Featured Post

Monday, June 22, 2026

The Mountains Sing by Nguyễn Phan Quế Mai

 “ചരിത്രത്തിലുടനീളം വിയറ്റ്നാം ജനത നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ഏറ്റവും ഉയരമുള്ള പര്‍വ്വതത്തോളം വലുതാണ്‌. തൊട്ടടുത്തു നിന്ന് നോക്കിയാല്‍ നിനക്കതിന്റെ കൊടുമുടികള്‍ കാണാനാവില്ല. ഒരിക്കല്‍ നീ ജീവിതത്തിന്റെ ഒഴുക്കില്‍ നിന്ന് മാറിനിന്നാല്‍, നിനക്കതിന്റെ സമ്പൂര്‍ണ്ണ ദൃശ്യം ഗോചരമാവും..” വിയറ്റ്നമീസ് കവി ങ് വെന്‍ ഫാങ് കെ മായ് (Nguyen Phan Que Mai ) രചിച്ച THE MOUNTAINS SING എന്ന നോവലിന്റെ തുടക്കത്തില്‍, നോവലിസ്റ്റിന്റെ അപരവ്യക്തിത്വം കൂടിയായ കഥാകാരി ഹുവോങ്ങിനെ തേടിയെത്തുന്ന മുത്തശ്ശി ട്രാന്‍ ഡിയു ലാനിന്റെ വാക്കുകളാണ് ഇവ. വിയറ്റ്നാം എന്ന പേരുതന്നെ അമേരിക്കന്‍ അധിനിവേശ യുദ്ധവുമായി ചേര്‍ത്തു മനസ്സിലാക്കപ്പെടുന്ന തരത്തില്‍ 1955-75 കാലത്തു സംഭവിച്ച യുദ്ധം ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ ദുരന്തചിഹ്നം ആയിത്തീര്‍ന്നെങ്കിലും അതുമാത്രമായിരുന്നില്ല ആ ദേശത്തിന്റെ ചരിത്ര വിധി. ഡിയു ലാന്‍ നിരീക്ഷിക്കുന്ന പോലെ:

“എന്തുകൊണ്ടാണ് വിദേശ സൈന്യങ്ങള്‍ നമ്മുടെ ദേശത്തെ അധിനിവേശിച്ചു കൊണ്ടേയിരുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. ആദ്യം ചൈനക്കാര്‍, മംഗോളിയന്മാര്‍, ഫ്രഞ്ചുകാര്‍, ജപ്പാന്‍, എന്നിവരായിരുന്നു, ഇപ്പോഴത്‌ അമേരിക്കന്‍ സാമ്രാജ്യത്വമാണ്.”

സംഘര്‍ഷം അവസാനിച്ചു നാലര പതിറ്റാണ്ടിനിപ്പുറവും എരിയുന്ന ഓര്‍മ്മകളും അനുഭവ സാക്ഷ്യങ്ങളുമായി വിയെറ്റ്നാം യുദ്ധം സാഹിത്യത്തില്‍ ഇടം പിടിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളില്‍ ഒന്നാണ് ഫാങ് കെ മായുടെ പ്രഥമ നോവല്‍. ‘ഇതിഹാസ മാനത്തില്‍ മിന്‍ ജിന്‍ ലീയുടെ Pachinko, യാ ജ്യാസിയുടെ Homegoing എന്നിവയേയും ഭാവഗീതാത്മക ശൈലിയില്‍ വാദി റാറ്റ്നറുടെ In the Shadow of the Banyan എന്ന നോവലിനേയും ഓര്‍മ്മിപ്പിക്കുന്നു’ എന്ന് നിരീക്ഷിക്കപ്പെട്ട *(1) നോവല്‍ വിയറ്റ്നാം യുദ്ധ പശ്ചാത്തലത്തില്‍ നാലു തലമുറകളിലൂടെ, തകര്‍ന്നു പോകുന്ന ട്രാന്‍ കുടുംബത്തിന്റെ കഥ പറയുന്നു; ഒപ്പം അത് ദേശാനുഭാവത്തിന്റെ കണ്ണാടിയും ആയിത്തീരുന്നു. “ഫ്രഞ്ച് കൊളോണിയല്‍ അധീശത്വം, ‘മഹാ വിശപ്പ് (the Great Hunger), ജപ്പാന്‍ അധീശത്വം, ഫ്രഞ്ച് ഇന്‍ഡോചീന യുദ്ധം, ഭൂപരിഷ്കരണം, വടക്കന്‍ തെക്കന്‍ വിയറ്റ്‌നാമുകളുടെ യുദ്ധം, എന്നിവയുടെ ചരിത്ര പശ്ചാത്തലങ്ങളില്‍, അഗാധമായി സ്പര്‍ശിക്കുന്ന, വിടാതെ പിടികൂടുന്ന, സങ്കീര്‍ണ്ണവും അസ്വാസ്ഥ്യകരവുമായ കഥ” എന്നു നോവല്‍ വിവരിക്കപ്പെടുന്നു *(2).  സംഘര്‍ഷത്തിന്റെ മാനുഷിക വിലയെന്ന സാര്‍വ്വലൌകിക പ്രമേയത്തിലേക്കു ഊന്നുമ്പോഴും ഏതിരുട്ടിലും തെളിഞ്ഞു കാണാവുന്ന കാരുണ്യത്തിന്റെയും പ്രതീക്ഷയുടെയും ഇത്തിരിവെട്ടങ്ങളെ പൊലിപ്പിച്ചു നിര്‍ത്തുന്നതിലൂടെ സ്വതേ ദുരന്തപൂര്‍ണ്ണമായ അനുഭവങ്ങള്‍ക്ക് ജീവിതോന്മുഖതയുടെ പാഠമായി നോവല്‍ മാറുന്നു.........

https://www.fazalrahman.com/essays/article/the-mountains-sing


No comments:

Post a Comment