മരണം ഒരു പിന്‍വാതിലടക്കലാണെങ്കില്‍ ഉറപ്പായ മരണത്തിന്റെ ഇടവേള അത് വിധിക്കപ്പെട്ടവന് ഒരു വലിയ തുറസ്സാണ്. ജീവിതത്തെ മുറുകെ പിടിക്കുന്നവര്‍ക്ക് പല കാരണങ്ങളാല്‍ സാധിക്കാനാവാത്ത അനുഭവങ്ങളുടെ ഭൂഖണ്ഠങ്ങളിലേക്ക് പര്യവേഷണം നടത്താന്‍, നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവന്റെ ധൈര്യത്തോടെ, ഒന്നും കാത്തുവെക്കേണ്ടതില്ലാത്തവന്റെ ഉദാരതയോടെ, വിലക്കുകളെ മാനിക്കേണ്ടതില്ലാത്തവന്റെ കൂസലില്ലായ്മയോടെ, അതൊരവസരമാണ്. ഇനിയുള്ള പരിമിതമായ നാളുകളില്‍ തനിക്കെന്തു ചെയ്യണം, എന്തായിത്തീരണം എന്ന ചോദ്യത്തെ എങ്ങനെ നേരിടുന്നു എന്നതിലാണ് ശിഷ്ട കാലം അടയാളപ്പെടുത്തപ്പെടുക. കരഞ്ഞു തീര്‍ക്കണോ, തന്നെ ആവശ്യമില്ലാത്തവരുടെ സഹതാപം കാത്തു നില്‍ക്കണോ, തന്നെ ആവശ്യമുള്ളവര്‍ക്ക് കൂട്ടും താങ്ങുമാവണോ, താനും സഹജീവികളും ഇരയായിപ്പോയ ജീവിത പരിസരങ്ങള്‍ക്കും ലോകക്രമത്തിനും മൂകസാക്ഷിയാവുന്നത് തുടരണോ അതോ ഒരവസാന ധീരതയുടെ പൊരുളറിഞ്ഞു അതിലൊരു മാറ്റമുണ്ടാക്കുന്നതിന്, രോഗമില്ലാത്തവരുടെ ലോകത്തിനു രക്ഷകനാകാന്‍ ഒരു കൈ ശ്രമിക്കണോ അഥവാ അതോടൊപ്പം ധൈഷണികവും ദാര്‍ശനികവുമായ സമസ്യകളെ നേരിടണോ എന്നതൊക്കെ താരതമ്യേന സ്വതന്ത്രമായ നിലയില്‍ തീരുമാനിക്കാനും നടപ്പിലാക്കാനും ഒരവസരമാവാം അത്. തുനിഞ്ഞിറങ്ങുമ്പോഴാവട്ടെ, താന്‍ തനിച്ചല്ലെന്നും അതൊരു വലിയ സമൂഹമാണെന്നും ഏറെയെളുപ്പം കണ്ടെത്താനുമാവും. മരണം പോലെ തര്‍ക്കമറ്റ ഒരു വിജയി വേറെയില്ലല്ലോ. സ്ലോവേനിയന്‍ നോവലിസ്റ്റ് എവാല്‍ദ് ഫ്ലിസറുടെ 'ഇഫ് ഐ ഒണ്‍ലി ഹാഡ് ടൈം' ഇരുപത്തിരണ്ടുകാരനായ സൈമണ്‍ ബെബ് ലര്‍ എന്ന കഥാപാത്രത്തിന്റെ മരണത്തിന്റെ നിഴലിലുള്ള ഏതാനും മാസങ്ങള്‍ ആവിഷ്കരിക്കുന്നതിലൂടെ വിചിത്രമായ ഇത്തരം ചോദ്യങ്ങളാണ് നേരിടുന്നത്. മികച്ചൊരു പേജ് ടേണര്‍ കൂടിയായ നോവല്‍ ഒരേ സമയം ഫാന്റസിയുടെയും ത്രില്ലറിന്റെയും സ്വഭാവങ്ങള്‍ സമന്വയിപ്പിക്കുകയും ഒപ്പം ദാര്‍ശനികാന്വേഷണങ്ങളുടെ ഗരിമ നില നിര്‍ത്തുകയും ചെയ്യുന്നു.
ലുബ് ലിയാനയിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായ സൈമണ്‍ താന്‍ രചിച്ച നാടകത്തിലെ കഥാപാത്രത്തെ പോലെ തനിക്കിനി ഒരു വര്‍ഷം കൂടിയേ ആയുസ്സ് ബാക്കിയുള്ളൂ എന്ന് മനസ്സിലാക്കുന്നതോടെ നോവലിലെ അടിസ്ഥാന ധാരണകളില്‍ ഒന്നായ ഫിക് ഷന്‍ - റിയാലിറ്റി അതിര് മുറിച്ചുകടക്കല്‍ എന്ന പ്രമേയം സൂചിതമാകുന്നു. "പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു ക്ഷയരോഗിയായ കവിയെ പോലെ" താന്‍ പറത്തപ്പെടും എന്ന് തന്റെ കഥാപാത്രമായ ബാര്‍ട്ടന്‍ ഫിങ്ക് പറയുന്നത് സ് പ്ലീന്‍ കാന്‍സറിന്റെ രൂപത്തില്‍ അറം പറ്റുന്നു. സ്വന്തം കഥാപാത്രവുമായി താദാത്മ്യപ്പെടുന്ന സൈമണ്‍ സ്വയം വിളിക്കുന്നതും ആ പേരാണ്. പുസ്തകങ്ങളും സിനിമയുമാണ് അയാളുടെ ജീവിതത്തിലെ ആവേശങ്ങള്‍. "ഒരൊറ്റക്കാര്യമാണ് അയാളെ അങ്കലാപ്പിലാക്കുന്നത് തുടര്‍ന്നത്: എങ്ങനെയാണ് അയാള്‍ തന്റെ നാടകത്തിലെ നായകന് നല്‍കിയ മാരക രോഗം ഫിക് ഷന്റെ അതിരുകള്‍ മുറിച്ചു കടക്കാനും അയാളുടെ സ്വന്തം ജീവിതത്തെ അധിനിവേശിക്കാനും വഴികണ്ടെത്തിയത് എന്നത്.”
തുടര്‍ വായനയ്ക്ക്:
https://www.fazalrahman.com/essays/article/if-i-only-had-time-by-evald-flisar-david-limon
(ആഖ്യാനങ്ങളുടെ
ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 282-287)