Featured Post

Thursday, October 17, 2024

Han Kang

 ഹാന്‍ കാങ്ങ് : നോബേല്‍ പുരസ്കാരത്തിലെ ഏഷ്യന്‍പെണ്മ



    യൂറോപ്പില്‍ നിന്നും, വിശേഷിച്ചും സ്വീഡനില്‍, വടക്കേ അമേരിക്കയില്‍നിന്നുമുള്ള വെളുത്ത വര്‍ഗ്ഗക്കരായ പുരുഷ എഴുത്തുകാരോട് അക്കാഡമിക്കുള്ള പക്ഷപാതിത്തം ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നത് അക്കാദമിയെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു തുടങ്ങിയിട്ടുണ്ടോ? അടുത്ത കാലത്ത് അത്തരം സൂചനകളുണ്ട്. ഹാന്‍ കാങ്ങിന്റെ പുരസ്കാര ലബ്ധിയും ഇതോടു ചേര്‍ത്തു കാണാം. നോബല്‍ പുരസ്കാരത്തിന്റെ 120 വര്‍ഷത്തെ ചരിത്രത്തില്‍ പതിനെട്ടാമത്തെ മാത്രം വനിതാ ജേതാവ് ആദ്യ ഏഷ്യന്‍ വനിതയുമായിത്തീര്‍ന്നുവല്ലോ അവര്‍.   

    Nobel Citation: ‘ചരിത്രപരമായ ആഘാതങ്ങളോട് നേർക്കുനേർ നിൽക്കുന്ന, മനുഷ്യജീവിതത്തിന്റെ ദൗർബല്യം തുറന്നുകാട്ടുന്ന തീക്ഷ്ണമായ കാവ്യാത്മക ഗദ്യം എന്ന് നൊബേൽ പുരസ്കാരസമിതി ഹാൻ കാങ്ങിന്റെ സാഹിത്യത്തെ വിലയിരുത്തുന്നു. Nobel committee chairman Anders Olsson: ‘ദുര്ബ്ബലരോട്, പലപ്പോഴും സ്ത്രീജീവിതത്തോടുള്ള ശാരീരിക തന്മയീഭാവം പ്രകടിപ്പിക്കുന്ന അവരുടെ കൃതികളില്‍ ‘ശരീരവും ആത്മാവും തമ്മിലും ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുമുള്ള ബന്ധത്തെ കുറിച്ച് അനന്യമായ ബോധ്യമുണ്ട്, കാവ്യാത്മകവും പരീക്ഷണാത്മകവുമായ  ശൈലിയില്‍ സമകാലിക ഗദ്യത്തില്‍ അവരൊരു നൂതന പാത സൃഷ്ടിക്കുന്നു.’

    മാനുഷികാവസ്ഥയില്‍ ലീനമായ ഹിംസാത്മകത, അത് സൃഷ്ടിക്കുന്ന ട്രോമ, സ്വത്വ സംഘര്‍ഷങ്ങള്‍, പരമ്പരാഗത, പുരുഷാധികാര മൂല്യങ്ങളും ശ്രേണീബദ്ധമായ കുടുംബ വ്യവസ്ഥയില്‍ അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീത്വത്തിന്റെ സംഘര്‍ഷങ്ങളും തുടങ്ങി, ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ വ്യക്തികളും സമൂഹങ്ങളും നേരിടേണ്ടിവരുന്ന ഹിംസയുടെ ശാരീരിക, മാനസിക ആഘാതങ്ങളും വരെ ഹാന്‍ കാങ്ങിന്റെ കൃതികളില്‍ നിരീക്ഷിക്കപ്പെടുന്നു. ലോക വായനാ സമൂഹത്തിന് അവരെ അതിശക്തമായ രീതിയില്‍ പരിചയപ്പെടുത്തിയ കൃതി എന്ന നിലയില്‍, The Vegetarian വായിക്കുന്നത് അവരുടെ രചനാലോകത്തേക്കുള്ള മികച്ച പ്രവേശികയാകും.

    ഇവിടെ സൂചിതമാകുന്ന വ്യത്യസ്ത തലങ്ങളില്‍ ഹാന്‍ കാങ്ങിന്റെ കൃതികളെ സമീപിക്കാന്‍, The     Vegetarian, Human Acts എന്നിവയുടെ വായന സഹായകമാകും.

    ‘മാംസാഹാരം ഉപേക്ഷിക്കാനുള്ള ഒരു സ്ത്രീയുടെ തീരുമാനം സര്‍വ്വനാശകാരിയായ പരിണതികള്‍ സൃഷ്ടിക്കുന്നതിനെ കുറിച്ചുള്ള ഒരു അസ്വാസ്ഥ്യ ജനകമായ നോവല്‍ എന്ന് ആണ്ടെഴ്സണ്‍ ഓള്‍സണ്‍ നിരീക്ഷിക്കുന്നു. നോവലിനെ കുറിച്ച് നോവലിസ്റ്റ് ഇങ്ങനെ വിവരിച്ചു: ‘മനുഷ്യനായിരിക്കുക എന്നതിനെക്കുറിച്ച് ചോദ്യമുയര്‍ത്താന്‍ ഞാനാഗ്രഹിച്ചു, ഒപ്പം മനുഷ്യ കുലത്തില്‍ ചേര്‍ന്നുനില്‍ക്കാനാഗ്രഹിക്കാത്ത, അത്തരം ഹിംസയില്‍ ആറാടുന്ന മനുഷ്യരില്‍ ഒരാളായിരിക്കുക എന്നതിനെ അതിതീവ്രമായി തിരസ്കരിച്ച ഒരു സ്ത്രീയെ വിവരിക്കാന്‍ ഞാനാഗ്രഹിച്ചു.’

കൂടുതല്‍ വായനക്ക്:

The Vegetarian by Han Kang/ Deborah Smith

https://alittlesomethings.blogspot.com/2024/10/the-vegetarian-by-han-kang-deborah-smith.html

    മനുഷ്യസൃഷ്ടമായ ചരിത്ര ദുരന്തങ്ങളുടെ ഭീകരതയും ട്രോമയും അതനുഭവിച്ചവരുടെ തന്നെ ആഖ്യാനങ്ങളായി സാഹിത്യത്തില്‍ അടയാളപ്പെടുമ്പോള്‍, അതിനു വൈയക്തികവും സഞ്ചിത സാമൂഹികവുമായ പ്രകൃതങ്ങള്‍ ഉണ്ടാവും. വിസ്മരിക്കപ്പെടുകയോ മൌന മുദ്രിതമാകുകയോ ചെയ്യാന്‍ ഇടയുള്ള മഹാദുരന്തങ്ങള്‍, യുദ്ധം, വംശഹത്യ, രാഷ്ട്രീയ അടിച്ചമര്‍ത്തല്‍, തുടങ്ങിയ വ്യവസ്ഥാപിത ഹിംസയുടെ അത്യാചാരങ്ങളെ വരും തലമുറക്കായി ആഖ്യാനം ചെയ്യപ്പെടുന്ന ഇത്തരം കൃതികള്‍ ‘witness literature’ എന്ന് വിവരിക്കപ്പെടുന്നു. ‘വെജിറ്റേറിയ’നില്‍ നിന്ന് വ്യത്യസ്തമായി തികച്ചും ചരിത്ര ബന്ധിതമായി എഴുതപ്പെട്ട നോവല്‍ എന്ന നിലയില്‍ Human Acts വായിക്കുന്നത്, മുകളില്‍ ചൂണ്ടിക്കാണിക്കപ്പെട്ട ചരിത്രപരമായ ട്രോമാകളോടുള്ള ഹാന്‍ കാങ്ങിന്റെ പ്രതിബദ്ധത വെളിപ്പെടുത്തുന്നു.

    കൂടുതല്‍ വായനക്ക്:

Human Acts by Han Kang/ Deborah Smith

https://alittlesomethings.blogspot.com/2024/10/human-acts-by-han-kang-deborah-smith.html

read more: 

The Vegetarian by Han Kang/ Deborah Smith

https://alittlesomethings.blogspot.com/2024/10/the-vegetarian-by-han-kang-deborah-smith.html

Human Acts by Han Kang/ Deborah Smith

https://alittlesomethings.blogspot.com/2024/10/human-acts-by-han-kang-deborah-smith.html

10 Minutes 38 Seconds in this Strange World by Elif Shafak

https://alittlesomethings.blogspot.com/2024/10/10-minutes-38-seconds-in-this-strange.html

Lincoln in the Bardo by George Saunders

https://alittlesomethings.blogspot.com/2018/01/blog-post_86.html


No comments:

Post a Comment