മൃത്യുഭൂവിലെ പ്രഭാതങ്ങള്‍
“മമ്മക്കറിയാമോ,
ഹാജി
സലിം അദ്ദേഹത്തിന്റെ വീട്ടില്‍
ജീവനോടെ അടക്കപ്പെട്ടുവെന്നു?
അദ്ദേഹമിപ്പോള്‍
സ്വര്‍ഗ്ഗത്തിലിരുന്നു
മമ്മയോട് കഥകള്‍ പറയുന്നുണ്ടോ?
എനിക്കദ്ദേഹത്തെ
കാണാന്‍ ഒരവസരം കിട്ടിയിരുന്നെങ്കില്‍
എന്ന് ഞാനാശിക്കുന്നു.
അദ്ദേഹത്തിന്റെ
പല്ലില്ലാത്ത ചിരി കാണാന്‍,
അയഞ്ഞു
തൂങ്ങിയ തൊലിയില്‍
തൊടാന്‍. നിങ്ങള്‍
നിങ്ങളുടെ ചെറുപ്പത്തില്‍
ചെയ്ത പോലെ, നമ്മുടെ
ഫലസ്തീനില്‍
നിന്നുള്ള ഒരു കഥ പറയാന്‍
അദ്ദേഹത്തോട് യാജിക്കാന്‍.
മമ്മാ,
അദ്ദേഹത്തിനു
നൂറു വയസ്സിലേറെ പ്രായമുണ്ടായിരുന്നു.
ഇത്രയും
കാലം ജീവിച്ചിരിക്കുക,
എന്നിട്ട്
ഒടുവില്‍ ഒരു ബുള്‍ഡോസറിന്നടിയില്‍
പെട്ട് ചതഞ്ഞു പോവുക.
ഫലസ്തീനിയാവുക
എന്നാല്‍ ഇതാണോ?”
(ജെനിനിലെ
പ്രഭാതങ്ങള്‍: പേജ്-
296)
ഓഷ്
വിറ്റ്‌സിന്റെയും ട്രെബ്
ളിങ്കായുടെയും ബെര്‍ഗന്‍-ബെല്‍സന്റെയുമൊക്കെ
പീഡാനുഭവ പര്‍വ്വങ്ങള്‍
കടന്ന ജൂത ജനതയെ 1948-ല്‍
ഫലസ്തീന്‍ മണ്ണില്‍
കുടിപാര്‍പ്പിക്കുമ്പോള്‍
തങ്ങളുടെ നൃശംസതയുടെയും
നിസ്സംഗതയുടെയും കുറ്റബോധത്തെ
നിസ്സഹായരായ ഒരു ജനതയുടെ
ചെലവില്‍ ഇറക്കിവെക്കുക
കൂടിയായിരുന്നു ബ്രിട്ടന്‍
ഉള്‍പ്പടെ പാശ്ചാത്യ ശക്തികള്‍.
തങ്ങളനുഭവിച്ചതിനൊക്കെയും
അയഥാര്‍ത്ഥമായ ഒരു പക പോക്കലിന്റെ
വീറോടെ അതിലൊന്നും പ്രതിസ്ഥാനീയരോ,
പരമ്പരാഗത
കാര്‍ഷിക- ഗോത്ര
ജീവിത പരിസരങ്ങള്‍ക്കപ്പുറം
ഒന്നിലും ഇടപെട്ടു ശീലമില്ലായ്
കയാല്‍ രാഷ്ട്രീയമായ ബോധ്യങ്ങളുടെ
സഹാനുഭൂതി പോലും ഇല്ലാതിരുന്നവരോ
ആയിരുന്ന ഒരു ജനതയ്ക്ക് മേല്‍
പ്രയോഗിക്കുകയെന്ന ജൂതാധിനിവേശ
ഫലസ്തീന്‍ ദുരന്തം തുടങ്ങിവെച്ചത്
അന്നാണ്. പിറന്ന
മണ്ണില്‍ അഭയാര്‍ഥികള്‍
ആവുകയെന്ന ആ ഫലസ്തീന്‍
അനുഭവത്തിനു സ്വതന്ത്ര
ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും
ശ്രീലങ്കയുടെയുമൊക്കെ
പഴക്കമുണ്ടെന്നര്‍ത്ഥം .
ഇര വേട്ടക്കാരനാവുക
എന്നതിന്റെ ചരിത്രപരമായ
അസംബന്ധം ഇത്രയേറെ തീക്ഷ്ണമായി
വ്യക്തമാക്കുന്ന ഘട്ടങ്ങള്‍
ആധുനിക മനുഷ്യ ചരിത്രത്തില്‍
വേറെയില്ല തന്നെ. കവിതകളിലും
നോവലുകളിലും ചലച്ചിത്രങ്ങളിലും
അനുഭവ ആഖ്യാനങ്ങളിലുമായി
'മിഡില്‍
ഈസ്റ്റ് കോണ്‍ഫ്ലിക്റ്റ്
എന്ന മാധ്യമ വട്ടപ്പേരുള്ള
ഈ യാതനാപര്‍വ്വം ഏറെ
അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും
സംഘര്‍ഷ ചരിത്രത്തെ
ചരിത്രനൈരന്തര്യത്തോടെ
അവതരിപ്പിച്ച ആഖ്യാനങ്ങള്‍
അത്രയധികമില്ല. ആ
അര്‍ത്ഥത്തില്‍ സൂസന്‍
അബുല്‍ഹവായുടെ ' ജെനിനിലെ
പ്രഭാതങ്ങള്‍' ഏറെ
വ്യത്യസ്തമാണ്.
നഖ്ബ:
തലമുറകളുടെ
ശ്രാദ്ധം
“വിദൂരസ്തമായ
ഒരു കാലത്ത്, ചരിത്രം
മലകള്‍ക്ക് മുകളിലൂടെ മാര്‍ച്ച്
ചെയ്യുകയും വര്‍ത്തമാനത്തെയും
ഭാവിയേയും തകര്‍ക്കുകയും
ചെയ്യും മുമ്പ്, കാറ്റ്
ആ പ്രദേശത്തെ ഒരറ്റം
പിടിച്ചു ഉലക്കുകയും അതിന്റെ
പേരും സ്വഭാവവും കുടഞ്ഞു
കളയുകയും ചെയ്യും മുമ്പ്,
അമല്‍
ജനിക്കും മുമ്പ് ,
ഹൈഫക്ക്
കീഴെ ഒരു കൊച്ചു ഗ്രാമം
അത്തിപ്പഴങ്ങളും ഒലീവുമായി
കഴിഞ്ഞു വന്നു; അതിരുകള്‍
തുറന്നിട്ട്,
വെയിലേറ്റ്"
(അദ്ധ്യായം
ഒന്ന്- വിളവെടുപ്പ്)
പ്രശാന്ത
സുന്ദരമായ ഈ കാവ്യ ശാലീനതയുടെ
തുടക്കത്തില്‍ നമ്മള്‍ യഹ്
യ അബുല്‍ഹേജയെയും ബാസിമയെയുംഅവരുടെ
മക്കളായ ഹസനെയും ദര്‍വീഷിനെയും
കണ്ടുമുട്ടുന്നു.
പില്‍ക്കാലം
ആര്‍ത്തലക്കാന്‍ പോകുന്ന
സയണിസ്റ്റ് ഭീകരതയുടെ
സൂചനകള്‍ തുടക്കത്തിലേ ഉണ്ട്.
ജറൂസലെമിലേക്ക്
ദൈനംദിന ആവശ്യങ്ങള്‍ക്കായി
പോകാന്‍ തുടങ്ങുന്ന ഹസനോട്
പിതാവ് ഓര്‍മ്മിപ്പിക്കുന്നു:
“ഏതു നായിന്റെ
മോന്‍ സയണിസ്റ്റ് ആവും
പൊന്തക്കാട്ടില്‍ മറഞ്ഞിരിപ്പുണ്ടാകുക
എന്ന് നിനക്കറിയില്ല.
അല്ലെങ്കില്‍
ഏതു തന്തക്ക് പിറക്കാത്ത
ബ്രിട്ടീഷുകാരനാവും നിന്നെ
തടഞ്ഞു നിര്‍ത്തുക എന്നും.”
നഖ്ബയുടെ
അനന്തര ഫലമായി കിടപ്പാടം
ഉപേക്ഷിച്ചു പാലായനം ചെയ്യുന്ന
ഫലസ്തീന്‍ ജനത അവരുടെ
ചരിത്രത്തില്‍ നിന്ന് കൂടിയാവും
ബഹിഷ്കൃതരാവുക:
"അങ്ങനെ
ജനറല്‍ സലാദിന്റെ സൈന്യം ഏ.
ഡി.
1189-ല്‍
അവിടം സ്ഥാപിച്ചതിനു എട്ടു
നൂറ്റാണ്ടുകള്‍ക്കു
ശേഷം ഇപ്പോള്‍ എയ്ന്‍ ഹോദില്‍
നിന്ന് അതിന്റെ ഫലസ്തീന്‍
കുഞ്ഞുങ്ങള്‍
തുടച്ചു നീക്കപ്പെട്ടു.
ആ
ഗ്രാമത്തില്‍ ജീവിച്ചു മരിച്ച
തലമുറകള്‍ എത്രയാവുമെന്നു
ഒരു കണക്കെടുക്കാന്‍ ശ്രമിച്ച
യഹ് യ;
നാല്‍പ്പതെന്ന
ഒരു നിഗമനലെത്തി.
തങ്ങളുടെ
കുട്ടികളോട് പാരമ്പര്യത്തിന്റെ
കഥ പറയാനായി അഞ്ചും ആറും
തലമുറപ്പേരുകള്‍ ക്രമത്തില്‍
നല്‍കി പേരിടുന്ന ആ അറബി രീതി
ഉപയോഗിച്ച്
അത് എളുപ്പമായിരുന്നു.
അങ്ങനെ
യഹയ ജീവിച്ചിരിക്കുന്നവരില്‍
നിന്ന് ഇപ്പോള്‍ കവര്‍ന്നെടുക്കപ്പെട്ട
നാല്‍പ്പതു തലമുറകളുടെ
കണക്കെടുത്തു.
നാല്‍പ്പതു
തലമുറകള്‍ -
ജനനങ്ങളുടെ,
അടക്കങ്ങളുടെ,
വിവാഹങ്ങളുടെ,
ആഘോഷങ്ങളുടെ,
പ്രാര്‍ത്ഥനകളുടെ,
മുട്ടുകുത്തലുകളുടെ.
നാല്‍പ്പതു
തലമുറകള്‍
-
പാപങ്ങളുടെ,
ദാനധര്‍മ്മങ്ങളുടെ,
പാചകത്തിന്റെ,
അദ്ധ്വാനത്തിന്റെ,
അലസതയുടെ,
സൗഹൃദങ്ങളുടെ,
ശത്രുതകളുടെ,
ഉടമ്പടികളുടെ,
മഴയുടെ,
പ്രണയ
സംഗമങ്ങളുടെ.
നാല്‍പ്പതു
തലമുറകള്‍ -
അവരുടെ
ഉറഞ്ഞു പോയ ഓര്‍മ്മകളോടെ,
രഹസ്യങ്ങളോടെ,
ഉപജാപങ്ങളോടെ.
മറ്റൊരു
ജനതയുടെ ഉടമാവകാശവാദത്തില്‍
എല്ലാം
നഷ്ടമായിപ്പോയി -
വാസ്തു
ശില്പ്പങ്ങളായി ഉണ്ടായിരുന്നവ,
പൂന്തോട്ടങ്ങള്‍,
കിണറുകള്‍,
പൂക്കള്‍,
വശീകരണ
ഏലസ്സുകള്‍ -
യൂറോപ്പ്
,
റഷ്യ,
യു.
കെ,
തുടങ്ങി
മറ്റു ലോക
ദേശങ്ങളില്‍ നിന്നെത്തിയ
ജൂതരായ വിദേശികളുടെ പുരാതനാവകാശമായി.
ജീവനോടെ
കുഴിച്ചു മൂടിയ ചരിത്രത്തിന്റെ
ദുഃഖത്തില്‍,
ഫലസ്തീനിന്റെ
1948
എന്ന
വര്‍ഷം കലണ്ടറില്‍
നിന്ന് ദിനങ്ങളുടെ,
മാസങ്ങളുടെ,
വര്‍ഷങ്ങളുടെ
അനുസ്യൂതിയുടെ കണക്കെടുപ്പില്ലാതെ,
പലായനത്തിലേക്ക്
വീണു;
പകരം
അത് ചരിത്രത്തിലെ ഒരു
നിമിഷത്തിന്റെ
അന്തമായ ഒരു മൂടല്‍മഞ്ഞായിത്തീര്‍ന്നു.
ആ
വര്‍ഷത്തിലെ പന്ത്രണ്ടു
മാസങ്ങള്‍
ക്രമം തെറ്റുകയും ഫലസ്തീനിന്റെ
ഹൃദയത്തില്‍ അലക്ഷ്യമായി
ചുറ്റിത്തിരിയുകയും
ചെയ്തു.
എയ്ന്‍
ഹോദിലെ വൃദ്ധതലമുറ ക്യാമ്പുകളില്‍
അഭയാര്‍ഥികളായി
മരിക്കും:
തങ്ങളുടെ
പിന്‍ ഗാമികള്‍ക്ക് അവരുടെ
തറവാട് വീടിന്റെ വലിയ
ഇരുമ്പു താക്കോല്‍കൂട്ടവും
ഓട്ടോമന്‍ അധികൃതര്‍ നല്‍കിയ
ദ്രവിച്ചു തുടങ്ങുന്ന കൈവശഭൂ
രേഖകളും,
ബ്രിട്ടീഷ്
അംഗീകൃത ആധാരങ്ങളും ഒപ്പം
നാടിനെ കുറിച്ചുള്ള ഓര്‍മ്മകളും
ഇഷ്ടങ്ങളും മോഷ്ടാക്കളുടെ
അട്ടിമറിയില്‍ അടിപ്പെട്ടു
പോയ നാല്‍പ്പതു തലമുറകളുടെ
കീഴടങ്ങാത്ത വീര്യവും പൈതൃകം
നല്‍കിക്കൊണ്ട്.”
(പേജ്
39-40)
സാഹോദര്യങ്ങളുടെ
മരീചിക
എന്നാല്‍
ഇതിനു മറുവശമായി ഹസനും
ഹോളോകോസ്റ്റ് അതിജീവിച്ചെത്തിയ
കുടുംബത്തിലെ ആരി പേള്‍സ്റ്റെയ്
നും തമ്മിലുള്ള സഹോദര സമാനമായ
സൗഹൃദം ദീപ്തമാണ്.
"യൂറോപ്പില്‍
നാസിസത്തിന്റെ നിഴലിലും
അറബ്-ജൂത
ജനതകള്‍ക്കിടെ വര്‍ദ്ധിച്ചു
വന്ന അവകാശത്തര്‍ക്കത്തിനിടയിലും
ഒരു സൗഹൃദം വളര്‍ന്നു വന്നു.
അവരുടെ
പന്ത്രണ്ടു വയസിന്റെ
നിഷ്കളങ്കതയില്‍ അത്
ഊട്ടിയുറപ്പിക്കപ്പെട്ടു.
പുസ്തങ്ങളുടെ
കാവ്യാത്മക എകാന്തയില്‍,
അവരുടെ
അരാഷ്ട്രീയതയില്‍.”
(പേജ്:
16)
പതിറ്റാണ്ടുകള്‍ക്കു
ശേഷം തന്റെ കുഞ്ഞുമകള്‍
അമലിനോട് ഹസ്സന്‍ പറയും:
“അവന്‍
എനിക്കൊരു സഹോദരനെ പോലെയായിരുന്നു.”
പില്‍ക്കാലം
ജന്മം കൊണ്ട് തന്റെ യഥാര്‍ത്ഥ
സഹോദരനായിട്ടും അതറിയാതെ
ജൂതനായി വളരുന്ന ഡേവിഡ്
അധികാര മേല്‍ക്കോയ്മയുടെ
നഗ്നമായ പ്രയോഗത്തില്‍ അയാളെ
ക്രൂരവും അകാരണവുമായി
തല്ലിച്ചതക്കുന്നത് നമ്മള്‍
കാണുന്നുണ്ട്. ഹസന്റെ
ശ്വാസകോശ അസുഖവും ആരിയുടെ
ഹോളോകോസ്റ്റ് അനുഭവത്തിന്റെ
ബാക്കിപത്രമായ കാലിന്റെ
വൈകല്യവും ഇരുവരെയും സ്കൂളില്‍
മറ്റു കുട്ടികളുടെ പരിഹാസ
കഥാപാത്രങ്ങളാക്കുന്നത്
അവരെ ദൗര്‍ഭാഗ്യങ്ങളിലെ
കൂട്ടാളികള്‍ (friends in
distress) ആക്കുന്നു.
കവിതയും
ഫിലോസഫിയും അവരെ കൂടുതല്‍
അടുപ്പിക്കുകയും ചെയ്യുന്നു.
എന്നാല്‍
ഈ അതിരുകള്‍ ഭേദിക്കുന്ന/
ഭേദിക്കാന്‍
വെമ്പുന്ന സാഹോദര്യം പോലും
സംഘര്‍ഷം പുതിയ സമവാക്യങ്ങളിലേക്ക്
നീങ്ങുന്നതോടെ നിഴല്‍പ്പാടില്‍
ആവുന്നു:
"ഈ
നാട് ഒരു ജൂതരാഷ്ട്രമാക്കണമെന്നു
അവര്‍ തീരുമാനിച്ചിരിക്കുന്നു.
എന്നാല്‍
അറബികള്‍
അതംഗീകരിക്കുന്ന പക്ഷം അത്
പ്രശ്‌നമാവില്ലെന്നും നമുക്ക്
ഒരുമിച്ചു കഴിയാമെന്നും
ഞാന്‍ കരുതുന്നു.”
ഹസന്‍
ആരിക്കടുത്തു നിലത്തിരുന്നു.
“പക്ഷെ
നീയിപ്പോള്‍ പറഞ്ഞതേയുള്ളൂ
അവര്‍ക്ക് വേണ്ടത്
ഒരു ജൂത രാഷ്ട്രമാണെന്ന്
“അതെ,
പക്ഷെ
അവര്‍ അറബികളെ താമസിക്കാന്‍
അനുവദിക്കുമെന്ന് ഞാന്‍
കരുതുന്നു.”
ആരിക്കു
നിയന്ത്രിക്കാന്‍ കഴിയും
മുന്‍പ് വാക്കുകള്‍ പുറത്തു
വന്നു.
"അപ്പോള്‍
ഈ പ്രവാസികള്‍ എന്നെ എന്റെ
സ്വന്തം നാട്ടില്‍ തങ്ങാന്‍
അനുവദിക്കും.” ഹസന്റെ
ശബ്ദമുയര്‍ന്നു.
(പേജ്-
29-30)
ജീവിതം
– അതപ്പോഴും ജൈവമാണ്
ദര്‍വീഷിന്റെ
പ്രിയപ്പെട്ട കുതിര ഗനൂഷിനെ
പിടിച്ചു കൊണ്ട് പോകുന്ന
ജിപ്സി പെണ്‍കൊടി ഡെലിയ അവന്റെ
നിഗൂഡ പ്രണയമാവുന്നുവെങ്കിലും
അവളെ സ്വന്തമാക്കുക ജ്യേഷ്ഠന്‍
ഹസനാണ്. തുടര്‍ന്ന്
അവള്‍ ദര്‍വീഷിന്റെ സ്നേഹമയിയായ
ഏട്ടത്തിയമ്മയെന്ന പോലെ,
ബന്ധത്തെ
ആദ്യം എതിര്‍ത്ത ഉമ്മു
ഹസന്റെയുമുള്‍പ്പടെ കുടുംബത്തില്‍
എല്ലാവരുടെയും പ്രിയങ്കരിയാവും.
1948- ലെ
ഇസ്രായേല്‍ സംസ്ഥാപനത്തെ
തുടര്‍ന്ന് ആട്ടിയോടിക്കപ്പെടുന്ന
പലസ്തീന്‍ ജനത എത്തിപ്പെടുന്ന
ജെനിന്‍ അഭയാര്‍ഥി ക്യാമ്പിലാണ്
ഹസന്‍- ഡെലിയ
ദമ്പതികളുടെ ആദ്യ മകന്‍
യൂസുഫും കുട്ടിക്കാലം
പിന്നിടുന്നത്. അയ്ന്‍ഹോദില്‍
നിന്നുള്ള പാലായന ഘട്ടത്തില്‍
കൈക്കുഞ്ഞായിരുന്ന രണ്ടാമത്തെ
മകന്‍ ഇസ്മയില്‍
തട്ടിയെടുക്കപ്പെടുന്നതിന്റെ
വേദന ബുദ്ധിഭ്രമമായും ജീവിത
നിരാസമായും ഇനിയെന്നും ഉമ്മു
ഹസനെ വേട്ടയാടും.
ക്യാമ്പില്‍
വെച്ചാണ് അമല്‍ ജനിക്കുന്നതും.
അമലിന്റെ
കാഴ്ചപ്പാടിലൂടെയാണ് നോവല്‍
ഇതള്‍ വിടര്‍ത്തുന്നത്.
ക്യാമ്പിലെ
ആദ്യനാളുകളിലൊക്കെയും തങ്ങളുടെ
തോട്ടങ്ങളിലേക്കും വീടുകളിലേക്കും
തിരിച്ചു പോകാനാവും എന്ന
പ്രതീക്ഷ എല്ലാവരും
നിലനിര്‍ത്തുന്നുണ്ട്.
കാവല്‍ക്കാരുടെ
കണ്ണുവെട്ടിച്ച് തോട്ടത്തിലേക്ക്
പോകുന്ന അബുല്‍ഹേജ ഏതാനും
അത്തിപ്പഴങ്ങളും മറ്റും
നിധിപോലെ കൊണ്ട് വരുന്നത്
വിജയാരവങ്ങളോടെയാണ്
സ്വീകരിക്കപ്പെടുക.
എന്നാല്‍
രണ്ടാം തവണ പുറപ്പെട്ടു
പോകുന്ന അയാള്‍ പിന്നീടൊരിക്കലും
തിരിച്ചെത്തുന്നില്ല.
വര്‍ത്തമാനമെന്നത്
ഏതു നിമിഷവും കടന്നു വരാവുന്ന
മരണമോ കൂട്ടക്കുരുതികളോ
ആയിരിക്കുമ്പോഴും ഭാവിയെന്നത്
വന്യസ്വപ്നങ്ങളില്‍ പോലും
നിറക്കൂട്ടുള്ളത് അല്ലാതിരിക്കുമ്പോഴും
പ്രണയങ്ങളുടെയും കാമാനകളുടെയും
ജിവിതാസക്തികള്‍ നോവലിലെ
നാല് തലമുറകളുടെയും ജീവിതങ്ങളെ
ശാദ്വലക്കുന്നുണ്ട്.
ദേശത്തിന്റെ
നഷ്ടം - ജീവിതത്തിന്റെയും
കരുത്തുറ്റ
പ്രകൃതക്കാരിയയിരുന്ന
ഉമ്മുഹസന്റെ പതനം ഒരര്‍ത്ഥത്തില്‍
പലസ്തീന്‍ ജനതയുടെ തന്നെ
പതനത്തിന്റെ പ്രതീകമാണ്.
ഒരു ജിപ്സിയുടെ
ചുറുചുറുക്കും തന്റേടവും
പ്രകടിപ്പിച്ചുവന്ന അവര്‍
നനുത്ത വികാരങ്ങള്‍
പ്രകടിപ്പിക്കുന്നത്
കുട്ടികള്‍ക്ക് ചീത്ത സന്ദേശം
നല്‍കും എന്ന വിശ്വാസത്തില്‍
മകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍
മാത്രം തന്റെ പേലവസ്നേഹം
തുറന്നു വിടുന്നത് കുഞ്ഞായ
അമല്‍ നിശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്നാല്‍,
അതേ
പ്രകൃതം തന്നെയാണ് തനിക്കും
കൈവന്നിരിക്കുന്നതെന്നും
അതിനു കാരണം തന്നെ വേട്ടയാടുന്ന,
വിട്ടുപോകാത്ത/
വിട്ടുകളയാനാവാത്ത
ഫലസ്തീന്‍ സ്വത്വം തന്നെയാണെന്നും
പില്‍ക്കാലം അവള്‍ തിരിച്ചറിയും.
തീക്ഷ്ണാനുഭവങ്ങളുടെ
അഭാവമാണ് ചെറിയ കാര്യങ്ങളില്‍
പോലും പ്രകോപിതരാവുന്ന
അമേരിക്കന്‍ പ്രകൃതത്തിനു
കാരണമെന്നും ജീവന്മരണ
സാഹചര്യങ്ങളിലൊഴികെ വികാരാവേഗം
കാണിക്കാത്ത പ്രകൃതം അതിന്റെ
എതിരറ്റമാണെന്നും അമല്‍
മറ്റൊരു ഘട്ടത്തില്‍
നിരീക്ഷിക്കുന്നു.
ഉമ്മയുടെ
പടിപടിയായുള്ള തകര്‍ച്ചയും
വ്യക്തിത്വ ശിഥിലീകരണവും
അവരുടെ മരണത്തെ നേരിടുന്ന
അമലിന്റെ പ്രതികരണത്തില്‍
വ്യക്തമാണ്.
“എന്റെ
കണ്ണുകള്‍ നിശബ്ദം കണ്ണീരൊഴുക്കി.
ഞാന്‍
ഈ സ്ത്രീയുടെ മരണത്തിലല്ല
കരഞ്ഞത്.
മറിച്ചു
വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ
ശരീരം വിട്ടു പോയ എന്റെ ഉമ്മക്ക്
വേണ്ടിയാണ്.
ഒടുവില്‍
അവള്‍ സമ്പൂര്‍ണമായി അവളുടെ
ആത്മാവിനെ ബലാല്‍ക്കാരം
ചെയ്ത തേവിടിശ്ശിപ്പുരയായ
ഈ ലോകത്തുനിന്നും
രക്ഷപ്പെട്ടിരിക്കുന്നുവെന്നു
മധുര വേദനയുള്ള ആശ്വാസത്തോടെ
ഞാന്‍ കരഞ്ഞു. അവളെ
എങ്ങനെയെങ്കിലും രക്ഷിച്ചില്ലെന്നു,
രക്ഷിക്കാന്‍
കഴിഞ്ഞില്ലെന്ന മറയില്ലാത്ത
കുറ്റബോധം
കൊണ്ട് ഞാന്‍ കരഞ്ഞു.
എത്ര
ശ്രമിച്ചിട്ടും ആ വിളറിയ
കുറിയ ശീരീരത്തില്‍ എന്നെ
ഗര്‍ഭത്തില്‍ പേറിയ ആ സ്ത്രീയെ
എനിക്ക് കാണാന്‍ കഴിഞ്ഞില്ല
എന്നോര്‍ത്ത് ഞാന്‍
കരഞ്ഞു...ഞാന്‍
എനിക്ക് വേണ്ടി കരഞ്ഞു.”
(പേജ്:
128)
ക്യാമ്പില്‍
മരിച്ചുപോകുന്നവര്‍ അവരുടെ
താക്കോല്‍ കൂട്ടങ്ങള്‍,
കാലഹരണപ്പെട്ട
ഒട്ടോമന്‍ ആധാരങ്ങള്‍ക്കും
ബ്രിട്ടീഷ് രേഖകള്‍ക്കുമൊപ്പം
പൈതൃകം നല്കുമായിരുന്നെന്നു
നോവലില്‍ പരാമര്‍ശമുണ്ട്.പില്‍ക്കാലം
ജെറൂസലെമിലേക്ക് പോകാനുള്ള
അവസരമൊരുങ്ങുമ്പോള്‍ അമല്‍
നിരീക്ഷിക്കുന്നുണ്ട്
"ഞാനതിന്റെ
സ്വന്തമാണ് അതിനെ ആര് തന്നെ
കീഴടക്കിയാലും. കാരണം
അതിന്റെ മണ്ണ്
എന്റെ വേരുകളുടെ സൂക്ഷിപ്പുകാരനാണ്,
എന്റെ
പൂര്‍വികരുടെ അസ്ഥികളുടെയും
. കാരണം
എന്റെ പൂര്‍വ മാതാക്കളുടെ
കിടക്കകളില്‍ ജ്വലിച്ച
സ്വകാര്യ മോഹങ്ങളേ അതിനറിയാം.
കാരണം
ഞാന്‍ അതിന്റെ കൊടുങ്കാറ്റു
പിടിച്ച ഭൂത കാലത്തിന്റെയും
വികാരാവേഗങ്ങളുടെയും
സ്വാഭാവിക മുകുളമാണ്.
ഞാനീ
മണ്ണിന്റെ മകളാണ്,
ജെറുസലേം
മറ്റെന്തിനെക്കാളും എനിക്ക്
ഈ പറിച്ചു മാറ്റാനാവാത്ത
അവകാശം തരുന്നു.
മഞ്ഞച്ചുപോയ
സ്ഥലാധാരങ്ങളെക്കാള്‍
ഒട്ടോമന്‍ ഭൂമി റജിസ്റ്ററുകളെക്കാള്‍
, അപഹരിക്കപ്പെട്ട
ഞങ്ങളുടെ വീടുകളുടെ ഇരുമ്പ്
താക്കോലുകളെക്കാള്‍,
യു.
എന്‍.
പ്രമേയങ്ങളെക്കാള്‍,
അല്ലെങ്കില്‍
വന്‍ശക്തികളുടെ പ്രമേയങ്ങളെക്കാള്‍"
(പേജ്
-140)
ഇടത്താവളങ്ങളുടെ
സാന്ത്വനം
1948- ലെ
ദൈര്‍ യാസിര്‍ കൂട്ടക്കൊലയെതുടര്‍ന്നു
അനാഥരാക്കപ്പെട്ട അമ്പത്തിയഞ്ചോളം
കുട്ടികള്‍ ജെറുസലേമിലെ
വിശുദ്ധ ദേവാലയത്തിനു മുമ്പില്‍
കൂനിക്കൂടിയിരിക്കുന്നത്
കണ്ടതാണ് ഹിന്ദ് ഹുസൈനിയെന്ന
മുപ്പത്തൊന്നുകാരിയുടെ
മനുഷ്യത്വത്തിനു ചോദ്യചിഹ്നമായതും
"ദാറുല്‍
ത്വിഫില്‍" എന്ന
അനാഥാലയത്തിന്റെ തുടക്കമായതും.
പ്രസിദ്ധ
ഇറ്റാലിയന്‍ പലസ്തീന്‍
ജേര്‍ണലിസ്റ്റ് രൂലാ ജബ്രിയേല്‍
"മിരാള്‍"
എന്ന തന്റെ
ആത്മ കഥാംശമുള്ള നോവലില്‍
ഹിന്ദ് ഹുസൈനിയുടെയും ദാര്‍
അല്‍ ത്വിഫ് ലിന്റെയും കഥ
പറയുന്നുണ്ട്. നോവല്‍
അടിസ്ഥാനമാക്കി അതെ പേരില്‍
പ്രസിദ്ധ സംവിധായിക ജൂലിയാന്‍
ഷനാബാല്‍ ചെയ്ത ചിത്രവും ഏറെ
പ്രസിദ്ധമാണ്. അമ്മോജാക്കിന്റെ
സഹായത്തോടെ ദാര്‍ അല്‍
ത്വിഫിലില്‍ എത്തുന്ന അമല്‍
ജീവിത പാഠങ്ങളുടെയും
സൗഹൃദങ്ങളുടെയും തണലിലേക്കാണ്
എത്തുക. കര്‍ക്കശക്കാരിയായ
മേട്രന്‍ മിസ് ഹൈദര്‍ പക്ഷെ
ഉള്ളില്‍ അത്ര കടുംപിടുത്തക്കാരിയല്ലെന്നു
അവിടത്തെ പഠിത്തം പൂര്‍ത്തിയാക്കി
സ്കോളര്‍ഷിപ്പോടെ അമേരിക്കയിലേക്ക്
പോകനൊരുങ്ങുമ്പോഴാണ് അമല്‍
തീര്‍ത്തും മനസ്സിലാക്കുക.
ഉമ്മയുടെ
കാര്യത്തിലെന്നപോലെ പരുക്കന്‍
പുറന്തോട് എല്ലായ്പ്പോഴും
ഉള്ളിലെ കാഠിന്യത്തെ
സൂചിപ്പിക്കുന്നില്ലെന്നു,
അമല്‍
മനസ്സിലാകുന്ന രണ്ടാമത്തെ
സന്ദര്‍ഭമാകും അത്.
കൗമാരക്കാരികള്‍
ഒരുമിച്ചു കഴിയുമ്പോഴുണ്ടാകുന്ന
കുശുമ്പുകളും കുന്നായ്മകളും
ഉണ്ടെങ്കിലും ജീവിതകാലം
മുഴുവന്‍ നീണ്ടു നില്‍ക്കുന്ന
സൗഹൃദങ്ങള്‍ ദാറുല്‍ ത്വിഫിലില്‍
അമലിനു നേടാനാവുന്നുണ്ട്.
മുന ജലായ്തയുടെ
യൂനിവേഴ്സിറ്റി അധ്യാപകനായിരുന്ന
പിതാവ് അറബ് നേതാക്കളും
പലസ്തീന്‍ ജനതയോട് കാണിച്ച
വഞ്ചനകളെക്കുറിച്ചു
സൂചിപ്പിക്കുന്നുണ്ട്.
ജോര്‍ദാനിലെ
ഹാഷിമൈറ്റ് ഏജന്‍റുമാര്‍
അദ്ദേഹത്തെ ഭാര്യയോടൊപ്പം
കൊന്നു കളഞ്ഞത് കാണേണ്ടി
വന്ന മുനായുടെ അനുഭവത്തെക്കുറിച്ചു
നോവലില്‍ വിവരിക്കുന്നു.
“തുടരെ
രണ്ടു വെടിയൊച്ചകള്‍,
മഴയില്‍
മുങ്ങിപ്പോയ ഭയം -
അങ്ങനെയാണ്
മുനയുടെ ആദ്യ ഓര്‍മ്മകള്‍
ഉത്ഘാടനം ചെയ്യപ്പെടുക:
നാലാം
വയസില്‍." ഉമ്മു
അഹ്മദ് പാചകം ചെയ്യുന്ന
കറിക്കൂട്ടുകളില്‍ സമൃദ്ധമായി
വീണു വെന്ത്കിടക്കുന്ന കൂറകള്‍
മുതല്‍, കണ്ടുപിടുത്തക്കാരി
യാസ്മിനയുടെ Z- ഭാഷയും
മുതല്‍ കൊളംബിയന്‍ സഹോദരിമാരായ
യാസ്മിന, ലൈല,
ഡ്രിനാ
എന്നിവരും അവിവാഹിതയായ മിസ്
ഹൈദറിന്റെ അസൂയക്ക് പാത്രമായി
മൊട്ടയടിക്കപ്പെടുന്ന
പ്രതിശ്രുത വധു സൌദും അവളെ
വളര്‍ച്ചയുടെ പാഠങ്ങള്‍
പഠിപ്പിക്കുന്ന ഗൃഹാതുര
സ്മരണകള്‍ ആവും. മിടുക്കിയായി
സ്കോളര്‍ഷിപ്പിനുള്ള അര്‍ഹത
തെളിയിക്കുമ്പോള്‍ പിതാവിന്റെ
ശബ്ദം അവളുടെ ഓര്‍മ്മയിലുണ്ടാവും:
ദുര്‍വിധികളെ
മറികടക്കാനുള്ള ഏക പോംവഴി
വിദ്യാഭ്യസമാണെന്നു അദ്ദേഹം
എപ്പോഴും ഓര്‍മിപ്പിച്ചിരുന്നു.
“എന്റെ
പ്രിയപ്പെട്ട കുഞ്ഞേ ,
നമുക്കിപ്പോള്‍
വിദ്യാഭ്യാസമല്ലാതെ
മറ്റൊന്നുമില്ല; എനിക്ക്
വാക്കുതരൂ നിന്റെ എല്ലാ
കഴിവും ഉപയോഗിച്ച് നീയത്
നേടുമെന്ന്.”
അഭിമതരുടെ
നാട്ടില്‍ അന്യയായി
1973-ല്‍
'അന്യനാവുന്നതിന്റെ
അനുഭവവുമായി 'The Ghurba- the
state of being stranger) അമേരിക്കയിലെതുമ്പോള്‍
'ദേശമില്ലായ്മ
ചീത്ത പെര്‍ഫ്യും പോലെ എന്നില്‍
തങ്ങി നിന്നു, എഴുപതുകളിലെ
വിമാന റാഞ്ചലുകള്‍ അറബിക്
കുടുംബപ്പേരിനെ പിന്തുടരുകയും
ചെയ്തു' എന്ന്
അമല്‍ നിരീക്ഷിക്കുന്നു.
പഠനത്തിന്റെ
ആദ്യവര്‍ഷം ആരുമായും കൂട്ടില്ലാതെ
തന്റെ ഉള്ളിലെ പലസ്തീനിയെ
സ്വയമടക്കി അക്കാദമിക
നേട്ടങ്ങളുടെ മാത്രം
ലക്ഷ്യത്തിലേക്ക് അവള്‍
ഒതുങ്ങുന്നു. എന്നാല്‍,
'വെസ്റ്റ്
ഫില്ലി' (ഫിലാഡെല്‍ഫിയായിലെ
കറുത്തവര്‍ തിങ്ങിപ്പാര്‍ക്കുന്ന
പ്രദേശം) പ്രദേശത്തെ
ഭൂരിപക്ഷമായ കറുത്ത വര്‍ഗക്കാരുടെ
തോക്കുകള്‍ അവളെ ഭയപ്പെടുത്താത്തത്
അതിലും വലിയ ആയുധങ്ങളും
ഹിംസയും വേണ്ടത്ര കണ്ട
കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍
കൊണ്ടുതന്നെയാണ്.
അതിനോടകം
PLO യുടെ
ഉന്നത മണ്ഡലങ്ങളില്‍
എത്തിച്ചേര്‍ന്ന യൂസുഫിന്റെ
വിളി ഉണര്‍ത്തുന്ന ഗൃഹാതുരതയാണ്
വീണ്ടും അമലിനെ നാട്ടിലെത്തിക്കുക.
സബ്ര-
ഷാത്തില
കൂട്ടക്കൊലയ്ക്ക് തൊട്ടുമുന്‍പ്
ഇസ്രയേലികള്‍ 'ഭീകരരുടെ
പ്രജനന കേന്ദ്രം ' എന്നും
'ഭീകരതയുടെ
വളര്‍ത്തു ഗഹ്വരം' എന്നും
വിശേഷിപ്പിച്ച ' ഷാതിലാ
ക്യാമ്പില്‍ കുടുംബത്തോട്
ചേരുമ്പോഴാണ് പ്രണയം അവളില്‍
വശ്യമായ ഒരു മാസ്മരസ്പര്‍ശമാവുക.
ഡോക്ടര്‍
മജീദ് പ്രണയം മാത്രമല്ല
അവള്‍ക്കു പകരുന്നത്,
അവളുടെ
വയറ്റിലെ മുറിപ്പാടിന്റെ
അപകര്‍ഷം അയാള്‍ ചുംബിച്ചകറ്റുകയും
ചെയ്യും. വിവാഹാനന്തരം
ഉദരത്തില്‍ സാറയേയുമായി
പെന്‍സില്‍വാനിയയിലേക്ക്
തിരിച്ചു പോവുമ്പോള്‍,
ഒട്ടും
വൈകാതെ മജീദ് അവരോടു ചേരുമെന്ന്
അവള്‍ കണക്ക് കൂട്ടിയിരുന്നു.
എന്നാല്‍
1948-ലെ
നഖ്ബ പോലെ , 1967-ലെ
ആറുദിന ജെനിന്‍ കൂട്ടക്കൊല
പോലെ 1982-ലെ
സബ്ര-ഷാത്തില
കൂട്ടക്കൊലകള്‍ എല്ലാ
പ്രതീക്ഷകളും തെറ്റിക്കും
- അബുല്‍ഹേജാ
പരമ്പരയില്‍ അമല്‍ ഒഴിച്ച്
മറ്റെല്ലാവരും - യൂസുഫ്,
ഫാത്തിമ,
കൊച്ചു
മകള്‍ പലസ്തീന്‍ അടക്കം -
ഡോ.മജീദിനോടൊപ്പം
അതില്‍ ഒടുങ്ങിപ്പോകും.
മരണത്തില്‍
മാത്രമാണ് ഇസ്രയേലിനെ
ജയിക്കാനാവുകയെന്നത്
രക്തസാക്ഷിത്തത്തെ ഫലസ്തീനിക്ക്
പ്രിയങ്കരമാക്കിയെന്നു
നോവലില്‍ പരാമര്‍ശമുണ്ട്.
യൂസുഫ്
ആദ്യം പി. എല്‍.
ഓ-
യിലും
പിന്നീട് അതിന്റെ പ്രവര്‍ത്തികളില്‍
വഞ്ചനാത്മകത കണ്ടെത്തുന്നത്
മൂലം തീവ്ര നിലപാടുകളിലേക്കും
നീങ്ങുന്നത്, '9/11-നു
ശേഷം അയാളുമായുള്ള ബന്ധുത്വത്തിന്റെ
പേരില്‍ സുദീര്‍ഘമായ സി.
ഐ. എ-
ചോദ്യം
ചെയ്യലുകള്‍ക്ക് അമലിനെ
വിധേയയാക്കാന്‍ ഇടവരുത്തുന്നുണ്ട്.
സാറയെ തനിയെ
വളര്‍ത്തുമ്പോള്‍ പലസ്തീന്‍
ദുരന്തങ്ങള്‍ക്കെതിരില്‍
അവള്‍ക്കു കോട്ടമതില്‍
കെട്ടാനായി ഇപ്പോള്‍ എയ്
മിയായ അമല്‍ എല്ലാം മറച്ചുവെക്കും.
വിധിവൈപരീത്യത്തിന്റെ
മറ്റൊരു വിളയാട്ടത്തില്‍
എല്ലാം തിരിഞ്ഞുമറിയും വരെ.
വേരുകളിലേക്ക്-
മൃത്യുഭൂമിയിലേക്കും
എയ്ന്‍ഹോദില്‍
നിന്നുള്ള പാലായനത്തിനിടെ
ഉമ്മുഹസന്റെ കൈയില്‍നിന്ന്
തട്ടിപ്പറിക്കപ്പെട്ട
ഇസ്മയില്‍ എന്ന കൈക്കുഞ്ഞ്,
ക്ലാസിക്കല്‍
യവന നാടകങ്ങളെ ഓര്‍മ്മിപ്പിക്കും
വിധം ഒരു തിരിച്ചറിയല്‍
മുറിപ്പാടുമായി മറ്റൊരു
വീട്ടില്‍ കൂട്ടബലാല്‍ക്കാരത്തിന്റെ
ഹോളോകോസ്റ്റ് ഓര്‍മ്മകളുള്ള
വന്ധ്യയായ ഒരമ്മയുടെ ഓമനയായി
വളര്‍ന്നു വരിക കടുത്ത
സയണിസ്റ്റായ ജൂതനായാണ്.
ഒരു ഘട്ടത്തില്‍
തന്നെ എതിരിടുന്ന ഇസ്രയേലി
സൈനികനില്‍ തന്റെ അനിയനെ
തിരിച്ചറിയുന്ന യൂസുഫ്
ദുരൂഹമാം വിധം ഡേവിഡിന്റെ
കടുത്ത ആക്രമണം ഏല്‍ക്കേണ്ടി
വരുന്നുണ്ട്. ഡേവിഡ്
തന്റെ വെറുക്കപ്പെട്ട
പുരാവൃത്തത്തിന്റെ കുറ്റബോധം
ഹിംസാത്മകമായി സഹോദരനില്‍
അഴിച്ചു വിടുകയായിരുന്നോ ?
ആ അര്‍ത്ഥത്തില്‍
അയാള്‍ മറ്റുള്ളവര്‍ തങ്ങളോട്
ചെയ്ത മഹാപരാധങ്ങള്‍ക്ക്
പലസ്തീനില്‍ നിന്ന് പിഴയീടാക്കിയ
ഇസ്രായേല്‍ വൈരുധ്യത്തിന്റെ
പ്രതീകം തന്നെയാണ്.
കുടഞ്ഞു
തെറിപ്പിക്കാന്‍ ശ്രമിച്ചിട്ടും
പിന്തുടരുന്ന ആ സ്വത്വമാണ്
അയാളെ വീണ്ടും ആരുമില്ലാത്തവനാക്കുക.
വീണു പോകുന്ന
ഇലകള്‍ വേരുകളെ തേടുംപോലെ
അയാള്‍ നടത്തുന്ന അന്വേഷണമാണ്
സാറയെ അവളുടെ വേരുകള്‍
തേടുന്നതിലേക്കും,
അതിന്റെ
ഫലമായി മകളെ രക്ഷിക്കാനുള്ള
ഒരന്തിമ സമര്‍പ്പണത്തില്‍
അമല്‍ ഇസ്രയേലി ഭടന്റെ
വെടിയേറ്റ് കൊല്ലപ്പെടുന്നതിലേക്കും
എത്തിക്കുക. ഇസ്രയേലി
ഔദ്യോഗിക വാര്‍ത്താകുറിപ്പുകളില്‍
"ഭീകരര്‍
മാത്രം കൊല്ലപ്പെട്ട"
2002-ലെ ജനിന്‍
കൂട്ടക്കൊലയുടെ ആ നേര്‍
സാക്ഷ്യമാണ് ഇനി സാറയേയും
വേട്ടയാടുക:
“മമ്മാ,
അവര്‍ നിന്നെ
കൊന്നു, എന്നിട്ട്
അവരുടെ തലവാചകങ്ങളില്‍ നിന്നെ
അടക്കി.
ഞാന്‍
എങ്ങനെയാണ് മാപ്പ് കൊടുക്കുക,
മമ്മാ?.
ജെനിന്‍
എങ്ങനെയത് മറക്കും?
എങ്ങനെയാണ്
ഒരാള്‍ ഈ ഭാരം ചുമക്കുക?
എങ്ങനെയാണ്
ഇത്തരം അനീതിയില്‍നിന്നു
ഇത്രയെറെക്കാലം
മുഖം തിരിക്കുന്ന ഒരു ലോകത്തില്‍
ഒരാള്‍ ജീവിച്ചിരിക്കുക?
ഇതാണോ മമ്മാ,
ഒരു ഫലസ്തീനിയാവുക
എന്നാല്‍?” (പേജ്-299)
അബുല്‍ഹജാ
കുടുംബത്തിന്റെയും ആ കുടുംബം
പ്രതിനിധാനം ചെയ്യുന്ന
പലസ്തീന്‍ യാഥാര്‍ത്ഥ്യത്തിന്റെയും
പ്രതീക്ഷയായി ഇനിയുണ്ടാവുക
ആത്മാവിന്റെ ആഴത്തില്‍
മുറിവേറ്റ സാറയും അവളുടെ
തലമുറയുമാകും.
1948- ലെ
'നഖ്ബ'
പാലായന
ദുരന്തവും ജെനിന്‍ അഭയാര്‍ഥി
ക്യാമ്പിലെ നരകതുല്യമായ
ജീവിതവും തൊട്ട് 1967 –
ആറുദിന
യുദ്ധവും 1982 –ലെ
സബ്ര – ഷാത്തില കൂട്ടക്കൊലകളും
2002 – ലെ
ജെനിന്‍ കൂട്ടക്കൊലയും വരെ
നീളുന്ന ജീവിതങ്ങള്‍ നോവലിന്റെ
അനുഭവ മണ്ഡലത്തിലുണ്ട്.
നാല്
തലമുറകളിലൂടെ അബുല്‍ഹോജാ
കുടുംബത്തെ പശ്ചാത്തലമാക്കി
കഥ പറയുമ്പോഴും സംഘര്‍ഷത്തിന്റെ
വിരുദ്ധ ധ്രുവങ്ങളെയും ഏറെ
സഹാനുഭൂതിയോടെ നോവലിസ്റ്റ്
നോക്കിക്കാണുന്നു. 1967
– ലെ യുദ്ധത്തില്‍
അഭയാര്‍ഥികളാക്കപ്പെട്ടെ
ദമ്പതികള്‍ക്ക് പിറന്ന
നോവലിസ്റ്റ് തന്റെ തന്നെ
പ്രവാസത്തിന്റെയും തനിച്ചു
മകളെ പോറ്റുന്നതിന്റെയും
അനുഭവങ്ങളുടെ നിഴലുകള്‍
തന്റെ പ്രധാന കഥാപാത്രത്തിനും
നല്കിയിട്ടുണ്ടാവാം.
ചരിത്രത്തെ
ഏതാണ്ട് തൊട്ടടുത്തുതന്നെ
നിന്ന് പിന്തുടരുന്ന ആഖ്യാനം
മിക്കപ്പോഴും അത്ര 'സന്തോഷകരമായ'
വായനാനുഭാവമല്ല
പകരുന്നത്. ഏറെ
അസ്വസ്ഥമാക്കുന്ന കഥാസന്ദര്‍ഭങ്ങള്‍
ഒന്നിന് പിറകെ ഒന്നായി വരുന്ന,
കലുഷമായ
അനുഭവങ്ങളുടെ വീര്‍പ്പുമുട്ടലുള്ള
നോവലില്‍ പക്ഷെ, അതിന്റെ
മുഴുവന്‍ വേദനയും സംക്രമിപ്പിക്കുമ്പോഴും
വായനയുടെ നൈരന്തര്യം
ഉറപ്പുവരുത്തുന്നത് കാവ്യാത്മകവും
വികാര സാന്ദ്രവുമായ ആഖ്യാന
രീതി തന്നെയാണ്. അറുപത്തേഴിലെ
ആറുദിന യുദ്ധത്തിന്റെ
അനുഭവങ്ങള്‍ ക്യാമ്പിന്റെ
ചുവടെ വീര്‍പ്പുമുട്ടിക്കുന്ന
ഒരു കുഴിയില്‍ ഭയന്നുവിറച്ചു
ഒളിച്ചിരുന്ന് ജീവിതത്തിനും
മരണത്തിനുമിടയിലെ അനിശ്ചിതത്വത്തിലാണ്
അന്ന് കൌമാരക്കാരിയായ അമല്‍
പങ്കു വെക്കുക. ഒരര്‍ത്ഥത്തില്‍
ജനീനിലെ പ്രഭാതങ്ങള്‍
വായിക്കുന്ന വായനക്കാരന്‍
ഈ കുഴിയിലാണ്.
വീര്‍പ്പുമുട്ടലിന്റെയും
ചുറ്റും മുഴങ്ങുന്ന
വെടിയൊച്ചകളുടെയും
മൃത്യുഗന്ധത്തിന്റെയും
ഇരുള്‍മുരിയില്‍.
വിദൂരമായ
ഏതോ ഒരറ്റത്ത് ഇനിയും
കണ്ണുതുറക്കാനിരിക്കുന്ന
തലമുറകളിലേക്ക് ഉദിക്കാനിരിക്കുന്ന
സൂര്യനെ കാത്ത്. പുറത്തു
കടക്കുമ്പോഴും ചൂഴ് ന്നു
നില്‍ക്കുക വംശവൃക്ഷങ്ങളുടെ
ചോരയും കണ്ണീരുമാണെന്നു
അറിയുമ്പോഴും കാതോര്‍ത്ത്:
“നമ്മളീ
മണ്ണില്‍ നിന്നു വന്നു,
നമ്മുടെ
സ്നേഹവും അധ്വാനവും അതിനു
നല്‍കി. പകരം
അവള്‍
നമ്മെ പോറ്റുന്നു.
നമ്മള്‍
മരിക്കുമ്പോള്‍ നമ്മളവളിലേക്ക്
തിരിച്ചുപോകും.
ഒരര്‍ത്ഥത്തില്‍
അവളാണ് നമ്മുടെ ഉടമസ്ഥ;
പലസ്തീന്‍
നമ്മുടെ ഉടമസ്ഥയാണ്,
നമ്മള്‍
അവളുടെ
സ്വന്തമാണ്.”
(ദേശാഭിമാനി വാരിക ഡിസംബര്‍ 13, 2015)
(ആഖ്യാനങ്ങളുടെ
ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 146-153)
read more:
Men in the Sun by Ghassan Kanafani
https://alittlesomethings.blogspot.com/2024/09/men-in-sun-by-ghassan-kanafani.html
Return to Haifa by Ghassan Kanafani
https://alittlesomethings.blogspot.com/2024/06/aaidun-ila-haifa-return-to-haifa-by.html
Fractured Destinies by Rabai al-Madhoun
https://alittlesomethings.blogspot.com/2024/09/fractured-destinies-by-rabai-al-madhoun.html
The
Lady of Tel Aviv by Rabai al-Madhoun
https://alittlesomethings.blogspot.com/2017/09/blog-post_87.html
The Book of Disappearance by Ibtisam Azem/ Sinan Antoon
https://alittlesomethings.blogspot.com/2024/09/the-book-of-disappearance-by-ibtisam.html