ആവിഷ്ക്കാര
സ്വാതന്ത്ര്യം എന്ന ആശയം ഏറെ
ചര്‍ച്ച ചെയ്യപ്പെട്ട ചില
ഘട്ടങ്ങളുണ്ട്. എണ്‍പതുകളിലാണ്
തിരുമുറിവ് നാടക വിവാദവും
കാലു മാറുന്ന ഭഗവാനും ഒക്കെയായി
ഒരോളമുണ്ടായത് . പിന്നീട്
പല പല ഘട്ടങ്ങളില്‍ സംഗതവും
അസംഗതവുമായ പല വിഷയങ്ങളിലും
വാളെടുക്കുന്നവരൊക്കെ
വെളിച്ചപ്പാടാവുന്ന നമ്മുടെ
സാംസ്ക്കാരിക മണ്ഡലത്തില്‍
അത്തരം വിവാദങ്ങളുണ്ടായി.
കുരിശു
യുദ്ധത്തിന്റെ വീറോടെ വാക്പയറ്റ്
നടത്തിയും 'ആരാന്റെ
ഭ്രാന്ത്' രീതിയില്‍
മാറിനിന്നു ഊറിച്ചിരിച്ചും
കയ്യാലപ്പുറത്തെ തേങ്ങാ
ലൈനില്‍ 'നമ്മളപ്പഴേ
പറഞ്ഞില്ലേ!' എന്ന്
ഊറ്റം കൊണ്ടും നമ്മളൊക്കെ
പ്രതികരണ നാനാവിധം ആഘോഷിക്കുകയും
ചെയ്തു. ഇന്ന്
ഈ വിഷയത്തിന്റെ ഉരകല്ല് ചുംബന
സമരവും അതിനോടുള്ള നിലപാടും
തന്നെയാണ്.
സുരാസുവിന്റെ
വിശ്വരൂപം നാടകത്തില്‍ ഡോ.
വിശ്വം എന്ന
കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്
മൂന്നു വാക്കുകളിലൂടെയാണ്:
'സദാചാരി,
സന്മാര്‍ഗ്ഗി,
ഗുഹ്യരോഗി!'.
സമൂഹത്തിലെ
നല്ലൊരു പങ്ക് സദാചാര
കാവലാളുകള്‍ക്കും ഈ വിശേഷണം
ചേരും. ഒളിഞ്ഞു
നോട്ടത്തിന്റെയും സംസ്ക്കാരം,
പാരമ്പര്യം,
സദാചാരം ,
ധാര്‍മ്മികത
എന്നൊക്കെ ഇടയ്ക്കിടെ
ഉരുക്കുഴിക്കുമ്പോഴും
സമൂഹത്തിലെ പ്രകടമായ സ്ത്രീ
വിരുദ്ധതക്കെതിരെ ചെറു വിരല്‍
അനക്കാത്ത, പാതിരാവില്‍
സൂര്യന്‍ ഉദിക്കാത്തത് കൊണ്ട്
മാത്രം മാന്യന്മാരായി തുടരുന്ന
ആളുകളുടെതും മാത്രമായി പൊതു
ഇടങ്ങള്‍ എക്കാലവും തുടരേണ്ടതുണ്ടോ
എന്നതാണ് ഒരു ചോദ്യം.
മറു വശത്ത്
പൊതു ഇടങ്ങളില്‍ ഏതു പരിധി
വരെ സ്വാതന്ത്ര്യം ആവാം എന്ന
ചോദ്യമാണ്. ചുംബന
സമരം ഈ രണ്ടു ചോദ്യങ്ങള്‍ക്കിടയില്‍
നിലപാട് വ്യക്തമാക്കാനാണ്
നമ്മളോട് ആവശ്യപ്പെടുന്നത്.
സ്നേഹിക്കുന്ന
മനുഷ്യര്‍ ആലിംഗനം ചെയ്യുന്നത്
കൊണ്ടോ ചുംബിക്കുന്നത് കൊണ്ടോ
ആകാശം ഇടിഞ്ഞു വീഴില്ല.
സ്നേഹം,
പ്രണയം
ഇതൊന്നും അയഥാര്‍ത്ഥവും
അജൈവികവുമായ വികാരങ്ങളല്ല.
ആവാന്‍
പാടില്ല. അവ
പ്രകടിപ്പിക്കേണ്ട ഘട്ടത്തില്‍
അത് ചെയ്യാനുള്ള സ്വാതന്ത്ര്യമില്ലാത്ത
അവസ്ഥയെ ഭയക്കണം. അതിലൊരു
ഭീഷണമായ രാഷ്ട്രീയമുണ്ട്.
കാണണം അത്.
സദാചാരം
എന്നത് ഇപ്പോഴും ജൈവവികാരങ്ങളുടെ
എതിരറ്റത്തു നില്‍ക്കുന്ന
മുള്ളുവേലിയാണ് എന്ന് ധരിച്ചു
വശാവുന്നതു ഒന്നുകില്‍
ആത്മസംയമന ശേഷിയില്ലാത്തവന്റെ
അപകര്‍ഷതാബോധത്തില്‍
നിന്നുരുവാകുന്ന സംഘടിത
ഫാസിസമാണ്, അല്ലെങ്കില്‍,
ആത്മീയത
തലയ്ക്കു പിടിച്ച ,
യഥാര്‍ത്ഥ
ആത്മീയത അങ്ങാടി മരുന്നോ
പച്ച മരുന്നോ എന്നറിയാത്ത
പൌരോഹിത്യ വയറ്റുപ്പിഴപ്പിന്റെ
മാഫിയ ബോധമാണ്. അങ്ങനെയൊക്കെ
പറയുമ്പോള്‍ ആ പഴയ ചോദ്യം
വീണ്ടുമുയരുമെന്നു തീര്‍ച്ച.
സ്വാതന്ത്ര്യമെന്നാല്‍
അഴിഞ്ഞാട്ടമാണോ ?
അല്ലെന്നു
തന്നെയാണുത്തരം .
ഈ
നാട്ടില്‍ ഭക്ഷണത്തിനുള്ള
അവകാശമുണ്ട് എന്ന് പറയുന്നത്
നിങ്ങളുടെ ഭക്ഷണം കൊള്ളയടിക്കാന്‍
എനിക്ക് അവകാശമുണ്ട് എന്നല്ല
അര്‍ത്ഥമാക്കുന്നത്,
സഞ്ചാര
സ്വാതന്ത്ര്യമെന്നാല്‍
ഒരാളുടെ കിടപ്പറയിലേക്ക്
കയറിച്ചെല്ലാനുള്ള
സ്വാതന്ത്ര്യമില്ലാത്തതു
പോലെ. ഔചിത്യം
എന്നത് സംസ്ക്കാരത്തിന്റെ
ആണിക്കല്ലാണ്. നൃത്തം
ചെയ്യാനുള്ള സ്വാതന്ത്ര്യം
എന്നത് മരണ വീട്ടില്‍ ഡിസ്കോ
കളിക്കാനുള്ള സ്വാതന്ത്ര്യമല്ലല്ലോ
.
പ്രതിലോമ
ശക്തികള്‍ ഒരു സമരത്തിനെതിരില്‍
തെരുവില്‍ മോബിലൈസ് ചെയ്യുന്നു
എന്നതോ, ഒരു
പ്രതീകാത്മക സമരത്തെ അത്
തെരഞ്ഞെടുത്ത ചിഹ്നത്തിന്റെ
പേരില്‍ ന്യൂനീകരിച്ചും
വക്രീകരിച്ചും അതൊരു അടഞ്ഞ
സമര രീതിയാണ് എന്ന്
ചിത്രീകരിക്കുന്നതോ,
സ്വതേ
ഭീരുക്കളും സുരക്ഷിത അവസ്ഥയില്‍
എത്തുമ്പോള്‍ മാത്രം
പിന്തുണകോലാഹലങ്ങളു മായി
വരുന്ന സാംസ്ക്കാരിക നായകന്മാരും
സ്ഥല ജല വിഭ്രാന്തിയിലാണ്
എന്നതോ സമരത്തി ന്റെ കുറ്റമല്ല.
ഒരു ചിഹ്നമെന്ന
നിലക്ക് കാണേണ്ട ഒരു ചേഷ്ഠയെ
ഒരു പാടൊക്കെ സ്ഥൂലീകരി
ക്കുന്നത് താല്പര്യങ്ങളുടെ
കളിയാണ്. ഏറ്റുമുട്ടുന്ന
ഗുണ്ടകള്‍ക്കിടയില്‍
മുഷ്ടിക്കുള്ള അര്‍ത്ഥമല്ല
ഒരു വിപ്ലവകാരി സഖാക്കളെ
അഭിസംബോധന ചെയ്യുമ്പോള്‍
മുഷ്ടിക്കുള്ളത് എന്ന്
നമുക്കറിയാം. കൊയ്ത്തുപകരണമായ
അരിവാള്‍ ഉയര്‍ത്തുന്ന
വികാരമല്ല വംശവെറിയുടെ
തെരുവില്‍ അരിവാള്‍ ഉയര്‍ത്തുക.
ചിഹ്നങ്ങളുടെ
വിശുദ്ധി/അശുദ്ധി
അതിന്റെ ഉപയോഗത്തിന്റെ
സാഹചര്യവും വൈകാരിക ഉള്ളടക്കവുമായി
ബന്ധപ്പെട്ടിരിക്കുന്നു.
ഏതര്‍ത്ഥത്തിലും
ചുംബനം അശ്ലീലമാണ് എന്ന്
പറയുന്നത് കണ്ണടച്ചിരുട്ടാക്കലാണ്.
ഒരു
തലമുറയുടെ നൈതിക ബോധം,
ഹിപ്പോക്രസിയുടെ
പൂച്ചപ്പാലുകുടി രീതിയും
സംസ്ക്കാരവുമായിക്കഴിഞ്ഞ
മുന്‍തലമുറക്ക് മനസ്സിലാവാതെ
പോകുന്നതും സ്വാഭാവികം.
പക്ഷെ,
മുന്‍വിധികളില്ലാതെ
നിരീക്ഷിക്കുമ്പോള്‍
വ്യക്തമാവുന്ന ഒന്നുണ്ട്;
എന്റെ
തലമുറയെക്കാള്‍ സത്യസന്ധരാണ്
എന്റെ മകന്റെ തലമുറ.
പത്തിരുപതു
വര്‍ഷം മുന്‍പാണ് മലയാള
സിനിമയില്‍ ഷക്കീല തരംഗം
ഉണ്ടായത്. ഇന്നത്തെ
തലമുറയില്‍ അത് സാധ്യമാല്ലാതായിട്ടു
ണ്ടെങ്കില്‍ അതിന്റെ പോസിറ്റീവ്
ആയ വശം കാണാന്‍ നമുക്ക്
കഴിയുന്നില്ലെങ്കില്‍ കാരണം
മറ്റൊന്നാണ്; നമുക്ക്
നമ്മുടെ കാപട്യം പ്രിയപ്പെട്ടതാണ്.
എന്തുകൊണ്ടാണ്
നില്‍പ്പുസമരം ഉള്‍പ്പെടെ
നമ്മുടെ കാലത്തെ ആര്‍ജ്ജവമുള്ള
പല സമരങ്ങളിലും ശരിയായ
നിലപാടെടുത്ത പല മുതിര്‍ന്ന
സുഹൃത്തുക്കളും യുവതലമുറ
മുന്നോട്ടുവെച്ച ചുംബനസമരത്തില്‍
മതിഭ്രമം ബാധിച്ചവരായിപ്പോയത്
എന്നത് ചിന്തിക്കാവുന്നതാണ്.
ബോധ
പൂര്‍വ്വമല്ലെങ്കിലും,
നമ്മുടെ
തന്നെ ഹിപ്പോക്രസിയെ നമുക്ക്
നേരിട്ട് അഭിമുഖീകരിക്കേണ്ടി
വരുന്നു എന്നത് തന്നെയാണ്
അതിന്റെ പ്രശ്നം. നമ്മുടെ
കാപട്യം നമുക്കുള്ളില്‍തന്നെ
ഒരു വന്മതിലായിട്ടുണ്ട്.
അതില്‍
തൊടുമ്പോള്‍, അത്
തകര്‍ക്കേണ്ടാതാണെന്നു
തിരിച്ചറിയുന്നവര്‍ക്കു
പോലും വേദനിക്കുന്നു.
കാരണം
അതിന്റെ വേരുകള്‍ നമ്മുടെ
ശീലങ്ങളിലും ബോധ്യങ്ങളിലും
അത്രയ്ക്ക് ആഴ്ന്നിരിക്കുന്നു.
അഡിക്ഷന്റെ
പ്രശ്നമാണത്. കടുത്ത
മദ്യപാനാസക്തിയുള്ള ഒരാള്‍ക്ക്
അത് നിര്‍ത്തുമ്പോള്‍
ഉണ്ടാവാനിടയുള്ള അസഹനീയത.
" ചുംബന
സമരത്തിന്റെ പേരില്‍
അഴിഞ്ഞാട്ടമാണ് നടക്കാന്‍
പോവുന്നത്" എന്ന്
ഒളിഞ്ഞുനോട്ടക്കാരന്റെ
രതിമൂര്‍ച്ചയുമായി എതിര്‍പ്പിന്റെ
സദാചാരക്കുപ്പായമിട്ടു
വന്നവരെ ആ യുവത നിരാശപ്പെടുത്തിയെങ്കില്‍
അത് കേവലം യാദൃശ്ചികമായിരുന്നില്ല
എന്ന് മനസ്സിലാക്കണം അവര്‍
അതല്ല സ്ഥാപിക്കാന്‍ ശ്രമിച്ചത്.
സ്നേഹത്തിലും
പരസ്പര ബഹുമാനത്തിലും
അധിഷ്ടിതമായ പാരസ്പര്യങ്ങള്‍ക്കായി
ആലിംഗനം ചെയ്തും ഉമ്മ വെച്ചും
നമുക്ക് പൊതു ഇടങ്ങള്‍
മോചിപ്പിക്കാം എന്ന് ഇന്നത്തെ
യുവത പറയുന്നുവെങ്കില്‍ അത്
ഈ കാലഘട്ടത്തിന്റെ വിപ്ലവമാണ്.
അത് കൊണ്ട്
കൂടിയാണ് ഇങ്ങനെ പറയാന്‍
തോന്നുന്നത്:
ഞാന്‍
ചുംബിക്കുന്നു,
കാരണം
ഞാന്‍ സ്നേഹിക്കുന്നു.
ഞാന്‍
സ്നേഹിക്കുന്നു,
കാരണം
ഞാന്‍ ജീവിക്കുന്നു.