സത്യം - രാജീവ് ശിവശങ്കരന്‍
അനശ്വര നടൻ സത്യന്റെ ജീവചരിത്ര നോവലാണ് രാജീവ് ശിശങ്കരൻ എഴുതിയ സത്യം. അഞ്ഞൂറ്റി അമ്പതോളം പുറങ്ങളിൽ വ്യാപിച്ചു കിടക്കുന്ന നോവൽ ചടുല വായന ഉറപ്പു വരുത്തുന്നുണ്ട്. നോവലിന്റെ ആദ്യഭാഗം, കഥാനായകന്റെ ചലച്ചിത്രം ജീവിതം തുടങ്ങുന്നതിനു മുമ്പുള്ള ഭാഗമാണ് എന്നെ കൂടുതൽ ആകർഷിച്ചത്. തിരുവിതാംകൂറിന്റെ ചരിത്രത്തിന്റെ ഒരു പരിച്ഛേദം നൽകുന്ന ഈ ഭാഗത്തിന് ഒരു ചരിത്ര നോവലിന്റെ ഗരിമയുണ്ട്. സർ സി പി യുടെ അമേരിക്കൻ മോഡലും രണ്ടാം ലോക യുദ്ധത്തിലേക്ക് പോകുന്ന ലോകഗതി തിരുവിതാംകൂറിൽ പ്രതിഫലിക്കുന്നതും ജപ്പാൻ, ബർമ്മ കീഴടക്കിയതിനെ തുടർന്നും മറ്റും ഉണ്ടാവുന്ന പട്ടിണിക്കാലവും ചെറുപ്പക്കാർ പട്ടാളത്തിൽ ചേരാൻ ഒഴുകുന്നതും ആലപ്പുഴയിലെ കമ്യൂണിസ്റ്റ് വ്യാപനവും തുടങ്ങി ദേശത്തിന്റെ കഥ തന്നെയായി മാറുന്നുണ്ട് ഈ ഭാഗം. കുടുംബ പ്രാരാബ്ധങ്ങളെ തുടർന്ന് അതേ വഴികളിൽ കഥാനായകനെയും നാം കണ്ടെത്തുന്നു.
സിനിമയിൽ എത്തിയതിനു ശേഷമുള്ള സത്യന്റെ കഥ, പറഞ്ഞുപതിഞ്ഞ കഥകളിലൂടെ തന്നെയാണ് നോവലിലും മുന്നോട്ടു പോകുന്നത്. പഴയ കർക്കശക്കാരനും ഉരുക്കു മുഷ്ടിക്കാരനും ആയ സബ് ഇൻസ്പെക്റ്റർ എന്ന നിലയിൽ താൻ തല്ലി ചതച്ചവരെ, (അതിൽ വലിയൊരു പങ്ക് കമ്യൂണിസ്റ്റുകാരോ അങ്ങനെ കുറ്റം ചാർത്തപ്പെട്ടവരോ ആയിരുന്നു) പലയിടത്തും തൊഴിലിലും കണ്ടുമുട്ടുന്ന, അതിന്റെ കുറ്റബോധം പേറേണ്ടി വരുന്ന വ്യക്തിത്വം. എന്തും ആരോടും വെട്ടിത്തുറന്നു പറയുന്ന തന്റേടി. രോഗാവസ്ഥ അംഗീകരിക്കാൻ കൂട്ടാക്കാതെ, ഡ്യൂപ്പ് ഉപയോഗിക്കാം എന്ന എല്ലാവരുടെയും നിർദ്ദേശത്തെ തള്ളിക്കളയുന്നവൻ, അപമര്യാദ കാണിക്കുന്നവരെ നിർഭയം നേരിടുന്നവൻ, നടിമാർക്കെതിരെ നടക്കുന്ന നെറികേടുകളെ സിനിമക്കാരായാലും പുറത്തുള്ളവരായാലും കൈകാര്യം ചെയ്യുന്നവൻ, പണം കൊടുത്തും പി ആർ വർക്കിലൂടെയും ഉദാരനെന്ന ഇമേജ് ഉണ്ടാക്കുന്ന 'മേത്ത ചെറുക്കനിൽ' നിന്ന് വ്യത്യസ്തമായി ഗതിമുട്ടിയ സഹപ്രവർത്തകരുടെ കാര്യങ്ങളിൽ സധൈര്യം ഇടപെടുന്നവൻ, അതിന് കുഞ്ചാക്കോയെ പോലുള്ള മുടിചൂടാ മന്നന്മാരെ പോലും ചോദ്യം ചെയ്യുന്നവൻ ... അങ്ങനെ പറഞ്ഞു പതിഞ്ഞ ഇമേജിന്റെ സുരക്ഷിത വഴിയിൽ തന്നെയാണ് പാത്രസൃഷ്ടി. സങ്കടങ്ങൾ പലവിധത്തിൽ വേട്ടയാടുമ്പോൾ (അതിലേറ്റവും വലുത് മക്കളുടെ കാഴ്ച്ചാപ്രശ്നം തന്നെ) അതൊക്കെയും താൻ ചെയ്ത പാപങ്ങളുടെ ശിക്ഷയാണ് എന്ന് ചിന്തിച്ചുപോകുന്ന നല്ലൊരു കുടുംബ നാഥനെ കൂടി നോവൽ വരച്ചുവെക്കുന്നുണ്ട്. പണ്ട് ഒരു രാത്രി മുഴുവൻ താന്‍ ലോക്കപ്പിലിട്ടു തല്ലി ചതച്ച മെലിഞ്ഞുണങ്ങിയ മനുഷ്യനാണ് തനിക്ക് രക്തം തന്നത് എന്ന അറിവിന്റെ ആത്മ നിന്ദയിൽ നീറുന്ന വ്യക്തിത്വമായി നോവലന്ത്യത്തോട് അടുപ്പിച്ച് കഥാനായകനെ കാണാം.
സിനിമ ലോകത്തും സാഹിത്യ - നാടക ലോകത്തും സംഭവിക്കുന്ന ഓരോ തുടിപ്പുകളും സസൂക്ഷ്മം നിരീക്ഷിക്കുന്ന, അഭിനയ കലയെ നിരന്തരം പുതുക്കുന്ന പ്രതിഭ, മികച്ച വായനക്കാരൻ, നല്ല പാട്ടുകാരൻ എന്നൊക്കെ തന്റെ നായകനു ബഹുമുഖ വ്യക്തിത്വം നല്‍കുന്നുണ്ട് നോവലിസ്റ്റ്. നാടകങ്ങളിൽ അദ്ദേഹം ഇത്രയൊക്കെ പ്രവർത്തിച്ചിട്ടുണ്ട് എന്നത് എന്നെ സംബന്ധിച്ച് പുതിയ അറിവായിരുന്നു.
പോപ്പുലർ ധാരണകൾക്കപ്പുറം പോകുന്ന ആഴത്തിലുള്ള നിരീക്ഷണങ്ങൾ പ്രതീക്ഷിച്ചു ഈ ബൃഹദ് നോവൽ വായിക്കാനെടുക്കുന്നവർ നിരാശരാശയേക്കും. എന്നാലും മലയാള സിനിമയുടെ സുവർണ്ണ കാലത്തിന്റെ സാമാന്യമായ ഒരു പരിച്ഛേദം നോവൽ നൽകുന്നുണ്ട്.
പഴയ തലമുറയിൽ പെട്ട സിനിമാപ്രേമികൾ കൂടിയായ വായനക്കാർക്ക് ഗൃഹാതുരമായ ഒരു വായനാ സദ്യതന്നെയാണ് നോവൽ. തിരശ്ശീലയിലും പിറകിലുമായി അതിൽ കടന്നുവരാത്ത പോയകാല നക്ഷത്രങ്ങൾ അപൂർവ്വം തന്നെ.