും വിഷയമേയല്ല. വരാനിരിക്കുന്ന കെമിസ്ട്രി ടെസ്റ്റിന്റെ പേപ്പര്‍ മോഷണം എന്ന ‘കുട്ടിക്കളി, ‘അടിമ എന്നു വിളിപ്പേരുള്ള റിക്കാര്‍ഡോ അരാനോ എന്ന കേഡറ്റിന്റെ കൊലയിലേക്കും അതെ കുറിച്ച് പാലിക്കേണ്ട മൌനദീക്ഷയുടെ പരീക്ഷണത്തിലെക്കും, ഒടുവില്‍ കൂട്ടത്തില്‍ ഹൃദയാലുവും ‘കവി’യുമായ ആല്‍ബര്‍ട്ടോയുടെ വെളിപ്പെടുത്തലിലേക്കും നയിക്കുന്നത്, മുഖ്യ പ്രമേയത്തിലെക്കുള്ള കളമൊരുക്കമാണ്. യോസയുടെ പില്‍ക്കാല കൃതികളില്‍, വിശേഷിച്ചും ‘ആടിന്റെ വിരുന്നി’ല്‍ തികഞ്ഞ ഏകാധിപതിയായി വികസിക്കാനുള്ള പാത്രസൃഷ്ടിയുടെ പൂര്‍വ്വസൂരിയായ ഹാഗുവാറുമായി ആല്‍ബര്‍ട്ടോയ്ക്ക് ഏറ്റുമുട്ടേണ്ടി വരുന്നു. എന്നാല്‍, അയാളുടെ ചെറുത്തുനില്‍പ്പ് ദുര്‍ബ്ബലമാണ്‌; ആത്യന്തികമായി നിഷ്ഫലവും. അധികാര ഘടനയ്ക്ക് പ്രത്യക്ഷങ്ങളില്‍ മാത്രമാണ് താല്പര്യം. അന്വേഷകനായി എത്തുന്ന ലഫ്റ്റനന്റ് ഗാംബോവ വലിയ വില കൊടുത്ത് കണ്ടെത്തുന്നതും അതാണ്: തങ്ങളുടെ പ്രാപ്തിയില്ലായ്മയുടെ വെളിപ്പെടുത്തലാവുന്ന തരത്തില്‍ സത്യം വെളിപ്പെടെണ്ടതില്ല എന്നും ‘ആത്മഹത്യ എന്ന സുരക്ഷിതവിധിതീര്‍പ്പു മതിയെന്നുമുള്ള അധികൃതരുടെ തീരുമാനം അന്വേഷണത്തെ പ്രഹസനമാക്കുക മാത്രമല്ല, ഗാമ്പോവക്ക് ഔദ്യോഗികമായി വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. എല്ലാം വെറും നാട്യവും പുറംപൂച്ചു കാവലും ആയിമാറുന്ന അധികാര ജീര്‍ണ്ണത, ചെറുത്തു നില്‍പ്പ്/ വിപ്ലവ ശ്രമങ്ങളെ അസംബന്ധമാക്കി മാറ്റുന്ന ലാറ്റിന്‍ അമേരിക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെ ഒരാദ്യകാല ആവിഷ്കാരമാണ് യോസയെ സംബന്ധിച്ച്. എന്നാല്‍, ഏറ്റവും വലിയ അസംബന്ധം, അതെ ചെറുത്തുനില്‍പ്പ് ആശയവാദിക്കുതന്നെ സംഭവിക്കുന്ന അപചയമാണ്. കവിയകാനൊക്കെ മോഹിച്ചയാല്‍ പള്‍പ്പ്/ പോണ്‍ കഥകള്‍ എഴുതുന്ന വിപര്യയത്തില്‍ എത്തുന്നതും അതേ കാരണം കൊണ്ട് ബ്ലാക്ക്മെയില്‍ ചെയ്യപ്പെട്ടു ഒത്തുതീര്‍പ്പുകളുടെ അതിസാധാരണത്വത്തിലേക്കും മൗനത്തിലേക്കും പിന്‍വാങ്ങുന്നതും അതിന്റെ നിദര്‍ശനമാണ്. അതിന്റെയൊക്കെ വിലയായി നേടിയ ബിരുദം, സുരക്ഷിത വിവാഹം, ഉദ്യോഗം, കുടുംബം എന്നീ സമവാക്യങ്ങളിലേക്ക്  അയാള്‍ പരുവപ്പെടുമ്പോള്‍, അതെ വഴിയില്‍ അയാള്‍ തുറന്നുകാട്ടാനും എതിര്‍ക്കാനും ശ്രമിച്ച ഹാഗുവാര്‍ തൊട്ടുമുമ്പിലുണ്ട്. ആ നിലക്ക്, അര്‍ത്ഥപൂര്‍ണ്ണമായ ഇടപെടലുകളെ സംബന്ധിച്ച് തികച്ചുമൊരു നിഹിലിസ്റ്റ് വീക്ഷണമാണ് നോവല്‍ അവതരിപ്പിക്കുന്നത് എന്നുതന്നെ പറയാം.

പെറൂവിയന്‍ സമൂഹത്തിന്റെ എത് നിക്, വംശീയ ഘടനയും മുന്‍ വിധികളും ലിയോന്‍സിയോ പ്രാദോ അക്കാദമിയിലും തീക്ഷ്ണമായി നിഴല്‍ വിരിക്കുന്നുണ്ട്‌.*1 കേഡറ്റുകള്‍ വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരും അത്തരം മുന്‍ വിധികള്‍ പേറുന്നവരും നേരിടുന്നവരും അനുഭവിക്കുന്നവരും എല്ലാമാണ്. ലിമയില്‍ നിന്നുള്ള ഉന്നത വിഭാഗമായ ക്രിയോളുകള്‍ (‘Whites, or criollos) ഔദ്ധത്യം കൊണ്ടാടുന്നു. തൊട്ടടുത്ത്, നിയമപരമായി അതേ പരിരക്ഷയുള്ള സങ്കരവിഭാഗം (Mestizos). ഇക്കൂട്ടര്‍ പ്രധാനമായും സ്പാനിഷ് സംസാരിക്കുമ്പോള്‍, അടിസ്ഥാന വിഭാഗങ്ങള്‍ (Indians) കെച്ച, അയ്മറ (Quechua and Aymara) തുടങ്ങിയ പ്രാദേശിക ഭാഷകള്‍ സംസാരിക്കുകയും വിവേചനങ്ങള്‍ നേരിടുകയും ചെയ്യുന്നു. കൂടാതെ തീരെ ചെറിയൊരു കറുത്ത വര്‍ഗ്ഗ വിഭാഗവും ചൈനീസ് കുടിയേറ്റക്കാരുടെ പിന്മുറക്കാരും പെറൂവിയന്‍ സമൂഹത്തിന്റെ ഭാഗങ്ങളാണ്. നോവലില്‍, the Cirlce’ പ്രസ്തുത വരേണ്യ വിഭാഗത്തിന്റെ പ്രതിനിധാനമെന്ന നിലയില്‍ അംഗങ്ങളുടെ  വ്യക്തിപ്രഭാവവും ഹിംസാത്മകതയും സാമൂഹിക മൂലധനവും കൊണ്ടാടുന്നവരാണ്. അവരുടെ കഴിവോ നേട്ടമോ അല്ല, ആണത്ത പ്രഘോഷണവും വരേണ്യതയും മറ്റുള്ളവരില്‍ നിന്ന് സൂക്ഷിക്കുന്ന അകലവും രഹസ്യാത്മകതയുമാണ് (machismo, elitism, exclusionary behavior, and code of secrecy) അവരുടെ ശക്തി. കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ പലപ്പോഴും ഇത്തരം വംശീയ മുന്‍ വിധികള്‍ നിറഞ്ഞതാണ്‌.  ഹാഗുവാര്‍, ബോവ എന്നീ കഥാപാത്രങ്ങളില്‍ ഈ വരേണ്യ ഔദ്ധത്യം പ്രകടമാകുമ്പോള്‍, കൃഷീവലന്‍ എന്ന് വിളിപ്പേരുള്ള കാവയെ പോലുള്ളവര്‍ അതിന്റെ പ്രഹരം ഏറ്റുവാങ്ങുന്നു. ആല്‍ബര്‍ട്ടോ, ഗോത്രവര്‍ഗ്ഗക്കാരന്‍ എന്നനിലയില്‍ മുന്‍വിധികള്‍  നേരിടുമ്പോള്‍, റിക്കാര്‍ഡോ അരാനോവാകട്ടെ, അഴിമതിയില്‍ മുങ്ങിയ മിലിട്ടറി വരേണ്യതയുടെ പ്രതിനിധിയാണ്.   

നോവലിന്റെ തലക്കെട്ടില്‍ സംഭവിച്ച പരിണാമവും ശ്രദ്ധേയമാണ് – ‘നഗരവും നായ്ക്കളും എന്നര്‍ത്ഥം വരുന്ന ‘La ciudad y los perros’ എന്ന സ്പാനിഷ് മൂലത്തിന് ഇംഗ്ലീഷ് പരിഭാഷയിലാണ് ‘നായകന്റെ സമയം (The Time of the Hero) എന്ന മാറ്റം സംഭവിച്ചത്. സ്പാനിഷ് മൂലത്തിലെ പരുക്കന്‍, കുറ്റപ്പെടുത്തല്‍ സ്വരം കൂടുതല്‍ അമൂര്‍ത്തവും ഐറണി നിറഞ്ഞ ഗാംഭീര്യം മുറ്റിയതുമായി വിവര്‍ത്തനത്തില്‍ മാറുന്നു. നോവല്‍ പശ്ചാത്തലമാക്കിയ സൈനിക സ്കൂള്‍ യഥാര്‍ഥത്തില്‍ ഉള്ളതും യോസ ഒരു ഘട്ടത്തില്‍ അവിടെ വിദ്യാര്‍ഥി ആയിരുന്നു എന്ന വസ്തുതയും ഓര്‍മ്മിക്കാവുന്നതാണ്. നേരില്‍ കണ്ട സ്ഥാപന ജീര്‍ണ്ണതകള്‍ തന്നെയാണ് യോസക്ക് പ്രചോദനമായതും. അതുകൊണ്ടുതന്നെ കടുത്ത എതിര്‍പ്പിനെയാണ് നോവല്‍ ക്ഷണിച്ചു വരുത്തിയത്. നോവലിന്റെ ആയിരത്തോളം കോപ്പികള്‍ അക്കാദമി വാങ്ങി തീയിട്ട ചരിത്രവുമുണ്ട്. എന്നിട്ടും, സ്പാനിഷ് മൂലത്തില്‍ ഇല്ലാത്ത മയപ്പെടുത്തലിനു എന്തുകൊണ്ടാകും അദ്ദേഹം വഴങ്ങിയിരിക്കുക? ഒരുവളേ, നാട്ടില്‍ താമസ്കരിക്കപ്പെടുന്നു എന്ന ചിന്ത പാശ്ചാത്യലോകത്തിന്റെ താരതമ്യേനെ അലക്കിവെളുപ്പിച്ച (sanitized) സംവേദനത്വത്തിനു പാകപ്പെടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു എന്നുവരാം. ഒറിജിനല്‍ തലക്കെട്ട്‌ വേണ്ടത്ര ശ്രദ്ധ ആകര്‍ഷിക്കുന്നത് (‘catchy’) അല്ല എന്ന പബ്ലിഷരുടെ ഇഷ്ടത്തിനു മനസ്സില്ലാ മനസ്സോടെ സമ്മതിച്ചതിനെ കുറിച്ച് യോസ ഏറ്റു പറഞ്ഞിട്ടുണ്ട്.*2 പുസ്തകം ഇറങ്ങിയ കാലത്ത് ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യം ആഗോള ശ്രദ്ധയില്‍ പിച്ചവെക്കുന്നതെ ഉണ്ടായിരുന്നുള്ളൂ എന്നതും ഓര്‍മ്മിക്കാവുന്നതാണ്. മാര്‍ക്കറ്റ് താല്പര്യങ്ങള്‍ എന്തുതന്നെയായാലും, പ്രസ്തുത മാറ്റം, നോവലിന്റെ പ്രമേയപരമായ ഊന്നലില്‍ സൂക്ഷ്മമായ വ്യത്യാസം വരുത്തുന്നുണ്ട്: നായകഭാവത്തെ കുറിച്ചുള്ള പരമ്പരാഗത ധാരണയുടെ തകര്‍ച്ചയെയാണ് തലക്കെട്ടിന്റെ പ്രത്യക്ഷത്തിലുള്ള ഗാംഭീര്യത്തിനു പിന്നിലെ ഐറണി വ്യക്തമാക്കുന്നത്.

പ്രഥമകൃതികള്‍ പലപ്പോഴും ഒരെഴുത്തുകാരന്റെ പ്രമേയപരവും ധൈഷണികവുമായ ഉത്കണ്ഠകളെ അവയുടെ പരുക്കന്‍ രൂപത്തിലോ, പരിമിത രൂപത്തിലോ പ്രതിനിധാനം ചെയ്യുമെന്ന വസ്തുത യോസയുടെ കാര്യത്തില്‍ പ്രത്യേകം പ്രസക്തമാണ്‌. തന്റെ ആദ്യകാല വായനകളുടെ തുടര്‍ച്ചയായിരുന്നു തന്റെ എഴുത്ത് എന്ന് ഏറ്റുപറഞ്ഞ അദ്ദേഹത്തിന്‍റെ ആദ്യകൃതിയില്‍ ഫോക്നറുടെ ‘Light in August’ ചെലുത്തിയ ഘടനാപരവും സമയദീക്ഷയുടെ പ്രയോഗപരവുമായ സ്വാധീനത്തെ കുറിച്ച് എഫ്രൈന്‍ ക്രിസ്റ്റല്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ചിക്കാഗോ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളോട് പ്രതികരിക്കവേ, നോവലില്‍ സമയദീക്ഷയില്‍ നടത്തുന്ന അട്ടിമറിയുടെ പ്രസക്തിയെ കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി തന്റെ മേല്‍ ‘ലോസ്റ്റ്‌ ജനറേഷന്‍’*4 അമേരിക്കന്‍ എഴുത്തുകാരുടെ സ്വാധീനം യോസ സൂചിപ്പിച്ചു. ഫോക്നരുടെ സ്വാധീനം സുവ്യക്തമാണ് എന്നിരിക്കെ, ജോണ്‍ ഡോസ് പോസോസിന്റെ ഘടനാപരവും ശ്ലഥവും രേഖീയ സമയ ബന്ധിതത്വത്തെ നിരാകരിക്കുന്നതുമായ ശൈലിയുടെ സ്വാധീനം അദ്ദേഹം എടുത്തുപറഞ്ഞു. സ്ഥലകാലങ്ങളുടെ ഏകാധിപത്യത്തെ അവഗണിച്ചുകൊണ്ട് എന്ന് പറയാവുന്ന വിധത്തില്‍, രേഖീയ സമയ-സ്ഥല നിഷ്ടക്കപ്പുറം ‘കഥയെ സമഗ്രതയോടെ അവതരിപ്പിക്കുക ('to present the story in a totalising way') എന്നതായിരുന്നു തന്റെ ആഗ്രഹം എന്ന് അദ്ദേഹം പറയുന്നു*5.

Refernces:

 

1.    "The Time of the Hero ." Literature and Its Times. . Encyclopedia.com. 27 Mar. 2025 <https://www.encyclopedia.com>.

2.    Kristal, Efraín. Temptation of the Word: The Novels of Mario Vargas Llosa. Vanderbilt University Press, 1998. pp.33-37).

3.    Vargas Llosa, Mario. The Time of the Hero. Harper Perennial, 1963.

Lost Generation എന്ന പ്രയോഗം, 1920-കളില്‍ സജീവമായിരുന്ന, ഒന്നാം ലോക യുദ്ധത്തിന്റെ കെടുതികളില്‍ നിരാശരായിരുന്ന ഹെമിംഗ് വെ, ഗെര്‍ട്രൂഡ് സ്റ്റെയ്ന്‍, ഫിറ്റ്സ്ജെറാല്‍ഡ്, എസ്രാ പൌണ്ട്, എലിയറ്റ്, ഡോസ് പോസോസ് തുടങ്ങിയ എഴുത്തുകാരെ സൂചിപ്പിക്കുന്നു. അവര്‍ തങ്ങളുടെ അന്യതാ ബോധവും ലക്ഷ്യരാഹിത്യവും അവരുടെ കൃതികളുടെ വിഷയമാക്കി. നിരാശ, അസ്ഥിത്വപരമായ അനിശ്ചിതാവസ്ഥ, സാമ്പ്രദായിക മൂല്യങ്ങളുടെ തകര്‍ച്ച തുടങ്ങിയ പ്രമേയങ്ങള്‍ കൈകാര്യം ചെയ്തു.

Vargas Llosa, Mario. 2017. The Writer and His Doubles. Berlin Family Lectures, University of Chicago, May 3. Video, 1:18:23. https://www.youtube.com/watch?v=7g9cO_Qg70s&t=4703s.  



Sunday, April 13, 2025

The Bad Girl by Mario Vargas Llosa/ Edith Grossman

കല്ലെറിയുക, പ്രണയ പൂര്‍വ്വം.


മരിയോ വാര്‍ഗാസ് യോസയുടെ നോബല്‍ പുരസ്കാരത്തെ കുറിച്ച് സ്വീഡിഷ് അക്കാദമി നടത്തിയ നിരീക്ഷണത്തില്‍ എടുത്തു പറഞ്ഞത് അധികാരസ്വരൂപങ്ങളുടെ ഭൂപടങ്ങള്‍ വരക്കുന്നതിലും വ്യക്തികളുടെ ചെറുത്തുനില്‍പ്പുകളെയും പ്രതിരോധങ്ങളെയും പരാജയങ്ങളെയും രേഖപ്പെടുത്തുന്ന തീക്ഷണ രൂപങ്ങള്‍ ആവിഷ്കരിക്കുന്നതിലുമുള്ള അദ്ദേഹത്തിന്റെ മികവാണ്ആഴമുള്ള ദാര്‍ശനികതയുള്ള കോണ്‍വര്‍സേഷന്‍സ് ഇന്‍ ദി കതീഡ്രല്‍ മുതല്‍ പ്രസന്നകരമാം വിധം ഹാസ്യാത്മകമായ ഓണ്ട് ജൂലിയ ആന്‍ഡ്‌ ദി സ്ക്രിപ്റ്റ്റൈറ്റര്‍ വരെലാറ്റിന്‍ അമേരിക്കന്‍ ഏകാധിപത്യ സ്വരൂപങ്ങളുടെ ഏറ്റവും തീക്ഷ്ണ ആവിഷ്കാരമായ ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട് മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ നാളുകളുടെയും കാലഗണനയില്‍ കോംഗോയുടെ പശ്ചാത്തലത്തില്‍ ഇരുട്ടിന്റെ ആത്മാവിലേക്കുള്ള പുതിയ അന്വേഷണമായ ദി ഡ്രീം ഓഫ് ദി കെല്‍റ്റ് , വീണ്ടുമൊരിക്കല്‍ കൂടി പെറൂവിയന്‍ പശ്ചാത്തലത്തില്‍ തങ്ങളുടെ വിധികളോട് മല്‍പ്പിടുത്തത്തിനിറങ്ങുന്ന രണ്ടു കഥാപാത്രങ്ങളെ പിന്‍ തുടരുന്ന ദി ഡിസ്ക്രീറ്റ് ഹീറോ എന്നിവ വരെചരിത്രവും രാഷ്ട്രീയ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും എപ്പോഴും ഉണര്‍ന്നിരിക്കുന്ന ഒന്നര ഡസനോളം വിശിഷ്ട കൃതികളുടെയും അവ കൂടാതെ ധൈഷണിക ഔന്നത്യമുള്ള ഒട്ടനേകം ലേഖനങ്ങളുടെയും ലോകമാണ് വര്‍ഗാസ്‌ യോസയുടെ രചനകളുടെത്.


പിക്കറെസ്ക് സ്വഭാവമുള്ള നോവലാണ്‌ മരിയോ വാര്‍ഗാസ് യോസയുടെ ദി ബാഡ്ഗേള്‍പെറൂവിയന്‍ ബാലന്‍ റിക്കാര്‍ഡോ സൊമോകൂര്‍ഷ്യോ എന്ന പതിനഞ്ചുകാരനില്‍ പ്രണയത്തിന്റെ ഉന്മാദമായി ആവേശിക്കുന്ന ലില്ലി എന്ന ടീനേജുകാരിയായി , മറ്റെല്ലാ അര്‍ത്ഥത്തിലും തികച്ചും വിരസവും അതിസാധാരണവുമായ അയാളുടെ ജീവിതത്തെ നാല് പതിറ്റാണ്ടിലേറെക്കാലം ഇടവിട്ടിടവിട്ട് , മദിപ്പിച്ചും കൊതിപ്പിച്ചും ആവേശിച്ചും ഉപേക്ഷിച്ചും ഒടുവില്‍ ഏതാണ്ട് മടുപ്പിച്ചും ഏറ്റവുമൊടുവില്‍ നിസ്സഹായമായ ഒരു വ്യര്‍ത്ഥജീവിത ബാക്കിപത്രമാക്കി ഏകാന്തതയുടെ വൃദ്ധസാഹചര്യങ്ങളിലേക്ക് അയാളെ തള്ളിവിട്ടു മരണത്തിന്റെ ഇരുളിലേക്ക് കടന്നു പോവുകയും ചെയ്യുന്നജീവിതത്തില്‍ ഒരിക്കലും താന്‍ എന്താണ്ആരാണ് എന്ന് പറയുന്നുവോ അതല്ലാത്ത മിന്നായമയായി നോവലിന്റെ പേരിന്റെ ഉടമയായ 'ചീത്തപ്പെണ്ണ്‍'. ഫ്ലോബേറിന്റെ മാഡം ബോവാറിയെപ്പോലെ ജീവിതത്തിന്റെ മേച്ചില്‍പ്പുറങ്ങളില്‍ ഒരിക്കലും തൃപ്തി വരാതെഎമിലി സോലയുടെ നാനയെ പോലെ സ്വന്തം ഉടലിന്റെ പ്രലോഭനം സ്വയംനശീകരണവും പരനശീകരണവുമായിത്തീരുന്ന നിലയില്ലാച്ചുഴിയില്‍ പെട്ട് ...............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-bad-girl-by-mario-vargas-llosa-edith-grossman

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 93-100)