Featured Post

Showing posts with label പുസ്തകം. Show all posts
Showing posts with label പുസ്തകം. Show all posts

Monday, November 23, 2015

The Year of the Runaways by Sunjeev Sahota


വര്‍ത്തുളമായി ഓടുന്നവര്‍ 




അതിരുകള്‍ ഭേദിക്കുന്നതിന്റെയും സ്വദേശത്തു കണ്ടെത്താനാവാത്ത ജീവിതം അജ്ഞാതമായ ഭൂപ്രദേശത്തു കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെയും ദൈന്യവും പിടച്ചിലും സാഹിത്യത്തില്‍ എക്കാലത്തെയും പ്രധാന പ്രമേയങ്ങളിലൊന്നാണ്. അന്യവല്‍ക്കരണത്തിന്റെയും ഉള്‍ച്ചേര്‍ക്കലിന്റെയും വിരുദ്ധ ദ്വന്ദ്വങ്ങള്‍ക്കിടയിലെ സംഘര്‍ഷം സാഹിത്യത്തിലെ ഒരടിസ്ഥാന ആവിഷ്കാര പ്രശ്നവുമാണ്. കുടിയേറ്റവും ബഹിഷ്കരണവുമെന്ന, പാലായനവും ആട്ടിയോടിക്കലുമെന്ന, വിട്ടുപോന്നവയോടുള്ള ഗൃഹാതുരതയും കൈപ്പിടിയിലൊതുങ്ങാത്തതിനോടുള്ള ആസക്തിയുമെന്ന നൈരന്തര്യമായി ചരിത്രത്തില്‍ ആവര്‍ത്തിക്കുന്ന ഈ മാനവിക ദുരന്തം കാല ദേശങ്ങളുടെ അതിരുകളെ അപ്രസക്തമാക്കുന്നു എന്നതാണ് എക്കാലത്തെയും ഏറ്റവും വലിയ പാഠങ്ങളില്‍ ഒന്ന്.

തൊഴില്‍ കണ്ടെത്താനായി നിയമ വിരുദ്ധമായി ബ്രിട്ടനില്‍ കുടിയേറുന്ന അന്യദേശ അഭയാര്‍ഥികളില്‍പെട്ട മൂന്നു ഇന്ത്യന്‍ യുവാക്കളുടെയും ഒരു ബ്രിട്ടീഷ്‌ ഇന്ത്യന്‍ യുവതിയുടെയും ഇഴ കോര്‍ക്കുന്ന ജീവിതങ്ങളിലൂടെ വര്‍ത്തമാനകാല ലോക യാഥാര്‍ത്ഥ്യങ്ങളില്‍ ഏറ്റവും പൊള്ളുന്ന ഒരു പ്രമേയത്തെയാണ് ഇന്ത്യന്‍ വംശജനായ യുവ ബ്രിട്ടീഷ്‌ നോവലിസ്റ്റ് സഞ്ജീവ് സുഹോത്ത തന്റെ രണ്ടാമത് കൃതിയായ "ഓടിപ്പോവുന്നവരുടെ വര്‍ഷം (The Year of the Runaways)'' എന്ന നോവലില്‍ അവതരിപ്പിക്കുന്നത്‌. ഒരു രാഷ്ട്രീയ നോവലിന്റെ സാധ്യതകള്‍ ശക്തമായ അന്തര്‍ധാരയായി വര്‍ത്തിക്കുമ്പോഴും നോവല്‍ പ്രകടമായ രാഷ്ട്രീയ പരതയെ നിരാകരിക്കുന്നു. സിദ്ധാന്ത വല്‍ക്കരണങ്ങളിലേക്കോ ധൈഷണിക നിരീക്ഷണങ്ങളിലേക്കോ ചായുന്നതിനു പകരം, അനുഭവങ്ങളുടെ നേരവതരണങ്ങളിലും വൈകാരിക സംഘര്‍ഷങ്ങളിലുമാണ് നോവല്‍ ഊന്നുന്നത്.

കുടിയേറ്റക്കാരുടെ പുരാവൃത്തം

നോവലിന്റെ ആദ്യ പകുതിയില്‍ ചെറു അധ്യായങ്ങളായി എഴുതപ്പെട്ട നോവലറ്റുകളുടെ ദൈര്‍ഘ്യമുള്ള ആഖ്യാനങ്ങളായി നാല് മുഖ്യ കഥാപാത്രങ്ങളുടെ പുരാവൃത്തങ്ങള്‍ അവതരിപ്പിക്കുന്നു. ടോചി, രണ്‍ദീപ്, അവതാര്‍ എന്ന മൂന്നു യുവാക്കള്‍ വേറെയും ഒമ്പത് പേരോടൊപ്പം ഷെഫീല്‍ഡിലെ ഇടുങ്ങിയ അപ്പാര്‍ട്ട്മെന്റില്‍ കഴിയുന്നു. വ്യത്യസ്ത ദേശക്കാര്‍. ചുമക്കാവുന്നതിലേറെ ഭാരങ്ങള്‍ പേറുന്നവര്‍. അസംപ്തൃപ്തരും അശരണരും സ്വന്തം വിധിയോട് നിസ്സഹായമായ രോഷം പേറുന്നവരുമായ, പരുക്കന്‍ മാനസികാവസ്ഥയുള്ള അത്രയും പേര്‍ ദയനീയമായ ഭൗതികസാഹചര്യങ്ങളില്‍ പരസ്പരം കലഹിച്ചും മത്സരിച്ചും കുതികാല്‍ വെട്ടിയും കഴിയേണ്ടി വരുമ്പോള്‍ സ്വാഭാവികമായും സംജാതമാവുന്ന ഭയത്തിന്റെയും പരസ്പര സംശയത്തിന്റെയും അന്തരീക്ഷം ബ്രിട്ടന്‍ പോലെ പളപളപ്പുള്ള ഒരു സമ്പന്ന രാഷ്ട്രത്തിന്റെ ഉള്ളില്‍ അര്‍ബ്ബുദം പോലെ വളരുന്ന, അതിജീവനമെന്നത് ഒരു 'കാലിക' പ്രശ്നം എന്നതിനപ്പുറം ഒരു ദൈനംദിന പ്രശ്നമായി മാറുന്ന മറ്റൊരു അധോലോകത്തെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ഞരമ്പ് മുറുക്കത്തിന്റെ അപകട മുനമ്പുകളില്‍ നടക്കുന്ന കയ്യേറ്റങ്ങള്‍ പലപ്പോഴും മാരകമാവുന്നു; ഗൂര്‍പ്രീതിന്റെയും അവതാറിന്റെയും കാര്യത്തില്‍ എന്ന പോലെ.

ടാര്‍ലോചാന്‍ കുമാര്‍ എന്ന ടോചിയുടെ പുരാവൃത്തമാണ് ആദ്യം അവതരിപ്പിക്കപ്പെടുന്നത്. കുമാര്‍ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ബീഹാറിലെ അയിത്ത ജാതിക്കാരനായ ഈ ചാമര്‍ യുവാവ് വര്‍ത്തമാന കാല ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിന്റെ ഏറ്റവും ബീഭത്സമായ ജാതീയതയുടെയും സായുധ സംഘര്‍ഷങ്ങളുടെയും ബാലിയാടാണ്. ഒരു വശത്തു രാജ്യത്ത് ശക്തി പ്രാപിക്കുന്ന സവര്‍ണ്ണ ഹിന്ദു ഫാസിസം കൂടുതല്‍ കരുത്ത് പകര്‍ന്ന ജന്മി-ഭൂപ്രഭുക്കളുടെ ഗുണ്ടാ സൈന്യങ്ങള്‍, സംവരണ വിരുദ്ധതയുടെ പേരില്‍ ചാമര്‍ വിഭാഗത്തിലെ യുവാക്കളെ ജോലിക്കെടുക്കുന്നവരെ പോലും ഭീഷണിപ്പെടുത്തുന്ന അവസ്ഥ . ജീവനും മാനത്തിനും വിലയില്ലാതാവുന്ന അധസ്ഥിതന്റെ ദൈന്യം. മറുവശത്ത്‌ ഭൂപ്രഭുക്കളുമായി ഏറ്റുമുട്ടുന്ന മാവോയിസ്റ്റു ഗറില്ലകള്‍ സൃഷ്ടിക്കുന്ന സായുധ കലാപാന്തരീക്ഷം. ഏറെ പാടുപെട്ടു സ്വന്തമാക്കുന്ന ഓട്ടോറിക്ഷ , കുടുംബാംഗങ്ങളോടൊപ്പം കത്തിച്ചാമ്പലാവുന്നതും പെങ്ങള്‍ വയറു പിളര്‍ന്നു കൊല്ലപ്പെടുന്നതും കാണേണ്ടിവന്നിട്ടുണ്ട് അയാള്‍ക്ക്. എന്നാല്‍ അത്തരം വലിയ സംഘര്‍ഷങ്ങളിലല്ല നോവലിസ്റ്റ് ഊന്നുന്നത്; അസമത്വത്തിന്റെയും ജാതീയമായ അവഗണനയുടെയും ദൈനംദിനാനുഭവങ്ങളുടെ ചെറു നിമിഷങ്ങളിലും അത് അയാളിലുണ്ടാക്കുന്ന നിസ്സഹായതാ ബോധത്തിലുമാണ്. എല്ലായിടത്തും അതയാളെ വേട്ടയാടുന്നു; ഷെഫീല്‍ഡില്‍ ഉള്‍പ്പടെ. ഒരു വേള ഒരു ജാട്ട് യുവാവെന്നു സാന്ദര്‍ഭികമായി അയാളൊരു മൗനത്തിലൂടെ പരിചയപ്പെടുത്തുന്നത് ബോധപൂര്‍വ്വമായ ഒരു ആള്‍മാറാട്ടം എന്ന നിലക്കല്ല; അത് ഒരു വിഷയമാവേണ്ടതില്ല എന്ന നിലക്കാണ്. എന്നാല്‍, ഒരാള്‍ തന്റെ നിയതമായ വിധിയുടെ കള്ളികള്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നത് വൃഥാവിലാണ് എന്നത് ഏതാണ്ടൊരു നിയതിനിര്‍ണ്ണായകത്വ കാഴ്ച്ചപ്പാട് (deterministic premise) ആയിത്തന്നെ, താത്വിക നിലപാടുകളുടെ കാര്യത്തില്‍ സുഹോത്തയുടെ സ്വതസിദ്ധമായ ന്യൂനോക്തിയിലാണെങ്കിലും, നോവലില്‍ ഉന്നയിക്കപ്പെടുന്നുണ്ടെന്നു പറയാം. വിജയ സാധ്യത ഒട്ടുമില്ലാത്ത ഒരു കുതറിപ്പിടച്ചിലാണ് അത്തരം ശ്രമങ്ങളൊക്കെയും എന്ന് ഓരോ അനുഭവവും അയാളെ ബോധ്യപ്പെടുത്തുന്നത് കൊണ്ടാണ് അയാള്‍ കൂടുതല്‍ കൂടുതല്‍ ഉള്‍വലിയുന്നതും അന്തര്‍മുഖന്‍ ആയിത്തീരുന്നതും. അയാള്‍ക്ക് ആരോടും തന്റെ കഥ വിവരിക്കാന്‍ ഇഷ്ടമല്ല. ആരും അയാളെ കാത്തിരിക്കുന്നില്ല, അയാള്‍ക്കെങ്ങോട്ടും തിരിച്ചു പോവാനുമില്ല. എല്ലാവരില്‍ നിന്നും നിന്ദ ഏറ്റുവാങ്ങേണ്ടി വരുന്നത് കൊണ്ടാവാം, അവതാറിന്റെ ജോലി തട്ടിയെടുക്കുന്നത് പോലുള്ള തരം താഴലിലേക്ക് പോകുമ്പോഴും അയാളില്‍ പ്രത്യേകിച്ച് കുറ്റബോധം ഒന്നുമില്ലാത്തത്. ഒരു പക്ഷെ അത് ചെറിയ തോതിലുള്ള ഒരു കിട്ടാക്കടം തിരിച്ചു പിടിക്കലായിരിക്കാം അയാള്‍ക്ക്‌ - വംശീയമായ നിസ്സഹായത തന്നെ കൊണ്ടെത്തിച്ച ഒരു തിരിച്ചു പിടിക്കല്‍. ജാതീയമായി അയാളെ ഒരു ഘട്ടത്തിലും അധിക്ഷേപിക്കുന്നില്ലാത്ത ഒറ്റ കഥാപാത്രമെ പ്രധാനമായും ഉള്ളൂ : നരീന്ദര്‍. ഒരു ഘട്ടത്തില്‍ അയാള്‍ക്ക് അവളോടും അവള്‍ക്കു തിരിച്ചും തോന്നുന്ന ആകര്‍ഷണം ആദ്യമായി അയാളില്‍ ജീവിതാസക്തിയുടെ ചില സ്ഫുരണങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ആ ബന്ധത്തിന്റെയും തന്റെ വിധിയുടെ ഐറണിയേ കുറിച്ച് അയാളുന്നയിക്കുന്ന ചോദ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് ആദ്യമായി അവള്‍ മത നിഷ്ടമായ ശിരോവസ്ത്രമഴിക്കുക. എന്നാല്‍, അത് അസാധ്യമാണ് എന്ന തിരിച്ചറിവിലാണ് അയാള്‍ നേരത്തെ വേണ്ടെന്നു വെച്ച ഭാഗ്യാന്വേഷണവുമായി സ്പെയിനിലേക്ക് കുടിയേറുന്നത്.

സാമ്പത്തിക ദുരിതങ്ങളോടൊപ്പം ജാതീയമായ വിവേചനത്തിന്റെ കൂടി ദുസ്സഹാവസ്ഥയിലാണ് ടോചി നാടുകടക്കുന്നതെങ്കില്‍, അമൃതസറില്‍ ബസ്‌ കണ്ടക്ടര്‍ ആയി ജോലി നോക്കുന്ന അവതാര്‍ മികച്ച ജീവിതാവസ്ഥകളുടെ പ്രലോഭനത്തിലാണ് പ്രവാസ വഴി സ്വീകരിക്കുന്നത്. മുറിച്ചു വിറ്റ കിഡ്നിയുടെ വിലയില്‍ ഇടത്തട്ടുകാര്‍ പിടുങ്ങിയതിന്റെ ബാക്കിയും പോക്കറ്റ്‌ ഭായിയെന്ന ഷൈലോക്കിനോട് കടം വാങ്ങുന്ന പണവുമുപയോഗിച്ചു ഷെഫീല്‍ഡില്‍ എത്തുമ്പോള്‍ രണ്ടാം മാസം മുതല്‍ തിരിച്ചടവുതുടങ്ങേണ്ടതാണ് അയാളുടെ പ്രശ്നം. മുടക്കം വന്നാല്‍ വൃദ്ധ മാതാപിതാക്കളോടും കുടുംബത്തോടും ഒട്ടും കാരുണ്യപൂര്‍ണ്ണമാവില്ല വട്ടിപ്പലിശക്കാരന്റെ ഗുണ്ടകള്‍ പെരുമാറുക എന്നയാള്‍ക്കറിയാം. ഒപ്പം സഹചാരിയും തന്നെ ഏറെ ആശ്രയിക്കുന്നവനുമായ കൗമാരം കടക്കുക മാത്രം ചെയ്തിട്ടുള്ള രണ്‍ദീപിന്റെ സഹോദരി ലഖ്പ്രീതുമായുള്ള രഹസ്യപ്രണയവും അയാളെ മഥിക്കുന്നുണ്ട്. തൊഴില്‍ തേടിയുള്ള കടുത്ത അലച്ചിലുകള്‍ക്കൊടുവില്‍ കിട്ടുന്ന നല്ലൊരവസരം അയാള്‍ക്ക്‌ ഉപയോഗിക്കാനാവാത്തത് രണ്‍ദീപിനോടുള്ള ഉത്തരവാദിത്തം മൂലമാണ്. ടോചിയുമായുണ്ടാവുന്ന മാരകമായ ഒരേറ്റുമുട്ടലില്‍ മൃതപ്രായനാവുന്ന അവതാറിന്റെ ജീവിതം തികച്ചും വഴിമുട്ടുന്നത് കടുത്ത അണുബാധയെ തുടര്‍ന്ന് ഒരു കാല്‍ മുറിച്ചു കളയേണ്ടി വരുന്നതോടെയാണ്.

ഒരു പ്രണയം സഫലമാക്കാനുള്ള മോഹത്തോടെയാണ് അവതാര്‍ പ്രവാസം തെരഞ്ഞെടുക്കുന്നതെങ്കില്‍, പ്രണയാനുഭവം തീവ്രമായ ഒരു നാണക്കേടിലൊടുങ്ങിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് രണ്‍ദീപ് ഒരു വിവാഹ വിസയുടെ പിന്‍ബലത്തില്‍ ഏതാണ്ട് നിയമാനുസൃതമായിത്തന്നെ ബ്രിട്ടനില്‍ എത്തുന്നത്. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന അച്ഛന്റെ മകനായി മധ്യവര്‍ഗ്ഗ സൗഭാഗ്യങ്ങളില്‍ വളര്‍ന്ന അഭ്യസ്ത വിദ്യനും എന്‍. . ടി . സ്വപ്‌നങ്ങള്‍ വെച്ച് പുലര്‍ത്തുന്നവനുമായ ഇരുപതുകാരന് ജീവിതം തകിടം മറിയുന്നത് അച്ഛന് മാനസികാരോഗ്യം തകരുന്നതും ജോലി നഷ്ടപ്പെടുന്നതുമായ ചുറ്റുപാടിലാണ്. കോച്ചിങ്ങിന്റെ ശ്വാസം മുട്ടിക്കുന്ന സമയ നിഷ്ടയിലേക്ക് കുടുംബ ബാധ്യതള്‍ക്കായി കാള്‍ സെന്റര്‍ ജോലി കൂടി ഏറ്റെടുക്കേണ്ടി വരുന്നതോടെ അയാളുടെ പഠന നിലവാരം കൂപ്പു കുത്തുന്നു. ജയതയുമായുള്ള മാംസനിബദ്ധം കൂടിയായ അനുരാഗം നിനച്ചിരിക്കാതെ സ്ത്രീപീഡനാരോപണത്തിനും കോച്ചിംഗ് സെന്ററില്‍ നിന്ന് പുറത്താക്കപ്പെടുന്നതിനും ഇടയാക്കുന്നതോടെ കുടുംബ ബാധ്യതകള്‍ ഏറ്റെടുത്തു അയാള്‍ പ്രവാസ ജീവിതം സ്വയം വരിക്കുന്നു. ഒരു നിര്‍മ്മാണത്തൊഴിലാളിക്ക് വേണ്ട ശാരീരിക ക്ഷമതയില്ലാത്ത ചെറുയുവാവിനു അവതാര്‍ ഭാജിയുടെ തണല്‍ എപ്പോഴും ആവശ്യമാണ്‌. ഭാജിയും തന്റെ സഹോദരിയും തമ്മിലുള്ള ബന്ധം അറിയുമ്പോള്‍ സര്‍വ്വാത്മനാ അംഗീകരിക്കാന്‍ അവനു കഴിയുന്നതും അത് കൊണ്ടാണ്.

ശരികളുടെ കലമ്പല്‍ - സ്നേഹ നിയമങ്ങളുടേയും.
സ്നേഹ നിയമങ്ങളെ മുറിച്ചു കടക്കുന്നത് എത്രമാത്രം ദുഷ്കരമാണെന്ന ചോദ്യമാണ് അരുന്ധതി റോയിയുടെ 'കൊച്ചുകാര്യങ്ങളുടെ തമ്പുരാനി'ലെ ഒരു പ്രധാന പ്രമേയം. വെളുത്തയും അമ്മുവുമായുള്ള ബന്ധം, സഹസ്രാബ്ദങ്ങള്‍ നിര്‍ണ്ണയിച്ചു വെച്ച സ്നേഹ നിയമങ്ങളെ, ആര് ആരെ സ്നേഹിക്കണം എന്ന നിയമങ്ങളെ, മറികടക്കുന്നു എന്നിടത്താണ് അവരുടെ ദുരന്തം തുടങ്ങുന്നതും, 'കാര്യക്ഷമതയുള്ള' കോട്ടയം പോലീസിന്റെ കയ്യില്‍ വെളുത്ത ഒടുങ്ങുന്നതും..
തന്നെ ഏറെ സ്വാധീനിച്ച നോവലിന്റെ പ്രമേയധാര മറ്റൊരു രീതിയില്‍ സുഹോത്ത തന്റെ കൃതിയിലും സന്നിവേശിപ്പിച്ചിട്ടുണ്ട്: മുഖ്യ കഥാപാത്രങ്ങളില്‍ ഒടുവില്‍ പരിചയപ്പെടുത്തുന്ന നരീന്ദറിലൂടെ. വേദ ഗ്രന്ഥത്തിലും ഗുരുപ്രോക്തമായ 'സേവാ' സങ്കല്‍പ്പങ്ങളിലും വിശ്വസിക്കുന്ന കടുത്ത ദൈവ ഭക്തിയുള്ള സിഖ്‌ യുവതി. ഒരര്‍ഥത്തില്‍ നോവലിന്റെ വൈകാരികവും ആത്മീയവുമായ കേന്ദ്ര സ്ഥാനീയത അവളിലാണ്. അവളിലൂടെയാണ് മറ്റു മൂന്നു പേരുടെയും കഥകള്‍ തുടര്‍ന്നങ്ങോട്ട് ഇഴ കോര്‍ക്കുക. ദൈവ നീതിയേയും മനുഷ്യാവസ്ഥയുടെ വിശദീകരിക്കാനാവാത്ത അനിശ്ചിതത്വങ്ങളെയും സംബന്ധിച്ച ആഴമുള്ള നിരീക്ഷണങ്ങള്‍ അവളിലൂടെയാണ് അവതരിപ്പിക്കപ്പെടുക. നിയമത്തിന്റെ വഴിയും മാനവികമായ പ്രതിബദ്ധതയുടെ വഴിയും രണ്ടാവുമ്പോള്‍ ദൈവ വഴിയില്‍ സുചരിതയായ ഒരു യുവതി എന്ത് ചെയ്യണം? ഹക്ക് ഫിന്നിനെ പോലെ തടസ്സങ്ങളെതും കൂടാതെ ഹൃദയം പറയുന്ന വഴിയില്‍ സഞ്ചരിക്കാന്‍ അവള്‍ക്കു പരിമിതികളുണ്ട്. ജ്യേഷ്ഠന്റെ പുരുഷാധിപത്യ നിഷ്ടകളുടെ കയ്യേറ്റങ്ങളില്‍ പോലും എപ്പോഴും അവളെ വിശ്വസിക്കുകയും കൂടെ നില്‍ക്കുകയും ചെയ്ത വയോധികനായ പിതാവ് തലപ്പാവ് ഊരി അവളുടെ കാല്‍ക്കല്‍ വെക്കുന്നുണ്ട്, തന്റെയും കുടുംബത്തിന്റെയും അഭിമാനം ഒന്ന് മാത്രം ബലി കൊടുക്കരുതെന്ന അഭ്യര്‍ത്ഥനയോടെ. സ്നേഹ നിയമങ്ങളുടെ മുറിച്ചു കടക്കാനാവാത്ത ഈ പരിമിതികളിലും ഭാഗ്യവാന്മാരായ രാജ്യങ്ങളില്‍ പിറക്കാന്‍ ഇടംകിട്ടിയവര്‍ക്ക് എങ്ങനെയാണ് അതല്ലാത്ത നിര്‍ഭാഗ്യവാന്മാരോടുള്ള മാനവികമൂല്യങ്ങളുടെ കടപ്പാടുകള്‍ തീര്‍ക്കാനാവുക? നോവലില്‍ അന്തര്‍ധാരയായി വരുന്ന ഈ ചോദ്യങ്ങളൊക്കെയും മുഴച്ചു നില്‍ക്കുന്ന ധൈഷണികതയേതും കൂടാതെ അന്വേഷിക്കപ്പെടുന്നത് നരീന്ദറിലൂടെയാണ്.
'സേവാ'ശ്രമങ്ങളുടെ ഭാഗമായി പരിചയപ്പെടാന്‍ ഇടയാവുന്ന സവ് രാജ് എന്ന ലൈംഗികത്തൊഴിലാളിയുമായുള്ള ബന്ധം, അവളെ മോചിപ്പിക്കുകയെന്ന ലക്‌ഷ്യം സ്വയം ഏറ്റെടുക്കാനും, ഇന്ത്യാ സന്ദര്‍ശന വേളയില്‍ അവളുടെ കുടുംബവുമായി ഇടപഴകാനും ഇടയാക്കുന്നതോടെയാണ് നരീന്ദറിന്റെ ജീവിതം അപ്രതീക്ഷിതമായ രീതിയില്‍ തിരിയുന്നത്. സവ് രാജിന്റെ സഹോദരനോട് അങ്കുരിക്കുന്ന താല്പര്യം പക്ഷെ മുളയിലേ തകര്‍ന്നു പോകുന്നതും ഒരു വേള അയാളെ സഹായിക്കാനുള്ള മനസ്ഥിതി ഉപേക്ഷിക്കാനും അവള്‍ക്കു കാരണമാവുന്നത് അമ്മയുടെ അസുഖത്തെ കുറിച്ച് അവര്‍ നുണ പറയുകയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴാണ്. ഒരു വിസാ വിവാഹത്തിലൂടെ തന്നെ നാടുകടക്കാന്‍ സഹായിക്കണമെന്ന അയാളുടെയും കുടുംബത്തിന്റെയും അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞു അവള്‍ തിരിച്ചു പോവുന്നു. എന്നാല്‍, പിന്നീട്, നിയമ വിരുദ്ധ കുടിയേറ്റ ശ്രമത്തിനിടെ ഏതോ റഷ്യന്‍ തീരത്ത്‌ അയാള്‍ ഒടുങ്ങിയെന്ന വാര്‍ത്ത ഉളവാക്കുന്ന ഞെട്ടലും കുറ്റബോധവും അവളെ കടുത്ത സ്വയം പരിശോധനയിലേക്ക് നയിക്കുന്നു.
ഒടുവില്‍ സന്നദ്ധ സേവനത്തിനിറങ്ങിയപ്പോള്‍ അവള്‍ക്കൊരു മഹത്തായ നന്മയുടെ തോന്നലുണ്ടായിരുന്നു, താന്‍ നന്മയുടെ ഭാഗത്താണെന്ന്. എന്നാല്‍ ഇപ്പോള്‍ അവള്‍ തിരിച്ചറിയുകയായിരുന്നു, ശരിയായ നന്മ എന്നാല്‍ കാന്റീനില്‍ പച്ചക്കറി മുറിക്കലോ, പുതപ്പുകള്‍ വിതരണം ചെയ്യലോ അല്ലെന്ന്. അത് അവളുടെ ഗുരുക്കന്മാര്‍ ചെയ്തതെന്തോ അതാണ്‌. അത് മറ്റുള്ളവര്‍ക്ക് വേണ്ടി സ്വയം അനിശ്ചിതത്വങ്ങള്‍ ഏറ്റെടുക്കലാണ്, അത് മറ്റുള്ളവര്‍ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യലാണ്. അത് സമര്‍പ്പണമാണ്. അതൊരിക്കലും താന്‍ ചെയ്തിട്ടില്ല. നേരെ എതിരാണ് സത്യം. പരീക്ഷിക്കപ്പെട്ട ഒരേയൊരു തവണ, ഒരു സമര്‍പ്പണം നടത്താന്‍, ഒരു റിസ്ക്‌ എടുക്കണമെന്ന് ഒരാള്‍ ആവശ്യപ്പെട്ട ഒരേയൊരു തവണ, അവള്‍ പുറം തിരിഞ്ഞു നടന്നു.”
ഈ തിരിച്ചറിവിലാണ് ഒരു പ്രായശ്ചിത്തമായി അവളൊരു അസാധാരണ തീരുമാനം എടുക്കുന്നത്. നിശ്ചയിച്ചു വെച്ച വിവാഹം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. ഒരാളെ, ശരിക്കും അര്‍ഹതയുള്ള ഒരാളെ, സാമ്പത്തിക വശം ഒന്നും നോക്കാതെ, വിസാ വിവാഹത്തിലൂടെ കുടിയേറാന്‍ സഹായിക്കണം. ഈ തീരുമാനത്തിന്റെ ഗുണ ഭോക്താവായാണ് രണ്‍ദീപ് ബ്രിട്ടനില്‍ എത്തുന്നത്.

ഗൃഹാതുരത – ഒഴിവു സമയങ്ങളിലെ അതിഭാവുകത്വം.
പ്രവാസം വിഷയമാവുന്ന കൃതികളിലെ ഒഴിച്ചുകൂടാനാവാത്ത പ്രമേയമാണ് ഗൃഹാതുരത. എന്നാല്‍ അത്രയൊന്നും ഉന്മേഷ പൂര്‍ണ്ണമല്ല ഇവിടെ ഈ വിഷയത്തോടുള്ള സമീപനം. ഏറ്റവും നല്ല മാതൃകയായി നോവലില്‍ വരുന്ന കഥാപാത്രം അവതാറിന്റെ ആശ്രിത വത്സലനായ സംരക്ഷകന്‍ ഡോക്റ്റര്‍ അമര്‍ജിത് സിംഗ് ചീമ എന്ന ഇന്ത്യന്‍ സൊസൈറ്റി സെക്രട്ടറിയാണ്.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ സംഭവിച്ച ചില കാര്യങ്ങള്‍ ഈ നാട്ടില്‍ ഞാന്‍ എന്നും ഒരതിഥി മാത്രമായിരിക്കുമെന്ന് എന്നെ ബോധ്യപ്പെടുത്തി. എന്റെ സുഹൃത്തക്കള്‍ക്കായി ഞാന്‍ എത്ര ഗാര്‍ഡന്‍ പാര്‍ട്ടി നടത്തിയാലും, ഇതെന്റെ ശരിക്കുമുള്ള നാടാവില്ല. ഒരു മനുഷ്യന് ഒരു സ്വന്തനാടിനെ കുറിച്ചുള്ള ബോധം വളരെ പ്രധാനമാണ്. അത് ഒരു ശുഭാന്ത്യ ബോധം (sense of an ending) നല്‍കും .”
എന്നാല്‍ അയാളുടെ സ്വത്വബോധം ബോറടിക്കും വിധം അതിര് കടക്കുന്നത് അയാളുടെ ഭാര്യയേ മാത്രമല്ല, അവതാറിനെയും മടുപ്പിക്കുന്നുണ്ട്.
"അവര്‍ക്ക് മനസ്സിലാവില്ല, നമ്മള്‍ ഇവിടത്തുകാര്‍ അല്ല. ഇത് നമ്മുടെ നാടല്ല.... അത് തിരിച്ചറിയാന്‍ നീയെന്നെ സഹായിച്ചു. നിന്നെ പോലുള്ളവര്‍.”
ഞാനോ?”
നമ്മള്‍ ഒരു വലയില്‍ കുരുങ്ങിപ്പോയ ഈച്ചകളെ പോലെയാണ്. ഞാനേതായാലും ചിലന്തിയുടെ വരവിനായി കാത്തു നില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല … ഞാനത് രചനയോട് പറഞ്ഞു. അവള്‍ എന്ത് പറഞ്ഞു എന്നറിയാമോ? അവള്‍ പറഞ്ഞു ഞാന്‍ മറന്നു കാണണം, ഈച്ചയെ സംബന്ധിച്ചേടത്തോളം ഒരിക്കല്‍ വലയില്‍ കുരുങ്ങിയാല്‍ തീര്‍ന്നെന്നു.”
അവതാര്‍ ജോലിക്കാര്യമൊന്നും തിരക്കാതെ അയാളുടെ മുറിയിലേക്ക് തിരിച്ചു പോയി. കട്ടിലിലിരുന്നു തന്റെ കോപത്തിന് കീഴടങ്ങി. ഈ സ്വത്വച്ചവറ് എന്തൊരു ജീര്‍ണ്ണതയാണ്! വെറുതെയിരുന്നു അത്തരം ജല്‍പ്പനങ്ങള്‍ കൊണ്ട് മഹാ ദുഃഖങ്ങള്‍ നെയ്തുണ്ടാക്കാന്‍ ഇട കിട്ടിയാല്‍ ഈ സമ്പന്നര്‍ക്ക് അത് രസികന്‍ സമയമാവും.”

ഒരാള്‍ക്ക്‌ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു ഭൂതകാലത്തെ കുറിച്ചോര്‍ത്ത് വിലപിക്കുന്നത് ശരിക്കും കഷ്ടമാണെന്ന് ഡോ. ചീമായുടെ ഭാര്യയും സഹതപിക്കുന്നു.

സഹാനുഭൂതിയുടെ പരിമിതികള്‍

നരീന്ദര്‍ ഇതര കഥാപാത്രങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ത്യാഗങ്ങള്‍ ഒട്ടുമുക്കാലും എങ്ങുമെത്തുന്നില്ല. ടോചിയുമായുള്ള ഇടപെടലിലെന്ന പോലെ സവ് രാജിന്റെ സഹോദരനുമായുള്ള നരീന്ദറിന്റെ വിനിമയങ്ങളും അതിന്റെ ദാരുണമായ അന്ത്യവും നോവലിലെ മറ്റേതു സംഭവത്തെക്കാളും കൂടുതല്‍ കേവലമായ സഹാനുഭൂതിയുടെ പരിമിതികള്‍ വ്യക്തമാക്കുന്നുണ്ട് . ഇടയ്ക്കു കയറി വരുന്ന അപ്രതീക്ഷിത വികാസങ്ങളും സംഭവ ഗതികളും ഉദ്ദേശ ശുദ്ധിയേയും കണക്ക് കൂട്ടലുകളെയും തകിടം മറിക്കുക എന്നത് ഏതാണ്ടൊരു ദുരന്ത നാടക രീതി (tragic pattern) ആയിത്തന്നെ നോവലില്‍ ആവര്‍ത്തിക്കുന്നുണ്ട്. ഭാഗധേയങ്ങളുടെ പെട്ടെന്നുള്ള തകിടം മറിച്ചില്‍ (peripeteia) ഏറെയുണ്ട് ഇതിവൃത്ത ഘടനയില്‍ - ഒരു പക്ഷെ ഇത്തിരി കൂടുതല്‍. ഏറെ ശ്രമപ്പെട്ട അലച്ചിലിനൊടുവില്‍ ഡോ. ചീമായുടെ സഹായത്തോടെ കൈവരുന്ന നല്ലൊരു ജോലി സാധ്യത ഉറപ്പാവുന്ന അതേ നിമിഷത്തിലാണ് അവതാറിനെ ഒട്ടും സ്വഗതാര്‍ഹാമാല്ലാത്ത കുറഞ്ഞ ജോലി കണ്ടെത്തി രണ്‍ദീപ് വിളിക്കുന്നത്‌. അവനെ സംരക്ഷിക്കേണ്ട ബാധ്യതയുള്ളത് കൊണ്ട് നല്ല അവസരം വിട്ടുകളയുകയേ അയാള്‍ക്ക്‌ മാര്‍ഗ്ഗമുള്ളൂ. സ്പെയിനില്‍ നല്ലൊരു ജോലി സാധ്യത തെളിഞ്ഞു വരുന്ന അതേ നിമിഷത്തിലാണ് ടോചി നരീന്ദറുമായി ഹൃദയബന്ധം കണ്ടെത്തുന്നതും അവളെ വിട്ടുപോകേണ്ടതില്ലെന്ന എങ്ങുമെത്താനിടയില്ലാത്ത തീരുമാനത്തിലെത്തുന്നതും. സവ് രാജിന്റെ സഹോദരനുമായുള്ള നരീന്ദറിന്റെ ബന്ധം മുളയിലേ തകരുന്നതും പെട്ടെന്നുണ്ടാവുന്ന ഒരു വെളിപ്പെടുത്തലിലൂടെയാണ്. രണ്‍ദീപിന്റെ കുടുംബഭദ്രത തകരുന്നത് നിനച്ചിരിക്കാതെ അച്ഛനില്‍ സംഭവിക്കുന്ന മാറ്റങ്ങളില്‍ കൂടിയാണെങ്കില്‍, അവന്റെ ആദ്യ പ്രണയം തകരുന്നതും തികച്ചും ഒരു വെള്ളിടി പോലെയാണ്. ഏതു ഘട്ടത്തിലും അവനോടു ശാരീരിക ബന്ധത്തിലേക്ക് ആവേശപൂര്‍വ്വം സഹകരിച്ച ജയത പെട്ടെന്നൊരു നിമിഷം അതൊരു സ്ത്രീ പീഡനശ്രമായി ചിത്രീകരിക്കുന്നതാണ് അവന്റെ മോഹങ്ങളൊക്കെയും തകര്‍ക്കുന്നതും കൊടിയ കയ്യേറ്റത്തിനും നിന്ദക്കും അവനെ ഇരയാക്കുന്നതും. എന്നാല്‍ അന്ന് മരവിച്ചു പോയ രണ്‍ദീപില്‍ പില്‍ക്കാലം ആ ജീവിതം കണ്ടവന്റെ വളര്‍ച്ച (from innocence to experience) കാണുന്നില്ല എന്നത് പാത്ര സൃഷ്ടിയിലെ അപാകമാവം.
ഡോ. ചീമായും അത് പോലെ വേറെയും പല കഥാപാത്രങ്ങളും സന്മാനോഭാവവും സഹായ മസ്ഥിതിയും ഏറെ പ്രകടമാക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍, ചിക്കന്‍ സ്റ്റോറിലേക്ക് കൊണ്ട് വരുന്ന ലോട്ടുകളില്‍ നിന്ന് ട്രക്ക് ഡ്രൈവര്‍ക്ക് കൈക്കൂലി കൊടുത്ത് മോഷ്ടിക്കുന്നതും അനധികൃത കുടിയേറ്റക്കാര്‍ക്ക് സൌജന്യ നിരക്കില്‍ അത് വിറ്റ് നല്ല ലാഭം നേടുന്നത് പതിവാക്കുകയും ചെയ്യുന്ന കൂട്ടുകാരെ, പിടിക്കപ്പെടുമ്പോള്‍ വലിയ ശിക്ഷകളിലേക്കൊന്നും എത്തിക്കാതെ പുറത്താക്കുന്ന സ്റ്റാള്‍ ഉടമ പോലും അക്കൂട്ടത്തിലുണ്ട്. എന്നാല്‍, സഹാനുഭൂതിയുടെ പരിമിതി ശരിക്കും ബോധ്യപ്പെടുത്തുന്ന ഏറ്റവും കൗതുകകരമായ ഒരു ഘട്ടം നോവലില്‍ വരുന്നത് മൈക്കെലുമായുള്ള രണ്‍ദീപിന്റെ ഇടപെടലിലാണ്. നോവലില്‍ അല്‍പ്പമെങ്കിലും പ്രാധാന്യമുള്ള ഒരേയൊരു ഇംഗ്ലീഷ്‌ കഥാപാത്രമാണ് മൈക്കേല്‍. അമൃത സറിലെ കാള്‍ സെന്റര്‍ ജോലിക്കിടെ ഫോണിലൂടെ പരിചയപ്പെട്ട വയോധികനായ മുന്‍ സൈനിക മേധാവി മൈക്കേല്‍, ഒരു നാള്‍ ഡോണ്‍കാസ്റ്ററിലെ തന്റെ വീട്ടുപടിക്കല്‍ അഭയാര്‍ഥിയായി തന്റെ യുവ സുഹൃത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിതല്ല. എന്നാല്‍ അഭയം നല്‍കാന്‍ അയാള്‍ക്കാവില്ല. കാരണം, അതെ നിമിഷം കടന്നു വരുന്ന അയാളുടെ മകന്‍ ഫിലിപ്‌ മറ്റൊരു നിലപാടുകാരനാണ്:
ഞാന്‍ ക്ഷമ ചോദിക്കുന്നു, മിസ്റ്റര്‍ സിംഗ്. ശരിക്കും. പക്ഷെ ഇത് നടപ്പില്ല. എനിക്കറിയാം നിങ്ങളുടെ സംസ്കാരത്തില്‍ അതിഥികള്‍ക്ക് ഇഷ്ടം പോലെ വരാം, എന്നാല്‍ ഇവിടെ കാര്യങ്ങള്‍ അങ്ങനയേ അല്ല. ഒരു പക്ഷെ അതൊക്കെ തെറ്റായിരിക്കാം, പക്ഷെ അതങ്ങനെയാണ്...”

രചനയുടെ മുഴുപ്പും മുഷിപ്പും

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കഥാപാത്രങ്ങളുടെ ജീവിതം അവതരിപ്പിക്കുമ്പോള്‍ ഏറെ ആധികാരികതയോടെയാണ് നോവലിസ്റ്റ് എഴുതുന്നത്‌ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒരു ഘട്ടത്തിലും പാശ്ചാത്യന്റെ പൗരസ്ത്യരെ കുറിച്ചുള്ള ക്ലീഷേ ലളിത വല്‍ക്കരണങ്ങള്‍ ഇല്ലാതെത്തന്നെ എങ്ങനെയാണ് ബീഹാറിലെയും പഞ്ചാബിലെയും ശ്വാസം മുട്ടിക്കുന്ന സാഹചര്യങ്ങള്‍ യുവാക്കളുടെ ചോരയും നീരും വറ്റിച്ചു കളയുന്നതെന്ന് നോവലിസ്റ്റ് ചിത്രീകരിക്കുന്നു. കൃതൃമ വിസയുമായി റഷ്യയും ഫ്രാന്‍സുമൊക്കെ കടന്നു വന്നിറങ്ങുമ്പോള്‍ തൊഴിലന്വേഷകര്‍ അനുഭവിക്കുന്ന കടുത്ത ഒറ്റപ്പെടലും തൊഴില്‍ ദാതാക്കളായി വരുന്ന ചൂഷകരുടെ വാനുകള്‍ വന്നു നിര്‍ത്തുമ്പോള്‍ അതില്‍ കയറിപ്പറ്റുവാനായി പരസ്പരം പോരടിക്കുന്നതും തണുത്തുറഞ്ഞ കാര്‍പാര്‍ക്കില്‍ കഷ്ടിച്ച് ജീവന്‍ നില നിര്‍ത്താന്‍ വേണ്ട ഭക്ഷണവുമായി പൂട്ടിയിട്ട അവസ്ഥയില്‍ കഴിയേണ്ടി വരുന്നതും എല്ലാം നിയമവിരുദ്ധ അഭയാര്‍ഥികളെ കുറിച്ചുള്ള ഒരു ഡോക്കുമെന്ററിയെ ഓര്‍മ്മിപ്പിക്കും; സ്റ്റെയ്ന്‍ബെക്കിന്റെ മാസ്റ്റര്‍പീസിനെ ആധാരമാക്കി ജെയിംസ്‌ ഫോര്‍ഡ്‌ സംവിധാനം ചെയ്ത ക്ലാസ്സിക്കിനെ (The Grapes of Wrath -1940) പോലുള്ള ചിത്രങ്ങളെയും.

എന്നാല്‍, ആഖ്യാനത്തിലെ ഈ കൃത്യത ചിലപ്പോഴൊക്കെ കൈവിട്ടു പോയിട്ടുണ്ടെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഏറെ വിമര്‍ശന വിധേയമായിട്ടുള്ളത് സമാപന അധ്യായമാണ്. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം കഥാപാത്രങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കുന്ന ഈ ഭാഗം എല്ലാമൊന്നു അടുക്കുവെക്കാന്‍ നോവലിസ്റ്റ് അമിതമായ തത്രപ്പാട് നടത്തുന്ന തോന്നലുളവാക്കുന്നു. നമ്മള്‍ എല്ലാ മുഖ്യ കഥാപാത്രങ്ങളെയും അവരുടെ ജീവിതാവസ്ഥകളില്‍ കണ്ടുമുട്ടുന്നു - അച്ഛന്റെ ദീര്‍ഘമായ രോഗകാലം മുഴുവന്‍ അദ്ദേഹത്തെ ശുശ്രൂഷിച്ചു കഴിഞ്ഞ നരീന്ദര്‍ അവിവാഹിതയായി തുടരുന്നു. ചിതാഭസ്മ നിമജ്ഞനത്തിനായി ഇന്ത്യയിലെത്തിയ നരീന്ദര്‍ രണ്‍ദീപിനെയും അവതാറിനെയും കാണുന്നു. മുന്‍ ഭാഗങ്ങളില്‍ സൂചനകളായി വന്നിരുന്ന അവരുടെ കുടുംബത്തിലെ അസ്വാസ്ഥ്യങ്ങളെ കുറിച്ച് പോലും ഈ ഭാഗത്ത് തെളിച്ചം നല്‍കുന്നുണ്ട് നോവലിസ്റ്റ്. ഹ്രസ്വമായ കന്യാകുമാരി സന്ദര്‍ശനത്തിനിടെ ഒരു സംഗീത സദസ്സില്‍ വെച്ച് ഒരു മിന്നായമായി ടോചിയെയും ഭാര്യയേയും കൂടി നരീന്ദറിന്റെ ദൃഷ്ടിപഥത്തില്‍ നോവലിസ്റ്റ് എത്തിക്കുന്നുണ്ട്. നോവലിന്റെ ആദ്യഭാഗവും അവസാന ഭാഗത്തെ പോലെ കൈവിട്ടുപോയെന്നും വിമര്‍ശനമുണ്ട്. നോവലിനെ വാനോളം പുകഴ്ത്തിയ സല്‍മാന്‍ റുഷ്ദിയുടെ നിരീക്ഷണം ഭാഗികമായി മാത്രമേ ശരിയാവുന്നുള്ളൂ എന്നു പറയാം. ഇരുപതാം വയസ്സില്‍ ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കിടെ കയ്യില്‍ തടഞ്ഞ മിഡ്നൈറ്റ്‌സ് ചില്‍ഡ്രന്‍ ആണ് താന്‍ വായിച്ച ആദ്യ നോവല്‍ എന്ന സാക്ഷ്യത്തിന് മാനസ ഗുരു നല്‍കിയ വാല്‍സല്യമാവാം 'താഴെവെക്കാനാവാത്തത്' എന്ന പ്രശംസയെന്നു കരുതിയാലും, ഒരു മികച്ച കൃതി സ്വന്തം കാലത്തോടു സത്യസന്ധമായിരിക്കുമ്പോള്‍ തന്നെ കാലാതീതമായ മനുഷ്യാവസ്ഥകളെ കൂടി സാക്ഷാത്കരിക്കുന്നു എന്ന മാനദണ്ഡത്തില്‍ 'ഓടിപ്പോവുന്നവരുടെ വര്‍ഷം' തോറ്റുപോവുകയില്ലതന്നെ.
(മലയാളം വാരിക 2015നവംബര്‍ 27)

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 274-281)

Sunday, February 23, 2014

The Storyteller by Mario Vargas Llosa

അതിജീവനത്തിന്റെ ആമസോണ്‍ പാഠങ്ങള്‍




ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യം ലോകമെങ്ങുമുള്ള വായനക്കാരുടെ പ്രഥമ പരിഗണനകളില്‍ ഒന്നായ അറുപതുകള്‍ തൊട്ട് ആ ധാരയുടെ സവിശേഷ സ്ഥാനത്തുണ്ട് പെറൂവിയന്‍ നോവലിസ്റ്റ് മരിയോ വര്‍ഗാസ്‌ യോസയുടെ കൃതികള്‍. 2010-ല്‍ അദ്ദേഹത്തിനു നോബല്‍ സമ്മാനം നല്‍കുമ്പോള്‍, അത് കൊണ്ട് തന്നെ, ഏറെ വൈകിപ്പോയ ഒരു തെറ്റ് തിരുത്തുക മാത്രമായിരുന്നു സ്വീഡിഷ് അക്കാദമി. അധികാരപ്രമത്തതയുടെ ഏകാധിപത്യ സ്വരൂപങ്ങളെയും വിജയ പരാജയങ്ങള്‍ക്കപ്പുറത്തുള്ള തീക്ഷ്ണമായ ചെറുത്തുനില്‍പ്പിന്റെയും ഗാഥകളാണ് യോസയുടെ പ്രമേയ പരിസരങ്ങളില്‍ ഏറെയും. പെറൂവിയന്‍ സമൂഹത്തെ കുറിച്ചുള്ള നേരനുഭവ / ജീവിത ബോധ്യങ്ങള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട് അദ്ദേഹത്തിന്റെ കൃതികളില്‍. ആ നിലക്ക് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച രചനകളില്‍ പ്രത്യേക സ്ഥാനമുണ്ട് കാല്‍ നൂറ്റാണ്ടു മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട The Storyteller എന്ന കൃതിക്ക്. ഒരു കൃതി കാലാതിവര്‍ത്തിയാവുന്നത് അതിന്റെ പ്രമേയപരമായ ഉത്കണ്ഠകള്‍ എപ്പോഴും പ്രസക്തമായിരിക്കുമ്പോള്‍ കൂടിയാണല്ലോ.

ജൈവീകവും പ്രകൃതി- പാരിസ്ഥിതിക സൗഹാര്‍ദ്ദപരവും ഒരു സ്പിഷീസ് എന്ന നിലക്ക് മനുഷ്യന്റെ അതിജീവനത്തിന്റെതന്നെ ആദിമത്തനിമയുടെ നിദര്‍ശനവുമായ എന്തിനെയും തകര്‍ത്തുകളയുക എന്ന സ്വയം പരാജയപ്പെടുത്തുന്ന പ്രത്യയ ശാസ്ത്രത്തിലാണ് ആഗോള വല്‍കൃത, മൂലധന കോര്‍പ്പറേറ്റ് താല്പര്യങ്ങളെന്നും ഈ പണ്ടോരയുടെ പെട്ടി അതിന്റെ ഏറ്റവും ഭീഷണമായ രീതിയില്‍ തുറന്നു വിട്ടത് കൊളോണിയലിസത്തിന്റെ ദുരയായിരുന്നു എന്നതും ഇന്ന് തര്‍ക്ക വിഷയമല്ല. ഈ തിരിച്ചു പോക്കില്ലാത്ത ആത്യന്തിക മാനുഷിക വിഡ്ഢിത്തത്തിന്റെ ഏറ്റവും നിസ്സഹായരായ ഇരകള്‍ ലോകമെമ്പാടുമുള്ള/ ഉണ്ടായിരുന്ന ആദിമ നിവാസികള്‍ ആണ്/ ആയിരുന്നു എന്നതും നിസ്തര്‍ക്കം തന്നെ. പെറൂവിയന്‍ ആമസോണ്‍ ഉള്‍ വനങ്ങളുടെ ആദിമത്തനിമയില്‍ തങ്ങളുടെ ഗോത്ര സംസ്കൃതിയില്‍ പൊറുത്തുവന്ന ആദിമ നിവാസികളുടെ ജീവിതത്തിലേക്ക് കൊളോണിയലിസം അതിന്റെ 'വെളുത്തവന്റെ ബാധ്യത' (the white man's burden') ആയ 'സാംസ്കാരികോദ്ധാരണ' ('civilizing the savages')മെന്ന മുച്ചൂടും കപടവും മനുഷ്യത്വരഹിതവുമായ അജണ്ടയുമായി കടന്നു വരുന്നത് ലോകമെമ്പാടുമുള്ള സമാനമായ കടന്നു കയറ്റങ്ങളുടെ ഭാഗമായിട്ട് തന്നെയാണ്. തദ്ദേശീയരെ മിഷണറി പ്രവര്‍ത്തനത്തിന്റെയും നരവംശ ശാസ്ത്ര പഠനത്തിന്റെയും മറവില്‍ പാശ്ചാത്യ വല്‍ക്കരിക്കാനും അത് വഴി അവരുടെ സാംസ്കാരികത്തനിമ നശിപ്പിക്കാനുമുള്ള ശ്രമങ്ങളും ഒരര്‍ഥത്തില്‍, റബ്ബര്‍ കൃഷിക്ക് ആവശ്യമായ മാനുഷിക അദ്ധ്വാന വിഭവം കണ്ടെത്തുന്നതിനായി നടമാടിയ അടിമ വേട്ടയുടെ ഒരു തുടര്‍ച്ച തന്നെയാണ്.

1950-കളുടെ പെറൂവിയന്‍ പശ്ചാത്തലത്തില്‍ പ്രധാനമായും രണ്ടു കഥാ പുരുഷന്മാരിലൂടെ ആമസോണ്‍ മേഖലയിലെ ആദിവാസി വിഭാഗങ്ങളില്‍ പെട്ട ജനതയോടുള്ള പരിഷ്കൃത സമൂഹത്തിന്റെ വിനിമയങ്ങളെ പ്രശ്നവല്‍ക്കരിക്കുകയാണ് നോവലില്‍. മാക്കിഗംഗ എന്ന ഗോത്ര വിഭാഗത്തിന്റെ കഥപറച്ചില്‍ക്കാര(The Storyteller)നായിത്തീരുന്ന സോള്‍ സുറാറ്റസ് എന്ന സാന്‍ മാര്‍ക്കോസ് യൂനിവേഴ്സിറ്റി വിദ്യാര്‍ഥി പ്രതിനിധാനം ചെയ്യുന്ന കാഴ്ചപ്പാടില്‍ ഗോത്ര വിഭാഗങ്ങള്‍ അവരുടെ കാലാകാലങ്ങളായുള്ള വിശ്വാസാചാര ക്രമങ്ങളും ജീവിത രീതിയുമായി മുന്നോട്ടു പോകാന്‍ അനുവദിക്കപ്പെടേണ്ടതുണ്ട്. സ്വന്തം മണ്ണിനോടും വിഭവങ്ങളോടുമുള്ള അവരുടെ സനാതനമായ അവകാശം പരിപാലിക്കപ്പെടേണ്ടതുണ്ട്. അവരുടെ സാംസ്ക്കാരിക സാമൂഹികത്തനിമയില്‍ ഒരു കാരണ വശാലും പുറം ലോകം ഇടപെടെണ്ടതില്ല എന്ന നിലപാട് ഈ വിഭാഗം കൈക്കൊള്ളുമ്പോള്‍, മറു വിഭാഗമാകട്ടെ, അത്തരം പ്രാകൃത സമൂഹങ്ങള്‍ക്ക് ആധുനിക വല്‍ക്കരണത്തിലൂടെയല്ലാതെ പുതിയ കാലത്തിന്റെ സാമ്പത്തിക ചൂഷണങ്ങള്‍ക്കെതിരില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നും അത് കൊണ്ട് തന്നെ അവരെ ആധുനിക സമൂഹവുമായി കണ്ണിചേര്‍ക്കേണ്ടതുണ്ടെന്നും കരുതുന്നു. ഈ കാഴ്ചപ്പാട് അവതരിപ്പിക്കുന്ന കഥാപാത്രത്തെ നോവലിസ്റ്റുമായിത്തന്നെ താദാത്മ്യപ്പെടുത്താം. നോവലിന്റെ ഒടുവില്‍ ഈ കഥാപാത്രം ദേശീയ ടെലിവിഷനില്‍ അവതരിപ്പിക്കുന്ന പരിപാടിയിലൂടെ തന്റെ കാഴ്ചപ്പാടിന് തെളിച്ചം നല്‍കാന്‍ ശ്രമിക്കുമ്പോള്‍, സോള്‍ പൂര്‍ണ്ണമായും ഗോത്ര വിഭാഗത്തില്‍ ലയിച്ചു ചേരുന്നു.

തനിമയും സങ്കലനവും :

പെറൂവിയന്‍ ആദിമ ഗോത്രങ്ങളുടെ സാംസ്കാരികത്തനിമ ആഗോളവല്‍ക്കരണത്തിന്റെ വെല്ലുവിളികളോട് കലഹിച്ചുകൊണ്ട് നിലനില്‍പ്പിനായി നിരന്തരം 'നടന്നു'പോയിക്കൊണ്ടിരിക്കുന്നത് നോവലിന്റെ പ്രധാന ധാരയാണ്. 'നടന്നു കൊണ്ടിരിക്കുക' എന്നത് അതിജീവിക്കുക എന്നതിന്റെ പര്യായമാവുന്നുണ്ട് നോവലില്‍. ഒരിടത്ത് താമസമാക്കുക എന്നത്, പരാജയപ്പെടുത്താനാവാത്ത ശത്രുവിന് മുന്നില്‍ സ്വയം നശിക്കുക എന്നാവുമ്പോള്‍, നേരിടാനാവാത്ത അപകടസന്ധിയില്‍ ഏറ്റവും കുറച്ചു ശേഷിപ്പുകളുമായി നടന്നു പോവുക എന്നത് 'സൂര്യന്‍ വീണു പോവാതിരിക്കാ'നും എല്ലാം ഒടുങ്ങാതിരിക്കാനുമുള്ള വഴിയായിത്തീരുന്നു. മാക്കിഗംഗ സമൂഹം നിരന്തരം നടക്കുന്നു. പ്രകൃത്യാ അഹിംസാ മനോഭാവക്കാരായ ഗോത്രവാസികളെ സംബന്ധിച്ചു ആരുമായും ഏറ്റുമുട്ടല്‍ ഒഴിവാക്കേണ്ടതുമുണ്ട് എന്നതും സത്യാന്വേഷണത്തിന്റെ ആദി രൂപമായ 'നൊമാഡിസ'ത്തെ അവര്‍ക്ക് പ്രിയങ്കരമാക്കുന്നുണ്ട്. അത് കൊണ്ട് 'സംസ്കരിച്ചു' നശിപ്പിക്കുന്ന മിഷിണറിമാരില്‍ നിന്ന് മാത്രമല്ല അടിമ വേട്ടക്കെത്തുന്ന 'വിറാകോച്ച'(വെളുത്ത വര്‍ഗ്ഗക്കാരനെ സൂചിപ്പിക്കുന്ന അനിഷ്ടപ്രയോഗം) കളില്‍ നിന്നും അവര്‍ ഉള്‍ വനങ്ങളിലേക്ക് നടന്നു മറയുന്നു; തുറിച്ചു നോക്കുന്ന ഉന്മൂലനം യാഥാര്‍ത്ഥ്യമാവുന്നത് വരെയും. എന്നാല്‍, ഈ പാലായനം അന്തിമമായി അവരുടെ രക്ഷക്കെത്തുകയില്ലെന്നും, 'ഏതാനും മെരുങ്ങാത്ത മനുഷ്യരുടെ ചെറു സമൂഹവും തകര്‍ന്നു പോയ കുടുംബങ്ങളുമായി എപ്പോഴും പാലായനം ചെയ്യേണ്ടി വരുന്ന, ഒടുവില്‍ സമ്പൂര്‍ണ്ണ ഉന്മൂലനത്തിലൊടുങ്ങിയേക്കാവുന്ന, അപ്പോഴും തങ്ങളുടെ ഭാഷയെയും സമ്പ്രദായങ്ങളെയും കുഞ്ഞു ദൈവങ്ങളെയും മുറുകെ പിടിക്കുന്ന വെറുമൊരു പരാജയപ്പെട്ട വിഭാഗമായി' അവര്‍ക്ക് ഓടുങ്ങേണ്ടി വരുമെന്നും ആഖ്യായികാകാരന്‍ ഭയപ്പെടുന്നു. ഗൃഹാതുരത്വത്തോടെയെങ്കിലും, 'ഇപ്പോഴും നിലനില്‍ക്കുകയും ഒരു സജീവ സാംസ്കാരിക സാധ്യത ആയിരിക്കുകയും ചെയ്യുന്ന ഒന്നിനെ നശിപ്പിക്കുക എന്നത് വേദനാജനകമാണെങ്കിലും, നമുക്ക് ചിലപ്പോള്‍ ചില തെരഞ്ഞെടുപ്പുകള്‍ അനിവാര്യമായേ'ക്കുമെന്നും 'സാമ്പത്തികവും സാമൂഹികവുമായി ഇത്രയേറെ അന്തരം നില നില്‍ക്കെ, ഇന്ത്യന്‍ സംസ്കാരങ്ങളെ ബലികഴിച്ചു കൊണ്ട് മാത്രമേ ആധുനിക വല്‍ക്കരണം സാധ്യമാവൂ' എന്നും അയാള്‍ വിചാരിക്കുന്നു. എന്നാല്‍ നോവലില്‍ വ്യത്യസ്ത സംസ്കൃതികളുടെ തിരിച്ചറിയാനാവാത്ത വിധത്തിലുള്ള സങ്കലനമാണ് ഉറ്റുനോക്കുന്നത് എന്ന് പറയാം. നോവലിസ്റ്റ് ഡാന്റെയും മാക്ക്യവെല്ലിയും നവോത്ഥാന കലയും പഠന വിഷയമാക്കി ഫ്ലോറെന്‍സിലേക്ക് പോവുമ്പോള്‍, ആമസോണ്‍ വനാന്തര ജീവിതത്തിന്റെ ചിത്ര പ്രദര്‍ശന വേദിയില്‍ നിന്നാണ് മാക്കിഗംഗ ഗോത്ര കാഥികന്റെ ചിത്രം കണ്ടെത്തുന്നതും തന്റെ സഹ വിദ്യാര്‍ഥിയായിരുന്ന സോളിനെ തിരിച്ചറിയുന്നതും. ജൂതനായ സോളിനെ, പലായനത്തിന്റെ ആദിമ ഇരയുടെ അതേ ജനിതകം തന്നെയാവാം, ആമസോണ്‍ ഗോത്ര പാലായന ദൈന്യങ്ങളിലേക്കും അടുപ്പിച്ചിരിക്കുക എന്ന് ന്യായമായും അയാള്‍ ഊഹിക്കുമ്പോള്‍, വ്യത്യസ്ത കാല ദേശങ്ങള്‍ക്കപ്പുറം രണ്ടു സംസ്കാരങ്ങള്‍ രക്തം രക്തത്തെ തൊടുകയാവാം. സോളിന്റെ ഇഷ്ട കഥാപാത്രമായ ഗ്രിഗോര്‍ സാംസയെ പോലെ അയാളുടെ മുഖത്തെ ജന്മനാ ഉള്ള, അറപ്പ് തോന്നിക്കുന്ന വലിയ കടുത്ത പാടിന്റെ വൈരൂപ്യവും ഒറ്റപ്പെടുന്നവരുടെ ദൈന്യം അയാളെ കൂടുതല്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടാവാം. അയാളുടെ മനസ്സില്‍ യഹോവയും ക്രിസ്തുവും ഗ്രിഗോര്‍ സാംസയും മാക്കിഗംഗ വിഭാഗത്തിന്റെയും മറ്റനേകം ഗോത്ര വിഭാഗങ്ങളുടെയും എണ്ണമറ്റ പ്രാകൃത ദൈവങ്ങളും (animistic gods) കെട്ടു പിണയുന്നുണ്ട് എന്ന് തീര്‍ച്ച. അപ്പോള്‍ അയാള്‍ ഒരേ സമയം മോശെയും ജീസസും മാക്കിഗംഗ വിഭാഗത്തിന്റെ കഥപറച്ചില്‍ക്കാരനും ആവുന്നുണ്ട്‌, .എല്ലാം ചേര്‍ന്ന് ഒരു 'റ്റാസുറിഞ്ചി' (ഭിന്ന മുഖങ്ങളുള്ളവന്‍) ഗ്രിഗോര്‍ സാംസയും. മാക്കിഗംഗയാവട്ടെ, നങ്കൂരമില്ലാത്ത ജൂതനുമാവുന്നു.

കഥ പറച്ചില്‍

ഒരേ സമയം കഥപറച്ചിലിനെ കുറിച്ചുള്ള ഒരു നോവല്‍ ആയും കഥയായും നില്‍ക്കുന്ന ഒരു 'metafiction' ആയി ഈ നോവലിനെ കാണാം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നോവലിസ്റ്റ് സ്വയം ആഖ്യാതാവ് ആയ അധ്യായങ്ങളില്‍ അത് ഗോത്രത്തിന്റെ കഥ പറച്ചില്‍ക്കാരനായ സുഹൃത്തിന്റെ പുരാവൃത്തം ചികയുന്ന അന്വേഷണമാണ്. ഒന്നിടവിട്ട അധ്യായങ്ങളിലായി കടന്നു വരുന്ന സോള്‍ സുറാറ്റസ് ആഖ്യാതാവുന്ന ഭാഗങ്ങളിലാവട്ടെ, കഥപറച്ചില്‍ തന്നെയാണ് എല്ലാം. മാക്കിഗംഗ സമൂഹത്തില്‍ കഥപറയുന്നവന്‍ (Hablador) സവിശേഷ പദവി ഉള്ളയാളാണ്. ഗോത്രത്തിന്റെ സ്വകാര്യതയാണയാള്‍; അയാളെ സംബന്ധിച്ച് അന്യരോട് സംസാരിക്കാന്‍ പോലും അവര്‍ക്കിഷ്ടമല്ല. കഥ പറയല്‍ വെറും നേരമ്പോക്കല്ല അവര്‍ക്ക്. തികച്ചും പ്രാചീനവും തങ്ങളുടെ അസ്തിത്വത്തെ തന്നെ ചൂഴ്ന്നു നില്‍ക്കുന്നതുമായ ഒന്നാണത്. ഇവിടെ കഥകള്‍ ഒരു സംസ്കാരത്തിന്റെ അന്തസ്സത്തയാണ്; ഒരു സമൂഹത്തിന്റെ സാംസ്കാരികാസ്ഥിത്വത്തെ മുഴുവനായും ആഴത്തിലും ഉള്‍കൊള്ളുന്ന ഒരാള്‍ക്ക്‌ മാത്രം ചെയ്യാനാവുന്നത്. മാക്കിഗംഗ സംസ്കൃതിയുടെ അകക്കാമ്പിലേക്കുള്ള യാത്രയില്‍ അയാള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളും, കണ്ടെടുക്കുന്ന ഗോത്ര മിത്തുകളും വിശ്വാസ ക്രമങ്ങളും അവക്കിടയില്‍ തന്റെ പ്രത്യേക പദവിയില്‍ അയാള്‍ സാധിച്ചെടുക്കുന്ന സങ്കലനങ്ങളും ആണ് ഒരര്‍ഥത്തില്‍ നോവലിന്റെ പ്രമേയം. മാക്കിഗംഗ സമൂഹം ആഴ്ന്നുകിടക്കുന്ന വിശ്വാസാചാര ധാരാളിത്തങ്ങളില്‍നിന്നു വ്യത്യസ്തമായി രണ്ടു ആഖ്യാതാക്കളും അയഞ്ഞ മത- വിശ്വാസ നിലപാടുകള്‍ ഉള്ളവരാണ്. തന്റെ മതപരമായ പശ്ചാത്തലത്തെ കുറിച്ച് വളരെ തണുത്ത രീതിയിലാണ് നോവലിസ്റ്റ് പ്രതിപാദിക്കുന്നത്: “കാത്തോലിക്ക മതം വെറുമൊരു തെന്നലാണ്, വെറും അരമണിക്കൂറിന്റെ ഞായറാഴ്ച പ്രാര്‍ഥനയും മാസത്തിലെ എല്ലാ ആദ്യ വെള്ളിയാഴ്ചകളിലും തീരെ കുറഞ്ഞൊരു സമയമെടുക്കുന്ന ഒരു സഭാപ്രസംഗവും.” മതത്തെ വെറുമൊരു ചടങ്ങ് എന്നതിനപ്പുറം പ്രസക്തിയൊന്നുമില്ലാത്ത ഒന്നായാണ് അയാള്‍ കാണുന്നത്. സോള്‍ ആവട്ടെ, തന്റെ ജൂത മത വിശ്വാസത്തെ അച്ഛനെ സന്തോഷിപ്പിക്കാനുള്ള മാര്‍ഗ്ഗം എന്നതിലപ്പുറം എടുക്കുന്നില്ല. ഒരു ഘട്ടത്തില്‍ ഇസ്രായേലിലേക്ക് പോകുന്നു എന്ന് പുറത്തു പറയുന്നുണ്ടെങ്കിലും അയാള്‍ ആമസോണിന്റെ ഗോത്ര ജീവിതങ്ങളുടെ അന്തരാളങ്ങളിലേക്കാണ് പോകുന്നത്. എന്നാല്‍, മനുഷ്യന്റെ സഞ്ചിതാനുഭവങ്ങള്‍ എന്ന നിലയില്‍ ജൂത മത മിത്തുകളെയും ക്രിസ്തീയ മിത്തുകളെയും മാക്കിഗംഗ സഞ്ചിത സംസ്കൃതിയുമായി അയാള്‍ സന്നിവേശിപ്പിക്കുന്നുമുണ്ട്. അങ്ങനെയാണ് അയാളുടെ കഥ പറയല്‍ ഒരേ സമയം ഗോത്ര ഗാഥയും മനുഷ്യ കുല ഗാഥയും ആവുന്നത്.
ചരിത്രം, മുന്‍ വിളികള്‍

ക്രിസ്തുമത പ്രചാരണം, കൊളോണിയലിസം, അടിമ / മനുഷ്യ വേട്ട എന്നിവയാണ് മറ്റേതൊരു ആമസോണ്‍ ആദിമ സമൂഹത്തെയും പോലെ മാക്കിഗംഗ സമൂഹത്തെയും നശിപ്പിച്ച മൂന്നു ഘടകങ്ങളെന്നു സോള്‍ സുറാറ്റസ് പറയുന്നുണ്ട്. ആദിമ സമൂഹങ്ങള്‍ നേരിട്ടനുഭവിച്ച ചരിത്രത്തിന്റെ ഭാരങ്ങളാണ് അവ. ഒന്നുകില്‍ അവര്‍ തുടച്ചു നീക്കപ്പെട്ടു, അല്ലെങ്കില്‍ ഏതൊക്കെയോ പ്രാചീന ദുര്‍മന്ത്രവാദ ലോകത്തിലെ പ്രേതരൂപികളെ പോലെ സ്വത്വവും തനിമയുമില്ലാത്ത മെരുങ്ങാ ജീവികളായി തരം താഴ്ത്തപ്പെട്ടു. വെള്ളക്കാരനെ ആശ്രയിച്ചു മാത്രം കഴിയാനാവുന്ന ഈ നിസ്സഹായ ജീവിതങ്ങളെ, വക്രീകരിച്ചും കാരികേച്ചര്‍വല്‍ക്കരിച്ചും ബീഭത്സ രൂപികളാക്കി അധിനിവേശക്കാരന്‍ താന്‍ നിര്‍മ്മിച്ച ചരിത്രത്തില്‍ അവരെ ചുരുട്ടിക്കെട്ടി. 'ശുദ്ധനായ ആദിമ വാസി' (noble savage)യുടെയും 'പ്രാകൃതനായ സംസ്കാര ശൂന്യ'(wild barbarian)ന്റെയും കാല്‍പ്പനിക മാനങ്ങള്‍ക്കും കൊളോണിയല്‍ നിര്‍മ്മിതികള്‍ക്കുമിടയിലാണ് യഥാര്‍ത്ഥ ആദിമ നിവാസിയുടെ സ്വത്വം. അപൂര്‍ണ്ണമായതിനെ ജീവിതാര്‍ഹമല്ലെന്നു കണ്ടു പിറവിയിലേ കൊന്നു കളയുന്ന ഗോത്ര സംസ്കൃതിയില്‍ ജന്മനായുള്ള വൈരൂപ്യമുണ്ടായിട്ടും തന്റെ അമ്മ തന്നെ കൊല്ലാതിരുന്നത് ജൂതമതത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് കൂടി ആയിരിക്കണം എന്ന് സോള്‍ തിരിച്ചറിയുന്നുണ്ട്. അങ്ങനെ കിട്ടിയ ജീവിതമായിട്ടും അയാള്‍ ഗോത്ര ജീവിതത്തിന്റെ നന്മകള്‍ക്ക് വേണ്ടി നിലക്കൊള്ളുന്നതില്‍ തന്നെ നോവലില്‍ അന്തര്‍ലീനമായിട്ടുള്ള ആഴത്തിലുള്ള ഒരു വൈരുദ്ധ്യമുണ്ട്. ഗോത്രത്തനിമയെ കറപുരളാതെയും ആധുനിക/ ആഗോളവല്‍ക്കരണ അജണ്ടകളുടെ കുത്തൊഴുക്കില്‍ പെടാതെയും നില നിര്‍ത്തണമെന്ന് ശടിക്കുമ്പോഴും യൂനിവേഴ്സിറ്റി വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങളുടെ വ്യവഹാര ഭാഷ തന്നെയാണ് അയാള്‍ ഉപയോഗിക്കുന്നത്. (ചില വിമര്‍ശകരെങ്കിലും സോള്‍ സുരാറ്റസില്‍ ഹിപോക്രസി ആരോപിക്കാനും ഇത് ഇടയാക്കിയിട്ടുണ്ട്). അയാള്‍ വിളംബരപ്പെടുത്തുന്നതാവട്ടെ തനിച്ചു നില്‍പ്പിന്റെ തൊട്ടുകൂടായ്മയല്ല, മറിച്ചു സംസ്കാരങ്ങളുടെ സങ്കലനം തന്നെയാണ് താനും. ഭാരങ്ങള്‍ ഏറെയുണ്ടാവാമെങ്കിലും ചരിത്രം അതിന്റെ മുന്‍ വിളികളെ അടയാളപ്പെടുത്തുന്നത് അങ്ങനെയാവാം. ആധുനികതയുടെ മുഖമുദ്രയായ മാറ്റങ്ങളും പുരോഗതിയും സത്യം തന്നെയാണ്; എങ്കിലും ഈ സമൂഹങ്ങള്‍ക്ക് അവരുടെ ബാക്കിയുള്ള വിശ്വാസാചാര ജീവിത ക്രമങ്ങള്‍ വിട്ടു കൊടുക്കുക തന്നെ വേണം. ഖനനവും വന നശീകരണവും മാത്രമല്ല മാക്കിഗംഗ നേരിടുന്ന അപകടങ്ങള്‍, മിഷണറി പ്രവര്‍ത്തനവും 'മാനുഷിക പ്രവര്‍ത്തനങ്ങ'ളുടെ പുറം പൂച്ചില്‍ നടക്കുന്ന നരവംശ ശാസ്ത്ര പരീക്ഷണ/ അധിനിവേശങ്ങളും കൂടിയാണ്.


Friday, December 13, 2013

Gate of the Sun by Elias Khoury

ഓര്‍മ്മച്ചീന്തുകള്‍, ചോരച്ചാലുകള്‍, ചരിത്രം.




വിട്ടു പോവാന്‍ വിസമ്മതിക്കുന്ന സഞ്ചിത സ്മൃതികളാണ് ചരിത്രം. പറഞ്ഞു പതിഞ്ഞു മിത്തുകളായും തിടം വെച്ച് ഇതിഹാസങ്ങളായും അവ രൂപാന്തരപ്രാപ്തി കൈവരിക്കുകയും ചെയ്യും. ഓരോ ജനതയും കടന്നു പോവുമ്പോഴും ചരിത്രം സ്വയം അസ്ഥിത്വം നേടുകയും കാലത്തിന്റെ സ്വയം നിര്‍ണ്ണയത്വ(determinism of the age)ത്തെ മറി കടന്നു മുന്നോട്ടു പോവുകയും ചെയ്യുന്നു. ചരിത്രം ഒരനുസ്യൂതിയാവുന്നതും ചരിത്രം രചിച്ചവരുടെ / നിര്‍മ്മിച്ചവരുടെ കാലികാസ്തിത്വത്തിനുമപ്പുറം അത് നിതാന്തമാവുന്നതും അങ്ങനെയുമാവാം. ഈ അനുസ്യൂതിക്ക് ചെവിയോര്‍ത്തെഴുതുന്ന എഴുത്തുകാരന്‍ രചയിതാവ്/ ആഖ്യാതാവ് (author/ chronicler) എന്നീ ദ്വന്ദ്വങ്ങള്‍ക്കിടയില്‍ സ്വയം സ്ഥിതപ്പെടുത്തേണ്ടതുണ്ട്.

കഥപറച്ചില്‍ അതിജീവനം തന്നെയാവുന്നതിന്റെ ഏറ്റവും ഉദാത്ത രൂപമാണ് ഷെഹര്‍സാദ്: കഥ പറഞ്ഞു കൊണ്ടേയിരിക്കുക, ഇല്ലെങ്കില്‍ മരിക്കുക. ഈ സമവാക്യത്തിനെ തിരിച്ചിടുകയാണ് വിഖ്യാദ ലെബനീസ് എഴുത്തുകാരന്‍ ഇല്യാസ് ഖൌറി (Elias Khoury) തന്റെ 'സൂര്യ കവാടം' ( Gate of the Sun) എന്ന ഇതിഹാസമാനമുള്ള നോവലില്‍. ഇവിടെ പറയുന്നത് കഥയല്ല, ചരിത്രം തന്നെയാണ്. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഒരു രോഗിയുടെ കട്ടിലിനരികില്‍ ഒരാള്‍ കഥകള്‍ പറഞ്ഞു കൊണ്ടേയിരിക്കുകയാണ്: രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമായി: “ പ്രിയ സുഹൃത്തെ, നമ്മുടെ ശരീരം നമ്മുടെ ചരിത്രമാണ്. താങ്കളുടെ ക്ഷയിച്ചു കൊണ്ടിരിക്കുന്ന ശരീരത്തിലൂടെ താങ്കളുടെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുക. താങ്കള്‍ അവിടെ നിന്നെഴുന്നേറ്റു മരണത്തെ കുടഞ്ഞു തെറിപ്പിച്ചാല്‍ അതേറെ നന്നാവില്ലേ?” ബൈറൂത്തിലെ ഷാത്തിലാ അഭയാര്‍ഥി കാമ്പില്‍ കോമയില്‍ കഴിയുന്ന, തനിക്കു ഒരാത്മീയ പിതാവായ യൂനുസിനോട് ഖലീല്‍ എന്ന യുവ ഡോക്റ്റര്‍ ചോദിക്കുകയാണ്. 1948-ല്‍ ഇസ്രയേല്‍ എന്ന രാഷ്ട്രം നിലവില്‍ വന്നതോടെ ബഹിഷ്കൃതരായ ഫലസ്തീനിയന്‍ ജനതയുടെ ചരിത്രം കാലത്തിനും രാഷ്ട്രീയ മാറ്റങ്ങള്‍ക്കും നെടുകെയും കുറുകെയുമുള്ള ആഖ്യാനങ്ങളിലൂടെ അനാവൃതമാകുന്നു: 'നക്ബ' എന്നറിയപ്പെട്ട ആ പാലായന ദുരന്തത്തിന്റെ ദിനങ്ങള്‍ തൊട്ടു 1982-ല്‍ ബൈറൂത്തില്‍ നിന്ന് ഫലസ്തീന്‍ പോരാളികള്‍ ഉന്മൂലനം ചെയ്യപ്പെട്ടത് വരെയുള്ള ചരിത്രം. യൂനുസിന്റെ കോമ അവസ്ഥ ഫലസ്തീന്‍ ജനതയുടെ വേരറ്റ, നിലയില്ലായ്മയുടെ സമൂര്‍ത്ത രൂപകമാണ്. ബോധാബോധങ്ങളുടെയും ഓര്‍മ്മകളുടെയും ആവേഗത്തില്‍ കഥാപാത്രങ്ങളുടെ മനോ വ്യാപാരങ്ങളിലൂടെ, വിധി അവരെ വേട്ടയാടുന്ന വന്യമായ താഴ്വരകളിലൂടെ, മോഹിപ്പിക്കുകയും സ്വപ്നങ്ങളൂട്ടുകയും ചെയ്യുന്ന ഗുഹാന്തരങ്ങളിലൂടെ രാഗ-മോഹങ്ങളുടെ ഫാന്‍റസികളിലൂടെ, ഭേദ്യം ചെയ്യുന്ന വിചാരണ മുറികളിലൂടെ, തീവ്ര ധ്യാനങ്ങളിലൂടെ, ജന്മ ഗേഹം തേടുന്ന അഭയാര്‍ഥിത്വത്തിലൂടെ, അത് ഫലസ്തീന് വേണ്ടിയുള്ള അന്വേഷണം തന്നെയാവുന്നു. നഷ്ടപ്പെടുമ്പോഴാണ് ഒരാള്‍ ജന്മഗേഹം കണ്ടെത്തുന്നത്; ഒരു ജനതയും അങ്ങനെത്തന്നെ. ആ അര്‍ത്ഥത്തില്‍ തിരിച്ചു വരവിലല്ല; തിരിച്ചു വരാനാവാത്ത, അകന്നു പോവുമ്പോഴും നിദാന്ത സാന്നിധ്യമാവുന്ന, ഇല്ലാതിരിക്കുമ്പോഴും ഉള്ളില്‍ പേറുന്ന ഉണ്മയാണ് ഫലസ്തീന്‍. 1948 ന് മുമ്പുള്ള ഫലസ്തീനെ കുറിച്ച് യൂനുസ് ഓര്‍മ്മിക്കുന്നുണ്ട്: “ഫലസ്തീന്‍ അതിന്റെ നഗരങ്ങളായിരുന്നു: ഹൈഫ, ജാഫ, ജെറുസലേം, ആക്കര്‍. അവിടെയൊക്കെ ഫലസ്തീന്‍ എന്ന് പറയാവുന്ന ഒന്ന് ഞങ്ങള്‍ അനുഭവിച്ചിരുന്നു. ഗ്രാമങ്ങള്‍ മറ്റേതു ഗ്രാമങ്ങളെയും പോലെത്തന്നെയായിരുന്നു... സത്യത്തില്‍ ഫലസ്തീനെ കീഴ്പ്പെടുത്തിയവര്‍ അത് നഷ്ടപ്പെടുന്നതിലൂടെ അതെന്താണെന്ന് ഞങ്ങളെ ബോധ്യപ്പെടുത്തി". ബഹിഷ്കൃതന്റെ അന്വേഷണം പോലെത്തന്നെ, അകന്നേ പോവുകയും ഒടുവില്‍ തികച്ചും അവ്യക്തമാവുകയും ചെയ്യുന്നു ഈ ഉണ്മ. ഒരു ഘട്ടത്തില്‍ തന്റെ ആത്മീയ പിതാവിനെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരേണ്ടതിന്റെ ആവശ്യകതയെ തന്നെ ഖലീല്‍ സന്ദേഹിച്ചു തുടങ്ങുന്നുണ്ട്.

ഖലീല്‍ സ്വയം തന്നെയും ഒരു താല്‍ക്കാലിക വ്യക്തിത്വ ജീവിതം (ambiguous persona) ആണ് നയിക്കുന്നത്. യഥാര്‍ഥത്തില്‍ ചൈനയില്‍ നിന്ന് കുറഞ്ഞൊരു കാലത്തെ മെഡിക്കല്‍ പരിശീലനം മാത്രം ലഭിച്ചിട്ടുള്ള ഒരു നേഴ്സ് ആണ് അയാള്‍. ഗലീലിയിലെ തകര്‍ന്നു പോയ ഒരു താല്‍ക്കാലിക ആശുപത്രിയിലെ ജീവനക്കാരനായി ഷാത്തിലാ കാമ്പില്‍ അയാള്‍ യൂനുസിനെ പരിചരിക്കുന്നു: "ഒരു താല്‍ക്കാലിക രാജ്യത്ത്, ഒരു താല്‍ക്കാലിക ആശുപത്രിയില്‍ ഒരു താല്‍ക്കാലിക ഡോക്റ്റര്‍" എന്ന് അയാള്‍ സ്വയം ചുരുട്ടിക്കെട്ടുന്നുണ്ട്. ക്യാമ്പിലെ മിഡ് വൈഫ് ആയ ഉമ്മു ഹസ്സന്റെ മരണത്തോടെ തുടങ്ങുന്ന നോവലില്‍ അവരുടെ ഓര്‍മ്മയുടെ ലോകത്തെ അന്തേവാസികളുടെ കഥയിലൂടെ 'നക്ബ' തൊട്ടുള്ള അനുഭവങ്ങള്‍ കടന്നു വരുന്നു. ഫലസ്തീന്‍ ഫെദായീന്‍ (പ്രതിരോധപ്പോരാളി) ആയിരുന്ന യൂനുസ്, ലബനാനിനും ഗലീലിക്കുമിടയില്‍ അപകടകരമായ യാത്രകള്‍ നിരന്തരം ചെയ്തു വന്നവനാണ്. നോവലിന്റെ പേരിന്റെ കൂടി ഉറവിടമായ 'ബാബ് അല്‍ ഷംസ്' ('സൂര്യകവാടം') എന്ന ഗുഹ അയാള്‍ക്ക്‌ അഭയവും പ്രണയവും സ്വാതന്ത്ര്യവുമായിരുന്നു: അവിടെയാണ് അയാള്‍ നാഹിലയുമായി സന്ധിച്ചതും പ്രണയവും ജീവിതവും പങ്കുവെച്ചതും. സ്വതന്ത്ര ഫലസ്തീന്‍ എന്ന സങ്കല്‍പ്പനത്തിന്റെ തന്നെ ഏക പ്രതീകമാവുന്നുണ്ട് പിന്നീട് അത്: ഇസ്രയേല്‍ പിടിച്ചടക്കിയിട്ടില്ലാത്ത ഏക ഇടം. അത് കൊണ്ട് തന്നെയാണ് സഹനത്തിന്റെയും നഷ്ടപ്പെടലുകളുടെയും അറ്റം കാണാത്ത ഇരുള്‍ ജീവിതത്തിനൊടുവില്‍ പിന്നീടൊരു ഘട്ടത്തില്‍ ഇനിയും യൂനുസിനെ കാണുകയില്ലെന്നു തീരുമാനിക്കുമ്പോള്‍ ഗുഹ അടച്ചു കളയാനും ഒരിക്കലും ഇസ്രയേല്‍ അധിനിവേശത്തിനു അതിനെ വിട്ടു കൊടുക്കാതിരിക്കാനും നാഹില തന്റെ മക്കളോട് പറയുന്നതും. നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്, അത് അടച്ചു കളയാന്‍ അവര്‍ ഇസ്രയേല്‍ യൂനിവേഴ്സിറ്റികളില്‍ നിന്ന് കിട്ടിയ ഡിഗ്രീ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഉപയോഗിച്ചുവെന്ന്. അവസരം കിട്ടുകയാണെങ്കില്‍ തങ്ങളുടെ ഗൃഹം നശിപ്പിക്കുകയാണ് അധിനിവേശത്തിനു വിട്ടുകൊടുക്കുക എന്നതിനേക്കാള്‍ മനുഷ്യര്‍ ഇഷ്ടപ്പെടുക എന്ന് കൂടിയാവാം നോവലിസ്റ്റ് സൂചിപ്പിക്കുന്നത്. ഒരര്‍ഥത്തില്‍ ഈ ഗുഹ തന്നെയാണ് നോവല്‍: "വാക്കുകള്‍ കൊണ്ട് നമ്മള്‍ ഒരു സുരക്ഷിത താവളം ഉണ്ടാക്കിയിരിക്കുന്നു, വാക്കുകള്‍ കൊണ്ട് ഒരു രാജ്യം, വാക്കുകള്‍ കൊണ്ട് സ്ത്രീകള്‍". യൂനുസിന്റെ ഓര്‍മ്മകളില്‍ തെളിയുന്ന ചിതറിയ ഖണ്ഡങ്ങളിലൂടെ 'ഫലസ്തീനില്‍ നിന്ന് ലബനാനിലെക്കും, അവിടെ നിന്ന് സിറിയയിലേക്കും, ജയിലില്‍ നിന്ന് ജയിലിലേക്കും' എടുത്തെറിയപ്പെടുന്ന ഫലസ്തീന്‍ അസ്തിത്വത്തെ 1930 മുതല്‍ 1990 വരെയുള്ള കാലഘട്ടങ്ങളിലൂടെ നോവല്‍ ചിത്രീകരിക്കുന്നു. അതിന്റെ കേന്ദ്ര സ്ഥാനത്തു ഷാത്തിലാ ക്യാമ്പും 1982- ലെ സബ്രാ- ഷാത്തിലാ കൂട്ടക്കൊലകളുമാണുള്ളത്.

അറബ് ഭരണ കൂടങ്ങള്‍ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പുകളോട് കാണിക്കുന്ന നിരുന്മേഷ നിലപാടുകളെ നോവലിസ്റ്റ് കണക്കിന് വിമര്‍ശിക്കുന്നുണ്ട്: “ഒരിടത്ത് അവര്‍ ജൂതനേക്കാള്‍ ജൂതനാവും, വേറൊരിടത്തു അറബിയെക്കാള്‍ അറബിയും.” പുറത്തു നിന്ന് ഉപരോധിക്കപ്പെട്ടതും അകത്തുനിന്നു നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമാണ് ക്യാമ്പ്. “ഞങ്ങളുടെ ഗ്രാമങ്ങള്‍ തുടച്ചു നീക്കുകയും ഹൃദയങ്ങളില്‍ ആഴത്തില്‍ തുളഞ്ഞിറങ്ങുകയും ചെയ്തത് പോലെ കൊടും ക്രൂരതകളുടെ ഓര്‍മ്മകളെ തുടച്ചു നീക്കാന്‍ അതിന്റെ സാക്ഷികളെയും തുടച്ചു നീക്കുക"യാണെന്ന് ഖലീല്‍ നിരീക്ഷിക്കുന്നുണ്ട്. “നമ്മള്‍ ഒരിക്കലും നേരിട്ട് അനുഭവിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ നമ്മളോര്‍ക്കുക മറ്റുള്ളവരുടെ ഓര്‍മ്മകള്‍ ആര്‍ജ്ജിച്ചു കൊണ്ടാണ്". ഓര്‍മ്മകള്‍ സജീവമായിരിക്കേണ്ട ഇതേ ബോധ്യത്തില്‍ നിന്നാണ് ഫലസ്തീന്‍കാര്‍ ഹോളോകോസ്റ്റിനെയും ഓര്‍മ്മിക്കണമെന്നു ഖലീല്‍ ചിന്തിക്കുന്നത്. “നിങ്ങളും ഞാനും ഭൂമുഖത്തുള്ള സകല മനുഷ്യരും അറിയണമായിരുന്നു, നിശബ്ദരായി നോക്കിനില്‍ക്കുകയും ചെയ്യരുതായിരുന്നു, തന്റെ ഇരകളെ പ്രാകൃതവും മുമ്പെങ്ങുമില്ലാത്തതുമായ വിധത്തില്‍ നശിപ്പിക്കുന്നതില്‍ നിന്ന് ആ മൃഗത്തെ തടയണമായിരുന്നു. ഇരകള്‍ ജൂതന്മാരായിരുന്നു എന്നത് കൊണ്ടല്ല, മറിച്ചു അവരുടെ മരണം നമ്മുടെ ഉള്ളിലെ മനുഷ്യത്വത്തിന്റെ തന്നെ മരണമായിരുന്നു എന്നത് കൊണ്ട്" എന്ന് അയാള്‍ പറയുന്നുണ്ട്. “കശാപ്പിലേക്കു തെളിക്കപ്പെടുന്ന ആ മനുഷ്യരുടെ മുഖങ്ങളില്‍ നിങ്ങളുടെ മുഖത്തിന്റെ സാമ്യം നിങ്ങള്‍ കണ്ടില്ലേ?” എന്ന് യൂനുസിനോട് ചോദിക്കുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ എതിരാളിയുടെ കഥയെ സ്വന്തം കഥയുടെ കണ്ണാടിയായി കാണണം എന്ന് തന്നെയാണ് നോവല്‍ സൂചിപ്പിക്കുന്നത്.

1948-ലെ 'നക്ബ'യുടെയൊ പില്‍ക്കാല ഫലസ്തീന്‍ അനുഭവങ്ങളുടെയോ യഥാതഥ ചിത്രണമല്ല 'സൂര്യകവാടം'. വൈയക്തിക അനുഭവങ്ങളുടെ ശ്ലഥ ചിത്രങ്ങളും ഓര്‍മ്മകളില്‍ കൂട്ടിത്തുന്നിയെടുക്കുന്ന ചീന്തുകളുമാണിവിടെ. സഞ്ചിത സ്മൃതികള്‍ എല്ലാം ഉള്‍ കൊള്ളുന്നുണ്ട്: 1948 -ലെ ഇസ്രായേല്‍ സ്വാതന്ത്ര്യ യുദ്ധത്തെ തുടര്‍ന്ന് ഗലീലീയിലെ ഖീഖത്, ഗബ്സിയ്യ തുടങ്ങിയ ഗ്രാമങ്ങളുടെ തകര്‍ച്ച, ലെബനീസ് ആഭ്യന്തര യുദ്ധത്തിലെ ചോരപ്പുഴകള്‍, PLO പോരാളികളുടെ ചൈനയിലെ പരിശീലനം, ജെനിന്‍ കൂട്ടക്കൊല, തുടങ്ങിയ ചരിത്ര സംഭവങ്ങള്‍ മുതല്‍ അറബ് വിമോചന സേനക്ക് ഇസ്രേയേല്‍ സൈന്യത്തെ എതിരിടുന്നതിലേറെ കോഴികളെ കണ്ടു കെട്ടി കൊണ്ടു പോവാനുള്ള താല്‍പര്യം, തന്റെ പൗരുഷത്തിന് മേല്‍ ഇസ്രായേലി ടാങ്ക് ഉരുണ്ടു കേറുന്നതിനെ കുറിച്ചുള്ള അബു മഹ്ഫൂസിന്റെ പേടിസ്വപ്നം എന്നിങ്ങനെയുള്ള കാരികേച്ചര്‍ മുതല്‍, 1982ലെ കൂട്ടക്കൊലയില്‍ പങ്കെടുത്ത ലെബനീസ് പടയാളിയുടെ കുറ്റസമ്മതം, 'ഇസ്രായേലിനു സ്വയം പ്രതിരോധിക്കാനുള്ള അവകാശ'ത്തെ സംബന്ധിച്ച താന്‍ കേട്ടു പഠിച്ച വീണ്‍ വാക്കുകളും ക്യാമ്പിലെ യാഥാര്‍ത്ഥ്യവും തമ്മിലുള്ള പൊരുത്തക്കേടില്‍ അസ്വസ്ഥയാവുന്ന ഫ്രഞ്ച് അഭിനേത്രിയുടെ അനുഭവം, എന്നിവ മുതല്‍ ഇസ്രായേലി പട്ടാളക്കാര്‍ കേട്ടെങ്കിലോ എന്ന് ഭയന്ന് ഒളിച്ചിരിക്കുന്ന വയലില്‍ കരയുന്ന കുഞ്ഞിനെ കൊന്നു കളയുന്ന അമ്മയുടെ അനുഭവം വരെ- .കഥകള്‍ ഒടുങ്ങുന്നതേയില്ല, യൂനുസിന്റെ മരണത്തോടെ നോവല്‍ അവസാനിക്കുന്നത് വരെ.

നോവലിസ്റ്റ് എന്തെങ്കിലും പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയോ ആശയ പരമായ പ്രത്യേക നിലപാടുകള്‍ മുന്നോട്ടു വെക്കുകയോ തന്റെ ലക്ഷ്യമേ ആക്കുന്നില്ല. മ്യൂണിക് ഒളിമ്പിക്സിലെ ഇസ്രയേലി കായിക താരങ്ങളെ വധിച്ചതിനെ കുറിച്ച് ഖലീല്‍ പറയുന്നുണ്ട്: “എനിക്കറിയാം, താങ്കള്‍ (യൂനുസ്) അത്തരം ഓപ്പറേഷനുകളെ കുറിച്ച് എങ്ങനെ ചിന്തിക്കുന്നുവെന്ന്. വിമാനങ്ങള്‍ ഹൈജാക്ക് ചെയ്യുകയും വിദേശങ്ങളില്‍ സിവിലിയന്‍ പൗരന്മാരെ കൊല്ലുകയും ചെയ്യുന്ന തരം പ്രവര്‍ത്തനങ്ങളെ തുറന്നെതിര്‍ക്കാന്‍ ധൈര്യപ്പെട്ട ചുരുക്കം ചിലരില്‍ പെട്ടവനായിരുന്നു താങ്കള്‍" . ലെബനീസ് ക്രിസ്ത്യന്‍ കുടുംബാംഗമായ ഖൌറി 'നക്ബ'യുടെ അതെ വര്‍ഷം ജനിച്ചയാളാണ്. അത് കൊണ്ട് തന്നെ നേരനുഭവങ്ങളല്ല, മുപ്പതോളം വര്‍ഷം ഫലസ്തീന്‍ അഭയാര്‍ഥി കാമ്പുകളിലെ കണ്ടറിഞ്ഞ അറിവുകളും അഭയാര്‍ഥികളുമായി നടത്തിയ സുദീര്‍ഘമായ അഭിമുഖ സാക്ഷ്യങ്ങളുമാണ് നോവലിന്റെ ഉള്ളടക്കത്തെ നിര്‍ണ്ണയിക്കുന്നത്.

(*ലേഖനത്തിലെ ഉദ്ധരണികളെല്ലാം ലേഖകന്റെ സ്വതന്ത്ര പരിഭാഷകളാണ്.)

(ദേശാഭിമാനി വാരികയില്‍ വന്ന (നവംബര്‍  15-2015) ഈ ലേഖനത്തിന്റെ മുഴുവന്‍ രൂപം Logos Books പ്രസിദ്ധീകരിച്ച കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍ എന്ന പുസ്കതകത്തില്‍ വായിക്കാം. പേജ്: 117- 126)