അന്യന്റെ മറുപുറം.
“Do not despair one of the thieves was saved Do not presume one of the thieves was damned” -St. Augustine
രണ്ടാം ലോക യുദ്ധാനന്തര യൂറോപ്യന്‍ ബുദ്ധിജീവിതത്തിന്റെ
അസ്തിത്വ പ്രതിസന്ധിയുടെയും ശൂന്യതാ വാദത്തോളമെത്തുന്ന വ്യര്‍ത്ഥ ബോധത്തിന്റെയും
ശക്തമായ ചിത്രീകരണമായിരുന്നു 1942-ല്‍ പുറത്തിറങ്ങിയ ആല്‍ബര്‍ കാമുവിന്റെ എക്സിസ്റ്റന്‍ഷ്യലിസ്റ്റ്
മാസ്റ്റര്‍പീസ് The
Outsider. 'അമ്മ ഇന്നു മരിച്ചു, അതോ ഇന്നലെയോ? എനിക്കുറപ്പില്ല!' എന്ന പ്രസിദ്ധമായ ആദ്യ
വാചകത്തോടെ ആരംഭിച്ച നോവലില്‍, ഒന്നിനോടും
ആസക്തി കാണിക്കാനാവാത്ത, അമ്മയുടെ മരണത്തില്‍ പോലും നിര്‍വ്വികാരതയുടെ
ഉറഞ്ഞു പോയ ഭാവം ഭേദിക്കാനോ ഇത്തിരി ദുഃഖം പ്രകടിപ്പിക്കാനോ ആവാത്ത മെര്‍സോള്‍
എന്ന ആന്റി ഹീറോയെ ആണ് യുദ്ധാനന്തര യൂറോപ്യന്‍ സംത്രാസത്തെ അവതരിപ്പിക്കാനായി
നോവലിസ്റ്റ് കണ്ടെടുത്തത്. അതേ നിര്‍വ്വികാരതയോടെ പ്രകടമായ
കാരണമേതുമില്ലാതെ അയാള്‍ കടപ്പുറത്തുവെച്ചു പേരില്ലാത്ത ഒരറബിയെ വെടിവെച്ചു
കൊല്ലുന്നുണ്ട്. നോവലിന്റെ രണ്ടാം പകുതിയില്‍
കൊലക്കുറ്റത്തിനു വിചാരണ ചെയ്യപ്പെടുന്ന മെര്‍സോളിനെതിരില്‍ നിയമപ്രകാരമുള്ള
കുറ്റകൃത്യത്തെക്കാളെറെ ശക്തമായി ഉന്നയിക്കപ്പെടുന്ന ആരോപണം അമ്മയുടെ മരണത്തോടുള്ള
അയാളുടെ നിര്‍വ്വികാര നിലപാടാണ്. കൊളോണിയലിസ്റ്റ്
കാലഘട്ടമായത് കൊണ്ട് 'അറബി'യുടെ കൊല
ഒരു പ്രശ്നമാവാതെ പോവുമായിരുന്നു, അല്ലെങ്കില്‍
താരതമ്യേന ചെറിയ ശിക്ഷ മാത്രം ലഭിക്കേണ്ട കയ്യബദ്ധം മാത്രമായി
അവഗണിക്കപ്പെടുമായിരുന്നു, അയാളൊരു സ്വാഭാവിക പ്രതികരണം
കാണിച്ചിരുന്നെങ്കില്‍. തനിക്കനുഭവപ്പെടാത്ത വികാരം
പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതനാവുന്നതിന്റെ അസംബന്ധമാണ് മെര്‍സോളിനെ
മഥിക്കുന്നതും. 'അസംബന്ധവുമായി
മുഖാമുഖത്തിലെത്തുന്ന മനുഷ്യന്റെ നഗ്നത' എന്ന് കാമു ഈ അവസ്ഥയെ വിശദീകരിച്ചിട്ടുണ്ട്. മെര്‍സോള്‍ തൂക്കുകയര്‍ ശിക്ഷ ഏല്‍ക്കുന്നത് ഊരും പേരുമില്ലാത്ത ഒരറബിയെ
കൊന്നതിന് എന്നതിലേറെ, ഇക്കാരണത്താലാണ് എന്ന് നോവല്‍
വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.
ചരിത്രത്തിന്റെ ആന്ധ്യം, അസംബന്ധം:
മെര്‍സോള്‍ എന്ത് കൊണ്ട് അമ്മയുടെ മരണത്തില്‍ വികാര വിക്ഷോഭം കാണിക്കുന്നില്ല, പാതിരിയെ നിഷേധിക്കുന്ന അയാളുടെ മത സമീപനങ്ങളിലെ ദാര്‍ശനിക പ്രതിസന്ധികള്‍ എന്തെല്ലാം തുടങ്ങിയ വിഷയങ്ങള്‍ ഗഹനമായ ചര്‍ച്ചകള്‍ക്ക് പില്‍ക്കാലം വിധേയമായിട്ടുണ്ടെങ്കിലും 'എന്താണ് ആ അറബിയുടെ കഥ?' എന്നത് ഒരിക്കലും ഉന്നയിക്കപ്പെട്ടില്ല എന്ന പ്രകോപനത്തില്‍ നിന്നാണ് അള്‍ജീരിയന്‍ എഴുത്തുകാരന്‍ കെമാല്‍ ദാവൂദിന്റെ 2 'ദ മെര്‍സോള്‍ ഇന്‍വെസ്റ്റിഗേഷന്‍' (The Meursault Investigation- 2013) പിറവിയെടുക്കുന്നത്. 'ഹാര്‍ട്ട് ഓഫ് ഡാര്‍ക്ക്‌നെസ്സ്', 'റോബിന്‍സണ്‍ ക്രൂസോ' തുടങ്ങി കൊളോണിയല്‍ പശ്ചാത്തലമുള്ള ലബ്ധപ്രതിഷ്ടമായ കൃതികള്‍ക്ക് പലതിനും പില്‍ക്കാലത്തുണ്ടായ പോസ്റ്റ് കൊളോണിയല്‍ പൊളിച്ചെഴുത്തിന്റെ പശ്ചാത്തലവും ഇവിടെയുണ്ട്. 1942-ല്‍ നടന്ന കൊലപാതകം അത് ചെയ്ത ആളുടെ തന്നെ ആഖ്യാന മികവിലൂടെ അയാളെ ലോക പ്രശസ്തനാക്കി എന്ന ധാരണയോടെയാണ് നോവലിന്റെ ലോകം ഉരുവമെടുക്കുന്നത്.
“(കൊല ചെയ്ത)യഥാര്‍ത്ഥവ്യക്തി അത്രയ്ക്ക്
നല്ല ഒരു കഥപറച്ചില്‍ക്കാരന്‍ ആയിരുന്നതു കൊണ്ട് ആളുകളെകൊണ്ട് തന്റെ കുറ്റകൃത്യം
വിസ്മരിപ്പിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു; എന്നാല്‍ മറ്റേയാളോ, ആ ഒരു വെടിയുണ്ട ഏറ്റുവാങ്ങി
മണ്ണിലേക്ക് മടങ്ങുക എന്ന ഏക ഉദ്ദേശത്തോടെ ദൈവം സൃഷ്ടിച്ച ഒരു പാവം നിരക്ഷരന്‍
മാത്രമായിരുന്നു, ഒരു
പേര് നല്കപ്പെടാന്‍ പോലും വേണ്ടത്ര സമയമില്ലാത്ത ഒരജ്ഞാത നാമാവ്.'
എന്നും,
“ഒരു ഹ്രസ്വനായ അറബി, സാങ്കേതികമായി
മിന്നായം, വെറും രണ്ടു മണിക്കൂര്‍ ജീവിച്ചിരിക്കയും പിന്നീടിത് വരെയും
ഒരു വീറുമില്ലാതെ, തന്റെ
അടക്കിനും ശേഷം കഴിഞ്ഞ എഴുപതു വര്‍ഷം തുടര്‍ച്ചയായി മരിച്ചു കൊണ്ടെയിരിക്കയും ചെയ്ത ഒരാള്‍"
എന്നും തന്റെ സഹോദരന്‍ കൂടിയായ അറബിയെ ആഖ്യാതാവ് പരിചയപ്പെടുത്തുന്നു.
മെര്‍സോളിനും സൂര്യനുമിടയില്‍ വന്നുപോയി എന്നതല്ലാതെ വേറെ കാരണമൊന്നും അയാള്‍
വധിക്കപ്പെടാന്‍ ഉണ്ടായിരുന്നില്ലെന്ന് അയാള്‍ വ്യക്തമാക്കുന്നു.
“അയാള്‍ക്കൊരു മനുഷ്യന്റെ പേരുണ്ടായിരുന്നു; എന്റെ സഹോദരനാവട്ടെ, ഒരു സംഭവത്തിന്റെ പേരും. തന്റെ കറുമ്പന്‍ കക്ഷിയെ മറ്റേ
എഴുത്തുകാരന്‍ "ഫ്രൈഡേ" എന്ന് വിളിച്ചപോലെ അയാള്‍ക്ക് അദ്ദേഹത്തെ "അപരാഹ്നം രണ്ടു മണി" എന്ന് വിളിക്കാമായിരുന്നു. ഒരാഴ്ചയില്‍ ഒരു ദിനം എന്നതിന്
പകരം ഒരു ദിവസത്തില്‍ ഒരു സമയം" തന്റെ ദിവസത്തെ കൊണ്ടും, ലോകത്തെ കൊണ്ടും എന്ത് ചെയ്യണം
എന്നറിയാതെ അതൊക്കെയും തന്റെ പുറകില്‍ ചുമന്ന ഒരു ഫ്രഞ്ചുകാരന്റെ കൈകൊണ്ടു
കൊല്ലപ്പെടുക,.. "എന്റെ ദൈവമേ, എങ്ങിനെയാണ് നിനക്ക് ഒരാളെ
കൊല്ലുകയും അയാളുടെ മരണം തന്നെയും അയാളില്‍ നിന്ന് തട്ടിയെടുക്കുകയും ചെയ്യാന്‍
കഴിയുക?"
എന്ന് അയാള്‍ ചോദിക്കുന്നുണ്ട്.
ഹാറൂന്‍ എന്ന ആഖ്യാതാവ് അറബിക്ക് ഒരു പേര് നല്കുന്നു: മൂസ. ഒപ്പം ഒരു കഥയും ഒരു കുടുംബവും. നോവലില്‍ ഉടനീളം മൂസ പഴയ നിയമത്തിലെയും ഖുറാനിലെയും മൂസാ
നബിയുമായി കണ്ണി ചേര്‍ക്കപ്പെടുന്നുണ്ട്. ഏതു ഫറവോന്റെ പരിചാരകന്റെയും കഴുത്തു ഞെരിക്കാന്‍ കഴിയുന്നവന്, കുറഞ്ഞ വാക്കുകളുടെ തമ്പുരാന്. സത്യത്തില്‍ ആഖ്യാതാവ് സ്വയം പരിചയപ്പെടുത്തുന്ന ഹാറൂന്‍
എന്ന പേര് തന്നെയും ആ തുടര്‍ച്ചയുടെതാണ്: താന്‍ 'മരിച്ചവന്റെ സ്ഥാനത്താണ് സംസാരിക്കുന്നതെ'ന്നും 'അയാള്‍ക്ക് വേണ്ടി അയാളുടെ വാചകങ്ങള്‍ മുഴുമിക്കുകയാണെ'ന്നും അയാള്‍ പറയുന്നു. സംസാര വൈകല്യമുണ്ടായിരുന്ന മൂസാ നബി ദൈവം തനിക്ക് പ്രാവാചക ദൗത്യമേല്‍പ്പിക്കുമ്പോള്‍ 'നീ എന്റെ
നാവിലെ കുരുക്കഴിച്ചു തരൂ, അപ്പോള്‍ അവര്‍ക്കെന്റെ സംസാരം
മനസ്സിലാവു'മെന്ന് പ്രാര്‍ഥിച്ചതായി
ഖുറാനിലുണ്ട്. കാമുവിന്റെ കൃതിയിലെ
ഒന്നുമല്ലാത്തവന്‍ (non-entity) ആയ 'അറബി' അങ്ങനെ ഒരു വ്യക്തിത്വം- അതും ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ഒരാളെ ഓര്‍മ്മിപ്പിക്കുന്ന
ഒന്ന്- നേടിയെടുക്കുകയാണ് ഇവിടെ. കൊലയാളി സത്യത്തില്‍ ' വെയിലിനെ കുറിച്ചും കടലിനെ കുറിച്ചും ഒഴികെ' മറ്റൊന്നിനെ കുറിച്ചും ഒരഭിപ്രായവും ഇല്ലാത്ത വെറുമൊരു
ശവമായിരുന്നു എന്ന് മെര്‍സോളിന്റെ പ്രശസ്തമായ വ്യര്‍ത്ഥ ബോധത്തെ ഹാറൂന്
പരിഹസിക്കുന്നു. വെറുമൊരു അലസമായ പ്രവര്‍ത്തിയിലൂടെ
ഒരു കൊലപാതകത്തിന്റെ ഗൗരവം പോലും അയാള്‍ തന്റെ സഹോദരന് നിഷേധിക്കുകയായിരുന്നു.
“അതൊരു കുറ്റകൃത്യമായിരുന്നില്ല, കാരണം, ഉച്ചക്കും ഉച്ചതിരിഞ്ഞ് രണ്ടു
മണിക്കുമിടയില്‍, .. മെര്‍സോളിനും മൂസക്കുമിടയില്‍
നിയമങ്ങളില്ല.”
കാമുവിന്റെ നിരീക്ഷണത്തെ പൊളിച്ചെഴുതുന്ന കാഴ്ചപ്പാടിലേക്ക്
ഹാറൂന്‍ എത്തുന്നത് ജ്യേഷ്ഠന്റെ ദുര്‍വ്വിധിയില്‍ നിന്നാണ്.
“എന്റെ പാവം ചേട്ടന് ഇതില്‍ ഒരു പങ്കുമുണ്ടായിരുന്നില്ല.. ഞാനും എന്റെ ചേട്ടനും ഞങ്ങളുടെ മുതുകില്‍ അല്ലെങ്കില്‍
ഞങ്ങളുടെ നാടിന്റെ ഉള്‍ത്തടങ്ങളില്‍ ചുമക്കുന്നതെന്തോ
അതാണ് അസംബന്ധം (the absurd). അല്ലാതെ മറ്റെയാള്‍ എന്തായിരുന്നു എന്നതോ, അല്ലെങ്കില്‍ അയാള്‍ എന്ത്
ചെയ്തു എന്നതോ ആയിരുന്നില്ല"
മരിച്ചവനെ ചുമക്കേണ്ടി വരുന്നത്
സംഭവം
കഴിഞ്ഞു ഇപ്പോള്‍ ഏഴു പതിറ്റാണ്ടുകള്‍ക്കു ശേഷം, മൊഹ്സിന്‍ ഹമീദിന്റെ The Reluctant
Fundamentalist എന്ന
കൃതിയുടെ മാതൃകയില്‍, ഒരന്വേഷകനോട് ഒറാനിലെ ഒരു
ബാറില്‍ ഇരുന്നു ഹാറൂന്‍ നാടകീയ സ്വഗതാഖ്യാന രൂപത്തില്‍ (dramatic monologue) കഥ പറയുന്നു. ബാറുകള്‍ ഒരാള്‍ക്ക് തന്റെ
പ്രായത്തേയും തന്റെ ദൈവത്തെയും ഭാര്യയേയും കണ്ണുവെട്ടിച്ച് രക്ഷനേടാനുള്ള
ഇടമാണെന്നു അയാള്‍ നിരീക്ഷിക്കുന്നുണ്ട്. കാമുവിന്റെ കൃതിയുടെ നേര്‍ വിപരീതമായ ഒരു
പ്രസ്ഥാവനയിലൂടെയാണ് അയാളുടെ കഥനം ആരംഭിക്കുക:
“മമ്മ ഇന്നും ജീവിച്ചിരിക്കുന്നു!”
അന്നത്തെ ഏഴുവയസ്സുകാരന്‍ ജീവിതം ഏതാണ്ട് കൈവിട്ടുപോയ
അവിവാഹിതനും ആരുമല്ലാത്ത വെറുമൊരു കുടിയനുമായ വൃദ്ധനാണ്. നേരത്തെ മടങ്ങിവരുമെന്ന് പതിവില്ലാത്ത വിധം മമ്മയോട് കുശലം
പറഞ്ഞാണ് അന്നേദിവസം ഏട്ടന്‍ പുറത്തു പോയതെന്ന് അയാള്‍ ഓര്‍ക്കുന്നു. പിന്നീടെന്തു സംഭവിച്ചു എന്നതിന് ഒരു തെളിവുമില്ല. അയാള്‍ കടപ്പുറത്തുവെച്ചു കൊല്ലപ്പെട്ടു എന്ന് മമ്മയും
അനുജനും മനസ്സിലാക്കുന്നുവെന്ന് മാത്രം. ദേഹം കണ്ടുകിട്ടുന്നതേയില്ല. കോടതി
രേഖകളിലോ പത്ര വാര്‍ത്തകളിലോ അതേക്കുറിച്ച് സൂചനകള്‍ ഇല്ല. മതാചാര പ്രകാരം നാല്‍പ്പതു ദിവസം കഴിഞ്ഞു അയാള്‍ മരിച്ചതായി
ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നു, “ശൂന്യമായ ഒരു കുഴിമാടത്തില്‍ മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന"യോടെ ഒരടക്കം അഭിനയിക്കപ്പെടുന്നു. ഈ ആനുഭവങ്ങളില്‍ നിന്നാണ് ജീവിതത്തെ സംബന്ധിച്ച ആഴമുള്ള
അസംബന്ധ ബോധത്തിലേക്ക് ഹാറൂന്‍ എത്തിച്ചേരുന്നത്:
“ഒരു മനുഷ്യന്റെ ജീവിതത്തിലെ അവസാന ദിനമെന്നത് നിലനില്ക്കുന്നേയില്ല. കഥാപുസ്തകങ്ങള്‍ക്ക് പുറത്ത്
പ്രതീക്ഷ എന്നതില്ല, പൊട്ടിത്തകരുന്ന സോപ്പ്
കുമിളകള്‍ അല്ലാതെ. എന്റെ
പ്രിയ സുഹൃത്തെ, അതാണ് നമ്മുടെ അസംബന്ധമായ
നിലനില്‍പ്പിന്റെ ഏറ്റവും നല്ല തെളിവ് . ഒരാള്‍ക്കും ഒരു അന്ത്യദിനം നല്കപ്പെടുന്നില്ല, ഉള്ളത് അയാളുടെ
ജിവിതത്തില്‍ യാദൃശ്ചികമായ ഒരിടപെടല്‍ മാത്രം"
ദുഃഖ ഭാരത്തോടെ മമ്മ പ്രതിവിധി തേടി അലയുകയും ഒന്നും
ഫലിക്കാതാവുമ്പോള്‍ കഥകളില്‍ അഭയം തേടുകയും ചെയ്യുന്നു. എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് "ആയിരത്തൊന്നു
കഥകള്‍" മെനയുന്നു. ഓരോ രാവിലും ഒരു കഥയാണ് അവര്‍ കുഞ്ഞു ഹാറൂനോട് പറയുക. എന്നാല്‍ എല്ലാ കഥകളിലും മൂസ അന്യായത്തിനെതിരെ നീതി തേടുന്ന
ആത്മാവാണ്, ഒരു ഹീറോയും. ഒരു ചെറു പട്ടണത്തില്‍ ഒരിക്കലും വിട്ടുപോകാത്ത ഒരു
മരണത്തിന്റെ നിഴലില്‍ വളരേണ്ടി വരുന്നത് ഹാരൂനെ മാനസികമായി ബാധിക്കാതെ വയ്യ.
“മമ്മ തന്റെ ഭയങ്ങള്‍ മുഴുവനും എന്നില്‍ സംക്രമിപ്പിച്ചു, ഒപ്പം മൂസയെയും അയാളുടെ പ്രേതത്തെയും. മാതാവിനും മരണത്തിനുമിടയില്‍ ആ
നിലയില്‍ കെണിയിലകപ്പെട്ടുപോയ ഒരു കൗമാരക്കാരന് എന്ത് ചെയ്യാനാവും?.”
“എനിക്കൊരു പ്രേതത്തിന്റെ കുട്ടിക്കാലമായിരുന്നു ”
എന്ന് തന്നെ കുറിച്ച് പറയുന്ന ഹാറൂന്‍ ഒരു ഘട്ടത്തില്‍
മമ്മയോടും പറയുന്നുണ്ട്:
“നിങ്ങള്‍ക്ക് ഒരു പ്രേതത്തെയാണ് വേണ്ടത്,
എനിക്കാവട്ടെ,
ഒരെണ്ണത്തെ
ഒന്നൊഴിവാക്കി കിട്ടുകയും വേണം.”
സിസിഫസിനെ പോലെ ഒരു നിരന്തരം ഉരുട്ടിക്കേറ്റലില്‍ ആണയാളുടെ
ജീവിതം കഴിഞ്ഞത്, അതൊരു പ്രേതത്തെ ആയിരുന്നു
എന്ന് മാത്രം.
തിരിച്ചെഴുത്ത്, തിരിച്ചു പിടിക്കല്‍:
കൊളോണിയല്‍
കാലത്ത് മാത്രമല്ല, സ്വാതന്ത്ര്യ പ്രാപ്തിക്കു
ശേഷവും ആരും ഇരയുടെ കാര്യം അന്വേഷിച്ചില്ലെന്നു ഹാറൂന്‍ രോഷം കൊള്ളുന്നു. എല്ലാവരും എഴുത്തുകാരന്റെ ഗദ്യത്തിന്റെ മനോഹാരിതയില്‍
ലയിച്ചു കൊലയാളിയുടെ എകാന്തതയോട് സമഭാവനയില്‍ ആയിപ്പോയെന്നു അയാള്‍ കണ്ടെത്തുന്നു.
“ആര്‍ക്കാണ് ഇന്ന് മൂസയുടെ പേരറിയുക? ഏതു നദിയാണ് അയാളെ കടലിലേക്ക് കൊണ്ട് പോയതെന്ന്, ഏതാണ് അയാള്‍ തനിച്ച്, തന്റെ ജനത കൂടെയില്ലാതെ, ഒരു മാന്ത്രിക വടിയില്ലാതെ കാല്‍ നടയായി
മുറിച്ചു കടന്നതെന്ന്, ആര്‍ക്കറിയാം? മൂസയുടെ കയ്യില്‍ ഒരു തോക്കുണ്ടായിരുന്നോ എന്ന്
ആര്‍ക്കറിയാം? ഒരു
തത്വശാസ്ത്രം? അല്ലെങ്കില്‍ ഒരു സൂര്യാഘാതം?
എനിക്ക് താങ്കളോട് മൂസാക്ക് ഒരിക്കലും പറയാന്‍ കഴിയുമായിരുന്നില്ലാത്ത ആ കഥ പറയണം . ഈ ബാറിലെ ആ വാതില്‍
തുറന്നപ്പോള്‍ നിങ്ങള്‍ ഒരു കല്ലറ തുറക്കുകയായിരുന്നു, എന്റെ യുവ സുഹൃത്തെ.”
നീതി നടപ്പിലായിക്കാണണം എന്ന അയാളുടെ ലക്ഷ്യത്തിനു പിന്നില്‍
സ്വന്തമായി ഒരു ഗതികേടും കൂടിയുണ്ട്:
“ ഒരു പ്രേതം എന്നെ പിന്തുടരാന്‍ ഇല്ലാതെ വേണം എനിക്ക് മരിച്ചു പോവാന്‍. എനിക്ക് തോന്നുന്നു എന്തിനാണ് ആളുകള്‍ യഥാര്‍ത്ഥ
കഥകള്‍ എഴുതുന്നതെന്ന് ഇപ്പോള്‍ എനിക്കറിയാമെന്നു.”
എല്ലാ രാത്രികളിലും മരിച്ചവരുടെ ലോകത്ത് നിന്നെത്തുന്ന
സഹോദരന്‍ അയാളോട് ചോദിക്കുന്നുണ്ട്:
“എന്റെ കുഞ്ഞനുജാ, ഇത്
സംഭവിക്കാന്‍ നീ എന്ത് കൊണ്ട് അനുവദിച്ചു? ഞാനൊരു ബാലിയാടല്ല, ഞാന്‍
നിന്റെ സഹോദരനാണ്!”
അത് കൊണ്ടും കൂടിയാണ് ആ കഥ ഇത്തവണ അറബി ലിപി
ആവശ്യപ്പെടുന്നത് പോലെ വലത്തുനിന്ന് ഇടത്തോട്ടായി പൊളിച്ചെഴുതെണ്ടതുണ്ടെന്ന് അയാള്‍
കരുതുന്നത്.
മമ്മയുടെ ജീവിതവും മനസ്സും താളം തെറ്റുന്നതും ഇളയ മകനില്‍
ഒരു ശത്രുവിനെ/ മൂത്തവന്റെ
ദുരന്തത്തിന്റെ ഒരു ആരോപിത ഉത്തരവാദിയെ തേടുന്നതും അയാളുടെ വളര്‍ച്ചയെ ഏതാണ്ട്
മുരടിപ്പിക്കുന്നുണ്ട്. ലൈംഗിക ചോദന ഉള്‍പ്പടെ ജൈവിക
ഘട്ടങ്ങള്‍ ക്രമം തെറ്റിയും ഏറെ വൈകിയുമാണ് അയാളില്‍ ഉണരുക. ഒരു കാമിനിയെ കണ്ടെത്താനും കണ്ടെത്തിയവളെ തന്നോട് ചേര്‍ത്തു
നിര്‍ത്താനും അയാള്‍ പരാജയപ്പെടുന്നുണ്ട്. ഒരു ഘട്ടത്തില്‍ അയാള്‍ സ്വയം കുറ്റപ്പെടുത്തുന്നുമുണ്ട് സഹോദരന് പകരം
താനാവാതെ പോയതില്‍:
“ഒരു പക്ഷെ ഞാനായിരുന്നു അത്, ഞാന്‍ കായേന്‍ ആയിരിക്കാം, ഞാനെന്റെ സഹോദരനെ കൊന്നു!. അയാള്‍ മരിച്ചയന്നു മുതല്‍ പലപ്പോഴും അയാളെ കൊല്ലാന്‍ ഞാന്‍ ആഗ്രഹിച്ചു, ആ പ്രേതത്തെ ഒഴിവായിക്കിട്ടാന്‍, മമ്മയുടെ സ്നേഹം തിരിച്ചു പിടിക്കാന്‍, എന്റെ ഉടലും വികാരങ്ങളും
തിരിച്ചു പിടിക്കാന്‍... എന്റെ
കാര്യത്തില്‍ അതൊരു വിചിത്രമായ കഥയാണ്. നിങ്ങളുടെ ആ ഹീറോയാണ് കൊല നടത്തുന്നത്, ഞാനാണ് കുറ്റബോധം പേറുന്നത്, ഞാനൊരാളാണ് അലഞ്ഞു തിരിയാന്‍ ശപിക്കപ്പെടുന്നത്.”
ആരും കാണാത്ത കിണറ്റില്‍ എറിയപ്പെട്ട കുഞ്ഞായ യൂസുഫ് നബിയെ
പോലെ അയാളുടെ പ്രേതം പോലും കണ്ടു കിട്ടാതെ പോയത് നഷ്ടപരിഹാര സാധ്യതയും
ഇല്ലാതാക്കിയത് മമ്മയെ ഉലച്ചിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് ഒരു മാപ്പപേക്ഷ, സ്വാതന്ത്ര്യാനന്തരം എന്തെങ്കിലും ഒരു നഷ്ട പരിഹാരം- ഒന്നുമുണ്ടായില്ല. 'ഒരൊറ്റ ദിവസം കൊണ്ട് സ്വന്തം പേരും ജീവിതവും ദേഹം തന്നെയും നഷ്ടമാവുക എന്നത്
ഭ്രാന്ത് പിടിപ്പിക്കുന്ന ചിന്തയാണെന്നു ഹാറൂന് കൂട്ടിച്ചേര്‍ക്കുന്നു. കൊലയിലേക്ക് നയിച്ചതെന്നു മെര്‍സോള്‍
സൂചിപ്പിക്കുന്നതൊന്നും വാസ്തവമല്ലെന്നു ഹാറൂന്‍ പറയുന്നുണ്ട്.
'എന്റെ സഹോദരനോ കൂട്ടുകാരനോ അയാളെയോ കൂട്ടിക്കൊടുപ്പുകാരനായ കൂട്ടാളിയെയോ കൊല്ലാനുള്ള ഉദ്ദേശം
ഉണ്ടായിരുന്നില്ല. അവര്‍ എല്ലാവരും,
നിങ്ങളുടെ
നായകന്‍, കൂട്ടിക്കൊടുപ്പുകാരന്‍,
അതുപോലെ
ആയിരക്കണക്കിനുള്ളവര്‍, നാടുവിടുന്നത് കാത്തിരിക്കുക
മാത്രമായിരുന്നു അവര്‍.'
മൂസയും സുഹൃത്തും ഒരു ലൈംഗികത്തൊഴിലാളി സ്ത്രീയെ
സംരക്ഷിക്കാന്‍ ശ്രമിക്കയായിരുന്നു എന്ന ആരോപണവും ഹാറൂന്‍ തള്ളിക്കളയുന്നു. അങ്ങനെ
ഒരു സ്ത്രീ കഥാകാരന്റെ കണ്ടുപിടുത്തമാണെന്നു അയാള്‍ പറയുന്നു. നോവലില്‍ കടന്നു
വരുന്ന രണ്ടു സ്ത്രീ ബിംബങ്ങള്‍ അറബ് ദേശത്തിന്റെ പ്രതീകം തന്നെയാണെന്ന്
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അസാധ്യമായ നിഷ്കളങ്കതയുടെ പ്രതീകമായ മേരിയും മൂസയുടെ
സഹോദരിയെന്നു ആരോപിക്കപ്പെട്ട, 'പിഴച്ചവള്‍' എന്ന് സൂചിപ്പിക്കുന്ന സാങ്കല്‍പ്പിക
സ്ത്രീയും. ദേശത്തിനെയെന്നപോലെ പുറത്തുനിന്നു വന്നവരും പോയവരുമെല്ലാം ചേര്‍ന്ന്
ആക്രമിക്കപ്പെടുന്നവര്‍, അറബികളുടെ സ്വന്തം പ്രതിരോധം കാത്തിരിക്കുന്നവര്‍.
'അസംബന്ധത്തിന്റെ അള്‍ജീരിയന്‍ പതിപ്പ്'
ഒരു
പ്രതികാരക്രിയയിലൂടെയല്ലാതെ മമ്മയുടെ വിശ്വാസം തിരിച്ചു പിടിക്കാനാവില്ല
എന്നറിയുന്ന ഹാറൂന് അതിനവസരം കിട്ടുന്നത് 1962-ല്‍ സ്വാതന്ത്ര്യപ്രാപ്തിയുടെ
തൊട്ടു പിറകിലുള്ള ചൂട് പിടിച്ച അവസ്ഥയില്‍ ആണ്. നോവലിന്റെ രണ്ടാം പകുതി 'അസംബന്ധാവസ്ഥയുടെ അള്‍ജീരിയന്‍ പതിപ്പ്' എന്ന് പറയാവുന്ന ഈ കൊലയുമായും അതിന്റെ വിചാരണയുമായും
ബന്ധപ്പെട്ടതാണ്. ഇത്തവണ അത് രാത്രി രണ്ടുമണിക്ക്
നിറഞ്ഞ നിലാവിലാണ്, അയാളുടെ ഇരക്ക് കൃത്യം പേരും
ഉണ്ട്. കൃത്യമായും ഒരു തല തിരിഞ്ഞ
പാരഡിയായി അയാള്‍ ജോസെഫ് മാര്‍ക്കേസ് എന്ന ഫ്രഞ്ചുകാരനെ വിശേഷിച്ച് കാരണം
ഒന്നുമില്ലാതെ വധിക്കുന്നു. ഈ കൃത്യമാകട്ടെ, 1961-ല്‍ പാരീസില്‍ നടന്ന അള്‍ജീരിയന്‍ പൗരന്മാരുടെ
കൂട്ടക്കൊലക്ക് പ്രതികാരമെന്നോണം 1962- ല്‍ ഒറാനില്‍ അരങ്ങേറിയ
യൂറോപ്യന്‍ പൗരന്മാര്‍ക്കെതിരായ കൂട്ടക്കൊലയും അതിനെ സ്വതന്ത്ര അള്‍ജീരിയന്‍
രാഷ്ട്രീയ നേതൃത്വവും മീഡിയയും ചേര്‍ന്ന് ഒതുക്കിക്കളഞ്ഞ സംഭവവും ആണ്
സൂചിപ്പിക്കുന്നതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അയാള്‍ വിചാരണ ചെയ്യപ്പെടുക, കാമുവിന്റെ
നോവലിലെ സാഹചര്യത്തിന്റെ പാരഡി എന്നോണം ഫ്രഞ്ചുകാരനെ കൊന്നു എന്നതിലേറെ അത് വേണ്ട
സമയത്തായില്ല എന്നതിനാണ്. സ്വാതന്ത്ര്യ സമര കലാപങ്ങളുടെ
നാളിലായിരുന്നെങ്കില്‍ അതൊരു വീരോചിത പ്രവര്‍ത്തിയായേനെ.
ഇടുക്കുതൊഴുത്തുകള്‍ - വിശ്വാസത്തിന്റെയും
ദേശീയതയുടെയും
സ്വാതന്ത്ര്യത്തിനു
മുമ്പേ ഒരുപോലെ തുറിച്ചു നോക്കുന്ന ദ്വന്ദ്വങ്ങള്‍ നോവലിലുടനീളം പരസ്പരം മുഖാമുഖം
നില്‍ക്കുന്നുണ്ട്: ഫ്രഞ്ച് സാമ്രാജ്യത്വവും അള്‍ജീരിയന്‍
ദേശീയതയും, ഫ്രഞ്ച് -അറബ്
ദ്വന്ദ്വം, മനുഷ്യ സൃഷ്ടം -ദൈവ വിധി, ഹാരൂണ്‍- മെര്‍സോള്‍
എന്നിങ്ങനെ. സ്വാതന്ത്ര്യാനന്തരം ഈ
ദ്വന്ദ്വങ്ങള്‍ സൈനിക ദേശീയതയും മതാത്മക സാര്‍വ്വ ദേശീയതയും എന്ന മട്ടില്‍
രൂപാന്തരപ്പെടുന്നത് ഹാറൂന് മുന്കൂട്ടിക്കാന്നുണ്ട്. രണ്ടും ഒരുപോലെ മലീമസമാണെന്ന് അയാള്‍ തിരിച്ചറിയുന്നു. അറബിത്തം എന്നത് നീഗ്രോസങ്കല്‍പ്പനത്തിലെന്ന പോലെ
വെളുത്തവന്റെ കണ്ണില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നാണെന്ന് അയാള്‍ക്കറിയാം. 'ദി ഔട്ട്സൈഡര്' പോലെ ഖുറാനെയും വിമര്‍ശന വിധേയമാക്കെണ്ടതുണ്ടെന്നും അയാള്‍ വിശ്വസിക്കുന്നു. അള്‍ജീരിയ സ്വതന്ത്രമാകും എന്ന കാര്യത്തില്‍ ഹാറൂന്
സന്ദേഹമേതും ഉണ്ടായിരുന്നില്ല. എന്നാല്‍
സ്വാതന്ത്ര്യാനന്തരം 'കേണല്‍മാര്‍ക്കും ഇമാമുമാര്‍ക്കുമിടയില്‍', 'അല്ലാഹുവിനും മടുപ്പിനുമിടയില്‍' അള്‍ജീരിയ നഷ്ടപ്പെട്ടു പോകുമെന്ന് തിരിച്ചറിയുന്നതോടെ
അയാള്‍ സ്വന്തം നാട്ടില്‍ ഒരന്യനാവുന്നു. നാട് ദശലക്ഷക്കണക്കിന് മെര്‍സോളുമാരെ കൊണ്ട് നിറയുന്ന അവസ്ഥ അയാള്‍ മുന്‍കൂട്ടി
കാണുന്നു. എല്ലാറ്റിനുമുപരി സ്വാര്‍ത്ഥംഭരികളായ
മത മേലാളന്മാരെ അയാള്‍ വെറുക്കുന്നു. മത തീവ്രവാദത്തിന്റെ പൊറുതിമുട്ടലില്‍ അയാള്‍ പൊട്ടിത്തെറിക്കുന്നുണ്ട്:
"ചിലപ്പോള്‍ എനിക്ക് എന്റെ ദൈവ ദൂഷണങ്ങള്‍ എണ്ണിപ്പറഞ്ഞു അലറാന്‍ തോന്നുന്നു. ഞാന്‍ നമസ്ക്കരിക്കില്ലെന്ന്, അതിനായി അംഗശുദ്ധി
വരുത്തില്ലെന്ന്, നോമ്പ് നോല്ക്കില്ലെന്ന്, ഒരിക്കലും ഒരു തീര്‍ത്ഥാടനത്തിനു
പോകില്ലെന്ന്, മദ്യപികുമെന്ന്... ഞാന്‍ സ്വതന്ത്രനാണെന്ന്
വിളിച്ചു പറയാന്‍. ദൈവം ഒരു ചോദ്യമാണെന്ന്, ഒരുത്തരമല്ലെന്ന്, എന്റെ ജനന സമയത്തെന്ന പോലെ മരണ
സമയത്തും എനിക്കവനെ തനിയെ നേരിട്ട് കാണണമെന്ന്..”
മെര്‍സോളിന്റെ കാര്യത്തില്‍ പാതിരിയെന്നപോലെ, ഒരു പക്ഷെ അതിനേക്കാള്‍ രൂക്ഷമായി, ഒരു കൂട്ടം മത മൗലിക വാദികളാണ് അയാളെ നേരിടുക. എന്നാല്‍ തന്റെ കാഴ്ചപ്പാടുകള്‍ അയാള്‍ അര്‍ത്ഥ
ശങ്കയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്:
“എന്നെ സംബന്ധിച്ചേടത്തോളം മതമെന്നത് ഞാനൊരിക്കലും
ഉപയോഗിക്കുന്നില്ലാത്ത ഒരു പൊതു വാഹനമാണ്. ഈ ദൈവം- അദ്ദേഹത്തിന്റെ ദിശയില്‍ സഞ്ചരിക്കാന്‍ എനിക്കിഷ്ടമാണ്, എന്നാല്‍ സംഘടിപ്പിച്ച ഒരു
യാത്ര നടത്താന്‍ താല്പര്യമില്ല. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം എനിക്കെന്നും വെള്ളിയാഴ്ച്ചകളെ വെറുപ്പാണ്. ഞാനൊരു വിശ്വാസിയാണോ? സ്വര്‍ഗ്ഗമെന്ന പ്രശ്നത്തെ അനിവാര്യമായതിനെ അംഗീകരിച്ചു കൊണ്ട് തന്നെ ഞാന്‍ നേരിട്ടിട്ടുണ്ട്: ചെറുപ്പത്തിലേ
ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്, എന്നെക്കുറിച്ച് വെറുതെ വാചകമടിക്കുന്നവര്‍- മാലാഖമാരോ, ദൈവങ്ങളോ, ചെകുത്താനോ, പുസ്തകങ്ങളോ, ആരുമേതുമാകട്ടെ- അവരാരുമല്ല, ഞാന്‍ മാത്രമാണ്
മരണത്തിന്റെയും ജോലിഭാരത്തിന്റെയും രോഗങ്ങളുടെയും ദുഃഖവും ചുമതലകളും പേറിയത്. ഞാന്‍
തനിച്ചാണ് വൈദ്യുതി ബില്ലടക്കുന്നത്, എന്നെ
തനിയേയാവും ഒടുവില്‍ പുഴുക്കള്‍ ഭക്ഷിക്കുക. അത് കൊണ്ട് പോയി തുലയട്ടെ. അതുകൊണ്ട്
ഞാന്‍ മതത്തെയും വിധേയത്വത്തെയും വെറുക്കുന്നു. ഒരിക്കലും ഭൂമിയില്‍
കാലുകുത്തിയിട്ടില്ലാത്ത , ഒരിക്കലും വിശപ്പെന്തെന്ന്
അറിഞ്ഞിട്ടില്ലാത്ത, അഥവാ ജീവിക്കാന്‍ വേണ്ടി തൊഴിലെടുക്കേണ്ടി
വന്നിട്ടില്ലാത്ത ഒരു പിതാവിന്റെ പിറകെ ആര്‍ക്കാണ് ഓടിത്തളരേണ്ടത്?”
പ്രാര്‍ത്ഥനപോലുള്ള കാട്ടിക്കൂട്ടലുകള്‍ തികഞ്ഞ അസംബന്ധമാണ്
എന്ന് ഹാറൂന്‍ നിരീക്ഷിക്കുന്നു:
“ ആകാശത്തേക്കുയരുന്ന ഒന്നിനെയും എനിക്കിഷ്ടമല്ല, ഗുരുത്വാകര്‍ഷണത്തില്‍ വരുന്നവയെ മാത്രമേ
എനിക്കിഷ്ടമുള്ളൂ. മതങ്ങളെ ഞാന്‍ വെറുക്കുന്നു എന്ന്
തന്നെ പറയേണ്ടി വരും, അവയെ
എല്ലാത്തിനെയും. കാരണം അവ ലോകത്തിന്റെ ഭാരത്തെ നുണയാക്കുന്നു. ചിലപ്പോള്‍ എന്റെ അയല്‍ക്കാരനെ
എന്നില്‍ നിന്ന് വേര്‍പ്പെടുത്തുന്ന മതിലിനു കുറുകെ
അലറിവിളിക്കാന്‍ എനിക്ക് തോന്നുന്നു; എന്നിട്ട് അയാളുടെ
കഴുത്തിനു കുത്തിപ്പിടിച്ചു അയാളുടെ കരയുന്ന പ്രാര്‍ഥന
ചൊല്ലല്‍ നിര്‍ത്തി ലോകത്തെ അംഗീകരിക്കാന്‍, കണ്ണ് തുറന്നു അതിന്റെ ശക്തിയെ, അയാളുടെ സ്വന്തം
ആഭിജാത്യത്തെ കാണാന്‍, സ്വര്‍ഗ്ഗത്തിലേക്ക്
ഒളിച്ചോടുകയും പിന്നീടൊരിക്കലും തിരിച്ചു വരാതിരിക്കുകയും ചെയ്ത ഒരു പിതാവിന് പിറകെ പായുന്നത് നിര്‍ത്താന്‍ അയാളോട് ആക്രോശിക്കാനും.”
പോയ നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളില്‍ മുതല്‍ അള്‍ജീരിയയില്‍
ശക്തി പ്രാപിച്ച മത തീവ്രവാദ-മൌലിക വാദ സാഹചര്യങ്ങളിലും തന്റെ നിലപാടുകളില്‍ ഉറച്ചു നിന്ന
കെമാല്‍ ദാവൂദ് മത ഭ്രാന്തരുടെ കടുത്ത ഭീഷണിയുടെ നിഴലിലാണിപ്പോഴും എന്നത് ഇതോടു
ചേര്‍ത്തു കാണേണ്ടതാണ്.
കാമുവിന്റെ ഇരുണ്ടതും വികാര രഹിതവുമായ ദര്‍ശനത്തെ അതിവൈകാരികത ഒട്ടുമില്ലെങ്കിലും ഏറെ വികാര സാന്ദ്രവും തരളവുമായ, ഇടക്കൊക്കെ സറ്റയറിന്റെ അകമ്പടിയുള്ള കാവ്യാത്മക ഭാഷയിലാണ് കെമാല്‍ ദാവൂദ് പൊളിച്ചെഴുതുന്നതും ഒരു പക്ഷെ പൂരിപ്പിക്കുന്നതും. 'എല്ലായിപ്പോഴും ഒരു കേള്‍വിക്കാരനെ സ്വപ്നം കാണുന്നവനാണ് ഒരു കുടിയനെ'ന്നു കഥ പറയാനുള്ള വ്യഗ്രതയില്‍ സ്വയം പരിഹസിച്ചു കൊണ്ടാണ് ഹാരൂണ്‍ തുടങ്ങുന്നത് തന്നെ എന്നത് ശ്രദ്ധേയമാണ്. എന്നാല്‍, ആഴമുള്ള ദര്‍ശനങ്ങള്‍ അയാളുടെ ചിന്തകളില്‍ അന്തര്‍ലീനമായിട്ടുണ്ട് എന്നത് 'മെര്‍സോള്‍ കേസന്വേഷണ'ത്തെ 'അന്യ'ന്റെ ഒരനിവാര്യ പൂരക പുസ്തകമെന്ന നിലയിലേക്ക്, ഒരു വര്‍ത്തമാനകാല ക്ലാസിക് എന്ന നിലയിലേക്ക് നിസ്സംശയം ഉയര്‍ത്തുന്നുണ്ട്.
(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍, Logos Books, പേജ് 144-152)
To purchase, contact
ph.no: 8086126024
read more:
Season of Migration to the North by Tayeb Salih
https://alittlesomethings.blogspot.com/2024/09/season-of-migration-to-north-by-tayeb.html
The Moor's Account by Laila Lalami
https://alittlesomethings.blogspot.com/2016/09/blog-post_27.html
The Kindness of Enemies by Leila Aboulela
https://alittlesomethings.blogspot.com/2018/08/blog-post_6.html
Hope and Other Dangerous Pursuits by Laila Lalami (revised)