Featured Post

Showing posts with label Yoruba Myth. Show all posts
Showing posts with label Yoruba Myth. Show all posts

Sunday, March 4, 2018

The Opposite House by Helen Oyeyemi

ദൈവങ്ങളുടെ പ്രവാസ നൊമ്പരങ്ങള്‍



(നൈജീരിയന്‍ - ബ്രിട്ടീഷ് നോവലിസ്റ്റ് ഹെലന്‍ ഒയെയെമിയുടെ ദി ഓപ്പൊസിറ്റ് ഹൗസ് എന്ന നോവലിനെ കുറിച്ച്)

വ്യാവഹാരിക ലോകവും ആത്മലോകവും തമ്മിലുള്ള വിനിമയങ്ങളുടെ നാനാര്‍ത്ഥങ്ങള്‍ ആഫ്രിക്കന്‍ സാഹിത്യത്തില്‍ വ്യത്യസ്ത രീതികളില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുള്ള വിഷയമാണ്. കൊളോനിയലിസ്റ്റ് പാഠങ്ങള്‍ കനം കുറഞ്ഞ ‘വൂഡൂ’ പ്രയോഗങ്ങളായും അന്ധ വിശ്വാസ ജടിലമായ പാരമ്പര്യമായും എഴുതിത്തള്ളാന്‍ ശ്രമിച്ചിട്ടുള്ള ലൌകിക-ആത്മീയ തലങ്ങളുടെ മുഖാമുഖം പക്ഷെ, ആഫ്രിക്കന്‍ സാഹിത്യത്തിലെ സനാതന മൂല്യങ്ങളുടെ അവതരണത്തിന് എഴുത്തുകാര്‍/ കഥാകാരന്മാര്‍ കണ്ടെടുക്കുന്ന ശക്തമായ ആവിഷ്കാര രീതിയാണ്. ആമോസ് ടുടുവോലയും ഡി. ഒ. ഫഗുന്‍വായും ചിനുവ അച്ചബെയും പോലുള്ള കുലപതികള്‍ മുതല്‍ ബെന്‍ ഓക്രി വരെ എഴുത്തുകാര്‍ അവരവരുടേതായ രീതിയില്‍ ധാരാളമായി ഉപയോഗിച്ച് വന്നിട്ടുള്ള ഈ രചനാ സങ്കേതം തികച്ചും നൂതനവും മനോ വിജ്ഞാനീയ തലങ്ങളില്‍ അന്വേഷിക്കപ്പെടെണ്ടതുമായ വിധത്തില്‍ ഉപയോഗിക്കുന്ന പുതുതലമുറ എഴുത്തുകാരിയാണ് നൈജീരിയന്‍ - ബ്രിട്ടീഷ് നോവലിസ്റ്റ് ഹെലന്‍ ഒയെയെമി.

ആത്മ/ അതീത ലോകത്തെ ഇരട്ട എന്ന (spirit doubles) എന്ന വിഷയത്തെ ആസ്പദമാക്കി രചിക്കപ്പെട്ട ദി ഐക്കറസ് ഗേള്‍ എന്ന നോവലുമായാണ് ഹെലന്‍ ഒയെയെമി തന്റെ വരവറിയിച്ചത്. ആഫ്രിക്കന്‍ നോവല്‍ സാഹിത്യത്തിലെ പുതുതലമുറ സാന്നിധ്യങ്ങളില്‍ അര്‍ഹമാം വിധം തന്നെ ഏറ്റവും കൊണ്ടാടപ്പെട്ട എഴുത്തുകാരികളില്‍ ഒരാളായ ഒയെയെമി ഈ ആദ്യ രചന പൂര്‍ത്തിയാക്കുമ്പോള്‍ തന്റെ സ്കൂള്‍ അധ്യയനം പൂര്‍ത്തിയാക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. യൊറൂബന്‍ പരമ്പരാഗത വിശ്വാസ ക്രമങ്ങളുടെ നൈജീരിയന്‍ പാതിയും ആധുനിക ലണ്ടന്‍ ജീവിതത്തിന്റെ സ്വാധീനങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ പകച്ചു പോകുന്ന ജെസ്സമി എന്ന എട്ടുവയസ്സുകാരി, ഹിസ്റ്റീരിയയുടെ ഇടവേളകള്‍ തീര്‍ക്കുന്ന പ്രയാസങ്ങള്‍ക്കൊപ്പം ബാധ കൂടലിന്റെ കൂടി ഇടയിലെ അപകടകരമാം വിധം നേര്‍ത്ത അതിര്‍ വരമ്പിലേക്ക് ഇടറിയും വെളിപ്പെട്ടും മുന്നോട്ടു പോകാന്‍ തുടങ്ങുന്നത് ‘അന്യ’യായി, ഒരു ‘പാതി ലോകം ദൂരെ’ അവളെ കാത്തു കഴിഞ്ഞ ടില്ലി ടില്ലിയെന്ന ആത്മ ഇരട്ട (doppelgänger) അവളുടെ എകാന്തതകളിലേക്ക് ആവേശിച്ച് തുടങ്ങുന്നതോടെയാണ്‌. ഒരേ സമയം രണ്ടു വ്യത്യസ്ത സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെയും ഒരു കൌമാരക്കാരിയുടെ മാനസിക വിഭ്രാന്തികളുടെയും ദുരൂഹമായ ശൈഥില്യത്തിന്റെയും കഥ പറയുകയും ഒരു ഭീകര കഥയുടെ അന്തരീക്ഷത്തോട് ചേര്‍ന്ന് പോവുകയും ചെയ്യുമ്പോഴും യാഥാര്‍ത്ഥ്യ ബോധമുള്ള സാഹിത്യ സൃഷ്ടിയായിരുന്നു എന്നതാണ് ഒയെയേമിയുടെ പ്രഥമ കൃതിയുടെ നേട്ടത്തെ തിളക്കമുള്ളതാക്കിയത്. രണ്ടു ഭിന്ന ധ്രുവങ്ങളായ സംസ്കാരങ്ങളുടെ സംഘര്‍ഷങ്ങളിലേക്ക് സമരസപ്പെടാനാവാത്തതിന്റെ വിഹ്വലതകളാണ് നന്നേ ചെറുപ്പത്തിലേ ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായ ഒയെയെമി ആദ്യ കൃതിയില്‍ വിഷയമാക്കിയതെങ്കില്‍ അവരുടെ രണ്ടാമത് നോവല്‍ ദി ഓപ്പോസിറ്റ് ഹൌസ് ആദ്യ കൃതിയുടെ പ്രമേയ പരിസരങ്ങളെ പിന്തുടരുകയും കൂടുതല്‍ സങ്കീര്‍ണ്ണമായ തലങ്ങളില്‍ പരിശോധിക്കുകയും ചെയ്യുന്നു.

 

സങ്കലങ്ങള്‍, സങ്കീര്‍ണ്ണതകള്‍

 

തനിക്കു നേരെ പകപ്പോടെയും ദുരൂഹമായ വൈജാത്യങ്ങളോടെയും കുതിച്ചെത്തുന്ന ലോകത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന എട്ടു വയസ്സുകാരിയാണ് ആദ്യനോവലിലെ മുഖ്യ കഥാ പാത്രമെങ്കില്‍ സ്വന്തം ചെയ്തികള്‍ക്ക് സ്വയം ഉത്തരവാദിയാകേണ്ട ഇരുപത്തിയഞ്ചുകാരിയാണ് ദി ഓപ്പോസിറ്റ് ഹൌസില്‍ ആഖ്യാതാവായ മായാ കരേര. ‘മൂന്ന് ലോകങ്ങളിലെ ഇരട്ട’ എന്ന് ടില്ലിടില്ലിയെ വിശേഷിപ്പിക്കുന്നത് യഥാര്‍ത്ഥ ലോകം, ആത്മ ലോകം, മനസ്സിന്റെ വനസ്ഥലിയെന്ന ഉള്‍ക്കാട് എന്ന നിലയില്‍ വിവരിക്കപ്പെടുന്നുണ്ടെങ്കില്‍ ‘എതിര്‍ വീട്ടി’ലെ സംഘര്‍ഷങ്ങളില്‍ ഭൌതിക തലത്തില്‍ തന്നെ മൂന്ന് ലോകങ്ങളുണ്ട്; മൂന്ന് സംസ്കാരങ്ങളും. കരീബിയന്‍ ഉപദ്വീപുകളിലെ പ്ലാന്റെഷന്‍ മേഖലകളിലേക്ക് വേട്ടയാടപ്പെട്ട്‌ എത്തിയ പൂര്‍വ്വികര്‍ അടിമക്കപ്പലുകളുടെ കടത്തി കൊണ്ടുവന്ന വംശീയ സ്മൃതികളില്‍ തെളിയുന്ന യൊറൂബ വിശ്വാസസഞ്ചയം പരമ്പരാഗത മൂര്‍ത്തികളെ കയ്യൊഴിയാനാവാത്ത മാമി ചബേലയുടെ സാന്റെറിയ വിശ്വാസക്രമത്തില്‍ അതിജീവിക്കുന്നുണ്ട്. ആദിമ, അനിമിസ്റ്റിക് ധാരകള്‍ ഉരുവപ്പെടുത്തിയ യൊറൂബ മൂല്യങ്ങള്‍ ക്യൂബന്‍ കത്തോലിക്കാ സമ്പ്രദായവുമായി കൂടിക്കലര്‍ന്നതിന്റെ ഫലമാണ് സാന്റെരിയ ക്രമം. ക്യൂബന്‍ ജീവിതമാകട്ടെ, കാസ്ട്രോ വിപ്ലവത്തിന്റെ ഫലശ്രുതിയില്‍ കുടുംബം ലണ്ടനിലേക്ക് പാലായനം ചെയ്യുന്നതിലേക്ക് സംക്രമിക്കുകയും ചെയ്യുന്നു. അങ്ങനെ, സ്മൃതി മണ്ഡലത്തില്‍ മാത്രം ഒതുങ്ങുന്നതെങ്കിലും പ്രവാസത്തിന്റെയും പറിച്ചെറിയപ്പെടലിന്റെയും ആദിമാനുഭവം എന്ന നിലയില്‍ ഒരു ആദിരൂപ സ്വഭാവമുള്ള സാന്നിധ്യമായി ആഫ്രിക്കന്‍ പാരമ്പര്യവും ജനിച്ചു വളര്‍ന്നു നന്നേ കുട്ടിക്കാലം ചെലവഴിച്ച, വീട്ടിന്റെ മച്ചില്‍ മാമി സൂക്ഷിച്ചു വെക്കുന്ന മൂര്‍ത്തീ രൂപങ്ങള്‍ അടയാളപ്പെടുത്തുന്ന ക്യൂബന്‍ ഓര്‍മ്മകളും വളര്‍ന്നതും ഒരു ജാസ് ഗായികയുടെ ജീവിതത്തിലേക്ക് മുതിര്‍ന്നതുമായ, പാപിയുടെ ആധുനിക ബോധ്യങ്ങളുടെ കൂടി ഇടമായ ലണ്ടന്‍ ജീവിതവും നോവലില്‍ വ്യത്യസ്ത ബലാബലങ്ങളാണ്. മായയുടെ ജീവിതത്തില്‍ എല്ലാം പ്രധാനവുമാണ്. ഒരു ഘട്ടത്തില്‍ തന്റെ സ്വത്വത്തിലെ വൈരുധ്യങ്ങളെ കുറിച്ച് മായ നിരീക്ഷിക്കുന്നുണ്ട്: ബ്രിട്ടീഷ് പശ്ചാത്തലത്തില്‍ കറുത്ത വര്‍ഗ്ഗക്കാരിയായ ക്യൂബന്‍ എന്ന സ്വത്വം പരിഗണിക്കപ്പെടുമ്പോള്‍ നൈജീരിയന്‍ പാരമ്പര്യവും കത്തോലിക്കാ സംസ്കൃതിയുമാണ് കൂടിക്കലരുന്നത്. കണ്ണാടിയില്‍ കാണുന്ന പ്രതിബിംബത്തില്‍ മാമിയുടെ ചിഹ്നങ്ങളോ പാപിയുടെ ക്യൂബന്‍ ജനിതക മുദ്രകളോ –‘എന്റെ ക്യൂബ’ എന്നാണു അവള്‍ എപ്പോഴും പറയുക-  ഒന്നും തീര്‍ച്ചയില്ല, തീര്‍ച്ചയുള്ളത് താന്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരിയാണ് എന്നത് മാത്രം. “എന്റെ രക്തത്തില്‍ ഒരു തെളിഞ്ഞ വിലയനത്തിന്റെ ധാരയുണ്ട്; സ്പാനിയാര്‍ഡുകള്‍, വെസ്റ്റ് ആഫ്രിക്കക്കാര്‍, ക്യൂബന്‍ ആദിമ വിഭാഗങ്ങള്‍, ക്യൂബന്‍ ലബനീസുകാരായ തുര്‍ക്കികള്‍ പോലും.” എന്നാല്‍, ജനിതക വഴിയിലെ സങ്കലനങ്ങള്‍ എന്നതിലേറെ സാംസ്കാരിക സ്വത്വ പ്രതിസന്ധികളിലാണ് നോവലിന്റെ ഊന്നല്‍ എന്ന് കാണാം. ഗര്‍ഭകാലത്ത് ഭക്ഷണത്തില്‍ സൂക്ഷിക്കേണ്ട വൈവിധ്യം പാലിക്കാത്തതിന് മാമി മായയെ വഴക്ക് പറയുന്നുണ്ട്: “ശ്രദ്ധിച്ചില്ലെങ്കില്‍ നിനക്ക് പിറക്കുക ഒരു ആല്‍ബിനോ ആയിരിക്കും, അതേ, ചിരിച്ചോളൂ, പക്ഷെ ഞാന്‍ ഒരു ആല്‍ബിനോയുടെ ആയയാവില്ല...” എയ്മിയുമായുള്ള ചങ്ങാത്തത്തിന്റെ പരിമിതികളെ കുറിച്ചുള്ള മാമിയുടെ നിലപാടും ഇതോടു ചേര്‍ത്തു കാണാം. ഒരു വെള്ളക്കാരി പെണ്‍കുട്ടി ഒരിക്കലും നിന്റെ ബ്സുഹൃത്താവില്ലഅവള്‍ മറ്റൊരു വ്യവസ്ഥയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്”  എന്ന് പറയുന്ന മാമി ശരിയാണ് എന്ന് ചിലപ്പോള്‍ മായക്കും തോന്നുന്നുണ്ട്. മൂന്ന് പേരുമായി ഒരേ സമയം ലൈംഗിക പങ്കാളിത്തമുണ്ടായിരുന്നുവെന്നു അഭ്യൂഹമുണ്ടായിരുന്ന എയ്മി പതിനേഴാം വയസ്സില്‍ മായയോട്‌ പറയുന്നുണ്ട് അവള്‍ ഗേ ആണെന്ന്. പതിവായി അണ്ഡദാനം നടത്തുന്ന എയ്മി സ്വന്തം കുഞ്ഞ് എന്ന വാര്‍പ്പ് മാതൃകാ സ്ത്രീ സങ്കല്‍പ്പത്തിനു വെളിയിലാണ്. എന്നാല്‍ അത് താന്‍ ഗേ ആയതു കൊണ്ടോ തനിക്കൊരിക്കലും കുഞ്ഞിനെ വേണ്ട എന്നത് കൊണ്ടോ അല്ലെന്നും താന്‍ ഒരിക്കലും ഗര്‍ഭിണി ആയിട്ടില്ലാത്തത് കൊണ്ടാണെന്നും ചിന്തിക്കണം എന്ന് എയ്മി മായയോട്‌ അഭ്യര്‍ത്ഥിക്കുന്നു.

സ്വന്തം ഇടമെന്ന ആശയത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത് ക്യൂബയുടെ രാഷ്ട്രീയ ചരിത്രമാണ്. മാമിയെ വേട്ടയാടുന്ന അടിമത്തത്തിന്റെ കറ മാത്രമല്ലപാപിയെ ഭീഷണിപ്പെടുത്തുന്ന വിപ്ലവവും അവരെ ഹവാന വിടാന്‍ നിര്‍ബന്ധിച്ച ഘടകമാണ്. വ്യക്തതക്ക് വേണ്ടിയുള്ള കഠിന ശ്രമമെന്നാണ് പാപി പ്രവാസത്തെ വിവരിക്കുക: എല്ലാവരും യുക്തിബോധമില്ലാത്തവരാകുമ്പോള്‍ നിങ്ങളും യുക്തിബോധമില്ലാത്തവന്‍ ആകുകയാണെന്നു നിങ്ങള്‍ തിരിച്ചറിയുന്നു,.. ഭ്രാന്തില്‍ നിന്ന് നിങ്ങള്‍ക്ക് ഓടിയകന്നേ പറ്റൂ. എന്ത് തിന്നണംഏതു സിനിമ കാണണം, എന്ത് വായിക്കണം എന്നൊക്കെ സര്‍ക്കാര്‍ പറയാത്ത ഒരു നാട്ടില്‍ വളരാന്‍ വേണ്ടിയാണ് മകളെ ഇങ്ങോട്ട് കൊണ്ടുവന്നത് എന്നാണു പാപി പറയുക, “ഞാന്‍ നിന്നെ ഇവിടെ കൊണ്ടുവന്നതിനു കാരണം അപ്പോള്‍ നിനക്ക് രാഷ്ട്രീയം ശരിക്കും നിന്റെ വാതില്‍ ചവിട്ടിപ്പൊളിക്കുന്ന അല്ലെങ്കില്‍ നിന്നെ അപ്രത്യക്ഷയാക്കുന്ന ഒരിടത്ത് കഴിയേണ്ടി വരില്ല എന്നത് കൊണ്ടാണ്. ഭ്രാന്ത് എന്നത് ഒരേ സമയം ഓടിയകലേണ്ട രാഷ്ട്രീയ സാഹചര്യവും അതേ സമയം നോവലിന്റെ ഞരമ്പ് മുറുക്കമുള്ള വൈകാരിക ഊര്‍ജ്ജവും ആയിത്തീരുന്നുണ്ട് – പുരുഷ കഥാപാത്രങ്ങള്‍ നിലനിര്‍ത്തുന്ന സമചിത്തതയല്ല, സ്ത്രീ കഥാപാത്രങ്ങളില്‍ കാണാവുന്ന ചഞ്ചല ശക്തിയുടെ ശ്വാസം മുട്ടിക്കുന്ന ഭാവമാണ് നോവലിന്റെ ആഖ്യാനത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്. മായയുടെയും എയ്മിയുടെയും ആരോണിന്റെയും കാര്യത്തില്‍ എന്ന പോലെ, കുറഞ്ഞൊരു അളവില്‍ എങ്കിലും മെഗാലിസിന്റെ കാര്യത്തിലും, മുഖ്യമായും സാംസ്കാരിക സംഘര്‍ഷമായി വര്‍ത്തിക്കുന്ന ഈ അവസ്ഥ, ചബെലയുടെയും യമായയുടെയും ‘സംവേര്‍ ഹൗസി’ലെ അന്തേവാസികളുടെയും കാര്യത്തില്‍ പലപ്പോഴും മാതൃ ഭാവങ്ങളില്‍ പൊതിഞ്ഞ ശ്വാസം മുട്ടിക്കുന്നതും അപകടകരവുമായ ഒരു സങ്കീര്‍ണ്ണ സ്ത്രൈണ മിസ്റ്റിസിസത്തിന്റെ മാനം കൈകൊള്ളുന്നുണ്ട്. ദൃഷ്ടാന്ത കഥാ സ്വഭാവമുള്ള ചില അധ്യായങ്ങളില്‍ മിഥ്യാ ഭ്രമങ്ങളുള്ള മാരക പ്രകൃതരായ അമ്മമാരെ നോവല്‍ വിവരിക്കുന്നു. മായക്ക് തന്നെ, ആദ്യ നോവലിലെ ജെസ്സിയെ പോലെമറ്റേതൊരു പെണ്‍കുട്ടിയേയും പോലെ’ സ്വയം മുറിവേല്‍പ്പിക്കുന്നതിന്റെയും ഏകാന്തതയുടെയും സന്ദര്‍ഭങ്ങളുടെ രൂപത്തിലുള്ള തന്റെ ‘സ്വന്തം ചിത്തഭ്രമ’ ഘട്ടങ്ങളുണ്ട് (personal hysterics).  അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരി എയ്മി എലെനി തന്റെ സ്വന്തം ചിതഭ്രമ ഘട്ടത്തില്‍ ചുമരുകളും ജനാലകളും മാന്തിപ്പറിക്കുകയും സ്വന്തം ഉടലില്‍ മുറിവേല്‍പ്പിക്കുകയും ചെയ്യുംമായയും വാക്കിലും ചെയ്തിയിലും പരിധി വിടുന്ന സന്ദര്‍ഭങ്ങളും ഉണ്ട്. ഒരു ഫിലമെന്റിനു ചുറ്റും കൊല്ലുക എന്ന് പാടിക്കൊണ്ട് നൃത്തം വെക്കുന്ന വൈദ്യുതി തരംഗ’’മായി അവളാ പ്രവണതയെ സങ്കല്‍പ്പിക്കുന്നു. അത് അവളോട്‌ അന്തരാ ചോദിക്കുന്നു: ആരോനില്‍ നിന്നും കുടുംബത്തില്‍ നിന്നും മാത്രമല്ലവായനക്കാരില്‍ നിന്നും അകന്നു പോകുകതനിക്കു തന്നെയും കേള്‍ക്കാനാവാത്ത ഏതോ തീക്ഷ്ണ സംഭാഷണങ്ങളിലാണ് എന്ന പോലെ.

 

സാംസ്കാരിക സംഘര്‍ഷങ്ങള്‍, കുടുംബ സംഘര്‍ഷങ്ങള്‍.

 

കുടുംബ ബന്ധങ്ങളുടെ ആവിഷ്കാരം നോവലിസ്റ്റിന്റെ ശ്രദ്ധ ഏറെ അപതിയുന്ന ഒന്നാണ്. ഒരര്‍ത്ഥത്തില്‍ മുന്‍ നോവലിനെ പോലെത്തന്നെ കുടുംബാന്തരീക്ഷത്തിലെ സംഘര്‍ഷങ്ങള്‍ തന്നെയാണ് നോവലിന്റെ പ്രദിപാദ്യം. ചബേല നാലു മക്കളില്‍ ഇളയവളും മമ്മയെക്കാള്‍ പപ്പയോടു അടുപ്പമുള്ളവളും ആയിരുന്നു. വനിതകളുടെ അവകാശപ്രശ്നങ്ങളുമായി മല്ലിട്ട തിരക്കുള്ള വക്കീലായ മമ്മ എപ്പോഴും നിയമ പുസ്തകങ്ങള്‍ക്ക് മധ്യത്തില്‍ ആയിരുന്നു. വിശ്വാസിയേ അല്ലാത്ത പിതാവിന്റെ മകളായിരുന്നിട്ടും സാന്റെറിയ അനുയായിയായിത്തീര്‍ന്ന മാമിയുടെ യൊറൂബന്‍ ഒരിഷകളാല്‍ വലയം ചെയ്യപ്പെട്ട നിലപാടുകള്‍ യുക്തിരഹിതവും കുട്ടികളുടെ മേല്‍ ചീത്ത സ്വാധീനവുമായി കാണുന്നു പാപി. മാമിയെക്കാള്‍ ഇരുപതോളം വയസ്സിനു മൂപ്പുള്ള പാപി യൂണിവേഴ്സിറ്റി അധ്യാപകനായ ബുദ്ധിജീവിയാണെങ്കില്‍ മാമിയുടെത് പരമ്പരാഗത ഭയങ്ങള്‍ ഭരിക്കുന്ന ചെറിയ ജീവിതമാണ്. യൊറൂബ മൂര്‍ത്തികള്‍ വെറും കലാശില്‍പ്പങ്ങള്‍ മാത്രമാണ് എന്നാണു പാപിയുടെ നിലപാട്. ഈ ദൈവങ്ങള്‍, അല്ലെങ്കില്‍ അവ എന്താണോ അത്ഈ വിശ്വാസങ്ങള്‍ കാലവും ഇടവും കടക്കില്ലഅവരതിനെ അനാവശ്യമായി വലിച്ചു നീട്ടുകയാണ്ലോകത്തിന്റെ ഭൂമിശാസ്ത്രത്തെ ഒരു ഇലാസ്റ്റിക് ബാന്‍ഡ് പോലെ വലിച്ചു നീട്ടുകയാണ്. നിനക്ക് അതിരുകളെ മായ്ച്ചു കളഞ്ഞു സ്പാനിഷിനെ യൊറൂബയിലേക്ക് അങ്ങനെയങ്ങ് ചാടിക്കടക്കാന്‍ ആവില്ല. അങ്ങനെ ചെയ്തുവെന്ന് അഭിനയിക്കാനെ കഴിയൂ.

മായയെക്കാള്‍ ഒമ്പതു വയസ്സിനു ഇളയവനായ അനിയന്‍ റ്റോമാസ് പാപിയെ ഏറെ ആരാധിക്കുന്നുണ്ട്. പാപിയും ചിലപ്പോഴൊക്കെ മാമിയും അവനെ ലണ്ടന്‍ ബേബി എന്ന് വിളിക്കുന്നു. ഗര്‍ഭാവസ്ഥ മറച്ചു വെക്കുന്നതിന് മാമി മായയെ ശകാരിക്കുന്നുണ്ട്. പഞ്ചസാര കാണുമ്പോള്‍ കരഞ്ഞു പോകുന്ന മാമിയേ അടിമത്തത്തിന്റെ വംശീയ സ്മൃതികളും ഷുഗര്‍ പ്ലാന്റെഷനുകളിലെ പൂര്‍വ്വികരെ കുറിച്ചുള്ള വേദനകളും ഇപ്പോഴും വേട്ടയാടുന്നു. കാസ്ട്രോ വിപ്ലവം ഒരു അക്കാഡമീഷ്യന്‍ എന്ന നിലയില്‍ തന്റേതും കൂടിയല്ല എന്ന തിരിച്ചറിവില്‍ ആണ് ചബേലയേയും ഏഴു വയസ്സുകാരി മായയേയും കൂട്ടി പാപി ലണ്ടനില്‍ എത്തുന്നത്. ഞാന്‍ എത്തിച്ചേര്‍ന്ന ഒരു ചിന്ത എന്തെന്നാല്‍, ഒരു കുട്ടിയെ ഒരു നാടിന്റെ സര്‍വ്വവ്യാപിയായ ഉപ്പിലിട്ടതില്‍ നിന്ന് പൊക്കിയെടുത്ത് ഒരു കുരുമുളകു പ്രയോഗം നടത്തി മറ്റൊരു നാട്ടില്‍ മുരിയിച്ചെടുക്കാന്‍ കഴിയുന്നതിന്റെ ആദ്യ ഭാഷയെ മറ്റൊരു ഭാഷയുടെ ചൂടന്‍ ഓയില്‍ കൊണ്ടു പടം പൊഴിപ്പിക്കുന്നതിന്റെ പരിധി കഴിയുന്ന ഒരു പ്രായമുണ്ട്. ഞാന്‍ അതിന്റെ തൊട്ടു മുമ്പാണ് ഇവിടെയെത്തിയത്.” സാത്താന്‍ ഒരു കുള്ളന്‍ നീഗ്രോ ആണെന്ന സെന്റ്‌ തെരേസ ഓഫ് ആവിലയുടെ നിരീക്ഷണം മായയുടെ ഹിസ്റ്റീരിയയെ ഉദ്ധീപിപ്പിക്കുകയും മാമിയുടെ വിവാഹ വസ്ത്രം കുത്തിക്കീറാനുള്ള പ്രവണത അവളില്‍ നിറയുകയും ചെയ്യുന്ന ഘട്ടമുണ്ട്. ക്രിസ്തീയമായ പൊറുത്തുകൊടുക്കല്‍ കാരണം സ്റ്റാലിനും ഹിറ്റ്‌ ലറും ഉള്‍പ്പടെ ഒരൊറ്റ ആത്മാവും നരകത്തില്‍ എത്തില്ലെന്നും ശഠിക്കുന്ന ചബേലയോട് മായ തറപ്പിച്ചു പറയുന്നു,:  എന്നാല്‍ തെരേസ ഒരു കൊടിച്ചിയാണ്ഞാന്‍ അവളെ നരകത്തിലാണ് പ്രതീക്ഷിക്കുന്നത്. ആ സന്ദര്‍ഭത്തില്‍ മായയുടെ മുഖഭാവത്തില്‍ ചകിതയാവുന്ന ചബേല ബാധയൊഴിപ്പിക്കലിന്റെ മന്ത്രങ്ങള്‍ ഓര്‍ത്തെടുക്കുന്നുണ്ട്.

 

പ്രവാസം, ദൈവങ്ങളുടെ അനാഥത്വം.

 

നിന്റെ മാതാപിതാക്കള്‍ നൈജീരിയയെ കുറിച്ച് ഇത്ര അഭിമാനിക്കാന്‍ നിന്നെ പടിപ്പിച്ചെങ്കില്‍ അവരെന്തേ ഇവിടെ?” എന്ന് ചോദിക്കുന്ന എയ്മി നിരീക്ഷിക്കുന്നുണ്ട്: ആളുകള്‍ അവര്‍ ജീവിക്കുന്നില്ലാത്ത ഒരു നാടിനോടുള്ള പ്രണയത്തെ അതേ കുറിച്ച് മിണ്ടാതിരിക്കാനുള്ള കഴിവുകേടിനുള്ള ഒഴികഴിവായി ഉപയോഗിക്കുന്നത് നിര്‍ത്തണം.” എയ്മിയുടെ നിരീക്ഷണം മായആരോണിനോട് പറയാന്‍ ആഗ്രഹിക്കുന്നതുമായും ചേര്‍ത്തു വെക്കേണ്ടതുണ്ട്: ഞാന്‍ എത്രകണ്ട് ക്യൂബന്‍ ആണോ അതില്‍ക്കൂടുതല്‍ ഘാനക്കാരന്‍ അല്ല നീ. .. നിങ്ങള്‍ തകര്‍ന്നു പോകുമ്പോള്‍ നാട് നിങ്ങളുടെ മേല്‍ അവകാശവാദം ഉന്നയിക്കില്ലഅനായാസം ശ്വസിക്കുകയെന്ന തന്ത്രം നിങ്ങള്‍ മറന്നു തുടങ്ങുമ്പോള്‍ - എങ്ങനെ ശ്വാസഗതി നേരെയാക്കാമെന്ന് നിങ്ങള്‍ തനിയെ പഠിക്കേണ്ടി വരും. പ്രവാസം എന്നത് ഒരു ‘സംഭവം’ അല്ലെന്നും മറിച്ച് ഒരു ‘അവസ്ഥ’ ആണെന്നും സൂചിപ്പിക്കുന്ന ആദ്യ നോവല്‍ ദി ഓപ്പോസിറ്റ് ഹൌസ് അല്ലെങ്കിലും അതിന്റെ ദുരവസ്ഥ മറ്റാരേക്കാളും ബാധിക്കുക ദൈവങ്ങളെയാണ് എന്ന് സമര്‍ഥിക്കുന്ന ആദ്യ കൃതി അതാണെന്ന് കാമില ഷംസി നിരീക്ഷിക്കുന്നു (The gods go abroad: Kamila Shamsie, www.theguardian.com).  മാമിയുടെ മൂര്‍ത്തീ സഞ്ചയത്തില്‍ എന്നതിനപ്പുറം നോവലിലെ മറ്റൊരു മുഖ്യ കഥാപാത്രം തന്നെയായ യമായ, യൊറൂബന്‍ ദേവതാ സങ്കല്‍പ്പമായ യമായ സാരമാഗുവയുടെ ഒരവതാരം തന്നെയാണ്. തന്റെ വിശ്വാസികളോടൊപ്പം ലോകത്ത് എല്ലാ ദിക്കിലും സഞ്ചരിച്ച ദേവത സാന്റെറിയ മതത്തില്‍ പ്രബല സാന്നിധ്യമാണ്. ദൈവങ്ങള്‍ പ്രവാസത്തിന്റെ അനാഥത്വം മറികടക്കുകയും അതിജീവിക്കുകയും ചെയ്യുക എത്തിച്ചേര്‍ന്ന ദേശത്തിലെ/ മതത്തിലെ പുണ്യാളന്മാരില്‍ കായപ്രവേശം നടത്തിയും ഒളിച്ചിരുന്നും തന്നെയാണ് എന്ന് നോവല്‍ സമര്‍ഥിക്കുന്നു.

“ഒരിഷകള്‍ ക്യൂബയിലേക്ക് എത്തിയത് 1500-ലെ കപ്പലുകളിലാണ്, അവ കറുത്ത പൊന്നിനുള്ള താല്‍ക്കാലിക സൂക്ഷിപ്പുപേടകങ്ങളായാണ് നിര്‍മ്മിക്കപ്പെട്ടത്. യൊറൂബ ദൈവങ്ങള്‍ പെട്രോള്‍ ചെയ്യുന്ന കപ്പലുകള്‍ കാര്‍ഗോയെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന കൂടുതല്‍ വലിയ സന്നിഗ്ധ ഘട്ടങ്ങളിലും മുന്നറിയിപ്പ് അലര്‍ച്ചകളിലും ഒളിപ്പിച്ചു വെച്ച അവസ്ഥയിലിരുന്നു ഇരുട്ടിലാണ് അവരുടെ ക്യൂബയെ കണ്ടെത്തിയത്. മുങ്ങി മരിക്കുമോ എന്ന ഭയത്തിലാണ് ദൈവങ്ങളെ ഒളിപ്പിച്ചു വെച്ചിരുന്നത്. തൊട്ടടുത്ത മനുഷ്യന്‍ തന്റെ വിപണി വില കുറയ്ക്കാനായി തന്റെ തലച്ചോറിനെ അപായപ്പെടുത്താന്‍ വേണ്ടി തല കപ്പലിന്റെ പാത്തികളില്‍ ആരും കാണാത്തെ വീണ്ടും വീണ്ടും വീണ്ടും ഇടിക്കുന്നതിന്റെ ഇടയിലാണ് അവയെ ഒളിപ്പിച്ചിരുന്നത്. ദൈവങ്ങള്‍ ഭയചകിതരായിരുന്നില്ല, പക്ഷെ അവര്‍ കരഞ്ഞു.

“സ്ഥലത്തെത്തിയപ്പോള്‍ ഒരിഷകള്‍ രഹസ്യമായി പ്രിയങ്കരരായി. അടിമകള്‍ കത്തോലിക്കരും അനുസരണ ശീലമുള്ളവരും ആകേണ്ടിയിരുന്നു, ഇല്ലെങ്കില്‍ അവര്‍ കൊല്ലപ്പെടും, അതിലും മോശമായതും സംഭവിക്കും. ‘അടിമ എന്ന പദം... ക്യൂബയില്‍ കറുത്ത വര്‍ഗ്ഗമെന്നാണ്. പാപി.. ആ വാക്കിനെ ഭയക്കുന്നു. മാമി ആ വാക്കിനുള്ളില്‍ ഒളിച്ചിരിക്കുന്നു..

“ക്യൂബയിലെ അടിമകള്‍ കുത്തിക്കീറിയ വെള്ള കിടക്ക വിരികളും പിളര്‍ത്തിയ മരത്തടിക്കഷണങ്ങളും മറിഞ്ഞു കിടക്കുന്ന തകര ബക്കറ്റുകളും കണ്ടപ്പോള്‍ അവരുടെ ദൈവങ്ങളെ തിരിച്ചറിയാന്‍ പഠിച്ചു. ഈ വസ്തുക്കള്‍ കുര്‍ബ്ബാന നടത്തപ്പെടുന്ന സ്ഥലങ്ങളെ അടയാളപ്പെടുത്തി. ഇപ്പോഴും നിങ്ങള്‍ക്ക് നിങ്ങളാരായിരുന്നു എന്ന് അറിയാമെങ്കില്‍ അതൊരു രഹസ്യമാക്കി വെക്കേണ്ടിയിരുന്നു. ദൈവങ്ങള്‍ പുണ്യാളന്മാര്‍ക്കും അപ്പോസ്തലന്മാര്‍ക്കും ഇടയില്‍ ഒളിച്ചിരുന്നു. വേണമെന്ന് വെച്ചാലല്ലാതെ ആരും അവരെ തിരിച്ചറിഞ്ഞില്ല; യൊറൂബയെയും കത്തോലിക്കാ മതത്തെയും ലയിപ്പിക്കാന്‍ ആളുകള്‍ കരുതിയ അത്രയും പ്രയാസമുണ്ടായില്ല. പുണ്യാളന്മാര്‍ ഞങ്ങളെ ദുരിതത്തില്‍ തള്ളിയതിലൂടെ ഞങ്ങളെ വെറുക്കുന്നുണ്ടായിരുന്നുവെന്നു ഉറപ്പായിരുന്ന ദൈവത്തോട് ഞങ്ങള്‍ക്ക് വേണ്ടി ഇടപെട്ടു. ഒരിഷകള്‍ ആവട്ടെ, ദൈവത്തിന്റെ ഇരുണ്ട വശം എന്ന നിലയില്‍ മിക്കവാറും ഞങ്ങളെ കൂടുതല്‍ വെറുത്ത ഒലോറൂണിനോട് ഞങ്ങള്‍ക്ക് വേണ്ടി ഇടപെട്ടു. വിശുദ്ധ കണ്ണീര്‍ വാര്‍ക്കുന്ന ഒരു പുണ്യാളന്റെ പെയ്ന്റിംഗും ഒരു ഒരിഷയുടെ കഥയും ഒരേ കാര്യമാണ് നിങ്ങളെ പഠിപ്പിക്കുക – നിങ്ങള്‍ ആര്‍ക്കെങ്കിലും വേണ്ടി കരയുന്നുവെങ്കില്‍, അതൊരു പ്രാര്‍ത്ഥനയായി കണക്കാക്കപ്പെടും.”

 

ഭിന്ന ലോകങ്ങളിലേക്ക് തുറക്കുന്ന ഭവനം

നോവല്‍ തുടങ്ങുന്നതും യമായയുടെ സങ്കേതമായ ‘സംവേര്‍ ഹൌസി’ല്‍ വെച്ചാണ് എന്നത് ഈ അതീത തലങ്ങള്‍ക്കുള്ള ആഖ്യാനത്തിലെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. ഒരു ഗോഥിക് ഭവനത്തിന്റെ അന്തരീക്ഷമുള്ള, “ചുറ്റും ഒരു നിശ്ശബ്ദത, പക്ഷികള്‍ ചകിതരാകുമ്പോള്‍ വനത്തിലുണ്ടാവുന്ന ശരിയല്ലാത്ത ശാന്തത” ചൂഴ്ന്നു നില്‍ക്കുന്ന ‘എങ്ങോ വീടി’ന് അതിന്റെ പേരു സൂചിപ്പിക്കും പോലെ വൈരുധ്യങ്ങളിലേക്ക് തുറന്നിരിക്കുന്ന അപൂര്‍വ്വ പ്രകൃതം തന്നെയാണുള്ളത്: അതിന്റെ കീഴ്നിലക്ക് രണ്ടു വാതിലുകള്‍ ഉണ്ട്: “ഒരു വാതില്‍ യമായയെ നേരെ ലണ്ടനിലേക്ക്, ഇരുട്ടിയതിനു ശേഷമുള്ള നഗരത്തിന്റെ പരുക്കന്‍ മൂളലിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. മറ്റേ വാതില്‍ ആ കീറിപ്പറിഞ്ഞ കോമാളിയായ ലാഗോസിന്‍റെ വരയന്‍ പതാകയുടെയും പാചക ഗന്ധ ആഹ്ലാദത്തിലേക്കും തുറക്കുന്നു – ഈ വാതില്‍ എപ്പോഴും വര്‍ണ്ണ ശബളമാം വിധം പകലായ ഒരിടത്തേക്ക് തുറക്കുന്നു.” വിചിത്ര ഭാവങ്ങളുള്ള ഈ വീട്ടിലെ സംഭവ വികാസങ്ങളിലൂടെ ഒരു മനോ വിജ്ഞാനീയ നാടകത്തിന്റെ ദൃഷ്ടാന്ത കഥാ പരിസരത്തിലൂടെ നോവല്‍ വികസിക്കുന്നു. യൊറൂബ – ക്യൂബന്‍ മത ദര്‍ശനങ്ങളുടെ മിശ്രിതമായ സാന്റെരിയ വിശ്വാസക്രമത്തിലെ ആദിരൂപങ്ങളാണ് എങ്ങോ വീട്ടിലെ അന്തേവാസികള്‍ എന്ന് കാണാം. യമായ ഇവിടെയാണ്‌ താമസം. അവള്‍ ഒരു ‘ഒരിഷ’യാണ് – ‘കഥകളില്‍ നിന്നുള്ള ഒരു മാരക സുഹൃത്ത്’. സാന്റെരിയന്‍ വിശ്വാസത്തില്‍ സ്ത്രീകളുടെയും ഗര്‍ഭിണികളുടെയും അതിദേവത.

മായയുടെ വ്യക്തിത്വത്തിലെ നിരന്തരം പുതുക്കിപ്പണിയലിനു നിര്‍ബന്ധിതയാക്കുന്ന വൈരുധ്യങ്ങള്‍ പോലെത്തന്നെ അവളുടെ കൂട്ടുകാരന്‍ ആരോണിന്റെ കാര്യത്തിലും വൈരുദ്ധ്യങ്ങളുടെ മുഖാമുഖമുണ്ട്. വെളുത്ത വര്‍ഗ്ഗക്കാരന്‍, ഘാന സ്വദേശി,  ജൂതന്‍ എന്നീ നിലകളില്‍ സമാനമായ മറ്റൊരു സാംസ്കാരിക സംഘര്‍ഷം സ്വയം അനുഭവിക്കുന്ന ആളാണ്‌ പെക്കാമില്‍ അവള്‍ കൂടെ കഴിയുന്ന ആരോണ്‍. ഭാഷാ പ്രയോഗത്തിലെ വൈജാത്യങ്ങള്‍ നോവലില്‍ പലവുരു സൂചിപ്പിക്കപ്പെടുന്നുണ്ട്. കുറ്റമറ്റ ഇംഗ്ലീഷ് സംസാരിക്കുന്ന മായയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് കനത്ത വൈദേശിക സ്വാധീനമുള്ള ആരോണിന്റെ മോഴിവഴക്കം. അയാള്‍ ഉപയോഗിക്കുന്ന ആഫ്രിക്കന്‍ ഭാഷാ പ്രയോഗങ്ങലാവട്ടെ മയക്കു തീര്‍ത്തും അന്യവുമാണ്. ഭാഷാ പ്രയോഗം രാഷ്ട്രീയമായി അനഭിമാതരായവരുടെ മാനവികതയെ തന്നെ തിരസ്കരിക്കാന്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും നോവലില്‍ സൂചനയുള്ളത് ഓര്‍മ്മിക്കാവുന്നതാണ്. വിപ്ലവ വിരുദ്ധരായി മുദ്ര കുത്തപ്പെട്ടവര്‍ ‘പുഴുക്കള്‍’ എന്നയര്‍ത്ഥത്തില്‍ ‘ഗുസാനോ’ എന്ന് വിവരിക്കപ്പെടുമായിരുന്നതിനെ കുറിച്ച് ഒരു കഥാപാത്രം പറയുന്നുണ്ട്.

നോവല്‍ ആരംഭിക്കുമ്പോള്‍ മായ താന്‍ ഗര്‍ഭിണിയാണോ എന്ന സന്ദേഹത്തിലാണ്. ഭാവിയെ വിഭാവനം ചെയ്യാനും സ്വയം പിറകോട്ടു നോക്കുമ്പോഴും മുന്നോട്ടു പോകാനും പ്രേരിപ്പിക്കുന്ന ഗര്‍ഭകാലം എന്നത് ഒട്ടേറെ അന്തര്‍ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്ന ഒരു അവസ്ഥയെന്ന നിലയില്‍ ഒയെയെമിയുടെ പ്രത്യേക ആഖ്യാന സിദ്ധിയുടെ മാറ്റുരക്കുന്ന സന്ദര്‍ഭമാണ്. ഗര്‍ഭചിദ്രം സംഭവിച്ചോ എന്ന സന്ദേഹം ശക്തമാകുന്ന സന്ദര്‍ഭങ്ങളും സ്വയം നശീകരണ പ്രവണത തീവ്രമാകുന്ന ഘട്ടങ്ങളും ഇതിനിടെ മായ നേരിടുന്നുണ്ട്. ഗര്‍ഭസ്ഥ ശിശു എന്താണെന്ന് അറിയും മുമ്പേ അവനെ ആഗ്രഹിച്ചതിലൂടെഅസൂയ കൊണ്ട്താന്‍ അവനെ കൊന്നു കളഞ്ഞു എന്ന് മായ കരുതുന്നു. അല്ലെങ്കില്‍ ചവറുകള്‍ ഭക്ഷിച്ചു. ഇല്ലെങ്കില്‍ ചബെലയെ പോലെ ഇനിയും അതിന്റെ ഇരട്ടി കൂടി തള്ളിക്കളഞ്ഞേ തന്റെ ശരീരം പുതിയതൊന്നിനെ സൃഷ്ടിക്കൂ എന്നത് കൊണ്ട്. ഗര്‍ഭ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ മായ കൂടുതല്‍ കൂടുതലായി ഭാവനയുടെയും ഓര്‍മ്മകളുടെയും ലോകത്തെക്ക് പിന്‍ വലിയുന്നതു ആരോണിനെ അങ്കലാപ്പിലാക്കുന്നു. സന്റെരിയ വിശ്വാസം തലക്കു പിടിച്ച മാമിയോ യുക്തിചിന്തയുടെ ഏകാധിപത്യത്തില്‍ മാമിയോട് എപ്പോഴും ഇടയുന്ന പാപിയോ അവള്‍ക്ക് കൂട്ടില്ല. എയ്മിയാകട്ടെ ചിലപ്പോള്‍ അവളുടെ സ്വന്തം ലോകത്തുമാണ്. വേണ്ടപ്പെട്ടവരില്‍ നിന്ന് അകറ്റപ്പെടുക അഥവാ മറ്റൊരു വേഷത്തില്‍ മാത്രം അവരോടു സഹവസിക്കാനാവുക എന്ന യൊറൂബന്‍ ദേവതകളുടെ സംത്രാസം അനുഭവിക്കുന്ന യമായ ഗര്‍ഭിണികളുടെ സംരക്ഷകയായി കണക്കാക്കപ്പെടുന്ന മൂര്‍ത്തിയാണ് എന്നിടത്താവാം നോവലിലെ മായ/ യമായ ബന്ധുത്വത്തിന്റെ സൂചകം അടങ്ങിയിയിട്ടുള്ളത് എന്ന് കാമില ഷംസി നിരീക്ഷിക്കുന്നു. എന്നാല്‍ ഒയെയെമി അതിസൂക്ഷ്മ സൂചകങ്ങളുടെയും ധ്വനികളുടെയും എഴുത്തുകാരിയാണ് എന്നിരിക്കെ മായയേയും യമായയെയും പോലെ ബന്ധിതരും പെട്ടുപോയവരുമായ കഥാപാത്രങ്ങളുടെ വൈകാരിക സംഘര്‍ഷങ്ങളെ സുനിശ്ചിത അര്‍ത്ഥതലങ്ങളില്‍ കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ അത്ര വിജയകരമാകില്ല തന്നെ.

(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് ഭാഗം -1

ലോഗോസ് ബുക്സ്  പേജ് - 120 - 130)

To purchase, contact ph.no:  8086126024


more on spirit child themes:

The Icarus Girl by Helen Oyeyemi

https://alittlesomethings.blogspot.com/2017/09/blog-post_19.html

Freshwater by Akwaeke Emezi

https://alittlesomethings.blogspot.com/2024/08/freshwater-by-akwaeke-emezi.html

 

Tuesday, September 19, 2017

The Icarus Girl by Helen Oyeyemi




അരൂപിയായ ഇരട്ട (spirit doubles) എന്ന മിത്തിന്റെ ഉത്ഭവം പുരാതന സംസ്കൃതികളില്‍ കഥകളിലും കലാരൂപങ്ങളിലുമായി ഒട്ടേറെ പ്രഭവങ്ങളില്‍ കണ്ടെത്താനാവുംഅതിലേറ്റവും പ്രധാനമായ ആള്‍ട്ടര്‍ ഈഗോ സൂചകമായി കണക്കാക്കപ്പെടുന്നത് ജീവിച്ചിരിക്കുന്ന ഒരാളുടെ നിഴലില്ലാത്ത തനിസ്വരൂപമായി സങ്കല്പിക്കപ്പെട്ടിട്ടുള്ളഅപശകുനത്തെയോ ആസന്ന മരണത്തെയോ സൂചിപ്പിക്കുന്ന പ്രതിഭാസത്തെ (doppelgänger) ആണ്ഈ പ്രത്യക്ഷത്തിന്റെ ഉപദേശങ്ങള്‍ കേള്‍ക്കുന്നതോ സ്വീകരിക്കുന്നതോ എന്ത് വിലകൊടുത്തും ഒഴിവാക്കേണ്ടതാണ് എന്ന് വിശ്വസിക്കപ്പെട്ടുകല്‍പ്പിത കഥാ സാന്നിധ്യങ്ങള്‍ എന്ന് പൊതുവേ വിലയിരുത്തപ്പെടുന്നുവെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ഈ പ്രതിഭാസം പ്രവര്‍ത്തിച്ചതിന്റെതായ ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്ഇതിലേറ്റവും പ്രശസ്തമായത്‌ നോഹ് ബ്രൂക്സ് 'വാഷിംഗ്ടണ്‍ ഇന്‍ ലിങ്കന്‍'സ് ടൈംഎന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുള്ളതാണ് എന്ന് കണക്കാക്കപ്പെടുന്നു. 1860 -ല്‍ ലിങ്കന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച ഉടന്‍ ഒരു നാളില്‍ കണ്ണാടിയില്‍ താന്‍ ഒരിരട്ട പ്രതിരൂപമായി പ്രതിഫലിക്കുന്നതായി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടുഒരു പാതിയില്‍ കാണപ്പെട്ട വിളര്‍ച്ച അദ്ദേഹം തന്റെ ഔദ്യോഗിക മണ്ഡലത്തില്‍ ആദ്യ ഊഴം വിജയകരമായി പൂര്‍ത്തിയാക്കുമെങ്കിലും രണ്ടാമൂഴം മുഴുവനാക്കില്ല എന്നാണു സൂചിപ്പിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഭയപ്പെട്ടുഗ്രീക്ക് പുരാണത്തിലെ നാര്‍സിസ്സസ് , അലന്‍ പോയുടെ ഗോഥിക് കഥകള്‍ജെയിംസ്‌ ഹോഗിന്റെ ( James Hogg) "Private Memoirs and Confessions of a Justified Sinner, ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്റെഴ്സന്റെ ദി ഷാഡോസ്റ്റീവന്സന്റെ (R L Stevenson) ഡോക്റ്റര്‍ ജെകില്‍ ആന്‍ഡ്‌ മിസ്റ്റര്‍ ഹൈഡ് , ദസ്തയവ്സ്കിയുടെയും സരമാഗുവിന്റെയും 'ദി ഡബിള്‍എന്ന ഒരേ പേരിലുള്ള നോവലുകള്‍ തുടങ്ങി ഒട്ടേറെ രചനകളില്‍ ഈ പ്രതിഭാസം വ്യത്യസ്ത രൂപത്തില്‍ കടന്നുവരുന്നുണ്ട്പുരാതന സൊരാഷ്ട്രിയന്‍ മിത്തുകളിലെ നിതാന്തമായ 'ഓര്‍മുസ്ദ് -ആഹ്രിമാന്‍നന്മ-തിന്മ ദ്വയങ്ങളിലും,   ഇജിപ്ത്യന്‍ പുരാണത്തിലെ ' ' (KA) സങ്കല്‍പ്പത്തിലും നോഴ്സ് മിത്തോളജി തുടങ്ങി മറ്റനേകം പുരാതന സങ്കല്‍പ്പങ്ങളിലും ഇത്തരം സങ്കല്പ്പങ്ങളുണ്ട്ഗര്‍ഭിണികള്‍ക്ക് അപശകുനമാകുകയും ഗര്‍ഭസ്ഥ ശിശുവിന് രോഗാവസ്ഥ നല്‍കുകയും അല്ലെങ്കില്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ മോഷ്ടിച്ച് പകരം ഇത്തരം 'മാറ്റിവെച്ച' (changelings) കുട്ടികളെ നല്‍കുകയും ചെയ്യുന്ന കൊച്ചു കിന്നര ജീവികളെ കുറിച്ചുള്ള ഭയപ്പാടുകള്‍ സ്കോട്ട് ലാന്‍ഡിലെ ഓര്‍ക് നി ദ്വീപുകളില്‍ സജീവമാണ്.   അമേരിക്കന്‍ ആദിവാസികള്‍ക്കിടയിലും ഇരട്ടകളെ സംബന്ധിച്ച് സമാനമായ ഉത്പത്തിസൃഷ്ടി പുരാണങ്ങള്‍ പ്രബലമാണ്ആധുനിക ശാസ്ത്ര വീക്ഷണത്തില്‍ തലച്ചോറിനേല്‍ക്കുന്ന ക്ഷതമോ മറ്റോ മനുഷ്യരുടെ വിവേചനബുദ്ധിയില്‍ ഉണ്ടാക്കാനിടയുള്ള പ്രതികരണങ്ങള്‍ ഇത്തരം വ്യക്തിത്വദ്വന്ദ്വ ബോധ പ്രതിസന്ധി തീര്‍ത്തേക്കാംഅല്ലെങ്കില്‍ അത് പ്രത്യക്ഷങ്ങളുടെ  (vision) യോ മായക്കാഴ്ചയുടെയോ (hallucination) കാരണം കൊണ്ടാവാംഅതുമല്ലെങ്കില്‍ നമ്മള്‍ അതിജീവിക്കുന്നത് ഒരു സമാന്തര ലോകത്താണ് എന്നതിനാലും ഇവിടെയുള്ള എല്ലാത്തിനും മറ്റൊരു തലത്തില്‍ അനുകരണമുണ്ട് എന്നതിനാലും ആവാം.

 

ജെസ്സമി - ഒറ്റപ്പെടലിന്റെ കൗമാര വിഹ്വലതകള്‍

ദസ്തയവ്സ്കിയെയും സാരമാഗുവിനെയും പോലെ കൈത്തഴക്കമുള്ള പ്രതിഭാശാലികള്‍ കൈകാര്യം ചെയ്ത ഒരു പ്രമേയത്തില്‍ സധൈര്യം കൈവെക്കുകയും തന്റെ ആദ്യ കൃതിയില്‍ തന്നെ അത് സാമാന്യം ഭംഗിയായിത്തന്നെ സാക്ഷാത് കരിക്കുകയും ചെയ്യുക എന്ന വെല്ലുവിളിയാണ് നൈജീരിയയില്‍ ജനിച്ചു ഇംഗ്ലണ്ടില്‍ വളര്‍ന്ന ഹെലന്‍ ഒയെയെമി എന്ന യുവ എഴുത്തുകാരി തന്റെ പതിനെട്ടാം വയസ്സില്‍ എഴുതിപ്പൂര്‍ത്തിയാക്കിയ ദി ഐക്കാറസ് ഗേള്‍ എന്ന നോവലിലൂടെ സാധിക്കുന്നത്ഒരേ സമയം രണ്ടു വ്യത്യസ്ത സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെയും ഒരു കൌമാരക്കാരിയുടെ മാനസിക വിഭ്രാന്തികളുടെയും ദുരൂഹമായ ശൈഥില്യത്തിന്റെയും കഥ പറയുകയും ഒരു ഭീകര കഥയുടെ അന്തരീക്ഷത്തോട് ചേര്‍ന്ന് പോവുമ്പോഴും യാഥാര്‍ത്ഥ്യ ബോധമുള്ള സാഹിത്യ സൃഷ്ടിയായിരിക്കുയും ചെയ്യുന്നു എന്നതാണ് ഒയെയേമിയുടെ നേട്ടത്തെ തിളക്കമുള്ളതാക്കുന്നത്.

 

എട്ടു വയസ്സുകാരിയായ ജെസ്സമി ഹാരിസന്റെ മാനസിക സംഘര്‍ഷങ്ങളുടെ ഉറവിടം /ഉറവിടങ്ങള്‍ കൃത്യമായി വ്യവചേദിക്കുക ദുസ്സാധ്യമാവാംഎന്നാല്‍ മെഡിസിന്‍ പഠിക്കാന്‍ ഇംഗ്ലണ്ടില്‍ പോയി ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് തിരിഞ്ഞ നോവലിസ്റ്റ് കൂടിയായ സാറയെന്ന നൈജീരിയന്‍ മാതാവിന്റെയും ഇംഗ്ലീഷുകാരനായ പിതാവിന്റെയും മകളെന്ന നിലയില്‍ രണ്ടു സംസ്കാരങ്ങള്‍ക്കിടയില്‍ കുരുങ്ങിപ്പോയവളാണ് അവള്‍ഒപ്പം ഒരു വശത്ത്‌ അസാമാന്യ സംവേദന സ്വഭാവവും മറുവശത്ത്‌ ഉള്ള പ്രായത്തിനു ചേരാത്ത ദുര്‍വ്വാശികളും ഹിസ്റ്റീറിയ ബാധിച്ച പോലെ ചീറിക്കരയുന്ന പ്രകൃതവും അവളുടെ സ്വഭാവത്തിലെ വൈരുധ്യങ്ങളാണ്നോവല്‍ ആരംഭത്തില്‍ തന്നെ സ്വന്തം വ്യക്തിത്വം പറഞ്ഞുറപ്പിക്കേണ്ടതിന്റെ ആവശ്യകത ഏറ്റുപറയുന്ന ജെസ്സമിയെ നാം കാണുക ഒരു കബോഡില്‍ ഒളിച്ചിരിക്കുന്ന അവസ്ഥയിലാണ്. “അവള്‍ക്ക് തോന്നി അവളിതു പറയേണ്ടിയിരിക്കുന്നുഅപ്പോള്‍ അത് യാഥാര്‍ത്ഥ്യമാകുംഅത് അവള്‍ സ്വയം ഉറക്കത്തില്‍ നിന്നുണര്‍ന്നു തന്നോട് തന്നെ പറയുമ്പോലെ ആയിരുന്നുഎന്റെ പേര് ജെസ്സമി എന്നാണ്.   എനിക്ക് എട്ടു വയസ്സാണ്.” ഏകാകിനിയായ ജെസ്സിക്ക് മറ്റുള്ളവരുടെ മുന്നിലിരുന്നു ഭക്ഷണം കഴിക്കാനും ആളുകളുടെ മുഖത്തു നോക്കാനും പ്രയാസമുണ്ട്കിടപ്പറയുടെ തറയില്‍ കിടന്നു ഇരുട്ടില്‍ ഹൈകു രചിക്കുകയും ഹാംലെറ്റിനെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ജെസ്സിക്ക് അഞ്ചാം തരത്തിലേക്ക് കയറ്റം കിട്ടിയത് ഇഷ്ടമായിട്ടില്ലഅവളോട്‌ ചോദിച്ചാല്‍ നാലാം തരത്തിലേക്ക് അവള്‍ തിരിയെ പോയേനെഅമ്മ സാറ കടുത്ത ശിക്ഷാ മുറകള്‍ കൊണ്ട് അവളെ മെരുക്കിയെടുക്കാന്‍ ശ്രമിക്കുന്നത് അവരുടെ നൈജീരിയന്‍ പാരമ്പര്യം കൊണ്ടാണെന്ന് സൂചനയുണ്ട്തലയ്ക്കു കിഴുക്കുന്ന സ്വഭാവം ജെസ്സിയുടെ ഹിസ്റ്റീരിയയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടതാണോ എന്ന് വ്യക്തമല്ലഎന്നാല്‍ അമ്മ നല്കാന്‍ കൂട്ടാക്കാത്ത വാത്സല്യം കൂടി അച്ഛന്‍ ഡാനിയല്‍ അവള്‍ക്ക് നല്‍കുന്നുണ്ട്ക്ഷമയുടെ സീമകള്‍ ലംഘിക്കുന്ന ഒരപൂര്‍വ്വ ഘട്ടത്തില്‍ മാത്രം അയാള്‍ അവളെ ശിക്ഷിക്കുന്നത് ഇതിവൃത്തത്തിലെ നിര്‍ണ്ണായകമായ ഒരു വഴിത്തിരിവിനു കാരണമാവുകയും ചെയ്യും.

 

അന്യയായി ഒരുപാതി ലോകം ദൂരെ

നിഗൂഡ പ്രകൃതമുള്ള ജെസ്സമിക്ക് ഏറെ കൂട്ടുകാര്‍ ഇല്ലെന്നതും സ്കൂളിലും വീട്ടിലും പലപ്പോഴും പെരുമാറ്റ പ്രശ്നങ്ങളില്‍ (adjustment problems) അവള്‍ പെട്ടുപോകുന്നു എന്നതും സ്വാഭാവികമാണ്.   അങ്ങനെയാണ് നോവല്‍ മാനസികാരോഗ്യവും അസാധാരണ പ്രകൃതങ്ങളുംസൗഹൃദങ്ങളും നഷ്ടങ്ങളുംഇരട്ടകളും സാങ്കല്‍പ്പിക സഹചാരികളും തുടങ്ങിയ പ്രമേയ ദ്വന്ദ്വങ്ങളിലേക്ക് കൂടി വ്യാപരിക്കുകഒരു മാറ്റം ആവശ്യമുണ്ടെന്നു അമ്മ തീരുമാനിക്കുന്നതാണ് അവരെ നൈജീരിയയില്‍ കുടുംബ വീട് സ്ഥിതി ചെയ്യുന്ന ഇബാദാനില്‍ എത്തിക്കുന്നത്യാത്രയില്‍ തന്റെ പതിവ് വിഭ്രാന്തിയോടെ മലേറിയ ഗുളിക കഴിക്കാന്‍ ജെസ് വിസമ്മതിക്കുന്നുണ്ട്സ്നേഹനിധിയും ഗംഭീര പിതൃ സ്വരൂപവുമായ മുത്തച്ചന്‍ ജിബേംഗാ ഒയെഗ്ബേബിയും ഒട്ടേറെ ബന്ധുക്കളുമുള്ളയൊറൂബയും ഇംഗ്ലീഷും മാറിമാറി സംസാരിക്കുന്ന കൂട്ടുകുടുംബ സമുച്ചയത്തിലും ജെസ്സമിക്ക് ഇണങ്ങിച്ചേരുക എളുപ്പമല്ലനൈജീരിയ അവള്‍ക്കും ഡാനിയേലിനും മറ്റൊരു വര്‍ണ്ണ പ്രപഞ്ചമാണ്‌. “ഇവിടെ അവള്‍ പാതി ലോകം ദൂരെയായിരുന്നുഎപ്പോഴും അന്യയായി.” മുത്തച്ചന്‍ നല്‍കുന്നമറ്റാരും ഒരിക്കലും ഉപയോഗിക്കുന്നേയില്ലാത്ത യൊറൂബ പേര് അവള്‍ക്ക് സ്വന്തമായി തോന്നുന്നതേയില്ല. “വുറാവോല മറ്റൊരു വ്യക്തിയായിത്തോന്നിഒരിക്കലും താനല്ല.” ഈ വ്യക്തിത്വ പ്രതിസന്ധിയിലേക്കാണ് മുമ്പ് വീടിനോട് ചേര്‍ന്നുള്ള വേലക്കാരുടെ വസതിയായിരുന്ന 'ബോയ്സ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് ദുരൂഹമായ രീതിയില്‍ പുറപ്പെട്ട വെളിച്ചത്തില്‍ ആകൃഷ്ടയായി ചെറിയൊരു പര്യവേഷണം നടത്തിയ ജെസ്സിയെ തേടി അപര സ്വത്വമായോ പ്രതിബിംബമായോ ഒന്നും തീര്‍ച്ചയില്ലാത്ത ടിറ്റിയോല എന്ന ടില്ലി ടില്ലി സംഭവിക്കുന്നത്‌. “ഒരു പെണ്‍കുട്ടി നിശ്ശബ്ദയായി അവള്‍ക്കു മുകളില്‍ നില്‍ക്കുന്നുണ്ടായിരുന്നുഅവള്‍ ഇടുങ്ങിയ ഇരുണ്ട കണ്ണുകളിലൂടെ അവളെ നോക്കിക്കൊണ്ടിരുന്നു.   അവ അത്രക്കും കറുപ്പായിരുന്നത് കൊണ്ട് തറയില്‍ കിടന്നു നോക്കിയപ്പോള്‍ കൃഷ്ണമണികള്‍ ഇല്ലാത്തതായി തോന്നിഅവളുടെ രൂപത്തില്‍ പതിവിനു ചേരാത്ത എന്തോ ഒന്നുണ്ടായിരുന്നു.   അവള്‍ അധികം നീളമുള്ളവളായിരുന്നോ.. .അതേ സമയം കുറിയതും?” അവരുടെ സൗഹൃദം വളരുകയും വിലക്കപ്പെട്ട അപ്രതീക്ഷിത ഇടങ്ങളിലേക്ക് ടില്ലി അവളെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നുഅവള്‍ അവിശ്വസനീയമായ രീതിയില്‍ പൂട്ടിയിട്ട ഗേറ്റുകള്‍ തുറക്കുകയും മറ്റാരും കാണാതെ പലയിടങ്ങളിലും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുഇംഗ്ലണ്ടില്‍ തിരികെയെത്തുമ്പോള്‍ സ്കൂളില്‍ ഏറെ പെരുമാറ്റ പ്രശ്നങ്ങളില്‍ പെട്ടുപോകുന്ന ജെസ്സി , ടില്ലി കൂടെയുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുമ്പോള്‍ പൊടുന്നനെ അവള്‍ വാതില്‍ക്കലെത്തുന്നു. “ഞാനും മാതാപിതാക്കളും ഈ ഭാഗത്തേക്ക് താമസം മാറി.”

 

ടില്ലിജെസ്സിയെ പോലുള്ള എകാകിനിയും മാനസിക വിഭ്രാന്തികള്‍ക്കടിപ്പെട്ടവളുമായ ഒരു കുട്ടിയുടെ ഭ്രമസൃഷ്ടി മാത്രമാണോ എന്ന വായനാക്കാരന്റെജെസ്സിയുടെയുംസംശയങ്ങളെ അസ്ഥാനത്താക്കും വിധം അവളുടെ ദുരൂഹ ശക്തികളുടെ പ്രതിഫലനങ്ങളെങ്കിലും മൂര്‍ത്ത രൂപം പ്രാപിക്കുന്നുണ്ട്‌ടില്ലി പ്രതിനിധാനം ചെയ്യുന്ന പ്രാചീനമോ പ്രാകൃതമോ ആയ ദുരൂഹതകള്‍ പോകെപ്പോകെ കൂടുതല്‍ അപകടകരവും ജെസ്സിക്ക് വേണ്ടിയുള്ള ശത്രുസംഹാരമെന്ന വ്യാജേനയുള്ള ഹിംസാത്മകതയും ആയിത്തീരുന്നതോടെ പുരാണ പ്രോക്തമായ അപശകുന പ്രതിഭാസം എന്ന സാധ്യത വ്യക്തമായിത്തുടങ്ങുന്നുജെസ്സിയുടെ നല്ല സുഹൃത്തായി ടില്ലിക്ക് എതിരാളിയാവുന്ന,   ജെസ്സിയുടെ മനോരോഗ വിശകലനം നടത്തുന്ന ഡോമക് കെന്‍സിയുടെ മകളായ വെള്ളക്കാരി പെണ്‍കുട്ടി സിയോഭാന്‍ എന്ന ശിവ്സ് , സ്കൂളില്‍ സംഘം ചേര്‍ന്ന് ജെസ്സിയെ റാഗ് ചെയ്യുന്നതിന് നേതൃത്വം കൊടുക്കുന്ന 'കിടക്കയില്‍ മുള്ളുന്നപ്രശ്നമുള്ള കൊളീന്‍ജെസ്സിയെ വല്ലാതെ അലട്ടുന്ന ഒരു ടീച്ചര്‍ തുടങ്ങിയവരെ മാത്രമല്ല അവളുടെ അച്ഛനെയും മാരകമായി അപായപ്പെടുത്തുന്നുണ്ട് ടില്ലിഅവശനായി കിടക്കുന്ന അച്ഛനില്‍ ടില്ലിയുടെ ഗന്ധം - "ഹരിതാഭമായ മണ്‍ വാസന"- ജെസ്സി തിരിച്ചറിയുന്നുഒരു ഘട്ടത്തില്‍ കൌതുകത്തിന്റെ തിരതള്ളലില്‍ ടില്ലിയോടു സ്വയം വെച്ചു മാറുന്ന ജെസ്സി ആ അവസ്ഥയുടെ ദൈന്യവും വേദനയും തിരിച്ചറിയുകയും പിന്നീടങ്ങോട്ട് അത്തരം വെച്ച് മാറലില്‍ തല്പ്പരയല്ലാതാവുകയും ചെയ്യുന്നുണ്ട്. "ശുദ്ധീകരിക്കപ്പെടുന്നതിനു എത്രമാത്രം മുറിവേറ്റു വാങ്ങാനുണ്ടെന്നുജെസ്സിക്ക്‌ അറിയില്ലായിരുന്നു എന്ന് നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. “അകത്തു അത്രയ്ക്ക് തണുപ്പായിരുന്നതിനാല്‍ അത് ചൂട് പോലായിരുന്നുജ്വലിക്കുന്ന കല്‍ക്കരി പോലെ,   അതിനകത്ത് ടില്ലി ടില്ലി ഉണ്ടായിരുന്നില്ലപകരം ഈ പൊട്ടിത്തെറിക്കല്‍ മാത്രംപതഞ്ഞുയരുന്ന ചൂട്അവള്‍ക്ക് ഈ ജ്വാലയെ തന്റെ ഉള്ളില്‍ നില നിര്‍ത്താന്‍ കഴിഞ്ഞില്ലകാരണം അത് കെടുത്തിക്കളയേണ്ടതുണ്ടായിരുന്നു.” ജെസ്സിയെ വല്ലാതെ ഉടമപ്പെടുത്താന്‍ ശ്രമിക്കുന്ന ടില്ലി ശിവ്സിനോട് പകയുള്ളവളായിത്തീരുന്നതിനു കാരണം ജെസ്സി അവളില്‍ അല്‍പത്തം കാണുന്നത് കൂടിയാണ്. “നീ വളരെ അല്പത്തമുള്ളവളാണ് , ടില്ലി - വളരെ , ബുദ്ധിമതിയാണെങ്കിലുംനീ എന്നെയും അല്പത്തക്കാരി ആക്കുന്നുനിന്റെ കൂടെയുള്ളതിലേറെ എനിക്ക് സഹോദരിയായി തോന്നുന്നത് ശിവ്സിന്റെ കൂടെയാണ്.... സുരക്ഷിതവുംഎന്ന് ജെസ്സി പറയുന്നുഎന്നാല്‍ ടില്ലിയാവട്ടെഅവര്‍ക്കിടയിലെ ബന്ധം അതിനപ്പുറമാണ് എന്ന് സമര്‍ഥിക്കുന്നു. “നമ്മളെ പോലെ ഒരേ സ്ഥലത്ത് നിന്ന് അല്ലാത്തവര്‍ക്ക് അതൊക്കെ മനസ്സിലാവില്ല. .. ഞാന്‍ ഇബദാനില്‍ വെച്ച് നിന്റെ അരികില്‍ വന്നതിനു കാരണം നീ ദുഃഖിതയായിരുന്നുതികച്ചും എകാകിനിയുംഇവിടെ ഞാന്‍ നിന്റെയരികില്‍ വന്നതിനു കാരണം നീ ദുഃഖിതയായിരുന്നുതികച്ചും എകാകിനിയുംനിനക്കിനിയും ഒരു ഇരട്ടയില്ലായിരുന്നുഞാന്‍ വരണമെന്ന് നീ ആഗ്രഹിക്കയും ചെയ്തു.” ടില്ലിയുടെ പദ്ധതികളില്‍ "ഇനിയങ്ങോട്ട് കുഴപ്പങ്ങളുടെ നീണ്ട നിരയായിരിക്കുംഅങ്ങനെ തനിക്കിനി ജെസ്സി ആയിരിക്കാന്‍ തോന്നാതാവും.” എന്ന് ജെസ്സി മനസ്സിലാക്കുന്നുണ്ട്.

 

മൂന്നു ലോകങ്ങളിലെ ഇരട്ട

ടില്ലിയില്‍ നിന്നാണ് നിഗൂഡ രീതിയില്‍ കട്ടിലിലെ വിരിപ്പുകള്‍ക്കിടയില്‍ കാണുന്ന കുഞ്ഞിന്റെ പ്രത്യക്ഷത്തിന്റെ രൂപത്തില്‍ ചാപ്പിള്ളയായി പിറന്ന തന്റെ ഇരട്ടയെ സംബന്ധിച്ച് ജെസ്സി അറിയുക. "നമ്മള്‍ പരസ്പരം രണ്ടു പേര്‍ക്കുമുള്ള ഇരട്ടകള്‍ ആണ് ഇപ്പോള്‍!" എന്ന് പലവുരു ടില്ലി പറയുന്നതിന് ഈയര്‍ത്ഥം കൂടിയുണ്ട്ഒരു ഉറക്കത്തിലേക്ക് പോകുന്നതിനിടെ ടില്ലിയുടെ വിവരണം ജെസ്സി കേള്‍ക്കുന്നുണ്ട്, "നിന്റെ ഇരട്ടയുടെ പേര് ഫേണ്‍ എന്നായിരുന്നുഅവള്‍ക്കൊരു ശരിയായ പേര് തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് അവസരം കിട്ടിയില്ലഒരു യൊറൂബ പേര്കാരണം അവള്‍ പിറവിയിലേ മരിച്ചിരുന്നുനീ ജനിച്ചതിനു തൊട്ട് പിറകെനീ അത്രയും ശൂന്യയായിരുന്നു ജെസ്സീനിന്റെ ഇരട്ടയെ കൂടാതെനിന്റെ മൂന്നു ലോകങ്ങളിലും ഒപ്പം നടക്കാന്‍ നിനക്കാരും കൂട്ടുണ്ടായിരുന്നില്ലഎനിക്കറിയാംഎന്റെ കാര്യവും അത് തന്നെഎത്രയോ നാളായി ഞാനും നിന്നെപ്പോലെത്തന്നെയായിരുന്നു ! പക്ഷെ ഇപ്പോള്‍ ഞാന്‍ ഫേണ്‍ ആണ്ഞാന്‍ നിന്റെ സഹോദരിനീയെന്റെ ഇരട്ടയും... ഞാന്‍ നിന്നെ സംരക്ഷിക്കുംജെസ്സീ..” ഇവിടെ സൂചിതമാവുന്ന മൂന്നു ലോകങ്ങള്‍ ഏതൊക്കെയാണെന്ന് സാറയാണ് വെളിപ്പെടുത്തുകജെസ്സി ഒരു ദുരാത്മാവ് ആവേശിച്ചവള്‍ ആയിത്തീര്‍ന്നിരിക്കുന്നുവെന്നു അവള്‍ ഭയപ്പെടുന്നു. “മൂന്നു ലോകങ്ങള്‍ ! അവള്‍ മൂന്നു ലോകങ്ങളില്‍ നിവസിക്കുന്നുഅവള്‍ ഈ ലോകത്ത് ജീവിക്കുന്നുഅവള്‍ ആത്മാവുകളുടെ ലോകത്തും ജീവിക്കുന്നുഅവള്‍ ഉള്‍ക്കാട്ടിലും ജീവിക്കുന്നുഅവള്‍ അബികു (abiku-ചെറുപ്പത്തിലേ മരിച്ച കുഞ്ഞിന്റെ ആത്മാവ് ) ആണ്അവള്‍ക്കെന്നും അത് അറിയുമായിരുന്നുഅരൂപി അവളോട്‌ കാര്യങ്ങള്‍ പറയുന്നുഫേണ്‍ അവളോട്‌ കാര്യങ്ങള്‍ പറയുന്നു...” എന്നാല്‍ ജെസ്സിക്ക് ഒരു മരിച്ച് പോയ സഹോദരിയെ വേണ്ടഅവള്‍ താനും മരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടാവും.. ഇത്രയുമാവുമ്പോള്‍ തനിക്കെന്തോ കുഴപ്പമുണ്ടെന്നു ജെസ്സിയും ചിന്തിച്ചു തുടങ്ങുന്നു.

 

സ്വന്തമെന്ന ഇടംദേശാനുഭവം.

അത്തരം കാര്യങ്ങള്‍ സംസാരിക്കുക പതിവില്ല യൊറൂബ സംസ്കാരത്തില്‍മുത്തച്ചന്‍ ജെസ്സിയോടു പറയുന്നത് അതാണ്‌: “അങ്ങനെയല്ല നമ്മള്‍ കാര്യങ്ങള്‍ ചെയ്യുകവുറാവോലഒരാള്‍ മരിക്കുമ്പോള്‍ അതൊരു വിശേഷ കാര്യമാണ്ഏതാണ്ടൊരു രഹസ്യംഒരാള്‍ മോശം അവസ്ഥയിലോ തീരെ ചെറുപ്പത്തിലോ മരിക്കുമ്പോള്‍ അവരുടെ ശത്രുവും മരിച്ചെന്നാണ് ചൊല്ല്ഇതൊക്കെ നേരിട്ട് ഇംഗ്ലീഷില്‍ പറയാനാവില്ലനിന്റെ സഹോദരി നഷ്ടമായത് നിനക്കൊരു ചീത്ത ശകുനമാണ്അവള്‍ നിന്റെ തന്നെ പാതിയാണ്അതുകൊണ്ടാണ്... അതിന്റെ പൊരുളറിയാന്‍ നീ ഇനിയും മുതിരേണ്ടതുള്ളത്.” ഇരട്ടകള്‍ വസിക്കുന്ന മൂന്നു ലോകങ്ങള്‍ എന്ന നിഗൂഡത സാറയാണ് വ്യക്തമാക്കുക:" പണ്ടുകാലത്ത് നൈജീരിയയില്‍ ആളുകള്‍ക്ക് ഇരട്ടകളെ ഒരു മാതിരി പേടിയായിരുന്നു - ചിലര്‍ക്ക് ഇപ്പോഴുമതെപരമ്പരാഗതമായിഇരട്ടകള്‍ മൂന്നു ലോകത്തില്‍ കഴിയുന്നവരാണെന്ന് കരുതപ്പെടുന്നുഇതൊന്ന്ആത്മാവുകളുടെ ലോകംഉള്‍ക്കാട്എന്ന് വെച്ചാല്‍ മനസ്സിന്റെ ഒരു തരം വനസ്ഥലി." ഇരട്ടകളുടെ പിറവി അപശകുനമായി കാണുന്ന സമൂഹത്തില്‍ മരിച്ച് പോയ ഇരട്ടക്കായി 'ഇബെജിനിര്‍മ്മിച്ച്‌ ആവാഹിക്കുന്ന രീതിയുണ്ട്.   എന്നാല്‍അതത്ര ക്രിസ്തീയമല്ലല്ലോ എന്ന് ജെസ് ചൂണ്ടിക്കാണിക്കുന്നുതനിക്കും ഡാനിയേലിനും ഇടയില്‍ അതേതാണ്ട് ഒരു യൂറോപ്യന്‍ വേഴ്സസ് ആഫ്രിക്കന്‍തലത്തിലേക്ക് മാറുന്നുവെന്ന് സാറ പ്രതിഷേധിക്കുന്നുതന്നെയല്ലഅത്തരം പരിഹാരങ്ങള്‍ഇംഗ്ലണ്ടിലെ മനോ വിശ്ലേഷണ ശ്രമങ്ങള്‍ പോലെത്തന്നെസ്വതേ ഭിന്നവ്യക്തിത്വ സംത്രാസം അനുഭവിക്കുന്ന ജെസ്സിയില്‍ ഫലിക്കുന്നേയില്ല.   ഇബേജിയുടെ ഉച്ചാടന മാര്‍ഗ്ഗത്തില്‍ അവള്‍ ഇംഗ്ലണ്ടുകാരിയാണെങ്കില്‍ ഡോമക് കെന്‍സിയുടെ മുന്നില്‍ അവള്‍ നൈജീരിയക്കാരിയാണ്ടില്ലിയും ജെസ്സിയും വെച്ച് മാറുന്ന സ്വത്വങ്ങളില്‍ എളുപ്പ വഴികളില്ലപരിഹാരങ്ങളുംനൈജീരിയയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം താന്‍ വ്യത്യസ്തയായിരിക്കുന്നുവെന്നും കൂടുതല്‍ കരുത്തുള്ളവളും കൂടുതല്‍ കൂടുതല്‍ ടില്ലി ആയിത്തീരുന്നുവെന്നും ജെസ്സിക്ക്‌ തോന്നുന്നുതാനൊഴിച്ച് മറ്റാര്‍ക്കും ടില്ലിയെ കാണാനാവുന്നില്ല എന്ന് കൃത്യമായും അവള്‍ തിരിച്ചറിയുന്നതും പിന്നീടാണ്.

 

നോവല്‍ ആരംഭം മുതല്‍ വ്യക്തമാണ് ജെസ്സി അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധിയൊറൂബഇംഗ്ലീഷ്  സ്വത്വങ്ങളുടെ മാത്രമല്ലസ്വന്തമായ ഇടമേത് എന്ന ചോദ്യം തന്നെയാണ് അവളെ മഥിക്കുന്നത് എന്ന് ടില്ലി കണ്ടെത്തുന്നുഇടത്തെ സംബന്ധിക്കുന്ന അത്തരം അന്വേഷണങ്ങള്‍ പ്രസക്തമേയല്ല എന്നതാണ് ടില്ലിയുടെ നിലപാട്അവളുടെ സൂചനകളില്‍ ദേശാനുഭവവും രക്ത പങ്കിലമാണ്. “നിനക്കെപ്പോഴും അറിയണമായിരുന്നു നീ ശരിക്കും എവിടുത്തുകാരിയാണെന്ന്.   പക്ഷെ അങ്ങനെ ഒരിടം വേണ്ടതില്ലചെറു കഷണങ്ങളായി മുറിക്കപ്പെട്ട നാട്ആശയങ്ങളും!   മടുപ്പിക്കുന്നത്.. നാണക്കേട്‌നാണക്കേട്‌നാണക്കേട്‌എല്ലാം പൊയ്പ്പോയിവെറും ചാരം.   ഒന്നുമില്ലഇപ്പോള്‍ ആരുമില്ല.... ഒരു ജന്മ ദേശമില്ല.” ടില്ലിയുടെ വാക്കുകളില്‍ അവള്‍ സാക്ഷിയായ ദേശാനുഭവം തീര്‍ത്തും ഭീകരമാണ്. “നിന്റെ സ്വന്തത്തെ വേദനിപ്പിക്കുന്നതിലൂടെ നീ വേദനിക്കുന്നുണ്ടോ? .. പിന്നെ നമ്മുടെ രക്തം.. വെള്ളം പോലെ തൂവിക്കളഞ്ഞത്.. കുടിക്കാനുള്ള വെള്ളം പോലെഅലക്കാനുള്ളത് പോലെ... നമ്മുടെ രക്തം.. ഞാന്‍ സാക്ഷിയാണ്ഇരട്ടകള്‍ അറിയണം ഓരോരുത്തരും സഹിക്കുന്നത് എന്തെന്ന്.!” ഇത്തരം അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അവളുടെ ജീവിത വീക്ഷണം. “ജന്മദേശം എന്നൊന്നില്ല - ആളുകള്‍ നിന്നെ പിടികൂടാത്ത ഒരിടവും ഇല്ല.” നിഹിലിസത്തിന്റെ സ്വഭാവമുള്ള ഈ നിലപാട് ഹെമിംഗ് വെയുടെ നിരീക്ഷണത്തെ ഓര്‍മ്മിപ്പിക്കുന്നു. “ലോകം എല്ലാവരെയും തകര്‍ക്കും... അത് ഏറ്റവും നല്ലവരെയും ഏറ്റവും സൌമ്യരെയും ഏറ്റവും ധീരരെയും ഒരേപോലെ കൊല്ലുംനീ ഇതൊന്നുമല്ലെങ്കിലും നിനക്കുറപ്പിക്കാം അത് നിന്നെയും കൊല്ലുമെന്ന്വിശേഷിച്ചു ധൃതി കാണിക്കില്ല എന്ന് മാത്രം.” (A Farewell to Arms, Ernest Hemingway) ഇതിന്റെ തുടര്‍ച്ചയായാണ് അവള്‍ ജെസ്സിയോടു ആവശ്യപ്പെടുന്നത്. "ഇടം കണ്ടെത്താന്‍ ശ്രമിക്കുന്നത് നിര്‍ത്തൂപപ്പാതിക്കുട്ടീനിര്‍ത്തൂഅങ്ങനെ ഒന്നുമില്ലഞാന്‍ മാത്രമേയുള്ളൂഞാന്‍ നിന്നെ പിടി കൂടിക്കഴിഞ്ഞു.” നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നു:

"ഈ ഘട്ടത്തിലാണ് ജെസ് അലറാന്‍ തുടങ്ങിയത്ഉറക്കെനീളത്തില്‍നിശ്ശബ്ദവും   അവസാനമില്ലാത്തതുമായ ചുവന്നിരുണ്ട ദ്രാവകം ആ പേടിപ്പെടുത്തുന്ന വായില്‍ നിന്ന് പുറത്തു വന്നുഅവളെ മൂടിഅതിന്റെ ഭ്രാന്തില്‍ അവളെ സ്നാനപ്പെടുത്തി.

ഏറ്റവും മോശം എന്തെന്നാല്‍ അതൊക്കെയും യഥാര്‍ത്ഥമായും സംഭവിക്കുകയായിരുന്നു.”

 

ഏതാണ്ട് ഓട്ടിസത്തിന്റെ സ്വഭാവമുള്ള അമിത പ്രതികരണ രീതിയാണ് ജെസ്സിയുടെ പ്രകൃതമെന്നിരിക്കെഅത്തരമൊരു എട്ടുവയസ്സുകാരിയില്‍ ഹൈകു പ്രേമവും ഹാംലെറ്റ് താല്പര്യവുമൊക്കെ ഇത്തിരി അവിശ്വസനീയമായിത്തോന്നാംഎന്നാല്‍ ഭിന്ന വ്യക്തിത്വ സ്വരൂപങ്ങളായ രണ്ടു പാതികളെയും അവതരിപ്പിക്കുന്നതിലും ധ്രുവ ഭിന്നങ്ങളായ സംസ്കാരങ്ങളുടെ സംഘര്‍ഷങ്ങള്‍ ജെസ്സിയുടെ ജീവിതത്തില്‍ സമൂര്‍ത്തമായി പ്രതിഫലിക്കുന്നത് ചിത്രീകരിക്കുന്നതിലും നോവലിസ്റ്റ് തികഞ്ഞ കയ്യടക്കമാണ് കാണിക്കുന്നത്. "ഒയെയേമിയുടെ കുട്ടിത്തം കലര്‍ന്ന ഏതാണ്ട് അമ്പരപ്പ് ഉളവാക്കും വിധം സുവ്യക്തമായ ഗദ്യരീതിയും ഒപ്പം ആഖ്യാനത്തിലെ ആത്മ വിശ്വാസവും ചേര്‍ന്ന് ഒരു പ്രത്യേകതരം കാര്യമാത്ര പ്രസക്തമായ ഹിസ്റ്റീരിയ സൃഷ്ടിക്കുന്നുഅത് ഈ അസാധാരണമായ , ദുഃഖ ഭരിതമായ കഥയെ നേര്‍ക്കുനേര്‍ ആഖ്യാന സ്വരം കൊണ്ട് വിശ്വസനീയമാക്കുകയും ചെയ്യുന്നു.”എന്ന് അലി സ്മിത്ത് നിരീക്ഷിക്കുന്നു. ('Double Trouble' - Ali Smith, The Guardian)എന്നാല്‍ നോവലിന്റെ അനിവാര്യമായ ദുരന്താത്മകത മുതിര്‍ന്നു വരവിന്റെ പ്രകമ്പനത്തില്‍ ശൈശവത്തിനു സംഭവിക്കുന്ന ശൈഥില്യത്തിലാണ് കാണാനാവുകനോവല്‍ ആരംഭത്തില്‍കബോഡിലെ സുരക്ഷിതത്വം നഷ്ടപ്പെടുന്നതിനെ കുറിച്ച് ജെസ്സി വേവലാതി കൊള്ളുന്നുണ്ട്: “കബോഡിന് വെളിയില്‍ ജെസ്സിനു തോന്നി അവള്‍ എല്ലാംഎല്ലാ വര്‍ണ്ണങ്ങളുംദ്രുത ഗതിയില്‍ കടന്നു പോകുന്ന ഒരു ഇടത്തിലാണെന്ന് , എല്ലാ ആളുകളും സംസാരിക്കുന്നഅവളോടും സംസാരിക്കാന്‍ ആവശ്യപ്പെടുന്ന ഇടത്തില്‍.” മുതിരാന്‍ നോക്കുക എന്ന പ്രയാസകരമായ കടമ്പ കൂടിയാണ് ഈ വെളിയില്‍ വരല്‍ഇതോടു ചേര്‍ത്തുവെച്ചു കാണാവുന്ന മറ്റൊരു ദുരന്ത സൂചന അവ്യക്തതകള്‍ നിറഞ്ഞ നോവലന്ത്യമാണ്‌ഒരിക്കല്‍ കൂടി ഒരു വെച്ച് മാറല്‍ജെസ്സി ആഗ്രഹിച്ചതല്ലെങ്കിലുംസംഭവിച്ചിട്ടുണ്ടോഎങ്ങനെയാണ് പഠിച്ചിട്ടില്ലാത്ത യൊറൂബ മൊഴിയില്‍ നോവലന്ത്യത്തിലെ ജെസ്സിക്ക്‌ മുത്തച്ചനോടും അമ്മായിമാരോടും സംസാരിക്കാനാവുന്നത്?   കൂട്ടിമുട്ടാത്ത അറ്റങ്ങള്‍ടില്ലിയുടെ വരകളിലും ജെസ്സിയുടെ സ്വപ്നങ്ങളിലും ഇടയ്ക്കിടെ കടന്നു വരുന്ന നീണ്ട കൈകളുള്ള സ്ത്രീയുടെ രൂപം പോലെനോവലില്‍ വേറെയും ഉണ്ട് എന്നും പറയാം.   എന്നിരിക്കിലുംസംസ്കാരങ്ങളുടെയും ഭ്രമ കല്‍പ്പനകളില്‍ മുഴുകുന്ന കൌമാര മനസ്സിന്റെയും സര്‍റിയലിസ്റ്റിക് ഭാവത്തിലുള്ള കൂടിക്കലരലിന്റെയും ഏറെക്കുറെ കവചിതവുംസംരക്ഷിതമായ ജീവിത സാഹചര്യങ്ങളിലേക്ക് ആദിരൂപങ്ങളും പുരാണങ്ങളും അധിനിവേശം നടത്തുന്നതിന്റെ പേക്കിനാവന്തരീക്ഷത്തിന്റെയും വിദഗ്ധമായ സര്‍ഗ്ഗാത്മക പുന സൃഷ്ടി എന്ന നിലയില്‍ വേറിട്ടൊരു വായനാനുഭവമാണ് ഈ മെഴുകു ചിറകുകാരിയുടെ കഥയില്‍ നോവലിസ്റ്റ് പകര്‍ന്നു തരുന്നത്.

 



(കലാകൗമുദി വാരിക , 17 - സെപ്തംബര്‍ - 2017)

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 194-201)

To purchase, contact ph.no:  8086126024