Featured Post

Monday, June 22, 2026

The Melancholy of Resistance (1989) by László Krasznahorkai / George Szirtes

 ‘പ്രതിരോധത്തിന്റെ വിഷാദം’ - തിമിംഗലവും മൂടൽമഞ്ഞും: അപ്പോക്കലിപ്റ്റിക് ആലിഗറിയിലെ പ്രതിരോധത്തിന്റെ പ്രതിധ്വനികൾ

‘പ്രതിരോധത്തിന്റെ വിഷാദം’ എന്ന കൃതിയിൽ, ലാസ്ലോ ക്രാസ്നഹോർക്കൈ ഭയത്തിന്റെ സാവധാനത്തിലുള്ള കടന്നുകയറ്റത്തിലൂടെ സമ്പൂര്‍ണ്ണ പതനത്തിന്റെ വക്കിലെത്തിയ ഒരു ലോകത്തെ ആവാഹിക്കുന്നു. ശൈത്യത്തില്‍ മുങ്ങിയ ഒറ്റപ്പെട്ട ചെറിയ പട്ടണം ഈസ്റ്റേൺ ബ്ലോക്ക് അശാന്തിയുടെ ഒരു മൈക്രോകോസം ആയിമാറുന്നു, അതിനു ബാധിച്ചിരിക്കുന്ന തളര്‍ച്ച സര്‍വ്വാധിപത്യ ഭരണകൂടങ്ങളുടെ ശിഥിലീകരണത്തെ പ്രതിഫലിപ്പിക്കുന്നു. നിഗൂഢതയിലും മൂടൽമഞ്ഞിലും അമര്‍ന്നതും, അദൃശ്യനും വികൃതനുമായ "രാജകുമാരനെ" വഹിക്കുന്നതുമായ ‘സർക്കസി’ന്റെ വരവ്, ദിശാബോധമില്ലാത്ത അനിവാര്യതയായി ഒരു അക്രമ തരംഗത്തെ അഴിച്ചുവിടുന്നു. ഒരിക്കലും വെളിപ്പെടുന്നില്ലാത്ത ‘രാജകുമാരൻ’ അങ്കലാപ്പുണ്ടാക്കുന്ന നിഗൂഡതയുടെ ഒരദൃശ്യസാന്നിധ്യമായി വർത്തിക്കുന്നു: കാലം ചെല്ലവേ ശൂന്യമാക്കപ്പെടുന്ന ഒരു സര്‍വ്വാധിപത്യ ചിഹ്നം പോലെ, കര്‍തൃത്വമില്ലാതെ, നേരിട്ട് ഇടപെടാതെ കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന, മിത്തിക് ജിജ്ഞാസ ഉണര്‍ത്തുന്ന ഒരു സ്വരൂപം. സർക്കസ് മാസ്റ്റർ തന്നെ ഒരു ഘട്ടത്തില്‍ രാജകുമാരനെ തള്ളിപ്പറയുന്നത് ‘സെയ്റ്റന്‍ടാംഗോ’യിലെ ഇറിമിയാസും പെട്രീനയും തമ്മിലുള്ള ഭിന്നിപ്പിനെ ഓര്‍മ്മിപ്പിക്കുന്നു, ഭിന്നിപ്പുകളുടെ ശിൽപ്പികൾക്ക് പോലും അവർ അഴിച്ചുവിടുന്ന ശക്തികളെ നിയന്ത്രിക്കാൻ കഴിയില്ലെന്നതിന്റെ സൂചനയാണ് ഇത്. ...............

 

https://www.fazalrahman.com/essays/article/the-melancholy-of-resistance-1989-by-lszl-krasznahorkai-george-szirtes

Baron Wenckheim's Homecoming (2016) László Krasznahorkai / Ottilie Mulzet

 ‘ബാരൺ വെൻക്ഹൈമിന്റെ തിരിച്ചുവരവ്‌’ - മഴത്തുള്ളികൾ മുകളിലേക്ക്: ആഖ്യാനത്തിന്റെ അവസാനത്തിൽ

“ഞാന്‍ ഒരായിരം തവണ പറഞ്ഞിട്ടുണ്ട് ഒരൊറ്റ പുസ്തകം എഴുതാനാണ് ഞാന്‍ എന്നും ആഗ്രഹിച്ചതെന്ന്. ആദ്യത്തേതില്‍ ഞാന്‍ സംതൃപ്തനായിരുന്നില്ല, അതുകൊണ്ടാണ് ഞാന്‍ രണ്ടാമത്തേത് എഴുതിയത്. രണ്ടാമത്തെതുകൊണ്ട് സംതൃപ്തനകാത്തത് കൊണ്ട് മൂന്നാമത്തേതും. അങ്ങനെ പോയി. ഇപ്പോള്‍ ബാരന്‍ എഴുതിയതോടെ എനിക്കീ കഥ അവസാനിപ്പിക്കാം. ഈ നോവലോടെ ഞാനെന്റെ ജീവിതത്തില്‍ ഒരൊറ്റ പുസ്തകമാണ് എഴുതിയതെന്ന് എനിക്ക് തെളിയിക്കാം. ഇതാണ് ആ പുസ്തകം – സെയ്റ്റന്‍ടാംഗോ, മെലങ്കളി, വാര്‍ ആന്‍ഡ് വാര്‍, പിന്നെ ബാരനും. ഇതാണെന്റെ ഒറ്റ പുസ്തകം.”

-       ലാസ്ലോ ക്രാസ്നഹോര്‍കായി : ആഡം തേല്‍വെല്‍ പാരീസ് റിവ്യുവിനു വേണ്ടി നടത്തിയ അഭിമുഖം

അധികാരം എന്നത് എപ്പോഴും കൂട്ടായി പ്രവര്‍ത്തിക്കുന്ന ആളുകളില്‍ നിന്നാണ് വരികയെന്നും ഇതിനു വിപരീതമായി എല്ലാവരെയും പരസ്പരം തമ്മിലടിപ്പിക്കുന്നതിലൂടെ കൂട്ടായ പ്രവര്‍ത്തനം അസാധ്യമാകുന്നിടത്താണ് ഏകാധിപത്യം വരികയെന്നും, പ്രവര്‍ത്തനത്തിനുള്ള കഴിവേ ഇല്ലാതാകുന്നതാണ് അതിന്റെ അടയാളമെന്നും ഹന്നാ ആറന്റ്റ് നിരീക്ഷിക്കുന്നു. 

https://www.fazalrahman.com/essays/article/baron-wenckheims-homecoming-2016-lszl-krasznahorkai-ottilie-mulzet


László Krasznahorkai

 Satantango (19850, The Melancholy of Resistance (1989), War and War (1999), Baron Wenckheim’s Homecoming (2016) എന്നിവ അടങ്ങുന്ന നോവല്‍ ചത്വരത്തിലൂടെയും The Turin Horse (2011) എന്ന ബെലാ ടാര്‍ ചിത്രത്തിലൂടെയും ക്രാസ്നഹോര്‍കായിയുടെ ലോകത്തെ സമീപിക്കുമ്പോള്‍.)

“ഞാന്‍ ഒരായിരം തവണ പറഞ്ഞിട്ടുണ്ട് ഒരൊറ്റ പുസ്തകം എഴുതാനാണ് ഞാന്‍ എന്നും ആഗ്രഹിച്ചതെന്ന്. ആദ്യത്തേതില്‍ ഞാന്‍ സംതൃപ്തനായിരുന്നില്ല, അതുകൊണ്ടാണ് ഞാന്‍ രണ്ടാമത്തേത് എഴുതിയത്. രണ്ടാമത്തെതുകൊണ്ട് സംതൃപ്തനകാത്തത് കൊണ്ട് മൂന്നാമത്തേതും. അങ്ങനെ പോയി. ഇപ്പോള്‍ ബാരന്‍ എഴുതിയതോടെ എനിക്കീ കഥ അവസാനിപ്പിക്കാം. ഈ നോവലോടെ ഞാനെന്റെ ജീവിതത്തില്‍ ഒരൊറ്റ പുസ്തകമാണ് എഴുതിയതെന്ന് എനിക്ക് തെളിയിക്കാം. ഇതാണ് ആ പുസ്തകം – സെയ്റ്റന്‍ടാംഗോ, മെലങ്കളി, വാര്‍ ആന്‍ഡ് വാര്‍, പിന്നെ ബാരനും. ഇതാണെന്റെ ഒറ്റ പുസ്തകം.”

-           ലാസ്ലോ ക്രാസ്നഹോര്‍കായി : ആഡം തേല്‍വെല്‍ പാരീസ് റിവ്യുവിനു വേണ്ടി നടത്തിയ അഭിമുഖം

“സര്‍വ്വനാശസാധ്യതയുടെ ഭീകരതയ്ക്കിടയിലും കലയുടെ ശക്തി ഉറപ്പിക്കുന്ന തീക്ഷ്ണവും ദർശനാത്മകവുമായ രചനാ സഞ്ചയത്തിന്” എന്ന വിവരണത്തോടെ 2025 സാഹിത്യ നോബേല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്നഹോര്‍കായിക്ക് സമ്മാനിക്കുമ്പോള്‍ നോബല്‍ കമ്മിറ്റി ആദരിച്ചത് ലോക സാഹിത്യത്തില്‍ അണ മുറിയാത്ത ഒരു സവിശേഷ ദര്‍ശനധാരയെ കൂടിയാണ്: ഒട്ടും പ്രസന്നമല്ലാത്ത ഒന്ന്, സര്‍വ്വവ്യാപിയായ ഇരുട്ടിനെയും നൈതിക നൈരാശ്യത്തെയും അടയാളപ്പെടുത്തുന്ന, നല്ലതെല്ലാം വ്യര്‍ത്ഥമാക്കുന്ന ദൈവശൂന്യവും നിരാശ്രയവും നിരാദ്രവുമായ ഒരു ലോകത്തെ ആവിഷ്കരിക്കുന്ന, അതിനായി ഭാഷയുടെ സാധ്യതകളെ ഭ്രാന്തമായി അപരിമേയമാക്കുന്ന ഒന്ന്. ...............

https://www.fazalrahman.com/essays/article/lszl-krasznahorkai


Yajnaseni: The Story of Draupadi by Pratibha Ray/ Pradip Bhattacharya

 (പ്രതിഭ റായിയുടെ ‘യജ്ഞസേനി’ ദ്രൗപദിയുടെ തീക്ഷ്ണമായ ആത്മപരിശോധനാ ചിത്രം അവതരിപ്പിക്കുന്നു. അതിന്റെ ധാർമ്മിക വ്യക്തതയും ദാർശനിക ആഴവും സ്ത്രീവാദദര്‍ശനത്തില്‍ ഊന്നിയ ബന്ധുത്വ നൈതികത, ആത്മീയ കര്‍തൃത്വം, പുരുഷാധിപത്യ അനീതിക്കെതിരായ പ്രതിരോധം എന്നിവയിൽ നിലയുറപ്പിക്കുന്നു. എന്നാല്‍, വന്ധ്യവും വ്യക്തിനിരപേക്ഷവുമായ ധർമ്മത്തോടുള്ള നോവലിന്റെ ആത്യന്തികമായ കൂറ് ഈ സാധ്യതയെ ദുർബലപ്പെടുത്തുന്നു.  അത്, ദ്രൗപദിയുടെ ചെറുത്തുനിൽപ്പിനെ മോചനമില്ലാത്തതും പീഡാനുഭവങ്ങളെ അനുഷ്ടാനവുമാക്കുന്നു. ഫെമിനിസ്റ്റ് സൂചനകള്‍ ഉണ്ടായിരുന്നിട്ടും, ഇതിഹാസത്തെ സമകാലികവും ധാർമ്മികമായി പരിവർത്തനാത്മകവുമായ രീതിയിൽ പുനർസങ്കൽപ്പിക്കുന്നതിൽ ‘യജ്ഞസേനി’ വിജയിക്കാതെ പോകുന്നുവെന്നും, ഒരു വിമോചക മണ്ഡലം എന്ന നിലയിൽ ധർമ്മത്തിന്റെ പരിമിതികളും സ്ത്രീവാദ സാധ്യതയുടെ ദാരുണമായ തകർച്ചയും വെളിപ്പെടുത്തുന്നു എന്നും ലേഖനം നിരീക്ഷിക്കുന്നു).

 

മഹാഭാരതത്തിലെ ദ്രൗപദിയുടെ കഥയെ പുനരാഖ്യാനിക്കുന്ന കൃതികളില്‍ പ്രധാനമായ ഒന്നാണ്  ജ്ഞാനപീഠ ജേതാവായ ഒഡിയ നോവലിസ്റ്റ് പ്രതിഭ റായിയുടെ ‘യജ്ഞസേനി: ദി സ്റ്റോറി ഓഫ് ദ്രൗപദി’ (1984). അഗ്നിയിൽ നിന്ന് ജനിച്ച സ്ത്രീ എന്നാണ് യജ്ഞസേനി എന്ന വാക്കിന്റെ അർത്ഥം. പാണ്ഡവപത്നിയായി എത്തുന്ന ദ്രൗപദിയുടെയും ഭർത്താക്കന്മാരുടെയും ബന്ധങ്ങളുടെയും സാമൂഹിക പ്രതീക്ഷകളുടെയും സങ്കീർണ്ണതകളിലൂടെ സഞ്ചരിക്കുന്ന ജീവിതമാണ് നോവൽ ആവിഷ്കരിക്കുന്നത്. പരമ്പരാഗത പുരുഷാധിപത്യ ആഖ്യാനങ്ങളെ വെല്ലുവിളിക്കുന്ന ദ്രൗപദിയുടെ അനുഭവങ്ങൾ, മഹാഭാരതത്തിലെ പുരുഷാധിപത്യ ആഖ്യാനങ്ങളെ അപനിര്‍മ്മിക്കുകയും പെണ്‍കര്‍തൃത്വം, ശാക്തീകരണം തുടങ്ങിയ സ്ത്രീപക്ഷ മൂല്യങ്ങളോട് ചേര്‍ന്നുനില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ദ്രൗപദി: ധര്‍മ്മ പരിപാലനവും വ്യക്തിത്വ സംസ്ഥാപനവും.................

https://www.fazalrahman.com/essays/article/yajnaseni-the-story-of-draupadi-by-pratibha-ray-pradip-bhattacharya


‘ജാതി ചോദിക്കുന്ന കാലം’/ ഷാജി പുല്‍പ്പള്ളി

 ജാതിയും മതവും തീവ്ര രാഷ്ട്രീയവും ഫാസിസ്റ്റ് ചിന്തകളും കൂടുതല്‍ കരുത്തോടെ മടങ്ങിവരുന്ന, ‘ഇരുണ്ട യുഗ’ത്തിന്റെ രണ്ടാംവരവുപോലെ കാലത്തിന്റെ കോടിയ മുഖം എന്ന് വര്‍ത്തമാനാവസ്ഥകളെ നിരീക്ഷിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഷാജി പുല്‍പ്പള്ളി എഴുതിയ ‘ജാതി ചോദിക്കുന്ന കാലം’ എന്ന ഇരുപത് ലേഖനങ്ങളുടെ പുസ്തകം. ‘കാലത്തെ ക്രൗര്യത്തോടെ വലിച്ചുകീറാനുള്ള ഊര്‍ജ്ജമൊന്നും ഈ കുറിപ്പുകളില്‍ സംഭരിച്ചിട്ടുണ്ടെന്നു കരുതുന്നില്ല’ എന്ന് ലേഖകന്‍ വിനീതനാകുന്നുണ്ടെങ്കിലും അതങ്ങനെയല്ലെന്നും നിരീക്ഷണങ്ങളെ അവയുടെ തനിമയിലും സമഗ്രതയിലും അവതരിപ്പിക്കാന്‍ പുസ്തകത്തിനു കഴിയുന്നുണ്ടെന്നും ലേഖനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വായനക്കാര്‍ക്ക് ബോധ്യമാകും.

ഭിന്ന വിഷയങ്ങള്‍ നിരീക്ഷിക്കുന്ന ലേഖനങ്ങളാണ്‌ പുസ്തകത്തില്‍ ഉള്ളത്. സമകാലിക രാഷ്ട്രീയം, സാഹിത്യം, വിദ്യാഭ്യാസം, കേരള ചരിത്രം, ആത്മകഥ/ ഓര്‍മ്മക്കുറിപ്പ്, പരിസ്തിതി, ഗോത്രജീവിതം, തുടങ്ങി വ്യത്യസ്ത മേഖലകളെ അവ സ്പര്‍ശിക്കുന്നു. കെട്ടിലും മട്ടിലും തികഞ്ഞ പ്രൊഫഷനല്‍ മികവു പുലര്‍ത്തുന്ന നിര്‍മ്മിതിയും പുസ്തകത്തെ പ്രിയങ്കരമാക്കുന്ന ഘടകമാണ്.

 
പുസ്തകത്തിലേക്ക് ...

On Earth Were Briefly Gorgeous by Ocean Vuong

 മാവോ സെ തൂങ്ങിന്റെ കീഴില്‍ സ്ഥാപിതമായ ചൈനീസ് ജനകീയ റിപ്പബ്ലിക്കും സോവിയറ്റ് യൂണിയനും വിയറ്റ്നാം കമ്യൂണിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക്കിനു സാമ്പത്തിക, സൈനിക സഹായം ആരംഭിച്ച 1950 കാലം ഒന്നര നൂറ്റാണ്ടോളം നീണ്ടു നിന്ന ഫ്രഞ്ച് കൊളോണിയല്‍ ആധിപത്യത്തിനെതിരെ ശക്തമായി തിരിച്ചടിക്കാനും കൊളോണിയല്‍ മേധാവിത്തം അവസാനിപ്പിക്കാനും വിയെറ്റ് മിന്‍ സൈന്യത്തെ പ്രാപ്തമാക്കി. ഒന്നാം ഇന്‍ഡോ ചൈന യുദ്ധമെന്നറിയപ്പെട്ട ഏറ്റുമുട്ടല്‍ 1954 അവസാനിക്കുമ്പോള്‍ പക്ഷെ മറ്റൊരു കൂടുതല്‍ ശക്തമായ സംഘര്‍ഷത്തിനു അത് വിത്തു പാകി. പ്രസിഡന്‍റ് ഐസന്‍ഹോവര്‍ നിരന്തരം കണ്ടുതുടങ്ങിയ കമ്യൂണിസത്തിന്റെ വ്യാപനം എന്ന പേടിസ്വപ്നം രണ്ടു പതിറ്റാണ്ടു നീണ്ടുനിന്ന വിയറ്റ്‌നാം യുദ്ധത്തില്‍ കലാശിക്കുകയായിരുന്നു. രണ്ടു മില്ല്യന്‍ വിയറ്റ്‌നാമീസ് സിവിലിയന്മാരെയും പതിനൊന്നു ലക്ഷം വടക്കന്‍ സൈനികരേയും രണ്ടു ലക്ഷം തെക്കന്‍ സൈനികരേയും അത് കൊന്നൊടുക്കി. അമ്പത്തിയെണ്ണായിരം യു. എസ്. മറീനുകള്‍ കൊല്ലപ്പെട്ടതു കൊണ്ട് മാത്രം യുദ്ധം അമേരിക്കക്കും ദുരന്തമായി കണക്കാക്കപ്പെട്ടു. പോയ നൂറ്റാണ്ടിന്റെ രണ്ടാം പാതി കണ്ട ഏറ്റവും നിന്ദ്യമായ ഈ സാമ്രാജ്യത്വ പാതകം പക്ഷെ എല്ലാ യുദ്ധങ്ങളിലുമെന്ന പോലെ അത്രയൊന്നും പറയപ്പെടാത്ത എണ്ണമറ്റ മാനുഷിക/ ഭൗമരാഷ്ട്രീയ ദുരന്തങ്ങളും വരുത്തിവെച്ചു. രണ്ടാം ലോക യുദ്ധത്തില്‍ ഒട്ടാകെ ഉപയോഗിക്കപ്പെട്ടതില്‍ കൂടുതല്‍ ബോംബുകള്‍ വര്‍ഷിക്കപ്പെട്ട ഒരു കൊച്ചു ഭൂപ്രദേശം തലമുറകളെ വേട്ടയാടുന്ന അണുവികിരണത്തിനും രോഗപീഡകള്‍ക്കും ഇരയായത് മാത്രമായിരുന്നില്ല, അഭയാര്‍ഥിത്വത്തിന്റെയും അവമതിയുടെയും നിരന്തരം വേട്ടയാടുന്ന ബാക്കിപത്രത്തിനും ഒരു ജനത ഇരയായി.

വിയറ്റ്നാം ഭൂതകാലം 

ഡ്വാങ് തു ഹ്വാങ്ങിന്റെ (Duong Thu Huong) ‘Novel Without A Name’, ലെ ലി ഹെയ്സ്ലിപ്പിന്റെ (Le Ly Hayslip) നോണ്‍ ഫിക് ഷന്‍ കൃതി ‘When Heaven and Earth Changed Places’, തുടങ്ങിയ മാസ്റ്റര്‍പീസുകളില്‍ ഉള്‍പ്പടെ എണ്ണമറ്റ കൃതികളില്‍ ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ള ഈ ചരിത്രഖണ്ഡം പുതുതലമുറ എഴുത്തുകാരിലും അതിന്റെ പ്രചോദനം തുടരുന്നുണ്ട്..........................

https://www.fazalrahman.com/essays/article/on-earth-were-briefly-gorgeous-by-ocean-vuong


The Mountains Sing by Nguyễn Phan Quế Mai

 “ചരിത്രത്തിലുടനീളം വിയറ്റ്നാം ജനത നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ഏറ്റവും ഉയരമുള്ള പര്‍വ്വതത്തോളം വലുതാണ്‌. തൊട്ടടുത്തു നിന്ന് നോക്കിയാല്‍ നിനക്കതിന്റെ കൊടുമുടികള്‍ കാണാനാവില്ല. ഒരിക്കല്‍ നീ ജീവിതത്തിന്റെ ഒഴുക്കില്‍ നിന്ന് മാറിനിന്നാല്‍, നിനക്കതിന്റെ സമ്പൂര്‍ണ്ണ ദൃശ്യം ഗോചരമാവും..” വിയറ്റ്നമീസ് കവി ങ് വെന്‍ ഫാങ് കെ മായ് (Nguyen Phan Que Mai ) രചിച്ച THE MOUNTAINS SING എന്ന നോവലിന്റെ തുടക്കത്തില്‍, നോവലിസ്റ്റിന്റെ അപരവ്യക്തിത്വം കൂടിയായ കഥാകാരി ഹുവോങ്ങിനെ തേടിയെത്തുന്ന മുത്തശ്ശി ട്രാന്‍ ഡിയു ലാനിന്റെ വാക്കുകളാണ് ഇവ. വിയറ്റ്നാം എന്ന പേരുതന്നെ അമേരിക്കന്‍ അധിനിവേശ യുദ്ധവുമായി ചേര്‍ത്തു മനസ്സിലാക്കപ്പെടുന്ന തരത്തില്‍ 1955-75 കാലത്തു സംഭവിച്ച യുദ്ധം ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ ദുരന്തചിഹ്നം ആയിത്തീര്‍ന്നെങ്കിലും അതുമാത്രമായിരുന്നില്ല ആ ദേശത്തിന്റെ ചരിത്ര വിധി. ഡിയു ലാന്‍ നിരീക്ഷിക്കുന്ന പോലെ:

“എന്തുകൊണ്ടാണ് വിദേശ സൈന്യങ്ങള്‍ നമ്മുടെ ദേശത്തെ അധിനിവേശിച്ചു കൊണ്ടേയിരുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. ആദ്യം ചൈനക്കാര്‍, മംഗോളിയന്മാര്‍, ഫ്രഞ്ചുകാര്‍, ജപ്പാന്‍, എന്നിവരായിരുന്നു, ഇപ്പോഴത്‌ അമേരിക്കന്‍ സാമ്രാജ്യത്വമാണ്.”

സംഘര്‍ഷം അവസാനിച്ചു നാലര പതിറ്റാണ്ടിനിപ്പുറവും എരിയുന്ന ഓര്‍മ്മകളും അനുഭവ സാക്ഷ്യങ്ങളുമായി വിയെറ്റ്നാം യുദ്ധം സാഹിത്യത്തില്‍ ഇടം പിടിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളില്‍ ഒന്നാണ് ഫാങ് കെ മായുടെ പ്രഥമ നോവല്‍. ‘ഇതിഹാസ മാനത്തില്‍ മിന്‍ ജിന്‍ ലീയുടെ Pachinko, യാ ജ്യാസിയുടെ Homegoing എന്നിവയേയും ഭാവഗീതാത്മക ശൈലിയില്‍ വാദി റാറ്റ്നറുടെ In the Shadow of the Banyan എന്ന നോവലിനേയും ഓര്‍മ്മിപ്പിക്കുന്നു’ എന്ന് നിരീക്ഷിക്കപ്പെട്ട *(1) നോവല്‍ വിയറ്റ്നാം യുദ്ധ പശ്ചാത്തലത്തില്‍ നാലു തലമുറകളിലൂടെ, തകര്‍ന്നു പോകുന്ന ട്രാന്‍ കുടുംബത്തിന്റെ കഥ പറയുന്നു; ഒപ്പം അത് ദേശാനുഭാവത്തിന്റെ കണ്ണാടിയും ആയിത്തീരുന്നു. “ഫ്രഞ്ച് കൊളോണിയല്‍ അധീശത്വം, ‘മഹാ വിശപ്പ് (the Great Hunger), ജപ്പാന്‍ അധീശത്വം, ഫ്രഞ്ച് ഇന്‍ഡോചീന യുദ്ധം, ഭൂപരിഷ്കരണം, വടക്കന്‍ തെക്കന്‍ വിയറ്റ്‌നാമുകളുടെ യുദ്ധം, എന്നിവയുടെ ചരിത്ര പശ്ചാത്തലങ്ങളില്‍, അഗാധമായി സ്പര്‍ശിക്കുന്ന, വിടാതെ പിടികൂടുന്ന, സങ്കീര്‍ണ്ണവും അസ്വാസ്ഥ്യകരവുമായ കഥ” എന്നു നോവല്‍ വിവരിക്കപ്പെടുന്നു *(2).  സംഘര്‍ഷത്തിന്റെ മാനുഷിക വിലയെന്ന സാര്‍വ്വലൌകിക പ്രമേയത്തിലേക്കു ഊന്നുമ്പോഴും ഏതിരുട്ടിലും തെളിഞ്ഞു കാണാവുന്ന കാരുണ്യത്തിന്റെയും പ്രതീക്ഷയുടെയും ഇത്തിരിവെട്ടങ്ങളെ പൊലിപ്പിച്ചു നിര്‍ത്തുന്നതിലൂടെ സ്വതേ ദുരന്തപൂര്‍ണ്ണമായ അനുഭവങ്ങള്‍ക്ക് ജീവിതോന്മുഖതയുടെ പാഠമായി നോവല്‍ മാറുന്നു.........

https://www.fazalrahman.com/essays/article/the-mountains-sing