പിൻകുറിപ്പ്
മുരീദ്
ബർഗൂത്തി തന്റെ 'ഐ സാ
റാമല്ല' (I Saw Ramallah) എന്ന കൃതിയിൽ മുന്നോട്ടുവെക്കുന്ന "കഥ രണ്ടാമതായി തുടങ്ങുക, ലോകം കീഴ്മേൽ മറിയും" ("Start
your story from 'Secondly,' and the world will be turned upside down")
എന്ന പ്രശസ്തമായ നിരീക്ഷണം കേവലം ഒരു സാഹിത്യ ആത്മഗതമല്ല; മറിച്ച്, അത് അധികാര
ശക്തികളും ആഗോള മാധ്യമ സംസ്കാരവും നിർമ്മിച്ചെടുക്കുന്ന ആഖ്യാനത്തിന്റെ
രാഷ്ട്രീയത്തെ (Politics of Narrative) കുറിച്ചുള്ള ആഴത്തിലുള്ള വിമർശനമാണ്.
ഒരു
ചരിത്രത്തെ അല്ലെങ്കിൽ സംഘർഷത്തെ എവിടെനിന്നാണ് പറയാൻ തുടങ്ങുന്നത് എന്നത് ആരാണ്
ഇര,
ആരാണ് അക്രമകാരി എന്ന് നിർണ്ണയിക്കുന്നതിലെ ഏറ്റവും
നിർണായകമായ ഘടകമാണ്. 'ഒന്നാമതായി' (Firstly
- The Root Cause) എന്നത് ഭൂമിശാസ്ത്രപരമായ
കൈയേറ്റങ്ങൾ, ചരിത്രപരമായ കുടിയൊഴിപ്പിക്കലുകൾ, വ്യവസ്ഥാപിതമായ അടിച്ചമർത്തലുകൾ, വംശീയമായ അനീതികൾ എന്നിവ അടങ്ങുന്ന യഥാർത്ഥ പശ്ചാത്തലത്തെ
സൂചിപ്പിക്കുന്നു. 'രണ്ടാമതായി' (Secondly
- The Reaction) ആകട്ടെ, ദശാബ്ദങ്ങൾ നീണ്ട അടിച്ചമർത്തലുകളിൽ നിന്നും
നീതിനിഷേധങ്ങളിൽ നിന്നും രൂപപ്പെടുന്ന സ്വാഭാവികമായ ജനകീയ പ്രതിരോധങ്ങളും
പ്രതികരണങ്ങളും ഉൾക്കൊള്ളുന്നു.
ഒരു
ജനതയുടെ ചരിത്രത്തെ അതിന്റെ വേരുകളിൽ (Firstly) നിന്ന് തന്ത്രപൂർവ്വം അടർത്തിമാറ്റി, അവരുടെ ആത്മരക്ഷാർത്ഥമുള്ള പ്രതികരണങ്ങളിൽ (Secondly) നിന്ന് മാത്രം ആഖ്യാനം ചെയ്തു തുടങ്ങുമ്പോൾ, കാര്യകാരണബന്ധങ്ങൾ തലകീഴായി മറിയുന്നു. ഇതോടെ അധിനിവേശ
വിരുദ്ധ പോരാട്ടങ്ങൾ 'കാരണമില്ലാത്ത
ക്രൂരതകളായും', അധിനിവേശ ശക്തികളുടെ
അതിക്രമങ്ങൾ 'നിയമപരമായ സ്വയംരക്ഷയായും' ആഗോള പൊതുബോധത്തിൽ ചിത്രീകരിക്കപ്പെടുന്നു. പലസ്തീൻ 'സംഘർഷം', 'മിഡിൽ ഈസ്റ്റ്
കോൺഫ്ലിക്റ്റ്' തുടങ്ങിയ സൗകര്യപ്രദമായ
സംജ്ഞകളിൽ നിരന്തരം വിനിമയം ചെയ്യപ്പെട്ടത് ഈ പൊതുബോധ ഉൽപ്പന്നമാണ്.
ഇത്തരത്തിൽ
കീഴ്മേൽ മറിക്കപ്പെട്ട യാഥാർത്ഥ്യങ്ങളെ യഥാസ്ഥാനത്തു പ്രതിഷ്ഠിക്കുക, അതായത് കഥയെ വീണ്ടും 'ഒന്നാമതായി' (Firstly) നിന്ന് പറയാൻ
തുടങ്ങുക എന്നതാണ് പലസ്തീൻ സാഹിത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട
സർവ്വതലസ്പർശിയായ പ്രമേയവും (Overarching Theme) പ്രഥമ രാഷ്ട്രീയ ദൗത്യവും. ഈ ആഖ്യാന രാഷ്ട്രീയം കേവലം ഒരു എഴുത്തുകാരന്റെ
മാത്രം അനുഭവമല്ല. ഗസ്സാൻ കനഫാനി, മഹ്മൂദ് ദർവീശ്, സഹർ ഖലീഫ, എമിൽ ഹബീബി
തുടങ്ങി ഏറ്റവും പുതിയ സമകാലിക എഴുത്തുകാർ വരെയുള്ളവരുടെ സാഹിത്യ ലോകത്തെ
കോർത്തിണക്കുന്ന പ്രമേയപരമായ പ്രധാനനൂൽ ഇതാണ്. 2026 ജൂലൈയിൽ പുറത്തിറങ്ങിയ തന്റെ ആദ്യ നോവൽ 'Ever Land' അവതരിപ്പിക്കുമ്പോൾ യുവ ബ്രിട്ടീഷ്-പലസ്തീനിയൻ നോവലിസ്റ്റ്
ആമി അബ്ദെൽ നൂർ, ബർഗൂത്തിയുടെ വിഖ്യാത വാക്കുകൾ
ഓർത്തെടുക്കുന്നത് അതുകൊണ്ടാണ്. അധിനിവേശവും പാശ്ചാത്യ ശക്തികളും
"രണ്ടാമതായി" (Secondly) കാണിക്കാൻ
ശ്രമിക്കുന്ന വാർത്താപ്രാധാന്യമുള്ള സംഘർഷങ്ങൾക്കും അപ്പുറം, തങ്ങളുടെ നഷ്ടപ്പെട്ടുപോയ വീടുകൾ, ഒലിവ് തോട്ടങ്ങൾ, സഹനത്തിന്റെയും
വേരുകളുടെയും അടയാളമായ കള്ളിമുൾച്ചെടികൾ (സബ്ർ), ഭൂതകാല
ഓർമ്മകൾ, പ്രവാസത്തിലെ സ്വത്വ പ്രതിസന്ധികൾ എന്നിവ അടങ്ങുന്ന
'ഒന്നാമത്തെ' (Firstly) ചരിത്രപരമായ
വേരുകളെ വീണ്ടെടുക്കാനാണ് പലസ്തീനിയൻ ആഖ്യാനങ്ങൾ നിരന്തരം
ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തന്മൂലം, ഈ സാഹിത്യം കേവലം ദുരന്തങ്ങളുടെ രേഖപ്പെടുത്തലല്ല, മറിച്ച് ചരിത്രത്തിന്റെ സാഹിതീയ പുനർവായനയും
സാഹിത്യത്തിന്റെ ചരിത്ര വീണ്ടെടുപ്പുമായി മാറുന്നു.
ഒരു
സംഘർഷ മേഖലയിൽ നേരിട്ട് ജീവിക്കാത്ത, ഭൂഗോളത്തിന്റെ മറ്റൊരു കോണിൽ ജീവിക്കുന്ന ഒരു പഠിതാവ്/വായനക്കാരൻ എന്തുകൊണ്ട്
പലസ്തീൻ സാഹിത്യത്തിലെ ഈ ആഖ്യാന രാഷ്ട്രീയത്തെക്കുറിച്ച് പഠിക്കണം എന്ന
ചോദ്യത്തിന് അക്കാദമികം മാത്രമല്ല, സാമാന്യ, സഹൃദയ പക്ഷത്തു
നിന്നുതന്നെ ന്യായീകരണമുണ്ട്: സാമ്രാജ്യത്വ/അധിനിവേശ ശക്തികൾ ആഗോളതലത്തിൽ 'കഥ രണ്ടാമതായി തുടങ്ങാൻ' ശ്രമിക്കുമ്പോൾ, ‘മിഡില്‍
ഈസ്റ്റ്’, തേര്‍ഡ് വേള്‍ഡ്, തുടങ്ങിയ സംജ്ഞകള്‍
തന്നെയും സംശയ നിഴലിലായ കാലത്ത്, ലോകത്തിന്റെ ഏത്
കോണിലിരുന്നും അതിലെ സത്യത്തെ തിരിച്ചറിയുകയും ഉറക്കെ പറയുകയും ചെയ്യുക എന്നത്
ഏതൊരു സ്വതന്ത്ര ഗവേഷകന്റെയും ജ്ഞാനശാസ്ത്രപരമായ ധാർമ്മിക കടമ (Epistemological
Responsibility) തന്നെയായി മാറുന്നുണ്ട്. ആഗോള
തെക്കൻ രാഷ്ട്രങ്ങളുടെ (Global South) പ്രതിരോധ
ആഖ്യാനങ്ങൾക്ക് പാശ്ചാത്യ ആധിപത്യത്തെ പ്രതിരോധിക്കാൻ എല്ലാ വായനാലോകങ്ങളിൽ
നിന്നും ഇന്ന് പിന്തുണ അനിവാര്യമാണ്.
അധിനിവേശ
വിരുദ്ധ പോരാട്ടങ്ങളുടെയും കോളനിവിരുദ്ധ രാഷ്ട്രീയത്തിന്റെയും ശക്തമായ
പാരമ്പര്യമുള്ള കേരളത്തിലെ സാമൂഹിക-സാഹിത്യ അന്തരീക്ഷത്തിൽ നിന്നുകൊണ്ട് പലസ്തീൻ
സാഹിത്യത്തെ സമീപിക്കുമ്പോൾ, അത് കേവലം ഒരു
അന്യദേശ പഠനമല്ല; മറിച്ച്, സാമ്രാജ്യത്വ വിരുദ്ധ സാഹിത്യ ബോധത്തിന്റെ സാംസ്കാരികമായ
ഒരു തുടർച്ചയും ചരിത്രപരമായ ഐക്യദാർഢ്യ പ്രഖ്യാപനവുമാണ്. സംഘർഷ മേഖലയിൽ
ജീവിക്കുന്ന എഴുത്തുകാരന് താൻ അനുഭവിക്കുന്ന നേരിട്ടുള്ള ആഘാതമാണ് (Immediate
Trauma) സാഹിത്യമെങ്കിൽ, അകലെയിരിക്കുന്ന പഠിതാവ് ആ അനുഭവങ്ങളെ ആഗോള മാനവികതയുടെ സാഹിത്യ
സൈദ്ധാന്തിക തലത്തിലുള്ളതോ അനുഭവ/ അനുഭൂതിപരമോ ആയ വിമർശനാത്മക പ്രതിരോധമായി കാണാന്‍
ശ്രമിക്കുന്നു. പാശ്ചാത്യ നിർമ്മിതികളെ വെല്ലുവിളിക്കുന്ന ഒരു
"പോസ്റ്റ്-കൊളോണിയൽ കൗണ്ടർ-നറേറ്റീവ്" (Post-colonial
Counter-narrative) നിർമ്മിക്കാൻ
ഭൂമിശാസ്ത്രപരവും വിമർശനാത്മകവുമായ ഈ അകലം തെളിമയുള്ള ഒരു കാഴ്ചപ്പാട്
നൽകിയേക്കാം.
ഇത്തരം
ഒരു നേട്ടം കൈവരിച്ചു ഈ പുസ്തകം എന്ന് ഇവിടെ വിവക്ഷയില്ല. എന്നാൽ ആ ദിശയിലേക്കാണ്
ഈ പുസ്തകം തിരിഞ്ഞിരിക്കുന്നത് എന്നേയുള്ളൂ.

No comments:
Post a Comment