Featured Post

Friday, March 7, 2014

വീണ്ടെടുപ്പുകള്‍




സചിത്രകലണ്ടര്‍ താളില്‍ നിന്ന്
എന്റെ പുഴയോളങ്ങളും
കടവിലടുത്ത വഞ്ചിയില്‍ നിന്ന്
മുങ്ങിമരിച്ച കൂട്ടുകാരിയും
ഇറങ്ങി വരുമെന്ന്
കിനാവു കാണണമെനിക്ക്;

കുറസോവാ ചിത്രത്തില്‍
സൂര്യകാന്തിപ്പാടത്തു നിന്ന്
വാന്‍ഗോഗ് ഇറങ്ങി വരുംപോലെ.

കടവു കടന്ന്
അവള്‍ മുന്നോട്ടു നടക്കവേ
ഡാന്റെയാവണമെനിക്ക്;

ആര്‍നോ നദിക്കരയില്‍
ഞാന്‍ കാത്തുനില്‍ക്കും.
വായ്‌നോട്ടക്കാരനോട്
ഈര്‍ഷ്യ നടിച്ചു
ബിയാട്രിസ് കടന്നു പോവും.
എങ്കിലും ചുവടുകള്‍ മെല്ലെയാവും.
അവളെ തേടി
ഏതു നരകത്തിലും പോവാമെന്നു
ഞാന്‍ എന്നോടു തന്നെ പറയും.

എന്നിട്ടോ,
ജാഗ്രത്തിലേയ്ക്ക്
വിലക്കപ്പെട്ട
ഒരൊറ്റ പിന്‍ നോട്ടത്തില്‍
ഓര്‍ഫിയൂസായ എനിക്ക്
യൂറിഡീസിനെ നഷ്ടപ്പെടും.


പുഴയെ ഓര്‍ത്തു വയ്ക്കാന്‍
ഒരു കടത്തു വഞ്ചി മതി;
യൗവനത്തെ അടയാളപ്പെടുത്താന്‍
ഒരു നഷ്ട പ്രണയവും.

(കുറസോവയുടെDreams (1990) എന്നചിത്രത്തില്‍, സ്വന്തംചിത്രത്തിലെ സൂര്യകാന്തിപ്പാടത്തു നിന്ന് വാന്‍ഗോഗ് ഇറങ്ങിവരുന്നു. Jean Raoux വരച്ചOrpheus and Eurydice (1709), Henry Holiday വരച്ചDanteand Beatrice (1884) എന്നീചിത്രങ്ങളും കവിതയെപ്രചോദിപ്പിച്ചിട്ടുണ്ട്.)

No comments:

Post a Comment