Featured Post

Saturday, January 18, 2014

പ്രഭാത സവാരി



ചില പ്രഭാതങ്ങള്‍ അങ്ങനെയാണ്:
സ്ഥലകാലങ്ങളുടെ ഋജു രേഖ കടന്ന്
ചില വിളികളെത്തും,
നീയിതിപ്പോഴും ഉറക്കമാണോ എന്ന്;
ഞാനെപ്പെഴോ ഉണര്‍ന്നിരിപ്പാണെന്നു
സൗമ്യമായി ഒരു ചിരിയുണ്ടാവും.
താടിയിലെ വെള്ളി രോമങ്ങള്‍
പെട്ടെന്ന് അപ്രത്യക്ഷമാവും.
സമൃദ്ധമായ റിംഗോ സ്റ്റാര്‍ തലമുടി
നെറ്റിയിലേക്കുതിര്‍ന്നു വീഴും.
'എത്ത്യേലോ സബാനിയാക്കള്,
ന്നെന്താ നേരം വെള്ക്കാനും ഒയ് വ് ല്ലേ?'
ഉമ്മയുടെ പതിവ് പരാതി
കടും ചായയുടെ സ്നേഹമാവും.
ഉമ്മക്കറിയാം
ഒഴിവു ദിവസങ്ങളാണ്
നേരത്തെ പുലരുക.

ഉണരാന്‍ തുടങ്ങുമ്പോള്‍
ഉമ്മയെങ്ങോ മാഞ്ഞു മറയുന്നു
ചില്ലുപാളികളുടയുന്നു വീണ്ടും.
ചെറുമകന്റെ കുഞ്ഞു വിരലുകള്‍
കഷണ്ടിത്തലയില്‍ താളമിടുന്നു.
വിളിച്ചുണര്‍ത്തിയവന്‍ അവിടെയുണ്ട്,
ചുവരിലെ ഗ്രൂപ്പ് ഫോട്ടോയില്‍
അവനിപ്പോഴും ബീറ്റില്‍സ് പ്രായം.
അവന്‍ നേരത്തെ ഉണര്‍ന്നു പോയവനല്ലോ.

ഉണരാത്ത ഉറക്കത്തിലേക്ക്.

Wednesday, January 15, 2014

പ്രേംനസീര്‍ കാലം.

പത്താം ക്ലാസ്സില്‍
നീണ്ടു മെലിഞ്ഞ കൂട്ടുകാരി
മീനാക്ഷിയുടെ വലിയ കണ്ണുകളില്‍
ഭാര്‍ഗ്ഗവിക്കുട്ടിയെ കണ്ടത്
ശശികുമാറാണെന്നു തോന്നിയ
ഒരു പ്രേംനസീര്‍ കാലത്തായിരുന്നു.
കൂട്ടുകാരിയായ ഇരുണ്ട സുന്ദരിയില്‍
ജയഭാരതിയെ കണ്ടപ്പോഴും
പ്രേംനസീര്‍ കാലമായിരുന്നു.
മകരത്തണുപ്പിലെ തഴപ്പായ് രാവില്‍
പൊന്നാപുരം കോട്ടയിലെ പ്രേംനസീറായി
വിജയശ്രീയെ ധ്യാനിച്ചിരുന്നു.
നാട്ടുവഴിത്തിരിവില്‍
തങ്ങള് വീട്ടിലെ ആമിനക്കുട്ടിയുടെ
കൊലുസിന്നൊച്ച കാത്തു നിന്നപ്പോള്‍
ലൈലാ മജ്നുവിലെ പൊടിമീശക്കാരന്‍
പ്രേംനസീറായിരുന്നു നമ്മള്‍.
പ്രിഡിഗ്രിപ്പരീക്ഷക്കാലത്ത്
കളിക്കൂട്ടുകാരിക്ക് കല്യാണമായപ്പോള്‍
മുറപ്പെണ്ണിലെ ബാലനായി
പുഴയോരത്ത് മനസ്സാ ഒന്ന് പാടിയതും
പ്രേംനസീറായിട്ടു തന്നെ.
കോളേജ് ടൂറില്‍ ഊട്ടി കേറിയപ്പോള്‍
അവളോടൊന്ന് മൂളിപ്പാട്ടുപാടിയത്
പണിതീരാത്തവീട്ടിലെ സുപ്രഭാതമായത്
ജോസായ പ്രേംനസീറിന്റെ പണിയായിരുന്നു.
കാലം കടന്നു അവള്‍ ചന്ദ്രിക കളിച്ചപ്പോള്‍
രമണനായ പ്രേംനസീറായിരുന്നു നമ്മള്‍.
വായനശാലാവാര്‍ഷികത്തിനു
എസ്. എല്‍. പുരത്തെ തെരഞ്ഞു പിടിച്ചത്
അഗ്നിപുത്രിയിലെ പ്രേംനസീറാവാനായിരുന്നു.
നമുക്കൊരുത്തി വരാനുണ്ടോ എന്നോര്‍ത്തതും
കല്ലായിക്കടവത്തെ പതിനാലാം രാവില്‍
മരത്തിലെ പ്രേംനസീറായി നമ്മള്‍.
ഒതുക്കത്തിലൊരു കഥപറഞ്ഞാല്‍
വന്നവളേം പോയവളേം
കണ്ടവളേം കാണാത്തവളേം
പ്രേമിച്ചതും മോഹിച്ചതും
നേടിയതും കൈവിട്ടതും
പ്രേംനസീറായിട്ടു തന്നെ.
അതല്ലാതായപ്പോഴോ,
ഒരവളുമാരും പിന്നെ തിരിഞ്ഞു നോക്കീമില്ല.
തിരിഞ്ഞു നോക്കിയോളുമാരെ നമ്മളൊട്ടു കണ്ടതുമില്ല.

നമ്മളപ്പം ബല്ലാണ്ടങ്ങ്‌ സന്യസിച്ചീര്ന്നല്ലോ.
നമ്മളപ്പം ബല്ലാണ്ടങ്ങ്‌ സന്യസിച്ചീര്ന്നല്ലോ.

നിഴലിടങ്ങളില്‍

വാതിൽപ്പാളിയിൽ
ആരോവരച്ചു വെച്ച ചിത്രം
പ്രണയത്തിന്റെശവ കുടീരം പോലെ
മങ്ങിമാഞ്ഞു തുടങ്ങിയിരിക്കുന്നു.

ഒരുവേനലറുതിയിൽ
നിന്റെഓർമ്മധൂളികൾ
വീണ്ടുമൊരുമഴമേഘമാവുമെന്നു
കാത്തിരുന്നചെറുപ്പക്കാരൻ
മൂളിത്തീരാത്തരാഗം പോലെ
ദേശാടനത്തിനിറങ്ങിയിരിക്കുന്നു.

നീയും
ഒരുസമയാടനത്തിനിറങ്ങിയതാണല്ലോ;
നിന്റെആർദ്രമായൊരു തിരിഞ്ഞു നോട്ടം
അവനെ
വീണ്ടും ഉരുവപ്പെടുത്തിയേക്കാം,
പഞ്ചഭൂതങ്ങളിൽ ലയിച്ച ആത്മാവിനെ
വീണ്ടുംതിരിച്ചിറക്കിയേക്കാം

തിരിച്ചുവരവില്ലാത്ത തീരങ്ങളിൽ
കിന്നരച്ചിറകുമായി
നീവരുന്നതും കാത്തു
അവനിരിക്കുന്നുണ്ടാവണം
സമയാടനത്തിനിറങ്ങിയപ്രണയങ്ങളല്ലോ ഓർമ്മകൾ.

Saturday, January 4, 2014

മൂന്നു വിലാപങ്ങള്‍.



തലമുറകളുടെ ശാപം ഘനീഭവിച്ചാണ് അയാളൊരു ഭ്രാന്തനായതെന്നു കുട്ടിക്കാലത്ത് കേട്ടിരുന്നു.
എല്ലം നശിച്ചു നനാവിധമായപ്പോള്‍ ഇടിഞ്ഞു പൊളിഞ്ഞ വീട്ടില്‍ ചങ്ങലയില്‍ ബന്ധിതനായി ഇടക്കൊരാര്‍ത്ത നാദമായി ചിലപ്പോഴൊരു കലമ്പലായി കേള്‍ക്കാമായിരുന്നു അയാളെ. ഊര് തെണ്ടി തിരിച്ചു വന്ന അനന്തരവന്‍ ഒരുനാള്‍ ആയാളെ സ്വതന്ത്രനാക്കി. നാട്ടുവഴികള്‍ പിന്നിട്ടു അയാള്‍ ഓടിമറയുകയായിരുന്നു. ഉന്മാദിയായ പ്രവാചകനെ പോലെ അയാള്‍ മലകളിലേക്ക് കയറിപ്പോയി. അവിടെ അയാള്‍ക്ക്‌ കഠിനമുഖനായ ഒരാദിമ ദൈവത്തിന്റെ സ്പര്‍ശമുണ്ടായിക്കാണണം. ഒന്ന് തീര്‍ച്ചയാണ്: പിന്നീടൊരിക്കലും അയാള്‍ തിരിച്ചു വന്നില്ല. ചിതല്‍പ്പുറ്റുപോലെ മൗനിയായ അനന്തിരവന്‍ കുറെ കാലം ഞങ്ങളുടെ കുട്ടിക്കാലത്തിന്റെ പാട വരമ്പത്തും മേടുകളുടെ തുറസ്സിലും കാണപ്പെട്ടിരുന്നു. പിന്നെ ഒരു നാള്‍ വന്നത് പോലെ അയാള്‍ അപ്രത്യക്ഷനായി. ആരോടുമൊന്നും പറയ്യാതെ, ആരോടുമൊന്നും ചോദിക്കാതെ. ആള്‍പ്പെരുമാറ്റമില്ലാതെ കിടന്ന വിശാലമായ പുരയിടവും തകര്‍ന്നടിഞ്ഞ വലിയ വീടും പിന്നെയൊരു പ്രേതകഥാപരിസരമായി.

അടിയോരോട് ക്രൂരതയ്ക്ക് പേരുകേട്ട താവഴിയായിരുന്നു അതെന്നു കേട്ടിരുന്നു. അയാള്‍ക്ക് ഭ്രാന്തു വന്നതു കുളത്തില്‍ ചാടി ആത്മഹത്യ ചെയ്ത ഗര്‍ഭിണിയായ അടിയാത്തിപ്പെണ്ണിന്റെ ശാപം മൂലമാണെന്നും, അതല്ല ഭ്രാന്ത് അവരുടെ താവഴിയില്‍ തന്നെ ഉണ്ടായിരുന്നതാണെന്നുമൊക്കെ പലതും പറഞ്ഞു കേട്ടിരുന്നു. എന്തായാലും മനസ്സിന്റെ താളപ്പിഴകളും കര്‍മ്മ ശാപങ്ങളുമൊക്കെ ചെറുപ്പത്തിലേ ചിന്താവിഷയമാക്കുന്നതില്‍, അതിന്റെ ആഴവും പരപ്പുമൊന്നുമറിയാതെത്തന്നെ അതെ കുറിച്ച് അസ്വസ്തനാവുന്നതില്‍ ഈ ഓര്‍മ്മയ്ക്ക്‌ പങ്കുണ്ടായിരുന്നു. പില്‍ക്കാലത്ത് ഈ ഓര്‍മ്മ ഏറെ ശക്തമായി തിരയിളക്കം നടത്തിയത് പത്മ രാജന്റെ തൂവാനത്തുമ്പികളിലെ ഭ്രാന്തന്റെ കരച്ചിലും ആ മുറിവനുഭവത്തെ കുറിച്ച് ക്ലാരയുടെ വാക്കുകളും ചേര്‍ന്നപ്പോഴാണ് . കലുഷമായ ജീവിത സന്ധികളും ദുരൂഹമായ അലച്ചിലുകളും തമ്മിലുള്ള ബന്ധത്തെകുറിച്ചും വായനാനുഭവങ്ങളുടെ ധൈഷണിക ബോധ്യങ്ങള്‍ക്ക് മുമ്പെ അബോധത്തിലെങ്കിലും അറിഞ്ഞതും ഈ കുട്ടിക്കാലത്തിലൂടെയാവണം.


വേട്ടയാടുന്ന മറ്റൊരു കരച്ചിലിന്റെ ഓര്‍മ്മ ഒരു മന്ദബുദ്ധിയുടെതാണ്. പ്രായം നിര്‍ണ്ണയിക്കാനാവാത്ത തടിച്ചു കൊഴുത്ത ശരീരം. തൂങ്ങിയ കവിളുകളും തടിച്ച ചുണ്ടുകളും ചെറിയ തലയും. വൃത്തിഹീനം. കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വായില്‍ നിന്നുമൊക്കെ എപ്പോഴും നീരൊഴുകിക്കൊണ്ടിരിക്കും. ഒരേ ഇരുപ്പിരിക്കും വീടിന്റെ തിണ്ണയില്‍. സ്വതേ വേണ്ടത്ര വിവേകമില്ലാത്ത ഉമ്മ ഭക്ഷണം ഒക്കെ കൊടുക്കും. ഉപ്പയ്ക്ക് രണ്ടു പേരെയും കണ്ടു കൂടാ. ശല്യവുമായിരുന്നു അയാള്‍ക്കവര്‍. താരതമ്യേന സുമുഖനായിരുന്ന അയാള്‍ക്ക്‌ വേറൊരു ബന്ധമുണ്ടായിരുന്നു. മകനും ഭാര്യയും ഒന്നൊഴിഞ്ഞു കിട്ടാന്‍ അയാള്‍ ആഗ്രഹിച്ചു കാണണം. വീട്ടാവശ്യത്തിനോ മറ്റോ ഉമ്മ വെളിയില്‍ പോവുന്ന സമയത്ത് വിശപ്പനുഭവപ്പെട്ടാല്‍ അവന്‍ ഉപദ്രവകാരിയാവും. കണ്ണില്‍ കണ്ടതൊക്കെ എടുത്തെറിഞ്ഞും മനസ്സിലാവാത്ത പരുക്കന്‍ ശബ്ദത്തില്‍ അലറിവിളിച്ചും ആകെ ബഹളമാവും. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഉപ്പ തന്റെ കലിപ്പ് മുഴുവനും തീര്‍ക്കുക. ജന്മ പാപം തീര്‍ക്കുന്നത് പോലെ അയാള്‍ അവനെ വടിയെടുത്തു പ്രഹരിക്കാന്‍ തുടങ്ങും. അപ്പോള്‍ വല്ലാത്തൊരു വികൃതവും ഭീഭത്സവുമായ ശബ്ദത്തില്‍ അവന്‍ അമറാന്‍ തുടങ്ങും, കരച്ചിലോ അലര്‍ച്ചയോ എന്ന് തിരിച്ചറിയാന്‍ വയ്യാത്ത രീതിയില്‍. കുട്ടികളൊക്കെ പേടിച്ചു പോവുന്ന ഒരു രംഗവും ശബ്ദവുമായിരുന്നു അത്. പില്‍ക്കാലത്ത് ഞാനാലോചിച്ചിട്ടുണ്ട് ഒരാള്‍ക്ക്‌ ലഭിക്കാവുന്ന ഏറ്റവും വലിയ ജീവിത ശാപം മരണം സ്വയം വരിക്കേണ്ടുന്ന സാഹചര്യമുണ്ടാവലല്ല, മറിച്ചു അതിനു പോലും വയ്യാത്ത സാഹചര്യങ്ങളില്‍ പെട്ട് പോവലാണെന്ന്. മരിക്കാന്‍ പോലും സ്വതന്ത്ര്യമില്ലാതാവുക. ഞാന്‍ മരിച്ചാല്‍ പിന്നെ ഈ ജീവനെ എന്ത് ചെയ്യും എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചു പോവുക. ആ ഉമ്മയ്ക്ക് ഏതായാലും അത് വേണ്ടി വന്നില്ല. ഒരു നാള്‍ ഉമ്മയെ തിരഞ്ഞു പുറത്തിറങ്ങി റോട്ടിലെത്തിയ അവന്‍ വളവുതിരിഞ്ഞു കടന്നു വന്ന ഏതോ വാഹനമിടിച്ച് മരിച്ചു, ഒരു ചെറിയ കരച്ചില്‍ പോലുമില്ലാതെ. നഷ്ടപരിഹാരക്കേസില്‍ മാത്രം ഉപ്പ സജ്ജീവമായി അവകാശ വാദമുന്നയിച്ചത് നാട്ടുമ്പുറത്തെ അടക്കിപ്പിടിച്ച സംസാരമായിരുന്നത് ഓര്‍ക്കുന്നു.


ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുമ്മ മറ്റൊരു വിലാപ സ്മൃതി ഒരമ്മാവന്റേതാണ്. അവിവാഹിതന്‍, കാസ രോഗി. അതി കഠിനമായ വയറുവേദനക്കാരനും.. പ്രായമായ ഉമ്മയും വിവാഹ മോചിതയായ കുട്ടികളില്ലാത്ത പെങ്ങളും. ഭൂസ്വത്തൊക്കെയുണ്ട്. എട്ടൊമ്പത് മൈലുകള്‍ അകലെയുള്ള പെരിന്തല്‍മണ്ണയിലെ ആയുര്‍വേദ ധര്‍മ്മാശുപത്രിയില്‍ പോയി കഷായവും മരുന്നുമൊക്കെയായി വരുന്ന അമ്മാവന്‍റെ ദൈന്യ രൂപം ഒരു പതിവ് കാഴ്ചയായിരുന്നു. എപ്പോഴും അസ്വാസ്ഥ്യങ്ങള്‍ നുരഞ്ഞുകൊണ്ടിരുന്ന ഗാര്‍ഹികാന്തരീക്ഷത്തില്‍ അംഗങ്ങളുടെ ശാപവാക്കുകളും പരസ്പരമുള്ള കുത്തുവാക്കുകളുമൊക്കെ എപ്പോഴും മുഴങ്ങിക്കേള്‍ക്കുമായിരുന്നു. എന്നാല്‍ സഹിക്കാനാവാത്തത് രാത്രികാലങ്ങളില്‍ അള്‍സറിന്റെ പാരമ്യത്തില്‍ അമ്മാവന്റെ നിലവിളിയായിരുന്നു. രാവിന്റെ നിശ്ശബ്ദത ഭേദിച്ച് ആ വിളി അങ്ങനെ ഉയരും. അയാള്‍ വിളിച്ചു കൊണ്ടിരുന്ന അല്ലാഹു പക്ഷെ ഒരുപാടൊരുപാട് വൈകിയാണ് അത് ചെവിക്കൊള്ളാന്‍ തയ്യാറായത്. അത് വരെയും വല്ലാത്തൊരു നരകമാണ് ആ പാവം ജീവിച്ചു തീര്‍ത്തത്. പില്‍ക്കാലത്ത് യൗവനാരംഭത്തില്‍ തന്നെ സ്വയം അള്‍സറിന്റെ പിടിയിലമര്‍ന്നപ്പോള്‍ അമ്മാവന്റെ മുഖമായിരുന്നു ആത്മഹത്യാപ്രേരണ പോലെ ഏറ്റവും ഭീഷണിപ്പെടുത്തിയത് . അങ്ങനെ സ്വയം ഒരു ഭാരമാകുന്ന അവസ്ഥ വന്നാല്‍ പിന്നെ മടിച്ചു നില്‍ക്കരുതെന്ന് സ്വയം ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു എപ്പോഴും. പക്ഷെ, രാപ്പാതി കഴിഞ്ഞു വേദനയുടെ കൊടുങ്കാറ്റടിക്കാന്‍ തുടങ്ങുമ്പോള്‍ കൂടെ ഉണര്‍ന്നിരിക്കാനും ഇളം ചൂടോടെ നേരിയ പാല്‍ച്ചായയുണ്ടാക്കിത്തന്ന് വേദന ശമിപ്പിക്കാനും ഉമ്മയുണ്ടായിരുന്നല്ലോ.

ഇന്ന് ആ പ്രശ്നത്തില്‍ നിന്നൊക്കെ മുക്തി നേടി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും രാപ്പാതി കഴിഞ്ഞു പലപ്പോഴും ഉണര്‍ന്നു അസ്വസ്ഥനാവുന്നു. പ്രാര്‍ത്ഥനയുടെ തൂവല്‍സ്പര്‍ശത്തിനായി വ്യര്‍ത്ഥം പരതുന്നു. അപ്പോഴൊക്കെയും പിറക്കാതെ പോയവന്റെ ശാപം പേറുന്ന പ്രാകൃതനായ ഒരശ്വത്ഥാമാവിനെയും, ലോറിക്കടിപ്പെട്ടമര്‍ന്നു പോയ പുറത്തു വരാത്ത നിലവിളിയിലൊടുങ്ങിയ ഒരു പാഴ് ജന്മത്തെയും വേദനയുടെ കടലാഴങ്ങളില്‍ മരിക്കാതെ മരിച്ച ഒരു സാത്വികനെയും ഓര്‍ത്ത്‌ പോവുന്നു. എത്ര പേലവമായ, മുടിനാരിഴ വ്യത്യാസത്തിലാണ് നമ്മളൊക്കെയും സുരക്ഷിതരാവുന്നതെന്ന് വെറുതെ വേദാന്തിയാവുന്നു.

Saturday, December 28, 2013

മണ്ടേല: സ്വാതന്ത്ര്യത്തിലേക്കുള്ള സുദീര്‍ഘ നടത്തം.

വെള്ളിത്തിരയിലെ ഈടുവെപ്പുകള്‍ -1


മണ്ടേല: സ്വാതന്ത്ര്യത്തിലേക്കുള്ള സുദീര്‍ഘ നടത്തം.

Mandela: Long Walk to Freedom (2013)

സംവിധാനം: ജസ്റ്റിന്‍ ചാഡ്‌ വിക്.
(സൗത്ത് ആഫ്രിക്ക- 139 മിനിറ്റ്)
(ഇംഗ്ലീഷ് - ആഫ്രിക്കാനസ്- കോസ)


ജീവ ചരിത്ര സിനിമകള്‍ ചെയ്യുന്ന ചലച്ചിത്രകാരന് നേരിടേണ്ടി വരുന്ന ചില പ്രധാന വെല്ലുവിളികളുണ്ട്: തന്റെ കഥാപുരുഷന്റെ ജീവിതം അതിന്റെ സാകല്യത്തിലും ആഴത്തിലും ചലച്ചിത്ര ഭാഷയില്‍ സാക്ഷാത്കരിക്കുക, അത് എത്രമാത്രം ഇതിഹാസ മാനമുള്ളതാണെങ്കിലും സിനിമയുടെ സമയ ദീക്ഷയിലേക്ക് പരാവര്‍ത്തനം ചെയ്യുക എന്നതൊക്കെയും അതില്‍പ്പെട്ടതാണ്. അതോടൊപ്പമോ അതിലേറെയോ പ്രധാനമാണ് സ്വന്തം കഥാ പാത്രത്തിന്റെ ഗരിമയില്‍ കലാത്മകത ആവശ്യപ്പെടുന്ന നിര്‍മ്മമത പുലര്‍ത്താന്‍ കഴിയാതെ വീരാരാധനയുടെ പടുകുഴിയില്‍ വീണു പോകുക എന്ന പ്രലോഭനത്തെ അതിജീവിക്കല്‍. ലോക സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ജീവ ചരിത്ര സിനിമകള്‍ ഈ വെല്ലുവിളികളെ അതിജീവിച്ചവയാണ്‌. ആറ്റെന്‍ബറോയുടെ 'ഗാന്ധി'യും സ്റ്റീവ് സോഡെര്‍ബര്‍ഗിന്റെ 'ചെ'യും മുസ്തഫാ അക്കാദിന്റെ 'ഒമര്‍ മുഖ്താ'റും ഇത്തരത്തിലുള്ള ചലച്ചിത്ര ഇതിഹാസങ്ങളാണ്. ഈ ശ്രേണിയിലേക്കുള്ള ഏറ്റവും പുതിയ മുതല്‍ക്കൂട്ടാണ് യുവ ബ്രിട്ടീഷ് സംവിധായകനായ ജസ്റ്റിന്‍ ചാഡ്‌വിക് ഒരുക്കിയ 'Mandela:Long Walk to Freedom' എന്ന ചിത്രം.

വര്‍ണ്ണവെറിയുടെ മൂര്‍ത്ത രൂപമായിരുന്ന ദക്ഷിണാഫ്രിക്കന്‍ അപ്പാര്‍ത്തീഡ് വ്യവസ്ഥിതിക്കെതിരെ കറുത്തവര്‍ഗ്ഗക്കാര്‍ നടത്തിയ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഇതിഹാസ നായകന്‍ നെല്‍സണ്‍ മണ്ടേലയുടെ അതെ പേരിലുള്ള ആത്മകഥയെ ആസ്പദമാക്കി വില്ല്യം നിക്കോള്‍സണ്‍ തിരക്കഥഎഴുതിയ ചിത്രത്തില്‍ ബ്രിട്ടീഷ് നടന്‍ ഇദ്രീസ് എല്‍ബാ മണ്ടേലയെ അവതരിപ്പിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ (മണ്ടേലയുടെ ജനനം 1918- ജൂലൈ 8-ന് ആയിരുന്നു) വര്‍ണ്ണ വിവേചനം കൊടുമ്പിരിക്കൊണ്ട നാളുകളില്‍ സൗത്ത് ആഫ്രിക്കയിലെ ഒരു ഗ്രാമത്തില്‍ ജനിച്ച മണ്ടേലയുടെ കുട്ടിക്കാലവും സ്വാതന്ത്ര്യ ബോധത്തിലേക്ക്‌ അന്നേ ഉണര്‍ന്നു വരാനിടയായ ഗോത്ര നിഷകര്‍ഷകളുടെയും ശിക്ഷണങ്ങളുടെയും നാളുകളും മുതലാണ്‌ ചിത്രം ആരംഭിക്കുന്നത്. ചിത്രത്തില്‍ മിക്ക ഭാഗങ്ങളിലും മണ്ടേലയുടെ സ്വന്തം ശബ്ദമാണ് ശബ്ദ സാന്നിധ്യ (voice-over) മാവുന്നത്. ആഫ്രിക്കന്‍ നാഷണല്‍ കൊണ്ഗ്രസ്സി (ANC) ലെയ്ക്കും സ്വാതന്ത്ര്യ സമരങ്ങളുടെ മുന്നണിയിലേക്കുമുള്ള മണ്ടേലയുടെ കടന്നുവരവും, ഇരുപത്തേഴു വര്‍ഷം നീണ്ടു നിന്ന കാരാഗൃഹ വാസവും ചിത്രത്തില്‍ തീവ്രമായി അവതരിപ്പിക്കുന്നുണ്ട്. വിന്നീ മണ്ടേല (നവോമി ഹാരിസ്) യുമായുള്ള പ്രണയവും വിവാഹവും കുടുംബവുമായുള്ള ഊഷ്മള ബന്ധവുമൊക്കെ കടന്നു വരുമ്പോഴും, ആരെയും കാണാനോ, ആരോടും എഴുത്തിലൂടെ പോലും ബന്ധം സ്ഥാപിക്കാനോ കഴിയാതെ പോയ ജയില്‍ ജീവിതകാലത്തും തന്റെ സ്വാതന്ത്ര്യമല്ല, ദക്ഷിണാഫ്രിക്കയിലെ മുഴുവന്‍ കറുത്ത വര്‍ഗ്ഗക്കരന്റെയും സ്വാതന്ത്ര്യമാണ് വിഷയം എന്ന് ഊന്നിപ്പറഞ്ഞ വിപ്ലവകാരിയെ ചിത്രത്തില്‍ കാണാം. അത് ഉറപ്പു വരുത്താന്‍ കഴിയാത്ത കാലത്തോളം തനിക്കു മാത്രമായി സ്വാതന്ത്ര്യം ആവശ്യമില്ല എന്ന മണ്ടേലയുടെ ഉറച്ച നിലപാടാണ് അപ്പാര്‍ത്തീഡ് ഗവണ്മെന്റിനെ ഒടുവില്‍ കറുത്ത വര്‍ഗ്ഗക്കരുമായി അധികാരം പങ്കിടുക എന്ന പരിഹാരത്തിലേക്കും മണ്ടേലയുടെ മോചനത്തിലേക്കും നിര്‍ബന്ധിതരാക്കുന്നത്. വിന്നിയുമായി അഭിപ്രായ വ്യത്യാസത്തിലേക്കും തുടര്‍ന്ന് വിവാഹ മോചനത്തിലേക്കും എത്തിക്കുന്നത് അക്രമാസക്തമായ നിലപാടുകളോട് പുറം തിരിയാനുള്ള മണ്ടേലയുടെ തീരുമാനം കൂടിയാണ്.

മണ്ടേലയുടെ എന്നത് പോലെ തന്നെ ആ കാലഘട്ടത്തിന്റെ കൂടി കഥയാണ്‌ ചിത്രം പറയുന്നത്. സുദീര്‍ഘമായ ജയില്‍ വാസ കാലത്തും പുറത്തു നാട്ടില്‍ നടക്കുന്ന തുടിപ്പുകളൊക്കെയും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നത് കൊണ്ട് തന്നെയാണ് അതൊക്കെയും തീവ്രമായിത്തന്നെ ചിത്രത്തില്‍ കടന്നു വരുന്നത്. പ്രസ്ഥാനത്തിന്റെയും അത് നടത്തിക്കൊണ്ടിരുന്ന സമരങ്ങളുടെയും തുടര്‍ച്ച തന്നെയായിരുന്നല്ലോ അദ്ദേഹത്തിന്റെ ജയില്‍ മോചനാനന്തര കാലത്തെയും നിര്‍വ്വചിച്ചത്. ചരിത്രം അത് ജീവിച്ചവര്‍ക്ക് മാത്രമല്ല, അതിന്റെ പിന്‍തുടര്‍ച്ചക്കാര്‍ക്ക് കൂടിയുള്ളതാണ് എന്നതാണ് ഓരോ ചരിത്ര പുരുഷനും ചരിത്ര സന്ധിയും നല്‍കുന്ന പാഠവും.


ചിത്രത്തില്‍ നിരൂപകര്‍ ഏറ്റവും കൂടുതല്‍ വാഴ്ത്തിയ ഘടകം ഇദ്രിസ് എല്‍ബയുടെ അഭിനയം തന്നെയാണ്. വിന്നിയായി അഭിനയിച്ച നവോമി ഹാരിസും ഏറെ പ്രശംസ നേടുകയുണ്ടായി. ഇതൊക്കെയാണെങ്കിലും, കഥാപുരുഷന്റെ ഔന്നത്യത്തോട് നീതിപുലര്‍ത്താന്‍ ചലച്ചിത്രകാരന് വേണ്ടത്ര കഴിഞ്ഞിട്ടില്ല എന്ന വിമര്‍ശനങ്ങളും ഇല്ലാതില്ല.

Tuesday, December 24, 2013

കളഞ്ഞു പോയ നക്ഷത്രങ്ങള്‍ക്ക്


ഡിസംബര്‍ രാവിന്റെ കുളിരില്‍
ഹറിക്കേന്‍ ലാമ്പിന്‍ വെട്ടത്തില്‍
പുല്‍ക്കൂടൊരുക്കുന്ന തിരക്കിലാണ്.
ഫൈവ് ഫോര്‍ ത്രീ
നാഷണല്‍ പാനസോണിക്കില്‍
ടി. ഡി. കെ ഓഡിയോകാസെറ്റില്‍ നിന്ന്
ബോണി എമ്മിന്റെ മാന്ത്രിക ശബ്ദം.
മേരീസ് ബോയ്‌ ചൈല്‍ഡ്....
അടുത്തത്‌ മൂളിത്തുടങ്ങുന്നു മനസ്സ് കൊണ്ട്:
ബൈ ദ റിവേഴ്സ് ഓഫ് ബാബിലോണ്‍.
അപ്പുറത്ത് നിന്ന് അമ്മച്ചിയും
ചേച്ചിമാരും അപ്പച്ചനും
അവരെ വലം വെച്ച് കുട്ടിപ്പടയും
വിഭവസമൃദ്ധിക്ക് കോപ്പ് കൂട്ടുന്നു.

ഇന്ന് അമ്മച്ചിയും അപ്പച്ചനും
ലൂര്‍ദ് പള്ളിസിമിത്തേരിയില്‍ ഉറക്കമാണ്.
വാരകള്‍ക്കപ്പുറത്തു പഴയ പള്ളിക്കാട്ടില്‍
ഉമ്മയും ബാപ്പയുമുണ്ട്.
ചേച്ചിമാര്‍ അവരുടെ മക്കളോടൊപ്പം
വേറെ ക്രിസ്മസ് ഒരുക്കുന്ന തിരക്കിലും.
മറ്റേതോ നാടുകളില്‍, വീടുകളില്‍.

പുല്‍ക്കൂടൊരുക്കിയിരുന്ന ബാല്യം
ആര്‍ദ്രമായ ഒരപൂര്‍വ്വ സ്മൃതി.
എവിടെയാണ് എന്റെ നക്ഷത്രം
കളഞ്ഞു പോയത്?

Friday, December 20, 2013

'ഹസാര്‍ ചൗരാസി കി മാ' (1998)

കാലം കാത്തുവെച്ച ചിത്രങ്ങള്‍: 5

'ഹസാര്‍ ചൗരാസി കി മാ' (1998)
ഹിന്ദി-
തിരക്കഥ; സംവിധാനം: ഗോവിന്ദ് നിഹലാനി,
അവലംബം: 'ഹസാര്‍ ചൗരാഷിര്‍ മാ'- മഹാശ്വേതാ ദേവി.


ഇന്ത്യന്‍ നവ സിനിമയിലെ അതീവ ശ്രദ്ധേയമായ സാനിധ്യമാണ് ഗോവിന്ദ് നിഹലാനിയുടെത്. ആക്രോഷ് (1980) , അര്‍ദ്ധസത്യ (1983), ദ്രോഹ്കാല്‍ (1994) തുടങ്ങിയ വിഖ്യാത ചിത്രങ്ങളിലൂടെ ഇന്ത്യന്‍ ചലചിത്ര പ്രേമികള്‍ക്ക് സുപരിചിതനാണ് അദ്ദേഹം. 1998-ല്‍ പുറത്തിറങ്ങിയ 'ഹസാര്‍ ചൗരാസി കി മാ' എന്ന ചിത്രം, നിഹലാനിയുടെ ചലച്ചിത്ര സപര്യയില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന ഒന്നാണ്.

ഇന്ത്യന്‍ സാഹിത്യ ലോകത്ത് പകരം വെക്കാനില്ലാത്ത സാന്നിധ്യമാണ് മഹാശ്വേതാ ദേവിയുടെത്. സമൂഹത്തിലെ ഏറ്റവും ചവിട്ടിതാഴ്ത്തപ്പെടുന്നവരുടെ ജീവിതത്തിലേക്ക് നിരന്തരം കടന്നു ചെല്ലുകയും അവരുടെ ജീവിത സന്ധികളെ അവരോടൊപ്പം നിന്ന് തന്നെ അടയാളപ്പെടുത്തുകയും ചെയ്യുന്നു ബംഗാളി സാഹിത്യത്തിലെ സ്നേഹമയിയും സമാദരണീയയുമായ ഈ 'ദീദി'. എഴുപതുകളുടെ കല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ നക്സല്‍ബാരി കലാപത്തിന്റെ ആദര്‍ശ ബദ്ധവും ത്യാഗപൂര്‍ണ്ണവുമായ നാളുകളുടെയും പ്രചോദിതമായ ഒരു തലമുറയിലെ യുവത്വങ്ങള്‍ അതിനു വേണ്ടി നടത്തിയ ആത്മബലികളുടെയുമൊക്കെ സാക്ഷ്യങ്ങള്‍ നിറഞ്ഞതാണ്‌ ദീദിയുടെ 'ഹസാര്‍ചൗരാഷിര്‍ മാ' എന്ന ബംഗാളി നോവല്‍. പ്രസ്തുത നോവലിനെ ആസ്പദമാക്കി, ഗോവിന്ദ് നിഹലാനി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന് സംഭാഷണങ്ങള്‍ രചിച്ചത് ത്രിപുരാരി ശര്‍മയാണ്. പതിനേഴു വര്‍ഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചു വന്ന ജയ ബച്ചന്റെ അവിസ്മരണീയമായ അഭിനയ ചാരുതയോടെ 1998 മാര്‍ച്ച് 20-ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം സ്വാഭാവികമായും നിരൂപക- പ്രേക്ഷക പ്രശംസ ഒരു പോലെ പിടിച്ചു പറ്റുകയും ചെയ്തു.

1970- കളിലെ കല്‍ക്കത്തയിലെ, സമ്പന്ന മധ്യ വര്‍ഗ്ഗകുടുംബത്തിന്റെ പശ്ചാത്തലത്തില്‍, അക്കാലത്ത് ബംഗാളിലാകെ അലയടിച്ച നക്സല്‍ബാരി പ്രസ്ഥാനത്തിന്റെ ഭാഗമായി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെട്ടവരുടെ ജീവിതങ്ങളിലേക്കും അതിന്റെ സാമൂഹ്യ, മാനസിക മാനങ്ങളിലെക്കും ചിത്രം കണ്ണ് തുറക്കുന്നു. സുജാത ചാറ്റര്‍ജി (ജയ ബച്ചന്‍) എന്ന ബാങ്ക് ഉദ്യോഗസ്ഥ ഒരു പ്രഭാതത്തിലുണരുന്നത് ഒരു ഫോണ്‍ വിളിയിലേക്കാണ്: അവരുടെ ഇളയ മകന്‍ ബ്രതി (ജോയ് സെന്‍ഗുപ്ത)യുടെ മൃതദേഹം മോര്‍ച്ചറിയിലുണ്ടെന്നും തിരിച്ചറിയാന്‍ അവരവിടെ എത്തണമെന്നും. അവിടെയെത്തുമ്പോഴാവട്ടെ, തന്റെ മകന്‍ വെറും ഒരു അക്കം ആയിരിക്കുന്നു: 1084. (ഹസാര്‍ ചൗരാസി). ഇനി മുതല്‍ അവര്‍ '1084-ന്റെ അമ്മ' ( 'ഹസാര്‍ ചൗരാസി കി മാ') ആയിരിക്കും. തന്റെ മകന് എന്താണ് സംഭവിച്ചത് എന്നറിയാനുള്ള അവരുടെ ശ്രമം അവന്‍ ആരായിരുന്നുവെന്നുള്ള അന്വേഷണമായി മാറുന്നു. ആ അന്വേഷണത്തിലൂടെ സമൂഹത്തില്‍ തന്നെപ്പോലെ ഒരു സ്ത്രീയുടെ സ്വത്വം തന്നെയും എന്താണെന്നും എന്താണ് തങ്ങളെ കാത്തിരിക്കുന്നതെന്നുമൊക്കെ അവര്‍ അറിഞ്ഞു തുടങ്ങുന്നു.
മകനെ മനസ്സിലാക്കാനുള്ള ശ്രമത്തിനിടെ സുജാത അവന്റെ കൂട്ടുകാരെയും കണ്ടുമുട്ടുകയും അറിയുകയും ചെയ്യുന്നുണ്ട്. ബ്രതിയുടെ കൂട്ടുകാരിയും പ്രണയിനിയുമായ നന്ദിനി മിത്ര (നന്ദിത ദാസ്) , കൂട്ടുകാരനും അവനോടൊപ്പം കൊല്ലപ്പെട്ടവനുമായ സോമുവിന്റെ അമ്മ (സീമ ബിശ്വാസ്), എന്നിവരില്‍ നിന്നാണ് അവര്‍ തനിക്കു തന്റെ മകനെ കുറിച്ച് എത്ര കുറച്ചേ അറിയുമായിരുന്നുള്ളൂ എന്ന് വേദനയോടെ മനസ്സിലാക്കുന്നത്. സ്നേഹിക്കുക മാത്രമല്ല വേണ്ടിയിരുന്നതെന്നും കുലീന കുടുംബിനിയുടെ മൂക സ്നേഹത്തിനപ്പുറം ചെറുപ്പക്കാരുടെ മനസ്സുകളില്‍, ജീവിതത്തില്‍ ഒക്കെ നടക്കുന്നതെന്ത് എന്ന് കൂടി ഒരമ്മ അറിഞ്ഞിരിക്കണമായിരുന്നു എന്നും അവര്‍ തിരിച്ചറിഞ്ഞു തുടങ്ങുന്നു. അടിസ്ഥാന വര്‍ഗ്ഗജീവിതത്തിന്റെ കയ്പ്പും ദുരിതവും പേറുന്ന , ഏക മകന്റെ അകാല വിയോഗത്തിലൂടെ ഭാവിയുടെ നിലയില്ലാ കയത്തില്‍ വീണു പോകുന്ന പ്രായമായ രണ്ടു പെണ്‍കുട്ടികളുടെ അമ്മയായി സോമുവിന്റെ അമ്മ, സുജാതയുടെ കുലീനമായ അടക്കിപ്പിടിച്ച ജീവിത രീതിയുടെ നേര്‍ വിപരീതമായ ഒരു ജീവിതാവസ്ഥയെ ആണ് അടയാളപ്പെടുത്തുന്നത്. ഒന്നും നഷ്ടപ്പെടാനില്ലാത്തവര്‍ക്ക് പറഞ്ഞ വിപ്ലവ വഴികളിലേക്ക് ഇറങ്ങിത്തിരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല ബ്രതിക്കെന്നും അത് അവനെ പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിക്കാതിരുന്നത് എന്തേയെന്നും അവര്‍ സുജാതയോട് ചോദിക്കുന്നുണ്ട്.

പോലീസിന്റെയും തുടര്‍ന്ന് രണ്ടു വര്‍ഷം ലോക്കപ്പിലെയും ക്രൂര മര്‍ദ്ദനങ്ങളുടെ ഫലമായി കാഴ്ച ശക്തി ഏതാണ്ട് നഷ്ടമായിക്കൊണ്ടിരിക്കുന്ന നന്ദിനി, ഗോത്ര വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴും തന്നോട് കാണിച്ച മാനുശ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ നിയമ പോരാട്ടത്തിലാണ്. അവളുടെ ഓര്‍മ്മകളിലൂടെ, ബ്രതിയ്ക്ക് അമ്മയോടുണ്ടായിരുന്ന ഊഷ്മള സ്നേഹത്തിന്റെയും പരിഗണനയുടെയും ചിത്രം സുജാതയ്ക്ക് ലഭിക്കുന്നു. അഗമ്യഗമനക്കാരനായ അച്ഛനോടോ (അനുപം ഖേര്‍), അച്ഛന്റെ 'ലോകത്ത് വിജയിക്കാനുള്ള സൂത്രപ്പണികളെ' വേദ വാക്യമായെടുക്കുന്ന ഇതര സഹോദരങ്ങളോടോ ബ്രതക്ക് ഒരിക്കലും യോജിക്കാനാവുമായിരുന്നില്ലല്ലോ. ഒരു ഘട്ടത്തില്‍ ഇക്കാര്യത്തില്‍ അച്ഛനുമായി ബ്രതി ഉടക്കിയിട്ടുമുണ്ടായിരുന്നെന്നു നന്ദിതയില്‍ നിന്നാണ് സുജാത അറിയുന്നത്. ഈ രംഗത്തിന്റെ ആവിഷകരണത്തില്‍ ബ്രതിയുടെ നിഷ്കപടമെങ്കിലും കരുത്തുറ്റ വ്യക്തിത്വം പ്രകടിതമാവുന്നുണ്ട്. ഒരു നിമിഷം മകന്റെ ആജ്ഞാശക്തിക്ക് മുന്‍പില്‍ പകച്ചു പോവുന്ന അച്ഛനെ നമുക്ക് കാണാം. അവന്റെ ധൈര്യവും സ്ഥൈര്യവും ആ ആദര്‍ശാത്മകത തന്നെയാണല്ലോ. ഇരുപത്തൊന്നാം പിറന്നാള്‍ തലേന്ന് 'ഇപ്പോള്‍ വരാം!' എന്ന് അമ്മയോട് പുന്നാരം പറഞ്ഞു ഇറങ്ങിപ്പോയ മകന്‍ ആ രാത്രിയില്‍ തന്നെയാണ് കൊല്ലപ്പെടുന്നതും. തങ്ങളുടെ സ്വാധീനമുപയോഗിച്ച് ബ്രതിയുടെ പേര് പത്രത്തില്‍ വരാതെ നോക്കുന്നതിലും അത് വഴി 'കൊല്ലപ്പെട്ട നക്സലൈറ്റിന്റെ കുടുംബം' എന്ന ചീത്തപ്പേര് ഒഴിവാക്കുന്നതിലും ചാറ്റര്‍ജിയും മക്കളും വിജയിക്കുന്നുണ്ട്. സോമുവിന്റെ കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് ഗുണ്ടകളുടെ മുന്നിലേക്ക്‌ എടുത്തുചാടി ബ്രതിയും സോമുവുള്‍പ്പടെ മൂന്നു സുഹൃത്തുക്കളും കൊല്ലപ്പെട്ടതെന്നും ആ കുടുംബത്തില്‍ അവരൊക്കെയും മക്കളായിരുന്നുവെന്നും തെല്ലൊരു അസൂയയോടെ സുജാത മനസ്സിലാക്കുന്നുണ്ട്. സോമുവിന്റെ കുടുംബവുമായുള്ള ബ്രതിയുടെയും കൂട്ടുകാരുടെയും കന്മഷമറ്റ അടുപ്പം, അവര്‍ വിഭാവനം ചെയ്യുന്ന വര്‍ഗ്ഗ രഹിത സമൂഹത്തിന്റെ ഉത്തമ നിദര്‍ശനവുമാണ്.

ബ്രതിയുടെയും സുഹൃത്തുക്കളുടെയും മരണത്തിനു പിന്നില്‍ പ്രസ്ഥാനത്തിലെ തന്നെ ഗ്രൂപ്പ് വഴക്കുകളും സ്പര്‍ദ്ധകളും ഉണ്ടായിരുന്നുവെന്നും അതിന്റെ ഭാഗമായി അവര്‍ ഒറ്റുകൊടുക്കപ്പെടുകയായിരുന്നു എന്നും നന്ദിത സൂചിപ്പിക്കുന്നുണ്ട്. വിപ്ലവ പ്രസ്ഥാനങ്ങളുടെ തകര്‍ച്ചയിലേക്ക് തന്നെയും പലപ്പോഴും വഴിവെച്ചത് ഇത്തരം വിഘടന- ഗ്രൂപ്പ് മനോഭാവങ്ങളായിരുന്നുവെന്ന പൊതു ധാരണയിലെ സത്യത്തിന്റെ തരിമ്പും ഇവിടെ കാണാതെ പോവുന്നില്ല എന്നത് ശ്രദ്ധേയമാണ്. താന്‍ കണ്ടെത്തിയ കാര്യങ്ങളും തന്റെ മകന്റെയും അവനെ പോലുള്ളവരുടെയും ത്യാഗത്തിന്റെ വിലയും സുജാതയുടെ വ്യക്തിത്വത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്‌. റിട്ടയര്‍ ചെയ്ത ശേഷം നന്ദിതയെ പോലെ മലയോര മേഖലകളില്‍ സാമൂഹ്യ പ്രവര്‍ത്തനത്തിലേര്‍പ്പെടണമെന്ന നിശ്ചയത്തിലേക്ക് അവര്‍ എത്തിച്ചേരുന്നത് ഈ പാഠബാക്കിയായാണ്. എന്നാല്‍ അതിനു മുമ്പെ തന്നെ അവര്‍ അവരുടെ ജീവിതത്തിലെ ഏറ്റവും ചൈതന്യവത്തായ ഒരു കര്‍തൃത്വം ഏറ്റെടുക്കുന്നത് ചിത്രാന്ത്യത്തില്‍ നമ്മള്‍ കാണുന്നുണ്ട്: സഹപ്രവര്‍ത്തകനും വിപ്ലവകാരികളുടെ സഹചാരിയുമായ പ്രൊഫസറെ വെടിവെച്ചു കൊല്ലുന്ന ഗുണ്ടകളിലൊരാളെ അസാമാന്യമായ ദൃഡനിശ്ചയത്തോടെ പിടിച്ചടക്കി പിടികൂടാന്‍ അവര്‍ കാരണമാവുന്നു. അപ്പോഴാണ്‌ അവര്‍ ശരിക്കും 'ഹസാര്‍ ചൌരാസി'യുടെ അമ്മയാവുന്നതും.

മനുഷ്യന്‍ മനുഷ്യന്റെ വാക്കുകളെ സംഗീതം പോലെ ശ്രവിക്കുന്ന ഒരു കാലം വരാനുണ്ടെന്ന മഹത്തായ സ്വപ്നവുമായി ജീവിക്കുകയും അതിനു വേണ്ടി മരിക്കുകയും ചെയ്ത മകനെ വേദനയുടെ കൊടും താപത്തിലും അഭിമാനത്തോടെ തിരിച്ചറിഞ്ഞു നെഞ്ചേറ്റുന്ന അമ്മയാണ് 'ഹസാര്‍ ചൗരാസി കി മാ' - ആയിരത്തി എണ്‍പത്തിനാലാം നമ്പറുകാരന്റെ അമ്മ. ആ അര്‍ത്ഥത്തില്‍ മാക്സിം ഗോര്‍ക്കിയുടെ വിഖ്യാത നോവലിലെ അമ്മയുടെ പിന്മുറക്കാരി തന്നെയാവുന്നുണ്ട് ഈ അമ്മയും.