2003-ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തില്‍ കൊലപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷത്തിനും പത്തു ലക്ഷത്തിനുമിടയില്‍ സൗകര്യം പോലെ ക്ലിപ്തപ്പെടുത്തുന്നവരുണ്ട്. മാനദണ്ഡങ്ങള്‍ പലതാണ് അവര്‍ക്ക്. പുതു തലമുറ സ്ഫോടകായുധങ്ങള്‍ കൊണ്ടും (I ED – Improved Explosive Device), തൂക്കിലേറ്റലും സ്വാഭാവിക സംഘര്‍ഷഫലമായും സംഭവിക്കുന്ന മരണങ്ങള്‍ക്ക് കണക്കുകളുണ്ടാവാം. എന്നാല്‍ കാണാതായവരുടെ കണക്കോ? തൊട്ടരികില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ ഹൃദയം നിലച്ചു മരിച്ചു പോകുന്ന വയോധികരോ? സൈനിക നടപടികളുടെ ബാക്കിപത്രമായ അണുവികിരണത്തെ തുടര്‍ന്ന് ക്യാന്‍സര്‍ ബാധിതരാവുന്ന സിവിലിയന്‍ മരണങ്ങളോ? തകര്‍ന്നുപോയ ആരോഗ്യമേഖലയുടെ ഫലമായി സംഭവിക്കുന്ന നരകിച്ചുള്ള മരണങ്ങളോ? ഈ മരണങ്ങളെല്ലാം യുദ്ധത്തിന്റെ സൃഷ്ടിയായി എണ്ണപ്പെട്ടാലും ഇല്ലെങ്കിലും അവക്കൊക്കെയും അടക്കം ആവശ്യമുണ്ട്. അവരൊക്കെയും ഒടുവിലത്തെ വിശദമായ ശുദ്ധീകരണവും കഫന്‍ ചെയ്യലും കാത്തു മയ്യിത്തു കുളിപ്പിക്കലെന്ന പരമ്പരാഗത തൊഴില്‍ ചെയ്യുന്നയാളുടെ മാര്‍ബിള്‍ ബെഞ്ചില്‍ എത്തുകതന്നെ ചെയ്യും/ ചെയ്യേണ്ടതുണ്ട്. അവരെ കുളിപ്പിക്കുന്നതിന്റെ മൃതിജലം കുടിച്ച് കുളിപ്പുരക്ക് പിന്നില്‍ ചുളുങ്ങി വിരൂപമായി ഒരൊറ്റ മാതള നാരകം വളരുന്നുണ്ട്; കൂടെയുണ്ടായിരുന്ന മറ്റെല്ലാവരും കാലാകാലങ്ങളിലായി മരണത്തിലേക്കോ പാലായനത്തിലേക്കോ പ്രവാസത്തിലേക്കോ അജ്ഞാത വിധിയിലേക്കോ പടിയിറങ്ങിപ്പോയിക്കഴിഞ്ഞ ശേഷം ഏകാന്തവും ശൂന്യതയും അസ്തിത്വക്ഷീണവും അനുഭവപ്പെടുന്നതുമായ കഥാനായകന്റെ ജീവിതം പോലെ. സിനാന്‍ അന്തൂനിന്റെ ജവാദ് കാസിമും അയാളുടെ ജീവിതവും ഇങ്ങനെയൊക്കെയാണ് അടയാളപ്പെടുന്നത്.
തരിപ്പണമായിക്കഴിഞ്ഞ സമകാലിക ഇറാഖില്‍ നിന്ന് ഉയര്‍ന്നു വന്നിട്ടുള്ള പുതുതലമുറ എഴുത്തുകാരില്‍ ഏറെ പ്രഗത്ഭനാണ് 1967-ല്‍ ബാഗ്ദാദില്‍ ജനിച്ച സിനാന്‍ അന്തൂന്‍ . 1991-ലെ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് ഇറാഖ് വിട്ട അന്തൂന്‍ ന്യൂ യോര്‍ക്കില്‍ അധ്യാപകനാണിപ്പോള്‍. കവിയും വിവര്‍ത്തകനും നോവലിസ്റ്റുമായി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അന്തൂനിന്റെ കൃതികള്‍ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടുകയും വിവിധ ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 2010 -ല്‍ 'വഹ്ദ ശജരത് അല്‍ റുമാന്‍ '(ഒരൊറ്റ മാതള നാരകം) എന്ന പേരില്‍ പ്രസിദ്ധീകരിച്ച തന്റെ രണ്ടാമത് നോവല്‍ നോവലിസ്റ്റ് തന്നെ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തതാണ് 'ദി കോര്‍പ്സ് വാഷര്‍ '.
https://www.fazalrahman.com/essays/article/the-corpse-washer
No comments:
Post a Comment