Featured Post

Thursday, October 29, 2015

Kafka on the Shore by Haruki Murakami

ബോധാബോധങ്ങളുടെ തീരം



മുറകാമിയുടെ 'തീരത്തിരിക്കുന്ന കാഫ്‌ ക (Kafka on the Shore)' എന്ന നോവലിനെ കുറിച്ച് 'ഒരു യഥാര്‍ത്ഥ പേജ് ടേണര്‍, ഒപ്പം എല്ലായിപ്പോഴും അതിഭൗതികമാനങ്ങളോടെ മനസ്സിനെ വെല്ലുവിളിക്കുന്നതും' ('a real page-turner, as well as an insistently metaphysical mind-bender') എന്ന് വിശേഷിപ്പിക്കുമ്പോള്‍ നോവലിന്റെ മുറകാമി മാന്ത്രികതയുടെ ആഹ്ലാദകരമാം വിധം സങ്കീര്‍ണ്ണമായ ഇതിവൃത്ത – പ്രമേയ ധാരകളെയും അവയെ കൂട്ടിയോജിപ്പിക്കുന്ന കലാവിരുതിനെയും തന്നെയാണ് ജോണ്‍ അപ്ഡൈക് സൂചിപ്പിക്കുന്നത്. (Subconsicous Tunnels- Haruki Murakami's dreamlike new novel: The New Yorker, January, 24, 2005). മുറകാമിയുടെ രചനകളില്‍ പൊതുവേ കാണപ്പെടുന്ന യഥാര്‍ത്ഥ-അയഥാര്‍ത്ഥ-സ്വപ്നാത്മക-ഭ്രമാത്മക സങ്കലനം അതിന്റെ കൂടിയൊരളവില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് അഞ്ഞൂറിലേറെ പുറങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന നോവലിന്റെ ഇതിവൃത്ത ഘടനയില്‍. ആധുനികോത്തര ജാപ്പനീസ് ചരിത്രത്തിന്റെ അതി സൂക്ഷ്മമായ ഘടകങ്ങള്‍ മുറകാമിയുടെ നോവലുകളില്‍ അനുഭവ വേദ്യമാണെങ്കിലും കെന്‍സാബുരോ ഒയേയെപ്പോലുള്ള എഴുത്തുകാരും വിമര്‍ശകരും പൂര്‍വ്വ സൂരികളെ അപേക്ഷിച്ചു അവ അത്രതന്നെ സാമൂഹ്യ ബോധം പ്രതിഫലിപ്പിക്കുന്നവയല്ല എന്ന നിരീക്ഷണം നടത്തുന്നതിനു ഇത്തിരി കൃതൃമം എന്നോ കുറച്ചേറെ കല്‍പ്പിതം (contrived) എന്നോ തോന്നാവുന്ന അതി യാഥാര്‍ത്ഥ്യ വിഭാവനസ്വഭാവം കാരണമായിട്ടുമുണ്ട്. മിഷിമയുടേയും തനിസാക്കിയുടേയും റിയലിസ്റ്റ് സമീപനങ്ങളെക്കാള്‍ കോബോ ആബേയുടെ സ്വപ്നത്മക, സര്‍റിയലിസ്റ്റ് ശൈലിയോടാണ് മുറകാമി അടുത്തു നില്‍ക്കുന്നതെന്നും ജോണ്‍ അപ്ഡൈക് നിരീക്ഷിക്കുന്നു. രണ്ടാം ലോക യുദ്ധാനന്തര ജപ്പാനിലെ ക്യോടോയില്‍ 1949ല്‍ ജനിച്ച മുറകാമിയില്‍ പോസ്റ്റ്‌ ഇമ്പീരിയല്‍ അമേരിക്കന്‍ സ്വാധീനത്തിന്റെ അടയാളങ്ങള്‍ വ്യക്തമാണ്, വിശേഷിച്ചും പാശ്ചാത്യ പോപ്‌ സംഗീതത്തോടും അമേരിക്കന്‍ സാഹിത്യത്തോടുമുള്ള താല്‍പര്യത്തില്‍.


ഓടിയൊളിക്കുകയോ, തേടിച്ചെല്ലുയോ?

ഒന്നിടവിട്ട അദ്ധ്യായങ്ങളിലൂടെ സമാന്തരമായി മുന്നേറുകയും വളരെ പതിയെ ഇഴ കോര്‍ക്കുകയും ഒരേ അന്ത്യത്തിലേക്ക് യോജിക്കുകയും ചെയ്യുന്ന രണ്ടു ഇതിവൃത്ത ധാരകളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ആദ്യത്തേതില്‍ ശരിയായ പേര് ഒരിക്കലും വെളിപ്പെടുത്താതെ കാഫ്‌ ക തമൂറയെന്നു സ്വയം വിളിക്കുന്ന പതിനഞ്ചുകാരന്‍ - 'ഈ ഭൂഗോളത്തിലെ ഏറ്റവും മനക്കട്ടിയുള്ള പതിനഞ്ചു വയസ്സുകാരന്‍' - ടോക്യോവിലുള്ള തന്റെ സമ്പന്ന പശ്ചാത്തലത്തില്‍ നിന്ന് തന്റെ അച്ഛനും പ്രസിദ്ധ ശില്‍പ്പിയുമായ കൊയിചി തമൂറ നടത്തുന്ന ഒരു ഈഡിപ്പല്‍ പ്രവചനത്തില്‍ നിന്ന് രക്ഷപ്പെടാനായി ഒളിച്ചു പോവുന്നു. അവനു നാലുവയസ്സുള്ളപ്പോള്‍ ചേച്ചിയേയും കൂട്ടി വീട് വിട്ടുപോയ അമ്മയും സഹോദരിയും അവന്റെ വിദൂരസ്മൃതി മാത്രമാണ്. ജപ്പാനിലെ ഏറ്റവും ചെറിയ ദ്വീപായ ഷികോകുവിലെ തകാമത് സൂവിലാണ് അവന്‍ എത്തിച്ചേരുക. വഴിമധ്യേ സകൂറ എന്ന ഇരുപതുകാരിയെ അവന്‍ പരിചയപ്പെടുകയും ഒരു രാത്രി അവളുടെ അതിഥിയാവുകയും ചെയ്യുന്നുണ്ട്. അവള്‍ തന്റെ സഹോദരിയാവാം എന്ന് അവനൊരു തോന്നലുണ്ട്. രാത്രിയുടെ ലൈംഗിക ചോദനയുടെ പ്രലോഭനത്തില്‍ അവളുമായുണ്ടാവുന്ന ഭാഗിക വേഴ്ച, പിന്നീടുളവാക്കുന്ന ധാര്‍മ്മിക അങ്കലാപ്പിനെ തുടര്‍ന്ന് അവളോട്‌ യാത്ര ചോദിക്കാതെ അവന്‍ കടന്നുകളയുന്നതിനു കാരണമാവുന്നു. അങ്ങനെയാണ് അവന്‍ ഉഭയ ലിംഗ വ്യക്തിത്വമുള്ള, അമിത രക്തസ്രാവ രോഗമുള്ള (ഹീമോഫീലിയ) ഒഷിമയെന്ന സ്വകാര്യ ലൈബ്രറി നടത്തിപ്പുകാരനെ/കാരിയെ പരിചയപ്പെടുന്നതും ദുരൂഹ പശ്ചാത്തലമുള്ള മിസ്‌. സെയ് കി എന്ന ലൈബ്രറി ഉടമയെ കണ്ടെത്തുന്നതും. മുമ്പ് പ്രശസ്തയായ പാട്ടുകാരിയായിരുന്ന മിസ്‌. സെയ് കിയുടെ പ്രസിദ്ധമായ ഗാനമായിരുന്നു നോവലിന്റെ തലക്കെട്ടിന്റെ ഉറവിടവും നോവലിലെ പ്രമേയങ്ങളില്‍ പലതിന്റെയും സൂചകവുമായ "കാഫ്‌ ക ഓണ്‍ ദി ഷോര്‍.” മിസ്‌. സെയ് കിയുടെ പതിനഞ്ചു വയസ്സിലെ പ്രത്യക്ഷത്തെ ഉറക്കത്തിന്റെയും ഉണര്‍വ്വിന്റെയും ദുരൂഹ മുഹൂര്‍ത്തങ്ങളില്‍ കണ്ടുമുട്ടുന്ന കാഫ്‌ ക അവളോട് തീവ്രപ്രണയത്തില്‍ അകപ്പെട്ടു പോവുന്നു. മിസ്‌. സെയ് കി അവന്റെ അമ്മയാവാം എന്ന തുറസ്സ് നോവല്‍ തുടക്കം മുതലേ മുന്നോട്ടു വെക്കുന്നുണ്ട്, ഒരു ഘട്ടത്തിലും അത് വാക്കുകളില്‍ സ്ഥാപിക്കുന്നില്ലെങ്കിലും. അനിയന്ത്രിതമായ ഒരാകര്‍ഷണത്തില്‍ എന്നോണം അവരുമായി ആവര്‍ത്തിച്ചുള്ള വേഴ്ച്ചകളിലേക്ക് നീങ്ങുന്ന കാഫ്‌ ക , തന്റെ അച്ഛന്‍ തനിക്ക് വേണ്ടി വിധിയുടെ ഒരു രാവണന്‍ കോട്ട (labyrinth) പണിയുകയായിരുന്നു എന്ന് മാത്രമല്ല കണ്ടെത്തുക; അതൊഴിവാക്കാനല്ല, അതിലേക്കായിരുന്നു താന്‍ ഓടിയടുത്തത് എന്നുകൂടിയാവും. നോവലിന്റെ അന്ത്യത്തില്‍, പുരാണ പ്രോക്തമായ മരിച്ചവരുടെ ലോകത്തെ ഓര്‍മ്മിപ്പിക്കുന്ന നിഗൂഡ വനാന്തര്‍ഭാഗത്ത് കാഫ്‌ ക കണ്ടുമുട്ടുന്ന മിസ്‌. സെയ് കി ഏതാണ്ട് ഏറ്റുപറയുന്നുണ്ട് അവനെ ഉപേക്ഷിച്ചത് ഒരു വലിയ തെറ്റായിരുന്നു എന്ന്.
''കുറെ കാലം മുമ്പ് ഞാന്‍, ഞാനൊരിക്കലും കയ്യൊഴിയാന്‍ പാടില്ലായിരുന്ന ചിലത് കയ്യൊഴിഞ്ഞു. മറ്റെന്തിനെക്കാളും കൂടുതല്‍ ഞാന്‍ സ്നേഹിച്ച ചിലത്. ഒരിക്കല്‍ അതെനിക്ക് നഷ്ടമാവും എന്ന് ഞാന്‍ ഭയന്നിരുന്നു. അത് കൊണ്ട് ഞാനത് സ്വയം വിട്ടുകളയേണ്ടതുണ്ടായിരുന്നു. അതെന്നില്‍ നിന്ന് തട്ടിയെടുക്കപ്പെടാന്‍ പോവുകയായിരുന്നു, അല്ലെങ്കില്‍ ആകസ്മികമായി എനിക്കത് നഷ്ടപ്പെടാന്‍ പോവുകയായിരുന്നു, അതുകൊണ്ട് ഞാനായിട്ട് അത് വിട്ടുകളയുന്നതാണ് നല്ലതെന്നു എനിക്ക് തോന്നി. തീര്‍ച്ചയായും ഒരിക്കലും ഒടുങ്ങാത്ത ദേഷ്യം എനിക്കനുഭവപ്പെട്ടു, അതെന്റെ ഭാഗമായി. പക്ഷെ എല്ലാം വലിയൊരു തെറ്റായിരുന്നു. ഞാനത് ഒരിക്കലും നഷ്ടപ്പെടുത്തരുതായിരുന്നു.''
എന്നാല്‍ അതിനോടകം അവര്‍ മരിച്ചു പോയിരുന്നു എന്നറിയുന്ന അനുവാചകന് വാക്കുകളിലെ നിഗൂഡത അപ്പോഴും വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യും. കാഫ്‌ ക ശരിയായി കണ്ടെത്തുന്ന പോലെ, അത് 'പറയപ്പെടേണ്ടതില്ല' എന്ന് തന്നെ സാരം. അവര്‍ അവനു ഒസ്യത്തായി നല്‍കുന്ന ചിത്രവും കടല്‍ തീരത്തിരിക്കുന്ന കുട്ടിയുടെയും കടലിന്റെയും ബിംബമാണ്; അവരുടെ അതിപ്രശസ്തമായ പാട്ടിലെ അതെ ബിംബങ്ങള്‍.

മന്ദന്‍/ അതീത സിദ്ധന്‍

ജപ്പാനിലെത്തിയ അമേരിക്കന്‍ അധിനിവേശ സൈന്യത്തിന്റെ രഹസ്യ രേഖകളിലുള്ള ഒരു സംഭവവിവരണത്തോടെയാണ് രണ്ടാമത് ഇതിവൃത്തധാര നോവലില്‍ സന്നിവേശിപ്പിക്ക പ്പെടുന്നത്. 1944-ലെ ബോംബു വര്‍ഷത്തിന്റെ സന്ദര്‍ഭത്തില്‍ ഷികോകു മലയോരങ്ങളില്‍ ഭക്ഷണാവശ്യാര്‍ത്ഥം കൂണ്‍ പറിക്കാന്‍ പോയ പതിനാറ് ജൂനിയര്‍ സ്കൂള്‍ വിദ്യാര്‍ഥികളും അവരുടെ അധ്യാപികയും നേരിടേണ്ടി വന്ന വിശദീകരിക്കാനാവാത്ത ഒരനുഭവമായിരുന്നു തുടക്കം. വിചിത്രമായ ഒരു യു. എഫ്. . (Unidentified Flying Object) അനുഭവത്തെ തുടര്‍ന്ന് മുഴുവന്‍ കുട്ടികളും ബോധരഹിതരാവുകയും മണിക്കൂറുകള്‍ക്ക് ശേഷം ഒരാളൊഴിച്ച് മറ്റെല്ലാവരും ഒന്നും സംഭവിക്കാത്ത മട്ടില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത സംഭവത്തെ കുറിച്ച് രഹസ്യ രേഖകളില്‍ സൂചനയുണ്ട്. എന്നാല്‍ അന്നത്തെ സ്കൂള്‍ അധ്യാപികയുടെ എഴുത്തില്‍ വ്യക്തമാകുന്നത് മറ്റു ചിലതാണ്. യുദ്ധരംഗത്തേക്ക് പോയ ഭര്‍ത്താവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പതിവില്ലാത്ത വിധം ലൈംഗിക ഉത്തേജനവും രതിമൂര്‍ച്ചയും ഉണ്ടാക്കിയ ആ ദിനത്തെക്കുറിച്ച് ടീച്ചര്‍ എഴുതുന്നുണ്ട്. കുട്ടികള്‍ കൂണ്‍സംഭരണത്തില്‍ മുഴുകുന്നതിനിടെ അപ്രതീക്ഷിതമായി മാസമുറയുടെ ഒരു വലിയ ഒഴുക്ക് സംഭവിക്കുന്നതിനാല്‍, കയ്യിലുണ്ടായിരുന്ന ടവല്‍ കൊണ്ട് ആവും വിധം ദേഹശുദ്ധിവരുത്തി ആ ടവല്‍ കുട്ടികള്‍ കാണാതെ ഒളിപ്പിച്ചു വെച്ച യുവതിയായ ടീച്ചര്‍ ഞെട്ടിപ്പോവുന്നത് തീണ്ടാരിത്തുണിയുമായി അടുത്തെത്തുന്ന ബാലനെ കാണുമ്പോഴാണ്. അങ്കലാപ്പിന്റെ മൂര്‍ദ്ധന്യത്തില്‍ സ്വയം മറന്നു അവള്‍ അവനെ വീണ്ടും വീണ്ടും പ്രഹരിക്കുന്നു. അവര്‍ സ്വബോധത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ അവന്‍ ബോധ രഹിതനാണ്. ഈ പുരാവൃത്തം ഒന്നും വിശദീകരിക്കുകയല്ല, കാര്യങ്ങള്‍ കൂടുതല്‍ ദുരൂഹമാക്കുകയാണ് താനും. എന്നാല്‍, അന്ന് ദിവസങ്ങളോളം ബോധരഹിതനായിപ്പോയ കുട്ടിക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന സമസ്യയിലേക്ക് വായനക്കാര്‍ കടന്നു ചെല്ലുന്നു. സുതോറു നകാത്ത ജീവിതത്തിലേക്ക് തിരിച്ചു വന്നത് പഴയതെല്ലാം മറന്ന ഒരു മന്ദബുദ്ധിയായിട്ടാണ്. എന്നാല്‍ പൂച്ചകളുമായി സംസാരിക്കാനുള്ള വിശേഷ സിദ്ധി അവനു പകരമായിക്കിട്ടുകയും, കാലാന്തരത്തില്‍ കാണാതാവുന്ന പൂച്ചകളെ കണ്ടെത്തി ഉടമകള്‍ക്ക്‌ തിരിച്ചേല്‍പ്പിക്കുന്നതില്‍ അവനൊരു വിദഗ്ദന്‍ ആയിത്തീരുകയും ചെയ്യുന്നു. അഞ്ചു പതിറ്റാണ്ടുകള്‍ക്കു ശേഷം തന്റെ ജോലിക്കിടെയാണ് ജോണീ വാക്കര്‍ അയാളെ തന്റെ സ്വന്തം അന്തകനാവുകയെന്ന ദൗത്യം ഏല്‍പ്പിക്കുന്നത്. “എന്നെ കൊല്ലുക, ഇല്ലെങ്കില്‍ ഞാന്‍ (നീ അന്വേഷിക്കുന്ന) പൂച്ചയെ കൊല്ലും!'' എന്ന് അയാളെക്കൊണ്ട് അത് ചെയ്യിക്കുകയാണ്. പരസ്പരമറിയാതെയെങ്കിലും ഏതോ അബോധ നിയന്ത്രണത്തിലൂടെ നകാത്തയെ ഉപയോഗിച്ച് കാഫ്‌ ക തന്റെ അച്ഛനെ കൊല്ലുകയായിരുന്നോ?അതോ/ അഥവാ താന്‍ നടത്തിയ ഈഡിപ്പല്‍ പ്രവചനത്തിന്റെ ആദ്യ ഭാഗം ജോണീ വാക്കറായ കൊയീച്ചി തമുറ സാധിച്ചെടുക്കുകയായിരുന്നോ? സാത്വികനായ നകാത്ത എന്ത് സംഭവിച്ചുവെന്നറിയാതെ ചെയ്തു പോയ കൊലപാതകം പോലീസില്‍ അറിയിക്കുന്നുണ്ടെങ്കിലും പോലീസ്‌ അയാളെ ഗൗരവമായി എടുക്കുന്നതേയില്ല. പിതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു സംഭവത്തിനു തൊട്ടു തലേന്ന് മുതല്‍ കാണാതാവുന്ന കാഫ്‌ കയെ തേടി പോലീസ്‌ എത്തുമെന്നറിവാകുന്ന തോടെ ഒഷിമ അവനെ തന്റെ മലയോര ഒഴിവുകാല വസതിയിലേക്ക് മാറ്റിപ്പര്‍പ്പിക്കുന്നു. നകാത്തയാവട്ടെ, ഏതോ ദുരൂഹ ചോദനയാലെന്നോണം ഹോഷിനോയെന്ന ട്രക്ക് ഡ്രൈവറോടൊപ്പം പടിഞ്ഞാറോട്ട് തകാമത് സൂവിലേക്ക് യാത്ര തിരിക്കുന്നു. പരമ്പരാഗത കുറ്റാന്വേഷണ കഥയിലെ കള്ളനും പോലീസും പാരഡിയില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ ഇരുവരും ഒരേ കുറ്റത്തിന്റെ പേരില്‍ വേട്ടയാടപ്പെട്ടു പരസ്പരമറിയാതെ ഒരേ പാതയില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ മുന്നോട്ടു പോകുന്നു. തകാമത് സൂവിലാണ് നോവലിന്റെ ഇരു ധാരകളും കൂടിമുട്ടുക.

ബോധാബോധങ്ങളുടെ മിസ്റ്റിക് തീരങ്ങള്‍

നകാതയുടെ പാത്ര സൃഷ്ടിയിലെ മിസ്റ്റിക് പരിവേഷം പക്ഷെ ആത്മീയ ജാര്‍ഗണുകളി ലേക്ക് ഒരു ഘട്ടത്തിലും കടക്കുന്നില്ല. ഒത് സുകോ എന്ന പൂച്ചയുടെ നിരീക്ഷണത്തില്‍ ബുദ്ധിശക്തി കുറഞ്ഞവന്‍ എന്നതല്ല 'കട്ടി കുറഞ്ഞ നിഴലുള്ളവന്‍' എന്നതാണ് നകാത്തയുടെ പ്രശ്നം. തന്നെ കുറിച്ചു പേര് പറഞ്ഞു മാത്രം സംസാരിക്കുകയും ('നകാത്ത അത്ര മിടുക്കനല്ല', 'ഇടതു വശവും വലതു വശവും നകാത്തക്ക് തിരിച്ചറിയാം', 'നകാത്തയുടെ ഓര്‍മ്മയിലൊന്നും അങ്ങനെ സംഭവിച്ചിട്ടില്ല', 'നകാത്തക്ക് ഗവര്‍ണറുടെ സബ് സിറ്റി (സബ്സിഡി) ഉണ്ട് ') നന്നായി ഭക്ഷണം കഴിക്കുകയും ദിവസങ്ങളോളം അല്ലലേതും കൂടാതെ ഉറങ്ങുകയും ചെയ്യുന്ന അയാള്‍ക്ക്‌ പൂച്ചകളോട് മാത്രമല്ല, ദുരൂഹ ശക്തികളുള്ള ശിലകളോടും സംസാരിക്കുവാനും ആകാശത്തു നിന്ന് മത്സ്യ വൃഷ്ടിയും അട്ടകള്‍ മഴയായ്‌ പതിക്കുന്നതും സ്വപ്നദര്‍ശന രൂപത്തില്‍ പ്രവചിക്കാനും കഴിയും; അതെങ്ങനെയാണെന്നോ എന്താണ് അര്‍ത്ഥമാക്കുന്നത് എന്നോ വിശദീകരിക്കാന്‍ കഴിയില്ലെങ്കിലും. നകാത്താ - ഹോഷിനോ ചങ്ങാത്തത്തില്‍ ഡോണ്‍ ക്വിക്സോട്ട് - സാങ്കോ പാന്‍സാ ബന്ധത്തിന്റെ വിദൂര സമാനതകള്‍ ആരോപിക്കാവുന്നതാണ്. മറ്റൊരു മാരത്തോണ്‍ ഉറക്കത്തിനു ('sleepathon') മദ്ധ്യേ നിശ്ശബ്ദം, ശാന്തമായി അയാള്‍ ജീവന്‍ വെടിയുന്നതും തികച്ചും യോജിച്ച നിലയില്‍ തന്നെ. ജോണീ വാക്കര്‍/കൊയീച്ചി തമൂറയുടെ മരണം അയാളുടെ കൈ കൊണ്ടായിരുന്നു എന്ന് നിയമ പാലകര്‍ക്ക് ഏതാണ്ട് ഉറപ്പായിരുന്നു എന്നത്, കൌമാരക്കരനായ കാഫ്‌ കയുടെ ജീവിതം വഴിമുട്ടേണ്ടതില്ല എന്ന ശുഭ സൂചനയും നല്‍കുന്നുണ്ട്. നോവലിന്റെ ഒടുവില്‍, ആത്മാവുകളുടെ ലോകത്തുനിന്നു 'ഇതല്ല നിന്റെ ലോകമെന്നും നീ തിരിച്ചു പോവണമെന്നും ഇനിയും മുന്നോട്ടു പോകണമെന്നും നീ എന്നെ ഓര്‍മ്മിക്കുവോളം മറ്റാരു തന്നെ മറക്കുന്നതും തനിക്ക് പ്രശ്നമല്ലെന്നും' കാഫ്‌ കയെ തിരിച്ചയക്കുന്ന മിസ്‌. സെയ് ക്കിയുടെ ആത്മാവ് അതേ ശുഭചിന്തയുടെ ഭാവിയിലേക്കാണ് അവനെ പ്രചോദിപ്പിക്കുന്നതും. തിരിഞ്ഞു നോക്കാതെ തിരിച്ചു പോവണമെന്ന ഓര്‍ഫിയൂസ് സമാന നിബന്ധനയോടെ തന്റെ വഴികാട്ടികള്‍ക്ക് പിന്നില്‍ കുതിക്കുമ്പോഴും പഴയ പതിനഞ്ചുകാരി പ്രണയത്തെ ഇനിയൊരിക്കലും കാണാനായേക്കില്ലല്ലോ എന്ന് ശങ്കിക്കുകയും അവിടെത്തന്നെ നിന്ന് പോകാനുള്ള ആന്തരിക പ്രലോഭനം ശക്തമാവുകയും ചെയ്യുമ്പോഴും അമ്മ/മാതൃസ്ഥാനീയയുടെ പ്രാര്‍ത്ഥന തന്നെയാണ് ഒടുവില്‍ അവനില്‍ ജയിക്കുക. മുമ്പൊരിക്കല്‍, ദുരൂഹമായ രീതിയില്‍ തനിക്കുതന്നെ തിരിച്ചറിയാനാവാതെ താന്‍ തന്നെ തന്റെ അച്ഛനെ കൊല്ലുകയായിരുന്നുവോ എന്നറിയാതെ വീര്‍പ്പു മുട്ടുന്ന ഘട്ടത്തില്‍ 'കാകനെന്നു പേരുള്ള പയ്യന്‍' അവനോടു പറഞ്ഞത് അവന്‍ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവണം: “നീ നിന്റെ ഉള്ളിലെ ഭയവും കോപവും മറികടക്കണം... പ്രകാശം നിന്റെ ഉള്ളില്‍ പരക്കുകയും ഹൃദയത്തിലെ മരവിപ്പ് ഉരുക്കിക്കളയുകയും ചെയ്യട്ടെ. അത് സാധിച്ചാല്‍ നീ ഈ ഭൂഗോളത്തിലെ ഏറ്റവും മനക്കട്ടിയുള്ള പതിനഞ്ചു വയസ്സുകാരന്‍ ആയിത്തീരും. .. ഇനിയും സമയമുണ്ട്...”

ബോധാബോധങ്ങളെ നിരീക്ഷണ വിധേയമാക്കുന്ന നോവലിസ്റ്റ് നോവലില്‍ ചെയ്യുന്നത് തന്നെയാണ് കാഫ്‌ ക തന്റെ സ്വത്വത്തെ കണ്ടെത്താന്‍ വേണ്ടി ചെയ്യുന്നതും എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (INTO THE LABYRINTH: THE DREAM LOGIC OF KAFKA ON THE SHORE- JOY MEDAS, STEPPENWOLF 2008-2009, Vol-1). നോവലില്‍ ഒരിടത്ത് ലാബിരിന്ത്‌ എന്ന സങ്കല്‍പ്പത്തിന്റെ ഉത്ഭവത്തെ കുറിച്ച് ഒഷിമ കാഫ് കയോട് പറയുന്നുണ്ട്: “അത് പുരാതന മേസോപ്പോട്ടെമിയായില്‍ ആയിരുന്നു. അവര്‍ മൃഗങ്ങളുടെ കുടല്‍മാല പുറത്തെടുത്തു - എനിക്ക് തോന്നുന്നു, ചിലപ്പോള്‍ മനുഷ്യന്റെ കുടല്‍മാലയും - എന്നിട്ട് ആ രൂപം ഭാവി പ്രവചിക്കാനായി ഉപയോഗിച്ചു... അപ്പോള്‍ ലാബിരിന്ത്‌ എന്നതിന്റെ പൂര്‍വ്വ രൂപം, ഒറ്റവാക്കില്‍, ഗട്ട്സ് (ഉള്ളിലുള്ളത്/ ചങ്കുറപ്പ് ) എന്നതാണ്. എന്ന് വെച്ചാല്‍, ലാബിരിന്ത്‌ എന്നതിന്റെ തത്വം നിന്റെ ഉള്ളില്‍ തന്നെയാണ്. അത് പുറത്തുള്ള ലാബിരിന്തുമായി ഇഴകോര്‍ക്കുന്നു.” കൊയിചി തമൂറയുടെ ഏറ്റവും പ്രസിദ്ധമായ ശില്‍പ്പത്തിനു, പുരാണ പ്രോക്തമായ ക്രെറ്റന്‍ ലാബിരിന്തിന്റെ മാതൃകയില്‍, ലാബിരിന്ത്‌ എന്നാണ് പേര്. ജോണീ വാക്കര്‍ ആയി തന്നെ വധിക്കാന്‍ നകാത്തയെ നിര്‍ബന്ധിതനാക്കുമ്പോള്‍ എങ്ങനെയാണ് കുടല്‍മാലയെ തലങ്ങും വിലങ്ങും നുറുക്കിക്കളയേണ്ടത് എന്ന് അയാള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. വനാന്തര്‍ഭാഗത്തു വെച്ച് രണ്ടു യോദ്ധാക്കളെ പിന്തുടരുമ്പോള്‍ ബയനറ്റ്‌ കൊണ്ട് ശത്രുവിന്റെ കുടല്‍മാലയെ അതേ പോലെ നുറുക്കിക്കളയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവര്‍ കാഫ്‌ കയോടും പറയുന്നുണ്ട്. അതുമാത്രമാണ് അതിജീവിക്കാനുള്ള മാര്‍ഗ്ഗം, അല്ലെങ്കില്‍ ശത്രു നിങ്ങളോട് അത് ചെയ്യും. ''എന്നെ കൊല്ലുക, ഇല്ലെങ്കില്‍ അത് പൂച്ചയ്ക്ക് കിട്ടും" എന്ന് ജോണീ വാക്കര്‍ പറയുന്ന കൊലയും നിഗ്രഹവും അതിജീവനത്തിന്റെ ഏകസൂത്രവാക്യമാവുന്ന അതേ സമവാക്യം. യുദ്ധത്തില്‍ പ്രയോഗിക്കുന്ന ഒരേയൊരു തന്ത്രവും ഇതാണെന്നും ഇതിനപ്പുറം ഒന്നുമില്ലെന്നും ജോണീ വാക്കര്‍ നകാത്തയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അച്ഛനെ താനായിട്ടു വധിച്ചുവോ ഇല്ലെയോ എന്ന കാഫ്‌ കയുടെ അങ്കലാപ്പ് ബോധത്തിന്റെയും അബോധത്തിന്റെയും ഇടയിലെ നേര്‍ത്ത അതിര്‍വരമ്പില്‍ കുരുങ്ങിപ്പോവുന്ന ഒരു യുങ്ങിയന്‍(Karl Jung) സംത്രാസമായിക്കാണാം. നോവലിന്റെ തലക്കെട്ടിലെ 'തീരം' ബോധവും അബോധവും സന്ധിക്കുന്ന ഇടമായി കാണാമെന്നു നോവലിസ്റ്റ് സ്വയം നിരീക്ഷിച്ചിട്ടുണ്ട്. എല്ലാവരും ആ അതിര്‍ വരമ്പില്‍ ആണെന്നും ഒട്ടുമിക്കയാളുകളും ഈ രണ്ടു ലോകങ്ങളില്‍ ഒരേ സമയം കാല്‍ വെച്ചു നില്‍ക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സ്വത്വാന്വേഷണം എന്ന പ്രക്രിയ വിഷമകരവും അപകടകരവുമായ ഒന്നാണ്. 'കൊടുങ്കാറ്റു നിന്റെ ഉള്ളില്‍ തന്നെയാണ്' എന്ന 'കാകനെന്ന പയ്യന്റെ ആദ്യ മുന്നറിയിപ്പ് അത് തന്നെയാണ് സൂചിപ്പിക്കുന്നതും. ക്രെറ്റന്‍ ലാബിരിന്തിന്റെ നിഗൂഡമായ അന്തര്‍ഭാഗത്ത് ഒളിച്ചിരിക്കുന്ന മിനോട്ടോറിനെയെന്ന പോലെ തന്റെ ഉള്ളിലെ ഹിംസയുടെയും വന്യമായ രതിവാഞ്ചയുടെയും ഭൂതവേശത്തെ കൗമാരക്കാരന് മറികടക്കേണ്ടതുണ്ട്.

മുറകാമി തീരങ്ങളിലെ നിഴലും വെളിച്ചവും:

വ്യക്തികള്‍ തങ്ങളില്‍ നിന്ന് തന്നെ ഇറക്കിവിടുന്ന/ ഇറങ്ങിപ്പോവുന്ന തങ്ങളുടെ പ്രതിസ്വരൂപങ്ങള്‍/ ആത്മരൂപങ്ങള്‍, യാഥാര്‍ത്ഥ്യ/ സ്വപ്നാത്മക യാഥാര്‍ത്ഥ്യ രൂപങ്ങള്‍ (spirit projections) ആയി കാണപ്പെടുകയും പെരുമാറുകയും ജീവിക്കുന്ന വ്യക്തികള്‍ എന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്നതിന് നോവലില്‍ വേറെയും ഉദാഹരണങ്ങള്‍ ഉണ്ട്. 'ഗെന്‍ജിയുടെ കഥ' പോലുള്ള ജാപ്പനീസ് ഇതിഹാസങ്ങളില്‍ കാണാവുന്ന ഈ അതീന്ദ്രിയാനുഭവം മുറകാമിയില്‍ ഏറെ പ്രകടവുമാണ്. കാഫ്‌ കയുടെ സ്വന്തം സാമൂഹ്യ ബോധമായി (super ego) ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും സഹോദരി/ സഹോദരീതുല്യയായ സകൂറയുമായി ഒരു സ്വപ്നാനുഭവ ബാലാല്‍ക്കാരത്തിലേക്ക് കടക്കുമ്പോള്‍ രൂക്ഷമായി താക്കീത് ചെയ്യുന്നതുള്‍പ്പടെ അവന്റെ പ്രവര്‍ത്തികളെ കുറിച്ച് നിശിതമായ നിരീക്ഷണങ്ങള്‍ നടത്തുകയും നോവലിന്റെ ഒടുവില്‍ തന്റെ പക്ഷിസ്വരൂപം തികച്ചും വ്യക്തമാക്കുകയും ചെയ്യുന്ന 'കാകനെന്ന് പേരുള്ള പയ്യന്‍ (the boy named crow)' – ചെക്ക് ഭാഷയില്‍ കാഫ് ക എന്ന പദത്തിന് കാക്ക (crow) എന്നാണര്‍ത്ഥം എന്നതും പ്രസക്തമാണ്-, കൊയിചി തമൂറയുടെ തന്നെ ആത്മസ്വത്വമായേക്കാവുന്ന, പുല്ലാങ്കുഴല്‍ നിര്‍മ്മിക്കാനായി പൂച്ചകളുടെ ആത്മാവുകള്‍ ശേഖരിക്കാന്‍ വേണ്ടി അവയെ കൊന്നൊടുക്കുന്ന ജോണീ വാക്കര്‍, കെന്റക്കി ഫ്രൈഡ്‌ ചിക്കന്‍ സ്ഥാപകന്‍ കേണല്‍ ഹാര്‍ലാന്റ് സാന്റെഴ്സിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന 'ഒരു ആശയം' മാത്രമായ 'ദൈവവും ബുദ്ധനും അല്ലാത്ത' കേണല്‍ സാന്റെഴ്സ്‌ എന്ന പിമ്പ്‌, രണ്ടാം ലോക യുദ്ധത്തില്‍ അപ്രത്യക്ഷരാവുകയും പിന്നീട് പ്രായം ബാധിക്കാതെ കാലത്തില്‍ ഉറഞ്ഞു പോയതായി തോന്നിക്കുകയും ('കാലം ഒരു ഘടകമേയല്ല ഇവിടെ') ദുരൂഹ വനാന്തരത്തില്‍ ഇപ്പോള്‍ കാഫ്‌ കയെയും മുമ്പൊരിക്കല്‍ ഒഷിമയുടെ സഹോദരനെയും വഴി നടത്തുകയും ചെയ്യുന്ന രണ്ടു യോദ്ധാക്കള്‍, മരിച്ചവരുടെ ലോകത്തെ ഓര്‍മ്മിപ്പിക്കുന്ന വനാന്തര്‍ഭാഗത്ത് അവന്‍ കണ്ടുമുട്ടുന്ന പഴയ പ്രണയിനി പതിനഞ്ചുകാരി, പിന്നീട് അവടെ വെച്ച്തന്നെ കണ്ടു മുട്ടുന്ന മിസ്‌. സെയ് കി, ആത്മാവുകളുടെ ഓര്‍മ്മകളും അനുഭവങ്ങളും പങ്കിടുന്ന പൂച്ചകള്‍ തുടങ്ങി ജീവിതത്തെയും, നിദ്രാടനത്തെയും മരണാനന്തരത്തെയും കൂട്ടിക്കുഴക്കുന്ന 'ഡാന്റെസ്ക്‌ ( Dantesque)' ഫാന്റസിയായി 'തീരത്തിരിക്കുന്ന കാഫ്‌ ക'യെ കാണാവുന്നതാണ്. കാഫ്‌ കയെന്ന പേര് തന്നെയും അവന്‍ കണ്ടെത്തുകയായിരുന്നോ അതോ ആ പേര് അവനെ കണ്ടെത്തുകയായിരുന്നോ എന്ന് തീര്‍ത്തുപറയാനാവില്ല. മിസ്‌. സെയ് ക്കി അവരുടെ പാട്ടിന്റെ വരികള്‍ കുറിക്കുന്നതും അത് ആ പേരിനെ കേന്ദ്രീകരിച്ചാവുന്നതും ഈ സൂചനയാണ് നല്‍കുക.

മുറകാമി കൃതികളില്‍ പൊതുവായി കാണപ്പെടുന്ന കൂട്ടിമുട്ടാത്ത അറ്റങ്ങള്‍ 'കാഫ്‌ ക്ക'യില്‍ വിമര്‍ശകരുടെ ധൈഷണിക കായിക ബലത്തെ വെല്ലുവിളിച്ചു ധാരാളമായി ചിതറിക്കിടപ്പുണ്ട്. ഹംഫ്രി ബോഗാര്‍ട്ടിന്റെ കടുത്തു പോയ (hard-boiled) നിസ്സംഗരും വികാരാവേശം കാണിക്കാത്തവരുമായ കഥാപാത്രങ്ങളെ പോലെ, അവരുടെ പ്രായമെത്തിയിട്ടില്ലെങ്കിലും, യൗവനാരംഭത്തിലോ കൗമാരത്തിലോ ഉള്ള ഏതാണ്ട് അനാഥരായ കഥാപാത്രങ്ങള്‍ അവരുടെ പ്രായത്തിന് കിട്ടാന്‍ സാധ്യതയില്ലാത്ത ലൈംഗികാനുഭവങ്ങളുടെ ധാരാളിത്തത്തിലേക്കു കടന്നു വരുന്നത് എഴുത്തുകാരന്റെ ഒരു ഭാവനാത്മക സംതൃപ്തി തേടല്‍ (vicarious pleasure) ആവാമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നഷ്ടപ്പെട്ട പ്രണയിനികളെ തേടുന്ന നായക കഥാപാത്രങ്ങള്‍, ലൈംഗിക കാര്യങ്ങളില്‍ സ്വതന്ത്ര സമീപനങ്ങളുള്ള സഹായികള്‍, യുദ്ധകാലത്തിന്റെ അസാധാരണ- ഭീകര -ഭ്രമാത്മക അനുഭവങ്ങളിലേക്കുള്ള സൂചകങ്ങള്‍, പോപ് സംഗീതം, ജാസ് , വിസ്ക്കി, കോഫീ ക്ലബ്‌ അന്തരീക്ഷം, മനുഷ്യരോളം തന്നെ പ്രാധാന്യത്തോടെ പൂച്ചയും കാക്കയും ഉള്‍പ്പടെ വിചിത്ര വിശേഷങ്ങളുള്ള ഇതര ജീവികളുടെ സാന്നിധ്യം, ജീവിച്ചിരിക്കുന്നവരുടെ ലോകത്തിനും മരിച്ചവരുടെ ലോകത്തിനും ഇടയില്‍ തിരിച്ചറിയാനാവാത്ത വിധം, അങ്കലാപ്പുണ്ടാക്കുന്ന വിധം നേര്‍ത്ത് പോകുന്ന അതിര്‍വരമ്പ് അഥവാ അതിന്റെ അഭാവംതുടങ്ങിയ 'മുറകാമി' സ്വഭാവങ്ങള്‍ 'കാഫ്‌ ക'യില്‍ ഏറെ പ്രകടമാണ്. മുറകാമിയുടെ കഥാപാത്രങ്ങള്‍ നിത്യ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി അധികമൊന്നും മുഖാമുഖം നടത്തുന്നില്ലെന്ന് കെന്‍സാബുരോ ഒയേയെ പോലുള്ളവര്‍ നിരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും തീവ്രമായ സാമൂഹ്യ നിരീക്ഷണങ്ങളുടെ പ്രതിഫലനങ്ങള്‍ നോവലിലുണ്ട് എന്നതും കാണേണ്ടതാണ്. ആധുനിക ജീവിതത്തിന്റെ മുഖം നഷ്ടപ്പെട്ട ശൂന്യതയെ കുറിച്ച് ഒശീമ പറയുന്നുണ്ട്:
''സ്വവര്‍ഗ്ഗാനുരാഗികള്‍, ലെസ്ബിയന്‍ രീതിക്കാര്‍, സധാരണ അഭിരുചിക്കാര്‍, ഫെമിനിസ്റ്റുകള്‍, ഫാഷിസ്റ്റ്‌ പന്നികള്‍, കമ്മ്യൂണിസ്റ്റുകള്‍, ഹരേ കൃഷ്ണക്കാര്‍ - അവരൊന്നും എനിക്ക് പ്രശ്നമല്ല. അവര്‍ ഏതു ബാനര്‍ ഉയര്‍ത്തുന്നു എന്നതും എനിക്ക് പ്രശ്നമല്ല. പക്ഷെ എനിക്ക് പൊള്ളമനുഷ്യരെ ഉള്‍കൊള്ളാന്‍ ആവില്ല.''
ജോണീ വാക്കറായ കൊയിചി തമൂറ യുദ്ധത്തിന്റെ രക്ത പങ്കില വഴികളുടെ നൃശംസമായ അനിവാര്യതയെ കുറിച്ച് നടത്തുന്ന നിരീക്ഷണങ്ങള്‍, രണ്ടു യോദ്ധാക്കള്‍ പ്രതിഫലിപ്പിക്കുന്ന ചരിത്രത്തിന്റെ പാഴ്വേലയായിപ്പോയ കുരുതികളെ കുറിച്ചുള്ള ചിന്തകള്‍ തുടങ്ങി കേണല്‍ സാന്റെഴ്സ്‌ തന്റെ നിശിതമായ സിനിസിസത്തിലൂടെ നടത്തുന്ന സാമൂഹ്യ വിചാരണ വരെ ഇതോട് ചേര്‍ത്തു കാണാം:
നോക്കൂ - ദൈവം മനുഷ്യരുടെ മനസ്സില്‍ മാത്രമേ നില നില്‍ക്കുന്നുള്ളൂ. വിശേഷിച്ചും ജപ്പാനില്‍, ദൈവമെന്നത് എല്ലായ്പ്പോഴും ഒരു ഇലാസ്തിക ആശയമായിരുന്നു. യുദ്ധാനന്തരം എന്ത് പറ്റിയെന്നു നോക്കൂ. ഡഗ്ലസ് മെക് ആര്‍തര്‍ ദിവ്യനായ ചക്രവര്‍ത്തിയോടു കല്‍പ്പിക്കുന്നു ദൈവമാകുന്നത് നിര്‍ത്താന്‍, അതദ്ദേഹം അനുസരിക്കുന്നു, താന്‍ ഒരു സാധാരണ പൗരന്‍ മാത്രമാണെന്ന് ഒരു പ്രസംഗം നടത്തിക്കൊണ്ട്. അത് കൊണ്ട് 1946 നു ശേഷം അയാള്‍ പിന്നീട് ദൈവമായിട്ടേയില്ല. ജാപ്പനീസ് ദൈവങ്ങള്‍ അങ്ങനെയാണ്- അവരെ ഒടിച്ചു മടക്കാം, പരുവപ്പെടുത്താം. ഏതോ അമേരിക്കക്കാരന്‍ വിലകുറഞ്ഞ പൈപ്പില്‍ ചവച്ചുപിടിച്ച് മാന്ത്രിക വാക്യത്തോടെ പറയുന്നു: ഉം.. മാറ്റിക്കോ... പിന്നെ ദൈവം ദൈവമല്ല. ശരിക്കുമൊരു ആധുനികോത്തര സംഗതി"''


(കാക്ക ത്രൈമാസിക ഒക്ടോബര്‍- ഡിസംബര്‍ 2015)

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 47-53)

read more:

https://alittlesomethings.blogspot.com/2017/10/blog-post_24.html

A Wild Sheep Chase by Haruki Murakami

https://alittlesomethings.blogspot.com/2016/06/blog-post.html

The Wind-Up Bird Chronicle by Haruki Murakami/Jay Rubin 

https://alittlesomethings.blogspot.com/2016/03/blog-post.html

The Memory Police by Yōko Ogawa

https://alittlesomethings.blogspot.com/2024/08/the-memory-police-by-yoko-ogawa.html

The Translation of Love by Lynne Kutsukake

https://alittlesomethings.blogspot.com/2024/09/the-translation-of-love-by-lynne.html