Featured Post

Thursday, October 16, 2014

ഗ്രാമ വിഡ്ഢിയുടെ ആകാശം



കണ്ടിട്ടുണ്ടോ നിങ്ങള്‍
ഗ്രാമ വിഡ്ഢിയുടെ ആകാശം ?
ഒരു വിശുദ്ധന്റേതു പോലെ
അന്തിച്ചുവപ്പുണ്ടാവും അവിടെ.
മങ്ങിയ കണ്ണാടി പോലെ
എപ്പോഴും പുക മൂടിയിട്ടുണ്ടാവും .
അന്തിച്ചുവപ്പിന്റെ പാഠഭേദം
അമാവാസിയുടെ മുന്നൊരുക്കമാവും
തൂവിപ്പോയ ചായങ്ങളില്‍
ഇനം തിരിവുണ്ടാകില്ല..
ചിലപ്പോഴത്
അപ്പുക്കിളിയുടെ അക്ഷര ജ്ഞാനം പോലെ
കണ്ണെത്തുവോളം
ഒരൊറ്റ വര്‍ണ്ണത്തില്‍ പരന്നു കിടക്കും
അല്ലെങ്കില്‍
ബുദ്ധിയുള്ളവരുടെ ഉള്ളിലെ അഴുക്കു പുരണ്ട്
ഇരുണ്ടു പോകും.
തുരുമ്പിച്ച ഇശല്‍നിഴലുകളില്‍
ഉന്മാദിയുടെ സിംഫണി പോലെ
സ്വരഭേങ്ങളിഴച്ചു പോകും.
മറ്റാര്‍ക്കും കേള്‍ക്കാത്ത സൈറണുകള്‍*
അവന്റെ പായ്ക്കപ്പലുകളെ
ഇടയ്ക്കിടെ പ്രലോഭിപ്പിക്കും .
ജൈവ കാമനകളുടെ മദപ്പാടില്‍
ചേഷ്ടകളുടെ തനിയാവര്‍ത്തനങ്ങളില്‍
അമിത സുരതത്തിന്റെ ബബൂണ്‍മുഖം പോലെ
അടക്കം പറയാന്‍ പാകത്തില്‍
അവനൊരശ്ലീലമാവും .
വിനിമയ മൂല്യം പോയ പടപ്പാട്ടുകളുമായി
ഹിറയാമ പയ്യനെ പോലെ**
ദേശ ദ്രോഹത്തിന് വേട്ടയാടപ്പെടും .

അപ്പോള്‍ നിങ്ങളോ?
നിങ്ങള്‍ക്കുറപ്പുണ്ടോ നിങ്ങളുടെ വേദങ്ങളില്‍
എഫേസസിലെ യുവാക്കളെ പോലെ***
നാണയങ്ങള്‍ പട്ടുപോയിട്ടില്ലെന്ന് ?


* യവന പുരാണത്തിലെ, മാസ്മരിക സംഗീതം കൊണ്ട് നാവികരെ ആകര്‍ഷിച്ചു അപായപ്പെടുത്തുന്ന സുന്ദരികളായ ദുര്‍ദേവതകള്‍. അവയുടെ പ്രലോഭനം അതിജീവിക്കാനായി ഓഡീസ്സിയൂസ് തന്റെ നാവികരുടെ ചെവികള്‍ മെഴുകു കൊണ്ടടച്ചു സ്വയം കപ്പല്‍പ്പായയുടെ തൂണില്‍ ബന്ധിച്ചു നിര്‍ത്തിയതായി ഓഡീസ്സിയിലുണ്ട്. .

**കസുവോ ഇഷിഗുരോയുടെ 'ആന്‍ ആര്‍ടിസ്റ്റ് ഓഫ് ദി ഫ്ലോട്ടിംഗ് വേള്‍ഡ് ' എന്ന നോവലിലെ കഥാപാത്രം.. യുദ്ധം അവസാനിച്ചതും രാജഭരണം പോയതുമൊന്നുമറിയാതെ പഴയ പാട്ടുകള്‍ പാടി നടക്കുകയും അന്ന് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചിരുന്നവരില്‍ നിന്ന് പീഡനം ഏറ്റ് വാങ്ങുകയും ചെയ്യുന്ന മന്ദബുദ്ധി.


** *ഡെഷ്യസ് ചക്രവര്‍ത്തി (249-251 ) യുടെ പീഡനം ഭയന്ന് ഗുഹയിലൊളിക്കുകയും മുന്നൂറോളം വര്‍ഷങ്ങള്‍ ഉറങ്ങിപ്പോവുകയും ചെയ്ത ഏഴു ക്രിസ്റ്റ്യന്‍ ചെറുപ്പക്കാരെ കുറിച്ച് ഖുര്‍ആനിലും മറ്റും പരാമര്‍ശമുണ്ട്. ഉറങ്ങിയെഴുന്നേറ്റതെന്ന ചിന്തയില്‍ ഭക്ഷണം തേടുമ്പോള്‍ കയ്യിലുള്ളത് എടുക്കാത്ത നാണയങ്ങളാണെന്ന തിരിച്ചറിവിലേക്ക് ഞെട്ടിയുണരുന്നവര്‍.

Thursday, September 4, 2014

മീനുമ്മകളുടെ രാഷ്ട്രീയം.




1.

ഉരുള്‍ പൊട്ടിയ മലകളില്‍ 
ഒടുങ്ങിപ്പോയവരെയോര്‍ത്ത്
കാട്ടരുവിയില്‍ മുങ്ങുക.
മീനുമ്മകള്‍ നിങ്ങളോടെന്തു പറയും?
തോറ്റു പോയൊരു ജനതയുടെ ദൈന്യം?
വിമലീകരിക്കാത്ത നിസ്സഹായതയുടെ രോഷം?
ബുള്‍ഡോസര്‍ വികസനത്തിന്റെ
മാതൃ ഭോഗ പെടു പിറപ്പില്‍
നടുക്കഷ്ണം തിന്നുന്നവനോട് പുച്ഛം?
ആത്മഹത്യയിലൊടുങ്ങിയ
കര്‍ഷക ജന്മത്തിന്റെ ശാപം?
അല്ലെങ്കില്‍,
ഒഴുക്കിലൊടുങ്ങിയ കിളിക്കുഞ്ഞിന്റെ മൗനം?
അതുമല്ലെങ്കില്‍,
മലയിറങ്ങിയ പാറക്കെട്ടുകളില്‍
അടിഞ്ഞു പോയ ആട്ടിന്‍ പറ്റത്തിന്റെ
നെഞ്ചു കലങ്ങും ഇടയ ദുഃഖം?

2.

നിലയില്ലാക്കയത്തില്‍
മുങ്ങി മരിച്ചവരെയോര്‍ത്ത്
മീനുമ്മകള്‍ ഏറ്റുവാങ്ങുക.
നിങ്ങളെന്തു കേള്‍ക്കുന്നു?
വിനോദയാത്രയുടെ മദപ്പാടില്‍
ഒഴുക്കെടുത്തുപോയ പുത്രദുഃഖം?
മൃഗ തൃഷ്ണകളുടെ ലാസ്യം കടന്ന്
ജലമൃത്യുവായവന്റെ അന്ത്യമൊഴി?
ഉടല്‍ വസന്തത്തിന്റെ ചതിക്കുഴിയില്‍
ചുഴിയിലെറിയപ്പെട്ടവളുടെ ഗദ്ഗദം?
ബൊഹീമിയന്‍ പകല്‍പ്പാതിയില്‍
ഞരമ്പുകളിലെ കവിതയോടൊപ്പം
ജലപാളികളിലൂളിയിട്ടവന്റെയൊടുക്കത്തെ ഗീതം?
അല്ലെങ്കില്‍,
തോട്ട പൊട്ടി ചിതറിയ മീന്‍ കണ്ണിന്റെ ശോകം?
അതുമല്ലെങ്കില്‍,
ഉറവകളിലടിഞ്ഞ നഗരമാലിന്യം
രോഗത്തിന്റെ പൂക്കളായി വിരിയുന്ന
അവിശുദ്ധ ബാന്ധവത്തിന്‍ സീല്‍ക്കാരം?

3.

മീനുമ്മകള്‍ക്ക് ഒരു രാഷ്ട്രീയമുണ്ട്.
മലകളും
പുഴകളും
കിളികളും
തിര്യക്കുകളും
കാടും മേടുമാകാശവും
അത് നമ്മളോട് പറയുന്നുമുണ്ട്.
എങ്കിലും,
ഹൃദയത്തിലല്ല
ആമാശയത്തിലാണ്
മീനുമ്മകളെ
നാം
ചെവിയോര്‍ക്കുക.

Thursday, August 28, 2014

സദാചാരികളുടെ ദൈവത്തിന്



പ്രണയം നിരോധിക്കപ്പെട്ടവരുടെ കുടിയരശില്‍
ഒരു ചെറുപ്പക്കാരന്‍
ഒരു ചെറുപ്പക്കാരിയെ കണ്ടുമുട്ടുന്നു.
വസന്തത്തിന്റെ ചെറിഹൃദയം കൊണ്ട്
അവന്‍ കുറുമ്പ് കാട്ടുന്നു.
ഒരു പൂക്കൂട കൊണ്ട് 
അവളൊരുദ്യാനം തീര്‍ക്കുന്നു.

ഉപരോധങ്ങളുടെ മദപ്പാടില്‍
വിഷപ്പല്ല് കിളിര്‍ത്തവര്‍
ഉദ്ധൃത ലിംഗരായി വേട്ടക്കിറങ്ങവേ
ഹൃദയ ചോദനകളുടെ ഉറവത്തടങ്ങളില്‍
ചോര മണക്കാന്‍ തുടങ്ങുന്നു -
ആണൊരുവനായും പെണ്ണൊരുവള്‍ക്കായും.

നിലാവിന്റെ വിശുദ്ധ ഗര്‍ഭം
ആര്‍ക്കും ശുഭരാത്രി നേരാതെ
അന്തര്‍ദ്ധാനം ചെയ്യവേ
അവരവളെ തിരഞ്ഞിറങ്ങുന്നു-
ആറ്റുവക്കില്‍, കിണറാഴങ്ങളില്‍
റെയില്‍പ്പാളത്തില്‍,
ആരും ചെല്ലാത്ത തട്ടുമ്പുറങ്ങളില്‍-

ഒടുവിലൊരു ഹേമന്ത രാവിന്റെ
മഞ്ഞു പെയ്യുന്ന മധ്യയാമത്തില്‍
പാപിയായ ഗന്ധര്‍വ്വനോടൊപ്പം
പുണ്യ പാപങ്ങളുടെ ചുവടിറക്കി വെച്ച്
അവളെങ്ങോ മറയുന്നു.

പ്രണയം നിരോധിക്കപ്പെട്ട കുടിയരശില്‍
മാഞ്ഞു പോവുന്ന മാരിവില്ലിനൊപ്പം
വസന്തം പടിയിറങ്ങുന്നു.

അഭിമാനികളുടെ സദാചാരിയായ ദൈവത്തിന്റെ
ഇന്നത്തെയത്താഴ മേശയില്‍
ഇതും കൂടി സമര്‍പ്പിക്കുന്നു -
പ്രണയ ഭംഗം കൊണ്ട് ദഹിച്ചവന്റെ മാംസം,
പിറക്കാതെപോയവനെ ചുമന്നവളുടെ രക്തം.

കുഞ്ഞുങ്ങളുടെ തലയറുക്കുന്നവരോട്



കൂട്ടക്കുരുതി കഴിഞ്ഞ്
ഉപേക്ഷിക്കപ്പെടുന്ന ദേശം
കാട് പിടിക്കുന്നു.
മുക്കിലും മൂലയിലും
അത് പടരുന്നു.
അങ്ങനെയാണ്
ആളില്ലായിടങ്ങളില്‍
ആദിമ വനങ്ങളുണ്ടായത്.

രക്തത്തില്‍ നിന്ന്
തോട്ടവാഴപ്പൂക്കള്‍
കുഞ്ഞരിപ്പല്ലില്‍ നിന്ന്
വെളുത്ത ലില്ലി,
കാര്‍ കൂന്തലില്‍ നിന്ന്
കാട്ടരുവി,
തഴമ്പിച്ച കൈകളില്‍ നിന്ന്
പാറക്കെട്ടുകള്‍,
എഴുന്ന ഞരമ്പുകളില്‍ നിന്ന്
മുള്‍പ്പടര്‍പ്പുകള്‍.

കുഞ്ഞുങ്ങളുടെ തലയറുക്കുമ്പോള്‍
ഒരു നുള്ള് ഉപ്പ് ചേര്‍ക്കുക.
ഇല്ലെങ്കില്‍,
വരും കാല വനസരിത്തില്‍ നിന്ന്
ഉപ്പില്ലാത്തൊരു കടല്‍
ഉരുവമെടുത്തേക്കും.
ഒരു ചാവുകടലിനും
താങ്ങാനാവില്ലത്.

TO THOSE WHO BEHEAD CHILDREN



Land forsaken after slaughters
Are occupied by wild growth
Vegetating every cranny-
That’s how no man’s lands
Became primeval forests.

Blood for clover fields,
Pearly teeth for lily white,
Flowing locks for gushing streams
Chapped fingers for thorn bush-

When you chop of new-borns’ heads
Don’t forget to sprinkle some salt
Lest the oceans that stem from
Wilderness to – be
Would taste salt-less.
No dead sea can stand it.

പിതൃ സൂക്തം.

വെളുപ്പിന്
ഓരോരുത്തരായി ഇറങ്ങിപ്പോവും.
വീടിന് അതു ശീലമാണ്.
ശീലായ്മയുടെ ഏനക്കേടില്‍
മുത്തച്ഛന്‍ മാത്രം പുറത്തിരിക്കും.
ഓര്‍മ്മ നോറ്റ്,
ചാരുകസേരയില്‍
മലര്‍ന്നങ്ങനെ.
കാലം ഘനീഭവിച്ച കടലില്‍ നിന്ന്
തിരിച്ചു വരാത്തൊരുത്തി
വിശറി വീശും.
നിഴലനങ്ങാത്ത ഉച്ചയോളങ്ങളില്‍
അയാളപ്പോള്‍
കിനാവിന്‍റെ കൊതുമ്പു വള്ളമിറക്കും.
ജരാനരകളുടെ ശരത്കാല രാവ് കടന്ന്
അയാളൊരു ഒറ്റയാന്‍ യാത്രയാവും.
ആദ്യം മടിച്ച്, പിന്നെ കുതിച്ച്
ജന്മത്തിന്റെ കാട്ടരുവി പിന്നോട്ടൊഴുകും.
ആറ്റിറമ്പിലെ കാഴ്ച്ചത്തെല്ലുകളില്‍
മലരും ചുഴിയും തീര്‍ത്ത്‌
ഇടക്കിത്തിരി ഒളിച്ചു കളിക്കും.
മറുകര നിന്ന്
ബലിഷ്ടമായൊരു ശബ്ദം
ഇതുവഴിയെന്നു വേഗം കൂട്ടും.
കൂട്ടുകാരാ, ഞാനെത്തിയെന്നു
പേശീബലം മറുപടി നല്‍കും.
ചുടലച്ചാരത്തിന്റെ കലാപകാലം
ചോരച്ചാലായി ഒഴുക്കില്‍ പടരും.
പനിച്ചൊടുങ്ങിയ വസൂരി നാളുകള്‍
വരണ്ട കണ്ണിലെ കണ്ണീര്‍ച്ചാലായ്‌
ഒഴുക്ക് മറന്ന നീറ്റില്‍ കലരും.
പുതുമഴയുടെ പിറ്റേന്ന് വീണ്ടും
മേടുകടന്ന്
നാണം കൂമ്പിയ കൊലുസിന്നൊച്ച
ഇടവഴിയിറങ്ങി, ക്കരള്‍ പിടഞ്ഞ്
കയത്തില്‍ ലയിക്കും.
'മകനേ !'യെന്ന് മുലപ്പാല്‍ ചുരത്തി
അമ്മയാം നിലാവ് പെയ്തിറങ്ങും.
'എന്നുയിര്‍പ്പാതി'യെന്നച്ഛന്‍ തളിര്‍ക്കും.
പിന്നെ,
അച്ഛന്‍റെയുയിരായൊരുയിര്‍പ്പാണ്:

മകനെ,തരികെനിക്ക്
നിന്‍ ഹൃദയ സ്പന്ദം തുളിച്ച്
എന്റെ പ്രാണന്റെയമൃതാല്‍ പിറന്ന നിന്‍
ചുടുചോര പായുന്ന നെഞ്ചകം തൊട്ട്,
നിഴല്‍ വീണ ജീവന്റെ ചാരം കടന്നീ
മൃതിയുടെയൊറ്റയാള്‍ പാതതന്നോരത്തു
കല്പാന്ത യാത്രയ്ക്ക് നിസ്വം തുടങ്ങവേ-
യൊരു കുമ്പിള്‍ തീര്‍ത്ഥം,
നിന്‍ കൈതാങ്ങി-
ലെന്‍ ചുണ്ടി,ലെന്നുയിര്‍
നോറ്റ കര്‍മ്മാന്ത്യമായി,
പൊരുളായി, നിറവായി, സാഫല്യമായി.

ഗര്‍ഭശ്രീ ടെററിസ്റ്റ്.




രഹസ്യാന്വേഷണ വകുപ്പിന്റെ
രേഖകളില്‍ നിന്നാണ്
നിഗൂഡ സത്യം വെളിവായത്.
അവന്‍ ജനിച്ചയിടത്ത്
ഒരിക്കലൊരു ഏറു പടക്കം കണ്ടെത്തിയിരുന്നു.
പുഴയില്‍ തോട്ട പൊട്ടിച്ച്
അവരവന് പരിശീലനം നല്‍കിയിരുന്നതായി
ചത്തു പൊങ്ങിയ മീനുകള്‍ 
സാക്ഷ്യപ്പെടുത്തിയിരുന്നു.
മൂവായിരം മൈല്‍ അകലെയെങ്കിലും
ഒരിടത്തൊരു അമ്പലം
ആയിടെ പൊളിഞ്ഞിരുന്നു.
അവന്റെ അച്ഛനമ്മമാര്‍
നിരക്ഷരരായിരുന്നെങ്കിലും
അവരുടെ ചാളക്കപ്പുറം
ഒരു വായന ശാലയും
അവിടെ ചുവന്ന പുറം ചട്ടയുള്ള
പുസ്തകങ്ങളുമുണ്ടായിരുന്നു.
അവരുടെ മാവോയിസ്റ്റു ബന്ധം
കൂടുതല്‍ വ്യക്തമായത്
മരം മുറിക്കുന്നിടത്തു വെച്ചാണെന്ന്
രേഖകളിലുണ്ട്.
കൈ മുറിഞ്ഞപ്പോള്‍
ചുവന്ന ചോര മാത്രം പുറത്തു വന്നതിന്
വേറെ വിശദീകരണമില്ല.
ഇതൊക്കെ പോട്ടെന്നു വെച്ചാലും
മൂന്നാം ക്ലാസ്സില്‍ പഠിപ്പു നിര്‍ത്തിയോന്റെ
ജാതിക്കോളത്തില്‍
മുസ്ലിമെന്നുണ്ടായിരുന്നു.

ജനിക്കും മുന്‍പേ അവനൊരു ടെററിസ്റ്റ് ആയിരുന്നു.