Featured Post

Wednesday, March 26, 2014

നിലയില്ലാക്കയങ്ങളിലെ സ്വര്‍ണ്ണമത്സ്യങ്ങള്‍


കൂട്ടം കൂടിയാര്‍ത്തു വിളിച്ച്
കാടിളക്കി മലയിളക്കി
പാട്ടുപാടിത്തിമിര്‍ത്തു രസിച്ച്
ഈ മലയോരത്തെത്തും
വേഷം പകര്‍ന്നും വേഷമഴിച്ചും
കാട്ടാറില്‍ നീരാട്ടിനിറങ്ങും
മുന്നറിയിപ്പുകളുടെ കാവല്‍ മനസ്സ്
നീരൊഴുക്കിലൊഴുകിപ്പോവും.
ജലപാളികള്‍ പിളര്‍ന്നു മാറുമ്പോള്‍.
ആര്‍പ്പുവിളികള്‍ തേങ്ങലുകളാവും.
വിനോദയാത്രയുടെ മദപ്പാടിലേക്ക്
പുത്ര ദുഃഖം മരവിച്ചിറങ്ങും.
പെയ്തൊഴിയാകണ്ണുകളോടെ
ഓര്‍മ്മനാളുകള്‍ കടന്നു പോവും.

നീരാട്ടിനിറങ്ങുന്നവരോട് കിന്നരിക്കുന്ന
മീനുമ്മകളുടെ രഹസ്യമാണത്:
സ്വര്‍ണ്ണ മത്സ്യങ്ങളായ് തിരിച്ചു വരുന്നു
മുങ്ങി മരിക്കുന്ന കുഞ്ഞുങ്ങള്‍.

Saturday, March 22, 2014

ദേവദാസ് (1955)

കാലം കാത്തു വെച്ച ചിത്രങ്ങള്‍ - 8

ദേവദാസ് (1955) (ഹിന്ദി)
കഥ: ശരത്ചന്ദ്ര ചാറ്റര്‍ജി (നോവല്‍)
തിരക്കഥ: നബേന്ദു ഘോഷ്
സംഭാഷണം: രജീന്ദര്‍ സിംഗ് ബേദി
നിര്‍മ്മാണം, സംവിധാനം: ബിമല്‍ റോയ്


ശരത് ചന്ദ്ര ചാറ്റര്‍ജിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ബിമല്‍ റോയ് സംവിധാനം ചെയ്ത് ദിലീപ് കുമാര്‍, സുചിത്ര സെന്‍, വൈജയന്തി മാല എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1956 – ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ദേവദാസ്'. നോവലിന് ഇതിനു മുന്‍പും അതിനു ശേഷവും പല ചലചിത്ര ആവിഷ്ക്കാരങ്ങളും ഉണ്ടായിട്ടുണ്ട്. ആദ്യ ചലച്ചിത്രരൂപം നരേഷ് മിത്രയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നിശ്ശബ്ദ ചിത്രമായിരുന്നു. പിന്നീട് 1935-ല്‍ പ്രമതെഷ് ബറുവ റ്റൈറ്റില്‍ റോളില്‍ അഭിനയിച്ച് അദ്ദേഹം തന്നെ സംവിധാനം ചെയ്ത ബംഗാളി ചിത്രം പുറത്തിറങ്ങി. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം അദ്ദേഹം തന്നെ ഹിന്ദി ഭാഷയില്‍, ജമുന ബറുവ, ടി. ആര്‍. രാജകുമാരി എന്നിവരോടൊപ്പം സാക്ഷാല്‍ കെ. എല്‍. സൈഗാള്‍ റ്റൈറ്റില്‍ റോളില്‍ അഭിനയിച്ച ദേവദാസ് (1936) സംവിധാനം ചെയ്തു പുറത്തിറക്കി. ദക്ഷിണേന്ത്യന്‍ സിനിമയിലെ കുലപതികളില്‍ അഗ്രഗണ്യനായ സാക്ഷാല്‍ അക്കിനേനി നാഗേശ്വര റാവുവും സാവിത്രിയും അഭിനയിച്ച് വേദാന്തം രാഘവയ്യ സംവിധാനം ചെയ്ത തെലുങ്ക്‌ ഭാഷയിലുള്ള 'ദേവദാസ്' 1953-ല്‍ പുറത്തിറങ്ങി. പ്രമതെഷ് ബറുവയുടെയും സൈഗാളിന്റെയും നാഗേശ്വര റാവുവിന്റെയും ചിത്രങ്ങള്‍, ദിലീപ് കുമാര്‍ പതിപ്പ് പോലെ തന്നെ അതീവ പ്രാധാന്യമുള്ളവയാണ് ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തില്‍.


ഫ്യൂഡല്‍ കാല ബംഗാളിന്റെ പശ്ചാത്തലത്തില്‍ ഉന്നത ബ്രാഹ്മണ കുടുംബാംഗമായ സമീന്ദാര്‍ മകന്‍ ദേവദാസും, ബ്രാഹ്മണ കുടുംബം തന്നെയെങ്കിലും ജാതീയ ശ്രേണിയില്‍ അല്‍പ്പം താഴ്ന്നവളും സാമ്പത്തികമായി മോശം അവസ്ഥയില്‍ ഉള്ളവളുമായ അയല്‍ വാസിയും കളിക്കൂട്ടുകാരിയുമായ പാര്‍വതി എന്ന പാരോയുമായുള്ള ദുരന്ത പ്രണയത്തിന്റെ കഥയാണ്‌ ചിത്രം പറയുന്നതെന്ന് സ്ഥൂലമായി ചലച്ചിത്ര കഥാസാരം പറയാം. അനുസരണ ശീലം ഒട്ടുമില്ലാത്ത മകനെ സമീന്ദാര്‍ തന്റെ കല്‍ക്കത്തയിലുള്ള ബന്ധുക്കളുടെ അടുക്കലേക്ക് ഉന്നത പഠനത്തിനും മറ്റുമായി വിടുന്നത് മുതല്‍ തുടങ്ങുന്ന പ്രണയ ഭംഗത്തിന്റെയും വിരഹത്തിന്റെയും കഥ, മദ്യത്തില്‍ മുങ്ങിത്താഴുന്ന കഥാനായകന്റെ അപചയത്തിലും, ധൂര്‍ത്തിലും രോഗത്തിലും ഒടുവില്‍ ദുരന്തപൂര്‍ണ്ണമായ മരണത്തിലും കലാശിക്കുന്നു. മറുവശത്ത് സ്ത്രീജന്മത്തിന്റെ നിസ്സഹായതകളിലും കടമകളിലും കെട്ടുപാടുകളിലും പെട്ട് പാര്‍വ്വതി (സുചിത്ര സെന്‍) ആദ്യം പ്രണയ നഷ്ടത്തിന്റെയും പിന്നീട് ഇഷ്ടമില്ലാത്തെതെങ്കിലും ത്യാഗപൂര്‍ണ്ണവും സാമൂഹിക ബഹുമാനം ആര്‍ജ്ജിച്ചു കൊണ്ടുള്ളതുമായ കുടുംബ ജീവിതത്തിന്റെ ചിട്ടവട്ടങ്ങളിലേക്കും വളരെ വൈകി മാത്രം നിസ്സഹായമായ, പരാജയം ഉറപ്പായ പ്രണയസാഫല്യത്തിന്റെ സംഗമ സാധ്യതയിലേക്കും മുന്നേറുന്നു. ദേവദാസിന്റെ ജീവിതത്തിലേക്ക് ഒരു കുളിര്‍ തെന്നലാവേണ്ടിയിരുന്ന ചന്ദ്രമുഖി (വൈജയന്തി മാല) യാവട്ടെ, ആട്ടക്കാരിയുടെ നികൃഷ്ട സാമൂഹികാവസ്ഥയുടെ നിസ്സഹായതയില്‍ വേദനിക്കാന്‍ മാത്രം വിധിക്കപ്പെട്ടവളും ആവുന്നു.

പ്രണയം വ്യത്യസ്ത ഭാവങ്ങളില്‍ ചിത്രത്തിലുടനീളം സാന്നിധ്യമാവുന്നുണ്ട്. ദേവദാസും പാരോയും കുട്ടിക്കാലത്തിന്റെ സ്വാതന്ത്ര്യത്തില്‍ ഉണ്ടാക്കിയെടുക്കുന്ന ചങ്ങാത്തം ഇണങ്ങിയും പിണങ്ങിയും കരയിച്ചും വളര്‍ന്നു വരുന്ന അവരുടെ ഉള്ളിലെ അവര്‍ക്ക് തന്നെ തിരിച്ചറിയാത്ത ജന്മാന്തര ബന്ധമാണ് . ദേവദാസിനെ കല്‍ക്കത്തയിലേക്കയക്കുമ്പോള്‍ വിരഹത്തിന്റെ ആദ്യ പാഠങ്ങള്‍ അവരറിയുന്നുണ്ട്. ഒഴിവു കാലങ്ങളില്‍ തിരിച്ചു വരുമ്പോഴൊക്കെ പുന സമാഗമത്തിന്റെ ആശ്വാസം അവര്‍ അനുഭവിച്ചിരിക്കണം. യൗവനം അതിന്റെ കരവിരുത് പാരോയില്‍ പതിപ്പിച്ചു കഴിയുമ്പോള്‍, സങ്കോചവും ലജ്ജയും അവര്‍ക്കിടയില്‍ അതിരുകള്‍ സൃഷ്ടിക്കുന്നു. എന്നാല്‍, ദേവദാസിനു കുടുംബ മഹിമക്കൊത്ത വിവാഹം ആലോചിക്കുന്നുവെന്ന് അറിയുമ്പോള്‍ , അര്‍ദ്ധ രാത്രിയില്‍ അയാളെ തനിച്ച് കാണാനെത്തുന്ന പാരോ അവളൊരു വെറും തൊട്ടാവാടിയോ ഭീരുവോ അല്ലെന്നു തെളിയിക്കുന്നുണ്ട്. ഇത് നിനക്ക് ചീത്തപ്പേരുണ്ടാക്കില്ലേ എന്ന ചോദ്യത്തിന്, നിനക്ക് വേണ്ടിയല്ലേ, എനിക്കതൊരു പ്രശ്നമല്ല എന്ന് നിസ്സങ്കോചം മറുപടി പറയുന്നുണ്ട് അവള്‍. എന്നാല്‍, സാമൂഹിക അതിര്‍ വരമ്പുകള്‍ മുറിച്ചു കടക്കാന്‍ ദേവദാസ് അറച്ച് നില്‍ക്കുമ്പോള്‍ ആത്മാഭിമാന ബോധത്തോടെ എന്റെയച്ചനും കഴിയും എനിക്കൊരു വിവാഹം ഉറപ്പിക്കാന്‍ എന്ന് അവള്‍ പറയുന്നു; അതൊരിക്കലും ഉദ്ദേശിച്ചിരുന്നില്ലെങ്കിലും. അത്രയും ദുരഭിമാനം പാടില്ലെന്നും, സൗന്ദര്യത്തിന്റെ ആത്മ ബലത്തിലാണ് അങ്ങനെ പറയുന്നതെങ്കില്‍ എന്നും ഓര്‍മ്മിക്കാന്‍ പാകത്തില്‍ അതിനൊരു മുറിവ് കിടക്കട്ടെയെന്നും പറഞ്ഞാണ് ദേവദാസ് പാരോയുടെ നെറ്റിത്തടത്തില്‍ വടികൊണ്ട് ആഞ്ഞടിച്ചു മുറിവുണ്ടാക്കുന്നത്. പാരോ ആകട്ടെ, അത് ദേവദാസിനെ എന്നും ഓര്‍മ്മിക്കാനുള്ള പ്രണയ ചിഹ്നമായി മനസ്സിലെടുക്കുന്നു.


പ്രണയം വെറും സഹനമല്ലെന്നും അത് അഭിമാന പൂര്‍ണ്ണമായ പങ്കു വെക്കല്‍ ആണെന്നും വിശ്വസിക്കുന്ന പാരോയുടെ നേരെ എതിരറ്റത്താണ് ചന്ദ്രമുഖി. ഒന്നും തിരിച്ചു പ്രതീക്ഷിക്കാത്ത സമ്പൂര്‍ണ്ണ സമര്‍പ്പണമാണ് അവള്‍ക്കു പ്രണയം. പ്രണയ ദാസ്യം. ഒരര്‍ഥത്തില്‍ സമൂഹത്തിന്റെ മുഴുവന്‍ പരിഹാസത്തിന്റെയും നടുവില്‍ താന്‍ നയിക്കുന്ന ജീവിതത്തോട് വെറുപ്പ്‌ കാണിച്ച ഏക മനുഷ്യനോട്, തന്നില്‍ നിന്ന് മറ്റുള്ളവര്‍ ആവശ്യപ്പെട്ടതൊന്നും ആവശ്യപ്പെടാതെ തന്റെ സമയത്തിനു 'വില' നല്‍കിയ മനുഷ്യനോട് അവള്‍ വിധേയപ്പെടുന്നത്, അവളുടെ തന്നെ പൂര്‍വ്വ കാലത്തോട് അവള്‍ക്കുള്ള പ്രതിഷേധത്തിന്റെ കൂടി സൂചകമാണ്. വെറുപ്പും പ്രണയവും ഒന്ന് തന്നെയെന്ന ദ്വന്ദം. പ്രണയിക്കുന്നവനെ മുഴുവനും ആവശ്യപ്പെടുന്ന പാരോയും ഒന്നും ഒരിക്കലും ആവശ്യപ്പെടാത്ത ചന്ദ്രമുഖിയും ഒരേ പ്രണയ സത്യത്തിന്റെ രണ്ടു ഭിന്ന മുഖങ്ങളാണ്. ചന്ദ്രമുഖിയുടെ സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി ജീവന്‍ തിരിച്ചു കിട്ടുന്ന ഘട്ടത്തില്‍ ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് നിന്നെ നിഷേധിക്കാനാവില്ലെന്നു പറയുന്ന ദേവദാസിനോട് അവള്‍ അവളുടെ പ്രണയ സാരം വെളിപ്പെടുത്തുന്നുണ്ട്: എനിക്കത് മതി, അത് മാത്രം മതി. ചിരപരിചിതമായ ഈ 'ഭാരതീയ സ്ത്രീ'സങ്കല്‍പ്പം, പ്രകാശിപ്പിക്കപ്പെടുന്നത് സമൂഹം കല്ലെറിയുന്ന ഒരാട്ടക്കാരിയിലൂടെയാണ് എന്ന വസ്തുതയ്ക്ക് ഒരു വിഗ്രഹ ഭജ്ഞനത്തിന്റെ കൂടി തലമുണ്ടെന്നു വരാം.

പാരോയെയും ചന്ദ്രമുഖിയേയും അപേക്ഷിച്ച് ഒരു ഘട്ടത്തിലും സ്വതന്ത്രമായൊരു തെരഞ്ഞെടുപ്പോ കര്‍തൃത്വമോ പ്രദര്‍ശിപ്പിക്കുന്നില്ല ദേവദാസ്. അങ്ങനെയൊരു നിലപാട് ആവശ്യപ്പെടുന്ന ഘട്ടങ്ങളിലൊക്കെയും സ്വയം മദ്യത്തില്‍ അഭയം തേടുകയാണ് അയാള്‍. സ്നേഹത്തിന്റെ എല്ലാ സ്വാധീനവും ഉപയോഗിച്ച് പാരോയും മറ്റൊരു ഘട്ടത്തില്‍ ചന്ദ്ര മുഖിയും അയാളോട് അപേക്ഷിക്കുന്നുണ്ട് മദ്യം ഉപേക്ഷിക്കാന്‍. അതിനും അയാള്‍ കൃത്യമായ മറുപടി കൊടുക്കുന്നില്ല ഒരു ഘട്ടത്തിലും. അയാള്‍ക്ക്‌ ഒന്നിന് മേലും സ്വാധീനമില്ല, തന്റെ തന്നെ ശീലങ്ങള്‍ ഉള്‍പ്പടെ. എല്ലാം അയാളില്‍ സംഭവിക്കുകയാണ്. വ്യക്തിപരമായ തെരഞ്ഞെടുപ്പുകളില്‍ ഒരിക്കലും അയാള്‍ സ്വയം സ്ഥാപിക്കുന്നതേ ഇല്ല. നിരാശനാവാന്‍, പരാജയപ്പെടാന്‍ ജനിച്ചവനാണയാള്‍.


ഹൃദയദ്രവീകരണ ക്ഷമമായ ഒരു ദുരന്ത പ്രണയ കഥ എന്ന നിലയില്‍ മാത്രമല്ല 'ദേവദാസ്' പ്രസക്തമാവുന്നത്. ഒരര്‍ത്ഥത്തില്‍ ചിത്രത്തിന്‍റെ അത്തരത്തിലുള്ള പ്രസക്തി തന്നെയും ഇക്കാലത്ത് അത്ര സംഗതമായി തോന്നിയേക്കില്ല. അതിഭാവുകത്വത്തിന്റെ സീമകള്‍ കടക്കുന്ന നാടകീയ മുഹൂര്‍ത്തങ്ങളും അതി വൈകാരികതയും ഒട്ടൊക്കെ അരുചികരമായി പുതിയ തലമുറയ്ക്ക് തോന്നുകയും ചെയ്തേക്കാം. അത് കൊണ്ടൊക്കെത്തന്നെയാവണം കഥയുടെ പില്‍ക്കാല പുനസൃഷ്ടികളൊന്നും അത്ര ഏശാതെ പോയതും. എന്നാല്‍ കേന്ദ്ര കഥാപാത്രമായ ദേവദാസ് ആയി എക്കാലത്തെയും നിര്‍ണ്ണായക പ്രകടനം കാഴ്ച വെച്ച ദിലീപ് കുമാറും, പാരോ ആയി ഇനിയൊരാളെ സങ്കല്‍പ്പിക്കാനാവാത്ത വിധം പരകായപ്രവേശം നടത്തിയ സുചിത്രസെന്നും തങ്കപ്പെട്ട മനസ്സിന്റെ ഉടമയായ ആട്ടക്കാരി ചന്ദ്ര മുഖിയായി അഭിനയിച്ച വൈജയന്തി മാലയുടെ പകര്‍ന്നാട്ടവും ചിത്രത്തെ ചലച്ചിത്രാഭിനയത്തിന്റെ പാഠ പുസ്തകമാക്കുന്നതില്‍ നിര്‍വ്വഹിച്ച പങ്ക് എക്കാലവും പ്രസക്തമായിരിക്കും. അതിനുമപ്പുറം, ഏറ്റവും പ്രസക്തമായ കാര്യം പൊയ്പ്പോയ ഒരു കാലഘട്ടത്തിന്റെയും സംസ്കൃതിയുടെയും തിരു ശേഷിപ്പായി ചിത്രം നിലക്കൊള്ളുന്നു എന്നതാണ്. സ്വാതന്ത്ര്യ പൂര്‍വ്വ ഫ്യൂഡല്‍ ബംഗാളിന്റെ പശ്ചാത്തലത്തില്‍ പ്രഭു കുലങ്ങളുടെയും ദരിദ്ര ജീവിതം നയിക്കുന്ന സാധാരണ മനുഷ്യരുടെയും ഒപ്പം ഉന്നത സാമ്പത്തിക ശ്രേണികളില്‍ പെട്ടവരുടെ നേരമ്പോക്കിനായി നഗരങ്ങളില്‍ അടിഞ്ഞു പോവുന്ന കലാ സാംസ്ക്കാരിക ഉപഭോഗാസക്തിയുടെ ഇരകളായി ഉപജീവനം കണ്ടെത്തുന്ന വേരറ്റ മനുഷ്യരുടെയും ചിത്രീകരണം കൂടിയാവുന്നുണ്ട് ചിത്രം. ദേവദാസ് പ്രതിനിധാനം ചെയ്യുന്ന ഉന്നത കുല ജാതരുടെ ജീവിതം അക്കാലത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ എങ്ങനെയാണ് സാമൂഹിക- സാമ്പത്തിക ഉച്ചനീചത്വങ്ങളെ നിലനിര്‍ത്തിയതെന്നും പാരോയുടെ സ്വതന്ത്ര ബുദ്ധിയും ആത്മാഭിമാനവും അവളുടെ സാമ്പത്തിക സ്ഥിതി ആവശ്യപ്പെടുന്ന വിധേയത്വ മനസ്സിനോട് എങ്ങിനെ എതിര്‍ ദിശയില്‍ ആവുന്നു എന്നതും ശ്രദ്ധേയമാണ്. ജന്മാന്തരങ്ങളുടെ ആഴമുള്ള പ്രണയ പാശത്തില്‍ പരസ്പരം ബന്ധിതരായിരിക്കുമ്പോഴും ഇരുവരും തങ്ങളുടെ സാമൂഹിക കെട്ടുപാടുകള്‍ സൃഷ്ടിക്കുന്ന മുന്‍ വിധികള്‍ മുറിച്ചു കടക്കുന്നതില്‍ പരാജയപ്പെടുന്നു. ഒടുവില്‍, അതങ്ങനെ ഏതാണ്ട് സാധിക്കാന്‍ തുടങ്ങുമ്പോഴേക്കും ഏറെ വൈകിപ്പോവുകയും ചെയ്യുന്നു. തന്റെ ഗെയ്റ്റിനു വെളിയില്‍ മരിച്ചു കിടക്കുന്നത് ദേവദാസ് തന്നെയാണെന്നറിഞ്ഞു മറ്റുള്ളവരുടെ വിലക്കുകളോ കുല വധുവിന്റെ മര്യാദകളോ വക വെക്കാതെ ഓടിയണയാന്‍ ശ്രമിക്കുന്ന പാരോയ്ക്ക് മുന്നില്‍ അടഞ്ഞു പോവുന്ന പടുകൂറ്റന്‍ വാതിലുകള്‍, ആ മുറിച്ചു കടക്കല്‍ എത്ര മാത്രം ദുസ്സാധ്യമാണ് എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.



Tuesday, March 18, 2014

വിലക്കുകളുടെ പുസ്തകം വായിക്കുമ്പോള്‍

ഞാനിപ്പോള്‍വിലക്കുകളുടെ പുസ്തം തുറക്കുന്നു.
ആദ്യകല്‍പ്പന ഇങ്ങനെ വായിക്കുന്നു:
നീതിമാനല്ലാത്തവന്‍ നീതിസാരം പറയരുത്.
അപ്പോഴേഅറം പറ്റുന്ന കവിതയില്‍നിന്നും
വഴിവിളക്കുകള്‍അണഞ്ഞു പോവുന്നു.
ഇരുള്‍സര്‍പ്പ സാന്നിധ്യമാകുന്നു.
ദൈവപുത്രന്മാരും രക്തസാക്ഷികളും
പടിയിറങ്ങുന്നു.
പാപികളും ചുങ്കക്കാരും
പാര്‍പ്പുറപ്പിക്കുന്നു.
കാരുണ്യത്തിന്റെപ്രവചന സ്വനങ്ങള്‍
വിപത്സന്ദേശങ്ങളുടെ മുരള്‍ച്ചയാവുന്നു.

കടലറിയാത്തവന്‍തിര മുറിക്കരുത് :
എന്റെവരികളില്‍ നിന്ന്
തിരകളുംതിമിംഗലങ്ങളും പിന്‍ വാങ്ങുന്നു.
ജലകന്യകമാര്‍ അന്തര്‍ദ്ധാനംചെയ്ത
ജലരഹിതമായകടലില്‍
മോശെയുടെവികലാനുകരണം പോലെ
ഞാന്‍തറഞ്ഞു നില്‍ക്കുന്നു.
ജലജീവികള്‍പിറക്കാതെ പോവുന്നു.
ദുര്‍വ്വിധികളിലേക്ക്കപ്പലോടിച്ചവര്‍
എന്റെദിക്കു തെറ്റിയ കപ്പിത്താന്മാര്‍
ജീവിതംപോലെ പാമരത്തില്‍ ബന്ധിതരായവര്‍
എവിടെയാണിനിമാസ്മര സംഗീതം കേള്‍ക്കുക!
എന്റെ കടല്‍പ്പക്ഷികള്‍,
ചേക്കയിടംനഷ്ടമായവര്‍-
അവരെഞാനെന്തു ചെയ്യണം ?
കടല്‍ക്കാറ്റിന്റെഈര്‍പ്പമില്ലാത്ത
സമതലങ്ങളുടെചുടുവാതത്തിലേക്ക്
അനാഥരാക്കണോ?
കടലില്‍മരിച്ച മുക്കുവര്‍
ഉപ്പോളങ്ങളില്‍ഒഴുകിമറഞ്ഞവര്‍
അഴുകിത്തീരാത്തഉടലുകളില്‍
അലഞ്ഞുതിരിയുന്നത്
ഞാന്‍സ്വപ്നം കാണുന്നു.

ചിറകുകളില്ലാത്തവന്‍ആകാശയാനമരുത്.
ഗഗനചാരികളായ എന്റെ കൂട്ടുകാരെ
എനിക്ക്നഷ്ടമാവുന്നു.
നിലാവില്‍
സുഷുപ്തിയുടെമേടണയുന്ന എന്റെ കിന്നരന്മാര്‍
ഇനിയെന്നെക്കൂടാതെതിരിച്ചു പോവും.
നക്ഷത്രജാലകത്തില്‍ നിന്ന്
എന്നെനോക്കിയിരിക്കുന്ന
അമ്മിഞ്ഞയുടെഉര്‍വ്വരത
മുമ്പില്ലാത്തവിധം അകന്നേ പോവുന്നു.
ജന്മത്തിന്റെകൂട് വെടിഞ്ഞാല്‍
പാര്‍പ്പുറപ്പിക്കാന്‍കാത്തു വെച്ച
എന്റെഗോളാന്തരങ്ങള്‍
വിലക്കുകളുടെപുസ്തകം
തട്ടിയെടുക്കുന്നു.

വിലക്കുകളുടെപുസ്തകം
കവിതയില്‍നിന്ന്
കവിത
തട്ടിയെടുക്കുന്നു.

ആകാശം ഉറവ പൊട്ടുമ്പോള്‍

വേനലിന്റെ വാതില്‍പ്പുറങ്ങള്‍
വല്ലാതെ പൊടി മൂടിയിരിക്കുന്നു.
ഒന്ന് മെഴുകിയെടുക്കാന്‍
ഒരു പുതുമഴയുണ്ടാവണം.

പ്രാര്‍ത്ഥനമറന്നവരുടെ നെരിപ്പോടിലേക്കു
എങ്ങനെയവും ആകാശം ഉറവ പൊട്ടുക?

കരിഞ്ഞ നാമ്പില്‍ നീരോട്ടം തേടുന്ന
തിര്യക്ദാഹമായൊരു കുളിര്‍മഴ?
പുതുമണ്‍ഗന്ധമായൊരായിരം ചിറകില്‍
പൊലിയാന്‍ പൊടിക്കുമൊരീയല്‍ മഴ?
കരഞ്ഞു വിളിക്കുന്ന തവളക്കൂട്ടത്തിന്റെ
മണ്ണിന്നകിടുതേടും തോരാമഴ?

സൂര്യതാപത്തിന്റെ ബോധക്ഷയങ്ങളില്‍
ഈര്‍പ്പം നീറ്റാനൊരു ചതിമഴ?
വിണ്ടു വെടിച്ച പാലക്കാടന്‍ മണ്ണ്പോലെ
ചൂളച്ചൂടായൊരു തീമഴ?
നഗര വിഴുപ്പില്‍ വസൂരി പടര്‍ത്തുന്ന
ആശുപത്രിക്കാലത്തിന്റെ പനിമഴ?

അല്ലെങ്കില്‍,
നിരാശാഭരിതനായ കവിയെ പോലെ
അശനിപാതങ്ങളുടെ അമ്ല മഴ?

അതുമല്ലെങ്കില്‍,
വന്മരങ്ങളാല്‍ താണ്ഡവം തീര്‍ത്ത്‌
ചുടലത്താളത്തിലൊരു പ്രളയ മഴ?

നിര്‍ഭാഗ്യവാനായ കൃഷീവലനെ പോലെ
ജീവിതം ചുഴിയെടുത്തൊരു പെരുമഴ?

പാപികളുടെ പ്രാര്‍ത്ഥനക്കൊടുവില്‍
എങ്ങനെയവും ആകാശം ഉറവ പൊട്ടുക?

Monday, March 10, 2014

പഥേര്‍ പാഞ്ചാലി. (1955)

കാലം കാത്തു വെച്ച ചിത്രങ്ങള്‍ – 3


പഥേര്‍ പാഞ്ചാലി.
(1955) (
ബംഗാളി)
തിരക്കഥ, സംവിധാനം: സത്യജിത് റായ്
കഥ: ബിഭൂതി ഭൂഷന്‍ ബന്ദോപധ്യായ
ഇന്ത്യന്‍ സിനിമയിലെ അതികായിരില്‍ മുന്‍പനാണ് സത്യജിത് റായ്1955-ലാണ് അദ്ദേഹത്തിന്റെ ക്ലാസ്സിക് മാസ്റ്റര്‍പീസ് “പഥേര്‍ പാഞ്ചാലി” പുറത്തു വരുന്നത്. ആ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമക്കുള്ള സ്വര്‍ണ്ണ കമലം നേടിയ ചിത്രം, തൊട്ടടുത്ത വര്‍ഷം കാനില്‍ ‘Best Human Document’ പുരസ്കാരം നേടി. ലോക ശ്രദ്ധയിലേക്ക് വളര്‍ന്ന ഒരു ഇന്ത്യന്‍ ചലച്ചിത്ര പ്രതിഭയുടെ ഉദയമായിരുന്നു അപ്പോള്‍ സംഭവിച്ചത്. പിന്നീട് ഒന്നിനൊന്നു മികച്ച ചിത്രങ്ങളുമായി നമ്മളാ പ്രതിഭയുടെ ചലച്ചിത്ര സപര്യക്ക് സാക്ഷ്യം വഹിച്ചു.

ബംഗാളി സാഹിത്യത്തിലെ ലക്ഷണമൊത്ത buildungsroman (coming-of- the- age novel) ആണ് ബിഭൂതി ഭൂഷന്‍ ബന്ദോപാധ്യായയുടെ ‘പഥേര്‍ പാഞ്ചാലി’ (1928). തന്നെ ആഴത്തില്‍ സ്വാധീനിച്ച കൃതിയെ ആസ്പദമാക്കിയാണ് സത്യജിത് റായ് തന്റെ കന്നി ചിത്രം ഒരുക്കിയത്. (പിന്നീട് ‘അപരാജിതോ’ ‘അപുര്‍ സന്‍സാര്‍’ എന്നീ ചിത്രങ്ങളോടൊപ്പം ‘അപുത്രയം’ (Apu Trilogy) എന്നറിയപ്പെട്ട മൂന്ന് ചിത്രങ്ങളും ബിഭൂതി ഭൂഷന്‍ രചനയില്‍ നിന്ന് തന്നെയായിരുന്നു.) ‘ബൈസിക്കിള്‍ തീവ്സ്” (വിറ്റോരിയോ ഡിസീക്ക – 1948) എന്ന ഇറ്റാലിയന്‍ നിയോ റിയലിസ്റ്റ് സിനിമാ ക്ലാസ്സിക്കിന്റെയും ഫ്രഞ്ച് നവ സിനിമയുടെ ആചാര്യനായ റെനോ (Jean Renoir) യുടെയും മാസ്മരികതയിലാണ് ‘പഥേര്‍ പാഞ്ചാലി’ സിനിമയാക്കുകയെന്ന സ്വപ്നത്തിലേക്ക് റായ് കച്ച മുറുക്കുന്നത്. അതിനു വേണ്ടി അദ്ദേഹം അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ ഇന്ന് ചരിത്രമാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍, ബംഗാളിലെ ദരിദ്രമായ ഒരു ബ്രാഹ്മണ കുടുംബമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. കുടുംബനാഥനായ ഹരിഹര്‍ (Kanu Banerjee) കുടുംബം പോറ്റാന്‍ കഷ്ടപ്പെടുന്ന ഒരു പുരോഹിതനാണ്. അമ്മ സര്‍ബജയ (Karuna Banerjee) യുടെ പ്രധാന ഉത്തരവാദിത്തം വികൃതിയായ മകള്‍ ദുര്‍ഗ്ഗ (Runki Banerjee / Uma Dasgupta) യെയും വയസ്സായ അമ്മാവി ഇന്ദിറി (Chunibala Dev) നെയും സംരക്ഷിക്കലാണ്. അകന്ന ബന്ധുവായ ഇന്ദിറിന്റെ ഭാരം കൂടി ചുമക്കേണ്ടി വരുന്നതില്‍ സര്‍ബജയ അത്ര സന്തുഷ്ടയല്ല. ഒരു ഘട്ടത്തില്‍, സര്‍ബജയയുടെ മനോഭാവം സഹിക്കാനാവാതെ ഇന്ദിര്‍ മറ്റൊരു വീട്ടില്‍ അഭയം തേടുന്നുപോലുമുണ്ട്. അയല്‍വാസിയുടെ തോട്ടത്തില്‍ നിന്ന് പഴം മോഷ്ടിച്ചതിന് പിടിയിലാവുന്ന ദുര്‍ഗ്ഗയുടെ പേരിലും സര്‍ബജയ അപമാനിതയാവുന്നു. ദുര്‍ഗ്ഗയാവട്ടെ, ഇന്ദിരുമായി നല്ല കൂട്ടുമാണ്‌.

കളിയാക്കാന്‍ കിട്ടുന്ന അവസരങ്ങളൊക്കെ ഉപയോഗിക്കുമെങ്കിലും, ഒരമ്മയെ പോലെയാണ് ദുര്‍ഗ്ഗ അപുവിന്. ഒരിക്കല്‍ സന്ധ്യക്ക്‌ ഗ്രാമാതിര്‍ത്തിക്കപ്പുറം കടന്നു പോവുന്ന തീവണ്ടി കാണാന്‍ പോവുന്നുണ്ട് ഇരുവരും. തിരിച്ചെത്തുമ്പോള്‍ ഇന്ദിര്‍ അമ്മായി മരണവക്ത്രത്തിലാണ്. പൊളിഞ്ഞ വീട് പുതുക്കിപ്പണിയാന്‍ വേണ്ട പണം കണ്ടെത്താനും, കുടുംബത്തെ മാന്യമായി പോറ്റാനും വേറെ വഴിയില്ലെന്ന് കണ്ടു ഹരിഹര്‍ പട്ടണത്തിലേക്ക് പോവുന്നതോടെ, കഷ്ടപ്പാടുകള്‍ ഇരട്ടിക്കുകയാണ്. ഏകാന്തതയും ദാരിദ്ര്യവും സര്‍ബജയയെ വിഷാദരോഗിയാക്കുന്നു. ഒരു ദിവസം മഴയത്ത് നൃത്തം ചെയ്യുന്ന ദുര്‍ഗ്ഗ ജ്വര ബാധിതയാകുന്നു. ചികിത്സയൊന്നും ലഭിക്കാതെ രോഗമൂര്‍ച്ചയുടെ ഒരു രാവില്‍ തകര്‍ത്തുപെയ്യുന്ന പേമാരിയോടൊപ്പം അവള്‍ മൃത്യുവിലേക്കു പോവുന്നു. പട്ടണത്തില്‍ നിന്ന് തിരിച്ചെത്തുന്ന ഹരിഹര്‍, താന്‍ വാങ്ങിക്കൊണ്ടുവന്ന കൗതുക വസ്തുക്കള്‍ എടുത്തു നിരത്തവേ, താങ്ങാനാവാതെ സര്‍ബജയ അയാളുടെ കാല്‍ക്കല്‍ വീഴുന്നു. മകള്‍ മരിച്ചുപോയെന്ന അറിവ് അയാളെ തകര്‍ക്കുന്നു. കുടുംബം തറവാടും ഗ്രാമവും ഉപേക്ഷിച്ചു പോവാന്‍ തീരുമാനിക്കുന്നു. അതിനു വേണ്ടിയുള്ള ഒരുക്കത്തിനിടയിലാണ് അപു അത് കണ്ടെത്തുന്നത്: പണ്ട് ദുര്‍ഗ്ഗ മോഷ്ടിച്ച അയല്‍വാസിയുടെ നെക് ലെസ്. അവളതു നിഷേധിക്കുകയായിരുന്നു. അപു അത് കുളത്തിലേക്ക് വലിച്ചെറിയുന്നു. അപുവും കുടുംബവും ഒരു കാളവണ്ടിയില്‍ ഗ്രാമം വിടുമ്പോള്‍, ഒരു സര്‍പ്പം അവരുടെ വീട്ടിലേക്കു ഇഴഞ്ഞു കയറുന്നുണ്ട്.
ചിത്രത്തിന്‍റെ ഏതാണ്ട് മുഴുവന്‍ ഭാഗങ്ങളിലും മൂന്ന് സ്ത്രീകഥാപാത്രങ്ങള്‍ – ഇന്ദിര്‍ തക്രൂന്‍, ദുര്‍ഗ്ഗ, സര്‍ബജയ – തന്നെയാണ് പ്രാധാന്യത്തോടെ വരുന്നത്. ചിത്രാന്ത്യത്തില്‍, ദുര്‍ഗ്ഗയുടെ മരണാനന്തരം നെക് ലെസ് കണ്ടെത്തുന്ന നിമിഷത്തിലാണ് അപുവിന്റെ കര്‍തൃത്വം ആരംഭിക്കുന്നത്. പരമ്പരാഗതമായ ആണ്‍ കര്‍തൃത്വത്തിന്റെ ആദ്യ ചുവടാണ് അത്. തുടര്‍ന്ന് ചലച്ചിത്ര ത്രയത്തിലെ മറ്റു രണ്ടു ചിത്രങ്ങളുടെ സാധ്യതയും അവിടെയാണ് ഉരുത്തിരിയുന്നത് എന്ന് പറയാം. ചിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ഇന്ദിര്‍ തക്രുന്‍ എന്ന എണ്‍പതു പിന്നിട്ട വൃദ്ധയാണ്. കഥ പറഞ്ഞും, അത്യാവശ്യം കുശുമ്പും കുന്നായ്മയുമൊക്കെയായി എപ്പോഴും സര്‍ബജയക്ക്‌ തലവേദനയാവുമെങ്കിലും, കുട്ടികളുമായി അവര്‍ക്കുള്ള ഹൃദയബന്ധംഅപുവും ചേച്ചി ദുര്‍ഗ്ഗയുമായുള്ള ബന്ധം പോലെ തന്നെ സ്നേഹബന്ധുരമാണ്. ഗ്രാമ്യമായ കൗതുകങ്ങളും സന്തോഷങ്ങളുമൊക്കെയും പങ്കു വെച്ച്, മിടായിക്കച്ചവടക്കാരന്റെ പിറകെ പാഞ്ഞും നാടോടി കലാകാരന്മാരുടെ പ്രകടനങ്ങള്‍ ആസ്വദിച്ചും കാലിക്ക് പിറകെയും മരത്തിനു മുകളിലുമായി തെരുപ്പറക്കുന്ന ഇന്ത്യന്‍ ബാല്യം ഒപ്പിയെടുക്കുന്നതില്‍ സത്യജിത് റായ് കാണിച്ച മികവ് യഥാതഥ (realistic) മായിരിക്കുമ്പോഴും കാവ്യസുന്ദരമാണ്. ചൂളം വിളിച്ചു പായുന്ന തീവണ്ടിയെന്ന അത്ഭുതം കണ്ടു നില്‍ക്കുന്ന ബാല കൗതുകം, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വളര്‍ന്ന ആര്‍ക്കും താദാത്മ്യം പ്രാപിക്കാനാവുന്ന മുഹൂര്‍ത്തമാണ്. ചിത്രത്തിലെ ഏറെ പ്രശംസിക്കപ്പെട്ട ഒരു രംഗമാണത്.

ചിത്രത്തിന്‍റെ ചില ഭാഗങ്ങളിലെ വേഗതയില്ലായ്മയും പ്രകടമായ ഇഴച്ചിലും വിമര്‍ശിക്കപ്പെട്ടപ്പോള്‍ സംവിധായകന്‍ നല്‍കിയ വിശദീകരണം ശ്രദ്ധേയമാണ്: ഒരു ദരിദ്ര ബംഗാളി ഗ്രാമത്തെ അതിന്റെ തനിമയില്‍ ചിത്രീകരിക്കാന്‍ നോവലില്‍ ഉപയോഗിച്ച ആ അവധാനത ആവശ്യമായിരുന്നു. ചിത്രത്തിനു വേണ്ടി അന്ന് തുടക്കക്കാരനായിരുന്ന രവിശങ്കര്‍ ഒരുക്കിയ സംഗീതവും ആദ്യ ഘട്ടത്തിലെന്നതിലുപരി പിന്നീടാണ് തിരിച്ചറിയപ്പെട്ടത്. ഒരര്‍ഥത്തില്‍ ഈ രണ്ടാമൂഴം ചിത്രത്തിന്‍റെ ചരിത്രം തന്നെയായിരുന്നു മുടങ്ങിപ്പോയേക്കാമായിരുന്ന നിര്‍മ്മാണം തൊട്ട്.




മേഘെ ധക്കെ താരാ (1960)

കാലം കാത്തുവെച്ച ചിത്രങ്ങള്‍_2 – 

Posted on October 1, 2013
മേഘെ ധക്കെ താരാ (1960) – ബംഗാളി,
സംവിധാനം: ഋത്വിക് ഘട്ടക്
സത്യജിത് റായ്, മൃണാള്‍ സെന്‍ എന്നിവര്‍ക്കൊപ്പം ബംഗാളീ സിനിമയുടെയും ഇന്ത്യന്‍ സിനിമയുടെ തന്നെയും ആചാര്യന്മാരില്‍ ഒരാളായാണ് ഋത്വിക് ഘട്ടക് കണക്കാക്കപ്പെടുന്നത്.
 
ഇന്ത്യാ വിഭജനത്തിന്റെ വേദനകള്‍ അന്തര്‍ധാരയായി വരുന്നവയാണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും. ശക്തിപദ രാജ്ഗുരുവിന്റെ നോവലിനെ അടിസ്ഥാനമാക്കി ഘട്ടക് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത മേഘെ ധക്കെ താരാ (“മേഘാവൃത താരകം”)  1960-ല്‍ പുറത്തുവന്നു. കൊമള്‍ ഗാന്ധാര്‍ (1961), സുബര്‍ണ്ണരേഖ (1962) എന്നീ ചിത്രങ്ങളോടൊപ്പം ഒരു ചലച്ചിത്രത്രയത്തിലെ ആദ്യ ചിത്രമായിരുന്നു ‘മേഘെ ധക്കെ താരാ’. ഇന്ത്യ വിഭജനത്തിന്റെ ഭാഗമായി ഉണ്ടായ ബംഗാള്‍ വിഭജന (1947) വും അഭയാര്‍ഥികള് ആക്കപ്പെട്ടവരുടെ ജീവിത സന്ധികളുമാണ് മൂന്ന് ചിത്രങ്ങളുടെയും പശ്ചാത്തലം.
 
 
 
 
 
 
 
 








വിഭജനം നേരിട്ട് പ്രദിപാദിക്കപ്പെടുന്നില്ല ചിത്രത്തില്‍. എന്നാല്‍ കല്‍ക്കത്തയുടെ പ്രാന്ത പ്രദേശത്തുള്ള ഒരു അഭയാര്‍ഥി ക്യാമ്പിലെത്തിപ്പെട്ട സാമ്പത്തികത്തകര്‍ച്ചയിലായിപ്പോയ ഒരു കുലീന ഭദ്രാലോക് കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം വികസിക്കുന്നത്. പൂര്‍വ്വ പാക്കിസ്ഥാനില്‍നിന്നുള്ള ഈ അഭയാര്‍ഥി കുടുംബത്തില്‍ ചെറുതെങ്കിലും ഒരു ജോലിയും തുച്ഛമായ വരുമാനവുമുള്ള ഏക അംഗമാണ്, സുന്ദരിയും, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നതിനിടയില്‍ സ്വന്തം ജീവിതം കൈമോശം വന്നു പോകുന്നവളുമായ നീത (Supriya Choudhary).  എല്ലാവരും അവളെ ചൂഷണം ചെയ്യുന്നു: എപ്പോഴും തന്റെ വിധിയെ പഴിച്ചും എല്ലാവരോടും വഴക്കിട്ടും കഴിയുന്ന അമ്മ (Gita Dey)യും, ദാര്‍ശനികമായ സിനിസിസത്തോടെ എല്ലാറ്റിന്റെയും അകം പുറം കാണുന്ന അച്ഛനും   (Gyanesh Mukherji), സംഗീതത്തിന് വേണ്ടി ജീവിക്കുന്ന തൊഴില്‍ തേടാതെ കഴിയുന്ന ജ്യേഷ്ഠനും (Anil Chatterji), ജീവിതച്ചുമടുകളുടെ മരുപ്പറമ്പില്‍ ഒരു മരുപ്പച്ച പോലെ നീത കണ്ടെത്തുന്ന പ്രണയത്തെ പോലും തട്ടിയെടുത്തു സ്വന്തമാക്കുന്ന അനിയത്തി ഗീതയും (Gita Ghatak), ജോലി കിട്ടിയ ഉടനെ തന്‍കാര്യം നോക്കി ജോലി സ്ഥലത്തേക്ക് താമസം മാറ്റുന്ന അനിയന്‍ മന്ടൂ (Dwiju Bhawal)- എല്ലാവരും.

സ്ത്രീത്വത്തിന്റെ മൂന്നു മുഖങ്ങളെയാണ് ഘട്ടക് അവതരിപ്പിക്കുന്നത്‌ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്നിസ്സഹായതയുടെ പുകമറ ഉപയോഗിച്ച് ക്രൂരത കാട്ടുന്ന അമ്മ, സുഖലോലുപയും  സ്വാര്‍ത്ഥയുമായ അനിയത്തി, ത്യജിക്കുന്നതിലും സഹിക്കുന്നതിലും മുഴുകിപ്പോവുന്ന നീത – ഒരു ഘട്ടത്തില്‍ നീത സ്വയം തന്നെ തെറ്റുകാരിയെന്നു വിശേഷിപ്പിക്കുന്നുണ്ട്- തനിക്കു നേരെ മറ്റുള്ളവര്‍ ചെയ്ത തെറ്റുകളെ, പ്രതിഷേധിക്കാതെ വകവെച്ചു കൊടുത്ത തെറ്റ് ചെയ്തവള്‍ എന്ന്അമിത ഭാരം ചുമക്കുന്ന ഒരു പെണ്‍കുട്ടിക്ക് തങ്ങാവുന്നതിനപ്പുറം വിധിയും ക്രൂരമാവുന്നതോടെ, നീത തന്റെ എം. . പഠനം ഉപേക്ഷിക്കുന്നു. തളര്‍ന്നു വീണു പോവുന്ന അച്ഛന് പിന്നാലെ, ജോലിക്കിടെ അപകടം പറ്റുന്ന അനുജനും ചേരുന്നതോടെ അവളുടെ ദുരന്തം പൂര്‍ണ്ണമാവുന്നു. സംഗീത ലോകത്ത് പേരും പെരുമയും നേടി തിരിച്ചു വരുന്ന ജ്യേഷ്ഠന്‍, ക്ഷയരോഗ ബാധിതയായി മരണ വക്ത്രത്തിലെത്തിയ നീതയെ സാനറ്റൊരിയത്തിലെത്തിക്കുന്നു. അവസാന രംഗത്ത്, താന്‍ കണ്ടിട്ടില്ലാത്ത അനിയത്തിയുടെ കുഞ്ഞിന്റെ കുസൃതികളെ  കുറിച്ചും കുടുംബത്തില്‍ ആ കുഞ്ഞു നിറക്കുന്ന ആഹ്ലാദത്തെ കുറിച്ചുമുള്ള  ജ്യേഷ്ഠന്റെ വിവരണം കേള്‍ക്കുന്ന   നീതയുടെ അന്ത്യ വിലാപം പ്രേക്ഷകനെ വിട്ടു പോവില്ല: “ഏട്ടാ, എനിക്ക് ജീവിക്കണം.!” അകന്നു പോവുന്ന ക്യാമറ ആ വിലാപം ഏറ്റു വാങ്ങുന്നു. ഏകനായി തിരിച്ചെത്തുന്ന ജ്യേഷ്ഠന്‍, ആരുടേയും അലോസരമാവുന്നില്ല നീത എന്ന സത്യം തിരിച്ചറിയവേ, മുന്‍പ് ഒരു രംഗത്തില്‍ വാറ് പൊട്ടിയ ചെരുപ്പുമായി നഗ്നപാദയായി തെരുവിലൂടെ നടന്ന നീതയെ പോലെ ഒരു തനിയാവര്‍ത്തനമായി മറ്റൊരു പെണ്‍കുട്ടി തന്റെ വാറ്  പൊട്ടിയ ചെരുപ്പുമായി ഏന്തി നീങ്ങുന്നു.

മരണം തൊട്ടറിയുന്ന നിമിഷങ്ങളിലെ നീതയുടെ കരുണാര്‍ദ്ര വിലാപം ഒരര്‍ഥത്തില്‍ ഒരു ശിക്ഷയാണ്, അവളുടെ അച്ഛന്‍ ഒരു ഘട്ടത്തില്‍ പറഞ്ഞത് പോലെ: രക്ഷിക്കാനാവുന്നതിലേറെ  രക്ഷിക്കാന്‍ ശ്രമിക്കുന്നതിനു കിട്ടുന്ന ശിക്ഷ. മലകളെ സ്നേഹിച്ച പെണ്‍കുട്ടിക്ക് പ്രോമിത്യൂസിനെ പോലെ ഒരു പുനരഭി ജനനം അവിടെ സാധ്യമാവുമോ? പക്ഷെ നമ്മള്‍ മനുഷ്യരാണ്, നീത ഒരു പെണ്‍കുട്ടിയും. ആ പരിമിതി മറികടന്നു പലരുടെയും ജീവിതത്തിനു വെളിച്ചം പകരാന്‍ ശ്രമിച്ചത് കൊണ്ടാവാം പ്രോമിത്യൂസിനെ പോലെ അവള്‍ ശിക്ഷിക്കപ്പെടുന്നതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഘട്ടക് സിനിമകളില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് ‘മേഘെ ധക്കെ താരാ’. യഥാര്‍ത്ഥ ജീവിത ചിത്രണത്തില്‍ നിന്ന് ഒളിച്ചോടുന്ന ബോളിവുഡ് മാസലക്കൂട്ടു രീതികളില്‍ നിന്ന് വ്യത്യസ്ഥമായി ‘ന്യൂ വേവ്’ സിനിമാ സങ്കല്‍പ്പങ്ങളുടെ രീതികളാണ് ഘട്ടക്കിന്റെ സിനിമകളെ വേറിട്ട്‌ നിര്‍ത്തുന്നത്. കാവ്യാത്മക റിയലിസം (POETIC REALISM) എന്ന് വിളിക്കാവുന്ന ചലച്ചിത്ര പരിചരണ രീതി, ജീവിതത്തോടു മുഖം തിരിക്കുന്നില്ല. ഭാവനാ സമ്പന്നമായ സംവേദനക്ഷമതയോടും, വൈകാരിക സാന്ദ്രതയോടും പ്രേക്ഷക മനസ്സ് തൊടുന്ന രീതിയാണത്. ‘അജാന്ത്രിക്’,  ‘ബാരി തേകെ പാലിയെ’ എന്നീ ചിത്രങ്ങളില്‍ ഘട്ടക് മുന്‍പ് പരീക്ഷിച്ച ഈ പരിചരണ രീതി അതിന്റെ ഔന്നത്യത്തിലെത്തുകയാണ് ഇവിടെ.



ഏക്‌ ദിന്‍ അചാനക്

കാലം കാത്തു വെച്ച ചിത്രങ്ങള്‍ - 4 ഏക്‌ ദിന്‍ അചാനക് (1988) (ഹിന്ദി)കഥ : രാമപാദ് ചൗധരി
തിരക്കഥ: സംവിധാനം: മൃണാള്‍ സെന്‍.വിഖ്യാദ ബംഗാളി ചലച്ചിത്രകാരനായ മൃണാള്‍ സെന്‍, തന്റെ സമകാലീനരായ സത്യജിത് റായ്, ഋത്വിക് ഘട്ടക് എന്നിവരോടൊപ്പം ഇന്ത്യന്‍ സമാന്തര സിനിമയുടെ ഏറ്റവും പ്രഗല്‍ഭനായ ഒരു പ്രയോക്താവായി കണക്കാക്കപ്പെടുന്നു. മഹാരഥന്മാരായ ആ സമകാലീനരെ പോലെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ കലാപരമായി അവതരിപ്പിക്കുന്നതില്‍ അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു. അഭ്യസൂയയില്ലാത്ത പരസ്പര ബഹുമാനത്തോടെ തങ്ങളുടെ ചിത്രങ്ങളെ കൂടുതല്‍ മികച്ചവയാക്കാന്‍ മൂവരും യത്നിച്ചു. ഹിന്ദി സിനിമ നിര്‍ണ്ണയിച്ച മുഖ്യധാരയുടെ ചിട്ടവട്ടങ്ങളെ ശക്തമായ കലാത്മകതയോടെ അവര്‍ മറികടന്നു.മൃണാള്‍ സെന്നിന്റെ ചിത്രങ്ങളില്‍ മധ്യവര്‍ഗ്ഗ മൂല്യങ്ങളെയും കുടുംബ ബന്ധങ്ങളിലെ മടുപ്പിക്കുന്ന ഏകാതാനതയുടെ പുറന്തോടിനുള്ളില്‍ അടഞ്ഞു കിടക്കുന്ന അധീശത്ത- കീഴാള സാന്നിധ്യങ്ങളെയും കൊല്‍ക്കത്തയുടെ നഗര ജീവിതപശ്ചാത്തലത്തില്‍ സൂക്ഷ്മമായി വിലയിരുത്തുന്ന ഒന്നാണ് 'ഏക്‌ ദിന്‍ അചാനക്' ( 1988). ചിത്രത്തിന്‍റെ ഘടനയും പര്യവസാനവും ഇന്ത്യന്‍ സിനിമക്കു അത്ര തന്നെ പരിചിതമല്ലാത്ത ഒന്നാണ്. പുതിയ രൂപങ്ങളും സങ്കേതങ്ങളും ഉപയോഗിക്കുന്നതില്‍ മൃണാള്‍ സെന്നിനുള്ള താല്പര്യം ചിത്രത്തില്‍ വ്യക്തമാണ്. രാമപാദ ചൗധരിയുടെ കഥയെ ആസ്പദമാക്കി സംവിധായകന്‍ തന്നെയാണ് തിരക്കഥയൊരുക്കിയത്.ക്രൂരവും ഹൃദയശൂന്യവുമായ ഒരു ലോകത്ത് ഹൃദയാലുവായ ഒരു മനുഷ്യന്‍ നേരിടേണ്ടി വരുന്ന സമ്മര്‍ദ്ദങ്ങളാണ് ഒരര്‍ത്ഥത്തില്‍ ചിത്രത്തിന്‍റെ പ്രമേയം. ശ്രീരാം ലാഗൂ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രമായ പ്രൊഫസര്‍ അക്കാദമിക് താല്പര്യങ്ങള്‍ വെച്ച് പുലര്‍ത്തുന്ന ഒരാളാണ്. നല്ല മഴയുള്ള ഒരു ദിവസം പുറത്തു പോവുന്ന പ്രൊഫസര്‍ പിന്നീട് തിരിച്ചു വരുന്നതേയില്ല. അയാളുടെ ഭാര്യയും മക്കളും ഉല്‍കണ്ടാകുലരായി കാത്തുനില്‍ക്കുന്നു. അര്‍ദ്ധരാത്രിയോടെ മൂത്തമകള്‍ നീത (ശബാന ആസ്മി) അടുത്ത കുടുംബ സുഹൃത്തിനെയും അമ്മാവനെയും വിവരമറിയിക്കുന്നു. ഫ്ലാഷ് ബാക്ക് സങ്കേതത്തിലൂടെയാണ് പ്രൊഫസറുടെ കുടുംബത്തിന്റെ കഥ ചുരുള്‍ നിവരുന്നത്‌. ശരാശരി കുടുംബിനിയായ അമ്മ അത്ര സന്തുഷ്ടയുമല്ല ജീവിതത്തില്‍. ഒരു ഘട്ടത്തില്‍ കുടുംബ കാര്യങ്ങള്‍ ശ്രദ്ധിക്കാത്ത സ്വാര്‍ഥനാണെന്ന് അവര്‍ ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്നുമുണ്ട്. തന്റെ സ്വപ്നങ്ങള്‍ക്കൊത്തുയരാത്ത മകനുമായും അച്ഛന് സംഘര്‍ഷങ്ങളുണ്ട്. ബിസിനസ്സില്‍ മുടക്കാന്‍ പണം ആവശ്യപ്പെടുന്ന മകന് അച്ഛന്റെ പെരുമാറ്റം അപമാനകരമായി തോന്നുകയും നല്‍കുന്ന ചെക്ക് അയാള്‍ നിരസിക്കുകയും ചെയ്യുന്നുണ്ട്. നീതയാണ് കുടുംബത്തിന്റെ അത്താണി എന്ന് പറയാം. അച്ഛനും മകളും തമ്മിലുള്ള ഹൃദ്യമായ ബന്ധം പല മുഹൂര്‍ത്തങ്ങളിലും വെളിപ്പെടുന്നുണ്ട്. പിന്നീട് അച്ഛനെ കുറിച്ച് പുനര്‍ ചിന്തനം ചെയ്യുകയും അദ്ദേഹം ശരാശരിക്കപ്പുറം ആയിരുന്നില്ല എന്ന് തോന്നിപ്പോവുകയും ചെയ്യുന്നതില്‍, നീതക്ക് കുറ്റബോധം തോന്നുന്നുണ്ട്. കോളേജ് വിദ്യാര്‍ഥിനിയായ ഇളയ മകള്‍ സീമ (രൂപാ ഗാംഗുലി) ജീവിതത്തെ പ്രസന്നമായി സമീപിക്കുന്ന, പരീക്ഷക്ക്‌ ഒന്നാം ക്ലാസ് കിട്ടുന്നതു പോലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ ആനന്ദം കണ്ടെത്തുന്ന പ്രകൃതക്കാരിയാണ്.ഏതാനും ദിവസങ്ങള്‍ കഴിയവേ, കുടുംബം തങ്ങളുടെ ദുരന്തത്തോട് പൊരുത്തപ്പെട്ടു തുടങ്ങുന്നുവെങ്കിലും ഒന്നും പഴയ പോലെയാവില്ല അവര്‍ക്ക്. തെരുവില്‍ ഒരപകടം നടക്കുമ്പോള്‍ അകാരണമായ ഭയത്തോടെ നീത എത്തിനോക്കുന്നുണ്ട്. പ്രോഫസര്‍ക്ക് തന്റെ കീഴില്‍ റിസര്‍ച്ച് സ്കോളര്‍ ആയിരുന്ന യുവതിയോട് (അപര്‍ണ്ണ സെന്‍) ഉണ്ടായിരുന്ന ഊഷ്മള ബന്ധവും പിന്നീട് പ്രശ്നമാവുന്നുണ്ട്. അച്ഛനെ കുറിച്ച് കൂടുതലെന്തെങ്കിലും അറിയാന്‍ കഴിയുമോ എന്ന് നോക്കാന്‍ നീത അവരെ കാണാന്‍ ശ്രമിക്കുന്നുമുണ്ട് . പ്രൊഫസറും വിദ്യാര്‍ഥിനിയും ചര്‍ച്ച ചെയ്തിരുന്ന സാഹിത്യ പ്രധാനമായ വിഷയങ്ങളൊന്നും അമ്മക്ക് മനസ്സിലാവുന്നതും ആയിരുന്നില്ലല്ലോ. പ്രൊഫസര്‍ വരച്ച ശിഷ്യയുടെ ചിത്രം കണ്ടതും അത്ര നല്ല പ്രതികരണങ്ങളല്ല ഉണ്ടാക്കുന്നത്‌. എന്നാല്‍, ഈ സൗഹൃദത്തിലൂടെ തന്നെയാണ് പ്രോഫസറുടെ വ്യക്തിത്വത്തിലെ മറ്റൊരു ദൗര്‍ബല്യം കൂടി പ്രകടമാവുന്നത്: അദ്ദേഹത്തിന്റെ രചനകളുടെ നേരെയുള്ള മോഷണാരോപണം അദ്ദേഹത്തെ അനാവശ്യമായി ചൊടിപ്പിക്കുന്നുണ്ട്. ഈ ആത്മവിശ്വാസക്കുറവു ചിത്രത്തിന്‍റെ അസ്തിത്വ പ്രതിസന്ധിയുടെ പ്രമേയ ധാരയില്‍ വളരെ പ്രധാനമാണ്. അതൊരു പക്ഷെ ധൃതി പിടിച്ചെഴുതിയത് കൊണ്ട് സംഭാവിച്ചതാവുമെന്നു ശിഷ്യ അദ്ദേഹത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അവരുടെ ഉള്ളില്‍ പ്രോഫസറെ കുറിച്ചുണ്ടായിരുന്ന ആരാധനയിലെ ഇടിവ് വ്യക്തമാവുന്നുണ്ട്. തനിക്കു പ്രോഫസറുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് ആരോപണമുയരവേ അവരും അടി പതറുന്നുമുണ്ട്. നീതയുടെ ഹൃദയാലുവായ ആണ്‍ സുഹൃത്ത് എപ്പോഴും കൂടെയുണ്ട് എന്നത് മാത്രമാണ് ഇതിനൊക്കെ ഇടയില്‍ ഒരു ആശ്വാസമാവുന്നത്. ദുരിതങ്ങള്‍ കുമിയുമ്പോള്‍ ആള്‍ ദൈവങ്ങളില്‍ അഭയം തേടാനുള്ള മനുഷ്യപ്രവണതയെ സംവിധായകന്‍ തുറന്നു കാട്ടുന്നുണ്ട് എന്നതും ശ്രദ്ദേയമായ ഒരു മുഹൂര്‍ത്തമാണ്.ചിത്രാന്ത്യം ശക്തവും ചിന്താര്‍ഹാവുമാണ്. പ്രൊഫസറെ കാണാതായതിനു കൃത്യം ഒരു വര്‍ഷത്തിനു ശേഷം ഭാര്യയും പെണ്മക്കളും ഓര്‍മ്മകള്‍ പങ്കു വെക്കുകയാണ്. ഒരു ഘട്ടത്തില്‍ അച്ഛന്‍ തന്നോട് പറഞ്ഞ ഒരു കാര്യം നീത വെളിപ്പെടുത്തുന്നു. ഖേദകരമെന്ന് പറയാം, നമുക്കൊക്കെയും ഒരു തവണയെ ജീവിതമുള്ളൂ. പ്രഫസര്‍ ഒരു രണ്ടാം ജീവിതം ആഗ്രഹിച്ചിരുന്നുവോ? ഈ ജന്മത്തിന്റെ പോരായ്മകളൊക്കെ തിരുത്തി, കൂടുതല്‍ അര്‍ത്ഥ പൂര്‍ണ്ണമായ ഒന്ന്? ഈ ദുരൂഹതയിലാണ് ചിത്രം അവസാനിക്കുന്നത്. തന്റെ ചലച്ചിത്ര സപര്യയെ വിലയിരുത്തി ഒരിക്കല്‍ മൃണാള്‍ സെന്‍ പറയുകയുണ്ടായി: ഒക്കെയും ഒരിക്കല്‍ കൂടി കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നു. ആ അര്‍ത്ഥത്തില്‍ മൃണാള്‍ സെന്നിന്റെ ഏറ്റവും വൈയക്തികമായ ചിത്രം കൂടിയാണ് 'ഏക്‌ ദിന്‍ അചാനക്'.