Featured Post

Monday, December 16, 2013

വിഷാദത്തിന്റെ തമ്പുരാക്കൾ


വിഷാദത്തിന്റെ തമ്പുരാക്കൾ

(പ്രവാസ ദിനങ്ങളുടെ ഓർമ്മയ്ക്ക്‌)


I.

മുഴങ്ങുന്ന ശബ്ദത്തിൽ
ഫ്രാങ്ക് സിനാത്ര പാടുന്നു

വിഡ്ഢിയുടെ ജീവിതത്തിൽ ഒരു ദിനം
വിഷാദ ഭരിതംഏകാന്തംദീർഘം
നീവരുന്നതും നോറ്റു
ഞാൻ തെരുവിലൂടെ നടക്കുന്നു

നീയോഈ വഴി മറന്നേ പോയി
 എന്റെ വിഷണ്ണമായ മുറിക്കകത്ത്
വിരഹത്തിന്റെ കണ്ണീരും ഞാനും.

 

ഉറഞ്ഞുരുകുന്ന വേദന മറച്ച്
എൽവിസ് ചോദിക്കുന്നു

നീ തനിച്ചാണോ ഈ രാവിൽ?
ഞാനില്ലാത്ത വിഷമം നീ അറിയുന്നുവോ
ഭാവം പകർന്നവൻ പിടയുന്നു
തേനേഎന്നോട് പ്രണയമെന്നു
നീ കളവു പറഞ്ഞു ; 

എനിക്കിനിയും ആ കളവു കേട്ട് കൊണ്ടിരിക്കണം.  
നീ എന്നിലേക്ക്‌ തിരിച്ചു വരില്ലെങ്കിൽ
ഈ അരങ്ങിനു തിരശ്ശീല വീഴ്ത്തുക

പ്രിയേഈ രാവിൽ നീ തനിച്ചാണോ
എന്നെന്നോട് പറയുക .

 

ഞരമ്പ് മുറുക്കത്തിന്റെ അപകട മുനമ്പിൽ
ബില്ലി ഹോളിഡെ ചൂണ്ടയിടുന്നു

മ്ലാനമായ ഞായർ - 
മാലാഖമാർ നിന്നെ തിരിച്ചു തരില്ലെങ്കിൽ
വെള്ളപ്പൂക്കൾക്ക് ചുവടെ
നീ കടന്നുപോയ ഉറക്കത്തിലേയ്ക്കു
എണ്ണമറ്റ നിഴലുകളുടെതാഴ്വരയിലേക്ക്
ഞാനിനി എന്തിനു മടിച്ചു നില്ക്കണം

എന്റെ സ്വപ്നം നിന്നെ അശാന്തനാക്കും മുൻപ്
എന്റെ മൂക ഞായറിന്റെ തേരിൽ ഞാനും!

 

മധുരോദാരം സെലിൻ ഡിയോണ്‍ മന്ത്രിക്കുന്നു
രാവിലൊക്കെയും കനവിലൊക്കെയും
കാണുന്നു ഞാൻ നിന്നെഅറിയുന്നു

നീയുണ്ടെന്നു ഞാനറിയുന്നതും
കടലാഴങ്ങൾക്കിപ്പുറം നീയെന്നിലെത്തുന്നതും
എന്റെ ഹൃദയത്തിൽ നീയുള്ളത് കൊണ്ട്

നിത്യതയുടെ കൂട് വിട്ടു നീ വരുന്നു
എന്നിലേയ്ക്ക്എന്റെ ഹൃദയത്തിന്റെ
സുരക്ഷിതത്വത്തിലെയ്ക്ക്.

 

II

വേദനകളുടെ ഹിമക്കാറ്റായി
മെഹ്ദി ഹസൻ പാടുന്നുമ്പോൾ

ഗാലിബ് പുനർജ്ജനിക്കുന്നു:  
ദിൽ സെ തേരി നിഗാഹ് മേം-  
കരൾ നീറ്റും വിഷാദത്തിലും
മരുഭൂ ചൂടിൻ പെരുക്കത്തിൽ
നൂർജഹാൻ ഇളം കാറ്റാവുന്നു.: 

ഹമാരി സാസോം മേം ആജ് തക് വോ-

രാവൊടുങ്ങും വരെയും കണ്ണീർ തൂവിയ
പ്രണയനഷ്‌ടമായി ഗുലാം അലി

ചുപ്കെ ചുപ്കെ രാത് ദിൻ-

അലസം തളർന്ന് മുകേഷ്
പ്രിയപ്പെട്ടവളെ വിലക്കുന്നു:

ഹം ചോഡ്‌ ചലേ ഹേ മെഹ്ഫിൽ കോ-  
യാദ് ആയെ കഭി തോ മത് രോനാ!

വാച്യാർത്ഥങ്ങൾ പിണങ്ങി നിൽക്കുമ്പോഴും
നാദ വീചികളിലെന്റെ ഹൃദയം
സാഷ്ടാംഗം പ്രണമിക്കുന്നു

പ്രപഞ്ചങ്ങളുടെ ദുഃഖ സാഗരങ്ങളേ
ഈ നിമിഷം ഞാൻ നിങ്ങളെ ജയിക്കുന്നു.

III

അകലെഎന്റെ പെണ്ണും കുഞ്ഞുങ്ങളും
ഉമ്മയും വൃദ്ധ പിതാവും
പ്രാർത്ഥനാ നിരതരാവുന്നതും

പനിച്ചു പൊള്ളുന്ന കുഞ്ഞു മകന്‍

ബോധാബോധങ്ങളുടെ മിന്നലില്‍

'ഉപ്പാ!', യെന്നു മുറിയുന്നതും

നെഞ്ചോട്‌ ചേര്‍ത്തൊരുത്തി

ആശുപത്രി ബെഞ്ചില്‍ ഊഴം കാക്കുന്നതും

മനം മുറിഞ്ഞൊരുഞൊടിയവള്‍

'ആരുമില്ലനമുക്ക് തേനേ!', യെന്നു വിതുമ്മുന്നതും

എനിക്കായി കായ്ക്കുന്ന തേൻവരിക്കയിൽ
വിരഹത്തിന്‍ പഴം പാകമാകുന്നതും
ഏതോ അരാജക വാനരർ
പല്ലിളിച്ചു കാവലാവുന്നതും
ദുരിതങ്ങളുടെ ആവർത്തന പർവ്വത്തിൽ
എനിക്ക് മനസ്സിടറുന്നതും -

മദീന റോട്ടിൽ കമ്പനി വാഹനം ചീറിപ്പായുന്നു.  
ജോലി സമയത്തിനില്ലെങ്കിലും
കൂലിക്കുണ്ട് കണക്ക്കൃത്യം .

വണ്ടിക്കകത്ത് യാന്ത്രികത്തണുപ്പെങ്കിലും
തീ തുപ്പുന്ന പുറം വെയിൽ എന്റെയുള്ളിൽ.

ഇറക്കി വെക്കാനുണ്ട് കനലുകളേറെ,

കൂട്ടിനില്ലൊന്നുമീയീണങ്ങളല്ലാതെ.

 

പഴയ സിയോണ്‍ പുത്രിമാരെ പോലെ

അന്യ ദേശത്തു നിന്റെയും ശബ്ദമിടറാം
എന്നാൽ അവർ
നിനക്കായി പാടിക്കൊണ്ടേയിരിക്കും

ഈ വിഷാദത്തിന്റെ തമ്പുരാക്കൾ.

 

(ആദ്യ പാദത്തിൽ നാല് വിഖ്യാത വിഷാദ ഗീതങ്ങൾ ആണ് സൂചിപ്പിക്കപ്പെടുന്നത് : ഫ്രാങ്ക് സിനാത്ര പാടിയ A Day in the Life of a Fool, എൽവിസ് പ്രിസ് ലി (Elvis Presley)യുടെ Are You Lonesome Tonight?, ബില്ലി ഹോളിഡെ (Billie Holiday) പാടിയ Gloomy Sunday, സെലിൻ ഡിയോണി (Celin Dion) ന്റെ Every Night in My Dreamsഎന്നിവ.)
---------------------------------

(ഫസൽ റഹ്മാൻ)

 

Friday, December 13, 2013

Gate of the Sun by Elias Khoury

ഓര്‍മ്മച്ചീന്തുകള്‍, ചോരച്ചാലുകള്‍, ചരിത്രം.




വിട്ടു പോവാന്‍ വിസമ്മതിക്കുന്ന സഞ്ചിത സ്മൃതികളാണ് ചരിത്രം. പറഞ്ഞു പതിഞ്ഞു മിത്തുകളായും തിടം വെച്ച് ഇതിഹാസങ്ങളായും അവ രൂപാന്തരപ്രാപ്തി കൈവരിക്കുകയും ചെയ്യും. ഓരോ ജനതയും കടന്നു പോവുമ്പോഴും ചരിത്രം സ്വയം അസ്ഥിത്വം നേടുകയും കാലത്തിന്റെ സ്വയം നിര്‍ണ്ണയത്വ(determinism of the age)ത്തെ മറി കടന്നു മുന്നോട്ടു പോവുകയും ചെയ്യുന്നു. ചരിത്രം ഒരനുസ്യൂതിയാവുന്നതും ചരിത്രം രചിച്ചവരുടെ / നിര്‍മ്മിച്ചവരുടെ കാലികാസ്തിത്വത്തിനുമപ്പുറം അത് നിതാന്തമാവുന്നതും അങ്ങനെയുമാവാം. ഈ അനുസ്യൂതിക്ക് ചെവിയോര്‍ത്തെഴുതുന്ന എഴുത്തുകാരന്‍ രചയിതാവ്/ ആഖ്യാതാവ് (author/ chronicler) എന്നീ ദ്വന്ദ്വങ്ങള്‍ക്കിടയില്‍ സ്വയം സ്ഥിതപ്പെടുത്തേണ്ടതുണ്ട്.

കഥപറച്ചില്‍ അതിജീവനം തന്നെയാവുന്നതിന്റെ ഏറ്റവും ഉദാത്ത രൂപമാണ് ഷെഹര്‍സാദ്: കഥ പറഞ്ഞു കൊണ്ടേയിരിക്കുക, ഇല്ലെങ്കില്‍ മരിക്കുക. ഈ സമവാക്യത്തിനെ തിരിച്ചിടുകയാണ് വിഖ്യാദ ലെബനീസ് എഴുത്തുകാരന്‍ ഇല്യാസ് ഖൌറി (Elias Khoury) തന്റെ 'സൂര്യ കവാടം' ( Gate of the Sun) എന്ന ഇതിഹാസമാനമുള്ള നോവലില്‍. ഇവിടെ പറയുന്നത് കഥയല്ല, ചരിത്രം തന്നെയാണ്. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഒരു രോഗിയുടെ കട്ടിലിനരികില്‍ ഒരാള്‍ കഥകള്‍ പറഞ്ഞു കൊണ്ടേയിരിക്കുകയാണ്: രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമായി: “ പ്രിയ സുഹൃത്തെ, നമ്മുടെ ശരീരം നമ്മുടെ ചരിത്രമാണ്. താങ്കളുടെ ക്ഷയിച്ചു കൊണ്ടിരിക്കുന്ന ശരീരത്തിലൂടെ താങ്കളുടെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുക. താങ്കള്‍ അവിടെ നിന്നെഴുന്നേറ്റു മരണത്തെ കുടഞ്ഞു തെറിപ്പിച്ചാല്‍ അതേറെ നന്നാവില്ലേ?” ബൈറൂത്തിലെ ഷാത്തിലാ അഭയാര്‍ഥി കാമ്പില്‍ കോമയില്‍ കഴിയുന്ന, തനിക്കു ഒരാത്മീയ പിതാവായ യൂനുസിനോട് ഖലീല്‍ എന്ന യുവ ഡോക്റ്റര്‍ ചോദിക്കുകയാണ്. 1948-ല്‍ ഇസ്രയേല്‍ എന്ന രാഷ്ട്രം നിലവില്‍ വന്നതോടെ ബഹിഷ്കൃതരായ ഫലസ്തീനിയന്‍ ജനതയുടെ ചരിത്രം കാലത്തിനും രാഷ്ട്രീയ മാറ്റങ്ങള്‍ക്കും നെടുകെയും കുറുകെയുമുള്ള ആഖ്യാനങ്ങളിലൂടെ അനാവൃതമാകുന്നു: 'നക്ബ' എന്നറിയപ്പെട്ട ആ പാലായന ദുരന്തത്തിന്റെ ദിനങ്ങള്‍ തൊട്ടു 1982-ല്‍ ബൈറൂത്തില്‍ നിന്ന് ഫലസ്തീന്‍ പോരാളികള്‍ ഉന്മൂലനം ചെയ്യപ്പെട്ടത് വരെയുള്ള ചരിത്രം. യൂനുസിന്റെ കോമ അവസ്ഥ ഫലസ്തീന്‍ ജനതയുടെ വേരറ്റ, നിലയില്ലായ്മയുടെ സമൂര്‍ത്ത രൂപകമാണ്. ബോധാബോധങ്ങളുടെയും ഓര്‍മ്മകളുടെയും ആവേഗത്തില്‍ കഥാപാത്രങ്ങളുടെ മനോ വ്യാപാരങ്ങളിലൂടെ, വിധി അവരെ വേട്ടയാടുന്ന വന്യമായ താഴ്വരകളിലൂടെ, മോഹിപ്പിക്കുകയും സ്വപ്നങ്ങളൂട്ടുകയും ചെയ്യുന്ന ഗുഹാന്തരങ്ങളിലൂടെ രാഗ-മോഹങ്ങളുടെ ഫാന്‍റസികളിലൂടെ, ഭേദ്യം ചെയ്യുന്ന വിചാരണ മുറികളിലൂടെ, തീവ്ര ധ്യാനങ്ങളിലൂടെ, ജന്മ ഗേഹം തേടുന്ന അഭയാര്‍ഥിത്വത്തിലൂടെ, അത് ഫലസ്തീന് വേണ്ടിയുള്ള അന്വേഷണം തന്നെയാവുന്നു. നഷ്ടപ്പെടുമ്പോഴാണ് ഒരാള്‍ ജന്മഗേഹം കണ്ടെത്തുന്നത്; ഒരു ജനതയും അങ്ങനെത്തന്നെ. ആ അര്‍ത്ഥത്തില്‍ തിരിച്ചു വരവിലല്ല; തിരിച്ചു വരാനാവാത്ത, അകന്നു പോവുമ്പോഴും നിദാന്ത സാന്നിധ്യമാവുന്ന, ഇല്ലാതിരിക്കുമ്പോഴും ഉള്ളില്‍ പേറുന്ന ഉണ്മയാണ് ഫലസ്തീന്‍. 1948 ന് മുമ്പുള്ള ഫലസ്തീനെ കുറിച്ച് യൂനുസ് ഓര്‍മ്മിക്കുന്നുണ്ട്: “ഫലസ്തീന്‍ അതിന്റെ നഗരങ്ങളായിരുന്നു: ഹൈഫ, ജാഫ, ജെറുസലേം, ആക്കര്‍. അവിടെയൊക്കെ ഫലസ്തീന്‍ എന്ന് പറയാവുന്ന ഒന്ന് ഞങ്ങള്‍ അനുഭവിച്ചിരുന്നു. ഗ്രാമങ്ങള്‍ മറ്റേതു ഗ്രാമങ്ങളെയും പോലെത്തന്നെയായിരുന്നു... സത്യത്തില്‍ ഫലസ്തീനെ കീഴ്പ്പെടുത്തിയവര്‍ അത് നഷ്ടപ്പെടുന്നതിലൂടെ അതെന്താണെന്ന് ഞങ്ങളെ ബോധ്യപ്പെടുത്തി". ബഹിഷ്കൃതന്റെ അന്വേഷണം പോലെത്തന്നെ, അകന്നേ പോവുകയും ഒടുവില്‍ തികച്ചും അവ്യക്തമാവുകയും ചെയ്യുന്നു ഈ ഉണ്മ. ഒരു ഘട്ടത്തില്‍ തന്റെ ആത്മീയ പിതാവിനെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരേണ്ടതിന്റെ ആവശ്യകതയെ തന്നെ ഖലീല്‍ സന്ദേഹിച്ചു തുടങ്ങുന്നുണ്ട്.

ഖലീല്‍ സ്വയം തന്നെയും ഒരു താല്‍ക്കാലിക വ്യക്തിത്വ ജീവിതം (ambiguous persona) ആണ് നയിക്കുന്നത്. യഥാര്‍ഥത്തില്‍ ചൈനയില്‍ നിന്ന് കുറഞ്ഞൊരു കാലത്തെ മെഡിക്കല്‍ പരിശീലനം മാത്രം ലഭിച്ചിട്ടുള്ള ഒരു നേഴ്സ് ആണ് അയാള്‍. ഗലീലിയിലെ തകര്‍ന്നു പോയ ഒരു താല്‍ക്കാലിക ആശുപത്രിയിലെ ജീവനക്കാരനായി ഷാത്തിലാ കാമ്പില്‍ അയാള്‍ യൂനുസിനെ പരിചരിക്കുന്നു: "ഒരു താല്‍ക്കാലിക രാജ്യത്ത്, ഒരു താല്‍ക്കാലിക ആശുപത്രിയില്‍ ഒരു താല്‍ക്കാലിക ഡോക്റ്റര്‍" എന്ന് അയാള്‍ സ്വയം ചുരുട്ടിക്കെട്ടുന്നുണ്ട്. ക്യാമ്പിലെ മിഡ് വൈഫ് ആയ ഉമ്മു ഹസ്സന്റെ മരണത്തോടെ തുടങ്ങുന്ന നോവലില്‍ അവരുടെ ഓര്‍മ്മയുടെ ലോകത്തെ അന്തേവാസികളുടെ കഥയിലൂടെ 'നക്ബ' തൊട്ടുള്ള അനുഭവങ്ങള്‍ കടന്നു വരുന്നു. ഫലസ്തീന്‍ ഫെദായീന്‍ (പ്രതിരോധപ്പോരാളി) ആയിരുന്ന യൂനുസ്, ലബനാനിനും ഗലീലിക്കുമിടയില്‍ അപകടകരമായ യാത്രകള്‍ നിരന്തരം ചെയ്തു വന്നവനാണ്. നോവലിന്റെ പേരിന്റെ കൂടി ഉറവിടമായ 'ബാബ് അല്‍ ഷംസ്' ('സൂര്യകവാടം') എന്ന ഗുഹ അയാള്‍ക്ക്‌ അഭയവും പ്രണയവും സ്വാതന്ത്ര്യവുമായിരുന്നു: അവിടെയാണ് അയാള്‍ നാഹിലയുമായി സന്ധിച്ചതും പ്രണയവും ജീവിതവും പങ്കുവെച്ചതും. സ്വതന്ത്ര ഫലസ്തീന്‍ എന്ന സങ്കല്‍പ്പനത്തിന്റെ തന്നെ ഏക പ്രതീകമാവുന്നുണ്ട് പിന്നീട് അത്: ഇസ്രയേല്‍ പിടിച്ചടക്കിയിട്ടില്ലാത്ത ഏക ഇടം. അത് കൊണ്ട് തന്നെയാണ് സഹനത്തിന്റെയും നഷ്ടപ്പെടലുകളുടെയും അറ്റം കാണാത്ത ഇരുള്‍ ജീവിതത്തിനൊടുവില്‍ പിന്നീടൊരു ഘട്ടത്തില്‍ ഇനിയും യൂനുസിനെ കാണുകയില്ലെന്നു തീരുമാനിക്കുമ്പോള്‍ ഗുഹ അടച്ചു കളയാനും ഒരിക്കലും ഇസ്രയേല്‍ അധിനിവേശത്തിനു അതിനെ വിട്ടു കൊടുക്കാതിരിക്കാനും നാഹില തന്റെ മക്കളോട് പറയുന്നതും. നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്, അത് അടച്ചു കളയാന്‍ അവര്‍ ഇസ്രയേല്‍ യൂനിവേഴ്സിറ്റികളില്‍ നിന്ന് കിട്ടിയ ഡിഗ്രീ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഉപയോഗിച്ചുവെന്ന്. അവസരം കിട്ടുകയാണെങ്കില്‍ തങ്ങളുടെ ഗൃഹം നശിപ്പിക്കുകയാണ് അധിനിവേശത്തിനു വിട്ടുകൊടുക്കുക എന്നതിനേക്കാള്‍ മനുഷ്യര്‍ ഇഷ്ടപ്പെടുക എന്ന് കൂടിയാവാം നോവലിസ്റ്റ് സൂചിപ്പിക്കുന്നത്. ഒരര്‍ഥത്തില്‍ ഈ ഗുഹ തന്നെയാണ് നോവല്‍: "വാക്കുകള്‍ കൊണ്ട് നമ്മള്‍ ഒരു സുരക്ഷിത താവളം ഉണ്ടാക്കിയിരിക്കുന്നു, വാക്കുകള്‍ കൊണ്ട് ഒരു രാജ്യം, വാക്കുകള്‍ കൊണ്ട് സ്ത്രീകള്‍". യൂനുസിന്റെ ഓര്‍മ്മകളില്‍ തെളിയുന്ന ചിതറിയ ഖണ്ഡങ്ങളിലൂടെ 'ഫലസ്തീനില്‍ നിന്ന് ലബനാനിലെക്കും, അവിടെ നിന്ന് സിറിയയിലേക്കും, ജയിലില്‍ നിന്ന് ജയിലിലേക്കും' എടുത്തെറിയപ്പെടുന്ന ഫലസ്തീന്‍ അസ്തിത്വത്തെ 1930 മുതല്‍ 1990 വരെയുള്ള കാലഘട്ടങ്ങളിലൂടെ നോവല്‍ ചിത്രീകരിക്കുന്നു. അതിന്റെ കേന്ദ്ര സ്ഥാനത്തു ഷാത്തിലാ ക്യാമ്പും 1982- ലെ സബ്രാ- ഷാത്തിലാ കൂട്ടക്കൊലകളുമാണുള്ളത്.

അറബ് ഭരണ കൂടങ്ങള്‍ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പുകളോട് കാണിക്കുന്ന നിരുന്മേഷ നിലപാടുകളെ നോവലിസ്റ്റ് കണക്കിന് വിമര്‍ശിക്കുന്നുണ്ട്: “ഒരിടത്ത് അവര്‍ ജൂതനേക്കാള്‍ ജൂതനാവും, വേറൊരിടത്തു അറബിയെക്കാള്‍ അറബിയും.” പുറത്തു നിന്ന് ഉപരോധിക്കപ്പെട്ടതും അകത്തുനിന്നു നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമാണ് ക്യാമ്പ്. “ഞങ്ങളുടെ ഗ്രാമങ്ങള്‍ തുടച്ചു നീക്കുകയും ഹൃദയങ്ങളില്‍ ആഴത്തില്‍ തുളഞ്ഞിറങ്ങുകയും ചെയ്തത് പോലെ കൊടും ക്രൂരതകളുടെ ഓര്‍മ്മകളെ തുടച്ചു നീക്കാന്‍ അതിന്റെ സാക്ഷികളെയും തുടച്ചു നീക്കുക"യാണെന്ന് ഖലീല്‍ നിരീക്ഷിക്കുന്നുണ്ട്. “നമ്മള്‍ ഒരിക്കലും നേരിട്ട് അനുഭവിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ നമ്മളോര്‍ക്കുക മറ്റുള്ളവരുടെ ഓര്‍മ്മകള്‍ ആര്‍ജ്ജിച്ചു കൊണ്ടാണ്". ഓര്‍മ്മകള്‍ സജീവമായിരിക്കേണ്ട ഇതേ ബോധ്യത്തില്‍ നിന്നാണ് ഫലസ്തീന്‍കാര്‍ ഹോളോകോസ്റ്റിനെയും ഓര്‍മ്മിക്കണമെന്നു ഖലീല്‍ ചിന്തിക്കുന്നത്. “നിങ്ങളും ഞാനും ഭൂമുഖത്തുള്ള സകല മനുഷ്യരും അറിയണമായിരുന്നു, നിശബ്ദരായി നോക്കിനില്‍ക്കുകയും ചെയ്യരുതായിരുന്നു, തന്റെ ഇരകളെ പ്രാകൃതവും മുമ്പെങ്ങുമില്ലാത്തതുമായ വിധത്തില്‍ നശിപ്പിക്കുന്നതില്‍ നിന്ന് ആ മൃഗത്തെ തടയണമായിരുന്നു. ഇരകള്‍ ജൂതന്മാരായിരുന്നു എന്നത് കൊണ്ടല്ല, മറിച്ചു അവരുടെ മരണം നമ്മുടെ ഉള്ളിലെ മനുഷ്യത്വത്തിന്റെ തന്നെ മരണമായിരുന്നു എന്നത് കൊണ്ട്" എന്ന് അയാള്‍ പറയുന്നുണ്ട്. “കശാപ്പിലേക്കു തെളിക്കപ്പെടുന്ന ആ മനുഷ്യരുടെ മുഖങ്ങളില്‍ നിങ്ങളുടെ മുഖത്തിന്റെ സാമ്യം നിങ്ങള്‍ കണ്ടില്ലേ?” എന്ന് യൂനുസിനോട് ചോദിക്കുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ എതിരാളിയുടെ കഥയെ സ്വന്തം കഥയുടെ കണ്ണാടിയായി കാണണം എന്ന് തന്നെയാണ് നോവല്‍ സൂചിപ്പിക്കുന്നത്.

1948-ലെ 'നക്ബ'യുടെയൊ പില്‍ക്കാല ഫലസ്തീന്‍ അനുഭവങ്ങളുടെയോ യഥാതഥ ചിത്രണമല്ല 'സൂര്യകവാടം'. വൈയക്തിക അനുഭവങ്ങളുടെ ശ്ലഥ ചിത്രങ്ങളും ഓര്‍മ്മകളില്‍ കൂട്ടിത്തുന്നിയെടുക്കുന്ന ചീന്തുകളുമാണിവിടെ. സഞ്ചിത സ്മൃതികള്‍ എല്ലാം ഉള്‍ കൊള്ളുന്നുണ്ട്: 1948 -ലെ ഇസ്രായേല്‍ സ്വാതന്ത്ര്യ യുദ്ധത്തെ തുടര്‍ന്ന് ഗലീലീയിലെ ഖീഖത്, ഗബ്സിയ്യ തുടങ്ങിയ ഗ്രാമങ്ങളുടെ തകര്‍ച്ച, ലെബനീസ് ആഭ്യന്തര യുദ്ധത്തിലെ ചോരപ്പുഴകള്‍, PLO പോരാളികളുടെ ചൈനയിലെ പരിശീലനം, ജെനിന്‍ കൂട്ടക്കൊല, തുടങ്ങിയ ചരിത്ര സംഭവങ്ങള്‍ മുതല്‍ അറബ് വിമോചന സേനക്ക് ഇസ്രേയേല്‍ സൈന്യത്തെ എതിരിടുന്നതിലേറെ കോഴികളെ കണ്ടു കെട്ടി കൊണ്ടു പോവാനുള്ള താല്‍പര്യം, തന്റെ പൗരുഷത്തിന് മേല്‍ ഇസ്രായേലി ടാങ്ക് ഉരുണ്ടു കേറുന്നതിനെ കുറിച്ചുള്ള അബു മഹ്ഫൂസിന്റെ പേടിസ്വപ്നം എന്നിങ്ങനെയുള്ള കാരികേച്ചര്‍ മുതല്‍, 1982ലെ കൂട്ടക്കൊലയില്‍ പങ്കെടുത്ത ലെബനീസ് പടയാളിയുടെ കുറ്റസമ്മതം, 'ഇസ്രായേലിനു സ്വയം പ്രതിരോധിക്കാനുള്ള അവകാശ'ത്തെ സംബന്ധിച്ച താന്‍ കേട്ടു പഠിച്ച വീണ്‍ വാക്കുകളും ക്യാമ്പിലെ യാഥാര്‍ത്ഥ്യവും തമ്മിലുള്ള പൊരുത്തക്കേടില്‍ അസ്വസ്ഥയാവുന്ന ഫ്രഞ്ച് അഭിനേത്രിയുടെ അനുഭവം, എന്നിവ മുതല്‍ ഇസ്രായേലി പട്ടാളക്കാര്‍ കേട്ടെങ്കിലോ എന്ന് ഭയന്ന് ഒളിച്ചിരിക്കുന്ന വയലില്‍ കരയുന്ന കുഞ്ഞിനെ കൊന്നു കളയുന്ന അമ്മയുടെ അനുഭവം വരെ- .കഥകള്‍ ഒടുങ്ങുന്നതേയില്ല, യൂനുസിന്റെ മരണത്തോടെ നോവല്‍ അവസാനിക്കുന്നത് വരെ.

നോവലിസ്റ്റ് എന്തെങ്കിലും പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയോ ആശയ പരമായ പ്രത്യേക നിലപാടുകള്‍ മുന്നോട്ടു വെക്കുകയോ തന്റെ ലക്ഷ്യമേ ആക്കുന്നില്ല. മ്യൂണിക് ഒളിമ്പിക്സിലെ ഇസ്രയേലി കായിക താരങ്ങളെ വധിച്ചതിനെ കുറിച്ച് ഖലീല്‍ പറയുന്നുണ്ട്: “എനിക്കറിയാം, താങ്കള്‍ (യൂനുസ്) അത്തരം ഓപ്പറേഷനുകളെ കുറിച്ച് എങ്ങനെ ചിന്തിക്കുന്നുവെന്ന്. വിമാനങ്ങള്‍ ഹൈജാക്ക് ചെയ്യുകയും വിദേശങ്ങളില്‍ സിവിലിയന്‍ പൗരന്മാരെ കൊല്ലുകയും ചെയ്യുന്ന തരം പ്രവര്‍ത്തനങ്ങളെ തുറന്നെതിര്‍ക്കാന്‍ ധൈര്യപ്പെട്ട ചുരുക്കം ചിലരില്‍ പെട്ടവനായിരുന്നു താങ്കള്‍" . ലെബനീസ് ക്രിസ്ത്യന്‍ കുടുംബാംഗമായ ഖൌറി 'നക്ബ'യുടെ അതെ വര്‍ഷം ജനിച്ചയാളാണ്. അത് കൊണ്ട് തന്നെ നേരനുഭവങ്ങളല്ല, മുപ്പതോളം വര്‍ഷം ഫലസ്തീന്‍ അഭയാര്‍ഥി കാമ്പുകളിലെ കണ്ടറിഞ്ഞ അറിവുകളും അഭയാര്‍ഥികളുമായി നടത്തിയ സുദീര്‍ഘമായ അഭിമുഖ സാക്ഷ്യങ്ങളുമാണ് നോവലിന്റെ ഉള്ളടക്കത്തെ നിര്‍ണ്ണയിക്കുന്നത്.

(*ലേഖനത്തിലെ ഉദ്ധരണികളെല്ലാം ലേഖകന്റെ സ്വതന്ത്ര പരിഭാഷകളാണ്.)

(ദേശാഭിമാനി വാരികയില്‍ വന്ന (നവംബര്‍  15-2015) ഈ ലേഖനത്തിന്റെ മുഴുവന്‍ രൂപം Logos Books പ്രസിദ്ധീകരിച്ച കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍ എന്ന പുസ്കതകത്തില്‍ വായിക്കാം. പേജ്: 117- 126)

പ്രണയത്തെ കുറിച്ച് തന്നെ.


I
പ്രണയത്തിലായിരുന്നു
രാവറ്റം വരെ നക്ഷത്രങ്ങളായിരുന്നു
പകലറുതിയോളം മഴവില്ലുകളായിരുന്നു.

II
കനവു മരത്തിനു ഇപ്പോള്‍ മഞ്ഞു കാലം.
ഇതു വഴി പൂത്തു തുടങ്ങിയൊരു
നിറഞ്ഞു വിടരാനിരുന്ന പൂക്കാലം
ആരൊക്കെയോ ഞെരിച്ചുടച്ചതും
പരാഗങ്ങളുടെ ഇളം കാറ്റായി
തഴുകിയുണര്‍ത്താന്‍ കാത്തിരുന്നവന്‍
ഒരുദ്യാനം നെഞ്ചില്‍ കൊരുത്തവന്‍
ഈ മലയോരത്തു നിന്ന്
ഒടുവിലത്തെ തേങ്ങലടക്കി
താഴ് വരക്കാട്ടില്‍ മറഞ്ഞതും
കാതരയായ പ്രണയ നിലാവ്
മുഖം നോക്കിയ കാട്ടാറില്‍
മുങ്ങി മരിച്ചതും

III
നദീ തീരത്ത്‌ ഒരാള്‍ കാത്തിരിപ്പുണ്ട്‌.
വെള്ളാരങ്കല്ലുകളുടെ നിലാത്തിളക്കം
അയാളോടെന്തോ പറയുന്നുണ്ട്.
ഹേമന്തത്തിന്റെ കുളിരു പുതച്ച
രാവിന്റെയും മലകളുടെയും ജലം
ഓര്‍മ്മകളും മറവിയുമഴിഞ്ഞ്
ഒഴുകിപ്പോവുന്നുണ്ട്.

IV

നിരാസത്തിന്റെ ആകാശത്ത്
എന്നും അമാവാസിയാണ്.
മുനിഞ്ഞു തെളിയുന്ന ഒറ്റത്താരകത്തോട്
ലിംഗഭേദം ചോദിക്കരുത്;
വര്‍ഗ്ഗഭേദം തിരക്കരുത്.
തടവറയിരുട്ടിലെ ഏകാന്തതയില്‍
ചുണ്ടെലിയോടു ചങ്ങാത്തം കൂടിയോനുണ്ട്.
ബന്ധിതനായ ചിത്തരോഗിക്ക്
ജനാലയിലെ കുരുവി
സ്വാതന്ത്ര്യത്തിന്റെ പക്ഷി.

Friday, November 29, 2013

സെമിനാറില്‍ ഒരു പല്ലുവേദനക്കാരന്‍



പല്ലുവേദനക്കാരന്‍
സെമിനാറില്‍ ഇരിക്കുമ്പോള്‍
നവരസങ്ങള്‍ തകിടം മറിയുന്നു.
അധ്യക്ഷ പ്രസംഗം
സമന്വയത്തിന്റെ ഭാഷയില്‍
അയഞ്ഞു തൂങ്ങുമ്പോള്‍
അയാള്‍ വലിഞ്ഞു മുറുകുന്നു.
ഇടതു ബുദ്ധിജീവി
ഗ്രാംഷിയെ കൂട്ടിനെടുത്ത്
പ്രസന്നനാകുമ്പോള്‍
അയാള്‍ മുഖം കനപ്പിക്കുന്നു.
ഗാന്ധിയന്‍ പാരമ്പര്യം
കരുണാമയനായ്
മുറജപം നടത്തുമ്പോള്‍
അയാള്‍ പല്ല് ഞെരിക്കുന്നു.
പാരമ്പര്യം കൊണ്ടൊരാള്‍
മധുരോദാരം
കാവി ചുറ്റുമ്പോള്‍
അയാള്‍ എരിവു വലിക്കുന്നു.
ന്യൂനപക്ഷ സംരക്ഷണം
ദൃഡ നിശ്ചയത്തോടെ
അരങ്ങു തകര്‍ക്കുമ്പോള്‍
അയാള്‍ക്ക് കണ്ണ് നിറയുന്നു.
പിന്നെ അരാജക വാദി
ഹാളിനകത്ത്
കൂക്കി വിളിക്കുമ്പോള്‍
അയാള്‍ വെളിയിലിറങ്ങുന്നു.


ഇനി
ക്ഷതം പറ്റിയ പല്ലുകള്‍
കണ്ടു മടുത്ത ദന്ത ഡോക്റ്ററോട്
സെമിനാറിനെ കുറിച്ച്
അയാള്‍ എന്ത് പറയും!

ഒരു കവിത ആവേശിക്കപ്പെടുന്നു



പരാജിതനായ ചെറുപ്പക്കാരന്റെ
ആരുമറിയാത്ത
ഒന്നാം ചരമ വാര്‍ഷികത്തില്‍
ഒരു കവിത വീണ്ടും അസ്വസ്ഥമാവുന്നു.

അടക്കം ചെയ്തതാണതില്‍
എഴുതാതെ പോയൊരു ആത്മഹത്യാകുറിപ്പ്.
ഉയിര്‍പ്പിച്ചതാണവിടെ
കേള്‍വിക്കാരില്ലാത്തവന്റെ പുരാവൃത്തം.
അനാഥമായിരുന്നൊരു ജന്മം
പെറ്റിട്ടും പോറ്റാന്‍ മറന്നവളെ
വിതച്ചിട്ടും കാക്കാന്‍ മറന്നവനെ
പ്രണയം കൊണ്ട് മുറിവേറ്റിയവളെ
കിരാത മൂര്‍ത്തിയായ് ചുഴറ്റിവീശുന്നു.
ഒരു നാളിലെ കാമുകനൊപ്പം
പിടിയിലായ മധ്യവയസ്ക്ക.
ധര്‍മ്മാശുപത്രി വരാന്തയില്‍
ലഹരിക്കൂത്തിലെ അകാലവൃദ്ധന്‍.
ഒരുവളുടെ നിദ്രകളിലിപ്പോഴും തീക്കാറ്റ്.

മണ്ണടിഞ്ഞിട്ടും തിരയടങ്ങാത്ത നിരാശകളില്‍
അശാന്തസാന്നിധ്യങ്ങളുടെ
പ്രേതഭവനം പോലെ
കവിത വീണ്ടും അസ്വസ്ഥമാവുന്നു.

ഒന്നാം ജന്മദിനത്തില്‍
ഒരു കവിത ആവേശിക്കപ്പെടുന്നു.

*********************
(കഴിഞ്ഞ വര്‍ഷം ഇതേ നവമ്പറൊടുവില്‍ ഒരു ദീര്‍ഘ യാത്ര കഴിഞ്ഞു വന്നിറങ്ങിയത് അയല്‍പക്കത്ത് അധികമാരോടും വലിയ പിടിപാടില്ലാത്ത ഒരു ചെറുപ്പക്കാരന്റെ ആത്മഹത്യാ വാര്‍ത്തയിലേക്കായിരുന്നു. അന്ന് അവന്റെ പിന്‍ജീവിതത്തെ കുറിച്ചറിഞ്ഞ അസ്വസ്ഥതകളൊക്കെയും ഒരു കവിതയില്‍ ഇറക്കി വെച്ചതാണ്. ഒരു വര്‍ഷത്തിനിപ്പുറവും അവനാരുടെയും ഓര്‍മ്മകളിലില്ലെന്നു ഇപ്പോള്‍ വീണ്ടും ഓര്‍ത്ത്‌ പോയി.)

Monday, November 25, 2013

ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുന്നു.



മലയോരങ്ങളില്‍
അടക്കം ചെയ്ത പിതൃക്കളെയും
പുഴയാഴങ്ങളില്‍
മുങ്ങി മരിച്ച കുഞ്ഞുങ്ങളെയും
നമ്മള്‍ ഇറക്കി വിട്ടു.
ബുള്‍ ഡോസര്‍ക്കൈകള്‍
ഒരുക്കിയെടുത്ത ഉരുള്‍ പൊട്ടലില്‍
ഉണരാതുറങ്ങുന്നവരെയും
നമ്മളഭയാര്‍ഥികളാക്കി.
ചേറുമാടങ്ങള്‍ വിട്ട്
ചേരിമാടങ്ങളില്‍ ചേക്കേറിയോര്‍
പഴയ പാട്ടുകളിലെ
ചാവേര്‍ പോരാളികളെപ്പോലെ
തലസ്ഥാനങ്ങളിലേക്ക് ആര്‍ത്തലക്കുമെന്നു
ബുദ്ധി ജീവികള്‍ ഭള്ളു പറഞ്ഞു.
അവരോ, രാവുറങ്ങാത്ത തെരുവുകളില്‍
കെട്ടുപിണഞ്ഞും
കൂട്ടിക്കൊടുത്തും
കുലം കെട്ടവരായി.
ജീവിച്ചിരിക്കുന്നവര്‍ തോറ്റുപോവുമ്പോള്‍
മറ്റാരാണ്‌ ഏറ്റെടുക്കുക, മരിച്ചവരല്ലാതെ!

അങ്ങനെയാണിപ്പോള്‍
ഈ അരൂപികളുടെ രാവില്‍
അനാഥനായ ഗോത്ര ദൈവത്തോടൊപ്പം
കവലകള്‍ കടന്നു
തെരുവോരങ്ങള്‍ പിളര്‍ന്നു
മലം മാത്രം കാത്തു വെക്കുകയും
മറ്റെല്ലാം മദിച്ചു തീര്‍ക്കുകയും ചെയുന്ന
നഗര ചത്വരങ്ങളിലേക്ക്
അവര്‍ മുടന്തി നീങ്ങുന്നത്‌.
അഴിഞ്ഞു പോവുന്ന ഉടലുകള്‍
പെരുമഴയില്‍ കുതിരുന്നതും
അടര്‍ന്നു പോവുന്ന കൃഷ്ണ മണികള്‍
മിന്നലൊളിയില്‍ തിളങ്ങുന്നതും
കണ്‍ കാതോര്‍ത്തിരിക്കുക.

മറ്റേതു രീതിയിലാവാം ഇനി
ഇനിയും മരിച്ചിട്ടില്ലാത്ത ഗ്രാമങ്ങള്‍
നഗരങ്ങളെ വളയുക!

Saturday, November 2, 2013

രണ്ടു ലൈംഗികത്തൊഴിലാളികള്‍ ബസ്സില്‍ മടങ്ങുന്നു.

രണ്ടു ലൈംഗികത്തൊഴിലാളികള്‍ ബസ്സില്‍ മടങ്ങുന്നു.

വെളുപ്പാന്‍ കാലം.
നഗരത്തില്‍ നിന്ന്
രണ്ടു ലൈംഗികത്തൊഴിലാളികള്‍ ബസ്സില്‍ മടങ്ങുന്നു.
അവര്‍ക്ക് ഒന്നും പറയാനില്ല.
കണ്ടകറ്ററുടെ മുന വെച്ച നോട്ടത്തിനു
അവര്‍ക്കൊന്നും പറയാനില്ല.
ഇറങ്ങുന്നവരോ കയറുന്നവരോ തുറിച്ചു നോക്കുമ്പോള്‍
അവര്‍ക്കൊന്നും പറയാനില്ല.
ഉറക്കച്ചടവുള്ള പ്രായക്കൂടുതലുള്ള സ്ത്രീയോട്
ഉറങ്ങിക്കൊള്ളാന്‍ ചെറുവാല്യക്കാരി പറയുന്നില്ല.
അവളുടെ തോളില്‍ തലചായ്ക്കുമ്പോള്‍
തമ്മിലൊന്നും പറയുന്നില്ല.
തലേന്ന് രാത്രിയിലെ മുതുക്കനായ കക്ഷി
എന്തൊക്കെയോ ചെയ്തെന്നു വരുത്തി
കള്ളടിച്ചു ബോധം കെട്ടുറങ്ങിയതും
കൂര്‍ക്കം വലിവിട്ടു ശല്യമൊന്നുമില്ലായ്കയാല്‍
.സി. മുറിയില്‍ നന്നായുറങ്ങിയതും
ഓമനിച്ചുവളര്‍ത്തിയ മുത്തച്ഛനെയോര്‍ത്തു
വെളുപ്പിന് ഒന്ന് പുന്നാരം പറഞ്ഞതും
കിഴവന്‍ പ്രസാദിച്ചു കൂടുതല്‍ പണം തന്നതും
ഇളം തരുണി പറയുന്നില്ല.
ഇരുട്ടിന്റെ മറപറ്റി ചെറുവാല്യക്കാര്‍ കൂട്ടിക്കൊണ്ടുപോയതും
രണ്ടെന്നു പറഞ്ഞിട്ട് അഞ്ചു പേരായതും
തര്‍ക്കിച്ചു നിന്നാല്‍ ജീവന്‍ പോകുമെന്നടങ്ങിയതും
രാത്രി മുഴുവന്‍ മുറിയിലെ നീലപ്പടത്തിന്റെ മുറ്റില്‍
ഉടല്‍ പഴുതുകളൊക്കെയും ഞെരിഞ്ഞു പോയതും
മുതിര്‍ന്ന സ്ത്രീ പറയുന്നില്ല.
കൂട്ടത്തിലിളയോന്റെ പല്ലില്‍ മുറിഞ്ഞ മുലഞ്ഞെട്ട്
'ചോരയല്ല;മ്മിഞ്ഞ, കുഞ്ഞേ!' യെന്നു ചുരന്നതും,
വെളുപ്പിന് മുമ്പൊഴിവാക്കാന്‍
പിന്നേം വില പേശിയോരോട് സങ്കടം പറഞ്ഞതും
എന്നാപിന്നൊന്നൂടെ മൊതലാക്കാന്‍ ചോര പൊടിഞ്ഞതും
അഞ്ചു പേരുടെ വിയര്‍പ്പും ഉമിനീരും
മുറിഞ്ഞ ഉടലില്‍ ചേര്‍ന്നഴുകുന്നതും
ഇരുട്ടില്‍ തപ്പി പാതയോരത്തെത്തിയതും
അവള്‍ക്കൊന്നും പറയാനില്ല.
കാത്തിരിക്കുന്ന പകലിന്റെ ബദ്ധപ്പാടുകളെപ്പറ്റി
അവര്‍ക്ക് ഒന്നും പറയാനില്ല.
അന്നൊരു നാള്‍ മടങ്ങിയത്തുമ്പോള്‍
പ്രായം തികയാത്ത മകളുടെ വിരിപ്പില്‍
അച്ഛന്റെ അടിവസ്ത്രം കണ്ടതും
മകളവള്‍ക്ക് മകളല്ലാതായതും
പിന്നതു പതിവായതും അവള്‍ക്കാരോടും പറയാനില്ല.
പിന്നീടൊരുര നാള്‍ ഞാനുണ്ട് കൂടെ,
യതാണ് മെച്ചമെന്ന് മകള്‍ കൂടെയിറങ്ങിയതും
അവള്‍ക്കാരോടുമൊന്നും പറയാനില്ല.

രണ്ടു ലൈംഗികത്തൊഴിലാളികള്‍ ബസ്സില്‍ മടങ്ങുമ്പോള്‍.
അവര്‍ക്ക് ഒന്നും പറയാനില്ല.
ആരോടും പറയാനില്ല.
അവര്‍ക്കെല്ലാം അറിയാമല്ലോ.
എല്ലാര്‍ക്കും എല്ലാമറിയാമല്ലോ.