പഴയ
പള്ളിക്കാടുകള്‍
മുള്‍
പടര്‍പ്പുകള്‍ക്ക് ചുവടെ
ധ്യാനനിരതരായ
മീസാന്‍ കല്ലുകള്‍.
കാവല്‍
നില്‍ക്കുന്ന ഇഴജാതികള്‍;
അസംഖ്യം
പ്രാണി ജന്മങ്ങള്‍;
ഓര്‍മ്മകള്‍
തപ്പിത്തടഞ്ഞു
നൂണ്ടു
കയറുന്ന ചെറു ദ്വാരങ്ങള്‍.
ചുവടെ
ഗതകാല
സംഘര്‍ഷങ്ങളുടെ
മൂകമായ
കുളമ്പടികള്‍
ചെവിക്കൊള്ളുന്ന
പിതൃക്കള്‍-
ചിനക്കുന്ന
കാട്ടുകോഴികളും
ചിലക്കുന്ന
അണ്ണാറക്കണ്ണനും
ഇടക്കൊന്നു
നിശ്ശബ്ദരാവുന്നുണ്ടോ?
പടയോട്ടക്കാലങ്ങളുടെ
ഒരു കഥ
ഏതോ
കാരണവര്‍ ഓര്‍ത്തെടുക്കുന്നുണ്ടോ?
എന്റെ
പ്രണയ നിലാവില്‍
നീലവിഷം
പടര്‍ത്തിയത്
നിന്റെ
മുത്തച്ഛനെന്നു
വിഷം
തീണ്ടി മരിച്ച പെണ്‍ കൊടി
നാഗത്താനോട്
വിതുമ്മുന്നുണ്ടോ?
മലവെള്ളമെടുത്തവരെ
കാക്കാന്‍
ഉയിര്
കൊടുത്ത യുവാവ്
ഉറവ
കാട്ടി പേടിപ്പിക്കേണ്ടെന്ന്
പുതുമഴയോട്
ചിരിക്കുന്നുണ്ടോ?
തുരക്കുന്നെങ്കില്‍
എന്റെ നെഞ്ചെന്നു
ചോരവാര്‍ന്നു
മരിച്ച ഗര്‍ഭിണി
ചെറു
പ്രാണികളോട് കെഞ്ചുന്നുണ്ടോ?
അടുത്തടുത്ത്
ഒരുമിച്ചൊടുങ്ങിയോര്‍
വാസൂരിനാളുകളുടെ
രാത്തേങ്ങലുകളില്‍
ഇപ്പോഴും
ഞെട്ടുന്നുണ്ടാവുമോ?
വിശന്നു
മരിച്ച പിതാവ്
പട്ടിണിക്കാലത്തിന്റെ
കുടില്‍ മുറ്റത്ത്
ഇപ്പോഴും
ചുറ്റിത്തിരിയുന്നുണ്ടോ?
ഋതു
ഭേദങ്ങളുടെ നിറപ്പകര്‍ച്ചകള്‍ക്കപ്പുറം
സന്ദേഹികളായ
കള്ളിച്ചെടികള്‍ക്ക്*
കീഴെ
ജരാനരകളുടെ
വൃദ്ധിക്ഷയവും
കൌതുകങ്ങളുടെ
ബാല്യപ്രസാദവും
ധാര്‍ഷ്ട്യത്തിന്റെ
യൌവ്വന ദീപ്തിയും
അടര്‍ന്നൊതുങ്ങുന്ന
അതീത ലോകം:
പഴയ
പള്ളിക്കാടുകള്‍
ഉദയാസ്തമനങ്ങളില്‍
ഭ്രമിക്കുന്നില്ല.
തിരക്കുകളുടെ
പടങ്ങള്‍ പൊഴിച്ചു
മൃഗയാ
വിനോദങ്ങളുടെ പാനപാത്രങ്ങളും
ഉടല്‍
കൊഴുപ്പിന്റെ പ്രലോഭനങ്ങളും
വിജയമന്ത്രങ്ങളുടെ
മൃഗതൃഷ്ണകളും കടന്നു
മീസാന്‍
കല്ലുകളുടെ ധ്യാന സ്വാസ്ഥ്യങ്ങള്‍.
--------------------------------------------------------------
*ഖബറിന്
മുകളില്‍ മീസാന്‍ കല്ലിനു
ചേര്‍ന്ന് നാട്ടുന്ന
കള്ളിച്ചെടികള്‍ നന്നായി
വളര്‍ന്നാല്‍ മരണാനന്തര
ജീവിത സൌഖ്യത്തെ സൂചിപ്പിക്കുന്നു
എന്ന് സങ്കല്‍പം.