Satantango (1985) by László Krasznahorkai / George Szirtes
സെയ്റ്റന്‍ടാംഗോ: മിഥ്യാദര്‍ശനങ്ങളുടെ ടാംഗോ നൃത്തം
ക്രാസ്നഹോർകായിയുടെ വിശാലമായ പ്രപഞ്ചത്തിലേക്ക്, വിശേഷിച്ച്, ഒരേ ദാർശനിക കാതലില്‍ നിന്ന് പുറത്തേക്ക് സർപ്പിളമായി പോകുന്ന ആദ്യനോവല്‍ ചത്വരത്തിലേക്ക് ഒരു സ്പ്രിംഗ്‌ബോർഡായി ‘സെയ്റ്റന്‍ടാംഗോ’ വര്‍ത്തിക്കുന്നു. ധാര്‍മ്മിക ക്രമരാഹിത്യത്തിലേക്കുള്ള (moral entropy) മഴയില്‍ കുതിര്‍ന്നൊരു അവരോഹണം എന്ന് ‘സെയ്റ്റന്‍ടാംഗോ’യെ വിശേഷിപ്പിക്കാം. കമ്യൂണിസ്റ്റ് ഉടോപിയയുടെ ഭാഗമായിരുന്ന കൂട്ടുകൃഷിക്കളത്തിന്റെ തകർച്ചയ്ക്ക് ശേഷം, കാലം വര്‍ത്തുളമാകുകയും തുടങ്ങിയേടത്തുതന്നെ വീണ്ടും വീണ്ടും എത്തുകയും ചെയ്യുന്ന, ഭാഷ വഞ്ചനാത്മകവും, പ്രത്യാശ കിംവദന്തിയും ആയി മാറുന്ന ഒരു ഇടമാണ് നോവലിന്റെ ഭൂമിക. ഒരു ടാംഗോ നൃത്തത്തിലെന്നോണം, ആറ് ചുവടുകൾ മുന്നോട്ട്, ആറ് ചുവടുകൾ പിന്നോട്ട് എന്ന മോഹനിദ്രാ താളത്തിൽ കുരുങ്ങിയ ഗ്രാമീണർ, വീണ്ടെടുപ്പിലേക്കല്ല, മറിച്ച് മിഥ്യയിലേക്കു നീങ്ങുന്നു. നോവലിന്റെ തലക്കെട്ട് സൂചിപ്പിക്കുന്ന ടാംഗോ ഘടന കേവലം ബാഹ്യഘടനയല്ല - അതൊരു ദാര്‍ശനിക അവസ്ഥയാണ്: ആവർത്തനത്തിന്റെയും വൈരുധ്യത്തിന്റെയും നാശത്തിന്റെയും നൃത്തം- നര്‍ത്തകന്റെ (സാത്താന്‍) ഐഡന്റിറ്റി തന്നെ നിര്‍വ്വചിക്കുന്നപോലെ. തലക്കെട്ടിലെ ‘സാത്താന്‍’ ആകട്ടെ, കൃതൃമത്വം, അലങ്കോലം, വഞ്ചന, എന്നതിന്റെയെല്ലാം സര്‍വ്വനശീകരണോന്മുകമായ അരൂപപ്രതീകമാണ് (disembodied, apocalyptic spirit of manipulation, chaos and deception). മായികമായ ആവർത്തനത്തിന്റെ, മുന്നോട്ടു പോകുന്നതിനുപകരം വര്‍ത്തുളമായി ചലിക്കുന്നതിന്റെ താളം ഗ്രാമീണരുടെ ജീവിതത്തിന്റെ ഒരു രൂപകമായി മാറുന്നു: അവർ നീങ്ങുന്നു, അവർ പ്രതീക്ഷിക്കുന്നു, അവർ നിരാശരാണ് - പക്ഷേ അവർ പരിണമിക്കുന്നില്ല. അരങ്ങേറുന്ന നൃത്തമാകട്ടെ, പ്രണയപരവുമല്ല - അത് ഏതാണ്ട് ശവസംസ്കാരസന്ദര്‍ഭത്തെപ്പോലെ അനുഷ്ഠാനസമാനമാണ്...............
No comments:
Post a Comment