Featured Post

Tuesday, August 28, 2012

ഹൈകു കവിതകള്‍- 2

മുങ്ങി മരിച്ച കുഞ്ഞിനു
മൂകമായ അടക്കം
ഒഴുക്കില്‍ ഒരൊറ്റയില
xxxxxxxxxxxx
കത്തുന്ന തെരുവ്
മടിയിലൊരു കുഞ്ഞു ജഡം
രണഭൂവിലെ പിയേത്ത
xxxxxxxxxxxxxxxxx
ജീനുകളുടെ കടലാഴം കടന്നു
മുത്തശ്ശി ചിരിക്കുന്നു
പേരക്കുഞ്ഞിലൂടെ
xxxxxxxxxxxx
നക്ഷത്രങ്ങളുടെ കൂട്ടച്ചിരി
നിഷ്കാസിതന്‍ ചാടി മരിക്കുന്നു
ഭൂമിയിലേക്ക്‌
xxxxxxxxxxxxx

ബന്ധിതനായ ഭ്രാന്തന്
ജനല്‍പ്പടിയിലെ കുരുവി
സ്വാതന്ത്ര്യത്തിന്റെ പക്ഷി
 xxxxxxxxxxxx
 
കാട്ടിലെ കിളിക്ക് കൂടുണ്ട്‌; കൂട്ടും.
കൂട്ടിലെ കിളിക്ക് കാടില്ല; കൂട്ടില്ല

xxxxxxxxxxxxx

ഹൈകു കവിതകള്‍-1

നേരിന്റെ കവലാള്‍ക്ക്
നെറി കെട്ടവരുടെ
ഒടുക്കത്തെ അത്താഴം
xxxxxxxxxx
 
ഒറ്റയ്ക്ക് പൊരുതിയോന്
ഒറ്റുകാര്‍ തീര്‍ത്ത
ഓട്ട സ്മാരകം
xxxxxxxxxxxx
 
വെളിച്ചം തേടിയോന്
ഇടിമിന്നലില്‍
മോഹാലസ്യം
xxxxxxxxxxx

എങ്ങുമെത്തു,മെങ്കിലും
കിഴക്കാണുദയം
വെളിച്ചങ്ങളൊക്കെയും
xxxxxxxxxxxxx

കുരുതിക്കളത്തില്‍
നിഴലുകളെയുള്ളൂ, 
വണിക്കുകളാണ്‌ സത്യം.
("Every misery is an opportunity"- P. Sainath on Mass Media v. Mass Reality- From Farm and Field to Wall Street Deals )
xxxxxxxxxxxx

കൂട്ടിലടക്കാം വെളിച്ചത്തെ
വിലയിട്ടു വില്‍ക്കാം
കുരുടന്
(ചെടികളും പക്ഷികളും സൂര്യപ്രകാശം മോഷ്ടിക്കുകയാണ് എന്ന് മോന്‍സാന്റോയുടെ പരാതി)

Monday, August 27, 2012

ഊഞ്ഞാല്‍ ചിറകില്‍

ഓണത്തിനു ഊഞ്ഞാല്‍ ചിറകില്‍
ആകാശക്കുതിപ്പയിരുന്നു  
കൌമാരപ്രണയം
അത്രയ്ക്ക് വേണ്ടാട്ടോന്ന് താഴെ
അവളുടെ നനുത്ത ശാസന
സുഖദായിയായ വെല്ലുവിളി.
കൌമാരം കടന്നതും അവളെ
ഒരാള്‍ കെട്ടിക്കൊണ്ടു പോയി.
ഊഞ്ഞാലിട്ട മാവിന്‍ ചുവട്ടില്‍
പുതുപെണ്ണിനെ നോക്കിനില്‍ക്കെ
വിരഹത്തിന്റെ ആദ്യാക്ഷരം.
പിന്നെയെന്നോ മുത്തച്ചന്‍ മാവും
അവളുടെ പ്രണയവും ഓര്‍മ്മകളിലേക്ക്.

പ്രളയ ദിനങ്ങള്‍ ബാക്കി വെച്ചത്

പ്രളയ ദിനങ്ങള്‍ ബാക്കി വെച്ചത്

മലകളില്‍,
അതീന്ദ്രിയ സാന്നിദ്ധ്യങ്ങളുടെ കോടമഞ്ഞില്‍,
ശാന്തരായ പിതൃക്കളുടെ
ജന്മാന്തര നിശ്വാസങ്ങള്‍
ചൂളം കുത്തുന്ന പതിഞ്ഞ കാറ്റുകളില്‍,
ജൈവ പരമ്പരകളുടെ
അതിജീവനത്തിന്റെ മുള്‍ക്കാടുകളില്‍,
സര്‍പ്പദംശനങ്ങള്‍
പതിയിരിക്കുന്ന കല്‍ക്കെട്ടുകളില്‍,
തെന്നിച്ചിതറി കൂലം കുത്തുമ്പോഴും
കുളിരും മീന്‍ചുംബനങ്ങളും
കരുതിവെച്ച സ്നാനഘട്ടങ്ങളില്‍,
ഉടല്‍ പഴുതില്‍
മാനം കാണാവുന്ന വന്മരങ്ങളില്‍,
ഒറ്റക്കുതിപ്പില്‍
ജന്മത്തിന്റെ കൂടൊഴിയാവുന്ന
അത്യഗാധതകളുടെ
കൊതിപ്പിക്കുന്ന മലയറ്റങ്ങളില്‍-
നാടന്‍ വീര്യത്തിന്റെയും
വെടിയിറച്ചിയുടെയും ഊടുവഴികളില്‍
ഒരവധി നാളില്‍ വന്നതാണീ വഴി.
ഇനിയുമിനിയും ഈവഴിയെന്നു
സഹൃദയരായ തെമ്മാടിക്കൂട്ടം
കച്ച മുറുക്കിയതാണന്നേ.

പിന്നെ,
നിശ്വാസങ്ങള്‍ കൊടുങ്കാറ്റുകളും
ഉറവത്തടങ്ങള്‍ പ്രളയ വാഹിനികളുമായ
നരക ചിത്രങ്ങളുടെ
പേയ് ദിനങ്ങള്‍ക്കിപ്പുറം
ഇപ്പോഴാരും ഇവിടേക്ക് വരുന്നില്ല.

കാട്ടരുവിയില്‍
കൌതുകക്കാഴ്ചയായിരുന്ന മാന്‍കൂട്ടങ്ങള്‍
ഒഴുകിപ്പോയ് കഴിഞ്ഞു.
മീന്‍ കണ്ണിന്റെ നിസ്സംഗതയില്‍
ഭീതിയുടെ കനല്‍ പാടുകളുമായി
കാട്ടുതേന്‍ നിറമുള്ള കിടാത്തികളും
വെന്ത മണ്ണായ അപ്പനപ്പൂപ്പന്മാരും
കാട് കേറിക്കഴിഞ്ഞു;
സമതലങ്ങളില്‍, തെരുവോരത്തിന്റെ
ആകാശക്കൂരച്ചുവട്ടില്‍ 
കൂട് കൂട്ടിയവര്‍,
ഈട് വെപ്പില്ലാത്ത കൊച്ചു മനുഷ്യര്‍,
സര്‍വം നശിച്ച വാസ്തുഹാരകള്‍,
ജലമൃത്യുവായവരുടെ പിന്‍ഗാമികള്‍,
പേമാരികള്‍ക്ക് പിറകെ മഹാമാരികളില്‍
ഇനിയും മരിക്കാതെ പട്ടുപോയവര്‍,
പുറപ്പാടിന്റെ പുത്തന്‍ വംശാവലികള്‍,
ക്ഷിപ്ര കോപികളായ മലദൈവങ്ങളും
വകുപ്പുതല ഉപവിഷ്ട ദൈവങ്ങളും ചേര്‍ന്ന്
ജീവിതം ഉരുള്‍പൊട്ടിയവര്‍.

നാളെയും വരുമായിരിക്കും നമ്മള്‍.
ഇടം വലം തിരിഞ്ഞ പുതിയ പാതകള്‍ താണ്ടി,
മലയിറങ്ങിയ പാറക്കൂട്ടങ്ങളും
കൂരകളുടെ അസ്ഥി ഖണ്ഡങ്ങളും കടന്നു,
ഉള്ളിലപ്പോഴും ചിതയെരിയുന്ന
നിസ്സഹായതകളില്‍ കഷ്ടം വെച്ച്,
വകുപ്പുതല സുഹൃത്തുക്കളുടെ അതിഥികളായി,
കുളിരും മീനുമ്മകളും കാത്തിരിക്കുന്ന
അരുവിത്തടങ്ങളിലേക്ക്, വെടിയിറച്ചിയും
നാട്ടുലഹരിയും തേടി, കവിത ചൊല്ലി, പ്പാട്ട് പാടി...


ഇടയില്‍ സംഭവിക്കുന്നത്‌

ഇടയില്‍ സംഭവിക്കുന്നത്‌

നീതി നിര്‍വഹണം എന്നാണ് പറയുക,
ഒരുമിച്ച്.
എന്നാല്‍ രണ്ടിനും ഇടയ്ക്കു
അവരൊക്കെയും കടന്നു വരും.

നിയമപാലകര്‍ ചിലപ്പോള്‍ ആരാച്ചാരാകും
പ്രതിപ്പട്ടികയില്‍ നിന്ന് ചിലര്‍
ചരമക്കോളത്തിലേക്ക് കൂറ് മാറും
അല്ലെങ്കില്‍ ചെറുമീനുകള്‍ക്കുള്ള കോര് വലയാകും
നെടുങ്കന്‍ വരാലുകള്‍ വലക്കു കീഴെ
ശീതള കേന്ദ്രങ്ങളിലേക്ക്
വേനല്‍ക്കാല യാത്ര പോകും
ചില സാക്ഷികള്‍ ദുരൂഹമായി നാട് വിടും
അല്ലെങ്കില്‍ ആറ്റില്‍ പൊങ്ങും
ചിലപ്പോഴത് മാന്ത്രിക സിദ്ധിയുള്ള
കത്തിയേറ്കാരനാവും
ചീറിപ്പാഞ്ഞ വെടിയുണ്ട തൂണില്‍ തട്ടി
തിരിഞ്ഞു പാഞ്ഞു
പന്ത്രണ്ടുകാരിയുടെ നെഞ്ച് തകര്‍ക്കും

അന്വേഷണം ചിലപ്പോള്‍ കമ്മിഷനുകളാവും
നീട്ടിവച്ചും നിറുത്തിവച്ചും കോമാളി കളിക്കും
ഹോസ്റ്റല്‍ മുറിയില്‍ നിന്ന്

കസ്റ്റഡിയിലെടുക്കപ്പെട്ട യുവാവ്
ജീവിച്ചിരുന്നിട്ടേയില്ലെന്ന് തമാശ പറയും
ഒരു നാള്‍ അത് കൊടുങ്കാറ്റിന്റെ ദേവനാവും
ഒരൊറ്റ റെയില്‍പാലത്തിലേക്കായി
മുന്‍കാല പ്രാബല്യത്തോടെ
ഒരു ചുഴലിക്കാറ്റിന് ജന്മം കൊടുക്കും
അപമാനം ഭയന്ന് 
റെയില്‍ പാളത്തിലൊടുങ്ങിയ പെണ്‍കുട്ടികളെ 
ഒറ്റുകാശില്‍ അടക്കം ചെയ്യും
വേട്ടക്കാരനെ വിശുദ്ധനാക്കും.

കോടതി മുറികള്‍ ദുശ്ശാസനന്‍ ചമയും
കൂട്ടം ചേര്‍ന്ന് കടിച്ചു കീറപ്പെട്ടവളെ
വീണ്ടും വീണ്ടും വിവസ്ത്രയാക്കും
വിധി പ്രസ്താവങ്ങളില്‍
കുരുടന്മാര്‍ ആനയെക്കാണും
വിഷപ്പുകയില്‍ മരിച്ചൊടുങ്ങിയവരോട്
ബാധ്യത മുന്നാഴിത്തവിടെന്നു വിധിക്കും
നഗര വിഴുപ്പുകള്‍ ഗ്രാമം ചുമക്കണമെന്നു
തിരുവായ് വെളിപാടുണ്ടാകും
കിണറ്റില്‍ പൊങ്ങിയ തിരുവസ്ത്രധാരിണി
അദൃശ്യയായി വിതുമ്മി നില്‍ക്കും
അവരെപ്പോഴും വിദഗ്ധരെ ഹാജരാക്കും
അവരാകട്ടെ, അറിവിന്റെ മഹാമല കയ്യിലേന്തി
നിങ്ങളെ വിസ്മയിപ്പിക്കും

എങ്കിലും ചിലപ്പോള്‍
നടപടിക്രമങ്ങളുടെ രാവണന്‍ കോട്ടയില്‍ നിന്ന്
ഒരു കുഞ്ഞു വെള്ളരിപ്രാവ്‌
ചക്രവാളത്തിലേക്ക് രജത രേഖയാവും
ഇനിയെങ്കിലും വിഷം വേണ്ടെന്നു
ഒരു നാടിന്റെ കണ്ണീരൊപ്പും
പതിറ്റാണ്ട് കഴിഞ്ഞും ഒരു നിരപരാധി
വേച്ചുവേച്ചു പുറത്ത് കടക്കും
വംശവെറിയുടെ നരഭോജികളില്‍
ചിലരെങ്കിലും
വെന്തു മരിച്ചവരോട് കീഴടങ്ങും 

നീതിമാന്റെ രക്തം ഒരു കഴുകനോടെങ്കിലും
കണക്കു പറയും

നീതി നിര്‍വഹണത്തില്‍
ഒരു സ്പേസ് ഉണ്ടെന്നു അച്ചുകൂട വിദഗ്ധന്‍:
അതാണ്‌ പ്രശ്നം, ആ ഒരു സ്പേസ്.


Saturday, August 25, 2012

THIRD DAY AFTER FLOOD

THIRD DAY AFTER FLOOD

Third day of
the night of the flood-
remembrance day.

Rotting bird carcass
in the valley-
drowned god
of aerial beings.

Here's a sandalwood tree
for the village beauty
lost in the currents;

Now, a 'paala' tree
for that hussy
of wet dreams;

Freshly blooming 'champaka'
for the cute kid
wasted by waves;

Tamarind of memories
for that pregnant girl
died of terror;

a dog's burial
under that poison tree
for the thug who
terrorized all

unbecoming pyre
off barren mango tree
for the old man razed
along with his hut;

And still-
a secret burial,
unknown to the shepherd,
for the never-returning herd
under boulders displaced
from the mountains.


(Notes: Several parts of this country were recently rattled by severe floods and landslides causing tragic consequences.
'Paalamaram” is a tree supposed to possess mysterious seductive properties, housing the supernatural temptress known as “Yakshi”, who would suck the blood of her victim, after satiating her hellish lust. Sientifically named “alstonia scholaris”, it emits heavy, sleep-inducing smell at night. 'Champaka' is a sweet smelling tree of lovable properties.)

പ്രളയ രാവിന്റെ ഓര്‍മ്മ ദിനം.

പ്രളയ രാവിന്റെ
മൂന്നാം നാള്‍-
ഓര്‍മ്മ ദിനം.  

താഴ്‌വരയില്‍ അഴുകിയ
പക്ഷിയുടെ ജഡം-  
മുങ്ങി മരിച്ച
ഗഗനചാരികളുടെ ദൈവം. 

ഒഴുക്കെടുത്തുപോയ
ഗ്രാമ സുന്ദരിക്ക്
ഈ ചന്ദന മരം; 

സുരത സ്വപ്നങ്ങളുടെ
തെറിച്ച പെണ്ണിന്
ഇനിയൊരു പാല മരം; 

തിരകളിലൊടുങ്ങിയ
ഉണ്ണിക്കിടാവിന്
പുതുതായിപ്പൂത്ത ചമ്പകം; 

ഭയന്ന് മരിച്ച ഗര്‍ഭിണിക്ക്‌
ഇടവഴിയിലെ
ഓര്‍മ്മ കായ്ച്ച പുളിമരം; 

നാട് വിറപ്പിച്ച ചട്ടമ്പിക്ക്
കാഞ്ഞിരത്തണലില്‍
തെമ്മാടിക്കുഴി; 

കൂരയോടമര്‍ന്ന മുത്തച്ഛനു
കായ്ക്കാത്ത മാവില്‍
കത്താത്ത ചിത; 

പിന്നെ, 
തിരിച്ചു വരാത്ത ആട്ടിന്‍ പറ്റത്തിനു
മലയിറങ്ങിയ
പാറക്കെട്ടുകളില്‍
ഇടയനറിയാതെ അടക്കം.