Featured Post

Showing posts with label Tunisian Literature. Show all posts
Showing posts with label Tunisian Literature. Show all posts

Friday, January 24, 2025

The Italian by Shukri al-Mabkhout/ Miled Faiza & Karen McNeil

 വസന്തം വരുംമുമ്പേ



(ടുണീഷ്യന്‍ നോവലിസ്റ്റ് ഷുക്റി മബ്കൂത് രചിച്ച The Italian, അറബ് സാഹിത്യത്തിനുള്ള  അന്താരാഷ്ട്ര പുരസ്കാരം നേടിയ നോവലാണ്‌. വ്യക്തിജീവിതത്തിലെ ട്രോമകളും ദേശചരിത്രത്തിലെ വൈരുധ്യങ്ങളും സാമൂഹ്യ പരിണാമങ്ങളുടെ ട്രാജെക്റ്ററിയില്‍ ഒരുമിപ്പിക്കുന്നതിലൂടെ അറബ് വസന്തം അനിവാര്യമാക്കിയ സാമൂഹ്യജീവിത പരിസരങ്ങള്‍ നോവല്‍ പരിശോധിക്കുന്നു.)

എന്നെ സംബന്ധിച്ച് നോവലെന്നത് ആദ്യനോട്ടത്തില്‍ സ്ഥിരതയാര്‍ന്നതെന്നു തോന്നിക്കുന്ന സമൂഹത്തിന്റെ അസ്ഥിരതകളിലേക്ക് നോക്കാനുള്ള ഒരുമാര്‍ഗ്ഗമാണ്. പുസ്തകത്തില്‍ വിവരിക്കപ്പെടുന്ന കാലുഷ്യങ്ങള്‍ എന്റെസ്വന്തം കാലുഷ്യങ്ങളല്ല. അത് ഒരു ഭരണത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പരിണമിക്കുന്ന ഒരു സമൂഹത്തിന്റെ കാലുഷ്യങ്ങളാണ്.” – ഷുക്റി മബ്കൂത്. (എലെയ്ന്‍ മാര്‍ഗോലിന്‍ ഉദ്ധരിക്കുന്നത്)*1

ടുണീഷ്യയുടെ തലസ്ഥാന നഗരിയായ ടൂനിസില്‍ 1962ല്‍ ജനിച്ച ഷുക്റി മബ്കൂത്, മനൂബ യൂനിവേഴ്സിറ്റിയില്‍ നിന്നു സാഹിത്യത്തില്‍ ഡോക്റ്ററേറ്റ് നേടുകയും ഒട്ടേറെ മാഗസിനുകളില്‍ എഡിറ്റോറിയല്‍ അംഗമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ടുണീഷ്യന്‍ യൂനിവേഴ്സിറ്റിയില്‍ പ്രൊഫസറായ അദ്ദേഹം ഒട്ടേറെ സാഹിത്യവിമര്‍ശന ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. മബ്കൂതിന്റെ ആദ്യ നോവലാണ്‌ വിഖ്യാതമായ അറബ് ബുക്കര്‍ (IPAF) പുരസ്‌കാരം നേടിയ The Italian.

അറബ് വസന്തത്തിനും പതിറ്റാണ്ടിനിപ്പുറവും ജനാധിപത്യത്തിന്റെ വെളിച്ചം മങ്ങിയാണെങ്കിലും നിലനില്‍ക്കുന്ന അറബ് ദേശം എന്ന ഖ്യാതിയുണ്ട് ടുണീഷ്യക്ക്. മെഡിറ്ററേനിയന്‍ പ്രദേശത്തിന്റെ മധ്യത്തില്‍ സ്ഥിതിചെയ്യുന്ന ഇടമെന്ന നിലയില്‍ “ഭൂമിശാസ്ത്രവും കാലവും ചേരുമ്പോള്‍ വിധിയുടെ സമവാക്യം തീര്‍ക്കുന്നു”വെന്ന ജോസഫ് ബ്രോഡ്സ്കി നിരീക്ഷിച്ച ഇടം (ജോണ്‍ ഡോമിനി ഉദ്ധരിക്കുന്നത്)*2. ആധുനിക ടുണീഷ്യ സ്ഥാപിതമാകുന്നത് 1956ല്‍, വര്‍ദ്ധിച്ചുവന്ന കൊളോണിയല്‍വിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെ പാരമ്യത്തില്‍ ഫ്രഞ്ച്ഭരണം അവസാനിച്ചതോടെയാണ്. പോരാട്ടത്തിനു നേതൃത്വംനല്‍കിയ ഹബീബ് ബൂര്‍ഗിബ ഒരു സര്‍വ്വാധിപത്യക്രമം തുടങ്ങിവെക്കുന്നതാണ് പിന്നീടു കണ്ടത്. അതവസാനിക്കുന്നത് 1987ലെ അട്ടിമറിയോടെയാണ്. തുടര്‍ന്നുവന്ന ബെന്‍ അലി ഭരണവും ഏകാധിപത്യവഴിയില്‍ തന്നെയാണ് മുന്നോട്ടുപോയത്. 2011ലെ അറബ് വസന്തത്തോടെയാണ് ബെന്‍ അലി ഭരണം അവസാനിച്ചതും പതിയെയെങ്കിലും ജനാധിപത്യപ്രക്രിയ ആരംഭിച്ചതും.

വൈരുദ്ധ്യങ്ങളുടെ നാളുകള്‍

1987 ഒക്റ്റോബറിലെ രക്തരഹിതവിപ്ലവത്തിന്റെ പശ്ചാത്തലത്തിലാണ് നോവലിന്റെ ഇതിവൃത്തം വികസിക്കുന്നത്. പ്രസിഡണ്ട്‌ ഹബീബ് ബൂര്‍ഗിബയെ അട്ടിമറിച്ചു സൈനുല്‍ ആബിദീന്‍ ബെന്‍ അലിയുടെ ഉദാര ഏകാധിപത്യ (benevolent dictatorship) ഭരണത്തിനു തുടക്കം കുറിച്ച പ്രസ്തുതഘട്ടം 2011ലെ വിപ്ലവംവരെ തുടര്‍ന്നു. ചരിത്രപരമായി ബെന്‍ അലി കാലഘട്ടത്തില്‍ ഒരു സാന്ദര്‍ഭികകേന്ദ്രീകരണമുണ്ടെങ്കിലും അതിനപ്പുറം ഭൂതകാലത്തിലേക്കും ഭാവിയിലേക്കും വേരുകള്‍ പടര്‍ത്തുന്ന ദേശപരിണാമങ്ങളെ നിരീക്ഷണവിധേയമാക്കുന്നു എന്നതാണ് നോവലിന്റെ പ്രസക്തി. ഭരണകൂട നേതൃമാറ്റം ആദ്യം ഉന്മാദകരമായി അനുഭവപ്പെടുന്ന കേന്ദ്രകഥാപാത്രങ്ങള്‍ അതിവേഗം മടുപ്പില്‍നിന്നു മടുപ്പിലേക്കു കൂപ്പുകുത്തുന്നത്, ദേശാനുഭവത്തില്‍ സംഭവിക്കുന്ന നൈരാശ്യത്തിന്റെതന്നെ പ്രതിഫലനമാണ്. എമ്പത്തിയേഴിനുമുമ്പ് ടുണീഷ്യപോലെ ഒരു അന്താരാഷ്‌ട്ര കേന്ദ്രത്തിനു യോജിച്ചവിധം അനാവശ്യ ഇടപെടലുകളില്‍നിന്നു വിട്ടുനിന്ന ബൂര്‍ഗിബയുടെ സമീപനമായിരുന്നു ദേശത്തിന്റെ പ്രകൃതം നിര്‍ണ്ണയിച്ചത്. വഹാബിസം പിടിമുറുക്കിയിരുന്നില്ല. യൂറോപ്യന്‍ സ്വാധീനം പ്രകടമായിരുന്ന നഗരത്തില്‍ സ്ത്രീകള്‍ സ്വതന്ത്രരായിരുന്നു. ഈ പശ്ചാത്തലത്തില്‍, നോവല്‍ മുന്നോട്ടുവെക്കുന്നത് കൂടുതല്‍ വലിയൊരു വിമോചനത്വരയുടെ ആവിഷ്കാരമാണ്: അത് ജെന്റര്‍ വിഭജനം പോലുള്ള മതിലുകള്‍ നിഷേധിക്കുന്നു, ക്യാമ്പസുകളില്‍ ജേണലിസത്തിലും, അക്കാദമിക് മേഖലകളിലും ഇടതുപക്ഷ പ്രവര്‍ത്തകരും ലിബറലുകളും ഇടംതേടുന്നു.

മികച്ച കുടുംബപശ്ചാത്തലവും ധൈഷണിക നിലവാരവുമുള്ള അബ്ദെല്‍ നാസര്‍ എന്ന മുഖ്യകഥാപാത്രത്തിനു ‘ഇറ്റാലിയന്‍’ (“el-Tayani”, the Italian) എന്ന പേരുകിട്ടുന്നത് അയാളുടെ സുന്ദരാകാരം കാരണമാണ്. അവന്‍ ജനിച്ച സമയത്ത് ലഭ്യമായിരുന്ന ഏക ടിവി ചാനല്‍ ഇറ്റാലിയന്‍ ആയിരുന്നതുകൊണ്ട് ഉമ്മ ഹജ്ജ സൈനബിന്റെ ആഗ്രഹം ഇറ്റാലിയന്‍ ചലച്ചിത്രതാരങ്ങളുടെ സൗന്ദര്യത്തില്‍ ഉടക്കിനിന്നതാവാം എന്ന സുഹൃത്തിന്റെ ഫലിതം, അതിനപ്പുറം, അക്കാലത്തെ നാട്ടിലെ സാംസ്കാരിക സ്വാധീനങ്ങളെ കുറിച്ചുകൂടി സൂചന നല്‍കുന്നുണ്ട്. തികച്ചും നാടകീയമായ ഒരു സംഭവത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. 1990ലെ വേനല്‍ക്കാലത്ത്, പിതാവിന്റെ അടക്കസമയത്ത്, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, ചടങ്ങുകള്‍ നിര്‍വ്വഹിക്കുന്ന ഇമാമിനെ അബ്ദല്‍ നാസര്‍ അയാള്‍ക്കു മാത്രം തീര്‍ച്ചയുള്ള കാരണങ്ങളാല്‍ കഠിനമായി പ്രഹരിക്കുന്നു. താന്‍ പ്രാര്‍ഥിക്കാറില്ല എന്ന അയാളുടെ വിശ്വാസനിഷേധപ്രസ്താവവും ഞെട്ടിക്കുന്നതു തന്നെ. നാസറിന്റെ സഹോദരി ജവീദയുടെ അഭിപ്രായത്തില്‍ അവന്‍ വായിക്കുന്ന ചീത്ത പുസ്തകങ്ങളാണ് പ്രതിയെങ്കില്‍, ഉമ്മയെ സംബന്ധിച്ച് അവന്റെ സഹപാഠികളാണ് പ്രശ്നം. കുടുംബസുഹൃത്ത് ലല്ല ജനൈന മാത്രം മറിച്ചൊരു നിലപാടെടുക്കും: “അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും അതും അതില്‍ക്കൂടുതലും ചെയ്തേനെ!”. ഒരര്‍ഥത്തില്‍ ഈ ദുരൂഹ ചെയ്തിയുടെയും ഐക്യദാര്‍ഡ്യപ്രഖ്യാപനത്തിന്റെയും പിന്നാമ്പുറ ആവിഷ്കാരമാണ് നോവല്‍ എന്നുപറയാം. പക്ഷെ അത് വളരെ പരിമിതപ്പെടുത്തിയ ഒരു വായനയായിരിക്കും എന്നുമാത്രം.

ഉമ്മയുടെ നിര്‍ദ്ദേശപ്രകാരം നാസറിനോട് സംസാരിക്കുന്ന, പന്ത്രണ്ടു വയസ്സിന്റെ മൂപ്പുള്ള ജ്യേഷ്ഠ സഹോദരന്‍ സലാഹുദ്ദീനോട് താനൊരു പരാജയമാണ് എന്ന ആത്മപരിദേവനമാണ് നാസര്‍ നടത്തുക. കമ്പോള സാമ്പത്തികക്രമത്തില്‍ വിശ്വസിക്കുന്ന സലാഹുദ്ദീന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ സ്ഥിരതാമസമാണ്. മാര്‍ക്സിസ്റ്റായ സഹോദരന്റെ പരാജയബോധവും അടുത്തിടെ അവന്‍ ഭാര്യ സൈനയുമായി വിവാഹമോചനം നടത്തിയതുമെല്ലാം അയാള്‍ക്ക് ദുരൂഹമായി അനുഭവപ്പെടുന്നു. ഇവിടം തൊട്ടാണ് നാസറിന്റെ ബാല്യകാലസുഹൃത്തായ ആഖ്യാതാവ് റിബല്‍ സ്വഭാവം അടയാളപ്പെടുത്തുന്ന ആ കൗമാരകാലത്തിന്റെ കഥയില്‍ തുടങ്ങി വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതാവും അറിയപ്പെടുന്ന ജേണലിസ്റ്റും ആയിത്തീരുന്ന ഭൂതകാലം ആവിഷ്കരിക്കുന്നത്. സുഹൃത്തും സന്തതസാഹചാരിയുമെന്ന നിലയില്‍ ചിലപ്പോഴൊക്കെ ഇണങ്ങിയും ചിലപ്പോഴൊക്കെ പിണങ്ങിയും ഇനിയും ചില ഘട്ടങ്ങളില്‍ അസൂയപ്പെട്ടും ഇടപഴകിയവരായിരുന്നു ഇരുവരും എന്നു സൂചനകളുണ്ടെങ്കിലും ഇതിവൃത്തത്തില്‍ എന്തെങ്കിലും കര്‍തൃത്വം ആഖ്യാതാവിനില്ല.

സ്വതന്ത്ര സ്ത്രീയുടെ കടമ്പകള്‍

ടുണീഷ്യയില്‍ വമ്പന്‍ പരിണാമങ്ങള്‍ സംഭവിക്കുന്ന സംഘര്‍ഷ കാലങ്ങളായിരുന്നു എമ്പതുകളും തൊണ്ണൂറുകളും. ഭരണകൂട അടിച്ചമര്‍ത്തല്‍ നേരിട്ടും ഇസ്ലാമിസത്തിന്റെ വളര്‍ച്ച ഒരു വശത്ത്‌, ക്യാമ്പസുകളിലും യുവജനങ്ങളിലും സ്വാധീനം വളര്‍ത്തിയ ഇടതുപക്ഷ രാഷ്ട്രീയം മറുവശത്ത്, ആദ്യത്തേതിനോട് ശത്രുതാപരമായി തെളിഞ്ഞും രണ്ടാമത്തെതിനോട് ജനാധിപത്യനാട്യങ്ങളോടെയും പ്രതികരിച്ച ബെന്‍ അലി ഭരണം ഇവക്കിടയില്‍. ഈ സമവാക്യത്തിലാണ് അബ്ദല്‍ നാസര്‍ - സൈന – നജ് ല ത്രയങ്ങളുടെ ബന്ധങ്ങളും സംഘര്‍ഷങ്ങളും വേര്‍പാടുകളും അരങ്ങേറുന്നത്. ഇടതുപക്ഷ വിദ്യാര്‍ഥി പ്രവര്‍ത്തക എന്ന നിലയിലാണ് സൈന ആദ്യം നാസറിനെ ആകര്‍ഷിക്കുക. തനിക്കു പ്രണയിക്കാനുള്ള കഴിവുണ്ടോ എന്ന് സ്വയം സന്ദേഹിക്കുന്ന സൈനയുടെ ദുരൂഹമെന്നു തോന്നിക്കുന്ന വ്യക്തിത്വത്തിനുപിന്നില്‍ കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന ബലാല്‍ക്കാരം പോലുള്ള ട്രോമകളുണ്ട് എന്ന് പതിയെ വ്യക്തമാകുന്നുണ്ട്. എന്നാല്‍ തന്നെക്കാള്‍ ആത്മവീരമുള്ളവളാണ് സൈന എന്ന് നാസര്‍ കണ്ടെത്തുന്നു: ഒരുതരം ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങാത്തവള്‍. സ്റ്റാലിന്‍ ഉള്‍പ്പടെ ഇടതു ബിംബങ്ങളെയെല്ലാം നിശിതമായി വിചാരണ ചെയ്യുന്നവള്‍. അപാരമായ ധൈഷണിക നിലവാരമുള്ളവള്‍. ഇതിന്റെയെല്ലാം ഫലമായി ലെഫ്റ്റ് ഗ്രൂപ്പിന്റെ ഉന്മൂലനഭീഷണിയുടെ നിഴലില്‍ വരുന്നവള്‍. എന്നാല്‍, ഉന്മൂലന ചുമതല ഏല്‍പ്പിക്കപ്പെടുന്ന നാസര്‍ അതിനുപകരം അവളുമായി പ്രണയബന്ധത്തില്‍ അകപ്പെടുകയാണ് ചെയ്യുക. പക്ഷെ, സാമ്പ്രദായികവിവാഹം പോലെ ഒന്നിലും തല്‍പ്പരയല്ല യഥാര്‍ഥത്തില്‍ സൈന. തന്നെയല്ല, അവളുടെ മുന്‍ഗണനകള്‍ തന്നെ അക്കാദമികമാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ അധ്യാപകവൃത്തി നിഷേധിക്കപ്പെടുന്ന സൈന മാസ്റ്റേഴ്സ് പഠനം തുടരുന്നു. രാഷ്ട്രീയ സാഹചര്യങ്ങള്‍ സിവില്‍ സര്‍വ്വീസ് നിയമനങ്ങള്‍ നിലക്കുന്നത് പ്രതികൂലമായിത്തീരുന്നതിനെ തുടര്‍ന്ന് ഒരു സര്‍ക്കാര്‍ പത്രത്തില്‍ പ്രൂഫ്‌ റീഡര്‍ ജോലിയില്‍ പ്രവേശിക്കുന്ന നാസര്‍, അതിവേഗം അറിയപ്പെടുന്ന ജേണലിസ്റ്റായിത്തീരുന്നു. ഈ ഘട്ടത്തിലാണ്, എഴുതപ്പെടുന്ന ഓരോ വാക്കും സെന്‍സര്‍ഷിപ്പിനു വിധേയമാകുന്ന നാട്ടില്‍ ഒത്തുതീര്‍പ്പുകളുടെ മടുപ്പിക്കുന്ന പാഠങ്ങള്‍ അയാള്‍ പഠിച്ചുതുടങ്ങുക. തീപ്പൊരി നായകനായി അയാള്‍ ഉറ്റുനോക്കിയിരുന്ന സീനിയര്‍ സി അഹ്മദ് അയാളെ ഓര്‍മ്മിപ്പിക്കുന്നു: ടുണീഷ്യയില്‍ സത്യസന്ധമായ മാധ്യമപ്രവര്‍ത്തനമില്ല; അയാളുടെ സഹപ്രവര്‍ത്തകരെല്ലാം വെറും ഞാണിന്മേല്‍ കളിക്കാരാണ്. “ടുണീഷ്യയില്‍ സത്യത്തിന്റെ ഒരൊറ്റ ഉറവിടം മാത്രമേ ഉള്ളൂ: സ്റ്റേറ്റ്. ഇക്കാലത്ത്, ആഭ്യന്തരവകുപ്പുതന്നെയാണ് സ്റ്റേറ്റ്.” അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു:

“സ്റ്റേറ്റ് തന്നെയാണ് മനുഷ്യകുലം സൃഷ്ടിക്കുകയും പിന്നെ വിശ്വസിക്കുകയും ചെയ്ത എക്കാലത്തെയും ഏറ്റവും വലിയ നുണ. സ്റ്റേറ്റ് എന്നാല്‍ ഞാനാണ്. നീയും. ഞാനവശ്യപ്പെടാതെത്തന്നെ ഓഫീസില്‍ വെച്ച് എനിക്ക് തന്റെ ഉടല്‍ കാഴ്ചവെക്കുന്ന സെക്രട്ടറിയും, കാരണം അവളുടെ കണ്ണില്‍ ഞാനാണ് സ്റ്റേറ്റിന്റെ പ്രതിനിധാനം.”

ബെന്‍ അലിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ലേഖനം തയ്യാറാക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അങ്കലാപ്പിലാകുന്ന ഇളംതലമുറക്കാരനെ അയാള്‍ ബോധ്യപ്പെടുത്തുന്നു: ബെന്‍ അലിയുടെ വാക്കുകള്‍ പുകമറ മാത്രമാണ്. ഇന്നവര്‍ ഇസ്ലാമിസ്റ്റുകളെ ഒതുക്കുന്ന തിരക്കിലാണ്. അതുകഴിയുമ്പോള്‍ അയാള്‍ തനിക്കറിയാവുന്ന കാര്യത്തിലേക്ക് നിര്‍ബ്ബാധം കടക്കും: അത് എതിര്‍ശബ്ദങ്ങളെ കൊന്നുടുക്കുക എന്നതായിരിക്കും. നോവലില്‍ അതുവരെ കണ്ട ആദര്‍ശധീരന്‍ ഒത്തുതീര്‍പ്പിന്റെ വഴിയിലേക്ക് പരുവപ്പെടുന്നത് ദേശയാഥാര്‍ത്ഥ്യത്തിന്റെ ആവിഷ്കാരമായാണ് മനസ്സിലാക്കേണ്ടത്. മദ്യവും നൈരാശ്യവും ബാധ്യതയേതുമില്ലാത്ത പെണ്‍കൂട്ടുകളും അയാളുടെ സന്തതസഹചാരികളായിത്തീരുന്നത് ഒട്ടും ദുരൂഹവുമല്ല. 

ഫിലോസഫിയില്‍ ഗവേഷണം നടത്തുന്ന സൈനയുടെ ‘ഉദാരമായ സൗന്ദര്യം അമൃതേത്തായി നാസറിനെ കീഴ്പ്പെടുത്തുന്നുവെങ്കിലും, ആ വിവാഹം മുന്നോട്ടു പോകാനുള്ളതല്ല എന്നു തുടക്കത്തിലേ വ്യക്തമാണ്. സൈനയുടെ സുഹൃത്ത് കൂടിയായ നജ് , ഉന്മാദകരമായ ഒരു അഗമ്യഗമന ഘട്ടമായാണ് സൈന – നാസര്‍ ജോഡികള്‍ക്കിടയില്‍ കടന്നുവരിക. എന്നാല്‍, സാമ്പ്രദായിക ത്രികോണ പ്രണയത്തിന്റെ ലൈംഗിക മത്സരങ്ങളോ തരംതാണ അസൂയയോ ഇവിടെ പ്രവര്‍ത്തിക്കുന്നില്ല എന്നതില്‍, ടുണീഷ്യന്‍ യാഥാസ്ഥിതികതക്ക് അപ്പുറമുള്ള യൂറോ-അമേരിക്കന്‍ സ്വാധീനങ്ങള്‍ കാണാം. അക്കാദമിക അന്വേഷണങ്ങളില്‍ സ്വയം നഷ്ടപ്പെടുന്ന സൈന വിട്ടുവെക്കുന്ന വിടവുകൂടിയാണ് നജ് ലയുടെ സാന്നിധ്യത്തെ കൂടുതല്‍ പ്രസക്തമാക്കുന്നതും. നാസറിനെ സംബന്ധിച്ച് സൈനയിലോ നജ് ലയിലോ അയാളുടെ ജീവിതത്തിലെ സ്ത്രീസാന്നിധ്യങ്ങള്‍ ഒതുങ്ങുന്നുമില്ല. സൈന വിട്ടുപോകുന്ന ഘട്ടത്തിലും വിവാഹമെന്ന കെട്ടുപാടിലേക്ക് നീങ്ങാന്‍ തയ്യാറില്ലാത്ത നജ് , ഏറെ തുറന്നെതെന്നു കരുതപ്പെടുന്ന ടുണീഷ്യന്‍ സ്ത്രീജീവിതത്തിന്റെ യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നുണ്ട്: “ടുണീഷ്യയില്‍ ഒരു സ്ത്രീയുടെ സ്വാതന്ത്ര്യമെന്നത് തന്റെ യജമാനനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തില്‍ പരിമിതമാണ്; അത് തന്റെ ജീവിതം തെരഞ്ഞെടുക്കാന്‍ അവളെ അനുവദിക്കുന്നില്ല.” സാംസ്കാരിക, രാഷ്ട്രീയമണ്ഡലങ്ങളിലെ കെട്ടുപാടുകള്‍പോലെ, സ്ത്രീയുടെ സാമൂഹികപദവിയുടെ കാര്യത്തിലും കുരുക്കുകള്‍ ഏറെയാണ്‌ ഇവിടെ. യാഥാസ്ഥിതിക ഇസ്ലാമിന്റെയും യൂറോ-അമേരിക്കന്‍ മുതലാളിത്തത്തിന്റെയും കെട്ടുപാടുകള്‍ ഒരേസമയം അതിനെ നിയന്ത്രിക്കുന്നു. സമൂഹത്തിലെ ഉന്നതങ്ങളില്‍ വിഹരിക്കുന്ന അഭിസാരികയെന്ന നിലയിലേക്കുള്ള നജ് ലയുടെ പരിണാമം നോവലന്ത്യം സൂചിപ്പിക്കുന്നുണ്ട്. ടുണീഷ്യയിലെ അക്കാദമിക ശ്രമങ്ങള്‍ മടുത്തു ഉപേക്ഷിച്ചുപോകാന്‍ സൈനയെ നിര്‍ബന്ധിതയാക്കുന്നതും സ്ത്രീയുടെ സാമൂഹികബന്ധങ്ങളിലെ ഈ കാപട്യം തന്നെയാണ് എന്നതും ഇതോടു ചേര്‍ത്തുവെക്കാം: അനിതരസാധാരണമായ ധൈഷണിക വൈഭവം വിളിച്ചോതുന്ന തീസിസ് പൂര്‍ത്തിയാക്കിയെങ്കിലും ഒടുവില്‍ മദിപ്പിക്കുന്ന സൗന്ദര്യമുള്ള വെറുമൊരു പെണ്ണാണ് ഗൈഡിനെ സംബന്ധിച്ച് അവള്‍. ഇംഗിതത്തിനു വഴങ്ങാന്‍ തയാറില്ലാത്തവള്‍ ഏറ്റവും കുറഞ്ഞ ഗ്രേഡില്‍ ഒതുക്കപ്പെടുന്നത് അതുകൊണ്ടാണ്. അനുഭാവമുള്ള ഇതര ഫാക്കല്‍റ്റി അംഗങ്ങളും സീനിയര്‍ പ്രൊഫസര്‍മാരും നിസ്സഹായരായിപ്പോകും വിധം സൈനയിലെ വിപ്ലവകാരി പൊട്ടിത്തെറിക്കുന്നതോടെ അവള്‍ക്കുമുന്നില്‍ വേറെ വഴിയില്ലാതാകുന്നു. പാരീസിലേക്കു കുടിയേറി തന്റെ അക്കാദമിക അന്വേഷണം തുടരുന്ന സൈന, തന്നെക്കാള്‍ ഒരു തലമുറയുടെ തന്നെ പ്രായക്കൂടുതലുള്ള പ്രൊഫസറുടെ പങ്കാളിയാകുന്നത്, അവളുടെ മുന്‍ഗണനകളുടെ തുടര്‍ച്ച തന്നെയാണ്.

ട്രോമകളും മനോവിജ്ഞാനീയ തലങ്ങളും

ടുണീഷ്യന്‍ സമൂഹം സ്വാതന്ത്ര്യബോധമുള്ള സ്ത്രീക്ക് കരുതിവെക്കുന്നതെന്ത്‌ എന്ന് സൈനയിലൂടെയും നജ് ലയിലൂടെയും അന്വേഷിക്കപ്പെടുമ്പോള്‍, പുരുഷനും തിക്തമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട്‌ എന്ന് നോവല്‍ അടിവരയിടുന്നുണ്ട്. നോവലിന്റെ സിംഹഭാഗവും പിന്തുടരുന്ന ‘ഇറ്റാലിയ’ന്റെ കഥ ഒരുവേള ഒരു ‘മുതിര്‍ന്നുവരവിന്റെ കഥ (bildungsroman) ചട്ടക്കൂടുതന്നെ നോവലിനു നല്‍കുന്നുണ്ട് എന്നുപറയാം – അതല്ല നോവലിന്റെ ലക്ഷ്യമെന്ന് ഘടനയുടെ സൂക്ഷ്മ അവലോകനം വ്യക്തമാക്കുന്നുണ്ടെങ്കിലും. നോവലിന്റെ തുടക്കത്തില്‍ ഒരധ്യായം കൗമാരക്കാരനെ ലൈംഗികതയുടെ ആദ്യാനുഭവങ്ങളിലേക്ക് നയിക്കുന്ന ലല്ല ജനൈന എന്ന മുതിര്‍ന്ന കുടുംബസുഹൃത്തിന്റെ ഇടപെടല്‍ വിവരിക്കുന്നുണ്ട്. ഇമാം ഷെയ്ഖ് അല്ലാലയുടെ അസംതൃപ്തയായ ഭാര്യ. എന്തുകൊണ്ട് ലല്ല ജനൈന ആ വിധത്തിലൊക്കെ പെരുമാറുന്നു, ഇമാം അല്ലാലയെ അവള്‍ എന്തുകൊണ്ട് നീചമായി കൈകാര്യം ചെയ്യുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള മറുപടി, തുടക്കത്തിലെ കയ്യേറ്റത്തിന്റെ കാരണം വ്യക്തമാകുന്ന നോവലന്ത്യത്തിലാണ് ലഭിക്കുക. ഭാര്യക്കു മുന്നില്‍പ്പോലും തോറ്റുപോകുന്ന തരത്തിലുള്ള ശേഷിയില്ലായ്മ ഒരു പീഡോഫിലിനെ സൃഷ്ടിക്കുന്നതും മതപണ്ഡിതന്റെ വേഷത്തിനുള്ളില്‍ ഒളിപ്പിച്ച പീഡകന്റെ കേയ്യേറ്റത്തില്‍ നിന്നും നേരിടുന്ന അനുഭവത്തിന്റെ കൈപ്പ് കുട്ടിക്കാലം മുതല്‍ ഉള്ളില്‍ തിളച്ചുമറിഞ്ഞത് പൊട്ടിത്തെറിക്കുന്നതും ഒരുവേള സമൂഹശരീരത്തിലെ ദുഷ്ടുകളുടെ പൊട്ടിത്തെറി തന്നെയാണ്. ഇക്കാര്യത്തില്‍, സൈനയുടെ അനുഭവത്തിന്റെ സമാന്തരം തന്നെ കാണാനാവുന്നത് ആ ദുഷ്ടുകള്‍ക്ക് ലിംഗഭേദങ്ങളില്‍ പോലും പരിരക്ഷയില്ല എന്നുതന്നെയാണ് വ്യക്തമാക്കുന്നത്.

ശക്തമായ മനോവിജ്ഞാനീയ ഉള്‍ക്കാഴ്ച്ചയോടെയാണ് നോവലിസ്റ്റ് തന്റെ കേന്ദ്രകഥാപാത്രത്തിന്റെ കുട്ടിക്കാല ട്രോമയെ സമീപിക്കുന്നതും ഇതിവൃത്തത്തിന്റെ സ്തോഭജനകമായ തൊടുത്തുവിടലിനെ അതുമായി കണ്ണിചേര്‍ക്കുന്നതും. അറിയപ്പെടുന്ന ചലച്ചിത്രകാരന്റെ സൗഹൃദം ഉറപ്പിക്കാന്‍ സ്വയം സമര്‍പ്പിക്കുന്ന അഭിനയമോഹിയായ നവയുവതി, യാഥാസ്ഥിതികസമൂഹം നിഷ്കര്‍ഷിക്കുന്ന കന്യകാത്വസംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടുതന്നെ ലക്ഷ്യം നേടാന്‍ സ്വീകരിക്കുന്ന ഉപായമാണ് നാസറിന്റെ അമര്‍ത്തിവെച്ച, അറപ്പുളവാക്കുന്ന ഓര്‍മ്മയെ ഉണര്‍ത്തുന്നത്. തുടര്‍ന്ന് അനുഭവപ്പെടുന്ന ബലഹീനതയുടെ പൊള്ളലില്‍നിന്നാണ് അവസാന അധ്യായത്തിന്റെ വിഷയമായ വ്യക്തമാക്കല്‍ സംഭവിക്കുന്നതും. ഈ ഘടനാതന്ത്രം, കേവലം പരിണാമഗുപ്തിയുടെ ആവശ്യം മാത്രമല്ല എന്നതാണ് പ്രധാനം. ടുണീഷ്യന്‍ സമൂഹം നേരിട്ട രാഷ്ട്രീയ സാംസ്കാരിക സംഘര്‍ഷങ്ങളുടെ ആവിഷ്കാരം എന്നതിനാണ് ഇവിടെ പ്രാധാന്യം. സൈനയേയും നാസറിനെയും പോലുള്ളവരുടെ സ്വപ്‌നങ്ങള്‍ എങ്ങനെയാണ് അങ്ങേയറ്റം ദുഷിച്ചതും പുരുഷാധിപത്യപരവുമായ സമൂഹത്തില്‍ തകര്‍ന്നുപോകുന്നത് എന്ന ചോദ്യമാണ് നോവലിന്റെ ശ്രദ്ധാകേന്ദ്രം. മൂല്യങ്ങള്‍ വെറും നാട്യവും വ്യക്തികളുടെ വിമോചിത സ്വപ്നങ്ങളെ കൊഞ്ഞനം കുത്തുന്നതും ആയിത്തീരുന്നതിന്റെ അസഹനീയത കൂടിയാണ് നാസറിന്റെ ആ പ്രവചനാതീത പ്രതികരണം. ആദര്‍ശവാദികളായ യുവതയുടെ നൈരാശ്യങ്ങള്‍ മാറ്റങ്ങളുടെ അനിവാര്യതയിലേക്കുള്ള ചൂണ്ടുപലകയാണ് എന്നിരിക്കെ, അതൊരു വ്യക്തിയുടെ മുതിര്‍ന്നുവരവിന്റെ കഥയായി ചുരുങ്ങിപ്പോകരുത് എന്ന നിഷ്കര്‍ഷയാണ് ഇവിടെ പ്രകടമാകുന്നത്. നോവലന്ത്യത്തില്‍ സൈനയുടെ പ്രായം വെറും ഇരുപത്തിനാലു വയസ്സാണ് എന്ന് നോവലിസ്റ്റ് ക്ലിപ്തപ്പെടുത്തുന്നത്, നോവലിനെ ഒരു ‘യുവാക്കളുടെ കൃതി’ ആക്കി മാറ്റുന്നുണ്ട്. പ്രണയ സംഗമങ്ങളുടെ വിവരണങ്ങള്‍ ‘ഇറോടിക്’ തീക്ഷ്ണതയിലേക്ക് വീണുപോകാതെ ആവിഷ്കരിക്കപ്പെടുന്നുണ്ടെങ്കിലും, തീവ്രവൈകാരികവും കാല്പ്പനികവുമായ ഭാഷ പ്രയോഗിക്കപ്പെടുന്നത്തിന്റെ വിശദീകരണവും നോവലിന്റെ സഹജമായ ഈ പ്രകൃതം തന്നെയാണ്. ജോണ്‍ ഡോമിനി ചൂണ്ടിക്കാട്ടുന്നതുപോലെ, മെഡിറ്ററേനിയനിലോ ലോകത്തെവിടെയോ ആയാലും “കുട്ടികള്‍ ചതിക്കപ്പെടുന്നതുപോലെ വേദനിപ്പിക്കുന്ന അധികം കാര്യങ്ങളില്ല”. (John Domini. ‘Shukri Mabkhout’s The Italian’, The Brooklyn Rail, October, 2021). ആ അര്‍ത്ഥത്തില്‍ നോവല്‍, അറബ് വസന്തം ഉന്നയിച്ച രാഷ്ട്രീയ സാംസ്കാരിക മുന്നേറ്റത്തിന്റെ ആവശ്യകതയെയാണ് ഉറ്റുനോക്കുന്നത് എന്നുപറയാം. നോവലിന്റെ പാഠത്തിലും പാത്രസൃഷ്ടികളിലും, നോവലിസ്റ്റ് നിഷേധിച്ചിട്ടുണ്ടെങ്കിലും, സാന്ദര്‍ഭികമായെങ്കിലും സ്റ്റേറ്റിന് അഹിതകരമായ എന്തിനെയും സെന്‍സര്‍ ചെയ്യുന്ന ഒരു നാട്ടില്‍ ജീവിക്കേണ്ടി വരുന്ന ബുദ്ധിജീവിയുടെ വീര്‍പ്പുമുട്ടല്‍ സംബന്ധിച്ച ആത്മകഥാപരമായ അനുരണനങ്ങള്‍ ഉണ്ട് എന്ന നിരീക്ഷണവും ഇതോടു ചേര്‍ത്തുവെക്കാം (Elaine Margolin). കാരെന്‍ മക്നീലും മിലെദ് ഫായിസയും ചേര്‍ന്ന് നടത്തിയ ഇംഗ്ലീഷ് വിവര്‍ത്തനം കണിശമാണ് എന്നു നിരൂപകമതം. അത് ‘എല്ലാതരം സങ്കീര്‍ണ്ണതകള്‍ക്കും സമാനപ്രയോഗങ്ങള്‍ കണ്ടെത്തുന്നു, അത് അടുക്കളയിലായാലും, ഗവണ്മെന്റ് ഹാളുകളില്‍ ആയാലും. (John Domini).

 

References:

1.            Elaine Margolin. Shukri Mabkhout’s “The Italian”: Characters Caught in a Sea Change’, Words Without Borders.

2.            John Domini. ‘Shukri Mabkhout’s The Italian’, The Brooklyn Rail, October, 2021

 

 

Saturday, June 29, 2024

Nisa al-basatin - ടുണീഷ്യയിലെ പെണ്ണുങ്ങൾ by Habib Selmi

ടുണീഷ്യന്‍ പെണ്ണുങ്ങൾ പറയുന്നത് 



ടുണീഷ്യയിലെ ഖൈറുവാന്‍ നഗരത്തിനടുത്ത അല്‍ ആലയില്‍ 1951ല്‍ ജനിച്ച ഹബീബ് സാലിമി1981 മുതല്‍ ഫ്രാന്‍സില്‍ ആണ് കഴിയുന്നതെങ്കിലും അറബ് ഭാഷയില്‍ ആണ് അദ്ദേഹം എഴുതുന്നത്‌. ചെറുകഥകള്‍ എഴുതിത്തുടങ്ങിയ അദ്ദേഹം അവയില്‍ പലതും ടുണീഷ്യന്‍ റേഡിയോയില്‍ പ്രശസ്ത കവി അഹ്മദ് അല്‍ ലുഖ്മാനി അവതരിപ്പിച്ച “Literary Amateurs” എന്ന പരിപാടിയിലൂടെ അവതരിപ്പിച്ചു. പ്രോഗ്രാമില്‍ മികച്ചവക്ക് മാസാവസാനം നല്‍കപ്പെട്ട പുരസ്കാരത്തിനും തുടര്‍ന്ന് റേഡിയോ മാഗസിനില്‍ പ്രസാധനത്തിനും അവയില്‍ പലതും തെരഞ്ഞെടുക്കപ്പെട്ടു. Jabal al-'Anz (Goat Mountain), 1988 ആയിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ നോവല്‍. ഇതിനോടകം ഒമ്പതു നോവലുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സാലിമിയുടെ Rawaïh Marie-Claire (The Scents of Marie-Claire), 2008, Nisāʾ al-basatīn (The Women of al-Basatin), 2011, Al-ishtīāq ilā al-jāra (Longing for the Woman Next Door), 2020 എന്നിങ്ങനെ മൂന്നു കൃതികള്‍ വിഖ്യാതമായ അറബ് ബുക്കര്‍ പുരസ്കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അപൂര്‍വ്വ ബഹുമതി നേടുകയും ചെയ്തു. നിറയെ സംഭവങ്ങളും കഥാപാത്രങ്ങളുമുള്ള ഒരു കഥയോ പുരാണമോ അല്ല നോവല്‍ എന്നു വിശ്വസിച്ച സാലിമിയുടെ നോവലുകളുടെ പ്രകൃതംവളരെ കുറഞ്ഞ പശ്ചാത്തല വിവരണവും ചുരുക്കം കഥാപത്ങ്ങരളും എന്നതാണ് *(1). ഉദാഹരണത്തിന്അദ്ദേഹത്തിന്‍റെ വിഖ്യാതമായ The Scents of Marie-Claire, ഫ്രാന്‍സില്‍ കഴിയുന്ന ടുണീഷ്യന്‍ പൌരന്‍ മഹ്ഫൂസ് എന്ന മുഖ്യ കഥാപാത്രത്തിന്റെ പ്രഥമവ്യക്തിക (first person) ആഖ്യാനമായി മേരി ക്ലെയര്‍ എന്ന ഫ്രഞ്ച് വനിതയുമായുള്ള അയാളുടെ തകര്‍ന്നുപോയ ബന്ധത്തിന്റെ കഥ പറയുന്നു.

Nisāʾ al-basatī(‘അല്‍ ബസാതിനിലെ പെണ്ണുങ്ങള്‍’) ഇതുവരെയും (ഏപ്രില്‍2023) ഇംഗ്ലീഷില്‍ ലഭ്യമായിട്ടില്ലെങ്കിലും ഡോ. എന്‍. ഷംനാദിന്റെ അറബിക്കില്‍ നിന്നു നേരിട്ടുള്ള വിവര്‍ത്തനത്തില്‍ മലയാളത്തില്‍ ലഭ്യമായിട്ടുണ്ട് എന്നത് അഭിനന്ദനാര്‍ഹമാണ് (പ്രസാധനം ഗ്രീന്‍ ബുക്സ്). ‘ടുണീഷ്യയിലെ ടൂനിസില്‍ അല്‍ ബസാതിന്‍ ജില്ലയില്‍ കഴിയുന്ന ഒരിടത്തരം കുടുംബത്തിന്റെ നിത്യജീവിതത്തിന്റെ തികച്ചും സ്വകീയമായ ആവിഷ്കാരം’ എന്നുവിവരിക്കപ്പെട്ട *(2). നോവല്‍, മാതൃമേധാവിത്തമുള്ള (matriarchal) ചുറ്റുപാടുകളില്‍ വികസിക്കുന്ന കഥയിലൂടെ ടുണീഷ്യന്‍ സമൂഹത്തിന്റെ തന്നെ സംഘര്‍ഷങ്ങളെയും ആന്തരിക വൈരുധ്യങ്ങളെയും ആണ് ആവിഷ്കരിക്കുന്നത്. നിരന്തരം പരിണമിക്കുന്ന സമൂഹത്തില്‍ മതാത്മകതയും രോഗാതുര ആധുനികതയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ചിത്രീകരിക്കുന്നതിലൂടെ മുല്ലപ്പൂ വിപ്ലവപൂര്‍വ്വ സാഹചര്യങ്ങളുടെ ഒരാവിഷ്കാരം ആയി അതുമാറുന്നുണ്ട്. സംഭവിക്കാനിരിക്കുന്ന അറബ് വിപ്ലവത്തിന്റെ സൂചനകളൊന്നും അതിനു തൊട്ടുമുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട നോവലില്‍ ഇല്ലെങ്കിലുംതങ്ങളുടെ ജീവിതത്തെ കുറിച്ച് ടുണീഷ്യന്‍ ജനത സന്തുഷ്ടരായിരുന്നില്ല എന്ന വസ്തുത നോവല്‍ അടിവരയിടുന്നുണ്ട്. അത്തരം വിപ്ലവത്തിലേക്കൊന്നും മുതിരാതിരുന്ന ദേശങ്ങളിലും സമാനമായ അസന്തുഷ്ടി നിലനിന്നു എന്നത്വിപ്ലവം അരനിവാര്യ പരിണാമമായൊന്നും നോവലില്‍ സൂചിതമാകാത്തതിനെ വിശദീകരിക്കുന്നുണ്ട് എന്നും പറയാം. അതെന്തായാലുംഅല്‍ബസാതീന്‍ കോളനി ആ അര്‍ത്ഥത്തില്‍ ടുണീഷ്യയുടെ തന്നെ ചെറുപതിപ്പായി (microcosm) മാറുന്നു എന്നതുതന്നെയാവാം മലയാള വിവര്‍ത്തനത്തിലെ തലക്കെട്ടിന്റെ മാറ്റത്തിനു നിദാനം (‘ടുണീഷ്യയിലെ പെണ്ണുങ്ങള്‍’).

ഫ്രാന്‍സിലേക്ക് കുടിയേറുകയും അവിടെ വെച്ച് കാതറിന്‍ എന്ന വിവാഹ മോചിതയെ പരിചയപ്പെട്ടു വിവാഹം കഴിക്കുകയും പഠനം ഉപേക്ഷിച്ചു സ്കൂള്‍ അദ്ധ്യാപകന്‍ ആവുകയും ചെയ്യുന്ന തൌഫിഖ്അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം ഒരവധിക്കാലത്ത് നാട്ടില്‍ വരുന്നതാണ് കഥാസന്ദര്‍ഭം. ഇടവേളയില്‍ നാട്ടില്‍ സംഭവിച്ച സലഫിസ്റ്റ് മാറ്റങ്ങള്‍ തികച്ചും മതേതരമായ ജീവിതം നയിക്കുന്ന തൌഫിഖിന് കൌതുകരവും ഒപ്പം ഞെട്ടലുണര്‍ത്തുന്നതുമാണ്. ജുമുഅ സമയത്ത് ബസ് സ്റ്റോപ്പിലുള്ള ഒരേയൊരു മുതിര്‍ന്ന പുരുഷന്‍ താന്‍ മാത്രമാണ് എന്ന് ഒരിക്കല്‍ അയാള്‍ കണ്ടെത്തുന്നു. കുറെയേറെ സഹോദരങ്ങലുള്ള അയാള്‍ക്ക്ഒരൊറ്റ വയസ്സിനു മാത്രം തന്നെക്കാള്‍ ഇളപ്പമായ ഇബ്രാഹിമിനോടും അയാളുടെ ഭാര്യ യൂസ്രയോടുമാണ് കൂടുതല്‍ അടുപ്പം. അവരുടെ കുഞ്ഞുമകള്‍ വാഇല്‍ അയാളോട് ഒട്ടിപ്പോകുന്നത് വളരെപ്പെട്ടെന്നാണ്. മുന്‍ വിവാഹത്തില്‍ ഒരു മകനും മകളും ഉണ്ടായിരുന്നെങ്കിലും മകന്റെ മരണം കാതറിന്റെ മാനസികാവസ്ഥയില്‍ സങ്കീര്‍ണ്ണതകള്‍ സൃഷ്ടിച്ചിരുന്നത് കാരണം ഇനിയൊരു കുഞ്ഞു വേണ്ടെന്നു അവര്‍ തീരുമാനിച്ചിരുന്നു. അതും വാഇലുമായി പെട്ടെന്ന് അടുക്കാന്‍ തൌഫിഖിനു കാരണം ആയിട്ടുണ്ടാവാം. മതകാര്യങ്ങളിലൊന്നും അത്ര കണിശക്കാരിയായിരുന്നില്ലാത്ത യൂസ്ര ഹിജാബ് ധരിച്ചു തുടങ്ങിയത് അയാള്‍ക്ക് അത്ഭുതമായിരുന്നു. മുമ്പൊക്കെ തന്നെ ഒട്ടും സങ്കോജം കൂടാതെ കവിളില്‍ ചുംബിക്കുമായിരുന്ന അവള്‍ ഇപ്പോള്‍ കൈ കുലുക്കുന്നതേ ഉള്ളൂവെന്നതും ഒരു സൂചനയാണ്. അയല്‍ക്കാരിയായ നഈമയുടെ സ്വാധീനത്തിലാണ് യൂസ്രയുടെ മാറ്റമെന്നു വൈകാതെ അയാള്‍ മനസ്സിലാക്കുന്നു. എന്നാല്‍ നഈമ ആ തീവ്രമതാത്മകത ഉപേക്ഷിച്ചു കഴിഞ്ഞുവെന്നു വ്യക്തമാണ്. ഇളംതലമുറയെ പോലും മതകാര്‍ക്കശ്യങ്ങളില്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിന്റെ പ്രശ്നങ്ങള്‍ വാഇല്‍, തൌഫിഖിന്റെ മറ്റൊരു സഹോദരനായ ബഷീറിന്റെ മകന്‍ വാലിദ് എന്നിവരിലൂടെ നോവലിസ്റ്റ് പരിശോധിക്കുന്നു. ഉപ്പയോടൊപ്പം പള്ളിയില്‍ പോകാന്‍ ഏറെ ഉത്സുകനാണ് വാഇല്‍. വെള്ളിയാഴ്ച ദിവസം പള്ളിയില്‍ പോകാത്ത തൌഫിഖ്‌ അവനു അത്ഭുതമാണ്. കാതറിന്‍ മുസ്ലിം അല്ലെന്നിരിക്കെഅവളെ വിവാഹം ചെയ്തതിലൂടെ വന്‍പാപമല്ലേ വലിയച്ചന്‍ ചെയ്യുന്നത് എന്ന് വാലിദ് വേവലാതികൊള്ളുന്നത്, അത്തരം കാര്യങ്ങള്‍ എങ്ങനെയാണു ഒരു കുട്ടിയോട് വിശദീകരിക്കേണ്ടത് എന്ന് തൌഫിഖിനെ അങ്കലാപ്പിലാക്കുന്നു.

മൌലികവാദ സമൂഹത്തിന്റെ സഹജമായ സ്ത്രീവിരുദ്ധത നോവലില്‍ ഏറെ നിശിതമായി സമീപിക്കപ്പെടുന്ന വിഷയമാണ്. ലൈല, താന്‍ നേരിടുന്ന സ്ത്രീവിരുദ്ധതയെ കേവല വൈയക്തിക പ്രശ്നം എന്നതിനപ്പുറം ദേശത്തിന്റെ സ്വഭാവം തന്നെയായി തിരിച്ചറിയുന്നു: “ഈ നാട് പുരുഷന്മാരുടെതാണ്. ഇവിടെ സ്ത്രീകള്‍ക്ക് ജീവിക്കാനെ കഴിയില്ല” എന്നു വിവരിക്കുന്ന ലൈല, ടുണീഷ്യന്‍ സ്ത്രീയുടെ സ്വാതന്ത്ര്യത്തെ കുറിച്ചും ‘മറ്റൊരു അറബ് രാജ്യത്തും ലഭിക്കാത്ത അവകാശങ്ങള്‍’ എന്നതിനെ കുറിച്ചുമുള്ള അവകാശവാദങ്ങള്‍ പൊള്ളയാണെന്നു സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍ ഒന്നാംപ്രതി മുസ്ലിം ബ്രദര്‍ഹുഡ് ആണെന്നതിലും അവള്‍ക്കു സംശയമില്ല. ഒരുവേള തൌഫീഖിനെത്തന്നെ വല്ലാതെ ഭ്രമിപ്പിക്കുന്ന നഈമയുടെ സൗന്ദര്യവും സ്വതന്ത്ര രീതികളും ഒരിക്കലും വിശദീകരിക്കപ്പെടുന്നില്ലാത്ത വിധം അവളെ മതപോലീസിന്റെ കയ്യില്‍ ദുരന്തത്തിലേക്ക് നയിക്കുന്നതും ഇതേ സ്ത്രീവിരുദ്ധതയുടെ പ്രയോഗസാക്ഷ്യമാണ്. വാസ്തവത്തില്‍ വസ്തുത എന്തായിരുന്നു എന്നതിനെ കുറിച്ച് ഒരു വിശദീകരണം നല്‍കാന്‍പോലും നഈമക്ക് അവസരം ലഭിക്കുന്നില്ല. അതിനുപിന്നില്‍ ഇബ്രാഹിമുംതന്നിഷ്ടക്കാരിയും അഭിസാരികയുമെന്നു നഈമയെ മുദ്രകുത്തുന്ന യൂസ്ര തന്നെയുമായിരുന്നു എന്ന് തൌഫിഖിനറിയാം.

നഈമയുടെ ഭാഗധേയവും മറ്റുകഥാപാത്രങ്ങള്‍ക്ക് അതിലുള്ള പങ്കും സുപ്രധാനമായ മറ്റുരണ്ടു പ്രമേയങ്ങളില്‍ ചെന്നുമുട്ടുന്നുമുണ്ട്. അതിലൊന്ന് തൌഫീഖിന്റെ ധാര്‍മ്മിക ഭീരുത്വവും ആത്മരക്ഷയിലൂന്നിയ ന്യായവാദങ്ങളുമാണ്. നഈമക്ക് സംഭവിച്ചേക്കാവുന്ന ദുരന്തത്തെ കുറിച്ചു മുന്‍കൂട്ടി അറിഞ്ഞിട്ടും അവള്‍ക്കൊരു മുന്നറിയിപ്പു കൊടുക്കാന്‍ അയാള്‍ക്കു കഴിയാതെ പോകുന്നത് അയാളുടെ ചപലമായ ‘ഹാംലെറ്റ്’ മനസ്ഥിതി കൊണ്ടാണ് എന്നത് വ്യക്തമാണ്‌. പ്രസക്തമായ മറ്റൊന്ന്നഈമയുടെ ദുരന്തത്തിനു കാരണക്കാരനാകുന്ന ഇബ്രാഹിമിന്റെ കാപട്യമാണ്. അഭിസാരികത്തെരുവില്‍ പതിവുകാരനായ അയാള്‍അത്തരം സന്ദര്‍ശന ദിനങ്ങളില്‍ യൂസ്രയോടു പതിവില്‍ക്കവിഞ്ഞ വിധേയത്വവും വിട്ടുവീഴ്ചാ മനസ്ഥിതിയും കാണിക്കും. മതവിലക്കുകള്‍ പിന്തുടരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു വാചാലനാകും. മതകാര്‍ക്കശ്യത്തിനു പിന്നില്‍ വിദഗ്ദമായി ഒളിപ്പിച്ചുവെച്ച ദേഹേച്ഛകളില്‍ അഭിരമിക്കുന്ന സമൂഹത്തിന്റെ പകര്‍പ്പായി ഇബ്രാഹിം മാത്രവുമല്ല ഇവിടെയുള്ളത്. മതാത്മകതക്കുപിന്നിലെ ഹിപ്പോക്രസി എന്ന വിഷയം നോവലിലെ മുഖ്യപ്രമേയം തന്നെയാണ് *(3) നഈമയോടു തോന്നുന്ന അദമ്യമായ അഭിലാഷവും ലൈലയെ ബന്ധുത്വത്തിന്റെ വിലക്കുമറന്നും പ്രാപിക്കുന്ന തൃഷ്ണയും തൌഫിഖില്‍ കുറ്റബോധം ജനിപ്പിക്കുന്നുണ്ടെങ്കിലും അതൊക്കെ അയാള്‍ സ്വതസിദ്ധ പ്രകൃതമായ സ്വയംന്യായീകരണങ്ങളിലൂടെ മറികടക്കുന്നുണ്ട്. എന്നാല്‍ സ്വപ്നത്തിന്റെ വന്യതയില്‍ യൂസ്രയായിത്തന്നെ ലൈല പരിണമിക്കുന്ന നിമിഷം അയാള്‍ ശരിക്കും പൊള്ളിപ്പോകുന്നുണ്ട്. മദ്യംവിവാഹേതര ബന്ധങ്ങള്‍പാശ്ചാത്യാനുകരണം തുടങ്ങിയ മതവിരുദ്ധ ചെയ്തികള്‍ നിര്‍ബാധം തുടരുമ്പോഴും മറ്റുള്ളവര്‍ക്കു നേരെ ഇതേ കുറ്റങ്ങളുടെ പേരില്‍ വിരല്‍ ചൂണ്ടാന്‍ മടിയില്ലാത്ത സാമൂഹികാന്തരീക്ഷം എങ്ങും നിലനില്‍ക്കുന്നു. താന്‍ നടത്തുന്ന നികുതിവെട്ടിപ്പില്‍ അഭിമാനിക്കുന്ന ബഷീര്‍, പിടിക്കപ്പെടുമ്പോള്‍ കൈക്കൂലി നല്‍കി ചെറിയ പിഴയൊടുക്കി രക്ഷപ്പെടുകയും ചെയ്യുന്നു. ഫ്രാന്‍സിലാണെങ്കില്‍ കടുത്ത പിഴയും ജയില്‍ശിക്ഷയും വരെ ലഭിക്കാവുന്ന ‘രാജ്യത്തിന്റെ സ്വത്ത് കൊള്ളയടിക്കുന്ന കുറ്റമാണിത്’ എന്ന് തൗഫിഖ് അയാളോട് പറയുന്നു.

എന്നാല്‍ഈ ഇരട്ടത്താപ്പ് വിമോചകമാകുന്ന സന്ദര്‍ഭങ്ങളുമുണ്ട്: ഹിജാബ് ധരിക്കുക്കുകയും കടുത്ത മതചിട്ടകള്‍ പാലിക്കുകയും ചെയ്യുമ്പോഴും സ്ത്രീകള്‍ ജീന്‍സും മിനി സ്കേര്‍ട്ടുകളും ധരിക്കുന്നത് കാണുന്നു. ഓഫീസുകളില്‍ ഹിജാബ് നിരോധിച്ച ഏകമുസ്ലിം രാജ്യമാണ് ടുണീഷ്യ എന്ന് നോവലില്‍ പരാമര്‍ശമുണ്ട്. യൂസ്രക്ക് ഫ്രാന്‍സില്‍ നിന്നു കൊണ്ടുവന്ന വളരെ സെക്സിയായ ബ്ലൌസ് നല്‍കുമ്പോള്‍ അവള്‍ക്കത് ഏറെ ഇഷ്ടമാകുന്നുണ്ട്. വീട്ടില്‍ കഴിയുമ്പോഴോപുറത്തുപോകുമ്പോള്‍ മറ്റേതെങ്കിലും വസ്ത്രത്തിനടിയിലോ അത് ധരിക്കാമെന്നു അവള്‍ പറയുന്നു. യൂസ്രയുടെ സഹോദരി ലൈല, ചേച്ചിയോട് അകലാന്‍ തന്നെ കാരണമായതും ആ ഹിജാബ് ധാരണമാണ്. മത്തുപിടിപ്പിക്കുന്ന സൌന്ദര്യമുള്ള ലൈല തുടകള്‍ കാണാവുന്ന വിധത്തിലുള്ള ഇറക്കം കുറഞ്ഞ ഇറുകിയ വസ്ത്രങ്ങളും കയ്യില്ലാത്ത മേല്‍വസ്ത്രങ്ങളും ധരിക്കുന്നു. തൌഫിഖിനോടുള്ള വേഴ്ച്ചക്ക് മുന്‍കൈ എടുക്കുന്നതും അവളാണ്.  

നോവലിലെ മുഖ്യകഥാപാത്രങ്ങള്‍ മതാത്മകത പുലര്‍ത്തുന്നേയുള്ളൂ എന്നിരിക്കില്‍ശരീയത്ത് നിയമത്തിനു വേണ്ടി വാദിക്കുന്ന മൌലികവാദികള്‍ ശക്തി പ്രാപിക്കുന്നതും കാണാനാകുന്നുണ്ട്. നമസ്കരിക്കാത്തവരെ തെരഞ്ഞുപിടിച്ച് ശിക്ഷിക്കേണ്ടതാണെന്ന നിലപാടുകാരുണ്ട്. “(ഒരു) ദിനം വരും. സര്‍വ്വശക്തനായ ദൈവത്തിന്റെ തീരുമാനത്തോടെ ഞങ്ങള്‍ ഈ നാട് ഭരിക്കും. നിങ്ങളെപ്പോലെയുള്ള സകല അവിശ്വാസികളേയും ദൈവനിഷേധികളെയും കപടന്മാരെയും നശിപ്പിച്ചു ഞങ്ങള്‍ ഈ ഭൂമിയെ ശുദ്ധമാക്കും.” ഈ ആഗ്രഹചിന്തയുടെ പ്രകടിതരൂപമായി അതിദ്രുതം മഗ്രബ് ദേശങ്ങള്‍ മാറിയത് ചരിത്രമാണല്ലോ. എന്നാല്‍‘ഇവിടെ പ്രശ്നം ഇസ്ലാമല്ല. മറിച്ച് മതത്തിന്റെ പേരില്‍ തീവ്രത പ്രച്ചരിപ്പിക്കുന്നവരാണ് പ്രശ്നം” എന്ന വിവേകത്തിന്റെ സ്വരവും അവിടെ ഉയരുന്നുണ്ട്. ലൈലയെ പോലെയുള്ള സ്ത്രീകഥാപാത്രങ്ങള്‍ മാത്രമല്ല ടുണീഷ്യയെ സംബന്ധിച്ച് ഒട്ടും തിളക്കമില്ലാത്ത നിലപാടു പറയുന്നത്. തൌഫിഖിന്റെ നജീബ് എന്ന സുഹൃത്തിന്റെ അഭിപ്രായത്തില്‍ ഇടക്കൊന്നു വന്നുപോകുന്ന സന്ദര്‍ശകര്‍ക്ക് ടുണീഷ്യയെ സംബന്ധിച്ച് അനുഭവപ്പെടുന്ന വികസിത രാജ്യ പ്രതീതിയല്ല സത്യം. “ഇവിടെ ജീവിക്കുന്നവരെ സംബന്ധിച്ച് ടുണീഷ്യ ഒരു നരകമാണ്. വളരെ അസ്ഥിരമായ ഒരു സമൂഹം... അസ്വസ്ഥരുംവഴിതെറ്റിയവരും ഏതു ദിക്കിലേക്ക് പോകേണ്ടതെന്നറിയാത്തവരുമായ..” ജനത എന്നാണു അയാള്‍ തന്റെ ദേശത്തെ വിലയിരുത്തുക. ഇസ്ലാമിസ്റ്റ് മൌലികവാദത്തിന്റെ കെടുതികള്‍ മാത്രമല്ലമോഷണവും പിടിച്ചുപറിയുമൊക്കെ നിത്യ സംഭവമാകുന്ന അവസ്ഥകളും നോവലില്‍ പ്രദിപാദിക്കപ്പെടുന്നുണ്ട്. വില കൂടിയ കാറുകള്‍ മോഷണം പോകുന്നതു കോളനിയില്‍ പതിവാണ്.

ടുണീഷ്യയുടെ സമൃദ്ധിയെ കുറിച്ചും ധൈഷണിക മൂലധനത്തെ കുറിച്ചുമൊക്കെ വാചാലരാകുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ നോവലിലുണ്ട്. പെട്രോളിയമോ പ്രകൃതി വാതകമോ ഇല്ലാഞ്ഞിട്ടും തങ്ങളുടെ നാട് സമൃദ്ധമായിരിക്കുന്നത് ‘അതിന്റെ ബുദ്ധിശക്തിയുടെ ബലം കൊണ്ടാണ്’ എന്ന് ഒരു കഥാപാത്രം അവകാശപ്പെടുന്നു. ഫരീദ് അല്‍ അത്രാഷിന്റെ പ്രസിദ്ധമായ ‘ബസാത് അല്‍ രീഹ്’ (‘മാന്ത്രിക കമ്പളം’) എന്ന ഗാനം പലതവണ നോവലില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ടുണീഷ്യന്‍ ഗായിക സലീഹയുടെ ഏറെ പഴക്കമുള്ള ഗാനം ലൈലയെ പോലെ ഒരു പുതുതലമുറക്കാരി ആസ്വദിക്കുന്നത് തൌഫിഖിനെ വിസ്മയിപ്പിക്കുന്നു. പട്ടണത്തിലൂടെ അലഞ്ഞുതിരിയുന്ന തൗഫിഖ്സംഭവിച്ച മാറ്റങ്ങള്‍ കൌതുകത്തോടെ വീക്ഷിക്കുന്നു. അയാള്‍ ഫ്രാന്‍സിലേക്ക് കുടിയേറിയവനാണ് എന്ന വസ്തുത സമ്മിശ്ര പ്രതികരണം ആണുണ്ടാക്കുന്നത്. അയാള്‍ ഫ്രഞ്ച് പൗരത്വം നേടിയ ‘മതൂരിന്‍’ അല്ലെന്നും ടുനീഷ്യക്കാരന്‍ തന്നെയാണ് എന്നുമുള്ളത് പലര്‍ക്കും അത്ഭുതമാണ്. വിദേശി ഭാവത്തിന്റെ പേരില്‍ പലരും അയാളെ പുച്ഛച്ചിക്കുമ്പോള്‍, മറ്റുപലര്‍ക്കും അസൂയയാണ്. അയാള്‍ക്ക് ഒരു ഫ്രഞ്ച് ഭാര്യയുള്ളതില്‍ അസൂയപ്പെടുന്നവരുണ്ട്. ഒരു വിദേശി ടൂറിസ്റ്റ് തന്നെ കൊണ്ടുപോകുമെങ്കില്‍ സസന്തോഷം തന്റെ കുടുംബത്തെ ഉപേക്ഷിക്കാം എന്ന് പ്രഖ്യാപിക്കുന്നു ഒരു സുഹൃത്ത്. ടൂറിസംലൈംഗികശമനകമായും (സ്വവര്‍ഗ്ഗരതി മുതല്‍ ഭിന്നരതി താല്പര്യങ്ങള്‍ ഉള്‍പ്പടെ) മറ്റും മാറുന്ന വിപര്യയം ഇവിടെ സൂചിപ്പിക്കപ്പെടുന്നു. ഫ്രാന്‍സിലേക്ക് കുടിയേറാനുള്ള അവസരമായി അയാളുടെ സൗഹൃദത്തെ കാണുന്നവരില്‍ ഹോട്ടല്‍ ബെയറര്‍ മാത്രമല്ല ഉള്ളത്. ലൈല പോലും അത്തരം ഒരാഗ്രഹം മുന്നോട്ടു വെക്കുന്നു. അവള്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കാനും അയാളെ വിവാഹം ചെയ്യാനും പോലും ഒരുക്കവുമാണ്. വാസ്തവത്തില്‍ നോവലില്‍ ഉടനീളം ടുണീഷ്യയുടെ ഫ്രഞ്ച് ബന്ധങ്ങളെ കുറിച്ചും പ്രവാസസാധ്യതകളെ കുറിച്ചും കൊളോണിയല്‍ അനന്തര മാനസികാവസ്ഥയിലുള്ള നിരീക്ഷണങ്ങള്‍ വിവിധ കഥാപാത്രങ്ങളുടെതായി ഇടംപിടിക്കുന്നുണ്ട്. അത് കൊളോണിയല്‍ വിമര്‍ശനമായും വിധേയത്വമായും ഭിന്നരൂപത്തില്‍ പ്രകടിപ്പിക്കപ്പെടുന്നു. “ഒന്നു പുഞ്ചിരിക്കൂനിങ്ങള്‍ ടുണീഷ്യയിലാണല്ലോ” എന്ന സ്വാഗത വാചകം നോവലില്‍ ആവര്‍ത്തിക്കപ്പെടുന്നത്ഒടുവിലാകുമ്പോഴേക്കുംതിരികെ പോകാനായി ടാക്സി കാത്തുനില്‍ക്കുമ്പോള്‍, സാമാന്യം കനത്ത ഐറണിയായി തൌഫിഖിനു അനുഭവപ്പെടുന്നുണ്ട്. 

Sources:

1).  https://literaturfestival.com/en/authors/habib-selmi/

(2). https://www.arabicfiction.org/en/The%20Women%20of%20al-Basatin

(3) https://www.themodernnovel.org/africa/maghreb/tunisia/selmi/souriez/, Copyright © The Modern Novel 2015-2023

 read more:

In Praise of Hatred by Khaled Khalifa/ Leri Price

https://alittlesomethings.blogspot.com/2024/09/in-praise-of-hatred-by-khaled-khalifa.html

The Doves Necklace by Raja Alem

https://alittlesomethings.blogspot.com/2024/06/the-doves-necklace-by-raja-alem.html