Featured Post

Thursday, July 21, 2016

Oil on Water by Helon Habila

എണ്ണപ്പാടങ്ങളില്‍ എരിഞ്ഞുതീരുന്നവര്‍


to him the meaning of an episode was not inside like a kernel but outside, enveloping the tale which brought it out only as a glow brings out a haze, in the likeness of one of these misty halos that sometimes are made visible by the spectral illumination of moonshine.”
(Heart of Darkness- Joseph Conrad)

കോര്‍പ്പോറേറ്റ് അധിനിവേശങ്ങള്‍ക്ക് ലോകമെങ്ങും ഒരു പൊതു രീതിയുണ്ട്: അത് ആദ്യ ഘട്ടത്തില്‍ ഒരു വമ്പന്‍ പ്രതീക്ഷയാണ് സ്വപ്നവ്യാപാരം നടത്തുക. ദരിദ്രരും തൊഴില്‍ രഹിതരുമായ തദ്ദേശീയര്‍ക്ക് പെട്ടെന്നുണ്ടാവുന്ന മികച്ച വേതനമുള്ള അവസരങ്ങളിലൂടെ സമ്പന്നതയുടെ ഒരു മായക്കാഴ്ച. എന്നാല്‍ പ്രകൃതിയും മനുഷ്യനും അതിനു സ്വാഭാവികമായി നല്‍കേണ്ടിവരുന്ന വിലയെന്തെന്ന് ഒട്ടും താമസിയാതെ തിരിച്ചറിയുമ്പോഴേക്കും ദുര്‍ബ്ബലരും പരിമിത സ്വാധീനമുള്ളവരുമായ തദ്ദേശീയര്‍ക്ക് മുകളില്‍ കൊര്‍പ്പരെറ്റ് ഭീമന്‍, ഉദ്യോഗസ്ഥ മേധാവിത്തത്തിന്റെയും ദല്ലാള്‍ രാഷ്ട്രീയ - ഭരണകൂട ശക്തികളുടെതുമായ ഒരു സംരക്ഷണ വലയം കൊണ്ട് പ്രതിരോധം സജ്ജമാക്കിയിരിക്കും. തുടര്‍ന്നുണ്ടാവുക പോരാട്ടങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും ഒറ്റിക്കൊടുക്കലുകളുടെയും കലുഷകാലമായിരിക്കും. വിജയസാധ്യത തുലോം കുറവായ പോരാട്ടങ്ങള്‍ക്കൊടുവില്‍ എങ്ങാനും കൊര്‍പ്പോരെറ്റ് ഭീമന്‍ ഒഴിഞ്ഞു പോയാല്‍ പോലും അപ്പോഴേക്കും അത് ആഴത്തിലേല്‍പ്പിച്ച മുറിവുകള്‍ മണ്ണിലും മനസ്സിലും വടുകെട്ടി നില്‍ക്കും. അതേ സമയം, പുറം ലോകവും അന്താരാഷ്‌ട്ര സമൂഹവും ചിലപ്പോഴെങ്കിലും നിസ്സഹായരുടെ നിലവിളി കേള്‍ക്കാനും പ്രതിരോധ പോരാട്ടങ്ങളോട് ഐക്യപ്പെടാനും ചെറിയ സാധ്യതയും ഇല്ലാതില്ല. എന്നാല്‍, വിഷയം ഇതേ അന്താരാഷ്‌ട്ര സമൂഹത്തിന്റെയും താല്‍പര്യങ്ങളുമായി കെട്ടുപിണഞ്ഞതാണെങ്കില്‍ ഇത്തരം പിന്തുണയുടെ സാധ്യതയും സങ്കീര്‍ണ്ണമായിരിക്കും. കോള ഭീമന്‍റെ ജല ചൂഷണത്തിനെതിരില്‍ തദ്ദേശീയരെ പിന്തുണക്കാന്‍ തയാറാവുന്ന അന്താരാഷ്‌ട്ര സമൂഹം, അവര്‍ക്ക് കൂടി ആവശ്യമായ എണ്ണയാണ് ഉത്പന്നമെങ്കില്‍ പ്രതികരിക്കുന്നത് മറ്റൊരു വിധത്തിലാവാം, അഥവാ പ്രതികരിച്ചില്ല എന്നും വരാം.

1950-കളില്‍ നൈജര്‍ ഡെല്‍റ്റയില്‍ എണ്ണ കണ്ടെത്തുമ്പോള്‍ , ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും സമ്പന്നമായ രാജ്യമാവാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു നൈജീരിയക്ക്. എന്നാല്‍ , അര നൂറ്റാണ്ടിനിപ്പുറവും നൈജീരിയന്‍ ഭരണ കൂടവും പെട്രോളിയം കൊര്‍പ്പോരെറ്റ് കമ്പനികളും തമ്മിലുള്ള അവിശുദ്ധ ബാന്ധവം, ഭരണകൂടമേല്‍ത്തട്ടിലെ വമ്പന്മാരുടെ സ്വിസ്സ് ബാങ്ക് അക്കൌണ്ടുകളും കമ്പനികളുടെ കുതിച്ചുയരുന്ന ലാഭാവിഹിതങ്ങളുമായി പരിണമിച്ചതേയുള്ളൂ . എണ്ണക്കമ്പനികള്‍ സൃഷ്ടിച്ച വന്‍ പാരിസ്ഥിതിക ദുരന്തങ്ങള്‍ക്കെതിരില്‍ സമാധാനപരമായിത്തന്നെ പോരാടിയവരെ നേരിടുന്നതിലും കമ്പനികളും ഭരണകൂടവും കൈകോര്‍ക്കുകയായിരിന്നു. 1995-ല്‍ കെന്‍ സാരോ വിവാ തൂക്കിലേറ്റപ്പെട്ടത്‌ ആ അവിശുദ്ധ ബാന്ധവത്തിന്റെ ഫലമായിരുന്നു. അന്താരാഷ്‌ട്ര സമൂഹമാവട്ടെ, സുവ്യക്തമായ കാരണങ്ങളാല്‍ നെജീരിയന്‍ ഡെല്‍റ്റയിലെ ഇരുപതു മില്ല്യന്‍ ജനതയുടെ ദുരന്തം വെറുതെ നോക്കി നില്‍ക്കുകയും ചെയ്യുന്നു. യുവ നൈജീരിയന്‍ കവിയും നോവലിസ്റ്റുമായ ഹെലന്‍ ഹബിലയുടെ 'ഓയില്‍ ഓണ്‍ വാട്ടര്‍ ' എന്ന നോവല്‍ ഈ പരിതോവസ്ഥയാണ് പശ്ചാത്തലമാക്കുന്നത്. ഒരു വശത്ത്‌ എണ്ണക്കമ്പനികളും അവരുമായി അവിശുദ്ധ ബാന്ധവം നടത്തുന്ന അധികൃത- മിലിട്ടറി ശക്തികളും, മറുവശത്ത്‌ ചെറുത്തുനില്‍പ്പുകാരായ, ഗറില്ലാ യുദ്ധം നടത്തുന്ന സാതന്ത്ര്യപ്പോരാളികളും , ഇവര്‍ക്കിടയില്‍ പെട്ടുപോകുന്ന, തങ്ങളുടെ മണ്ണിലും വിഭവങ്ങളിലുമുള്ള ജന്മ സിദ്ധമായ അവകാശം നഷ്ടപ്പെട്ടു പോകുന്ന നിസ്സഹായരായ തദ്ദേശീയരും, ഇവര്‍ക്കെല്ലാവര്‍ക്കും ഒപ്പമായോ സമാന്തരമായോ പലപ്പോഴും സാക്ഷികളും ചരിത്ര സൂക്ഷിപ്പുകാരും ചിലപ്പോഴൊക്കെ ഇടപെടുന്നവരുമായോ മീഡിയ പ്രവര്‍ത്തകരും അടങ്ങുന്ന ഒരു ലോകമാണ് നോവല്‍ തുറന്നുവെക്കുന്നത്.

മൃതഭൂമിയുടെ കൊളാഷ്
പ്രദേശത്ത് പലവുരു സംഭവിചിട്ടുള്ളപോലെ ഇംഗ്ലീഷുകാരനായ ഒരു കമ്പനി എക്സിക്യൂട്ടീവിന്റെ യൂറോപ്യന്‍ പൌരത്വമുള്ള ഭാര്യ തട്ടിക്കൊണ്ടു പോകപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അവരെ സംബന്ധിച്ച വിവരം തേടിപ്പോവാന്‍ നിയുക്തരാകുന്ന രണ്ടു റിപ്പോര്‍ട്ടര്‍മാരുടെ യാത്രയും അന്വേഷണവുമാണ് ഇതിവൃത്തത്തെ രൂപപ്പെടുത്തുന്നത്. റൂഫസ് എന്ന ചെറുപ്പക്കാരനായ നോവലിലെ ആഖ്യാതാവ് തന്റെ ആദ്യത്തെ ഗൌരവപൂര്‍ണ്ണമായ ദൗത്യത്തിലാണ്. ഒപ്പമുള്ളത് 'ഒരിക്കല്‍ ലാഗോസിലെ, ഒരു പക്ഷെ നൈജീരിയായിലെത്തന്നെ, ഏറ്റവും പ്രശസ്തനായ റിപ്പോര്‍ട്ടര്‍ ആയിരുന്ന' സാഖ് എന്ന തഴക്കം ചെന്ന, അനുഭവങ്ങള്‍ കൊണ്ട് കടുത്തുപോയ അയാളുടെ 'ഹീറോ'യും. കോണ്‍റാഡിന്‍റെ 'ഹാര്‍ട്ട് ഓഫ് ഡാര്‍ക്ക്നസ്സ്' എന്ന ക്ലാസ്സിക്കിനെ ഘടനയിലും പ്രമേയപരമായ ഉത്കണ്ഠകളിലും ഓര്‍മ്മിപ്പിക്കുന്ന കൃതിയില്‍ ആ കൃതിയിലെ മാര്‍ലോ തുടക്കത്തിലേ സൂചിപ്പിക്കുന്ന പോലെ ഇവിടെയും സാഖ് വ്യക്തമാക്കുന്നുണ്ട് ആരെയാണ് നാം തേടുന്നത് എന്നതല്ല പ്രധാനം, എന്ത് എന്നതാണെന്ന്. "നാം ശരിക്കും തേടുന്നത് അവരെയല്ല, മറിച്ച് അതിനെക്കാള്‍ വലിയ ഒരു അര്‍ഥത്തെയാണ്‌. ഓര്‍ക്കുക, കഥയല്ല എല്ലായിപ്പോഴും അന്തിമ ലക്‌ഷ്യം.” നോവല്‍ ഈ വലിയ അര്‍ത്ഥത്തെ പിന്തുടരുന്നു. ദുരൂഹമായ നിമിത്തങ്ങളിലൂടെ അജ്ഞാതമായ അപകടങ്ങള്‍ പതിയിരിക്കുന്ന നൈജര്‍ ഡെല്‍റ്റയിലേക്കുള്ള നദീയാനത്തില്‍ ജീവിതത്തിലെ രണ്ടറ്റങ്ങളെപ്രതിനിധാനം ചെയ്യുമ്പോലെ വൃദ്ധനായ ചങ്ങാടക്കാരനും അയാളുടെ കൂട്ടാളിയായ പത്തുവയസ്സുകാരനുമാണ് റൂഫസിനെയും സാഖിനെയും കൊണ്ട് പോവുക. യാത്രക്കിടയില്‍ അവര്‍ കാണുന്ന കാഴ്ചകളും നേരിടുന്ന അനുഭവ സന്ധികളുമാണ് ആ അര്‍ത്ഥത്തെ നിര്‍ണ്ണയിക്കുക. ഏതോ കര്‍മ്മപാശം തന്നെ ഈ യാത്രയിലേക്ക് നിബന്ധിച്ചതാണ് എന്ന് റൂഫസ് ചിന്തിക്കുന്നു. "പ്രതീക്ഷയും സന്ദേഹവും എന്റെ നെഞ്ചില്‍ മാറിമറിയുന്നത് ഞാന്‍ അറിഞ്ഞു. എന്റെ ഉള്ളില്‍ എന്തോ ഒരു വിശപ്പ്‌ തുടിക്കുന്നത് ഞാന്‍ അറിഞ്ഞു. മുമ്പെങ്ങും ഞാന്‍ അറിഞ്ഞിട്ടില്ലാത്തത്, ഏതാണ്ട് ഒരു ഉറപ്പ്, ഞാന്‍ ഇവിടെ ഈ ബോട്ടില്‍ , ഈ തേടലില്‍ ഉണ്ടായിരിക്കാന്‍ വിധിക്കപ്പെട്ടതാണെന്ന്.” യാത്രയിലെങ്ങും എണ്ണയുല്‍പ്പാദനം നാടിനോട് ചെയ്തതെന്ത് എന്നതിന്റെ ചിഹ്നങ്ങളുണ്ട്. വൃക്ഷ ശിഖരങ്ങളില്‍ ചത്ത പക്ഷികള്‍ , അവയുടെ വിടര്‍ത്തിയ ചിറകുകള്‍ എണ്ണയില്‍ കുതിര്‍ന്ന്. നദീതടത്തിലേക്കിറങ്ങി നില്‍ക്കുന്ന വന്മരങ്ങളുടെ വേരുകള്‍ക്കിടയില്‍ മൃതിയുടെ വെളുപ്പുമായി ചത്തുമലച്ച മത്സ്യങ്ങള്‍ . ദ്വീപുകള്‍ വവ്വാലുകളുടെ ഒരു വലിയ ആവാസ കേന്ദ്രമായിരുന്നു; ഇപ്പോള്‍ ഏതാനും ഡസന്‍ അവിടെയും ഇവിടെയുമായി ബാക്കിയുണ്ടെന്നെയുള്ളൂ. വാതക നാളങ്ങള്‍ അവയെ കൊല്ലുന്നു. വവ്വാലുകളെ മാത്രമല്ല, മറ്റു പറക്കും ജീവികളെയും. ഓരോ ഗ്രാമവും മിക്കവാറും കടന്നുപോന്നതിന്റെ ഒരു പതിപ്പ് മാത്രമായി കാണപ്പെടുന്നു. ''അതേ ഉപേക്ഷിക്കപ്പെട്ട, ചടഞ്ഞിരിക്കുന്ന വീടുകള്‍ , അതേ പഴുത്ത, മടുപ്പിക്കുന്ന ഗന്ധം, ഊഷരത, എണ്ണയില്‍ കുതിര്‍ന്ന്, അന്തരീക്ഷത്തില്‍ അനിര്‍വ്വചനീയമായ അതേ വിഷാദം. പ്രേതാത്മാക്കളുടെ സമൂഹം തുള വീണ സിങ്ക് മേല്‍ക്കൂരകള്‍ക്ക് മേല്‍ തങ്ങിനില്‍ക്കുന്നത് പോലെ. വിട്ടുപോകാന്‍ വിസമ്മതിച്ച്, എന്നാല്‍ തിരിച്ചു വരാന്‍ അശക്തരായി.” ആളുകള്‍ നിരന്തര പാലായനത്തിനു നിര്‍ബന്ധിതരാവുന്നു: “നദിയില്‍ മത്സ്യ സമ്പത്ത് കുറഞ്ഞുവരുന്നു, ജലത്തിന്റെ വര്‍ദ്ധിച്ച വിഷലിപ്തത, അവര്‍ക്ക് അതിവേഗം മത്സ്യലഭ്യതയുള്ള ഇടത്തിലേക്ക് പോകേണ്ടിവരും" “അവിടെ ജൈവമായ എന്തോ ഒന്ന്, ഒരു പക്ഷെ മനുഷ്യന്‍, മരിച്ചു അഴുകിക്കിടന്നു.”

കഥകള്‍ പറയപ്പെടെണ്ടത്/ ജേര്‍ണലിസം
കഥകള്‍ പറയപ്പെടെണ്ടതിന്റെ, ചരിത്രം രേഖപ്പെടുത്തപ്പെടെണ്ടതിന്റെ ആ ആദിമ ചോദന പുതിയ കാലത്ത് ഒരു ജേണലിസ്റ്റിനെ എങ്ങനെ കര്‍മ്മ നിരതനാക്കണമെന്നു സാഖിന്റെ പഴയ പ്രഭാഷണങ്ങള്‍ റൂഫസിന്റെ പ്രമാണങ്ങളാണ്.
ഇപ്പോള്‍ എനിക്കറിയാം, പണ്ട് ആ പ്രഭാഷണത്തില്‍ ഈ ജോലി ചിലപ്പോള്‍ നിന്റെ ഹൃദയം തകര്‍ത്തേക്കുമെന്നു സാഖ് പറഞ്ഞതിന്റെ അര്‍ഥം. അയാള്‍ പറഞ്ഞു, എങ്ങനെയാണ് ദേശ രാഷ്ട്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതെന്ന് ജേണലിസം നിന്നെ നേരില്‍ കാട്ടിത്തരും , മഹാന്മാരായ ആളുകള്‍ എങ്ങനെയാണ് മഹത്വം ആര്‍ജ്ജിക്കുന്നത് എന്ന്. പിന്നെ അയാള്‍ എങ്ങനെയാണ് ആനകള്‍ അവയുടെ വലിയ ശരീരം നേടിയെടുക്കുന്നത് എന്നതിനെ കുറിച്ച് ഒരു പഴമൊഴി ഉദ്ധരിച്ചു: അവ അവയുടെ വഴിയില്‍ കാണുന്നതിനെയാല്ലാം അങ്ങ് ശാപ്പിടുന്നു, മരങ്ങള്‍ , ഉറുമ്പുകള്‍ , ചെടികള്‍ , മണ്ണ് , എല്ലാം.” റൂഫസില്‍ ഒരു നല്ല റിപ്പോര്‍ട്ടര്‍ ആവാനുള്ള ഗുണങ്ങള്‍ കണ്ടെത്തുന്ന സാഖ് അയാളെ ആ നിലയില്‍ പോഷിപ്പിക്കാന്‍ ശ്രമിക്കുന്നു. “നീ ശരിയായ ചോദ്യങ്ങള്‍ ചോദിക്കുന്നു. നീയീ ദ്വീപിലേക്കും ശരിക്കും തിരിച്ചുവന്നു എന്ന വസ്തുത, സാധ്യതകള്‍ ആരായാന്‍ വേണ്ട ധൈര്യമുണ്ട് നിനക്കെന്നു കാണിക്കുന്നു. ഭാഗ്യം നമുക്കൊപ്പമാണെന്നും ഞാന്‍ കരുതുന്നു: ഇതാ ഇവിടെ നമ്മള്‍ ശരിക്കുമൊരു തികഞ്ഞ സ്റ്റോറിയേ പിന്തുടര്‍ന്ന്: ആര്‍ത്തിപിടിച്ച ബഹുരാഷ്ട്ര എണ്ണക്കമ്പനികള്‍ക്കെതിരെ പരിസ്ഥിതിയെ സംരക്ഷിക്കാനായി പോരാടുന്ന പ്രാദേശിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ബ്രിട്ടീഷ് വനിത. സമ്പൂര്‍ണ്ണം. ഏതൊരു പത്രത്തിനും ഒരൊന്നാംതരം സ്റ്റോറി.”
ജേര്‍ണലിസ്റ്റ് നേരിടേണ്ടി വരുന്ന അനുഭവങ്ങളിലെ നരകങ്ങളും ചെറു വെളിച്ചങ്ങളും അയാള്‍ വിവരിക്കുന്നുണ്ട്:
കുഞ്ഞുങ്ങളെ അമ്മമാരില്‍ നിന്ന് പറിച്ചുകൊണ്ടുപോവുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, ഇനിയൊരിക്കലും തിരികെ ഒന്നിക്കാനിടയില്ലാതെ. ഭര്‍ത്താക്കന്മാരെ ഭാര്യമാരില്‍ നിന്നും കുട്ടികളില്‍നിന്നും തുറുങ്കിലേക്ക് പിടിച്ചു കൊണ്ടുപോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സൈനികര്‍ മുതിര്‍ന്ന മനുഷ്യരെ അവരുടെ കുട്ടികളുടെ മുമ്പില്‍ വെച്ച് ചമ്മട്ടിയടിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനെയാണ് ചരിത്രം നിര്‍മ്മിക്കപ്പെടുന്നത്, നമ്മുടെ ജോലി അതിനു സാക്ഷിയാവലാണ് .”
അതെല്ലായിപ്പോഴും അങ്ങനെയാണോ?”
അല്ല, എല്ലായിപ്പോഴും അതങ്ങനെയല്ല. സാധാരണ വഴിയാത്രക്കാര്‍ എരിയുന്ന കാറുകളില്‍ നിന്ന് യാത്രികരെ വലിച്ചു പുറത്തെടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, ന്യായാധിപന്മാര്‍ നിര്‍ഭയരായി ജനറല്‍മാരെയും രാഷ്ട്രീയക്കാരെയും കഠിന തടവിനു വിധിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അനീതിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ സൈനികരേയും പോലീസിനെയും നേരിടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നീ ക്ഷമാലുവാണെങ്കില്‍ നിനക്കിനിയും ആ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനാവും, നീ അതേ കുറിച്ച് എഴുതും.”
ജേര്‍ണലിസ്റ്റുകള്‍ കാത്തുസൂക്ഷിപ്പുകാരാണ്... നമ്മള്‍ വരും തലമുറകള്‍ക്കായി എഴുതുന്നു... നിങ്ങള്‍ പറഞ്ഞു, നമ്മള്‍ എഴുതുന്നതില്‍ ഒട്ടുമുക്കാലും നൈമിഷികപ്രസക്തം ആവാമെങ്കിലും- ഇവിടെ ഒരു കാറപകടത്തെ കുറിച്ചുള്ള കുറിപ്പ്, ചന്തയിലെ തീപിടിത്തത്തെ കുറിച്ച് ഒരു കോളം, ഒരാത്മഹത്യ , ഒരു വിവാഹ മോചനം- എങ്കിലും ഇടക്കൊരിക്കല്‍ , ഒരു പക്ഷെ ജീവിതകാലത്തിലൊരിക്കല്‍ , ഒരു അതീത നിമിഷം വരാം, ഒരു സത്യസന്ധനായ ജേണലിസ്റ്റിനു മാത്രം നീതിപുലര്‍ത്താനാവുന്ന ഒന്ന് സംഭവിക്കാം....”
ഹൃദയത്തെ മാറ്റിവെച്ചു നടത്തുന്ന വികാരരഹിതമായ റിപ്പോട്ടിംഗില്‍ സാഖ് വിശ്വസിക്കുന്നില്ല:
സാഖ് പറഞ്ഞിരുന്നു, ഏറ്റവും നല്ല സ്റ്റോറികള്‍ നിറകണ്ണുകളോടെ നമ്മള്‍ എഴുതുന്നുവയാണ്, മുറിവുകള്‍ നമ്മള്‍ വ്യക്തിപരമായിത്തന്നെ ഏറ്റുവാങ്ങുന്നവ. എന്റെ പെങ്ങളെ ആശുപത്രിയില്‍ കണ്ട ശേഷം ഉറങ്ങാനാവാതെ, ആശുപത്രി ചുവരുകളിലും ഇടനാഴികളിലും തങ്ങിനിന്ന വെന്ത മാംസത്തിന്റെ ചിത്രവും പെട്രോളിന്റെ മണവും എന്നെ വേട്ടയാടുമ്പോള്‍ , ഞാന്‍ പേനയും കടലാസും കയ്യിലെടുത്തു, വാക്കുകള്‍ അനായാസം ഒഴുകിവന്നു.”
ഔപചാരിക വിദ്യാഭ്യാസം അധികമൊന്നും നേടിയിട്ടില്ലാത്ത സാഖ് തന്റെ വഴി കണ്ടെത്തിയത് തുറന്നുപിടിച്ച മനസ്സും തെളിഞ്ഞ ചിന്തയും കൊണ്ടാണ്; ഒരു ഘട്ടത്തിലും ആര്‍ദ്രമായ ഹൃദയം കൈമോശം വരാതെയും. “അദ്ദേഹം എല്ലാം സ്വയം പഠിച്ച ഒരാളായിരുന്നു, അദ്ദേഹത്തിന്റെ അറിവ് മുഴുവന്‍ ന്യൂസ് റൂമില്‍ നിന്നും തെരുവില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും ആര്‍ജ്ജിച്ചവയായിരുന്നു . പക്ഷെ അറിഞ്ഞതെന്തോ അതില്‍ അദ്ദേഹത്തിന്റെ അറിവ് ആഴത്തിലുള്ളതായിരുന്നു.” എണ്‍പതുകളുടെ ജനാധിപത്യത്തിന്റെ ഇടവേളയില്‍ ലാഗോസിലെ ബാര്‍ ബീച്ചില്‍ അടിഞ്ഞ കുലീന കുടുംബങ്ങളില്‍ നിന്ന് പോലുമുള്ള പെണ്‍കുട്ടികളില്‍ പലരും വേശ്യാവൃത്തിയിലേക്ക് ചെന്നടിയുന്നതിനിടയിലാണ് അയാള്‍ അനിതയെന്നെ പതിനെട്ടുകാരിയെ കണ്ടെത്തുന്നത്. സഹ ജേണലിസ്റ്റുകള്‍ എല്ലാവരും കഥകള്‍ മാത്രം കണ്ടെത്തുന്ന തിരക്കിലായിരുന്നപ്പോള്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കു കാരണമാവുന്ന അന്വേഷണാത്മക ലേഖനങ്ങളായിരുന്നു അയാളുടേത്. "അഞ്ചു സ്ത്രീകള്‍ " എന്ന പേരില്‍ അയാളെഴുതിയ പരമ്പര കാരണം നിയമവും സര്‍ക്കാരും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. അനിത പഠനത്തിലേക്ക് തിരിച്ചു പോയത് അയാള്‍ക്ക് നഷ്ടബോധവും ഉണ്ടാക്കിയെന്നും, അവളെ മറക്കാന്‍ വേണ്ടിയാണ് സാഖ് എണ്‍പതുകളുടെ ഒടുവില്‍ വീണ്ടും ഏകാധിപതികളുടെ വരവോടെ ജനാധിപത്യത്തിനുവേണ്ടി നിര്‍ഭയം രൂക്ഷമായ ഭാഷയില്‍ എഴുതാന്‍ തുടങ്ങിയതെന്നും റൂഫസ് കരുതുന്നു. അക്കാലത്ത് പട്ടാളഗുണ്ടകളില്‍ നിന്ന് രക്ഷപ്പെടാന്‍ പത്രപ്രവര്‍ത്തകര്‍ രണ്ടും മൂന്നും പേരുകളില്‍ എഴുതിവന്നു. “ഒരു ഘട്ടത്തില്‍ അയാള്‍ വാര്‍ത്തയ്ക്ക് പിന്നിലെ വ്യക്തിയാവുന്നത് അവസാനിച്ചു, സ്വയം വാര്‍ത്തയായിത്തീര്‍ന്നു. അബാച്ചയുടെ (ജനറല്‍ സാനി അബാച്ച) ഏകാധിപത്യത്തിന്റെ ഏറ്റവും മോശം കാലമായിരുന്ന 1993 മുതല്‍ 1998 വരെയുള്ള കാലത്താണ് അയാള്‍ തന്റെ പ്രശസ്തിയുടെ ഉന്നതിയിലെത്തിയത്.” അബാച്ചാ കാലത്തിനു ശേഷം അയാള്‍ പുതിയ ജനാധിപത്യ സര്‍ക്കാരിന്റെയും വിമര്‍ശകന്‍ ആയിത്തുടര്‍ന്നു, അത് അയാള്‍ കൂടി പ്രയത്നിച്ചാണ് ഉണ്ടായതെങ്കിലും. ഇക്കാലത്ത് തന്നെയാണ് അയാള്‍ മുഴുക്കുടിയന്‍ ആവുന്നതും. പിന്നീട് അയാള്‍ ഇന്‍ഫോര്‍മേഷന്‍ മന്ത്രാലയത്തില്‍ ഉപദേശകനായി. അനിതയെ വീണ്ടും കണ്ടുമുട്ടാന്‍ ഇടയാവുന്നതോടെ അയാള്‍ അവളുമായുള്ള വിവാഹം തീരുമാനിക്കുന്നു. എന്നാല്‍ , കോമണ്‍വെല്‍ത്ത് മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്ന മന്ത്രിയുടെ ഔദ്യോഗിക കൂട്ടാളികളായി അനിതയോടോത്തു സാഖ് മന്ത്രിയെ അനുഗമിക്കുന്നത് അവരുടെ ജീവിതം തകിടം മറിക്കുന്നു. അനിത ഒളിപ്പിച്ചു കടത്തുന്ന കൊക്കെയ്ന്‍ അയാളുടെ ബാഗില്‍ കണ്ടെത്തുന്നത്, മന്ത്രിയുടെ സ്ഥാനനഷ്ടത്തിനും സാഖിന് യു. കെ. യിലെ ഒരു വര്‍ഷം നീണ്ട ജയില്‍ വാസത്തിനും ലാഗോസിലെ അയാളുടെ പത്രപ്രവര്‍ത്തന ജീവിതം അവസാനിക്കുന്നതിനും ഇടയാക്കി. വിചാരണയുടെ ഒരു ഘട്ടത്തിലും അനിതയെ കുറ്റപ്പെടുത്താതെയും, മന്ത്രി ഇക്കാര്യത്തില്‍ നിരപരാധിയാണെന്ന് വിളംബരപ്പെടുത്തിയും അയാള്‍ ആവുന്നത്ര അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. അനിത പിന്നീട് കരുതല്‍ തടങ്കലില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു . അത് പത്രങ്ങളില്‍ ഉള്‍പ്പേജിലെങ്ങോ ഒരു ചെറു വാര്‍ത്താശകലം മാത്രമായി ഒതുങ്ങുന്നു.
യാത്രാരംഭം മുതല്‍ ഗൃരുതര രോഗം ബാധിക്കുന്ന സാഖിന്റെ നാളുകള്‍ എണ്ണപ്പെട്ടവയാണെന്ന് റൂഫസിനു അറിയാം. നോവലിന്റെ അന്ത്യത്തില്‍ , തലേന്നത്തെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുഴിമാടങ്ങള്‍ക്കിടയില്‍ സാഖിന്റെ കുഴിമാടത്തിനരികില്‍ നില്‍ക്കുമ്പോള്‍ റൂഫസ് പഴയൊരു സന്ദര്‍ഭം ഓര്‍ക്കുന്നു. ജനറല്‍ സാനി അബാച്ചയുടെ അനിവാര്യമായ പതനം കാത്തു ബുര്‍ക്കിനാ ഫാസോയിലെ ക്വാഗാദൂഗുയില്‍ ഒളിവില്‍ കഴിഞ്ഞകാലത്തെ കുറിച്ച് അന്നയാള്‍ പറഞ്ഞിരുന്നു , “എന്റെ ജീവിതത്തില്‍ ഏതെങ്കിലും ഒരു ഘട്ടത്തിലേക്ക്, ഒരു ഇടത്തിലേക്ക്, എനിക്ക് തിരിച്ചു പോവാനായിരുന്നെങ്കില്‍ അത് ക്വാഗാദൂഗു ആയിരിക്കും.” അതിനു കാരണമായി അതീവ ലളിതമായ ഒരു വിശദീകരണവും: “അവിടെ ഞാനൊരു സ്ത്രീയെ കണ്ടുമുട്ടി, നാലുമാസം ഞങ്ങള്‍ ഒന്നിച്ചു കഴിഞ്ഞു.” ഇപ്പോള്‍ ഒരു പക്ഷെ അയാള്‍ , അന്തിമമായ വിശ്രാന്തിക്കു മുമ്പായി അവിടെ ഒരു ഒടുവിലത്തെ സുഹൃദ് സന്ദര്‍ശനത്തില്‍ ആയിരിക്കാം എന്ന് റൂഫസ് ചിന്തിക്കുന്നു.

ചതഞ്ഞുപോകുന്ന ജനജീവിതം
ഗ്രാമീണരോട് കമ്പനികളും സൈന്യവും ചെയ്തുകൊണ്ടിരിക്കുന്നത് എന്തൊക്കെയാണെന്ന് യാത്രാരംഭം മുതല്‍ സൂചനകളുണ്ട്. തങ്ങളന്വേഷിക്കുന്ന സ്ത്രീക്ക് സംഭവിച്ചതെന്ത് എന്നതിന്റെ സൂചന വഞ്ചിക്കാരനില്‍ നിന്ന് ലഭിക്കാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ അജ്ഞത നടിക്കുന്നത് എന്തുകൊണ്ടാണെന്ന് വൈകാതെ അവര്‍ക്ക് മനസ്സിലാവുന്നുണ്ട്. അനഭിമതരെ തീവ്രവാദികള്‍ കൈകാര്യം ചെയ്യുന്ന രീതിക്ക് അവര്‍ സാക്ഷിയാവുന്നു. “കരിബിക്ക് സംഭവിച്ചത് അധികൃതര്‍ക്ക് വിവരം നല്‍കുന്നവര്‍ക്കും സംഭവിക്കാവുന്നതെന്ത് എന്നതിന്റെ സൂചനയാണെങ്കില്‍ , ഞാന്‍ അയാളുടെ തീരുമാനത്തെ മാനിച്ചു. എണ്ണയുദ്ധത്തിന്റെ വിലയൊടുക്കേണ്ടിവന്നത് ഇത്തരം സമൂഹങ്ങളാണ്, ഒരു വശത്ത്‌ സൈന്യം, മറുവശത്ത്‌ തീവ്രവാദികള്‍ . നിലനില്‍പ്പില്‍നിന്നു ചതച്ചെറിയപ്പെടുന്നത് ഒഴിവാക്കാന്‍ അവര്‍ക്കുള്ള ഏകമാര്‍ഗ്ഗം അന്ധരും ബധിരരും മൂകരുമായി അഭിനയിക്കലായിരുന്നു.”
തങ്ങളുടെ സ്ഥലം കമ്പനികള്‍ക്ക് വില്‍ക്കാന്‍ വിസമ്മതിക്കുന്ന ആളുകളെ സൈന്യം ബാലിശമായ കുറ്റാരോപണങ്ങള്‍ നടത്തി തടവിലാക്കുകയോ വെടിവെച്ചു കൊല്ലുകയോ ചെയ്യുന്നതിന് അവര്‍ സാക്ഷിയാവുന്നു. മൂപ്പന്‍ ഇബിറാം പറയുന്ന മുന്‍ മൂപ്പന്‍ മലാബോയുടെ കഥ അതില്‍ പ്രധാനമാണ്. മലാബോ വലിയ സമ്മര്‍ദ്ധത്തിലായിരുന്നു . മൂപ്പന്‍ ആണെങ്കിലും അയാള്‍ക്ക്‌ തന്‍റെ ഭൂമിയുടെ കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനത്തെ സ്വാധീനിക്കാന്‍ ആവുമായിരുന്നില്ല, എന്നാല്‍ ചീഫ് എന്ന നിലയില്‍ അയാളുടെ വാക്കുകള്‍ക്കു പ്രസക്തിയുണ്ടായിരുന്നു, പ്രത്യേകിച്ചും മുതിര്‍ന്നവര്‍ക്കിടയില്‍ . പിറ്റേന്ന് സൈനികരെത്തി കൈകള്‍ ഒരു സാദാ കുറ്റവാളിയപ്പോലെ പിറകില്‍ കെട്ടി അയാളെ കൊണ്ടുപോകുന്നു. “തീവ്രവാദികളെ പിന്തുണയ്ക്കുന്നു, ഫെഡറല്‍ സര്‍ക്കാരിനെതിരെ ഗൂഡാലോചന നടത്തുന്നു, എണ്ണക്കമ്പനി തൊഴിലാളികളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുന്നു എന്നിങ്ങനെ കുറ്റം ചാര്‍ത്തി.” ജയിലില്‍ തന്നെ സന്ദര്‍ശിക്കുന്നവരോട് മൂപ്പന്‍ പറഞ്ഞുകൊണ്ടിരുന്നു കീഴടങ്ങരുത്, തന്നെ കുറിച്ചു വിഷമിക്കരുത് - എന്നാല്‍ ഓരോ തവണയും അദ്ദേഹം അവശനായി വരുന്നത് അവരറിഞ്ഞു. എന്നിട്ടൊരുനാള്‍ അധികൃതര്‍ അവരോടു പറഞ്ഞു അയാള്‍ മരിച്ചു പോയി. അയാളുടെ അടക്കം കഴിയും മുമ്പ് കമ്പനി ഉദ്യോഗസ്ഥര്‍ എത്തുന്നു, കുടുംബ ഭൂമി കമ്പനിക്കു വിറ്റതായി മൂപ്പന്‍ ഒപ്പിട്ട പ്രമാണവുമായി. ആ ഭൂമിയിലാണ് ഡ്രില്ല്ലിംഗ് ആരംഭിക്കുക. നാട്ടുകാര്‍ക്ക് വാഗ്ദാനം നല്‍കപ്പെടുന്നു, എത്രയും വേഗം തങ്ങളുടെ സ്ഥലം കമ്പനിക്കു നല്‍കുന്നവര്‍ക്ക് മികച്ച പ്രതിഫലം ലഭിക്കും, വൈകുന്തോറും വില കുറയും. പിന്നെ സംഭവിച്ചത് ചരിത്രമാണ് :
അവര്‍ വിറ്റു. ഒന്നൊന്നായി. റിഗ്ഗുകള്‍ ഉയര്‍ന്നു, വാതകത്തിന്റെ നാളങ്ങളും. തൊഴിലാളികള്‍ വന്ന് ഞങ്ങള്‍ക്കിടയില്‍ ക്യാമ്പ് കെട്ടി താമസം തുടങ്ങി. ഞങ്ങളുടെ തൊട്ട് കണ്മുന്നില്‍ ഗ്രാമം മാറുന്നത് ഞങ്ങള്‍ കണ്ടു അതാണ്‌ ഞങ്ങള്‍ നാടുവിടാന്‍ തീരുമാനിച്ചത്, പത്തു കുടുംബങ്ങള്‍ . ഞങ്ങള്‍ അവരുടെ പണം സ്വീകരിച്ചില്ല. ആ പണം ഞങ്ങളുടെ ഭൂമി തട്ടിയെടുത്തതിന്, ഞങ്ങളുടെ മൂപ്പനെ കൊന്നു കളഞ്ഞതിന് , അവരുടെ മേലുള്ള ഞങ്ങളുടെ ശാപമായിരിക്കട്ടെ. ഞങ്ങള്‍ അവിടം വിട്ടു, വടക്കോട്ട്‌ യാത്ര തിരിച്ചു, ഇതുവരെയായി വ്യത്യസ്തമായ അഞ്ചിടങ്ങളില്‍ ഞങ്ങള്‍ കഴിഞ്ഞിട്ടുണ്ട്, പക്ഷെ ഇപ്പോഴും യാത്രയിലാണ്. സമാധാനത്തോടെ കഴിയാനാവുന്ന ഒരു ഇടം തേടുകയാണ് ഞങ്ങള്‍ . പക്ഷെ അത് ദുഷ്കരമാണ്. അപ്പോള്‍ ഇനി നിങ്ങളുടെ ചോദ്യം, ഞങ്ങള്‍ ഇവിടെ സന്തുഷ്ടരാണോ? നാടും വീടുമില്ലാതെ വെറും അലഞ്ഞുതിരിയുന്നവരായിരിക്കുമ്പോള്‍ ഞങ്ങളെങ്ങനെയാണ് സന്തുഷ്ടരായിരിക്കുക?”
ഇതേ ചോദ്യം, തന്റെ രണ്ടാം യാത്രക്ക് മുമ്പ് തങ്ങളെ ദൌത്യമേല്‍പ്പിച്ച മിസ്റ്റര്‍ ഫ്ലൂഡേയുടെ വിശകലനങ്ങള്‍ക്ക് മറുപടിയായി റൂഫസും ആവര്‍ത്തിക്കുന്നു:
വമ്പന്‍ ഊര്‍ജ്ജസ്രോതസ്സ്. നിങ്ങള്‍ ഇന്നാട്ടുകാര്‍ക്ക് ആഫ്രിക്കയുടെ ജപ്പാന്‍ ആവാന്‍ കഴിയും, ആഫ്രിക്കയുടെ യു. എസ്. . , പക്ഷെ അഴിമതി അവിശ്വസനീയം.” എന്ന് ദേശ വാസികളെ പുകഴ്ത്തുന്ന കമ്പനി എക്സിക്യൂട്ടീവ് സങ്കടപ്പെടുന്നു: “ഞങ്ങളുടെ പൈപ്പ് ലൈനുകള്‍ ദിവസം തോറും നശിപ്പിക്കപ്പെടുന്നു, മില്ല്യനുകള്‍ നഷ്ടമാകുന്നു... നാടിനും മില്ല്യനുകള്‍ നഷ്ടം. ആളുകള്‍ക്കറിയില്ല അവര്‍ തങ്ങളോടുതന്നെ തന്നെ എന്താണ് ചെയ്യുന്നത് എന്ന്.”
"അവരുടെ കിണറുകളിലേക്കും നദിയിലേക്കും ചോര്‍ന്നൊലിച്ചു , മത്സ്യസമ്പത്തിനെ കൊല്ലുകയും , കൃഷിയിടങ്ങളെ വിഷമയമാക്കുകയും വഴി തങ്ങളുടെ ജീവിതത്തില്‍ ദുരിതമല്ലാതെ ഒന്നും കൊണ്ടുവന്നിട്ടില്ലാത്ത പൈപ്പ് ലൈനുകള്‍ തകര്‍ക്കാന്‍ ആളുകള്‍ ശ്രമിക്കുന്നെങ്കില്‍ അവരെ കുറ്റപ്പെടുത്താനാവില്ല. എണ്ണക്കമ്പനികളും സര്‍ക്കാരും അവരോടു പറയുന്നതോ പൈപ്പ് ലൈനുകള്‍ അവരുടെ നന്മാക്കാണെന്നും അവരുടെ ഭാവിക്കും നാടിനും വലിയ നേട്ടമാവുമെന്നും. ഈ ആളുകള്‍ ലോകത്തെങ്ങുമുള്ള എണ്ണ ഉല്‍പ്പാദക സമൂഹങ്ങളില്‍ ഏറ്റവും മോശമായ സാഹചര്യം സഹിക്കുന്നു, സര്‍ക്കാരിന് അതറിയാം, പക്ഷെ അത് തടയാനുള്ള ഇച്ഛാശക്തിയില്ല. എണ്ണക്കമ്പനികള്‍ക്ക് അതറിയാം, പക്ഷെ സര്‍ക്കാറിന് പ്രശ്നമല്ലാത്ത നിലക്ക് അവര്‍ക്കും അത് പ്രശ്നമല്ല. നിങ്ങള്‍ കരുതുന്നോ ആളുകള്‍ അഴിമതിക്കാരാണെന്ന്? അല്ല. അവര്‍ക്ക് വിശപ്പുണ്ട്, അവശരുമാണ് , അത്രേയുള്ളൂ.”
കീടങ്ങളും വെള്ളവും രോഗങ്ങളും ചേര്‍ന്ന സങ്കരം കൊല്ലാതെ ബാക്കിവെച്ചവരെ വയലന്‍സ് കൊന്നൊടുക്കുന്നു. പ്രദേശത്തെ ഡോക്റ്റര്‍ നിരീക്ഷിക്കുന്ന പോലെ "ചിലപ്പോഴൊക്കെ എനിക്ക് തോന്നും ഞാനെന്താണ് ഇവിടെ ചെയ്യുന്നതെന്ന്, ഞാന്‍ പറയട്ടെ, ഇവിടെ ഡോക്റ്ററെക്കാള്‍ കൂടുതല്‍ ആവശ്യമുള്ളത് ശവക്കുഴി വെട്ടുന്നവരെയാണ്.....അഞ്ചുകൊല്ലമായി ഞാനിവിടെ ഈ വെള്ളക്കെട്ടില്‍ . ഞാന്‍ പറയും, ഇതൊരു മരിച്ച ഇടമാണ്, മരിക്കുന്നവര്‍ക്കുള്ള ഇടം"

ഒളിപ്പോരാളികളും സൈനികരും
തട്ടിക്കൊണ്ടു പോകലിന് ഒരു പതിവ് രീതിയുണ്ട്:
തട്ടിക്കൊണ്ടുപോകുന്നവര്‍ , പബ്ലിസിറ്റി കൊതിക്കുന്നവര്‍ , സാധാരണയായി റിപ്പോര്‍ട്ടര്‍മാരുടെ ഒരു ടീമിനെ അവരുടെ ഒളിത്താവളത്തിലേക്ക് കൊണ്ടുപോകും, ബന്ദികള്‍ ജീവനോടെ സുരക്ഷിതരാണെന്ന് കാണിക്കാന്‍. അതിനു ശേഷം അവര്‍ പരിസ്ഥിതിയെ കുറിച്ചും എണ്ണക്കമ്പനികള്‍ക്കും സര്‍ക്കാരിനുമെതിരെ ആയുധമെടുക്കാന്‍ ഇടയാക്കിയ കാരണങ്ങളെ കുറിച്ചും നീണ്ട പ്രഭാഷണങ്ങള്‍ നടത്തും, ഒടുവില്‍ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാള്‍ മുഖാന്തിരം ഒരു മോചന ദ്രവ്യ ആവശ്യം ഉന്നയിക്കും. ഒരാഴ്ചയോ മറ്റോ കഴിയുമ്പോള്‍ , അതായത് ചര്‍ച്ചകള്‍ എത്ര വേഗം മുന്നേറുന്നു എന്നതനുസരിച്ച്, എണ്ണക്കമ്പനികള്‍ പണം നല്‍കും, ബന്ദികളെ മോചിപ്പിക്കും, ഉപദ്രവം ഒന്നുമേല്‍പ്പിക്കാതെത്തന്നെ, അവര്‍ക്ക് പറയാന്‍ നിറയെ കഥകളുമുണ്ടാവും.” ചിലപ്പോള്‍ അപ്രതീക്ഷിത ദുരന്തങ്ങള്‍ ഉണ്ടാവും. കൊല്ലപ്പെടുന്ന ഫിലിപ്പിനോ കൊണ്ട്രാക്ടരെ പോലെ.
എന്നാല്‍ അത് ചെയ്യുന്നവര്‍ സ്വയം കാണുന്നത് സ്വാതന്ത്ര്യപ്പോരാളികളായാണ്. 'പ്രൊഫസര്‍ ' എന്ന കഥാപാത്രമാണ് നോവലില്‍ അവരുടെ പ്രതീകവും നേതൃബിംബവും. “ഒരു സ്വാതന്ത്ര്യ പോരാളിയെന്നതില്‍ നിന്ന് സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകുന്ന ഒരാളെന്ന നിലയിലേക്ക് അയാള്‍ മാറിയത് എന്തു കൊണ്ടാണ് എന്ന് അയാളോട് ചോദിക്കണം നമുക്ക്" എന്ന് സാഖ് പറയുന്നുണ്ട്. ആ കണ്ടുമുട്ടലിനു അയാള്‍ ജീവിച്ചിരിക്കുന്നില്ലെങ്കിലും റൂഫസ് അത് സാധിക്കുന്നുണ്ട്. പ്രൊഫസര്‍ റൂഫസിനെ ഓര്‍മ്മിപ്പിക്കുന്നു: "നിങ്ങള്‍ റിപ്പോര്‍ട്ടര്‍മാര്‍ വാക്കുകളുടെ കാര്യത്തില്‍ സമര്‍ത്ഥരാണ്. ഞാന്‍ ഒരു പോരാളിയാണ്, എനിക്ക് യുദ്ധം ചെയ്യേണ്ടത് എങ്ങനെ എന്നറിയാം, എന്റെ ലക്‌ഷ്യം നേടും വരെ ഞാന്‍ പോരാടുന്നത് നിര്‍ത്തുകയുമില്ല. നിങ്ങള്‍ തിരിച്ചെത്തുമ്പോള്‍ അത് എഴുതൂ.... നാളെ ഈ നേരമാവുമ്പോള്‍ വന്‍ ഓയില്‍ ഡിപ്പോകളില്‍ ഒരെണ്ണം എരിയുകയായിരിക്കും...അതിനു ഞാനാണ് ഉത്തരവാദി എന്നെഴുതൂ... യുദ്ധം തുടങ്ങുകയാണ്. ഞങ്ങള്‍ സര്‍ക്കാരിനും എണ്ണക്കമ്പനികള്‍ക്കും കാര്യങ്ങള്‍ ദുസ്സഹമാക്കും, തിരിച്ചു പോകാന്‍ അവര്‍ നിര്‍ബന്ധിതരാകും.” തങ്ങളെക്കുറിച്ചുള്ള സര്‍ക്കാര്‍ ഭാഷ്യത്തെയും അയാള്‍ നിഷേധിക്കുന്നു "സര്‍ക്കാര്‍ പ്രചാരകര്‍ പറയുമ്പോലെ ഞങ്ങള്‍ പ്രാകൃതരല്ല. ഞങ്ങള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. ഞങ്ങള്‍ ചെയ്യുന്നതെല്ലാം ജനങ്ങള്‍ക്ക്‌ വേണ്ടിയാണ്. അവരെ ഭയചകിതരാക്കിയിട്ടു ഞങ്ങള്‍ക്കെന്തു കിട്ടാനാണ്‌?... എനിക്കറിയാം, സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പേരില്‍ കൊള്ളയടിക്കുകയും ആളുകളെ കൊല്ലുകയും ചെയ്യുന്ന കുറ്റവാളികളുണ്ട്, പക്ഷെ ഞങ്ങള്‍ വ്യത്യസ്തരാണ്.
സത്യം മാത്രം എഴുതൂ. നിങ്ങള്‍ കാണുന്നതിനെ കുറിച്ച് അവരോടു പറയൂ: രാത്രിയിലെ തീജ്വാലകള്‍ , ജലത്തിന് മേല്‍ പടരുന്ന എണ്ണ . ഒരോ ദിവസവും അക്രമം നടത്താന്‍ പ്രേരിപ്പിക്കുന സൈനികര്‍ . ഞങ്ങളുടെ സ്വന്തം മണ്ണില്‍ ഞങ്ങള്‍ വെട്ടയാടപ്പെടുന്നത് എങ്ങനെയെന്നു അവരോടു പറയൂ. അവര്‍ പറയുന്നത് ഞങ്ങള്‍ എവിടെ പോകണം എന്നാണ്? എവിടെയെന്നു പറയൂ. അവരോടു പറയൂ, ഞങ്ങളെങ്ങും പോകുന്നില്ല. ഈ നാട് ഞങ്ങളുടെതാണ്. അതാണ്‌ സത്യം, അതോര്‍ക്കുക. നിങ്ങള്‍ക്ക് പോകാം.” പലരും കരുതുന്ന പോലെ പ്രൊഫസര്‍ ഒരു കിറുക്കനല്ലെന്നും റൂഫസ് മനസ്സിലാക്കുന്നു "പ്രൊഫസര്‍ക്ക് പ്രസ്സിന്റെ സഹായം ആവശ്യമുണ്ട്. ഞാന്‍ കേട്ടിടത്തോളം അയാള്‍ ആളുകളെ വെറുതെ വെടിവെച്ചു കൊല്ലുന്ന ഒരു ഭ്രാന്തനല്ല. അയാള്‍ ഒരു അജണ്ടയുള്ള വ്യക്തിയാണ്, ആ കാര്യത്തില്‍ അയാളെ സഹായിക്കുന്ന എന്തിനേയും അയാള്‍ അയാള്‍ മതിപ്പോടെ കാണും. ഞാനായിരുന്നു അത്, കൂടുതല്‍ ശക്തമായി അങ്ങനെ വിശ്വസിക്കാനും അതിനനുസരിച്ച് പെരുമാറാനും തുടങ്ങിയാല്‍ ഞാന്‍ കൂടുതല്‍ സുരക്ഷിതനാവും.”
എന്നാല്‍ , ഇതിന്റെ മറുവശമായി സൈനിക ജനറല്‍ പോരാളികളെ നേരിടുന്നത്തിലെ സാഡിസം സാഖ് തിരിച്ചറിയുന്നുണ്ട്:
നിങ്ങള്‍ സ്വയം സ്വാതന്ത്ര്യപ്പോരാളികള്‍ എന്ന് വിളിക്കുന്നു? എന്നെസംബന്ധിച്ചു നിങ്ങള്‍ വെറും തട്ടിപ്പുകാര്‍ , ഞാന്‍ നിങ്ങളെ വേട്ടയാടി പേയ്നായ്ക്കളെപ്പോലെ വെടിവെച്ചു കൊല്ലുന്നത് തുടരും. ഈ നാട് നിങ്ങളെപ്പോലുള്ളവരെക്കൊണ്ട് മടുത്തിരിക്കുന്നു"
.........
"നോക്ക് സൈനികരെ, അവരുടെ കണ്ണുകള്‍ കണ്ടോ? പ്രതീക്ഷകൊണ്ടും ആവേശം കൊണ്ടും പനിപിടിച്ചത്?”
"എന്താണ് പ്രതീക്ഷ?”
"മേജര്‍ ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ചു ആ പെട്രോളില്‍ കുളിച്ചു നില്‍ക്കുന്ന കുനിഞ്ഞ തലകളിലേക്ക് എറിയുന്ന ദിനം. ഒരു നാള്‍ അത് സംഭവിക്കും - അതിനുള്ള പ്രലോഭനത്തില്‍ മേജറുടെ കൈകള്‍ വിറക്കുന്നത്‌ കാണൂ!”

തേടുന്നതും അകന്നുപോകുന്നതും
കോണ്‍റാഡിന്റെ മാര്‍ലോക്ക് കുര്‍ട്ട്സ് എന്ന പോലെ അകന്നകന്നു പോകുന്ന ഒരു മരീചികപോലെയാണ് തങ്ങള്‍ തേടുന്ന ഇസബെല്‍ ഫ്ലൂഡെ എന്ന യൂറോപ്യന്‍ സ്ത്രീ റൂഫസിനും സാഖിനും അനുഭവപ്പെടുക. അവര്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലെയോ എന്ന് പോലും നോവലിന്റെ ഏതാണ്ട് അന്ത്യം വരെയും തീര്‍ച്ചയില്ല. മരിച്ചു പോയിട്ടുണ്ടാവുമെന്നു ഊഹിക്കാനുള്ള കാരണങ്ങളുമുണ്ട്. ഒരു ഘട്ടത്തില്‍ വ്യത്യസ്തമായ പ്രകൃത്യാരാധനയുമായി പ്രദേശത്തെ ഏറ്റവും വലിയ വ്യവസായമായിത്തീര്‍ന്ന പ്രാര്‍ത്ഥനാലയത്തിലെ പാതിരി അവരുടെ കുഴിമാടം കാണിച്ചു കൊടുക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് അത് അവിശ്വസനീയമായിത്തോന്നുന്നു. "എന്റെ ഏറ്റവും വന്യമായ സ്വപ്നങ്ങളില്‍ പോലും ചിന്തിച്ചിരുന്നില്ല ഞങ്ങളുടെ അന്വേഷണം ഇങ്ങനെ ഇവിടെ ഒരു അടയാളവുമില്ലാത്ത ഒരു കുഴിമാടത്തിനുമുന്നില്‍ പൊടുന്നനെ അവസാനിക്കുമെന്ന്.” അവര്‍ അവശയും നിര്‍ജ്ജലീകരണം ഭവിച്ചവളും ആയിരുന്നു, പക്ഷെ അതുകൊണ്ട് അവള്‍ മരിക്കുമായിരുന്നില്ല എന്ന് അവര്‍ അറിഞ്ഞിരുന്നു. സാഖ് പറയുന്നു: "സത്യം കണ്ടെത്തലാണ് നമ്മുടെ ജോലി, അത് മണ്ണിനടിയില്‍ ആഴത്തില്‍ മൂടപ്പെട്ടതാണെങ്കിലും.” റൂഫസിനോടൊപ്പം അയാള്‍ രാവില്‍ കല്ലറ തുറക്കുന്നു. "ഒരു വലിയ വൃത്താകൃതിയിലുള്ള കല്ല്‌ നിര്‍മ്മമനായി അതിനകത്തിരുന്നു, ഒന്നുമറിയാതെ, ഒരു ശവം പോലെ. ആ കപട കുഴിമാടം ഉണ്ടാക്കിയത് ആരായാലും അയാള്‍ക്ക് നല്ല ഫലിതബോധമുണ്ടെന്നു തോന്നി.”
തടവിലുള്ള പോരാളികളോട് ചേര്‍ന്ന് അവരില്‍ നിന്ന് സ്ത്രീയെ കുറിച്ച വിവരം തേടാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ പരിഹസിക്കപ്പെടുന്നു. “അതുമാത്രമാണോ നിങ്ങള്‍ക്ക് എന്നില്‍നിന്നും അറിയേണ്ടത്, ഏതോ വിദേശ ബന്ദി ജീവിച്ചിരിപ്പുണ്ടോ ഇല്ലെയോ എന്ന് മാത്രം? ഇവിടെ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ , നിര്‍മ്മിക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും പശ്ചാത്തലത്തില്‍ ആരാണവര്‍ ? ആ വലിയ പരിപ്രേക്ഷ്യം നിങ്ങള്‍ക്ക് മനസ്സിലാവുന്നില്ലേ?” അവര്‍ രക്ഷപ്പെട്ടിരിക്കാം എന്ന സാധ്യത അവിശ്വസനീയമായി റൂഫസിനു അനുഭവപ്പെടുന്നതിനു കാരണമുണ്ട്. "പുറത്തെ ചതുപ്പില്‍ അതിജീവനം സാധ്യമാവില്ലായിരുന്നു അവര്‍ക്ക്: ഒന്നാമത്, അവരുടെ തൊലി അവരുടെ ഏറ്റവും മോശം ശത്രുവായിരിക്കും, അത് അവര്‍ പോകുന്നിടത്തൊക്കെ അവരുടെ സാന്നിധ്യം ഇരുണ്ട രാവിലെ മിന്നല്‍ പോലെ പ്രകാശിപ്പിക്കും, അവര്‍ ഒരു തട്ടിയെടുക്കലില്‍ നിന്ന് രക്ഷപ്പെടുന്നത് മറ്റൊന്നില്‍ എത്തിപ്പെടാന്‍ മാത്രമായിരിക്കും.” നേരില്‍ കാണുമ്പോഴാവട്ടെ അയാള്‍ അതിലാകെയും നിയതിയുടെ വലിയൊരു പാഠം കണ്ടെത്തുകയും ചെയ്യുന്നു. “ഇതുവരെയും എനിക്കവര്‍ ഒരു അന്വേഷണ വിഷയം മാത്രമായിരുന്നു, … ഇപ്പോള്‍ എന്റെ ക്ഷീണിതമായ അവസ്ഥ കാരണമാവാം അവരുടെ മനസ്സില്‍ എന്താവും നടക്കുന്നതെന്ന് സങ്കല്‍പ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. ..അവരെന്തേ സൈനികരുടെ അടുത്തു പോയില്ല? .. ഈ എണ്ണകൊണ്ട് മലിനമായ ജലരാശിയില്‍ അവരേക്കൊണ്ട് വിധി എന്താവും ഉദ്ദേശിക്കുന്നത്? വിജനമായ ഗ്രാമങ്ങള്‍ , വാതക ചോര്‍ച്ചകള്‍ , വറ്റിപ്പോയ കിണറുകളില്‍ നിന്ന് മൂടിയുള്ള അഗ്രങ്ങളുമായി എണ്ണയില്‍ പുരണ്ട മണ്ണില്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന പൈപ്പുകളുടെ കുറ്റികള്‍ , ഭൂപ്രകൃതിയിലാകെ തലങ്ങും വിലങ്ങുമായി, ചിലപ്പോള്‍ അകലെയുള്ള മാതൃ വൃക്ഷത്തില്‍ നിന്ന് പടര്‍ന്ന് തറയില്‍ പുറത്തു കാണുന്ന വേരുകള്‍ പോലെ, ചിലപ്പോള്‍ മെലിഞ്ഞൊട്ടിയ വൃദ്ധമായ ഒരു കൈപ്പത്തിക്കു പിറകിലെ രോഗാതുരമായ ഞരമ്പുകള്‍ പോലെ, എല്ലായിടത്തും കാണാവുന്ന പൈപ്പ് ലൈനുകള്‍ , ഇനിയും ചിലപ്പോള്‍ ഒരു ചുവരിലെ അപശകുനം പിടിച്ച എഴുത്തുപോലെ വിചിത്ര ലിപിയായി. ഒരു പക്ഷെ വിധി ഇതായിരിക്കാം അവളെ നേരില്‍ കാണിക്കുന്നത്: ഓരോ പ്രഭാതത്തിലും ഈ ദ്വീപുകളുടെ, ഗ്രാമങ്ങളുടെ, ചെറു പട്ടണങ്ങളുടെ വിജനമായ കടല്‍ത്തീരത്ത് അവളുടെ ഭര്‍ത്താവിന്റെ കൂടി സഹായത്തോടെ ഉത്പാദിപ്പിക്കുന്ന എണ്ണകൊണ്ട് ചത്തടിയുന്ന മത്സ്യങ്ങളുടെ, ഞണ്ടുകളുടെ, കടല്‍പക്ഷികളുടെ ജഡം.” അവരുടെ ഭാവത്തിലും തന്റെ ചിന്തക്ക് അനുരോധമായ ഒരു അതീത ശാന്തത അയാള്‍ക്ക് അനുഭവപ്പെടുന്നു. "അവളുടെ നോട്ടത്തിലും ഭാവത്തിലും ഒരു സൂക്ഷ്മമായ വ്യത്യാസം ഞാന്‍ കണ്ടു, ഒരു തരം രാജിയാവല്‍ , ചിലപ്പോഴൊക്കെ നമ്മുടെ ജീവിതത്തെ കീഴ്പ്പെടുത്തുന്ന, ചെറുത്തുനില്‍പ്പ് നിഷ് പ്രയോജകമായ, അസാധാരണവും ദുരൂഹവുമായ ശക്തികളോടുള്ള ഒരു കീഴടങ്ങല്‍ "

തൊണ്ണൂറുകളിലെ പട്ടാളഭരണത്തിന്റെ കിരാത നടപടികളുടെ തെളിവുകള്‍ ശേഖരിക്കുന്ന കവിയും ആദര്‍ശവാദിയുമായ ലോംബാ എന്ന ജേര്‍ണലിസ്റ്റിനെ കേന്ദ്ര കഥാപാത്രമാക്കി തന്റെ ആദ്യ നോവല്‍ 'വൈറ്റിംഗ് ഫോര്‍ ആന്‍ എയ്ഞ്ചല്‍ ' രചിക്കുമ്പോള്‍, ജനറല്‍ ബാബാന്‍ഗിഡായുടെയും സാനി അബാച്ചയുടെയും എകാധിപത്യങ്ങള്‍ മാത്രമല്ല, കെന്‍ സാരോ വിവായും അദ്ദേഹത്തിന്റെ ദുരന്തവും ഹെലോന്‍ ഹബിലയുടെ മനസ്സിലുണ്ടായിരുന്നു. സാഖ്, റൂഫസ് എന്നിവരിലെത്തുമ്പോള്‍ ആത്മരക്ഷാപ്രവണതയുടെയും പ്രശസ്തിയില്‍ അഭിരമിക്കുന്ന ആത്മരതിയുടെയും സംഘര്‍ഷങ്ങളോടൊപ്പം ഇതേ ആദര്‍ശാത്മകതയുടെ അത്രതന്നെ ദീപ്തമല്ലാത്ത ഉള്‍വിളിയും കൂടിച്ചേരുന്നുണ്ട്. “എല്ലാ പീഡകനുമറിയാം ഒരു വാക്ക് മറ്റൊരു വാക്കിനോട് ചേര്‍ത്തുവെക്കുന്നിടത്തൊക്കെ ഒരു കലാപമുണ്ടാവുമെന്ന്" എന്ന് ആദ്യ നോവലില്‍ പറയുന്ന ഹബീല, അതേ നിലപാടുതന്നെയാണ് ഇവിടെയും പിന്തുടരുന്നത്; അത് കുറെകൂടി ഇരുണ്ടതും പ്രതീക്ഷ കുറഞ്ഞതും ആണ് എന്നിരിക്കിലും.


(ദേശാഭിമാനി വാരിക, 24, ജൂലൈ 2016)

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 107-118)

To purchase, contact ph.no:  8086126024

Saturday, July 16, 2016

Baking Cakes in Kigali by Gaile Parkin

കിഗാലിയില്‍ കേയ്ക്ക് പാകമാകുന്നു; പുതിയ ജീവിതവും


കൊളോണിയല്‍ അധിനിവേശത്തിനു മുമ്പ് റുവാണ്ടന്‍ സമൂഹത്തില്‍ പതിനാലു ശതമാനം മാത്രമുണ്ടായിരുന്ന ടുട്സി വിഭാഗത്തിന് ആദ്യം ജര്‍മ്മനിയും പിന്നീട് ബല്‍ജിയവും അടങ്ങുന്ന ഭരണകര്‍ത്താക്കള്‍ നിര്‍മ്മിച്ചുനല്‍കിയ അയഥാര്‍ത്ഥമായ വംശീയ മഹത്വം - അവര്‍ക്ക് കൂടുതല്‍ യൂറോപ്യന്‍ ചായയുണ്ടെന്നും ഇളം കറുപ്പാണെന്നും - ഔദ്യോഗിക, സര്‍ക്കാര്‍ മേഖലയില്‍ അവര്‍ക്ക് നല്ല മേധാവിത്തം നല്‍കി. സ്വതന്ത്രമായി ഇടപഴകിയും വിവാഹവും മറ്റു സാമൂഹിക വ്യവഹാരങ്ങളും മുഖേന ഇടകലര്‍ന്നും വന്ന ഭിന്നവിഭാഗങ്ങള്‍ക്കിടയില്‍ ഇത് വലിയ വിഭജനവികാരമാണ് ഉണ്ടാക്കിയത്. 1973-ല്‍ അധികാരത്തിലേറിയ ഹുടു വംശജനായ ഏകാധിപതി പ്രസിഡന്‍റ് ജുവനാല്‍ ഹബ്യാരിമാന ടുട്സികളെ ഭരണമേഖലകളില്‍ നിന്ന് തീര്‍ത്തും അകറ്റിനിര്‍ത്തി. സംഘര്‍ഷങ്ങള്‍ പതിവായിത്തുടങ്ങിയ അന്തരീക്ഷത്തിലേക്കാണ് 1994 ഏപ്രില്‍ ആറിന് പ്രസിഡന്‍റ് സഞ്ചരിച്ച വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കപ്പെട്ട വാര്‍ത്തയെത്തുന്നത്. റുവാണ്ടന്‍ റേഡിയോ ഇങ്ങനെ ആഹ്വാനം ചെയ്തു: “എല്ലാ ടുട്സികളും കൂറകളാണ് ; എല്ലാ കൂറകളേയും നശിപ്പിക്കെണ്ടതാണ്.” (“All the Tutsi are cockroaches and all cockroaches must be vanquished”). പിന്നീട് നൂറു ദിനങ്ങളില്‍ റുവാണ്ടയില്‍ , വിശേഷിച്ചും കിഗാലിയിലും പരിസരങ്ങളിലും, ഹുടു അര്‍ദ്ധസൈനിക സംഘ('Interahamwe' )ങ്ങളുടെ മുന്‍കയ്യില്‍ അരങ്ങേറിയ നരമേധം ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ ടുട്സികളും ഹുടു വിഭാഗത്തിലെ തന്നെ മിതവാദികളും ഉള്‍പ്പടെ എട്ടുലക്ഷം പേരെയെങ്കിലും കൊന്നൊടുക്കി, രണ്ടര ലക്ഷം സ്ത്രീകള്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ടു.

കലാപം കഴിഞ്ഞു പതിയെ പുന:സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന റുവാണ്ടയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട 'ബെയ്ക്കിംഗ് കേയ്ക്ക്സ് ഇന്‍ കിഗാലി' എന്ന നോവലില്‍ ദുരന്തകാരിയായ കൊളോണിയല്‍ നിര്‍മ്മിതികളെ കുറിച്ച് വംശഹത്യാ വിചാരണക്കോടതിയിലെ നിയമജ്ഞനായ ഇജിപ്തുകാരന്‍ മി. ഒമര്‍ നിരീക്ഷിക്കുന്നുണ്ട്: ഏതോ തലക്കുസ്ഥിരതയില്ലാത്ത കൊളോണിയല്‍ പര്യവേഷകന്‍ പറഞ്ഞ അബദ്ധം- ടുട്സികള്‍ കൂടുതല്‍ അറബ് വംശജരെപ്പോലെയുണ്ട്. വംശഹത്യക്കാര്‍ അതാണ്‌ പറഞ്ഞു വന്നത്:
അവര്‍ ഇവിടത്തുകാരല്ല, അതുകൊണ്ട് അവര്‍ നൈലിലൂടെ അവര്‍ വന്നയിടത്തേക്ക് പോകട്ടെ... അവര്‍ എല്ലാ ജഡങ്ങളും കഗേരാ നദിയിലൊഴുക്കി, നദി അവയെ വിക്ടോറിയാ തടാകത്തിലെത്തിച്ചു.”
നൈലിന്റെ ഉത്ഭവം.”
ഏതു പാതി അന്ധനായ കൊളോണിയലിസ്റ്റാണ് ആ നിരീക്ഷണം നടത്തിയതെങ്കിലും അയാളെ വംശഹത്യക്ക് വിചാരണ ചെയ്യണം, അയാള്‍ എന്നേ മരിച്ചു പോയെങ്കിലും . അയാളുടെ വാക്കുകളാണ് വംശഹത്യ വേവിച്ചെടുക്കാനുള്ള തീ കത്തിച്ചത്- ബെല്‍ജിയന്‍ ഭരണമാവട്ടെ, വ്യത്യാസങ്ങളെ ഊതിവീര്‍പ്പിച്ചു എരിതീയില്‍ എണ്ണയൊഴിക്കുകയും ചെയ്തു.”

ആഘോഷവേളകള്‍ - ഓര്‍മ്മകളുടെതും

നോവലിന്റെ കേന്ദ്രത്തില്‍ ഏഞ്ചല്‍ തുംഗരാസയാണ് - ആര്‍ത്തവ വിരാമത്തിന്റെ അവസ്ഥയില്‍ തടികൂടി വരുന്നതുപോലുള്ള മാറ്റങ്ങള്‍ തന്നില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതിനെ കുറിച്ച് ബോധവതിയായ മധ്യ വയസ്ക. ഭര്‍ത്താവ് പയസ് തുംഗരാസക്ക് കിഗാലി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജി -KIST- അധ്യാപക ജോലിയുള്ളത് കാരണം തന്റെ സംരക്ഷണയിലുള്ള അഞ്ചു പേരമക്കള്‍ക്ക് മമ്മയും പപ്പയും തന്നെയായി കിഗാലിയില്‍ കഴിയുന്ന മുതിര്‍ന്ന ദമ്പതികള്‍ക്ക് മാറിക്കൊണ്ടിരിക്കുന്ന, വംശഹത്യയുടെ കരാളസ്മൃതികള്‍ പിന്നിലാക്കി സമന്വയത്തിന്റെ ദിനങ്ങളിലേക്ക് ഉറ്റുനോക്കുന്ന കിഗാലിയിലെ, നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും യു. എന്‍. ഉള്‍പ്പടെ അന്താരാഷ്‌ട്ര സമൂഹത്തിന്റെ ഉദ്യോഗസ്ഥരും ദേശീയരും വിദേശികളുമടങ്ങുന്ന പുതിയ സാഹചര്യത്തിലെ സങ്കര സമൂഹത്തില്‍ മാന്യമായ സ്ഥാനമുണ്ട്. ടാന്‍സാനിയന്‍ സ്വദേശികളായ തുംഗരാസ കുടുംബം ഇപ്പോള്‍ ഏറെ പ്രശസ്തമായ ഒരു ബേക്കറി നടത്തുന്നു. ഏഞ്ചലിന്റെ കേക്കുകള്‍ എല്ലാ വിശേഷ സന്ദര്‍ഭങ്ങളിലും അവിഭാജ്യ ഘടകമാണ്. എന്നാല്‍ 'ബേകിംഗ് കേയ്ക്സ് ഇന്‍ കിഗാലി' വെറുമൊരു 'ഫീല്‍ ഗുഡ്' കുടുംബ കഥയോ സാമൂഹിക സ്വഭാവ വിശേഷങ്ങളെ പ്രസന്നമായി കളിയാക്കുന്ന നാടകീയാവിഷ്ക്കാരമോ (Comedy of manners) ആയി ചുരുങ്ങുന്നില്ല. റുവാണ്ടന്‍ വംശഹത്യ കഴിഞ്ഞു ആറു വര്‍ഷമേ ആയിട്ടുള്ളൂ രണ്ടായിരാമാണ്ട്‌ കഥാകാലമായി വരുന്ന നോവലിന്റെ ഇതിവൃത്തത്തിന് എന്നത് തന്നെ കാരണം- “ആ നൂറു ദിനങ്ങളില്‍ തളികയില്‍ വെച്ച കോഴിയിറച്ചി പോലെ ഹിംസാത്മകത ഈ നാടിനെ കീറിമുറിക്കുകയായിരുന്നു.” തുല്യ പ്രാധാന്യത്തോടെ ഒട്ടുമിക്ക കഥാപാത്രങ്ങളെയും നേരിട്ടോ പരോക്ഷമായോ ബാധിക്കുന്ന മറ്റൊരു സന്നിഗ്ധതയായി 'വൈറസ്', 'രോഗം' എന്നൊക്കെ മൃദുവാക്കായി (euphemism) വിവരിക്കുന്ന എയിഡ്സിന്റെ സാന്നിധ്യവും നോവലിലുണ്ട്.

ചിതറിപ്പോയ കുടുംബങ്ങളുടെ ഒത്തുചേരല്‍ , വിവാഹം, വിവാഹ വാര്‍ഷികം, വിവാഹ നിശ്ചയം, ജന്മദിനം, മാമോദീസ- സന്തോഷിക്കാനുള്ള അവസരങ്ങള്‍ എന്തുമാവട്ടെ, അത് ഏഞ്ചലിന്റെ വിശിഷ്ടമായ കെയ്ക്ക് കൊണ്ട് തന്നെയാണ്. അത്തരം പതിനാലു കേക്ക് നിര്‍മ്മാണങ്ങളും അവയുടെ പശ്ചാത്തലമായി പതിനാലു അധ്യായങ്ങളിലൂടെ ഇതള്‍ വിരിയുന്ന പുരാവൃത്തങ്ങളുമാണ് നോവലിന്റെ ഉള്ളടക്കത്തെ നിര്‍ണ്ണയിക്കുന്നത്. ഇംഗ്ലീഷ്, ഫ്രഞ്ച്, സ്വാഹിലി, കിന്യാറുവാണ്ട എന്നിങ്ങനെ നാല് ഭാഷകളില്‍ അച്ചടിച്ചിട്ടുള്ള ഓര്‍ഡര്‍ ഫോം പൂരിപ്പിക്കുന്നതിനൊപ്പം ഏഞ്ചല്‍ നല്ലൊരു ചായ സല്‍ക്കാരവും നടത്തിയാണ് എപ്പോഴും ഓര്‍ഡര്‍ സീകരിക്കുക. അതില്‍ ഇംഗ്ലീഷും ഫ്രഞ്ചും മാത്രമേ തനിക്കറിയൂ എന്നത് ഒരു കുറവായി ഏഞ്ചല്‍ എപ്പോഴും കരുതുന്നുണ്ട്. ആഫ്രിക്കക്കാര്‍ തങ്ങളുടെ കൊളോണിയല്‍ ഭാരം കയ്യൊഴിഞ്ഞു ഭാഷാഭിമാനം വളര്‍ത്തേണ്ടതിന്റെ ആവശ്യകതയും അവള്‍ എപ്പോഴും എല്ലാവരെയും, പ്രത്യേകിച്ചും യുവതലമുറയെ, ഓര്‍മ്മപ്പെടുത്തും. തങ്ങള്‍ക്കു ഇംഗ്ലീഷും ഫ്രഞ്ചുമായി രണ്ടു ഭാഷയേ അറിയൂ എന്ന് പറയുന്നവരെ അവള്‍ ഓര്‍മ്മിപ്പിക്കും, കിന്യാറുവാണ്ടയും സ്വാഹിലിയും കൂടി അറിയുന്ന നിങ്ങള്‍ ബഹുഭാഷാ പ്രാവീണ്യമുള്ളവരാണ്. കേക്ക് നിര്‍മ്മാണം ഓരോരുത്തരുടെയും അനുഭവങ്ങളുടെയും അഭിരുചികളുടെയും മുന്‍ ഗണനകളുടെയും കൃത്യമായ പശ്ചാത്തലത്തില്‍ വേണമെന്ന ഏഞ്ചലിന്റെ സുനിശ്ചിതമായ രീതിയാണ് നോവലിനെ അനുഭവാഖ്യാനങ്ങളുടെയും പങ്ക് വെക്കലിന്റെയും ഏറ്റു പറച്ചിലുകളുടെയും ഏറെ വ്യത്യസ്തവും പരസ്പരം ഇഴ കോര്‍ക്കുന്നതും കൃത്യമായും ആഫ്രിക്കയുടെതും അതില്‍ത്തന്നെ റുവാണ്ടയുടെതുമായ ഒരു ഡെക്കാമറോണ്‍ ഇടമാക്കി മാറ്റുന്നത്. എന്നാല്‍ ഇവിടെ പറയപ്പെടുക കല്‍പ്പിത കഥകളോ പ്രത്യേക 'രസ'പ്രധാനമായ തെരഞ്ഞെടുത്ത കഥകളോ അല്ല, മറിച്ച്, നേരനുഭവ സാക്ഷ്യങ്ങളും അതിജീവിച്ച ചരിത്രവുമാണ്. പ്രസന്നമായ ഭാവിയിലേക്കുറ്റു നോക്കി കൊണ്ടാടപ്പെടുന്ന ഓരോ സന്ദര്‍ഭത്തിനു മുകളിലും ഒട്ടും പഴയതല്ലാത്ത ആ ഭീകര കാലത്തിന്റെ നിഴല്‍ വീണു കിടപ്പുണ്ട്- കഥകള്‍ക്ക് മേല്‍ മാത്രമല്ല, അത് പറയുന്നവരും, കേള്‍ക്കുന്നവരും, അതില്‍ പങ്കാളികള്‍ / ഇരകള്‍ ആയവരും ആരും ഇതില്‍ നിന്ന് തീര്‍ത്തും മുക്തരല്ലതാനും. ഏഞ്ചല്‍ തന്നെയും മോഷ്ടാക്കള്‍ കൊന്നു കളഞ്ഞ, ഇല്ലായിരുന്നെങ്കില്‍ വൈകാതെ 'രോഗ'ത്തിനു കീഴടങ്ങുമായിരുന്ന മകന്റെയും 'വൈറസ്' കാരണം ആത്മഹത്യ ചെയ്ത മകളുടെയും മക്കളെയാണ് പുലര്‍ത്തുന്നത്. എയിഡ്സ് രോഗം വംശഹത്യക്ക് ശേഷം നാടിനെ വേട്ടയാടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തായി നില നില്‍ക്കുന്നു. 'ഇപ്പോള്‍ അവരും ഇവരുമില്ല. നമ്മളെല്ലാം ബന്യാറുവാണ്ടയാണ്. റുവാണ്ടക്കാര്‍ " എന്ന് ഒരു കഥാപാത്രം പറയുന്ന ആ സമന്വയ ചിന്ത വളര്‍ന്നു വരുന്നുണ്ടെങ്കിലും, അതിനു വലിയ വില നല്‍കേണ്ടിവന്നവരാണ് മിക്ക കഥാപാത്രങ്ങളും. ആരുടേയും വിധി അനന്യമല്ല. “നമ്മുടെ കുട്ടികള്‍ നഷ്ടമായി, നമ്മളിപ്പോള്‍ നമ്മുടെ പേരമക്കള്‍ക്കായി വീണ്ടും രക്ഷിതാക്കള്‍ ആയിരിക്കുന്നു. അത് ബുള്ളറ്റ് ആവാം, രക്ത സമ്മര്‍ദ്ദമാവാം. എന്നാല്‍ മിക്കപ്പോഴും അത് വൈറസ് ആണ്.” മൊഗാദിഷുവില്‍ നിന്നുള്ള ആമിന തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ കഴിവതും രഹസ്യമാക്കി വെക്കുന്നു. അമേരിക്കക്കാര്‍ തങ്ങളെ സഹായിക്കാതിരുന്നതിനു കാരണം സോമാലിയയാണെന്നു റുവാണ്ടയിലുള്ളവര്‍ വിശ്വസിക്കുമ്പോള്‍ , മൊഗാദിഷുവില്‍ കൊല്ലപ്പെട്ട തങ്ങളുടെ സൈനികരുടെ പേരില്‍ അമേരിക്കക്കാര്‍ സോമാലികളെ കുറ്റപ്പെടുത്തുന്നു. സോമാലികളും അമേരിക്കന്‍ സൈനികരും തമ്മിലുള്ള മരണത്തിന്റെ അനുപാതം ആയിരത്തിനു പതിനെട്ട് എന്നതായിരുന്നു എന്നതൊന്നും പ്രസക്തമല്ലെന്നു നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

'ഐക്യവും സമന്വയവും'

സമന്വയത്തെ കുറിച്ചുള്ള പുത്തന്‍ ഔദ്യോഗിക-ഭരണകൂട നിലപാടുകള്‍ സമൂഹത്തിലും ഉണ്ടാക്കിത്തുടങ്ങുന്ന ശുഭോദര്‍ക്കമായ മാറ്റത്തിന്റെ മികച്ച മാതൃകയാണ് വംശഹത്യാ കോടതിയില്‍ വിചാരണ നേരിട്ട് ജയിലില്‍ കഴിയുന്ന അമ്മയുടെ മകളായ ലൊക്കേഡിയെ കലാപത്തിനിരയായി കുടുംബം മുഴുവന്‍ കശാപ്പു ചെയ്യപ്പെട്ട മോഡസ്റ്റെ വിവാഹം ചെയ്യുന്നത്. വേദനിപ്പിക്കുന്നതെങ്കിലും വസ്തുതകളെ അംഗീകരിച്ചു തുടങ്ങുമ്പോള്‍ സമന്വയം സാധ്യമാവും എന്നത് നോവലിസ്റ്റിന്റെ അടിസ്ഥാനനിലപാട് തന്നെയാണ്. തങ്ങളുടെ മകള്‍ വിനാസ് ആത്മഹത്യ ചെയ്തത് എച്ച്. . വി. ബാധിതയാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് എന്നതു ആദ്യം ഏഞ്ചലിനെയും പയസിനെയും തളര്‍ത്തിക്കളയുന്നുണ്ട്. എന്നാല്‍ പിന്നീട് അവര്‍ അത് ഒരു സാമൂഹിക യാഥാര്‍ത്ഥ്യം കൂടിയായി അംഗീകരിക്കുകയും പേരമക്കളുടെ ജീവിതത്തിലേക്ക് അവര്‍ക്കാവശ്യമുള്ള മമ്മയും പപ്പയും തന്നെയായി മാറുകയും ചെയ്യുന്നു. നാട്ടുനടപ്പ് രീതിയില്‍ , ഏറ്റവും മുതിര്‍ന്ന കുട്ടിയുടെ പേരിനോട് ചേര്‍ത്ത് 'മമ്മ ഗ്രേസ്' , 'പപ്പാ ഗ്രേസ്' എന്ന് അവര്‍ വിളിക്കപ്പെടുന്നു. തന്നെയല്ല, മക്കളോട് ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചുകൂടാ എന്ന 'പഴയ തലമുറ മൂല്യം' മുറുകെ പിടിച്ച് തന്റെ മക്കളുടെ കാര്യത്തില്‍ തോറ്റു പോയത് ഇനി ആവര്‍ത്തിക്കരുതെന്നും അത് മറികടന്ന് വളര്‍ന്നു വരുന്ന മക്കളെ ലൈംഗിക വിദ്യാഭ്യാസം നല്‍കി സജ്ജരാക്കണമെന്നും ഏഞ്ചല്‍ തീരുമാനിക്കുന്നുണ്ട്; അക്കാര്യത്തില്‍ സന്നദ്ധപ്രവര്‍ത്ത കൂടിയായ നേഴ്സ് ഒദീലെ അവരെ സഹായിക്കും. വാസ്തവത്തില്‍ , ഇത്തരം തിരിച്ചറിവുകള്‍ കൂടിയാണ് ഏഞ്ചലിനെ നോവലിലെ ജീവിതോന്മുഖതയുടെ ഊര്‍ജ്ജകേന്ദ്രം ആക്കിമാറ്റുന്നത് - കേക്ക് വാങ്ങാന്‍ വേണ്ടി മാത്രമല്ല ആളുകള്‍ അവളെ സമീപിക്കുന്നത്. അഥവാ അങ്ങനെയാണെങ്കില്‍തന്നെ ഏഞ്ചലുമായുള്ള അവരുടെ വിനിമയം അതിനപ്പുറത്തേക്ക് പോവുകയും തകര്‍ച്ചകളില്‍ ഓരോരുത്തരും സ്വയം കണ്ടെത്തി കൂട്ടിത്തുന്നിയെടുക്കാന്‍ ശ്രമിക്കുന്ന സമൂഹത്തില്‍ അതിന്റെയെല്ലാം അത്താണിയായും ദിശാസൂചികയും വഴികാട്ടിയും കൈപിടിച്ച് നടത്തുന്നവളും ആയി അവള്‍ മാറുകയും ചെയ്യുന്നു.


മോഡസ്റ്റെയും ലൊക്കേഡിയുമായുള്ള വിവാഹത്തിനു കേക്ക് തയ്യാറാക്കുകയും കലാപത്തില്‍ ഉറ്റവരെ നഷ്ടമായ ലൊക്കേഡിക്ക് അമ്മയായി ചടങ്ങില്‍ നില്‍ക്കുകയും നോവലിന്റെ പരിസമാപ്തിയായ വിവാഹാഘോഷത്തില്‍ സര്‍വ്വാത്മനാ പങ്കാളിയാവുകയും ചെയ്യുമ്പോഴും അതിലൊരു 'യിന്‍ ആന്റ് യാങേ' സാഹചര്യം ഏഞ്ചലിന് അനുഭവപ്പെടുന്നുണ്ട്. മോഡസ്റ്റെയുടെ കൂട്ടുകാരിയായിരുന്ന മറ്റൊരു യുവതി പ്രസവിച്ചത് പെണ്‍കുഞ്ഞായിരുന്നത് കൊണ്ട് അവളെ കയ്യൊഴിഞ്ഞു ലൊക്കേഡിയെ വിവാഹം ചെയ്യുകയായിരുന്നുവല്ലോ അയാള്‍ . ധാര്‍മ്മികമായി അങ്കലാപ്പുണ്ടാക്കുന്ന വേറെയും നിലപാടുകള്‍ സ്വീകരിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഏഞ്ചലിന് നേരിടേണ്ടി വരുന്നുണ്ട്. ഡോക്റ്റര്‍ റിജോയ്സിന്റെ കൂടി സഹായത്തോടെ ആമിനയുടെ കുഞ്ഞു മകള്‍ സഫിയയെ പെണ്‍ചേലാകര്‍മ്മത്തിനു വിധേയയാക്കിയതായി അവളുടെ ബാബയുടെ മുന്നില്‍ അഭിനയിക്കുന്ന സന്ദര്‍ഭം അതിലൊന്നാണ്. എന്നാല്‍ , നിലവിലുള്ള പരമ്പരാഗത പ്രാകൃതത്വത്തെ നിരുപദ്രവകരമായ ഒരു നുണ കൊണ്ട് നേരിടുന്നതില്‍ തെറ്റില്ലെന്ന് ഡോക്റ്റര്‍ റിജോയ്സ് അവളെ ബോധ്യപ്പെടുത്തുന്നു. ആര്‍ക്കറിയാം, ആ പെണ്‍കുട്ടി വളര്‍ന്നു വരുന്ന കാലമാവുമ്പോഴേക്കും അത്തരം കാര്യങ്ങളില്‍മനുഷ്യത്വ പൂര്‍ണ്ണമായി ചിന്തിക്കുന്ന തലമുറ കാര്യങ്ങള്‍ ഏറ്റെടുത്തേക്കും!

പാത്ര വൈവിധ്യത്തിന്റെ ലോകം

കഥകളും അനുഭവസ്ഥരും ഒരുമിച്ചു ചേരുന്ന ഏഞ്ചലിന്റെ കോമ്പൌണ്ട് ഒരര്‍ഥത്തില്‍ കിഗാലി സമൂഹത്തിന്റെ - അവിടെ അപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ലോകത്തെങ്ങുനിന്നും ഉള്ള ആളുകളുണ്ട് എന്നത് കൊണ്ട് ലോകത്തിന്റെ തന്നെ - പരിഛെദം തന്നെയാണ്. അവിടെ എല്ലാമുണ്ട്- കുടുംബ ജീവിതം, പ്രണയം, അഗമ്യഗമനം, കുശുമ്പും കുന്നായ്മയും നേരമ്പോക്കുകളും, രോഗങ്ങളും ആസക്തികളും അസന്തുഷ്ടികളും, ചതിയും വഞ്ചനയും, എല്ലാറ്റിനുമുപരി ഇവക്കെല്ലാറ്റിനുമിടയില്‍ ത്രസിക്കുന്ന ജീവിതാഭിവാഞ്ചയും. "കിഗാലിയില്‍ നിങ്ങള്‍ക്കൊരു രഹസ്യം സാധ്യമല്ല, ആന്റി. കണ്ണുകള്‍ക്ക്‌ ഇവിടെ മറയില്ല" എന്ന് ബോസ്കോ എന്ന കഥാപാത്രം പറയുന്നുണ്ട്. ഭര്‍ത്താവിനു ഇഷ്ടമാവാത്തത് കാരണം ഒഴിവുസമയത്ത് എന്തെങ്കിലും തൊഴില്‍ ചെയ്യാനുള്ള ആഗ്രഹം പോലും മൂടി വെക്കുന്ന ജെന്ന, അവളുടെ കണ്ണുവെട്ടിച്ചു അഗമ്യഗമന സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന, അമേരിക്കന്‍ എയ്ഡ് വര്‍ക്കര്‍ എന്ന ലേബലിനുള്ളില്‍ യഥാര്‍ഥത്തില്‍ പരസ്യമായ രഹസ്യമായ അയാളുടെ ദൌത്യത്തെ സൂചിപ്പിച്ചു കൊണ്ട് CIA എന്ന് വിളിക്കപ്പെടുന്ന ഭര്‍ത്താവ് റോബ്, റോബിനെ പോലെ ഏറെപേരെ മോഹിപ്പിക്കുന്ന അവ്യക്തധാര്‍മ്മികതയുടെ ഉടമയും മദാലസയുമായ ലിന്‍ഡാ, കലാപകാലത്തെ മൃഗീയാനുഭവം കാരണം വന്ധ്യയായിപ്പോയ, 'അതിരുകളില്ലാത്ത ഡോക്റ്റര്‍മാര്‍ ' (Doctors without Borders)പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന നേഴ്സ് ഒദീലെ, യജമാനന്‍ സ്വല്‍പ്പം 'കാര്‍ഡമം' വായ്പ്പ വാങ്ങാനയക്കുമ്പോള്‍ യുവതിയായ അയല്‍ക്കാരിയോടു യജമാനന് വേണ്ടി കുറച്ചു 'കോണ്ടം' വായ്പ്പ ചോദിക്കുന്ന മുറി ഇംഗ്ലീഷ് വൈദഗ്ദ്യമുള്ള യൂജീനിയ, 'വൈറസി'നെ പേടിച്ചു ആളുകള്‍ക്ക് കൈ കൊടുക്കാന്‍ ഭയപ്പെടുകയും ഇബോള ഭീഷണി റുവാണ്ടയില്‍ എത്തുന്ന പക്ഷം ഡല്‍ഹിയിലേക്കു തിരിച്ചു പോവാന്‍ തയ്യാറെടുക്കുകയും ചെയ്യുന്ന മിസ്സിസ് മുഖര്‍ജി തുടങ്ങിയ വൈവിധ്യവും വൈചിത്ര്യവുമുള്ള കഥാപാത്ര വിസ്തൃതിയുണ്ട് നോവലില്‍ - ഏറിയും സ്ത്രീകഥാപാത്രങ്ങള്‍ . ഒരു വേള, കൊള്ളാവുന്ന പുരുഷന്മാരെ പ്രായം പോലും കണക്കാക്കാതെ ('ഷുഗര്‍ ഡാഡീസ്”) വളക്കാന്‍ നടക്കുന്ന പെണ്‍കുട്ടികള്‍ യൂണിവേഴ്സിറ്റി ക്യാമ്പസുകളിലും ഉണ്ട് എന്നത് ഏഞ്ചലിനെ അസ്വസ്ഥയാക്കുന്നുണ്ട് - പയസിന്റെ കാര്യത്തില്‍ അങ്ങനെയൊരു സാധ്യത അസ്ഥാനത്താണെന്ന് അവള്‍ക്കറിയാമെങ്കിലും. ഇത്തരം കാരികേച്ചര്‍വല്‍ക്കരണത്തിന്റെ മറ്റൊരു രൂപമാണ് മിസ്സിസ് വാന്‍യിക. അധികാര കേന്ദ്രങ്ങളില്‍ ഇരിക്കുന്നവര്‍ അസുഖകരങ്ങളായ വസ്തുതകളെ തമസ്ക്കരിക്കാന്‍ ശ്രമിക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ് തങ്ങളുടെ വിവാഹത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കാന്‍ കേക്കിനു വേണ്ടി ഏഞ്ചലിനെ സമീപിക്കുന്ന ടാന്‍സാനിയന്‍ അംബാസഡറുടെ ഭാര്യ മിസ്സിസ് വാന്‍യികാ ടാന്‍സാനിയയില്‍ വൈറസ് പ്രശ്നം ഇല്ല എന്ന് ശഠിക്കുന്നത്. അത് ഉഗാണ്ടയില്‍ ഉണ്ട്, കെനിയയില്‍ ഉണ്ട്, സാംബിയായിലും മലാവിയിലും മോസാംബിക്കിലും കോംഗോയിലും ബുറുണ്ടിയിലും റുവാണ്ടയിലും ഉണ്ട്. എന്നാല്‍ തൊട്ടയല്‍പക്കത്തുള്ള ടാന്‍സാനിയയില്‍ ഇല്ല. കാരണം? അതവരുടെ ഭര്‍ത്താവ് അംഗീകരിക്കില്ല. ഫെമിനിസ്റ്റ് ആവുക എന്നാല്‍ ലെസ്ബിയന്‍ ആവുക എന്നാണെന്ന് മനസ്സിലാക്കി വെച്ചിട്ടുള്ള മിസ്സിസ് വാന്‍യികാ ഉന്നതങ്ങളിലെ വിവരക്കേടിന്റെയും പ്രതീകം തന്നെ. ആഫ്രിക്കയെ സംബന്ധിച്ച് രണ്ടു ആശയവും പുത്തനായത് കൊണ്ട് അത് സ്വാഭാവികമാണെന്ന് ഏഞ്ചല്‍ വിശദീകരിക്കുന്നു. എന്നാല്‍ , പരിഹാസത്തിന്റെയും ഐറണിയുടെയും തലത്തിനപ്പുറം തമസ്ക്കരണത്തിന്റെയും ചരിത്രത്തിന്റെ പാഠങ്ങള്‍ പഠിക്കുന്നതില്‍ മനുഷ്യകുലത്തിന്‌ പൊതുവേയുള്ള വിമുഖതയുടെയും നേര്‍ക്കുള്ള കൂടുതല്‍ നിശിതമായ നിരീക്ഷണങ്ങള്‍ നോവലില്‍ സൂചിതമാവുന്നുണ്ട്. റുവാണ്ടന്‍ വംശഹത്യയെ നാസി ഹോളോകാസ്റ്റുമായി ബന്ധിപ്പിക്കുന്ന നിരീക്ഷണങ്ങള്‍ അതിലൊന്നാണ്. കൂട്ടക്കൊലയുടെ സ്മാരകത്തില്‍ ആവര്‍ത്തിച്ചു എഴുതിവെച്ചതായിക്കാണുന്ന "ഇനിയൊരിക്കലും അരുത്" ('Never again') എന്ന വാക്കുകള്‍ യൂറോപ്പിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ അടച്ചു പൂട്ടിയപ്പോഴും ആവര്‍ത്തിച്ചവയായിരുന്നു എന്ന് ഏഞ്ചല്‍ ഓര്‍ക്കുന്നു.

സമര്‍പ്പണത്തിന്റെ സ്ത്രീസാക്ഷ്യങ്ങള്‍

ഘടനാപരമായോ ആഖ്യാന തന്ത്രങ്ങളിലോ അധികം പരീക്ഷണങ്ങള്‍ക്കൊന്നും മുതിരാത്ത സാമാന്യേന സാമ്പ്രദായിക രീതിയിലുള്ള നോവലിന്റെ ഏറ്റവും ചൈതന്യവത്തായ ഘടകം അതിജീവിച്ച സ്ത്രീ കഥാപാത്രങ്ങളുടെ ആവിഷ്ക്കാരത്തിലാണ് കാണാനാവുക. ഈ പാത്ര വൈചിത്ര്യത്തില്‍ ഏറ്റവും ഹൃദ്യമായി അനുഭവപ്പെടുന്ന കഥാപാത്രങ്ങളാണ് ബാര്‍ ഉടമ ഫ്രാന്‍സ്വാ, ലൈംഗികത്തൊഴിലാളിയായ ജോണ്‍ ഡി ആര്‍ക്ക് എന്നിവര്‍ . കലാപകാലത്ത് ഏറെ അപകടകരമായ രീതിയില്‍ വീടിന്റെ സീലിങ്ങിനും റൂഫിനുമിടയില്‍ ഒളിപ്പിച്ചു തങ്ങള്‍ക്കു ഒരു പരിചയവുമില്ലാത്ത ആളുകളെ ഉള്‍പ്പടെ പലരെയും രക്ഷിക്കുകയും തങ്ങളുടെ ബാറില്‍ നിന്ന് സൗജന്യമായി മദ്യം നല്‍കി തെരച്ചില്‍ നടത്താന്‍ സാധ്യതയുള്ള സൈനികരെ പിന്‍ മടക്കുകയും ചെയ്തുവന്ന ഫ്രാന്‍സ്വാ അവര്‍ ചെയ്തു വന്നതിന്റെ പൊരുള്‍ വിവരിക്കുന്നുണ്ട്: “ഏഞ്ചല്‍ , എന്താണ് നടന്നുകൊണ്ടിരുന്നത്‌ എന്ന് നീ മനസ്സിലാക്കണം. ഓരോ ദിനവും റേഡിയോ ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു ഈ ആളുകളെ കൊല്ലാന്‍; അവര്‍ പറഞ്ഞു ഈ ആളുകള്‍ ഇന്യെന്‍സി ആണ്, അഥവാ കൂറകള്‍ , അവര്‍ മനുഷ്യരല്ല. പക്ഷെ ഞങ്ങള്‍ അവരെ കൊന്നിരുന്നെങ്കില്‍ , ഞങ്ങള്‍ക്ക് സ്വയം മനുഷ്യരെന്നു തോന്നില്ലായിരുന്നു. കൈകളില്‍ സുഹൃത്തുക്കളുടെയും അയല്‍ക്കാരുടെയും രക്തം പുരണ്ടുകൊണ്ട് ഞങ്ങള്‍ക്കെങ്ങനെ ജീവിക്കാന്‍ കഴിയുമായിരുന്നു? മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയാനായി നോക്കും പോലെ ആളുകളുടെ കണ്ണുകളിലേക്കു നോക്കുകയും എന്നിട്ട് അവരെ കൊന്നുകളയുകയും ചെയ്യാന്‍ എങ്ങനെ കഴിയുമായിരുന്നു. ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത് ചെയ്തുകൊണ്ടിരുന്ന ആയിരങ്ങള്‍ ഉണ്ടായിരുന്നു, കൊല്ലുക അല്ലെങ്കില്‍ കൊല്ലപ്പെടുക എന്നതല്ലാതെ മാര്‍ഗ്ഗമില്ലാതിരുന്ന ആയിരങ്ങള്‍ പക്ഷെ ഞങ്ങള്‍ക്ക് തോന്നി ഞങ്ങള്‍ക്ക് വേറൊരു മാര്‍ഗ്ഗമുണ്ടെന്നു, കാരണം ഞങ്ങള്‍ക്ക് ഈ ബാര്‍ ഉണ്ടായിരുന്നു.”

ജോണ്‍ ഡി ആര്‍ക്ക് എന്ന പതിനേഴുകാരി ലൈംഗികത്തൊഴിലാളി യുവതി ഉള്ളിലൊരു നീറ്റലായി വായനക്കാരെ പിന്തുടരുക തന്നെ ചെയ്യും. കലാപത്തിനിടെ പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോകവേ രണ്ടു കുഞ്ഞു സഹോദരിമാരോടൊപ്പം ആരോരുമില്ലാത്ത മറ്റൊരു ആണ്‍കുട്ടിയെ കൂടി തന്റെ ചിറകിനടിയില്‍ സംരക്ഷിച്ചവള്‍ . തനിക്കു സംഭവിച്ചത് അനിയത്തിമാര്‍ക്കു സംഭവിക്കാതിരിക്കാനായി എരിഞ്ഞു തീരുന്നവള്‍ . എപ്പോഴും പ്രസന്ന വദനയായിരിക്കാന്‍ മറക്കാത്തവള്‍ . ഏഞ്ചല്‍ തന്റെ ചിറകിനടിയിലേക്ക് ചേര്‍ത്തു പിടിക്കാന്‍ ശ്രമിക്കുന്ന പലരില്‍ ഏറ്റവും അര്‍ഹതയുള്ളവള്‍ . അവളെ പോലുള്ളവരിലാണ് 'ഇനിയൊരിക്കലും അരുത്' എന്ന മുന്‍കരുതല്‍ യാഥാര്‍ത്ഥ്യമാവുക എന്ന് നോവല്‍ ഉറ്റുനോക്കുന്നുണ്ട്.

'കണ്ണീര്‍ ലജ്ജാകരമല്ല'

പുരുഷ കഥാപാത്രങ്ങള്‍ കേന്ദ്ര സ്ഥാനീയരായി വരുന്ന ഖണ്ഡങ്ങള്‍ നോവലില്‍ താരതമ്യേന കുറവാണ്. എപ്പോഴും തോക്കുധാരിയായി സൈനിക വേഷത്തിലെത്തുന്ന, ഏഞ്ചലിന്റെ സൈനികനായ ആദ്യ ഉപഭോക്താവ് ക്യാപ്റ്റന്‍ കലിസ്റ്റെ ആണ് ഒരാള്‍ . കലാപകാലത്ത് ഉറ്റവര്‍ മുഴുവന്‍ കൊല്ലപ്പെടുന്നതിനു സാക്ഷിയാവുകയും ബാല്യത്തിലേ തട്ടിയെടുക്കപ്പെട്ടു നിര്‍ബന്ധിത സൈനികനായിത്തീരുകയും ചെയ്യുന്ന ക്യാപ്റ്റന്‍ കലിസ്റ്റെ , നാടുവിടാനുള്ള മാര്‍ഗ്ഗമായിഒരു വെള്ളക്കാരിയെ ('wazungu') ഭാര്യയാക്കാന്‍ ശ്രമിക്കുന്നു. അയാള്‍ 'നെഗറ്റീവ്' ആണെന്ന് തെളിയിക്കുന്ന രണ്ടു വര്‍ഷം മുമ്പ് കിട്ടിയ 'സര്‍ടിഫിക്കെറ്റ്' ആണ് അയാളുടെ തുരുപ്പുശീട്ട്. ആദ്യം സോഫിയെയും ഏഞ്ചല്‍ മുന്നറിയിപ്പ് നല്‍കുന്നത് കാരണം അവള്‍ വിസമ്മതിക്കുമ്പോള്‍ പുതുതായി വിവാഹമോചിതയായ ലിന്‍ഡായെയും അയാള്‍ നോട്ടമിടുന്നു. അയാളുടെ ഉദ്ദേശത്തിലെ കാപട്യം തിരിച്ചറിഞ്ഞത് കൊണ്ട് അയാള്‍ക്ക്‌ വേണ്ടി കേക്ക് ഉണ്ടാക്കാന്‍ ഏഞ്ചല്‍ വിസമ്മതിക്കുന്നത്‌ ഒരു കാര്യം വ്യക്തമാക്കുന്നു: കേക്കു നിര്‍മ്മാണം അവര്‍ക്ക് വെറുമൊരു തൊഴിലല്ല, തന്റെ സമൂഹത്തിലെ അംഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു വലിയ കര്‍മ്മം കൂടിയാണ്. എന്നാല്‍ , കലിസ്റ്റെ തന്റെ മുറിവുകളെ കൊടിയ വഞ്ചനകള്‍ കൊണ്ട് മായ്ച്ചു കളയാന്‍ ശ്രമിക്കുമ്പോള്‍ , 'എട്ടു മില്ല്യന്‍ മാത്രം ജനസംഖ്യയുള്ള ഒരു ചെറു രാജ്യത്തിന്‌ താങ്ങാനാവാത്ത' വലിയ ആംഗ്യ വിക്ഷേപങ്ങളോടെ സംസാരിക്കുന്ന ഡ്യൂഡോനെ കയിബാന്റ കലാപത്തില്‍ കാണാതായ മകനെയും കുടുംബത്തെയും ആര്‍ദ്രമായ വേദനയായി കൊണ്ട് നടക്കുന്നു. സംസാരത്തിനിടെ കരഞ്ഞു പോകുന്നതിനു മാപ്പ് ചോദിക്കുന്ന കയിബാന്റയെ ഏഞ്ചല്‍ ആശ്വസിപ്പിക്കുന്നുണ്ട്:
ഒരു പുരുഷന്‍ കണ്ണീര്‍ തൂവുന്നതില്‍ ലജ്ജിക്കേണ്ടതായി ഒന്നുമില്ല. ആവശ്യമുള്ളപ്പോള്‍ അയാള്‍ കരയാതിരുന്നാല്‍ കരഞ്ഞു തീരാത്ത ആ കണ്ണീരൊക്കെ അയാളുടെ ഉടലില്‍ തിളച്ചു മറിഞ്ഞേക്കാം, ഒടുവിലത് വീരുംഗാ മലനിരകളിലെ അഗ്നിപര്‍വ്വതങ്ങളില്‍ ഒന്നിനെപ്പോലെ പൊട്ടിത്തെറിച്ചേക്കാം.”

രചനയുടെ മിഴിവും നിഴലും

ഏറ്റവും തീക്ഷ്ണവും ദുരന്തപൂര്‍ണ്ണവുമായ ദേശീയ മാനങ്ങളുള്ള വംശഹത്യകള്‍ പോലുള്ള അനുഭവങ്ങള്‍ക്കിടയിലും സ്വപ്നങ്ങളും പ്രതീക്ഷകളും സാധ്യമാണ് എന്ന ജീവിതോന്മുഖതയാണ് 'ബെയ്ക്കിംഗ് കേയ്ക്ക്സ് ഇന്‍ കിഗാലി'യേ സമാന പശ്ചാത്തലങ്ങളിലുള്ള കൃതികളില്‍ വ്യത്യസ്തമാക്കുന്നത്. ആഫ്രിക്കന്‍ നോവലുകളില്‍ സംഘര്‍ഷങ്ങളുടെയും കൂട്ടക്കുരുതികളുടെയും ആവിഷ്കാരങ്ങള്‍ പല രൂപങ്ങളില്‍ കടന്നു വരുന്നുണ്ട്. സാംബിയായില്‍ ജനിച്ചു സൌത്ത് ആഫ്രിക്കയിലും ഇംഗ്ലണ്ടിലും വിദ്യാഭ്യാസം ചെയ്ത ശേഷം റുവാണ്ട ഉള്‍പ്പടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പലയിടത്തും VSO (Voluntary Service Overseas) ആയി സേവനം ചെയ്തിട്ടുള്ള ഗെയ്ലി പാര്‍കിന്‍ തന്റെ പ്രഥമ നോവലിന്റെ പ്രമേയം കണ്ടെത്തിയതും ഈ അനുഭവങ്ങളില്‍ നിന്നാണ്. HIV/AIDS ബോധവല്‍ക്കരണം, സ്ത്രീ ശാക്തീകരണം, കലാപ ബാധിതരായ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള കൌണ്‍സിലിംഗ് എന്നീ മേഖലകളിലൊക്കെ ഗെയ്ലി പാര്‍കിന്‍ സേവനം ചെയ്തിട്ടുണ്ട്. ബെയ്കിംഗ് കേയ്ക്സ് ഇന്‍ കിഗാലിയിലെ പല കഥകളും തന്‍ കണ്ടുമുട്ടിയ വ്യക്തികളില്‍ നിന്ന് ലഭിച്ചവയാണെന്ന് നോവലിസ്റ്റ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സ്വതേ വെളുത്ത വര്‍ഗ്ഗക്കാരിയായ നോവലിസ്റ്റിനു റുവാണ്ടന്‍ അനുഭവത്തെ സത്യസന്ധമായും പ്രസന്നതയുടെ പ്രതീക്ഷകള്‍ വറ്റിപ്പോവാത്ത രീതിയിലും അവതരിപ്പിക്കാനാവുന്നത്. ഇപ്പോഴും അതേ മേഖലകില്‍ സജീവമാണ് ഗെയ്ലി പാര്‍കിന്‍.

നിശിത വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട് നോവലിസ്റ്റിന്റെ പാത്രചിത്രീകരണം. ഇതിവൃത്തം ഏറെ ഉദ്ബോധനപരമാണെന്നും പ്രധാന കഥാപാത്രത്തിന്റെ സൃഷ്ടി കൃത്രിമത്വമുള്ളതാണ് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ അത്ര അനായാസമായി ഏഞ്ചല്‍ പരിഹരിക്കുന്നതിലും കടുത്ത മുന്‍ വിധികളുള്ളവരില്‍ പോലും പെട്ടെന്ന് മനംമാറ്റം ഉണ്ടാക്കുന്നതിലും ഒരു മദര്‍ തെരേസാ പ്രതിച്ഛായ സൃഷ്ടിക്കാനുള്ള വ്യഗ്രത ആരോപിക്കപ്പെട്ടിട്ടുണ്ട്. വംശഹത്യയുടെ യാഥാര്‍ത്ഥ്യവും എത്ര ഉദ്ദേശ്യശുദ്ധി അവകാശപ്പെട്ടാലും ഒറ്റയാള്‍പട്ടാളമായി ഒരാള്‍ നടത്തുന്ന ശ്രമങ്ങള്‍ ആ ഇരുള്‍ച്ചയെ പ്രസന്നമാക്കുന്നു എന്ന സങ്കല്‍പ്പവും ഒത്തുപോവില്ലെന്നും അത്രയേറെ 'ആവലാതിക്കാരെ' ഇത്ര കുറഞ്ഞ ഇടത്തിലേക്ക് എല്ലാം പരിഹരിക്കുന്ന ആളുടെ മുന്നിലേക്ക്‌ എത്തിക്കുന്നത് സ്വാഭാവികതയില്ലാത്തതാണെന്നും വിമര്‍ശിക്കപ്പെടുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്ന ഇടങ്ങളെക്കാളെറെ എല്ലാ സഹനകാലങ്ങളുടെയും ബാക്കിപത്രങ്ങളില്‍ ഉണ്ടാവുക അപരിഹാര്യമായ നഷ്ടങ്ങളുടെയും വേദനകളുടെയും ഇടങ്ങളാവും എന്നതും സാമാന്യ സത്യം തന്നെ. അലക്സാണ്ടര്‍ മെക് കാള്‍ സ്മിത്തിന്റെ No.1 Ladies Detective Agency എന്ന കൃതിയുമായി സ്വാഭാവികമായും നോവല്‍ താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ആ താരതമ്യത്തില്‍ ഗെയ്ലി പാര്‍കിന്‍ പരാജയപ്പെടുന്നു എന്ന് ഇത്തരം വിമര്‍ശകര്‍ കരുതുന്നു.
(കാക്ക ത്രൈമാസിക, ജൂലൈ- സെപ്തംബര്‍ 2016)

more on Rwandan genocide:

The Shadow of Imana: Travels in the Heart of Rwanda by Véronique Tadjo/ Veronique Wakerley