Featured Post

Tuesday, February 3, 2015

ലെവിയാതന്‍ (2014)


റഷ്യന്‍ സംവിധായകനായ ആന്ദ്രേയ് സ്വിഗനിറ്റ്‌സേവ് ഒരുക്കിയ 'ലെവിയാതന്‍' (2014) ചലച്ചിത്ര പ്രേമികളെ ഏറെ ആകര്‍ഷിച്ച ചിത്രമാണ്. തന്റെ മുന്‍ ചിത്രങ്ങളായ 'ദി റിട്ടേണ്‍' , ' എലേന', 'ദി ബാനിഷ്‌മെന്‍റ്' എന്നിവ പോലെ തന്നെ ഏറെ ഗഹനമായ പ്രമേയം തന്നെയാണ് ഇത്തവണയും അദ്ദേഹത്തെ പ്രോചോദിപ്പിച്ചിരിക്കുന്നത്. മാര്‍വിന്‍ ഹീമെയര്‍ എന്ന യു. എസ്. പൗരന് തന്റെ അധീനതയിലുള്ള ഭൂമിയുടെ ക്രയ വിക്രയവുമായി ബന്ധപ്പെട്ടു അധികൃതരുമായുണ്ടായ ഏറ്റുമുട്ടലിന്റെയും അതിന്റെ ദുരന്തപൂര്‍ണ്ണമായ അന്ത്യത്തിന്റെയും കഥയാണ്‌ താന്‍ റഷ്യന്‍ പശ്ചാത്തലത്തിലേക്ക് പറിച്ചു നട്ടതെന്നു സ്വിഗനിറ്റ്‌സേവ് പറഞ്ഞിട്ടുണ്ടെങ്കിലും അതിലപ്പുറം, പഴയ നിയമത്തിലെ നബോത്തിന്റെയും അഹാബിന്റെയും കഥയാണ് കൂടുതല്‍ പ്രസക്തമായ പ്രചോദനം എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. പഴയ നിയമത്തിലെ രാജാക്കന്മാര്‍ ഒന്നാം പുസ്തകത്തില്‍ പറയുന്ന നബോത്തിന്റെയും അഹാബിന്റെയും കഥ, അന്യന്റെ പുരയിടം ചതിച്ചു സ്വന്തമാക്കുന്നതിന്റെയും അതിനെ കാത്തിരിക്കുന്ന ദൈവ കോപത്തിന്റെയും ദൃഷ്ടാന്ത കഥ പറയുന്നുണ്ട്. നബോത്തിന്റെ മുന്തിരിത്തോപ്പ്‌ ഇസ്രയേല്‍ രാജാവായ ആഹാബിന്റെ ആര്‍ത്തിക്ക് നിമിത്തമാവുന്നു. അത് സ്വന്തമാക്കാനുള്ള വ്യഗ്രതയില്‍ പ്രജയുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട തിനു പകരം അയാളെ ചതിച്ചു കൊല്ലാന്‍ ആഹാബിന് വഴി പറഞ്ഞു കൊടുക്കുന്നതും ചരട് വലിക്കുന്നതും രാജ്ഞി ജെസെബേല്‍ ആണ്. അത് കൊണ്ട് തന്നെ ദൈവ കോപം അവളെയും വെറുതെ വിടുന്നില്ല.

വടക്കന്‍ റഷ്യയിലെ ബാരെന്‍റ്റാ കടലിന്‍റെ തുറമുഖ പട്ടണത്തില്‍ ഒരു ഓട്ടോ റിപ്പയര്‍ ഷോപ്പുമായി കഴിയുന്ന കോല്യായുടെ ജീവിതം തകിടം മറിയുന്നത് അഴിമതി വീരനായ മേയര്‍ വാദിം അയാളുടെ വര്‍ക്ക്ഷോപ്പ് പ്രവര്‍ത്തിക്കുന്ന സ്ഥലം കണ്ണ് വെക്കുന്നതോടെയാണ്. സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ അയാളെ സഹായിക്കുന്നത് അയാളുടെ മുന്‍ സൈനിക സുഹൃത്തും ഇപ്പോള്‍ റഷ്യയില്‍ പേര് കേട്ട വക്കീലുമായ ദിമിത്രിയുമാണ്. എന്നാല്‍, സൌഹൃദമെന്നു കാണുന്നതൊക്കെയും അങ്ങനെ ആവണം എന്നില്ല. ദിമിത്രിയും കോല്യായുടെ ഭാര്യ ലിലിയയും സൌഹൃദത്തെ മറ്റൊന്നാക്കുകയാണ്. അത് നേരില്‍ കാണാന്‍ ഇടയാകുന്ന മകന്‍ അമ്മയെ വെറുക്കുന്നു. കോടതിയില്‍ തോറ്റു പോകുന്ന കോല്യയെ കാത്തു മറ്റു ദുരന്തങ്ങളും കൂടെയെത്തുന്നു. അറിഞ്ഞു കൊണ്ട് തന്റെ ഭര്‍ത്താവ് തനിക്ക് മാപ്പ് തരികയായിരുന്നു എന്ന കുറ്റബോധം ലിലിയയെ ആത്മഹത്യയില്‍ എത്തിക്കുന്നു. മേയറുടെ വിദഗ്ദമായ ചരട് വലി കോല്യയെ ഭാര്യാവധത്തിന്റെ പേരില്‍ പതിനഞ്ചു വര്‍ഷത്തേക്ക് ജയിലിലാക്കുന്നു. സഹായിക്കും എന്ന് കരുതിയിരുന്നവരെല്ലാം തന്നെ ഒറ്റിക്കൊടുക്കുന്നതില്‍ പങ്കാളികളായിരുന്നു എന്ന വേദന ഇയോബിന്റെ ദുഖമായി കോല്യായില്‍ നിറയുന്നു: ഇതിനൊക്കെ താന്‍ എന്ത് ചെയ്തു?. സംരക്ഷപ്പണം നേടിയെടുക്കാനായി അയാളെ ഒറ്റിക്കൊടുത്ത കൂട്ടുകാര്‍ തന്നെ മകന്റെ സംരക്ഷണം ഏറ്റെടുക്കുന്നു. ചിത്രാന്ത്യത്തില്‍ , കൊല്യായുടെ ഭൂമിയില്‍ നിര്‍മ്മിച്ച പള്ളിയില്‍ നിന്ന് പുരോഹിതന്‍ സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും പ്രസക്തിയെ കുറിച്ചും ഏറ്റവും വലിയ പുണ്യ കര്‍മ്മങ്ങളെ കുറിച്ചും പ്രസംഗിക്കുന്നു.

മനുഷ്യ പ്രകൃതത്തിലെ ഇരുണ്ട വശങ്ങളെ കുറിച്ചും, സാമൂഹ്യ ബന്ധങ്ങളിലെയും നിയമപരമായ വ്യവഹാരങ്ങളിലെയും കാപട്യങ്ങളെ കുറിച്ചും ചിത്രം ചിന്തകള്‍ പങ്കു വെക്കുന്നുണ്ട്. പ്രകടന പരമായ സൗഹൃദവും കണ്ണടച്ച് വിശ്വസിക്കുന്നത്തിന്റെ പരാജയവും കോല്യയുടെ ജീവിതവും ദുരന്തവും സാക്ഷ്യപ്പെടുത്തുന്നു.

മികച്ച വിദേശ ഫിലിം വിഭാഗത്തില്‍ ഇത്തവത്തെ റഷ്യന്‍ ചിത്രം 'ലെവിയാതന്‍'' ആണ്. ഇക്കഴിഞ്ഞ ഇന്ത്യന്‍ അന്താരാഷ്‌ട്ര മേളയില്‍ ലഭിച്ച ഗോള്‍ഡന്‍ പീക്കോക്ക്‌ ഉള്‍പ്പടെ നിരവധി അന്താരാഷ്‌ട്ര ബഹുമതികള്‍ ഇതിനോടകം ലെവിയാതന്‍ സ്വന്തമാക്കിയിട്ടുണ്ട്. 

Wednesday, January 14, 2015

പ്രിമിറ്റീവ് കമ്മ്യൂണിസം റീലോഡഡ്



പണ്ടൊരു ലോകമുണ്ടായിരുന്നു.
അല്ല,
പണ്ടൊരു ദേശമുണ്ടായിരുന്നു.
അല്ല
പണ്ടൊരു നാടുണ്ടായിരുന്നു.
അല്ല
പണ്ടൊരു ഊരുണ്ടായിരുന്നു.
അല്ല
പണ്ടൊരു കുലമുണ്ടായിരുന്നു.
അല്ല
പണ്ടൊരു കുടുംബമുണ്ടായിരുന്നു.
അല്ല
പണ്ടൊരു മനുഷ്യനുണ്ടായിരുന്നു.

പിന്നെന്തുപറ്റീന്നു ചോദിച്ചാ...
ഒരു മനുഷ്യന് ഒരു കുടുംബമായി.
ഒരു കുടുംബത്തിന് ഒരു കുലമായി.
ഒരു കുലത്തിന് ഒരു ഊരായി .
ഒരു ഊരിന് ഒരു നാടായി .
ഒരു നാടിന് ഒരു ദേശമായി.
ഒരു ദേശത്തിന് ഒരു ലോകമായി.

ഇതിനെടേലെപ്പോഴോ
ഒരാള്‍ക്ക്‌
ഒരു ദൈവമായി.
ഒരു ദൈവത്തിനു
ഒരു മതവും.

Tuesday, January 6, 2015

പെണ്‍കുഞ്ഞുങ്ങള്‍ അലറിവിളിക്കുന്നത്


എന്റെ മകള്‍
ഉടുപ്പില്‍ വീണ പല്ലിക്കുഞ്ഞിനെക്കണ്ട്
അലറി വിളിക്കുന്നു.
ഞാനപ്പോള്‍
വാര്‍ത്താപത്രം വലിച്ചെറിഞ്ഞ്
ഓടിയെത്തുന്നു.
ബോക്കോഹറാം തട്ടിയെടുത്ത പെണ്‍മക്കള്‍
പത്രത്താളില്‍
അലറിവിളിക്കുന്നു.
പല്ലിക്കുഞ്ഞിനെ കണ്ടല്ലെങ്കിലും
അലറി വിളിക്കുന്നു.
പെണ്‍കുഞ്ഞുങ്ങളുടെ അലമുറകള്‍
ഭൂഖണ്ഡങ്ങളെ
കോര്‍ത്തിണക്കുന്നു-
നൈര്‍മ്മല്യത്തിന്റെ അസംബന്ധമായും
നിസ്സഹായതയുടെ പിടച്ചിലായും.
ഞാനെന്റെ മകളെ
ഉമ്മ വെക്കുന്നു.
ഞാന്‍ അവളെ മാത്രം
ഉമ്മ വെക്കുന്നു.

Friday, January 2, 2015

കവിതയുടെ ജനിതകം




ഒരാള്‍ കവിതയെഴുതുമ്പോള്‍
ഒരു മിത്രത്തെയോ
ഒരു സഖാവിനെയോ
ഒരു കലോപാസകനെയോ
ഒരു വിമര്‍ശകനെയോസൃഷ്ടിച്ചേക്കാം.
അവരൊക്കെയും
സ്നേഹം കൊണ്ട് തളിര്‍ത്ത
ഒരു പൂമരം
അയാളില്‍ കണ്ടേക്കാം.
ചിലപ്പോഴത്
വെറുമൊരു വംശവെറി വിദ്വേഷകനെ
നൂറും പാലും കൊടുത്ത്വളര്‍ത്തിയേക്കാം.
സ്നേഹം കൊണ്ട് തളിര്‍ത്തില്ലെങ്കിലും
ഒറ്റുകാരന്റെ നാക്കുവഴക്കത്തോടെ
അയാളൊരു വിമര്‍ശകന്‍ കളിച്ചേക്കാം.

ഒരാള്‍ കവിതയെഴുതുമ്പോ
ള്‍ഒരാസ്വാദകന്‍ ജനിക്കുമെന്ന്
ഉറപ്പു പറയാനാകില്ല.

ഒരു കയ്യൊപ്പും സിമോങ് ദേ ബൂവെയും

ഒരു കയ്യൊപ്പും സിമോങ് ദേ ബൂവെയും



1988- '89 കാലം. മഞ്ചേശ്വരം ഗവ. കോളേജില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഇംഗ്ലീഷ്‌ വാധ്യാരായി കഴിയുന്നു. ഇടയ്ക്കിടെ മാംഗളൂരിലേക്ക് വെറുതെ വണ്ടി    കയറുമായിരുന്നു.  റെയില്‍വേ സ്റ്റേഷന്റെ അടുത്തുള്ള ഒരു കൊച്ചു പെട്ടിക്കടയില്‍ പഴയ പുസ്തകങ്ങള്‍ തപ്പുക ഒരു പതിവായിരുന്നു. അവിടെ കച്ചവടത്തിന് ചില തന്ത്രമൊക്കെയുണ്ട്. കറുത്ത് കുറുകിയ ആകെ ചടച്ചു ബോറടിച്ച മുഖമുള്ള ഒരു കിഴവനാണ് കച്ചവടക്കാരന്‍. പുള്ളിയുടെ യഥാര്‍ത്ഥ കച്ചവടം എരിവും പുളിയുമുള്ള ഇനമാണെന്ന് കണ്ടെത്തിയപ്പോള്‍ ആ തന്ത്രം പിടി കിട്ടി. നമ്മള്‍ പഴയ അടുക്കുകളില്‍ നിന്ന് തപ്പിക്കൊണ്ടിരിക്കും. തോമസ്‌ ഹാര്‍ഡിയുടെ ഫാര്‍ ഫ്രം ദി മാഡിംഗ് ക്രൌഡില്‍ തുടങ്ങി അതങ്ങനെ മുന്നോട്ടു പോയിട്ടുണ്ട് പല തവണ. മാര്‍ഗരെറ്റ്‌ അറ്റ്‌ വുഡിന്റെ സര്‍ഫേസിംഗ്, മാര്‍ഗരെറ്റ്‌ ലോറെന്‍സിന്റെ ദി സ്റ്റോണ്‍ എയ്ഞ്ചല്‍ തുടങ്ങി പലതും ചുളുവിലക്ക് കിട്ടിയത് അങ്ങനെയാണ്.   തന്ത്രം ഇതാണ്: വിലക്കപ്പെട്ട പുസ്തകങ്ങള്‍ക്ക് സ്ഥിരം വരിക്കാരുണ്ട്. വാടകക്കാണ് വിശിഷ്ട ഗ്രന്ഥങ്ങള്‍ കൈമാറുക. ധാരാളം 'ആക്ഷന്‍' ഉണ്ടെന്നു ടിയാന്‍ അടക്കം പറഞ്ഞു 'കസ്റ്റമര്‍ കെയര്‍' നടത്തുന്ന സന്ദര്‍ഭം വരെ നമ്മള്‍ അടങ്ങിയിരിക്കും. പിന്നെ നമ്മള്‍ക്ക് പെട്ടെന്നു ധൃതിയാവും. കൂടിയ ലാഭം പടിവാതില്‍ക്കല്‍ നില്‍ക്കെ, 'മാന്യനായ' മറ്റേ ഉപഭോക്താവിന്റെ  'പ്രൈവസി' കൂടി സംരക്ഷിക്കാന്‍ ബാധ്യസ്തനായ കടക്കാരന്‍ വില പേശാന്‍ നില്‍ക്കാതെ നമ്മളെ എത്രയും പെട്ടെന്ന് ഒഴിവായിക്കിട്ടാന്‍ നമ്മള്‍ പറഞ്ഞ വിലക്ക് സമ്മതിക്കും. അങ്ങനെ അഞ്ചോ പത്തോ രൂപയ്ക്കു നല്ലൊരു വായനാസദ്യ നമ്മള്‍ക്ക് തരാവും!  ഇങ്ങനെ കിട്ടിയ പുസ്തകങ്ങളില്‍ എനിക്കേറ്റവും പ്രിയപ്പെട്ട ഒരു പുസ്തകമുണ്ട്. രണ്ടാം ലോക യുദ്ധാനന്തര കാലഘട്ടത്തിലെ ഫ്രഞ്ച് ബുദ്ധിജീവിതത്തിന്റെ സംഘര്‍ഷങ്ങളും ബൌദ്ധിക സമസ്യകളും ആവിഷ്ക്കരിക്കുന്ന ആ കൃതിയിലെ പ്രധാന കഥാപാത്രങ്ങളെ ആല്‍ബര്‍ കാമു, സാക്ഷാല്‍ സാര്‍ത്ര്, രചയിതാവ് തന്നെയായ സിമോങ് ദേ ബൂവെ എന്നിവരോട് തന്നെ നിരൂപകര്‍ താദാത്മ്യപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകം മറ്റൊരു വലിയ സ്നേഹം കൂടി തന്നിട്ടുണ്ടെന്ന് ഞാന്‍ വെറുതെ വിചാരിക്കുകയാണ്. തികച്ചും അജ്ഞാതനായ ഏതോ ഒരു നല്ല വായനക്കാരന്റെ സ്നേഹം. ഇന്ന് അദ്ദേഹം ഉണ്ടാവുമോ? മനോഹരമായ കൈപ്പടയില്‍ ഇന്നും ഒരു കയ്യൊപ്പുണ്ട് പുസ്തകത്തില്‍ ഒരു തിയ്യതിയും. H. S. N. Farius, 8th January, 1962.  അവിടെ നിന്ന് കിട്ടിയ വേറെയും ചില പുസ്തകങ്ങളില്‍ അതെ കയ്യൊപ്പ് ഞാന്‍ കണ്ടിട്ടുണ്ട്. എമിലി സോലയുടെ ഡ്രങ്കാര്‍ഡില്‍ അതെ പേരും 29/1/'62 എന്ന തിയ്യതിയുമുണ്ട്.


ഇന്ന് ഞാന്‍ ആമസോണില്‍ ദി മാന്‍ഡരിന്‍സ്‌ ഏറ്റവും കുറഞ്ഞ വില നോക്കുന്നു. പേപ്പര്‍ബാക്ക് വെറും 922 രൂപ മാത്രം. ലൈംഗിക ദാരിദ്ര്യമനുഭവിച്ച ഏതോ വെള്ളക്കോളറുകാരന്റെ ഹിപ്പോക്രസി മറയാക്കി ഞാന്‍ അന്ന് ഏഴു രൂപയ്ക്കു സ്വന്തമാക്കിയ പുസ്തകം. പലപ്പോഴും തോന്നിയിട്ടുണ്ട് ആ പുസ്തകം എങ്ങനെയായിരിക്കാം അവിടെ അതിന്റെ വിലയറിയാത്ത ആ മടുപ്പ് ബാധിച്ച വൃദ്ധന്റെ ചാക്കുകെട്ടില്‍ അടിഞ്ഞിരിക്കുക? സുരാസുവിന്റെ വിശ്വരൂപം നാടകത്തില്‍ തന്റെ വളര്‍ത്തുമകന് വെളിച്ചം നല്‍കാന്‍ പുസ്തകങ്ങള്‍ വാങ്ങിക്കൊടുത്ത ബാലഗോപാലന്‍ പിന്നീട് തിരിച്ചറിയുന്നുണ്ട് താനില്ലാത്ത സമയത്ത് മകന്‍ അതൊക്കെയും തൂക്കി വിറ്റ് ഒരു ഫുട്ട്ബാള്‍ വാങ്ങുകയായിരുന്നു എന്ന്. ഇപ്പോള്‍ എന്റെ പുസ്തകങ്ങളിലേക്ക് നോക്കുമ്പോള്‍ ഞാന്‍ വെറുതെ കാലാന്തരം നടത്തിപ്പോവുന്നു. പക്ഷെ ഇല്ല, ആരും അങ്ങനെ തിരിച്ചറിയില്ല. ഞാന്‍ ഒരിടത്തും അങ്ങനെ ഒരു കയ്യൊപ്പ് ചാര്‍ത്തുന്നില്ലല്ലോ.


ഇന്ന് വീണ്ടും ഞാന്‍ സിമോങ് ദേ ബൂവെയെ പുനര്‍ വായനക്കെടുക്കുന്നു.അജ്ഞാതനായ അഭിവന്ദ്യ സുഹൃത്തെ, ഇവിടെ ഒരാള്‍ താങ്കളെ ഓര്‍ക്കുന്നു; ഇന്ന് പുസ്തകങ്ങളുടെയും അക്ഷര സാമ്രാജ്യങ്ങളുടേയും പാഴ് വേലകള്‍ കടന്നു താങ്കള്‍ ശാന്തനായിരിക്കാന്‍ ഇടയുണ്ടെങ്കിലും.
(02.01.2015)

Friday, December 26, 2014

പടിയിറങ്ങുന്നു മകള്‍-



പടിയിറങ്ങുന്നു മകള്‍- 
നിരാസമാമമാവാസി തീറുതന്നീ 
പൊളിഞ്ഞ വീടിന്‍ പടിയിറങ്ങുന്നു, 
നെറുകയിലെ മുത്തത്തില്‍ 
തളിര്‍ത്തു പൂത്തവള്‍. 
മുറിഞ്ഞു പോവുമൊരു പ്രാര്‍ത്ഥന 
ഇടനാഴിയില്‍ ചുറ്റിത്തിരിയുന്നു 
വേച്ചു വേച്ച്- 
നിന്റെ ആകാശങ്ങളില്‍
കാര്‍മേഘങ്ങള്‍ കൂടുകൂട്ടാതിരിക്കട്ടെ. 
പിന്‍ വാതിലടക്കുമ്പോള്‍ 
നിനക്ക് കാലിടറരുത്, മകളെ !. 
തുണ പോരേണ്ടതില്ലല്ലോ നിനക്കിനി 
വഴികാട്ടിയായീ,യച്ഛന്‍ വിരലുകള്‍. 
നിര്‍നിദ്രമായുറഞ്ഞുകൂടുമൊ- 
രമ്മയാം നൊമ്പരം 
കാവലുണ്ടാവു,മെന്നാളുമെങ്കിലും 
വിതുമ്മായ്ക നീ, ശ്യാമമാം കണ്‍കള്‍
നിറയായ്ക, നിന്‍ മിഴിത്തെല്ലിലെ
നീര്‍മുത്തുകള്‍ കൊണ്ട് 
പ്രളയം ചമാക്കയ്ക,യീ പാഴ് നിലങ്ങളില്‍.

നമ്മളിപ്പോഴും കൊല്ലുന്നത്


നമ്മളിപ്പോഴും കൊല്ലുന്നത്
പരമ്പരാഗതമായ രീതിയിലാണ്.
പറന്നു ചെന്ന് തീമഴ പെയ്ത്
ചുട്ടു ചാമ്പലാക്കി
ആ പഴയ ശപ്ത നഗരം പോലെ,
സ്നേഹിച്ച്, പ്രണയിച്ച്
നിരായുധനാക്കി
ആ പഴയ സാംസനെ പോലെ,
വേഷം കെട്ടി, മാറാടി
കവചമഴിച്ചു വാങ്ങി
ആ പഴയ കര്‍ണ്ണനെ പോലെ,
ഈരടി മൂവടിയളന്ന്
ചവിട്ടിത്താഴ്ത്തി
ആ പഴയ മാവേലിയെ പോലെ,
ചിരിച്ച്, ചിരിപ്പിച്ച്
പിന്നെ നിശ്ശബ്ദമായി
ആ പഴയ ഹിന്ദി സിനിമാ വില്ലനെപ്പോലെ-

മണല്‍ക്കാട്ടിലേക്ക് നാടുകടത്തിയവന്
നീരൊഴുക്കിന്റെ സൈക്കെഡലിക് സ്വപ്നമൂട്ടി
മറയുന്ന ബോധത്തില്‍
ജലമര്‍മ്മരം കൊണ്ട്
അവസാനത്തെ വീഞ്ഞൊരുക്കി,
നമ്മളിപ്പോഴും കൊല്ലുന്നത്
പരമ്പരാഗതമായ രീതിയിലാണ്.